Thursday, October 25, 2012

അയ്യപ്പന്‍: ജീവിതവും കവിതയും

കൂട്ടില്‍ കയറാതെയും കൂട്ടം തെറ്റി നടന്നും ഒരാള്‍ നമ്മെ കടന്നുപോയി. പക്ഷേ ഈ തെറ്റിനടത്തങ്ങളിലൂടെ അയാള്‍ നമ്മോട്‌ പറഞ്ഞത്‌ ശരികളാണ്‌, നമ്മള്‍ മലയാളികള്‍ മറന്നുപോകുന്ന ശരികള്‍. രാജാവ്‌ നഗ്നനാണെന്ന്‌ വിളിച്ചുപറഞ്ഞ കുട്ടിയുടെ നിഷ്കളങ്കതയോടെ, നേരോടെ അയാള്‍ ആ ശരികള്‍ വിളിച്ചുപറഞ്ഞു. ലോകം മുഴുവന്‍ തള്ളിപ്പറഞ്ഞിട്ടും ആ ശരികളില്‍ ജീവിച്ചു. 'വീട്‌ വേണ്ടാത്ത കുട്ടി' ആയിരുന്നല്ലോ എന്നും അയ്യപ്പന്‍. 

അയ്യപ്പന്‌ ധാരാളം വിശേഷണങ്ങള്‍ നാം കൊടുത്തിട്ടുണ്ട്‌, 'നിഷേധി' 'അരാജകവാദി' അങ്ങനെ നിരവധി. അയ്യപ്പന്‍ ഇതൊക്കെ ആയിരുന്നു. എന്നാല്‍ ഈ വിശേഷണങ്ങളില്‍ നിന്നെല്ലാം അയ്യപ്പന്‍ കുതറി നടന്നു. അയ്യപ്പനെ വിശേഷിപ്പിക്കാന്‍ പറ്റിയ ഒരു നാമം കണ്ടെത്തുക അസാധ്യം. നമുക്ക്‌ നാമവിശേഷണങ്ങളെ കൂട്ടുപിടിയ്ക്കേണ്ടി വരുന്നു. ഇപ്പറഞ്ഞത്‌ അയ്യപ്പണ്റ്റെ കവിതകള്‍ക്കും ബാധകമാണ്‌. അയ്യപ്പണ്റ്റെ കവിത ചിലപ്പോള്‍ കാട്ടാറിണ്റ്റെ സംഗീതം കേള്‍പ്പിക്കുന്നു. ചിലപ്പോള്‍ തിരയൊടുങ്ങാത്ത കടലിരമ്പം. ചിലപ്പോള്‍ തേങ്ങലുകളുടെ താരാട്ട്‌ പോലെ സൌമ്യം, ദീപ്തം. ചിലപ്പോള്‍ മേഘഗര്‍ജനം, പേമാരി. ആ കവിതകളെക്കുറിച്ച്‌ സംസാരിക്കാന്‍ ഞാന്‍ അശക്തനാണ്‌, എണ്റ്റെ ഭാഷ അശക്തമാണ്‌. അലക്കിവെളുപ്പിച്ച്‌ ഇസ്തിരിയിട്ട ഭാഷയില്‍ അയ്യപ്പണ്റ്റെ കവിതകളെക്കുറിച്ച്‌ സംസാരിക്കുക എന്ന അനൌചിത്യത്തിന്‌ നിങ്ങള്‍ എന്നോട്‌ പൊറുക്കുക. 

ഒരു പരാതി കേട്ടിട്ടുണ്ട്‌. അയ്യപ്പണ്റ്റെ കവിതകളേക്കാള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്‌ അദ്ദേഹത്തിണ്റ്റെ ജീവിതമാണ്‌, എന്ന്‌. ഇതില്‍ ശരിയുണ്ട്‌. അതിനുള്ള ഒരു കാരണം അയ്യപ്പന്‌ കവിതവും ജീവിതവും രണ്ടായിരുന്നില്ല എന്നത്‌ തന്നെയാണ്‌. 

"ശരീരം നിറയെ മണ്ണും 
മണ്ണ്‌ നിറയെ രക്തവും 
രക്തം നിറയെ കവിതയും
കവിത നിറയെ കാല്‍പാടുകളുള്ളവന്‍" ആയിരുന്നൂ, അയ്യപ്പന്‍. സ്വന്തം കാല്‍പാടുകളുടെ മണ്ണാണ്‌ കവിയുടെ ഹവിസ്സ്‌ എന്ന്‌ വിശ്വസിച്ച അയ്യപ്പന്‍. 

ജീവിക്കാന്‍ വേണ്ടിയാണ്‌ അയ്യപ്പന്‍ കവിത എഴുതിയത്‌. ജീവിയ്ക്കാന്‍ വേണ്ടി കവിതയെഴുതുകയും കവിതയെഴുതാന്‍ മാത്രമായി ജീവിക്കുകയും ചെയ്ത മലയാളത്തിലെ ഒരേയൊരു കവി. ഒടുവില്‍ കവിത എഴുതിക്കൊണ്ട്‌ തന്നെ മരിച്ചുവീഴുകയും ചെയ്തു. ജീവപര്യന്തം കവിതയുടേ തടവില്‍ കഴിയാന്‍ വിധിക്കപ്പെട്ടവനായിരുന്നൂ, അദ്ദേഹം. ആ വിധി സ്വയം കല്‍പിച്ചതായിരുന്നെങ്കിലും അല്ലെങ്കിലും അദ്ദേഹം അത്‌ സന്തോഷത്തോടെ ഏറ്റുവാങ്ങി. അതോട്‌ അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തി, വിടുതല്‍ കിട്ടുന്നതുവരെ. 

എണ്റ്റെ നാട്ടില്‍ ഒരു 'ഗുഹന്‍' ഉണ്ടായിരുന്നു. ഒരു പാട്‌ കാര്യങ്ങളില്‍ അയ്യപ്പനെ പോലെയായിരുന്നു, ഗുഹന്‍. കല്‍പറ്റ നാരായണന്‍ സാര്‍, ഗുഹനെ പറ്റി ഒരിക്കല്‍ നിരീക്ഷിച്ചു, 'ജീവിക്കാന്‍ കണക്കെഴുത്തും അതിജീവിക്കാന്‍ കവിതയെഴുത്തും' എന്ന്‌. ജീവിതമോ അതിജീവനമോ ഏതാണ്‌ അസാദ്ധ്യമായതെന്നറിയില്ല, ഒരു തീവണ്ടിക്കുമുമ്പില്‍ ഗുഹന്‍ എല്ലാം അവസാനിപ്പിച്ചു. എന്നാല്‍ അയ്യപ്പന്‌ ജീവിതവും അതിജീവിതവും എല്ലാം കവിതതന്നെയായിരുന്നു, അത്‌ മാത്രമായിരുന്നു. 

വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ച്‌ പറയാറുണ്ട്‌, അദ്ദേഹത്തിണ്റ്റെ കൃതികളില്‍ കൂടി നടന്നാല്‍ നിങ്ങളെത്തുന്നത്‌ ബഷീറില്‍ തന്നെയായിരിക്കും, എന്ന്‌. അയ്യപ്പണ്റ്റെ കവിതകളില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ ഇത്തിരി പോലും തുളുമ്പുന്നില്ല. തന്നെ തന്നെ മുറിച്ച്‌ കഷണങ്ങളാക്കി അവ ചേര്‍ത്ത്‌ വെച്ച്‌ തീര്‍ത്ത ഒരു കൊളാഷ്‌ ആണ്‌ അയ്യപ്പണ്റ്റെ കവിത. ശിഥിലബിംബങ്ങളായി അയ്യപ്പന്‍ തണ്റ്റെ കവിതകളില്‍ ചിതറിക്കിടക്കുന്നു.

'ജീവിതം പൊടിപ്പും തൊങ്ങലും വെക്കുമ്പോഴാണ്‌ ജീവിതമാകുന്നത്‌, അല്ലെങ്കില്‍ അത്‌ കവിതയാണ്‌' എണ്റ്റെ ബ്ളോഗ്‌ സുഹൃത്ത്‌ ധര്‍മരാജ്‌ മടപ്പള്ളി എഴുതി. പൊടിപ്പും തൊങ്ങലുമില്ലാത്ത നഗ്നജീവിതമാണ്‌ അയ്യപ്പണ്റ്റെ കവിതകള്‍. ആലങ്കാരികതകളുടെ നിംനോക്തികള്‍ കാമ്പില്‍ നിന്നുള്ള വിടുതലാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ടാകും, അയ്യപ്പന്‍. 

"എണ്റ്റെ കവിത എന്നോട്‌ ചോദിച്ചു 
എന്തിനാണ്‌ നിണ്റ്റെ കവിതയില്‍ 
കാഞ്ഞിരം വളര്‍ത്തുന്നത്‌ 
ചൂരലടയാളം തുടിപ്പിക്കുന്നത്‌ 
നിണ്റ്റെ വരികള്‍ക്കിടയിലെ 
മയില്‍പീലികള്‍ പെറാത്തതെന്ത്‌?" 

കവിതയില്‍ കൊന്നയും തുമ്പയും മുക്കുറ്റിയും വളര്‍ത്തുന്നവരുടെയിടയില്‍ തണ്റ്റെ കവിതയില്‍ കാഞ്ഞിരം വളര്‍ത്തുന്നെന്ന്‌ ഉറക്കെ പറഞ്ഞു, ഒരേയൊരു അയ്യപ്പന്‍. 'നരകത്തില്‍ നട്ടുവളര്‍ത്താന്‍ നാരകച്ചെടികള്‍ക്ക്‌ വെള്ളം തേവിയ' ഒരാളുടെ കവിതയില്‍ കാഞ്ഞിരം മാത്രമേ വളരുകയുള്ളൂ. 

"കരുണയോടെ മുഖത്ത്‌ തുപ്പുകയും 
കഴുത്ത്‌ ഞെരിക്കുകയും ചെയ്തവന്‌ പൂക്കള്‍ 
പാപിയുടെ ചൂണ്ടുവിരലിന്‌ കറുകമോതിരം
കൈവെള്ളയ്ക്ക്‌ തീര്‍ത്ഥം. 

ജീവിതത്തില്‍ കയ്പ്‌ മാത്രം കുടിച്ച്‌ വളര്‍ന്നതിനാലാകണം തണ്റ്റെ കവിതയില്‍ കാഞ്ഞിരം മതിയെന്ന ശാഠ്യത്തിന്‌ കാരണം. അത്‌ കുറുമ്പിത്തിരി കൂടുതലുള്ള കുട്ടിയുടെ നേരുള്ള ശാഠ്യമായിരുന്നു. വാക്കും അര്‍ത്ഥവും കഴിഞ്ഞുള്ള കവിയുടെ വിരലടയാളമാണ്‌ കവിതയെന്ന്‌ അദ്ദേഹം പറയുന്നുമുണ്ട്‌. 

'സൂര്യനെപ്പോല്‍ ജ്വലിച്ചുനില്‍ക്കുമീ വേദന' അനുഭവിച്ചുകൊണ്ടാണ്‌ 'നോവുകളെല്ലാം പൂവുകളെന്ന്‌' അയ്യപ്പന്‍ പാടിയത്‌. 'മുറിവുകളുടെ വസന്തമാണ്‌ ജീവിതം' എന്ന്‌ പറഞ്ഞത്‌. 

'ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും, ആരെങ്കിലും അതാവേണ്ടിയിരിക്കെ' അയ്യപ്പന്‍ എന്ന വ്യക്തിയുടേയും അദ്ദേഹത്തിണ്റ്റെ കവിതകളുടേയും ഒരു മുഖക്കുറിപ്പാണ്‌ 'പ്രവാസിയുടേ ഗീതം' എന്ന സമാഹാരത്തില്‍ ചേര്‍ത്ത എഡ്വേര്‍ഡ്‌ ആല്‍ബിയുടെ ഈ പ്രസ്താവന. ശരിയാണ്‌ കവിതയുടെ ബലിക്കല്ലില്‍ സ്വയം അര്‍പ്പിച്ച ജീവിതമായിരുന്നു, അയ്യപ്പണ്റ്റേത്‌.

"കുത്തുവാക്കിണ്റ്റെ നാരായം കൊണ്ടെന്നെ 
വെട്ടിത്തിരുത്തി പഠിപ്പിച്ച പാഠങ്ങള്‍"

"എഴുത്താണി കൊണ്ട്‌ മുറിഞ്ഞ വിരല്‌ കൊണ്ട്‌ തന്നെ ഞാന്‍ എഴുത്ത്‌ പഠിച്ചു.' എന്നും അദ്ദേഹം എഴുതുന്നുണ്ട്‌. ഇങ്ങനെ എഴുത്ത്‌ പഠിച്ചാണ്‌ കവിയായതെങ്കിലും ... 

'മദമിളകിയ ആനയെഅമ്പത്തൊന്നക്ഷരങ്ങളിലായ്‌ തളച്ചൂ,' അയ്യപ്പന്‍. 

നീയും ഞാനും അയ്യപ്പണ്റ്റെ കവിതകളില്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്നുണ്ട്‌. വാക്കുകളില്‍ ഇല്ലെങ്കില്‍ പോലും അദൃശ്യനായി ഞാനുണ്ട്‌. ഞാനുണ്ടെന്നാല്‍ നീയുമുണ്ടെന്നാണര്‍ത്ഥം. എന്നാല്‍ ഞാന്‍ നീയായും നീ ഞാനായും കൂട്‌ മാറുന്നുണ്ട്‌ താനും. പീഡിപ്പിക്കുന്നതിലും പീഡനമേല്‍ക്കുന്നതിലും നീയും ഞാനും രണ്ടല്ല, ഒന്നാണ്‌. 

"നിണ്റ്റെ കണ്ണിലെ പ്രകാശത്തില്‍ നിന്ന്‌ വന്ന മാന്‍പേടയെ 
ഇരുട്ടില്‍ എന്നില്‍ നിന്ന്‌ പുറത്തുചാടിയ ചെന്നായ 
കടിച്ചുകീറുന്നത്‌ ആഹ്ളാദത്തോടെ നോക്കിനിന്നത്‌ 
നീയും ഞാനുമല്ലാതെ മറ്റാരാണ്‌?"

ഇവിടെ ഈ കാഴ്ച കണ്ട്‌ രസിക്കുന്നത്‌ നീയും ഞാനും ചേര്‍ന്നാണ്‌. ഇരയും വേട്ടക്കാരനും ഒന്നാകുന്നതുപോലെ, രക്ഷകനും പീഡകനും ഒന്നാകുന്നത്‌ പോലെ. അഭയസ്ഥാനം പോലും നല്‍കുന്നത്‌ പീഡനം മാത്രം. ഇങ്ങനെ സ്വയം പീഡകനും പീഡിതനുമായി മാറി മാറി വരുന്നതിലൂടെ സ്വയം ചോദ്യത്തിണ്റ്റെ കുന്തമുനയില്‍ നിര്‍ത്തുന്നുണ്ട്‌ അദ്ദേഹം. പലപ്പോഴും കടുത്ത ആത്മനിന്ദയിലൂടെ. "കണ്ണടച്ചു ഞാ നിരുട്ടാക്കിയിട്ടും 
കാക്ക കരഞ്ഞുവെളുപ്പിച്ചു മണ്ണിനെ."

'എണ്ണാനാവാത്ത തുന്നലുകളോടെയേ' നന്ദി പോലും പറയാനാവുന്നുള്ളൂ, അദ്ദേഹത്തിന്‌. ഒടുവില്‍ കടുത്ത നിസ്സഹായതയില്‍ വീഴുകയും ചെയ്യുന്നു. 

"മഴവില്ലു വീണ തടാകത്തില്‍ 
മരിച്ചുപൊങ്ങുന്നനുദിനം"

മരിച്ചുപൊങ്ങുമ്പോള്‍ പോലും അത്‌ മഴവില്ലു വീണ തടാകത്തിലാവണമെന്ന്‌ നിര്‍ബ്ബന്ധമുണ്ട്‌ അയ്യപ്പന്‌. പ്രണയത്തിലും നീയും ഞാനും പീഡനപര്‍വ്വത്തില്‍ ഒന്നിക്കുന്നവരാണ്‌. കുടുംബം എന്ന വ്യവസ്ഥയോട്‌ ചേര്‍ന്നല്ലാതെ പ്രണയത്തെ കാണാന്‍ നമുക്ക്‌ കഴിയാറില്ല. ഈ വ്യവസ്ഥയോട്‌ കലഹിച്ച അയ്യപ്പന്‌ പ്രണയം 'പുഴയില്‍ ഒഴുക്കാത്ത കല്ലായത്‌' സ്വാഭാവികം. 

മറ്റൊരിടത്ത്‌ ഇങ്ങനെ എഴുതുന്നു, 

"പെണ്ണൊരുത്തിക്ക്‌ മിന്ന്‌ കൊടുക്കാത്ത 
കണ്ണുപൊട്ടിയ കാമമാണിന്നും ഞാന്‍"

പ്രണയവും പീഡനത്തിണ്റ്റെ മറ്റൊരു രൂപം മാത്രം. എന്നാല്‍ പീഡനത്തിലും പ്രണയത്തിലെ പാരസ്പര്യത്തെ വളരെ സുന്ദരമായി അയ്യപ്പന്‍ കുറിച്ചിട്ടുണ്ട്‌ താനും. 

"വിഛേദിക്കപ്പെട്ട വിരലാണവള്‍ 
നഷ്ടപ്പെട്ടത്‌ എണ്റ്റെ മോതിരക്കൈ"

"ഇന്ന്‌ നിന്നിലൂടെ
സമുദ്രത്തെ സ്വപ്നം കാണുകയാണ്‌ ഞാന്‍. "

പ്രണയത്തെക്കുറിച്ചെഴുതുമ്പോഴും തണ്റ്റെ കവിതകളുടെ കാതലായ വൈരുദ്ധ്യങ്ങളില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. 

"പറയൊന്നുണ്ടെന്നുള്ളില്‍ 
പ്രേമധാമത്തിണ്റ്റെ പേരില്‍ 
 ഓര്‍മ്മയ്ക്കായ്‌ പൊട്ടിച്ചൊരു
തേനരുവിയെത്തരാം. " 

പ്രേമധാമത്തിണ്റ്റെ പേരില്‍ പോലും ഉള്ളില്‍ ഒരു പാറ നിലനിര്‍ത്തുന്നവനാണ്‌, അയ്യപ്പന്‍. ആ പാറ പൊട്ടിച്ച്‌ അതിനുള്ളില്‍ നിന്ന്‌ ഒരു തേനരുവി ഒഴുക്കാന്‍ കെല്‍പുള്ളതാണ്‌ അദ്ദേഹത്തിണ്റ്റെ പ്രേമം. ഈ ആര്‍ദ്രത പോലും അസംസ്കൃതമാണ്‌. തീരെ സംസ്കരിക്കപ്പെടാന്‍ തയ്യാറല്ല, അദ്ദേഹം. ജീവിതത്തിലും കവിതയിലും. 

പരസ്പര ബന്ധമില്ലാത്ത, പരസ്പരവിരുദ്ധം പോലുമായ ബിംബങ്ങളിലൂടെയാണ്‌ മലയാളത്തില്‍ സ്വന്തമായൊരു ഭാവുകത്വപരിസരം അയ്യപ്പന്‍ സൃഷ്ടിച്ചെടുത്തത്‌. കവിതയിലും ജീവിതത്തിലും ഒന്നും അദ്ദേഹം കെട്ടിപ്പൊക്കിയില്ല, പക്ഷേ പലതും എറിഞ്ഞുടച്ചു. എറിഞ്ഞുടയ്ക്കുന്നതിലും സൌന്ദര്യമുണ്ടെന്ന്‌ അയ്യപ്പന്‍ സ്വന്തം ജീവിതത്തിലൂടെ, കവിതയിലൂടെ തെളിയിച്ചു. 

"മൌനബുദ്ധണ്റ്റെ മനസ്സില്‍ കലാപവും
കണ്ണില്‍ നിറയുന്ന മൂകവിലാപവും. " 

അയ്യപ്പണ്റ്റെ ബുദ്ധന്‍ മനസ്സില്‍ കലാപമുള്ളവനാണ്‌, കണ്ണില്‍ മൂകവിലാപമുള്ളവനാണ്‌, രക്ഷകനാവുമ്പോള്‍ തന്നെ കുഞ്ഞാടിണ്റ്റെ കണ്ണുകള്‍ എറിഞ്ഞ്‌ പൊട്ടിക്കുന്നവനാണ്‌. ഈ ബുദ്ധന്‍ അയ്യപ്പന്‍ തന്നെയാണ്‌. ഉള്ളില്‍ കലാപമുള്ളപ്പോഴും കണ്ണില്‍ മൂകവിലാപവുമായി നടന്നു. ആ മൂകവിലാപങ്ങള്‍ തന്നെയാണ്‌ കവിതകളായി പുറത്തുവന്നത്‌. 

ആവര്‍ത്തിച്ച്‌ പ്രത്യക്ഷപ്പെടുന്ന വിരുദ്ധങ്ങളായ ബിംബങ്ങളുടെ, ഭ്രാന്തന്‍ കാഴ്ചകളുടെ ഘോഷയാത്രയാണ്‌ അയ്യപ്പണ്റ്റെ കവിതകള്‍. പീഡനമെന്ന പൊതു ബോധമാണ്‌ അതിലെ നീരൊഴുക്ക്‌. ഇക്കാരണം കൊണ്ട്‌ തന്നെയാവണം 'ഒരു തോട്ടത്തില്‍ വിരിയുന്ന ചെടികളുടെ വൈവിധ്യത്തേക്കാള്‍ ഒരു ചെടിയില്‍ വിരിയുന്ന ഇലകളുടെ ഏകരൂപമായ ബഹുലതകളാണ്‌ ഈ രചനകള്‍ക്ക്‌' എന്ന്‌ കവി സച്ചിദാനന്ദന്‍ നിരീക്ഷിച്ചത്‌. 

ബോധത്തിണ്റ്റെ പൂമുഖപ്പടിയില്‍ അയ്യപ്പനെ കയറ്റി ഇരുത്താന്‍ ഞാനടക്കമുള്ള മലയാളികള്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇഛയുടെ ആരാച്ചാരായ ദുസ്വപ്നം ബോധത്തില്‍ ചവുട്ടി കടന്നുവരിക' തന്നെ ചെയ്യും, ആ കവിതകളുടെ രൂപത്തില്‍. 

Saturday, October 6, 2012

നമ്മള്‍ എത്ര നിര്‍ഭാഗ്യവാന്‍മാര്‍

 പാടുക എന്ന ക്രിയയില്‍ കേള്‍ക്കുക എന്ന പാസ്സീവ്‌ ആയ മറ്റൊരു ക്രിയ അടങ്ങിയിരിക്കുന്നു. കേള്‍വി ഇല്ലെങ്കില്‍ പാട്ട്‌ ഇല്ല തന്നെ. കുളിമുറിപ്പാട്ടുകാരന്‍ പോലും പാടുമ്പോള്‍ അതിന്‌ സമാന്തരമായി കേള്‍ക്കുന്നുമുണ്ട്‌. ഓരോ പാട്ടും യഥാര്‍ത്ഥമോ സാങ്കല്‍പ്പികമോ ആയ ഒരു കേള്‍വിക്കാരനോ അല്ലെങ്കില്‍ കേള്‍വിക്കാര്‍ക്കോ വേണ്ടിയാണ്‌ പാടപ്പെടുന്നത്‌. ഒരു ഗായകന്‍ അല്ലെങ്കില്‍ ഗായിക ആര്‍ക്കുവേണ്ടി പാടുന്നു എന്നുള്ളതാണ്‌ ശ്രുതി-ലയ-ഭാവങ്ങള്‍ അടങ്ങിയ പാട്ടിണ്റ്റെ രീതിയെ നിശ്ചയിക്കുന്നത്‌. 

 റെക്കോര്‍ഡിംഗ്‌ സ്റ്റുഡിയോവിലെ ശീതീകരിച്ച അന്തരീക്ഷത്തില്‍ ശബ്ദത്തിണ്റ്റെ സൂക്ഷ്മ ലയ വിന്യാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ആലാപനം നടത്തുന്നയാള്‍ പാടുന്നത്‌ സ്വീകരണമുറിയിലെ സ്വകാര്യ ശ്രവണേന്ദ്രിയങ്ങള്‍ക്ക്‌ വേണ്ടിയാണ്‌. സാങ്കല്‍പ്പികമായ, അമൂര്‍ത്തമായ കേള്‍വിക്കാര്‍ക്കുവേണ്ടി. അവനെ രസിപ്പിച്ച്‌ മയക്കുക എന്നതാണ്‌ പാട്ടിണ്റ്റെ ദൌത്യം. ഇതിണ്റ്റെ മറുവശത്ത്‌ തെരുവില്‍, ആള്‍ക്കൂട്ടത്തിണ്റ്റെ നടുവിലിരുന്ന്‌ വിയര്‍ത്ത്‌, തളര്‍ന്ന്‌, തൊണ്ടകീറി പാടുന്ന തെരുവുഗായകണ്റ്റെ ലക്ഷ്യം തണ്റ്റെ മുന്നിലുള്ള പച്ചമനുഷ്യരാണ്‌. കേള്‍വിക്കാരണ്റ്റെ കാതിനിമ്പം കൂട്ടുക എന്നതല്ല, മറിച്ച്‌ അവരെ പാടിയുണര്‍ത്തി തണ്റ്റെ വയറിണ്റ്റെ വിളിയെ അവരെ അറിയിക്കുക എന്നതാണ്‌ അവണ്റ്റെ ദൌത്യം. അവന്‍ പാടുന്നത്‌ തണ്റ്റെ ദൈന്യതയെ കേള്‍വിക്കാരണ്റ്റേതുമായി താദാത്മ്യപ്പെടുത്തുവാനാണ്‌. അവന്‍ രണ്ട്‌ കാര്യത്തില്‍ ബദ്ധശ്രദ്ധനാണ്‌. ഒന്ന്‌ ഉച്ചസ്ഥായിയില്‍ ഉറക്കെ പാടുക. മറ്റൊന്ന്‌ തണ്റ്റെ പാട്ടിനെ ഒരു നിലവിളിയായി പരിണമിപ്പിക്കുക, അല്ലെങ്കില്‍ തണ്റ്റെ ഉള്ളിലെ നിലവിളിയെ പാട്ടാക്കി മാറ്റി പുറത്തുവിടുക. 

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇടയ്ക്കിടെ മുംബൈയിലേക്കുള്ള തീവണ്ടിയാത്രകളില്‍ കഴുത്തില്‍ തൂക്കിയിട്ട ഹാര്‍മോണിയവും ഡോലക്കുമായി വരുന്ന പാട്ടുകാര്‍ പതിവ്‌ കാഴ്ചയായിരുന്നു. പോളിയോ ബാധിച്ച കൈകളും വെയിലേറ്റ്‌ ചെമ്പിച്ച തൊലിയുമായുള്ള ഒരാളായിരുന്നു, പ്രധാനി. പ്രശസ്തങ്ങളായ പല ഹിന്ദി പാട്ടുകളും ഉച്ചസ്ഥായിയില്‍ അവര്‍ പാടിയിരുന്നു. ഒരിക്കല്‍ താജ്മഹല്‍ എന്ന സിനിമയിലെ 'ജൊ വാദാ കിയാ വൊഹ്‌ നിഭാനാ പഡേഗാ' എന്ന ഗാനം അവര്‍ പാടി കേട്ടത്‌ ഓര്‍മ്മയില്‍ ഇപ്പോഴും തെളിഞ്ഞുനില്‍ക്കുന്നു. 

നമ്മുടെ നാട്ടിലും ഇങ്ങനെ തെരുവില്‍ പാടിനടന്നിരുന്ന പല പാട്ടുകാരും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ആധുനിക ഇലക്ട്രോണിക്‌ ഉപകരണങ്ങളിലൂടെ പ്രശസ്തമായ പാട്ടുകള്‍ ഇത്തിരി പോലും കലര്‍പ്പില്ലാതെ കേള്‍ക്കാന്‍ സൌകര്യങ്ങള്‍ വളരെ സാധാരണമായതോടെ തെരുവിലെ പാട്ടുകേള്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ കുറഞ്ഞുവന്നു. സ്വാഭാവികമായും തെരുവിലെ പാട്ടുകാരും അപ്രത്യക്ഷരായി. സ്വീകരണമുറിയിലെ സ്വകാര്യതയിലിരുന്ന്‌, വീട്‌ തരുന്ന സുരക്ഷിതത്വം അനുഭവിച്ചുകൊണ്ട്‌, സൌകര്യപൂര്‍വം പാട്ട്‌ കേള്‍ക്കാനാണ്‌ നമുക്കിഷ്ടം. അതിന്‌ ചേര്‍ന്ന മൃദുവായ, മിനുസമുള്ള, സുഗമമായി ഒഴുകിയിറങ്ങുന്ന ശബ്ദമാണ്‌ നമുക്ക്‌ പഥ്യം. സംഗീതത്തെ ഗൌരവമായി സമീപിക്കുന്നവരില്‍ പലരും മെഹ്ദി ഹസ്സനും, ഗുലാം അലിയും, ജഗ്ജിത്‌ സിംഗും, ഹരിഹരനുമൊക്കെ വ്യാപകമായി കേള്‍ക്കപ്പെടുമ്പോഴും നുസ്രത്‌ ഫത്തേ അലി ഖാന്‍ അത്ര തന്നെ സ്വീകരിക്കപ്പെടാത്തതും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാവുന്നതാണെന്ന്‌ തോന്നുന്നു. 

മലയാളിയുടെ പ്രിയപ്പെട്ട ബാബുരാജിനെക്കുറിച്ച്‌ ഓര്‍ത്തപ്പോള്‍ ( ബാബുരാജ്‌ എന്ന സംഗീത സംവിധായകനെയല്ല, അദ്ദേഹത്തിലെ തികച്ചും വ്യത്യസ്തനായ ഗായകനെ.) മനസ്സിലെത്തിയ കാര്യങ്ങളാണ്‌ മുകളില്‍ കുറിച്ചത്‌. പച്ചമുളയുടെ മാറ്‌ നെടുകെ പിളരുമ്പോള്‍ ഉയരുന്ന നിലവിളിയാണ്‌ ബാബുരാജിണ്റ്റെ ഉച്ച സ്ഥായിയിലുള്ള ശബ്ദം. പാടുമ്പോഴുള്ള ഭാവമാകട്ടെ, അരക്ഷിതത്തിണ്റ്റേതായ നിസ്സഹായതയും. ശബ്ദത്തിലെ ഈ നിസ്സഹായത ഗായകന്‍ മുകേഷിണ്റ്റെ ശബ്ദത്തില്‍ നമ്മള്‍ അറിഞ്ഞിട്ടുണ്ട്‌. മുകേഷിണ്റ്റെ ശബ്ദം ദത്തെടുക്കാന്‍ രാജ്കപൂറിനെ പ്രേരിപ്പിച്ചതും ആ ശബ്ദത്തിണ്റ്റെ മാത്രം സ്വന്തമായ നിസ്സഹായതയുടെ ഭാവമല്ലേ...? അരക്ഷിത ബോധവും നിഷ്കളങ്കമായ നിസ്സഹായതയും ഉള്ളില്‍ പേറി അലയുന്ന കഥാപാത്രങ്ങള്‍ രാജ്കപൂറിണ്റ്റെ ആത്മകഥാപാത്രങ്ങളായിരുന്നല്ലോ.

'കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാന്‍ വന്നവന്‍ ഞാന്‍' എന്ന്‌ ബാബുരാജ്‌ പാടുമ്പോള്‍ വില്‍ക്കുവാന്‍ മറ്റൊന്നുമില്ലെങ്കിലും വില്‍പ്പന നിയോഗമായിരിക്കുന്നവണ്റ്റെ ദൈന്യത തന്നെയാണ്‌ ഉള്ളില്‍ നിറയുന്നത്‌. അവണ്റ്റെ വിലാപമാണ്‌ കാതില്‍ പതിയുന്നത്‌. കണ്ണീരും സ്വപ്നങ്ങളും മാത്രം വില്‍ക്കാനായുള്ളവണ്റ്റെ മുന്നില്‍ കണ്‍മഷിയും കുങ്കുമവും കരിവളയും വാങ്ങാന്‍ പ്രണയിനി വന്നാലത്തെ സ്ഥിതിയോ...? ആ വിഷാദം അത്രയും ബാബുരാജിണ്റ്റെ സ്വരത്തില്‍ നമുക്കനുഭവിയ്ക്കാം. ഈ പാട്ടിണ്റ്റെ തനത്‌ ഭാവമായ നിലവിളി യേശുദാസിണ്റ്റെ സ്നിഗ്ദമധുരമായ ശബ്ദത്തില്‍ ഒരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. സുബൈദ എന്ന ചിത്രത്തിലെ 'പൊട്ടിത്തകര്‍ന്ന കിനാവിണ്റ്റെ മയ്യത്ത്‌' എന്ന ഗാനം മറ്റൊരു ഉദാഹരണമാണ്‌. ലളിതഗാനാലാപനത്തിലെ ഭാവസന്നിവേശത്തിണ്റ്റെ നേരടയാളമാണ്‌ ബാബുരാജിണ്റ്റെ ആലാപനം. 

ബാബുരാജിലെ സംഗീതത്തിണ്റ്റെ ഉറവകള്‍ തേടിച്ചെല്ലുമ്പോള്‍ നാമെത്തുന്നത്‌ തെരുവുഗായകനില്‍ തന്നെയാണ്‌. തെരുവില്‍ പാട്ടുപാടി നടന്നിരുന്ന സബീര്‍ ബാബു എന്ന ബാലനെ മനുഷ്യസ്നേഹിയായ, സംഗീത പ്രേമിയായ. കുഞ്ഞുമുഹമ്മദ്‌ എന്ന പോലീസുകാരന്‍ കണ്ടെടുക്കുന്നിടത്താണ്‌ നാമറിയുന്ന എം. എസ്‌. ബാബുരാജിണ്റ്റെ ചരിത്രം തുടങ്ങുന്നത്‌. തെരുവില്‍ നിന്ന്‌ ഉയര്‍ന്നുവന്ന ഒരാളെ, അയാള്‍ എത്ര ഔന്നത്യത്തിലെത്തിയാലും, ബാല്യത്തിലെ അശരണത്വം സൃഷ്ടിച്ച നിസ്സഹായത ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കൊപ്പം വിടാതെ പിടികൂടുന്നത്‌ തികച്ചും സ്വാഭാവികം. സൂപ്പര്‍ ട്രാമ്പ്‌ ആയചാര്‍ളി ചാപ്ളിണ്റ്റെ കഥാപാത്രങ്ങളിലുടനീളം ഈ നിസ്സഹായത നമ്മള്‍ കണ്ടിട്ടുണ്ട്‌. 

'പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ ' എന്ന്‌ ബാബുരാജ്‌ പാടുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത്‌ ഈ ഭാവമാണ്‌. സ്വയം പാമരനെന്ന്‌ അറിയുന്ന, പ്രണയിനിക്ക്‌ പാര്‍ക്കാന്‍ താജ്മഹല്‍ തങ്കക്കിനാക്കള്‍ കൊണ്ട്‌ മാത്രം കെട്ടാന്‍ കഴിയുന്ന വിഡ്ഡിയായ പ്രണയാതുരന്‍. ഈ നിസ്സഹായതയുടെ ഭാവം യേശുദാസിണ്റ്റെ ശബ്ദത്തിലില്ലാതെ പോയത്‌ അനുഭവതലത്തിലെ അന്തരം തന്നെയാണ്‌. ബാബുരാജിണ്റ്റെ ശബ്ദത്തിലെ ഈ പ്രത്യേകതകളെക്കുറിച്ചുള്ള ഈ അറിവായിരിക്കുമോ ഈ പാട്ടാണ്‌ ബാബുരാജിണ്റ്റെ ആത്മഗീത്‌ എന്ന്‌ ഓ. എന്‍. വി സാറിനെക്കൊണ്ട്‌ പറയിച്ചത്‌. 


തെരുവില്‍ പിറന്ന്‌ മെഹ്ഫിലുകളിലൂടെ വളര്‍ന്നാണ്‌ ബാബുരാജിണ്റ്റെ സംഗീതം സിനിമയിലെത്തുന്നത്‌. സിനിമയില്‍ കേട്ടതല്ല, സ്വയം പാടിക്കേള്‍പ്പിച്ചതാണ്‌ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിണ്റ്റെ പാട്ടുകള്‍. 'വേദനയുടെ ഉത്സവം' എന്ന്‌ വിളിക്കാവുന്ന പാട്ടുകള്‍. അവ സൃഷ്ടിച്ചത്‌ സാങ്കല്‍പ്പികമായ ഒരു ആള്‍ക്കൂട്ടത്തെ മുന്നില്‍ നിര്‍ത്തിയായിരിക്കണം. കേള്‍വിക്കാരണ്റ്റെ ഉള്ളിലെ മുറിവുകളില്‍ തൊടുമ്പോഴുള്ള നീറ്റലിണ്റ്റെ സുഖമാണ്‌ ആ പാട്ടുകള്‍ തരുന്നത്‌. ഉള്ളിണ്റ്റെ ഉള്ളില്‍ അനാഥത്വത്തിണ്റ്റെ വിഷാദം പേറുന്നവരുടെ പാട്ടാണ്‌ അദ്ദേഹം പാടിയത്‌. അവയെ സിനിമയെന്ന മായാലോകത്തിണ്റ്റെ പൊതുചാനലിലേക്ക്‌ മയപ്പെടുത്തി എടുത്തു എന്നുമാത്രം. 'താമസമെന്തേ വരുവാന്‍ ' തുടങ്ങിയ അദ്ദേഹത്തിണ്റ്റെ മികച്ച സൃഷ്ടികള്‍ അദ്ദേഹം പാടുമ്പോള്‍ എങ്ങനെയിരിക്കും എന്ന്‌ അത്ഭുതപ്പെടാനേ നമുക്കാവൂ. അവ കേള്‍ക്കാന്‍ കഴിയാത്ത നമ്മള്‍ എത്ര നിര്‍ഭാഗ്യവാന്‍മാര്‍. 

Saturday, September 22, 2012

ഒരു സ്ഫോഠനത്തിണ്റ്റെ ഓര്‍മ്മയില്‍

അന്ന്‌ ഞാന്‍ ബറോഡ വിമാനത്താവളത്തിലാണ്‌ ജോലി ചെയ്തിരുന്നത്‌. ബോംബെ വിമാനത്താവളത്തിലെ കമ്യൂണിക്കേഷന്‍ വിഭാഗം കമ്പ്യൂട്ടറൈസ്‌ ചെയ്തപ്പോള്‍ ആ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ്‌ വരുത്തിയതിണ്റ്റെ ഭാഗമായി എന്നേയും സുഹൃത്ത്‌ മധുരൈയില്‍ നിന്നുള്ള ഭാസ്കരനേയും സ്ഥലം മാറ്റി. ഞങ്ങളെപ്പോലെ മറ്റ്‌ പലരും പല സ്ഥലങ്ങളിലേക്കും മാറ്റമായി പോയിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി വന്ന ഒരു സ്ഥലം മാറ്റം ഒരിക്കലും കാണാത്ത, കാണുമെന്ന്‌ വിചാരിക്കുക പോലും ചെയ്യാത്ത ഗുജറാത്തിലെ ബറോഡയിലെത്തിച്ചു. ബോംബെ മുംബൈ ആയതുപോലെ പിന്നെപ്പോഴോ ബറോഡ വഡോദര ആയി. 

ബറോഡയിലെത്തിയപ്പോള്‍ അവിടെയും രണ്ട്‌ മലയാളികള്‍; പാലക്കാട്ടുകാരനായ അജിതും പെരുമ്പാവൂര്‍കാരന്‍ അശോകനും. ഉത്തര്‍പ്രദേശില്‍ ജനിച്ച അജിത്‌ പേര്‌ കൊണ്ട്‌ മാത്രം മലയാളി. മലയാളത്തില്‍ സംസാരിക്കാറില്ല, മലയാലത്തില്‍ കുരച്ച്‌ കുരച്ച്‌ പരയും. പക്ഷേ ആരുമായും നേരിട്ട്‌ കയറി സംസാരിക്കും. പറയുന്നത്‌ ശരിയോ തെറ്റോ എന്നൊന്നും നോട്ടമില്ല. കുറച്ച്‌ അറിയുന്ന മലയാളത്തില്‍ മാത്രമല്ല, ഒരു തമിഴനെ അടുത്ത്‌ കിട്ടിയാല്‍ തീരെ അറിയാത്ത തമിഴിലും കയറി സംസാരിച്ചുകളയും. അങ്ങനെ ഭാസ്കരനേയും കയറി ഹെഡ്‌ ചെയ്തു. എണ്റ്റെ സംസാരത്തില്‍ തെറ്റുണ്ടെങ്കില്‍ അത്‌ നിങ്ങളുടെ പ്രശ്നം എന്ന ഒരു രീതി. വിവാഹം കഴിഞ്ഞിട്ട്‌ അധികനാളായിട്ടില്ല. അശോകനാവട്ടെ തനി നാടന്‍ മലയാളി. ജോലിയ്ക്ക്‌ ചേര്‍ന്നിട്ട്‌ കുറച്ച്‌ വര്‍ഷങ്ങളെ ആയിട്ടുള്ളു. പച്ചവെള്ളം ചവച്ചുകുടിക്കുന്ന പാവത്താന്‍. 

തീരെ ഇഷ്ടമില്ലാത്ത സ്ഥലം മാറ്റവുമായി പരിചയമില്ലാത്ത ബറോഡയിലെത്തിയ ഞങ്ങള്‍ക്ക്‌ നല്ല കൂട്ടായി അജിത്‌. സ്വയം ഭക്ഷണം പാകം ചെയ്ത്‌ കഴിച്ചിരുന്ന ഞങ്ങള്‍ക്ക്‌ നല്ല ഭക്ഷണം പലപ്പോഴും കിട്ടി. നിരവധി ഹിന്ദി ഇംഗ്ളീഷ്‌ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച്‌ കണ്ടു. അതുവരെ ബിയറില്‍ നിന്നിരുന്ന എണ്റ്റെ മദ്യപാനം കൌമാരത്തില്‍ നിന്ന്‌ യൌവനത്തിലേക്ക്‌ കടന്നു. ഞായറാഴ്ചകളില്‍ മീനും ഇറച്ചിയും വാങ്ങിയ്ക്കാന്‍ ഞങ്ങള്‍ പാണിഗേറ്റ്‌ മാര്‍ക്കറ്റിലെത്തി. (മുസ്ളീങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ ഭാഗങ്ങള്‍ 2002-ലെ ഗുജറാത്‌ കലാപത്തില്‍ കത്തിയെരിഞ്ഞതായി പിന്നീട്‌ പത്രങ്ങളില്‍ വായിച്ചു. ) 

അന്നേ ബറോഡ ധാരാളം വ്യവസായങ്ങള്‍ ഉണ്ടായിരുന്ന മേഖലയായിരുന്നു. യേര എന്ന പേരില്‍ നമ്മള്‍ വാങ്ങിക്കുന്ന ഗ്ളാസ്‌ സാധനങ്ങള്‍ ഉണ്ടാകുന്ന കമ്പനിയായ അലെംബിക്‌ ഗ്ളാസ്സ്‌ അവിടെയായിരുന്നു. ഇന്ത്യന്‍ എയര്‍ഫോര്‍സ്‌ സ്റ്റേഷന്‍, ഇന്ത്യന്‍ ഓയിലിണ്റ്റെ റിഫൈനറി അങ്ങനെ ധാരാളം സ്ഥപനങ്ങള്‍. അന്നേ മദ്യനിരോധനം നിലനിന്നിരുന്ന അവിടെവെച്ചാണ്‌ എണ്റ്റെ മദ്യപാനം വയസ്സറിയിച്ചത്‌. തലതൊട്ട്‌ ആശീര്‍വദിച്ചത്‌ അജിതും. 

അജിതിന്‌ സ്വന്തമായി ക്വാര്‍ട്ടേര്‍സ്‌ ഉണ്ടായിരുന്നു. ഞാനും ഭാസ്കരനുമാവട്ടേ, ബംഗാളിയായ ഒരു സിന്‍ഹയുടെ ക്വാട്ടേര്‍സിണ്റ്റെ ഒരു ഭാഗം എടുത്ത്‌ അവിടെ പൊറുതി. അജിതിണ്റ്റെ ക്വാര്‍ട്ടേര്‍സിണ്റ്റെ തൊട്ടടുത്ത ക്വാര്‍ട്ടര്‍. ഭാസ്കരന്‍ വിവാഹിതനും ഒരു കുഞ്ഞിണ്റ്റെ അഛനും ആയിരുന്നു. ശ്രീമതി ബോംബെയില്‍ ജോലിയിലായിരുന്നതിനാല്‍ മിക്കവാറും എല്ലാ ആഴ്ചയും പുള്ളിക്കാരന്‍ ബോംബെയ്ക്ക്‌ ഓടും. ഫലത്തില്‍ ഞാന്‍ ഒറ്റയ്ക്ക്‌. 

അലഹബാദില്‍ ജനിച്ചുവളര്‍ന്ന അജിതിണ്റ്റെ അഛന്‍ ഞങ്ങളുടെ വകുപ്പായ സിവില്‍ ഏവിയേഷന്‍ ഡിപാര്‍ട്മെണ്റ്റില്‍ തന്നെ ആയിരുന്നു. അതിനാല്‍ തന്നെ അജിത്‌ സൌകര്യങ്ങളുടെ കാര്യത്തില്‍ വളരെ മുന്നിലായിരുന്നു. മുന്തിയ ഇനം ഫര്‍ണിച്ചര്‍, നല്ല വീട്ടുപകരണങ്ങള്‍. കളര്‍ ടി. വി, ഫ്രിഡ്ജ്‌. അന്നത്തെ അവസ്ഥയില്‍ ഇതൊക്കെ സാധാരണത്തേതിലും ഉയര്‍ന്ന നിലവാരമായിരുന്നു. ഇക്കാലത്ത്‌ ഇതൊക്ക്‌ സാധാരണക്കാരില്‍ സാധാരണക്കാരുടെ വീടുകളില്‍പോലും ഉണ്ട്‌. 

അതിനിടയ്ക്ക്‌ അജിതിണ്റ്റെ ശ്രീമതി പ്രസവത്തിന്‌ നാട്ടിലേയ്ക്ക്‌ പോയി. അടുത്തടുത്ത ക്വാട്ടേര്‍സുകളില്‍ ഞങ്ങള്‍ രണ്ട്‌ പേര്‍ തനിയെ. വളരെ വൈകിയെത്തുന്ന അവസാനത്തെ ഫ്ളൈറ്റ്‌ കഴിഞ്ഞ്‌ അജിതിണ്റ്റെ സ്കൂട്ടറില്‍ കയറി ഹോട്ടലുകളില്‍ കയറി ഇറങ്ങി. പാചകം ഞങ്ങള്‍ ഒരുമിച്ചായി. പലപ്പോഴും ഉറക്കവും അജിതിണ്റ്റെ വീട്ടില്‍ തന്നെ. ഡ്യൂട്ടിയും ഇടയ്ക്ക്‌ ഷട്ടില്‍, ക്രിക്കറ്റ്‌ കളികളും ഇടയ്ക്ക്‌ മദ്യപാനവും പാചകവും ഒക്കെ ചേര്‍ന്ന്‌ ജീവിതത്തിലെ വിരസത അകറ്റി. പുതുതായി ജോലിയ്ക്ക്‌ എത്തിയ അങ്കിളുമാരെ അന്വേഷിച്ച്‌ അടുത്ത വീടുകളില്‍ പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന കുട്ടികളുമെത്തി. ആ ആഴ്ച ഭാസ്കരന്‍ ബോംബെയ്ക്ക്‌ പോയിരുന്നില്ല. ശ്രീമതിയും ഒന്നര വയസ്സുള്ള മകനും ബറോഡയ്ക്ക്‌ വന്നു. ഞാനും ഭാസ്കരനും താമസിച്ചിരുന്ന മുറി അവര്‍ക്ക്‌ വിട്ടുകൊടുത്തു. ഞാന്‍ അജിതിണ്റ്റെ വീട്ടിലായി പൊറുതി. 

അങ്ങനെ ഒരു ദിവസം, കൃത്യമായി പറഞ്ഞാല്‍ 1988 മാര്‍ച്‌ 6. അന്ന്‌ ഫ്ളൈറ്റ്‌ കൃത്യസമയത്ത്‌ തന്നെ എത്തി. ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ്‌ ഇരിക്കുമ്പോള്‍ അടുത്തവീട്ടിലെ പയ്യനെത്തി. കുറച്ച്‌ കണക്ക്‌ പറഞ്ഞുകൊടുക്കണം എന്ന്‌ പറഞ്ഞുകൊണ്ട്‌. ഞാന്‍ അവണ്റ്റെ കണക്കുമായി മല്ലിടുമ്പോള്‍ അജിത്‌ ഉറങ്ങാന്‍ പോയി. ഏതാണ്ട്‌ പന്ത്രണ്ട്‌ മണിയോടെ ഞാനും ഉറങ്ങാന്‍ കിടന്നു. പുറത്തെ മുറിയിലെ സോഫയിലാണ്‌ ഞാന്‍ കിടന്നത്‌. അജിത്‌ കിടപ്പുമുറിയിലും.

നല്ല ഉറക്കം പിടിച്ചിരുന്നു. പെട്ടെന്ന്‌ എന്തോ വലിയ ശബ്ദം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു. പെട്ടെന്ന്‌ പകച്ചുപോയ ഞാന്‍ അറിഞ്ഞു, എന്തോ ഭാരമുള്ള വസ്തു എണ്റ്റെ ദേഹത്ത്‌ വീണതായി. എണീറ്റ്‌ ഇരുന്ന്‌ എന്താണ്‌ നടന്നതെന്ന്‌ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കേട്ട്‌ അടുത്ത ശബ്ദം. രണ്ടാമത്തെ ശബ്ദം കേട്ട ഉടനെ ആ ഭാഗത്തേക്ക്‌ നോക്കിയപ്പോള്‍ അടുക്കള ഭാഗത്ത്‌ നിന്ന്‌ നീലനിറത്തിലുള്ള ഒരു തീനാളം ഉയര്‍ന്ന്‌ പോകുന്നതായി തോന്നി. വീണ്ടും ഒരുവട്ടം ആലോചിക്കാന്‍ നിന്നില്ല. വീട്ടില്‍ നിന്ന്‌ ഇറങ്ങി ഓടി. 

അപ്പോഴേക്കും അജിതും വീട്ടിന്‌ പുറത്തെത്തിയിരുന്നു. വീടിന്‌ പുറത്തെത്തിയപ്പോളാണറിഞ്ഞത്‌ സ്ഫോഠനത്തില്‍ തകര്‍ന്ന വാതിലിലൂടെയാണ്‌, ഞങ്ങള്‍ പുറത്തെത്തിയതെന്ന്‌. എണ്റ്റെ ദേഹത്ത്‌ വീണത്‌ അകത്തെ വാതില്‍ തകര്‍ന്ന്‌ തെറിച്ചതാണ്‌. കോളനി മുഴുവന്‍ ഉണര്‍ന്ന്‌ പോയിരുന്നു. സ്ഫോഠനത്തിണ്റ്റെ ശബ്ദവും തീയും പുകയും ഒക്കെ കണ്ട്‌ എയര്‍പോര്‍ട്‌ ഫയര്‍ ബ്രിഗേഡ്‌ ഫയര്‍ എഞ്ചിനുമായി എത്തി. തീ ആളിക്കത്താത്തതുമൊണ്ട്‌ ചെറിയ ജലപ്രയോഗം കൊണ്ട്‌ തീയണയ്ക്കാന്‍ കഴിഞ്ഞു. പക്ഷേ ആരും വീടിനടുത്തേക്ക്‌ പോകാന്‍ ധൈര്യം കാണിച്ചില്ല. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം ഒന്ന്‌ മനസ്സിലായി. ഇനിയൊരു സ്ഫോടനം ഉണ്ടാവാനിടയില്ല. പക്ഷേ ആരും അന്ന്‌ രാത്രി അവരവരുടെ വീട്ടിനകത്ത്‌ പോകാന്‍ ധൈര്യപ്പെട്ടില്ല. എങ്ങനെയോ രാത്രി കഴിച്ചുകൂട്ടി. 

ഷോക്കില്‍ നിന്ന്‌ മാറിയിരുന്നില്ലെങ്കിലും ഞാന്‍ രാത്രി കണ്ട നീലവെളിച്ചത്തെക്കുറിച്ച്‌ ഭാസ്കരനോടും അജിതിനോടും പറഞ്ഞു. ഭാസ്കരനും അത്‌ കണ്ടിരുന്നു. ഞാന്‍ കണ്ടത്‌ അടുക്കളയില്‍ ആയിരുന്നെങ്കില്‍ അവന്‍ അത്‌ കണ്ടത്‌ സ്ഫോഠനം നടന്ന്‌ ഉടനെ ഓടി പുറത്തുവന്നപ്പോഴായിരുന്നു. ഒരു നീല വെളിച്ചം ആകാശത്തേക്ക്‌ ഉയര്‍ന്നുപോയതായി അവന്‍ പറഞ്ഞു. സെക്കണ്റ്റുകളോളം ആകാശത്ത്‌ കാണാറായ അതിണ്റ്റെ ഗതി നേരെ മുകളിലേക്കായിരുന്നില്ലെന്നും ഇത്തിരി ചരിഞ്ഞ ദിശയിലേക്കായിരുന്നെന്നും.അവന്‍ പറഞ്ഞു. 

നേരം പുലര്‍ന്നതിനുശേഷമാണ്‌ തകര്‍ന്നുകിടന്ന വീടിനടുത്തേക്ക്‌ പോകാനുള്ള മനക്കരുത്തുണ്ടായത്‌. വീടിണ്റ്റെ അവസ്ഥ ഭീകരമായിരുന്നു. അടുക്കള നിന്ന ഭാഗം കോണ്‍ക്രീറ്റിണ്റ്റെ കൂനയായിരിക്കുന്നു. ഒരു ഭാഗത്ത്‌ ഒരു വലിയ കുഴി രൂപപ്പെട്ടിരിക്കുന്നു. ഒടിഞ്ഞ്‌ ചളുങ്ങിപ്പൊയ വീട്ടുപകരണങ്ങള്‍. ഫ്രിഡ്ജിണ്റ്റെ മുകളില്‍ ഒരു കുട പോലെ ഒരു കോണ്‍ക്രീറ്റ്‌ സ്ളാബ്‌. അജിത്‌ കിടന്ന മുറിയുടെ കോണ്‍ക്രീറ്റ്‌ സ്ളാബ്‌ തൂങ്ങി ആടി നില്‍ക്കുന്നു, ഏത്‌ നിമിഷവും താഴെ വീഴാം. അജിത്‌ കിടന്നിരുന്ന കട്ടിലിണ്റ്റെ തൊട്ടു മേലെ. തലയ്ക്ക്‌ മുകളില്‍ തൂങ്ങിനിന്ന മരണം കണ്ട്‌ അജിത്‌ ഞെട്ടി, പിന്നെ കരഞ്ഞു, പ്രസവം അടുത്തെത്തിനില്‍ക്കുന്ന ശ്രീമതിയെ വിളിച്ചു, പിറക്കാനിരിക്കുന്ന കുഞ്ഞിന്‌ ഒരുമ്മ കൊടുത്തു, സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു. (കൃത്യം രണ്ട്‌ ദിവസം കഴിഞ്ഞ്‌, മാര്‍ച്ച്‌ 8 ന്‌ അജിതിണ്റ്റെ ശ്രീമതി ഒരു ആണ്‍കുഞ്ഞിന്‌ ജന്‍മം കൊടുത്തു. ) 

ഇന്നലെവരെ എല്ലാവിധ സൌകര്യങ്ങളോടും കഴിഞ്ഞിരുന്ന അജിത്‌ ഒരൊറ്റ രാത്രി കൊണ്ട്‌ ഒന്നും ഇല്ലാത്തവനായി. അജിതിന്‌ താങ്ങാവുന്നതില്‍ കൂടുതലായിരുന്നു, അത്‌. എന്തും വളരെ ലാഘവത്തോടെ എടുക്കുന്ന അജിത്‌, ജീവിതം ആഘോഷിക്കാനുള്ളതാണെന്ന്‌ വിശ്വസിച്ചു. മദ്യപാനം പോലും ഇങ്ങനെ ഒരുമിച്ചിരുന്ന്‌ കുറച്ച്‌ തമാശകള്‍ പറഞ്ഞ്‌ രസിക്കാനുള്ള ഒരവസരം മാത്രമായാണ്‌ അജിത്‌ കണ്ടിരുന്നതെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. അങ്ങനെയുള്ള അജിത്‌ ആകെ തകര്‍ന്നുപോയി. വീട്ടുസാധനങ്ങള്‍ നഷ്ടപ്പെട്ടതില്‍ കൂടുതലായി സമ്മൃദ്ധിയ്ക്കും ഒന്നുമില്ലായ്മയ്ക്കും ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള അകലം എത്ര ചെറുതാണെന്നുള്ള ഒരു തിരിച്ചറിവായിരിക്കണം അജിതിനെ പൊട്ടിക്കരയിച്ചത്‌ എന്നെനിക്ക്‌ തോന്നി. നമ്മുടെ നട്ടില്‍ ഇടയ്ക്കിടയ്ക്ക്‌ നടക്കുന്ന നിരവധി സ്ഫോഠനങ്ങളില്‍ വീടും സ്വത്തുക്കളും ഉറ്റവരും നഷ്ടപ്പെടുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കും എന്ന്‌ പിന്നീടേപ്പോഴോ മനസ്സില്‍ തോന്നി. 

പോലീസ്‌ രാത്രി തന്നെ എത്തിയിരുന്നു. പക്ഷേ രാത്രി സ്ഫോടനം നടന്ന വീട്‌ ആളുകള്‍ കയറി തെളിവുകള്‍ നശിപ്പിക്കാതിരിക്കാനുള്ള നടപടികളേ എടുത്തുള്ളു. കാലത്ത്‌ സ്ഥലത്തെ സബ്‌ ഇന്‍സ്പെക്ടരും പരിവാരങ്ങളും എത്തി. ഗുജറാത്തിയായിരുന്ന ഇന്‍സ്പെക്ടര്‍ തുടക്കം മുതലേ ഞങ്ങള്‍ക്ക്‌ പ്രത്യേകിച്ചും എനിക്ക്‌ നേരെ സംശയം ഉള്ള രീതിയിലാണ്‌ പെറുമാറിയത്‌. ശ്രീലങ്കയിലെ എല്‍ ടി. ടി. ഇ അതിണ്റ്റെ പ്രതാപം മുഴുവന്‍ ഏടുത്തുനില്‍ക്കുന്ന കാലം. എനിക്കാകട്ടെ ഇരുണ്ടനിറവും. 

എല്‍. ടി. ടി. ഇ യുടെ നേതൃത്വത്തിലുള്ള ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ ഐ. പി. കെ. എഫിനെ അയക്കാന്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കരാറുണ്ടാക്കിയത്‌ 1987-ല്‍ ആയിരുന്നു. കരാറിണ്റ്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സേന ശ്രീലങ്കയില്‍ എത്തിയിരുന്നു. അവര്‍ ശ്രീലങ്കന്‍ തമിഴര്‍ക്കെതിരെ ധാരാളം ക്രൂരതകള്‍ നടത്തുന്നതായി വിവരങ്ങള്‍ പുറത്തു വന്നുതുടങ്ങിയിരുന്നു, താനും. ഇതില്‍ കുപിതരായ എല്‍. ടി. ടി. ഇ ഇന്ത്യക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുമെന്ന്‌ ഭയം നാട്ടുകാരില്‍ ഉണ്ടായിരുന്നു, അങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ അധികാരികളിലും എത്തിത്തുടങ്ങുകയും ചെയ്ത സമയമായിരുന്നു, അത്‌. 

ദക്ഷിണേന്ത്യ മൊത്തം മദ്രാസും അവിടത്തുകാരൊക്കെ മദ്രാസികളും എന്ന പൊതുധാരണ ആ ഇന്‍സ്പെക്ടര്‍ക്കുമുണ്ടായിരുന്നു. ഞങ്ങള്‍ മദ്രാസികള്‍ താമസിക്കുന്ന ക്വാട്ടേര്‍സില്‍ ഉണ്ടായ സ്ഫോഠനം സ്വാഭാവികമായും സംശയം ജനിപ്പിച്ചു. പുറത്തുനിന്ന്‌ എന്തെങ്കിലും വസ്തുക്കള്‍ എറിഞ്ഞതായോ ഒന്നും പ്രാഥമിക നിരീക്ഷണത്തില്‍ കാണാന്‍ കഴിഞ്ഞതുമില്ല. ആ ഇന്‍സ്പെക്ടരുടെ പാവം പോലീസ്‌ ബുദ്ധി മാത്രമാണ്‌ അയാള്‍ പ്രകടിപ്പിച്ചത്‌. ആദ്യമൊക്കെ നോട്ടത്തില്‍ മാത്രം പ്രകടിപ്പിച്ചിരുന്ന സംശയം ക്രമേണ അയാള്‍ വാക്കുകളിലും പ്രകടിപ്പിച്ചു തുടങ്ങി. 

വൈകുന്നേരം വരെ അരിച്ചു പെറുക്കിയിട്ടും അവര്‍ക്ക്‌ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിറ്റി പോലീസ്‌ കമ്മിഷണര്‍ ഒക്കെ രാവിലെ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി പോയിരുന്നു. മേലേയ്ക്ക്‌ കൊടുക്കാന്‍ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിണ്റ്റെ ദേഷ്യം തീര്‍ക്കാന്‍ ആരെയെങ്കിലും ഒരു സംശയത്തിണ്റ്റെ ബലത്തിലെങ്കിലും കസ്റ്റഡിയിലെടുക്കുക എന്നതായിരുന്നു, ഇന്‍സ്പെക്ടറുടെ ഉദ്ദേശം. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക എന്നത്‌ നാടേതായാലും പോലീസിണ്റ്റെ പൊതുസ്വഭാവവുമാണല്ലോ. കസ്റ്റഡിയിലെടുത്ത്‌ ലോക്കപ്പിലാക്കിയാല്‍ ഈ സ്ഫോഠനത്തിണ്റ്റെ മാത്രമല്ല ഇന്ത്യയില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള സകലമാന സ്ഫോഠനങ്ങളുടെ ഉത്തരവാദിത്വങ്ങളും ഞങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ മിടുക്കനമ്മരാണവര്‍.

ഞങ്ങള്‍ ഈ ഭയം അന്നത്തെ വിമാനത്തവളത്തിണ്റ്റെ അധികാരിയായിരുന്ന ശ്രീ. എന്‍. കെ. സിന്‍ഹയെ അറിയിച്ചു. കണിശക്കാരനായ ഭരണാധികാരിയായിരുന്ന സിന്‍ഹ സാര്‍ക്ക്‌ ജില്ല ഭരണാധികാരികളിലും പോലീസ്‌ മേധാവികളിലും നല്ല സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണത്തെ എതിര്‍ക്കാന്‍ ധൈര്യവും പോര. അദ്ദേഹം ഒരു നിലപാടെടുത്തു; ആരെ വേണമെങ്കിലും ചോദ്യം ചെയ്തുകൊള്ളു, വിമാനത്തവളത്തിണ്റ്റെ പരിധിയില്‍ മാത്രം. ആരേയും പുറത്തുകൊണ്ടുപോകാന്‍ സാധ്യമല്ല. തണ്റ്റെ നിലപാട്‌ പോലീസ്‌ മേധാവികളെക്കൊണ്ട്‌ അംഗീകരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഭരണത്തില്‍ ഇന്നത്തെ അത്ര അസഹിഷ്‌ണുത അക്കാലത്തുണ്ടായിരുന്നില്ല എന്നതും ഒരു കാരണമായിരിക്കാം. അങ്ങനെ ഒരു ലോക്കപ്പ്‌ വാസം ഞങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുപോയി. 

പക്ഷേ അന്വേഷണത്തിണ്റ്റെ ഭാഗമായ ചോദ്യം ചെയ്യല്‍ അത്ര എളുപ്പമായിരുന്നില്ല. എണ്റ്റെ ഭൂതകാലം, രാഷ്ട്രീയ നിലപാടുകള്‍, പ്രവര്‍ത്തനങ്ങള്‍, വിദ്യഭ്യാസകാലത്തുണ്ടായ അടിപിടികള്‍, പോലീസ്‌ കേസുകള്‍, ഒക്കെ എന്നില്‍ നിന്നും എഴുതിവാങ്ങി. അഛണ്റ്റെ ഭൂതകാലം, രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍, സുഹൃത്തുക്കള്‍, അവരുടേയൊക്കെ വിവരങ്ങള്‍. അമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍, അമ്മയുടെ വീട്ടുകാരെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒക്കെ സ്റ്റേറ്റ്മെണ്റ്റില്‍ ഉണ്ടായിരുന്നു. അമ്മയുടേത്‌ ആദ്യകാല കമ്യൂണിസ്റ്റ്‌ കുടുംബം ആയിരുന്നു. കെ. എ. കേരളീയന്‍, വിഷ്‌ണു ഭാരതീയന്‍ ഒക്കെ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്‌. ഈ വിവരങ്ങളൊക്കെ അമ്മ പറഞ്ഞ്‌ കേട്ടിരുന്നു. അവയൊക്കെ ഞാന്‍ പറയാതെ മറച്ചുവെച്ചു. ഇതുപോലെ അജിതിണ്റ്റേയും ഭാസ്കരണ്റ്റേയും ഒക്കെ സ്റ്റേറ്റ്മണ്റ്റ്‌ എഴുതിവാങ്ങി. തലേദിവസം അജിതിണ്റ്റെ വീട്ടില്‍ വന്നിരുന്ന ഇന്ത്യന്‍ ഓയില്‍ ജീവനക്കാരനായ ഇനിയൊരു തമിഴ്‌ നാട്ടുകാരണ്റ്റെ കാര്യം മനപൂര്‍വം ഞങ്ങള്‍ മറച്ചുവെച്ചു. ഇല്ലെങ്കില്‍ അദ്ദേഹത്തേയും ഇതുപോലെബുദ്ധിമുട്ടിക്കുമായിരുന്നു. 

പിറ്റേ ദിവസം അഹമ്മദാബാദില്‍ നിന്നുള്ള ഫോറന്‍സിക്‌ വിദഗ്ധര്‍ എത്തി. വീട്ടിനുള്ളിലേയും പുറത്തുമുള്ള ഓരോ വസ്ത്തുക്കളും വിശദമായി പരിശോധിച്ചു. ഒരു സ്ഫോഠകവസ്തുക്കളുടേയും അംശങ്ങള്‍ കണ്ടുകിട്ടിയില്ല. ഗ്യാസ്‌ സിലിണ്ടറില്‍ നിന്നുള്ള ലീക്കാകാമെന്ന്‌ ഒരു സംശയം ഉയര്‍ന്നുവന്നു. പക്ഷേ സിലിണ്ടര്‍ കാര്യമായ ഒരു ക്ഷതവും ഏല്‍ക്കാതെയുണ്ടായിരുന്നു, ഏറെക്കുറെ നിറഞ്ഞ്‌ തന്നെ. ഗാസ്‌ സ്റ്റൌവും കാര്യമായ കേടുപാടുകള്‍ കൂടാതെ ഉണ്ടായിരുന്നു. അതേ സ്റ്റൌ തന്നെ അജിത്‌ പിന്നീടും കുറച്ചുനാള്‍ ഉപയോഗിച്ചു. 

ഞങ്ങള്‍ കണ്ട നീലവെളിച്ചത്തെക്കുറിച്ച്‌ ഞങ്ങള്‍ പോലീസിനോട്‌ പറഞ്ഞിരുന്നു. അവര്‍ പക്ഷേ അത്‌ കാര്യമായെടുത്തില്ല. ഫോറന്‍സിക്‌ വിദഗ്ദ്ധരോടും അത്‌ ഞങ്ങള്‍ ആവര്‍ത്തിച്ചു. അവര്‍ ഞങ്ങളുടെ വിവരണം ശ്രദ്ധിച്ച്‌ കേട്ടു. എന്നാല്‍ കൃത്യമായ അഭിപ്രായമൊന്നും അവര്‍ പറഞ്ഞില്ല. പക്ഷേ ഇക്കാര്യം വളരെ കൌതുകം ഉണര്‍ത്തി, എല്ലാവരിലും. ഒരു സ്ഫോഠകവസ്തുക്കളും കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. 

കുറച്ചുമാസങ്ങള്‍ക്കുമുമ്പ്‌ യു.എഫ്‌.ഓ വിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ സജീവമായിരുന്നു. നവംബര്‍ മാസത്തില്‍ ഒരു ദിവസം പാരീസില്‍ നിന്ന്‌ ജപ്പാനിലെ നാരിട എന്ന വിമാനത്താവളത്തിലേക്ക്‌ പറന്ന JAL1628 എന്ന വിമാനത്തിണ്റ്റെ പൈലറ്റുമാര്‍ അവര്‍ കണ്ട ഒരു വസ്തുവിനെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. പെട്ടെന്ന്‌ താഴെ നിന്ന്‌ ഉയര്‍ന്നുവന്ന രണ്ട്‌ വസ്തുക്കള്‍ കുറെ ദൂരം തങ്ങളുടെ തൊട്ടടുത്ത്‌ പറന്നതായിട്ടായിരുന്നു, അവരുടെ റിപ്പോര്‍ട്ട്‌. ആ വാഹനത്തിണ്റ്റെ രൂപം മുഴുവന്‍ കാണാനായില്ലെങ്കിലും അതിണ്റ്റെ മുന്‍വശത്ത്‌ ഒരു നിര ജ്വലിക്കുന്ന മുനമ്പുകള്‍ ഉണ്ടായിരുന്നതായും തൊട്ടടുത്തെത്തിയപ്പോള്‍ ആ വാഹനത്തിലെ കാബിന്‍ ലൈറ്റ്‌ കത്തിയതായും അവരുടെ വിവരണങ്ങളില്‍ ഉണ്ടായിരുന്നു. 

ലോക്കല്‍ പത്രങ്ങളില്‍ മാത്രമല്ല, ഇംഗ്ളീഷ്‌ പത്രങ്ങളിലും പ്രാധാന്യത്തോടെ വാര്‍ത്ത വന്നു. വാര്‍ത്തകളില്‍ പതിവ്‌ പോലെ കുറച്ച്‌ സത്യവും കുറെ ഭാവനയുമുണ്ടായിരുന്നു. യു. എഫ്‌. ഓ വിനെക്കുറിച്ചുള്ള വാര്‍ത്തകളും അകമ്പടിയായുണ്ടായിരുന്നു. എണ്റ്റേയും അജിതിണ്റ്റേയും പേര്‌ കണ്ട്‌ പരിചയക്കാരായ പലരും അന്യനാടുകളില്‍ നിന്ന്പോലും ഫോണ്‍ വിളിച്ച്‌ അന്വേഷിച്ചുകൊണ്ടിരുന്നു. 

കിട്ടാവുന്നത്ര സാമ്പിളുകള്‍ എടുത്ത്‌ ഫോറന്‍സിക്‌ വിദഗ്ധര്‍ തിരിച്ചുപോയി. കുറച്ചുദിവസത്തെ കാവലിനുശേഷം പോലീസും പിന്‍വാങ്ങി. മാസങ്ങളോളം പോലീസിണ്റ്റെയും ഫോറന്‍സിക്‌ വിദഗ്ദ്ധരുടേയും നിരന്തരമായ സന്ദര്‍ശനങ്ങള്‍ ഇണ്ടായിരുന്നു. ക്രമേണ അത്‌ കുറഞ്ഞുവന്നു. കാണുന്നവരിലൊക്കെ ജിഞ്ജാസയും ഞങ്ങളില്‍ ഭയവും നിറച്ചുകൊണ്ട്‌ തകര്‍ന്ന ആ വീട്‌ നിന്നു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതുതായി ഉല്‍ഘാടനം ചെയ്ത കോഴിക്കോട്ടേയ്ക്ക്‌ സ്ഥലം മറ്റം കിട്ടി അജിത്‌ പോയി. ഒരു വര്‍ഷം കഴിഞ്ഞ്‌ ഞാനും. അപ്പോഴും ആ വീട്‌ പുതുക്കി പണിയാതെ നിലനിന്നിരുന്നു, ഒരു ദുസ്വപ്നത്തിണ്റ്റെ ഓര്‍മ്മക്കുറിപ്പായി. 

ഒന്നുരണ്ട്‌ വര്‍ഷങ്ങള്‍ക്കുശേഷം ബറോഡയിലെ സുഹൃത്തുക്കളില്‍ നിന്ന്‌ ആ വിവരം അറിഞ്ഞു. ഫോറന്‍സിക്‌ വിദഗ്ധരും പോലീസും ഒന്നും അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനാകാതെ ആ കേസ്‌ ഫയല്‍ എന്നെന്നേയ്ക്കുമായി അടച്ചുവെച്ചു. എനിക്കിപ്പോഴും അറിയില്ല, അന്ന്‌ ആകാശത്തേയ്ക്ക്‌ ഉയര്‍ന്നുപോയ ആ നീലവെളിച്ചം എന്തായിരുന്നു? ഇനി അത്‌ ഞങ്ങളുടെ വെറും തോന്നലായിരുന്നോ? ഈ ചോദ്യത്തിനുത്തരത്തില്‍ ആ സ്ഫോഠനത്തിണ്റ്റെ രഹസ്യം ഉണ്ട്‌. ആര്‌, എങ്ങനെ കണ്ടെത്തും അതിനുത്തരം?

Friday, July 20, 2012

ഏക്‌ അകേല ഇസ്‌ ശഹര്‍ മേ

അതൊരു മെയ്‌ മാസമായിരുന്നു. വേനലിണ്റ്റെ ചൂടും വേവും ഇടവപ്പാതിയ്ക്ക്‌ പെയ്തൊഴിയാന്‍ ഒരുങ്ങിയിരുന്ന സമയം. അതുവരെ പശ്ചിമഘട്ടം താണ്ടിയിട്ടില്ലാത്ത ഒരു കറുത്ത്‌ മെലിഞ്ഞ ചെറുപ്പക്കാരന്‍ ബോംബെയിലേക്ക്‌ വണ്ടി കയറി. അപ്രതീക്ഷിതമായി വന്നെത്തിയ ഒരു നിയമന ഉത്തരവില്‍ പറഞ്ഞിരുന്നത്‌ ബോംബെ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനായിരുന്നു. പലവഴിയിലുള്ള അന്വേഷണത്തിനൊടുവില്‍ ബോംബെ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഒരാളുടെ മേല്‍വിലാസം കിട്ടി. നാട്ടിലുണ്ടായിരുന്ന അദ്ദേഹത്തിണ്റ്റെ കൂടെയാണ്‌ യാത്ര തിരിച്ചത്‌. 

എന്നോ എഴുതിയ ഒരു പരീക്ഷയും അതിനുശേഷം പങ്കെടുത്തിയ ഇണ്റ്റര്‍വ്യൂ ഒന്നും ഉള്ളില്‍ ഒരു ആത്മവിശ്വാസവും തന്നിരുന്നില്ല. ജോലി കിട്ടാനുള്ള എളുപ്പവഴി എന്ന നിലയില്‍ കണക്ക്‌ വിഷയമായെടുത്ത്‌ പഠിച്ചെങ്കിലും കണക്ക്‌ ഒരു ഇഷ്ടവിഷയമായില്ല ഒരിക്കലും. എഴുത്ത്‌ പരീക്ഷയില്‍ രണ്ട്‌ പേപ്പര്‍ കണക്കും ഫിസിക്സും. പിന്നെ രണ്ട്‌ പേപ്പര്‍ ഇംഗ്ളീഷും പൊതുവിജ്ഞാനവും. അവസാനം പറഞ്ഞ രണ്ട്‌ പേപ്പര്‍ നന്നായി ചെയ്തിരുന്നെങ്കിലും അത്‌ മതിയാകുമോ എന്ന സംശയം തീര്‍ച്ചയായും ഉണ്ടായിരുന്നു. പക്ഷേ നിയമന ഉത്തരവ്‌ വന്നപ്പോള്‍ ശരിക്കും ഞെട്ടി. കൂടെ പഠിച്ച, നല്ല വിദ്യാര്‍ത്ഥികള്‍ എന്ന്‌ പേരെടുത്ത പലര്‍ക്കും കിട്ടിയില്ല. അത്ഭുതം എന്ന പോലെ എനിക്ക്‌ കിട്ടുകയും ചെയ്തു. 

 പരിചയമില്ലാത്ത ഏതൊക്കെയോ വഴിയിലൂടെയാണ്‌ യാത്ര. പുറത്തെ തിളച്ചുമറിയുന്ന ചൂട്‌ അറിഞ്ഞതേയില്ല. നാടും വീടും വിടുന്നതിണ്റ്റെ സങ്കടം ഉണ്ടാക്കിയ ഉള്ളുരുക്കത്തിണ്റ്റെ ചൂട്‌ അതില്‍ കൂടുതലായിരുന്നു. നാട്ടിലെ യുവജന ക്ളബ്ബും, നാടകവും, കൈയെഴുത്ത്‌ മാസികയും, രാഷ്ട്രീയ പ്രവര്‍ത്തനവും ഒക്കെ ദിവസങ്ങളെ അന്തമില്ലാത്ത പകലുകളാക്കിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉണ്ടായ ചെറിയൊരു തിരിച്ചടി കാരണം നാട്ടില്‍ നിന്ന്‌ മാറിനില്‍ക്കാനുള്ള അവസരം ഒത്തുവന്ന സമയം നന്നായെന്നുള്ള ആലോചന മാത്രമായിരുന്നു, ഒരു ആശ്വാസം. കടന്നുപോയ സംസ്ഥാനങ്ങള്‍ സ്റ്റേഷനുകളുടെ പേരെഴുതിയ ബോര്‍ഡുകളില്‍ പ്രതിഫലിച്ചിരുന്നത്‌ കണ്ണുകള്‍ മാത്രം കണ്ടു. 

കൊങ്കണ്‍ പാത ഇല്ലാതിരുന്ന അക്കാലത്ത്‌ തമിഴ്‌ നാടും ആന്ധ്രയും കര്‍ണാടകയും പിന്നിട്ടാണ്‌ മഹാരാഷ്ട്രയിലെത്തുന്നത്‌. കോയമ്പത്തൂറ്‍, ജോലാര്‍പേട്ട, ആന്ധ്രയിലെ റെനിഗുണ്ട, ഗുണ്ടക്കല്‍ താണ്ടി ഡൂണ്ട്‌ വഴി കല്യാണിലെത്തി വി. ടി. സ്റ്റേഷനിലേക്കുള്ള വഴിയില്‍ (ഇപ്പോഴത്തെ സി.എസ്‌.ടി ) ദാദറില്‍ ആണ്‌ ഇറങ്ങിയതെന്നതൊക്കെ പിന്നീടുള്ള നിരന്തര യാത്രകളില്‍ മനസ്സിലായി. 

അന്ന്‌ പുലര്‍ച്ചെ ദാദറില്‍ ഇറങ്ങിയ ശേഷം രഘുവേട്ടണ്റ്റെ, വസായ്‌ റോഡിലുള്ള വാടകവീട്ടിലാണെത്തിയത്‌. റോഡില്‍ നിന്ന്‌ കറുത്ത ചതുപ്പ്‌ പോലുള്ള മണ്ണിലിറങ്ങി അദ്ദേഹത്തിണ്റ്റെ ഒന്നാം നിലയിലുള്ള വീട്ടിലെത്തി. വീടെന്നുള്ള എണ്റ്റെ അതുവരെയുള്ള അറിവ്‌ എത്രമാത്രം അപര്യാപ്തമാണെന്ന്‌ ഞാന്‍ വേഗം മനസ്സിലാക്കി. ഒരു കിടപ്പുമുറി മാത്രമുള്ള വീട്ടില്‍ രഘുവേട്ടനും ഭാര്യയും രണ്ട്‌ ചെറിയ കുട്ടികളും. കുളി മുറി എന്ന്‌ പറയാവുന്ന ഒരു മുറി. ഒരു കുടുസ്സ്‌ മുറിയാണ്‌ കക്കൂസ്‌. ആദ്യദിവസം തന്നെ ശ്വാസം മുട്ടി. വൈകീട്ട്‌ പുറത്തിറങ്ങിയപ്പോഴാണ്‌ ആ കുടുസ്സ്‌ കക്കൂസ്‌ എത്ര മാത്രം ആര്‍ഭാടം ആണെന്ന്‌ മനസ്സിലായത്‌. 

നാട്ടിനടുത്തുള്ള ഒരു കുടുംബം ഉണ്ടെന്ന്‌ പറഞ്ഞ്‌ രഘുവേട്ടന്‍ വൈകുന്നേരം എന്നെ കൂട്ടി പുറത്തിറങ്ങി. തലേ ദിവസം മഴ പെയ്തിരുന്നു. കുഴഞ്ഞു കിടക്കുന്ന കറുത്ത ചളിയിലും വൃത്തികേടുകളിലും പുളഞ്ഞുകളിക്കുന്ന പന്നികള്‍. മലവും മൂത്രവും കൂടിക്കലര്‍ന്ന വൃത്തികെട്ട മണം. ഓരോ ചുവടുകളിലും നിലത്ത്‌ നോക്കി നടന്നില്ലെങ്കില്‍ അമേദ്യത്തില്‍ ചവിട്ടിപ്പോകും. ഇരുവശത്തും വെളിക്കിരിക്കുന്ന കുട്ടികള്‍ റോഡുകളെന്നുപറയുന്ന പാതകളെ 'മല'മ്പാതകള്‍ ആക്കിമാറ്റിയിരിക്കുന്നു. ആദ്യദിവസം തന്നെ അവിസ്മരണീയം. നാടുവിട്ട്‌ ഈ നാട്ടില്‍ എത്തിയതിണ്റ്റെ സങ്കടം കെട്ട്‌ പൊട്ടിച്ച്‌ പുറത്ത്‌ ചാടിയത്‌ ഉറങ്ങാന്‍ കിടന്നപ്പോള്‍. ശബ്ദം പുറത്തു വരാതെ കരഞ്ഞു. 

നാട്ടില്‍ മഴ ഒരു ഉത്സവം ആയിരുന്നു. മഴക്കാലം, ഈറന്‍ തുണിയുടെ, ജലദോഷത്തിണ്റ്റെ, പനിയുടെ ഒക്കെ കാലമായിരുന്നു. പക്ഷേ ഒരു കുരുമുളക്‌ കഷായത്തില്‍ നില്‍ക്കുന്ന പനിയും ജലദോഷവും ആയിരുന്നു, അത്‌. ഇപ്പോഴത്തെ പോലെ ഡെങ്കിയും ചിക്കന്‍ ഗുനിയയും ഒന്നും പോലെ ഭീകരന്‍മാര്‍ ആയിരുന്നില്ല. നടപ്പാതകളില്‍ വെള്ളം ഒഴുകാറുണ്ടായിരുന്നു. പക്ഷേ അടിതെളിയുന്ന, പരല്‍ മീനുകള്‍ നൃത്തം ചെയ്യുന്ന വെള്ളമായിരുന്നു, അത്‌. ഇപ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നില്ല. കെട്ടിക്കിടപ്പാണ്‌. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മാത്രമല്ല, എല്ലാ കീടങ്ങളും നിറയും, പെരുകും. വെള്ളം മാത്രമല്ല, മറ്റു പലതും ഒഴുകാതെ കെട്ടിക്കിടക്കുകയല്ലേ നമ്മുടെ നാട്ടിലെന്ന്‌ സംശയം. 

പിറ്റേ ദിവസം രഘുവേട്ടണ്റ്റെ കൂടെ പുറപ്പെട്ടു. കലീനയിലേക്ക്‌ പോകുന്ന അദ്ദേഹത്തിണ്റ്റെ കൂടെ ഇലക്ട്രിക്‌ ട്രെയിനില്‍ കയറി. അത്‌ മറ്റൊരു അനുഭവം ആയിരുന്നു. തീപ്പെട്ടിയില്‍ കൊള്ളി അടുക്കിവെച്ചതു പോലെ ആളുകള്‍ നിറഞ്ഞു നില്‍ക്കുന്ന വണ്ടി എല്ല ഭാവനയ്ക്കും അപ്പുറമായിരുന്നു. ഭൂമിയിലും ആകാശത്തുമല്ലാതെ നിന്നാലും ലക്ഷ്യത്തിലെത്താമെന്ന്‌ ആദ്യത്തെ യാത്രയില്‍ തന്നെ മനസ്സിലായി. വണ്ടിയില്‍ കയറുമ്പോള്‍ കൂടിനില്‍ക്കുന്ന ആളുകളുടെ ഇടയില്‍ എത്തിക്കിട്ടിയാല്‍ മതി. വണ്ടിക്കുള്ളില്‍ എത്തുന്ന കാര്യം അറിയാതെ നടന്നുകൊള്ളും. അതുപോലെ വണ്ടിയില്‍ നിന്ന്‌ പുറത്തിറങ്ങുന്ന കാര്യവും. താഴെ വീഴാതെ നോക്കണമെന്ന്‌ മാത്രം. താഴെ വീണെങ്ങാന്‍ പോയാല്‍ കാലപ്പഴക്കം കാരണം കുഴഞ്ഞുപോയ പഞ്ഞി തലയണ പരുവത്തിലാകും. 

വില്ലേ പാര്‍ലേ സ്റ്റേഷനില്‍ ഇറങ്ങി. എയര്‍പോര്‍ട്ടില്‍ എത്തേണ്ട വഴി രഘുവേട്ടന്‍ പറഞ്ഞു തന്നിരുന്നു. ബസ്‌ പിടിച്ച്‌ എയര്‍പോര്‍ട്ടില്‍ എത്തി. ജോലിയില്‍ ചേരേണ്ട ചടങ്ങുകള്‍ തീര്‍ത്തു. എനിക്ക്‌ മുമ്പേ ഒന്നുരണ്ട്‌ പേര്‍ ചേര്‍ന്നിരിക്കുന്നു. ഒരു തമിഴന്‍, ഒന്നുരണ്ട്‌ ബംഗാളികള്‍, ഒരു യു. പി. ക്കാരന്‍. അങ്ങനെ. പരിചയപ്പെടല്‍ കഴിഞ്ഞു. മോശമില്ലാതെ ഇംഗ്ളീഷ്‌ എഴുതിയിരുന്ന എനിക്ക്‌, പക്ഷേ സംസാരം അത്ര എളുപ്പം വഴങ്ങിയില്ല. ഡിഗ്രി അവസാന പരീക്ഷയുടെ ഇംഗ്ളീഷ്‌ പേപ്പറില്‍ ജൂലിയസ്‌ സീസറിനെക്കുറിച്ചുള്ള പ്രബന്ധം എഴുതുന്നത്‌ വായിച്ച്‌ ഇന്‍വിജിലേറ്റര്‍ ആയി വന്ന സാര്‍ പുറത്ത്‌ വന്ന്‌ അഭിനന്ദിച്ചത്‌ ഒരു സുഖമുള്ള ഓര്‍മ്മയാണിപ്പോഴും. എന്നാല്‍ ആ അഹങ്കാരത്തിണ്റ്റെ മുഖത്ത്‌ ചെളി തെറിച്ച അനുഭവം. 

പക്ഷേ ആരും മെച്ചമായിരുന്നില്ല. അവര്‍ സംസാരിക്കുന്നത്‌ കേട്ടപ്പോള്‍ ഞാന്‍ ആത്രം മോശമല്ലെന്ന്‌ തോന്നി. പക്ഷേ നാലഞ്ച്‌ മാസം കൊണ്ട്‌ ഇംഗ്ളീഷ്‌ സംസാരത്തിണ്റ്റെ കാര്യത്തില്‍ എല്ലാവരേയും കടത്തിവെട്ടി. അന്നത്തെ പ്രശസ്തമായ മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ പഠിച്ചു വന്ന അയ്യര്‍ ഒഴികെ എല്ലാവരേയും. എഴുതുന്നതും സംസാരിക്കുന്നതും രണ്ടാണെന്ന്‌ എനിക്ക്‌ മനസ്സിലായത്‌ ഈ ദിവസങ്ങളിലായിരുന്നു. പിന്നീട്‌ ജോലിയില്‍ ചേര്‍ന്ന സിന്ധിക്കാരി പെണ്‍കുട്ടിയുടെ പച്ചവെള്ളം പോലെയുള്ള ഇംഗ്ളീഷ്‌ ഭാഷണം കേട്ട്‌ തല കുനിഞ്ഞിരുന്നു. പിന്നീട്‌ തല ഉയര്‍ന്നത്‌ അവളുടെ ഒരു അപേക്ഷ തെറ്റ്‌ തിരുത്താന്‍ കൈയില്‍ തന്നപ്പോഴാണ്‌. സുന്ദരമായി ഇംഗ്ളീഷ്‌ സംസാരിച്ചിരുന്ന അവള്‍ക്ക്‌ തെറ്റ്‌ കൂടാതെ ഒരു വരി തികച്ചുമെഴുതാന്‍ വയ്യായിരുന്നു. 

ബംഗാളികളെ കൂടെ കിട്ടിയപ്പോള്‍ വലിയ സന്തോഷമാണ്‌ തോന്നിയത്‌. കഴിയുന്നതും അവരോട്‌ സംസാരിക്കാന്‍ ശ്രമിച്ചു. അറബി കഥയിലെ മുകുന്ദന്‍ ചൈനക്കാരിയെ കണ്ടത്‌ പോലത്തെ ഒരനുഭവം. പറയാന്‍ ധാരാളമുണ്ടായിരുന്നു. ബിമല്‍മിത്രയുടേയും വിഭൂതിഭൂഷണ്‍ ബന്ധോപാധ്യായയുടെ കഥാപാത്രങ്ങളെക്കുറിച്ച്‌. സത്യജിത്‌ റായിയുടെയും ഋത്വിക്‌ ഘട്ടക്കിണ്റ്റേയും സിനിമയെക്കുറിച്ച്‌. പക്ഷേ പെട്ടെന്ന്‌ തന്നെ നിരാശ പിടികൂടി. ബംഗാളികളെക്കുറിച്ചുള്ള അഭിപ്രായവും മാറി. ബിമല്‍മിത്രയെ അറിയുമ്പോഴും വായിച്ചവര്‍ ആരുമില്ല. സത്യജിത്‌ റായിയുടേയും ഋത്വിഖ്‌ ഖട്ടക്കിണ്റ്റേയും സിനിമകള്‍ കണ്ടവര്‍ ആരുമില്ല. 

എങ്കിലും ഞങ്ങള്‍ നിരന്തരമായി സംസാരിച്ചു. ഞാന്‍ മിക്കപ്പോഴും മറ്റുള്ളവരുമായി തര്‍ക്കിച്ചു. വിഷയം ഒരു പ്രശ്നമേ ആയിരുന്നില്ല. സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും സംസാരം നടന്നു. അത്‌ ഓപ്പറേഷന്‍ ബ്ളൂ സ്റ്റാര്‍ ആകാം, ഇസ്രയേലിണ്റ്റെ പലസ്തീന്‍ അധിനിവേശം ആകാം. എണ്റ്റെ ഉള്ളിലെ ആദര്‍ശവാദിയായ കമ്യൂണിസ്റ്റ്‌ തണ്റ്റെ പ്രതികരണം ശക്തമായ ഭാഷയില്‍ പ്രകടിപ്പിച്ചു.  

ദിവസത്തിണ്റ്റെ അവസാനം കിടക്കയില്‍ എത്തുമ്പോള്‍ പക്ഷേ ഞാന്‍ ഒരു 'റൊമാണ്റ്റിക്‌ ഔട്സൈഡര്‍' മാത്രമായി. ഞാന്‍ ഒറ്റയ്ക്കാണെന്ന, മിസ്ഫിറ്റ്‌ ആണെന്ന ഒരു തോന്നല്‍ ഉള്ളില്‍ നിറഞ്ഞു. കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ഒറ്റയ്ക്കാണെന്നത്‌ പോലെ. 'Loneliness haunts the places where crowds gather' പിന്നീട്‌ ഖലീല്‍ ജിബ്രാനില്‍ വായിച്ചത്‌ അതിന്‌ മുമ്പേ ഞാന്‍ അനുഭവിച്ചറിഞ്ഞു.

ഈ ഒറ്റപ്പെടലിനെ ഞാന്‍ പലപ്പോഴും മറികടന്നത്‌ കത്തുകളെഴുതിക്കൊണ്ടായിരുന്നു. രാത്രികളില്‍ നാട്ടിലുള്ള സുഹൃത്തുകള്‍ക്കും വീട്ടിലേക്കും നിരന്തരമായി കത്തുകളെഴുതി. മനസ്സ്‌ കടലാസിലേക്ക്‌ ഒഴുകി. ഓരോ ആറ്‌ മാസം കൂടുമ്പോഴും നാട്ടിലേയ്ക്ക്‌ ഓടി. പാലക്കാട്ടെത്തിയാല്‍ പിന്നെ വാതില്‍ക്കല്‍ തന്നെ നില്‍പ്പാണ്‌. നാടിണ്റ്റെ മണം ശ്വസിയ്ക്കാന്‍, പച്ചപ്പ്‌ കാണാന്‍. 

അങ്ങനെയിരിക്കെ ഒരിക്കല്‍ സുഹൃത്തിണ്റ്റെ റേഡിയോവില്‍ നിന്ന്‌ ഒരു പാട്ട്‌ കേള്‍ക്കാനിടയായി. 

എക്‌ അകേല ഇസ്‌ ശഹര്‍ മെ 
രാത്‌ ഔര്‍ ദോപഹര്‍ മെ 
ആബ്‌ ദാന ഢൂംഢ്താ ഹെ 
ആശിയാന ഢൂംഢ്താ ഹെ 

ദിന്‍ ഖാലി ഖാലി ബര്‍തന്‍ ഹെ 
ഔര്‍ രാത്‌ ഹെ ജൈസേ അന്ധാ കുവാ 
ഇന്‍ സൂനി അന്ധേരി ആംഖോം മെ 
ആസൂ കി ജഗഹ്‌ ആതാ ഹെ ദുവാ 
ജീനെ കി വജാ തോ കൊയി നഹി 
മര്‍നേ ക ബഹാനാ ഢൂംഢ്താ ഹെ 

ഇന്‍ ഉമൃ സെ ലംബി സഡകോം കോ 
മന്‍സില്‍ പെ പഹൂംച്തെ ദേഖാ നഹി 
ബസ്‌ ദൌഡ്തി ഫിര്‍തി രഹ്തി ഹെ 
ഹം നേ ജൊ ടഹര്‍ത്തേ ദേഖാ നഹി 
ഇസ്‌ അജ്നബി ശഹര്‍ മെ 
ജാനാ പെഹ്ചാന ഢൂംഢ്താ ഹെ 

ഈ നഗരത്തില്‍ ഒറ്റയ്ക്ക്‌ 
തേടുകയാണ്‌ ഞാന്‍ രാത്രിയും പകലും
തേടുകയാണ്‌ ഒരു പിടി അന്നവും 
ചേക്കേറാന്‍ ഒരു കൂടും 

പകല്‍ ഒരു ഒഴിഞ്ഞ പാത്രം 
രാത്രിയോ ഒരു പൊട്ട കിണര്‍ 
ശൂന്യമായ കണ്ണില്‍ നിറയുന്നു കൂരിരുട്ട്‌ 
കണ്ണീരൊട്ടുമില്ല ഉയരുന്നുണ്ട്‌ പുക 
വഴിയൊന്നുമില്ല ജീവിയ്ക്കാന്‍ 
തേടുകയാണൊരു കാരണം, മരിയ്ക്കാന്‍ 

എന്നേക്കാള്‍ വയസ്സായ പാതകളേ 
നിങ്ങള്‍ വീടെത്തുന്നതില്ലല്ലോ 
ഓടുന്നു നിങ്ങള്‍ എപ്പോഴും 
നില്‍ക്കുന്നത്‌ കണ്ടിട്ടില്ലല്ലോ 
അപരിചിതമാണീ നഗരം, അതില്‍ 
തേടുകയാണ്‌ ഒരു പരിചയക്കാരനെ 

ഹിന്ദി പാട്ടുകള്‍ ധാരാളം കേട്ടിരുന്നെങ്കിലും മുഹമ്മദ്‌ റാഫിയുടെയും, മുകേഷിണ്റ്റെയും കിഷോര്‍കുമാറിണ്റ്റെയും ശബ്ദങ്ങള്‍ക്കപ്പുറം പുരുഷശബ്ദം പരിചയമുണ്ടായിരുന്നില്ല. പുതുതായി കേട്ട ശബ്ദത്തിലെ വേദന, വിഷാദം ഒക്കെ ഉള്ളില്‍ തുളഞ്ഞുകയറി. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ചിരുന്നതിനാല്‍ വരികളുടെ അര്‍ത്ഥം ഏറെക്കുറെ മനസ്സിലായി. ബോംബെ നഗരത്തിലെ എണ്റ്റെ അവസ്ഥയാണല്ലോ ആ പാട്ടില്‍ പറയുന്നതെന്ന്‌ തോന്നി. ഭൂപീന്ദറിണ്റ്റെ ശബ്ദത്തിലെ ഓളിഞ്ഞുകിടക്കുന്ന വിഷാദം അന്നും ഇന്നും എനിക്ക്‌ പ്രിയയപ്പെട്ടതായി. 

പിന്നീട്‌ ഭൂപീന്ദറിണ്റ്റെ ശബ്ദത്തില്‍ പുറത്തുവന്ന മദന്‍മോഹണ്റ്റെ 'ദില്‍ ഡൂംഡ്താ ഹെ', ആര്‍. ഡി. ബര്‍മണ്റ്റെ 'ഭീതെ ന ഭിതായെ രേന', 'നാം ഘൂം ജായേഗ', ഖയ്യാം ചെയ്ത 'കഭി കിസി കൊ മുഖമ്മല്‍' ഒക്കെ ഒരു ലഹരി ആയി ഉള്ളില്‍ നിറഞ്ഞു. ഗസലിലേയ്ക്ക്‌ ശ്രദ്ധ തിരിഞ്ഞതും ഈ പാട്ടുകള്‍ കാരണം തന്നെ. എങ്കിലും ഏറ്റവും ഇഷ്ടം ജയ്ദേവ്‌ ചെയ്ത 'എക്‌ അകേല ഇസ്‌ ശഹര്‍ മെ' എന്ന പാട്ട്‌. കാരണം മറ്റൊന്നുമല്ല, എവിടെയോ ആ പാട്ട്‌ എണ്റ്റെ അവസ്ഥയെ കൃത്യമായി പ്രതിഫലിപ്പിച്ചു എന്നത്‌ തന്നെ. ഇന്നും എന്നും എണ്റ്റെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ വെയ്ക്കുന്ന ഒരു പാട്ട്‌. 

Saturday, February 25, 2012

ഗസല്‍ പ്രേമിയായ ദൈവം

ഒരിക്കല്‍ കൂടി പ്രശസ്ത ഗസല്‍ ഗായകന്‍ ചെന്നൈയിലെത്തുന്നു. ഇന്ന്‌ വൈകീട്ട്‌ ഏഴ്‌ മണിക്ക്‌ സര്‍ മുത്ത വെങ്കടസുബ്ബ കണ്‍സര്‍ട്ട്‌ ഹാളില്‍ ഗുലാം അലി പാടുന്നു. ഇതിന്‌ മുമ്പൊരിക്കല്‍ ഗുലാം അലി വന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം ഓര്‍മ്മയില്‍ കൊണ്ടുവരുന്നുണ്ട്‌ ഈ ദിവസം. 

2002 ലാണെന്നാണ്‌ ഓര്‍മ്മ. ഗുലാം അലി മൌണ്ട്‌ റോഡിലുള്ള കാമരാജ്‌ അരംഗത്തില്‍ പാടുന്ന വിവരം അറിഞ്ഞിരുന്നു. കേള്‍ക്കണമെന്ന്‌ അതിയായ ആഗ്രഹം. ആയിരങ്ങളില്‍ തുടങ്ങി 250 വരെയുള്ള ടിക്കറ്റുകള്‍. 250 രൂപ കൊടുത്താല്‍ കുറച്ചുപിന്നിലായാണെങ്കിലും ഗുലാം അലിയെ കാണാം കേള്‍ക്കാം. ഞാന്‍ തീരുമാനിച്ചു. പക്ഷേ നോക്കിയപ്പോള്‍ അന്ന്‌ നൈറ്റ്‌ ഡ്യൂട്ടി. ഒരൊറ്റ കാഷ്വല്‍ ലീവ്‌ പോലുമില്ല. ഏറെ ആലോചനയ്ക്ക്‌ ശേഷം വിഷമിച്ചുകൊണ്ടാണെങ്കിലും ആ തീരുമാനം മാറ്റേണ്ടിവന്നു. പരിപാടിയ്ക്ക്‌ പോകാനാവില്ല. 

പരിപാടി നടക്കുന്നതിന്‌ മൂന്ന്‌ നാല്‌ ദിവസം മുമ്പ്‌, ഒരു ഫോണ്‍ കാള്‍. ഗസല്‍ ഗായകന്‍ ഷഹബാസ്‌ അമന്‍. ഇന്നത്തെ പോലെ സിനിമയിലൊന്നും എത്തിയിട്ടില്ല. ഒന്നോ രണ്ടോ ആല്‍ബങ്ങളും സ്റ്റേജ്‌ പരിപാടികളുമൊക്കെയായ്‌ തിരക്ക്‌ കൂടിവരുന്നേയുണ്ടായിരുന്നുള്ളു. ഷാഹ്ബാസ്‌ വിളിച്ചത്‌ ഗുലാം അലിയുടെ പരിപാടി കേള്‍ക്കാന്‍ വരുന്ന വിവരം പറയാനായിരുന്നു. പരിപാടിയുടെ അന്ന്‌ കാലത്ത്‌ ചെന്നൈയിലെത്തും. 'നമുക്കൊരുമിച്ചിരുന്ന്‌ ഗുലാം അലിയുടെ പരിപാടി കേള്‍ക്കണം' ഷഹ്ബാസ്‌ പറഞ്ഞു. 

അത്‌ ചെറുക്കാന്‍ കഴിയുന്നതിലും വലിയ പ്രലോഭനമായിരുന്നു. ഷഹബാസിലെ സംഗീതപ്രതിഭയെ ആദ്യം കേള്‍ക്കുന്നത്‌ മലപ്പുറത്തുണ്ടായിരുന്നപ്പോള്‍ ഞങ്ങളൊക്കെയായിരുന്നു. ചില സുഹൃദ്സദസ്സുകളില്‍ ഷഹ്ബാസ്‌ പാടുമ്പോള്‍ ഓരൊ പാട്ടിനും കൊടുക്കുന്ന പ്രത്യേക ഒരു ഫീല്‍ ഞങ്ങള്‍ കേട്ടറിഞ്ഞു. രശ്മി ഫിലിം സൊസൈറ്റിയുടെ മലപ്പുറം കുന്നുമ്മലുള്ള ഓഫീസില്‍ ഞങ്ങള്‍ നിത്യമെന്നോണം ഒത്തുകൂടും. സിനിമയും സംഗീതവും ചിത്രങ്ങളുമെല്ലാം ചര്‍ച്ചാവിഷയമാവും. സംഗീതരംഗത്തേക്കുള്ള ഷഹ്ബാസിണ്റ്റെ അരങ്ങേറ്റം കുറിച്ച 'സോള്‍ ഓഫ്‌ അനാമിക ഇന്‍ ബ്ളാക്‌ & വൈറ്റ്‌' എന്ന ആദ്യത്തെ ആല്‍ബം ആശയരൂപമെടുത്തത്‌ അവിടേവെച്ചായിരുന്നു. ആദ്യം അത്‌ കുറെ ചിത്രങ്ങളായി രൂപമെടുത്തു. (ഷഹബാസ്‌ നല്ലൊരു ചിത്രകാരന്‍ കൂടിയാണെന്നത്‌ പലര്‍ക്കും അറിയില്ല.) ആല്‍ബത്തിണ്റ്റെ പിറവിയ്ക്ക്‌ പിന്നേയും കുറെ വര്‍ഷങ്ങളെടുത്തു. ഗുലാം അലി പാടിയ ഒരു തുമ്രി കാസറ്റ്‌ എനിക്ക്‌ കേള്‍ക്കാന്‍ തന്നത്‌ ഷഹബാസ്‌ ആയിരുന്നു. 

എന്ത്‌ ചെയ്യും. ആദ്യം ഡ്യൂട്ടി എങ്ങനെയെങ്കിലും മാറ്റിയെടുക്കണം. പല കളവും പറഞ്ഞ്‌, അന്നത്തെ ഡ്യൂട്ടി മറ്റൊരു ദിവസത്തേക്ക്‌ മാറ്റി. എനിക്ക്‌ പകരം വേറൊരു സുഹൃത്ത്‌ അന്ന്‌ ഡ്യൂട്ടി ചെയ്യണം. അങ്ങനെ ആ കാര്യം ശരിയാക്കിയെടുത്തു. ഇനിയുള്ള കാര്യം ടിക്കറ്റിണ്റ്റേതാണ്‌. അന്വേഷിച്ചപ്പോള്‍ 250 രൂപയുടെ ടിക്കറ്റ്‌ എവിടേയും കിട്ടാനില്ല. ഷാഹബാസ്‌ തന്നെ രക്ഷക്കെത്തി. തണ്റ്റെ സുഹൃത്ത്‌ ഇന്ത്യന്‍ എക്സ്പ്രസ്സിലെ അമീര്‍ കൂടെയുണ്ടാവും. പത്രക്കാരണ്റ്റെ സ്വാധീനം ഉപയോഗിച്ച്‌ എങ്ങനെയെങ്കിലും ഒരു ടിക്കറ്റ്‌ ശരിപ്പെടുത്തിയെടുക്കാം, ഷാഹ്ബാസ്‌ പറഞ്ഞു. 

 പരിപാടിയുടെ ദിവസമെത്തി. രാവിലെ തന്നെ ഷഹബാസിസ്ണ്റ്റെ വിളി വന്നു. വെസ്റ്റ്‌ മാമ്പളത്തിനടുത്ത്‌ സിനിമക്കാര്‍ ഒക്കെ തമ്പടിക്കുന്ന ഒരു ലോഡ്ജ്‌ ഉണ്ട്‌. ഞങ്ങള്‍ അവിടെയുണ്ട്‌, ഉടന്‍ എത്തുക. ഞാന്‍ ഉടന്‍ പുറപ്പെട്ട്‌ അവിടെ എത്തി. റൂമില്‍ ്‌ ഷഹ്ബാസ്‌, അമീര്‍, വിതരാഗ്‌ എന്ന ഒരു സുഹൃത്ത്‌ (ഇദ്ദേഹം പിന്നീട്‌ ഒരു സിനിമയ്ക്ക്‌ സംഗീതം ചെയ്തു. പക്ഷേ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി.) അമീര്‍ ഉടന്‍ തന്നെ തണ്റ്റെ പരിചയത്തിലുള്ള ആരോടൊക്കെയോ എനിക്കുള്ള ടിക്കറ്റിണ്റ്റെ കാര്യം പറഞ്ഞു വെച്ചു. 

ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന്‌ ഭക്ഷണം കഴിച്ചു. ഗുലാം അലിയുടെ ഗസലുകള്‍ കാസറ്റില്‍ മാത്രം കേട്ടിട്ടുള്ളവരായിരുന്നു, ഞങ്ങളൊക്കെ. ആദ്യമായി ലൈവ്‌ പരിപാടി ക്കേള്‍ക്കുന്നതിണ്റ്റെ ആവേശം എല്ലാവരിലുമുണ്ടായിരുന്നു. ഏതൊക്കെ പാട്ടുകള്‍ അദ്ദേഹം പാടും എന്ന്‌ ഞങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. 'ചുപ്കേ ചുപ്കേ' തീര്‍ച്ചയായും പാടും. 'ആവാര്‍ഗി' പാടുമോ? 'ഹംഗാമ'... ? 

ഇതിനകം അമീറിണ്റ്റെ സുഹൃത്തുക്കളില്‍ നിന്നുള്ള വിവരം കിട്ടി. 250 രൂപ ടിക്കറ്റ്‌ എവിടേയും കിട്ടാനില്ല. ഉള്ളത്‌ ആയിരത്തിണ്റ്റേത്‌ മാത്രം. ആയിരം രൂപ എന്നത്‌ കുറച്ച്‌ കടന്ന കൈയായിരുന്നു, അന്നത്തെ നിലവാരത്തില്‍. വീണ്ടും വീണ്ടുമുള്ള അന്വേഷണങ്ങളും എവിടെയുമെത്തിയില്ല. ഞാന്‍ അങ്ങേയറ്റം നിരാശനായി. പക്ഷേ മറ്റുള്ളവര്‍ ധൈര്യം തന്നു. നമ്മള്‍ നേരത്തേ ഹാളിലെത്തുന്നു. എങ്ങനെയെങ്കിലും ഒരു ടിക്കറ്റ്‌ സംഘടിപ്പിക്കാന്‍ കഴിയാതെയിരിക്കില്ല. ഞങ്ങള്‍ ഹാളിലേക്ക്‌ നീങ്ങി. 

ഹാളില്‍ നിന്നും അമീര്‍ അവണ്റ്റെ വഴിക്കും ഞാന്‍ കൌണ്ടര്‍ സ്റ്റാഫ്‌ വഴിയും അന്വേഷണം തുടരുന്നു. ഒരു വഴിയും തെളിഞ്ഞുകിട്ടിയില്ല. ഒടുവില്‍ പരിപാടി തുടങ്ങാനായി. ഒരുമിച്ചിരുന്ന്‌ ഗുലാം അലിയുടെ ഗസല്‍ കേള്‍ക്കുക എന്ന കാര്യം നടക്കില്ലെന്നുറപ്പായി. ഞാന്‍ അവരോട്‌ ഹാളില്‍ കയറിക്കൊള്ളാന്‍ പറഞ്ഞു. 

ഓഫീസിലെ എണ്റ്റെ സുഹൃത്ത്‌ സടഗോപന്‍ പറഞ്ഞത്‌ ഓര്‍മ്മ വന്നു. ഇങ്ങനെയുള്ള ക്ളാസ്സിക്‌ പരിപാടി നടക്കുമ്പോള്‍ പുറത്തുനിന്നാല്‍ മതി. പരിപാടി തുടങ്ങിക്കഴിഞ്ഞാല്‍ ഒന്നുകില്‍ സംഘാടകര്‍ തന്നെ അകത്തേക്ക്‌ പ്രവേശനം നല്‍കും. അല്ലെങ്കില്‍ പരിപാടിയില്‍ താല്‍പ്പര്യമില്ലെങ്കിലും വലിയ തുകയ്ക്കുള്ള ടിക്കറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതരായി ടിക്കറ്റ്‌ എടുത്ത ആരെങ്കിലും തടയും. ഭാഗ്യനിര്‍ഭാഗ്യങ്ങളിലൊന്നും വലിയ വിശ്വാസമില്ലെങ്കിലും ഒരു ശ്രമം നടത്തിനോക്കാന്‍ തീരുമാനിച്ചു. 

ഞാന്‍ കാമരാജ്‌ അരംഗത്തിണ്റ്റെ വാതിലിനുമുന്നില്‍ നില്‍പ്പായി. പരിപാടി തുടങ്ങുന്നതിനുള്ള മണി മുഴങ്ങി. ഹാളിണ്റ്റെ പുറം ഏറെക്കുറെ വിജനമായി. വരുന്ന ഓരോരുത്തരേയും ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. മുഖലക്ഷണം നോക്കി പലരേയും ഞാന്‍ സമീപിച്ചു. ആ വിഷയത്തില്‍ ഞാന്‍ തികഞ്ഞ പരാജയമാണെന്ന്‌ പെട്ടെന്ന്‌ തന്നെ മനസ്സിലായി. പരിപാടി തുടങ്ങിയിട്ട്‌ പത്തുമിനിറ്റോളം ആയി. 

പെട്ടെന്ന്‌ ഒരാള്‍ പടികള്‍ കയറിവരുന്നത്‌ എണ്റ്റെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ ഒറ്റയ്ക്കാണ്‌. അയാളുടെ കൈയില്‍ രണ്ട്‌ ടിക്കറ്റുണ്ടോ, ഒരു സംശയം. വീണ്ടും ഒരിക്കല്‍ മുഖലക്ഷണം നോക്കി സമയം കളയാന്‍ ഞാന്‍ മിനക്കെട്ടില്ല. ഓടിച്ചെന്ന്‌ ധൈര്യപൂര്‍വം ചോദിച്ചു. 

"എക്സ്ട്രാ ടിക്കറ്റുണ്ടോ?"

"എന്തു വേണം?" ആ മാന്യദേഹം ചോദിച്ചു. 

"പരിപാടി കേള്‍ക്കണം", ഞാന്‍. 

എനിക്ക്‌ ആശ്ചര്യപ്പെടാന്‍ പോലും സമയം തരാതെ അദ്ദേഹം പറഞ്ഞു, "വരൂ"

അദ്ദേഹത്തിണ്റ്റെ കൂടെ ഞാന്‍ എത്തിച്ചേര്‍ന്നത്‌ വി. ഐ. പികള്‍ക്കയുള്ള ഇരിപ്പിടങ്ങള്‍ക്ക്‌ തൊട്ട്‌ പിന്നിലെ വരിയില്‍. അദ്ദേഹം കുറച്ചുമാറി ഇരുന്നു. ഗുലാം അലി തണ്റ്റെ രണ്ടാമത്തെ ഗസല്‍ പാടി തകര്‍ക്കുകയായിരുന്നു. ഒഴിഞ്ഞ ഒരു സീറ്റ്‌ കണ്ടുപിടിച്ച്‌ ഇരുന്ന്‌ ഞാന്‍ പിന്നിലെ ബാല്‍ക്കണിയിലേക്ക്‌ കണ്ണയച്ചു. എണ്റ്റെ സുഹൃത്തുക്കള്‍ എണ്റ്റെ അവസ്ഥ കാണുന്നുണ്ടോ? 

പരിപാടിക്കിടയിലായിരുന്നത്‌ കാരണം ആ മാന്യദേഹത്തിന്‌ ഒരു നന്ദി പറയാന്‍ കൂടി പറ്റിയില്ല. സാരമില്ല ഇടവേളയില്‍ വിശദമായി തന്നെ നന്ദിക്കളയാം എന്ന്‌ നിനച്ചു ഞാന്‍ പരിപാടിയില്‍ മുഴുകി. ഗുലാം അലി 'ചുപ്കെ ചുപ്കെ' യും 'ഹംഗാമ'യും ഒക്കെ പാടി. 

ചെന്നൈയിലെ അഭൂതപൂര്‍വ്വമായ സദസ്സിന്‌ നന്ദി പറഞ്ഞുമൊണ്ട്‌ അദ്ദേഹം ഒരു ഇടവേള തന്നു. ഞാന്‍ എണ്റ്റെ രക്ഷകന്‍ ഇരുന്നിരുന്ന സീറ്റിലേക്ക്‌ നോക്കി. അവിടം ഒഴിഞ്ഞുകിടന്നിരുന്നു. എനിക്ക്‌ ഒരു നന്ദി പറയാന്‍ പോലും അവസരം തരാതെ അദ്ദേഹം പോയ്ക്കളഞ്ഞു. എനിക്ക്‌ സംശയമായി. അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ലേ? മങ്ങാട്ടച്ചനെപ്പോലെ ഞാന്‍ വിശ്വസിക്കാത്ത സാക്ഷാല്‍ ദൈവം തന്നെ എന്നെ സഹായിക്കാന്‍ വന്നതായിരിക്കുമൊ? 

ഞാന്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവം ഉണ്ടെങ്കില്‍ അദ്ദേഹം ഒരു ഗസല്‍ പ്രേമിയാണെന്ന്‌ ഞാന്‍ ഉറപ്പിച്ചു. 

Sunday, February 19, 2012

ഇന്ത്യയില്‍ ഗസലിണ്റ്റെ മക്ത മുഴങ്ങുന്നുവോ?

‘Gazal ko ek naya ahang de kar chal diya jagjith
Ghazal hai muntazar koi mile phir unke jaisa meet’


'ഗസലിന്‌ ഒരു പുതിയ ശബ്ദം കൊടുത്ത്‌ 
കടന്നുപോയീ ജഗ്ജിത്‌ 
കാത്തിരിപ്പാണ്‌ ഗസല്‍, ഒരു കൂട്ടുകാരനെ
അദ്ദേഹത്തെപ്പോല്‍ '

പ്രശസ്ത ഇന്ത്യന്‍ ഗസല്‍ ഗായകന്‍ ശ്രീ. ജഗ്ജിത്‌ സിംഗ്‌ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിണ്റ്റെ ആരാധകനായിരുന്ന രെഹന്‍ അന്‍സാരി തണ്റ്റെ ഉര്‍ദു ബ്ളോഗില്‍ എഴുതിയ വരികളാണിത്‌. ശ്രീ അന്‍സാരിയോടൊപ്പം ഇങ്ങനെയൊരു ഉല്‍ക്കണ്ഠ പങ്കുവെയ്ക്കാന്‍ ഗസലിനെ സ്നേഹിക്കുന്ന ഒരു പാട്‌ പേര്‍ ഉണ്ടാവും തീര്‍ച്ച. ജഗ്ജിത്‌ സിംഗിനു മുമ്പും അദ്ദേഹത്തിണ്റ്റെ സമകാലികരായും ഏറെ ഗസല്‍ ഗായകര്‍ ഇന്ത്യയിലുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഗസലിണ്റ്റെ പര്യായമായി പറയാവുന്ന ഒരേ ഒരു ഗായകന്‍ മാത്രം; ജഗ്ജിത്‌ സിംഗ്‌. 


ഏതെങ്കിലും രംഗത്ത്‌ സ്വന്തമായ ഇടം കണ്ടെത്തിയ ആരുടെ മരണവും സൃഷ്ടിക്കുന്നത്‌ വലിയൊരു ശൂന്യതയായിരിക്കും. ആ വ്യക്തിയ്ക്ക്‌ പകരം നില്‍ക്കാന്‍ മറ്റൊരാള്‍ ഉണ്ടാവുക തികച്ചും അപൂര്‍വമാണ്‌. മലയാള സിനിമാ രംഗത്ത്‌ സത്യന്‍, പ്രേംനസീര്‍, ശ്രീവിദ്യ , സിനിമാസംഗീത രംഗത്ത്‌ ബാബുക്ക, ദേവരാജന്‍ മാസ്റ്റര്‍, ജോണ്‍സണ്‍, രാഷ്ട്രീയ രംഗത്ത്‌ ഈ. എം. എസ്‌. എ. കെ. ജി ഒക്കെ ഇങ്ങനെ സ്വന്തം ഇടം നമ്മുടെ മനസ്സില്‍ സൃഷ്ടിച്ച്‌ കടന്നുപോയവരാണ്‌. ഗായകരായ മുഹമ്മദ്‌ റാഫി, മുകേഷ്‌, തലത്ത്‌ മഹമൂദ്‌, ഗീത ദത്ത്‌ സംഗീത സംവിധായകരായ നൌഷാദ്‌ സാഹിബ്‌, മദന്‍ മോഹന്‍, എസ്‌. ഡി. ബര്‍മന്‍, ഓ. പി. നയ്യാര്‍ ഇവരൊക്കെ ഒഴിച്ചിട്ട ഇടത്തില്‍ കയറി ഇരിക്കാന്‍ പ്രാപ്തരായി ആരെങ്കിലും വരുമോ? 

കടന്നുപോയവര്‍ സൃഷ്ടിച്ച ശൂന്യത നികത്താന്‍ പിന്നീട്‌ വന്നവര്‍ക്കായില്ലെങ്കിലും മേല്‍ പറഞ്ഞ രംഗങ്ങളില്‍ അവരുടെ തട്ടകം ഇല്ലാതായില്ല. അത്‌ ഏറ്റെടുത്ത്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ ധാരാളം പേര്‍ വന്നു. ഇന്നും വന്നുകൊണ്ടേയിരിക്കുന്നു. ഗസലിണ്റ്റെ കാര്യത്തില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമോ എന്ന്‌ ആ ഗാനശാഖയെ സ്നേഹിക്കുന്ന ആളുകളില്‍ ഒരു സംശയം ഉണാവുന്ന ഒരവസ്ഥയില്‍ ആണ്‌ ജഗ്ജിത്‌ സിംഗിണ്റ്റെ വേര്‍പാട്‌. രെഹന്‍ അന്‍സാരി എന്ന ബ്ളോഗര്‍ എഴുതിയ വരികള്‍ അര്‍ത്ഥം കണ്ടെത്തുന്നത്‌ ഇവിടെയാണ്‌. 

* * * 

ഇസ്ളാമിണ്റ്റെ വരവോടെ പന്ത്രണ്ടാം നൂറ്റാണ്ടിലാണ്‌ ഗസല്‍ ഇന്ത്യയിലെത്തുന്നത്‌. ഇന്ത്യയില്‍ ഗസലിണ്റ്റേയും ഖ്വവാലിയുടേയും തുടക്കം അമീര്‍ ഖുസ്രോവിലൂടെയാണെന്ന്‌ പണ്ഡിതമതം. പേര്‍ഷ്യനിലും ഹിന്ദാവി ( ഉര്‍ദുവിണ്റ്റെ പ്രാഗ്‌രൂപം ) യിലും ഖുസ്രൊ രചന നടത്തി. 1253ല്‍ ജനിച്ച്‌ 1325ല്‍ മരണമടഞ്ഞ ഖുസ്രൊ സ്വയം ഒരു സംഗീതജ്ഞനുമായിരുന്നു. ഖുസ്രോ തുടങ്ങിവെച്ചെങ്കിലും പതിനെട്ടാം നൂറ്റാണ്ടുവരെ ഗസല്‍ ഇന്ത്യിലേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുകയാണൂണ്ടായത്‌. അതിനുശേഷമാണ്‌ ഗസല്‍ ഇന്ത്യയുടേതായ രൂപവും ഭാവവും നേടിയെടുത്തത്‌. 

ഗസല്‍ പ്രാഥമികമായി ഒരു സംഗീതരൂപമായിരുന്നില്ല. കവിതാലാപനം എന്ന രീതിയിലാണ്‌ ഗസലിണ്റ്റെ ആരംഭം. പത്താം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിന്ന്‌ പേര്‍ഷ്യയിലെത്തിയ ( ഇന്നത്തെ ഇറാന്‍) 'ക്വാസിദ' ആണ്‌ ഗസലിണ്റ്റെ ആദി രൂപം. ക്വാസിദ രാജാക്കന്‍മാര്‍ക്കുള്ള സ്തുതിഗീതമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍, കവിതാലാപനം എന്ന നില വിട്ട്‌ ഗസല്‍ ഒരു സംഗീതശാഖയായി വളര്‍ന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ സംസ്കാരത്തിണ്റ്റേയും സാമൂഹ്യമര്യാദയുടെയും ഉത്തമ മാതൃകകളായിരുന്ന 'തവൈഫ്‌' സ്ത്രീകളിലൂടെയാണ്‌ ഗസല്‍ എന്ന സംഗീത ശാഖ ഇന്ത്യയില്‍ വളര്‍ന്നുവന്നത്‌. അവരുടെ ആവാസസ്ഥലങ്ങളായിരുന്ന 'കോഠ'കള്‍ നൃത്തത്തിണ്റ്റേയും സംഗീതത്തിണ്റ്റേയും കേന്ദ്രങ്ങളായിരുന്നു. അക്കാലത്ത്‌ സമൂഹത്തിലെ ഉന്നതരെല്ലാം കോഠകളില്‍ നിത്യ സന്ദര്‍ശകരായിരുന്നു. പ്രശസ്ത ഉര്‍ദു ഗസല്‍കാരനായ മിര്‍സാ ഗാലിബിണ്റ്റെ കവിതകളില്‍ ഇത്തരം ഭവനങ്ങളും അവിടത്തെ അനുഭവങ്ങളും സമ്മൃദ്ധമായി നില്‍ക്കുന്നു. ഈ വരികള്‍ നോക്കുക. 

"ചിലര്‍ക്ക്‌ ദാഹം കുറാവാണ്‌ സാകി 
ചിലര്‍ക്ക്‌ വേണ്ടത്ര ലഭിക്കുന്നിലൊരിക്കലും 
അലതല്ലും മദിരക്കടലാണ്‌ നീയെങ്കില്‍ 
അടങ്ങാത്ത ദാഹത്താലുഴറുന്ന തീരം ഞാന്‍" 

ഇതില്‍ കോഠയുണ്ട്‌, മദ്യം പകരുന്ന കോഠേവാലിയുണ്ട്‌. അവളോടുള്ള ഉല്‍ക്കടമായ പ്രണയമുണ്ട്‌. 

പേര്‍ഷ്യനിലും ഉര്‍ദുവിലും ഗസല്‍ രചിച്ചിരുന്ന ഗാലിബില്‍ സൂഫി സ്വാധീനം വളരെ പ്രകടമായിരുന്നു. സൂഫി കവിതകളില്‍ പ്രകടമായ രണ്ട്‌ വിഭാഗങ്ങളുണ്ട്‌, ഹകീകി (ആദ്ധ്യാത്മികം) യും മജാസി (ലൌകികം)യും. ചിലത്‌ രണ്ടര്‍ത്ഥത്തിലും വായിക്കപ്പെടാവുന്നവയുമാണ്‌. മുകളില്‍ പറഞ്ഞ വരികള്‍ പ്രത്യക്ഷത്തില്‍ മജാസി ആണെങ്കിലും ആഴത്തില്‍ പരിശോധിച്ചാല്‍ തികഞ്ഞ ആദ്ധ്യാത്മികമായ അര്‍ത്ഥം പേറുന്നവയുമാണ്‌. ഇവിടെ മദ്യം പ്രതിനിധാനം ചെയ്യുന്നത്‌ പരമാത്മാവില്‍ അലിഞ്ഞുചേരാനുള്ള ഉല്‍ക്കടമായ ആഗ്രഹമാണ്‌. അത്‌ പകര്‍ന്നുകൊടുക്കുന്ന സാകി പരമമായ ജ്ഞാനം കൈവന്നവളുമാണ്‌. ഗാലിബിണ്റ്റെ വരികള്‍ ധാരാളം ഇങ്ങനെ രണ്ടര്‍ത്ഥത്തിലും മനസ്സിലാക്കാന്‍ സാധിക്കുന്നവയാണെന്ന്‌ ഗാലിബ്‌ കവിതകളിലെ സൂഫി സ്വാധീനത്തെപറ്റി പഠനം നടത്തിയ ശ്രീമതി. സര്‍വത്‌ റഹ്മാന്‍ പറയുന്നു. (ശ്രീമതി സര്‍വത്‌ റഹ്മാന്‍ രചിച്ച 'An introduction to the poetry of Ghalib' എന്ന പുസ്തകത്തില്‍ നിന്ന്‌. 

കോഠേവാലികളും സന്ദര്‍ശകരും തമ്മില്‍ ശാരീരികബന്ധങ്ങള്‍ വരെ സ്വാഭാവികമായിരുന്നു. സന്ദര്‍ശകണ്റ്റെ സമ്പത്ത്‌, സ്വീകാര്യത, നര്‍ത്തകിയുടെ താല്‍പ്പര്യം ഒക്കെ ഒത്തുവരികയാണെങ്കില്‍. ഗാലിബ്‌ തണ്റ്റെ ചെറുപ്പകാലത്ത്‌ ഒരു കോഠയിലെ നര്‍ത്തകിയായിരുന്ന 'ഡോമിനി' (ദേവദാസി) യില്‍ അനുരക്തനായിരുന്നു. ഗാലിബ്‌ എഴുതുന്നു, "പുലര്‍ച്ചെ അവളോട്‌ വിടപറയുന്ന നേരം നിരാശയും അസൂയയും എണ്റ്റെ ഹൃദയത്തില്‍ നഖമിറക്കി. ദൈവത്തിണ്റ്റെ സംരക്ഷണത്തില്‍ പോലും അവളെ വിട്ടുകൊടുക്കാന്‍ എനിയ്ക്കാവുമായിരുന്നില്ല." ശ്രീ. കെ.പി.എ സമദ്‌ രചിച്ച 'മിര്‍സാ ഗാലിബ്‌ - കവിതയും ജീവിതവും' എന്ന പുസ്തകത്തില്‍ നിന്ന്‌. 

ബ്രിട്ടീഷ്‌ ആധിപത്യത്തിന്‍ കീഴില്‍ രാജാക്കന്‍മാരൂടെ പ്രതാപകാലം അസ്തമിച്ചതോടെ ഈ സംസ്കാരത്തിന്‌ അവസാനമായി, തവൈഫ്‌ സ്ത്രീകള്‍ വെറും വേശ്യകളായി വിശേഷിപ്പിക്കപ്പെട്ടു. 

കോഠകളും അവിടത്തെ സംഗീത സദസ്സുകളും ഇല്ലാതായെങ്കിലും ഗസല്‍ പുതിയ സദസ്സിനെ കണ്ടെത്തുകയായിരുന്നു. മെഹ്ഫില്‍ സംസ്കാരത്തിലൂടെ സംഗീത പാരമ്പര്യം നില നിര്‍ത്തിയ ഗസല്‍ ഇക്കാലത്ത്‌ നിലവില്‍ വന്ന റെക്കോര്‍ഡിംഗ്‌ സ്റ്റുഡിയോകളിലൂടെ സാധാരണക്കാരിലേക്ക്‌ എത്തിത്തുടങ്ങി. കുലീന വര്‍ഗത്തിണ്റ്റെ സ്വകാര്യ അഹങ്കാരമായിരുന്ന ഗസല്‍ സാധാരണ ജനങ്ങളുടെ കേള്‍വിയ്ക്ക്‌ അലങ്കാരമായി മാറി. സിനിമയും സിനിമാസംഗീതവും സാധാരണക്കരുടെ വിനോദോപാധിയായി മാറിത്തുടങ്ങിയിരുന്നു, അപ്പോഴേയ്ക്കും. അക്കാലത്തെ കവികളും സംഗീതസംവിധായകരും ഗസലിനെ വളരെ മനോഹരമായി സിനിമകളില്‍ ഉപയോഗിച്ചു. ഗസലിണ്റ്റെ കേള്‍വിക്കാര്‍ ഇന്ത്യയിലുടനീളം ഉണ്ടായി. ഉര്‍ദു ഭാഷ സംസാരിക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പോലും ഗസല്‍ ഒരു ഗൌരവതരമായി കേട്ടുതുടങ്ങി. 

ഗസലിന്‌ സുശക്തമായ ഘടന ഉണ്ട്‌. 'മട്ല' എന്ന ആദ്യത്തെ ഈരടിയില്‍ തുടങ്ങി, 'മക്ത' എന്ന അവസാന ഈരടിയില്‍ അവസാനിക്കുന്നതാണ്‌ ഒരു ശുദ്ധ ഗസല്‍. അവസാന ഈരടി ഒരു വ്യക്തിപരമായ പ്രസ്താവനായിരിക്കും, ഇതില്‍ ഗസല്‍ രചയിതാവിണ്റ്റെ പേരോ പേരിണ്റ്റെ സൂചനയോ ഉണ്ടാവും. ഇടയിലുള്ള ഈരടികള്‍ പ്രാസരൂപത്തില്‍ അവസാനിക്കുന്നതായിരിക്കും. ഇവ തമ്മില്‍ ആശയാര്‍ത്ഥത്തില്‍ സാമ്യത ഉണ്ടായിരിക്കണമെന്ന നിര്‍ബ്ബന്ധമില്ല. ക്വാസിദയില്‍ നിന്ന്‌ രൂപം മാറി എത്തിയ ആദ്യകാല ഗസലുകള്‍ കാല്‍പ്പനിക പ്രണയം, വിരഹം ഒക്കെ വിഷയമായുള്ളതായിരുന്നു. സൂഫി സംസ്കാരത്തില്‍ ഇവ പരമാത്മാവില്‍ ലയിക്കാനുള്ള തീവ്രമായ അഭിവാഞ്ജയായി രൂപം മാറി. 

ഇരുപതാം നൂറ്റാണ്ടിണ്റ്റെ അവസാനകാലത്ത്‌ മറ്റ്‌ സാഹിത്യരൂപങ്ങളിലെന്ന പോലെ ഗസലും ഒരു പരിവര്‍ത്തനത്തിന്‌ വിധേയമാകുന്നുണ്ട്‌. ഗസലിണ്റ്റെ ചിട്ടകളും ചട്ടക്കൂടും പോളിയ്ക്കാന്‍ ചില കവികള്‍ തയ്യാറായി. വിഷയത്തിണ്റ്റെ കാര്യത്തിലും ചിലരെങ്കിലും ഈ പോളിച്ചെഴുത്ത്‌ നടത്തുന്നുണ്ട്‌, ചില കവികള്‍. 1995ല്‍ പുറത്തിറങ്ങിയ ജഗ്ജിത്‌ സിംഗിണ്റ്റെ 'cry for cry' എന്ന ആല്‍ബത്തില്‍ 'ഖലീല്‍ ധണ്ടെജ്‌വി' എന്ന കവിയുടെ ഒരു ഗസല്‍ നോക്കുക. റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്ന ഒരു കൃഷിക്കാരണ്റ്റെ ദൈന്യതയാര്‍ന്ന ചിന്തകളാണ്‌ വിഷയം.

'ഇപ്പോള്‍ റേഷണ്റ്റെ ക്യൂവില്‍ എന്നെ കാണാനാവും
വയല്‍ വിട്ട്‌ ഓടിപ്പോന്നതിനുള്ള ശിക്ഷയാണെന്ന്‌ അറിയുന്നു ഞാന്‍

ചെലവേറിയ അങ്ങാടിയില്‍ നിന്ന്‌ കുറച്ചെന്തോ വാങ്ങി ഞാനെത്തുന്നു
മക്കള്‍ക്കായി പങ്ക്‌ വെയ്ക്കുമ്പോള്‍ നാണം കൊണ്ടെണ്റ്റെ മുഖം കുനിയുന്നു.' 

ഇങ്ങനെ പോകുന്നു, ഗസല്‍. 

തണ്റ്റെ ഗ്രാമത്തിലെ നഷ്ടപ്പെട്ടുപോയ സൌഭാഗ്യത്തെക്കുറിച്ചോര്‍ത്ത്‌ ലജ്ജിയ്ക്കുകയാണ്‌ ആ കര്‍ഷകന്‍. ആ വരികള്‍ എടുത്ത്‌ പാടുമ്പോള്‍ ജഗ്ജിത്‌ സിംഗും ഗസല്‍ എന്ന സംഗീത ശാഖയെ നവീകരിയ്ക്കാന്‍ ശ്രമിക്കുക തന്നെയായിരുന്നു. എന്നാല്‍ ഇവയൊക്കെ അപവാദങ്ങള്‍ മാത്രമാണ്‌. തീവ്ര പ്രണയവും വിരഹവും തന്നെ എന്നത്തെപ്പോലെത്തന്നെ ഇന്നും ഗസലിണ്റ്റെ ഇഷ്ടവിഷയങ്ങള്‍. 

* * *

ഇതൊക്കെ പഴയ കഥ. ഇന്ത്യയില്‍ ഗസലിണ്റ്റെ ഇന്നത്തെ അവസഥ ശുഭകരമല്ലെന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നു. പുതിയ ഗസല്‍ ഗായകര്‍ കേള്‍ക്കപ്പെടുന്നത്‌ വളരെ അപൂര്‍വ്വമായിരിക്കുന്നു. പുതിയ ഗായകരുടെ ആല്‍ബങ്ങളൊന്നും റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നില്ല എന്ന്‌ സ്റ്റുഡിയോകളും സാക്ഷ്യപ്പെടുത്തുന്നു. വര്‍ഷങ്ങളായി ഒരു പുതിയ ഗസല്‍ ഗായകനും കേള്‍വിക്കാരുടെ ഉള്ളില്‍ സ്വന്തമായൊരു ഇടം നേടിയിട്ടില്ലെന്ന്‌ നമുക്കേവര്‍ക്കും അറിയാം. 

ഹിന്ദി സിനിമ ഗസലിനെ ഏറെക്കുറെ കൈയൊഴിഞ്ഞിരിക്കുന്നു. പുതിയ തലമുറയുടെ കേള്‍വി സംസ്കാരം തീര്‍ത്തും വിഭിന്നമാണ്‌. കേള്‍ക്കുന്നതില്‍ കൂടുതലായി കാണുവാന്‍ വേണ്ടി 'നിര്‍മ്മിക്കപ്പെടുന്ന' സിനിമാഗാനങ്ങളില്‍ ഗസല്‍ പോലൊരു ഗാനശാഖയ്ക്ക്‌ കാര്യമായൊന്നും ചെയ്യാനില്ല. ചടുലമായ നൃത്ത ചലനങ്ങള്‍ക്കായി ദ്രുതഗതിയിലുള്ള താളങ്ങളാണ്‌ ഇന്ന്‌ സിനിമാസംഗീതത്തെ നിര്‍വ്വചിക്കുന്നത്‌. ഗസലിണ്റ്റെ നേര്‍ത്ത നൂലുകള്‍ ഇഴപിരിച്ചെടുത്ത്‌ കേള്‍ക്കുവാന്‍ സൂക്ഷ്മമായ ഉള്‍ക്കാതുകള്‍ വേണം. തീവ്രമായ, എന്നാല്‍ തീര്‍ത്തും വാചാലമല്ലാത്ത പ്രണയം, നേര്‍ത്ത വിഷാദം ഒക്കെ പകര്‍ന്നു തരുന്ന വരികള്‍ അറിഞ്ഞനുഭവിയ്ക്കാന്‍ പുതിയ തലമുറയുടെ ഭാവുകത്വം അനുവദിയ്ക്കുന്നുണ്ടാവില്ല. പ്രണയനഷ്ടത്തെ 'കൊലവെറിയിലൂടെ' ആവിഷ്കരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന യുവതലമുറയ്ക്ക്‌ ഗസല്‍ ആസ്വദിയ്ക്കാന്‍ കഴിയുന്നെങ്കിലല്ലേ അത്ഭുതമുള്ളൂ. 

ഗസലിണ്റ്റെ ജനപ്രിയത കുറയാന്‍ മറ്റു കാരണങ്ങളും ഉണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സംഗീതേതരമായ കാരണങ്ങളിലൊന്ന്‌ ഉര്‍ദു ഭാഷയുമായി ബന്ധപ്പെട്ടതാണ്‌. 

ഉര്‍ദു എന്നത്‌ ഒരു ടര്‍ക്കിഷ്‌ വാക്കാണ്‌. അതിണ്റ്റെ അര്‍ത്ഥം 'പോരാളികള്‍ക്കായുള്ള അങ്ങാടി' എന്നാണ്‌. പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചകരവര്‍ത്തിമാര്‍ ഭരണം ഉറപ്പാക്കിയ കാലത്ത്‌ അവരുടെ പട്ടാളക്കാര്‍ പേര്‍ഷ്യന്‍, അറബി, ബ്രിജ്‌ തുടങ്ങിയ ഭാഷകളുടെ സങ്കരമായ ഒരു ഭാഷയാണ്‌ സംസാരിച്ചിരുന്നത്‌. അതിന്‌ 'രെഖ്ത' എന്ന മറ്റൊരു പേരും ഉണ്ടായിരുന്നു. അങ്ങനെ അവിഭക്ത ഇന്ത്യയാണ്‌ ഉര്‍ദുവിണ്റ്റെ ജന്‍മസ്ഥലം. ( Urdu for pleasure - Sulthan Nathani) 

പക്ഷേ ഇന്ത്യയുടെ വിഭജനം ഉര്‍ദു എന്ന ഭാഷയെ അനാഥമാക്കി. ഇന്ത്യന്‍ ജനസംഖ്യയുടെ ആറു ശതമാനത്തോളം വരുന്ന ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയ്ക്കാണ്‌ ഈ ദുര്യോഗം വന്നുപെട്ടത്‌ എന്നോര്‍ക്കുക. ഇത്‌ ഏതാണ്ട്‌ ആറ്‌ കോടിയോളം വരും. പാക്കിസ്താനില്‍ പോലും ഉര്‍ദു ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ഒന്നര കോടിയോളമേ വരൂ എന്നാണ്‌ കണക്ക്‌. 

സ്വതന്ത്ര ഇന്ത്യയുടെ ആദ്യവര്‍ഷങ്ങള്‍ ഇന്ത്യാ-പാക്‌ വിഭജനവും തുടര്‍ന്നുണ്ടായ വര്‍ഗീയ ലഹളകളും കാരണം ഇന്ത്യയുടെ പൊതുബോധത്തിലും കൃത്യമായ ഒരു വിഭജനം നടത്തിയ കാലമായിരുന്നു. മറ്റു സാമൂഹ്യ സാംസ്കാരിക മേഖലകളിലേക്കാള്‍ കൂടുതലായി ഭാഷയുടെ കാര്യത്തില്‍ ഇത്‌ കൂടുതല്‍ തീവ്രവും പ്രകടവുമായി. ഇന്ത്യ വിഭജിച്ച ഭാഷയായി ഉര്‍ദു മനസ്സിലാക്കപ്പെടുകയായിരുന്നു. ഉറുദു ഒരു മുസ്ളീം ഭാഷയാണെന്ന ചിന്ത വര്‍ഗീയ ബോധം തൊട്ടുതീണ്ടാത്ത സാധാരണക്കാരില്‍ പോലും വന്നുതുടങ്ങിയിരുന്നു. വെറുക്കപ്പെട്ട രാജ്യത്തിണ്റ്റെ വെറുക്കപ്പെട്ട ഭാഷയായി സുന്ദരമായ ഉര്‍ദു മാറി. 

1947-52 കാലഘട്ടം ഉര്‍ദുവിണ്റ്റെ ഏറ്റവും മോശമായ കാലയളവായി ഉര്‍ദു പണ്ഡിതനും കവിയുമായ ശ്രീ. എസ്‌. ആര്‍. ഫാറൂഖി പറയുന്നു. ഉര്‍ദുവിനെ മാറ്റി ഹിന്ദിയെ പ്രതിഷ്ഠിയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം ചില കോണുകളില്‍ നിന്നുണ്ടായപ്പോള്‍ മുസ്ളീം സമുദായക്കാരില്‍ ചിലര്‍ ഭയം കൊണ്ടും മറ്റുചിലര്‍ പ്രായോഗികചിന്തയുടെ ഫലമായും ഉര്‍ദുവിനെ കൈവെടിയാന്‍ തയ്യാറായതായി അദ്ദേഹം തുടര്‍ന്നു പറയുന്നു. ഉര്‍ദു പണ്ഡിതര്‍ പോലും ഇന്ത്യയില്‍ സ്വീകാര്യത കിട്ടാന്‍ ഭാഷയുടെ ലിപി മാറ്റി ദേവനാഗ്‌രി സ്വീകരിയ്ക്കാന്‍ വരെ തയ്യാറായതായി ശ്രീ. ഫാറൂഖി ഓര്‍മ്മിയ്ക്കുന്നു. മുസ്ളീം സമുദായക്കാരുടെ ഇടയില്‍ ഉര്‍ദുവിനൊടുള്ള സമീപനത്തില്‍ മാറ്റം വന്നുവെങ്കിലും ഹിന്ദു മൌലികവാദികള്‍ ഉര്‍ദുവിനോടുള്ള എതിര്‍പ്പ്‌ തുടര്‍ന്നു, ഇപ്പോഴും തുടരുന്നു. 

ഇന്ത്യയില്‍ ഗസല്‍ എത്തുന്നത്‌ പേര്‍ഷ്യന്‍ ഭാഷയിലാണ്‌. ഉത്തരേന്ത്യയിലെ ആദ്യകാലത്തെ കവികളൊക്കെ പേര്‍ഷ്യന്‍ ഭാഷയിലാണ്‌ ഗസല്‍ രചിച്ചുകൊണ്ടിരുന്നത്‌. ഗസല്‍ ഉര്‍ദുവിനെ കണ്ടെത്തുന്നത്‌ ദക്ഷിണേന്ത്യയിലാണെന്നത്‌ ഇപ്പോള്‍ ഒരു പക്ഷേ വിചിത്രമായി തോന്നാം. നശിച്ചുപോയ ഗോല്‍കൊണ്ട രാജ്യത്തിലും കര്‍ണ്ണാടകയിലെ ബിജാപൂരിലുമാണ്‌ ഉര്‍ദു ഗസല്‍ രൂപപ്പെടുന്നത്‌ എന്ന്‌ വിക്കിപീഡിയ പറയുന്നു. ഹൈദരാബാദിനടുത്തുള്ള ഗോല്‍ക്കൊണ്ട പട്ടണം ഇന്നില്ല. ഗോല്‍ക്കൊണ്ട കൊട്ടാരത്തിണ്റ്റെ അവശിഷ്ടങ്ങള്‍ ഹൈദരബാദില്‍ പോയവരൊക്കെ കണ്ടിരിക്കാന്‍ സാധ്യതയുണ്ട്‌. ആന്ധ്രയിലെ തെലുങ്കാന, ഇന്നത്തെ കര്‍ണ്ണാടകത്തിണ്റ്റേയും മഹാരാഷ്ട്രയുടെയും ചില ഭാഗങ്ങള്‍ ഒക്കെ ഉള്‍പ്പെട്ട ഗോല്‍ക്കൊണ്ട രാജ്യത്തിണ്റ്റെ തലസ്ഥാനമായിരുന്നു, ഈ പട്ടണം. 

ഉര്‍ദുവിനൊടുള്ള എതിര്‍പ്പിണ്റ്റെ തിക്ത ഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ചത്‌ ഗസല്‍ ആയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുമ്പുണ്ടായ ഒരനുഭവം പ്രശസ്ത ഗസല്‍ സംഗീതഞ്ജനായ രാജേന്ദ്ര മേത്ത ഓര്‍ക്കുന്നു. കാശ്മീരി പണ്ഡിറ്റുകളുടെ ഒരു സംഘടനയുടെ വാര്‍ഷികാഘോഷത്തിണ്റ്റെ ഭാഗമായി അദ്ദേഹത്തിണ്റ്റെ ഒരു ഗസല്‍ പരിപാടി നടത്താന്‍ ക്ഷണിച്ചിരുന്നു. പക്ഷേ സംഘടനയുടെ അദ്ധ്യക്ഷന്‍ അതിനെ എതിര്‍ക്കുന്നു. ആ മാന്യ ദേഹം ചോദിച്ചത്‌ ഇപ്രകാരമായിരുന്നു, "നമ്മള്‍ എന്തിനാണ്‌ ഒരു ഗസല്‍ പരിപാടി നടത്തുന്നത്‌. ഗസല്‍ ഉര്‍ദുവിണ്റ്റെ ഒരു രൂപമാണ്‌, ഉര്‍ദു ആകട്ടെ മുസല്‍മാണ്റ്റേതും. നമ്മള്‍ക്ക്‌ പകരമായി ഒരു ഭജന്‍ പരിപാടി നടത്താം." തൊണ്ണൂറുകളോടെ ഇന്ത്യന്‍ പൊതുബോധാത്തിലുണ്ടായ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്‌, ഈ സംഭവം. 

ഉര്‍ദു ഒരു ഭാഷ എന്ന നിലയില്‍ അന്യവല്‍ക്കരിക്കപ്പെട്ടതും ഉര്‍ദു ഭാഷ മാതൃഭാഷയായിരുന്ന ഉത്തര്‍പ്രദേശിലും മറ്റും സാധാരണ ജനങ്ങള്‍ ആ ഭാഷ പഠിയ്ക്കാന്‍ താല്‍പര്യം കാണിക്കാതിരിക്കുന്ന ഒരു അവസ്ഥ നിലവില്‍ വന്നു. ഒരു സംസാര ഭാഷ എന്ന നിലയില്‍ നിലനിന്നപ്പോഴും ഭാഷ ആഴത്തില്‍ മനസ്സിലാക്കുന്നവര്‍ കുറഞ്ഞുവരികയായിരുന്നു, ഫലം. ഗസലിന്‌ കേള്‍വിക്കാര്‍ കുറയുന്നതിന്‌ ഇതും ഒരു കാരണമായിരിക്കാം. 

കൂടുതല്‍ സാധാരണക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശത്താലായിരിക്കണം ധാരാളം കവികള്‍ ഹിന്ദിയിലും ഗസലുകള്‍ രചിയ്ക്കാന്‍ തുടങ്ങി. ജഗ്ജിത്‌ സിംഗ്‌, പങ്കജ്‌ ഉധാസ്‌ തുടങ്ങിയവര്‍ അത്തരം ഗസലുകള്‍ ധാരാളം ആലപിയ്ക്കാനും തുടങ്ങി. ഗസലുകളും ഗസലിനോടടുത്ത ഗീതങ്ങളും നല്ല ജനസമ്മതി നേടിയെടുത്തത്‌ ഇങ്ങനെയാണ്‌. നമ്മുടെ മലയാളത്തിലും പ്രശസ്ത കവി സച്ചിദാനന്ദന്‍, പ്രദീപ്‌ അഷ്ടമിച്ചിറ തുടങ്ങിയവര്‍ ഗസലുകള്‍ രചിച്ചു. ഉമ്പായി, ഷഹബാസ്‌ അമന്‍ തുടങ്ങിയ ഗസല്‍ ഗായകരും നമ്മുടേതായിട്ടുണ്ടായി. ഗസല്‍ പാടുന്ന വിഷയത്തിസ്ണ്റ്റെ പ്രത്യേകത പോലെത്തന്നെ ഇവയും അപവാദങ്ങള്‍ മാത്രം. ഉര്‍ദുവിനെക്കൂടാതെ ഗസലിന്‌ നിലനില്‍ക്കാന്‍ സാധിക്കുമോ എന്ന്‌ സംശയിക്കാവുന്ന തരത്തില്‍ പരസ്പരം ബന്ധപ്പെട്ടാണ്‌ രണ്ടിണ്റ്റേയും നിലനില്‍പ്പ്‌. 

മുഗള്‍ സാമ്രാജ്യത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ ഔറംഗസേബിനേയും ബഹാദുര്‍ ഷാ സഫറിനേയും താരതമ്യപ്പെടുത്താറുണ്ട്‌, പലരും. മുഗള്‍ സാമ്രാജ്യത്തില്‍ അവസാന ഭരണാധികാരി ബഹാദുര്‍ ഷാ സഫര്‍ ആയിരുന്നെങ്കിലും ( അദ്ദേഹം സ്വയം ഒരു കവിയും ഗസല്‍കാരനുമായിരുന്നു; മിര്‍സാ ഗാലിബിണ്റ്റെ സമകാലികനും ) അവസാന ചക്രവര്‍ത്തി ആയി ഗണിക്കുന്നത്‌ ഔറംഗസേബിനെ ആണ്‌. അതുപോലെ ഇന്ത്യന്‍ ഗസലിണ്റ്റെ അവസാന ചക്രവര്‍ത്തി എന്ന പട്ടം ആയിരിക്കുമോ കാലം ജഗ്ജിത്‌ സിംഗിന്‌ ചാര്‍ത്തികൊടുക്കാനിരിക്കുന്നത്‌? 

Thursday, January 19, 2012

മഞ്ഞവെയില്‍ മരണങ്ങള്‍, ഒരു അനുഭവം

ഇന്നലെ രാത്രി വളരെ വൈകിയാണ്‌, ബെന്യാമിണ്റ്റെ പുതിയ പുസ്തകം പുസ്തകം വായിച്ചുതീര്‍ന്നത്‌. തീര്‍ന്നപ്പോള്‍ വല്ലാതൊരു ശൂന്യത അനുഭവപ്പെട്ടു. വായന തുടങ്ങിയപ്പോള്‍ മുതല്‍ ഉദ്വേഗം നിറഞ്ഞ ആ അന്വേഷണത്തിണ്റ്റെ ഭാഗമായിരുന്നല്ലോ ഞാനും. അവസാന വ്യാഴച്ചന്തയില്‍ വെച്ച്‌ നോവലിണ്റ്റെ പ്രകാശനത്തിനുശേഷവും ബെന്യാമിന്‍ അന്വേഷണം അവസാനിപ്പിച്ച രീതിയില്‍ തൃപ്തി വരാതെ നിബു സ്വയം നോവലിണ്റ്റെ അവസാനം വരെയും ഉത്തരം കിട്ടാത്ത ചോദ്യത്തിനു പിന്നാലെ പോകാന്‍ തയ്യാറാകുന്നുണ്ട്‌. അതുപോലെയല്ലെങ്കിലും നോവലിനെ മനസ്സില്‍ നിന്ന്‌ പറിച്ചെറിയാന്‍ കഴിയാത്തതുപോലെ. രാത്രി ഏറെ നേരം ഉറക്കം വരാതെ കിടന്നു. 

ചെറുപ്പത്തില്‍ വായനാശീലത്തിണ്റ്റെ തുടക്കത്തില്‍ പുസ്തകം കയ്യിലെടുത്താല്‍ തീര്‍ക്കുന്നതുവരെ ഒരു ലഹരി പോലെ അത്‌ കൂടെയുണ്ടാവുമായിരുന്നു. അതൊക്കെ മിക്കവാറും ദുര്‍ഗ്ഗപ്രസാദ്‌ ഖത്രിയുടേയും മറ്റും ഡിറ്റക്റ്റീവ്‌ നോവലുകളായിരുന്നു. വായന ശീലം മാറുന്നതിനനുസരിച്ച്‌ പുസ്തകം സമയമെടുത്ത്‌ വായിക്കാന്‍ തുടങ്ങി. വായന ഒരു ലഹരി അല്ലാതായി മാറിയപ്പോള്‍ ഒരു പുസ്തകം വായിക്കാന്‍ ദിവസങ്ങളെടുത്തു. വായന എവിടെ നിര്‍ത്തിയാലും പിന്നീട്‌ എന്ത്‌ സംഭവിക്കും എന്നൊരു ആകാംക്ഷ ഇല്ലാതായി. പക്ഷേ 'മഞ്ഞവെയില്‍ മരണങ്ങള്‍' വായനയുടെ ആ ലഹരി ആണ്‌ തിരിച്ചു കൊണ്ടുവന്നത്‌. ഗൌരവമായി വായിക്കേണ്ടുന്ന ഒരു പുസ്തകം, എന്നാല്‍ വായനയുടെ 'ത്രില്‍' അവസാനം വരെ നിലനിര്‍ത്തുന്ന പുസ്തകം. 

ബെന്യാമിണ്റ്റെ പുതിയ പുസ്തകത്തെക്കുറിച്ച്‌ ബ്ളോഗില്‍ വായിച്ചപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിരുന്നു, ആ പുസ്തകം വായിക്കണമെന്ന്‌. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അന്വേഷിക്കാന്‍ തുടങ്ങി. കോഴിക്കോട്ടെ ഡി.സി. ബുക്സിലും ഒലീവിലും ഒക്കെ അന്വേഷിച്ചിട്ടും കിട്ടിയില്ല. സ്റ്റോക്ക്‌ തീര്‍ന്നിരുന്നു. ഒടുവില്‍ ഏതൊ ഒരു ചെറിയ കടയില്‍ നിന്ന്‌ കിട്ടി. എന്നെപ്പോലെ ധാരാളം പേരുടെ വായനാശീലം മാറ്റിയ എഴുത്തുകാരനായിരിക്കുന്നു, ബെന്യാമിന്‍ എന്ന്‌ മനസ്സിലാകാന്‍ ഈ അനുഭവം തന്നെ ധാരാളം ആയിരുന്നു.

ഏറെ കാലത്തിനുശേഷം ഒരു നോവല്‍ വായിച്ചത്‌ അദ്ദേഹത്തിണ്റ്റെ തന്നെ 'ആടുജീവിതം' ആയിരുന്നു. എവിടെയോ വായിച്ചതോര്‍ക്കുന്നു, മലയാളിയെ വായനയിലേക്ക്‌ തിരിച്ചുകൊണ്ടുവന്ന നോവല്‍ ആയിരുന്നു, അതെന്ന്‌. അങ്ങനെ കേട്ടറിഞ്ഞാണ്‌, അത്‌ തേടിപ്പിടിച്ച്‌ വായിച്ചത്‌. മലയാളിയുടെ മൊത്തം കുത്തക ഏറ്റെടുക്കാന്‍ ആവില്ലയെങ്കിലും എണ്റ്റെ വായനയുടെ കാര്യത്തില്‍ അത്‌ തീര്‍ത്തും ശരിയായിരുന്നു. ഞാന്‍ മാത്രമല്ല ഏത്‌ പുസ്തകം കണ്ടാലും ഉറക്കം വരുന്ന എണ്റ്റെ ശ്രീമതിയും ആ നോവല്‍ വായിച്ചുതീര്‍ത്തു.

'ആടുജീവിതം' ശ്രദ്ധേയമായത്‌ അതിലെ അനുഭവത്തിണ്റ്റെ തീക്ഷ്ണത കൊണ്ടായിരുന്നു. ഗള്‍ഫ്‌ ജീവിതത്തിണ്റ്റെ നാം കാണാത്ത, നന്‍മുടെ ഭാവനയില്‍ പോലും കടന്നുവരാന്‍ ഒരു സാദ്ധ്യതയില്ലാതിരുന്ന വരണ്ട ജീവിതത്തിണ്റ്റെ നേര്‍ക്കാഴ്ചയായിരുന്നല്ലോ, ആ നോവല്‍. നജീബും അവണ്റ്റെ മരുഭൂമി വാസത്തിനിടയില്‍ കണ്ടുമുട്ടിയ ചില മനുഷ്യജന്‍മങ്ങളും അതില്‍ കൂടുതലായി കുറേ ആടുകളും. ഏറ്റവും വിപരീതമായ അവസ്ഥയില്‍ നിന്നുള്ള നജീബിണ്റ്റെ അതിജീവനത്തിണ്റ്റെ കഥ, അതായിരുന്നു, ആ നോവല്‍. ആ അനുഭവം പകര്‍ത്താന്‍ ഭാവനയുടെ സഹായം അല്‍പം പോലും ആവശ്യമില്ലായിരുന്നു. സാമാന്യം ഭാഷാ കൈവശമുള്ള ആരുടെ കൈയില്‍ കിട്ടിയാലും ആ നോവല്‍ പിറവി എടുക്കുമായിരുന്നു, എന്നാണ്‌ നോവല്‍ വായിച്ചപ്പോള്‍ തോന്നിയത്‌. അങ്ങനെ ഒരു നോവലെഴുതാന്‍ ആര്‍ക്കും സാധിക്കും എന്ന ഒരു കെറുവ്‌ തോന്നിയില്ലേ എന്നും സംശയം. മലയാളികള്‍ അത്ര പെട്ടെന്ന്‌ ആരേയും അംഗീകരിയ്ക്കില്ലല്ലോ. (അംഗീകാരം നേടിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യം ചെയ്യപ്പെടാന്‍ ഒരിക്കലും അനുവദിക്കാത്ത വിധം തോളിലേറ്റി നടക്കുകയും ചെയ്യൂം എന്നത്‌ വേറെ കാര്യം ) പെട്ടെന്ന്‌ ഉയര്‍ന്നുവരുന്ന ഒരാളെ വിലയിരുത്താന്‍ ഒരു രണ്ടാം ശ്രമം വരെ കാത്തിരിക്കുക എന്ന്‌ എണ്റ്റെ തീവ്രവിശകലന ചാതുര്യം അന്ന്‌ എന്നോട്‌ പറഞ്ഞു. 

പക്ഷേ ബെന്യാമിന്‍ എണ്റ്റെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിച്ചുകളഞ്ഞു. നോവല്‍ രചനയുടെ ക്രാഫ്റ്റിണ്റ്റെ കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നോട്ട്‌ പോയിരിക്കുന്നു, എന്ന്‌ കാണിക്കുന്നതാണ്‌ പുതിയ നോവല്‍. രണ്ട്‌ തലത്തില്‍ വായിക്കേണ്ടുന്ന ഒരു നോവല്‍. ഒന്ന്‌ ബെന്യാമിണ്റ്റെ നോവല്‍, മറ്റൊന്ന്‌ നോവലിലെ കഥാപാത്രമായ ക്രിസ്റ്റി അന്ത്രപ്പേറിണ്റ്റെ നോവല്‍. ഉള്‍നോവലും പുറം നോവലും രണ്ടും അന്വേഷണങ്ങളാണ്‌. 

ഒരു നോവലിസ്റ്റ്‌ ആകാന്‍ ജീവിതം ഉഴിഞ്ഞ്‌ വെച്ച ക്രിസ്റ്റി തണ്റ്റെ ആദ്യ നോവലിണ്റ്റെ രചനയിലാണ്‌. അതിനിടയില്‍ തണ്റ്റെ മുന്നില്‍ വെച്ച്‌ നടക്കുന്ന ഒരു കൊലപാതകത്തിണ്റ്റെ വേരുകള്‍ തേടി പോവാന്‍ നിര്‍ബ്ബന്ധിതനാവുകയാണ്‌. സമാന്തരമായി ബെന്യാമിന്‍ തണ്റ്റെ 'നെടുമ്പാശ്ശേരി' എന്ന നോവലിണ്റ്റെ പണിപ്പുരയിലുമാണ്‌. നോവല്‍ പകുതിയില്‍ നിന്നുപോയപ്പോള്‍ തുടര്‍ന്നുപോകാന്‍ വല്ല തുമ്പും കിട്ടുമോ എന്ന ആലോചനയിലാണ്‌. അപ്പോഴാണ്‌ കുറെ മുമ്പ്‌ തനിക്ക്‌ ആരോ അയച്ചു തന്ന ഒരു കഥയുടെ ആദ്യഭാഗം വായിച്ചുതുടങ്ങുന്നതും ക്രിസ്റ്റിയുടെ കഥയില്‍ എത്തിച്ചേരുന്നതും. 

ക്രിസ്റ്റി അന്ത്രപ്പേര്‍ സ്വന്തം നോവല്‍ മറന്ന്‌ മരണത്തിണ്റ്റെ പുറകെ പോവുകയാണ്‌. അന്വേഷണം മുന്നോട്ട്‌ പോകുന്നതിനനുസരിച്ച്‌ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു. ക്രിസ്റ്റിയുടെ അന്വേഷണം അവനെ ഒരു തിരിച്ചറിവില്‍ എത്തിക്കുന്നുണ്ട്‌, താന്‍ ജനിച്ച്‌ വളര്‍ന്ന, ചെറിയ ദ്വീപായ ദീഗൊഗാര്‍ഷ്യ കറുത്ത വന്‍കരയേക്കാള്‍ നിഗൂഡതകള്‍ നിറഞ്ഞതാണെന്ന്‌. തണ്റ്റെ നാടിനെക്കുറിച്ച്‌ മാത്രമല്ല, വീടിനെക്കുറിച്ചുപോലും അറിഞ്ഞതില്‍ കൂടുതല്‍ തനിക്കറിയാത്തതാണെന്ന്‌. 

ബെന്യാമിന്‍ തണ്റ്റെ പാതിയാക്കിയ നോവല്‍ മറന്ന്‌ അയച്ചുകിട്ടിയ കഥയുടെ ബാക്കിഭാഗങ്ങള്‍ അന്വേഷിച്ചുപോകുന്നു. ക്രിസ്റ്റിയുടെ നോവലിണ്റ്റെ ബാക്കി ഭാഗം അന്വേഷിച്ചുള്ള ബെന്യാമിണ്റ്റെ യാത്രയാകട്ടെ ദ്വീപിലും വന്‍കരയിലുമായി പല തടസ്സങ്ങളും നേരിട്ട്‌ മുന്നോട്ട്‌ പോകുന്നു. അന്വേഷണം പല നിഗൂഡതകളിലെക്കും വെളിച്ചം വീശുന്നുണ്ട്‌. നമ്മുടെ നാടിണ്റ്റെ നമ്മളറിയാത്ത പല രഹസ്യങ്ങളും ചുരുളഴിയുന്നുമുണ്ട്‌. 

ഈ അന്വേഷണം ഒരു കൂട്ടായ്മയുടെ കൂടി ഫലമാണ്‌. എല്ലാ വ്യാഴാഴ്ചയും നടക്കുന്ന 'ആഴ്ചച്ചന്ത' യില്‍ ആണ്‌ പദ്ധതികള്‍ രൂപം കൊള്ളുന്നത്‌. കൂട്ടത്തിലെ എല്ലാവരും ജീവിച്ചിരിക്കുന്ന മനുഷ്യരാണ്‌. അവരൊക്കെ അന്വേഷണത്തില്‍ പല രീതിയില്‍ സഹകരിക്കുന്നുണ്ട്‌. ആഴ്ചച്ചന്തയില്‍ പതിവുകാരായ അവരൊക്കെ നോവലിലെ കഥാപാത്രങ്ങളായി മാറുന്നു. അതുപോലെ ഇണ്റ്റര്‍നെറ്റും ഫേസ്ബുക്കും, ഓര്‍ക്കുട്ടും ഒക്കെ ഇതിലെ കഥാപാത്രങ്ങളാണ്‌. 

രണ്ട്‌ അന്വേഷണങ്ങളില്‍ ഏതാണ്‌ കൂടുതല്‍ ഉദ്വേഗജനകമെന്നത്‌ പറയാനാവില്ല. രണ്ടും കൂടി ഉദ്വേഗത്തിണ്റ്റെ വാള്‍മുനയിലൂടെ നടത്തിക്കുന്നു, വായനക്കാരനെ. ഈ ഉദ്വേഗം അവസാനം വരെ നിലനില്‍ക്കുന്നു, എന്നുള്ളതാണ്‌ നോവലിണ്റ്റെ വിജയവും.. അത്യന്തം സങ്കീര്‍ണമായ സമസ്യയുടെ പൊരുള്‍ തേടി നടത്തുന്ന ഇവരുടെ കൂട്ടായുള്ള അന്വേഷണവും ചര്‍ച്ചകളും തികച്ചും സ്വാഭാവികമാണ്‌. വായനക്കാരന്‍ സ്വയം അറിയാതെ ഈ അന്വേഷണത്തിണ്റ്റെ ഭാഗമായിത്തീരുന്നു. ഈ പുതിയ രീതി മലയാളത്തില്‍ ആരും പരീക്ഷിക്കാത്തതാണെന്ന്‌ തോന്നുന്നു. 

കേരളത്തില്‍ പോര്‍ച്ചുഗീസുകാരുടെ വരവ്‌, കല്‍ദായ സഭയുടെ ചരിത്രം, ഉദയംപേരൂറ്‍ എന്ന സ്ഥലത്തിണ്റ്റെ ചരിത്രം ഒക്കെ നോവലില്‍ കടന്നുവരുന്നുണ്ട്‌. അതൊക്കെ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിണ്റ്റെ ഭാഗമായും ക്രിസ്റ്റിയുടെ കഥയുടെ നേര്‌ തേടി ബെന്യാമിന്‍ നടത്തുന്ന അന്വേഷണത്തിണ്റ്റെ ഭാഗമായും നോവലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ്‌. അന്യംനിന്നുപോയ ഒരു നാട്ടുരാജാവിണ്റ്റേയും ആ രാജ്യത്തിണ്റ്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന അനന്തരാവകാശികളുടെ മങ്ങാത്ത പ്രതീക്ഷയുടെ കൂടിയും കഥയുണ്ട്‌ നോവലില്‍. 

രാത്രി ഏറെ വൈകി ഉറങ്ങിയ ശേഷം ബെന്യാമിനോടൊപ്പം ആഴ്ചച്ചന്തയില്‍ ആയിരുന്നു, ഞാനും. ക്രിസ്റ്റിയുടെ അന്വേഷണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്ന നാല്‍ക്കവലയില്‍ ഏത്‌ പാത തിരഞ്ഞെടുക്കണമെന്ന ആലോചനയില്‍. മുന്നോട്ടുള്ള യാത്രയില്‍ ഏത്‌ ഗ്രൂപ്‌, ഓര്‍ക്കുട്ടോ, ഫേസ്ബുക്കോ, അതല്ല ക്രിസ്റ്റിയുടെ ജീവിയത്തിലെ നിരവധി ബന്ധങ്ങളില്‍ ഏതെങ്കിലുമോ, ആര്‌ ഒരു സഹായമായെത്തും എന്നറിയാതെ. ഇപ്പോള്‍ അത്‌ എണ്റ്റേയും കൂടെ ഒരാവശ്യമാണല്ലോ. കാലത്ത്‌ ഉണര്‍ന്നപ്പോഴാണ്‌ ഓര്‍ത്തത്‌ ക്രിസ്റ്റിയുടെ അന്വേഷണവും ബെന്യാമിണ്റ്റെ അന്വേഷണവും അവസാനിച്ചു കഴിഞ്ഞ വിവരം. സത്യം കണ്ടെത്തിയതിണ്റ്റെ ആശ്വാസം ഇല്ല എന്നാല്‍ അന്വേഷണത്തിണ്റ്റെ 'ത്രില്‍' നഷ്ടപ്പെട്ടതിണ്റ്റെ സങ്കടം ഉള്ളില്‍ നിറയുന്നുണ്ട്‌ താനും.