Sunday, January 17, 2010

കോമാളിരൂപം കെട്ടിയ മഹത്തുക്കളും ഉയരത്തിലിരിക്കുന്ന കോമാളികളും

ഈയടുത്ത കാലത്ത്‌ വായിച്ച അനുഭവക്കുറിപ്പുകളില്‍ ഏറ്റവും കാമ്പുള്ളതും ഹൃദയത്തില്‍ തൊടുന്നതുമായി തോന്നിയത്‌ മാതൃഭൂമിയില്‍ സിനിമാനടന്‍ ഇന്ദ്രന്‍സുമായി പ്രീജിത്ത്‌ രാജ്‌ നടത്തിയ സംഭാഷണമായിരുന്നു. നവംബര്‍ എട്ടാം തീയതി പുറത്തിറങ്ങിയ ലക്കത്തില്‍ വന്ന ഈ സംഭാഷണത്തെക്കുറിച്ച്‌ രണ്ടുമാസത്തിനുശേഷം ഒരു കുറിപ്പെഴുതുന്നതില്‍ പ്രസക്തിക്കുറവുണ്ടെന്നത്‌ നേര്‌. തികച്ചും ആത്മാര്‍ഥമായ, സത്യസന്ധമായ ഇന്ദ്രന്‍സിണ്റ്റെ സംഭാഷണം വായിച്ചപ്പോള്‍ മുതല്‍ അത്‌ വല്ലാതെ മനസ്സിനെ ഉലച്ചിരുന്നു. ഒരര്‍ഥത്തില്‍ ആ സംഭാഷണം എന്നെ ഞെട്ടിച്ചു.

എന്നേക്കാള്‍ നന്നായി എഴുതാന്‍ കഴിയുന്ന ആരെങ്കിലും അതിനെപ്പറ്റി എഴുതുമെന്ന്‌ തോന്നിയിരുന്നു. എന്നെപ്പോലെ ചിന്തിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകാതിരിക്കില്ലല്ലോ ഈ ഭൂമിമലയാളത്തില്‍. എണ്റ്റെ വായനാപരിധിക്കുള്ളില്‍ അങ്ങനെയൊന്ന്‌ ശ്രദ്ധയില്‍ പെട്ടില്ല. മാതൃഭൂമിയില്‍ വായനക്കാരുടെ ധാരാളം കത്തുകള്‍ വന്നിരുന്നു എന്നത്‌ ശരി തന്നെ. എന്തിനും ഏതിനും പ്രതികരണങ്ങള്‍ കാണുന്ന്‌ ബ്ളോഗില്‍ പോലും ഒന്നും കാണാന്‍ കഴിഞ്ഞില്ല.

മനസ്സില്‍ അത്‌ കെടാതെ നിന്നു. അല്ല ജ്വലിച്ചു നിന്നു. അതിനിടയിലെപ്പോഴോ അനിതയുടെ 'അടുക്കള' എന്ന ബ്ളോഗില്‍ വി.എസ്‌ നയ്പാളിണ്റ്റെ സഹധര്‍മ്മിണിയായിരു പാട്രീഷ്യ ഹെയിലിണ്റ്റെ ജീവിതകഥ വായിച്ച അനുഭവത്തിണ്റ്റെ വെളിച്ചത്തില്‍ എഴുതിയ കുറിപ്പ്‌ വായിച്ചു . ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്ക്‌ പിന്നിലെ തമോഗര്‍ത്തങ്ങളെക്കുറിച്ചായിരുന്നു, ആ കുറിപ്പ്‌. നമ്മുടെ മനസ്സില്‍ തല ഉയര്‍ത്തിനില്‍ക്കു വിഗ്രഹങ്ങള്‍ ചിലപ്പോഴെങ്കിലും വെറും 'ടിന്‍ ഗോഡ്സ്‌' ആണെന്ന്‌ ആ കുറിപ്പ്‌ ഓര്‍മപ്പെടുത്തി. ഇന്ദ്രന്‍സിണ്റ്റെ കഥ വായിച്ചപ്പോള്‍ ഉണ്ടായ വിചാരങ്ങള്‍ക്ക്‌ നേരെ വിരുദ്ധ പ്രതീതി.

ഇന്ദ്രന്‍സ്‌ മലയാള സിനിമയിലെ അഭിനയരംഗത്ത്‌ സജീവമായിട്ട്‌ പത്ത്‌ പന്ത്രണ്ട്‌ കൊല്ലമായിട്ടുണ്ടാവും. ഒരര്‍ഥത്തിലും സിനിമാറ്റിക്‌ അല്ലാത്ത തണ്റ്റെ ശരീരവും (കുടക്കമ്പി, നീര്‍ക്കോലി, ഞാഞ്ഞൂള്‍ അങ്ങനെ ധാരാളം വിശേഷണങ്ങള്‍) അതിന്‌ ചേര്‍ന്ന ചില കോമാളിക്കളികളുമായി അദ്ദേഹം സിനിമയില്‍ സജീവമായുണ്ട്‌. ഹാസ്യനടന്‍ എന്ന നിലയില്‍ മലയാളത്തില്‍ ഇന്നുള്ള മറ്റു പലരുടെയും അടുത്തെത്താന്‍ ഇന്ദ്രന്‍സിന്‌ കഴിഞ്ഞിട്ടില്ലെന്നാണ്‌ എണ്റ്റെ തോന്നല്‍. സ്റ്റീരിയോടൈപ്‌ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പോലും മൌലികമായ കഴിവുകൊണ്ട്‌ കഥപാത്രങ്ങളുടെ പരിമിതികളെ ഭേദിക്കാന്‍ കഴിവുള്ള ജഗതി, ഇന്നസെണ്റ്റ്‌ തുടങ്ങിയവരെപ്പോലെയോ, തനിമയുള്ള തനി നാടന്‍ ഭാവഹാവാദികള്‍ കൊണ്ട്‌ നമ്മളെ നമ്മള്‍ പോലുമറിയാതെ ചിരിപ്പിക്കുന്ന മാമുക്കോയ, കുതിരവട്ടം പപ്പു തുടങ്ങിയവരെപ്പോലെയൊ സ്വാഭാവികമായ ഹാസ്യം ഇന്ദ്രന്‍സില്‍നിന്ന്‌ വന്നതായി തോന്നിയിട്ടില്ല. പരമാവധി തണ്റ്റെ ചെറിയ ശരീരത്തിണ്റ്റെ സാധ്യതകളില്‍ അല്ലെങ്കില്‍ സാധ്യതയില്ലായ്മയില്‍ നിന്ന്‌ ഹാസ്യം ഉല്‍പ്പാദിക്കുകയാണ്‌ അദ്ദേഹം ചെയ്ത്‌ വരുന്നത്‌ എണ്റ്റെ നോട്ടത്തില്‍. ഇതില്‍നിന്ന്‌ വ്യത്യസ്ഥമായി ചുരുക്കം ചില കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടെന്നുള്ള കാര്യം നിഷേധിക്കുന്നില്ല. നല്ല കാമ്പുള്ള കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്‌ ലഭിക്കട്ടെ എന്ന്‌ ആശിക്കുകയും ചെയ്യുന്നു.. എണ്റ്റെ വിഷയം അതല്ല തന്നെ.

സിനിമയില്‍ വെറും കോമാളിയായ ഈ ചെറിയ മനുഷ്യണ്റ്റെ വലിയ ജീവിതം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ജീവിതം ഇന്ദ്രന്‍സിന്‌ നല്‍കിയ യാതനകള്‍ അല്ല അതിനോട്‌ അദ്ദേഹം പുലര്‍ത്തു നിസ്സംഗത, കൈയടക്കം ഇതാണ്‌ ഇങ്ങനെ ഒരു ആലോചനക്ക്‌ കാരണം. തണ്റ്റെ ശാരീരികവും സമൂഹ്യപരവുമായ പരിമിതികളെക്കുറിച്ചുള്ള തിരിച്ചറിവ്‌. ചെറുപ്പത്തിലേ അനുഭവിച്ച കഷ്ടപ്പാടുകള്‍, അവഗണന ഇവ ഉള്ളില്‍ നിറച്ച അപകര്‍ഷതാബോധം ഒക്കെ തുറന്ന്‌ പറയാന്‍ കാണിച്ച തണ്റ്റേടം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഇതൊക്കെ അദ്ദേഹം പറയുന്നത്‌ തണ്റ്റെ രൂപം പോലെ തന്നെ ഗ്ളാമറിണ്റ്റെ അംശം തീരെ ഇല്ലാതെയാണ്‌.

സിനിമയില്‍ ഉയരങ്ങളില്‍ എത്തിയവര്‍ തങ്ങളുടെ ഭൂതകാലത്തിലെ യാതനകള്‍ വിളിച്ചു പറയുന്നത്‌ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്‌. തങ്ങളുടെ കഠിനാധ്വാനത്തിണ്റ്റെയും അര്‍പ്പണബോധത്തിണ്റ്റെയും ഉദാഹരണമായി ഉയര്‍ത്തിക്കാട്ടാന്‍ ഈ യാതനകളെ അവര്‍ ഉപയോഗിക്കാറുണ്ട്‌. കോടമ്പാക്കത്തെ തെരുവുകളും പൈപ്പ്‌ വെള്ളവും മലമ്പനിയും ഒക്കെ ഇങ്ങനെ ബിംബങ്ങളായി നമ്മുടെ ഉള്ളില്‍ സജീവമാണ്‌. ദാരിദ്യ്രത്തിനും കഷ്ടപ്പാടിനും ഒക്കെ വാര്‍ത്താപ്രാധാന്യം ഉണ്ട്‌, താരങ്ങളുടെ കാര്യത്തില്‍. ഇതില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥമാണ്‌ ഇന്ദ്രന്‍സിണ്റ്റെ വാക്കുകള്‍. തന്നേക്കോള്‍ തീക്ഷ്ണമായ അനുഭവങ്ങള്‍ ഉള്ള നിരവധി പേരുടെ കൂടെ കഴിഞ്ഞതുകൊണ്ട്‌ തണ്റ്റെ അനുഭവങ്ങള്‍ക്ക്‌ അത്ര വലിയ പ്രസക്തി ഇല്ലെന്ന്‌ അദ്ദേഹം പറയുമ്പോള്‍ ആ മനസ്സിണ്റ്റെ ലാളിത്യം നമ്മളറിയുന്നു. ഇന്ദ്രന്‍സിണ്റ്റെ ഓര്‍മകളില്‍ കോടമ്പാക്കം ഇല്ല തന്നെ. പക്ഷെ, കുമാരപുരം എന്ന് ചെറിയ ഗ്രാമം നിറഞ്ഞുനില്‍ക്കുന്നു. അവിടത്തെ തയ്യല്‍ക്കടകളും തയ്യല്‍ക്കാരുമുണ്ട്‌. ഒപ്പം ചെറിയ ചെറിയ നാടകക്കൂട്ടായ്മകളും.

ചെറുപ്പത്തില്‍ ബുദ്ധിമുട്ടുകളും ഇല്ലായ്മകളും മാത്രം കണ്ട്‌ വളര്‍ന്ന ഒരാള്‍ക്ക്‌ അവയെ ബുദ്ധിമുട്ടുകളും ഇല്ലായ്മകളും ആയി മനസ്സിലാകായ്ക, ജീവിതം എന്നാല്‍ ഇതൊക്കെത്തന്നെ എന്ന ചിന്ത, ഒക്കെ സ്വാഭാവികം. ഇല്ലായ്മകളുടെ കാഠിന്യം സ്വപ്നങ്ങള്‍ക്കുപോലും പരിധി നിശ്ചയിക്കുന്നുണ്ടെന്നുള്ളതല്ലേ യാഥാര്‍ഥ്യം. അഭിനയം ഒരു മോഹമായി കൊണ്ടുനടക്കുമ്പോഴും സിനിമ അദ്ദേഹത്തിണ്റ്റെ സ്വപ്നങ്ങളില്‍ കടന്നുവരാതിരുന്നതിണ്റ്റെ കാരണവും മറ്റൊന്നാവാന്‍ വഴിയില്ല. സ്വന്തം ശരീരത്തിണ്റ്റെ പരിമിതികള്‍ മനസ്സിലായതുകൊണ്ട്‌ സ്നേഹവും പ്രണയവുമൊന്നും മനസ്സില്‍ കയറിവന്നില്ല എന്ന്‌ അദ്ദേഹം പറയുമ്പൊഴും തണ്റ്റെ ലാളിത്യത്തിനാല്‍ അദ്ദേഹം ഉയര്‍ന്നു നില്‍ക്കുന്നു, ആറടിക്കാരേയും സുന്ദരന്‍മാരായ നായകന്‍മാരേയും കുള്ളന്‍മാരാക്കുന്നു.

നന്നായി പഠിച്ചിട്ടും പൂമ്പാറ്റകളുടെ ഇടയില്‍ ഇരിക്കാതെ, കാണാനൊട്ടും ചേലില്ലാത്ത തണ്റ്റെ സ്ഥാനം പിന്‍ബെഞ്ചിലാണെന്ന്‌ സ്വയം തീരുമാനിച്ചതും, നാലാം ക്ളാസ്സില്‍ വെച്ച്‌ പഠിത്തം നിര്‍ത്താന്‍ നിര്‍ബന്ധിതനായതും ഇത്തിരി പോലും നാട്യമില്ലാതെയാണ്‌ ഇന്ദ്രന്‍സ്‌ വിവരിക്കുന്നത്‌. പണ്ട്‌ പിന്‍ബെഞ്ചിലിരു്‌ പഠിച്ച്‌ ഇടയ്ക്ക്‌ വെച്ച്‌ പഠിത്തം നിര്‍ത്തിപ്പോയ അതേ സ്കൂളില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുന്‍സീറ്റിലില്‍ ഇടം പിടിക്കാതെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന്‌ വേദിയിലിരുന്ന്‌ തിരഞ്ഞത്‌ തികഞ്ഞ ആത്മാര്‍ഥമായിത്തയൊണ്‌ ഇന്ദ്രന്‍സ്‌ പറയുന്നത്‌. തണ്റ്റെ ഇഷ്ടപ്പെട്ട തൊഴില്‍ ഇപ്പോഴും തയ്യലാണെന്ന്‌ പറയാന്‍ ഒട്ടും മടിയില്ല, അദ്ദേഹത്തിന്‌.

സിനിമയില്‍ തിരശ്ശീലയ്ക്ക്‌ പിമ്പിലും മുമ്പിലും പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നടത്തിയ നിരീക്ഷണം 'സിനിമയില്‍ ഫോര്‍വേഡുകള്‍ മാത്രമേയുള്ളു' എത്‌ വളരെ കൃത്യമാണ്‌. മമ്മൂട്ടിയെ ഡബിള്‍ബുള്‍ ഷര്‍ട്ടിണ്റ്റെ കാര്യത്തില്‍ പറ്റിച്ച സംഭവത്തില്‍ തമാശയുണ്ടെങ്കിലും നമ്മുടെ നായകനടന്‍മാരുടെ അനാവശ്യ ജാഢകളിലേയ്ക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌. താരങ്ങളുടെ പെരുമാറ്റത്തിലെ ധിക്കാരം, മറ്റുള്ളവരോടുള്ള പുഛം ഒക്കെ തുറന്നെഴുതുമ്പോള്‍ അതിണ്റ്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ ഒട്ടും ബേജാറാവുന്നില്ല ഇന്ദ്രന്‍സ്‌. രാജാവ്‌ നഗ്നനാണ്‌ എന്ന്‌ വിളിച്ച്‌ പറഞ്ഞ കുട്ടിയെപ്പോലെ ഒരു നിയോഗമെന്ന മട്ടില്‍ തണ്റ്റെ അഭിപ്രായം അദ്ദേഹം തുറന്ന്‌ പറയുന്നു.

സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തുകൊണ്ടിരിക്കെ കൃത്യമായി പ്രതിഫലം കിട്ടാതിരിക്കുമ്പോഴും തമിഴ്നാട്ടിലെ നേതാക്കളുടെ ഗുണ്ടായിസത്തിനിരയാകുമ്പോഴും സഹായിക്കാന്‍ ഒരു സംഘടന ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിച്ചതായി അദ്ദേഹം പറയുന്നു. ഒടുവില്‍ കേരളത്തില്‍ സംഘടന വന്നപ്പോള്‍ പരസ്പരം മത്സരിക്കാനും തെറിവിളിക്കാനും മാത്രമേ സംഘടനയ്ക്ക്‌ സമയമുള്ളൂ എന്ന്‌ ഇന്ദ്രന്‍സ്‌ അമര്‍ഷം കൊള്ളുന്നു. ഇതിനിടയില്‍ സിനിമയേയും, അതിലെ യഥാര്‍ഥ പ്രശ്നങ്ങളെയും സിനിമാപ്രവര്‍ത്തകരുടെ ആവശ്യങ്ങളെയും ഒക്കെ ഓര്‍ക്കാന്‍ സംഘടനകള്‍ക്ക്‌ സമയം കിട്ടുന്നില്ല എന്നും അദ്ദേഹം.

ഇടതുപക്ഷത്തെപ്പറ്റിയുള്ള നിരീക്ഷണത്തിലുമുണ്ട്‌ ഈ ധൈര്യവും സ്ഥൈര്യവും. കൃത്യമായ രാഷ്ട്രീയ നിലപാടുള്ളവര്‍ പോലും രാഷ്ട്രീയ പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടെടുക്കാന്‍ തയ്യാറാവാതെ അഴകൊഴമ്പന്‍ വാക്കുകള്‍ പറഞ്ഞൊഴിയുന്നതാണ്‌ നമ്മള്‍ കണ്ടുവരുന്നത്‌. മറ്റു പല താരങ്ങളെപ്പോലെ തണ്റ്റെ ആരാധകവൃന്ദങ്ങളേയും ഫാന്‍സ്‌ അസോസിയേഷന്‍സിനേയും പേടി ഇല്ലാത്തതുകോണ്ട്‌ ഒട്ടും കൂസാതെ അദ്ദേഹം നിലപാട്‌ പ്രഖ്യാപിക്കുന്നു. ഇടതുപക്ഷത്തിന്‌ എന്ത്‌ പോരായ്മകളുണ്ടെങ്കിലും അവരുടെ അഭാവം കേരള സാമൂഹ്യ രാഷ്ട്രീയ രംഗത്തിന്‌ നഷ്ടമായിരിക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ തരുന്നു.

കാഴ്ചയില്‍ ചെറുതായ ഈ മനുഷ്യന്‍ പറയുന്നതും ചെറിയ ചെറിയ കാര്യങ്ങളാണ്‌. പക്ഷെ ഇവയ്ക്ക്‌ നമ്മുടെയൊക്കെ ജീവിതത്തില്‍ ഒട്ടും ചെറുതല്ലാത്ത സ്ഥാനമാണുള്ളത്‌. വലിയ വായില്‍ വലിയ കാര്യങ്ങള്‍ വിളിച്ചുപറയാതെ ഇന്ദ്രന്‍സ്‌ നമ്മിലൊരാളാവുന്നു. എന്നാല്‍ നമ്മില്‍ നിന്നെല്ലാം ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.

Wednesday, January 13, 2010

പിണറായിയുടെ വീട്‌


ഫാ. മാത്യു കോയിക്കലാണ്‌ 'പിണറായിയുടെ വീടി'ണ്റ്റെ ചിത്രം ഇ-മയിലില്‍ അയച്ചു തന്നത്‌. ഏറെ നാളുകള്‍ക്കുശെഷമാണ്‌ ഫാ. മാത്യു കോയിക്കലിണ്റ്റെ ഒരു മെയില്‍ കിട്ടുന്നത്‌. അത്‌ സി.പി.എം സെക്രട്ടറിയും കേരളത്തിലെ മാധ്യമങ്ങളുടെ, അതിലൂടെ നല്ലൊരു ശതമാനം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരല്ലാത്ത സാധാരണജനങ്ങളുടെയും കണ്ണില്‍ വെറുക്കപ്പെട്ടവനുമായ പിണറായി വിജയണ്റ്റെ വീടിണ്റ്റെ ചിത്രമായതും യാദൃശ്ചികമല്ല തന്നെ.

ഫാ. മാത്യു കോയിക്കലിനെ പാരിചയമുണ്ട്‌. ഏതാണ്ട്‌ രണ്ടു വര്‍ഷം ഞങ്ങള്‍ ദെല്‍ഹി വസന്ത്‌കുഞ്ച്‌ മലയാളി അസ്സോസിയഷനില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അദ്ദേഹം അതിണ്റ്റെ പ്രസിഡണ്റ്റായിരുന്നു, ഞാന്‍ കലാസാംസ്കാരിക പരിപാടികളുടെ സംഘാടകനും. രാഷ്ട്രീയം ഒരിക്കലും ഞങ്ങള്‍ സംസാരിച്ചിരുന്നതായി ഓര്‍മയില്ല. എങ്കിലും എണ്റ്റെ കമ്യൂണിസ്റ്റ്‌ ഭൂതകാലത്തിണ്റ്റെ സൂചനകള്‍ ഫാദറിന്‌ കിട്ടിയിരിക്കണം. അതങ്ങനെയാണ്‌ ഒരിടതുപക്ഷക്കാരന്‍ അവണ്റ്റെ നിറം അവന്‍ പോലുമറിയാതെ പുറത്തുകാണിച്ചു പോകും. അമേരിക്കയോ പാലസ്തീനോ ആണവക്കരാറോ ഗുജറാത്തോ അങ്ങനെ എന്തെങ്കിലും വിഷയം എപ്പോഴും അവനെ അവനായി കാണിക്കാന്‍ തയ്യാറായി ചുറ്റുമുണ്ട്‌. എം.എന്‍.വിജയന്‍ മാഷ്‌ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍ത്തുപോകുന്നു, "നിങ്ങളുടെ വാക്കുകള്‍ നിങ്ങളെ വിവസ്ത്രനാക്കുന്നു".

ഒരു പഴയ കമ്യൂണിസ്റ്റായ എണ്റ്റെ ഉള്ളില്‍ ചില പുണ്ണുകളുണ്ടവുമെന്നും അതില്‍ ഒന്ന്‌ കുത്തി നോവിക്കുക എന്നും ഉള്ള തികച്ചും സ്വഭാവികമായ ഒരു കുസൃതി മാത്രമേ ഫാദര്‍ ഉദ്ദേശിച്ചിരിക്കുകയുള്ളു. എണ്റ്റെ ഉള്ളില്‍ പുണ്ണുകള്‍ ധാരാളമുണ്ടെന്നത്‌ നേര്‌. അതില്‍ കുത്താനും നോവിക്കാനും ഇതിലും അടിസ്ഥാനപരമായ ധാരാളം വിഷയങ്ങള്‍ ഉണ്ടെന്നത്‌ വേറെ കാര്യം. അതല്ല ഈ കുറിപ്പിണ്റ്റെ ഉദ്ദേശം.

'പിണറായിയുടെ വീടി'ണ്റ്റെ സത്യം ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അത്‌ ചെയ്തത്‌ ആരാണെന്നതോ അതിണ്റ്റെ ഉദ്ദെശം എന്താണെന്നതൊ ഒക്കെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ പോലീസും അതിണ്റ്റേതായ സംവിധാനവുമുണ്ട്‌. അവര്‍ അത്‌ ചെയ്യട്ടെ. തികച്ചും ആസൂത്രിതമായി ചിലര്‍ നടത്തിയ ഒരു അസത്യപ്രചരണം എത്ര പെട്ടെന്ന്‌ എത്ര ആയിരം ആളുകളില്‍ എത്തിയിരിക്കണം?

ഇത്‌ തുടങ്ങിവെച്ചവര്‍ക്ക്‌ ചിലപ്പോള്‍ വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നിരിക്കണം. പക്ഷെ ഇതിണ്റ്റെ സത്യമറിയാതെ അത്‌ ഫോര്‍വേര്‍ഡ്‌ ചെയ്തുകൊണ്ടിരുന്ന ഫാദറിനെപ്പോലുള്ള ആളുകള്‍ക്കൊന്നും അങ്ങനെ ദുരുദ്ദേശം ഉണ്ടായിരുന്നിരിക്കില്ല. എന്നിട്ടും അതിണ്റ്റെ പ്രചരണം ജ്യോമെട്രിക്‌ പ്രോഗ്രെഷനില്‍ നടന്നു. ഇണ്റ്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ക്കറിയാം ഒരു ഇ-മെയില്‍ കിട്ടുന്ന ആള്‍ അത്‌ ഫോര്‍വേര്‍ഡ്‌ ചെയ്യുന്നത്‌ തണ്റ്റെ അഡ്രസ്സ്‌ ലിസ്റ്റില്‍ ഉള്ള ആളുകള്‍ക്ക്‌ മൊത്തമായിട്ടാണ്‌.

എന്തുകൊണ്ടാണ്‌ ഇങ്ങനെയുള്ള ഇ-മെയില്‍ വന്‍പ്രചരണം നേടുന്നത്‌. പത്രത്തിലോ മറ്റു മീഡിയയിലോ വരുന്ന കാര്യങ്ങള്‍ ഇങ്ങനെ മുന്‍പിന്‍ നോക്കാതെ ആരും ഇക്കാലത്ത്‌ വിഴുങ്ങാറില്ല. വരുന്ന പത്രത്തിനും അല്ലെങ്കില്‍ ചാനലിനും അവരുടേതായ രാഷ്ട്രീയം ഉണ്ടെന്നുള്ള കാര്യം കേരളത്തിലെങ്കിലും എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇണ്റ്റര്‍നെറ്റിണ്റ്റെ കാര്യം അങ്ങനെയല്ല.

കമ്പ്യുട്ടറിന്‌ തെറ്റ്‌ പറ്റില്ല എന്നത്‌ കേവലയുക്തി നമ്മളെ പഠിപ്പിച്ചിട്ടുണ്ട്‌. ഇണ്റ്റര്‍നെറ്റില്‍ വരുന്ന കാര്യം കമ്പ്യുട്ടര്‍ എന്ന സൂപ്പര്‍ ഇണ്റ്റെലിജെണ്റ്റ്‌ ആയ ഉപകരണം ആണ്‌ നമ്മുടെ മുന്നില്‍ എത്തിക്കുന്നത്‌. ഇണ്റ്റര്‍നെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളും കമ്പ്യൂട്ടര്‍ എന്ന തെറ്റ്‌ പറ്റാത്ത ഉപകരണവുമായി എങ്ങനെയോ ഒരു താദാത്മ്യം നാമറിയാതെ വന്നുചേരുന്നുണ്ട്‌. ഇത്‌ കാരണമായിരിക്കുമോ ഇണ്റ്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥയില്‍ ഒരു ചെറിയ സംശയം പോലുമില്ലാതെ ഒരുമാതിരിപ്പെട്ട എല്ലാവരും അവ മറ്റുള്ളവര്‍ക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. സത്യം എന്താണെന്നാല്‍ ഇങ്ങനെ ഫോര്‍വേര്‍ഡ്‌ ചെയ്യപ്പെടുന്ന ഭൂരിഭാഗം മെയിലുകളും തികഞ്ഞ അസംബന്ധമാണ്‌. ഇതറിയാതെ അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ നമ്മളൂം ഈ അബദ്ധങ്ങളുടെ പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുന്നു.

ഇണ്റ്റര്‍നെറ്റില്‍ ഇങ്ങനെ പ്രചരിക്കുന്ന മെയിലുകളുടെ ചില ഉദാഹരണങ്ങള്‍

ഈ മെയില്‍ നിങ്ങള്‍ അഞ്ചുപേര്‍ക്ക്‌ അയച്ചാല്‍ ഒരു അത്ഭുതം സംഭവിക്കും. പത്തു പേര്‍ക്കയച്ചാല്‍ അത്യത്ഭുതം. പതിനഞ്ചുപേര്‍ക്കയച്ചാലോ മഹാത്ഭുതം. ഇങ്ങനെയുള്ള വെളിപാടുകള്‍. ഇത്‌ വെറും തട്ടിപ്പാണെന്ന്‌ പറയാനുള്ള ആര്‍ജവം എപ്പോഴും സ്വന്തം സുരക്ഷിതത്തെക്കുറിച്ച്‌ പേടിയുള്ള നമ്മള്‍ക്ക്‌ കൈമോശം വന്നിരിക്കുന്നു.

എ.ടി.എം റൂമില്‍ വെച്ച്‌ കള്ളന്‍മാര്‍ നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ കാര്‍ഡ്‌ നമ്പര്‍ വിപരീതക്രമത്തില്‍ ഫീഡ്‌ ചെയ്യുക. എങ്കില്‍ പോലീസിന്‌ സന്ദേശം കിട്ടും, പോലീസെത്തി നിങ്ങളെ രക്ഷിക്കും എന്ന പ്രായോഗികമായ 'അറിവു'കള്‍. (അതെങ്ങനെ സാധിക്കും എന്ന്‌ ഒരു സംശയം പോലും തോന്നാതെ നമ്മള്‍ അത്‌ എല്ലാവര്‍ക്കും അയച്ചു).

പുതുതലമുറയുടെ വിജയപ്രതീകമായ ബില്‍ ഗേറ്റ്സ്‌ തണ്റ്റെ സ്വത്തിണ്റ്റെ നല്ലൊരു ഭാഗം ഈ ലോകത്തിലെ ജനങ്ങള്‍ക്കായി പങ്കുവെക്കുന്നു. ഒരു പങ്ക്‌ കിട്ടാന്‍ ഈ മെയില്‍ പതിനഞ്ച്‌ പേര്‍ക്കയക്കുക. അങ്ങനെ ഭാഗ്യാന്വേഷികളെത്തേടി വേറൊരു മെയില്‍. പോയാല്‍ ഒരു മെയില്‍; കിട്ടിയാലോ.... അതും നമ്മള്‍ ഫോര്‍വേര്‍ഡ്‌ ചെയ്തു.

മനസ്സില്‍ നന്‍മയുടെയും കാരുണ്യത്തിണ്റ്റേയും ഉറവ വറ്റിയിട്ടില്ലാത്തവരെ ഉദ്ദേശിച്ച്‌ വേറൊരു മെയില്‍. അത്യാസന്നനിലയില്‍ കിടക്കുന്ന ഒരു കുഞ്ഞിണ്റ്റെ ഫോട്ടോയും ഒരു സന്ദേശവും. ഈ പിഞ്ചുകുഞ്ഞ്‌ ചികിത്സക്ക്‌ പണമില്ലാതെ ബുദ്ധിമുട്ടുന്നു. നിങ്ങള്‍ ചെയ്യേണ്ടത്‌ ഇത്ര മാത്രം. ഈ മെയില്‍ കഴിയുന്നത്ര പേര്‍ക്ക്‌ അയച്ചുകൊടുക്കുക. ഒരാള്‍ക്ക്‌ അയക്കുമ്പോള്‍ ആ കുടുംബത്തിന്‌ ഒരു ചെറിയ തുക കിട്ടുന്നു. നിങ്ങളില്‍ മനുഷ്യത്വത്തിണ്റ്റെ കണികയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഇത്‌ അയക്കും. ഒരു ചിലവുമില്ലാതെ തണ്റ്റെ മനുഷ്യത്വം കാണിക്കാന്‍ കിട്ടുന്ന ചാന്‍സ്‌ ആരെങ്കിലും വേണ്ടെന്ന്‌ വെക്കുമോ?

കിടക്കുന്ന കട്ടിലിണ്റ്റെ ദിശ നിര്‍ണ്ണയിക്കുന്നത്‌ തുടങ്ങി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്‌ വരെ ഇങ്ങനെ നമ്മുടെ മേല്‍ ചൊരിയാനിരിക്കുന്ന ഭൌതികാനുഗ്രഹവര്‍ഷം മുന്നില്‍ കണ്ടാണ്‌. ഇത്രയും പറഞ്ഞത്‌ ഇണ്റ്റര്‍നെറ്റില്‍ പ്രചരിക്കുന്ന കാര്യങ്ങളോട്‌ അഭ്യസ്തവിദ്യര്‍ പോലും എടുക്കുന്ന സമീപനം എത്ര ലാഘവത്തോടുള്ളതാണ്‌ എന്ന്‌ കാണിക്കാന്‍ മാത്രം.

പത്രത്തിലോ മറ്റു മീഡിയയിലോ ഇങ്ങനെ ഒരു അസത്യം ആര്‍ക്കും പ്രചരിപ്പിക്കാനാവില്ല. ചില മുത്തശ്ശിപ്പത്രങ്ങള്‍ ചില വാര്‍ത്തകളും ചിത്രങ്ങളും ഇങ്ങനെ കൃത്യമായ ഉദ്ദേശത്തോടുകൂടി പലപ്പോഴും പ്രചരിപ്പിച്ചിണ്ടുണ്ടെങ്കിലും അതിനും ചില മറയും മറക്കുടയും ഉണ്ടായിരുന്നു. നാട്ടിലെ നിയമങ്ങളേയും മറ്റും പേടിച്ചുതന്നെയാണ്‌ പച്ചയായ നുണപ്രചരണങ്ങള്‍ക്ക്‌ ചിലരെങ്കിലും മുതിരാത്തത്‌.

ഇത്തരം നുണപ്രചരണങ്ങള്‍ തടയാന്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്‌ ചെയ്യട്ടെ. നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലെങ്കില്‍ പുതിയ നിയമനിര്‍മാണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകട്ടെ. പക്ഷെ ഇണ്റ്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന നമ്മള്‍ കുറച്ചുകൂടി വിവേചനബുദ്ധി കാണിക്കേണ്ടതല്ലേ എന്നതാണ്‌ പ്രസക്തമായ ചോദ്യം. അതില്ലെങ്കില്‍ നിയമങ്ങള്‍ കൊണ്ട്‌ ഒരു കാര്യവുമില്ലാതെ വരും.

Tuesday, January 5, 2010

പ്രണയം പടിയിറങ്ങിയപ്പോള്‍

സിജി സുരേന്ദ്രന്‍ ഇട്ട ഒരു പോസ്റ്റ്‌ വായിക്കാനിടയായി. 'വീണ്ടുമൊരു കൂടിക്കാഴ്ച'. തന്നെ വിട്ട്‌ മറ്റൊരു കൂട്‌ തേടിപ്പോയ കാമുകന്‍ പുതിയ ഇണയുമായി കാമുകിയെ കാണാന്‍ വരുന്നതും അതു കാമുകിയില്‍ ഉണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങളും ആണ്‌ വിഷയം. അതിണ്റ്റെ ഒരു മറുപുറം ആലോചനയില്‍ വന്നു. എഴുതണമെന്ന്‌ തോന്നി.

കഥ തുടങ്ങുമ്പോള്‍ നായകന്‌ പതിനേഴോ പതിനെട്ടൊ വയസ്സ്‌. നായിക പതിനഞ്ചിലും. നായിക വിരുന്നു വരുന്നത്‌ നായകണ്റ്റെ അയല്‍പക്കത്ത്‌. പയ്യന്‌ നീണ്ട മുടി പോലെത്തന്നെ പാട്ടുകളും ശരീരത്തിണ്റ്റെ ഭാഗം. നന്നായി പാടുമായിരുന്ന പയ്യന്‍ ചെടികളേയും മരങ്ങളേയും തണ്റ്റെ കേള്‍വിക്കാരാക്കി. (റിയാലിറ്റി ഷോകള്‍ ഇല്ലാത്ത കാലമാണല്ലോ. ആനയ്ക്‌ മുമ്പേ ചങ്ങലനാദം എന്ന പോലെ പയ്യണ്റ്റെ യാത്രയ്ക്‌ മുന്നോടിയായി പാട്ടുകള്‍ ഉണ്ടായിരുന്നു. കൌമാരപ്രണയം വിരിയാന്‍ പറ്റിയ പശ്ചാത്തലം. ഇന്നത്തെപ്പോലെ മോട്ടോര്‍ ബൈക്കോ, മൊബൈല്‍ ഫോണോ ആയിരുന്നില്ല പ്രണയം വിരിയാന്‍ മിനിമം ചേരുവ.

പയ്യന്‍ ഹൃദയം തുറന്ന്‌ പാടി. ശ്രുതി തെറ്റിയോ സംഗതികള്‍ പാളിയോ എന്ന്‌ നോക്കാതെ കാമുകി കണ്ണുകള്‍ കൊണ്ട്‌ അഭിനന്ദങ്ങള്‍ വാരി വിതറി. വരികളിലെ പ്രണയം കാമുകിയുടെ കവിളിണയില്‍ ചെമ്പനീര്‍ പൂവായ്‌ വിരിഞ്ഞു. അവള്‍ ഓടിപ്പോകും വസന്തമായി. ശ്രീകുമാരന്‍ തമ്പിയുടെയും അര്‍ജുനന്‍മാഷുടേയും പാട്ടുകള്‍ മഴയായ്‌ പെയ്തിറങ്ങി. മഴയ്‌കുശേഷവും മരങ്ങള്‍ നിര്‍ത്താതെ പെയ്തുകൊണ്ടേയിരുന്നു. വയലാറിണ്റ്റെയും ഭാസ്കരന്‍ മാഷിണ്റ്റെയും വിരഹഗനങ്ങളോ, ബാബുരാജിണ്റ്റെ ഗസലുകളോ ഉള്ളിലെത്താന്‍ തുടങ്ങിയിരുന്നില്ല.

ഗ്രാമത്തിലെ ഒരേയൊരു സിനിമാക്കൊട്ടകയില്‍ കയറാന്‍ ഒരു സൌഭാഗ്യം പോലെ കിട്ടുന്ന അവസരങ്ങള്‍ അവള്‍ അവനെ അറിയിച്ചു. അവന്‍ പുരുഷന്‍മാര്‍ക്കുള്ള നിരയില്‍ ബെഞ്ച്‌ ടിക്കറ്റെടുത്തു കയറി. അവള്‍ അമ്മയൊടും സഹോദരങ്ങളോടുമൊപ്പം സ്ത്രീകളുടെ നിരയിലും. പ്രേംനസീറിണ്റ്റെയും ഷീലയുടേയും പ്രണയത്തില്‍ അവര്‍ അകലത്തിരുന്നും ഒരുമിച്ച്‌ നനഞ്ഞു. അവരുടെ പ്രേമമുദ്രകള്‍ അവര്‍ സ്വന്തം ഉടലില്‍ ഏറ്റുവാങ്ങി. പ്രേംനസീര്‍ ഷീലയുടെ കവിളില്‍ ഉമ്മ വെച്ചപ്പോള്‍ രക്തം ഇരച്ചുകയറിയത്‌ അവളുടെ കവിളില്‍ ആയിരുന്നു. ആ നിര്‍വൃതിയില്‍ നിറഞ്ഞ്‌ അവര്‍ വീടുകളിലേക്ക്‌ തിരിച്ചു പോയി.

രണ്ട്‌ കൌമാരഹൃദയങ്ങളുടെ ഉത്സവമായ പ്രണയം മറ്റുള്ളവര്‍ക്ക്‌ പൊറുക്കാന്‍ കഴിയാത്ത തെറ്റായിരുന്നു. ഒളിഞ്ഞും മറഞ്ഞുമുള്ള കുറ്റപ്പെടുത്തലുകള്‍. പ്രണയിക്കുന്ന തങ്ങളെ നോക്കി പൂക്കള്‍ ചിരിക്കുമ്പോള്‍, മരച്ചില്ലകള്‍ ചാമരം വീശുമ്പോള്‍ ഈ മനുഷ്യര്‍ മാത്രം എന്താണിങ്ങനെ എന്ന്‌ മനസ്സിലാകാതെ അവര്‍ നൊമ്പരപ്പെട്ടു. എങ്കിലും അവര്‍ കാണാതെയും കണ്ടുകൊണ്ടിരുന്നു. കേള്‍ക്കാതെയും പരസ്പരം കേട്ടുകൊണ്ടിരുന്നു. അകലത്തിരുന്നും സാമീപ്യം അനുഭവിച്ചു.

കോളേജിലെ അവണ്റ്റെ ആദ്യ വര്‍ഷങ്ങള്‍ തികച്ചും സാധാരണമായിരുന്നു. പഠിത്തവും അത്യാവശ്യം സമരവും. കോളേജ്‌ കാമ്പസ്സുകള്‍ എസ്‌ എഫ്‌ ഐ വിതച്ച കൊടുങ്കാറ്റില്‍ പ്രകമ്പനം കൊണ്ടിരുന്ന എഴുപതുകള്‍. അതില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ മോശമല്ലാത്ത വായനയും ഉള്ളില്‍ പ്രായത്തിണ്റ്റെ തീയും കൊണ്ടുനടന്നിരുന്ന അവനാവുമായിരുന്നില്ല. അവനറിയാതെ ആ ഒഴുക്കിലേക്ക്‌ എടുത്തെറിയപ്പെട്ടു. പാട്ട്‌ പാടിയിരുന്ന അവന്‍ അത്‌ നിര്‍ത്തി. പകരം മുദ്രാവാക്യം വിളി ശീലിച്ചു. കൈയെഴുത്തുമാസികകളില്‍ കവിതയും കഥയും എഴുതിയിരുന്ന സര്‍ഗശക്തി പരിപൂര്‍ണമായും മുദ്രാവാക്യങ്ങള്‍ എഴുതുന്നതിലും നോട്ടീസ്‌ ഡ്രാഫ്റ്റ്‌ ചെയ്യുന്നതിലേക്കും മാറ്റി പ്രതിഷ്ഠിച്ചു. ആരും പറയാതെതന്നെ പ്രണയം അവണ്റ്റെ മനസ്സില്‍നിന്ന്‌ പടിയിറങ്ങി.

പ്രണയം കൌമാരകാല ദുര്‍ബലഹൃദയങ്ങളുടെ നേരമ്പോക്ക്‌ മാത്രമാണെന്നും വിപ്ളവകാരികള്‍ക്ക്‌ അത്തരം നേരമ്പോക്കുകള്‍ക്ക്‌ സമയമില്ലെന്നും അവന്‍ മനസ്സിലാക്കി. ഉള്ളില്‍ എരിഞ്ഞു നിന്ന വിപ്ളവത്തീയില്‍ കരിയാന്‍ മാത്രമുള്ളതായിരുന്നു പ്രണയത്തിണ്റ്റെ കളകള്‍. കാട്ടാളന്‍ എഴുതിയപ്പോള്‍ തന്നെ കടമ്മനിട്ട ശാന്തയും എഴുതിയെന്നത്‌ വിപ്ളവത്തിണ്റ്റെ തിളപ്പില്‍ അറിയാന്‍ കൂട്ടാക്കാതിരുന്ന കാലം. നെരൂദയുടെ പ്രണയകവിതളോ മാര്‍ക്സ്‌ ജെന്നിക്കെഴുതിയ പ്രണയകവിതകളോ വായിച്ചിരുന്നില്ല. വായിച്ചിരുന്നെങ്കില്‍ക്കൂടി മാര്‍ക്സിനേക്കാള്‍ വലിയ മാര്‍ക്സിസ്റ്റാകുവാനുള്ള ആവേശത്തില്‍ അവ ഉള്ളില്‍ കയറുമായിരുന്നില്ല.

ആരും നിര്‍ബന്ധിക്കാതെ, ആരോടും പറയാതെ അവന്‍ ഒരു തീരുമാനത്തിലെത്തി. ആ തീരുമാനത്തിണ്റ്റെ പതാക അവന്‍ ഉള്ളില്‍ ആഴത്തില്‍ കുത്തിനിര്‍ത്തി. സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്കായി ജീവിതം തന്നെ ത്യജിച്ച അനേകം വിപ്ളവകാരികള്‍ അവണ്റ്റെ ഉള്ളില്‍ നിന്ന്‌ മുഷ്ടി ചുരുട്ടി അഭിവാദനങ്ങള്‍ നേര്‍ന്നു. കാത്തുനിന്ന തണ്റ്റെ കാമുകിയുടെ അടുത്തെത്തിയ അവന്‍ അവളുടെ മുഖത്തുനോക്കിയില്ല. തികച്ചും നാടകീയമായി അവന്‍ തണ്റ്റെ തീരുമാനം അവളോട്‌ പറഞ്ഞു. അവണ്റ്റെ ശബ്ദത്തിലെ നിസംഗത അവള്‍ക്ക്‌ പരിചയമുണ്ടായിരുന്നില്ല. അവള്‍ വിശ്വാസം വരാതെ അവനെ നോക്കി നിന്നു. പിന്നെ പതിഞ്ഞ ശബ്ദത്തില്‍ നിര്‍ത്താതെ കരഞ്ഞു. ആ കരച്ചില്‍ അവണ്റ്റെ കാതില്‍ വീണില്ല. അവന്‍ തിരിഞ്ഞു നടന്നു, തണ്റ്റെ പ്രണയം വിപ്ളവത്തിനായി ത്യജിച്ച വിപ്ളവകാരികളില്‍ ഒരാളായ്‌ നെഞ്ചുയര്‍ത്തിതന്നെ.

അവളുടെ വിവാഹം കഴിഞ്ഞു. ക്ഷണിച്ചിരുന്നെങ്കിലും അവന്‍ പോയില്ല. അവന്‍ വിപ്ളവപ്രവര്‍ത്തനത്തിനിടയിലും പഠിച്ചു. മാര്‍ക്ക്‌ കുറഞ്ഞെങ്കിലും മോശമില്ലാതെ പാസ്സായി. പ്രവര്‍ത്തനം യുവജനരംഗത്തേക്കും, പിന്നീട്‌ പാര്‍ട്ടിയിലേക്കും വളര്‍ന്നു. താമസിയാതെ തന്നെ സ്വപ്നങ്ങളും യാഥാര്‍ത്യവും തമ്മിലുള്ള അന്തരം മനസ്സിലായിത്തുടങ്ങി. വീര്‍പ്പുമുട്ടി തുടങ്ങാന്‍ ഏറെ സമയം വേണ്ടിവന്നില്ല. പാര്‍ട്ടിയില്‍ അന്യനായിത്തുടങ്ങുന്നോ എന്ന്‌ തോന്നിയ കാലത്ത്‌ ഒരു ഭാഗ്യം പൊലെ ജോലി കിട്ടി, അതും അന്യ നാട്ടില്‍.

നാട്ടില്‍ വരുമ്പോളൊക്കെ സുഹൃത്തുക്കള്‍ പറയുമായിരുന്നു, അവളുടെ വിശേഷങ്ങള്‍. അമ്മയായതും എന്നാല്‍ ഇപ്പോഴും തന്നോടുള്ള സ്നേഹം അടുത്ത സുഹൃത്തുക്കളോട്‌ പറഞ്ഞതും. ഉള്ളില്‍ തോന്നിയത്‌ സന്തോഷത്തേക്കാള്‍ കൂടുതല്‍ സ്വല്‍പം അഹങ്കാരമാണ്‌.

ഒരിക്കല്‍ ലീവിന്‌ നാട്ടില്‍ വന്നപ്പോള്‍ അവളുടെ അനിയന്‍ വന്ന്‌ പറഞ്ഞു, 'ചേച്ചി ഒന്ന്‌ കാണണമെന്ന്‌ പറഞ്ഞു. വീട്ടില്‍ വന്നിട്ടുണ്ട്‌.' എന്ന്‌. ഏറെ സംശയിച്ചാണെങ്കിലും ഒടുവില്‍ പോകാന്‍ തീരുമാനിച്ചു. അവളുടെ വീട്ടില്‍ പലതവണ സന്ദര്‍ശിച്ചിട്ടുള്ളതായിരുന്നു. കുറെ നേരം സംസാരിച്ചിരുന്നു. ചായ കുടിച്ച്‌ തിരിച്ചു പോന്നു. പിന്നീട്‌ ഇത്‌ പല തവണ ആവര്‍ത്തിച്ചു. ലീവില്‍ വരുമ്പോഴെല്ലാം ഒരു തവണയെങ്കിലും അവളെ കാണുന്നത്‌ പതിവായി. അതിനിടെ അവണ്റ്റെ വിവാഹം കഴിഞ്ഞു. അവളും ഭര്‍ത്താവും വന്നു, കല്യാണം കൂടി. പിന്നീട്‌ കുറെ നാള്‍ ഒരു വിവരവും ഉണ്ടായില്ല. സ്ഥലം മാറ്റം കാരണം കുറെകൂടി ദൂരെ പോയി. ഒടുവില്‍ നാട്ടില്‍ പോസ്റ്റിംഗ്‌ ആയി തിരിച്ചെത്തി. മകന്‍ പിറന്നു. അവന്‌ ഒരു വയസ്സായി. അപ്പോള്‍ ഒരു ദിവസം അവളുടെ അനിയന്‍ വന്നു പറഞ്ഞു, ചേച്ചി വീട്ടിലുണ്ടെന്ന്‌.

അവന്‌ തോന്നിയത്‌ ഒരു കുസൃതിയാണ്‌. ശ്രീമതിയോട്‌ പറഞ്ഞു, 'ഇന്ന്‌ നമുക്കൊരു സ്ഥലത്ത്‌ പോകണം.' എവിടെയാണെന്ന അവളുടെ ചൊദ്യത്തിന്‌ മറുപടി പറഞ്ഞില്ല. അറിഞ്ഞിരുന്നെങ്കില്‍ അവള്‍ മടിക്കുമോ എന്ന്‌ ഒരു സംശയം. ആദ്യം കയറിചെന്നത്‌ അവനാണ്‌. അവളുടെ കവിളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിരിഞ്ഞ അതേ പനിനീര്‍ പൂ. പുറകില്‍ മകന്‍ പിച്ച വെച്ച്‌ കയറി വന്നു. പിന്നാലെ ശ്രീമതിയും. വിരിഞ്ഞുനിന്ന പനിനീര്‍പ്പൂ വാടിയത്‌ അവന്‍ മാത്രമറിഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ സംസാരിച്ചു, ചായ കുടിച്ചു. തിരിച്ചു പോന്നു. പിന്നീടൊരിക്കലും അവള്‍ കാണണമെന്ന്‌ ആവശ്യപ്പെട്ടില്ല. ഒരു കുസൃതി മാത്രമായി ഞാന്‍ ചെയ്ത കാര്യം അവന്‍ ഉദ്ദേശിക്കാത്ത ഒരു സന്ദേശമാണ്‌ അവള്‍ക്ക്‌ നല്‍കിയതെന്ന്‌ അപ്പോള്‍ മാത്രമാണ്‌ അവന്‌ മനസിലായത്‌. പ്രണയം പടിയിറങ്ങിപ്പോയ അവണ്റ്റെ മനസ്സിന്‌ അറിയാന്‍ കഴിയാത്ത ഒരവസ്ഥയാണത്‌.

ആദ്യം പ്രണയം അവണ്റ്റെ മനസ്സില്‍ നിന്ന്‌ പടിയിറങ്ങി. പിന്നീട്‌ വിപ്ളവത്തില്‍ നിന്ന്‌ അവന്‍ പുറത്തായി. പിന്നീടെപ്പോഴോ അവന്‍ ഇങ്ങനെ കുറിച്ചു,
ചിത്രശലഭത്തിണ്റ്റെ
അറ്റുപോയ ചിറകാണെണ്റ്റെ പ്രണയം
ഒഴുക്കില്‍ നിന്ന്‌ വേര്‍പെട്ട്പോയനീര്‍ച്ചാല്‍.

****