Tuesday, March 27, 2018

വീണയേന്തിയ അർജുനൻ

ഒടുവിൽ അർജുനൻ മാഷെ തേടി കേരള സർക്കാരിന്റെ അവാർഡ് എത്തിയിരിക്കുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ. അവാർഡിനർഹമായ പാട്ട് ഇതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ ഗുണമേന്മയെ പറ്റി പറയാൻ കഴിയില്ല. പക്ഷേ ഈ അവാർഡിനെ ഒരു പ്രായശ്ചിത്തമായി കണ്ടാൽ പോലും തെറ്റാകില്ലെന്ന് തോന്നുന്നു. നാടക ഗാനങ്ങൾക്ക് 16 തവണ കേരള സർക്കാരിന്റെ അവാർഡ്  അർജുനൻ മാഷ്ക്ക് കിട്ടിയിട്ടുണ്ട് എന്ന് കൂടി ഓർക്കുക. 

മാഷ് നല്ല പാട്ടുകൾ ചെയ്യാഞ്ഞിട്ടല്ല അവാർഡിന്‌ പരിഗണിക്കപ്പെടാതിരുന്നത്. ഇന്നും നമ്മൾ മൂളിനടക്കുന്ന ഒരു പാട് നല്ല പാട്ടുകൾ മാഷ് ചെയ്തിട്ടുണ്ട്. ‘അനുരാഗമേ മധുരമധുരമാമനുരാഗമേ’ ‘ദ്വാരകേ ദ്വാരകേ’ - ‘ഹലോ ഡാർളിംഗ്’, ‘പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു’, ‘യമുനേ യദുകുല രതിദേവനെവിടെ’ - ‘റസ്റ്റ് ഹൗസ്’, ‘ഹൃദയമുരുകി നീ’ - ‘കറുത്ത പൗർണമി’ ‘ചമ്പകതൈകൾ പൂത്ത മാനത്ത്’ - ‘കാത്തിരുന്ന നിമിഷം’ ഇവയൊക്കെ അതി സുന്ദരങ്ങളായ പാട്ടുകൾ തന്നെ. 

പക്ഷേ അർജുനൻ മാഷ് ചെയ്ത പാട്ടുകൾ ഒട്ടുമിക്കവയും അക്കാലത്തെ ജനപ്രിയ സംവിധായകരായ ശശികുമാർ, എ.ബി. രാജ് പോലുള്ളവരുടെ പടങ്ങളായിരുന്നു. അവയൊന്നും  അവാർഡിന്‌ അയക്കാനുള്ള സാഹസം ആരും കാണിച്ചിരുന്നില്ല. മുന്നിലെത്തുന്ന സിനിമകൾക്കപ്പുറത്ത് നല്ല പാട്ടുകൾ തേടുന്ന രീതി അന്നുണ്ടായിരുന്നില്ല. പക്ഷേ ഇതിലൊരു പരാതിയും പരിഭവവും മാഷുക്കുണ്ടായിരുന്നില്ല. അനാഥാലയത്തിൽ തുടങ്ങിയ ജീവിതത്തിൽ നേടിയതൊക്കെ വലിയ കാര്യങ്ങൾ എന്ന വിനയമായിരുന്നു, അദ്ദേഹത്തിന്‌. ഇത് ഒരിക്കൽ നേരിട്ട് പറഞ്ഞതുമാണ്‌. മലയാളത്തിന്റെ മഹാ ഗായകൻ യേശുദാസിന്റെ ശബ്ദം ആദ്യം റെക്കോഡ് ചെയ്തത് താനാണെന്നുള്ള സത്യം പോലും അദ്ദേഹം ഈയടുത്താണ്‌ തുറഞ്ഞു പറഞ്ഞത്. 

അർജുനൻ എന്ന പേര്‌ കേൾക്കുമ്പോൾ ഉള്ളിലെത്തുന്ന രൂപം മാർച്ചട്ടയും കിരീടവുമണിഞ്ഞ വില്ലാളിവീരന്റെ രൂപം തന്നെ. മഹാഭാരതത്തിലെ ഏറ്റവും വീരനായ യോദ്ധാവ്. എന്നാൽ ഈ അർജുനൻ താടി നീട്ടി ഒരു ശാന്തസമുദ്രം തന്നെ കണ്ണുകളിൽ വഹിക്കുന്ന സാത്വികൻ. ഒരാളോടും ഒന്നിനോടും വെറുപ്പോ കന്മഷമോ ഇല്ലാതെയിരിക്കുന്ന മൃദുഭാഷി. സംഗീതം കൊണ്ടുപോലും ഒരു സ്ഥാനവും വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കാത്ത നിസ്സംഗൻ. ഉള്ളിൽ നിറയെ സംഗീതവും ഭക്തിയും മാത്രം. മാതാ പിതാ ഗുരു ദൈവം എന്ന പാരമ്പര്യ രീതി അക്ഷരം പ്രതി വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്നവൻ. ദേവരാജൻ മാഷെ ഗുരുവായി കാണുമ്പോഴും ഗുരുവിന്റെ നാസ്തികത ശിഷ്യനെ തീണ്ടിയില്ല. 

ദേവരാജൻ മാഷാണ്‌ അർജുനൻ എന്ന യുവാവിനെ നാടക സംഗീതത്തിലേക്കെത്തിക്കുന്നത്. കെ.പി.എ.സിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ഓ.എൻ.വിയും ദേവരാജൻ മാഷും കാളിദാസകേന്ദ്രത്തിലെത്തിയ കാലം. ഒരു ഹാർമോണിസ്റ്റിനുവേണ്ടിയുള്ള അന്വേഷണം എത്തിയത് അർജുനനിൽ. കെ.പി.എ.സി നാടകങ്ങളിലെ പാട്ടുകളിലൂടെ കേട്ട് മാത്രം അറിയുന്ന പറവൂർ .ജി. ദേവരാജൻ എന്ന മാഹാനെ നേരിട്ട് കാണുവാനുള്ള മോഹമാണ്‌ അർജുനൻ മാഷെ കൊല്ലത്തെത്തിച്ചത്. കണിശക്കാരനായ ദേവരാജൻ മാഷ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചുപോരേണ്ടി വരുമെന്ന് പറഞ്ഞിരുന്നതിനാൽ തിരിച്ചുപോരാൻ തയ്യാറായി തന്നെയാണ്‌ അർജുനൻ എത്തിയത്. പക്ഷെ ദേവരാജൻ മാഷ് അർജുനനെ ഹാർമോണിസ്റ്റായി കൂടെ കൂട്ടി. വർഷങ്ങൾ നീണ്ട ഗുരു ശിഷ്യ ബന്ധം അന്ന് തുടങ്ങുകയായിരുന്നു.

1968-ൽ പുറത്തുവന്ന ‘കറുത്ത പൗർണമി’ എന്ന സിനിമയിലെ ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ’ എന്ന പാട്ടാണ്‌ അർജുനൻ മാഷ് സിനിമയിൽ ആദ്യമായി ചെയ്തത്. സാക്ഷാൽ ദേവരാജൻ മാഷും ബാബുരാജും ദക്ഷിണാമൂർത്തിയും രാഘവൻ മാഷും നിറഞ്ഞുനിന്നിരുന്ന സിനിമാഗാനരംഗത്ത് സ്വന്തമായൊരു ശബ്ദം കേൾപ്പിക്കാൻ ആദ്ദ്യ സിനിമ കൊണ്ട് തന്നെ അർജുനൻ മാഷ്ക്ക് സാധിച്ചു. ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലല കെട്ടും’,  ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ’, ശിശുവിനെ പോൽ പുഞ്ചിരി തൂകി‘, എന്നീ പാട്ടുകൾ യേശുദാസിന്റെ ശബ്ദത്തിൽ മികച്ചതായി. ‘പൊന്നിലഞ്ഞി ചോട്ടിൽ വെച്ചൊരു കിന്നരനെ കണ്ടു’ എന്ന പാട്ട് ബി. വസന്തയോടൊപ്പം പാടിയതും യേശുദാസ്. മറ്റൊരു സ്ത്രീ ശബ്ദം എസ്. ജാനകിയായിരുന്നു.  

പാട്ടുകൾ ചെയ്യുന്നതിനുമുമ്പായി ഗുരുവായ ദേവരാജൻ മാഷുടെ അനുഗ്രഹം വാങ്ങിയിരുന്നു. മാത്രമല്ല സിനിമയുടെ രീതികളും റെക്കോഡിംഗ് കാര്യങ്ങളുമൊന്നും അറിയാത്ത പുതുക്കകാരനായ അർജുനനെ സഹായിക്കാൻ ആർ.കെ. ശേഖർ എന്ന മ്യൂസിക് കണ്ടക്ടറെ വിട്ടുകൊടുത്തതും ദേവരാജൻ മാഷ് തന്നെ. 

പക്ഷേ അർജുനൻ മാഷ് താരമാവുന്നത് 1969-ൽ പുറത്തുവന്ന ‘റസ്റ്റ് ഹൗസ്’ എന്ന സിനിമയിലെ പാട്ടുകളിലൂടെയാണ്‌. അതോടുകൂടി മലയാളത്തിൽ പുതിയൊരു കൂട്ടുകെട്ടിന്റെ ഉദയവുമുണ്ടായി. ശ്രീകുമാരൻ തമ്പി-എം.കെ.അർജുനൻ. 1970-കളിൽ മലയാളത്തിൽ നിറഞ്ഞുനിന്ന കൂട്ടുകെട്ട് ഇതായിരുന്നു. കൂട്ടുകെട്ടിൽ നിന്ന് ആകെ പുറത്തുവന്ന 241 പാട്ടുകളിൽ 200-ൽ കൂടുതൽ പാട്ടുകൾ പുറത്തുവന്നത് 1970-കളിൽ ആയിരുന്നു.  അർജുനൻ മാഷ് 1975-ൽ മാത്രം 88 പാട്ടുകൾ ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. എന്നാൽ 1980-കളോടെ ഈ കൂട്ടുകെട്ടിന്റെ പ്രതാപകാലം കഴിഞ്ഞുപോയി. 

ദേവരാജൻ മാഷെ ഗുരുവായി എന്നും അർജുനൻ മാഷ് കണ്ടു. ഒരിക്കൽ ഒരു നാടകത്തിനുവേണ്ടി ദേവരാജൻ മാഷ് ചെയ്തുവെച്ച ഒരു പാട്ട് മാറ്റി ചെയ്യാൻ അർജുനൻ മാഷ് നിർബ്ബന്ധിതനായി. പുതിയൊരു ഗാനം ഓ.എൻ.വി സാറിനെ കൊണ്ട് എഴുതിക്കാൻ സമയമില്ല എന്നതിനാലാണ്‌ കാളിദാസ കലാകേന്ദ്രത്തിന്റെ നിർബ്ബന്ധത്തിനുവഴങ്ങി  ചെയ്തു വെച്ച പാട്ട് തന്നെ മാറ്റി ചെയ്യേണ്ടിവന്നത്. കലാകാരന്റെ ആത്മാഭിമാനത്തിന്‌ വലിയ വിലകൽപ്പിക്കുന്ന ദേവരാജൻ മാഷ്ക്ക് ഒരിക്കലും പൊറുക്കാൻ കഴിയാത്ത കാര്യമായിരുന്നു, അത്. ഒരു കത്ത് വഴി അർജുനൻ മാഷുമായുള്ള എല്ലാ ബന്ധവും നിർത്തുന്നതായി ദേവരാജൻ മാഷ് അറിയിച്ചു. 

ഗുരുവിനെ വഞ്ചിച്ചതായി തോന്നിയ വിനീത ശിഷ്യൻ ഇനി സംഗീതസംവിധാനം ചെയ്യില്ലെന്ന് പ്രഖ്യാപിക്കാൻ വരെ തയ്യാറായി. പക്ഷേ മറ്റുള്ളവരുടെ നിർബ്ബന്ധത്തിന്‌ വഴങ്ങി അദ്ദേഹം നിലപാട് തിരുത്തുകയായിരുന്നു. ഒടുവിൽ തൊണ്ണൂറുകളിലാണ്‌ ദേവരാജൻ മാഷ് പിണക്കം മറന്ന് അർജുനൻ മാഷോട് പൊറുത്തത്. 

ഈ സംഭവത്തിനുമുമ്പ് ഒരിക്കൽ കെ.എസ്.സേതുമാധവൻ വിളിച്ചതനുസരിച്ച് മദ്രാസിലെത്തിയ അർജുനൻ മാഷ് പടം ചെയ്യില്ലെന്ന് പറഞ്ഞ് വണ്ടിക്കൂലിയും വാങ്ങി തിരിച്ചു പോന്ന കഥ കൂടിയുണ്ട്. സിനിമ ‘ആദ്യത്തെ കഥ’. അക്കാലത്ത് സേതുമാധവൻ മഞ്ഞിലാസിന്റെ സ്ഥിരം സംവിധായകൻ. പാട്ടുകൾ വയലാർ ദേവരാജൻ. പുതിയ സിനിമയ്ക്ക് പാട്ട് അർജുനൻ മാഷ് ചെയ്യണമെന്ന് സേതുമാധവന്‌ തോന്നി. അത് ചെയ്താൽ ഗുരു നിന്ദ ആകുമോ എന്ന പേടി കാരണമാണ്‌ വയ്യെന്ന് പറഞ്ഞ് അവരുടെ വീട്ടിൽ നിന്ന് തിരിച്ചുപോന്നത്. ഒടുവിൽ ദേവരാജൻ മാഷുടെ തന്നെ നിർബ്ബന്ധം കാരണം ആ പടം അർജുനൻ മാഷ് തന്നെ ചെയ്തു. പാട്ടുകൾ എഴുതിയത് വയലാർ. ‘ഭാമിനീ ഭാമിനീ പ്രപഞ്ചശില്പിയുടെ വെറുമൊരു പഞ്ചലോഹ പ്രതിമയല്ല നീ’ എന്ന പാട്ട് ഈ സിനിമയിലേതാണ്‌.

എന്നാൽ അർജുനൻ മാഷെ ഗുരുസ്ഥാനീയനായി കാണുന്നത് വേറൊരു മഹാപ്രതിഭയാണ്‌. സാക്ഷാൽ എ.ആർ. റഹ്മാൻ. ഓസ്കാർ അവാർഡ് കിട്ടിയപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു, കാര്യമായി ഗുരുക്കന്മാർ ആരുമില്ലെന്നും ഗുരുസ്ഥാനത്ത് കാണുന്നത് എം.കെ.അർജുനനെയാണെന്നും. ഇത് അർജുനൻ മാഷ് നേരിട്ട് പറഞ്ഞ കാര്യമാണ്‌. റഹ്മാനെ ആദ്യമായി സ്റ്റുഡിയോവിൽ കൊണ്ടുപോകുന്നതും കീ ബോർഡ് വായിപ്പിക്കുന്നതും താനാണെന്നും അർജുനൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. ‘അടിമച്ചങ്ങല’ എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് സമയത്ത്. 

ഈ ഗുരുഭക്തി കാരണം സിനിമാ ലോകത്ത് ഒരു പക്ഷേ മറ്റാർക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു ‘അഗ്നിപരീക്ഷ’ അർജുനൻ മാഷ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ‘പുഷ്പാഞ്ജലി’ എന്ന സിനിമയുടെ റെക്കോഡിംഗുമായി ബന്ധപ്പെട്ടാണ്‌ ഈ സംഭവം. പാട്ടുകൾ എഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പി. ശ്രീകുമാരൻ തമ്പി-അർജുനൻ മാഷ് കൂട്ടുകെട്ട് പ്രശസ്തമായി വരുന്നതേ ഉണ്ടായിരുന്നുള്ളു. പാട്ടുകൾ ചിട്ടപ്പെടുത്താൻ അർജുനൻ മാഷെ നിശ്ചയിക്കുന്നു. കേരളത്തിലുള്ള അർജുനൻ മാഷ്ക്ക് ടെലഗ്രാം അയച്ച് മദ്രാസിൽ എത്താൻ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം തീവണ്ടിയിൽ പുറപ്പെടുന്നു. 

രാത്രിയിൽ പ്രൊഡക്ഷൻ ടീം സംസാരിച്ചിരിക്കുമ്പോൾ സംഗീതസംവിധായകനെ കുറിച്ച് പരാമർശിച്ചപ്പോൾ ആരോ പറഞ്ഞുവത്രേ, ‘പാട്ടുകൾ ചെയ്യുന്നതെല്ലാം ദേവരാജൻ മാഷാണ്‌: അർജുനൻ എന്ന പേര്‌ വെക്കുന്നതേ ഉള്ളൂ’ എന്ന്. അതോടെ നിർമ്മാതാവിന്‌ സംശയമായി. അർജുനൻ മാഷ് തീവണ്ടി കയറിയ വിവരം കൂടി അറിഞ്ഞപ്പോൾ മറ്റ് വഴികളില്ലാതെ മാഷ്ക്ക് ഹോട്ടൽ മുറിയൊന്നും തരപ്പെടുത്താതെ അവരുടെ ഓഫീസ് മുറിയിൽ തന്നെ താമസിക്കാൻ ഏർപ്പാട് ചെയ്യുന്നു. ടെലെഫോൺ കൂടി ഇല്ലാത്ത മുറി നിശ്ചയിച്ചത് മനപ്പൂർവമായിരുന്നു. 

രണ്ട് ദിവസം മാഷ് പുറത്തുപോവുന്നില്ലെന്നും ആരുമായും ബന്ധപ്പെടുന്നില്ലെന്നും ഉറപ്പു വരുത്താൻ ആളെ വരെ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് മാഷ് പാട്ട് കേൾപ്പിക്കുന്നു, ‘പ്രിയതമേ പ്രഭാതമേ’ എന്ന പാട്ട്. ആദ്യം പല്ലവി കേൾപ്പിച്ചപ്പോൾ ആരും ഒന്നും പറയാതെയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു തെലുങ്ക് സംഗീതസംവിധായകന്റെ നിർദ്ദേശപ്രകാരം മൂന്ന് വ്യത്യസ്ത രാഗങ്ങളിൽ ആ പാട്ട് കേൾപ്പിക്കുന്നു. പാട്ട് മനോഹരമായിരുന്നു. മറ്റ് പാട്ടുകൾ കൂടി കേൾപ്പിച്ചപ്പോൾ നിർമ്മാതാവിന്‌ സന്തോഷമായി. ഒടുവിൽ പാട്ടുകളുടെ ബാക്കി ചിട്ടപ്പെടുത്തലുകൾ സത്യം എന്ന ആ തെലുങ്ക് സംഗീതസംവിധായകന്റെ വീട്ടിൽ വെച്ചാണ്‌ ചെയ്തത്. അങ്ങനെ ആ പരീക്ഷണത്തിൽ അർജുനൻ മാഷ് വിജയിച്ചു. 

അർജുനൻ മാഷ് ആദ്യം വരികളെഴുതി ഈണമിടുന്ന രീതിയാണിഷ്ടപ്പെടുന്നത്. ചെയ്തിട്ടുള്ള പാട്ടുകളെല്ലാം അങ്ങനെ തന്നെയാണ്‌ ചെയ്തത്. 2014-ൽ പുറത്തുവന്ന ‘നായിക’ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ട് മാത്രം ആദ്യം ഈണമിട്ട് വരികൾ എഴുതി ചേർത്തിട്ടുണ്ട്. അതിൽ സംതൃപ്തി തോന്നിയിട്ടുമില്ല എന്നും മാഷ് പറയുന്നു. വരികൾ കിട്ടിയാൽ ആദ്യം മനസ്സിരുത്തി വായിക്കും. എന്നിട്ട് രണ്ടോ മൂന്നോ ഈണങ്ങൾ ചെയ്യും. വീണ്ടും ഓർമ്മിക്കുമ്പോൾ മനസ്സിൽ തങ്ങി നില്ക്കുന്ന ഈണം നിശ്ചയിക്കും. അതാണ്‌ തന്റെ രീതി എന്ന് മാഷ് പറയുന്നു. വരികൾ കിട്ടിയാൽ മനസ്സിൽ ഈണം കൊടുത്ത്, കിടന്നുറങ്ങുമായിരുന്നത്രേ ദേവരാജൻ മാഷ്. പുലർച്ചക്ക് ഉണർന്നെണീറ്റ് ഓർമ്മിക്കുമ്പോൾ മനസ്സിൽ തങ്ങി നില്ക്കുന്നെ ഈണം നിശ്ചയിച്ച് അതിന്റെ നൊട്ടേഷനും മറ്റും നിശ്ചയിക്കുകയായിരുന്ന്, ദേവരാജൻ മാഷുടെ രീതി. മാഷ് അതിന്‌ പറഞ്ഞ കാരണം വളരെ ശ്രദ്ധേയമായിരുന്നു: ഈണമിട്ട എനിക്ക് തന്നെ ഓർമ്മയിൽ നില്ക്കുന്നില്ലെങ്കിൽ പിന്നെ കേൾവിക്കാരുടെ മനസ്സിലെങ്ങനെ തങ്ങും: എന്ന്.

ഈ രീതി കാരണം തന്നെയല്ലേ ‘റസ്റ്റ് ഹൗസ്’ എന്ന സിനിമയിലെ ‘പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു’ എന്ന പാട്ടിൽ ‘പൗർണമി’ എന്ന വാക്കിൽ ഒരു പൂർണവൃത്തം തെളിയുന്നത്! ‘അന്വേഷണം’ എന്ന സിനിമയിലെ ‘ചന്ദ്ര രശ്മി തൻ ചന്ദന നദിയിൽ’ എന്ന പാട്ടിന്റെ ചരണത്തിൽ ‘അവളുടെ രൂപം മാറിലമർന്നു’ എന്ന് കേൾക്കുമ്പോൾ എന്തോ നമ്മുടെ മാറിലമരുന്ന പ്രതീതി ഉണ്ടാവുന്നത്! വരികളുടെ അർത്ഥം മനസ്സിലാക്കി ഈണമിടുമ്പോൾ മാത്രം സാധിക്കുന്ന ഒരു കാര്യമാണിത്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ അക്കാലത്തെ സംഗീതസംവിധായകർ തയ്യാറായിരുന്നു. ഇന്ന് അത്തരം ഒരു വെല്ലുവിളി നേരിടേണ്ടിവരുന്നത് ഗാനരചന നിർവ്വഹിക്കുമ്പോഴാണ്‌. പാട്ടുകളിൽ വരികൾക്ക് പ്രാധാന്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് അത്തരം വെല്ലുവിളി ഏറ്റെടുക്കേണ്ടിവരുന്നില്ല ആർക്കും.  

എഴുപതുകളിൽ മാഷ് ഈണങ്ങളുമായി പറന്നുനടക്കുകയായിരുന്നു. ഒരിക്കൽ ഉദയായുടെ ഒരു സിനിമയ്ക്ക് പാട്ടുകൾ ചെയ്യാൻ കുഞ്ചാക്കോ അർജുനൻ മാഷെ തിരയുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകത്തിനെ സെറ്റിൽ ആയിരുന്നതിനാൽ അർജുനൻ മാഷ്ക്ക് ഉദയായിലെത്താൻ കഴിയുന്നില്ല. ഒടുവിൽ നാടകത്തിന്റെ തിരക്ക് കഴിഞ്ഞ് കൊല്ലത്തുനിന്ന് മടങ്ങുമ്പോൾ ആലപ്പുഴയിൽ ഇറങ്ങുന്നു. ചെന്നപ്പോൾ വയലാർ വരികളെഴുതുന്ന തിരക്കിൽ. ഉടൻ തന്നെ ചിട്ടപ്പെടുത്തണമെന്ന് കുഞ്ചാക്കോ. ഹാർമോണിയം പോലും കൈയിലില്ല, രണ്ട് ദിവസം കഴിഞ്ഞ് ചെയ്യാം എന്ന മാഷ് പറഞ്ഞെങ്കിലും കുഞ്ചാക്കോ സമ്മതിക്കുന്നില്ല. ഒടുവിൽ ഹാർമോണിയം പോലുമില്ലാതെ പാട്ട് ചെയ്യേണ്ടി വന്നു. ആ പാട്ടാണ്‌, ‘ചീനവല’ എന്ന സിനിമയിലെ ‘തളിർവലയോ താമരവലയോ’ എന്ന പാട്ട് എന്ന് അർജുനൻ മാഷ് ഓർത്തെടുക്കുന്നു.

ആകെ ചെയ്ത 641 പാട്ടുകളിൽ 250-ഓളം പാട്ടുകളിൽ യേശുദാസിന്റെ ശബ്ദമുണ്ടായിരുന്നുവെബ്ബ് അർജുനൻ മാഷ്. 100-ൽ കൂടുതൽ പാട്ടുകളിൽ ജയചന്ദ്രന്റെ ശബ്ദവും. ഒരു പക്ഷെ ജയചന്ദ്രന്‌ ദേവരാജൻ മാഷ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടാനുള്ള അവസരം കൊടുത്തത് അർജുനൻ മാഷായിരിക്കും. ഗായികമാരിൽ പി.സുശീലയെ ഏറെ ഇഷ്ടപ്പെടുന്ന അർജുനൻ മാഷ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായിക, പക്ഷേ വാണി ജയറാം ആണ്‌. മൊത്തം 73 പാട്ടുകളിൽ അർജുനൻ മാഷ് വാണി ജയറാമിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ 43 പാട്ടുകൾ മാഷ്ക്ക് വേണ്ടി പാടിയ എസ്. ജാനകിയാണ്‌. എന്ത് കൊട്ട് സുശീലയായില്ല എന്ന ചോദ്യത്തിന്‌ ഒരോ പാട്ടിനും യോജിച്ച ശബ്ദം തെരഞ്ഞെടുക്കുകയായിരുന്നു, എന്നാണ്‌ മാഷൊരിക്കൽ പറഞ്ഞത്. 

ഒരിക്കൽ അർജുനൻ മാഷെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം മകന്റെ വീട്ടിലാണ്‌. വീടിനുപുറത്തുള്ള മുറിയിലാണ്‌ മാഷ് പാട്ടുകൾ ചെയ്യാൻ ഇരിക്കാറ്‌. അവിടെ ഒരു പഴയ ഹാർമോണിയം ഇരിപ്പുണ്ട്. മാഷ് അതിന്റെ കഥ പറഞ്ഞു. സലിൽ ചൗധരി പാട്ടുകൾ ചെയ്യാൻ മദ്രാസിൽ വരുമ്പോൾ എപ്പോഴും കൂടെ മൂന്നും നാലും ഹാർമോണിയം കൊണ്ടുവരുമായിരുന്നത്രേ. അക്കാലത്ത് തന്നെ സ്കെയിൽ ചേഞ്ചറുള്ള ഹാർമ്മോണിയം. ഒരിക്കൽ ഒന്ന് അർജുനൻ കാഷ് എടുത്തു സൂക്ഷിച്ചു വെച്ചു. ഇന്നും ആ ഹാർമോണിയം ഒരു നിധി പോലെ അദ്ദേഹം കൊണ്ടു നടക്കുന്നു. പാട്ടുകൾ ചെയ്യുന്നതെല്ലാം അതിൽ തന്നെ.

ഈ എൺപത്തിരണ്ടാം വയസ്സിൽ ആദ്യത്തെ സംസ്ഥാന അവാർഡ് അർജുനൻ മാഷെ തേടിയെത്തുമ്പോൾ നിറഞ്ഞ സന്തോഷം തോന്നുന്നു. മറ്റെല്ലാ അംഗീകാരത്തേക്കാൾ വലുത് ജനങ്ങളുടേ മനസ്സിലുള്ള സ്ഥാനം എന്നത് അംഗീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിനെ ഇക്കാലമത്രയും പരിഗാണിക്കാതിരുന്നതിൽ സങ്കടം തോന്നിയിരുന്നു. മലയാളത്തിന്റെ എക്കാലത്തേയും മികച്ച മൗലിക സംഗീത സംവിധായകൻ ബാബുരാജിനെ ഒരിക്കൽ പോലും അവാർഡ് കമ്മറ്റി പരിഗണിച്ചിരുന്നില്ലെന്നറിയുമ്പോൾ  ഇതിൽ അൽഭുതത്തിന്‌ വകയില്ല തന്നെ.