Wednesday, December 13, 2017

അതിജീവനത്തിന്റെ മണിപ്പൂർ പാഠങ്ങൾ



മണിപ്പൂരിൽ ബന്ദും ഹർത്താലും ജീവിതത്തിന്റെ ഒരു ഭാഗമാണ്‌. പത്താളുകൾ പോലുമില്ലാത്ത സംഘടനകൾ തുടങ്ങി മണിപ്പൂരിൽ സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനകൾ വരെ ഇടയ്ക്കിടെ ബന്ദും ഹർത്താലും ആഹ്വാനം ചെയ്യും. ആളുകൾ ക്ഷമയോടെ ആഹ്വാനം ചെവിക്കൊള്ളും, കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയും ചെയ്യും. കേരളത്തിൽ അംഗീകാരമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്‌ ആഹ്വാനം ചെയ്യറുള്ളതെങ്കിൽ ഇവിടെ തീവ്രവാദി സംഘടനകളാണെന്ന ഒരു വ്യത്യാസമേയുള്ളൂ. 

വിമാനത്താവളവും പരിസരവും ഇവയൊന്നും അറിയാറില്ല. വിമാനത്താവളത്തിനുമുന്നിലുള്ള ഹൈവേയിലുള്ള ചെറിയ കടകൾ ഒക്കെ തുറക്കും. തീവ്രവാദി ഭീഷണിയുള്ളതിനാൽ വിമാനത്താവളം എപ്പോഴും പോലീസിന്റേയും പട്ടാളത്തിന്റേയും നിരീക്ഷണത്തിലായത് കാരണം ഇവിടങ്ങളിൽ കടയടപ്പിക്കാനും മറ്റും ആരും വരാറില്ല. ഒരു ഞായറാഴ്ച ഇംഫാൽ സിറ്റിയിലുള്ള കാംഗ്ല കോട്ട കാണാൻ പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണറിഞ്ഞത് അന്ന് ഹർത്താൽ ആണെന്ന്. വെറുതെ ചുറ്റിക്കറങ്ങി തിരിച്ചുപോന്നു. 

നവംബർ 21 മുതൽ 30 വരെ മണിപ്പൂരിലെ പ്രശസ്തമായ സാങ്കായ് ഉൽസവം നടക്കും. ഈ വർഷം ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഇപ്പോഴത്തെ ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസന സംഗമവും നടന്നു. ഉല്ഘാടനം ചെയ്തത് നമ്മുടെ സാക്ഷാൽ രാഷ്ട്രപതി. കേന്ദ്ര മന്ത്രിമാരുടെ ഒരു സംഘം തന്നെ എത്തി. എന്ത് കാര്യം മണിപ്പൂരിലെ തീവ്രവാദി സംഘടനകളെല്ലാം ചേർന്ന് അന്ന് ബന്ദ് പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതല്ലാതെ മറ്റൊരു വ്യത്യാസവുമുണ്ടായില്ല. പരിപാടി ഉല്ഘാടനം ചെയ്ത്, കലാപരിപാടികളും കണ്ട് രാഷ്ട്രപതിയും മന്ത്രിമാരും തിരിച്ചുപോവുകയും ചെയ്തു. ആളുകൾ കുറവാണെങ്കിലും ആയുധവും പണവും ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ എതിരിട്ട് നില്ക്കാൻ ആർക്കുമാവില്ല. 

ഒന്നോ രണ്ടോ ദിവസങ്ങൾ നീണ്ടുനില്ക്കുന്ന ബന്ദുകൾ മാത്രമല്ല. ചിലപ്പോൾ മാസങ്ങളോളം ഹൈവേകളിൽ വാഹന നീക്കം തടയുന്ന രീതിയും ഉണ്ട്. കഴിഞ്ഞ വർഷം സപ്റ്റംബർ തുടങ്ങി ഹൈവേ ഉപരോധം ഉണ്ടായിരുന്നുവെന്ന് ആളുകൾ പറയുന്നു. ഇത്തരം ഉപരോധങ്ങളെ പോലീസോ പട്ടാളമോ എതിർക്കാറില്ല. പട്ടാളം ഹൈവേയിൽ കോൺവോയ് അടിസ്ഥാനത്തിൽ അവരുടെ സാധനങ്ങൾ എത്തിക്കും. ഇതിനെ തടയാനൊന്നും തീവ്രവാദികളും നില്ക്കാറില്ല. മറ്റ് വാഹനങ്ങൾ പ്രത്യേകിച്ച് ചരക്ക് ലോറികൾ വരുമ്പോൾ ലോറി ഒന്നിന്‌ ഇത്ര രൂപ എന്ന് വെച്ച് വാങ്ങും, അത്രമാത്രം. ഇതിനായി സർക്കാൻ ചെക്ക് പോസ്റ്റ് പോലെ തന്നെ തീവ്രവാദികൾക്ക് അവരുടേതായ ചെക്ക് പോസ്റ്റുകളുണ്ട്. 

ഒരിക്കൽ വിമാനത്താവളത്തിലേക്ക് വേണ്ട ചില ഉപകരണങ്ങൾ അടങ്ങുന്ന ലോറി 5 ദിവസം മണിപ്പൂർ നാഗാലാന്റ് അതിർത്തിയിൽ കിടക്കേണ്ടി വന്നു. പുതിയ കമ്പനി ആയതിനാൽ അവർക്ക് മാമൂലുകളെ പറ്റി അറിയില്ലായിരുന്നു. 3 ദിവസം കഴിഞ്ഞപ്പോൾ ലോറിയുടെ ഡ്രൈവർ എന്നെ വിളിച്ചു. അപ്പോഴാണറിഞ്ഞത് അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണെന്ന്. അനധികൃത ചെക്ക് പോസ്റ്റിൽ കൊടുക്കാൻ അവരുടെ കൈയിൽ പണമുണ്ടായിരുന്നില്ല. ഒടുവിൽ മണിപ്പൂരിലെ ആർമി ആസ്ഥാനത്ത് ബന്ധപ്പെട്ട് ആർമി കോൺവോയിൽ ഉൾപ്പെടുത്തി ലോറി ഇംഫാലിൽ എത്തിക്കുകയായിരുന്നു.    

ഇത്തരം ബന്ദുകളിലും ഹൈവേ ബ്ലോക്കുകളിലും പരിചയിച്ചതുകൊണ്ടായിരിക്കാം, ഇതിനെ അതിജീവിക്കാൻ മാർഗങ്ങൾ ഇവിടത്തുകാർ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇത്തരം ബന്ദുകൾ അവർക്ക് ഒരു വരുമാന മാർഗം തുറന്നുകൊടുക്കുന്നു കൂടിയുണ്ട്. സാധനങ്ങൾ സ്റ്റോക്ക് ചെയ്ത് കൂടിയ വിലയ്ക്ക് വില്ക്കാൻ ബന്ദുകൾ സഹായിക്കുന്നു. 

മാസങ്ങൾ നീണ്ട ഉപരോധം കാരണം പെട്രോൾ വില ലിറ്ററിന്‌ 250 രൂപ വരെ ഉയർന്നു. പെട്രോൾ കിട്ടും, ഉയർന്ന വില കൊടുക്കണമെന്ന് മാത്രം. ഇപ്പോഴും നിരത്തുകളിൽ പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പികളും ഫണലുമായി കുത്തിയിരിക്കുന്നവരെ കാണാൻ പറ്റും. വലിയ കാനിൽ പെട്രോളും അളന്നൊഴിക്കാൻ പണ്ട് റേഷൻ കടകളിൽ മണ്ണെണ്ണ എടുത്തൊഴിക്കാൻ ഉപയോഗിച്ചിരുന്ന കൈപിടിയുള്ള അറ്റം കൂർത്ത അളവുപാത്രവും. പോയ നല്ല കാലം ഓർത്തുകൊണ്ട് വീണ്ടും ഒരു ഉപരോധത്തിനുള്ള കാത്തിരിപ്പിലാണ്‌, ഈ പാവങ്ങൽ എന്ന് തോന്നി. 

സ്ഥലം മാറ്റമായി എത്തിയപ്പോൾ, എനിക്ക് വേണ്ടി റിസർവ് ചെയ്ത ക്വാട്ടേഴ്സ് അടുക്കളയിൽ പരിമിതമായ സൗകര്യങ്ങളുണ്ടായിരുന്നു. ഒരു വർഷം മാത്രം നീണ്ട പോസ്റ്റിംഗിൽ വരുന്നതുകാരണം മിക്കവരും കുടുംബവുമായി വരാറില്ല. ഒരു വർഷം കഴിയുമ്പോൾ വീട്, വീട്ടുസാധനങ്ങൾ അടക്കം അടുത്ത ആൾക്ക് കൈമാറി തിരിച്ചു പോവുകയാണ്‌ രീതി.

എനിക്ക് മുമ്പ് താമസിച്ചയാളും ഒറ്റയ്കായിരുന്നു. ഒരാൾക്ക് പാചകത്തിനുവേണ്ട അത്യാവശ്യം സാധനങ്ങൾ മാത്രം. ഗ്യാസ് ഇല്ല, ഇൻഡക്ഷൻ സ്റ്റൗ മാത്രം. ഇൻഡക്ഷൻ സ്റ്റൗവിൽ എല്ലാം പാചകം ചെയ്യാനാവില്ലല്ലോ. ഞാനാണെങ്കിൽ ശ്രീമതിയുമൊത്താണ്‌ എത്തിയത്. ഗ്യാസ് വേണമെന്ന് ഇവിടെയുള്ള ഒരളോട് പറഞ്ഞതേ ഉള്ളൂ, പിറ്റെ ദിവസം രാവിലെ തന്നെ ഗ്യാസ് സ്റ്റൗവും ഒരു സിലിൻഡറും റഗുലേറ്ററും ഒക്കെയായി ഒരാൾ എത്തി. 7000 രൂപ കൈയോടെ വാങ്ങിച്ചു. ഒരുവർഷം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ  അവർ തന്നെ തിരിച്ചുകൊണ്ടു പോയ്ക്കൊള്ളും എന്ന കരാറിൽ. പകുതി പണം തരുമായിരിക്കും. അടുത്തയാൾ വരുമ്പോൾ വീണ്ടും ഇതാവർത്തിക്കാം. ഒരു കടലാസുമില്ല, ആധാർ കാർഡോ റേഷൻ കാർഡോ വേണ്ട, പറയുന്ന പണം കൊടുത്താൽ മാത്രം മതി. ഇവിടത്തെ പലചരക്ക് കടകളിൽ മറ്റ് സാധനങ്ങൾക്കൊപ്പം ഗ്യാസ് കുറ്റി കൂടി നിരത്തി വെച്ചിരിക്കുന്നത് കാണാം. എന്താ ലേ...

പച്ചക്കറികൾക്കെല്ലാം വലിയ വിലയാണ്‌. സാധാരണ നമ്മൾ കഴിക്കുന്നവയ്ക്കെല്ലാം ശരാശരി 100 രൂപ കിലോയ്ക്ക്. പഴവർഗങ്ങൾക്കും അങ്ങനെ തന്നെ. വിലക്കുറവുള്ളത് മീനിനാണ്‌. എവിടെ നോക്കിയാലും കുളങ്ങളും തോടുകളുമായതുകാരണം മീൻ സുലഭം. പുരുഷന്മാരുടെ പ്രധാന ജോലി കുളങ്ങളുടേയും തോടുകളുടേയും കരയിൽ ചൂണ്ടയിട്ടിരിക്കുക എന്നതാണ്‌. ബാക്കി ഒട്ടുമിക്ക ജോലികളിലും സ്ത്രീകളാണ്‌. പ്രധാന ഭക്ഷണം ചോറും മീനുമായത് കാരണം ഉപരോധങ്ങൾ ഇവരുടെ നിത്യജീവിതത്തെ കാര്യമായി ബാധിക്കുന്നില്ല. ഉപരോധങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റാം എന്ന് ഇവർ പഠിച്ചിരിക്കുന്നു, എന്ന് വേണം കരുതാൻ.

ഈയുടത്ത ദിവസം ഇവിടെ മലയാളികൾ നടത്തുന്ന രണ്ട് സ്കൂളുകളിൽ പോയി. അഴിമതിക്കെതിരായ് ജാഗ്രത എന്ന വിഷയത്തിൽ വിദ്യാർത്ഥികളെ ബോധവല്ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു, ഈ സ്കൂൾ സന്ദർശനങ്ങൾ. സ്കൂൾ വിടുന്ന നേരത്ത് ദേശീയ ഗാനത്തിനുപകരം എന്തോ ഒരു പ്രാർത്ഥനാഗീതമായിരുന്നു, കേട്ടത്. അന്വേഷിച്ചപ്പോൾ അറിഞ്ഞ കാര്യം അൽഭുതകരമായിരുന്നു. 

ഇവിടെ സ്കൂളുകളിൽ ഇന്ത്യൻ പതാക ഉയർത്തുവാനോ ദേശീയഗാനം ആലപിക്കുവാനോ തീവ്രവാദികൾ അനുവദിക്കുകയില്ല. അങ്ങനെ വല്ലതും സംഭവിച്ചാൽ ആ സ്കൂൾ പിന്നെ മുന്നോട്ട് പോവില്ലത്രേ. മുമ്പൊരു മലയാളി നല്ല രീതിയിൽ നടത്തിക്കൊണ്ടിരുന്ന ഒരു സ്കൂൾ തീവ്രവാദി ഭീഷണി കാരണം ആർക്കോ ഏൽപ്പിച്ച്  നാടുവിട്ട് പോവേണ്ട അനുഭവം ഉണ്ടായിട്ടുണ്ട്. മണിപ്പൂരിൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും തീവ്രവാദി സംഘടനകൾക്ക് കപ്പം കൊടുക്കുന്നവരാണ്‌. ഇതിൽ സ്കൂളുകളും പെടും. 

ദേശീയതയുടെ പേരിൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പല നിർബ്ബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കാൻ  നിരന്തരം ശ്രമിക്കുന്ന പാർട്ടിയാണ്‌ ഇപ്പോൾ മണിപ്പൂർ ഭരിക്കുന്നത്. ഇവർക്കും ഇത്തരം കാര്യങ്ങളിൽ കാര്യമായൊന്നും ചെയ്യാൻ സാധിക്കുന്നില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അതിജീവന സമവാക്യങ്ങൾ വ്യത്യസ്തമാണെന്ന പാഠം അവരും ഉൾക്കൊണ്ടിരിക്കുന്നു.