Saturday, September 22, 2012

ഒരു സ്ഫോഠനത്തിണ്റ്റെ ഓര്‍മ്മയില്‍

അന്ന്‌ ഞാന്‍ ബറോഡ വിമാനത്താവളത്തിലാണ്‌ ജോലി ചെയ്തിരുന്നത്‌. ബോംബെ വിമാനത്താവളത്തിലെ കമ്യൂണിക്കേഷന്‍ വിഭാഗം കമ്പ്യൂട്ടറൈസ്‌ ചെയ്തപ്പോള്‍ ആ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ്‌ വരുത്തിയതിണ്റ്റെ ഭാഗമായി എന്നേയും സുഹൃത്ത്‌ മധുരൈയില്‍ നിന്നുള്ള ഭാസ്കരനേയും സ്ഥലം മാറ്റി. ഞങ്ങളെപ്പോലെ മറ്റ്‌ പലരും പല സ്ഥലങ്ങളിലേക്കും മാറ്റമായി പോയിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി വന്ന ഒരു സ്ഥലം മാറ്റം ഒരിക്കലും കാണാത്ത, കാണുമെന്ന്‌ വിചാരിക്കുക പോലും ചെയ്യാത്ത ഗുജറാത്തിലെ ബറോഡയിലെത്തിച്ചു. ബോംബെ മുംബൈ ആയതുപോലെ പിന്നെപ്പോഴോ ബറോഡ വഡോദര ആയി. 

ബറോഡയിലെത്തിയപ്പോള്‍ അവിടെയും രണ്ട്‌ മലയാളികള്‍; പാലക്കാട്ടുകാരനായ അജിതും പെരുമ്പാവൂര്‍കാരന്‍ അശോകനും. ഉത്തര്‍പ്രദേശില്‍ ജനിച്ച അജിത്‌ പേര്‌ കൊണ്ട്‌ മാത്രം മലയാളി. മലയാളത്തില്‍ സംസാരിക്കാറില്ല, മലയാലത്തില്‍ കുരച്ച്‌ കുരച്ച്‌ പരയും. പക്ഷേ ആരുമായും നേരിട്ട്‌ കയറി സംസാരിക്കും. പറയുന്നത്‌ ശരിയോ തെറ്റോ എന്നൊന്നും നോട്ടമില്ല. കുറച്ച്‌ അറിയുന്ന മലയാളത്തില്‍ മാത്രമല്ല, ഒരു തമിഴനെ അടുത്ത്‌ കിട്ടിയാല്‍ തീരെ അറിയാത്ത തമിഴിലും കയറി സംസാരിച്ചുകളയും. അങ്ങനെ ഭാസ്കരനേയും കയറി ഹെഡ്‌ ചെയ്തു. എണ്റ്റെ സംസാരത്തില്‍ തെറ്റുണ്ടെങ്കില്‍ അത്‌ നിങ്ങളുടെ പ്രശ്നം എന്ന ഒരു രീതി. വിവാഹം കഴിഞ്ഞിട്ട്‌ അധികനാളായിട്ടില്ല. അശോകനാവട്ടെ തനി നാടന്‍ മലയാളി. ജോലിയ്ക്ക്‌ ചേര്‍ന്നിട്ട്‌ കുറച്ച്‌ വര്‍ഷങ്ങളെ ആയിട്ടുള്ളു. പച്ചവെള്ളം ചവച്ചുകുടിക്കുന്ന പാവത്താന്‍. 

തീരെ ഇഷ്ടമില്ലാത്ത സ്ഥലം മാറ്റവുമായി പരിചയമില്ലാത്ത ബറോഡയിലെത്തിയ ഞങ്ങള്‍ക്ക്‌ നല്ല കൂട്ടായി അജിത്‌. സ്വയം ഭക്ഷണം പാകം ചെയ്ത്‌ കഴിച്ചിരുന്ന ഞങ്ങള്‍ക്ക്‌ നല്ല ഭക്ഷണം പലപ്പോഴും കിട്ടി. നിരവധി ഹിന്ദി ഇംഗ്ളീഷ്‌ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച്‌ കണ്ടു. അതുവരെ ബിയറില്‍ നിന്നിരുന്ന എണ്റ്റെ മദ്യപാനം കൌമാരത്തില്‍ നിന്ന്‌ യൌവനത്തിലേക്ക്‌ കടന്നു. ഞായറാഴ്ചകളില്‍ മീനും ഇറച്ചിയും വാങ്ങിയ്ക്കാന്‍ ഞങ്ങള്‍ പാണിഗേറ്റ്‌ മാര്‍ക്കറ്റിലെത്തി. (മുസ്ളീങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ ഭാഗങ്ങള്‍ 2002-ലെ ഗുജറാത്‌ കലാപത്തില്‍ കത്തിയെരിഞ്ഞതായി പിന്നീട്‌ പത്രങ്ങളില്‍ വായിച്ചു. ) 

അന്നേ ബറോഡ ധാരാളം വ്യവസായങ്ങള്‍ ഉണ്ടായിരുന്ന മേഖലയായിരുന്നു. യേര എന്ന പേരില്‍ നമ്മള്‍ വാങ്ങിക്കുന്ന ഗ്ളാസ്‌ സാധനങ്ങള്‍ ഉണ്ടാകുന്ന കമ്പനിയായ അലെംബിക്‌ ഗ്ളാസ്സ്‌ അവിടെയായിരുന്നു. ഇന്ത്യന്‍ എയര്‍ഫോര്‍സ്‌ സ്റ്റേഷന്‍, ഇന്ത്യന്‍ ഓയിലിണ്റ്റെ റിഫൈനറി അങ്ങനെ ധാരാളം സ്ഥപനങ്ങള്‍. അന്നേ മദ്യനിരോധനം നിലനിന്നിരുന്ന അവിടെവെച്ചാണ്‌ എണ്റ്റെ മദ്യപാനം വയസ്സറിയിച്ചത്‌. തലതൊട്ട്‌ ആശീര്‍വദിച്ചത്‌ അജിതും. 

അജിതിന്‌ സ്വന്തമായി ക്വാര്‍ട്ടേര്‍സ്‌ ഉണ്ടായിരുന്നു. ഞാനും ഭാസ്കരനുമാവട്ടേ, ബംഗാളിയായ ഒരു സിന്‍ഹയുടെ ക്വാട്ടേര്‍സിണ്റ്റെ ഒരു ഭാഗം എടുത്ത്‌ അവിടെ പൊറുതി. അജിതിണ്റ്റെ ക്വാര്‍ട്ടേര്‍സിണ്റ്റെ തൊട്ടടുത്ത ക്വാര്‍ട്ടര്‍. ഭാസ്കരന്‍ വിവാഹിതനും ഒരു കുഞ്ഞിണ്റ്റെ അഛനും ആയിരുന്നു. ശ്രീമതി ബോംബെയില്‍ ജോലിയിലായിരുന്നതിനാല്‍ മിക്കവാറും എല്ലാ ആഴ്ചയും പുള്ളിക്കാരന്‍ ബോംബെയ്ക്ക്‌ ഓടും. ഫലത്തില്‍ ഞാന്‍ ഒറ്റയ്ക്ക്‌. 

അലഹബാദില്‍ ജനിച്ചുവളര്‍ന്ന അജിതിണ്റ്റെ അഛന്‍ ഞങ്ങളുടെ വകുപ്പായ സിവില്‍ ഏവിയേഷന്‍ ഡിപാര്‍ട്മെണ്റ്റില്‍ തന്നെ ആയിരുന്നു. അതിനാല്‍ തന്നെ അജിത്‌ സൌകര്യങ്ങളുടെ കാര്യത്തില്‍ വളരെ മുന്നിലായിരുന്നു. മുന്തിയ ഇനം ഫര്‍ണിച്ചര്‍, നല്ല വീട്ടുപകരണങ്ങള്‍. കളര്‍ ടി. വി, ഫ്രിഡ്ജ്‌. അന്നത്തെ അവസ്ഥയില്‍ ഇതൊക്കെ സാധാരണത്തേതിലും ഉയര്‍ന്ന നിലവാരമായിരുന്നു. ഇക്കാലത്ത്‌ ഇതൊക്ക്‌ സാധാരണക്കാരില്‍ സാധാരണക്കാരുടെ വീടുകളില്‍പോലും ഉണ്ട്‌. 

അതിനിടയ്ക്ക്‌ അജിതിണ്റ്റെ ശ്രീമതി പ്രസവത്തിന്‌ നാട്ടിലേയ്ക്ക്‌ പോയി. അടുത്തടുത്ത ക്വാട്ടേര്‍സുകളില്‍ ഞങ്ങള്‍ രണ്ട്‌ പേര്‍ തനിയെ. വളരെ വൈകിയെത്തുന്ന അവസാനത്തെ ഫ്ളൈറ്റ്‌ കഴിഞ്ഞ്‌ അജിതിണ്റ്റെ സ്കൂട്ടറില്‍ കയറി ഹോട്ടലുകളില്‍ കയറി ഇറങ്ങി. പാചകം ഞങ്ങള്‍ ഒരുമിച്ചായി. പലപ്പോഴും ഉറക്കവും അജിതിണ്റ്റെ വീട്ടില്‍ തന്നെ. ഡ്യൂട്ടിയും ഇടയ്ക്ക്‌ ഷട്ടില്‍, ക്രിക്കറ്റ്‌ കളികളും ഇടയ്ക്ക്‌ മദ്യപാനവും പാചകവും ഒക്കെ ചേര്‍ന്ന്‌ ജീവിതത്തിലെ വിരസത അകറ്റി. പുതുതായി ജോലിയ്ക്ക്‌ എത്തിയ അങ്കിളുമാരെ അന്വേഷിച്ച്‌ അടുത്ത വീടുകളില്‍ പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന കുട്ടികളുമെത്തി. ആ ആഴ്ച ഭാസ്കരന്‍ ബോംബെയ്ക്ക്‌ പോയിരുന്നില്ല. ശ്രീമതിയും ഒന്നര വയസ്സുള്ള മകനും ബറോഡയ്ക്ക്‌ വന്നു. ഞാനും ഭാസ്കരനും താമസിച്ചിരുന്ന മുറി അവര്‍ക്ക്‌ വിട്ടുകൊടുത്തു. ഞാന്‍ അജിതിണ്റ്റെ വീട്ടിലായി പൊറുതി. 

അങ്ങനെ ഒരു ദിവസം, കൃത്യമായി പറഞ്ഞാല്‍ 1988 മാര്‍ച്‌ 6. അന്ന്‌ ഫ്ളൈറ്റ്‌ കൃത്യസമയത്ത്‌ തന്നെ എത്തി. ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ്‌ ഇരിക്കുമ്പോള്‍ അടുത്തവീട്ടിലെ പയ്യനെത്തി. കുറച്ച്‌ കണക്ക്‌ പറഞ്ഞുകൊടുക്കണം എന്ന്‌ പറഞ്ഞുകൊണ്ട്‌. ഞാന്‍ അവണ്റ്റെ കണക്കുമായി മല്ലിടുമ്പോള്‍ അജിത്‌ ഉറങ്ങാന്‍ പോയി. ഏതാണ്ട്‌ പന്ത്രണ്ട്‌ മണിയോടെ ഞാനും ഉറങ്ങാന്‍ കിടന്നു. പുറത്തെ മുറിയിലെ സോഫയിലാണ്‌ ഞാന്‍ കിടന്നത്‌. അജിത്‌ കിടപ്പുമുറിയിലും.

നല്ല ഉറക്കം പിടിച്ചിരുന്നു. പെട്ടെന്ന്‌ എന്തോ വലിയ ശബ്ദം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു. പെട്ടെന്ന്‌ പകച്ചുപോയ ഞാന്‍ അറിഞ്ഞു, എന്തോ ഭാരമുള്ള വസ്തു എണ്റ്റെ ദേഹത്ത്‌ വീണതായി. എണീറ്റ്‌ ഇരുന്ന്‌ എന്താണ്‌ നടന്നതെന്ന്‌ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കേട്ട്‌ അടുത്ത ശബ്ദം. രണ്ടാമത്തെ ശബ്ദം കേട്ട ഉടനെ ആ ഭാഗത്തേക്ക്‌ നോക്കിയപ്പോള്‍ അടുക്കള ഭാഗത്ത്‌ നിന്ന്‌ നീലനിറത്തിലുള്ള ഒരു തീനാളം ഉയര്‍ന്ന്‌ പോകുന്നതായി തോന്നി. വീണ്ടും ഒരുവട്ടം ആലോചിക്കാന്‍ നിന്നില്ല. വീട്ടില്‍ നിന്ന്‌ ഇറങ്ങി ഓടി. 

അപ്പോഴേക്കും അജിതും വീട്ടിന്‌ പുറത്തെത്തിയിരുന്നു. വീടിന്‌ പുറത്തെത്തിയപ്പോളാണറിഞ്ഞത്‌ സ്ഫോഠനത്തില്‍ തകര്‍ന്ന വാതിലിലൂടെയാണ്‌, ഞങ്ങള്‍ പുറത്തെത്തിയതെന്ന്‌. എണ്റ്റെ ദേഹത്ത്‌ വീണത്‌ അകത്തെ വാതില്‍ തകര്‍ന്ന്‌ തെറിച്ചതാണ്‌. കോളനി മുഴുവന്‍ ഉണര്‍ന്ന്‌ പോയിരുന്നു. സ്ഫോഠനത്തിണ്റ്റെ ശബ്ദവും തീയും പുകയും ഒക്കെ കണ്ട്‌ എയര്‍പോര്‍ട്‌ ഫയര്‍ ബ്രിഗേഡ്‌ ഫയര്‍ എഞ്ചിനുമായി എത്തി. തീ ആളിക്കത്താത്തതുമൊണ്ട്‌ ചെറിയ ജലപ്രയോഗം കൊണ്ട്‌ തീയണയ്ക്കാന്‍ കഴിഞ്ഞു. പക്ഷേ ആരും വീടിനടുത്തേക്ക്‌ പോകാന്‍ ധൈര്യം കാണിച്ചില്ല. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം ഒന്ന്‌ മനസ്സിലായി. ഇനിയൊരു സ്ഫോടനം ഉണ്ടാവാനിടയില്ല. പക്ഷേ ആരും അന്ന്‌ രാത്രി അവരവരുടെ വീട്ടിനകത്ത്‌ പോകാന്‍ ധൈര്യപ്പെട്ടില്ല. എങ്ങനെയോ രാത്രി കഴിച്ചുകൂട്ടി. 

ഷോക്കില്‍ നിന്ന്‌ മാറിയിരുന്നില്ലെങ്കിലും ഞാന്‍ രാത്രി കണ്ട നീലവെളിച്ചത്തെക്കുറിച്ച്‌ ഭാസ്കരനോടും അജിതിനോടും പറഞ്ഞു. ഭാസ്കരനും അത്‌ കണ്ടിരുന്നു. ഞാന്‍ കണ്ടത്‌ അടുക്കളയില്‍ ആയിരുന്നെങ്കില്‍ അവന്‍ അത്‌ കണ്ടത്‌ സ്ഫോഠനം നടന്ന്‌ ഉടനെ ഓടി പുറത്തുവന്നപ്പോഴായിരുന്നു. ഒരു നീല വെളിച്ചം ആകാശത്തേക്ക്‌ ഉയര്‍ന്നുപോയതായി അവന്‍ പറഞ്ഞു. സെക്കണ്റ്റുകളോളം ആകാശത്ത്‌ കാണാറായ അതിണ്റ്റെ ഗതി നേരെ മുകളിലേക്കായിരുന്നില്ലെന്നും ഇത്തിരി ചരിഞ്ഞ ദിശയിലേക്കായിരുന്നെന്നും.അവന്‍ പറഞ്ഞു. 

നേരം പുലര്‍ന്നതിനുശേഷമാണ്‌ തകര്‍ന്നുകിടന്ന വീടിനടുത്തേക്ക്‌ പോകാനുള്ള മനക്കരുത്തുണ്ടായത്‌. വീടിണ്റ്റെ അവസ്ഥ ഭീകരമായിരുന്നു. അടുക്കള നിന്ന ഭാഗം കോണ്‍ക്രീറ്റിണ്റ്റെ കൂനയായിരിക്കുന്നു. ഒരു ഭാഗത്ത്‌ ഒരു വലിയ കുഴി രൂപപ്പെട്ടിരിക്കുന്നു. ഒടിഞ്ഞ്‌ ചളുങ്ങിപ്പൊയ വീട്ടുപകരണങ്ങള്‍. ഫ്രിഡ്ജിണ്റ്റെ മുകളില്‍ ഒരു കുട പോലെ ഒരു കോണ്‍ക്രീറ്റ്‌ സ്ളാബ്‌. അജിത്‌ കിടന്ന മുറിയുടെ കോണ്‍ക്രീറ്റ്‌ സ്ളാബ്‌ തൂങ്ങി ആടി നില്‍ക്കുന്നു, ഏത്‌ നിമിഷവും താഴെ വീഴാം. അജിത്‌ കിടന്നിരുന്ന കട്ടിലിണ്റ്റെ തൊട്ടു മേലെ. തലയ്ക്ക്‌ മുകളില്‍ തൂങ്ങിനിന്ന മരണം കണ്ട്‌ അജിത്‌ ഞെട്ടി, പിന്നെ കരഞ്ഞു, പ്രസവം അടുത്തെത്തിനില്‍ക്കുന്ന ശ്രീമതിയെ വിളിച്ചു, പിറക്കാനിരിക്കുന്ന കുഞ്ഞിന്‌ ഒരുമ്മ കൊടുത്തു, സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു. (കൃത്യം രണ്ട്‌ ദിവസം കഴിഞ്ഞ്‌, മാര്‍ച്ച്‌ 8 ന്‌ അജിതിണ്റ്റെ ശ്രീമതി ഒരു ആണ്‍കുഞ്ഞിന്‌ ജന്‍മം കൊടുത്തു. ) 

ഇന്നലെവരെ എല്ലാവിധ സൌകര്യങ്ങളോടും കഴിഞ്ഞിരുന്ന അജിത്‌ ഒരൊറ്റ രാത്രി കൊണ്ട്‌ ഒന്നും ഇല്ലാത്തവനായി. അജിതിന്‌ താങ്ങാവുന്നതില്‍ കൂടുതലായിരുന്നു, അത്‌. എന്തും വളരെ ലാഘവത്തോടെ എടുക്കുന്ന അജിത്‌, ജീവിതം ആഘോഷിക്കാനുള്ളതാണെന്ന്‌ വിശ്വസിച്ചു. മദ്യപാനം പോലും ഇങ്ങനെ ഒരുമിച്ചിരുന്ന്‌ കുറച്ച്‌ തമാശകള്‍ പറഞ്ഞ്‌ രസിക്കാനുള്ള ഒരവസരം മാത്രമായാണ്‌ അജിത്‌ കണ്ടിരുന്നതെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. അങ്ങനെയുള്ള അജിത്‌ ആകെ തകര്‍ന്നുപോയി. വീട്ടുസാധനങ്ങള്‍ നഷ്ടപ്പെട്ടതില്‍ കൂടുതലായി സമ്മൃദ്ധിയ്ക്കും ഒന്നുമില്ലായ്മയ്ക്കും ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള അകലം എത്ര ചെറുതാണെന്നുള്ള ഒരു തിരിച്ചറിവായിരിക്കണം അജിതിനെ പൊട്ടിക്കരയിച്ചത്‌ എന്നെനിക്ക്‌ തോന്നി. നമ്മുടെ നട്ടില്‍ ഇടയ്ക്കിടയ്ക്ക്‌ നടക്കുന്ന നിരവധി സ്ഫോഠനങ്ങളില്‍ വീടും സ്വത്തുക്കളും ഉറ്റവരും നഷ്ടപ്പെടുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കും എന്ന്‌ പിന്നീടേപ്പോഴോ മനസ്സില്‍ തോന്നി. 

പോലീസ്‌ രാത്രി തന്നെ എത്തിയിരുന്നു. പക്ഷേ രാത്രി സ്ഫോടനം നടന്ന വീട്‌ ആളുകള്‍ കയറി തെളിവുകള്‍ നശിപ്പിക്കാതിരിക്കാനുള്ള നടപടികളേ എടുത്തുള്ളു. കാലത്ത്‌ സ്ഥലത്തെ സബ്‌ ഇന്‍സ്പെക്ടരും പരിവാരങ്ങളും എത്തി. ഗുജറാത്തിയായിരുന്ന ഇന്‍സ്പെക്ടര്‍ തുടക്കം മുതലേ ഞങ്ങള്‍ക്ക്‌ പ്രത്യേകിച്ചും എനിക്ക്‌ നേരെ സംശയം ഉള്ള രീതിയിലാണ്‌ പെറുമാറിയത്‌. ശ്രീലങ്കയിലെ എല്‍ ടി. ടി. ഇ അതിണ്റ്റെ പ്രതാപം മുഴുവന്‍ ഏടുത്തുനില്‍ക്കുന്ന കാലം. എനിക്കാകട്ടെ ഇരുണ്ടനിറവും. 

എല്‍. ടി. ടി. ഇ യുടെ നേതൃത്വത്തിലുള്ള ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ ഐ. പി. കെ. എഫിനെ അയക്കാന്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കരാറുണ്ടാക്കിയത്‌ 1987-ല്‍ ആയിരുന്നു. കരാറിണ്റ്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സേന ശ്രീലങ്കയില്‍ എത്തിയിരുന്നു. അവര്‍ ശ്രീലങ്കന്‍ തമിഴര്‍ക്കെതിരെ ധാരാളം ക്രൂരതകള്‍ നടത്തുന്നതായി വിവരങ്ങള്‍ പുറത്തു വന്നുതുടങ്ങിയിരുന്നു, താനും. ഇതില്‍ കുപിതരായ എല്‍. ടി. ടി. ഇ ഇന്ത്യക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുമെന്ന്‌ ഭയം നാട്ടുകാരില്‍ ഉണ്ടായിരുന്നു, അങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ അധികാരികളിലും എത്തിത്തുടങ്ങുകയും ചെയ്ത സമയമായിരുന്നു, അത്‌. 

ദക്ഷിണേന്ത്യ മൊത്തം മദ്രാസും അവിടത്തുകാരൊക്കെ മദ്രാസികളും എന്ന പൊതുധാരണ ആ ഇന്‍സ്പെക്ടര്‍ക്കുമുണ്ടായിരുന്നു. ഞങ്ങള്‍ മദ്രാസികള്‍ താമസിക്കുന്ന ക്വാട്ടേര്‍സില്‍ ഉണ്ടായ സ്ഫോഠനം സ്വാഭാവികമായും സംശയം ജനിപ്പിച്ചു. പുറത്തുനിന്ന്‌ എന്തെങ്കിലും വസ്തുക്കള്‍ എറിഞ്ഞതായോ ഒന്നും പ്രാഥമിക നിരീക്ഷണത്തില്‍ കാണാന്‍ കഴിഞ്ഞതുമില്ല. ആ ഇന്‍സ്പെക്ടരുടെ പാവം പോലീസ്‌ ബുദ്ധി മാത്രമാണ്‌ അയാള്‍ പ്രകടിപ്പിച്ചത്‌. ആദ്യമൊക്കെ നോട്ടത്തില്‍ മാത്രം പ്രകടിപ്പിച്ചിരുന്ന സംശയം ക്രമേണ അയാള്‍ വാക്കുകളിലും പ്രകടിപ്പിച്ചു തുടങ്ങി. 

വൈകുന്നേരം വരെ അരിച്ചു പെറുക്കിയിട്ടും അവര്‍ക്ക്‌ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിറ്റി പോലീസ്‌ കമ്മിഷണര്‍ ഒക്കെ രാവിലെ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി പോയിരുന്നു. മേലേയ്ക്ക്‌ കൊടുക്കാന്‍ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിണ്റ്റെ ദേഷ്യം തീര്‍ക്കാന്‍ ആരെയെങ്കിലും ഒരു സംശയത്തിണ്റ്റെ ബലത്തിലെങ്കിലും കസ്റ്റഡിയിലെടുക്കുക എന്നതായിരുന്നു, ഇന്‍സ്പെക്ടറുടെ ഉദ്ദേശം. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക എന്നത്‌ നാടേതായാലും പോലീസിണ്റ്റെ പൊതുസ്വഭാവവുമാണല്ലോ. കസ്റ്റഡിയിലെടുത്ത്‌ ലോക്കപ്പിലാക്കിയാല്‍ ഈ സ്ഫോഠനത്തിണ്റ്റെ മാത്രമല്ല ഇന്ത്യയില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള സകലമാന സ്ഫോഠനങ്ങളുടെ ഉത്തരവാദിത്വങ്ങളും ഞങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ മിടുക്കനമ്മരാണവര്‍.

ഞങ്ങള്‍ ഈ ഭയം അന്നത്തെ വിമാനത്തവളത്തിണ്റ്റെ അധികാരിയായിരുന്ന ശ്രീ. എന്‍. കെ. സിന്‍ഹയെ അറിയിച്ചു. കണിശക്കാരനായ ഭരണാധികാരിയായിരുന്ന സിന്‍ഹ സാര്‍ക്ക്‌ ജില്ല ഭരണാധികാരികളിലും പോലീസ്‌ മേധാവികളിലും നല്ല സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണത്തെ എതിര്‍ക്കാന്‍ ധൈര്യവും പോര. അദ്ദേഹം ഒരു നിലപാടെടുത്തു; ആരെ വേണമെങ്കിലും ചോദ്യം ചെയ്തുകൊള്ളു, വിമാനത്തവളത്തിണ്റ്റെ പരിധിയില്‍ മാത്രം. ആരേയും പുറത്തുകൊണ്ടുപോകാന്‍ സാധ്യമല്ല. തണ്റ്റെ നിലപാട്‌ പോലീസ്‌ മേധാവികളെക്കൊണ്ട്‌ അംഗീകരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഭരണത്തില്‍ ഇന്നത്തെ അത്ര അസഹിഷ്‌ണുത അക്കാലത്തുണ്ടായിരുന്നില്ല എന്നതും ഒരു കാരണമായിരിക്കാം. അങ്ങനെ ഒരു ലോക്കപ്പ്‌ വാസം ഞങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുപോയി. 

പക്ഷേ അന്വേഷണത്തിണ്റ്റെ ഭാഗമായ ചോദ്യം ചെയ്യല്‍ അത്ര എളുപ്പമായിരുന്നില്ല. എണ്റ്റെ ഭൂതകാലം, രാഷ്ട്രീയ നിലപാടുകള്‍, പ്രവര്‍ത്തനങ്ങള്‍, വിദ്യഭ്യാസകാലത്തുണ്ടായ അടിപിടികള്‍, പോലീസ്‌ കേസുകള്‍, ഒക്കെ എന്നില്‍ നിന്നും എഴുതിവാങ്ങി. അഛണ്റ്റെ ഭൂതകാലം, രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍, സുഹൃത്തുക്കള്‍, അവരുടേയൊക്കെ വിവരങ്ങള്‍. അമ്മയെക്കുറിച്ചുള്ള വിവരങ്ങള്‍, അമ്മയുടെ വീട്ടുകാരെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒക്കെ സ്റ്റേറ്റ്മെണ്റ്റില്‍ ഉണ്ടായിരുന്നു. അമ്മയുടേത്‌ ആദ്യകാല കമ്യൂണിസ്റ്റ്‌ കുടുംബം ആയിരുന്നു. കെ. എ. കേരളീയന്‍, വിഷ്‌ണു ഭാരതീയന്‍ ഒക്കെ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്‌. ഈ വിവരങ്ങളൊക്കെ അമ്മ പറഞ്ഞ്‌ കേട്ടിരുന്നു. അവയൊക്കെ ഞാന്‍ പറയാതെ മറച്ചുവെച്ചു. ഇതുപോലെ അജിതിണ്റ്റേയും ഭാസ്കരണ്റ്റേയും ഒക്കെ സ്റ്റേറ്റ്മണ്റ്റ്‌ എഴുതിവാങ്ങി. തലേദിവസം അജിതിണ്റ്റെ വീട്ടില്‍ വന്നിരുന്ന ഇന്ത്യന്‍ ഓയില്‍ ജീവനക്കാരനായ ഇനിയൊരു തമിഴ്‌ നാട്ടുകാരണ്റ്റെ കാര്യം മനപൂര്‍വം ഞങ്ങള്‍ മറച്ചുവെച്ചു. ഇല്ലെങ്കില്‍ അദ്ദേഹത്തേയും ഇതുപോലെബുദ്ധിമുട്ടിക്കുമായിരുന്നു. 

പിറ്റേ ദിവസം അഹമ്മദാബാദില്‍ നിന്നുള്ള ഫോറന്‍സിക്‌ വിദഗ്ധര്‍ എത്തി. വീട്ടിനുള്ളിലേയും പുറത്തുമുള്ള ഓരോ വസ്ത്തുക്കളും വിശദമായി പരിശോധിച്ചു. ഒരു സ്ഫോഠകവസ്തുക്കളുടേയും അംശങ്ങള്‍ കണ്ടുകിട്ടിയില്ല. ഗ്യാസ്‌ സിലിണ്ടറില്‍ നിന്നുള്ള ലീക്കാകാമെന്ന്‌ ഒരു സംശയം ഉയര്‍ന്നുവന്നു. പക്ഷേ സിലിണ്ടര്‍ കാര്യമായ ഒരു ക്ഷതവും ഏല്‍ക്കാതെയുണ്ടായിരുന്നു, ഏറെക്കുറെ നിറഞ്ഞ്‌ തന്നെ. ഗാസ്‌ സ്റ്റൌവും കാര്യമായ കേടുപാടുകള്‍ കൂടാതെ ഉണ്ടായിരുന്നു. അതേ സ്റ്റൌ തന്നെ അജിത്‌ പിന്നീടും കുറച്ചുനാള്‍ ഉപയോഗിച്ചു. 

ഞങ്ങള്‍ കണ്ട നീലവെളിച്ചത്തെക്കുറിച്ച്‌ ഞങ്ങള്‍ പോലീസിനോട്‌ പറഞ്ഞിരുന്നു. അവര്‍ പക്ഷേ അത്‌ കാര്യമായെടുത്തില്ല. ഫോറന്‍സിക്‌ വിദഗ്ദ്ധരോടും അത്‌ ഞങ്ങള്‍ ആവര്‍ത്തിച്ചു. അവര്‍ ഞങ്ങളുടെ വിവരണം ശ്രദ്ധിച്ച്‌ കേട്ടു. എന്നാല്‍ കൃത്യമായ അഭിപ്രായമൊന്നും അവര്‍ പറഞ്ഞില്ല. പക്ഷേ ഇക്കാര്യം വളരെ കൌതുകം ഉണര്‍ത്തി, എല്ലാവരിലും. ഒരു സ്ഫോഠകവസ്തുക്കളും കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. 

കുറച്ചുമാസങ്ങള്‍ക്കുമുമ്പ്‌ യു.എഫ്‌.ഓ വിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ സജീവമായിരുന്നു. നവംബര്‍ മാസത്തില്‍ ഒരു ദിവസം പാരീസില്‍ നിന്ന്‌ ജപ്പാനിലെ നാരിട എന്ന വിമാനത്താവളത്തിലേക്ക്‌ പറന്ന JAL1628 എന്ന വിമാനത്തിണ്റ്റെ പൈലറ്റുമാര്‍ അവര്‍ കണ്ട ഒരു വസ്തുവിനെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. പെട്ടെന്ന്‌ താഴെ നിന്ന്‌ ഉയര്‍ന്നുവന്ന രണ്ട്‌ വസ്തുക്കള്‍ കുറെ ദൂരം തങ്ങളുടെ തൊട്ടടുത്ത്‌ പറന്നതായിട്ടായിരുന്നു, അവരുടെ റിപ്പോര്‍ട്ട്‌. ആ വാഹനത്തിണ്റ്റെ രൂപം മുഴുവന്‍ കാണാനായില്ലെങ്കിലും അതിണ്റ്റെ മുന്‍വശത്ത്‌ ഒരു നിര ജ്വലിക്കുന്ന മുനമ്പുകള്‍ ഉണ്ടായിരുന്നതായും തൊട്ടടുത്തെത്തിയപ്പോള്‍ ആ വാഹനത്തിലെ കാബിന്‍ ലൈറ്റ്‌ കത്തിയതായും അവരുടെ വിവരണങ്ങളില്‍ ഉണ്ടായിരുന്നു. 

ലോക്കല്‍ പത്രങ്ങളില്‍ മാത്രമല്ല, ഇംഗ്ളീഷ്‌ പത്രങ്ങളിലും പ്രാധാന്യത്തോടെ വാര്‍ത്ത വന്നു. വാര്‍ത്തകളില്‍ പതിവ്‌ പോലെ കുറച്ച്‌ സത്യവും കുറെ ഭാവനയുമുണ്ടായിരുന്നു. യു. എഫ്‌. ഓ വിനെക്കുറിച്ചുള്ള വാര്‍ത്തകളും അകമ്പടിയായുണ്ടായിരുന്നു. എണ്റ്റേയും അജിതിണ്റ്റേയും പേര്‌ കണ്ട്‌ പരിചയക്കാരായ പലരും അന്യനാടുകളില്‍ നിന്ന്പോലും ഫോണ്‍ വിളിച്ച്‌ അന്വേഷിച്ചുകൊണ്ടിരുന്നു. 

കിട്ടാവുന്നത്ര സാമ്പിളുകള്‍ എടുത്ത്‌ ഫോറന്‍സിക്‌ വിദഗ്ധര്‍ തിരിച്ചുപോയി. കുറച്ചുദിവസത്തെ കാവലിനുശേഷം പോലീസും പിന്‍വാങ്ങി. മാസങ്ങളോളം പോലീസിണ്റ്റെയും ഫോറന്‍സിക്‌ വിദഗ്ദ്ധരുടേയും നിരന്തരമായ സന്ദര്‍ശനങ്ങള്‍ ഇണ്ടായിരുന്നു. ക്രമേണ അത്‌ കുറഞ്ഞുവന്നു. കാണുന്നവരിലൊക്കെ ജിഞ്ജാസയും ഞങ്ങളില്‍ ഭയവും നിറച്ചുകൊണ്ട്‌ തകര്‍ന്ന ആ വീട്‌ നിന്നു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതുതായി ഉല്‍ഘാടനം ചെയ്ത കോഴിക്കോട്ടേയ്ക്ക്‌ സ്ഥലം മറ്റം കിട്ടി അജിത്‌ പോയി. ഒരു വര്‍ഷം കഴിഞ്ഞ്‌ ഞാനും. അപ്പോഴും ആ വീട്‌ പുതുക്കി പണിയാതെ നിലനിന്നിരുന്നു, ഒരു ദുസ്വപ്നത്തിണ്റ്റെ ഓര്‍മ്മക്കുറിപ്പായി. 

ഒന്നുരണ്ട്‌ വര്‍ഷങ്ങള്‍ക്കുശേഷം ബറോഡയിലെ സുഹൃത്തുക്കളില്‍ നിന്ന്‌ ആ വിവരം അറിഞ്ഞു. ഫോറന്‍സിക്‌ വിദഗ്ധരും പോലീസും ഒന്നും അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനാകാതെ ആ കേസ്‌ ഫയല്‍ എന്നെന്നേയ്ക്കുമായി അടച്ചുവെച്ചു. എനിക്കിപ്പോഴും അറിയില്ല, അന്ന്‌ ആകാശത്തേയ്ക്ക്‌ ഉയര്‍ന്നുപോയ ആ നീലവെളിച്ചം എന്തായിരുന്നു? ഇനി അത്‌ ഞങ്ങളുടെ വെറും തോന്നലായിരുന്നോ? ഈ ചോദ്യത്തിനുത്തരത്തില്‍ ആ സ്ഫോഠനത്തിണ്റ്റെ രഹസ്യം ഉണ്ട്‌. ആര്‌, എങ്ങനെ കണ്ടെത്തും അതിനുത്തരം?

7 comments:

 1. ഈയടുത്ത കാലത്ത്‌ നമ്മുടെ നാട്ടില്‍ നടന്ന്‌ രണ്ട്‌ സ്ഫോഠനങ്ങള്‍ ഈ ഓര്‍മ്മകള്‍ പുറത്തുകൊണ്ടുവന്നു.

  ReplyDelete
  Replies
  1. പുതിയൊരു ബര്‍മുഡാ ട്രയാങ്കില് !! ഷെര്ലക് ഹോംസിന്റെ ഇമെയില് എങ്കിലും വേണ്ടിവരും. (കൌതുകത്തിനു ഒന്നാം പുള്ളി കമ്പ്യൂട്ടറിന്റെ സംഭാവനയാണല്ലേ?)

   Delete
 2. പരത്തി പറഞ്ഞത് കൊണ്ട്
  ഈ കുറിപ്പിന്റെ ഏകാഗ്രത
  നഷ്ടമായി. ഈങ്ങനെയായിരുന്നോവോ
  ഈ കുറിപ്പെഴുതേണ്ടിയിരുന്നത് എന്നൊരു
  സംശയം ബാക്കി.

  ReplyDelete
 3. നന്ദി, എല്ലാവര്‍ക്കും. ധര്‍മരാജ്‌, അങ്ങനെ തോന്നിയോ?

  ReplyDelete
 4. ഹോ ഓരോ സംഭവങ്ങള്‍, എനിയ്ക്ക് പേടിയായിപ്പോയി...

  ReplyDelete
 5. oru screen play poole good presentation...

  ReplyDelete