Wednesday, December 13, 2017

അതിജീവനത്തിന്റെ മണിപ്പൂർ പാഠങ്ങൾമണിപ്പൂരിൽ ബന്ദും ഹർത്താലും ജീവിതത്തിന്റെ ഒരു ഭാഗമാണ്‌. പത്താളുകൾ പോലുമില്ലാത്ത സംഘടനകൾ തുടങ്ങി മണിപ്പൂരിൽ സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനകൾ വരെ ഇടയ്ക്കിടെ ബന്ദും ഹർത്താലും ആഹ്വാനം ചെയ്യും. ആളുകൾ ക്ഷമയോടെ ആഹ്വാനം ചെവിക്കൊള്ളും, കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയും ചെയ്യും. കേരളത്തിൽ അംഗീകാരമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്‌ ആഹ്വാനം ചെയ്യറുള്ളതെങ്കിൽ ഇവിടെ തീവ്രവാദി സംഘടനകളാണെന്ന ഒരു വ്യത്യാസമേയുള്ളൂ. 

വിമാനത്താവളവും പരിസരവും ഇവയൊന്നും അറിയാറില്ല. വിമാനത്താവളത്തിനുമുന്നിലുള്ള ഹൈവേയിലുള്ള ചെറിയ കടകൾ ഒക്കെ തുറക്കും. തീവ്രവാദി ഭീഷണിയുള്ളതിനാൽ വിമാനത്താവളം എപ്പോഴും പോലീസിന്റേയും പട്ടാളത്തിന്റേയും നിരീക്ഷണത്തിലായത് കാരണം ഇവിടങ്ങളിൽ കടയടപ്പിക്കാനും മറ്റും ആരും വരാറില്ല. ഒരു ഞായറാഴ്ച ഇംഫാൽ സിറ്റിയിലുള്ള കാംഗ്ല കോട്ട കാണാൻ പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണറിഞ്ഞത് അന്ന് ഹർത്താൽ ആണെന്ന്. വെറുതെ ചുറ്റിക്കറങ്ങി തിരിച്ചുപോന്നു. 

നവംബർ 21 മുതൽ 30 വരെ മണിപ്പൂരിലെ പ്രശസ്തമായ സാങ്കായ് ഉൽസവം നടക്കും. ഈ വർഷം ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഇപ്പോഴത്തെ ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസന സംഗമവും നടന്നു. ഉല്ഘാടനം ചെയ്തത് നമ്മുടെ സാക്ഷാൽ രാഷ്ട്രപതി. കേന്ദ്ര മന്ത്രിമാരുടെ ഒരു സംഘം തന്നെ എത്തി. എന്ത് കാര്യം മണിപ്പൂരിലെ തീവ്രവാദി സംഘടനകളെല്ലാം ചേർന്ന് അന്ന് ബന്ദ് പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതല്ലാതെ മറ്റൊരു വ്യത്യാസവുമുണ്ടായില്ല. പരിപാടി ഉല്ഘാടനം ചെയ്ത്, കലാപരിപാടികളും കണ്ട് രാഷ്ട്രപതിയും മന്ത്രിമാരും തിരിച്ചുപോവുകയും ചെയ്തു. ആളുകൾ കുറവാണെങ്കിലും ആയുധവും പണവും ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ എതിരിട്ട് നില്ക്കാൻ ആർക്കുമാവില്ല. 

ഒന്നോ രണ്ടോ ദിവസങ്ങൾ നീണ്ടുനില്ക്കുന്ന ബന്ദുകൾ മാത്രമല്ല. ചിലപ്പോൾ മാസങ്ങളോളം ഹൈവേകളിൽ വാഹന നീക്കം തടയുന്ന രീതിയും ഉണ്ട്. കഴിഞ്ഞ വർഷം സപ്റ്റംബർ തുടങ്ങി ഹൈവേ ഉപരോധം ഉണ്ടായിരുന്നുവെന്ന് ആളുകൾ പറയുന്നു. ഇത്തരം ഉപരോധങ്ങളെ പോലീസോ പട്ടാളമോ എതിർക്കാറില്ല. പട്ടാളം ഹൈവേയിൽ കോൺവോയ് അടിസ്ഥാനത്തിൽ അവരുടെ സാധനങ്ങൾ എത്തിക്കും. ഇതിനെ തടയാനൊന്നും തീവ്രവാദികളും നില്ക്കാറില്ല. മറ്റ് വാഹനങ്ങൾ പ്രത്യേകിച്ച് ചരക്ക് ലോറികൾ വരുമ്പോൾ ലോറി ഒന്നിന്‌ ഇത്ര രൂപ എന്ന് വെച്ച് വാങ്ങും, അത്രമാത്രം. ഇതിനായി സർക്കാൻ ചെക്ക് പോസ്റ്റ് പോലെ തന്നെ തീവ്രവാദികൾക്ക് അവരുടേതായ ചെക്ക് പോസ്റ്റുകളുണ്ട്. 

ഒരിക്കൽ വിമാനത്താവളത്തിലേക്ക് വേണ്ട ചില ഉപകരണങ്ങൾ അടങ്ങുന്ന ലോറി 5 ദിവസം മണിപ്പൂർ നാഗാലാന്റ് അതിർത്തിയിൽ കിടക്കേണ്ടി വന്നു. പുതിയ കമ്പനി ആയതിനാൽ അവർക്ക് മാമൂലുകളെ പറ്റി അറിയില്ലായിരുന്നു. 3 ദിവസം കഴിഞ്ഞപ്പോൾ ലോറിയുടെ ഡ്രൈവർ എന്നെ വിളിച്ചു. അപ്പോഴാണറിഞ്ഞത് അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണെന്ന്. അനധികൃത ചെക്ക് പോസ്റ്റിൽ കൊടുക്കാൻ അവരുടെ കൈയിൽ പണമുണ്ടായിരുന്നില്ല. ഒടുവിൽ മണിപ്പൂരിലെ ആർമി ആസ്ഥാനത്ത് ബന്ധപ്പെട്ട് ആർമി കോൺവോയിൽ ഉൾപ്പെടുത്തി ലോറി ഇംഫാലിൽ എത്തിക്കുകയായിരുന്നു.    

ഇത്തരം ബന്ദുകളിലും ഹൈവേ ബ്ലോക്കുകളിലും പരിചയിച്ചതുകൊണ്ടായിരിക്കാം, ഇതിനെ അതിജീവിക്കാൻ മാർഗങ്ങൾ ഇവിടത്തുകാർ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇത്തരം ബന്ദുകൾ അവർക്ക് ഒരു വരുമാന മാർഗം തുറന്നുകൊടുക്കുന്നു കൂടിയുണ്ട്. സാധനങ്ങൾ സ്റ്റോക്ക് ചെയ്ത് കൂടിയ വിലയ്ക്ക് വില്ക്കാൻ ബന്ദുകൾ സഹായിക്കുന്നു. 

മാസങ്ങൾ നീണ്ട ഉപരോധം കാരണം പെട്രോൾ വില ലിറ്ററിന്‌ 250 രൂപ വരെ ഉയർന്നു. പെട്രോൾ കിട്ടും, ഉയർന്ന വില കൊടുക്കണമെന്ന് മാത്രം. ഇപ്പോഴും നിരത്തുകളിൽ പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പികളും ഫണലുമായി കുത്തിയിരിക്കുന്നവരെ കാണാൻ പറ്റും. വലിയ കാനിൽ പെട്രോളും അളന്നൊഴിക്കാൻ പണ്ട് റേഷൻ കടകളിൽ മണ്ണെണ്ണ എടുത്തൊഴിക്കാൻ ഉപയോഗിച്ചിരുന്ന കൈപിടിയുള്ള അറ്റം കൂർത്ത അളവുപാത്രവും. പോയ നല്ല കാലം ഓർത്തുകൊണ്ട് വീണ്ടും ഒരു ഉപരോധത്തിനുള്ള കാത്തിരിപ്പിലാണ്‌, ഈ പാവങ്ങൽ എന്ന് തോന്നി. 

സ്ഥലം മാറ്റമായി എത്തിയപ്പോൾ, എനിക്ക് വേണ്ടി റിസർവ് ചെയ്ത ക്വാട്ടേഴ്സ് അടുക്കളയിൽ പരിമിതമായ സൗകര്യങ്ങളുണ്ടായിരുന്നു. ഒരു വർഷം മാത്രം നീണ്ട പോസ്റ്റിംഗിൽ വരുന്നതുകാരണം മിക്കവരും കുടുംബവുമായി വരാറില്ല. ഒരു വർഷം കഴിയുമ്പോൾ വീട്, വീട്ടുസാധനങ്ങൾ അടക്കം അടുത്ത ആൾക്ക് കൈമാറി തിരിച്ചു പോവുകയാണ്‌ രീതി.

എനിക്ക് മുമ്പ് താമസിച്ചയാളും ഒറ്റയ്കായിരുന്നു. ഒരാൾക്ക് പാചകത്തിനുവേണ്ട അത്യാവശ്യം സാധനങ്ങൾ മാത്രം. ഗ്യാസ് ഇല്ല, ഇൻഡക്ഷൻ സ്റ്റൗ മാത്രം. ഇൻഡക്ഷൻ സ്റ്റൗവിൽ എല്ലാം പാചകം ചെയ്യാനാവില്ലല്ലോ. ഞാനാണെങ്കിൽ ശ്രീമതിയുമൊത്താണ്‌ എത്തിയത്. ഗ്യാസ് വേണമെന്ന് ഇവിടെയുള്ള ഒരളോട് പറഞ്ഞതേ ഉള്ളൂ, പിറ്റെ ദിവസം രാവിലെ തന്നെ ഗ്യാസ് സ്റ്റൗവും ഒരു സിലിൻഡറും റഗുലേറ്ററും ഒക്കെയായി ഒരാൾ എത്തി. 7000 രൂപ കൈയോടെ വാങ്ങിച്ചു. ഒരുവർഷം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ  അവർ തന്നെ തിരിച്ചുകൊണ്ടു പോയ്ക്കൊള്ളും എന്ന കരാറിൽ. പകുതി പണം തരുമായിരിക്കും. അടുത്തയാൾ വരുമ്പോൾ വീണ്ടും ഇതാവർത്തിക്കാം. ഒരു കടലാസുമില്ല, ആധാർ കാർഡോ റേഷൻ കാർഡോ വേണ്ട, പറയുന്ന പണം കൊടുത്താൽ മാത്രം മതി. ഇവിടത്തെ പലചരക്ക് കടകളിൽ മറ്റ് സാധനങ്ങൾക്കൊപ്പം ഗ്യാസ് കുറ്റി കൂടി നിരത്തി വെച്ചിരിക്കുന്നത് കാണാം. എന്താ ലേ...

പച്ചക്കറികൾക്കെല്ലാം വലിയ വിലയാണ്‌. സാധാരണ നമ്മൾ കഴിക്കുന്നവയ്ക്കെല്ലാം ശരാശരി 100 രൂപ കിലോയ്ക്ക്. പഴവർഗങ്ങൾക്കും അങ്ങനെ തന്നെ. വിലക്കുറവുള്ളത് മീനിനാണ്‌. എവിടെ നോക്കിയാലും കുളങ്ങളും തോടുകളുമായതുകാരണം മീൻ സുലഭം. പുരുഷന്മാരുടെ പ്രധാന ജോലി കുളങ്ങളുടേയും തോടുകളുടേയും കരയിൽ ചൂണ്ടയിട്ടിരിക്കുക എന്നതാണ്‌. ബാക്കി ഒട്ടുമിക്ക ജോലികളിലും സ്ത്രീകളാണ്‌. പ്രധാന ഭക്ഷണം ചോറും മീനുമായത് കാരണം ഉപരോധങ്ങൾ ഇവരുടെ നിത്യജീവിതത്തെ കാര്യമായി ബാധിക്കുന്നില്ല. ഉപരോധങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റാം എന്ന് ഇവർ പഠിച്ചിരിക്കുന്നു, എന്ന് വേണം കരുതാൻ.

ഈയുടത്ത ദിവസം ഇവിടെ മലയാളികൾ നടത്തുന്ന രണ്ട് സ്കൂളുകളിൽ പോയി. അഴിമതിക്കെതിരായ് ജാഗ്രത എന്ന വിഷയത്തിൽ വിദ്യാർത്ഥികളെ ബോധവല്ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു, ഈ സ്കൂൾ സന്ദർശനങ്ങൾ. സ്കൂൾ വിടുന്ന നേരത്ത് ദേശീയ ഗാനത്തിനുപകരം എന്തോ ഒരു പ്രാർത്ഥനാഗീതമായിരുന്നു, കേട്ടത്. അന്വേഷിച്ചപ്പോൾ അറിഞ്ഞ കാര്യം അൽഭുതകരമായിരുന്നു. 

ഇവിടെ സ്കൂളുകളിൽ ഇന്ത്യൻ പതാക ഉയർത്തുവാനോ ദേശീയഗാനം ആലപിക്കുവാനോ തീവ്രവാദികൾ അനുവദിക്കുകയില്ല. അങ്ങനെ വല്ലതും സംഭവിച്ചാൽ ആ സ്കൂൾ പിന്നെ മുന്നോട്ട് പോവില്ലത്രേ. മുമ്പൊരു മലയാളി നല്ല രീതിയിൽ നടത്തിക്കൊണ്ടിരുന്ന ഒരു സ്കൂൾ തീവ്രവാദി ഭീഷണി കാരണം ആർക്കോ ഏൽപ്പിച്ച്  നാടുവിട്ട് പോവേണ്ട അനുഭവം ഉണ്ടായിട്ടുണ്ട്. മണിപ്പൂരിൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും തീവ്രവാദി സംഘടനകൾക്ക് കപ്പം കൊടുക്കുന്നവരാണ്‌. ഇതിൽ സ്കൂളുകളും പെടും. 

ദേശീയതയുടെ പേരിൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പല നിർബ്ബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കാൻ  നിരന്തരം ശ്രമിക്കുന്ന പാർട്ടിയാണ്‌ ഇപ്പോൾ മണിപ്പൂർ ഭരിക്കുന്നത്. ഇവർക്കും ഇത്തരം കാര്യങ്ങളിൽ കാര്യമായൊന്നും ചെയ്യാൻ സാധിക്കുന്നില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അതിജീവന സമവാക്യങ്ങൾ വ്യത്യസ്തമാണെന്ന പാഠം അവരും ഉൾക്കൊണ്ടിരിക്കുന്നു.  
  

  
  

Saturday, November 11, 2017

ഈ വടക്ക് കിഴക്കേ അറ്റത്ത് നിന്ന്....


പ്രണയം കഥകളുടെ ഒരു അക്ഷയ ഖനിയാണ്‌. സാഹിത്യവും ഇതര കലാരൂപങ്ങളും ഉണ്ടായ കാലം തുടങ്ങി പ്രണയം ആണ്‌ ഏറ്റവും കൂടുതൽ പകർത്തപ്പെട്ടിട്ടുള്ളത്. ലോകത്തിലെ അസംഖ്യം ഭാഷകളിലും രാജ്യങ്ങളിലും പ്രണയം സാഹിത്യത്തിലും, സിനിമയിലും പൂത്തുലഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ഇപ്പോഴും പ്രതിഭാശാലികശ്ൾക്ക് കണ്ടെടുക്കാൻ ഈ ഖനിയിൽ മുത്തുകളും രത്നങ്ങളും ബാക്കിയുണ്ട്. അവ എടുത്ത് മിനുക്കി നമുക്ക് മുന്നിലെത്തിച്ചാൽ ഇനിയും നമുക്ക് ആസ്വദിക്കാം. 

വളരെ യാദൃശ്ചികമായി ഇന്ന് രാവിലെ യൂട്യൂബിൽ കണ്ട ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ചെറിയ ചിത്രം കണ്ടപ്പോൾ മനസ്സിലൂടെ മിന്നി മറഞ്ഞ കാര്യങ്ങളാണ്‌ മുകളിൽ കുറിച്ചത്. ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്ത് ഇപ്പോൾ താമസിക്കുന്ന ഞാൻ ഈ മൂലയുടെ പ്രത്യേകതകൾ അറിയാൻ ശ്രമിക്കുകയാണല്ലോ...

പ്രിയയുടെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ഒരിടമുണ്ട്. എത്തിപ്പെടാൻ എളുപ്പമല്ലാത്തതാണ്‌ ഈ മൂല. വഴിയിൽ കാടുകളും മലകളും പാറക്കെട്ടുകളും ഒക്കെയായി. അവിടെയും പ്രണയത്തിന്റെ ശക്തിയിൽ ഒരാൾ എത്തിപ്പെടുന്നു, അവൾ പോലുമറിയാതെ. അതൊരു അച്ചനായിരുന്നു. അവനെ സ്വന്തമാക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും അവൾ അവനെ അവിടെ കുടിയിരുത്തുകയാണ്‌. ‘മരിക്കുന്നതുവരെ എന്ന് അവൾ‘. 

പ്രണയം കൈകാര്യം ചെയ്യുമ്പോൾ തികഞ്ഞ കൈയടക്കം വേണം. ഇല്ലെങ്കിൽ വഴുതി പ്പോകും. ഒടുവിൽ അത് അളിഞ്ഞ, വളിച്ച എന്തോ ഒന്നായി മാറും. ഇങ്ങനെ വഴുതിപ്പോകാതെ പ്രണയത്തിന്റെ അതിന്റെ എല്ലാ സൗന്ദര്യത്തോടും സൗരഭ്യത്തോടും അവതരിപ്പിക്കുന്നു, എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

പ്രണയം മനോഹരമായ, സുഗന്ധിയായ ഒരു പൂവാണ്‌. അതിനെ ഞെട്ടറുത്ത് തലയിൽ ചൂടാൻ  ശ്രമിക്കുന്നതാണ്‌ യഥാർത്ഥ പ്രണയനഷ്ടം എന്നതാണ്‌ ഈ ചിത്രം പറയുന്നത്. ഒരിക്കൽ അച്ചൻ പറയുന്നു, “എന്നെ പോലെ പ്രണയിച്ചവർ ആരുമുണ്ടാവില്ല” എന്ന്. മറ്റൊരിക്കൽ ചോദ്കിക്കുന്നു, “മനസ്സിൽ പ്രണയമില്ലാത്തവനെങ്ങനെയാണ്‌ ദൈവത്തിനടുത്തെത്താൻ പറ്റുക?” എന്ന്. 

പ്രണയത്തിൽ നിന്ന് ഒളിച്ചോടുകയല്ല ദൈവത്തിലേക്കുള്ള വഴിയെന്ന് അച്ചൻ കാണിച്ചു തരുകയാണ്‌. താൻ കണ്ട ഏറ്റവും നല്ല പെൺകുട്ടിയാണ്‌ പ്രിയയെന്ന് അച്ചൻ ആത്മഗതം ചെയ്യുന്നുണ്ട്. ’ഭംഗിയുള്ളതെന്തും അതേ പോലെ നില്ക്കട്ടെ‘ എന്നതാണ്‌ അച്ചൻ പറയുന്നത്. 

അച്ചനുമായി പിരിയുമ്പോൾ പ്രിയ വിളിച്ചു പറയുന്നുണ്ട്, പ്രതികാരമായി താൻ പ്രസവിക്കുന്ന ഓരോ കുഞ്ഞുങ്ങളേയും അച്ചനെക്കൊണ്ട് മാമോദീസ മുക്കിക്കുമെന്ന്. അവളോട് ’നിർബ്ബന്ധങ്ങളില്ലാത്ത പ്രണയം‘ ഉള്ളിൽ സൂക്ഷിക്കുന്ന അച്ചൻ അത് സന്തോഷപൂർവം സ്വീകരിക്കുന്നു. അവളുടെ കുഞ്ഞുങ്ങളെ മാമോദീസ മുക്കാൻ തയ്യാറാകുന്നു. 

നിബന്ധനകളില്ലാത്ത, നിർബ്ബന്ധങ്ങളില്ലാത്ത പ്രണയത്തിന്റെ കഥയാണ്‌ ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ഈ ഹ്രസ്വചിത്രം. അനൂപ് നാരായണനും കൂട്ടുകാർക്കും അഭിമാനിക്കാം ഇതരം ഒരു ചിത്രം തയ്യാറാക്കാൻ കഴിഞ്ഞതിൽ. ചിലയിടങ്ങളിൽ ചെറിയ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും തീരെ ചടുലമല്ലാത്ത രീതി ചിത്രത്തിന്റെ മൊത്തം ഫീലിന്‌ യോജിക്കുന്നു. പ്രിയയെ അവതരിപ്പിച്ച അനീഷ ഉമ്മർ നന്നായി ചെയ്തിരിക്കുന്നു. മൊത്തം നടീനടന്മാരുടെ പ്രകടനം നന്നായിരിക്കുന്നു.   

ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റം ഇനിയും വിശുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത, സുന്ദരമായ പ്രകൃതിയാൽ സമൃദ്ധമാണ്‌. മനുഷ്യന്റെ ആർത്തി കോൺക്രീറ്റ് കാലുകൾ ഇറക്കി കീറിപ്പോളിച്ചിട്ടില്ലാത്ത ഇടം. മണിപ്പൂരും മേഘാലയയും മിസോറാമും നാഗാലന്റും ഒക്കെ ഈ ഇപ്പോഴും വന്യമായ, അകൃത്രിമമായ, സൗന്ദര്യത്തിന്റെ അടയാളങ്ങളങ്ങൾ തന്നെ. സ്വന്തമാക്കി നശിപ്പിക്കാൻ താല്പര്യമില്ലാത്ത പ്രണയത്തിനെ കുടിയിരുത്താൻ പറ്റിയ ഇടം വേറെ എവിടേ കിട്ടാൻ...!     
http;//m.manoramaonline.com/movies/movie-news/2017/11/11/chat-with-aneesha-ummer.html

Thursday, September 21, 2017

അരുവികൾ ചേരുന്നിടംഇംഫാലിലെത്തിയിട്ട് ആകെ രണ്ട് മൂന്ന് ദിവസമേ ആയിരുന്നുള്ളു. ജോലിയുടെ കാര്യങ്ങൾ മനസ്സിലാക്കിവരുന്നതേ ഉള്ളൂ. ആളുകളെ ഒന്നൊന്നായി പരിചയപ്പെട്ടു വരുന്നു. തല്ക്കാലം വിമാനത്താവളത്തിലെ ഗസ്റ്റ് റൂമിൽ താമസം. ഭക്ഷണം പുറത്തുനിന്ന്. പുറത്തുള്ള ഒരു ബംഗാളി കടയിൽ അത്യാവശ്യം വായ്ക്ക് രുചിയുള്ള ഭക്ഷണം കിട്ടുന്നതുകാരണം പട്ടിണി കിടക്കാതെ കഴിയുന്നു.
വെള്ളിയാഴ്ച കാലത്ത് ജോൺ സാറിന്റെ ഫോൺ വരുന്നു. ഇംഫാലിൽ മുമ്പ് ജോലിചെയ്തിരുന്ന മാതൃഭൂമിയിലെ ബക്കർ പറഞ്ഞിരുന്നു, ജോൺ സാറിനെ പറ്റി. ഇംഫാലിൽ കഴിഞ്ഞ 25 വർഷമായി ഒരു സ്കൂൾ നടത്തിവരികയാണ്ജോൺ സാർ. സ്കൂളായതുകാരണം ശനിയാഴ്ച വിളിക്കാം എന്ന് കരുതിയിരിക്കുമ്പോൾ സാർ തന്നെ നേരിട്ട് വിളിച്ചു. അപ്പോൾ ലായമായൊന്നും സംസാരിക്കാൻ പറ്റിയില്ല. പിന്നീടാണ്വിശദമായി സംസാരിച്ചത്. വളരെ കുറച്ചു മലയാളികൾ മാത്രമുള്ള ഒരു പ്രദേശമാണ്മണിപ്പൂർ. മലയാളികളായി ഇവിടെയുള്ളവരെയെല്ലാം സാറിനറിയാം. മണിപ്പൂരി ഭാഷ സുന്ദരമായി സംസാരിക്കും.
അന്ന് പറഞ്ഞതനുസരിച്ച് ശനിയാഴ്ച സ്കൂൾ സമയം കഴിഞ്ഞ ഉടനെ എയർപോർട്ടിൽ വന്ന് എന്നെ കൂട്ടി യാത്രയായി. എങ്ങോട്ടാണ്പോകുന്നതെന്ന് പറഞ്ഞിരുന്നില്ല. പറഞ്ഞാലും എനിക്കറിയില്ലല്ലോ. അദ്ദേഹം എന്നെ കൊണ്ടുപോയത് മണിപ്പൂരിലെ ലോക്ടാക് തടാകത്തിലേക്കാണ്‌. ലോക്ടാക് എന്ന വാക്കിന്‌ ‘അരുവികളുടെ അവസാനംഎന്ന് ഏകദേശം അർത്ഥം. തടാകത്തിലേക്കുള്ള വഴിയിൽ നിരത്തിനിരുവശവൗം നീണ്ടുകിടക്കുന്ന നെൽപ്പാടങ്ങൾ. അവിടവിടെ ചെറിയ ചെറിയ വീടുകൾ. അവിടെ കൂനിക്കൂടിയിരിക്കുന്ന ഗ്രാമീണർ. ചെറിയ കടകൾ. പച്ചക്കറിയും അത് പോലെയുള്ള സാധങ്ങളും വില്പ്പനയ്ക്ക് വെച്ചിരിക്കുന്നു. വലിയ കെട്ടിടങ്ങൾ ഒന്നു പോലും കാണാനായില്ല.
എയർപോർട്ടിൽ നിന്ന് ഏതാണ്ട് നാല്പ്പത് കിലോമീറ്റർ ദൂരെയാണ് തടാകം. കിലോമീറ്ററുകൾ നീണ്ടുകിടക്കുന്നു. തടാകത്തിനുള്ളിലായി തന്നെ നിരവധി കുന്നുകൾ. ചില ഗ്രാമങ്ങൾ. അതിന്റെ ഏതാണ്ട് മധ്യപ്രദേശത്തിലായി വലിയൊരു മലയിൽ ഒരു പട്ടാള ക്യാമ്പ്. അതിനോട് ചേർന്നുകിടക്കുന്ന ഒരു വ്യൂ പോയിന്റ്. അവിടെ നിന്നാൽ തടാകത്തിന്റെ ഒരേകദേശ രൂപം കിട്ടും. എങ്കിലും അതിന്റെ അതിരുകളോളം കണ്ണെത്തില്ല. അത്ര വിശാലമാണ്തടാകം.
തടാകത്തിൽ അവിയടവിടെയായി പുല്ല് നിറഞ്ഞുകിടക്കുന്നുണ്ട്. ചെറുതും വലുതുമായി നിറയെ. ചെറിയ പുല്ക്കൂട്ടങ്ങൾ തുടങ്ങി വലിയ പുൽമേടുകൾ വരെ ഉണ്ടെന്ന് പറയുന്നു. ഇവയൊന്നും മണ്ണിലല്ല നില്ക്കുന്നത്, തടാകത്തിന്റെ ഉപരിതലത്തിൽ വെള്ളത്തിൽ ഒഴുകിനടക്കുന്നവയാണ്ഇവ എന്നതാണിതിന്റെ പ്രത്യേകത.
ഇതിൽ തന്നെയുള്ളകൈബുൾ ലഞ്ചാവോഎന്ന വലിയ പുല്മേടുകളിൽ വളരുന്ന ഒരു മാനാണ്സങ്കായ്’. മാനാണ്മണിപൂരിന്റെ ഔദ്യോഗിക ചിഹ്നം. വംശനാശം നേരിടുന്ന മാനിനെ സംരക്ഷിക്കാൻകൈബുൽ ലഞ്ചാവോഒരു നാഷണൽ പാർക് ആയി നിലനിർത്തിയിരിക്കുന്നു. നവംബർ മാസത്തിൽ മണിപൂരിന്റെ ഏറ്റവും വലിയ ആഘോഷം ലോക്ടാക് തടാകത്തിൽ നടക്കുന്ന സങ്കായ് ഉൽസവമണ്‌. ധാരാളം ആളുകൾ മണിപൂരിലേക്കെത്തിചേരുന്ന ഒരു ഉൽസവം കൂടിയാണ്ഇത്.
പട്ടാളക്യാമ്പ് നില്ക്കുന്ന കുന്നിന്റെ ചരുവിൽ കൂടി നാലഞ്ച് കിലോമീറ്റർ ദൂരം ഏതൊക്കെയോ ഗ്രാമങ്ങളിൽ കൂടി ജോൺ സാർ എന്നെ കൊണ്ടുപോയി. എന്നിട്ട് ചെറിയ ബോട്ട് ജെട്ടിയുടെ പരിസരത്ത് കാർ നിർത്തി. ഇടയ്ക്കിടയ്ക്ക് വരുന്നത് കാരണം സാറിന്അവിടവും ബോട്ട്കാരെയുമെല്ലാം നല്ല പരിചയം. ഒരു ബോട്ടിൽ ഞങ്ങൾ കുറെ നേരം കറങ്ങി. ഉള്ളിൽ ഒരു ഗ്രാമമുണ്ട്. അവിടെ പോകാൻ സമയമില്ലാത്തതുകാരണം പിന്നൊരിക്കലാവാം എന്ന് തീരുമാനിച്ച് തിരിച്ചു പോന്നു.
ബോട്ടിറങ്ങി കാറെടുക്കാൻ നോക്കിയപ്പോൾ ബാറ്ററി തീർന്നിരിക്കുന്നു. അബദ്ധത്തിൽ കാറിന്റെ ലൈറ്റ് ഓഫാക്കാൻ മറന്നിരുന്നു. പുതിയ റോഡ് പണി നടക്കുന്നതുകാരണം കാൽപാദം വരെ ചളി. കാർ തള്ളി സ്റ്റാർട്ടാക്കാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. അടുത്തുള്ള ആളുകൾ വന്നിട്ടും ഒരു രക്ഷയുണ്ടായില്ല. ഒടുവിൽ അവിടത്തെ ഒരു പൗരപ്രമുഖൻ തന്റെ ബോളെറൊ വണ്ടിയിൽ കയർ കെട്ടി വലിച്ച് കാർ സ്റ്റാർട്ടാക്കി തന്നു. ജോൺ സാറിന്റെ പരിചയവും മണിപ്പൂരി ഭാഷയും സഹായിച്ചു. അദ്ദേഹം ഒരു സ്കൂളിന്റെ പ്രിൻസിപൽ ആണെന്ന കാര്യവും വളരെ പ്രധാനമായിരുന്നു. കാരണം മണിപ്പൂരിലെ വിദ്യാഭ്യാസ ഉയുർച്ചയിൽ ആദ്യകാല സ്കൂളുകൾ ചെയ്ത സേവനം ഇപ്പോഴും മണിപ്പൂരികൾ ഓർക്കുന്നു. മണിപ്പൂരിലെ ആദ്യത്തെ ഔട്ടിംഗ് അങ്ങനെ മറക്കാനാവാത്ത അനുഭവമായി.

Thursday, January 19, 2017

വഴിയമ്പലത്തിലെ വാനമ്പാടി


“അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം അന്ന്‌
നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം അന്ന്‌
നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം”

1964-ൽ പുറത്തുവന്ന ‘റോസി’ എന്ന പി. എൻ. മേനോൻ ചിത്രത്തിൽ യേശുദാസ്‌ പാടി അനശ്വരമാക്കിയ ഗാനം. ഭാസ്കരൻ മാഷുടെ അനുരാഗക്കരിക്കിൻ വെള്ളം എന്ന പ്രയോഗം കൗമാരത്തിലോ യൗവനാരംഭത്തിലോ പ്രണയത്തിന്റെ ഇളനീർ മധുരം നുണഞ്ഞവർക്കാർക്കും മറക്കാൻ കഴിയില്ല. മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാണിതെന്ന്‌ നിസ്സംശയം പറയാം. വളരെ കൂടുതൽ ഒന്നുമില്ലെങ്കിലും വേറെയും നല്ല പാട്ടുകൾ ചെയ്ത ജോബ്‌ മാസ്റ്റർ എന്നും അറിയപ്പെടുന്നത്‌ ഈ ഒരു പാട്ടിന്റെ പേരിലാണ്‌. ഗായകൻ യേശുദാസ്‌ മലയാളികളുടെ ഇഷ്ടഗായകനായി മാറുന്നതിൽ ഈ പാട്ട്‌ വഹിച്ച പങ്ക്‌ ഒട്ടും ചെറുതല്ല. 

എന്നാൽ ഈ പാട്ട്‌ ഒരാൾക്ക്‌ കൈവിട്ടുപോയ അവസരത്തിന്റെ ദുഖം സമ്മാനിച്ചു. ഗായകൻ കെ. പി. ഉദയഭാനുവിന്‌. ജോബ്‌ മാസ്റ്റർ ഈ പാട്ട്‌ ചെയ്യുമ്പോൾ ഗായകനായി മനസ്സിൽ ഉണ്ടായിരുന്നത്‌ ഉദയഭാനുവായിരുന്നു. എന്നാൽ റിക്കാർഡിംഗ്‌ സമയത്ത്‌ ഉദയഭാനുവിന്‌ എന്തോ അസുഖം വന്ന്‌ പാടാൻ കഴിയുന്നില്ല. അങ്ങനെയാണ്‌ താരമ്യേന പുതുമുഖമായ യേശുദാസ്‌ അല്ലിയാമ്പൽ പാടുന്നത്‌. ഈ പാട്ട്‌ ഉദയഭാനുവിന്റെ ശബ്ദത്തിലാണ്‌ പുറത്തുവന്നിരുന്നതെങ്കിൽ... 

ഉദയഭാനുവിന്റെ നിർഭാഗ്യങ്ങൾ ഇതിനുമുമ്പേ തുടങ്ങിയിരുന്നു. 1960-ൽ പുറത്തിറങ്ങിയ ‘ഉമ്മ’ എന്ന സിനിമയിൽ ഭാസ്കരൻ മാഷ്‌ രചിച്ച്‌ ബാബുരാജ്‌ ഈണമിട്ട ‘പാലാണ്‌ തേനാണെൻ ഖൽബിലെ പൈങ്കിളിയ്ക്ക്‌’ എന്ന ഗാനം പഠിച്ച്‌ പാടാൻ തയ്യാറായി സ്റ്റുഡിയോവിലെത്തിയ ഉദയഭാനുവിനെ കാത്തിരുന്ന ദൗത്യം പുതിയ ഗായകന്‌ പാട്ട്‌ പഠിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു. എ. എം. രാജ പാടിയ ആ പാട്ട്‌ വലിയ ജനപ്രീതി നേടി. 

അക്കാലത്തെ മറ്റു പല കലാകാരന്മാരേയും പോലെ സമൂഹത്തിന്റെ താഴേ തട്ടിൽ നിന്ന്‌ വന്നയാളല്ല ഉദയഭാനു. പാലക്കാട്ടെ തരൂർ ഗ്രാമത്തിലെ കിഴക്കേ പൊറ്റ തറവാട്ടിലെ അംഗം. പിതാമഹന്മാർ രാജകുടുംബാംഗങ്ങൾ. സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി സ്ഥാപകനുമായ കെ. പി. കേശവമേനോന്റെ മരുമകൻ. പക്ഷേ അദ്ദേഹം തിരഞ്ഞെടുത്തത്‌ സംഗീതത്തിന്റെ വഴി. അവിടെയാകട്ടെ അദ്ദേഹത്തിന്‌ അർഹിക്കുന്ന സ്ഥാനം കിട്ടിയതുമില്ല. 

1958-ൽ ‘നായര്‌ പിടിച്ച പുലിവാൽ’ എന്ന സിനിമയിൽ രാഘവൻ മാഷാണ്‌ ഉദയഭാനുവിനെ ആദ്യമായി പരിചയപ്പെടുത്തുന്നത്‌. ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ’ എന്ന പാട്ടും ‘വെളുത്ത പെണ്ണേ’ എന്ന യുഗ്മഗാനം പി. ലീലയോടൊന്നിച്ചും. 1962-ൽ കാല്പ്പാടുകൾ എന്ന സിനിമയിൽ യേശുദാസ്‌ ആദ്യമായി പാടിയെങ്കിലും ആ സിനിമയിലും പ്രധാന ഗായകൻ ഉദയഭാനു തന്നെയായിരുന്നു. 1962-ൽ തന്നെ എം. ബി. ശ്രീനിവാസൻ ചെയ്ത ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന സിനിമയിലും ഗായകൻ ഉദയഭാനു തന്നെ. പി. ലീലയോടൊപ്പം പാടിയ ‘താമര തുമ്പീ വാ വാ’ എന്ന സുന്ദര ഗാനം ഈ സിനിമയിലാണ്‌.

1962-ൽ പാടിത്തുടങ്ങിയ യേശുദാസിനേക്കാൾ പടിപ്പതിഞ്ഞ ഗായകനായിരുന്നു, അന്ന്‌ ഉദയഭാനു. ജോബ്‌ മാസ്റ്റർ ഉദയഭാനുവിനെ മനസ്സിൽ കാണാൻ ഇത്‌ തന്നെയായിരിക്കണം കാരണം. അദ്ദേഹം ഓരോ പാട്ടിനും കൊടുക്കുന്ന പ്രത്യേക ഫീൽ ജോബ്‌ മാസ്റ്റർ ശ്രദ്ധിച്ചിരിക്കാനും സാദ്ധ്യതയുണ്ട്‌. അന്നൊക്കെ സിനിമാസംഗീതസംവിധായകർ ചെയ്യുന്ന പാട്ടുകൾക്ക്‌ വേണ്ട ഭാവത്തിന്‌ പ്രാധാന്യം കൊടുത്തിരുന്നു. പിന്നീടാണ്‌ ആലാപനത്തിന്റെ സാങ്കേതികതികവ്‌ ഭാവാത്മകതയെ കടന്ന്‌ മുന്നോട്ട്‌ പോയത്‌.   

1962 ഉദയഭാനു നിറഞ്ഞുനിന്ന വർഷമായിരുന്നു. ദക്ഷിണാമൂർത്തി സംഗീതം കൊടുത്ത വേലുത്തമ്പി ദളവ എന്ന ചിത്രത്തിൽ പ്രധാന ഗായകൻ ഉദയഭാനു തന്നെ. അതിൽ ‘വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും’ എന്ന തമാശപ്പാട്ട്‌ എ. പി. കോമളയോടൊപ്പം പാടിയത്‌ ഉദയഭാനുവായിരുന്നു.  അതേ വർഷം തന്നെയാണ്‌ ലൈല മജ്നു എന്ന ചിത്രം പുറത്തുവരുന്നത്‌. സംഗീതം എം. എസ്‌. ബാബുരാജ്‌. നാലു പാട്ടുകളിൽ ഉദയഭാനുവിന്റെ ശബ്ദമുണ്ടായിരുന്നു. ‘ചുടുകണ്ണീരാലെൻ’ എന്ന തീവ്ര വിഷാദ ഗാനവും പി. ലീലയുമൊത്ത്‌ ‘താരമേ താരമേ’ എന്ന  പ്രണയഗാനവും ഈ സിനിമയിലായിരുന്നു. ബാബുരാജിന്റെ യുഗ്മ ഗാനങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ്‌ ‘താരമേ താരമേ’ എന്ന ഗാനം. അതേവർഷം തന്നെ ‘പാലാട്ട്‌ കോമൻ’ എന്ന ചിത്രത്തിൽ ബാബുരാജ്‌ ചെയ്ത ‘മനസ്സിനകത്തൊരു പെണ്ണ്‌’ എന്ന പാട്ട്‌.
1963-ലാണ്‌ ഉദയഭാനുവിന്റെ ഏറ്റവും നല്ല ഗാനം എന്ന്‌ വിളിക്കാവുന്ന ‘അനുരാഗ നാടകത്തിൻ’ എന്ന ഗാനം ബാബുരാജിന്റെ സംഗീതത്തിൽ പുറത്തുവരുന്നത്‌. അതേവർഷം തന്നെ ഭാസ്കരൻ മാഷ്‌ എഴുതി രാഘവൻ മാഷ്‌ സംഗീതം കൊടുത്ത ‘അമ്മയെ കാണാൻ’ എന്ന ചിത്രത്തിലെ ‘പെണ്ണായിപ്പിറന്നെങ്കിൽ’ എന്ന പാട്ട്‌. 1964-ൽ വയലാർ ദേവരാജൻ ടീമിന്റെ ‘എവിടെ നിന്നോ എവിടെ നിന്നോ’ എന്ന പാട്ട്‌ ‘കളഞ്ഞുകിട്ടിയ തങ്കം’ എന്ന ചിത്രത്തിൽ.

ഈ പാട്ടുകൾ ശ്രദ്ധിച്ച്‌ കേൾക്കുമ്പോൾ മനസ്സിലെത്തുന്നത്‌ ആ ഗായകന്റെ ശബ്ദത്തിലും ആലാപനത്തിലുമുള്ള വൈവിധ്യം തന്നെയാണ്‌. ഓരോ പാട്ടിനും വേണ്ട പ്രത്യേക ഫീൽ അതനുസരിച്ച്‌ ശബ്ദത്തിൽ വരുത്തുന്ന വ്യതിയാനം, നിയന്ത്രണം ഒക്കെ മറ്റൊരു ഗായകനും സാധിക്കാത്ത കാര്യമാണ്‌, ചുരുങ്ങിയ പക്ഷം മലയാളത്തിലെങ്കിലും.


‘അനുരാഗ നാടകത്തിൻ’, ‘ചുടുകണ്ണീരാലെൻ’ എന്നിവ തീവ്ര വിഷാദ ഗാനങ്ങളാണ്‌. ‘താമര തുമ്പീ വാ വാ’, ‘താരമേ താരമേ’ എന്നീ പാട്ടുകൾ പ്രണയഗാനങ്ങൾ. ‘പെണ്ണായിപ്പിറന്നെങ്കിൽ’, ‘എവിടെ നിന്നോ എവിടെ നിന്നോ’, പൊൻവളയില്ലെങ്കിലും‘ എന്നീ പാട്ടുകൾ ഇത്തിരി തത്വചിന്താപരം. ഉദയഭാനു പാടുമ്പോൾ ഇവ തമ്മിൽ ആലാപനത്തിലുള്ള വ്യത്യാസം അനുഭവിച്ചറിയേണ്ടതു തന്നെയാണ്‌.  ’കടത്തുകാരനിലെ‘ ’പാവക്കുട്ടീ പാവാടക്കുട്ടീ‘ എന്ന പാട്ടും ’മായാവിയിലെ‘ ’വളകിലുക്കും വാനമ്പാടി‘ എന്ന പാട്ടുകളും പാടുമ്പോൾ ശബ്ദം നേർപ്പിച്ച്‌ ഒരു കൗമാരക്കാരന്റേതുപോലെ തീർത്തും മധുരതരമാക്കുന്നുണ്ട്‌ ഈ ഗായകൻ. ആദ്യമായി പാടിയ ’എന്തിനിത്ര പഞ്ചസാര‘, ’വിരലൊന്നില്ലെങ്കിലും‘, ’മനസ്സിനകത്തൊരു പെണ്ണ്‌‘ എന്നീ തമാശപ്പാട്ടുകൾ പാടുമ്പോൾ വേറൊരു ശൈലി. മലയാളത്തിൽ മറ്റേതൊരു ഗായകനുണ്ട്‌ ഇത്ര വൈവിധ്യം?
1967-ൽ പുറത്തുവന്ന ’രമണൻ‘ എന്ന സിനിമയിൽ പുരുഷ ശബ്ദമായി ഉണ്ടായിരുന്നത്‌ ഉദയഭാനു ആയിരുന്നു. ഒരു പാട്ട്‌ മാത്രം പി. ബി. ശ്രീനിവാസ്‌ പാടി. ആറുപാട്ടുകളിലും ഉദയഭാനു. ’കാനനഛായയിൽ‘ എന്ന പാട്ടിൽ നിന്നെത്ര വ്യത്യസ്ഥമാണ്‌ ’ചപലവ്യാമോഹങ്ങൾ‘ ’വെള്ളിനക്ഷത്രമേ‘ എന്നീ പാട്ടുകൾ. എന്തു കാര്യം. 1968-ൽ ചില പാട്ടുകൾ പാടിയതൊഴിച്ചാൽ പിന്നെ നീണ്ട കാലം മലയാള സിനിമയിൽ നിന്നാരും ആ അനുഗൃഹീത ഗായകനെ തേടിച്ചെന്നില്ല.

ഇക്കാലത്ത്‌ ‘ഓൾഡ്‌ ഈസ്‌ ഗോൾഡ്‌’ എന്ന പരിപാടിയുമായി നാടുനീളെ പാടിക്കൊണ്ട്‌ അലയൗകയായിരുന്നു, ഉദയഭാനു. ഉള്ളിൽ നിറയെ സംഗീതമുള്ള അദ്ദേഹത്തിന്‌ പാട്ടിൽ നിന്ന്‌ മാറിയാൽ ജീവിതമേ ഇല്ലായിരുന്നു. 2009-ൽ പത്മശ്രീ ബഹുമതി അദ്ദേഹത്തിന്‌ സമ്മാനിച്ചെങ്കിലും മലയാള സിനിമ അദ്ദേഹത്തോട്‌ ഒരു കരുണയും കാണിച്ചില്ല.   

2000-ൽ ‘കണ്ണാടിക്കടവത്ത്‌’ എന്ന സിനിമയിൽ കൈതപ്രം രചിച്ച്‌ ബാലഭാസ്കർ ഈണമിട്ട ഒരു പാട്ട്‌ ഉദയഭാനു പാടി. ‘ഒന്നുദിച്ചാൽ അന്തിയുണ്ടേ’ എന്ന ഗാനം. അതുപോലെ 2010-ൽ ‘തന്തോന്നി’ എന്ന ചിത്രത്തിൽ ടി. എ. ഷാഹിദ്‌ എഴുതി തേജ്‌ മെർവിൻ ഈണമിട്ട ‘കാറ്റ്‌ പറഞ്ഞതും കടല്‌ പറഞ്ഞതും’ എന്ന ഗാനം. ഈ രണ്ട്‌ പാട്ടുകളും ഒരു കാര്യം തെളിയിക്കുന്നു, ഇത്ര വർഷങ്ങൾക്കുശേഷവും ഉദയഭാനുവിന്റെ ശബ്ദത്തിനോ ആലാപനത്തിനോ ഒരു പോരായ്മയും സംഭവിച്ചിരുന്നില്ല എന്ന്‌. പക്ഷേ നമ്മുടെ സിനിമാലോകത്തിന്‌ ഇത്രരം ഭാവതീവ്രമായ അലാപനം ആവശ്യമില്ലായിരുന്നു.

പാട്ടുകൾ ആവശ്യപ്പെടുന്ന മൂഡിനനുസരിച്ച പ്രത്യേക ശബ്ദവിന്യാസം ആലാപനത്തിൽ വരുത്തേണ്ടുന്ന മാറ്റം ഒക്കെ ആവശ്യമില്ലാത്തവിധം ഒരു പൊതു ശൈലി 1970 കളോടെ മലയാളസിനിമയിൽ നിലവിൽ വന്നിരുന്നു. അതുകൊണ്ടുകൂടിയാവണം വ്യത്യസ്ഥ ശബ്ദവും ആലാപനവുമുള്ള ഗായകർ ബഹിഷ്കൃതരായത്‌.  അതിൽ ഉദയഭാനുവും പെട്ടു. 

1976-ൽ ‘സമസ്യ’ എന്ന ചിത്രത്തിന്‌ ശ്യാമിനോടൊപ്പം സംഗീതം കൊടുത്തത്‌ ഉദയഭാനുവായിരുന്നു. അതിലെ ഓ. എൻ. വി രചിച്ച്‌ ഉദയഭാനു ഈണമിട്ട്‌ യേശുദാസ്‌ മനോഹരമായി പാടിയ ‘കിളി ചിലച്ചു’ എന്ന പാട്ട്‌ ഏറെ ജനപ്രിയമായിരുന്നു. ആകാശവാണിക്കുവേണ്ടി മലയാളത്തിലെ പ്രശസ്ത കവികൾ എഴുതിയ ദേശഭക്തി ഗാനങ്ങൾ അദ്ദേഹം ഈണമിട്ട്‌ പല പ്രശസ്ത ഗായകരും പാടി ശബ്ദലേഖനം ചെയ്തിട്ടുണ്ട്‌. പക്ഷേ ഒന്നും അദ്ദേഹത്തിന്‌ ഈ രംഗത്ത്‌ ചുവടുറപ്പിക്കാൻ സഹായിച്ചില്ല. 

1992-ൽ വീണ്ടും ഒരു സിനിമയ്ക്ക്‌ സംഗീതം ചെയ്യാൻ അദ്ദേഹത്തിന്‌ അവസരം കിട്ടി. ‘മയില്പീലി’ എന്ന്‌ പേരിട്ട ചിത്രം പക്ഷേ പുറത്തുവന്നില്ല. തുടക്കത്തിൽ പിറകേ കൂടിയ നിർഭാഗ്യം അവസാന കാലം വരെ അദ്ദേഹത്തെ പിന്തുടർന്നു. ഓ. എൻ. വി രചിച്ച്‌ യേശുദാസ്‌ പാടിയ ‘ഇന്ദുസുന്ദര സുസ്മിതം തൂകും’ എന്ന മനോഹരമായ പാട്ട്‌ അദ്ദേഹത്തിന്റെ ഉള്ളിലെ സംഗീതത്തിന്റെ നിദർശനമായി നില്ക്കുന്നു.  വല്ലപ്പോഴും വഴിയമ്പലത്തിൽ വന്ന്‌  പാട്ട്‌ പാടി കടന്നുപോകുന്ന വാനമ്പാടിയാകാൻ മാത്രമായിരുന്നു, അദ്ദേഹത്തിന്റെ നിയോഗം.

Thursday, December 29, 2016

നമ്മൾ ജാനകിയമ്മയെ കേട്ടുകൊണ്ടേയിരിക്കും....

ആരാധകരൊക്കെ ജാനകിയമ്മ എന്ന് വിളിക്കുന്ന എസ്. ജാനകി പാട്ട് നിർത്തുന്നു, എന്ന് പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. മലയാളിയല്ലാഞ്ഞിട്ടും ഭാസ്കരൻ-രാഘവൻ ടീമിന്റെ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ കേരളഗ്രാമീണ വിശുദ്ധിയുടെ ശബ്ദമായിരുന്നു, എസ്. ജാനകി.  ഭാസ്കരൻ-ബാബുരാജ് ടീമിന്റെ പാട്ടുകളിലൂടെ മൂകപ്രണയത്തിന്റെ, പ്രണയ നഷ്ടത്തിന്റെ, അത് സൃഷ്ടിച്ച നൊമ്പരത്തിന്റെ ശബ്ദവുമായിരുന്നു. അവർ ഇനി പാടില്ല എന്ന് തീരുമാനിച്ചാലും അവരുടെ ശബ്ദത്തിലുള്ള മനോഹരഗാനങ്ങളും അവ മലയാളികളുടെ ഉള്ളിൽ സൃഷ്ടിച്ചിട്ടുള്ള പാടുകളും ഒരിക്കലും മായാതെ നില്ക്കും.
ഈയടുത്ത ദിവസം അന്തരിച്ച കർണ്ണാടക സംഗീതഞ്ജൻ  ബാലമുരളീകൃഷ്ണ വർഷങ്ങൾക്കുമുമ്പേ ഇനി മേലിൽ പൊതുപരിപാടികളിൽ സംഗീതക്കച്ചേരി അവതരിപ്പിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. താരതമ്യേന യുവനിരയിലുള്ള സംഗീതഞ്ജൻ ടി.എം.കൃഷ്ണ ചെന്നൈയിലെ മാർഗഴി സംഗീതമഹോൽസവത്തിൽ പാടില്ല എന്ന് പറഞ്ഞുകൊണ്ട് ചെന്നൈയിലെ പാവപ്പെട്ട സാധാരണക്കാരുടെ കുട്ടികളെ പഠിപ്പിക്കാൻ തെരുവിലേക്കിറങ്ങിയിട്ടുണ്ട്. ഇത് രണ്ടും അവരുടെ ഒരു തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കർണ്ണാടകസംഗീതത്തിന്റെ അന്തസ്സ് നഷ്ടപ്പെട്ട് അത് കച്ചവടവും വർഗ്ഗീയവുമായി എന്നാണ്‌ ബാലമുരളീകൃഷ്ണ പറഞ്ഞത്. ചെന്നൈയിൽ കർണ്ണാടസംഗീതരംഗത്ത് നിലനില്ക്കുന്ന ബ്രാഹ്മണമേധാവിത്തത്തിനെതിരായ പ്രതിഷേധമായിട്ടാണ്‌ ടി.എം.കൃഷ്ണയുടെ പ്രഖ്യാപനം. 

എന്നാൽ സിനിമാരംഗത്തുള്ള ഗായകരൊന്നും ഇതുവരെ ഇങ്ങനെയൊരു തീരുമാനമെടുത്തതായി  അറിയില്ല. ഗായകർ മാത്രമല്ല സിനിമാരംഗത്തുള്ളവരാരും തന്നെ വിരമിച്ചതായി അറിയില്ല. അവർ സ്വാഭാവികമായി മറഞ്ഞുപോകാനാണിഷ്ടപ്പെടുന്നത് എന്ന് തോന്നുന്നു. കണ്ണഞ്ചിക്കുന്ന പ്രഭാവലയത്തിനകത്ത് നിന്നുകൊണ്ടുതന്നെ  ഈ ലോകം വിടുക. എന്നാലിതാ താൻ വ്യത്യസ്തയാണെന്ന് ഒരിക്കൽ കൂടി ജാനകിയമ്മ പ്രഖ്യാപിച്ചിരിക്കുന്നു. മുമ്പ് 2013-ൽ പത്മഭൂഷൺ അവാർഡ് നിരസിച്ചുകൊണ്ട് നമ്മളെയെല്ലാം ഞെട്ടിച്ച പോലെ.

നാടകത്തെ ജീവനായി കാണുന്ന ഒരു നടൻ അഭിലഷിക്കുന്നത് അഭിനയിച്ചുകൊണ്ടിരിക്കെ തന്നെ സ്റ്റേജിൽ മരിച്ചുവീഴുക എന്നതാണ്‌. ഭരതന്റെ ‘ചമയം’ എന്ന സിനിമയിൽ അത്തരമൊരു കഥാപാത്രത്തെ നമ്മൾ കണ്ടിട്ടുണ്ട്. സംഗീതം തന്നെ ജീവിതമാക്കിയ ഒരു ഗായകനും ആഗ്രഹിക്കുന്നത് പാടിക്കൊണ്ടിരിക്കെ തന്നെ മറഞ്ഞുപോകുക എന്നതായിരിക്കും. സംഗീതം ശ്വസിച്ച്, സംഗീതം ഭക്ഷിച്ച്, ഓരോ അണുവിലും സംഗീതം മാത്രം നിറഞ്ഞു നിന്ന് ജീവിച്ച്, പാടിക്കൊണ്ടിരിക്കെ മരിച്ചുവീഴുന്ന ശങ്കരാഭരണം ശങ്കരശാസ്ത്രികളെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. സിനിമയിൽ അത്തരം കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സിനിമാരംഗത്തുള്ളവർ രംഗം വിട്ടുപോകാതിരിക്കുനതിനുപിന്നിൽ മറ്റു കാരണങ്ങൾ കൂടിയുണ്ട് എന്ന് തോന്നുന്നു. എന്നാൽ ജാനകിയമ്മ എന്നും പൊതുവഴിയിൽ നിന്ന് മാറിനടന്നു, അവരുടെ നിലപാടുകളുടെ കാര്യത്തിൽ.   സിനിമാ പാട്ടുകളിൽ ജാനകിയമ്മ പല കുസൃതികളും ചെയ്തിട്ടുണ്ട്. നന്നേ ചെറിയ കുട്ടികളുടെ ശബ്ദത്തിൽ പാടിയിട്ടുണ്ട്. ഉദാഹരണം ‘ചിരിയോ ചിരി’ എന്ന ചിത്രത്തിൽ രവീന്ദ്രൻ മാഷുടെ സംഗീതത്തിൽ യേശുദാസുമൊത്ത് പാടിയ ‘കൊക്കാമന്ദി കോനാനിറച്ചി’ എന്ന പാട്ട്. പ്രായമേറെയുള്ള ഒരു മുത്തശ്ശി പാടുന്ന ശബ്ദത്തിൽ ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിൽ വിദ്യാസാഗറിന്റെ ശബ്ദത്തിൽ ‘ആഴക്കടലിന്റെ അങ്ങേക്കരയിലെ’ എന്നു തുടങ്ങുന്ന പാട്ട് പാടിയിട്ടുണ്ട്. ഒരു സിനിമയിലും പല വേദികളിലും പുരുഷന്റെ ശബ്ദത്തിൽ പാടി അവർ നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്. 

നമ്മുടെ പുരുഷകേന്ദ്രീകൃത ലോകത്തിൽ സ്ത്രീയുടെ ലോകത്തേക്ക് കടന്നുകയറാൻ അവന്‌ സാദ്ധ്യതയും സമ്മതിയുമുണ്ടെങ്കിലും തിരിച്ച് സമൂഹം അനുവദിക്കാറില്ല. സമൂഹം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും സ്ത്രീകൾ അതിന്‌ ഒരുമ്പെട്ടിറങ്ങാറുമില്ല. അതുകൊണ്ട് തന്നെ പുരുഷന്മാർ പലരും സ്ത്രീ ശബ്ദത്തിൽ പാടാറുണ്ടെങ്കിലും ഒരു സ്ത്രീ പുരുഷന്റെ ശബ്ദത്തിൽ പാടിയ അനുഭവം മുമ്പില്ല. അതിന്‌ തയ്യാറായത് ജാനകിയമ്മ മാത്രമായിരിക്കും. ഈ അസാധാരണ പ്രവർത്തി മനപ്പൂർവമോ അല്ലാതെയോ അവരുടെ അസാധാരണ വ്യക്തിത്വത്തിനെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് എന്റെ തോന്നൽ. 

പത്മഭൂഷൺ നിരസിച്ചുകൊണ്ട് അവർ പറഞ്ഞ കാര്യം വളരെ ശക്തമായിരുന്നു, വ്യക്തമായിരുന്നു. 55 കൊല്ലമായി പാടിക്കൊണ്ടിരിക്കുന്ന എനിക്ക് ഇതുവരെ തരാതിരുന്ന ബഹുമതി ഇപ്പോൾ തരുന്നതിൽ അർത്ഥമില്ല എന്ന് വെട്ടിത്തുറന്നു തന്നെയാണ്‌ അവർ പറഞ്ഞത്. അപ്പോഴും അതിൽ സങ്കടമോ നിരാശയോ ദേഷ്യമോ ഒന്നുമുണ്ടായിരുന്നില്ല. പറഞ്ഞത് ചിരിച്ചുകൊണ്ടായിരുന്നു, താനും. എന്നാൽ വാക്കുകൾ ഉറച്ചതായിരുന്നു. ഒരു പക്ഷേ ഒരു കലാകാരിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി, ജനങ്ങളുടെ ഇഷ്ടം, ആരാധന തനിക്ക് ആവോളമുണ്ടെന്ന തിരിച്ചറിവ് കൂടി ഈ നിരാസത്തിന്‌ കാരണമായിരിക്കും.    

2009-ൽ ഇന്ത്യയിലെ തന്നെ ആദ്യകാല ഗായികയായിരുന്ന ഷംഷാദ് ബേഗത്തിന്‌ പത്മഭൂഷൺ ബഹുമതി കൊടുത്തു. അത് സ്വീകരിക്കാൻ അവർക്ക് സ്റ്റേജിൽ എത്താൻ പോലും വയ്യായിരുന്നു. അവരെ വീൽ ചെയറിൽ കൊണ്ടുവന്ന് സ്റ്റേജിലെത്തിക്കുകയായിരുന്നു. തനിക്ക് രാജ്യത്തെ ഉന്നത ബഹുമതി സമ്മാനിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന് പോലുമറിയാതെ അവരുടെ കണ്ണുകൾ ശൂന്യതയിൽ തറഞ്ഞിരിക്കുകയായിരുന്നു. ആ മഹാഗായികയുടെ അവസ്ഥ കണ്ട് അന്ന് ജാനകിയമ്മ ധാർമികരോഷം കൊണ്ടതോർക്കുന്നു. ഇങ്ങനെയൊരവസ്ഥയിൽ അവർക്ക് ആ ബഹുമതി സമ്മാനിക്കുന്നത് അവരെ അവഹേളിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ അവർ പറഞ്ഞത്. മലയാളത്തിന്റെ സ്വന്തമായ ആദ്യകാല ഗായിക, തെന്നിന്ത്യയിൽ നിറഞ്ഞുനിന്നിരുന്ന പി. ലീലയ്ക്ക് പത്മഭൂഷൺ സമ്മാനിച്ചത് 2006-ൽ മരണാനതര ബഹുമതിയായിട്ടാണ്‌. അതിന്‌ ശുപാർശ ചെയ്തതാകട്ടെ, തമിഴ്നാട് സർക്കാരും.   
*
2013-ൽ എസ്. ജാനകിയ്ക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അത് നിരസിക്കുന്നതിനുമുമ്പ് അവർ തീർച്ചയായും ഷംഷാദ് ബേഗത്തെ, പി. ലീലയെ അതുപോലെ അവസരം നിഷേധിക്കപ്പെട്ട മറ്റു പലരേയും ഓർത്തിരിക്കും തീർച്ച. അവരുടെ വാക്കുകൾക്ക്, നിലപാടുകൾക്ക് ഇത്ര ശക്തി കൈവന്നത് അതുകൊണ്ട് തന്നെയായിരിക്കും. തന്നേക്കാൾ വളരെ ജൂനിയറായ ചിത്രയ്ക്കുപോലും 2005-ൽ പത്മശ്രീ കിട്ടിയെന്ന് നമുക്കറിയാം. സമകാലികനായ യേശുദാസിന്‌ 1975-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും കിട്ടിയെന്നതും ഓർക്കുക. ജാനകിയമ്മയുടെ സമകാലികയായ പി. സുശീലയ്ക്ക് 2008-ൽ തന്നെ പത്മഭൂഷൺ ബഹുമതി സമ്മാനിച്ചിരുന്നു. 

വിക്കിപീഡിയ പറയുന്നത് സുശീലാമ്മയേക്കാൾ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് ജാനകിയമ്മയാണെന്നാണ്‌. പാടിയ ഭാഷകളുടെ എണ്ണത്തിലും അവർ തന്നെ മുന്നിൽ. മലയാളത്തിലും സുശീലാമ്മയേക്കാൽ കൂടുതൽ പാട്ടുകൾ പാടിയത് ജാനകിയമ്മയാണ്‌. സുശീലാമ്മ പാടിയത് 1050 പാട്ടുകളാണെങ്കിൽ ജാനകിയമ്മ ഏറ്റവും ഒടുവിൽ പാടിയതടക്കം 1286 പാട്ടുകൾ പാടിയിരിക്കുന്നു. പാട്ടുകളുടെ എണ്ണം ഒരു അളവുകോൽ ആണെന്നല്ല ഞാൻ പറയുന്നത്. ഏറെക്കുറെ ഒരേ സമയത്ത് സിനിമയിലെത്തുകയും ഒരേ കാലയളവിൽ രംഗത്ത് തിളങ്ങിനില്ക്കുകയും ചെയ്ത രണ്ട് ഗായികമാരെ പരിഗണിക്കുന്നതിൽ നമുക്ക് വീഴ്ച പറ്റിയില്ലേ എന്ന് ആലോചിക്കുക മാത്രം.
                                                                          *
മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾക്ക് ഈണമിട്ട, ഏറ്റവും വൈവിധ്യങ്ങളായ രാഗങ്ങൾ ഉപയോഗിച്ച് വിജയിപ്പിച്ച ദേവരാജൻ മാഷുടെ ഇഷ്ടഗായിക എന്നും പി. സുശീലയായിരുന്നു. അത് കഴിഞ്ഞാൽ മാധുരിയും. എന്നാൽ ദേവരാജൻ മാഷ് കഴിഞ്ഞാൽ മറ്റ് ഒട്ടുമിക്ക സംഗീതസംവിഹായകരുടെയും മനോഹരങ്ങളായ സൃഷ്ടികൾ നമ്മൾ കേട്ടത് ജാനകിയമ്മയുടെ ശബ്ദത്തിലായിരുന്നു. ബാബുരാജ് (നിരവധി ഗാനങ്ങൾ), രാഘവൻ മാഷ്(മഞ്ഞണിപ്പൂനിലാവ്, ഉണരുണരൂ, കൊന്നപ്പൂവേ), ചിദംബരനാഥ് (പകൽക്കിനാവ്, മുറപ്പെണ്ണ്‌, കായംകുളം കൊച്ചുണ്ണി എന്നീ സിനിമയിലെ പാട്ടുകൾ), പുകഴേന്തി (വിത്തുകൾ, ഭാഗ്യമുദ്ര, സ്നേഹദീപമേ മിഴിതുറക്കൂ എന്നീ ചിത്രങ്ങളിലെ പാട്ടുകൾ), എം.എസ്.വിശ്വനാഥൻ ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ-ചന്ദ്രകാന്തം), എ.ടി.ഉമ്മർ (ആൽമരം, ആഭിജാത്യം എന്നീ ചിത്രങ്ങളിലെ പാട്ടുകൾ, ആലിംഗനത്തിലെ തുഷാര ബിന്ദുക്കളേ, അംഗീകാരത്തിലെ നീലജലാശയത്തിൽ എന്നീ പാട്ടുകൾ) ജോൺസൺ മാഷുടെ നിരവധി പാട്ടുകൾ ഒക്കെ ഉദാഹരിക്കാം. 

1957-ൽ ’വിധിയിൽ വിളയാട്ട്‘ എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ട് സിനിമാരംഗത്തുവന്ന എസ്. ജാനകി അതേവർഷം തന്നെ മലയാളത്തിൽ ’മിന്നുന്നതെല്ലാം പൊന്നല്ല‘ എന്ന സിനിമയിൽ പാടിയതായി ചില രേഖകളിൽ കാണുന്നു. എന്നാൽ മറ്റു ചില രേഖകളിൽ കാണുന്നത് ’മിന്നൽ പടയാളി‘ എന്ന ചിത്രത്തിൽ 1959-ൽ പാടിയതായിട്ടാണ്‌. രണ്ട് സിനിമകളുടെയും സംഗീതം നിർവ്വഹിച്ചിട്ടുള്ളത് എസ്. എൻ. രംഗനാഥൻ ആണ്‌. 1960-ൽ പി.സുശീല ആദ്യമായി പാടിയ ’സീത‘ എന്ന ചിത്രത്തിൽ വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ഒരു പാട്ട് അവർ പാടിയിട്ടുണ്ട്. ശേഷം രാഘവൻ മാഷുടെ സംഗീതത്തിൽ ഉണ്ണിയാർച്ച എന്ന ചിത്രത്തിലും പാടിയെങ്കിലും ബാബുരാജ് അവരെ കണ്ടുമുട്ടുന്നതാണ്‌ അവർക്കും മലയാളത്തിനും വഴിത്തിരിവാകുന്നത്. 

1962-ൽ പുറത്തുവന്ന ’നിണമണിഞ്ഞ കാൽപാടുകൾ എന്ന സിനിമയിൽ ‘മേ തോ ഗുംഘ്‌രു ബന്ധൂരേ’ എന്ന മീരാ ഭജൻ അതിമനോഹരമായി പാടിക്കൊണ്ടായിരുന്നു, ബാബുരാജുമൊത്തുള്ള അവരുടെ അരങ്ങേറ്റം. അത് അവരുടെയും അതിലുപരി മലയാളത്തിന്റേയും സൗഭാഗ്യമായി മാറുകയായിരുന്നു. എടുത്തുപറയേണ്ടതില്ലാത്ത നിരവധി പാട്ടുകൾ ഭാസ്കരൻ-ബാബുരാജ്-എസ്.ജാനകി കൂട്ടുകെട്ടിൽ നിന്നുണ്ടായി. ഒരിക്കൽ ചെന്നൈയിൽ വെച്ച് നേരിട്ട് കണ്ടപ്പോൾ ബാബുരാജുമായി ചേർന്നുള്ള പാട്ടുകളെക്കുറിച്ച് അവർ പേർത്തും പേർത്തും പറഞ്ഞതോർക്കുന്നു. 

മലയാളത്തോട് അവർക്ക് വല്ലാത്തൊരു സ്നേഹമായിരുന്നു. ഒരിക്കൽ പരപ്പനങ്ങാടിയിലെ അറീനയ്ക്കുവേണ്ടി അവരെ ചെന്നു കണ്ടിരുന്നു. കോഴിക്കോട്ടെ ബാബുരാജ് അക്കാഡമിയുടെ ഒരു പരിപാടിയിൽ അവർ പങ്കെടുക്കുമെന്ന് അറിഞ്ഞപ്പോൾ അതിന്റെ കൂടെ അറീനയുടെ ഒരു ചടങ്ങിൽ കൂടി പങ്കെടുക്കാൻ പറ്റുമോ എന്നറിയാനാണ്‌ അവരുടെ അടുത്ത് പോയത്. ടെലഫോണിൽ സമയം വാങ്ങുമ്പോൾ തന്നെ ശ്രദ്ധിച്ചു, എന്റെ തമിഴിലുള്ള സംസാരത്തിന്‌ അവർ മറുപടി പറയുന്നത് മലയാളത്തിൽ. മലയാളത്തിന്റെ ഉച്ചാരണം ശരിയല്ലെങ്കിലും മലയാളത്തിൽ തന്നെ സംസാരിക്കാൻ അവർ താല്പര്യം കാണിച്ചു. 
* അര മണിക്കൂർ അനുവദിച്ചു തന്ന സമയം നീണ്ട് നീണ്ട് മൂന്നു മണിക്കൂറായി. സംസാരവും പാട്ടുകളും നിർത്താൻ അവർ ഒരുക്കമല്ലായിരുന്നു. അന്ന് ഓർമ്മയിൽ നിന്ന് എടുത്തു പറഞ്ഞ ഒരു പാട്ട് ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന സിനിമയിലെ ‘കവിളത്തെ കണ്ണീർ കണ്ട് മണിമുത്താണെന്ന് കരുതി വിലപേശാനോടിയെത്തിയ വഴിയാത്രക്കാരാ‘ എന്ന പാട്ടാണ്‌. പാട്ടിന്റെ വരികൾ ഓർത്തെടുത്ത് മൂളി ’എന്ത് നല്ല ഭാവന‘ എന്നവർ ആശ്ചര്യം കൊണ്ടു.

കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്നും അതിനാൽ അറീനയുടെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നും അവർ പറഞ്ഞു. എങ്കിൽ പരിപാടിയിൽ വായിക്കാൻ ഒരു സന്ദേശം തരണം എന്ന് പറഞ്ഞപ്പോൾ സ്വയം ഒരു കാസറ്റ് എടുത്ത് അതിൽ അറീനയുടെ പരിപാടിയിൽ വായിക്കാൻ ഒരു സന്ദേശവും അതിനൊപ്പം കുറെ പാട്ടുകളുടെ പല്ലവിയും സ്വയം റെക്കോഡ് ചെയ്ത് തരാൻ അവർ തയ്യാറായി. പാട്ടുകളോട്, മലയാളികളോടുള്ള അകമഴിഞ്ഞ സ്നേഹമാണ്‌ അന്നവർ പ്രകടിപ്പിച്ചത്. 

ഇപ്പോൾ പിന്നണിഗാന രംഗത്തുനിന്ന് വിരമിയ്ക്കാൻ തീരുമാനിച്ചപ്പോഴും അവർ ഓർത്തത് മലയാളത്തെ. ബാലമുരളീകൃഷ്ണയും ഇനി പൊതുവേദിയിൽ പാടുകയില്ല എന്ന പ്രഖ്യാപനം നടത്തിയത് തിരുവനന്തപുരത്ത് ഒരു കച്ചേരി നടത്താൻ എത്തിയപ്പോഴായിരുന്നു. ജാനകിയമ്മയുടെ അവസാന പിന്നണിഗാനത്തിന്റെ സൃഷ്ടിയിലൂടെ ’പത്തുകല്പനകൾ‘ എന്ന സിനിമയും പാട്ടെഴുതിയ റോയ് പുറമടം, ഈണമിട്ട മിഥുൻ ഈശ്വർ തുടങ്ങിയവരും അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്‌. പ്രായം അനിവാര്യമായി ആ ശബ്ദത്തിന്റെ ഒഴുക്കിലും തടസ്സങ്ങളുണ്ടാക്കും.  ആ മധുര ശബ്ദത്തിലും പോറൽ വീഴ്ത്തും.  മറ്റു പല ഗായകരും ചെയ്യുന്നതുപോലെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്റെ ശബ്ദത്തിന്‌ കൃത്രിമശ്വാസോഛാസം നല്കി മുന്നോട്ട് പോകാൻ താല്പര്യം കാണിക്കാതിരുന്നതിന്‌ അവരെ അഭിനന്ദിക്കുക. അവർ ഇനി പാടിയാലും ഇല്ലെങ്കിലും കേരളത്തിലെ രണ്ട് തലമുറകളെങ്കിലും അവരുടെ പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കും.

അവസാനത്തെ പാട്ട് മലയാളത്തിൽ പാടി തന്റെ പിന്നണിഗാനജീവിതത്തോട് വിടപറയാൻ തീരുമാനിക്കുമ്പോൾ അവർ നമ്മൾക്ക് തരുന്നത് വലിയൊരു ബഹുമതി തന്നെ. ഒരു പക്ഷേ മലയാളിയല്ലാത്തതിന്റെ പേരിൽ അവരെ ഒരു പത്മാ അവാർഡിന്‌ ശുപാർശ ചെയ്യാൻ നമ്മൾ കാണിച്ച മടിയ്ക്കുള്ള മധുരമായ പ്രതികാരം. അപ്പോഴും ചിരിച്ചുകൊണ്ട് തന്നെ. 

    

*ചിത്രങ്ങൾ ജാനകിയമ്മയുടെ ചെന്നൈ നീലാങ്കരയിലുള്ള വീട്ടിൽ വെച്ച് അവരെ കണ്ട് സംസാരിച്ചപ്പോൾ എടുത്തത്