Thursday, December 29, 2016

നമ്മൾ ജാനകിയമ്മയെ കേട്ടുകൊണ്ടേയിരിക്കും....

ആരാധകരൊക്കെ ജാനകിയമ്മ എന്ന് വിളിക്കുന്ന എസ്. ജാനകി പാട്ട് നിർത്തുന്നു, എന്ന് പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. മലയാളിയല്ലാഞ്ഞിട്ടും ഭാസ്കരൻ-രാഘവൻ ടീമിന്റെ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ കേരളഗ്രാമീണ വിശുദ്ധിയുടെ ശബ്ദമായിരുന്നു, എസ്. ജാനകി.  ഭാസ്കരൻ-ബാബുരാജ് ടീമിന്റെ പാട്ടുകളിലൂടെ മൂകപ്രണയത്തിന്റെ, പ്രണയ നഷ്ടത്തിന്റെ, അത് സൃഷ്ടിച്ച നൊമ്പരത്തിന്റെ ശബ്ദവുമായിരുന്നു. അവർ ഇനി പാടില്ല എന്ന് തീരുമാനിച്ചാലും അവരുടെ ശബ്ദത്തിലുള്ള മനോഹരഗാനങ്ങളും അവ മലയാളികളുടെ ഉള്ളിൽ സൃഷ്ടിച്ചിട്ടുള്ള പാടുകളും ഒരിക്കലും മായാതെ നില്ക്കും.
ഈയടുത്ത ദിവസം അന്തരിച്ച കർണ്ണാടക സംഗീതഞ്ജൻ  ബാലമുരളീകൃഷ്ണ വർഷങ്ങൾക്കുമുമ്പേ ഇനി മേലിൽ പൊതുപരിപാടികളിൽ സംഗീതക്കച്ചേരി അവതരിപ്പിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. താരതമ്യേന യുവനിരയിലുള്ള സംഗീതഞ്ജൻ ടി.എം.കൃഷ്ണ ചെന്നൈയിലെ മാർഗഴി സംഗീതമഹോൽസവത്തിൽ പാടില്ല എന്ന് പറഞ്ഞുകൊണ്ട് ചെന്നൈയിലെ പാവപ്പെട്ട സാധാരണക്കാരുടെ കുട്ടികളെ പഠിപ്പിക്കാൻ തെരുവിലേക്കിറങ്ങിയിട്ടുണ്ട്. ഇത് രണ്ടും അവരുടെ ഒരു തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കർണ്ണാടകസംഗീതത്തിന്റെ അന്തസ്സ് നഷ്ടപ്പെട്ട് അത് കച്ചവടവും വർഗ്ഗീയവുമായി എന്നാണ്‌ ബാലമുരളീകൃഷ്ണ പറഞ്ഞത്. ചെന്നൈയിൽ കർണ്ണാടസംഗീതരംഗത്ത് നിലനില്ക്കുന്ന ബ്രാഹ്മണമേധാവിത്തത്തിനെതിരായ പ്രതിഷേധമായിട്ടാണ്‌ ടി.എം.കൃഷ്ണയുടെ പ്രഖ്യാപനം. 

എന്നാൽ സിനിമാരംഗത്തുള്ള ഗായകരൊന്നും ഇതുവരെ ഇങ്ങനെയൊരു തീരുമാനമെടുത്തതായി  അറിയില്ല. ഗായകർ മാത്രമല്ല സിനിമാരംഗത്തുള്ളവരാരും തന്നെ വിരമിച്ചതായി അറിയില്ല. അവർ സ്വാഭാവികമായി മറഞ്ഞുപോകാനാണിഷ്ടപ്പെടുന്നത് എന്ന് തോന്നുന്നു. കണ്ണഞ്ചിക്കുന്ന പ്രഭാവലയത്തിനകത്ത് നിന്നുകൊണ്ടുതന്നെ  ഈ ലോകം വിടുക. എന്നാലിതാ താൻ വ്യത്യസ്തയാണെന്ന് ഒരിക്കൽ കൂടി ജാനകിയമ്മ പ്രഖ്യാപിച്ചിരിക്കുന്നു. മുമ്പ് 2013-ൽ പത്മഭൂഷൺ അവാർഡ് നിരസിച്ചുകൊണ്ട് നമ്മളെയെല്ലാം ഞെട്ടിച്ച പോലെ.

നാടകത്തെ ജീവനായി കാണുന്ന ഒരു നടൻ അഭിലഷിക്കുന്നത് അഭിനയിച്ചുകൊണ്ടിരിക്കെ തന്നെ സ്റ്റേജിൽ മരിച്ചുവീഴുക എന്നതാണ്‌. ഭരതന്റെ ‘ചമയം’ എന്ന സിനിമയിൽ അത്തരമൊരു കഥാപാത്രത്തെ നമ്മൾ കണ്ടിട്ടുണ്ട്. സംഗീതം തന്നെ ജീവിതമാക്കിയ ഒരു ഗായകനും ആഗ്രഹിക്കുന്നത് പാടിക്കൊണ്ടിരിക്കെ തന്നെ മറഞ്ഞുപോകുക എന്നതായിരിക്കും. സംഗീതം ശ്വസിച്ച്, സംഗീതം ഭക്ഷിച്ച്, ഓരോ അണുവിലും സംഗീതം മാത്രം നിറഞ്ഞു നിന്ന് ജീവിച്ച്, പാടിക്കൊണ്ടിരിക്കെ മരിച്ചുവീഴുന്ന ശങ്കരാഭരണം ശങ്കരശാസ്ത്രികളെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. സിനിമയിൽ അത്തരം കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സിനിമാരംഗത്തുള്ളവർ രംഗം വിട്ടുപോകാതിരിക്കുനതിനുപിന്നിൽ മറ്റു കാരണങ്ങൾ കൂടിയുണ്ട് എന്ന് തോന്നുന്നു. എന്നാൽ ജാനകിയമ്മ എന്നും പൊതുവഴിയിൽ നിന്ന് മാറിനടന്നു, അവരുടെ നിലപാടുകളുടെ കാര്യത്തിൽ.   സിനിമാ പാട്ടുകളിൽ ജാനകിയമ്മ പല കുസൃതികളും ചെയ്തിട്ടുണ്ട്. നന്നേ ചെറിയ കുട്ടികളുടെ ശബ്ദത്തിൽ പാടിയിട്ടുണ്ട്. ഉദാഹരണം ‘ചിരിയോ ചിരി’ എന്ന ചിത്രത്തിൽ രവീന്ദ്രൻ മാഷുടെ സംഗീതത്തിൽ യേശുദാസുമൊത്ത് പാടിയ ‘കൊക്കാമന്ദി കോനാനിറച്ചി’ എന്ന പാട്ട്. പ്രായമേറെയുള്ള ഒരു മുത്തശ്ശി പാടുന്ന ശബ്ദത്തിൽ ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിൽ വിദ്യാസാഗറിന്റെ ശബ്ദത്തിൽ ‘ആഴക്കടലിന്റെ അങ്ങേക്കരയിലെ’ എന്നു തുടങ്ങുന്ന പാട്ട് പാടിയിട്ടുണ്ട്. ഒരു സിനിമയിലും പല വേദികളിലും പുരുഷന്റെ ശബ്ദത്തിൽ പാടി അവർ നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്. 

നമ്മുടെ പുരുഷകേന്ദ്രീകൃത ലോകത്തിൽ സ്ത്രീയുടെ ലോകത്തേക്ക് കടന്നുകയറാൻ അവന്‌ സാദ്ധ്യതയും സമ്മതിയുമുണ്ടെങ്കിലും തിരിച്ച് സമൂഹം അനുവദിക്കാറില്ല. സമൂഹം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും സ്ത്രീകൾ അതിന്‌ ഒരുമ്പെട്ടിറങ്ങാറുമില്ല. അതുകൊണ്ട് തന്നെ പുരുഷന്മാർ പലരും സ്ത്രീ ശബ്ദത്തിൽ പാടാറുണ്ടെങ്കിലും ഒരു സ്ത്രീ പുരുഷന്റെ ശബ്ദത്തിൽ പാടിയ അനുഭവം മുമ്പില്ല. അതിന്‌ തയ്യാറായത് ജാനകിയമ്മ മാത്രമായിരിക്കും. ഈ അസാധാരണ പ്രവർത്തി മനപ്പൂർവമോ അല്ലാതെയോ അവരുടെ അസാധാരണ വ്യക്തിത്വത്തിനെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് എന്റെ തോന്നൽ. 

പത്മഭൂഷൺ നിരസിച്ചുകൊണ്ട് അവർ പറഞ്ഞ കാര്യം വളരെ ശക്തമായിരുന്നു, വ്യക്തമായിരുന്നു. 55 കൊല്ലമായി പാടിക്കൊണ്ടിരിക്കുന്ന എനിക്ക് ഇതുവരെ തരാതിരുന്ന ബഹുമതി ഇപ്പോൾ തരുന്നതിൽ അർത്ഥമില്ല എന്ന് വെട്ടിത്തുറന്നു തന്നെയാണ്‌ അവർ പറഞ്ഞത്. അപ്പോഴും അതിൽ സങ്കടമോ നിരാശയോ ദേഷ്യമോ ഒന്നുമുണ്ടായിരുന്നില്ല. പറഞ്ഞത് ചിരിച്ചുകൊണ്ടായിരുന്നു, താനും. എന്നാൽ വാക്കുകൾ ഉറച്ചതായിരുന്നു. ഒരു പക്ഷേ ഒരു കലാകാരിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി, ജനങ്ങളുടെ ഇഷ്ടം, ആരാധന തനിക്ക് ആവോളമുണ്ടെന്ന തിരിച്ചറിവ് കൂടി ഈ നിരാസത്തിന്‌ കാരണമായിരിക്കും.    

2009-ൽ ഇന്ത്യയിലെ തന്നെ ആദ്യകാല ഗായികയായിരുന്ന ഷംഷാദ് ബേഗത്തിന്‌ പത്മഭൂഷൺ ബഹുമതി കൊടുത്തു. അത് സ്വീകരിക്കാൻ അവർക്ക് സ്റ്റേജിൽ എത്താൻ പോലും വയ്യായിരുന്നു. അവരെ വീൽ ചെയറിൽ കൊണ്ടുവന്ന് സ്റ്റേജിലെത്തിക്കുകയായിരുന്നു. തനിക്ക് രാജ്യത്തെ ഉന്നത ബഹുമതി സമ്മാനിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന് പോലുമറിയാതെ അവരുടെ കണ്ണുകൾ ശൂന്യതയിൽ തറഞ്ഞിരിക്കുകയായിരുന്നു. ആ മഹാഗായികയുടെ അവസ്ഥ കണ്ട് അന്ന് ജാനകിയമ്മ ധാർമികരോഷം കൊണ്ടതോർക്കുന്നു. ഇങ്ങനെയൊരവസ്ഥയിൽ അവർക്ക് ആ ബഹുമതി സമ്മാനിക്കുന്നത് അവരെ അവഹേളിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ അവർ പറഞ്ഞത്. മലയാളത്തിന്റെ സ്വന്തമായ ആദ്യകാല ഗായിക, തെന്നിന്ത്യയിൽ നിറഞ്ഞുനിന്നിരുന്ന പി. ലീലയ്ക്ക് പത്മഭൂഷൺ സമ്മാനിച്ചത് 2006-ൽ മരണാനതര ബഹുമതിയായിട്ടാണ്‌. അതിന്‌ ശുപാർശ ചെയ്തതാകട്ടെ, തമിഴ്നാട് സർക്കാരും.   
*
2013-ൽ എസ്. ജാനകിയ്ക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അത് നിരസിക്കുന്നതിനുമുമ്പ് അവർ തീർച്ചയായും ഷംഷാദ് ബേഗത്തെ, പി. ലീലയെ അതുപോലെ അവസരം നിഷേധിക്കപ്പെട്ട മറ്റു പലരേയും ഓർത്തിരിക്കും തീർച്ച. അവരുടെ വാക്കുകൾക്ക്, നിലപാടുകൾക്ക് ഇത്ര ശക്തി കൈവന്നത് അതുകൊണ്ട് തന്നെയായിരിക്കും. തന്നേക്കാൾ വളരെ ജൂനിയറായ ചിത്രയ്ക്കുപോലും 2005-ൽ പത്മശ്രീ കിട്ടിയെന്ന് നമുക്കറിയാം. സമകാലികനായ യേശുദാസിന്‌ 1975-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും കിട്ടിയെന്നതും ഓർക്കുക. ജാനകിയമ്മയുടെ സമകാലികയായ പി. സുശീലയ്ക്ക് 2008-ൽ തന്നെ പത്മഭൂഷൺ ബഹുമതി സമ്മാനിച്ചിരുന്നു. 

വിക്കിപീഡിയ പറയുന്നത് സുശീലാമ്മയേക്കാൾ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് ജാനകിയമ്മയാണെന്നാണ്‌. പാടിയ ഭാഷകളുടെ എണ്ണത്തിലും അവർ തന്നെ മുന്നിൽ. മലയാളത്തിലും സുശീലാമ്മയേക്കാൽ കൂടുതൽ പാട്ടുകൾ പാടിയത് ജാനകിയമ്മയാണ്‌. സുശീലാമ്മ പാടിയത് 1050 പാട്ടുകളാണെങ്കിൽ ജാനകിയമ്മ ഏറ്റവും ഒടുവിൽ പാടിയതടക്കം 1286 പാട്ടുകൾ പാടിയിരിക്കുന്നു. പാട്ടുകളുടെ എണ്ണം ഒരു അളവുകോൽ ആണെന്നല്ല ഞാൻ പറയുന്നത്. ഏറെക്കുറെ ഒരേ സമയത്ത് സിനിമയിലെത്തുകയും ഒരേ കാലയളവിൽ രംഗത്ത് തിളങ്ങിനില്ക്കുകയും ചെയ്ത രണ്ട് ഗായികമാരെ പരിഗണിക്കുന്നതിൽ നമുക്ക് വീഴ്ച പറ്റിയില്ലേ എന്ന് ആലോചിക്കുക മാത്രം.
                                                                          *
മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾക്ക് ഈണമിട്ട, ഏറ്റവും വൈവിധ്യങ്ങളായ രാഗങ്ങൾ ഉപയോഗിച്ച് വിജയിപ്പിച്ച ദേവരാജൻ മാഷുടെ ഇഷ്ടഗായിക എന്നും പി. സുശീലയായിരുന്നു. അത് കഴിഞ്ഞാൽ മാധുരിയും. എന്നാൽ ദേവരാജൻ മാഷ് കഴിഞ്ഞാൽ മറ്റ് ഒട്ടുമിക്ക സംഗീതസംവിഹായകരുടെയും മനോഹരങ്ങളായ സൃഷ്ടികൾ നമ്മൾ കേട്ടത് ജാനകിയമ്മയുടെ ശബ്ദത്തിലായിരുന്നു. ബാബുരാജ് (നിരവധി ഗാനങ്ങൾ), രാഘവൻ മാഷ്(മഞ്ഞണിപ്പൂനിലാവ്, ഉണരുണരൂ, കൊന്നപ്പൂവേ), ചിദംബരനാഥ് (പകൽക്കിനാവ്, മുറപ്പെണ്ണ്‌, കായംകുളം കൊച്ചുണ്ണി എന്നീ സിനിമയിലെ പാട്ടുകൾ), പുകഴേന്തി (വിത്തുകൾ, ഭാഗ്യമുദ്ര, സ്നേഹദീപമേ മിഴിതുറക്കൂ എന്നീ ചിത്രങ്ങളിലെ പാട്ടുകൾ), എം.എസ്.വിശ്വനാഥൻ ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ-ചന്ദ്രകാന്തം), എ.ടി.ഉമ്മർ (ആൽമരം, ആഭിജാത്യം എന്നീ ചിത്രങ്ങളിലെ പാട്ടുകൾ, ആലിംഗനത്തിലെ തുഷാര ബിന്ദുക്കളേ, അംഗീകാരത്തിലെ നീലജലാശയത്തിൽ എന്നീ പാട്ടുകൾ) ജോൺസൺ മാഷുടെ നിരവധി പാട്ടുകൾ ഒക്കെ ഉദാഹരിക്കാം. 

1957-ൽ ’വിധിയിൽ വിളയാട്ട്‘ എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ട് സിനിമാരംഗത്തുവന്ന എസ്. ജാനകി അതേവർഷം തന്നെ മലയാളത്തിൽ ’മിന്നുന്നതെല്ലാം പൊന്നല്ല‘ എന്ന സിനിമയിൽ പാടിയതായി ചില രേഖകളിൽ കാണുന്നു. എന്നാൽ മറ്റു ചില രേഖകളിൽ കാണുന്നത് ’മിന്നൽ പടയാളി‘ എന്ന ചിത്രത്തിൽ 1959-ൽ പാടിയതായിട്ടാണ്‌. രണ്ട് സിനിമകളുടെയും സംഗീതം നിർവ്വഹിച്ചിട്ടുള്ളത് എസ്. എൻ. രംഗനാഥൻ ആണ്‌. 1960-ൽ പി.സുശീല ആദ്യമായി പാടിയ ’സീത‘ എന്ന ചിത്രത്തിൽ വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ഒരു പാട്ട് അവർ പാടിയിട്ടുണ്ട്. ശേഷം രാഘവൻ മാഷുടെ സംഗീതത്തിൽ ഉണ്ണിയാർച്ച എന്ന ചിത്രത്തിലും പാടിയെങ്കിലും ബാബുരാജ് അവരെ കണ്ടുമുട്ടുന്നതാണ്‌ അവർക്കും മലയാളത്തിനും വഴിത്തിരിവാകുന്നത്. 

1962-ൽ പുറത്തുവന്ന ’നിണമണിഞ്ഞ കാൽപാടുകൾ എന്ന സിനിമയിൽ ‘മേ തോ ഗുംഘ്‌രു ബന്ധൂരേ’ എന്ന മീരാ ഭജൻ അതിമനോഹരമായി പാടിക്കൊണ്ടായിരുന്നു, ബാബുരാജുമൊത്തുള്ള അവരുടെ അരങ്ങേറ്റം. അത് അവരുടെയും അതിലുപരി മലയാളത്തിന്റേയും സൗഭാഗ്യമായി മാറുകയായിരുന്നു. എടുത്തുപറയേണ്ടതില്ലാത്ത നിരവധി പാട്ടുകൾ ഭാസ്കരൻ-ബാബുരാജ്-എസ്.ജാനകി കൂട്ടുകെട്ടിൽ നിന്നുണ്ടായി. ഒരിക്കൽ ചെന്നൈയിൽ വെച്ച് നേരിട്ട് കണ്ടപ്പോൾ ബാബുരാജുമായി ചേർന്നുള്ള പാട്ടുകളെക്കുറിച്ച് അവർ പേർത്തും പേർത്തും പറഞ്ഞതോർക്കുന്നു. 

മലയാളത്തോട് അവർക്ക് വല്ലാത്തൊരു സ്നേഹമായിരുന്നു. ഒരിക്കൽ പരപ്പനങ്ങാടിയിലെ അറീനയ്ക്കുവേണ്ടി അവരെ ചെന്നു കണ്ടിരുന്നു. കോഴിക്കോട്ടെ ബാബുരാജ് അക്കാഡമിയുടെ ഒരു പരിപാടിയിൽ അവർ പങ്കെടുക്കുമെന്ന് അറിഞ്ഞപ്പോൾ അതിന്റെ കൂടെ അറീനയുടെ ഒരു ചടങ്ങിൽ കൂടി പങ്കെടുക്കാൻ പറ്റുമോ എന്നറിയാനാണ്‌ അവരുടെ അടുത്ത് പോയത്. ടെലഫോണിൽ സമയം വാങ്ങുമ്പോൾ തന്നെ ശ്രദ്ധിച്ചു, എന്റെ തമിഴിലുള്ള സംസാരത്തിന്‌ അവർ മറുപടി പറയുന്നത് മലയാളത്തിൽ. മലയാളത്തിന്റെ ഉച്ചാരണം ശരിയല്ലെങ്കിലും മലയാളത്തിൽ തന്നെ സംസാരിക്കാൻ അവർ താല്പര്യം കാണിച്ചു. 
* അര മണിക്കൂർ അനുവദിച്ചു തന്ന സമയം നീണ്ട് നീണ്ട് മൂന്നു മണിക്കൂറായി. സംസാരവും പാട്ടുകളും നിർത്താൻ അവർ ഒരുക്കമല്ലായിരുന്നു. അന്ന് ഓർമ്മയിൽ നിന്ന് എടുത്തു പറഞ്ഞ ഒരു പാട്ട് ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന സിനിമയിലെ ‘കവിളത്തെ കണ്ണീർ കണ്ട് മണിമുത്താണെന്ന് കരുതി വിലപേശാനോടിയെത്തിയ വഴിയാത്രക്കാരാ‘ എന്ന പാട്ടാണ്‌. പാട്ടിന്റെ വരികൾ ഓർത്തെടുത്ത് മൂളി ’എന്ത് നല്ല ഭാവന‘ എന്നവർ ആശ്ചര്യം കൊണ്ടു.

കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്നും അതിനാൽ അറീനയുടെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നും അവർ പറഞ്ഞു. എങ്കിൽ പരിപാടിയിൽ വായിക്കാൻ ഒരു സന്ദേശം തരണം എന്ന് പറഞ്ഞപ്പോൾ സ്വയം ഒരു കാസറ്റ് എടുത്ത് അതിൽ അറീനയുടെ പരിപാടിയിൽ വായിക്കാൻ ഒരു സന്ദേശവും അതിനൊപ്പം കുറെ പാട്ടുകളുടെ പല്ലവിയും സ്വയം റെക്കോഡ് ചെയ്ത് തരാൻ അവർ തയ്യാറായി. പാട്ടുകളോട്, മലയാളികളോടുള്ള അകമഴിഞ്ഞ സ്നേഹമാണ്‌ അന്നവർ പ്രകടിപ്പിച്ചത്. 

ഇപ്പോൾ പിന്നണിഗാന രംഗത്തുനിന്ന് വിരമിയ്ക്കാൻ തീരുമാനിച്ചപ്പോഴും അവർ ഓർത്തത് മലയാളത്തെ. ബാലമുരളീകൃഷ്ണയും ഇനി പൊതുവേദിയിൽ പാടുകയില്ല എന്ന പ്രഖ്യാപനം നടത്തിയത് തിരുവനന്തപുരത്ത് ഒരു കച്ചേരി നടത്താൻ എത്തിയപ്പോഴായിരുന്നു. ജാനകിയമ്മയുടെ അവസാന പിന്നണിഗാനത്തിന്റെ സൃഷ്ടിയിലൂടെ ’പത്തുകല്പനകൾ‘ എന്ന സിനിമയും പാട്ടെഴുതിയ റോയ് പുറമടം, ഈണമിട്ട മിഥുൻ ഈശ്വർ തുടങ്ങിയവരും അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്‌. പ്രായം അനിവാര്യമായി ആ ശബ്ദത്തിന്റെ ഒഴുക്കിലും തടസ്സങ്ങളുണ്ടാക്കും.  ആ മധുര ശബ്ദത്തിലും പോറൽ വീഴ്ത്തും.  മറ്റു പല ഗായകരും ചെയ്യുന്നതുപോലെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്റെ ശബ്ദത്തിന്‌ കൃത്രിമശ്വാസോഛാസം നല്കി മുന്നോട്ട് പോകാൻ താല്പര്യം കാണിക്കാതിരുന്നതിന്‌ അവരെ അഭിനന്ദിക്കുക. അവർ ഇനി പാടിയാലും ഇല്ലെങ്കിലും കേരളത്തിലെ രണ്ട് തലമുറകളെങ്കിലും അവരുടെ പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കും.

അവസാനത്തെ പാട്ട് മലയാളത്തിൽ പാടി തന്റെ പിന്നണിഗാനജീവിതത്തോട് വിടപറയാൻ തീരുമാനിക്കുമ്പോൾ അവർ നമ്മൾക്ക് തരുന്നത് വലിയൊരു ബഹുമതി തന്നെ. ഒരു പക്ഷേ മലയാളിയല്ലാത്തതിന്റെ പേരിൽ അവരെ ഒരു പത്മാ അവാർഡിന്‌ ശുപാർശ ചെയ്യാൻ നമ്മൾ കാണിച്ച മടിയ്ക്കുള്ള മധുരമായ പ്രതികാരം. അപ്പോഴും ചിരിച്ചുകൊണ്ട് തന്നെ. 

    

*ചിത്രങ്ങൾ ജാനകിയമ്മയുടെ ചെന്നൈ നീലാങ്കരയിലുള്ള വീട്ടിൽ വെച്ച് അവരെ കണ്ട് സംസാരിച്ചപ്പോൾ എടുത്തത്

Thursday, December 15, 2016

വേറിട്ട് നടന്ന കാലടികൾ നിശ്ചലമാകുമ്പോൾ

ബാലമുരളീകൃഷ്ണ ഓർമ്മയായിരിക്കുന്നു. 86 വയസ്സ്‌ ഒരു ചെറിയ കാലയളവാണെന്ന്‌ നമുക്ക്‌ തോന്നുന്നത്‌ ബാലമുരളീകൃഷ്ണയെപ്പോലൊരു പ്രതിഭ വിട്ടുപോകുമ്പോഴാണ്‌. തന്റെ എട്ടാം വയസ്സിൽ സ്വതന്ത്രമായി കർണ്ണാടക സംഗീത കച്ചേരി നടത്തിയ അതുല്യ പ്രതിഭയായിരുന്നു, മുരളീകൃഷ്ണ. പേരെടുത്ത ഹരികഥാ കലാകാരൻ മുസുനുരി സൂര്യനാരായണമൂർത്തി ഭാഗവതരാണ്‌ കുട്ടിയായിരുന്ന മുരളീകൃഷ്ണയുടെ പ്രതിഭ കണ്ട്‌ ബാല എന്ന്‌ ചേർത്ത്‌ വിളിച്ചത്‌. സാക്ഷാൽ മുരളീകൃഷ്ണന്റെ ചെറുപ്പം എന്ന അർത്ഥത്തിൽ. ആ പേര്‌ അവസാനം വരെ അദ്ദേഹം നിലനിർത്തുകയായിരുന്നു.

കർണ്ണാടക സംഗീതത്തിൽ അദ്ദേഹം കീഴടക്കാത്ത ഉയരങ്ങളില്ല. 25,000-ൽ പരം കച്ചേരികൾ നടത്തിയിട്ടുണ്ട്‌ അദ്ദേഹം. സ്വന്തമായി കൃതികൾ രചിക്കുക മാത്രമല്ല രാഗങ്ങൾ വരെ അദ്ദേഹം  ചിട്ടപ്പെടുത്തി. വായ്പാട്ട്‌ കൂടാതെ വയലിൻ, വയോള, മൃദംഗം, ഗഞ്ചിറ തുടങ്ങിയ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതിലും അദ്ദേഹം പ്രവീണനായിരുന്നു. സ്വതന്ത്ര വയോള കച്ചേരി നടത്തിയിട്ടുണ്ട്‌, മറ്റുള്ള ഗായകരുടെ കച്ചേരിക്ക്‌ വയലിനും മൃദംഗവും വായിച്ചിട്ടുണ്ട്‌. സ്വയം നല്ല അറിയപ്പെടുന്ന വാഗ്ഗേയകരനായിരുന്നിട്ടും മറ്റുള്ളവരുടെ കച്ചേരിക്ക്‌ പക്കമേളത്തിൽ അകമ്പടി ചെയ്യുന്നത്‌ കുറച്ചിലായി അദ്ദേഹത്തിന്‌ തോന്നിയില്ല. ബഹുമതികളിൽ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ ബഹുമതിയായ പത്മവിഭൂഷൺ വരെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.

കർണ്ണാടക സംഗീതരംഗത്ത്‌ ഒരു വിപ്ലവകാരിയായിരുന്നു, ബാലമുരളീകൃഷ്ണ. ഭൂരിഭാഗം സംഗീതജ്ഞരും കേട്ടുപഠിച്ച കൃതികളും കീർത്തനങ്ങളും ഒട്ടും മാറ്റാം വരുത്താതെ പാടുകയാണ്‌ പതിവ്‌. ഈ രീതിയെ ചോദ്യം ചെയ്യാനും ഉത്തരം കിട്ടാതിരുന്നപ്പോൾ തന്റേതായ രീതിയിൽ ആലാപനത്തെ മാറ്റാനും അദ്ദേഹം തയ്യാറായി. ഗമക പ്രധാനമായ കർണ്ണാടക സംഗീതത്തിൽ ഗമക പ്രയോഗത്തിൽ തന്റേതായ ശൈലി അദ്ദേഹം പരീക്ഷിച്ച്‌ വിജയിപ്പിച്ചു. ശുദ്ധപാരമ്പര്യവാദികൾ ആദ്യമൊക്കെ അദ്ദേഹത്തെ അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. പക്ഷേ രാഗങ്ങളിലുള്ള അപാരജ്ഞാനവും അതിലുമുപരി അനന്തമായ സംഗീത വിഹായസ്സിൽ പാറിനടക്കാനുള്ള തൃഷ്ണയും കൂടി ചേർന്നപ്പോൾ അദ്ദേഹത്തിന്റെ ആലാപനത്തിന്‌ വ്യത്യസ്തമായൊരു സൗന്ദര്യം വന്നു. വിമർശകർ അടങ്ങി, ആരാധകർ കൂടി. 

വർഷങ്ങൾക്കുമുമ്പ്‌ ഒരിക്കൽ കോട്ടക്കൽ വിശ്വംഭരക്ഷേത്രത്തിൽ കച്ചേരി നടത്താൻ ബാലമുരളീകൃഷ്ണ എത്തി. കേരളത്തിൽ നിന്നാകെ സംഗീതപ്രേമികൾ ഒഴുകിയെത്തിയിരുന്നു, അന്ന്‌ കോട്ടക്കൽ. ‘ധന്യാസി’ രാഗത്തിലുള്ള ‘സംഗീതജ്ഞാനമേ’ എന്ന കൃതി മദ്ധ്യസ്ഥായിയിൽ പഞ്ചമത്തിൽ തുടങ്ങേണ്ടതിനുപകരം അദ്ദേഹം തുടങ്ങിയത്‌ മേൽസ്ഥായിയിൽ ഗാന്ധാരത്തിൽ. പാടിക്കഴിഞ്ഞതിനുശേഷം അദ്ദേഹം പറഞ്ഞത്‌ നിങ്ങൾ പാരമ്പര്യമായി കേട്ടതിൽ നിന്ന്‌ വ്യത്യസ്തമായി ഞാൻ പാടിയപ്പോൾ നിങ്ങളുടെ നെറ്റി ചുളിഞ്ഞത്‌ ഞാൻ കണ്ടു. പക്ഷേ എനിക്കറിയാം ഈ കൃതി ത്യാഗരാജ സ്വാമികൾ സൃഷ്ടിച്ചത്‌ ഇങ്ങനെയാണെന്ന്‌. 
താനടക്കം അതുവരെയുള്ള സംഗീതജ്ഞരെല്ലാം ആ കൃതി പാടിയതിൽ വ്യത്യസ്തമായി പാടി എന്ന്‌ മാത്രമല്ല അതാണ്‌ ശരി എന്ന്‌ ബാലമുരളീകൃഷ്ണയുടെ അവകാശവാദവും കൂടി കേട്ടപ്പോൾ സദസ്സിലുണ്ടായിരുന്ന കർണ്ണാടകസംഗീതകാരനായ കെ.ജി.മാരാർക്ക്‌ സഹിച്ചില്ല. അദ്ദേഹം എഴുന്നേറ്റ്‌ നിന്ന്‌ പരസ്യമായി ബാലമുരളീകൃഷ്ണയെ വെല്ലുവിളിച്ചു, എന്തിന്റെ അടിസ്ഥാനത്തിലാണ്‌ തനിക്ക്‌ മുമ്പെ പാടിയ അസംഖ്യം സംഗീതജ്ഞരെ തള്ളി പറഞ്ഞതെന്ന്‌ ചോദിച്ചുകൊണ്ട്‌. സദസ്സ്‌ സ്തബ്ധരായി നിന്നുപോയി. സംഘാടകർ വന്ന്‌ ശ്രീ.മാരാരെ ശാരീരികമായി ഹാളിന്‌ പുറത്തേക്ക്‌ മാറ്റാൻ ശ്രമം നടത്തി. പക്ഷെ ബാലമുരളീകൃഷ്ണ അതിനനുവദിക്കാതെ ശ്രീ. മാരാരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞു. എന്റെ നിലപാട്‌ ശരിയാണെന്ന്‌ കാണിക്കാൻ തെളിവുകളുണ്ടെന്നാണ്‌ അദ്ദേഹം ഊന്നിപ്പറഞ്ഞത്‌. അദ്ദേഹം തുടർന്നും തന്റേതായ രീതിയിൽ തന്നെയാണ്‌ ആ കൃതി പാടിക്കൊണ്ടിരുന്നത്‌. അന്ന് കെ.ജി.മാരാരുടെ കൂടെയുണ്ടായിരുന്ന ശിഷ്യനും കർണ്ണാടക സംഗീതജ്ഞനുമായ കോട്ടക്കൽ ചന്ദ്രശേഖരൻ പറഞ്ഞ കാര്യമാണ്‌ ഞാൻ ഓർമ്മയിൽ നിന്നെടുത്ത്‌ എഴുതിയത്‌. കർണ്ണാടകസംഗീതത്തിലെ പാരമ്പര്യത്തെ മുറുകെ പിടിക്കുമ്പോഴും അടിസ്ഥാനമില്ലാതെ തുടരുന്ന സാമ്പ്രദായിക രീതികളെ ചോദ്യം ചെയ്യാൻ എന്നും താല്പര്യമെടുത്ത സംഗീതകാരനായിരുന്നു, ബാലമുരളീകൃഷ്ണ എന്ന്‌ കാണിക്കാൻ നമ്മുടെ നാട്ടിൽ നടന്ന ഒരു സംഭവം ഉദ്ധരിക്കുക മാത്രം. 

ശാസ്ത്രീയ  സംഗീതരംഗത്തുള്ളവർക്ക്‌ ലളിതസംഗീതത്തോട്‌ പൊതുവെ പുഛമാണ്‌. അതിനൊരപവാദമായിരുന്നു, ബാലമുരളീകൃഷ്ണ. ധാരാളം സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്‌. 1977-ൽ ഇളയരാജയുടെ സംഗീതത്തിൽ ‘കാവ്യകുയിൽ’ എന്ന തമിഴ്‌ സിനിമയിൽ അദ്ദേഹം പാടിയ ‘ചിന്ന കണ്ണൻ അഴൈകിറാൻ’ എന്ന പാട്ട്‌ വളരെ ജനപ്രിയമായതാണ്‌. ഏറ്റവും നല്ല പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന്‌ ലഭിച്ചത്‌ 1975-ൽ ‘ഹംസഗീതെ’ എന്ന കന്നഡ ചിത്രത്തിലെ പാട്ടിനാണ്‌. ‘മാധവാചാര്യ’ എന്ന കന്നഡ സിനിമയിലൂടെ ഏറ്റവും നല്ല സംഗീതസംവിധാനത്തിനുള്ള ദേശീയ ബഹുമതിയ്ക്കും അദ്ദേഹം അർഹനായി. 1967-ൽ പുറത്തുവന്ന ‘ഭക്തപ്രഹ്ളാദ’ എന്ന തെലുഗു ചിത്രത്തിൽ നാരദനായി അഭിനയിച്ചുകൊണ്ട്‌ സിനിമാനടനായും അദ്ദേഹം അരങ്ങേറി. 

മലയാളത്തിലും കുറെയേറെ പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്‌. പല സിനിമകളിലായി കർണ്ണാടക സംഗീതത്തിലെ പ്രമുഖ വാഗ്ഗേയകാരന്മാരുടെ  കൃതികൾ അദ്ദേഹം പാടി. ‘ഗാനം’ എന്ന ശ്രീകുമാരൻ തമ്പി ചിത്രത്തിൽ ത്യാഗരാജസ്വാമികളുടെ ‘എന്തൊരു മഹാനുഭാവലു’ എന്ന കൃതിയും ‘യാരമിത വനമാലിന’ എന്ന ജയദേവർ കൃതിയും ‘അദ്രിസുതാവര’ എന്ന സ്വാതിതിരുനാൾ കൃതിയും (യേശുദാസിനും പി.സുശീലയ്ക്കുമൊപ്പം), ‘ശ്രീമഹാഗണപതിം’ എന്ന മുത്തുസ്വാമിദീക്ഷിതർ കൃതിയും അദ്ദേഹം ആലപിച്ചിട്ടുണ്ട്‌. ദക്ഷിണാമൂർത്തിയായിരുന്നു, സംഗീതം. സിനിമയിൽ നായകൻ അങ്ങേയറ്റം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന വേളയിലാണ്‌ ‘എന്തൊരു മഹനുഭാവലു’ എന്ന കൃതിയുടെ ആലാപനം. അന്നത്‌ കേട്ട്‌ കണ്ണുകൾ ഈറനണിഞ്ഞത്‌ ഇപ്പോഴും ഓർമ്മയിലുണ്ട്‌. ‘സ്വാതിതിരുനാൾ’ എന്ന ലെനിൻ രാജേന്ദ്രന്റെ സിനിമയിൽ എം.ബി. ശ്രീനിവാസന്റെ സംഗീതത്തിൽ പല സ്വാതിതിരുനാൾ, ത്യാഗരാജകൃതികളും ആലപിച്ചത്‌ ബാലമുരളീകൃഷ്ണയായിരുന്നു. ‘ജമുനാകിനാരെ’ എന്ന ചാരുകേശി രാഗത്തിലുള്ള സ്വാതിതിരുനാൾ കൃതി ബാലമുരളീകൃഷ്ണ പാടിയപ്പോഴുള്ള ഭാവതീവ്രത എടുത്തുപറയേണ്ടതാണ്‌. ശാസ്ത്രീയ സംഗീതം ആലപിക്കുമ്പോഴും ലളിതഗാനങ്ങൾ പാടുമ്പോഴും ഭാവത്തിന്‌ കൊടുക്കുന്ന പ്രാധാന്യം അദ്ദേഹത്തിന്റെ ഒരു സവിശേഷത തന്നെയാണ്‌. 

മലയാളത്തിലെ ആദ്യത്തെ പിന്നണിഗാനങ്ങൾ പിറന്നത്‌ 1948-ൽ ‘നിർമ്മല’ എന്ന ചിത്രത്തിലാണ്‌. ഇതിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പി.എസ്‌.ദിവാകർ സംഗീതം കൊടുത്ത ചിത്രമായിരുന്നു, 1965-ൽ പുറത്തുവന്ന ‘ദേവത’. വരികൾ എഴുതിയത്‌ പി.ഭാസ്കരൻ. ഈ ചിത്രത്തിലെ 14 പാട്ടുകളിൽ 4 എണ്ണത്തിൽ ബാലമുരളീകൃഷ്ണയുടെ ശബ്ദമുണ്ട്‌. എന്നാൽ 1966-ൽ പുറത്തുവന്ന ‘അനാർക്കലി’ എന്ന ചിത്രത്തിൽ ബാബുരാജ്‌ ‘ഹിന്ദോള’രാഗത്തിൽ ചെയ്ത ‘സപ്തസ്വരസുധാസാഗരമേ’ എന്ന പാട്ടാണ്‌ മലയാളികൾ ഓർത്തുവെയ്ക്കുന്ന ബാലമുരളീകൃഷ്ണയുടെ ആദ്യത്തെ പാട്ട്‌.  പി.ബി.ശ്രീനിവാസുമായി ചേർന്ന്‌ പാടിയ പാട്ടിന്റെ രംഗത്ത്‌ അഭിനയിക്കുന്നത്‌ നമ്മുടെ പ്രിയഗായകൻ യേശുദാസും മണ്മറഞ്ഞുപോയ സംഗീതസംവിധായകൻ എൽ.പി.ആർ. വർമ്മയുമാണെന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്‌.
1967-ൽ ‘തളിരുകൾ’ എന്ന ചിത്രത്തിൽ വയലാർ എഴുതി എ.ടി.ഉമ്മർ ഈണമിട്ട ‘പകരൂ ഗാനരസം’ എന്ന പാട്ടാണ്‌ അതിനുശേഷം പുറത്തുവന്ന ബാലമുരളീകൃഷ്ണയുടെ ശ്രദ്ധേയമായ ഒരു പാട്ട്‌. 1971-ൽ ‘യോഗമുള്ളവൾ’ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി വരികളെഴുതി ആർ.കെ. ശേഖർ ചിട്ടപ്പെടുത്തിയ ‘ഓമനതാമര പൂത്തതാണോ’ എന്ന മനോഹരമായ ഗാനം പാടിയതും അദ്ദേഹമായിരുന്നു. 1972-ൽ പുറത്തുവന്ന ‘കളിപ്പാവ’ എന്ന ചിത്രത്തിൽ ചിദംബരനാഥ്‌ ഈണമിട്ട സുന്ദരമായ ഒരു പാട്ടുണ്ട്‌. എസ്‌. ജാനകിയുമായി ചേർന്ന്‌ ആലപിച്ച ‘നീല നീല വാനമതാ വാരിധി പോലെ അനന്തമായി ചേലെഴുന്നൊരു മേഘമതാ’. വരികൾ മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടേതാണെന്നതാണ്‌ ഈ പാട്ടിന്റെ മറ്റൊരു പ്രത്യേകത. 

ഇതിനുശേഷം പിന്നീട്‌ ബാലമുരളീകൃഷ്ണ ശബ്ദം കൊടുക്കുന്നത്‌ 1977-ൽ പുറത്തുവന്ന ‘പൂജയ്ക്കെടുക്കാത്ത പൂക്കൾ’ എന്ന ചിത്രത്തിലാണ്‌. ഒരു കർണ്ണാടക സംഗീതജ്ഞന്റെ കഥ പറഞ്ഞ ഈ സിനിമയിലെ പാട്ടുകൾ എഴുതിയത്‌ ഭാസ്കരൻ മാഷും സംഗീതം കൊടുത്തത്‌ രാഘവൻ മാഷുമാണ്‌. പല തരം നാടൻ പാട്ടുകളും ഗ്രാമീണ നൈർമ്മല്യം തുളുമ്പുന്ന പാട്ടുകളും ചെയ്തിരുന്ന രാഘവൻ മാഷുടെ വ്യത്യസ്തമായ ഈണങ്ങളായിരുന്നു, ശാസ്ത്രീയാടിസ്ഥാനത്തിൽ ചെയ്ത ഈ സിനിമയിലെ പാട്ടുകൾ. ഈ ചിത്രത്തിന്‌ രാഘവൻ മാഷിന്‌ കേരള സംസ്ഥാന അവാർഡ്‌ കിട്ടുകയും ചെയ്തു. ഹമീർ കല്യാണി രാഗത്തിൽ ആരംഭിക്കുന്ന ‘നഭസ്സിൽ മുകിലിന്റെ പൊന്മണി വില്ല്‌‘ എന്ന രാഗമാലികയും ’കല്യാണി‘ രാഗത്തിൽ തീർത്ത ’കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ‘ എന്ന പാട്ടും. പിന്നീടാണ്‌ 1982-ൽ ’ഗാന‘വും 1987-ൽ ’സ്വാതി തിരുനാൾ‘ എന്ന ചിത്രവും. ഇതിനൊപ്പം 1984-ൽ പുറത്തുവന്ന ’സന്ധ്യക്കെന്തിന്‌ സിന്ദൂരം‘ എന്ന ചിത്രത്തിൽ പാടുന്നതിനൊപ്പം അഭിനയിക്കുകയും ചെയ്തു, ബാലമുരളീകൃഷ്ണ. മേല്പ്പറഞ്ഞ പാട്ടുകളൊക്കെ അർദ്ധശാസ്ത്രീയ ഗാനങ്ങളായിരുന്നു. 

എന്നാൽ ഇത്രയൊന്നും ശാസ്ത്രീയ ചുവയില്ലാത്ത പാട്ടുകളും അദ്ദേഹം പാടിയിട്ടുണ്ട്‌. ’പുന്നപ്ര വയലാർ‘ എന്ന ചിത്രത്തിൽ ഭാസ്കരൻ മാഷും രാഘവൻ മാഷും ചേർന്നൊരുക്കിയ ’വയലാറിന്നൊരുകൊച്ചു ഗ്രാമമല്ലാർക്കുമേ വിലകാണാനാവാത്ത കാവ്യമത്രേ‘ എന്ന പാട്ട്‌, സിനിമയുടെ തീം സോങ്ങ്‌, പാടാൻ രാഘവൻ മാഷ്‌ ഏല്പിച്ചത്‌ ബാലമുരളീകൃഷ്ണയെയാണ്‌.  ’കൊടുങ്ങല്ലൂരമ്മ‘ എന്ന ചിത്രത്തിൽ വയലാർ രാഘവൻ മാഷ്‌ ടീമിന്റെ ’കൊടുങ്ങല്ലൂരമ്മേ‘ എന്ന പാട്ട്‌, 1969-ൽ പുറത്തുവന്ന ’ജന്മഭൂമി‘ എന്ന ചിത്രത്തിൽ ഭാസ്കരൻ ചിദംബരനാഥ്‌ ടീം ചെയ്ത ’അരയടിമണ്ണിൽ നിന്ന്‌ തുടക്കം ആറടിമണ്ണിൽ നിന്നുറക്കം‘ എന്ന പാട്ട്‌ ഒക്കെ ലളിതഗാനങ്ങൾ തന്നെയാണ്‌. ഒടുവിൽ പറഞ്ഞ പാട്ടിന്‌ അദ്ദേഹം കൊടുക്കുന്ന ഫീൽ ആലാപനത്തിൽ വരുന്ന ശാസ്ത്രീയഛായയെ മറികടക്കുന്നുണ്ട്‌. 

ശാസ്ത്രീയ സംഗീതഞ്ജർ പൊതുവേ പരീക്ഷണ കുതുകികളല്ലെന്ന്‌ മാത്രമല്ല പരീക്ഷണശ്രമങ്ങൾ ആര്‌ നടത്തിയാലും അതിനെ പ്രതിരോധിക്കാനണ്‌ അവർ ശ്രമിക്കാറ്‌. സംഗീതത്തിൽ പരീക്ഷണം ഒരു നിരോധിത കാര്യമല്ലെന്ന്‌ ബാലമുരളീകൃഷ്ണ സ്വയം ചെയ്തുകാണിച്ചുതന്നു. അദ്ദേഹത്തിന്റെ സിനിമയിലെ സംഭാവനകൾ ഇത്തരം വേറിട്ടനടത്തങ്ങളുടെ ഭാഗം തന്നെയായിരുന്നു. സിനിമാപാട്ടുകളെ നിലവാരം കുറഞ്ഞ കാര്യമായി അദ്ദേഹം കണ്ടില്ലെന്ന്‌ മാത്രമല്ല അവയും വിശാലമായ സംഗീതസാഗരത്തിന്റെ ഭാഗമാണെന്ന്‌ മനസ്സിലാക്കി അർഹിക്കുന്ന പ്രാധാന്യ കൊടുക്കാൻ അദ്ദേഹം തയ്യാറായി. സിനിമാരംഗത്ത്‌ അദ്ദേഹം കൈവരിച്ച വിജയം ഈ നിലപാടിന്റെ വിജയം തന്നെ. 

ബാലമുരളീകൃഷ്ണ വിടവാങ്ങുമ്പോൾ സംഭവിക്കുന്നത്‌ ഇത്തരം ധീരമായ ചുവടുവെപ്പുകളുടെ വിരാമമാണ്‌. ഇതൊരു പൂർണവിരാമമാകില്ലെന്നും അദ്ദേഹം കാണിച്ച വഴിയിലൂടെ സഞ്ചരിക്കാനും പുതുവഴികൾ കണ്ടെത്താനും പ്രാപ്തിയും പ്രാഗല്ഭ്യവുമുള്ളവർ കടന്നുവരുമെന്നും നമുക്ക്‌ പ്രത്യാശിക്കാം. ഹിന്ദു പത്രത്തിലെ ചിത്രാ സ്വാമിനാഥൻ പറഞ്ഞത്‌ ‘അരങ്ങൊഴിഞ്ഞപോലെ തോന്നുന്നു’, എന്നാണ്‌. ഒരാളുടെ വിയോഗം സൃഷ്ടിച്ച ഒഴിവ്‌ മറ്റൊരാൾക്ക്‌ നികത്താനാവില്ല തന്നെ. എന്നാൽ സംഗീതത്തിന്റെ അനുസ്യൂതമായ ഒഴുക്കിൽ അദ്ദേഹം സൃഷ്ടിച്ച തരംഗങ്ങൾ നിലയ്ക്കാതെ നോക്കുക എന്നതാണ്‌ സംഗീതജ്ഞർക്ക് അദ്ദേഹത്തിന്‌ കൊടുക്കാൻ കഴിയുന്ന വലിയ ബഹുമതി.   Thursday, September 29, 2016

ഒരു വിമാന അപകടം ബാക്കിവെക്കുന്നത്‌ഇൻഡ്യൻ എയർഫോഴ്സിന്റെ എ.എഫ്.330 വിമാനം പോർട്ബ്ലെയറിലേക്കുള്ള യാത്രയിൽ തകർന്നുവീണിട്ട് രണ്ട് മാസമാകാനായിരിക്കുന്നു. ഇതുവരേയും വിമ്മനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. 

എ.എഫ്‌ 330 വെറും ഒരു ഫ്ലൈറ്റിന്റെ നമ്പർ മാത്രമായിരുന്നില്ല, എന്നെ സംബന്ധിച്ചേടത്തോളം. വർഷങ്ങളായി ഏറെക്കുറെ നിത്യേനയെന്നോണം കേൾക്കുന്നതിനാൽ ഒരു ഹൃദയബന്ധം ഉണ്ടായിരുന്നു, ഇന്ത്യൻ എയർഫോഴ്സിന്റെ ഒരു പ്രധാന ഫ്ലൈറ്റ്‌ നമ്പരായ അതിനോട്‌. ചെന്നൈ വിമാനത്താവളത്തിലെ ഉച്ച ആവൃത്തിയിലുള്ള വാർത്താവിനിമയ സംവിധാനത്തിൽ ജോലിചെയ്യുന്ന ഒരാളെ സംബന്ധിച്ചേടത്തോളം ആ നമ്പർ സുപരിചിതം. മിക്കപ്പോഴും താംബരം എയർ ഫോഴ്സ്‌ സ്റ്റേഷനിൽ നിന്നും പോർട്ബ്ലെയറിലേക്കും തിരിച്ചും ആളുകളെയും മിലിട്ടറിയ്ക്കുള്ള സാമഗ്രികളും വഹിച്ച്‌ പറന്നിരുന്ന ഒരു ഫ്ലൈറ്റ്‌ ആയിരുന്നു, എയർഫോഴ്സ്‌ 330. 

ജൂലൈ 22 വെള്ളിയാഴ്ച വരെ. അന്നും രാവിലെ 08:30 മണിക്കാണ്‌ താംബരം എയർഫോഴ്സ്‌ ബേസിൽ നിന്ന്‌ വിമാനം പറന്നുയർന്നത്‌. 08:45 മണിക്ക്‌ ചെന്നൈ വിമാനത്താവളവുമായി റേഡിയോ ബന്ധം പുലർത്തിയിരുന്നു, 8861 എന്ന ഫ്രീക്വൻസിയിൽ. ഏതാണ്ട്‌ 09:15 മണിയോടെ അടുത്ത സന്ദേശം എത്തേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. ഏറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നിരുന്ന വിമാനം അതിനുമുമ്പ്‌ തന്നെ പൊടുന്നനെ റഡാറിൽ നിന്ന്‌ അപ്രത്യക്ഷമാവുകയായിരുന്നു. 

വിമാനത്തിന്‌ എന്തെങ്കിലും അപകടം സംഭവിച്ചാൽ, വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ടാൽ, വിമാനം ആരെങ്കിലും റാഞ്ചിയാൽ ഒക്കെ ഒരു ബട്ടൻ ഉപയോഗത്തിലൂടെ അടുത്ത വിമാനനിലയത്തിൽ അറിയിക്കാനുള്ള സംവിധാനം വിമാനത്തിലുണ്ട്‌. ഇവിടെ അതുപോലും ഉണ്ടായിട്ടില്ല. വിമാനം അപകടത്തിലാണെന്ന്‌ മനസ്സിലാക്കാൻ പോലും പൈലറ്റിന്‌ സാധിച്ചില്ലെന്ന്‌ വേണം കരുതാൻ. 

ഒരുവർഷം മുമ്പ്‌ ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്‌. 2015 ജൂൺ മാസത്തിന്റെ ആദ്യത്തിലാണ്‌ കോസ്റ്റ്‌ ഗാർഡിന്റെ 791 ഡോർണിയർ വിമാനം പോണ്ടിച്ചേരിക്കടുത്ത്‌ കടലിൽ വീണത്‌. അന്നും വിമാനത്തിന്റെ അവസാനത്തെ സന്ദേശം സ്വീകരിച്ചത്‌ ചെന്നൈയിലെ റേഡിയോ കമ്യൂണിക്കേഷൻ വിഭാഗത്തിലായിരുന്നു. ഇതേ ഫ്രീക്വൻസിയിൽ. കടലിൽ പെട്രോളിംഗ്‌ നടത്തിക്കൊണ്ടിരിക്കെ അപകടം സംഭവിക്കുകയായിരുന്നു. ഓരോ അര മണിക്കൂറിലും ചെന്നൈ റേഡിയോ കമ്യൂണിക്കേഷൻ വിഭാഗത്തിൽ സന്ദേശം കൊടുക്കേണ്ടതുണ്ടായിരുന്നു. ഒരു സന്ദേശം കൊടുത്ത്‌ അര മണിക്കൂറിനകത്ത്‌ വിമാനം തകർന്നു. അന്ന്‌ ഹോസ്റ്റ്‌ ഗാർഡിനെ സഹായിക്കാൻ ചെന്നൈ വിമാനത്താവളത്തിലെ കമ്യൂണിക്കേഷൻ വിഭാഗത്തിൽ നിന്നുള്ള ടീമിൽ ഞാനുമുണ്ടായിരുന്നു. 

വ്യോമയാന രംഗത്ത്‌ അപകടം സംഭവിച്ചാൽ അത്‌ അറിയിക്കാനും അങ്ങനെ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച്‌ വിമാനത്താവളങ്ങളിലെ വാർത്താവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കാനും കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട്‌. അപകടത്തിൽ പെടുന്ന വിമാനം അപ്പോൾ വാർത്താവിനിമയബന്ധത്തിലുള്ള വിമാനത്താവളത്തിലേക്ക്‌ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഫ്രീക്വൻസിയിൽ അപകടസൂചനയായി ‘മെയ്‌ ഡെ; മെയ്‌ ഡെ; മെയ്‌ ഡെ’ എന്ന കോഡും തുടർന്ന്‌ വിമാനത്തിന്റെ നമ്പറും അറിയിക്കണം. ഈ കോഡ്‌ കേട്ടാൽ ബന്ധത്തിലുള്ള വിമാനനിലയം വിമാനം അപകടത്തിലാണെന്ന്‌ മനസ്സിലാക്കി കടുത്ത ജാഗ്രതയിലാവുന്നു. തുടർന്ന്‌ വിമാനത്തിന്റെ സ്ഥാനം, ഉയരം, അപകടത്തിന്റെ സ്വഭാവം, എന്തുചെയ്യാൻ പോകുന്നു എന്ന കാര്യത്തിൽ പൈലറ്റിന്റെ  ഉദ്ദേശം ഒക്കെ അടങ്ങുന്ന സന്ദേശം വിമാനത്തിൽ നിന്ന്‌ സ്വീകരിക്കുന്നു. ഈ സന്ദേശം ഉത്തരവാദിത്വപ്പെട്ട എല്ലാ വിഭാഗങ്ങളിലേക്കും അയക്കുന്നു. അവർ ഏത്‌ അത്യാഹിതവും നേരിടാൻ സ്വയം സജ്ജരാകുന്നു. 

അതോടൊപ്പം  അപകടത്തിൽ പെട്ട വിമാനവുമായിട്ടുള്ള സുഗമമായ വാർത്താവി
നിമയത്തിന്‌ സഹായിക്കാൻ ആ ഫ്രീക്വൻസിയിലുള്ള മറ്റ്‌ വിമാനത്താവളങ്ങൾക്കും, വിമാനങ്ങൾക്കും വിനിമയ നിരോധനം ഏർപ്പെടുത്തുന്നു. അതനുസരിച്ച്‌ മറ്റ്‌ വിമാനങ്ങളും വിമാനത്താവളങ്ങളും ആ ഫ്രീക്വൻസി വിട്ട്‌ പകരമുള്ള മറ്റ്‌ ഫ്രീക്വൻസിയിലേക്ക്‌ മാറുന്നു. അപ്പോൾ ഈ ഫ്രീക്വൻസിയിൽ അപകടത്തിൽ പെട്ട വിമാനവും ബന്ധപ്പെടുന്ന വിമാനത്താവളവും മാത്രം. അപകടനില തരണം ചെയ്യുന്നതുവരെ ഈ നില തുടരുന്നു.

പറക്കലിനിടെ അപകടത്തിൽ പെടുന്ന വിമാനങ്ങൾക്ക്‌ ഈ രീതിയിലുള്ള വാർത്താവിനിമയം  സാദ്ധ്യമാകുന്ന അവസരങ്ങൾ വളരെ വിരളമാണ്‌. എഞ്ചിൻ പ്രവർത്തനക്ഷമമല്ലാതായാൽ തകർന്ന്‌ വീഴുക എന്നതേ സാദ്ധ്യതയുള്ളൂ. നാല്‌ എഞ്ചിനുകളുള്ള വലിയ വിമാനങ്ങൾ, ഒന്നോ രണ്ടോ എഞ്ചിൻ പ്രവർത്തനം നിലച്ചുപോയാലും ചിലപ്പോൾ രക്ഷപ്പെടും. രണ്ട്‌ എഞ്ചിനുകളുള്ള വിമാനങ്ങൾ അപൂർവമായി ഒരു എഞ്ചിന്റെ സഹായത്തോടെ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ ലാന്റ്‌ ചെയ്ത ചരിത്രമുണ്ട്‌. തികച്ചും അവിശ്വസനീയമായി പ്രവർത്തനം നിലച്ച എഞ്ചിൻ വീണ്ടും പ്രവർത്തനക്ഷമമായി നിയന്ത്രണം തിരിച്ചുകിട്ടി അപകടത്തിൽ നിന്ന്‌ രക്ഷപ്പെട്ട അനുഭവവുമുണ്ട്‌.

കുറച്ചു വർഷങ്ങൾക്കുമുമ്പ്‌ ശ്രീലങ്കയിലെ കോളംബോ വിമാനത്താവളത്തിൽ നിന്ന്‌ യാംഗൂണിലെക്ക്‌ പറക്കുകയായിരുന്നു, ഹോങ്കോങ്ങ്‌ കാത്തേ പസിഫിക്‌ കമ്പനിയുടെ സി.പി.എ 700 വിമാനം. ബംഗാൾ ഉൾക്കടലിനു മുകളിലൂടെ പോർട്ബ്ലെയർ കടന്നാണ്‌ ഫ്ലൈറ്റിന്റെ റൂട്ട്‌. വിമാനം ചെന്നൈ വിമാനത്താവളവുമായി 11285 എന്ന ഫ്രീക്വൻസിയിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പോർട്ബ്ലെയറിനു മുകളിലെത്തുന്നതിനുമുമ്പ്‌ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. വിമാനം അപ്പോൾ 36,000 അടി ഉയരത്തിലായിരുന്നു, പറന്നിരുന്നത്‌. എഞ്ചിന്റെ കുഴപ്പം മനസ്സിലാക്കിയ പൈലറ്റ്‌ വിമാനം അപകടത്തിലാണെന്ന്‌ പ്രഖ്യാപിച്ചു, അപ്പോൾ ബന്ധപ്പെട്ടിരുന്ന ഫ്രീക്വെൻസിയിൽ ‘മെയ്‌ ഡെ’ സന്ദേശം നല്കി. ചെന്നൈ റേഡിയൊ മറ്റുള്ളവർക്ക്‌ ആ ഫ്രീക്വൻസിയിൽ നിരോധനം ഏർപ്പെടുത്തി. ഇതിനകം വിമാനം 36,000 അടി ഉയരത്തിൽ നിന്ന്‌ താഴേക്ക്‌ പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിറയെ യാത്രക്കാരുമായി പറന്നിരുന്ന വിമാനം ഒരു വലിയ അപകടം മുന്നിൽ കണ്ടു. മനസ്സാന്നിദ്ധ്യം വിടാത്ത പൈലറ്റ്‌ എഞ്ചിൻ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. കുറച്ചു മിനുട്ടുകൾക്കുള്ളിൽ പൈലറ്റിന്റെ ശ്രമം വിജയം കണ്ടു. കടലിൽ പതിക്കുന്നതിനു തൊട്ട്‌ മുമ്പായി വിമാനത്തിന്റെ എഞ്ചിൻ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. പൈലറ്റ്‌ വീണ്ടും പറന്നുയർന്നു, മുഴുവൻ പ്രവർത്തനക്ഷമല്ലാത്ത എഞ്ചിനുമായി യംഗൂണിലേക്ക്‌ പറന്നു. 

അന്ന്‌ ആ ഫ്രീക്വൻസിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്‌ ഞാനായിരുന്നില്ലെങ്കിലും, എന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിട്ട്‌ സാക്ഷിയാകേണ്ടി വന്ന വിമാനാപകട  അനുഭവമായിരുന്നു, അത്‌. ഇതുപോലെ അപകടം കുറഞ്ഞ അടിയന്തര ഘട്ടത്തിൽ പൈലറ്റ്‌ വിമാനത്താവളങ്ങളെ ബന്ധപ്പെടുന്ന വേറൊരു കോഡാണ്‌, ‘പാൻ പാൻ’. ഈ കോഡ്‌ മൂന്നുതവണ ആവർത്തിച്ചതിനുശേഷം വിമാനത്തിന്റെ നമ്പർ പറയണം. ആരുടേയെങ്കിലും രോഗവുമായി ബന്ധപ്പെട്ടതാണ്‌ അടിയന്തര അവസ്ഥയെങ്കിൽ കോഡ്‌ ‘പാൻ പാൻ മെഡിക്കൽ’ എന്നായിരിക്കും. ഇത്‌ മിക്കപ്പോഴും ഫ്ലൈറ്റിനുള്ളിലെ ഏതെങ്കിലും ഒരു യാത്രക്കാരന്‌ തീവ്രമായ അസുഖം പിടിപെട്ട്‌ അടിയന്തരമായി നിലത്തിറങ്ങേണ്ടി വരുന്ന ഘട്ടത്തിലാണ്‌, ഉപയോഗിക്കാറ്‌. മറ്റ്‌ സന്ദേശങ്ങൾക്കുമേൽ പ്രാധാന്യം ഇവയ്ക്കുണ്ടെങ്കിലും ഫ്രീക്വൻസിയിൽ വാർത്താവിനിമയത്തിന്‌ നിരോധം ഉണ്ടാകാറില്ല, അപകട കാര്യത്തിലെന്ന പോലെ. 

ഇത്തരം കാര്യങ്ങളൊന്നും എ.എഫ്‌330 വിമാനത്തിന്റെ കാര്യത്തിൽ ഉണ്ടായില്ല. അപകടത്തെപ്പറ്റി ഒരു സൂചന പോലും നല്കാൻ പൈലറ്റിനായില്ലെന്ന്‌ വേണം കരുതാൻ. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്‌. കഴിഞ്ഞ വർഷമുണ്ടായ കോസ്റ്റ്‌ ഗാർഡ്‌ ഡോർണിയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഒരുമാസത്തിനുശേഷമാണ്‌ കണ്ടെത്താനായത്‌. 2014-ൽ കാണാതായ മലേഷ്യൻ എം.എച്‌370 ഫ്ലൈറ്റിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല, തുവരെ. 

കുറച്ചുമിനുട്ടുകൾക്കുമുമ്പുവരെ താനുമായി ബന്ധപ്പെട്ടിരുന്ന ഒരു വിമാനം അതിലെ യാത്രക്കാരേയും കൊണ്ട്‌ എന്നേന്നേക്കുമായി അപ്രത്യക്ഷമാവുമ്പോൾ അത്‌ ആ ഉദ്യോഗസ്ഥനിലുണ്ടാക്കുന്ന മാനസിക വ്യഥ ചെറുതല്ല. ഓരൊ വിമാന അപകടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ഇത്തരം തീവ്ര വ്യഥകൾ നിലനിർത്തിക്കൊണ്ടാണ്‌ വിസ്മൃതിയിലേക്ക്‌ മറയുന്നത്‌.


Tuesday, September 13, 2016

മലയാളികളായ നാം

മലയാളിയുടെ പൊതു ബോധത്തെ നോക്കി കൊഞ്ഞനം കുത്തുന്ന രണ്ട്‌ കാര്യങ്ങൾ ഈയടുത്ത ദിവസങ്ങളിൽ സംഭവിച്ചു. ഒന്ന്‌ കോടതിയുടെ ഭാഗത്തുനിന്നാണെങ്കിൽ മറ്റൊന്ന്‌ ഇന്ത്യയുടെ ഭാവിയെ മാത്രമല്ല ഭൂതകാലത്തേയും മാറ്റിയെഴുതാൻ തുനിഞ്ഞിറങ്ങിയ രാഷ്ട്രീയ ശക്തിയുടെ ഭാഗത്തുനിന്നാണ്‌ ഉണ്ടായത്‌. 

*******
സൗമ്യ വധം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. കേരളത്തിലെ പൊതുവികാരം മുഴുവൻ ആ പാവപ്പെട്ട പെൺകുട്ടിക്ക്‌ സംഭവിച്ച ദുരന്തത്തിൽ തേങ്ങി. ജ്യോതി സിംഗ്‌ എന്ന പെൺകുട്ടിയ്ക്ക്‌ ദില്ലിയിൽ ഏറെക്കുറെ സമാനമായ ഒരു അന്ത്യമുണ്ടായപ്പോൾ ഇന്ത്യ മുഴുവൻ തേങ്ങിയ പോലെ. ദില്ലിയിൽ സംഭവിച്ചതുപോലെ ഒരു പ്രതികരണം സൗമ്യ വധത്തിനുടായില്ലെങ്കിൽ അതിന്‌ കാരണം മലയാളിയുടെ മനശ്ശാസ്ത്രത്തിലെ അന്തരം മാത്രമാണ്‌. 
സൗമ്യ വധം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. കേരളത്തിലെ പൊതുവികാരം മുഴുവൻ ആ പാവപ്പെട്ട പെൺകുട്ടിക്ക്‌ സംഭവിച്ച ദുരന്തത്തിൽ തേങ്ങി. ജ്യോതി സിംഗ്‌ എന്ന പെൺകുട്ടിയ്ക്ക്‌ ദില്ലിയിൽ ഏറെക്കുറെ സമാനമായ ഒരു അന്ത്യമുണ്ടായപ്പോൾ ഇന്ത്യ മുഴുവൻ തേങ്ങിയ പോലെ. ദില്ലിയിൽ സംഭവിച്ചതുപോലെ ഒരു പ്രതികരണം സൗമ്യ വധത്തിനുടായില്ലെങ്കിൽ അതിന്‌ കാരണം മലയാളിയുടെ മനശ്ശാസ്ത്രത്തിലെ അന്തരം മാത്രമാണ്‌. 

ഗോവിന്ദച്ചാമി എന്ന ഒറ്റക്കൈയ്യൻ ഒരു പക്ഷേ സമീപകാലത്ത്‌ മലയാളി കണ്ട ഏറ്റവും വലിയ ക്രൂരനായ കൊലയാളിയായ്‌ മലയാളി മനസ്സിൽ ഇടം നേടി. തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റാന്റിലുമൊക്കെ ഒറ്റക്കൈയ്യൻ കൊലയാളിയെ മലയാളി കണ്ണുകൾ ഭീതിയോടെ പരതി. ഭിക്ഷക്കാരെ നമ്മൾ അതുവരെ കാണാത്ത കണ്ണുകളോടെ നോക്കിത്തുടങ്ങി. 

കേസന്വേഷണം കാര്യമായ ഇടപെടലൊന്നുമില്ലാതെ മുന്നോട്ട്‌ നീങ്ങി എന്ന തോന്നലാണുണ്ടാക്കിയത്‌. തമിഴ്‌ നാട്ടുകാരനായ ഒരു ഭിക്ഷക്കാരന്‌ കേരളാപോലീസിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തിന്‌  പരിദിഹി ഉണ്ടാവുമല്ലോ.സർക്കാർ സൗജന്യമായി ഏല്പ്പിച്ചു കൊടുക്കുന്ന വക്കീൽ ആണ്‌ ഈ കേസിൽ പ്രതിക്കുവേണ്ടി ഉണ്ടാവേണ്ടിയിരുന്നത്‌. എന്നാൽ ഒരവതാരം പോലെ ഒരു വക്കീൽ കേരളത്തിനുപുറത്തുനിന്ന്‌ പ്രത്യക്ഷപ്പെടുകയാണുണ്ടായത്‌. ഹൈക്കോടതിയിൽ പ്രതിക്ക്‌ കിട്ടിയത്‌ ഏറ്റവും  വലിയ ശിക്ഷ തന്നെ. വന്നത്‌ അവതാരമല്ല പ്രശസ്തി കൊതിച്ച്‌ ആളാവാൻ വന്നവൻ മാത്രമാണ്‌ ആളൂർ എന്ന്‌ നമ്മൾ വിധിച്ചു. ഇപ്പോഴിതാ സുപ്രീം കോടതിയിൽ നിന്ന്‌ കേരളത്തിന്റെ പൊതുസമൂഹത്തിന്റെ നേരെ വലിയൊരു ചോദ്യചിഹ്നമായി പരാമർശങ്ങൾ വന്നിരിക്കുന്നു. ആളൂർ വെറും ആളല്ല എന്ന്‌ നമ്മൾ മനസ്സിലാക്കുന്നു. ഗൊവിന്ദച്ചാമി വെറും ഒറ്റക്കൈയൻ ഭിക്ഷക്കാരനല്ല എന്നും ഇപ്പോൾ നമ്മളറിയുന്നു. 

നടന്നത്‌ രാത്രിയിലാണെങ്കിലും പകൽ വെളിച്ചത്തിലെന്ന പോലെ തേളിച്ചമുള്ള  ഒരു കേസായിരുന്നു, സൗമ്യ വധക്കേസ്‌. പ്രതി കുറ്റം സമ്മതിച്ചെന്നും പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ കോടതി ചോദിച്ചിരിക്കുന്നു, പ്രതി കുറ്റം ചെയ്തതിന്‌ തെളിവെവിടെയെന്ന്‌. പ്രതി ബലാൽസംഗം ചെയ്തതായി തെളിഞ്ഞിട്ടുമുണ്ട്‌. ജീവനുള്ള മനുഷ്യരേക്കാൾ അവരുടെ ജീവൻ കൊണ്ട്‌ കൊടുക്കുന്ന തെളിവുകളേക്കാൾ മുന്നിലിരിക്കുന്ന കടലാസിനെയാണോ കോടതി പരിഗണിക്കേണ്ടത്‌ എന്ന കാതലായ ചോദ്യതന്നെയാണ്‌ ഈ കേസ്‌ ഉയർത്തുന്നത്‌.

********

ഓണം മലയാളിയുടെ ഏറ്റവും ജനകീയമായ, ജനസ്സമതിയുള്ള ആഘോഷമാണ്‌. ഇതര മതങ്ങളിലെ തീവ്രവിശ്വാസികൾ ഒഴികെ എല്ലാവരും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്‌. കേരളത്തിനു പുറത്ത്‌ വിവിധ സംഘടനകളുടെ ഓണാഘോഷങ്ങൾ ഓണത്തിനു വളരെ മുമ്പേ തുടങ്ങി ഓണം കഴിഞ്ഞ്‌ മാസങ്ങൾക്കുശേഷവും തുടരും. ഞാൻ ഡെ​‍ീയിലായിരുന്നപ്പോൾ ഓണാഘോഷക്കമ്മറ്റിയുടെ പ്രസിഡന്റ്‌ അവിടത്തെ കൃസ്ത്യൻ പള്ളിയിലെ അച്ചനായിരുന്നു. 

മത ചിഹ്നങ്ങൾ ഏറ്റവും കുറഞ്ഞ ആഘോഷമായിട്ടാണ്‌ ഓണം എനിക്ക്‌ അനുഭവപ്പെട്ടിട്ടുള്ളത്‌. ഇതിൽ പൂജകൾ കാര്യമായൊന്നും ഇല്ല. തൃക്കാക്കരയപ്പനെ വെക്കുന്നതുപോലും കേരളത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ ഉണ്ടാവാറുള്ളൂ. ഓണത്തിന്റെ ഐതിഹ്യത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ വില്ലൻ വേഷക്കാരനാണ്‌. മലയാളിയുടെ ജനകീയനായ ഭരണാധികാരിയെ പാതാളത്തിലേക്കയച്ച വില്ലൻ. ഈ ഭരണാധികാരിയാവട്ടേ മനുഷ്യരെല്ലാവരേയും ഒന്നു പോലെ പരിഗണിച്ച, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത, നീതിമാനായ ഭരണാധിപനായിരുന്നു. 

ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ട്‌, മഹാബലി എന്ന രാജാവ്‌ ജീവിച്ചിരുന്നോ, എന്നതൊക്കെ തർക്കവിഷയങ്ങളായിരിക്കും. മഹാബലി പ്രതിനിധാനം ചെയ്തു എന്ന്‌ ഐതിഹ്യം പറയുന്ന കാര്യങ്ങൾ തീർത്തും പ്രസക്തമാണ്‌. ഞാൻ കരുതുന്നത്‌ ഒരു സുന്ദരസ്വപ്നം അതാണ്‌ മഹാബലിയെക്കുറിച്ചുള്ള ഐതിഹ്യം എന്നാണ്‌. ചില സ്വപ്നങ്ങൾ സംഭവിച്ചെങ്കിലെന്ന്‌ എന്ന്‌ ആഗ്രഹിക്കാറില്ലേ. എനിക്ക്‌ ഓണം അത്തരമൊരാഗ്രഹത്തിന്റെ ആഘോഷമാണ്‌. 

മത ചിഹ്നങ്ങൾ ഏറ്റവും കുറഞ്ഞ ആഘോഷമായിട്ടാണ്‌ ഓണം എനിക്ക്‌ അനുഭവപ്പെട്ടിട്ടുള്ളത്‌. ഇതിൽ പൂജകൾ കാര്യമായൊന്നും ഇല്ല. തൃക്കാക്കരയപ്പനെ വെക്കുന്നതുപോലും കേരലത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ ഉണ്ടാവാറുള്ളൂ. ഓണത്തിന്റെ ഐതിഹ്യത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ വില്ലൻ വേഷക്കാരനാണ്‌. മലയാളിയുടെ ജനകീയനായ ഭരണാധികാരിയെ പാതാളത്തിലേക്കയച്ച വില്ലൻ. ഈ ഭരണാധികാരിയാവട്ടേ മനുഷ്യരെല്ലാവരേയും ഒന്നു പോലെ പരിഗണിച്ച, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത, നീതിമാനായ ഭരണാധിപനായിരുന്നു. 

ഈ ഐതിഹ്യത്തിലെ എത്രമാത്രം സത്യമുണ്ട്‌, മഹാബലി എന്ന രാജാവ്‌ ജീവിച്ചിരുന്നോ, എന്നതൊക്കെ തർക്കവിഷയങ്ങളായിരിക്കും. മഹാബലി പ്രതിനിധാനം ചെയ്തു എന്ന്‌ ഐതിഹ്യം പറയുന്ന കാര്യങ്ങൾ തീർത്തും പ്രസക്തമാണ്‌. ഞാൻ കരുതുന്നത്‌ ഒരു സുന്ദരസ്വപ്നം അതാണ്‌ മഹാബലിയെക്കുറിച്ചുള്ള ഐതിഹ്യം എന്നാണ്‌. ചില സ്വപ്നങ്ങൾ സംഭവിച്ചെങ്കിലെന്ന്‌ എന്ന്‌ ആഗ്രഹിക്കാറില്ലേ. എനിക്ക്‌ ഓണം അത്തരമൊരാഗ്രഹത്തിന്റെ ആഘോഷമാണ്‌. 

എന്നാൽ ഇപ്പോൾ ചിലർ പറയുന്നു, ഓണം വാമനജയന്തി ആണെന്ന്‌. വാമനജയന്തി ആണെങ്കിൽ നമ്മൾ മലയാളികൾ എന്ന നിലയിൽ ഓണം ആഘോഷിക്കാൻ പാടില്ല. നമ്മളുടെ സ്വന്തം ഉല്ക്കൃഷ്ടമായ ഒരു സങ്കലപ്പത്തെ ചവിട്ടി അരച്ചവൻ ആണ്‌ വാമനൻ. 

മതപരമായ ബിംബങ്ങൾ നിലനില്ക്കുമ്പോൾ തന്നെ ഇത്തരം ആഘോഷങ്ങൾക്ക്‌ പ്രാദേശികമായ ചില മാനങ്ങൾ കൂടി ഉണ്ട്‌. ഭാരതം നിരവധി ഭാഷകളുള്ള, വ്യത്യസ്ഥമായ കാർഷിക സംസ്കാരമുള്ള, പ്രാദേശികമായ അനവധി ഐതിഹ്യങ്ങളുള്ള രാജ്യമാണ്‌. അതുകൊണ്ടാണ്‌ കേരളത്തിൽ ഓണവും തമിഴ്നാട്ടിൽ പൊങ്കലും മഹാരാഷ്ട്രയിൽ ഗണേശോൽസവവും ഉത്തരേന്ത്യയിൽ ഹോളിയും ഒക്കെ പ്രധാന ആഘോഷങ്ങളാവുന്നത്‌. ഗണേശൊൽസവം കേരളത്തിൽ കൊണ്ടാടാൻ തുടങ്ങുന്നതും ഓണത്തിന്റെ ഐതിഹ്യത്തെ തലകുത്തി നിർത്തി അതിനെ വാമനജയന്തി ആക്കുന്നതും ഒരേ താല്പര്യത്തിന്റെ ഭാഗമാണ്‌. മഹാബലി അസുര ചക്രവർത്തിയായിരുന്നു, എന്നതും അസുരന്മാർ ദേവന്മാരുടെ കാൽ തലയിൽ വാങ്ങിക്കൊണ്ട്‌ അനുഗ്രഹം തേടേണ്ടവാരാണെന്ന ബ്രാഹ്മണീയമായ ഒരു സ്വകാര്യ താല്പ്പര്യം കൂടി ഈ പുതിയ നീക്കത്തിന്റെ പിറകിലുണ്ട്‌. 

മാറിയ കാലാവസ്ഥയിൽ ഇത്‌ പറയാ​‍ൂനുള്ള ധൈര്യം ഇവർക്കുണ്ടാവുന്നു എന്നത്‌ ഭാവി ഒട്ടും ശുഭകരമാവില്ല എന്ന സൂചന തന്നെയാണ്‌ തരുന്നത്‌.

Monday, August 8, 2016

മറക്കാനാകാത്ത അദ്ധ്യാപകൻ

മാവുള്ളതിൽ സുകുമാരൻ എന്നാണ്‌ അദ്ദേഹത്തിന്റെ പേര്‌. മലബാറിലെ കൃസ്തുമത വിശ്വാസികളിൽ പലരും അക്കാലത്ത് ഹിന്ദു പേരുകളിൽ തന്നെ അറിയപ്പെട്ടിരുന്നു. ഭാസ്കരനും കരുണാകരനും ജനാർദനനും ഒക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ പേരുകളിൽ പലതും മഹവിഷ്ണുവിന്റെ പര്യായമാണെന്നത് ആ പേരുകളിൽ അറിയപ്പെടാൻ അവർക്ക് തടസ്സമായിരുന്നില്ല. അക്കൂട്ടത്തിലായിരുന്നു, സുകുമാരൻ മാഷും. 

എന്റെ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസ്സിൽ വരുന്ന പേരും രൂപവുമാണ്‌, മാഷുടെത്. 1969-ലാണ്‌ ഞാൻ ബി. ഇ. എം എൽ. പി. സ്കൂളിൽനിന്ന് ഹൈസ്കൂളിലെത്തുന്നത്.  അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷും കണക്കും മാഷ് പഠിപ്പിച്ചു.എന്നെ കണക്ക് പഠിപ്പിച്ചിരുന്നത് മാഷായിരുന്നു. പഠിപ്പിക്കുന്നത് ഏത് വിഷയമായാലും നന്നായി പഠിക്കണമെന്നത് മറ്റേതൊരു അദ്ധ്യാപകനേയും പോലെ മാഷ്ക്കും നിർബ്ബന്ധമായിരുന്നു. അതിന്‌ വേണ്ടി മാഷ്ക്ക് തന്റേതായൊരു രീതിയുണ്ടായിരുന്നു. മറ്റാർക്കുമില്ലാത്ത രീതി.

ഒരു ദിവസം എടുത്ത പാഠങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ അടുത്ത ക്ലാസ്സിൽ പ്രതീക്ഷിക്കാം. ഉത്തരം പറയാതിരുന്നാൽ കൈയിന്റെ മടക്കിൽ മരസ്കെയിൽ കൊണ്ട് കൊട്ട്, അതാണ്‌ ശിക്ഷ. നന്നായി വേദനിക്കും. പക്ഷേ കുറച്ചുനേരം കഴിഞ്ഞ് വന്ന് അടിച്ച കുട്ടികളെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുമായിരുന്നു. അടിയുടെ വേദന അതോടെ മാറിക്കിട്ടും. തന്റെ വിദ്യാർത്ഥികളോട് മാഷ്ക്കുണ്ടായിരുന്ന കറകളഞ്ഞ സ്നേഹത്തിന്റെ നിദാനമായിരുന്നു, ഈ പ്രവർത്തി. 

മോശമില്ലാതെ പഠിക്കുമായിരുന്ന എന്നോട് മാഷ്ക്ക് പ്രത്യേക വാൽസല്യമുണ്ടായിരുന്നു. അഛൻ മാഷുടെ അടുത്ത സുഹൃത്തായിരുന്നു, എന്നത് കൂടി ഈ വാൽസല്യത്തിന്‌ കാരണമായിരുന്നിരിക്കണം. ക്ലാസ്സിൽ ചോദ്യം ചോദിച്ച് ആരും ഉത്തരം പറയാതെ വരുമ്പോൾ എന്റെ നേരെ തിരിഞ്ഞ് ‘എങ്കിൽ തട്ടാൻ വേലായുധന്റെ മോൻ പറയും’ എന്ന് പറയുമായിരുന്നു. മിക്കാപ്പോഴും ഞാൻ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. ഇത്തരം ഒരു പ്രയോഗം ഇന്നത്തെ സാഹചര്യത്തിൽ നടത്താൻ ഒരു അദ്ധ്യാപകനെന്നല്ല ആർക്കും സാദ്ധ്യമല്ല. എന്നാൽ അന്നതിൽ എനിക്കൊരു കുറവും തോന്നിയിട്ടില്ല. മാഷ് അത് പറഞ്ഞിരുന്നത് തെറ്റായ ഉദ്ദേശത്തോടെയായിരുന്നില്ല. അത് എനിക്കും ബോദ്ധ്യമുണ്ടായിരുന്നു. അല്ലെങ്കിലും ഇന്നത്തെ പോലെ ജാതി ഒരു പ്രശ്നമായിരുന്നില്ല അക്കാലത്ത്. ജാതിക്കെതിരായുള്ള പ്രവർത്തനങ്ങൾ മറ്റൊരു രീതിയിൽ ജാതി ചിന്ത ഊട്ടി​‍ൂറപ്പിക്കാനാണ്‌ സഹായിച്ചത് എന്ന് തോന്നുന്നു.  

കണക്ക് പഠിപ്പിക്കുമ്പോൾ പെരുക്കപ്പട്ടിക മന:പാഠമാക്കുക നിർബ്ബന്ധമായിരുന്നു. കുട്ടികൾ ഏറെ ബുദ്ധിമുട്ടിയിരുന്നതും ഈ കാര്യത്തിൽ തന്നെ. പഠിപ്പിച്ചുകഴിഞ്ഞാൽ എപ്പോൾ ചോദിച്ചാലും പറയാൻ കഴിയുന്ന രീതിയിൽ മന:പാഠമാവണമെന്നതായിരുന്നു, മാഷുടെ ആവശ്യം. എവിടെ വെച്ച് കണ്ടാലും ചോദ്യം വരാം. അത് സ്കൂൾ വരാന്തയിലാവാം, മൈതാനത്താവാം, സ്കൂളിന്‌ പുറത്ത് നിരത്തിലോ അങ്ങാടിയിലോ ഒക്കെ ആവാം. അങ്ങിനെ കണ്ടാൽ ഉടനെ ചോദ്യം വരും, ‘പന്തീരെട്ട് എത്രയാ?’. കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രംഗത്ത് ഇന്ത്യക്കാർ തിളങ്ങിനില്ക്കാൻ ഒരു കാരണം മനക്കണക്കിൽ അവർ പ്രഗല്ഭരാണ്‌ എന്നതാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു.  

ഇതുപോലെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ്ങും അർത്ഥവും മാഷ് എവിടെ വെച്ചും ചോദിക്കുമായിരുന്നു. കുട്ടികൾ മാഷെ ദൂരെ നിന്ന് കണ്ടാൽ തന്നെ മാറിനടക്കും. അന്നത് അലോസരമായി തോന്നിയെങ്കിലും മാഷ് അന്ന് പഠിപ്പിച്ച കാര്യങ്ങൾ ഉള്ളിൽ പതിയാൻ  ഈ നിർബ്ബന്ധബുദ്ധി കാരണമായിട്ടുണ്ടെന്ന് ഇപ്പോൾ അറിയുന്നു.

കുട്ടികളെ ശിക്ഷിക്കുന്നതിൽ ചില തമാശരീതികളും മാഷ്ക്കുണ്ടായിരുന്നു. ചിലപ്പോൾ കൈയിലുള്ള വടി കുട്ടിയുടെ തലയിൽ വെച്ച് തന്റെ മേശയ്ക്കടുത്ത് നിർത്തും. വടി വീണുപോകാതെ അനങ്ങാതെ നില്ക്കണം. ചിലപ്പോൾ ഇങ്ങനെ വടി തലയിൽ വെച്ച് ക്ലാസ്സിൽ നടക്കാൻ പറയും, വടി നിലത്ത് വീണുപോകാതെ. നിലത്ത് വീണാൽ അടി ഉറപ്പ്. കുട്ടികളെ ശിക്ഷിക്കുന്നത് അവരെ നേർവഴി കാണിക്കാനാണെന്ന് മാഷ്ക്ക് അറിയുമായിരുന്നു. രക്ഷിതാക്കൾക്കും ആ  ബോധ്യമുണ്ടായിരുന്നു. ഇന്ന് രണ്ടുകൂട്ടർക്കും ഈ ബോധ്യം കളഞ്ഞുപോയിരിക്കുന്നു, നാട്ടിൻപുറത്തെ മറ്റ് പല നന്മകൾക്കുമൊപ്പം. 

സ്കൂളിനോട് ചേർന്നുള്ള സി.എസ്. ഐ പള്ളിയുടെ വികാരിയുമായിരുന്നു, സുകുമാരൻ മാഷ്. ഫറോക് നല്ലൂർ ഇടവകയുടെ ഉപസഭയായിരുന്നു, പരപ്പനങ്ങാടിയിലേത്. അക്കാലത്ത് സൺഡെ സ്കൂളിൽ എല്ലാ മതത്തിലുള്ള കുട്ടികളും പോവുക പതിവായിരുന്നു. ക്ലാസ്സ് നടത്തിയിരുന്നത് മാഷുടെ നേതൃത്വത്തിലും. 1947-48 കാലഘട്ടത്തിൽ പരപ്പനങ്ങാടിയിലെത്തിയ സുകുമാരൻ മാഷ് ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത് പരപ്പനങ്ങാടിയിൽ. അദ്ദേഹത്തിന്റെ ശ്രീമതി അച്ചാമ്മ ടീച്ചർ ബി.ഇ.എം. എൽ. പി. സ്കൂളിലായിരുന്നു, ജോലി ചെയ്തിരുന്നത്. 

അക്കാലത്ത് ഇന്നത്തെ തിരൂരങ്ങാടി താലൂക്കിലെ തന്നെ ഒരേയൊരു ഹൈസ്കൂളായിരുന്നു, ബി. ഇ. എം. ഹൈസ്കൂൾ. വളരെ ദൂരെ നിന്ന് കുട്ടികൾ കാൽനടയായി വന്ന് പഠിച്ചിരുന്നു. വേങ്ങര ചേറൂർ ഭാഗത്തുനിന്നുള്ള ഒരു ബാലകൃഷ്ണനെ സ്വന്തം വീട്ടിൽ തമസിപ്പിച്ച് പഠിപ്പിച്ചിരുന്നതായി മാഷുടെ മകൻ റെജിനോൾഡ് ഓർമ്മിക്കുന്നു. മനുഷ്യസ്നേഹത്തിന്‌ മതത്തിന്റെ വേലികൾ തടസ്സമാകരുതെന്ന് അദ്ദേഹം വിശ്വസിച്ചിരിക്കണം.

നാല്പ്പതിൽ കൂടുതൽ വർഷങ്ങൾക്കുശേഷവും സ്കൂൾ ജീവിതത്തെക്കുറിച്ചോർക്കുമ്പോഴെല്ലാം മാഷും മനസ്സിൽ കയറി വരുന്നു.

  

Thursday, July 21, 2016

ചക്രങ്ങൾ ഘടിപ്പിച്ച ഞാനെന്ന ഭാവം

നമ്മുടെ നാട്ടിൽ ഏറ്റവും അധികം ആളുകൾക്ക്‌ ജീവൻ നഷ്ടപ്പെടുന്നത്‌ നമ്മുടെ നിരത്തുകളിലാണ്‌. ഇതിൽ തന്നെ ദേശീയ ശരാശരിയിൽ കൂടുതലാണ്‌ കേരളത്തിന്റേത്‌. കേരളത്തിൽ ഏറ്റവും കൂടുതൽ നമ്മുടെ മലപ്പുറം ജില്ലയും. ഈ വിഷയത്തിലെ സ്ഥിതിവിവരക്കണക്കിലേക്ക്‌ ഞാൻ കടക്കുന്നില്ല. ചുറ്റും നോക്കിയാൽ നമ്മുടെ അടുത്ത പരിചയത്തിൽ, അയൽപക്കത്ത്‌, ബന്ധുക്കളിൽ, വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയി  കുറച്ചുപേരെങ്കിലും ഉണ്ടാകും, തീർച്ച. ഇത്‌ ഈ പ്രദേശത്തുള്ള ഓരോ വ്യക്തിയുടെ കാര്യത്തിലും ശരിയാവാനാണ്‌ സാദ്ധ്യത. 

സർക്കാർ തലത്തിൽ, പഞ്ചായത്ത്‌-ജില്ലാ തലത്തിൽ, ഗതാഗത വകുപ്പിന്റേതായി ധാരാളം ശ്രമങ്ങൾ വാഹനാപകടങ്ങൾ കുറയ്ക്കാൻ നടക്കുന്നുണ്ട്‌. എന്നാൽ ഒന്നും ഫലം കാണുന്നില്ല. നേരത്തേ പറഞ്ഞ പോലെ സമൂഹത്തിലെ ഭൂരിഭാഗം പേരും വാഹാനപകടങ്ങളുടെ ഏതെങ്കിലും രീതിയിലുള്ള തിക്തഫലവുമായി ജീവിക്കുന്നവരായിട്ടും എന്തുകൊണ്ടാണ്‌ മേല്പ്പറഞ്ഞ ശ്രമങ്ങൾ ഫലം കാണാതെ പോകുന്നത്‌?

കഴിഞ്ഞദിവസം ഞാൻ കാറോടിച്ച്‌ പോകുമ്പോൾ ഉണ്ടായ ഒരു അനുഭവം പറയാം. അതിരാവിലെ ആയതുകൊണ്ട്‌ റോഡ്‌ ഏറെക്കുറെ വിജനമായിരുന്നു. മുന്നിൽ ഒരു ബൈക്കിൽ ഒരു പുരുഷനും സ്ത്രീയും കുട്ടിയും പോകുന്നുണ്ട്‌. ഇയാൾ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി വണ്ടി ഓടിക്കുകയാണ്‌. എപ്പോഴോ ഇട്ട വലതുവശത്തേക്കുള്ള ഇൻഡികേറ്റർ ഓഫ്‌ ചെയ്യാൻ മറന്നുപോയിരിക്കുന്നു. എനിക്ക്‌ കടന്നുപോകുവാൻ അയാൾ ഇത്തിരി ഇടത്തോട്ട്‌ മാറിയാൽ മതി. ഞാൻ ഹോൺ കൊടുത്തിട്ടും അയാൾ മാറിത്തരുന്നില്ല. ഒടുവിൽ പറ്റിയ ഒരിടത്ത്‌ ഞാൻ അയാളെ കടന്ന്‌ മുന്നോട്ട്‌ പോകാൻ ശ്രമിച്ചു. പെട്ടെന്ന്‌ വേറൊരു ബൈക്ക്‌ എതിർദിയശയിൽ നിന്ന്‌ വന്നതുകാരണം ഞാൻ ശ്രമമുപേക്ഷിച്ചു. പെട്ടെന്ന്‌ ഇയാൾ  എന്റെ മുന്നിൽ കടന്ന്‌ വണ്ടി നിർത്തി എന്നെ തെറി വിളിക്കാൻ തുടങ്ങി. പലതവണ ഞാൻ ‘പൊളിക്കും’, ‘കത്തിക്കും’ എന്നിങ്ങനെ കേട്ടാലറയ്ക്കുന്ന പച്ചത്തെറിയുടെ അകമ്പടിയോടെ അയാൾ ആവർത്തിച്ചു. തനിക്കിഷ്ടമില്ലാത്തത്‌ ചെയ്യുന്നവനെ ഏത്‌ നിമിഷവും കൊല്ലാനും കത്തിക്കാനും തയ്യാറായി നിരവധി പേർ നമ്മുടെ ഇടയിൽ ഉണ്ടെന്ന്‌ എനിക്ക്‌ തോന്നിയത്‌ അപ്പോഴാണ്‌. എന്റെ ഭാഗത്തുനിന്ന്‌ ഒരു തരത്തിലുമുള്ള പ്രകോപനമുണ്ടാകാതിരുന്നതിനാൽ കൂടുതലൊന്നും സംഭവിച്ചില്ല. ഇതിനടുത്ത ദിവസമാണ്‌ ഒരു കൂട്ടമാളുകൾ കോട്ടക്കൽ ഉള്ള മാതൃഭൂമി ഓഫീസ്‌ അടിച്ചു തകർത്തത്‌. 

അയാളെ പ്രകോപിപ്പിച്ചതെന്തായിരിക്കും? എന്റെ വണ്ടി അയാളുടെ വണ്ടിയെ ഒന്ന്‌ സ്പർശിക്കുകപോലുമുണ്ടായിട്ടില്ല. എന്തിന്‌ സാമാന്യം നല്ല അകലം വിട്ടിട്ടു തന്നെയാണ്‌, ഞാൻ അയാളെ കടന്നുപോകാൻ ശ്രമിച്ചത്‌. എന്റെ വണ്ടി പുതിയതായതുകൊണ്ട്‌ അതിന്മേൽ ഒരു ഉരസൽ പോലും ഉണ്ടാകരുതെന്നുള്ള സ്വാർത്ഥതയുമുണ്ട്‌. എനിക്ക്‌ സൈഡ്‌ തരാതെ ഓടിക്കാൻ ശ്രമിച്ച അയാളുടെ ഈഗോ വ്രണപ്പെട്ടു എന്നതു തന്നെയാകണം കാരണം എന്ന്‌ ഞാൻ കരുതുന്നു. 

നിരത്തിൽ, വാഹനമോടിക്കുമ്പോഴും നടക്കുമ്പോൾ പോലും ഒരിക്കലുംകടന്നുവരാൻ പാടില്ലാത്ത ഒന്നണ്‌ ഞാനോ നീയോ എന്ന ഭാവം. എന്നാൽ ചക്രങ്ങൾ ഘടിപ്പിച്ച ഞാനെന്ന ഭാവമാണ്‌ നമ്മുടെ നാട്ടിലെ നിരത്തുകളെ ഭരിക്കുന്നത്‌. നീ അങ്ങനെ വലിയവനാകണ്ട എന്നതാണ്‌ പൊതുഭാവം. നടക്കുന്നവൻ ബൈക്കോടിക്കുന്നവനേയും ബൈക്കോടിക്കുന്നവൻ കാറോടിക്കുന്നവനേയും കാറോടിക്കുന്നവൻ ഹെവി വാഹനങ്ങളോടിക്കുന്നവനേയും നോക്കുന്നത്‌ ഇതേ ഭാവത്തോടെ തന്നെ.

പിന്നിൽ വരുന്ന വാഹത്തിന്‌ ഇടം കൊടുക്കുന്നത്‌ ഒരു പോരായ്മയായി മിക്കപേരും കാണുന്നു. ചെറിയ നിരത്തുകളിൽ നിന്ന്‌ കയറിവരുന്നവർ നിരത്തിലേക്ക്‌ ഒന്ന്‌ കയറ്റിയേ നിർത്തൂ (നീ വേഗത കുറച്ച്‌ എന്നെ ബഹുമാനിച്ച്‌ പോയാൽ മതി എന്നാണതിന്റെ അർത്ഥം). അതിനു ശേഷമാണ്‌ ഇടതും വലതും നോക്കുന്നത്‌. റോഡിൽനിന്ന്‌ പെട്ടെന്ന്‌ വാഹനം തിരിക്കുമ്പോഴും ഇതേ പ്രവണത തന്നെ. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുമാണ്‌ ഇക്കാര്യത്തിൽ മുമ്പിൽ. ഇടതുവശത്തുകൂടി മറികടക്കുന്നത്‌ ഒരു നിയമം തന്നെ ആയിട്ടുണ്ട്‌. വളരെ ഇടമില്ലാത്ത അവസരത്തിലും നമ്മൾ ഇടത്തോട്ട്‌ പോകാൻ ഇൻഡികേറ്ററിട്ട്‌ നില്ക്കുമ്പോഴും പെട്ടെന്ന്‌ ഒരു സൂചനയുമില്ലാതെ ഒരുവൻ ഇടത്തുനിന്ന്‌ കയറിവന്ന് ശരം വിട്ടപോലെ പോകും. ഇൻഡികേറ്റർ ഇട്ട്‌ അണയ്ക്കാൻ മറന്ന്‌ വണ്ടി ഓടിക്കുന്നത്‌ വളരെ സാധാരണം. രാത്രിയായാൽ ഹെഡ്ലൈറ്റ്‌ ഡിം ചെയ്യുക എന്നൊരു രീതി ഇല്ല എന്ന്‌ തന്നെ പറയാം. നമ്മൾ ഡിം ചെയ്ത്‌ കാണിച്ചുകൊടുത്താലും ഒരു കാര്യവുമില്ല. ഇത്തരം പ്രവർത്തികൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ധാരണയില്ലായ്മയല്ല കാരണം. സ്വയം വണ്ടി ഓടിക്കാത്തവരായി നമ്മുടെ നാട്ടിൽ എത്ര ശതമാനം പേരുണ്ട്‌?  

ബസ്സുകൾ നിർത്തുന്നതും മറ്റ്‌ വാഹനങ്ങൾക്ക്‌ കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാൺ. ഒരു ബസ്സ്‌ നിർത്തിയിട്ടിരിക്കുമ്പോൾ എതിർദിശയിൽ നിന്ന്‌ വരുന്ന ബസ്‌ അതിന്റെ നേരെ റോഡ്‌ മുഴുവൻ അടച്ചുകൊണ്ട്‌ നിർത്തുന്നത്‌ പതിവാണ്‌. രണ്ടുവശത്തും വാഹനങ്ങളുടെ നിര തന്നെ രൂപപ്പെടുന്നു. ബസ്സുകളുടെ മൽസര ഓട്ടം കളക്ഷൻ കിട്ടാനല്ല ഒരിക്കലും. ഈ പാച്ചിലിൽ സ്റ്റോപ്പിൽ നില്ക്കുന്ന യാത്രക്കാർ തന്നെയാണ്‌ ഇരകൾ. മുന്നിലുള്ളവനെ മറികടക്കാനുള്ള പാച്ചിലിൽ സ്റ്റോപ്പിലെ യാത്രക്കാരെ അവർ മറന്നേ പോകുന്നു. സ്റ്റോപ്പിൽ നിർത്തിയിരിക്കുന്ന ഒരു ബസ്സിന്റെ പിന്നിൽ മറ്റൊന്ന് വന്നാൽ അതേ സ്റ്റോപ്പിൽ നിർത്താനുള്ളതാണെങ്കിൽ പോലും മുന്നിലുള്ളതിനെ മറികടന്നെ അത് നിർത്തൂ. അങ്ങിനെയും ഒന്നിനെ മറികടന്ന് ജയിച്ചതിന്റെ സുഖം അറിയാൻ മാത്രമല്ലാതെ മറ്റൊരു കാരണം അതിനില്ല. മറ്റുള്ളവർക്ക്‌ തന്നാലാവുന്നവിധം ബുദ്ധിമുട്ടുകളുണ്ടാക്കിക്കൊള്ളാം എന്ന്‌ ശപഥം എടുത്തിട്ടാണ്‌ മിക്ക ഡ്രൈവർമാരും രാവിലെ ഇറങ്ങുന്നത്‌ എന്ന്‌ തോന്നിപ്പോയിട്ടുണ്ട്‌.

റോഡിലെ വളവുകളിൽ ഹോൺ അടിക്കുക എന്നത്‌ സംഭവിക്കുന്നതേ ഇല്ല. നമ്മൾ ഹോൺ കൊടുത്താലും അതിൻ മറുപടിയായി ഹോൺ അടിക്കുന്നതുപോലും അപൂർവം. ട്രാഫിക്‌ സിഗ്നലിൽ മുന്നിൽ നില്ക്കുന്ന വഹനങ്ങളെ ശല്യപ്പെടുത്താൻ മാത്രമാണ്‌ മിക്കവരും ഹോൺ ഉപയോഗിക്കുന്നത്‌. 

റോഡ്‌ നിയമങ്ങൾ പാലിക്കാതെ വണ്ടി ഓടിക്കുന്നതിൽ ഭൂരിഭാഗവും ഇരുചക്ര മുച്ചക്ര വാഹനങ്ങളാണ്‌. എന്നെ ഇടിക്കേണ്ടെങ്കിൽ നിങ്ങൾ ബ്രെയ്ക്‌ ചെയ്തൊ എന്ന മനോഭാവത്തിലാണ്‌ പലരും വണ്ടി ഓടിക്കുന്നത്‌ എന്ന്‌ തോന്നിയിട്ടുണ്ട്‌. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഉൾപ്പെട്ടിട്ടുള്ള അപകടം ഉണ്ടായാൽ നൂറ്‌ ശതമാനം തെറ്റ്‌ അവരുടെ ഭാഗത്തായാലും അടികൊള്ളുന്നത്‌ വലിയ വാഹമോടിക്കുന്നവനായിരിക്കും. അപ്പോൾ സോഷ്യലിസ്റ്റ്‌ ചിന്ത കയറിവരും. ഇരുചക്ര മുച്ചക്ര വാഹനമോടിക്കുന്നവൻ പാവവും വലിയ വണ്ടി ഓടിക്കുന്നവൻ ബൂർഷ്വാ മൂരാച്ചിയുമാവും. 

പൊതുവേ പറയാറുണ്ട്‌ മലയാളികൾ അവൻ കമ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും മുസ്ലീം ലീഗായാലും ബി. ജെ. പി ആയാലും ഉള്ളിൽ ഒരു വിപ്ലവകാരിയുണ്ട്‌ എന്ന്‌. വിപ്ലവകാരിയുടെ പ്രാഥമികമായ ആയുധം നിഷേധമാണ്‌. നിയമങ്ങൾ അനുസരിച്ചാൽ ഉള്ളിലെ വിപ്ലവകാരിയ്ക്ക്‌ കുറച്ചിലല്ലേ...  ഈ നിഷേധത്തിന്‌ അവർ തെരഞ്ഞെടുക്കുന്നത്‌ നമ്മുടെ നിരത്തുകളാകുന്നതാണ്‌ സങ്കടം.

നിരത്തുകളിൽ നിന്ന്‌ ഞാനോ നീയോ എന്ന ഭാവം മാറ്റിനിർത്തുമ്പോഴേ അവ സുരക്ഷിതമാവുകയുള്ളൂ എന്ന്‌ എന്റെ തോന്നൽ. അത്‌ സാധിക്കുമോ? ഇല്ലെങ്കിൽ ഇനിയും നമ്മുടെ നിരത്തുകളിൽ ജീവൻ പൊലിഞ്ഞുകൊണ്ടേയിരിക്കും. വീടുകളുടെ, സമൂഹത്തിന്റെ വാഗ്ദാനവും പ്രതീക്ഷയുമായ ജീവനുകൾ.

പിൻ കുറിപ്പ്: ഈയടുത്ത ഒരു ദിവസം പത്രത്തിൽ വായിച്ച ഒരു വാർത്ത നിലമ്പൂർ കരുളായിയിൽ നിരത്തിലെ തർക്കത്തിൽ ഒരു ചെറുപ്പക്കാരന്‌ ജീവൻ നഷ്ടപ്പെട്ടതിനെക്കുറിച്ചാൺ. നിരത്തിലെ നീയോ ഞാനോ ഭാവത്തിന്റെ ഇരയാണ്‌ ഈ ജീവൻ. 


Sunday, July 3, 2016

രാത്രി അവസാനിച്ചു, പക്ഷേ....

വർഷങ്ങൾക്കുമുമ്പ് എം. കൃഷ്ണൺ നായരുടെ സാഹിത്യവാരഫലത്തിൽ നിങ്ങൾ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നായി അദ്ദേഹം പറഞ്ഞ പുസ്തകമായിരുന്നു, എലീ വീസലിന്റെ ‘നൈറ്റ്’. അന്ന് കുറെ ശ്രമിച്ചെങ്കിലും പുസ്തകം കിട്ടിയില്ല. ചെന്നൈയിലും ഒരിക്കൽ ദില്ലിയിൽ പോയപ്പോൾ അവിടെയും ഈ പുസ്തകം തിരക്കി. അന്ന് സ്റ്റോക്കുണ്ടായിരുന്നില്ല. പിനീട് അത് മറന്നു. പിന്നീടെപ്പോഴൊ പുസ്തകം കൈയിൽ വന്നു. പേജുകളുടെ എണ്ണം കൊണ്ട് ചെറിയ പുസ്തകം. എന്നാൽ ഉള്ളടക്കം കൊണ്ട് ഏറെ വലിയത്. 

പേർ സൂചിക്കുന്നതുപോലെ ഏറെ നീണ്ട, ഒരിക്കലും പുലരുമെന്ന് കരുതാൻ സാദ്ധ്യതയില്ലാത്ത രാത്രിയെ കുറിച്ചാൺ പുസ്തകം. ജർമൻ നാസി കോൻസന്റ്രേഷൻ കാമ്പിൽ കുടുംബത്തോടെ അടയ്ക്കപെട്ട എലീ വീസൽ എന്ന കൗമാരക്കാരനായ കുട്ടി, തന്റെ കുടുംബത്തിന്റെ മുഴുവൻ നാശത്തിനുശേഷം രക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ ഓർമ്മയാൺ ഈ പുസ്തകം. പുസ്തകം ആരംഭിക്കുന്നത് നാസികളാൽ പിടിക്കപ്പെടുന്നതിൻ തൊട്ടുമുമ്പ്. അവസാനിക്കുന്നത് അമേരിക്കൻ പട്ടാളത്താൽ ബുച്ചന്വാൽഡ് മോചിപ്പിക്കപ്പെടുമ്പോൾ. രാത്രിക്കു തൊട്ട് മുമ്പ് തുടങ്ങി രാത്രി അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളിലെ ഓർമ്മകൾ.

ഈ പുസ്തകം എഴുതാൻ വേണ്ടി മാത്രമാൺ താൻ അതിജീവിച്ചതെന്ന് പറയുന്നവരോട് വിയോജിക്കുന്നുണ്ട് എലീ വീസൽ. എങ്ങനെ മരിക്കാതെ രക്ഷപ്പെട്ടതെന്ന് അറിയില്ലെന്ന് പറയുന്ന അദ്ദേഹം ഉറപ്പിച്ചു പറയുന്നത് അത് ദൈവത്തിന്റെ അദ്ഭുതപ്രവർത്തി അല്ലെന്നാൺ. ദൈവം എന്നെ രക്ഷിക്കാൻ അദ്ഭുതങ്ങൾ കാണിക്കുമായിരുന്നെങ്കിൽ എന്നേക്കാൾ അർഹരായവർ അവിടെ വേറെയുണ്ടായിരുന്നു, എന്നാൺ അദ്ദേഹം പറയുന്നത്. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ഇത്രയും വലിയ ക്രൂരതകൾ കണ്ടതിനുശേഷം ആർക്കാൺ ദൈവത്തിന്റെ അദ്ഭുതങ്ങളിൽ വിശ്വസിക്കാൻ കഴിയുക!

1986 ൽ സമാധാനത്തിനുള്ള നോബൽ പ്രൈസ് ക്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു. “മനുഷനോട് മനുഷ്യൻ ഇത്രയും വലിയ ക്രൂരത കാണിക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്തു എന്ന ചോദ്യം എന്റെ നേരെ പുതിയ തലമുറ ഉയർത്തുന്നത് ഞാൻ കേൾക്കുന്നു. ഞാൻ ചെയ്യാനുള്ളത് ചെയ്യാൻ ശ്രമിച്ചു. ഓർമ്മകൾ സജീവമാക്കി നിർത്താൻ, മറക്കുന്നവരോട് പോരാടാൻ ഞാൻ ശ്രമിച്ചു. കാരണം മറക്കുക എന്നാൽ നമ്മളും കുറ്റവാളികളാണെന്നാൺ, കുറ്റത്തിൽ പങ്കാളികളെന്നാണർത്ഥം.” 

ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, “സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല, നിസ്സംഗതയാൺ. വിശ്വാസത്തിന്റെ വിപരീതം നാസ്തികതയല്ല, നിസ്സംഗതയാൺ. ജീവന്റെ വിപരീതം മരണമല്ല, ജീവനും മരണത്തിനുകിടയിലുള്ള നിസ്സംഗതയാൺ”. തന്റെ ഭൂതകാലം വരും തലമുറകളുടെ ഭാവിയായി മാറരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച ആ മനുഷ്യസ്നേഹിയുടെ വിയോഗം ‘രാത്രിയുടെ സാമ്രാജ്യം’ മറവിയിൽ മാഞ്ഞ്പോകരുതെന്ന് തന്നെയാൺ നമ്മോട് പറയുന്നത്. നമ്മുടെ കൂടി ‘ഉത്തരവാദിത്വമായി’ ഇത്തരം വിഷയങ്ങളോടുള്ള ‘പ്രതികരണം’ മനസ്സിലാക്കപ്പേടുമ്പോഴാൺ ഭാവി നമ്മളെ തുറിച്ചുനോക്കുന്ന ‘രാത്രി’ ആയി മാറാതിരിക്കുന്നത്.     

Saturday, June 4, 2016

ലോകമെന്ന ബോക്സിംഗ് റിംഗ്ബോക്സിംഗ് ഒരു കായികവിനോദമായിട്ട് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എതിരാളിയുടെ മൂക്കും താടിയും ഇടിച്ചുപരത്തി അതിൻ സമ്മാനം നേടുന്നത് എങ്ങനെ ഒരു കളിയാകും. ഏറ്റവും നന്നായി എതിരാളിയെ ഈടിക്കുന്നവൻ വിജയിക്കുന്നു. എങ്കിലും മുഹമ്മദലി എന്നപേരും ജോ ഫ്രേസറുമായി നടന്ന ലോകത്തെ ഇളക്കിമറിച്ച മൽസരവും അന്ന് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. മുഹമ്മദലി എന്ന കാഷ്യസ് ക്ലേയുടെ ജീവിതവും റിംഗിന്റെ അകത്തും പുറത്തും അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങളും മനസ്സിൽ തറഞ്ഞു.  

തൊണ്ണൂറുകളുടെ മദ്ധ്യത്തിലെപ്പോഴൊ മുഹമ്മദലി ഒരിക്കൽ കോഴിക്കോട് സന്ദർശിച്ചിരുന്നു. ഞാനന്ന് കോഴിക്കോട് വിമാനത്താവളത്തിലായിരുന്നു, ജോലി ചെയ്തിരുനന്ത്. ഔദ്യോഗിക പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ വിമാനത്താവളത്തിലെ വി.ഐ.പി മുറിയിൽ കുറെ നേരം കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിലെ ജീവനക്കാർ ഒരു പാട് പേർ അദ്ദേഹത്തെ കാണാൻ എത്തി. അന്നേ അദ്ദേഹം പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്നു. 

കൈകൾ വിറച്ചുകൊണ്ടിരുന്നു. വർഷങ്ങളോളം എതിരാളികളുടെ മൂക്കും താടിയെല്ലുകളും ഇടിച്ചു പരത്തിയിരുന്ന ആ കൈകൾ മൂക്കത്ത് വന്നിരിക്കുന്ന ഈച്ചയെ ഓടിക്കാൻ കൂടി പാടുപെടുന്നുണ്ടായിരുന്നു. ഞങ്ങളോട് ചിരിച്ചുകൊണ്ട് സംസാരിച്ചു. തുറന്ന് ചിരിച്ചപ്പോഴും ഓർമ്മയിൽ വന്നത് ബോക്സിംഗ് മൽസരങ്ങൾക്കുമുമ്പ് അന്ന് നടക്കാറുണ്ടായിരുന്ന പത്രസമ്മേളനങ്ങളിൽ എതിരാളികളുടെ നേർക്ക് കാണിച്ചിരുന്ന ‘ഗ്രിൻ’ ഇളിച്ചുകാട്ടൽ. അന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചപ്പോഴും കാതിൽ വീണത് യഥാർത്ഥമൽസരത്തിനുമുമ്പേ എതിരാളികളുടെ മനോവീര്യം തകർക്കാൻ പോന്ന അട്ടഹാസങ്ങൾ. 

വിറയ്ക്കുന്ന കൈകൾ കൊണ്ട് ശൂന്യതയിൽ നിന്ന് ഒരു തൂവാല എടുത്തുകൊണ്ട് ഞങ്ങളെ അമ്പരപ്പിക്കാൻ ശ്രമിച്ചു. അതിനുശേഷം തൂവാല എവിടെയാണൊളിപ്പിച്ചു വെച്ചിരുന്നത് എന്ന് കാണിച്ചുകൊണ്ട് മാജിക്കിനുപിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി. തന്റെ വരുതിയിൽ നില്ക്കാത്ത കൈകൾ കൊണ്ട് മറ്റെന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുകയായിരുന്നിരിക്കണം, അദ്ദേഹം ഈ മാജിക്  പ്രദർശനത്തിലൂടെ. 

അദ്ദേഹം മരിക്കുമ്പോൾ ബോക്സിംഗ് രംഗത്തെ ഇതിഹാസം തന്നെയാൺ മറഞ്ഞുപോകുന്നത്. ലോകത്തെ തന്നെ ഒരു ബോക്സിംഗ് റിംഗായി കണ്ട് ജീവിതം കൊണ്ട് പോരാടിയ ഒരാൾ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കുമുമ്പിൽ തലകുനിക്കുന്നു. Thursday, April 28, 2016

ഇത്‌ കൊമ്പന്മാരുടെ കാലമാണ്‌

Leela

നാടിളക്കി കാടിളക്കി മേഞ്ഞ്‌ നടക്കുന്ന ഒരു കൊമ്പനാണ്‌ കുട്ടിയപ്പൻ. പാരമ്പര്യമായിക്കിട്ടിയ അളവറ്റ സ്വത്ത്‌ ഈ കൊമ്പന്റെ വിനോദങ്ങൾക്ക്‌ വിഭവം നല്കുന്നു. പ്രധാന വിനോദം നാട്ടിലും കാട്ടിലുമുള്ള പിടിയാനകളെ തേടി കണ്ടുപിടിക്കുകയും അവരെ അനുഭവിക്കുകയും ചെയ്യുക. തന്റെ ജീവിതം തന്നെ ഇതിനുവേണ്ടിയുള്ളതാണെന്ന്‌ രീതിയിൽ.

തന്റെ മൃഗയാ വിനോദങ്ങൾക്ക്‌ കൂട്ടിന്‌ പോകാൻ സദാ തയ്യാറായി തറവാട്ടിലെ പണ്ടത്തെ കാര്യസ്ഥൻ ഉണ്ട്‌. ഇയാൾ സ്വയം ഒരു ഭർത്താവും പ്രായപൂർത്തിയായ ഒരു മകളുടെ അഛനുമാണെങ്കിലും കുട്ടിയപ്പൻ വിളിച്ചാൽ എല്ലാം വിട്ട്‌ ഓടിയെത്തും. ജോലിക്കാരിയയ പത്നിയുടെ ശകാരമൊന്നും കുട്ടിയപ്പന്റെ വിളിക്കുമുമ്പിൽ ഒന്നുമല്ല. പിടിയാനകളെ കുട്ടിയപ്പന്റെ വിവിധങ്ങളായ രുചികൾക്കൊത്ത്‌ എത്തിച്ചു കൊടുക്കാൻ സദാ ജാഗരൂകനായി ദാസപ്പാപ്പി എന്ന ദല്ലാൾ. 

ഒരു കാര്യം ഒരേ പോലെ ചെയ്തു മടുക്കാതിരിക്കാൻ കുട്ടിയപ്പൻ ചില സർഗ്ഗാത്മക രീതികളൊക്കെ കണ്ടുപിടിക്കും. വലിയ വീട്ടിലെ തന്റെ കിടപ്പുമുറിയൽ രാവിലത്തെ കട്ടൻ ചായ എത്തിക്കാൻ വീടിനുപുറത്തു ഒരു ഏണി വെച്ച്‌ അതിലൂടെ കയറി എത്തണമെന്ന്‌ പ്രായമായ വേലക്കാരിയോട്‌ നിർബ്ബന്ധിക്കുന്നതിന്റെ പൊരുൾ ഇതാണ്‌. എന്നും കോണി കയറി ചായ തരുന്നതിലെന്താണൊരു ത്രില്ല്‌?

ഇങ്ങനെ കണ്ടുപിടിക്കുന്ന വ്യത്യസ്ഥങ്ങളായ രീതികൾ നടപ്പാക്കാൻ എത്ര പണവും ബുദ്ധിമുട്ടും സഹിക്കാൻ ഇയാൾ തയ്യാറാണ്‌. കൂടെ പോകാൻ കാര്യഥൻ നായരും. പുതുതായി കിട്ടുന്ന പിടിയാനകളെ മെരുക്കാനും അപ്പപ്പോൾ ചില താപ്പാനകളേയും കുട്ടിയപ്പൻ ഉപയോഗിക്കും. 

കുട്ടിപ്പാപ്പി ഒരിക്കൽ ഒരു സ്വപ്നം കാണുന്നു. ഈ സ്വപ്നം ഒരു ലഹരിയായി കുട്ടിയപ്പനെ പിടികൂടുന്നു. അതിനുപറ്റിയ ഒരാനയേ തേടി ഇറങ്ങുകയാണ്‌ കുട്ടിയപ്പനും നായരും. ആനയെ എന്തിനാണെന്ന്‌ അവസാനം വരെ കുട്ടിയപ്പൻ ആരോടും പറയുന്നില്ല. ആനയെ തേടി ഇറങ്ങിയ കുട്ടിയപ്പനെ ധാരാളം ആനയെ സംരക്ഷിക്കുന്ന ഒരു വലിയ വീട്ടിൽ പോകുന്നുണ്ട്‌. കാര്യം പറഞ്ഞപ്പോൾ ആന സംരക്ഷകൻ കുട്ടിയപ്പനെ ആട്ടിയിറക്കുന്നുണ്ട്. 

ഒടുവിൽ പറ്റിയ ഒരാന വയനാട്ടിൽ ഒരാളുടെ കൈവശം ഉണ്ടെന്ന് പഴയൊരു പാപ്പാൻ വഴി അറിയുന്നു. വയനാട്ടിലേക്കുള്ള യാത്രയിൽ ഒരു കൂട്ടായി ഒരു പെൺകുട്ടിയെ തേടിയാണ്‌ അടുത്ത യാത്ര. സ്വന്തം അഛനാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു കുട്ടിയുടെ കഥ കേൾക്കുമ്പോൾ കൊമ്പന്‌ വീണ്ടും ത്രില്ലടിക്കുന്നു. ഇതുവരെ അനുഭവിക്കാത്ത ഒന്നിന്റെ ത്രിൽ. അപമാനം ഭയന്ന് നാടുവിട്ട ആ കുടുംബത്തെ തേടി കുറ്റിപ്പുറത്തെത്തുന്നു, അഛനെ പറഞ്ഞ് സമ്മതിപ്പിച്ച് അവരെ കൂടെ കൂട്ടി വയനാട്ടിലേക്ക്. 

വയ്നാട്ടിലെത്തി ആനക്കാരെനെ കണ്ട് പറഞ്ഞ പണം കൊടുത്ത് ആനയെ കണ്ടുപിടിക്കുന്നു. പെൺകുട്ടിയേയും സന്തത സഹ്ചാരിയേയും കൂട്ടി കൊടും കാട്ടിലെത്തുന്നു. തന്റെ സ്വപ്നം നടപ്പാക്കാനെന്ന മട്ടിൽ പെൺകുട്ടിയെ ആനയുടെ മസ്തകത്തിൽ ചേർത്തുനിർത്തി  നെറുകയിൽ ഉമ്മവെച്ചുകൊണ്ട് കുട്ടിയപ്പൻ പറയുന്നു, ഞാൻ ഇവളെ വിവാഹം ചെയ്തിരിക്കുന്നു, എന്ന്. സന്തോഷം പങ്കുവെയ്ക്കാൻ നായരുടെ അടുത്തേക്ക് കുട്ടിയപ്പൻ നീങ്ങിയപ്പോൾ, പുതിയ ഒരു കൊമ്പൻ അവതരിക്കുകയാണ്‌. നിഷ്ക്കളങ്കതയെ നശിപ്പിക്കാൻ.

ഒരു കൊമ്പൻ മെരുങ്ങുമ്പോൾ പുതിയ കൊമ്പന്മാർ ഉണ്ടാകുന്നു. നിഷ്ക്കളങ്കരായ ലീലകൾക്ക് രക്ഷയില്ല എന്നാണ്‌ സിനിമ പറഞ്ഞുവെയ്ക്കുന്നത്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചപ്പോൾ നല്ല വായന ഉണ്ടായ കഥയാണ്‌ ഉണ്ണി. ആർ. എഴുതിയ ലീല എന്ന ചെറുകഥ. ഉണ്ണി. ആർ. തന്നെയാണ്‌ തിർക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. 

ഈ നല്ല ചിത്രത്തിന്റെ എടുത്തുപരയേണ്ടുന്ന ഒരു കാര്യം നടന്മാരുടെ തെരഞ്ഞെടുപ്പാണ്‌. കുട്ടിയയപ്പനായി ബിജു മേനോൻ തിളങ്ങുന്നുണ്ട്. വിജയരാഘവന്റെ മെയ്ക്കപ്പും ശരീരഭാഷയിൽ പ്രത്യേകിച്ച് നടത്തത്തിൽ വരുത്തിയ മാറ്റവും ഒരു വിനീത വിധേയന്റെ ചിത്രം കൃത്യമായി കാണിക്കുന്നു. മധ്യപനായ സ്വന്തം മകളെ ബലാൽസംഗം ചെയ്യുന്ന അഛനിലേക്കുള്ളത് ജഗദീഷിന്റേത് ഒരു പരിണാമം തന്നെയാണ്‌. കൊമ്പന്മാരുടെ സിനിമയിൽ പിടിയാനകൾക്ക് കാര്യമായ പങ്കൊന്നുമില്ല. കാണെണ്ടുന്ന ഒരു സിനിമയാണ്‌ ലീല.  


Thursday, March 31, 2016

ഒരിക്കലും കേൾക്കാത്ത പാട്ട്

പാട്ട് എന്നും എപ്പോഴും കൂടെയുണ്ടായിരുന്നു. ചേച്ചിയും വലിയേട്ടനും നവജീവൻ വായനശാലയുടെ ഗ്രാമീണ റേഡിയോവും പാട്ടിലേക്ക് വലിച്ചടുപ്പിച്ചു. പുതിയ പാട്ട് കേട്ടാൽ അതെങ്ങനെയെങ്കിലും പഠിച്ചെടുക്കുന്നതുവരെ അതു മാത്രമായിരിക്കും ഊണിലും ഉറക്കത്തിലും നടത്തത്തിലും. പാട്ടുകൾ കേൾക്കാനുള്ള സൗകര്യം ഒട്ടുമില്ലാതിരുന്നതു കാരണം പലപ്പോഴും പാട്ടുപാടുന്ന സുഹൃത്തുക്കളിൽ നിന്നാവും പഠിച്ചെടുക്കുക. 

വീട് റെയിലിന്‌ കിഴക്കുവശത്തായിരുന്നു. റെയിൽ ഒരു മഹാമേരുപോലെ കിടക്കുന്നതുകാരണം ഇവിടത്തെ വീടുകളിൽ കറന്റ് എത്താൻ ഒരു പാട് വൈകി. ഒടുവിൽ വീട്ടിൽ വൈദ്യുത വെളിച്ചം  1989-ലോ 90-ലോ മറ്റോ ആണ്‌. അടുത്ത അങ്ങാടി പുത്തൻ പീടിക. നവജീവൻ വായനശാലയും അവിടെത്തന്നെ. എന്നുമുള്ള ചുടലപ്പറമ്പ് മൈതാനത്തിലെ ഫുട്ബോൾ കളിയും കഴിഞ്ഞ് എന്തെങ്കിലും വാങ്ങിക്കാനോ വായനശാലയിൽ നിന്ന് പുസ്തകമെടുക്കാനോ ഒക്കെ പുത്തൻപീടിക അങ്ങാടിയിൽ കറങ്ങി വീട്ടിലേക്ക് തിരിക്കുമ്പോൾ ഇരുട്ടും, മിക്കപ്പോഴും.

റെയിൽ കടന്നാൽ പിന്നെ കണ്ണിൽ കുത്തുന്ന ഇരുട്ടാണ്‌. റെയിൽ ഇറങ്ങുമ്പോഴേ തുടങ്ങും പാട്ട്. നല്ല ഉച്ചത്തിൽ തന്നെ. പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല പാടുന്നത് എന്നത് സ്വകാര്യം. പാട്ടിന്‌ പേടി മാറ്റാനുള്ള വല്ലാത്തൊരു കഴിവുണ്ടെന്നുള്ളത് അനുഭവിച്ചറിഞ്ഞ കാര്യം. ഗന്ധർവന്മാരും യക്ഷികളും പാട്ട് ഇഷ്ടപ്പെട്ടിരുന്നു എന്നത് തലമുറകളിലൂടെ പകർന്നുകിട്ടിയ അറിവായിരുന്നില്ല ഇങ്ങനെ പാടുവാൻ കാരണം. എന്തായാലും ആന വരുന്നതിനുമുമ്പുള്ള ചങ്ങലക്കിലുക്കം പോലെ എന്റെ വരവിനുമുമ്പേ പാട്ടുണ്ടായിരുന്നു. 

പിന്നീടെപ്പോഴൊ യൂണിവേർസിറ്റി കലോൽസവത്തിന്‌ പോയപ്പോൾ രാത്രിയിലെ സുഹൃദ് കൂട്ടായ്മയിൽ നിലമ്പൂരിൽ നിന്നുള്ള വി. പി. ഷൗക്കത്തലി പാടിയ സ്വന്തം കവിതയിൽ ഇങ്ങനെ കേട്ടു, ‘പാട്ടല്ല നാട്ടിന്റെ ചൂട്ടാണ്‌ കേട്ടോളൂ’ എന്ന്. അതിനും ശേഷം ‘പാട്ടുകൊണ്ടൊരു ചൂട്ടുകെട്ടി മോത്തുകുത്തും ഞാൻ’ എന്ന് വേറൊരു കവി പാടി കേട്ടു. പാട്ടിന്‌  ചൂട്ടിന്റെ ധർമം കൂടിയുണ്ടെന്ന് വളരെ മുമ്പ് മനസ്സിലാക്കിയ ആളാണല്ലോ ഞാൻ. 

ബി ഇ. എം. എൽ. പി സ്കൂളിൽ പടിക്കുമ്പോൾ തന്നെ ഞാൻ ക്ലാസ്സിൽ പാടുമായിരുന്നു. മൂന്നാം ക്ലാസ്സിലെ ടീച്ചറായിരുന്ന നല്ല വെളുത്ത ആലീസ് ടീച്ചർ കറുത്ത എന്നെ കൊണ്ട് ഇടക്കിടെ പാടിക്കുമായിരുന്നു. അന്നൊന്നും എൽ. പി. സ്കൂളിലൊന്നും കലോൽസവങ്ങളോ മറ്റു വേദികളൊ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ബി. എ. എം. എൽ. പി. സ്കൂളിനു മുന്നിലൂടെ വരുമ്പോൾ കണ്ടു സ്റ്റേജിൽ കലാ പരിപാടികൾ നടക്കുന്നു. 

അഞ്ചാം ക്ലാസ്സിലെത്തിയപ്പോൾ കാര്യം മാറി. ബി. എ. എം. ഹൈസ്കൂളിലാണ്‌ അഞ്ചാം ക്ളാസ്സ് മുതൽ. ഓരോ വർഷവും നടക്കുന്ന യുവജനോൽസവം ശരിക്കും ഒരുൽസവമായിരുന്നു.  നല്ല വസ്ത്രങ്ങൾ ഒരാഗ്രഹം മാത്രമായിരുന്ന ആ നാളുകളിൽ ഉള്ളതിൽ മികച്ച വസ്ത്രം ധരിച്ച് വരാൻ ഒരവസരമായിരുന്നു, യുവജനോൽസവങ്ങൾ. അച്ചടക്കത്തിന്റെ ചൂരൽ തുമ്പിനെ, ഗോവിന്ദൻ മാഷിന്റെ പൊക്കിളിനെ ചുറ്റിയുള്ള വിരൽ പ്രയോഗത്തിനെ, പെരുക്കപ്പട്ടികയെ കുറിച്ച് എപ്പോഴും വരാവുന്ന സുകുമാരൻ മാഷിന്റെ ചോദ്യത്തിനെ പേടിക്കാതെ കറങ്ങി നടക്കാം. പെൺകുട്ടികൾ പലപ്പോഴും ആദ്യമായി ദാവണി ചുറ്റി വന്നത് ഈ ദിവസങ്ങളിൽ. വളരെ അപൂർവമായി സ്കൂൾ വാർഷികവും കൊണ്ടാടാറുണ്ടായിരുന്നു. യുവജനോൽസവം പകലായിരുന്നു. ഒരിക്കൽ വാർഷികം രാത്രിയിൽ നടന്നതിന്റെ ഓർമ്മ ചെറുതായുണ്ട്.

എപ്പോഴും പാട്ടുപാടി നടക്കുന്ന എനിക്ക് ആദ്യത്തെ യുവജനോൽസവത്തിൽ പാട്ടിന്‌ പേര്‌ കൊടുക്കുക എന്നത് വളരെ സ്വാഭാവികമായ കാര്യമായിരുന്നു. ഏത് പാട്ട് പാടും എന്നത് ഒരു പ്രശ്നമായിരുന്നു. പാട്ട് കേൾക്കാനുള്ള അവസരത്തിന്റെ പരിമിതി, പാട്ട് സ്വയം തെരഞ്ഞെടുക്കാനുള്ള മടി ഒക്കെ തന്നെ കാരണം. ഒടുവിൽ വലിയേട്ടനെ ശരണം പ്രാപിച്ചു. ഏട്ടൻ അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. 

ഏട്ടൻ എനിക്കൊരു പാട്ട് പറഞ്ഞുതന്നു. ഞാൻ മുമ്പ് കേട്ടിട്ടില്ലാത്ത ഒരു പാട്ട്. തുടക്കം ‘നീയെന്റെ കരളല്ലേ’ എന്നായിരുന്നു. പാട്ടിലെവിടെയൊ ‘കരളിലുറങ്ങുന്ന മധുവല്ലേ’ എന്ന ഒരു വരി കൂടിയുണ്ടായിരുന്നു. അത്രയേ ഓർമ്മയുള്ളൂ. 

ഏതായാലും പാട്ട് കൃത്യമായി പഠിച്ചു. യുവജനോൽസവത്തിന്റെ ദിവസം വന്നെത്തി. ഞാൻ സ്റ്റേജിൽ കയറി പാടാൻ തുടങ്ങി. 

“ നീയെന്റെ കരളല്ലേ ” പിന്നെ കേട്ടത് നല്ല കൂവലായിരുന്നു. പത്തുവയസ്സുകാരന്‌ ജാള്യത തോന്നിയെങ്കിലും പാട്ട് മുഴുവൻ പാടിയേ സ്റ്റേജിൽ നിന്നിറങ്ങിയുള്ളൂ. ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ നോക്കുന്നതും മിണ്ടുന്നതും നാടിന്റെ മുഴുവൻ ശ്രദ്ധ ആകർഷിക്കുമായിരുന്ന അക്കാലത്ത് ഒരു ചെറിയ പയ്യൻ സ്റ്റേജിൽ വന്ന് ‘നീയെന്റെ കരളല്ലേ’ എന്ന് പാടിയത് ഒരു സംഭവമായിരുന്ന്, അന്ന്. ദിവസങ്ങളോളം മറ്റുള്ളവരുടെ കളിയാക്കലിന്റെ ഇരയാവാൻ പാട്ട് കാരണമായി.  

അന്ന് സദസ്സിലുണ്ടായിരുന്നവർ ആദ്യമായും അവസാനമായും ആയിരുന്നു, ആ പാട്ട് കേട്ടത്. ഞാനാകട്ടെ ഒരിക്കൽ പോലും കേട്ടില്ല. എനിക്കിപ്പോഴും അറിയില്ല ഏട്ടൻ എവിടെ നിന്ന് കണ്ടുപിടിച്ചു തന്നു, ആ പാട്ട് എന്നത്.