Tuesday, October 21, 2014

അപാരതയില്‍നിന്നൊരു തുള്ളി


എണ്റ്റെ പുസ്തകം 'സ്പന്ദിക്കുന്ന കരിയിലകള്‍' പുറത്തിറങ്ങി രണ്ടുമൂന്ന്‌ മാസമായിരിക്കുന്നു. എണ്റ്റെ ആദ്യ പുസ്തകം വായിച്ചിട്ട്‌ പലരും, എന്നെ നേരിട്ടറിയുന്നവരും അറിയാത്തവരുമായി ധാരാളം പേര്‍ നേരിട്ട്‌ വിളിച്ചും മറ്റുള്ളവരിലൂടെയും നല്ല വാക്കുകള്‍ അറിയിക്കുന്നുണ്ട്‌. പുസ്തകം വിതരണം ചെയ്യാന്‍ ഒരു തുടക്കക്കാരനായ എനിക്ക്‌ നന്നായി ബുദ്ധിമുട്ടേണ്ടിവരുന്നു. പ്രസാധകരായ നവജീവന്‍ വായനശാലാപ്രവര്‍ത്തകര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

അതിണ്റ്റെ മറുവശത്ത്‌ കേരളത്തിലെ എഴുത്തില്‍, സാംസ്കാരികപ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുന്ന പലര്‍ക്കും പുസ്തകത്തിണ്റ്റെ കോപ്പി എത്തിച്ചുകൊണ്ടുത്തിട്ടുണ്ട്‌. ഇതുവരെ കാര്യമായി ആരും പുസ്തകം വായിച്ചതായി അറിയില്ല. അങ്ങനെ ഒന്നിണ്റ്റെ സൂചന എനിക്ക്‌ കിട്ടിയിട്ടില്ല. വായിക്കാന്‍ ധാരാളം നല്ല പുസ്തകങ്ങള്‍, സ്ഥിരപ്രതിഷ്ഠ നേടിയ എഴുത്തുകാരുതേതടക്കം മുന്നില്‍ കിടക്കുമ്പോള്‍ എണ്റ്റെ പുസ്തകം പിന്നോട്ട്‌ പോയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഖേദിക്കാന്‍ എനിക്ക്‌ അര്‍ഹതയില്ല. 

അങ്ങനെയിരിക്കുമ്പൊള്‍ അവിചാരിതമായി എണ്റ്റെ സുഹൃത്ത്‌ കോഴിക്കോട്‌ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന രാജേഷ്‌ അരവിന്ദിണ്റ്റെ ഒരു ഫോണ്‍ വിളി. ഫോണെടുത്ത ഉടനെ രാജേഷ്‌ പറഞ്ഞു, "ഞാന്‍ എം.ടി-യുടെ വീട്ടില്‍ നിന്നാണ്‌ വിളിക്കുന്നത്‌, കാര്യം എം.ടി. നേരിട്ട്‌ പറയും". അതും പറഞ്ഞ്‌ ഫോണ്‍ എം.ടി.-യ്ക്ക്‌ കൊടുത്തു. എം.ടി. പറഞ്ഞു, "പുസ്തകം ഞാന്‍ വായിച്ചു. നന്നായിരിക്കുന്നു. നിങ്ങള്‍ക്ക്‌ എഴുതാന്‍ കഴിയും, നന്നായിരിക്കുന്നു". 

ഞാന്‍ അത്ഭുതത്തിണ്റ്റെ കൊടുമുടി കയറി. ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ്‌ എം.ടി. അദ്ദേഹത്തിണ്റ്റെ പുസ്തങ്ങളില്‍ 'മഞ്ഞ്‌' ഏറെ ഇഷ്ടം. കഥകളില്‍ 'വാനപ്രസ്ഥവും' 'ഷെര്‍ലകും' വളരെ ഇഷ്ടം. കുറെ മുമ്പൊരിക്കല്‍ കോഴിക്കോട്‌ വിമാനത്താവളത്തില്‍ ജോലി ചെയ്യുമ്പോള്‍ നേരില്‍ കാണാനും സംസാരിക്കാനും അവസരം കിട്ടിയിരുന്നു. എയര്‍പോര്‍ട്ടിണ്റ്റെ അന്നത്തെ ഡയറക്ടര്‍ കുട്ടിക്കൃഷ്ണന്‍ സാറാണ്‌ അതിന്‌ കാരണക്കാരനായത്‌. 

അതിനുശേഷം എണ്റ്റെ മകളുടെ വിദ്യാരംഭം കുറിക്കുമ്പോള്‍ നാവില്‍ എഴുതുന്നത്‌ എം.ടി. ആവണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. അതും ഒരു വിധത്തില്‍ സാധിച്ചു. വിദ്യാരംഭം വിജയദശമി ദിവസം തന്നെ വേണമെന്ന്‌ എനിക്ക്‌ നിര്‍ബ്ബന്ധമൊന്നുമില്ല. അന്ന്‌ അങ്ങിനെ ഒരു ചടങ്ങ്‌ നടക്കുന്നതുകൊണ്ട്‌ തുഞ്ചന്‍ പറമ്പില്‍ പോയി. ജനനത്തിണ്റ്റെ മഹിമ കൊണ്ട്‌ മാത്രം എഴുത്തച്ചഛനായ ഒരാളെക്കൊണ്ട്‌ മകളുടെ വിദ്യാരംഭം കുറിക്കാന്‍ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. 

അന്ന്‌ എം.ടി. യും അതുപോലുള്ള എഴുത്തുകാരും വിദ്യാരംഭം കുറിക്കാന്‍ തുടങ്ങിയ കാലമായിരുന്നു. അങ്ങനെയാണ്‌ എം.ടി. മതിയെന്ന്‌ ഞാന്‍ ആലോചിച്ചത്‌. മലയാളത്തിലെ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരന്‍ മാത്രമല്ല എം.ടി. ഒരു തലമുറയെ കൂടെ നടത്തിയ എഴുത്തുകാരനാണ്‌. തിരക്കഥകള്‍ക്ക്‌ അതുവരെ ഇല്ലാതിരുന്ന മാനം അദ്ദേഹം കൊടുത്തു. സ്വയം വരച്ച വരയില്‍ നിന്ന്‌ അദ്ദേഹം ഇപ്പുറം വന്നതേയില്ല. എന്നും സ്വന്തമായൊരു ഉയരം എഴുത്തില്‍ പുലര്‍ത്തി. അങ്ങനെയുള്ള എം. ടി. യെക്കൊണ്ട്‌ മകളുടെ നാവില്‍ എഴുതിക്കാനുള്ള കാര്യത്തില്‍ എനിക്കൊരു സംശയവുമുണ്ടായില്ല. 


കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മാധ്യമത്തിലെ രാധാകൃഷ്ണനുമൊത്ത്‌ എം.ടി-യുടെ വീട്ടില്‍ പോയിരുന്നു. എണ്റ്റെ പുസ്തകത്തിണ്റ്റെ ഒരു കോപ്പി എം.ടി-യ്ക്ക്‌ കൊടുക്കാന്‍. അദ്ദേഹത്തിണ്റ്റെ വീടിനടുത്തുള്ള ഫ്ളാറ്റില്‍ ചെന്നപ്പോള്‍ അദ്ദേഹം എഴുത്തിലാണ്‌. നേരത്തെ സമയം തന്നിരുന്നതുകൊണ്ട്‌ അകത്തേക്ക്‌ പ്രവേശനം കിട്ടി. പുസ്തകത്തിണ്റ്റെ കോപ്പി കൊടുത്തു. പരിമിതമായ രീതിയില്‍ എണ്റ്റെ വിവരങ്ങള്‍ ചോദിച്ചു. ആ മുഖത്തുണ്ടായിരുന്നത്‌ ചിരിയായിരുന്നോ? അറിയില്ല. അദ്ദേഹം ചിരിക്കാറുണ്ടോ എന്ന്‌ പോലും അറിയില്ല. കൂടുതലൊന്നും സംസാരിക്കാന്‍ കഴിയാഞ്ഞതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ കുറച്ച്‌ നിരാശ തോന്നി. തിരിച്ചു പോന്നു. 

പക്ഷേ എല്ലാ നിരാശയും ആ ഒരൊറ്റ ഫോണ്‍ സംഭാഷണത്തില്‍ തീര്‍ന്നു. എണ്റ്റെ പുസ്തകം ഞാന്‍ കൊടുത്തിട്ടും ഇതുവരെ വായിക്കാന്‍ സമയം കാണാത്തവരുണ്ട്‌. എന്നോടുള്ള അടുപ്പം കാരണം പുസ്തകം വായിക്കാതെ അഭിപ്രായം അറിയിച്ചവരുമുണ്ട്‌. അപ്പോഴാണ്‌ എം.ടി-യെപ്പോലെ ഒരെഴുത്തുകാരന്‍ പുസ്തകം വായിക്കാന്‍ തയ്യാറാവുന്നത്‌. മാത്രമല്ല നേരിട്ട്‌ അഭിപ്രായം പറയാനും തയ്യാറാവുന്നത്‌. 

പുസ്തകം അദ്ദേഹത്തിന്‌ കൊടുക്കാന്‍ നിമിത്തമായ രാധാകൃഷ്ണന്‌ നന്ദി. അദ്ദേഹത്തിണ്റ്റെ വീട്ടില്‍ പോയപ്പോള്‍ പുസ്തകത്തെപ്പറ്റി ചോദിക്കാന്‍ തയ്യാറായ രാജേഷ്‌ അരവിന്ദിന്‌ നന്ദി. പുസ്തകം വായിക്കാനുള്ള ആ വലിയ മനസ്സിന്‌ ഞാന്‍ നന്ദി പറയുന്നില്ല. അത്‌ അവിവേകമായിരിക്കും എന്നുള്ളതുകൊണ്ട്‌.