Thursday, September 9, 2010

ഒരു പന്തിന്‌ പിന്നാലെ

എല്ലാ ആരവങ്ങളും അടങ്ങിക്കഴിഞ്ഞു. മൈതാനം യുദ്ധം കഴിഞ്ഞ കുരുക്ഷേത്ര ഭൂമി പോലെ. കബന്ധങ്ങള്‍, ചിതറിത്തെറിച്ച തലകള്‍, അറ്റുപോയ കൈകാലുകള്‍... തെറിച്ചുവീണ കിരീടങ്ങള്‍, മാര്‍ചട്ടകള്‍, വീരപ്പതക്കങ്ങള്‍.

ഒരു പന്തിനു ചുറ്റും കറങ്ങിയ ലോകം അപ്പൂപ്പന്‍ താടി പോലെ ഒഴുകി നടക്കുന്നു. ഒരു മാസം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ മനസ്സു നിറഞ്ഞൊന്ന്‌ കൈയടിക്കാനോ ഒന്നു കൂവാനോ പോലും അവസരം തരാത്ത ഒരു ഫൈനല്‍ മത്സരവും കണ്ട്‌ നമ്മള്‍ക്ക്‌ തൃപ്തി അടയേണ്ടി വന്നു. എന്നും നിര്‍ഭാഗ്യത്തിണ്റ്റെ പന്തുകള്‍ മാത്രം ഉരുട്ടിക്കളിച്ച ഹോളണ്ടും ഫുട്ബോളില്‍ വേഗതയുടെ തേര്‍ പായിച്ച സ്പെയിനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നമ്മള്‍ പന്തിനുപകരം തീഗോളങ്ങള്‍ പറക്കുന്നത്‌ സ്വപ്നം കണ്ടിരുന്നു. പക്ഷേ മൈതാനത്ത്‌ കണ്ടത്‌ നനഞ്ഞ പടക്കം മാത്രം. ഈ ലോകകപ്പിലെ ഏറ്റവും മോശമെന്ന്‌ വിലയിരുത്താവുന്ന ഒരു മത്സരം കണ്ട്‌ ഒരു മാസത്തെ ഉറങ്ങാത്ത രാവുകളോട്‌ വിടപറയാന്‍ നിര്‍ബന്ധിതരായി.

ബ്രസീലും അര്‍ജണ്റ്റീനയും നേരത്തേ തോറ്റ്‌ പുറത്തുപോയപ്പോള്‍ തോന്നാത്ത ദു:ഖം തികട്ടി വന്നത്‌ അപ്പോഴാണ്‌. ബ്രസീലും അര്‍ജണ്റ്റീനയും ഇല്ലാത്ത ഫൈനലുകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്‌. അന്നൊക്കെ ബ്രസീല്‍ തോറ്റ്‌ പുറത്തുപോയപ്പോഴും ബ്രസീലിയന്‍ ഫുട്ബോള്‍ ജയിച്ചുതന്നെയാണിരുന്നത്‌. ലോകകപ്പിലെ ഓരോ തോല്‍വിയും അവര്‍ക്കൊരു ദേശീയ ദുരന്തമായിരുന്നു. ബ്രസീല്‍ കരഞ്ഞപ്പോള്‍ കൂടെ ഫുട്ബോളിനെ സ്നേഹിച്ച ലോകം മുഴുവനുമുണ്ടായിരുന്നു. നമ്മള്‍ കേരളീയര്‍ ബ്രസീലിണ്റ്റെ ആരാധകരായത്‌ അവരുടെ ജയങ്ങളുടെ ആഘോഷത്തിലൂടെന്ന പോലെത്തന്നെ അവരുടെ തോല്‍വികളില്‍ കൂടെ കരഞ്ഞുകൊണ്ടുകൂടിയായിരുന്നു.

എന്നാല്‍ ഇത്തവണ ബ്രസീല്‍ തോറ്റപ്പോള്‍ കരയാന്‍ തോന്നിയതേ ഇല്ല. മനസ്സില്‍ ബ്രസീല്‍ അതിനു എത്രയോ മുമ്പുതന്നെ തോറ്റിരുന്നു. ആരു കളിക്കുമ്പോഴും, അതെന്ത്‌ കളിയായാലും, ജയം തന്നെയാണ്‌ മനസ്സില്‍. കളിക്കുക, കളിച്ച്‌ ജയിക്കുക എന്നതില്‍ നിന്ന്‌ ജയിക്കുക അതിനുവേണ്ടി കളിക്കുക എന്നതിലേക്ക്‌ മാറിയപ്പോള്‍ ബ്രസീലിയന്‍ ഫുട്ബോള്‍ മരിച്ചില്ലെങ്കിലും തോല്‍ക്കുക എങ്കിലും ചെയ്തു.

പേരുകൊണ്ട്‌ മാത്രം അറിയുന്ന രാജ്യങ്ങള്‍ക്കു വേണ്ടി പോരാടി തളര്‍ന്ന്‌ നമ്മുടെ യൌവനം മയങ്ങുമ്പോള്‍ സ്വന്തം ടീം കളിമറന്നു തോറ്റ്‌ സന്തോഷ്‌ ട്രോഫിയില്‍ നിന്ന്‌ പുറത്തു പോയി. നമുക്ക്‌ ഒന്ന്‌ കരയാന്‍ പോലും കഴിഞ്ഞില്ല. ഈ ആഘോഷത്തിണ്റ്റെയും പോരാട്ടവീറിണ്റ്റെയും നിരാശയുടേയും ഒക്കെ കാരണം ഫുട്ബോളാണെന്നത്‌ ഒരു യാദൃശ്ചികത മാത്രമാണെന്ന്‌ തോന്നുന്നു. ഇതേ വീറ്‌ ഇനി മമ്മൂട്ടിക്കും മോഹന്‍ലാലിനുമായി പകര്‍ന്നു നല്‍കാന്‍ അവര്‍ തയ്യറാകുമായിരിക്കും.

വീടിനടുത്തൊരു ഫുട്ബോള്‍ മൈതാനമുണ്ട്‌. പേര്‌ ചുടലപ്പറമ്പ്‌ മൈതാനം. ഫുട്ബോള്‍ കുരുന്നുകള്‍ മുളച്ചുപൊന്തിയിരുന്ന മൈതാനത്തിനെങ്ങനെ ചുടലപ്പറമ്പെന്ന്‌ പേര്‌ വന്നെന്നത്‌ ഇന്നും ഒരു സമസ്യയാണെനിക്ക്‌. കുറെ നല്ല ഫുട്ബോള്‍ കളിക്കാരെ വാര്‍ത്തെടുക്കാന്‍ ആ മൈതാനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ജെ.സി.ടി ക്കും മഹീന്ദ്രക്കുമൊക്കെ വേണ്ടി കളിച്ചിരുന്ന ഹംസക്കോയ തന്നെ അതില്‍ പ്രധാനി. സമകാലികനും പ്രതിഭയില്‍ ഹംസക്കോയക്കൊപ്പം തന്നെ എത്തുകയും ചെയ്യുമായിരുന്ന ശ്രീധരന്‍ എവിടെയുമെത്തിയില്ല. ഫുട്ബോളില്‍ കലക്കും പ്രതിഭക്കും ഒപ്പമോ അതില്‍ കൂടുതലോ പ്രാധാന്യം ശാരീരികക്ഷമതക്കാണെന്നുള്ള കാര്യം ശ്രീധരന്‍ അറിയാതെപോയി.

ഇടക്കിടെ നടന്നിരുന്ന സെവന്‍സ്‌ ഫുട്ബോള്‍ ടൂര്‍ണമെണ്റ്റുകളില്‍ പുറത്തുനിന്ന്‌ കളിക്കാന്‍ വന്നിരുന്ന ധാരാളം ലോക്കല്‍ ഹീറോകള്‍ ഉണ്ടായിരുന്നു. കറുത്ത്‌, വിരിഞ്ഞ നെഞ്ചില്‍ തൂങ്ങിക്കിടക്കുന്ന സ്റ്റീലിണ്റ്റെ കുരിശുമായി ബാക്ക്‌ ലൈനില്‍ മതില്‍കെട്ടി നിന്നിരുന്ന പാട്രിക്‌. ഓടിക്കൊണ്ടിരിക്കെ ബോളിണ്റ്റെ മുന്നില്‍ കയറി കാലിണ്റ്റെ ഉപ്പൂറ്റികൊണ്ട്‌ പന്ത്‌ കോരി തലക്കുമുകളിലൂടെ മുന്നോട്ടിട്ട്‌ അടിച്ച്‌ ഗോളാക്കിമാറ്റിയ കരിമുദ്ദീന്‍. ഞങ്ങള്‍ക്ക്‌ പെലെയോ ബക്കന്‍ബോവറോ ഒന്നും ആരുമായിരുന്നില്ല, ഈ ലോക്കല്‍ ഹീറോകളുടെ മുന്നില്‍. ലോകകപ്പോ, കോപ്പ അമേരിക്കയോ ഒന്നും ഞങ്ങള്‍ അറിഞ്ഞില്ല. എന്നാല്‍ കോഴിക്കോട്‌ സ്റ്റേഡിയം ഗ്രൌണ്ടില്‍ നാഗ്ജി ട്രോഫി വിടാതെ കണ്ടു. നല്ല സേവ്‌ നടത്തുന്ന ഓരോ ഗോളിയിലും ഞങ്ങള്‍ പീറ്റര്‍ തങ്കരാജിനെ കണ്ടു.

മുതിര്‍ന്ന കളിക്കാര്‍ക്കൊപ്പം ഞങ്ങള്‍ ധാരളം കുട്ടികളും വൈകുന്നേരം കളിക്കാന്‍ കൂടും. രണ്ട്‌ സെവന്‍സ്‌ ഫുട്ബോള്‍ കോര്‍ട്ടിനുള്ള വലിപ്പം മൈതാനത്തിനുണ്ട്‌. തുടക്കത്തില്‍ തുണിയും കടലാസും ചണനൂലും കെട്ടി വരിഞ്ഞു മുറുക്കിയിരുന്ന പന്തുകൊണ്ടായിരുന്നു, കളി. ക്രമേണ ഫുട്ബോളിണ്റ്റെ പൂര്‍ണതയിലേക്ക്‌ ഞങ്ങള്‍ കളിച്ചുകയറി. പഴയമട്ടിലുള്ള, ഉള്ളില്‍ റ്റ്യൂബുള്ള പന്ത്‌. പന്ത്‌ വീട്ടില്‍ സൂക്ഷിക്കാന്‍ കിട്ടുന്ന അവകാശം വയസ്സറിയിച്ചു എന്നതിനുള്ള അംഗീകാരമായിരുന്നു, അന്ന്‌. ആദ്യമായി പന്ത്‌ വീട്ടില്‍ സൂക്ഷിക്കാന്‍ കിട്ടിയ ദിവസം. അഛന്‍ കിടക്കുന്ന കട്ടിലിണ്റ്റെ താഴെയായിരുന്നു, കിടത്തം. അഛനറിയാതെ പന്ത്‌ കട്ടിലിണ്റ്റെ കീഴെ ഒളിപ്പിച്ച്‌ വെച്ച്‌, കിടന്നുറങ്ങി, പന്തിണ്റ്റെ ലഹരി പിടിപ്പിക്കുന്ന മണം ശ്വസിച്ചുകൊണ്ട്‌. ആ മണം ഇന്നും മൂക്കിലുണ്ട്‌. ജബുലാനിക്ക്‌ മണം ഉണ്ടാവുമോ? ഉണ്ടാവുമായിരിക്കും, ആരും അറിയുന്നുണ്ടാവില്ല. സ്വപ്നത്തില്‍ ഫുട്ബോള്‍ കളിക്കുന്ന കുട്ടികള്‍ ഇപ്പോഴുമുണ്ടാവുമോ? എത്രയോ തവണ ഉറക്കത്തില്‍ ഫ്രീ കിക്കെടുത്ത്‌ ചുമരില്‍ അടിച്ചുകയറ്റിയിട്ടുണ്ട്‌, വേദനയില്‍ പുളഞ്ഞുണര്‍ന്നിട്ടുണ്ട്‌.

അന്ന്‌ എല്ലാവരും വെറും കാലുകൊണ്ട്‌ കളിച്ചപ്പോള്‍ ബൂട്ടിട്ടുകളിച്ച ഒരാളേ ഉണ്ടായിരുന്നുള്ളൂ, ഞങ്ങള്‍ ഉണ്ണിയേട്ടന്‍ എന്ന്‌ വിളിച്ചിരുന്ന ശിവശങ്കരന്‍ നായര്‍. 'വണ്‍ അറ്റ്‌ എ ടൈം' എന്ന്‌ പറഞ്ഞുകൊണ്ട്‌ മറ്റുകളിക്കാരെ ശകാരിച്ച്‌ ഓടിനടക്കുന്ന ഉണ്ണിയേട്ടണ്റ്റെ രൂപം ഇന്നും മനസ്സിലുണ്ട്‌. നാടകകൃത്തും സംവിധായകനും നടനും ഒക്കെ ആയി സംസ്ഥാന അവാര്‍ഡ്‌ വരെ വാങ്ങിയ ഉണ്ണിയേട്ടന്‍. തണ്റ്റെ നിയന്ത്രണമില്ലാത്ത ജീവിതത്തിണ്റ്റെ ജീവനുള്ള പ്രതീകമായി ഒരു ശ്വാസകോശം നഷ്ടപ്പെട്ട്‌ ദിവസങ്ങള്‍ വലിച്ച്‌ തീര്‍ക്കുന്നു. ലോകകപ്പിണ്റ്റെ ആരവങ്ങള്‍ക്കിടയില്‍ നാട്ടിലെത്തിയപ്പോള്‍ വെറുതെ കാണാന്‍ പോയി. പഴയ ഫുട്ബോള്‍ സ്മരണകള്‍ അയവിറക്കുക എന്ന ഉദ്ദേശത്തോടെ. രണ്ടുതവണ പോയിട്ടും സംസാരിക്കാന്‍ കഴിയാതെ തിരിച്ചുപോന്നു. വലിവ്‌ കാരണം.

ഈ ലോകകപ്പ്‌ നമ്മള്‍ ഓര്‍മ്മിക്കുന്നത്‌ കിരീടം നഷ്ടപ്പെട്ട രാജകുമാരന്‍മാരുടെ പേരിലായിരിക്കും. തണ്റ്റെ പ്രിയപ്പെട്ട കോച്ചിന്‌ സമ്മാനിക്കാന്‍ ഹെലികോപ്റ്റര്‍ വാങ്ങാന്‍ തയ്യാറായ മെസ്സി തന്നെ ആദ്യം. പിന്‍ഗാമിക്ക്‌ ഊരിക്കൊടുക്കാന്‍ തണ്റ്റെ തലയില്‍ ലോകം ചാര്‍ത്തിയ കിരീടവും ചൂടിയായിരുന്നൂ, ആ കോച്ച്‌ വന്നത്‌. പക്ഷേ ഈ ലോകകപ്പിണ്റ്റെ കരുതല്‍കലവറയില്‍ നിറയെ അത്ഭുതങ്ങളായിരുന്നു. മൂന്ന്‌ ലോകകപ്പിലെ അജയ്യ പ്രകടനം കൊണ്ട്‌ പെലെ നേടിയെടുത്ത സിംഹാസനത്തിന്‌ തുല്യമായതൊന്ന്‌ ഒരൊറ്റ ലോകകപ്പുകൊണ്ട്‌ പിടിച്ചെടുത്ത മാറഡൊണ കിട്ടാത്ത പന്തിന്‌ വേണ്ടി കരയുന്ന കുട്ടിയായി.

ഈ മാറഡോണയെപ്പറ്റിയാണ്‌ കഥാകൃത്ത്‌ സുഭാഷ്ചന്ദ്രന്‍ ഇങ്ങനെ എഴുതിയത്‌,

"പൌര്‍ണമിരാവില്‍ വാനിലിതാ നവ
സൌവര്‍ണഗോളം അതില്‍ കാണും മുദ്രണം
മാനല്ല മുയലല്ല മാറഡോണാ നിണ്റ്റെ
പാദുകമേല്‍പ്പിച്ച മണ്‍കളിപ്പാടുകള്‍"

സുഭാഷ്ചന്ദ്രണ്റ്റെ വരികള്‍ സംഗീതം ചെയ്ത്‌ പാടിക്കൊണ്ട്‌ ഷഹബാസ്‌ അമന്‍ ലോകത്തിലെ തന്നെ ആദ്യത്തെ സോക്കര്‍ ഗസലിണ്റ്റെ സ്രഷ്ടാവായി. ഈ ചരിത്ര സംഭവം നടന്നത്‌ കഴിഞ്ഞ ലോകകപ്പിണ്റ്റെ സമയത്ത്‌ മലപ്പുറത്ത്‌ വെച്ച്‌. മാതൃഭൂമി അന്ന്‌ ലോകകപ്പിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശന വേളയിലാണെന്നാണോര്‍മ. പക്ഷേ, ഈ സംഭവം ഏറെപ്പേരൊന്നും കണ്ടതായി നടിച്ചില്ല. അല്ലെങ്കിലും നമ്മള്‍ക്ക്‌ സിനിമാഗാനങ്ങള്‍ക്കപ്പുറം സംഗീതമില്ലല്ലോ. ലോകത്തിണ്റ്റെ ഇങ്ങേയറ്റത്തിരുന്ന്‌ തന്നെക്കുറിച്ച്‌ ഒരു ഗസല്‍ എഴുതിയ കവിയേയും അത്‌ സംഗീതം ചെയ്ത്‌ പാടിയ ഒരു ഗായകനേയും കുറിച്ച്‌ ആ മഹാനായ ഫുട്ബോളര്‍ അറിഞ്ഞിരുന്നെങ്കില്‍....

കിരീടം നഷ്ടപ്പെട്ട രാജകുമാരന്‍മാര്‍ ഏറെയുണ്ടെങ്കിലും പുതിയ താരങ്ങളുടെ ഉദയം കാണാതിരുന്ന ലോകകപ്പ്‌ കൂടിയാണ്‌ കടന്നു പോയത്‌. ഹോളണ്ടിണ്റ്റെ റാബനും സ്പെയിനിണ്റ്റെ വിയയും ഇനിയേസ്റ്റയും എല്ലാം ഒരുരാവിണ്റ്റെ താരങ്ങള്‍ മാത്രം. കുറച്ചെങ്കിലും മനസ്സില്‍ തങ്ങിനില്‍ക്കുന്നത്‌ ഉറുഗേയുടെ ഫോര്‍ലാന്‍ മാത്രം. ആ വെള്ളാരങ്കണ്ണും നീണ്ട മുടിയും മൈതാനം നിറഞ്ഞുള്ള കളിയും ലൂസേര്‍സ്‌ ഫൈനലിലെ ആ ഹെഡറും.

ഉണ്ട്‌, താരങ്ങളില്ലാത്ത ലോകകപ്പില്‍ ഒരു താരം. 'വക്കാ വക്കാ' പാടി, ഒരു പന്തിണ്റ്റെ പിന്നില്‍ പായുന്ന ഇരുപത്‌ പേരെയെന്ന പോലെ, ലോകത്തെ മുഴുവന്‍ തനിക്കു പിന്നില്‍ അണിനിരത്തിയ ഷക്കീറ. പിന്നെ ലോകകപ്പ്‌ തുടങ്ങിയ അന്ന്‌ തുടങ്ങി ഫുട്ബോളിണ്റ്റെ അലയടങ്ങിയിട്ടും ഇപ്പോഴും കാതില്‍ മൂളുന്ന വുവുസേലയും.