Tuesday, December 8, 2015

അശുദ്ധമാകുന്ന ജനനവും മരണവും

ഇന്ന് ഒരു മരണവീട്ടിൽ പോയിരുന്നു. പഴയൊരു സുഹൃത്തും സഖാവും ഒക്കെയായ കുഞ്ഞുമോൻ ആണ്‌ മരിച്ചത്. കുറച്ചുനാളായി അസുഖമായി കിടപ്പായിരുന്നു. നല്ലൊരു സഖാവും മനുഷ്യനുമായിരുന്നു, കുഞ്ഞുമോൻ. ഇന്നലെ രാത്രിയാണ്‌ മരിച്ചത്. രാവിലെ ഓഫീസിൽ പോകുന്നതിനുമുമ്പായി മരണവീട്ടിൽ പോയി. 

അവിടെ നിന്ന് തിരിച്ചിറങ്ങിയപ്പോൾ വേറൊരു സഖാവിനെ കണ്ടു. ഏറെ നാളായി ഞാൻ നാട്ടിലില്ലാത്തതുകാരണം പഴയ പരിചയക്കാരെ കാണുന്നത് സന്തോഷമാണ്‌. അവൻ ശബരിമലയ്ക്ക് പോകാൻ വ്രതത്തിലാണ്‌. കറുപ്പുടുത്തിരിക്കുന്നു. നെറ്റിയിൽ ചന്ദനക്കുറിയും. എന്നെ കണ്ടപ്പോൾ അവൻ പരിചയഭാവത്തോടെ വിവരങ്ങൾ ചോദിച്ചു. ഞാൻ അവന്റെ അടുത്തുചെന്ന് കൈ പിടിക്കാൻ ഒരുങ്ങി. അപ്പോൾ അവൻ പിന്നോട്ട് മാറി. ഒന്ന് പകച്ചെങ്കിലും ഞാൻ വീണ്ടും അവന്റെ കൈ പിടിക്കാൻ ഒരുങ്ങി. അവൻ ഞെട്ടി പുറകോട്ട് മാറി. എന്നിട്ട് പറഞ്ഞു, “ഒരു അമ്പലത്തിന്റെ പണിയിലാണ്‌. അങ്ങോട്ട് പോവുകയാണ്‌” 

അപ്പോഴാണ്‌ ഞാൻ ഓർത്തത് ഞാൻ മരണവീട്ടിൽ നിന്നാണ്‌ വരുന്നത്. അമ്പലത്തിൽ പണിക്ക് പോകുന്ന അവൻ ഞാൻ തൊട്ടാൽ അശുദ്ധനാവും. അവൻ ശ്രദ്ധാലുവായത് കാരണം രക്ഷപ്പെട്ടു. അല്ലെങ്കിൽ ഞാൻ കാരണമായുണ്ടായ അശുദ്ധിമാറാൻ അവന്‌ വീണ്ടും കുളിച്ചുവരേണ്ടിവരുമായിരുന്നു. അവിശ്വാസിയായ എനിക്കെന്ത് ശുദ്ധവും അശുദ്ധവും. 

തിരിച്ചു പോരുമ്പോൾ ഞാൻ ആലോചിച്ചത് ഈ വിഷയമാണ്‌. നമുക്ക് ജനനവും മരണവും ഒക്കെ അശുദ്ധിയുണ്ടാക്കുന്നു. പ്രസവവും സ്ത്രീകളുടെ ആർത്തവവും ഒക്കെ അശുദ്ധമാണ്‌. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മനുഷ്യ ജീവിതത്തിലെ ജൈവപ്രവർത്തനങ്ങളൊക്കെ നമുക്ക് അശുദ്ധിയുണ്ടാക്കുന്നു.

പണ്ട് അടുത്ത വീട്ടിലെ ചേച്ചിമാർ അവരുടെ ആർത്തവകാലത്ത് എന്റെ വീട്ടിലായിരുന്നു, കഴിഞ്ഞിരുന്നത്. അവരുടെ വീടിനോട് ചേർന്ന് കുടുംബത്തിന്റെ കുലദേവതയായ കാളിയുടെ കാവുണ്ടായിരുന്നു. ദേവത ഒരു സ്ത്രീ ആയിട്ടും അവരോട് ഒരു ദയയും കാണിച്ചില്ല.  അതുകൊണ്ടാണ്‌ ഈ ദിവസങ്ങളിൽ അവർക്ക് അവരുടെ വീട്ടിൽ കഴിയാൻ കഴിയാതിരുന്നത്. നന്നെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഇതെന്താണെന്ന് മനസ്സിലായിരുന്നില്ല. അന്നതിന്‌ ‘പുറത്താവുക’, ‘തൊടൻപാടില്ലാതെയാവുക’ എന്നൊക്കെയാണ്‌ പറഞ്ഞിരുന്നത്. കുറച്ചുകൂടി വിവരവും വിദ്യാഭ്യാസവുമുള്ളവർ ‘തീണ്ടാരിയാവുക’ എന്നും. 

‘പുറത്താവുക’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഈ ദിവസങ്ങളിൽ അവർ വീട്ടിൽ നിന്ന് പുറത്തായിരുന്നു. വീട്ടിൽ നിന്ന് പുറത്താവുന്ന അവർ അയല്ക്കാരുടെ നല്ല മനസ്സിൽ അവരുടെയൊക്കെ വീടുകളിൽ കഴിഞ്ഞു. മുതിർന്ന പെൺകുട്ടികൾ അയല്ക്കാരുടെ വീട്ടിൽ അന്തിയുറങ്ങുന്നതിൽ അന്ന് ആർകും മാനക്കേട് തോന്നിയിരുന്നില്ല. ദൈവങ്ങളുടെ അല്ലെങ്കിൽ ദേവികളുടെ മാനം കാക്കാനായിരുന്നല്ലോ അത്.

എന്റെ വീട്ടിൽ അടുക്കളയോട് ചേർന്ന് ഒരു മുറി ഇങ്ങനെ ഉണ്ടായിരുന്നു. അവിടെയാണ്‌ പുറത്താകുന്ന വീട്ടിലെ സ്ത്രീകളും അയൽ വീട്ടിലെ ചേച്ചിമാരും കഴിഞ്ഞിരുന്നത്. എന്റെ അമ്മയും ചേച്ചിമാരും ഇങ്ങനെ വീട്ടിനുള്ളിൽ തന്നെ പുറത്താവുമായിരുന്നു, ഈ ദിവസങ്ങളിൽ. അന്ന് മിക്കവാറും വീടുകളിൽ വീടിനോട് ചേർന്ന ചായ്പോ നെടുമ്പുരയോ ഒക്കെ ഉണ്ടാവും.  വീടിനോട് ചേർന്ന് ചായ്ച്ച് കെട്ടിയതിനാലാവണം അതിന്‌ ചായ്പ് എന്ന് പേര്‌ വന്നത് എന്ന് തോന്നുന്നു. അവർ അടുക്കളയിൽ കയറുകയോ വീട്ടിലെ മറ്റുജോലികൾ ചെയ്യുകയോ ഇല്ല. ഇങ്ങനെ പുറത്തായി കഴിയുന്നവർക്കുള്ള ഭക്ഷണം അവരെ തൊടാതെ എത്തിച്ചുകൊടുക്കും.  അവർ തൊടാൻപാടില്ലാതെ ഇരിപ്പാണല്ലോ.

ഇക്കാര്യത്തിൽ ഇസ്ലാം മതത്തിന്റേയും സമീപനം ഏറെക്കുറെ ഇത് തന്നെ. ആർത്തവദിവസങ്ങളിൽ മുസ്ലീം സ്ത്രീകൾ നിസ്കരിക്കേണ്ടതില്ല. റംസാൻ നോമ്പും ഈ ദിവസങ്ങളിൽ അനുഷ്ഠിക്കേണ്ടതില്ല. ദിവസം അഞ്ചുനേരം നിസ്കരിക്കണമെന്നും റംസാൻ നോമ്പ് കൃത്യമായി പാലിക്കണമെന്നും നിഷ്കർഷിക്കുന്ന ഇസ്ലാം മതം സ്ത്രീകൾക്ക് ഈ ദിവസങ്ങളിൽ ഇളവ് നല്കുന്നു.

പല വിഷയങ്ങളിലും കുറച്ചുകൂടി വിശാലമായ നിലപാടുകളുള്ള ക്രിസ്തീയ സമുദായത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല തന്നെ. പള്ളിയിൽ കാലുകുത്തുന്നതിനു വിലക്കില്ലെങ്കിലും കുർബാന കൊള്ളുന്നതിനും മറ്റും അലിഖിതമായ വിലക്കുണ്ട്. ഇങ്ങനെയുള്ള വിലക്കുകൾ പലപ്പോഴും തലമുറകളിൽനിന്ന് പകർന്നുകിട്ടി ഒരു ആചാരം പോലെ പാലിക്കപ്പെടുന്നതാണ്‌. 

എന്തുകൊണ്ടാണ്‌ ആർത്തവവും പ്രസവവും മരണവുമൊക്കെ അശുദ്ധിയുണ്ടാക്കുന്നത്? ശുദ്ധിയുടെയും അശുദ്ധിയുടെയും നിർവ്വചനങ്ങൾ എന്താവും? മുൻകാലങ്ങളിൽ സ്ത്രീകൾ ഇന്നത്തെ പോലെ സമൂഹത്തിന്റെ പൊതുധാരയിൽ സജീവമായിരുന്നില്ല. അന്ന് മാസത്തിൽ അഞ്ച് ദിവസങ്ങൾ അവർക്ക് വീട്ടിൽ നിന്നും വീട്ടിലെ എല്ലാ വ്യവഹാരങ്ങളിൽ നിന്ന് മാറി നിൽക്കാൻ കഴിയുമായിരുന്നു. 

ഇക്കാലത്ത് അവർക്ക് അങ്ങനെയുള്ള നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല. അവർ അടുക്കളയിൽ കയറുന്നു, വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നു, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നു. ജോലിയുള്ള സ്ത്രീകളാണെങ്കിൽ ജോലിയ്ക്കും പോകുന്നു. ഒട്ടുമിക്ക കാര്യങ്ങളിലും പുരുഷന്മാരെ പ്പൊലെ തന്നെ ഇടപെടുന്ന ഇക്കാലത്തും സ്ത്രീകൾക്ക് ഇത്തരം വിലക്കുകൾ ആവശ്യമുണ്ടോ?

ഇതുപോലെ മരണവും ജനനവും ഒക്കെ ഒരു ആചാരം കണക്കെ അശുദ്ധമായി കാണേണ്ടതുണ്ടോ? അങ്ങനെയുള്ള അലിഖിത വ്യവസ്ഥകൾ നിലനില്ക്കുന്നുണ്ടെങ്കിൽ അവ മാറേണ്ടതില്ലേ? ആര്‌ മാറ്റും. ഇതുപോലെ മരണവും ജനനവും ഒക്കെ ഒരു ആചാരം കണക്കെ അശുദ്ധമായി കാണേണ്ടതുണ്ടോ? അങ്ങനെയുള്ള അലിഖിത വ്യവസ്ഥകൾ നിലനില്ക്കുന്നുണ്ടെങ്കിൽ അവ മാറേണ്ടതില്ലേ? ആര്‌ മാറ്റും. ആചാരങ്ങളെ മതമായും മതത്തെ ദൈവമായും കണക്കാക്കപ്പെടുന്ന ഇക്കാലത്ത് നിയമങ്ങളെ കാലികമായി പൊളിച്ചെഴുതാൻ ആരെങ്കിലും തയ്യാറാവുമെന്ന് വിശ്വസിക്കുന്നത് തികഞ്ഞ മൗഡ്യമാണ്‌.