Thursday, December 12, 2013

മിര്‍സാ ഗാലിബ്‌: ഇനിയും പിറക്കാത്ത ഉദ്യാനത്തിലെ വാനമ്പാടി

"എണ്റ്റെ മതം മനുഷ്യണ്റ്റെ ഏകത്വമാണ്‌ 
എണ്റ്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്‌ 
മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി" 
                                                          മിര്‍സാ ഗാലിബ്‌ 

    കുറച്ചുനാളുകള്‍ക്ക്‌ മുമ്പ്‌ മദിരാശി കേരള സമാജത്തിലെ സാഹിതീസഖ്യത്തിണ്റ്റെ കീഴില്‍ മാസത്തില്‍ ഒന്ന്‌ എന്ന തോതില്‍ നടക്കാറുള്ള വായനക്കൂട്ടത്തില്‍ 'മിര്‍സാ ഗാലിബ്‌-കവിതയും ജീവിതവും" എന്ന പേരില്‍ ശ്രീ. കെ.പി.എ. സമദ്‌ തയ്യാറാക്കിയ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കാന്‍ എനിക്ക്‌ അവസരം കിട്ടി. സംവാദങ്ങളും വാക്പയറ്റുകളും കൊണ്ട്‌ സജീവമാകാറുള്ള വായനക്കൂട്ടത്തിണ്റ്റെ പതിവ്‌ രീതിയില്‍ നിന്ന്‌ വ്യത്യസ്ഥമായിരുന്നൂ, അന്നത്തെ പ്രതികരണം. കൈ ചൂണ്ടിയുള്ള ആക്രോശങ്ങളില്ല, അപരനെ അടിച്ചിരുത്തുന്ന വാക്പ്രഹരങ്ങളില്ല, ആക്ഷേപശരങ്ങളില്ല, അവിശ്വസനീയതുടെ ആശ്ചര്യ ഭാവങ്ങള്‍ മാത്രം; അംഗീകാരത്തിണ്റ്റെ തലകുലുക്കലുകള്‍ മാത്രം. 

  ഗാലിബിണ്റ്റെ ജീവിതത്തില്‍ അദ്ദേഹം കുടിച്ചുതീര്‍ത്ത കയ്പും ആ കയ്പിനെ നോവിക്കുന്ന മാധുര്യമാക്കി മാറ്റിയ മാസ്മരികമായ കവിത്വത്തിണ്റ്റെ ശക്തിയും വിവരിച്ചപ്പോള്‍ സദസ്സ്‌ വാച്യമായ ഒരു പ്രതികരണവുമില്ലാതെ സ്തബ്ധരായി ഇരിക്കുകയായിരുന്നു. പുസ്തകത്തിലൂടെ കടന്നുപോയതല്ലാതെ കാര്യമായ ഒരു തയ്യാറെടുപ്പുമില്ലാതെ ഞാന്‍ നടത്തിയ സംസാരത്തിണ്റ്റെ മികവല്ല, അതുവരെ അറിയാതിരുന്ന ഗാലിബ്‌ കവിതകളുടെ ശക്തിസൌന്ദര്യം തന്നെയാണ്‌ സാന്ദ്രമായ മൌനത്തോടെ പ്രതികരിക്കാന്‍ സദസ്സിനെ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമായിരുന്നു. 

********* 

     1797 ഡിസംബര്‍27-നായിരുന്നൂ, ഗാലിബിണ്റ്റെ ജനനം. ആയിരത്തി എണ്ണൂറ്റിപ്പത്തുകളുടെ അന്ത്യപാദത്തില്‍ ഒരു വര്‍ഷം. അവസാനത്തെ മുഗള്‍ രാജകുമാരന്‍ ബഹദൂര്‍ഷാ സഫറിണ്റ്റെ അരമനയില്‍ ഒരു മുഷായിറ* അരങ്ങേറുന്നു. കൊട്ടാരത്തിലെ ആസ്ഥാനകവി ഇബ്രാഹിം സൌക്‌, ജനപ്രിയ കവി മു അ്മിന്‍ ഖാന്‍ മു അ്മിന്‍ തുടങ്ങി ഒട്ടേറെ കവികള്‍ ഉണ്ട്‌. മുഷായിറ നിയന്ത്രിക്കുന്ന രാജകുമാരന്‍ തന്നെ വിശ്രുതനായ കവിയാണ്‌. 'വാഹ്‌ വാഹ്‌' വിളികളും അഭിനന്ദനസൂചകങ്ങളായ മറ്റ്‌ ശബ്ദങ്ങളും കൊണ്ട്‌ മുഖരിതമാണ്‌ സദസ്സ്‌. ലളിതവും സംഗീതസാന്ദ്രവുമായ പദങ്ങള്‍ കോര്‍ത്തിണക്കി പ്രണയവും പരിഭവവും ആരാധനയും പരിദേവനവും വിഷയമാക്കി രണ്ടുവരികളില്‍ ആശയം സ്പഷ്ടമാക്കുന്ന ഗസല്‍ ആലാപനത്തിണ്റ്റെ തനത്‌ പാരമ്പര്യം തന്നെയാണ്‌ അന്നും പ്രകടമായത്‌. 

    സരളമായ പദങ്ങളും ആശയത്തിലെ ലാളിത്യവും കാരണം കേള്‍വിക്കാര്‍ പെട്ടെന്ന്‌ തന്നെ ഗസല്‍ മനസ്സില്‍ സ്വീകരിക്കുകയും ഏറ്റുചൊല്ലുകയും ചെയ്യും. ഈരടികളില്‍ അവസാനം ആവര്‍ത്തിച്ചുവരുന്ന വരികള്‍ ഏറ്റുചൊല്ലുന്നതിന്‌ 'മിസ്‌റ ഉഠാന' എന്നാണ്‌ പറയുക. ഈ ഏറ്റുചൊല്ലലും ഓരൊ ഈരടികള്‍ക്കുശേഷം പെട്ടെന്ന്‌ തന്നെ സ്വാഭാവികമായി വരുന്ന അഭിനന്ദനസൂചകങ്ങളായ പ്രതികരണങ്ങളും ഒക്കെയാണ്‌ എന്നും മുഷായിരകളെ സജീവവും ആസ്വാദ്യവുമാക്കുന്നത്‌. അന്നത്തെ മുഷായിറ വളരെ സജീവമായിത്തന്നെ നടക്കുന്നതിനിടെ അടുത്ത ഊഴമറിയിച്ചുകൊണ്ട്‌ 'ചരാഗ്‌-എ-മെഹ്ഫില്‍'* കൊണ്ടുവെച്ചത്‌ ഒരു യുവാവിണ്റ്റെ മുന്നിലാണ്‌. ആ സദസ്സില്‍ തുടക്കക്കാരനായ യുവാവിനെ ബഹദൂര്‍ഷാ സഫര്‍ പരിചയപ്പെടുത്തി. ജനാബ്‌ മിര്‍സാ അസദുള്ളാ ഖാന്‍ ഗാലിബ്‌. ഗാലിബ്‌ സദസ്സിനെ വണങ്ങി തണ്റ്റെ ഘനഗംഭീരമായ, സംഗീതസാന്ദ്രമായ ശബ്ദത്തില്‍ ഗസല്‍ ചൊല്ലിത്തുടങ്ങി. 

 "ആരുടെ അപക്വമായ ഭാവനയ്ക്കെതിരെയാണ്‌ 
വരകള്‍ ഈ വിധം പരാതിപ്പെടുന്നത്‌? 
ചിത്രങ്ങളൊക്കെയും ഇന്ന്‌ 
കടലാസ്‌ വസ്ത്രങ്ങളാണല്ലോ അണിഞ്ഞിരിക്കുന്നത്‌" 

     സാന്ദ്രമായ മൌനം കൊണ്ടാണ്‌ സദസ്യര്‍ ഗാലിബിണ്റ്റെ ഈരടിയോട്‌ പ്രതികരിച്ചത്‌. അത്യാഹിതത്തിണ്റ്റെ മുന്നില്‍ വാക്കുകള്‍ നഷ്ടമായതുപോലെ. ഗാലിബിന്‌ പ്രയാസം തോന്നിയെങ്കിലും അത്‌ കാര്യമാക്കാതെ അദ്ദേഹം അടുത്ത ഈരടി ചൊല്ലി. 

"ഏകാന്തതയുടെ മൂര്‍ച്ചയേറിയ മഴു 
ജീവണ്റ്റെ വേരില്‍ ആഞ്ഞുപതിക്കുമ്പോള്‍ 
പകലണയും വരെ രാവിനെ നേരിടുന്നത്‌ 
പാറയില്‍ നിന്ന്‌ പാലൊഴുക്കുന്നതിലും കഠിനമാണ്‌" 

       സദസ്സില്‍ നിന്ന്‌ അപ്പോഴും പ്രതികരണമില്ല. കനത്ത മൂകത. ഏറ്റുചൊല്ലല്‍ കാത്തുനിന്ന ഗാലിബ്‌ നിരാശനായി. ഒടുവില്‍ 'മിസ്‌റ ഉഠായിയേ' എന്ന്‌ വാക്കാല്‍ അഭ്യര്‍ത്ഥിക്കേണ്ടിവന്നു. സദസ്സില്‍ നിന്ന്‌ ഒരാള്‍ പതുങ്ങിയ സ്വരത്തില്‍ പരിഹാസത്തോടെ പറഞ്ഞു. ഞങ്ങളെക്കൊണ്ട്‌ കഴിയുന്നില്ല, ഭാരം വളരെ കൂടുതലാണ്‌. (ഉഠാന എന്ന പദത്തിന്‌ ഉയര്‍ത്തുക എന്നതാണ്‌ കേവലാര്‍ത്ഥം). 

   ഗാലിബ്‌ അദ്ധ്യക്ഷണ്റ്റെ നേരെ തിരിഞ്ഞ്‌ ആദരവോടെ പറഞ്ഞു. "തിരുമേനീ മക്ത* ചൊല്ലി അവസാനിപ്പിക്കാന്‍ അനുവദിക്കണം. " 
ബഹാദൂര്‍ഷാ ആരാഞ്ഞു, "അതെന്തേ നാലുവരിയില്‍ ഒതുങ്ങുന്നതാണോ താങ്കളുടെ ഗസല്‍?" "അല്ല തിരുമേനീ," 
ഗാലിബ്‌ പ്രതിവചിച്ചു. "എണ്റ്റെ ഗസല്‍ സമ്പൂര്‍ണ്ണമാണ്‌. പക്ഷേ മുഴുവനും ചൊല്ലുന്നതെങ്ങിനെ? രണ്ട്‌ വരികളുടെ ഭാരം തന്നെ ബഹുമാന്യരായ സദസ്യര്‍ക്ക്‌ താങ്ങാനാവുന്നില്ല. ഗസല്‍ മുഴുവന്‍ കേട്ടാല്‍ ഒരു പക്ഷേ, അവര്‍ക്ക്‌ എഴുന്നേല്‍ക്കാന്‍ ആയില്ലെന്ന്‌ വന്നേക്കും. " 

ഗാലിബ്‌ മക്ത ചൊല്ലി അവസാനിപ്പിച്ചു. സദസ്സിനെ അമ്പരപ്പിച്ചുകൊണ്ട്‌ ഇറങ്ങിനടന്നു. 

(കെ. പി. എ. സമദിണ്റ്റെ പുസ്തകത്തില്‍ നിന്ന്‌. ) 

അങ്ങനെ പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നൂ, ഗാലിബിണ്റ്റെ ഡല്‍ഹിയിലെ അരങ്ങേറ്റം. ലളിതമധുരമായ ആശയങ്ങള്‍ സരളമായ പദാവലികള്‍ അടുക്കിവെച്ച്‌ ചൊല്ലുക എന്നതാണ്‌ ഗസലുകളുടെ സാധാരണ രീതി. അതിന്‌ വിര്‍ദ്ധമായി ദുരൂഹമായ കാര്യങ്ങള്‍ പരസ്പരബന്ധമില്ലാത്ത രീതിയില്‍ പറയുകയാണ്‌ ഗാലിബ്‌ ചെയ്തത്‌. പറയാനുദ്ദേശിച്ച കാര്യങ്ങള്‍ ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനും കഴിയുമായിരുന്നില്ല. ആശയങ്ങളിലെ ഈ സങ്കീര്‍ണ്ണതകളും പദാവലികളുടെ അഗാധതയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥഗാംഭീര്യവും ഗാലിബിണ്റ്റെ പില്‍ക്കാല കവിതകളില്‍ ഉടനീളം കാണാനാവും. അക്കാലത്തെ വിദ്യാസമ്പന്നരുടേയും ബുദ്ധിജീവികളുടേയും ഇടയില്‍ ഏറെ പ്രശസ്തനായിരുന്നെങ്കിലും അദ്ദേഹത്തിണ്റ്റെ കവിതകള്‍ ആദ്യകാലത്ത്‌ വേണ്ടത്ര ജനപ്രിയമാകാതിരിക്കാനും ഈ ക്ളിഷ്ടത ഒരു കാരണമായിരുന്നിരിക്കണം. ഇതിനെ പറ്റി ഗാലിബ്‌ എഴുതുന്നു. 

"ശരിയാണ്‌, എണ്റ്റെ കവിതകള്‍ ദുര്‍ഗ്രഹമാണ്‌ 
കവിവര്യര്‍ പലരും അത്‌ ലളിതമാക്കാന്‍ പറയുന്നു 
പക്ഷേ എന്ത്‌ ചെയ്യാന്‍ 
പ്രയാസകരമായ രീതിയിലല്ലാതെ കാവ്യം രചിക്കാന്‍ എനിക്ക്‌ പ്രയാസമാണ്‌" 

മറ്റൊരവസരത്തില്‍ 

"എണ്റ്റെ ഹൃദയത്തിണ്റ്റെ ഉരുകലില്‍ നിന്നാണ്‌ 
എണ്റ്റെ കവിതകള്‍ ജനിക്കുന്നത്‌ 
ഞാനെഴുതുന്ന ഒരു പദത്തിനെതിരെ പോലും 
വിരല്‍ ചൂണ്ടാന്‍ ആര്‍ക്കുണ്ടര്‍ഹത?" 

    സ്വന്തം കവിതയുടെ ശക്തിയില്‍ തികഞ്ഞ ആത്മവിശ്വാസിയായിരുന്നൂ, ഗാലിബ്‌. അത്‌ വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ ആളുകള്‍ക്ക്‌ കഴിയാത്തതില്‍ അദ്ദേഹത്തിന്‌ വിഷമമുണ്ടായിരുന്നു. പക്ഷേ മറ്റുള്ളവര്‍ക്ക്‌ വേണ്ടി അത്‌ ലളിതമാക്കാന്‍ ഗാലിബ്‌ ഒരുക്കമായിരുന്നില്ല. ഈ കവിത ഇതിന്‌ സാക്ഷ്യമാണ്‌. 

"എണ്റ്റെ കവിതയുടെ വീഞ്ഞിന്‌ ഇന്ന്‌ കോളുകാരേറെയില്ല 
നാളത്തെ പാനികള്‍ പക്ഷേ, നിശ്ചയമായും അത്‌ കണ്ടെടുക്കും
കാലപ്പഴക്കത്താല്‍ വീര്യം കൂടി, 
അതവരുടെ നിത്യലഹരിയായിത്തീരും. 
എണ്റ്റെ ജന്‍മതാരം എനിക്ക്മുമ്പേ തന്നെ 
നശ്വരതയുടെ ഉത്തുംഗതയിലേക്കുയര്‍ന്നതാണ്‌ 
ഞാനില്ലാതായാലും എണ്റ്റെ ഈരടികള്‍ 
നാളെനിശ്ചയമായും ലോകം ഏറ്റുപാടും. " 

   
ഗാലിബ്‌ പറഞ്ഞത്‌ അന്വര്‍ത്ഥമായി. ജീവിതകാലത്ത്‌ കിട്ടാതിരുന്ന സ്വീകാര്യതയും അംഗീകാരവും അദ്ദേഹത്തിന്‌ അനിവാര്യമായും കിട്ടുകതന്നെ ചെയ്തു. പ്രോ. റഷീദ്‌ അഹ്മദ്‌ സിദ്ദീക്കിയുടെ അഭിപ്രായത്തില്‍ മുഗള്‍ ഭരണം ഭാരതത്തിന്‌ നല്‍കിയ മൂന്ന്‌ അമൂല്യ സംഭാവനകളില്‍ ഒന്ന്‌ ഗാലിബ്‌ ആണ്‌. താജ്‌ മഹലും ഉറുദു ഭാഷയും ആണ്‌ മറ്റ്‌ രണ്ടെണ്ണം. കേംബ്രിഡ്ജ്‌ സര്‍വ്വകലാശാലയിലെ സെണ്റ്റ്‌. ജോണ്‍ കോളേജിലെ റീഡറും പൌരസ്ത്യ ഭാഷകളിലെ പണ്ഡിതനുമായ റല്‍ഫ്‌ റസ്സല്‍ ഗാലിബിനെ ഉറുദു-പേര്‍ഷ്യന്‍ ഭാഷകള്‍ കണ്ട ഏറ്റവും മഹാനായ കവി എന്ന്‌ വിശേഷിപ്പിക്കുന്നു. 

   ഗസല്‍ അടിസ്ഥാനപരമായി ചൊല്ലാനുള്ളതാണ്‌. അത്‌ കൊണ്ട്‌ തന്നെ ഗസലിണ്റ്റെ നിയമങ്ങള്‍ പരമാവധി കേള്‍വിസുഖം ഉണ്ടാകുന്ന തരത്തില്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്‌. ഒരു ഗസല്‍ നിരവധി ശേറുകളുടെ സമാഹാരമാണ്‌. 'ശേര്‍' എന്നാല്‍ ഈരടി. കൃത്യമായ നിയമത്തിണ്റ്റെ അടിസ്ഥാനത്തില്‍ ഗസലില്‍ ഉടനീളം ആവര്‍ത്തിച്ചുവരുന്ന ഒരു പദമോ പദങ്ങളോ 'റദീഫ്‌' എന്നറിയപ്പെടുന്നു. ആദ്യ ഈരടിയുടെ രണ്ട്‌ വരികളും തുടര്‍ന്നുള്ള ഈരടികളുടെ രണ്ടാമത്തെ വരിയും അവസാനിക്കുന്നത്‌ 'റദീഫ്‌' -ല്‍ ആയിരിക്കും. റദീഫിന്‌ തൊട്ടുമുമ്പുള്ള പദമാണ്‌ 'കാഫിയ'. ഒരു ഗസലിണ്റ്റെ നിരവധി ഈരടികള്‍ തമ്മില്‍ ആശയപരമായി സാമ്യം നിര്‍ബ്ബന്ധമല്ല. അവയെ ഒന്നിപ്പിക്കുന്നത്‌ റുദായിയും കാഫിയയും ഒക്കെ. ഇവ ഒരുമിച്ച്‌ ചൊല്ലുമ്പോള്‍ ഉണ്ടാവുന്ന കേള്‍വിസുഖം തന്നെയാണ്‌ മുശായിറകളുടെ ആസ്വാദ്യത. അവസാനത്തെ കൂടിച്ചൊല്ലലിനും (മിസ്‌റ ഉഠാന) ഇത്‌ സഹായിക്കുന്നു. 


ഗസല്‍ എന്ന അറബി പദത്തിണ്റ്റെ അര്‍ത്ഥം സ്ത്രീയുമായുള്ള സംഭാഷണം എന്നാണെന്ന്‌ ഗാലിബിണ്റ്റെ കവിതകളും കവിതകളിലെ സൂചകങ്ങളും ഇംഗ്ളീഷിലേക്ക്‌ മൊഴിമാറ്റം നടത്തിയ വിവര്‍ത്തക സര്‍വത്‌ റഹ്മാന്‍ എഴുതുന്നു. ഇസ്ളാമിന്‌ മുമ്പ്‌ അറേബ്യയില്‍ നിലനിന്നിരുന്ന സാബാ മുല്ലാഖത്ത്‌ എന്ന നീണ്ട കവിതകളില്‍ നിന്നായിരിക്കണം ഗസലിണ്റ്റെ തുടക്കം എന്നും അവര്‍ അഭിപ്രായപ്പെടുന്നു. സാബാ എന്നാല്‍ ഏഴ്‌ എന്നും മുല്ലാഖത്ത്‌ എന്നാല്‍ തൂക്കിയിട്ടത്‌ എന്നും അര്‍ത്ഥം. കവിതാമത്സരങ്ങളിലെ വിജയികളുടെ കവിതകള്‍ പൊതുജനങ്ങള്‍ക്ക്‌ വായിച്ച്‌ ആസ്വദിക്കാനായി ചുവരില്‍ തൂക്കിയിടുന്ന പതിവുണ്ടായിരുന്നത്രേ ഇസ്ളാമിനുമുമ്പുള്ള അറേബ്യയില്‍. ഇങ്ങനെ തൂക്കിയിടപ്പെട്ട കവിതകളിലേക്ക്‌ നീണ്ടുചെല്ലുന്നതാണ്‌ ഗസലിണ്റ്റെ വേരുകള്‍ എന്ന്‌ അവര്‍ കണ്ടെത്തുന്നു. 

  വിശുദ്ധഖുര്‍ ആന്‍ വചനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച്‌ ലോകം മുഴുവന്‍ പിടിച്ചടക്കാന്‍ തുനിഞ്ഞിറങ്ങിയ അറബികള്‍ ലോകത്തിണ്റ്റെ നാനാഭാഗങ്ങളിലേക്കും യാത്ര നടത്തുകയുണ്ടായി. എന്നാല്‍ അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്‌ മെസപ്പൊട്ടേമിയയും (ഇന്നത്തെ ഇറാക്ക്‌), പേര്‍ഷ്യയും (ഇന്നത്തെ ഇറാന്‍) ആയിരുന്നു. കീഴടക്കാന്‍ ചെന്ന അറബികള്‍ ഇവിടങ്ങളിലെ സമ്പന്നമായ ചരിത്രത്തിനും സംസ്കാരത്തിനും മുന്നില്‍ സ്വയം കീഴടങ്ങുകയായിരുന്നു. അറബികളുടെ സ്വേഛാപരമായ വംശാധിപത്യത്തില്‍ മനം നൊന്തുകഴിഞ്ഞ, ഇസ്ളാമിണ്റ്റെ പ്രാക്തനമായ സമത്വസിദ്ധാന്തത്തില്‍ വിശ്വസമര്‍പ്പിച്ചിരുന്ന വിശ്വാസികള്‍ ക്രമേണ സൂഫിസത്തില്‍ അഭയം പ്രാപിച്ചു. സൂഫികള്‍ ഗസല്‍ എന്ന കവിതാരൂപത്തെ അവരുടെ ആശയപ്രചാരണത്തിനായി വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. അറബിയിലെ പ്രണയകവിതകളായ ഗസല്‍ സ്ത്രീപുരുഷപ്രണയത്തിണ്റ്റെ ഏകരൂപത്തിന്‌ പുറത്ത്‌ സാധ്യതകള്‍ തേടുന്നത്‌ സൂഫികളിലൂടെയാണ്‌. ഗസല്‍ എന്ന കവിതാരൂപത്തോടൊപ്പം തന്നെ ലോകത്തിന്‌ അറേബ്യ പ്രദാനം ചെയ്ത പ്രണയേതിഹാസമായ മജ്‌നുവും ഇവിടങ്ങളില്‍ എത്തി ചേര്‍ന്നു. പ്രണയിനിയായ ലൈലയുമായി ഒരിക്കലും ഒന്നിക്കാനാവാഞ്ഞ, പ്രേമാതുരനായ, പ്രണയം ആവേശിച്ച കാമുകന്‍ മജ്‌നു പരമാത്മാവിനെ തേടി അലയുന്ന ആത്മാവിണ്റ്റെ പ്രതീകമായി സൂഫി കവിതകളില്‍ മാറി. സൂഫി പാരമ്പര്യത്തില്‍ കവികള്‍ പരമാത്മാവിനെ അത്യധികം വശീകരണ ശക്തിയുള്ള കാമുകിയായി കാണുന്നു. കവിയുടെ ജീവിതം കാമുകിയുമായി ഒന്നിച്ച്‌ അവളില്‍ വിലയം പ്രാപിക്കാനുള്ള്‌ അനന്തമായ അലച്ചിലാണ്‌. 

  അധികാരം കൈയാളിയിരുന്ന ഔദ്യോഗിക മതവിശ്വാസികളാല്‍ വേട്ടയാടപ്പെട്ട സൂഫികള്‍ ഫക്കീറുകളായി അലഞ്ഞുതുടങ്ങി. പീഡനം ഭയന്ന്‌ പിടിക്കപ്പെടാതിരിക്കാനായി തെരുവുകളിലും സത്രങ്ങളിലും കഴിഞ്ഞുകൂടി. ഈ സത്രങ്ങളില്‍ വിളമ്പിയിരുന്ന വീഞ്ഞ്‌ (ഇസ്ളാമില്‍ ഹറാമായത്‌) ഔദ്യോഗിക ഇസ്ളാമിണ്റ്റെ സദാചാരനിയമങ്ങള്‍ക്കും യാഥാസ്തികത്വത്തിനും എതിരായ പ്രതീകമായി സൂഫികള്‍ കണ്ടു. ഗാലിബിണ്റ്റെ വംശവൃക്ഷത്തിണ്റ്റെ വേരുകള്‍ പുരാതന പേര്‍ഷ്യയിലാണ്‌. ഗാലിബ്‌ തണ്റ്റെ ആദ്യകാലത്ത്‌ പേര്‍ഷ്യനിലും കവിതകള്‍ എഴുതിയിരുന്നു. സൂഫിസം ശക്തമായ ഒരു ചിന്താധാരയായി രൂപപ്പെട്ടത്‌ പുരാതന പേര്‍ഷ്യയിലായിരുന്നു. 

    ഗാലിബിണ്റ്റെ ചിന്തകളിലെ സൂഫി സ്വാധീനം, കവിതകളിലെ സൂഫി ബിംബങ്ങള്‍ ഒക്കെ ഈ പേര്‍ഷ്യന്‍ അനുഭവത്തിണ്റ്റെ വെളിച്ചത്തില്‍ വേണം മനസ്സിലാക്കാന്‍. സ്വര്‍ഗത്തിലെ സുഖങ്ങളോ നരകത്തിലെ ശിക്ഷയോ ആയിരിക്കരുത്‌ ആരാധനയുടെ അടിസ്ഥാനം എന്നത്‌ ഇന്ത്യയിലേയും പേര്‍ഷ്യയിലേയും സൂഫി കവിതകളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു ആശയമാണ്‌. ഗാലിബ്‌ എഴുതുന്നു. 

"സ്വര്‍ഗത്തിലെ തേനിനും വീഞ്ഞിനുമുള്ള കൊതിയാവരുത്‌ 
ആരാധനയുടെ അടിസ്ഥാനം 
സ്വര്‍ഗത്തെ പൊക്കിയെടുത്ത്‌ 
ആരെങ്കിലും നരകത്തിലേക്ക്‌ വലിച്ചെറിയട്ടെ" 

ഇനി എഴുതുന്ന കവിതയില്‍ മജ്‌നുവിണ്റ്റെ സ്വാധീനം കാണാം. 

"മരുഭൂമിയില്‍ അലയുന്നതില്‍ നിന്ന്‌ എന്നെ പിന്തിരിപ്പിക്കാന്‍ 
ഒരു ശക്തിക്കുമാവില്ല 
എണ്റ്റെ പാദങ്ങളില്‍ പൂട്ടിയിരിക്കുന്നത്‌ 
ചുഴലിക്കാറ്റാണ്‌, ചങ്ങലയല്ല. " 

   എന്നാല്‍ ഗാലിബിണ്റ്റെ സ്വതന്ത്ര ചിന്ത സൂഫിസത്തിണ്റ്റെ അതിരുകളും ലംഘിച്ച്‌ കടന്നുപോയില്ലേ എന്ന്‌ സംശയിക്കാവുന്നതാണ്‌. സൂഫി ചിന്തയില്‍ വീഞ്ഞ്‌ പാവനമായ പാനപാത്രത്തിലെ ജീവന്‍ പ്രദാനം ചെയ്യുന്ന പാനീയമാണ്‌. എന്നാല്‍ ഗാലിബ്‌ പാത്രമേതെന്ന്‌ നോക്കാതെ, അത്‌ ജീവന്‌ ഗുണകരമാണോ എന്ന്‌ നോക്കാതെ വീഞ്ഞ്‌ ആവോളം ആസ്വദിച്ചു. വീഞ്ഞിണ്റ്റെ ആസ്വാദ്യതയെക്കുറിച്ച്‌ നിരന്തരം കവിതകള്‍ കുറിച്ചു. 

"പറുദീസ എനിക്ക്‌ പ്രിയപ്പെട്ടതാവുന്നത്‌ 
ഒരു വസ്തുവിനോടുള്ള ഇഷ്ടം കാരണമാണ്‌ 
റോസാപ്പൂവിണ്റ്റെ നിറവും കസ്തൂരിയുടെ മണവുമുള്ള 
മദ്യമല്ലാതെ അത്‌ മറ്റെന്താണ്‌?" 

ഒരു കവിതയില്‍ ഗാലിബ്‌ ഇങ്ങനെ എഴുതുന്നു. 

"കാപട്യത്തിണ്റ്റെ കറ 
ഗാലിബിണ്റ്റെ വസ്ത്രങ്ങളില്‍ ഒരിക്കലും പുരളുകയില്ല 
കീറിയതായിരിക്കാം, പക്ഷേ വൃത്തിയുണ്ട്‌ 
വീഞ്ഞില്‍ കഴുകിയ അവണ്റ്റെ വസ്ത്രങ്ങള്‍ക്ക്‌" 

      ഈ കവിതയില്‍ വീഞ്ഞ്‌ വെറും വീഞ്ഞോ വസ്ത്രം ശരീരം മറയ്ക്കുന്ന വസ്ത്രമോ അല്ല തന്നെ. സൂഫി കവിതകളില്‍ വീഞ്ഞ്‌ ജീവദായിനിയായ പാനീയം ആണ്‌. വസ്തങ്ങള്‍ ആത്മാവിനെ പൊതിയുന്ന ശരീരവും. 

     സൂഫികള്‍ ദൈവത്തെ കാമുകിയായി കണ്ട്‌ അവളുടെ ആരാധനയില്‍ ജീവിതം അലഞ്ഞു തീര്‍ത്തു. ഗാലിബ്‌ ദൈവത്തെ ഒരു ആത്മസുഹൃത്തായി, തനിക്ക്‌ തലചായ്ച്ച്‌ കേഴാനും ശകാരിക്കാനും കളിയാക്കാനും ഒക്കെ അവകാശമുള്ള ഒരു സുഹൃത്തായി കണ്ടു. ഈ സ്വതന്ത്രചിന്ത സൂഫിസത്തിനുപോലും അന്യമാണ്‌. 

"മലക്കുകള്‍* എഴുതിവെയ്ക്കുന്നതനുസരിച്ച്‌ 
മനുഷ്യരെ നീ ശിക്ഷിക്കുന്നു 
എഴുതുമ്പോള്‍ സാക്ഷിയായി ഒരു 
മനുഷ്യന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ അത്‌ നീതിയാകുമായിരുന്നു" 

   തണ്റ്റെ നിശിതമായി ആക്ഷേപഹാസ്യശരത്തില്‍ നിന്ന്‌ ദൈവത്തെ പോലും വെറുതെ വിടാന്‍ ഗാലിബ്‌ തയ്യാറായില്ല. 

"നരകത്തെ സ്വര്‍ഗവുമായി ബന്ധിപ്പിക്കരുതോ ദൈവമേ? 
ഉല്ലാസയാത്ര പോകാന്‍ അത്‌ അവസരം നല്‍കുമായിരുന്നു" 

   
കവിതയില്‍ എന്ന പോലെ ജീവിതത്തിലും തീക്ഷ്ണമായ നര്‍മ്മബോധവും നിശിതമായ പരിഹാസവും ഗാലിബ്‌ സൂക്ഷിച്ചു. 1857-ലെ കലാപകാലത്തും കലാപം അടിച്ചമര്‍ത്തപ്പെടുന്നതിനും ഗാലിബ്‌ സാക്ഷിയായിരുന്നു. ദില്ലി തിരിച്ചുപിടിച്ച ബ്രിട്ടീഷുകാര്‍ മുഗള്‍ ചക്രവര്‍ത്തിയുമായി ബന്ധമുണ്ടെന്ന്‌ സംശയമുള്ളവരെയെല്ലാം പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തു. ഒരുദിവസം പോലീസ്‌ ഗാലിബിനെ വീട്ടില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്ത്‌, കേണല്‍ ബേണിണ്റ്റെ മുന്നില്‍ ഹാജരാക്കി. 

കേണല്‍ ചോദിച്ചു, "നിങ്ങള്‍ മുസല്‍മാനാണോ?" 

ഗാലിബ്‌ തണ്റ്റെ സ്ഥായിയായ നര്‍മ്മം വെടിയാതെ പറഞ്ഞു, "പകുതി മുസല്‍മാനാണ്‌ ഹുസൂറ്‍. " 

മനസ്സിലാകാതെ മിഴിച്ചുനിന്ന ക്കേണലിനോട്‌ ഗാലിബ്‌ വിശദീകരിച്ചു, 
" ഞാന്‍ മദ്യം ഉപയോഗിക്കും, പക്ഷേ പന്നിയിറച്ചി കഴിക്കില്ല." (രണ്ടും മുസ്ളീം വിശ്വാസമനുസരിച്ച്‌ നിഷിദ്ധമാണ്‌). 

ഗാലിബിണ്റ്റെ മറുപടി രസിച്ച കേണല്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു, "മരണത്തിണ്റ്റെ മുഖത്തുനോക്കി മതത്തെക്കുറിച്ച്‌ ഫലിതം പറയുന്ന ഒരാള്‍ക്ക്‌ കലാപകാരിയാകാന്‍ കഴിയില്ല." ഇങ്ങനെ പറഞ്ഞുകൊണ്ട്‌ കേണല്‍ ഗാലിബിനെ പോകാന്‍ അനുവദിച്ചു. 

    ഈ സ്വതന്ത്രമായ നര്‍മ്മബോധവും പരിഹാസവും അദ്ദേഹം ദൈവത്തിണ്റ്റേയും വിശ്വാസത്തിണ്റ്റേയും കാര്യത്തിലും നിലനിര്‍ത്തി. ഒരുകവിതയില്‍ ഇങ്ങനെ എഴുതുന്നു. 

"നിണ്റ്റെ തെരുവില്‍ തെളിയുന്ന പ്രകാശം തന്നെയാണ്‌ 
സ്വര്‍ഗത്തേയും ശോഭനമാക്കുന്നത്‌ 
ജീവിക്കുന്നതിലെ ആഹ്ളാദം, 
പക്ഷേ സ്വര്‍ഗത്തിലുണ്ടോ ലഭിക്കുന്നു?" 

     മതങ്ങളുടെ സങ്കുചിതത്വത്തില്‍ നിന്നും വിലക്കുകളില്‍ നിന്നും വിമുക്തമായ യുക്തിഭദ്രമായ ആത്മീയതായിരുന്നൂ, ഗാലിബിണ്റ്റേത്‌. 

"ഞാനാരാധിക്കുന്ന ദൈവം 
അറിവിണ്റ്റെ അതിരുകള്‍ക്കപ്പുറത്താണ്‌ 
കാണാന്‍ കഴിയുന്നവര്‍ക്ക്‌ കിബ്
ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലക മാത്രമാണ്‌" 

      പരമാത്മാവായ ദൈവത്തിനുമുന്നില്‍ പോലും തണ്റ്റെ സ്വാഭിമാനം അടിയറവെയ്ക്കാന്‍ തയ്യാറാവാത്തവിധം സ്വതന്ത്രമായിരുന്നൂ, ഗാലിബിണ്റ്റെ ചിന്തകള്‍. 

"നിണ്റ്റെ സേവകനാണ്‌ ഞാന്‍, 
എങ്കിലുംഎണ്റ്റെ സ്വാഭിമാനം സ്വതന്ത്രമാണ്‌. 
ക അ്ബയുടെ കവാടം അടഞ്ഞുകണ്ടാല്‍ 
തിരിഞ്ഞുനടക്കാന്‍ ഞാന്‍ മടിക്കുകയില്ല" 

 ഗാലിബിണ്റ്റെ അരുമശിഷ്യനായ ഹാലി ഒരിക്കല്‍ നിസ്കാരത്തിണ്റ്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചു. തന്നെ നന്നായി മനസ്സിലാക്കുന്ന ഹാലിയില്‍ നിന്നുള്ള ഈ വാക്കുകള്‍ ഗാലിബിന്‌ വലിയ ദുഖമുണ്ടാക്കി. അപ്പോള്‍ ഗാലിബ്‌ ഇങ്ങനെ പറഞ്ഞു. 

"ശരിയാണ്‌. ഞാന്‍ നിസ്കരിക്കാറില്ല. നോമ്പ്‌ നോല്‍ക്കാറുമില്ല. പാപിയാണ്‌ ഞാന്‍. എന്നെ മുഖത്ത്‌ താറടിച്ച്‌ തൂക്കിലേറ്റേണ്ടതാണ്‌. ശവം നായ്ക്കള്‍ക്ക്‌ കടിച്ചുകീറാന്‍ എറിഞ്ഞുകൊടുക്കേണ്ടതാണ്‌. ഇത്രയും ശപിക്കപ്പെട്ട ഒരു വസ്തു അവയ്ക്കും രുചിക്കുമോ എന്നറിയില്ല. എന്തായാലും എണ്റ്റെ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ എന്നും ദൈവത്തിണ്റ്റെ ഏകത്വത്തില്‍ മാത്രം വിശ്വസിച്ചു. മരിക്കുമ്പോഴും എണ്റ്റെ ചുണ്ടുകള്‍ അത്‌ ഉരുവിട്ടുകൊണ്ടിരിക്കും. "


പരമാത്മാവായ ദൈവത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുമ്പോഴും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഗാലിബ്‌ തരിമ്പും വിശ്വസിച്ചില്ല, വിലകല്‍പിച്ചില്ല. അതുറക്കെ വിളിച്ചുപറയുകയും ചെയ്തു. ദൈവത്തേയും മതത്തേയും കുറിച്ച്‌ ഗാലിബ്‌ എഴുതിയ കാര്യങ്ങള്‍ വിപ്ളവാത്മകമാണ്‌. അന്നുമാത്രമല്ല, ഇന്നും. ഒരു പ്രസംഗത്തില്‍, ഒരു ചോദ്യോത്തരത്തില്‍ വീണുകിട്ടുന്ന വാക്കുകളെ തിരിച്ചും മറിച്ചും നോക്കി വളച്ചും ഒടിച്ചും വിവാദങ്ങളുണ്ടാക്കി കലാപം നടത്തി നിരപരാധികളെ കൊല്ലാന്‍ മടിക്കാത്ത ഇക്കാലത്ത്‌ ഗാലിബ്‌ ജീവിച്ചിരുന്നെങ്കില്‍ എന്ന ചിന്ത ഒരു ചോദ്യചിഹ്നമായി വിഴുങ്ങാന്‍ വരുന്നത്‌ നാമറിയുന്നു. 

  ഗാലിബ്‌ എന്ന സ്വന്തം അനുഭവത്തെ ഹൃദ്യമായി നമുക്ക്‌ പരിചയപ്പെടുത്തിയ, അദ്ദേഹത്തിണ്റ്റെ കവിതകളെ സരളമായ ഭാഷയില്‍ മൊഴിമാറ്റം നടത്തി നമുക്ക്‌ പകര്‍ന്നുതന്ന കെ. പി. എ സമദിനെ അതീവ കൃതജ്ഞതയോടെ ഓര്‍മ്മിച്ചുകൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു. (ഗാലിബിണ്റ്റെ കവിതകളും വാക്കുകളും സമദിണ്റ്റെ പുസ്തകത്തില്‍ നിന്ന്‌) 

*1 ഊഴം അറിയിച്ചു കൊണ്ട്വെയ്ക്കുന്ന ഉപചാരദീപം 
*2 മുഷായിര കവിയരങ്ങ്‌
*3 മക്ത ഗസലിലെ അവസാനത്തെ ഈരടി. ഇതില്‍ കവിയുടെ പേരോ തൂലികാനാമമോ ചേര്‍ക്കാറുണ്ട്‌. 
*4 മലക്ക്‌ മാലാഖ
*5 കിബ്ള മെക്കയിലെ ക അ്ബ ദേവാലയം. ലോകമെങ്ങുമുള്ള മുസ്ളീം മതവിശ്വാസികള്‍ നമസ്കാരസമയത്ത്‌ ഈ ദേവാലയത്തിന്‌ അഭിമുഖമായിട്ടാണ്‌ നില്‍ക്കുന്നത്‌. 

Monday, November 4, 2013

അലഹബാദ്‌

അലഹബാദ്‌ നഗരം ഇന്ത്യന്‍ ചരിത്രത്തില്‍ പല പ്രത്യേകതകളും പേറുന്നുണ്ട്‌. ഇന്ത്യന്‍ സ്വാതന്ത്യ്രസമരചരിത്ര പുസ്തകത്തില്‍ വലിയൊരു സ്ഥാനം ഈ നഗരത്തിനുണ്ട്‌. ജവഹര്‍ലാല്‍ നെഹ്രു ജനിച്ചുവളര്‍ന്നത്‌ അലഹബാദിലെ ആനന്ദഭവനത്തിലാണ്‌. കുട്ടികളായിരിക്കുമ്പോള്‍ ചാച്ചാ നെഹ്രുവിനെ പോലെ തന്നെ അദ്ദേഹം ജനിച്ചുവളര്‍ന്ന വീടും, ഒരിക്കലും കാണാതിരുന്നിട്ടുകൂടി, ഒരു തലമുറയ്ക്ക്‌ പ്രിയപ്പെട്ടതായി. 

കുറച്ചുകൂടി മുതിര്‍ന്ന്‌ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ അലഹബാദ്‌ ഓര്‍മ്മയില്‍ നില്‍ക്കുന്നത്‌ സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരു കോടതി വിധിയിലൂടെ. 1971 ജൂണ്‍ മാസം 12-നാണ്‌ 1971 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്‌ നാരായണനെതിരെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ അസാധുവാക്കികൊണ്ട്‌ അലഹാബാദ്‌ ഹൈക്കോടതി വിധി പ്രസ്താവിച്ചത്‌. ജൂണ്‍ 24-ന്‌ തന്നെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തെങ്കിലും ജൂണ്‍ 26-ന്‌ ഇന്ദിരാഗാന്ധി രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അങ്ങനെ പരമോന്നത നീതിപീഠത്തില്‍ നിന്ന്‌ പ്രതികൂല വിധി ഉണ്ടാകാനുള്ള സാദ്ധ്യത അവര്‍ എന്നെന്നേക്കുമായി അടച്ചു. അലഹാബാദ്‌ തികച്ചും വ്യത്യസ്തമായ കാരണങ്ങള്‍ കാരണം ചരിത്രത്തില്‍ വീണ്ടും ഇടം പിടിച്ചു. 

അലഹബാദ്‌ നഗരം അറിയപ്പെടുന്നത്‌ പ്രധാനമന്ത്രിമാരുടെ നഗരം എന്നാണ്‌. ഭാരതത്തിലെ ആദ്യത്തെ പതിമൂന്ന്‌ പ്രധാനമന്ത്രിമാരില്‍ ഏഴുപേര്‍ ഈ നഗരവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരായിരുന്നു. ജനനം കൊണ്ട്‌, വിദ്യാഭ്യാസം കൊണ്ട്‌ (അലഹാബാദ്‌ യൂണിവേര്‍സിറ്റി) അല്ലെങ്കില്‍ അലഹബാദ്‌ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട്‌. 

 ഈ നഗരം എണ്റ്റെ വ്യക്തിജീവിതത്തില്‍ ഇടം നേടുന്നത്‌ ഞാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ ജോലി ചെയ്യാന്‍ ആരംഭിക്കുന്നതോടെ. ഞങ്ങളുടെ ട്രെയിനിംഗ്‌ കോളേജ്‌ അലഹബാദ്‌ നഗരത്തിലെ ബമ്രോളി എന്ന സ്ഥലത്താണ്‌. 1983-ല്‍ ജോലിയില്‍ ചേര്‍ന്നെങ്കിലും ആറ്‌ വര്‍ഷത്തോളം അലഹബാദിലെത്താതെ രക്ഷപ്പെട്ടു. ഞാന്‍ ജോലിയില്‍ ചേര്‍ന്ന 1983-ല്‍ ബോംബെ വിമാനത്താവളത്തില്‍ ഞങ്ങളുടെ വിഭാഗത്തില്‍ ആളുകളുടെ കുറവ്‌ കാരണം ഞങ്ങളെ ട്രെയിനിംഗിന്‌ അയയ്ക്കാതെ എയര്‍പോര്‍ട്ടിലെ പ്രാദേശിക പരിശീലന കേന്ദ്രത്തില്‍ ഹ്രസ്വ പരിശീലനം തന്ന്‌ നേരിട്ട്‌ ജോലിയില്‍ അയയ്ക്കുകയായിരുന്നു. ആദ്യമായി അലഹാബാദിലെത്തിയത്‌ 1989 ഫിബ്രവരിയില്‍. 

അപ്പോഴേയ്ക്കും ബോംബെയില്‍ നിന്ന്‌ സ്ഥലം മാറ്റമായി ഞാന്‍ ഗുജറാത്തിലെ ബറോഡയിലെത്തിയിരുന്നു. ബറോഡയില്‍ നിന്ന്‌ നേരിട്ട്‌ അലഹാബാദിലെത്താതെ ദില്ലി വഴി യാത്ര മാറ്റുകയായിരുന്നു. അപ്പോഴേയ്ക്കും ഉല്‍ഘാടനം കഴിഞ്ഞിരുന്ന കോഴിക്കോട്‌ വിമാനത്താവളത്തിലേക്ക്‌ ഒരു സ്ഥലം മാറ്റത്തിന്‌ അപേക്ഷ കൊടുത്ത്‌ അക്കാര്യം ഞങ്ങളുടെ ഡയരക്ടറെ നേരിട്ട്‌ കണ്ട്‌ അപേക്ഷിക്കാനാണ്‌ യാത്ര ദില്ലി വഴിയാക്കിയത്‌. ദില്ലി ആര്‍. കെ. പുരത്തുള്ള സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫീസിലെത്തി ഡയറക്റ്ററെ കണ്ട്‌ അപേക്ഷ കൊടുത്തു. അടുത്ത വര്‍ഷം ഞാന്‍ കോഴിക്കോട്‌ വിമാനത്താവളത്തില്‍ സ്ഥലം മാറ്റം കിട്ടി എത്തുകയും ചെയ്തു. 

രാത്രിയുള്ള പ്രയാഗ്‌ രാജ്‌ എക്സ്പ്രസ്സില്‍ ആണ്‌ അലഹബാദിലേയ്ക്ക്‌ യാത്ര തിരിച്ചത്‌. കാലത്ത്‌ ഏഴുമണിയോടുകൂടി അലഹബാദിലെത്തും. നേരിട്ട്‌ ട്രെയിനിംഗ്‌ സെണ്റ്ററില്‍ എത്തി ക്ളാസ്‌ തുടങ്ങാം എന്ന്‌ കരുതി. കാണ്‍പൂരില്‍ ഐതിഹാസികമായ ഒരു തൊഴിലാളി സമരം നടക്കുന്ന കാലമായിരുന്നു, അത്‌. ഈ സമരത്തിലൂടെയാണ്‌ സുഭാഷിണി അലി സി. പി. എം നേതൃത്വനിരയിലെത്തുന്നത്‌ എന്നാണോര്‍മ. പിന്നീട്‌ സുഭാഷിണി അലി കാണ്‍പൂരില്‍ നിന്ന്‌ ലോക്സഭയിലെത്തി. 

സമരത്തിണ്റ്റെ ഭാഗമായി തൊഴിലാളികള്‍ തീവണ്ടി തടയുന്ന അവസ്ഥ ഉണ്ടായി. ഞങ്ങളുടെ തീവണ്ടി വേറെ ഏതൊക്കെയോ വഴിയിലൂടെ തിരിച്ചുവിട്ടു. ഒരു രാത്രി മാത്രം ദൈര്‍ഘ്യമുള്ള യാത്രയായതിനാല്‍ തീവണ്ടിയില്‍ ഭക്ഷണത്തിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല. തീവണ്ടി നിര്‍ത്തിയിട്ടിരുന്നത്‌ ഏതോ ചെറിയ സ്റ്റേഷനില്‍ ആയിരുന്നു. ഭക്ഷണവും വെള്ളവും ഒന്നും ഇല്ലാതെ കിട്ടിയ ബിസ്കറ്റും മറ്റും കഴിച്ച്‌ ഒരു ദിവസം മുഴുവന്‍ കഴിച്ചുകൂട്ടി. കേരളത്തിലേതില്‍ നിന്ന്‌ വ്യത്യസ്തമായി യു. പി. യില്‍ ഒരു സ്റ്റേഷന്‍ വിട്ടാല്‍ കിലോമീറ്ററുകളോളം മറ്റൊരു സ്റ്റേഷന്‍ ഉണ്ടാവില്ല. ഈ കാര്യത്തിലാണെങ്കില്‍ പതിവ്‌ റൂട്ടില്‍ നിന്ന്‌ മാറിയാണ്‌ വണ്ടി പൊയ്ക്കൊണ്ടിരുന്നത്‌. ഒടുവില്‍ വണ്ടി അലഹാബാദില്‍ എത്തിയത്‌ രാത്രിയോടെ. ദാഹിച്ച്‌ വിശന്ന്‌ ക്ഷീണിച്ച്‌ അലഹാബാദില്‍ വണ്ടി ഇറങ്ങി. അങ്ങനെ എണ്റ്റെ ആദ്യത്തെ ഉത്തരേന്ത്യന്‍ യാത്ര അവിസ്മരണീയമായി. 

പുറത്തിറങ്ങി ഞങ്ങളുടെ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള വണ്ടി പിടിച്ചു. ഈ വണ്ടിയ്ക്ക്‌ ഞങ്ങള്‍ പറയുന്ന പേര്‍ 'ഫട്‌ ഫട്‌'. ഫട്‌ ഫട്‌ എന്ന്‌ കാതിന്‌ തീരെ ഇമ്പമില്ലാത്ത ശബ്ദം ഉണ്ടാക്കിക്കൊണ്ടാണ്‌ ഈ വണ്ടി പോകുന്നത്‌. ഷെയര്‍ ഓട്ടോ പോലെ ആളുകളെ കുത്തിനിറയ്ക്കും. ആളുകള്‍ മാത്രമല്ല, ആടുകളും കോഴികളും ഒക്കെയുണ്ടാവും സഹയാത്രക്കാരായി. ബസ്സൊന്നും ഈ റൂട്ടില്‍ ഇല്ല. അലഹബാദ്‌ സിറ്റിയില്‍ പോകാനും തിരിച്ചുവരാനും ഫട്‌ ഫട്‌ അല്ലാതെ ഒരു മാര്‍ഗ്ഗവുമില്ല. വണ്ടി കഴുകുക എന്ന ഏര്‍പ്പാടൊന്നും ഇല്ല. അത്‌ കാരണം വണ്ടിയുടെ അകവും പുറവും ഒക്കെ നല്ല വൃത്തിയില്‍ ഇരിക്കും. ഓരോ ദിവസവും ഇതേ ആവര്‍ത്തനം പ്രതീക്ഷിക്കുന്നത്‌ കാരണം എന്തിന്‌ കഴുകി വെറുതെ സമയം കളയണം എന്ന പ്രായോഗിക ചിന്തയാവാം. 

ബമ്രോളി എന്ന സ്ഥലം അലഹബാദിലൂടെ കടന്നുപോവുന്ന ദില്ലി-കൊല്‍ക്കത്ത ഹൈവേ ആയ എന്‍. എച്‌. 2-ല്‍ ആണ്‌. ഇത്രയും പ്രാധാന്യമുള്ള ഒരു ദേശീയ പാതയില്‍ ആണ്‌ ഹ്രസ്വദൂര യാത്രയ്ക്ക്‌ ഒരു ബസ്‌ പോലും ഇല്ലാത്തത്‌ എന്നോര്‍ക്കുക. പ്രദേശത്തെ പ്രധാന സ്ഥാപനം ഞങ്ങളുടെ ട്രെയിനിംഗ്‌ കോളേജ്‌ തന്നെ. പിന്നെ ഇന്ത്യന്‍ എയര്‍ ഫോഴ്സ്‌ സെണ്റ്റ്രല്‍ എയര്‍ കമാണ്റ്റിണ്റ്റെ ഹെഡ്ക്വാര്‍ട്ടേര്‍സ്‌. 

അക്കാലത്ത്‌ ട്രെയിനിംഗ്‌ സെണ്റ്റര്‍ ഓടിട്ട ബാരക്കുകളായിരുന്നു. കുളിമുറിയും കക്കൂസും പുറത്ത്‌ പ്രത്യേകം. ഏക്കറുകള്‍ നീണ്ടുകിടക്കുന്ന സ്ഥലം കാടുപിടിച്ച്‌ കിടന്നിരുന്നു. ബാരക്കിനകത്ത്‌ പാമ്പുകള്‍ കയറുന്നത്‌ പതിവായിരുന്നു. ഭക്ഷണത്തിനായുള്ള കാഫറ്റേരിയ നടത്തിയിരുന്നത്‌ മിശ്ര എന്നൊരാളായിരുന്നു. ഉണക്ക ചപ്പാത്തി, പച്ചരി ചൊറ്‌, പരിപ്പ്‌, സബ്ജി തന്നെ എന്നും. മിശ്ര വിളമ്പുന്ന ഭക്ഷണത്തെ ഞങ്ങള്‍ മിശ്രഭോജനം എന്ന്‌ വിളിച്ചു. 

ശനിയാഴ്ചയാവാന്‍ എല്ലാവരും കാത്തിരുന്നു. സിറ്റിയില്‍ പോകാമെന്നും ഹോട്ടലില്‍ കയറി നല്ല ഭക്ഷണം കഴിക്കാമെന്നും തീരുമാനിച്ചു. ശനിയാഴ്ചകളില്‍ വൈകുന്നേരം ട്രെയിനിംഗ്‌ സെണ്റ്ററില്‍ നിന്ന്‌ സിറ്റിയ്ക്ക്‌ ബസ്‌ പോകും. ജെയിലില്‍ നിന്ന്‌ പരോളില്‍ പോകുന്നത്‌ പോലെ. ഒരാഴ്ചത്തെ ജെയില്‍വാസത്തിനുശേഷം കുറച്ചു മണിക്കൂറുകളുടെ പരോള്‍. സിവില്‍ ലൈന്‍സ്‌ ആണ്‌ അലഹബാദ്‌ സിറ്റിയുടെ പ്രധാനകേന്ദ്രം. കുറച്ച്‌ സിനിമാ തിയേറ്ററുകളും ചില വലിയ ഹോട്ടലുകളും റോഡരുകില്‍ നിറയെ നാട്ടിലെ തട്ടുകടകള്‍ പോലെയുള്ള ചെറിയ കടകളും. 

തിരുവനതപുരത്തുനിന്ന്‌ വന്ന സുഹൃത്തുക്കള്‍ക്ക്‌ റോഡരുകിലുള്ള കടകളില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നത്‌ കുറച്ചിലായി തോന്നി. ഏറെ നേരത്തെ തിരച്ചിലിനുശേഷം ഒരു ഹോട്ടല്‍ കണ്ടെത്തി ഉള്ളില്‍ കയറി. മെനു കാര്‍ഡ്‌ കണ്ടപ്പോള്‍ ഇറങ്ങി ഓടാന്‍ തോന്നി. പക്ഷേ അതും മോശം. ഹോട്ടലുകാര്‍ ഞങ്ങളെ പറ്റി എന്ത്‌ വിചാരിക്കും എന്ന തോന്നല്‍. ഒടുവില്‍ ഭക്ഷണം കഴിച്ച്‌ എല്ലാവരും കൂടി കൈയിലുള്ള പണം കൊടുത്ത്‌ രക്ഷപ്പെട്ടു. ഹോട്ടലുകള്‍ മധ്യവര്‍ഗ്ഗക്കാരെ ഉദ്ദേശിച്ചുള്ളതല്ലെന്നും ഒക്കെ പിന്നീടാണ്‌ മനസ്സിലായത്‌. മദ്ധ്യവര്‍ഗം എന്നത്‌ ഇവിടങ്ങളില്‍ ഇല്ല. ഉള്ളത്‌ പാവങ്ങള്‍ അല്ലെങ്കില്‍ പണക്കാര്‍. പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും പുറമെ നിന്ന്‌ ഭക്ഷണം കഴിക്കണമെങ്കില്‍ ഉള്ളത്‌ റോഡരുകിലുള്ള ധാബകള്‍. വൃത്തിയും വെടിപ്പുമൊന്നും പ്രതീക്ഷിക്കേണ്ട. പക്ഷേ നല്ല ചൂടുള്ള, രുചിയുള്ള ഭക്ഷണം കിട്ടും. 

ബമ്രോളി അങ്ങാടി ആകെ രണ്ട്‌ ഫര്‍ലോങ്ങ്‌ നീളം. ഒരു പത്തിരുപത്‌ ചെറിയ കടകള്‍. ഒന്നുരണ്ട്‌ ചെറിയ തുണിക്കടകള്‍, ഫര്‍ണ്ണിച്ചര്‍ കടകള്‍, സ്റ്റേഷനറി കടകള്‍, പച്ചക്കറി കടകള്‍. ഹായ്‌ ലൈറ്റ്‌ ചായക്കടകളാണ്‌. ചായക്കൊപ്പം സമോസയും ചൂടുള്ള ജിലേബിയും കിട്ടും. സീസണായാല്‍ കാരറ്റ്‌ ഹല്‍വയും. ചായക്കൊപ്പം ജിലേബി തിന്നുന്നത്‌ ഇവിടത്തെ ഒരു രീതിയാണ്‌. 1989-ല്‍ ആദ്യമായി പോയപ്പോള്‍ മൂന്നുമാസം ആയിരുന്നു, പരിശീലനകാലം. ബോറടി മാറ്റാന്‍ കാര്യമായൊന്നും ചെയ്യാനില്ല. വൈകുന്നേരം രാമുവിണ്റ്റെ ചായക്കടയില്‍ പോയി ജിലേബിയും ചായയും കഴിച്ച്‌ ഏറെ നേരം നടക്കും. രാമുവിണ്റ്റെ കട അവിടെ വളരെ പേരെടുത്തതാണ്‌. ആരാണ്‌ രാമു എന്ന്‌ ഇപ്പോഴും എനിക്കറിയില്ല. കടയുടമസ്ഥന്‍ സാമാന്യം കുമ്പയുള്ള ഒരു വൃദ്ധന്‍ ചായക്കറയുള്ള ബനിയനുമിട്ട്‌ ക്യാഷ്‌ കൌണ്ടറില്‍ ഇരിപ്പുണ്ടാവും. മുന്നില്‍ ഒരു പഴയ ചില്ലലമാരയില്‍ വിവിധ തരം മില്‍ക്‌ സ്വീറ്റ്സ്‌. മുകളില്‍ ഒരു തകര തട്ടില്‍ ചൂടുള്ള സമോസ, പരന്ന വലിയ പാത്രത്തില്‍ ഗുലാബ്‌ ജാം, തണുപ്പ്‌ കാലത്താണെങ്കില്‍ കാരറ്റ്‌ ഹല്‍വ തുടങ്ങിയവ നിരത്തി വെച്ചിരിക്കും. 

ഉള്ളില്‍ രണ്ടോ മൂന്നോ മരമേശകള്‍, ഇരിക്കാന്‍ ബഞ്ചുകളും. എന്തോ ഉണങ്ങിയ ഇലകള്‍ കൊണ്ട്‌ കുമ്പിള്‍ കുത്തി അതിലാണ്‌ സമോസയും ചട്ണിയും തരുന്നത്‌. അടിയില്‍ വട്ടം വളരെ കുറഞ്ഞ, മുകളിലേയ്ക്ക്‌ വട്ടം കൂടിയ, പകുതിയില്‍ നിന്ന്‌ താഴേയ്ക്ക്‌ വീതിയില്‍ വരകളോട്‌ കൂടിയ നന്നേ ചെറിയ ഗ്ളാസ്സുകളില്‍ കൊഴുത്ത ചായ. കഷ്ടി രണ്ട്‌ ഔണ്‍സേ ഉണ്ടാവുകയുള്ളൂ. ഇത്തരം ഗ്ളാസ്സുകള്‍ ചെറിയ കുട്ടിയായിരുന്ന കാലത്ത്‌ നാട്ടിലെ ചായക്കടകളില്‍ കാണുമായിരുന്നു. കുറച്ച്‌ കൂടി വലുതായിരുന്നെന്ന്‌ മാത്രം. ഇപ്പോഴും ഇത്തരം ഗ്ളാസ്സുകള്‍ തമിഴ്നാട്ടിലെ ചായക്കടകളില്‍ കാണാം. അലഹബാദില്‍ ഇപ്പോഴും ചായ കൊടുക്കുന്നത്‌ ഇത്തരം ഗ്ളാസ്സില്‍ തന്നെ. 

കടയ്ക്ക്‌ പുറത്ത്‌ കളിമണ്ണ്‌ തേച്ച്‌ പിടിപ്പിച്ച്‌ മുകള്‍ഭാഗത്ത്‌ നടുവില്‍ കുഴിയോട്‌ കൂടിയ അടുപ്പുകള്‍, ഒന്ന്‌ വലുതും മറ്റൊന്ന്‌ ചെറുതും. അതില്‍ മരക്കരി ഇട്ട്‌ കത്തിക്കും. വലിയ അടുപ്പില്‍ രണ്ടുവശത്തും വലിയ കാതുകളോട്‌ കൂടിയ ചട്ടിയില്‍ എണ്ണ തിളച്ചുകൊണ്ടിരിക്കും. സമോസ, ജിലേബി, ഗുലാബ്‌ ജാം ഒക്കെ വറുത്തെടുക്കുന്നത്‌ ഈ പാത്രത്തില്‍. ചെറിയ അടുപ്പില്‍ നീണ്ട കൈപ്പിടിയോടുകൂടിയ ചായപ്പാത്രം സദാ. അതില്‍ കുറെ പാലും കുറച്ച്‌ വെള്ളവും ചായപ്പൊടിയും ചതച്ച ഇഞ്ചിയും പഞ്ചസാരയും ഇട്ട്‌ തിളപ്പിച്ചുകൊണ്ടേയിരിക്കും. പാത്രം ഒഴിഞ്ഞും കഴുകി വൃത്തിയാക്കിയും ഒരിക്കല്‍ പോലും കണ്ടിട്ടില്ല. വൈകുന്നേരം കടയില്‍ ചെന്നാല്‍ നല്ല തിരക്കായിരിക്കും. ഞങ്ങളുടെ ട്രെയിനികളില്‍ നല്ലൊരു ശതമാനം കടയിലെ നിത്യസന്ദര്‍ശകര്‍. 

ബമ്രോളിയില്‍ ഒരു പോസ്റ്റ്‌ ഓഫീസ്‌. സ്റ്റേറ്റ്‌ ബാങ്കിണ്റ്റെ ഒരു ബ്രാഞ്ച്‌. പോസ്റ്റ്‌ ഓഫീസിലും ബാങ്കിലും ചെന്നാല്‍ അനുഭവം ഒരു പോലെ. അവര്‍ വെറ്റില മുറുക്കും, തമ്പാക്കു ചവയ്ക്കും, ഇടയ്ക്കിടയ്ക്ക്‌ കുറുകിയ ചായ കുടിയ്ക്കും, കാണുന്നിടത്തെല്ലാം തുപ്പിവെയ്ക്കും. ഇതിനിടയില്‍ തരം കിട്ടിയാല്‍ എന്തിനാണ്‌ വന്നതെന്ന്‌ അന്വേഷിയ്ക്കും. മനസ്സുണ്ടെങ്കില്‍ കാര്യം സാധിച്ചു തരും. വളരെ ചെറിയ കാര്യങ്ങള്‍ക്കായി മണിക്കൂറുകളോളം ചിലവഴിച്ച അനുഭവം ഉണ്ടായിട്ടുണ്ട്‌. 

ഞങ്ങളുടെ ക്ളാസ്‌ കാലത്ത്‌ ഒമ്പതരമുതല്‍ വൈകീട്ട്‌ അഞ്ചര വരെ. ഉച്ചയ്ക്ക്‌ ഒന്നു മുതല്‍ രണ്ട്‌ വരെ ഭക്ഷണസമയം. കാലത്ത്‌ പതിനൊന്ന്‌ മണിയോടേയും വൈകീട്ട്‌ മൂന്നര മണിയ്ക്കും ഒരാള്‍ ചായയുമായി വരും. കറുത്ത്‌ മെലിഞ്ഞ്‌ താടിവടിയ്ക്കാതെ മുഷിഞ്ഞ ദോത്തി കൊണ്ട്‌ താറുടുത്ത്‌ കരിപിടിച്ച അലൂമിയം ജഗ്ഗില്‍ ചൂടുള്ള ചായ. ചായ ഗംഭീരം രാമുവിണ്റ്റെ കടയിലേത്‌ പോലെ തന്നെ. ശുദ്ധമായ പാലിന്‌ ക്ഷാമമില്ലാത്ത സ്ഥലമായതിനാല്‍ ബമ്രോളിയിലെ ചായ കുറുകിയിരിക്കും. ട്രെയിനിംഗ്‌ സേണ്റ്ററിന്‌ ചുറ്റുമതിലൊന്നും ഉണ്ടായിരുന്നില്ല, അക്കാലത്ത്‌. കമ്പി വേലിയ്ക്കിടയിലൂടെ നൂണ്ടാണ്‌ ഈ കിഴവണ്റ്റെ വരവ്‌. 

ശനി ഞായര്‍ ദിവസങ്ങളിലും മറ്റ്‌ അവധിദിവസങ്ങളിലും പതിനൊന്ന്‌ മണിയ്ക്ക്‌ ചായ കുടിയ്ക്കാന്‍ ഞങ്ങള്‍ ഈ കിഴവണ്റ്റെ കടയില്‍ പോയിത്തുടങ്ങി. ചായയുടെ രുചി തന്നെ കാരണം. കടയെന്ന്‌ പറയാന്‍ ഒന്നുമില്ല. നാല്‌ കമ്പുകള്‍ നാട്ടി പ്ളാസ്റ്റിക്‌ ചാക്കും തുണിയും കൊണ്ട്‌ മറച്ചിരിക്കുന്നു. ഒരാള്‍ക്ക്‌ കഷ്ടിച്ച്‌ എഴുന്നേറ്റ്‌ നില്‍ക്കാന്‍ മാത്രമുള്ള ഉയരം. അതിനകത്ത്‌ രാമുവിണ്റ്റെ കടയിലെ ചെറിയ അടുപ്പിന്‌ സമാനമായ ഒന്ന്‌. നീണ്ട പിടിയോടു കൂടിയുള്ള അലൂമിയം പാത്രം, രാമുവിണ്റ്റെ കടയില്‍ കണ്ടതിനേക്കാള്‍ ചെറുത്‌. ചായയ്ക്ക്‌ പത്തോ ഇരുപതോ പൈസയേ ഉണ്ടായിരുന്നുള്ളൂ. 

ആദ്യമായി കടയില്‍ പോയപ്പോള്‍ തന്നെ ശ്രദ്ധിച്ചു, കടയുടെ തുണിച്ചുമരില്‍ ഒരു കലണ്ടര്‍. കലണ്ടറില്‍ അരിവാള്‍ ചുറ്റികയുള്ള കൊടി. ഉള്ളില്‍ ചുരുണ്ട്‌ കിടന്നിരുന്ന ചെങ്കൊടി പെട്ടെന്ന്‌ പാറിപ്പറക്കാന്‍ തുടങ്ങിയത്‌ മറ്റാരും കണ്ടില്ല. അന്ന്‌ പക്ഷേ അയോളോട്‌ ഒന്നും ചോദിച്ചില്ല. പിന്നീട്‌ സൌകര്യപൂര്‍വം സംസാരിച്ചപ്പോള്‍ മനസ്സിലായി, അയാള്‍ സി. പി. ഐ ക്കാരനാണ്‌. വളരെ കൂടുതലൊന്നും ഇല്ലെങ്കിലും സി. പി. ഐ യുടെ പ്രവര്‍ത്തകര്‍ കുറേ പേര്‍ അവിടേയും ഉണ്ടെന്ന്‌ മനസ്സിലായി. ഉത്തര്‍പ്രദേശിലെ വികസനം തീണ്ടാത്ത ഒരു ഗ്രാമത്തിലെ വിദ്യാഭ്യാസം തീരെയില്ലാത്ത ഒരാള്‍ കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനായി കാണപ്പെട്ടത്‌ തികഞ്ഞ അത്ഭുതമായി തോന്നി. അക്കാലത്ത്‌ ബീഹാര്‍ സി. പി. ഐ-യുടെ ഒരു ശക്തികേന്ദ്രമായിരുന്നു. സി. പി. എം-നും സാമാന്യം ശക്തിയുണ്ടായിരുന്നു, ബീഹാറില്‍. യു. പി. യിലും കാണ്‍പൂറ്‍ പോലുള്ള ചില കേന്ദ്രങ്ങളില്‍ ഇടതുപക്ഷത്തിന്‌ ശക്തിയുണ്ടായിരുന്നു. സാമൂഹ്യവസ്ഥ നോക്കിയാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയ്ക്ക്‌ വേരോടാന്‍ പറ്റിയ മണ്ണായിരുന്നൂ, യു. പി. യിലേതും ബീഹാറിലേതും. പക്ഷേ അതൊരിക്കലും സംഭവിച്ചില്ല. 

ശനിയാഴ്ചയും ഞായറാഴ്ചയും ഒഴിവാണ്‌. ശനിയാഴ്ച പരോള്‍ ഗ്രൂപ്പിനൊപ്പവും ഞായറാഴ്ചകളില്‍ അല്ലാതെയും സിറ്റിയില്‍ പോകും. അടുത്തുള്ള എയര്‍ഫോഴ്സ്‌ ക്യാമ്പിലെ തിയേറ്ററില്‍ ഹിന്ദി സിനിമ വരും. മിക്കപ്പോഴും ഒന്നും രണ്ടും തവണ കണ്ടവ തന്നെ. ചില സായാഹ്നങ്ങള്‍ ആവഴിക്കും നീങ്ങി. ആഴ്ചകള്‍ നീങ്ങുന്നതിനനുസരിച്ച്‌ അലഹാബാദും പരിസരങ്ങളിലേയും പ്രധാനസ്ഥലങ്ങളെല്ലാം ഞങ്ങള്‍ സന്ദര്‍ശിച്ചു. ഗംഗാ, യമുന, സാങ്കല്‍പിക നദിയായ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ തൃവേണി സംഗമം, ആനന്ദഭവനം, ഭഗത്‌ സിംഗിണ്റ്റെ സഖാവായിരുന്ന ചന്ദ്രശേഖര്‍ അസാദ്‌ വെടിയേറ്റ്‌ മരിച്ച ആസാദ്‌ പാര്‍ക്ക്‌ തുടങ്ങിയ സ്ഥലങ്ങളൊക്കെ. കൂടാതെ പത്തിരുന്നൂറ്‌ കിലോമീറ്റര്‍ ദൂരെയുള്ള വാരാണസി (ഉത്തരകാശി) ബുദ്ധമതക്കാരുടെ പുണ്യ സ്ഥലമായ സാരാനാഥ്‌ ഒക്കെ സന്ദര്‍ശിച്ചു. ദൂരെയുള്ള സ്ഥലങ്ങളിലൊക്കെ പോയത്‌ കൂടെയുണ്ടായിരുന്ന ബംഗാളി സുഹൃത്തുക്കളുടെ കൂടെ. ബംഗാളികള്‍ അന്നും ഇന്നും നല്ല ടൂറിസ്റ്റുകളാണ്‌. യാത്ര നടത്താനുള്ള അവസരം കിട്ടിയാല്‍ അവര്‍ അത്‌ കളയില്ല. കന്യാകുമാരിയിലൊക്കെ പോയാല്‍ എപ്പോഴും ധാരാളം ബംഗാളികളെ കാണാനാവും. 

ഒന്നും ചെയ്യാനില്ലാത്ത അവധി ദിവസങ്ങളില്‍ ട്രെയിനിംഗ്‌ സെണ്റ്ററിണ്റ്റെ പിന്നിലുള്ള വഴിയിലൂടെ നടന്ന്‌ അടുത്തുള്ള ഗ്രാമത്തിലുള്ള പുഴയിലെത്തും. വെള്ളമുള്ള സമയമാണെങ്കില്‍ ചിലപ്പോള്‍ കുളിയ്ക്കും. തൃവേണീ സംഗമത്തില്‍ ചേരുന്ന, ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗയുടെ കൈവഴിയാണ്‌ ഈ ചെറിയ പുഴ. പുഴയുടെ കരയില്‍ കുറച്ചുവീടുകള്‍. പ്രധാന തൊഴില്‍ കാലിവളര്‍ത്തല്‍ തന്നെ. പശുക്കളേക്കാള്‍ കൂടുതല്‍ എരുമകള്‍. ഹിന്ദുക്കള്‍ പുണ്യനദിയായി കാണുന്ന ഗംഗയുടെ ഈ ചെറുമകളെ പക്ഷേ ആരും മാനിച്ചില്ല. നദിക്കരയില്‍ ആരും ഗംഗയെ തൊഴുത്‌ നിന്നില്ല. നദിയില്‍ നിന്ന്‌ ആരും വെള്ളമെടുത്ത്‌ കുപ്പിയിലാക്കി ഭയഭക്തിയോടെ കൊണ്ടുപോയില്ല. 

തൃവേണീ സംഗമത്തിലാണ്‌ പ്രസിദ്ധമായ പൂര്‍ണകുംഭമേളയും മഹാകുംഭമേളയും നടക്കുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ മതപരമായ ആള്‍ക്കൂട്ടം ആണ്‌ മഹാകും ഭമേളയുടേതെന്ന്‌ വിലയിരുത്തപ്പെടുന്നു. 2013-ല്‍ നടന്ന മഹാകുംഭമേളയില്‍ 10 കോടി ജനങ്ങള്‍ പങ്കെടുത്തെന്നാണ്‌ ഏകദേശ കണക്ക്‌. 144 വര്‍ഷത്തിലൊരിക്കലാണ്‌ മഹാകുംഭമേള നടക്കുന്നത്‌. പൂര്‍ണ കുംഭമേള 12 വര്‍ഷത്തിലൊരിക്കലും. ഇടയ്ക്കുള്ള മൂന്ന്‌ കുംഭമേളകള്‍ ഹരിദ്വാര്‍, നാസിക്‌, ഉജ്ജയിന്‍ എന്നീ സ്ഥലങ്ങളിലാണ്‌ നടക്കുന്നത്‌. മേളയിലെ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനം ഗംഗയിലുള്ള മുങ്ങിക്കുളി തന്നെ. അമ്മ സര്‍വ്വ ഐശ്വര്യങ്ങളോടെ എല്ലാവരുടേയും ആദരവും ഭക്തിയും നേടി വിരാജിക്കുമ്പോള്‍ അഞ്ചാറ്‌ കിലോമീറ്റര്‍ ദൂരെയുള്ള മകള്‍ മനുഷ്യരോടൊപ്പം കന്നുകാലികള്‍ക്കും കുളിക്കാനും കുടിയ്ക്കാനും വെള്ളം നല്‍കി തണ്റ്റെ ധര്‍മ്മം നിറവേറ്റുന്നു. ഇത്രയും മഹത്തായ ഒരമ്മയുടെ മകളാണെന്ന സത്യം ഓര്‍ക്കാതെ തിരസ്കൃതയായി കഴിയുന്നു. 

വാരാണസിയില്‍ പോയപ്പോള്‍ ഗംഗയില്‍ മുങ്ങിക്കുളിച്ച ഓര്‍മ്മ ഇന്നും അറപ്പുളവാക്കുന്നതാണ്‌. പൂജാദ്രവ്യങ്ങളും മറ്റെല്ലാ ചപ്പുചവറുകളും ചിലപ്പോള്‍ ചത്ത മൃഗങ്ങളുടെ ശരീരങ്ങളും ഒഴുകി നടക്കുന്ന ഗംഗ ഇത്തിരി പോലും എന്നെ ആകര്‍ഷിച്ചില്ല. പക്ഷേ മനുഷ്യജീവിതത്തിണ്റ്റെ നാനാ മുഖങ്ങളും ഭാവങ്ങളും കൊണ്ട്‌ സമ്മൃദ്ധമാണ്‌ സദാ സജീവമാണ്‌ വാരാണസിയും അവിടത്തെ ഗംഗാ തീരവും. കൂടെയുള്ള സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധത്തിന്‌ വഴങ്ങി കുളിക്കാനിറങ്ങി. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ചവുട്ടിയത്‌ ചളിയും ചപ്പുചവറുകളും നിറഞ്ഞ്‌ കൊഴുത്ത നിലത്ത്‌. നൂറ്‌ കണക്കിന്‌ ശവങ്ങള്‍ ദിവസവും എരിക്കുന്നതും ഇത്‌ ചെയ്യുന്നവര്‍ പാതിവെന്ത ശരീരഭാഗങ്ങള്‍ പുഴയില്‍ വലിച്ചെറിയുന്ന സംഭവങ്ങളും വായിച്ചത്‌ ഓര്‍മ്മയിലുണ്ടായിരുന്നിരിക്കണം. ഒരിക്കലേ മുങ്ങിയുള്ളൂ. അന്ന്‌ നിശ്ചയിച്ചു, ഇനിയില്ല എന്ന്‌. പിന്നീടും വാരാണസിയില്‍ പോയെങ്കിലും ഒരിക്കല്‍ പോലും ഗംഗയില്‍ കുളിക്കാന്‍ തോന്നിയിട്ടില്ല. അലഹാബാദില്‍ ഗംഗ വാരാണസിയിലെ അത്ര മലിനമല്ല. 

1989 ഫിബ്രവരിയില്‍ പൂര്‍ണകുംഭമേള നടന്നിരുന്നു. ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ തൃവേണീ സംഗമത്തിലെ വിശാലമായ മണല്‍തീരം ലക്ഷക്കണക്കിനാളുകളുടെ കാലടികളേറ്റ്‌ ഉടഞ്ഞുലഞ്ഞ നിലയിലായിരുന്നു. പൂജാ സാധനങ്ങളും പൂമാലകളും കിലോമീറ്ററോളം ദൂരം നദിയിലും തീരത്തും ചിതറിക്കിടന്നു. മുതിര്‍ന്നവരോടൊപ്പം കുട്ടികളും പുഴയില്‍ മുങ്ങി തപ്പുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ പൊങ്ങിവന്ന്‌ എന്തോ സഞ്ചിയില്‍ നിക്ഷേപിക്കുന്നത്‌ കാണായി. പിന്നീടാണ്‌ മനസ്സിലായത്‌, നീണ്ട മുങ്ങിത്തപ്പലിനൊടുവില്‍ അവര്‍ കണ്ടെടുക്കുന്നത്‌ നാണയത്തുട്ടുകളാണ്‌. കുംഭമേളയ്ക്കെത്തിയ ഭക്തര്‍ ഗംഗയ്ക്ക്‌ കാണിക്കയായി ധാരാളം പണം എറിഞ്ഞുകൊടുത്തിരുന്നു. മനുഷ്യരോട്‌ സ്നേഹം കാണിക്കുന്നപോലെത്തന്നെ ദൈവത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതും നമ്മള്‍ സമ്മാനം കൊടുത്തുകൊണ്ടാണല്ലോ. നാണയം മുങ്ങിയെടുക്കുന്ന മനുഷ്യരോ അതോ കാണിക്കയായി നദിയ്ക്ക്‌ പണമെറിഞ്ഞുകൊടുക്കുന്ന ഭക്തരോ ആരാണ്‌ പാവങ്ങള്‍? അറിയില്ല. 

ഫെബ്രുവരിയില്‍ അലഹാബാദില്‍ എത്തിയപ്പോള്‍ തണുപ്പായിരുന്നു. ക്രമേണ തണുപ്പ്‌ കുറഞ്ഞുവന്നു. മാര്‍ച്ച്‌ മാസത്തോടെ ചൂട്‌ കൂടിത്തുടങ്ങി. ഉത്തരേന്ത്യയിലെ കാലാവസ്ഥാമാറ്റം രണ്ട്‌ ഹിന്ദു ആഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ദീപാവലിയും ഹോളിയും. ദീപാവലി കഴിഞ്ഞാല്‍ സ്വെറ്റര്‍ ധരിക്കാം. ഹോളി കഴിയുമ്പോള്‍ ഊരി മാറ്റിവെയ്ക്കാം. ഇതാണതിണ്റ്റെ ഒരു രീതി. 

ഏപ്രില്‍ ആയപ്പോഴേയ്ക്കും ചൂട്‌ കഠിനമായി തുടങ്ങി. മെയ്‌ മാസത്തില്‍ ഞങ്ങളുടെ ട്രെയിനിംഗ്‌ അവസാനിക്കും. അലഹബാദ്‌ വിടുന്നതിന്‌ മുമ്പ്‌ ഒരിക്കല്‍ കൂടി ആസാദ്‌ പാര്‍ക്കിലും ആനന്ദഭവനത്തിലും ഒക്കെ പോകാന്‍ ആഗ്രഹം തോന്നി. ചൂടിണ്റ്റെ ആധിക്യം കാരണം മറ്റുള്ളവരൊന്നും കൂടെ വരാന്‍ തയ്യാറാകാത്തതുമൊണ്ട്‌ ആന്ധ്രയില്‍ നിന്നുള്ള ഒരു സുഹൃത്തുമൊത്ത്‌ സിറ്റിയില്‍ പോയി. ആനന്ദഭവനം ഒരിക്കല്‍ കൂടി കണ്ടതിനുശേഷം പാര്‍ക്കില്‍ എത്തി. ഈ പാര്‍ക്ക്‌ 1870-ല്‍ ആല്‍ഫ്രഡ്‌ രാജകുമാരന്‍ നഗരത്തിലെത്തിയതിണ്റ്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതായിരുന്നു. ഭഗത്‌ സിംഗ്‌, സുഖ്ദേവ്‌, രാജ്ഗുരു എന്നിവരെപ്പോലെ ബ്രിട്ടീഷ്‌ കാര്‍ക്കെതിരെ ആയുധമെടുത്ത്‌ പോരാടിയ ചന്ദ്രശേഖര്‍ ആസാദിണ്റ്റെ രക്തസാക്ഷിത്വത്തിനുശേഷം പാര്‍ക്കിണ്റ്റെ പേര്‌ മാറ്റി. ഒരിക്കല്‍ ചന്ദ്രശേഖര്‍ ആസാദും സഖാക്കളും ആല്‍ഫ്രഡ്‌ പാര്‍ക്കിലുണ്ടെന്നറിഞ്ഞ ബ്രിട്ടീഷ്‌ പോലീസ്‌ പാര്‍ക്ക്‌ വളഞ്ഞു. കൂടെയുള്ള സഖാക്കളെ രക്ഷിക്കാന്‍ ആസാദ്‌ വെടിവെയ്പ്പ്‌ തുടങ്ങി. സഖാക്കള്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്‌ മുറിവേറ്റു. എന്നാല്‍ പിടികൊടുക്കാന്‍ തയ്യാറാവാതെ അവസാനത്തെ വെടിയുണ്ട ഉപയോഗിച്ച്‌ അദ്ദേഹം സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. ഈ സംഭവം നടന്നത്‌ 1931 ഫെബ്രവരി 27-ന്‌. ചെറുപ്പകാലത്തെ വീരപുരുഷന്‍മാരായിരുന്നൂ, ഭഗത്‌ സിംഗ്‌, സുഖ്ദേവ്‌, രാജ്ഗുരു എന്നിവര്‍ക്കൊപ്പം ആസാദും. പാര്‍ക്കില്‍ നില്‍ക്കുമ്പോള്‍ രക്തസാക്ഷികളുടെ ചോരവീണ്‌ ചുവന്ന മണ്ണില്‍ നില്‍ക്കുന്നതിണ്റ്റെ നിര്‍വൃതി ഞാന്‍ അറിഞ്ഞു. 

പെട്ടെന്ന്‌ പാര്‍ക്കിണ്റ്റെ ചുറ്റുമുള്ള റോഡില്‍ ആളുകളുടെ ബഹളം കേട്ടു. കടക്കാരെല്ലാം പുറത്തുനിരത്തി വെച്ചിരിക്കുന്ന സാധനങ്ങള്‍ പ്ളാസ്റ്റിക്‌ ഷീറ്റ്‌ കൊണ്ട്‌ മൂടുന്നു. ഉന്തുവണ്ടിക്കാര്‍ വണ്ടികള്‍ മൂടി കച്ചവടം അവസാനിപ്പിക്കുന്നതുപോലെ തോന്നി. ഞങ്ങള്‍ ഒന്നും മനസ്സിലാകാതെ നിന്നു. ശക്തമായ കാറ്റ്‌ വീശി തുടങ്ങി.അന്തരീക്ഷം ഒന്നും കാണാനാവത്ത വിധം പൊടി നിറഞ്ഞു. കാര്യം മനസ്സിലാക്കിയപ്പോഴേക്ക്‌ വൈകിപ്പോയിരുന്നു. ഞങ്ങള്‍ രണ്ട്‌ പേരും തിരിച്ചറിയാനാവാത്ത വിധം ചുവന്ന പൊടിയില്‍ മൂടിയിരുന്നു. രക്തസാക്ഷികളുടെ ചോര വീണ്‌ ചുവന്ന പൊടിയായിരിക്കും ഒരു പക്ഷേ ഞങ്ങളെ മൂടിയത്‌. ദേഹം നിറഞ്ഞ പൊടിയോടെ ഫട്‌ ഫട്‌ വണ്ടിയില്‍ കയറി ഞങ്ങള്‍ ട്രെയിനിംഗ്‌ സെണ്റ്ററില്‍ എത്തി. 

അടുത്ത തവണ ട്രെയിനിംഗ്‌ സെണ്റ്ററില്‍ പോയപ്പോഴേക്കും അതിണ്റ്റെ മുഖം തന്നെ മാറിയിരുന്നു. ഒരു യു. എന്‍. ഡി. പ്പി. പ്രോഗ്രാമിണ്റ്റെ ഭാഗമായി നല്ല കെട്ടിടങ്ങള്‍ വന്നു. നല്ല ഹോസ്റ്റല്‍ സൌകര്യങ്ങള്‍. അറ്റാച്ഡ്‌ ബാത്‌ റൂമുകള്‍. ശീതീകരിച്ച മുറികള്‍. മെച്ചപ്പെട്ട ഭക്ഷണം ഒക്കെ. 

പക്ഷേ ബമ്രോളി ഗ്രാമത്തിന്‌ കാര്യമായ ഒരു മാറ്റവും ഇല്ല. പുതിയ ഒന്നു രണ്ട്‌ കടകള്‍ വന്നിരിക്കുന്നു. രാമുവിണ്റ്റെ ചായക്കട അതുപോലെ തന്നെ. സമോസയ്ക്കും ജിലേബിയ്ക്കും അതേ രുചി. അതെ അലമാര, അതേ ബെഞ്ചുകള്‍, മേശകള്‍. കാഷ്‌ കൌണ്ടറില്‍ ഇരിക്കുന്നത്‌ പഴയ കിഴവന്‍ അല്ല. കുറച്ചുകൂടി പ്രായം കുറഞ്ഞ ഒരാള്‍, അയാളുടെ മകനായിരിക്കും. അതേ പോലുള്ള ദോത്തി, ചായക്കറപുരണ്ട്‌ നിറം മാറിയ ബനിയന്‍. 

ട്രെയിനിംഗ്‌ സെണ്റ്ററിനുചുറ്റും മതില്‌ വന്നു. വലിയ ഗേറ്റ്‌, ഗേറ്റില്‍ സെക്യൂറിറ്റി. മതിലിനോട്‌ ചേര്‍ന്ന്‌ പ്ളാസ്റ്റിക്‌ കൊണ്ട്‌ മറച്ച ചായക്കടകള്‍ ഒന്നല്ല രണ്ടെണ്ണം. പക്ഷേ ആ കിഴവനെ കാണാനായില്ല. കോണ്‍ഗ്രസ്സിണ്റ്റെ നേതൃത്വത്തിലുണ്ടായിരുന്ന ബ്രാഹ്മണ മേധാവിത്വത്തിനെതിരെ യാദവ ശക്തിയുമായി സോഷ്യലിസ്റ്റ്‌ ഭൂതകാലമുണ്ടായിരുന്ന മുലായം സിംഗ്‌ അധികാരത്തില്‍ വന്നിരുന്നു. പിന്നീട്‌ ദലിത്‌ മുഖവുമായി മായാവതിയും. രാഷ്ട്രീയത്തില്‍ ബ്രോക്കര്‍ വേഷത്തിണ്റ്റെ സാദ്ധ്യത പുതുതായി കണ്ടെത്താനായി എന്നതാണ്‌ ഇവരുടെ ഭരണത്തിണ്റ്റെ പ്രധാന നേട്ടം. ഏറെക്കാലം നീണ്ട കോണ്‍ഗ്രസ്സിണ്റ്റെ ദുര്‍ഭരണത്തിനും ഹിന്ദുത്വ ശക്തികളുടെ ബദലിനും എതിരായി രംഗത്തുവന്ന ചെറിയ പ്രാദേശികപാര്‍ട്ടികള്‍ വളരെ കുറഞ്ഞ കാലം കൊണ്ട്‌ തന്നെ അഴിമതിയിലും ദുര്‍ഭരണത്തിലും മുങ്ങി അപ്രസക്തമാകുന്ന കാഴ്ചയാണ്‌ സമീപകാല ഇന്ത്യന്‍ ദുരന്തം. ചരിത്രം തങ്ങളിലേല്‍പിച്ച സുപ്രധാന ദൌത്യം മറന്നുപോയവരില്‍ മുലയം സിംഗും മായാവതിയും ലലു പ്രസാദ്‌ യാദവും ചന്ദ്രബാബു നായിഡുവും കരുണാനിധിയുമുണ്ട്‌. ഇന്ത്യന്‍ ജനാധിപത്യത്തിണ്റ്റെ ശാപവും ഇത്‌ തന്നെ. 

യു. പി. യിലെ പിന്നോക്കക്കാരുടെയും ദലിതണ്റ്റേയും അവസ്ഥയില്‍ കാര്യമായ ഒരു മാറ്റവും കൊണ്ട്‌ വരാന്‍ മുലയം സിംഗിനും മായവതിയ്ക്കും കഴിഞ്ഞിട്ടില്ലെന്ന്‌ ഓരോ ബമ്രോളി യാത്രയും പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ ഒന്നുണ്ട്‌. അന്ന്‌ കണ്ടിരുന്ന കിഴവനും അയാള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ചെങ്കൊടിയും എന്നെന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു.  

Thursday, August 15, 2013

മുത്തന്‍ റൈറ്റര്‍ കൃഷ്ണന്‍നായര്‍

ചിലരങ്ങനെയാണ്‌. നാടോടുമ്പോള്‍ കൂടെ ഓടാന്‍ ശ്രമിക്കാതെ, അത്‌ ശ്രദ്ധിക്കുക പോലും ചെയ്യാതെ ഒരരിക്‌ പറ്റി നടന്നുപോകും. തന്നെ കളിയാക്കുന്നവരെ തെല്ലും ഗൌനിക്കാതെ, ചുളിയുന്ന നെറ്റികള്‍ കാണാതെ തങ്ങളുടെ നടത്തം തുടരും. മറ്റുള്ളവരില്‍ നിന്ന്‌ മാറി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ കാരണം ബോധപൂര്‍വമല്ല ഈ വേറിട്ടുനടത്തം. തങ്ങള്‍ വേറിട്ടാണ്‌ നടക്കുന്നത്‌ എന്ന തോന്നല്‍ പോലും ഇവരില്‍ ഉണ്ടാകില്ല. ഇത്തരത്തിലൊരാളായിരുന്നു, ചെറമംഗലത്തെ മുത്തന്‍ റൈറ്റര്‍ കൃഷ്ണന്‍ നായര്‍. 

ഓര്‍മ്മ വെയ്ക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ ഒരു പെട്ടിക്കടയുമായി ഉണ്ട്‌. പരപ്പനങ്ങാടി താനൂറ്‍ റോഡില്‍ ചെറമംഗലം മനയിലേക്ക്‌ കയറാനുള്ള വഴിയ്ക്ക്‌ അരികില്‍ മനയ്ക്കല്‍ കുടുംബം സൌജന്യമായി അനുവദിച്ചുകൊടുത്ത ഇത്തിരി സ്ഥലത്ത്‌ ഒരു ചെറിയ പെട്ടിക്കട. കടയോട്‌ ചേര്‍ന്ന്‌ വലിയ നാട്ടുമാവ്‌. തൊട്ടരികില്‍ ആള്‍മറയില്ലാത്ത കിണര്‍. വഴിയാത്രക്കാര്‍ക്ക്‌ ദാഹം വന്നാല്‍ വെള്ളം കോരികുടിക്കാന്‍ വേണ്ടിയാണ്‌ കിണര്‍. എപ്പോഴും ഒരു തൊട്ടിയും കയറും സമീപത്തുണ്ടാവുമായിരുന്നു. എതിര്‍ വശത്ത്‌ ഒരു അത്താണി. ചുമടുമായി പോകുന്നവര്‍ ചുമടിറക്കി, ദാഹം തീര്‍ത്ത്‌ ഇത്തിരി വിശ്രമിച്ച്‌ വീണ്ടും നടത്തം തുടരും. ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഒരുപാട്‌ അരുതായ്മകള്‍ക്കിടായിലും ഇങ്ങനെ ചില നല്ല വശങ്ങള്‍ നിലനിന്നിരുന്നു. ഇന്ന്‌ സമ്പൂര്‍ണ കമ്പോളവല്‍ക്കരണത്തിണ്റ്റെ കാലത്ത്‌ ഇങ്ങനെയുള്ള അവസ്ഥയെ ഒരു ബിസിനസ്സ്‌ തുടങ്ങാനുള്ള സാഹചര്യമായി നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നു. അടുത്ത വീട്ടുകാരണ്റ്റെ ദാരിദ്യ്രം ഒരു കൈ സഹായം ചെയ്യാനുള്ളതല്ലെന്നും പറ്റുമെങ്കില്‍ കുറച്ച്‌ കാശ്‌ കടം കൊടുത്ത്‌ പലിശ വാങ്ങാനുള്ള അവസരമായി കാണണമെന്നുള്ളതാണ്‌ ബിസിനസ്സ്‌ പഠനത്തിണ്റ്റെ കാതല്‍. 

ഒരു മരപ്പെട്ടിയുമായി സാമ്യമുള്ളതായിരുന്നു, പെട്ടിക്കടയുടെ രൂപം. നാല്‌ മരക്കാലില്‍ ഉയര്‍ന്നുനില്‍ക്കുന്ന മരപ്പെട്ടി. മൂന്നു വശങ്ങളിലുമുള്ള മരപലകകള്‍ ആണി അടിച്ച്‌ ഉറപ്പിച്ചിരിക്കുന്നു. മുന്‍വശത്ത്‌ തുറക്കാന്‍ പാകത്തില്‍ മാത്രം മരം കൊണ്ടുള്ള നിരപ്പലക. പെട്ടിക്കട എന്ന പേര്‌ വന്നതുതന്നെ അക്കാലത്ത്‌ ധാരാളമായുണ്ടായിരുന്ന ഇത്തരം കടകളില്‍ നിന്ന്‌. കടയുടെ മുന്നില്‍ ഒരു ചെറിയ പലക നാല്‌ കാലില്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. അതില്‍ വെറ്റില, അടയ്ക്ക, ചെറുബീഡി, തീപ്പെട്ടി, വിലകുറഞ്ഞ മുട്ടായികള്‍ നിറച്ച ചെറിയ വായ്‌ വട്ടമുള്ള കുപ്പികള്‍. നിരപ്പലക തുറന്ന്‌ പെട്ടിക്കുള്ളില്‍ കാല്‌ പുറത്തേയ്ക്ക്‌ തൂക്കി ഇട്ടിരുന്നുകൊണ്ട്‌ കൃഷ്ണന്‍ നായര്‍ കച്ചവടം ചെയ്യും. പലകയുടേ മുകള്‍വശം മുറുക്കാന്‍ വെട്ടി വെട്ടി തേഞ്ഞ്‌ പോയിരിക്കുന്നു. കച്ചവടത്തില്‍ ഏറെയും കടമായിരുന്നു. കിട്ടാക്കടങ്ങള്‍ ഒരു ചെറിയ നോട്ടുപുസ്തകത്തില്‍ പെന്‍സില്‍ കൊണ്ടും അല്ലാത്ത ചെറിയ പറ്റ്‌ നിരപ്പലകയില്‍ ചോക്ക്‌ കൊണ്ടും എഴുതിവെയ്ക്കും. 

സ്ഥിരമായ പൊടിവലി കാരണം മീശയില്‍ എപ്പോഴും പൊടി പറ്റിയിരിക്കും. സ്വയം പൊടി വലിക്കുമ്പോള്‍ തന്നെ കടയില്‍ വരുന്നവര്‍ക്കൊക്കെ സമ്മാനിക്കുകയും ചെയ്യും. ഞാനും ചിലപ്പോള്‍ പൊടി വലിച്ചിട്ടുണ്ട്‌, കൃഷ്ണന്‍ നായരുടെ കൂടെ. എട്ടുമണിയോട്‌ കൂടി കടപൂട്ടി റാന്തല്‍ വിളക്കും തൂക്കി കൃഷ്ണന്‍ നായര്‍ വീട്ടില്‍ പോകും. വളരെ പതുക്കെ നടന്നുകൊണ്ട്‌. അന്നൊക്കെ എല്ലാവരും മെല്ലെയേ നടന്നിരുന്നുല്ലൂ. ഇന്നത്തെ പോലെ ധൃതി ആര്‍ക്കുമുണ്ടായിരുന്നില്ല.തീരെ ധൃതിയില്ലാതെ സഞ്ചരിച്ചിരുന്നിരുന്ന ആളുകളുടെ ഇടയില്‍ അവരേക്കാള്‍ മെല്ലെ നടന്നൂ കൃഷ്ണന്‍ നായര്‍. 

പക്ഷേ ഈ പെട്ടിക്കട കൃഷ്ണന്‍ നായര്‍ക്ക്‌ ഇരിക്കാനുള്ള ഒരിടം മാത്രമായിരുന്നു. അത്യാവശ്യം കൈനോട്ടം, മുഖലക്ഷണം പറയല്‍ ഒക്കെ ഉണ്ടായിരുന്നു. കൈനോട്ടത്തിലും മുഖലക്ഷണം പറച്ചിലിലും കൃഷ്ണന്‍ നായരുടെ പ്രാഗത്ഭ്യം നാട്ടില്‍ സംസാരവിഷയമായിരുന്നു. പങ്ങത്തൂറ്‍ തറവാട്ടിലെ ഒരാളുടെ കൈ നോക്കി ഭാര്യയുമായി പിരിയും എന്ന്‌ പറഞ്ഞതായും താമസിയാതെ അത്‌ നടന്നതായും ആളുകള്‍ പറഞ്ഞു. അതുപോലെ വെള്ളയില്‍ അപ്പുട്ടി എന്നയാളുടെ കൈനോക്കി ഒരാഴ്ച ശ്രദ്ധിക്കണം എന്ന്‌ പറഞ്ഞിരുന്നത്രേ. കൃഷ്ണന്‍ നായര്‍ പറഞ്ഞു എന്ന്‌ വിശ്വസിക്കപ്പെടുന്ന കാലാവധിക്കുള്ളില്‍ ഒരു കിണറ്‌ കുഴിച്ചുകൊണ്ടിരിക്കേ മണ്ണിടിഞ്ഞുവീണ്‌ അയാള്‍ മരിച്ചുവെന്നുള്ളത്‌ ശരി. 

അക്കാലത്ത്‌ വലിയ വിസ്താരത്തില്‍ മീറ്ററുകള്‍ അകലെ നിന്ന്‌ കുഴിച്ച്‌ ചെന്ന്‌ വെള്ളം കണ്ടതിനുശേഷം ചെങ്കല്ല്‌ കൊണ്ട്‌ കെട്ടിപ്പൊക്കിയായിരുന്നൂ, കിണറ്‌ നിര്‍മ്മാണം. ഏറ്റവും അടിയില്‍ നെല്ലി മരം കൊണ്ട്‌ വട്ടത്തിലുള്ള ആദ്യപടി വെക്കും. അതിനുമുകളിലായിരുന്നൂ, കല്ല്‌ കെട്ടി പൊക്കുക. ഒരു കിണര്‍ നിര്‍മ്മാണത്തിന്‌ മാസങ്ങള്‍ എടുക്കുമായിരുന്നു. എണ്റ്റെ കുട്ടിക്കാലത്ത്‌ വീട്ടില്‍ നടന്ന കിണര്‍ നിര്‍മ്മാണം ഓര്‍മ്മയില്‍ നേരിയ തോതില്‍ തങ്ങി നില്‍പുണ്ട്‌. പറമ്പില്‍ കുന്നുപോലെ കുഴിച്ചെടുത്ത മണ്ണ്‌. കുഴിച്ചെടുക്കുന്ന മണ്ണ്‌ മുകളിലെത്തിയ്ക്കാന്‍ താഴെ നിന്ന്‌ നീണ്ട വഴി, ചാല്‌ പോലെ. തീരെ ഉറപ്പില്ലാത്ത മണല്‍ പ്രദേശത്ത്‌ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ ധാരാളം അപകടങ്ങള്‍ പതിവായിരുന്നു. അന്ന്‌ നെല്ലിപ്പടി ഉറപ്പിച്ച്‌ പണിക്കാരെല്ലാം കയറിയതിനുശേഷം അപ്പുട്ടി വീണ്ടും ഇറങ്ങിയത്രേ, നെല്ലിപ്പടിയുടെ നിരപ്പില്‍ സംശയം തോന്നി അത്‌ ശരിയാക്കാന്‍. മറ്റുള്ളവരുടെ വിലക്ക്‌ വകവെയ്ക്കാതെ വീണ്ടും ഇറങ്ങിയ അയാള്‍ മണ്ണിടിഞ്ഞുവീണ്‌ മരിക്കുകയായിരുന്നു. 

പ്രവചനപ്രകാരം നടന്ന ഒന്നോ രണ്ടോ കാര്യങ്ങള്‍ കേട്ട്‌ ആളുകള്‍ മൂക്കത്ത്‌ വിരല്‍ വെയ്ക്കും. നടക്കാതെ പോയ നൂറ്‌ കാര്യങ്ങള്‍ ആരും പറയാറും ഇല്ല. ഇതു തന്നെ ആയിരിക്കില്ലേ കൃഷ്ണന്‍ നായരുടെ കാര്യത്തിലും സംഭവിച്ചിരിക്കുക? എന്തായാലും കൃഷ്ണന്‍ നായരുടെ കഴിവില്‍ ആളുകള്‍ വിശ്വസിച്ചു. 

കൃഷ്ണന്‍ നായര്‍ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി ആയിരുന്നത്രേ. കണക്കില്‍ ബഹു മിടുക്കന്‍. ഒമ്പതാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ചെറിയ തോതില്‍ ബുദ്ധിഭ്രമം വന്നു. ഏറെ നാള്‍ ചികിത്സ നടത്തി. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കുശേഷം ഒരു കാസിംകോയ തങ്ങള്‍ ആണത്രേ അസുഖം ഭേദമാക്കിയത്‌. അസുഖം ഭേദമായെങ്കിലും കൃഷ്ണന്‍ നായര്‍ പരിപൂര്‍ണമായും ഒരു സാധാരണ മനുഷ്യന്‍ ആയില്ല. അങ്ങിനെയിരിക്കെ കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ വീട്‌ വിട്ട്‌ പോകുന്നു. പിന്നീട്‌ തിരിച്ചുവരുന്നത്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞാണ്‌. തിരിച്ചുവന്ന അദ്ദേഹം ഇംഗ്ളീഷ്‌, ഹിന്ദി തുടങ്ങിയ ഭാഷകള്‍ മോശമില്ലാതെ കൈകാര്യം ചെയ്തിരുന്നു. കുടുംബ കാരണവരായ അമ്മാവണ്റ്റെ പീഡനം അസഹ്യമായിരുന്നതായി കൃഷ്ണന്‍ നായര്‍ പീടികയിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന റഹീമിനോട്‌ പറഞ്ഞിട്ടുണ്ട്‌. അന്ന്‌ നാടുവിടാന്‍ ഒരു പക്ഷേ ഇതും കാരണമായിരുന്നിരിക്കാം. 

ബ്രാഹ്മണ്യം കൊടികുത്തി വാണിരുന്ന അക്കാലത്ത്‌ അബ്രാഹ്മണര്‍ ആരായാലും അശ്രീകരം ആയി കണ്ടിരുന്നല്ലോ. ഒരിക്കല്‍ മനയ്ക്കലെ ഒരു വീട്ടില്‍ ഒരിക്കല്‍ ഉപനയന കര്‍മം നടക്കുമ്പോള്‍ അബദ്ധവശാല്‍ അതുവഴി കുട്ടിയായ കൃഷ്ണന്‍ നായര്‍ കടന്നുപോയി. അത്‌ കണ്ട്‌ അശുദ്ധം ആയി എന്ന്‌ പറഞ്ഞ്‌ ചടങ്ങുകള്‍ വീണ്ടും ചെയ്തതായി കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടുണ്ട്‌. ഇത്‌ കുട്ടിയായ തണ്റ്റെ ഉള്ളില്‍ ഉണ്ടാക്കിയ മുറിവിനെപ്പറ്റിയും അദ്ദേഹം റഹീമിനോട്‌ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുണ്ടെന്ന്‌ റഹീം പറയുന്നു. 

കൃഷ്ണന്‍ നായരുടെ മറ്റൊരു ഹോബി കവിത എഴുത്തായിരുന്നു. 'കിരാത സൂക്തം' എന്നൊരു കവിത അദ്ദേഹം എഴുതിയിരുന്നു. പക്ഷേ അതിണ്റ്റെ കോപ്പി കിട്ടാനുള്ള എണ്റ്റെ ശ്രമം വിജയിച്ചില്ല. പക്ഷേ 1984-ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകം അദ്ദേഹത്തെ കൊണ്ട്‌ വീണ്ടും ഒരു കവിത എഴുതിച്ചു. 'ആ അത്യാഹിതം' അല്ലെങ്കില്‍ 'ഇന്ദിരാഗാന്ധിയുടെ ദുരന്തമരണം - ഒരു അനുസ്മരണം' എന്നായിരുന്നു, കവിതയുടെ പേര്‌. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ചില പ്രാദേശിക പ്രശ്നത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ കൃഷ്ണന്‍ നായര്‍ അവര്‍ക്ക്‌ കത്തെഴുതിയതായി പറഞ്ഞുകേട്ടിരുന്നു. കവിതയുടെ രചയിതാവിണ്റ്റെ പേരായി കൊടുത്തിട്ടുള്ളത്‌ 'ഹൈപ്രകാശ്‌ ബാബു' എന്നാണ്‌. പുസ്തകത്തിണ്റ്റെ പകര്‍പ്പവകാശം പ്രസിദ്ധീകര്‍ത്താവായ കെ. നായരില്‍ നിക്ഷിപ്തമാണ്‌. കമ്മീഷന്‍ വ്യവസ്ഥയില്‍ പുസ്തകം ചിലവാക്കാന്‍ ഏജണ്റ്റുമാരെ ആവശ്യമുണ്ടെന്നും പുസ്തകത്തില്‍ പരസ്യമുണ്ട്‌. കവിതയുടെ നിലവാരത്തില്‍ കൂടുതലായി കൃഷ്ണന്‍ നായരുടെ വേറിട്ട രീതികളുടെ ഒരു നിദര്‍ശനമായി ഞാന്‍ ഈ പ്രവര്‍ത്തിയെ കാണുന്നു. 

കൃഷ്ണന്‍ നായര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്‌ 'മുത്തന്‍ റൈറ്റര്‍ കൃഷ്ണന്‍ നായര്‍' എന്നായിരുന്നു. കടയ്ക്ക്‌ മേല്‍ എഴുതിയും വെച്ചിരുന്നു, അങ്ങനെ. അത്‌ സ്വയം ചെയ്തതാണോ അതല്ല ആരോ കുസൃതികള്‍ ഒപ്പിച്ച പണിയാണോ എന്നറിയില്ല, ക്രമേണ ആ പേര്‌ സ്ഥിരമായി. അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നതില്‍ അദ്ദേഹത്തിന്‌ ഒരു പ്രയാസവും തോന്നിയിരുന്നില്ല. ഈ വിഷയം ചെറമംഗലത്തെ പ്രാദേശിക ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ്‌. 

ഒരിക്കല്‍ മനയ്ക്കലെ കാരണവര്‍ സന്ധ്യാവന്ദനം നടത്തുന്നതിനുമുമ്പായി കുളത്തിലിറങ്ങി കുളിച്ചുവരുമ്പോള്‍ ശൂദ്രണ്റ്റെ സാന്നിദ്ധ്യമറിയിച്ചുകൊണ്ടുള്ള 'ഹോയ്‌ ഹോയ്‌' വിളികേട്ടു. അശുദ്ധമായ കാരണവര്‍ വീണ്ടും ശുദ്ധമാകാന്‍ കുളത്തിലിറങ്ങി കയറി. വീണ്ടും അതെ 'ഹോയ്‌ ഹോയ്‌'. ഇത്‌ പലതവണ ആവര്‍ത്തിച്ചപ്പോള്‍ ഏതോ അദൃശ്യശക്തികളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം 'എനിക്ക്‌ സന്ധ്യാവന്ദനം ചെയ്യാന്‍ അനുവാദം തരണം: എന്താ വേണ്ടതെന്ന്‌ വെച്ചാല്‍ ചെയ്യാം' എന്ന്‌ ഉറക്കെ പറഞ്ഞപ്പോള്‍ തടസ്സം മാറിക്കിട്ടി എന്ന്‌ പഴമക്കാര്‍ വിശ്വസിച്ചു. 

പിന്നീട്‌ പ്രശ്നം വെച്ചപ്പോള്‍ 'കള്ളോടി മുത്തന്‍' എന്ന ശക്തിയുടെ പ്രവര്‍ത്തനമാണെന്ന്‌ മനസ്സിലാക്കിയെന്നും മുത്തനെ മനയുടെ കൈവശമുള്ള ഇത്തിരി സ്ഥലത്ത്‌ കുടിയിരുത്തി എന്നും ഐതിഹ്യം. പ്രദേശത്തെ ഹരിജനങ്ങള്‍ പറയുന്ന കഥ കുറച്ചുകൂടി പഴയകാലത്തേക്ക്‌ നീളുന്നു. കളര്‍കോട്‌ മുത്തന്‍ മനയ്ക്കലെ പണിക്കാരനായിരുന്നത്രേ. മനയ്ക്കലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായ മുത്തനെ അന്നത്തെ തമ്പുരാക്കന്‍മാര്‍ കൊലപ്പെടുത്തി കുഴിച്ചുമൂടി. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തു എന്ന്‌ വിശ്വാസം. അകാലമരണമടഞ്ഞ മുത്തണ്റ്റെ ആത്മാവ്‌ ഗതികിട്ടാതെ അലഞ്ഞു നടന്നു. അന്ന്‌ കാരണവരെ സന്ധ്യാവന്ദനത്തില്‍ തടസ്സപ്പെടുത്തിയത്‌ മുത്തണ്റ്റെ ആത്മാവ്‌ ആയിരുന്നുവെന്നും പ്രായശ്ചിത്തമായാണ്‌ മുത്തനെ കുടിയിരുത്തിയതെന്നും അവര്‍ വിശ്വസിക്കുന്നു. 

ഈ സ്ഥലം ഇപ്പോള്‍ കൃഷി വകുപ്പിണ്റ്റെ കീഴിലുള്ള തെങ്ങിന്‍ തൈ ഉല്‍പാദനകേന്ദ്രത്തിണ്റ്റെ വടക്കു കിഴക്കേ അതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്ന മുത്തന്‍ കാവായ്‌ മാറി. കുറച്ചുകാലം മുമ്പ്‌ വരെ ഹരിജനങ്ങളുടെ ചില പൂജയെല്ലാം അവിടെ നടക്കാറുണ്ടായിരുന്നു. ഇടക്കാലത്ത്‌ ഇത്‌ നിന്നുപോയി. മൂന്നിയൂരെ പെരുങ്കളിയാട്ടത്തിന്‌ എഴുന്നള്ളിച്ച്‌ കൊണ്ട്പോകുന്ന പൊയ്‌കുതിരകള്‍ മുത്തന്‍ കാവ്‌ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. കര്‍ക്കിടകസംക്രാന്തി ദിവസം ഇവിടെ ചെറുമക്കളുടെ പൂജ നടക്കാറുണ്ട്‌. അര്‍ച്ചനയായി കോഴി വെട്ടും. 

മുത്തണ്റ്റെ ഉപദ്രവം ഉണ്ടാവുന്ന ആളുകളുടെ കാല്‍വിരലും കൈവിരലും പഴുത്ത്‌ ചലം നിറയും, ഒരു കാരണവുമില്ലാതെ. കഠിനമായ വേദനയും. ഇത്‌ മരുന്നു കൊണ്ട്‌ മാറില്ല. മരുന്നുകൊണ്ട്‌ മാറാതെ വരുമ്പോള്‍ മുത്തണ്റ്റെ ഉപദ്രവം ആളുകള്‍ മനസ്സിലാക്കും. അവര്‍ ചെറമഗലം മനയില്‍ എത്തുന്നു. മനയിലേക്ക്‌ പോകുന്ന രോഗി കൃഷ്ണന്‍ നായരെ കണ്ട്‌ ഓല എഴുതിക്കും. രോഗിയുടെ പേര്‌, അംശം, ദേശം ഒക്കെ അടങ്ങിയ ഓലയില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ടായിരിക്കും, "ഇവിടെ വന്ന്‌ സങ്കടം പറഞ്ഞിരിക്കുന്നു. ഇനി താന്‍ അയാളെ ഉപദ്രവിക്കരുത്‌." പനയോലയില്‍ എഴുത്താണി കൊണ്ട്‌ എഴുതുന്ന കുറിപ്പ്‌ മനയ്ക്കലെ തറവാട്ട്‌ വീട്ടില്‍ കൊടുക്കണം, ഒരു രൂപ ഇരുപത്തഞ്ച്‌ പൈസ ദക്ഷിണയും. മനക്കല്‍ നിന്ന്‌ കുറച്ച്‌ ഭസ്മം ജപിച്ചുകൊടുക്കും, സേവിയ്ക്കാന്‍. 

അതോടെ രോഗം മാറി ആള്‍ സുഖം പ്രാപിക്കുമെന്നുമായിരുന്നു, വിശ്വാസം. അക്കാലത്ത്‌ വളരെ ദൂരത്തുനിന്നുവരെ ആളുകള്‍ എത്താറുണ്ടായിരുന്നു. ഓലയെഴുതാനുള്ള അവകാശം മനയ്ക്കലെ കാരണവര്‍ കല്‍പിച്ചുകൊടുക്കുന്നതാണ്‌. കൃഷ്ണന്‍ നായര്‍ക്കുമുമ്പ്‌ കുറ്റിയില്‍ കണ്ടന്‍കുട്ടി നായര്‍, കുമാരന്‍ നായര്‍, നമ്പീശണ്റ്റെ കുടുംബം ഒക്കെ ഈ അവകാശം ഉള്ളവരായിരുന്നു, എന്ന്‌ പഴമക്കാര്‍ പറയുന്നു. 

ഇത്തരം അദൃശ്യശക്തികളുടെ ഉപദ്രവത്തിനെ ചെറുക്കാന്‍ അക്കാലത്തെ മരുന്നുകള്‍ക്കാവുമായിരുന്നില്ല. ആഗോളീകരണത്തിണ്റ്റെ ഇക്കാലത്ത്‌ ദൃശ്യവും അദൃശ്യവും ആയ എല്ലാ ശക്തികള്‍ക്കും സര്‍വ്വനാശം വരുത്താന്‍ കഴിവുള്ള മരുന്നുകള്‍ കമ്പനികള്‍ ഇറക്കുന്നു. മുത്തനെ മാത്രമല്ല, മുതുമുത്തനെ വരെ ഇല്ലാതാക്കാന്‍ മരുന്നുകള്‍ ലഭ്യമാണ്‌ ഇപ്പോള്‍. അതുകൊണ്ട്‌ തന്നെയാവണം മുത്തന്‍ രോഗത്തിന്‌ അറുതി വന്നു. കൃഷ്ണന്‍ നായര്‍ക്കുശേഷം മറ്റൊരു മുത്തര്‍ റൈറ്റര്‍ ഉണ്ടായതുമില്ല. 

നെയ്യാറ്റിന്‍കര നിന്ന്‌ കാസറഗോഡ്‌ വരെ നീണ്ടുകിടക്കുന്ന നഗരപ്രാന്തമാണ്‌ കേരളം ഇന്ന്‌. നഗരവല്‍ക്കരണം തുടച്ചുനീക്കുന്നത്‌ ഗ്രാമത്തിണ്റ്റെ വൃത്തിയും വെടുപ്പും വിശുദ്ധിക്കുമൊപ്പം നമ്മുടെ ഓര്‍മ്മകളേയുമാണ്‌. ഇന്നില്‍ ജീവിക്കുന്ന നഗരങ്ങള്‍ക്ക്‌ ഇന്നലെകളില്ല, ഓര്‍മ്മകളും. എണ്റ്റെ ഗ്രാമത്തിണ്റ്റെ ഇന്നലെകള്‍ക്കൊപ്പം മറഞ്ഞുപോയ ചില വ്യകതികളെ ഓര്‍ക്കുക വഴി ഒരു കാലഘട്ടത്തെ തന്നെ ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിണ്റ്റെ ഭാഗമാണ്‌ ഈ കുറിപ്പ്‌. 

Saturday, July 20, 2013

പരിസരശുചിത്വം: പൊട്ടുന്ന ബലൂണുകള്‍



കുറച്ചു നാള്‍ മുമ്പ്‌ മാധ്യമം പത്രത്തില്‍ കണ്ട കാര്‍ട്ടൂണ്‍ ആണിത്‌. കാര്‍ട്ടൂണില്‍ ഉപയോഗിച്ച പാരഡി കുറിക്കുകൊള്ളുന്നു. അതില്‍ കൂടുതലായി മലയാളിയുടെ ഇന്നത്തെ അവസ്ഥയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. ആരോഗ്യരംഗത്തും ശുചിത്വ രംഗത്തും മലയാളികള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ വേഗത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ പ്രത്യേകിച്ചും. ശുചിത്വം തീര്‍ത്തും 'സ്വ'കാര്യം ആയി വളരെ വേഗത്തില്‍ കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യം വളരെ ശക്തമായി കാര്‍ട്ടൂണില്‍ പറഞ്ഞിരിക്കുന്നു. 

മലയാളി എന്നും വൃത്തിയും വെടുപ്പും ഉള്ളവനായിരുന്നു. പകല്‍ മുഴുവന്‍ എന്ത്‌ ജോലി ചെയ്താലും ജോലി കഴിഞ്ഞ്‌ നല്ല വാസന സോപ്പ്‌ തേച്ച്‌ കുളിച്ച്‌ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌ അവന്‍ പുറത്തിറങ്ങി. അങ്ങാടിയിലെ ഏതെങ്കിലും ചായക്കടയില്‍ പോയി രാഷ്ട്രീയം കൂട്ടി ഒരു ചായ കുടിച്ച്‌ അവന്‍ തിരിച്ച്‌ വീട്ടിലെത്തി. ചിലര്‍ കപ്പയും മീനും കൂട്ടി ഇത്തിരി കള്ള്‌ മോന്തും. കള്ളിണ്റ്റെ മണമുണ്ടായിരുന്നെങ്കിലും വൃത്തിയും വെടുപ്പുമുള്ള ജീവിതം. ഈ വൃത്തിയും വെടുപ്പും അവന്‍ സാമൂഹ്യജീവിതത്തിലും സൂക്ഷിച്ചു. ഇത്‌ കുറച്ചുകാലം മുമ്പ്‌ വരെയുള്ള അവസ്ഥ. 

കേരളത്തിനുപുറത്തെങ്ങും ഈ അവസ്ഥ കാണാനാവില്ല. ജോലി ചെയ്തുവന്നാല്‍ കുളിച്ച്‌ വസ്ത്രം മാറുന്ന പതിവൊന്നും അവിടങ്ങളില്‍ ഇല്ല. സ്വന്തമെന്ന്‌ പറയാന്‍ വീടും ചുറ്റുപാടുകളും ഇവിടങ്ങളില്‍ ഇല്ല എന്നതും ശരി. കിടന്നുറങ്ങുമ്പോള്‍ തലയ്ക്കു മേലൊരു മേലാപ്പ്‌ ഉണ്ടെങ്കില്‍ അത്‌ തന്നെ വലിയ കാര്യം. വൈകുന്നേരം കുളിച്ച്‌ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നത്‌ അവര്‍ക്ക്‌ ആര്‍ഭാടമാണ്‌. ഉത്തരേന്ത്യയില്‍ രാത്രി ഉള്ള ഇത്തിരി സ്ഥലത്ത്‌ ഒരടുപ്പ്‌ കൂട്ടി, അഞ്ചാറ്‌ ഉണക്ക റൊട്ടിയും ഇത്തിരി പരിപ്പും കൂട്ടി വയര്‍ നിറച്ച്‌ ആകാശത്തിണ്റ്റെ വിശാലമായ മേലാപ്പിന്‍ കീഴില്‍ ഉറക്കം. തമിഴ്നാട്ടിലാണെങ്കില്‍ റൊട്ടിക്കും പരിപ്പിനും പകരം ഇത്തിരി ചോറും സാമ്പാറും. 

കാലത്ത്‌ ഉണര്‍ന്നാല്‍ ഒരു ചെറിയ പാട്ടയുമായി പുറത്തിറങ്ങുകയായി. തീവണ്ടി പാത കടന്നുപോകുന്ന പരിസരമാണെങ്കില്‍ കാര്യം എളുപ്പമാണ്‌. ൧൮൫൩-ല്‍ ബ്രിട്ടീഷ്കാര്‍ ഇന്ത്യയിലെ ആദ്യ റെയില്‍ പാത തുടങ്ങുമ്പോള്‍ രാജ്യത്തിലെ ലക്ഷക്കണക്കായ പാവങ്ങള്‍ക്കായുള്ള കക്കൂസുകളാണ്‌ നിര്‍മ്മിക്കുന്നത്‌ എന്ന്‌ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കില്ല. ഇന്ന്‌ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ലക്ഷത്തില്‍ കൂടുതല്‍ നീളമുള്ള പാതകള്‍ ഇങ്ങനെ മഹത്തായൊരു ധര്‍മം കൂടി നിര്‍വ്വഹിക്കുന്നു. 

നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വിശാലമായ പറമ്പിണ്റ്റെ തെക്കേ അതിര്‌ കാലത്ത്‌ പ്രാഥമികകര്‍മ്മം നിര്‍വ്വഹിക്കാനുള്ള ഇടമായിരുന്നു. പറമ്പിണ്റ്റെ അതിരില്‍ ധാരാളം മരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആവശ്യത്തിനുള്ള മറവ്‌ കിട്ടിയിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ തന്നെ വീട്ടില്‍ കക്കൂസ്‌ ഉണ്ടാക്കി. ആദ്യം കുഴികക്കൂസ്‌. വൈകാതെ തന്നെ ഒറ്റ അറയുള്ള ടാങ്കോട്‌ കൂടിയ ഒന്ന്‌. തുറന്ന സ്ഥലത്തുള്ള മലവിസര്‍ജനം അതില്‍ പിന്നീട്‌ വേണ്ടിവന്നിട്ടില്ല. 

പണ്ട്‌ ബോംബെയിലായിരിക്കുമ്പോള്‍ നിരന്തരം കണ്ടുകൊണ്ടിരുന്ന കാഴ്ച ഓര്‍മ്മയിലുണ്ട്‌. പണ്ടത്തെ സാന്താക്രൂസ്‌ വിമാനത്താവളത്തിലായിരുന്നൂ, ഓഫീസ്‌. താമസിക്കുന്നത്‌ ഏതാണ്ട്‌ ഒന്നര കിലോമീറ്റര്‍ മാറി അന്നത്തെ വെസ്റ്റേണ്‍ എക്സ്പ്രസ്‌ ഹൈവേയുടെ ഒരു വശത്തുള്ള എയര്‍പോര്‍ട്‌ കോളനിയിലും. ഹൈവേയുടെ മറുവശത്ത്‌ ഹനുമാന്‍ റോഡിലുള്ള ബസ്‌ സ്റ്റോപ്പില്‍ നിന്ന്‌ ബസ്സ്‌ പിടിച്ചാല്‍ ഏയര്‍പോര്‍ടിനുമുമ്പില്‍ ഇറങ്ങാം. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞാല്‍ ഞങ്ങള്‍ ഒരുമിച്ച്‌ ഹൈവേയ്ക്ക്‌ ഒരുവശത്തുള്ള സര്‍വീസ്‌ റോഡിലൂടെ നടക്കും. ഹൈവേയുടെ മറുവശത്ത്‌ ചേരികളാണ്‌. റോഡിണ്റ്റെ ഓരത്ത്‌ നിരനിരയായി ഇരിപ്പുണ്ടാവും ആളുകള്‍, കൈയില്‍ ഒരു പാട്ടയും പിടിച്ചുകൊണ്ട്‌. ഞങ്ങള്‍ കടന്നുപോകുമ്പോള്‍ അവര്‍ തലതാഴ്ത്തി പിടിക്കും. മുഖം കണ്ടാലല്ലേ നാണം തോന്നേണ്ട കാര്യമുള്ളൂ. ഞങ്ങള്‍ തമാശയായി പറയുമായിരുന്നു, കടന്നുപോകുന്ന ഞങ്ങള്‍ക്ക്‌ 'ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍' തരുകയാണെന്ന്‌. 

ഈ അവസ്ഥ ഇന്നുണ്ടോ എന്നറിയില്ല. ഇപ്പോള്‍ ബോംബെയില്‍ പോകുമ്പോഴൊന്നും ഇങ്ങനെ നടക്കാന്‍ അവസരമുണ്ടായിട്ടില്ല. പക്ഷേ ഇപ്പോഴും തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ഇത്തരം കാഴ്ചകള്‍ ശ്രദ്ധയില്‍ പെടാറുണ്ട്‌. ഡെല്‍ഹിയെന്നോ ബോംബെയെന്നോ ചെന്നൈയെന്നോ വ്യത്യാസമില്ലാതെ. ഇത്തരം കാഴ്ച അന്നും ഇന്നും കാണാന്‍ സാദ്ധ്യതയില്ലാത്ത ഒരു സ്ഥലം കേരളമാണ്‌. എന്നും ഇക്കാര്യത്തില്‍ അഭിമാനം തോന്നിയിരുന്നു. 

എയര്‍പോര്‍ട്ട്‌ ജോലി കാരണം എല്ലാ സംസ്ഥാനങ്ങളിലുള്ളവരുമായും സൌഹൃദം സ്ഥാപിക്കാനും നിരന്തരം സംസാരിക്കാനും അവസരം കിട്ടാറുണ്ട്‌. രാഷ്ട്രീയവും സാമൂഹ്യവിഷയങ്ങളും ഒക്കെ സംസാരവിഷയമാകും. തുടക്കത്തില്‍ ഇന്ത്യന്‍ നേവിയിലും പിന്നീട്‌ എയര്‍പോര്‍ട്ടിലും ജോലി ചെയ്ത്‌ ഇപ്പോള്‍ വിരമിച്ച്‌ വീട്ടിലിരിക്കുന്ന, യു. പി. യിലെ സുല്‍താന്‍പൂര്‍കാരനായ വര്‍മാജിയും ഞാനും നല്ല സുഹൃത്തുക്കളാണ്‌. ഇംഗ്ളീഷിലും ഹിന്ദിയിലും നല്ല പാണ്ഡിത്യമുള്ള, ഉര്‍ദുവില്‍ സാമാന്യ പരിജ്ഞാനമുള്ളയാളാണ്‌ വര്‍മാജി. നല്ല വായനക്കാരനായ വര്‍മാജിയും ഞാനും വായനാനുഭവങ്ങളും പലപ്പോഴും പുസ്തകങ്ങളും പങ്കുവെയ്ക്കാറുണ്ട്‌. 

വര്‍മാജിയ്ക്ക്‌ മലയാളികളോട്‌ വലിയ ബഹുമാനമാണ്‌. അതിന്‌ കാരണം നേവി ജീവിതകാലത്തുള്ള ഒരനുഭവമാണ്‌. നേവിയില്‍ അവിവാഹിതരായി കഴിയുമ്പോള്‍ കൂടെ ഒരു മലയാളി ഉണ്ടായിരുന്നത്രേ. അയാള്‍ വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമാണുപയോഗിക്കുക. എളുപ്പം മുഷിയുന്ന വെള്ള അടിവസ്ത്രം ഉപയോഗിക്കുന്നത്‌ കണ്ട്‌ കളിയാക്കിയപ്പോള്‍ അയാള്‍ പറഞ്ഞത്രേ, 'അടിവസ്ത്രം മുഷിയുന്നത്‌ നിങ്ങള്‍ക്കും എനിക്കും ഒരുപോലെയാണ്‌. എണ്റ്റേത്‌ മുഷിഞ്ഞാല്‍ പെട്ടെന്ന്‌ അറിയും. നിങ്ങളുടേത്‌ മുഷിഞ്ഞാല്‍ അറിയില്ല. വ്യത്യാസം അത്രയേ ഉള്ളൂ' എന്ന്‌. മലയാളിയുടെ ശുചിത്വബോധം എത്ര ഉയര്‍ന്നതാണെന്ന്‌ അന്ന്‌ മനസ്സിലായതായി വര്‍മ്മാജി എപ്പോഴും പറയും. 

ഞങ്ങളുടെ അസോസിയേഷണ്റ്റെ ജനറല്‍ സെക്രട്ടറിയായിരുന്ന വര്‍മാജി ഒരിക്കല്‍ തിരുവനന്തപുരത്ത്‌ വന്നു. തീവണ്ടി കയറാന്‍ നിന്ന വര്‍മാജിയും കൂടെയുണ്ടായിരുന്ന ബംഗാളിയായ ചാറ്റര്‍ജിയും സംസാരിച്ചത്‌ വൃത്തിയായി കാണപ്പെട്ട റെയില്‍ പാളത്തെ പറ്റിയായിരുന്നു. ആരും മലമൂത്ര വിസര്‍ജനം ചെയ്യാതെ കാണപ്പെട്ട റെയില്‍ പാളം അവര്‍ക്ക്‌ അത്ഭുതമായിരുന്നു. രാജ്യത്തിണ്റ്റെ ഇതരഭാഗങ്ങളില്‍ റെയില്‍ പാളത്തിണ്റ്റെ പ്രാഥമിക ധര്‍മം തീവണ്ടി ഓടുക എന്നതല്ല എന്ന്‌ ഇന്ത്യയില്‍ ഉടനീളം യാത്ര ചെയ്യുന്ന അവര്‍ക്കറിയാം.

കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്തമാവുന്നത്‌ ഉയര്‍ന്ന ജീവിത നിലവാരം കാരണമാണ്‌. സാക്ഷരത, പരിസര ശുചിത്വം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിനുള്ള സ്ഥാനം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവില്ല. അടച്ചുറപ്പുള്ള, ആധുനിക സൌകര്യങ്ങള്‍ ഉള്ള വീടുകള്‍. ചേരികള്‍ ഇല്ലെന്ന്‌ തന്നെ പറയാം. കക്കൂസില്ലാത്ത വീടുകള്‍ ഒരു പക്ഷേ ആദിവാസി ഊരുകളില്‍ മാത്രമായിരിക്കും. എന്നാല്‍ ശുചിത്വം സ്വന്തം കാര്യത്തില്‍ മതി എന്ന നിലയിലേക്ക്‌ മലയാളി എന്നാണ്‌ അധ:പതിച്ചത്‌? 

മാലിന്യം ഇന്ന്‌ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമായിരിക്കുന്നു. വീടുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ടി പൊതു ഇടങ്ങള്‍ മലിനമാക്കാന്‍ നമുക്ക്‌ ഒരു മടിയുമില്ലാത്തായിരിക്കുന്നു. വലിയ, ആധുനികസൌകര്യങ്ങളുള്ള വീട്ടില്‍ താമസം. ബ്രാന്‍ഡഡ്‌ വസ്ത്രങ്ങള്‍ ധരിച്ചേ പുറത്തിറങ്ങൂ, അതും വലിയ കാറില്‍. ഇരുട്ടിക്കഴിഞ്ഞാല്‍ കൈയില്‍ ഒരു പ്ളാസ്റ്റിക്‌ സഞ്ചി, സഞ്ചി എന്ന്‌ പറയാന്‍ പാടില്ല, ബാഗുണ്ടാവും. അതും കഴിയുമെങ്കില്‍ ഏതെങ്കിലും ഇണ്റ്റര്‍നാഷണല്‍ ബ്രാന്‍ഡിണ്റ്റെ പരസ്യമുള്ളത്‌. കാറില്‍ ചുറ്റിക്കറങ്ങി, ആളൊഴിഞ്ഞ നിരത്തിലോ, അഴുക്കുചാലിലോ കൈയിലുള്ള ബാഗ്ഗ്‌ കളഞ്ഞ്‌ ഒന്നുമറിയാത്തതുപോലെ തിരിച്ചുപോകാന്‍ നമ്മള്‍ പഠിച്ചിരിക്കുന്നു. നമ്മുടെ പുകള്‍പെറ്റ വിദ്യാഭ്യാസവും ശുചിത്വ ബോധവും ഒന്നും നമ്മെ തടയുന്നില്ല. ഹോട്ടലുകളും ആശുപത്രികളും മാലിന്യം പുഴകളിലേക്ക്‌ ഒഴുക്കി വിടുന്നു. രാത്രികളില്‍ അറവുശാലകളിലെ മാലിന്യം ലോറിയില്‍ കൊണ്ടുവന്ന്‌ റോഡരുകിലും പുഴയോരത്തും വയലുകളിലും നിക്ഷേപിച്ച്‌ ആളുകള്‍ ഓടി മറയുന്നു. ഈ നിക്ഷേപമല്ലേ ഡെങ്കുവായും ചിക്കന്‍ ഗുനിയയായും നമ്മള്‍ തന്നെ തിരിച്ചു വാങ്ങുന്നത്‌? 

പുറമെ വൃത്തിയില്‍ കാണുന്ന കേരളത്തിണ്റ്റെ പിന്നാമ്പുറം മാലിന്യങ്ങളുടെ കൂമ്പാരമാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ചേരികളില്ലാത്ത, വൃത്തിയുള്ള റോഡുകളുള്ള, ആരും പൊതുസ്ഥലത്ത്‌ മലമൂത്ര വിസര്‍ജനം ചെയ്യാത്ത കേരളം പകര്‍ച്ച പനികളുടെ വിളഭൂമിയാകുന്നു എന്ന സത്യത്തിന്‌ വേറെന്താണ്‌ ന്യായീകരണം? മഴ വീഴുന്നതിനുമുമ്പേ പകര്‍ച്ചപ്പനികള്‍ പെയ്തു തുടങ്ങുകയായി. 

കേരളത്തില്‍ ഇന്ന്‌ ഗ്രാമങ്ങളില്ല. വലിയ നഗരങ്ങള്‍ ഇല്ലാത്ത കേരളം ചെറിയ നഗരങ്ങളുടെ ഒരു ശൃംഘലയായി മാറിയിരിക്കുന്നു. കള്ള്ഷാപ്പ്‌ മാറി ബിവറേജസ്‌ കോര്‍പ്പറേഷന്‍ ആയപ്പോള്‍, കപ്പയും മീനും പൊരിച്ച കോഴിയ്ക്കും ചപ്പാത്തിയ്ക്കും വഴി മാറിയപ്പോള്‍ സംഭവിച്ചത്‌ കേവലം ഭക്ഷണത്തിലുള്ള മാറ്റമല്ല തന്നെ. ഗ്രാമത്തിണ്റ്റെ നന്‍മയും നൈര്‍മ്മല്യവും സാമൂഹ്യജീവിതത്തിലെ നെറിയും ഒക്കെ നമുക്ക്‌ നഷ്ടപ്പെട്ടു. 

രാഷ്ട്രീയത്തില്‍ നാറ്റക്കേസുകള്‍ സമ്മൃദ്ധമായി. സ്വാതന്ത്യ്രസമരത്തിണ്റ്റെ പൈതൃകം പേരുന്ന പത്രങ്ങള്‍ പോലും മഞ്ഞനിറമുള്ള വാര്‍ത്തകള്‍ക്ക്‌ പിന്നാലെ പായുന്നു. വാര്‍ത്താ ചാനലുകള്‍ സമൂഹത്തെ ബാധിക്കുന്ന ഗൌരവമുള്ള കാര്യങ്ങള്‍ വിട്ട്‌, ഈ നാറ്റക്കേസുകള്‍ക്ക്‌ പിറകെ ക്യാമറയും തൂക്കി നടപ്പാണ്‌. സ്വീകരണമുറിയില്‍ കുടുംബസമേതം കാണുന്ന പരമ്പരകളില്‍ വിവാഹേതര ബന്ധങ്ങളുടെ പെരുമഴ പെയ്യുന്നു. അഛനും അമ്മയും ആരെന്നറിയാതെ വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളും അവര്‍ ജീവിതത്തില്‍ നേരിടുന്ന പരീക്ഷണങ്ങളും വാവിട്ട്‌ കരയുന്നു. വിവാഹേതര ബന്ധമില്ലാത്ത, പണ്ടത്തെ ബന്ധത്തില്‍ ഒരു കുഞ്ഞില്ലാത്ത ഞാന്‍ മലയാളി തന്നെയോ എന്ന സംശയിക്കേണ്ടുന്ന അവസ്ഥയിലേക്ക്‌ ടി. വി. സീരിയലുകല്‍ മാറിയിരിക്കുന്നു. 

വീടിണ്റ്റെ പിന്നാമ്പുറത്തുള്ള മാലിന്യങ്ങള്‍ മണ്ണിര കമ്പോസ്റ്റ്‌ ആക്കാം, ബയോ ഗ്യാസ്‌ ഉണ്ടാക്കാം. മനസ്സിണ്റ്റെ പിന്നാമ്പുറത്ത്‌ നിരന്തരം അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നമ്മള്‍ എങ്ങനെ സംസ്കരിക്കും? 

വാല്‍ക്കഷണം: രണ്ടു മൂന്ന്‌ വര്‍ഷം മുമ്പ്‌ ഒരിക്കല്‍ ഒരു ട്രെയിനിംഗ്‌ പരിപാടിയുടെ ഭാഗമായി ജര്‍മ്മനി സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. കാള്‍സ്‌റുയി എന്ന സ്ഥലത്തായിരുന്നൂ, പരിശീലനം. രാവിലെ ഹോട്ടലില്‍ നിന്ന്‌ ട്രാം പിടിച്ച്‌ കമ്പനിയിലെത്തണം. വൈകീട്ട്‌ തിരിച്ചും. പന്ത്രണ്ട്‌ പേരടങ്ങുന്ന ഞങ്ങളുടെ സംഘം ഇന്ത്യന്‍ രീതികള്‍ക്കനുസരിച്ച്‌ നടപ്പാതകളെന്നോ റോഡെന്നോ വ്യത്യാസമില്ലാതെ ട്രാം സ്റ്റേഷനിലേക്കും തിരിച്ചും നടക്കും. 




ഒരിക്കല്‍ ട്രാമിനായി കാത്ത്‌ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ മുന്നിലൂടെ ഒരു സ്ത്രീ സൈക്കിളില്‍ പിന്നില്‍ ഘടിപ്പിച്ച കുട്ടയില്‍ കുഞ്ഞിനെ ഇരുത്തി ഓടിച്ചുപോയി. ട്രാമില്‍ സൈക്കിള്‍ നേരിട്ട്‌ കയറ്റാനുള്ള സൌകര്യമുണ്ട്‌. അതുകാരണം സ്റ്റേഷന്‍ പ്ളാറ്റ്ഫോമില്‍ സൈക്കിള്‍ ഓടിച്ച്‌ കയറാം. മുന്നോട്ട്‌ പോയ അവര്‍ ഉടനെ തിരിച്ചുവന്നു ഞങ്ങളുടെ മുന്നില്‍ സൈക്കിള്‍ നിര്‍ത്തി ഇറങ്ങി. നിലത്തുകിടന്നിരുന്ന ചുരുട്ടിക്കൂട്ടിയ ഒരു കടലാസ്‌ എടുത്ത്‌ മുന്നിലുള്ള ചറ്റുകുട്ടയില്‍ നിക്ഷേപിച്ച്‌ വീണ്ടും സൈക്കിള്‍ ഓടിച്ചുപോയി. ഞങ്ങളിലാരോ ചുരുട്ടി എറിഞ്ഞ കടലാസ്‌ ആയിരുന്നൂ അത്‌. 

Friday, June 28, 2013

നാട്ടിന്‍പുറത്തെ അംബാനിമാര്‍

അംബാനി എന്നത്‌ ഗുജറാത്തില്‍ നിന്നുള്ള ഒരു കുടുംബ പേരല്ല, ഇന്ന്‌. അതൊരു പ്രസ്ഥാനമാണ്‌. രാഷ്ട്രീയപാര്‍ട്ടികള്‍ മാറി മാറി വരുമ്പോഴും വകുപ്പുകളും ഓരോന്നിനുമുള്ള മന്ത്രിമാരേയും നിശ്ചയിക്കാന്‍ കരുത്തുള്ള, അഹിതമാവുമ്പോള്‍ വലിച്ച്‌ ദൂരെ എറിയാനും കഴിവുള്ള ഒരു പ്രസ്ഥാനം. റ്റാറ്റയേയും ബിര്‍ളയേയും പോലെ ഇന്ത്യന്‍ ബിസിനസ്സ്‌ രംഗത്ത്‌ പരിചയവും പാരമ്പര്യവുമുള്ള കുടുംബങ്ങളെ പിന്തള്ളി വെറും നാല്‌ പതിറ്റാണ്ടുകൊണ്ട്‌ ഇന്ത്യയെ കാല്‍ക്കീഴിലാക്കിയ പ്രസ്ഥാനം. ധീരുഭായ്‌ അംബാനി റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ആരംഭിക്കുന്നത്‌ 1966-ല്‍ ആണ്‌. റ്റാറ്റ ഇന്‍ഡസ്ട്രീസ്‌ ആദ്യത്തെ സംരംഭം തുടങ്ങുന്നത്‌ നൂറ്‌ കൊല്ലം മുമ്പ്‌  1868-ലും. 

നമ്മുടെ നാട്ടിലുമുണ്ട്‌ അംബാനിമാര്‍. അത്‌ ചിലപ്പോള്‍ ഒരു അഹമ്മദാജിയാവാം. മറ്റ്‌ ചില നാട്ടില്‍ ഒരു നാരായണന്‍ നായരാവാം. ചിലപ്പോള്‍ വെറും നാരായണനും. കോട്ടയത്തും ഇടുക്കിയിലും ഒരു തോമസ്‌. വളരെ പെട്ടെന്ന്‌ സമ്പത്തും അതിനൊപ്പം കിട്ടുന്ന പൊതുസമൂഹത്തിലെ മാന്യതയും നേടിയെടുക്കുന്നവര്‍. കേരളത്തിലെ സാധാരണ ജനങ്ങളില്‍ ഭൂരിഭാഗവും ഒരു അംബാനിത്തം സ്വപ്നം കാണുന്നവരാണ്‌. വഴികള്‍ പലതാണെന്ന്‌ മാത്രം. ചിലര്‍ ലോട്ടറി എടുത്ത്‌ മനപ്പായസം ഉണ്ണുന്നു. മറ്റ്‌ ചിലര്‍ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍മാര്‍ ആകുന്നു. ഇനി ചിലര്‍ ആറ്‌ മാസം കൂലി പണി എടുത്തതിനുശേഷം കുറച്ച്‌ ബംഗാളികളെയോ, ബീഹാരികളേയോ, ഝാര്‍ക്കണ്ഡ്‌ തൊഴിലാളികളേയോ വെച്ച്‌ പണിയെടുപ്പിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ആകുന്നു. 

പണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തനവുമായി നടന്ന കാലത്ത്‌ നാട്ടില്‍ റ്റാറ്റമാരും ബിര്‍ളമാരും ഗോയങ്കമാരും ആണുണ്ടായിരുന്നത്‌. അവര്‍ വെറുക്കപ്പെട്ടവര്‍ ആയിരുന്നു. തൊഴിലാളികളുടെ ചോര കുടിച്ച്‌ ചീര്‍ക്കുന്ന ബൂര്‍ഷ്വാസികള്‍. അന്ന്‌ അംബാനി സുഗന്ധവ്യജ്ഞനങ്ങള്‍ വിറ്റു നടക്കുകയായിരുന്ന ഒരു ചെറുകിടക്കാരനായിരുന്നു. ബോംബെയിലെ ഭോലേശ്വറില്‍ രണ്ട്‌ മുറി ഫ്ളാറ്റില്‍ താമസം. റ്റാറ്റയും ബിര്‍ളയുമാവട്ടെ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ആള്‍രൂപങ്ങള്‍. 

എണ്റ്റെ നാട്ടില്‍ ഒരു മരമില്ല്‌ ഉണ്ടായിരുന്നു. മരം കൊണ്ടുപൊയാല്‍ നമ്മള്‍ക്കാവശ്യമുള്ള വലിപ്പത്തില്‍ ഈര്‍ന്ന്‌ കൊണ്ടുപോരാം. ആ മില്ല്‌ വരുന്നതിന്‌ മുമ്പ്‌ മരം ആളുകള്‍ ഈര്‍ച്ചവാള്‍ ഉപയോഗിച്ച്‌ ഈര്‍ന്നെടുക്കുകയായിരുന്നു. ഇതിന്‌ ഒരു സമയം രണ്ട്‌ പേര്‍ വേണം. രണ്ട്‌ കാല്‍ നാട്ടി അതിന്‍മേല്‍ ഈരാനുള്ള മരം നീളത്തില്‍ വെയ്ക്കും. ഒരാള്‍ മരത്തിന്‌ മുകളില്‍ കയറി നിന്ന്‌ ഈര്‍ച്ചവാളിണ്റ്റെ ഒരു പിടി പിടിയ്ക്കും മറ്റേയാള്‍ നില്‍ക്കുന്നയാളിന്‌ അഭിമുഖമായി മരത്തിനടിയില്‍ മുട്ടുകുത്തിയിരുന്ന്‌ വാളിണ്റ്റെ മറ്റെ പിടി പിടിയ്ക്കും. എന്നിട്ട്‌ ഒരേ താളത്തില്‍ ഈര്‍ച്ചവാള്‍ മുകളിലോട്ടും താഴോട്ടും വലിയ്ക്കും. നല്ല ശാരീരികക്ഷമതയും മെയ്‌വഴക്കവും ആവശ്യമുള്ള ഈ ജോലികണ്ട്‌ നില്‍ക്കാന്‍ നല്ല രസമായിരുന്നു. ഒരേസമയം കരുത്തും താളബോധവും ആവശ്യമുള്ള ജോലി. 

ഇങ്ങനെയുള്ള സ്ഥിതിയിലാണ്‌ നാട്ടില്‍ ഈര്‍ച്ചമില്ല്‌ വന്നത്‌. നാട്ടിലെ സാധാരണക്കാരായ ഈര്‍ച്ചപണിക്കാരുടെ വയറ്റത്തടിക്കാന്‍ മില്ല്‌ കൊണ്ട്‌ വന്നവനെ ഞങ്ങള്‍ റ്റാറ്റയായി തന്നെ കണ്ടു. ഏത്‌ വിഷയം എടുത്താലും അത്‌ തൊഴിലാളികളുടെ ജീവിതോപാധിയുമായി തട്ടിച്ചുനോക്കി പക്ഷം പിടിക്കുന്ന നയം എന്നും ഇടതുപക്ഷം എടുത്തിരുന്നു. ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം അത്‌ ശരിയുമായിരുന്നു. പക്ഷേ ബീഡി വലിയുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ച്‌ പറയുമ്പോള്‍ ബീഡി തൊഴിലാളികളുടെ തൊഴിലുമായി ബന്ധപ്പെടുത്തിയാലുണ്ടാകുന്ന ഭവിഷ്യത്ത്‌ മനസ്സിലാക്കാന്‍ തൊഴിലാളി സംഘടനകള്‍ക്ക്‌ കഴിഞ്ഞോ എന്ന്‌ സംശയമുണ്ട്‌. 

തൊണ്ണൂറുകളില്‍ ഭാരത പുഴയിലെ മണല്‍വാരല്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതിപ്രേമികള്‍ നീണ്ട ഒരു സമരം നടത്തിയിരുന്നു. പുഴ ഇന്നത്തെ പോലെ വെറും എല്ലിന്‍കൂട്‌ ആക്കുന്നതിനുമുമ്പ്‌ ഈ അവസ്ഥ മുന്‍കൂട്ടി കണ്ട്‌ നടത്തിയതായിരുന്നൂ, ആ സമരം. അന്ന്‌ ഇടതുപക്ഷം ആ സമരത്തിനെ പരാജയപ്പെടുത്താന്‍ മണല്‍ തൊഴിലാളികളെ ആണുപയോഗിച്ചത്‌. മണല്‍വാരലിനെ ഒരു തൊഴില്‍പ്രശ്നമാക്കി ചുരുക്കി. ഇന്നിപ്പോള്‍ പുഴയുടെ മരണത്തിനുശേഷം വിലപിക്കാന്‍ അവരുമുണ്ട്‌. "ദീപങ്ങളൊക്കെ കെടുത്തി നമ്മള്‍ പ്രാര്‍ത്ഥിക്കുകയാണ്‌, ദീപമേ നീ നയിച്ചാലും." എന്ന്‌. 

നാട്ടിലെ ഈര്‍ച്ചമില്ലില്‍ ഏഴോ എട്ടോ തൊഴിലാളികള്‍ ഉണ്ടായിരുന്നു. സ്വാഭാവികമായും അവര്‍ക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കീഴില്‍ ഒരു യൂണിയനും. ഒരിക്കല്‍ കൂലി കൂടുതലിനായി തൊഴിലാളികള്‍ ഒരു സമരം നടത്തി. മുതലാളി മില്ല്‌ പൂട്ടിയിട്ടു. ദിവസങ്ങളോളം സമരം നീണ്ടുപോയി. തൊഴിലാളികള്‍ മില്ലിനുമുമ്പില്‍ കുത്തിയിരുപ്പ്‌ സത്യാഗ്രഹം നടത്തി. കുടുംബം പട്ടിണിയിലായി. അവര്‍ പട്ടിണി കിടക്കാതിരിക്കാന്‍ സമരസഹായനിധി പിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി. പാട്ടയുമായി നിരത്തിലൂടെ പോകുന്ന ആളുകളെ ഓരോരുത്തരേയും കണ്ട്‌ സംഭാവന പിരിച്ചു, കുടുംബങ്ങളെ പോറ്റി. അത്തരത്തിലുള്ള സാഹോദര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ അന്നുണ്ടായിരുന്നു. സമരം ചെയ്യുന്ന തൊഴിലാളികളോട്‌ സാധാരണ ജനങ്ങള്‍ക്കുമുണ്ടായിരുന്നു, അനുഭാവം. പക്ഷേ എത്ര നാള്‍..? മാസങ്ങള്‍ നീണ്ട ആ സമരം ഒടുവില്‍ വിജയം കാണാതെ അവസാനിച്ചു. ഉടമ വര്‍ഷങ്ങളോളം മില്ല്‌ തുറന്നതേയില്ല. 

ഇത്തരം പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുത്ത്‌ സാധാരണക്കാരുടെ പക്ഷത്തുനിന്നുകൊണ്ടാണ്‌ എന്നും ഇടതുപക്ഷം വളര്‍ന്നത്‌. പക്ഷേ ബൂര്‍ഷ്വാസിയുടെ നിര്‍വചനം പലപ്പോഴും തെറ്റി പോയില്ലേ എന്ന്‌ സംശയം തോന്നുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട്‌ പോയി. ഒരു ചെറുകിട സംരംഭം തുടങ്ങുന്നവന്‍ ബൂര്‍ഷ്വാസിയായി എണ്ണപ്പെട്ടു. തൊഴിലാളികള്‍ ഉണ്ടെന്നാല്‍ മറുവശത്ത്‌ മുതലാളി ഉണ്ടാവണമെന്നുള്ളത്‌ ഒരു സ്വാഭാവികത മാത്രമാണ്‌. ശരിയായ അര്‍ത്ഥത്തില്‍ ബൂര്‍ഷ്വാസി ഇല്ലാത്ത കേരളത്തില്‍ തൊഴിലാളിയുടെ മറുവശത്തുള്ളവന്‍ മുതലാളിയായി. 

സ്വന്തം വീട്ടിലേക്ക്‌ സാധനങ്ങള്‍ കൊണ്ടുവരുന്ന ഒരു സാധാരണക്കാരന്‍ മുതലാളി ആയത്‌ അങ്ങനെയാണ്‌. അവന്‍ തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം ഹനിക്കുന്നവന്‍, വര്‍ഗശത്രു ആയി മാറി. ക്രമേണ സ്വന്തം ആവശ്യത്തിനുള്ള സാധനങ്ങള്‍ നിങ്ങള്‍ തന്നെ ഇറക്കാനുള്ള അവകാശം ഞങ്ങള്‍ നിഷേധിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ക്കുള്ള കൂലി തന്നാല്‍ മതി എന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ വഷളായി. വെറുതെ നോക്കി നില്‍ക്കുന്നതിനും കൂലി എന്ന്‌ പറയുമ്പോള്‍ കൂലിയെക്കുറിച്ചുള്ള മാര്‍ക്സിണ്റ്റെ നിര്‍വ്വചനം പോലും തൊഴിലാളി സംഘടനകള്‍ മറന്നു. 

കുറച്ചുകാലം മുമ്പ്‌ ഒരു ടി. വി. ചാനലില്‍ നടന്ന ഒരു ചര്‍ച്ച ഓര്‍മ വരുന്നു. പ്രവാസി മലയാളികള്‍ അവരുടെ സമ്പത്ത്‌ കേരളത്തിണ്റ്റെ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ ഉപയോഗിക്കാത്തത്‌ എന്ത്‌ എന്നതായിരുന്നു, വിഷയം. അന്ന്‌ കേരളത്തിനുപുറത്തുള്ള വ്യവസായികള്‍ ഭൂരിഭാഗം പേരും പറഞ്ഞത്‌ കേരളത്തിണ്റ്റെ പൊതു സമൂഹം അവരെ പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നു, എന്നാണ്‌. തൊഴിലാളിസമരങ്ങള്‍ക്കൊപ്പം ഞാനും നിങ്ങളുമടങ്ങുന്നവരുടെ നിഷേധാത്മക നിലപാട്‌. അതില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുണ്ട്‌, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുണ്ട്‌, ഒരു ചെറിയ ശബ്ദം, മണം ഒന്നും സഹിക്കാന്‍ തയ്യാറല്ലാത്ത അയല്‍ക്കാരുമുണ്ട്‌. വരവേല്‍പ്‌ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം അനുഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കാം. 

വര്‍ഷങ്ങളായി കേരളത്തിനു പുറത്ത്‌ താമസിക്കുന്ന ഞാന്‍ നാട്ടില്‍ ചെന്ന്‌ ആളുകളോട്‌ ഇടപെടുമ്പോഴാണ്‌ മനസ്സിലാകുന്നത്‌ ഞാനും ഒരു കൊച്ചു അംബാനിയാണ്‌ എന്ന വിവരം. അതില്‍ കുറച്ചൊക്കെ അഭിമാനവും ഉണ്ടെന്ന്‌ കൂട്ടിക്കോളൂ. അല്ലെങ്കില്‍ ഇങ്ങനെയുള്ള കാര്യത്തില്‍ ഇത്തിരി ഗമയില്ലാത്തവരായി ആരുണ്ട്‌ ഈ ഭൂമി മലയാളത്തില്‍, പുറത്ത്‌ പറയാന്‍ മടിയാണെങ്കില്‍ കൂടി. ഏതെങ്കിലും തരത്തിലുള്ള ചെറിയ ജോലിക്കായി ആരെയെങ്കിലും ബന്ധപെട്ടു നോക്കൂ അപ്പോള്‍ മനസ്സിലാകും മുകളില്‍ പറഞ്ഞതിണ്റ്റെ അര്‍ത്ഥം. 

കേരളത്തിലെ പൊതുജനങ്ങളില്‍ ഭൂരിഭാഗത്തേയും അംബാനിയുമായി ബന്ധപ്പെടുത്താം. കുറേ പേര്‍ എന്നെപ്പോലുള്ള അംബാനിമാര്‍. അതിലേറെ പേര്‍ അംബാനിയെ സ്വപ്നത്തില്‍ സൂക്ഷിക്കുന്നവര്‍. നിരത്തില്‍ കാണുന്ന പത്തുപേരിലൊരാള്‍ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍ ആകുന്നത്‌ അങ്ങിനെയാണ്‌. അംബാനിത്തത്തിലേക്കുള്ള ടിക്കറ്റ്‌ വാങ്ങി ഒരു വര്‍ഷത്തില്‍ 2788.8 കോടി രൂപയുടെ വരുമാനം കേരള സര്‍ക്കാരിലേക്ക്‌ മുതല്‍ കൂട്ടുന്നതും ഇക്കാരണം കൊണ്ട്‌ തന്നെ. ഇത്‌ ഇന്ത്യയില്‍ ഒന്നോ രണ്ടോ സംസ്ഥാനത്തില്‍ മാത്രം നിലനില്‍ക്കുന്ന കാര്യമാണെന്ന്‌ കൂടി അറിയുമ്പോള്‍ മാത്രമേ മലയാളിയുടെ ഉള്ളിലെ സ്വപ്നസഞ്ചാരിയെ ശരിക്കും മനസ്സിലാക്കാന്‍ കഴിയൂ. ആര്‌ പറഞ്ഞു, നമ്മള്‍ സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട സമൂഹമാണെന്ന്‌? 

Monday, June 10, 2013

പുരുഷണ്റ്റെ മോചനം, സ്ത്രീയുടേയും.

സ്ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ വളരെ ഏറെ വാര്‍ത്താ പ്രാധാന്യം നേടുന്ന ഒരു കാലമാണ്‌ ഇത്‌. ഈ വിഷയത്തില്‍ ഒരു ബില്ല്‌ നമ്മുടെ പാര്‍ലമണ്റ്റ്‌ പാസ്സാക്കി കഴിഞ്ഞു. ജ്യോതി സിംഗ്‌ എന്ന ആ പെണ്‍കുട്ടിയുടെ മരണം രക്തസാക്ഷിത്വം എന്ന തലത്തിലേക്ക്‌ വളര്‍ന്നിരിക്കുന്നു. ആ സഹോദരിയുടെ ദരുണമായ മരണവും അതിനോട്‌ ദില്ലി സമൂഹം പ്രതികരിച്ച രീതിയും ആണ്‌ നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ തന്നെ വളരെ പ്രാധാന്യമേറിയ ഒരു നിയമനിര്‍മ്മാണത്തിന്‌ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. കേരളത്തിണ്റ്റെ സവിശേഷമായ സാമൂഹ്യ അവസ്ഥയില്‍ ഊന്നികൊണ്ട്‌ ഈ വിഷയത്തില്‍ ഒരാലോചന നടത്തുകയാണ്‌ ഈ കുറിപ്പില്‍. 

ബലാത്സംഗം ലൈംഗികതയുമായി ബന്ധപ്പെട്ടതല്ലെന്നുള്ളത്‌ പുതിയ അറിവല്ല. ജനാധിപത്യയുഗത്തിനു മുമ്പ്‌ ഒരു രാജ്യം മറ്റൊന്നിനുമേല്‍ നടത്തിയ അധിനിവേശം പൂര്‍ണ്ണമായിരുന്നത്‌ അവിടത്തെ സ്ത്രീകളെ ലൈംഗികമായി കീഴ്പ്പെടുത്തുമ്പോഴായിരുന്നു. ഇത്‌ ആധുനിക കാലത്തും കാര്യമായ വ്യത്യാസമൊന്നുമില്ലാതെ തുടരുന്നു. ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാനസേന നടത്തിയത്‌ സമാധാനപ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ലെന്ന്‌ നമ്മള്‍ പിന്നീട്‌ അറിഞ്ഞു. അവര്‍ നടത്തിയ അതിക്രമങ്ങളില്‍ സ്ത്രീകള്‍ക്ക്‌ നേരെ നടത്തിയവ ഏറെയായിരുന്നു. ഗുജറാത്ത്‌ കലാപത്തില്‍ സ്ത്രീകളെ വ്യാപകമായി ലൈംഗികാതിക്രമങ്ങള്‍ക്ക്‌ വിധേയരാക്കിയത്‌ ഇതിന്‌ സമാനമായിരുന്നു. ഇന്നും ദലിതര്‍ക്ക്‌ നേരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ലൈംഗികാതിക്രമം തന്നെ. മഹാഭാരതത്തില്‍ പോലും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ ദുര്യോധനനെ പ്രേരിപ്പിച്ചതും ഇതേ കാരണം തന്നെ. ദില്ലി സംഭവത്തില്‍ ആ പെണ്‍കുട്ടിയുടേ നേരെ ഉണ്ടായ പൈശാചികത രതിയുമായി ബന്ധമുള്ളതായിരുന്നില്ലെന്ന്‌ നമ്മള്‍ മനസ്സിലാക്കുന്നു. 

എന്നാല്‍ മലയാളിയുടെ ലൈംഗികത കുറച്ചുകൂടി സങ്കീര്‍ണമാണെന്ന്‌ തോന്നുന്നു. അത്‌ ബലാല്‍ക്കാരമായുള്ള ലൈംഗികബന്ധം പുലര്‍ത്താനുള്ള ശ്രമത്തില്‍ കൂടുതലായി മറ്റെന്തൊക്കെയോ ഉള്ളതാണ്‌. നന്നെ ചെറിയ കുട്ടികള്‍, മാനസികവളര്‍ച്ചയെത്താത്ത സ്ത്രീകള്‍, ഓത്തുപള്ളിയിലും ചെറിയ ക്ളാസ്സിലുമുള്ള കുട്ടികള്‍ ഒക്കെ അതിക്രമത്തിനിരയാകുമ്പോള്‍ അത്‌ വെറും ലൈംഗിക തൃഷ്ണയായി മനസ്സിലാക്കാന്‍ വിഷമമുണ്ട്‌. അതിണ്റ്റെ കാരണം തേടേണ്ടത്‌ ലൈംഗികതയുടെ നാലതിരുകള്‍ക്കുള്ളില്‍ അല്ല തന്നെ. അങ്ങനെ ഒരന്വേഷണം നടത്തിയാല്‍ കേരളത്തില്‍ ഗോവിന്ദചാമിമാരും ജാസിംമാരും എണ്ണത്തില്‍ വളരെ കൂടുതലാണെന്ന ഭീകരമായ സത്യം നമ്മള്‍ അറിയേണ്ടിവരും. 

ഭാവനയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന മലയാളിക്ക്‌ അനുഭവങ്ങള്‍ വളരെ കുറവാണ്‌. അനുഭവങ്ങള്‍ വളരെ കുറവായിട്ടും നല്ല സാഹിത്യകൃതികള്‍ മലയാളത്തിലുണ്ടായത്‌ അവണ്റ്റെ ഭാവനയുടെ വികാസം കാരണമാണ്‌. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തില്‍ ദുരന്തങ്ങള്‍ പോലും വളരെ കുറവ്‌. ഒട്ടും തീവ്രമല്ലാത്ത കാലാവസ്ഥ. ഭൂമിശാസ്ത്രപരമായ കാരണങ്ങളും അനുഭവങ്ങളും തന്നെയാണ്‌ ഒരു സമൂഹത്തിണ്റ്റെ നിലനില്‍പിണ്റ്റെ ശക്തി ദൌര്‍ബല്യങ്ങളെ നിശ്ചയിക്കുന്നത്‌. അനുഭവത്തിലെ കുറവിനെ മലയാളി മറികടന്നത്‌ ഭാവനയുടെ സമ്മൃദ്ധികൊണ്ട്‌. ഇത്‌ സാഹിത്യത്തിലെന്നപോലെ അവണ്റ്റെ നിത്യജീവിതത്തിലും നിലനില്‍ക്കുന്ന സത്യമാണ്‌. എന്ത്‌ സംഭവം കേള്‍ക്കുമ്പോഴും അതില്‍ ഇത്തിരി ഭാവന കലര്‍ത്താനുള്ള വിരുത്‌ മലയാളിക്ക്‌ സ്വതസ്സിദ്ധമാണ്‌. അതുകൊണ്ടാണ്‌ സൂര്യനെല്ലി പെണ്‍കുട്ടിയോട്‌ സഹതാപം തോന്നുമ്പോഴും അവളെ അവിശ്വസിക്കേണ്ടിവരുന്നത്‌. 

മലയാളി ചിന്തയില്‍ പോലും സെന്‍സര്‍ഷിപ്‌ പുലര്‍ത്തുന്നവനാണെന്ന്‌ പറഞ്ഞത്‌ ഓ. വി. വിജയന്‍ ആണ്‌. സെന്‍സര്‍ഷിപ്പിണ്റ്റെ ഒരു ദൂഷ്യം അത്‌ എന്തിനേയും സെന്‍സര്‍ ചെയ്യാതെ കാണുവാനുള്ള ത്വര വളര്‍ത്തുന്നു, എന്നതാണ്‌. പുറമെ പലതരം മുഖംമൂടികള്‍ അണിയുമ്പോഴും ഉള്ളില്‍ മറ്റൊരാളെ പുലര്‍ത്തുന്നതില്‍ മലയാളിക്കുള്ള കഴിവ്‌ ചുരുക്കം ചിലരിലേ കണ്ടിട്ടുള്ളൂ. ലൈംഗികത ഒരു രോഗമായി കേരളത്തെ ആകെ ഗ്രസിക്കുമ്പോഴാണ്‌ ഒരു സ്ത്രീയുടെ കൂടെ കാറില്‍ യാത്ര ചെയ്തെന്ന പേരില്‍ ഒരു വ്യക്തിക്ക്‌ പഴി കേള്‍ക്കേണ്ടിവരുന്നത്‌. സ്വന്തം പെങ്ങളാണ്‌ കൂടെയുള്ളത്‌ എന്നതിന്‌ തെളിവ്‌ ഹാജരാക്കാന്‍ നിയമപാലകര്‍ ആവശ്യപ്പെടുന്നത്‌. ഈ തെളിവുകള്‍ ഹാജരാക്കന്‍ എടുക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും അശ്ളീലമായ നോട്ടവും വാക്കുകളും കൊണ്ട്‌ അവര്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നത്‌. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന്‌ തോന്നുന്ന ഈ സംഭവങ്ങളില്‍ തെളിഞ്ഞുകാണുന്നത്‌ മലയാളി പൊതുസമൂഹത്തിണ്റ്റെ മാനസിക വൈരുദ്ധ്യങ്ങള്‍ തന്നെ. 

ദില്ലി സംഭവത്തിനുശേഷം അവിടെ സ്പൊണ്ടേനിയസ്‌ ആയി ഉണ്ടായ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ദില്ലി സംസ്കാരമായി പൊതുവില്‍ അറിയപ്പെടുന്നത്‌ പഞ്ചാബി സംസ്കാരമാണ്‌. ദില്ലിയില്‍ ജീവിക്കുന്ന യു. പി ക്കാരനും ബീഹാറിയും വളരെ പെട്ടെന്ന്‌ തന്നെ ഈ സംസ്കാരം സ്വായത്തമാക്കുന്നു. വീട്ടില്‍ പോലും അവന്‍ വഴക്ക്‌ പറയുമ്പോള്‍ അകമ്പടിയായി അമ്മയേയും പെങ്ങളേയും ചേര്‍ത്ത്‌ തെറിയുണ്ടാവും. നിരന്തരമായ ഉപയോഗം കാരണം അതവന്‍ തെറിയായി മനസ്സിലാക്കുന്നു പോലുമില്ല. അവണ്റ്റെ തമാശകളില്‍ ഭൂരിഭാഗവും സ്ത്രീകളുമായി ബന്ധപ്പെട്ടതാണ്‌. ലൈംഗികതയുടെ അതിപ്രസരമുള്ളതാണ്‌. അങ്ങിനെയുള്ള ദില്ലി ആ സംഭവത്തിനുശേഷം ഇളകിമറിഞ്ഞു, മുമ്പൊരിക്കലും ഉണ്ടാകാത്തതുപോലെ. ആ സംഭവത്തിലെ പൈശാചികതയ്ക്കൊപ്പം ഒരര്‍ത്ഥത്തില്‍ ഒരു ശരാശരി ദില്ലിക്കാരണ്റ്റെ കുറ്റബോധവും അഭൂതപൂര്‍വമായ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നതായി എനിക്ക്‌ തോന്നുന്നു. 

ഇങ്ങനെ ഒരു പ്രതികരണം കേരളത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ? ഇല്ലെന്നാണ്‌ എണ്റ്റെ തോന്നല്‍. ഒരു ദില്ലി നിവാസിയുടെ മേല്‍പറഞ്ഞ സ്വഭാവം വളരെ തുറന്നതാണ്‌. തെറ്റാണെങ്കിലും അവന്‍ അത്‌ ഒളിച്ചുവെക്കുന്നില്ല. എന്നാല്‍ മലയാളിയുടെ കാര്യം വ്യത്യസ്തമാണ്‌. അവന്‍ ഉള്ളിലെ കാര്യങ്ങള്‍ സമര്‍ത്ഥമായി മറച്ചുവെയ്ക്കുന്നു. അതിനാല്‍ അവന്‌ കുറ്റബോധം ഉണ്ടാകേണ്ട കാര്യമില്ല. നിരത്തില്‍ നടക്കുന്ന, കൂടെ ജോലി ചെയ്യുന്ന, അയല്‍വാസിയായ ഒരു പുരുഷണ്റ്റെ മനോഗതം വായിക്കാനുള്ള ഉപകരണം ഇല്ലാത്ത കാലത്തോളം മലയാളി രക്ഷപ്പെടും. 

'ഓര്‍ഡിനറി' എന്ന സിനിമയില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന ചിത്രം എടുത്തതിണ്റ്റെ പേരില്‍ ഒരു ചെറുപ്പക്കാരന്‍ തല്ലു കൊള്ളുന്നുണ്ട്‌. അവനെ തല്ലി സ്ത്രീയുടെ 'മാനം കാക്കാന്‍' തയ്യാറായ മഹാന്‍ സ്വകാര്യമായി താല്‍പര്യപ്പെടുന്നത്‌ ചിത്രം കാണാനാണ്‌. ഇതാണ്‌ മലയാളിയുടെ സദാചാര ബോധം. ഒരു തമാശയായി അവതിരിപ്പിക്കുന്ന ഈ കാഴ്ചയില്‍ ശരാശരി മലയാളിയുടെ പൊതുസ്വഭാവം അറിയാതെ വെളിപ്പെട്ടുപോകുന്നു. മദ്യപാന സദസ്സുകളിലെ സുഹൃത്ത്‌ വലയത്തിണ്റ്റെ പോള്ളത്തരം കാണിക്കാന്‍ 'ഷട്ടര്‍' എന്ന സിനിമയില്‍ കാണിച്ച ഒരു സീനില്‍ മലയാളിയിലെ ഒളിഞ്ഞുനോട്ടക്കാരനെ ജോയ്‌ മാത്യു ബോധപൂര്‍വം അടയാളപ്പെടുത്തുന്നുണ്ട്‌. 

സ്ത്രീ എന്നത്‌ ഇപ്പോഴും മലയാളിയ്ക്ക്‌ ഒരു അത്ഭുത വസ്തു ആണ്‌. അതില്‍ തന്നെ അത്യത്ഭുതം ഒന്നോ രണ്ടോ അവയവങ്ങള്‍ മാത്രവും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും വെവ്വേറെ ഇരിപ്പിടത്തില്‍ ഒതുക്കുന്ന ചെറിയ ക്ളാസ്സ്‌ തൊട്ട്‌ സ്ത്രീയ്ക്കും പുരുഷനും വെവ്വേറെ സീറ്റ്‌ അടയാളപ്പെടുത്തുന്ന ബസ്സ്‌ യാത്ര വരെ സ്ത്രീ എന്ന സംഭവത്തെ കൂടുതല്‍ ഗോപ്യമായി തോന്നിക്കാന്‍ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു പെണ്‍കുട്ടിയുമായി സ്വാഭാവികമായി ഇടപെടുന്നതില്‍ നിന്ന്‌ അവനെ വിലക്കുകയാണ്‌ ചെയ്യുന്നത്‌. വളരെ അടുത്ത്‌ ഇടപെടുന്ന അടുത്ത വീട്ടിലെ കൂട്ടുകാരിയുടെ നഗ്നത കാണാന്‍ കുളിമുറിയില്‍ ക്യാമറ സ്ഥാപിക്കുന്ന പുരുഷന്‍ ഇപ്പറഞ്ഞ വിലക്കിണ്റ്റെ തടവിലാണ്‌. അവനെ കല്ലെറിയുമ്പോഴും അവന്‍ എടുത്ത ക്ളിപ്‌ തേടിനടക്കുന്ന ചെറുതല്ലാത്ത സമൂഹത്തെ നമുക്ക്‌ കാണാന്‍ കഴിയുന്നു. അവന്‍ നമ്മുടെ കൂടെ ജോലിചെയ്യുന്നുണ്ടാകാം, കൂടെ പഠിക്കുന്നുണ്ടാവാം, മദ്യപിക്കുന്നുണ്ടാവാം. അവന്‍ എവിടേയും ഉണ്ടാവാം. 

ഇത്തരം സ്വഭാവങ്ങളില്‍ വൈകൃതം കാണാന്‍ കഴിയുമെങ്കിലും അതിനെ ലളിതമായി തള്ളിക്കളയാന്‍ സാധ്യമല്ല തന്നെ. ഈ വൈകൃത്തിണ്റ്റെ വളര്‍ന്ന രൂപത്തില്‍ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയും ഒരു ജനനേന്ദ്രിയം മാത്രമാകുന്നു. സ്ത്രീ ഒന്നോ രണ്ടോ അവയവങ്ങള്‍ മാത്രമാണെന്ന ധാരണ തിരുത്തേണ്ടതുണ്ട്‌. അതില്‍ കൂടുതലായി താന്‍ വെറും ലിംഗം മാത്രമല്ലെന്ന ആത്മാഭിമാനമുള്ള തിരിച്ചറിവിലേക്ക്‌ പുരുഷന്‍ ഉണരണം. അത്‌ പുരുഷണ്റ്റെ മോചനമാവും. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളുടെ അവസാനവും.