Saturday, February 25, 2012

ഗസല്‍ പ്രേമിയായ ദൈവം

ഒരിക്കല്‍ കൂടി പ്രശസ്ത ഗസല്‍ ഗായകന്‍ ചെന്നൈയിലെത്തുന്നു. ഇന്ന്‌ വൈകീട്ട്‌ ഏഴ്‌ മണിക്ക്‌ സര്‍ മുത്ത വെങ്കടസുബ്ബ കണ്‍സര്‍ട്ട്‌ ഹാളില്‍ ഗുലാം അലി പാടുന്നു. ഇതിന്‌ മുമ്പൊരിക്കല്‍ ഗുലാം അലി വന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം ഓര്‍മ്മയില്‍ കൊണ്ടുവരുന്നുണ്ട്‌ ഈ ദിവസം. 

2002 ലാണെന്നാണ്‌ ഓര്‍മ്മ. ഗുലാം അലി മൌണ്ട്‌ റോഡിലുള്ള കാമരാജ്‌ അരംഗത്തില്‍ പാടുന്ന വിവരം അറിഞ്ഞിരുന്നു. കേള്‍ക്കണമെന്ന്‌ അതിയായ ആഗ്രഹം. ആയിരങ്ങളില്‍ തുടങ്ങി 250 വരെയുള്ള ടിക്കറ്റുകള്‍. 250 രൂപ കൊടുത്താല്‍ കുറച്ചുപിന്നിലായാണെങ്കിലും ഗുലാം അലിയെ കാണാം കേള്‍ക്കാം. ഞാന്‍ തീരുമാനിച്ചു. പക്ഷേ നോക്കിയപ്പോള്‍ അന്ന്‌ നൈറ്റ്‌ ഡ്യൂട്ടി. ഒരൊറ്റ കാഷ്വല്‍ ലീവ്‌ പോലുമില്ല. ഏറെ ആലോചനയ്ക്ക്‌ ശേഷം വിഷമിച്ചുകൊണ്ടാണെങ്കിലും ആ തീരുമാനം മാറ്റേണ്ടിവന്നു. പരിപാടിയ്ക്ക്‌ പോകാനാവില്ല. 

പരിപാടി നടക്കുന്നതിന്‌ മൂന്ന്‌ നാല്‌ ദിവസം മുമ്പ്‌, ഒരു ഫോണ്‍ കാള്‍. ഗസല്‍ ഗായകന്‍ ഷഹബാസ്‌ അമന്‍. ഇന്നത്തെ പോലെ സിനിമയിലൊന്നും എത്തിയിട്ടില്ല. ഒന്നോ രണ്ടോ ആല്‍ബങ്ങളും സ്റ്റേജ്‌ പരിപാടികളുമൊക്കെയായ്‌ തിരക്ക്‌ കൂടിവരുന്നേയുണ്ടായിരുന്നുള്ളു. ഷാഹ്ബാസ്‌ വിളിച്ചത്‌ ഗുലാം അലിയുടെ പരിപാടി കേള്‍ക്കാന്‍ വരുന്ന വിവരം പറയാനായിരുന്നു. പരിപാടിയുടെ അന്ന്‌ കാലത്ത്‌ ചെന്നൈയിലെത്തും. 'നമുക്കൊരുമിച്ചിരുന്ന്‌ ഗുലാം അലിയുടെ പരിപാടി കേള്‍ക്കണം' ഷഹ്ബാസ്‌ പറഞ്ഞു. 

അത്‌ ചെറുക്കാന്‍ കഴിയുന്നതിലും വലിയ പ്രലോഭനമായിരുന്നു. ഷഹബാസിലെ സംഗീതപ്രതിഭയെ ആദ്യം കേള്‍ക്കുന്നത്‌ മലപ്പുറത്തുണ്ടായിരുന്നപ്പോള്‍ ഞങ്ങളൊക്കെയായിരുന്നു. ചില സുഹൃദ്സദസ്സുകളില്‍ ഷഹ്ബാസ്‌ പാടുമ്പോള്‍ ഓരൊ പാട്ടിനും കൊടുക്കുന്ന പ്രത്യേക ഒരു ഫീല്‍ ഞങ്ങള്‍ കേട്ടറിഞ്ഞു. രശ്മി ഫിലിം സൊസൈറ്റിയുടെ മലപ്പുറം കുന്നുമ്മലുള്ള ഓഫീസില്‍ ഞങ്ങള്‍ നിത്യമെന്നോണം ഒത്തുകൂടും. സിനിമയും സംഗീതവും ചിത്രങ്ങളുമെല്ലാം ചര്‍ച്ചാവിഷയമാവും. സംഗീതരംഗത്തേക്കുള്ള ഷഹ്ബാസിണ്റ്റെ അരങ്ങേറ്റം കുറിച്ച 'സോള്‍ ഓഫ്‌ അനാമിക ഇന്‍ ബ്ളാക്‌ & വൈറ്റ്‌' എന്ന ആദ്യത്തെ ആല്‍ബം ആശയരൂപമെടുത്തത്‌ അവിടേവെച്ചായിരുന്നു. ആദ്യം അത്‌ കുറെ ചിത്രങ്ങളായി രൂപമെടുത്തു. (ഷഹബാസ്‌ നല്ലൊരു ചിത്രകാരന്‍ കൂടിയാണെന്നത്‌ പലര്‍ക്കും അറിയില്ല.) ആല്‍ബത്തിണ്റ്റെ പിറവിയ്ക്ക്‌ പിന്നേയും കുറെ വര്‍ഷങ്ങളെടുത്തു. ഗുലാം അലി പാടിയ ഒരു തുമ്രി കാസറ്റ്‌ എനിക്ക്‌ കേള്‍ക്കാന്‍ തന്നത്‌ ഷഹബാസ്‌ ആയിരുന്നു. 

എന്ത്‌ ചെയ്യും. ആദ്യം ഡ്യൂട്ടി എങ്ങനെയെങ്കിലും മാറ്റിയെടുക്കണം. പല കളവും പറഞ്ഞ്‌, അന്നത്തെ ഡ്യൂട്ടി മറ്റൊരു ദിവസത്തേക്ക്‌ മാറ്റി. എനിക്ക്‌ പകരം വേറൊരു സുഹൃത്ത്‌ അന്ന്‌ ഡ്യൂട്ടി ചെയ്യണം. അങ്ങനെ ആ കാര്യം ശരിയാക്കിയെടുത്തു. ഇനിയുള്ള കാര്യം ടിക്കറ്റിണ്റ്റേതാണ്‌. അന്വേഷിച്ചപ്പോള്‍ 250 രൂപയുടെ ടിക്കറ്റ്‌ എവിടേയും കിട്ടാനില്ല. ഷാഹബാസ്‌ തന്നെ രക്ഷക്കെത്തി. തണ്റ്റെ സുഹൃത്ത്‌ ഇന്ത്യന്‍ എക്സ്പ്രസ്സിലെ അമീര്‍ കൂടെയുണ്ടാവും. പത്രക്കാരണ്റ്റെ സ്വാധീനം ഉപയോഗിച്ച്‌ എങ്ങനെയെങ്കിലും ഒരു ടിക്കറ്റ്‌ ശരിപ്പെടുത്തിയെടുക്കാം, ഷാഹ്ബാസ്‌ പറഞ്ഞു. 

 പരിപാടിയുടെ ദിവസമെത്തി. രാവിലെ തന്നെ ഷഹബാസിസ്ണ്റ്റെ വിളി വന്നു. വെസ്റ്റ്‌ മാമ്പളത്തിനടുത്ത്‌ സിനിമക്കാര്‍ ഒക്കെ തമ്പടിക്കുന്ന ഒരു ലോഡ്ജ്‌ ഉണ്ട്‌. ഞങ്ങള്‍ അവിടെയുണ്ട്‌, ഉടന്‍ എത്തുക. ഞാന്‍ ഉടന്‍ പുറപ്പെട്ട്‌ അവിടെ എത്തി. റൂമില്‍ ്‌ ഷഹ്ബാസ്‌, അമീര്‍, വിതരാഗ്‌ എന്ന ഒരു സുഹൃത്ത്‌ (ഇദ്ദേഹം പിന്നീട്‌ ഒരു സിനിമയ്ക്ക്‌ സംഗീതം ചെയ്തു. പക്ഷേ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി.) അമീര്‍ ഉടന്‍ തന്നെ തണ്റ്റെ പരിചയത്തിലുള്ള ആരോടൊക്കെയോ എനിക്കുള്ള ടിക്കറ്റിണ്റ്റെ കാര്യം പറഞ്ഞു വെച്ചു. 

ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന്‌ ഭക്ഷണം കഴിച്ചു. ഗുലാം അലിയുടെ ഗസലുകള്‍ കാസറ്റില്‍ മാത്രം കേട്ടിട്ടുള്ളവരായിരുന്നു, ഞങ്ങളൊക്കെ. ആദ്യമായി ലൈവ്‌ പരിപാടി ക്കേള്‍ക്കുന്നതിണ്റ്റെ ആവേശം എല്ലാവരിലുമുണ്ടായിരുന്നു. ഏതൊക്കെ പാട്ടുകള്‍ അദ്ദേഹം പാടും എന്ന്‌ ഞങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. 'ചുപ്കേ ചുപ്കേ' തീര്‍ച്ചയായും പാടും. 'ആവാര്‍ഗി' പാടുമോ? 'ഹംഗാമ'... ? 

ഇതിനകം അമീറിണ്റ്റെ സുഹൃത്തുക്കളില്‍ നിന്നുള്ള വിവരം കിട്ടി. 250 രൂപ ടിക്കറ്റ്‌ എവിടേയും കിട്ടാനില്ല. ഉള്ളത്‌ ആയിരത്തിണ്റ്റേത്‌ മാത്രം. ആയിരം രൂപ എന്നത്‌ കുറച്ച്‌ കടന്ന കൈയായിരുന്നു, അന്നത്തെ നിലവാരത്തില്‍. വീണ്ടും വീണ്ടുമുള്ള അന്വേഷണങ്ങളും എവിടെയുമെത്തിയില്ല. ഞാന്‍ അങ്ങേയറ്റം നിരാശനായി. പക്ഷേ മറ്റുള്ളവര്‍ ധൈര്യം തന്നു. നമ്മള്‍ നേരത്തേ ഹാളിലെത്തുന്നു. എങ്ങനെയെങ്കിലും ഒരു ടിക്കറ്റ്‌ സംഘടിപ്പിക്കാന്‍ കഴിയാതെയിരിക്കില്ല. ഞങ്ങള്‍ ഹാളിലേക്ക്‌ നീങ്ങി. 

ഹാളില്‍ നിന്നും അമീര്‍ അവണ്റ്റെ വഴിക്കും ഞാന്‍ കൌണ്ടര്‍ സ്റ്റാഫ്‌ വഴിയും അന്വേഷണം തുടരുന്നു. ഒരു വഴിയും തെളിഞ്ഞുകിട്ടിയില്ല. ഒടുവില്‍ പരിപാടി തുടങ്ങാനായി. ഒരുമിച്ചിരുന്ന്‌ ഗുലാം അലിയുടെ ഗസല്‍ കേള്‍ക്കുക എന്ന കാര്യം നടക്കില്ലെന്നുറപ്പായി. ഞാന്‍ അവരോട്‌ ഹാളില്‍ കയറിക്കൊള്ളാന്‍ പറഞ്ഞു. 

ഓഫീസിലെ എണ്റ്റെ സുഹൃത്ത്‌ സടഗോപന്‍ പറഞ്ഞത്‌ ഓര്‍മ്മ വന്നു. ഇങ്ങനെയുള്ള ക്ളാസ്സിക്‌ പരിപാടി നടക്കുമ്പോള്‍ പുറത്തുനിന്നാല്‍ മതി. പരിപാടി തുടങ്ങിക്കഴിഞ്ഞാല്‍ ഒന്നുകില്‍ സംഘാടകര്‍ തന്നെ അകത്തേക്ക്‌ പ്രവേശനം നല്‍കും. അല്ലെങ്കില്‍ പരിപാടിയില്‍ താല്‍പ്പര്യമില്ലെങ്കിലും വലിയ തുകയ്ക്കുള്ള ടിക്കറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതരായി ടിക്കറ്റ്‌ എടുത്ത ആരെങ്കിലും തടയും. ഭാഗ്യനിര്‍ഭാഗ്യങ്ങളിലൊന്നും വലിയ വിശ്വാസമില്ലെങ്കിലും ഒരു ശ്രമം നടത്തിനോക്കാന്‍ തീരുമാനിച്ചു. 

ഞാന്‍ കാമരാജ്‌ അരംഗത്തിണ്റ്റെ വാതിലിനുമുന്നില്‍ നില്‍പ്പായി. പരിപാടി തുടങ്ങുന്നതിനുള്ള മണി മുഴങ്ങി. ഹാളിണ്റ്റെ പുറം ഏറെക്കുറെ വിജനമായി. വരുന്ന ഓരോരുത്തരേയും ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. മുഖലക്ഷണം നോക്കി പലരേയും ഞാന്‍ സമീപിച്ചു. ആ വിഷയത്തില്‍ ഞാന്‍ തികഞ്ഞ പരാജയമാണെന്ന്‌ പെട്ടെന്ന്‌ തന്നെ മനസ്സിലായി. പരിപാടി തുടങ്ങിയിട്ട്‌ പത്തുമിനിറ്റോളം ആയി. 

പെട്ടെന്ന്‌ ഒരാള്‍ പടികള്‍ കയറിവരുന്നത്‌ എണ്റ്റെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ ഒറ്റയ്ക്കാണ്‌. അയാളുടെ കൈയില്‍ രണ്ട്‌ ടിക്കറ്റുണ്ടോ, ഒരു സംശയം. വീണ്ടും ഒരിക്കല്‍ മുഖലക്ഷണം നോക്കി സമയം കളയാന്‍ ഞാന്‍ മിനക്കെട്ടില്ല. ഓടിച്ചെന്ന്‌ ധൈര്യപൂര്‍വം ചോദിച്ചു. 

"എക്സ്ട്രാ ടിക്കറ്റുണ്ടോ?"

"എന്തു വേണം?" ആ മാന്യദേഹം ചോദിച്ചു. 

"പരിപാടി കേള്‍ക്കണം", ഞാന്‍. 

എനിക്ക്‌ ആശ്ചര്യപ്പെടാന്‍ പോലും സമയം തരാതെ അദ്ദേഹം പറഞ്ഞു, "വരൂ"

അദ്ദേഹത്തിണ്റ്റെ കൂടെ ഞാന്‍ എത്തിച്ചേര്‍ന്നത്‌ വി. ഐ. പികള്‍ക്കയുള്ള ഇരിപ്പിടങ്ങള്‍ക്ക്‌ തൊട്ട്‌ പിന്നിലെ വരിയില്‍. അദ്ദേഹം കുറച്ചുമാറി ഇരുന്നു. ഗുലാം അലി തണ്റ്റെ രണ്ടാമത്തെ ഗസല്‍ പാടി തകര്‍ക്കുകയായിരുന്നു. ഒഴിഞ്ഞ ഒരു സീറ്റ്‌ കണ്ടുപിടിച്ച്‌ ഇരുന്ന്‌ ഞാന്‍ പിന്നിലെ ബാല്‍ക്കണിയിലേക്ക്‌ കണ്ണയച്ചു. എണ്റ്റെ സുഹൃത്തുക്കള്‍ എണ്റ്റെ അവസ്ഥ കാണുന്നുണ്ടോ? 

പരിപാടിക്കിടയിലായിരുന്നത്‌ കാരണം ആ മാന്യദേഹത്തിന്‌ ഒരു നന്ദി പറയാന്‍ കൂടി പറ്റിയില്ല. സാരമില്ല ഇടവേളയില്‍ വിശദമായി തന്നെ നന്ദിക്കളയാം എന്ന്‌ നിനച്ചു ഞാന്‍ പരിപാടിയില്‍ മുഴുകി. ഗുലാം അലി 'ചുപ്കെ ചുപ്കെ' യും 'ഹംഗാമ'യും ഒക്കെ പാടി. 

ചെന്നൈയിലെ അഭൂതപൂര്‍വ്വമായ സദസ്സിന്‌ നന്ദി പറഞ്ഞുമൊണ്ട്‌ അദ്ദേഹം ഒരു ഇടവേള തന്നു. ഞാന്‍ എണ്റ്റെ രക്ഷകന്‍ ഇരുന്നിരുന്ന സീറ്റിലേക്ക്‌ നോക്കി. അവിടം ഒഴിഞ്ഞുകിടന്നിരുന്നു. എനിക്ക്‌ ഒരു നന്ദി പറയാന്‍ പോലും അവസരം തരാതെ അദ്ദേഹം പോയ്ക്കളഞ്ഞു. എനിക്ക്‌ സംശയമായി. അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ലേ? മങ്ങാട്ടച്ചനെപ്പോലെ ഞാന്‍ വിശ്വസിക്കാത്ത സാക്ഷാല്‍ ദൈവം തന്നെ എന്നെ സഹായിക്കാന്‍ വന്നതായിരിക്കുമൊ? 

ഞാന്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവം ഉണ്ടെങ്കില്‍ അദ്ദേഹം ഒരു ഗസല്‍ പ്രേമിയാണെന്ന്‌ ഞാന്‍ ഉറപ്പിച്ചു. 

16 comments:

 1. ഒരിക്കല്‍ കൂടി ഗുലാം അലി ചെന്നൈയില്‍ എത്തുമ്പോള്‍

  ReplyDelete
 2. സംഗീതം സ്നേഹമാണെന്ന് അറിയാവുന്ന ഒരാള്‍ ..

  ReplyDelete
 3. ബഹാറോ കോ ചമന്‍ യാദ് ആ ഗയാ ഹേ.
  സംഗീതത്തിന്റെ വസന്തം ഓര്‍മ വന്നു.
  എത്ര മനോഹരമായാണ് വിനോദ് ആ സുന്ദരമായ സായന്തനത്തെ താങ്കള്‍ വരച്ചിട്ടത്. താങ്കള്‍ക്ക് ടിക്കറ്റ്‌ കിട്ടേണ്ടത് വായനക്കാരന്റെ കൂടി ആവശ്യമാവുകയായിരുന്നു. ഗുലാം അലിയെ നേരിട്ട് ഇത് വരെ കേട്ടിട്ടില്ല.

  ReplyDelete
 4. സുഹൃത്തേ എന്നെ തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ലല്ലോ :)

  അദ്ദേഹം നല്ല ഒരു സംഗീതാസ്വാദകനായിരിക്കും. തീര്‍ച്ച. എന്തായാലും ഗസല്‍ കേട്ടല്ലോ . അത് മതി.

  ReplyDelete
 5. മനോഹരമായ വിവരണം..!
  ഇത്തവണയും പോകണ്ടെ..?
  ടിക്കറ്റെടുക്കണംട്ടോ
  ഏല്ലാത്തവണയും ഞാനുണ്ടാവില്ല രക്ഷിക്കാൻ..!!

  ആശംസകളോടെ..പുലരി

  ReplyDelete
  Replies
  1. നല്ല വിവരണം.ദൈന്യതയും,നിരാശയും,സന്താപവും,സഹതാപവും,സന്തോഷവും എല്ലാം അതിലുണ്ട്‌. ഇതൊക്കെ ചേര്‍ന്നതാണല്ലൊ സംഗീതവും. എങ്കിലും, എനിക്ക്‌ അസൂയയുണ്ട്‌...ഗുലാം അലിയുടെ പാട്ട്‌ നേരിട്ട്‌ കേള്‍ക്കാന്‍ കഴിഞ്ഞ താങ്കളോട്‌. തലത്ത്‌ മഹ്മൂദിണ്റ്റെ പാട്ട്‌ നേരിട്ട്‌ കേട്ടിട്ടുള്ളവനാണ്‌ ഞാനെന്ന് പറഞ്ഞ്‌ തിരിച്ചടിച്ച്‌ തല്‍ക്കാലം അസൂയയ്ക്ക്‌ മറയിടുന്നു.

   Delete
 6. അപ്പോള്‍ അങ്ങനെ ഒരു ഐഡിയ ഉണ്ട് അല്ലെ ..ഇന്നി മുതല്‍ അത് പയറ്റി നോക്കണം

  ഒറ്റയിരിപ്പിന്നു വായിച്ചു ഞാനും ഒരു ഗസല്‍ പ്രേമിയാണെന്ന്‌ ഉറപ്പിച്ചു.

  ReplyDelete
 7. നല്ല അവതരണം, aa word varifikkEshan remove cheyye,,

  ReplyDelete
 8. എണ്റ്റെ ഗുലാം അലി അനുഭവം പങ്ക്‌ വെച്ച ഏല്ലാവര്‍ക്കും നന്ദി.

  ReplyDelete
 9. ആഹാ..
  അപ്പടിയാ‍ാ?.. ഇന്ററെസ്റ്റിംഗ്.. :)

  ==
  word verification മാറ്റോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ!

  ReplyDelete
 10. സംഗീതത്തോടുള്ള അഭിനിവേശത്തോടെ ജീവിക്കുന്നത് ഉന്മാദം തരുന്ന ഒരവസ്ഥയാണ് ..ഗുലാം അലിയെ കേള്‍ക്കാന്‍ എനിക്കും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് ...:)

  ReplyDelete
 11. ഞാനും ഒരു ഗസല്‍ പ്രേമി!

  ReplyDelete
 12. അനുഭവ വിവരണം ശരിക്കും അനുഭവിപ്പിച്ചു.

  ReplyDelete
 13. രമേശ്‌, നല്ല വാക്കുകള്‍ക്ക്‌ നന്ദി. ഞാന്‍ വെറും ഒരു കേള്‍വിക്കാരന്‍. എന്തോക്കെയോ കുറിച്ചിടുന്നു. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

  എല്ലാവര്‍ക്കും നന്ദി.

  ReplyDelete