Sunday, February 19, 2012

ഇന്ത്യയില്‍ ഗസലിണ്റ്റെ മക്ത മുഴങ്ങുന്നുവോ?

‘Gazal ko ek naya ahang de kar chal diya jagjith
Ghazal hai muntazar koi mile phir unke jaisa meet’


'ഗസലിന്‌ ഒരു പുതിയ ശബ്ദം കൊടുത്ത്‌ 
കടന്നുപോയീ ജഗ്ജിത്‌ 
കാത്തിരിപ്പാണ്‌ ഗസല്‍, ഒരു കൂട്ടുകാരനെ
അദ്ദേഹത്തെപ്പോല്‍ '

പ്രശസ്ത ഇന്ത്യന്‍ ഗസല്‍ ഗായകന്‍ ശ്രീ. ജഗ്ജിത്‌ സിംഗ്‌ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിണ്റ്റെ ആരാധകനായിരുന്ന രെഹന്‍ അന്‍സാരി തണ്റ്റെ ഉര്‍ദു ബ്ളോഗില്‍ എഴുതിയ വരികളാണിത്‌. ശ്രീ അന്‍സാരിയോടൊപ്പം ഇങ്ങനെയൊരു ഉല്‍ക്കണ്ഠ പങ്കുവെയ്ക്കാന്‍ ഗസലിനെ സ്നേഹിക്കുന്ന ഒരു പാട്‌ പേര്‍ ഉണ്ടാവും തീര്‍ച്ച. ജഗ്ജിത്‌ സിംഗിനു മുമ്പും അദ്ദേഹത്തിണ്റ്റെ സമകാലികരായും ഏറെ ഗസല്‍ ഗായകര്‍ ഇന്ത്യയിലുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഗസലിണ്റ്റെ പര്യായമായി പറയാവുന്ന ഒരേ ഒരു ഗായകന്‍ മാത്രം; ജഗ്ജിത്‌ സിംഗ്‌. 


ഏതെങ്കിലും രംഗത്ത്‌ സ്വന്തമായ ഇടം കണ്ടെത്തിയ ആരുടെ മരണവും സൃഷ്ടിക്കുന്നത്‌ വലിയൊരു ശൂന്യതയായിരിക്കും. ആ വ്യക്തിയ്ക്ക്‌ പകരം നില്‍ക്കാന്‍ മറ്റൊരാള്‍ ഉണ്ടാവുക തികച്ചും അപൂര്‍വമാണ്‌. മലയാള സിനിമാ രംഗത്ത്‌ സത്യന്‍, പ്രേംനസീര്‍, ശ്രീവിദ്യ , സിനിമാസംഗീത രംഗത്ത്‌ ബാബുക്ക, ദേവരാജന്‍ മാസ്റ്റര്‍, ജോണ്‍സണ്‍, രാഷ്ട്രീയ രംഗത്ത്‌ ഈ. എം. എസ്‌. എ. കെ. ജി ഒക്കെ ഇങ്ങനെ സ്വന്തം ഇടം നമ്മുടെ മനസ്സില്‍ സൃഷ്ടിച്ച്‌ കടന്നുപോയവരാണ്‌. ഗായകരായ മുഹമ്മദ്‌ റാഫി, മുകേഷ്‌, തലത്ത്‌ മഹമൂദ്‌, ഗീത ദത്ത്‌ സംഗീത സംവിധായകരായ നൌഷാദ്‌ സാഹിബ്‌, മദന്‍ മോഹന്‍, എസ്‌. ഡി. ബര്‍മന്‍, ഓ. പി. നയ്യാര്‍ ഇവരൊക്കെ ഒഴിച്ചിട്ട ഇടത്തില്‍ കയറി ഇരിക്കാന്‍ പ്രാപ്തരായി ആരെങ്കിലും വരുമോ? 

കടന്നുപോയവര്‍ സൃഷ്ടിച്ച ശൂന്യത നികത്താന്‍ പിന്നീട്‌ വന്നവര്‍ക്കായില്ലെങ്കിലും മേല്‍ പറഞ്ഞ രംഗങ്ങളില്‍ അവരുടെ തട്ടകം ഇല്ലാതായില്ല. അത്‌ ഏറ്റെടുത്ത്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ ധാരാളം പേര്‍ വന്നു. ഇന്നും വന്നുകൊണ്ടേയിരിക്കുന്നു. ഗസലിണ്റ്റെ കാര്യത്തില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമോ എന്ന്‌ ആ ഗാനശാഖയെ സ്നേഹിക്കുന്ന ആളുകളില്‍ ഒരു സംശയം ഉണാവുന്ന ഒരവസ്ഥയില്‍ ആണ്‌ ജഗ്ജിത്‌ സിംഗിണ്റ്റെ വേര്‍പാട്‌. രെഹന്‍ അന്‍സാരി എന്ന ബ്ളോഗര്‍ എഴുതിയ വരികള്‍ അര്‍ത്ഥം കണ്ടെത്തുന്നത്‌ ഇവിടെയാണ്‌. 

* * * 

ഇസ്ളാമിണ്റ്റെ വരവോടെ പന്ത്രണ്ടാം നൂറ്റാണ്ടിലാണ്‌ ഗസല്‍ ഇന്ത്യയിലെത്തുന്നത്‌. ഇന്ത്യയില്‍ ഗസലിണ്റ്റേയും ഖ്വവാലിയുടേയും തുടക്കം അമീര്‍ ഖുസ്രോവിലൂടെയാണെന്ന്‌ പണ്ഡിതമതം. പേര്‍ഷ്യനിലും ഹിന്ദാവി ( ഉര്‍ദുവിണ്റ്റെ പ്രാഗ്‌രൂപം ) യിലും ഖുസ്രൊ രചന നടത്തി. 1253ല്‍ ജനിച്ച്‌ 1325ല്‍ മരണമടഞ്ഞ ഖുസ്രൊ സ്വയം ഒരു സംഗീതജ്ഞനുമായിരുന്നു. ഖുസ്രോ തുടങ്ങിവെച്ചെങ്കിലും പതിനെട്ടാം നൂറ്റാണ്ടുവരെ ഗസല്‍ ഇന്ത്യിലേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുകയാണൂണ്ടായത്‌. അതിനുശേഷമാണ്‌ ഗസല്‍ ഇന്ത്യയുടേതായ രൂപവും ഭാവവും നേടിയെടുത്തത്‌. 

ഗസല്‍ പ്രാഥമികമായി ഒരു സംഗീതരൂപമായിരുന്നില്ല. കവിതാലാപനം എന്ന രീതിയിലാണ്‌ ഗസലിണ്റ്റെ ആരംഭം. പത്താം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിന്ന്‌ പേര്‍ഷ്യയിലെത്തിയ ( ഇന്നത്തെ ഇറാന്‍) 'ക്വാസിദ' ആണ്‌ ഗസലിണ്റ്റെ ആദി രൂപം. ക്വാസിദ രാജാക്കന്‍മാര്‍ക്കുള്ള സ്തുതിഗീതമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍, കവിതാലാപനം എന്ന നില വിട്ട്‌ ഗസല്‍ ഒരു സംഗീതശാഖയായി വളര്‍ന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ സംസ്കാരത്തിണ്റ്റേയും സാമൂഹ്യമര്യാദയുടെയും ഉത്തമ മാതൃകകളായിരുന്ന 'തവൈഫ്‌' സ്ത്രീകളിലൂടെയാണ്‌ ഗസല്‍ എന്ന സംഗീത ശാഖ ഇന്ത്യയില്‍ വളര്‍ന്നുവന്നത്‌. അവരുടെ ആവാസസ്ഥലങ്ങളായിരുന്ന 'കോഠ'കള്‍ നൃത്തത്തിണ്റ്റേയും സംഗീതത്തിണ്റ്റേയും കേന്ദ്രങ്ങളായിരുന്നു. അക്കാലത്ത്‌ സമൂഹത്തിലെ ഉന്നതരെല്ലാം കോഠകളില്‍ നിത്യ സന്ദര്‍ശകരായിരുന്നു. പ്രശസ്ത ഉര്‍ദു ഗസല്‍കാരനായ മിര്‍സാ ഗാലിബിണ്റ്റെ കവിതകളില്‍ ഇത്തരം ഭവനങ്ങളും അവിടത്തെ അനുഭവങ്ങളും സമ്മൃദ്ധമായി നില്‍ക്കുന്നു. ഈ വരികള്‍ നോക്കുക. 

"ചിലര്‍ക്ക്‌ ദാഹം കുറാവാണ്‌ സാകി 
ചിലര്‍ക്ക്‌ വേണ്ടത്ര ലഭിക്കുന്നിലൊരിക്കലും 
അലതല്ലും മദിരക്കടലാണ്‌ നീയെങ്കില്‍ 
അടങ്ങാത്ത ദാഹത്താലുഴറുന്ന തീരം ഞാന്‍" 

ഇതില്‍ കോഠയുണ്ട്‌, മദ്യം പകരുന്ന കോഠേവാലിയുണ്ട്‌. അവളോടുള്ള ഉല്‍ക്കടമായ പ്രണയമുണ്ട്‌. 

പേര്‍ഷ്യനിലും ഉര്‍ദുവിലും ഗസല്‍ രചിച്ചിരുന്ന ഗാലിബില്‍ സൂഫി സ്വാധീനം വളരെ പ്രകടമായിരുന്നു. സൂഫി കവിതകളില്‍ പ്രകടമായ രണ്ട്‌ വിഭാഗങ്ങളുണ്ട്‌, ഹകീകി (ആദ്ധ്യാത്മികം) യും മജാസി (ലൌകികം)യും. ചിലത്‌ രണ്ടര്‍ത്ഥത്തിലും വായിക്കപ്പെടാവുന്നവയുമാണ്‌. മുകളില്‍ പറഞ്ഞ വരികള്‍ പ്രത്യക്ഷത്തില്‍ മജാസി ആണെങ്കിലും ആഴത്തില്‍ പരിശോധിച്ചാല്‍ തികഞ്ഞ ആദ്ധ്യാത്മികമായ അര്‍ത്ഥം പേറുന്നവയുമാണ്‌. ഇവിടെ മദ്യം പ്രതിനിധാനം ചെയ്യുന്നത്‌ പരമാത്മാവില്‍ അലിഞ്ഞുചേരാനുള്ള ഉല്‍ക്കടമായ ആഗ്രഹമാണ്‌. അത്‌ പകര്‍ന്നുകൊടുക്കുന്ന സാകി പരമമായ ജ്ഞാനം കൈവന്നവളുമാണ്‌. ഗാലിബിണ്റ്റെ വരികള്‍ ധാരാളം ഇങ്ങനെ രണ്ടര്‍ത്ഥത്തിലും മനസ്സിലാക്കാന്‍ സാധിക്കുന്നവയാണെന്ന്‌ ഗാലിബ്‌ കവിതകളിലെ സൂഫി സ്വാധീനത്തെപറ്റി പഠനം നടത്തിയ ശ്രീമതി. സര്‍വത്‌ റഹ്മാന്‍ പറയുന്നു. (ശ്രീമതി സര്‍വത്‌ റഹ്മാന്‍ രചിച്ച 'An introduction to the poetry of Ghalib' എന്ന പുസ്തകത്തില്‍ നിന്ന്‌. 

കോഠേവാലികളും സന്ദര്‍ശകരും തമ്മില്‍ ശാരീരികബന്ധങ്ങള്‍ വരെ സ്വാഭാവികമായിരുന്നു. സന്ദര്‍ശകണ്റ്റെ സമ്പത്ത്‌, സ്വീകാര്യത, നര്‍ത്തകിയുടെ താല്‍പ്പര്യം ഒക്കെ ഒത്തുവരികയാണെങ്കില്‍. ഗാലിബ്‌ തണ്റ്റെ ചെറുപ്പകാലത്ത്‌ ഒരു കോഠയിലെ നര്‍ത്തകിയായിരുന്ന 'ഡോമിനി' (ദേവദാസി) യില്‍ അനുരക്തനായിരുന്നു. ഗാലിബ്‌ എഴുതുന്നു, "പുലര്‍ച്ചെ അവളോട്‌ വിടപറയുന്ന നേരം നിരാശയും അസൂയയും എണ്റ്റെ ഹൃദയത്തില്‍ നഖമിറക്കി. ദൈവത്തിണ്റ്റെ സംരക്ഷണത്തില്‍ പോലും അവളെ വിട്ടുകൊടുക്കാന്‍ എനിയ്ക്കാവുമായിരുന്നില്ല." ശ്രീ. കെ.പി.എ സമദ്‌ രചിച്ച 'മിര്‍സാ ഗാലിബ്‌ - കവിതയും ജീവിതവും' എന്ന പുസ്തകത്തില്‍ നിന്ന്‌. 

ബ്രിട്ടീഷ്‌ ആധിപത്യത്തിന്‍ കീഴില്‍ രാജാക്കന്‍മാരൂടെ പ്രതാപകാലം അസ്തമിച്ചതോടെ ഈ സംസ്കാരത്തിന്‌ അവസാനമായി, തവൈഫ്‌ സ്ത്രീകള്‍ വെറും വേശ്യകളായി വിശേഷിപ്പിക്കപ്പെട്ടു. 

കോഠകളും അവിടത്തെ സംഗീത സദസ്സുകളും ഇല്ലാതായെങ്കിലും ഗസല്‍ പുതിയ സദസ്സിനെ കണ്ടെത്തുകയായിരുന്നു. മെഹ്ഫില്‍ സംസ്കാരത്തിലൂടെ സംഗീത പാരമ്പര്യം നില നിര്‍ത്തിയ ഗസല്‍ ഇക്കാലത്ത്‌ നിലവില്‍ വന്ന റെക്കോര്‍ഡിംഗ്‌ സ്റ്റുഡിയോകളിലൂടെ സാധാരണക്കാരിലേക്ക്‌ എത്തിത്തുടങ്ങി. കുലീന വര്‍ഗത്തിണ്റ്റെ സ്വകാര്യ അഹങ്കാരമായിരുന്ന ഗസല്‍ സാധാരണ ജനങ്ങളുടെ കേള്‍വിയ്ക്ക്‌ അലങ്കാരമായി മാറി. സിനിമയും സിനിമാസംഗീതവും സാധാരണക്കരുടെ വിനോദോപാധിയായി മാറിത്തുടങ്ങിയിരുന്നു, അപ്പോഴേയ്ക്കും. അക്കാലത്തെ കവികളും സംഗീതസംവിധായകരും ഗസലിനെ വളരെ മനോഹരമായി സിനിമകളില്‍ ഉപയോഗിച്ചു. ഗസലിണ്റ്റെ കേള്‍വിക്കാര്‍ ഇന്ത്യയിലുടനീളം ഉണ്ടായി. ഉര്‍ദു ഭാഷ സംസാരിക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പോലും ഗസല്‍ ഒരു ഗൌരവതരമായി കേട്ടുതുടങ്ങി. 

ഗസലിന്‌ സുശക്തമായ ഘടന ഉണ്ട്‌. 'മട്ല' എന്ന ആദ്യത്തെ ഈരടിയില്‍ തുടങ്ങി, 'മക്ത' എന്ന അവസാന ഈരടിയില്‍ അവസാനിക്കുന്നതാണ്‌ ഒരു ശുദ്ധ ഗസല്‍. അവസാന ഈരടി ഒരു വ്യക്തിപരമായ പ്രസ്താവനായിരിക്കും, ഇതില്‍ ഗസല്‍ രചയിതാവിണ്റ്റെ പേരോ പേരിണ്റ്റെ സൂചനയോ ഉണ്ടാവും. ഇടയിലുള്ള ഈരടികള്‍ പ്രാസരൂപത്തില്‍ അവസാനിക്കുന്നതായിരിക്കും. ഇവ തമ്മില്‍ ആശയാര്‍ത്ഥത്തില്‍ സാമ്യത ഉണ്ടായിരിക്കണമെന്ന നിര്‍ബ്ബന്ധമില്ല. ക്വാസിദയില്‍ നിന്ന്‌ രൂപം മാറി എത്തിയ ആദ്യകാല ഗസലുകള്‍ കാല്‍പ്പനിക പ്രണയം, വിരഹം ഒക്കെ വിഷയമായുള്ളതായിരുന്നു. സൂഫി സംസ്കാരത്തില്‍ ഇവ പരമാത്മാവില്‍ ലയിക്കാനുള്ള തീവ്രമായ അഭിവാഞ്ജയായി രൂപം മാറി. 

ഇരുപതാം നൂറ്റാണ്ടിണ്റ്റെ അവസാനകാലത്ത്‌ മറ്റ്‌ സാഹിത്യരൂപങ്ങളിലെന്ന പോലെ ഗസലും ഒരു പരിവര്‍ത്തനത്തിന്‌ വിധേയമാകുന്നുണ്ട്‌. ഗസലിണ്റ്റെ ചിട്ടകളും ചട്ടക്കൂടും പോളിയ്ക്കാന്‍ ചില കവികള്‍ തയ്യാറായി. വിഷയത്തിണ്റ്റെ കാര്യത്തിലും ചിലരെങ്കിലും ഈ പോളിച്ചെഴുത്ത്‌ നടത്തുന്നുണ്ട്‌, ചില കവികള്‍. 1995ല്‍ പുറത്തിറങ്ങിയ ജഗ്ജിത്‌ സിംഗിണ്റ്റെ 'cry for cry' എന്ന ആല്‍ബത്തില്‍ 'ഖലീല്‍ ധണ്ടെജ്‌വി' എന്ന കവിയുടെ ഒരു ഗസല്‍ നോക്കുക. റേഷന്‍ കടയില്‍ ക്യൂ നില്‍ക്കുന്ന ഒരു കൃഷിക്കാരണ്റ്റെ ദൈന്യതയാര്‍ന്ന ചിന്തകളാണ്‌ വിഷയം.

'ഇപ്പോള്‍ റേഷണ്റ്റെ ക്യൂവില്‍ എന്നെ കാണാനാവും
വയല്‍ വിട്ട്‌ ഓടിപ്പോന്നതിനുള്ള ശിക്ഷയാണെന്ന്‌ അറിയുന്നു ഞാന്‍

ചെലവേറിയ അങ്ങാടിയില്‍ നിന്ന്‌ കുറച്ചെന്തോ വാങ്ങി ഞാനെത്തുന്നു
മക്കള്‍ക്കായി പങ്ക്‌ വെയ്ക്കുമ്പോള്‍ നാണം കൊണ്ടെണ്റ്റെ മുഖം കുനിയുന്നു.' 

ഇങ്ങനെ പോകുന്നു, ഗസല്‍. 

തണ്റ്റെ ഗ്രാമത്തിലെ നഷ്ടപ്പെട്ടുപോയ സൌഭാഗ്യത്തെക്കുറിച്ചോര്‍ത്ത്‌ ലജ്ജിയ്ക്കുകയാണ്‌ ആ കര്‍ഷകന്‍. ആ വരികള്‍ എടുത്ത്‌ പാടുമ്പോള്‍ ജഗ്ജിത്‌ സിംഗും ഗസല്‍ എന്ന സംഗീത ശാഖയെ നവീകരിയ്ക്കാന്‍ ശ്രമിക്കുക തന്നെയായിരുന്നു. എന്നാല്‍ ഇവയൊക്കെ അപവാദങ്ങള്‍ മാത്രമാണ്‌. തീവ്ര പ്രണയവും വിരഹവും തന്നെ എന്നത്തെപ്പോലെത്തന്നെ ഇന്നും ഗസലിണ്റ്റെ ഇഷ്ടവിഷയങ്ങള്‍. 

* * *

ഇതൊക്കെ പഴയ കഥ. ഇന്ത്യയില്‍ ഗസലിണ്റ്റെ ഇന്നത്തെ അവസഥ ശുഭകരമല്ലെന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നു. പുതിയ ഗസല്‍ ഗായകര്‍ കേള്‍ക്കപ്പെടുന്നത്‌ വളരെ അപൂര്‍വ്വമായിരിക്കുന്നു. പുതിയ ഗായകരുടെ ആല്‍ബങ്ങളൊന്നും റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നില്ല എന്ന്‌ സ്റ്റുഡിയോകളും സാക്ഷ്യപ്പെടുത്തുന്നു. വര്‍ഷങ്ങളായി ഒരു പുതിയ ഗസല്‍ ഗായകനും കേള്‍വിക്കാരുടെ ഉള്ളില്‍ സ്വന്തമായൊരു ഇടം നേടിയിട്ടില്ലെന്ന്‌ നമുക്കേവര്‍ക്കും അറിയാം. 

ഹിന്ദി സിനിമ ഗസലിനെ ഏറെക്കുറെ കൈയൊഴിഞ്ഞിരിക്കുന്നു. പുതിയ തലമുറയുടെ കേള്‍വി സംസ്കാരം തീര്‍ത്തും വിഭിന്നമാണ്‌. കേള്‍ക്കുന്നതില്‍ കൂടുതലായി കാണുവാന്‍ വേണ്ടി 'നിര്‍മ്മിക്കപ്പെടുന്ന' സിനിമാഗാനങ്ങളില്‍ ഗസല്‍ പോലൊരു ഗാനശാഖയ്ക്ക്‌ കാര്യമായൊന്നും ചെയ്യാനില്ല. ചടുലമായ നൃത്ത ചലനങ്ങള്‍ക്കായി ദ്രുതഗതിയിലുള്ള താളങ്ങളാണ്‌ ഇന്ന്‌ സിനിമാസംഗീതത്തെ നിര്‍വ്വചിക്കുന്നത്‌. ഗസലിണ്റ്റെ നേര്‍ത്ത നൂലുകള്‍ ഇഴപിരിച്ചെടുത്ത്‌ കേള്‍ക്കുവാന്‍ സൂക്ഷ്മമായ ഉള്‍ക്കാതുകള്‍ വേണം. തീവ്രമായ, എന്നാല്‍ തീര്‍ത്തും വാചാലമല്ലാത്ത പ്രണയം, നേര്‍ത്ത വിഷാദം ഒക്കെ പകര്‍ന്നു തരുന്ന വരികള്‍ അറിഞ്ഞനുഭവിയ്ക്കാന്‍ പുതിയ തലമുറയുടെ ഭാവുകത്വം അനുവദിയ്ക്കുന്നുണ്ടാവില്ല. പ്രണയനഷ്ടത്തെ 'കൊലവെറിയിലൂടെ' ആവിഷ്കരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന യുവതലമുറയ്ക്ക്‌ ഗസല്‍ ആസ്വദിയ്ക്കാന്‍ കഴിയുന്നെങ്കിലല്ലേ അത്ഭുതമുള്ളൂ. 

ഗസലിണ്റ്റെ ജനപ്രിയത കുറയാന്‍ മറ്റു കാരണങ്ങളും ഉണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സംഗീതേതരമായ കാരണങ്ങളിലൊന്ന്‌ ഉര്‍ദു ഭാഷയുമായി ബന്ധപ്പെട്ടതാണ്‌. 

ഉര്‍ദു എന്നത്‌ ഒരു ടര്‍ക്കിഷ്‌ വാക്കാണ്‌. അതിണ്റ്റെ അര്‍ത്ഥം 'പോരാളികള്‍ക്കായുള്ള അങ്ങാടി' എന്നാണ്‌. പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചകരവര്‍ത്തിമാര്‍ ഭരണം ഉറപ്പാക്കിയ കാലത്ത്‌ അവരുടെ പട്ടാളക്കാര്‍ പേര്‍ഷ്യന്‍, അറബി, ബ്രിജ്‌ തുടങ്ങിയ ഭാഷകളുടെ സങ്കരമായ ഒരു ഭാഷയാണ്‌ സംസാരിച്ചിരുന്നത്‌. അതിന്‌ 'രെഖ്ത' എന്ന മറ്റൊരു പേരും ഉണ്ടായിരുന്നു. അങ്ങനെ അവിഭക്ത ഇന്ത്യയാണ്‌ ഉര്‍ദുവിണ്റ്റെ ജന്‍മസ്ഥലം. ( Urdu for pleasure - Sulthan Nathani) 

പക്ഷേ ഇന്ത്യയുടെ വിഭജനം ഉര്‍ദു എന്ന ഭാഷയെ അനാഥമാക്കി. ഇന്ത്യന്‍ ജനസംഖ്യയുടെ ആറു ശതമാനത്തോളം വരുന്ന ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയ്ക്കാണ്‌ ഈ ദുര്യോഗം വന്നുപെട്ടത്‌ എന്നോര്‍ക്കുക. ഇത്‌ ഏതാണ്ട്‌ ആറ്‌ കോടിയോളം വരും. പാക്കിസ്താനില്‍ പോലും ഉര്‍ദു ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ഒന്നര കോടിയോളമേ വരൂ എന്നാണ്‌ കണക്ക്‌. 

സ്വതന്ത്ര ഇന്ത്യയുടെ ആദ്യവര്‍ഷങ്ങള്‍ ഇന്ത്യാ-പാക്‌ വിഭജനവും തുടര്‍ന്നുണ്ടായ വര്‍ഗീയ ലഹളകളും കാരണം ഇന്ത്യയുടെ പൊതുബോധത്തിലും കൃത്യമായ ഒരു വിഭജനം നടത്തിയ കാലമായിരുന്നു. മറ്റു സാമൂഹ്യ സാംസ്കാരിക മേഖലകളിലേക്കാള്‍ കൂടുതലായി ഭാഷയുടെ കാര്യത്തില്‍ ഇത്‌ കൂടുതല്‍ തീവ്രവും പ്രകടവുമായി. ഇന്ത്യ വിഭജിച്ച ഭാഷയായി ഉര്‍ദു മനസ്സിലാക്കപ്പെടുകയായിരുന്നു. ഉറുദു ഒരു മുസ്ളീം ഭാഷയാണെന്ന ചിന്ത വര്‍ഗീയ ബോധം തൊട്ടുതീണ്ടാത്ത സാധാരണക്കാരില്‍ പോലും വന്നുതുടങ്ങിയിരുന്നു. വെറുക്കപ്പെട്ട രാജ്യത്തിണ്റ്റെ വെറുക്കപ്പെട്ട ഭാഷയായി സുന്ദരമായ ഉര്‍ദു മാറി. 

1947-52 കാലഘട്ടം ഉര്‍ദുവിണ്റ്റെ ഏറ്റവും മോശമായ കാലയളവായി ഉര്‍ദു പണ്ഡിതനും കവിയുമായ ശ്രീ. എസ്‌. ആര്‍. ഫാറൂഖി പറയുന്നു. ഉര്‍ദുവിനെ മാറ്റി ഹിന്ദിയെ പ്രതിഷ്ഠിയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം ചില കോണുകളില്‍ നിന്നുണ്ടായപ്പോള്‍ മുസ്ളീം സമുദായക്കാരില്‍ ചിലര്‍ ഭയം കൊണ്ടും മറ്റുചിലര്‍ പ്രായോഗികചിന്തയുടെ ഫലമായും ഉര്‍ദുവിനെ കൈവെടിയാന്‍ തയ്യാറായതായി അദ്ദേഹം തുടര്‍ന്നു പറയുന്നു. ഉര്‍ദു പണ്ഡിതര്‍ പോലും ഇന്ത്യയില്‍ സ്വീകാര്യത കിട്ടാന്‍ ഭാഷയുടെ ലിപി മാറ്റി ദേവനാഗ്‌രി സ്വീകരിയ്ക്കാന്‍ വരെ തയ്യാറായതായി ശ്രീ. ഫാറൂഖി ഓര്‍മ്മിയ്ക്കുന്നു. മുസ്ളീം സമുദായക്കാരുടെ ഇടയില്‍ ഉര്‍ദുവിനൊടുള്ള സമീപനത്തില്‍ മാറ്റം വന്നുവെങ്കിലും ഹിന്ദു മൌലികവാദികള്‍ ഉര്‍ദുവിനോടുള്ള എതിര്‍പ്പ്‌ തുടര്‍ന്നു, ഇപ്പോഴും തുടരുന്നു. 

ഇന്ത്യയില്‍ ഗസല്‍ എത്തുന്നത്‌ പേര്‍ഷ്യന്‍ ഭാഷയിലാണ്‌. ഉത്തരേന്ത്യയിലെ ആദ്യകാലത്തെ കവികളൊക്കെ പേര്‍ഷ്യന്‍ ഭാഷയിലാണ്‌ ഗസല്‍ രചിച്ചുകൊണ്ടിരുന്നത്‌. ഗസല്‍ ഉര്‍ദുവിനെ കണ്ടെത്തുന്നത്‌ ദക്ഷിണേന്ത്യയിലാണെന്നത്‌ ഇപ്പോള്‍ ഒരു പക്ഷേ വിചിത്രമായി തോന്നാം. നശിച്ചുപോയ ഗോല്‍കൊണ്ട രാജ്യത്തിലും കര്‍ണ്ണാടകയിലെ ബിജാപൂരിലുമാണ്‌ ഉര്‍ദു ഗസല്‍ രൂപപ്പെടുന്നത്‌ എന്ന്‌ വിക്കിപീഡിയ പറയുന്നു. ഹൈദരാബാദിനടുത്തുള്ള ഗോല്‍ക്കൊണ്ട പട്ടണം ഇന്നില്ല. ഗോല്‍ക്കൊണ്ട കൊട്ടാരത്തിണ്റ്റെ അവശിഷ്ടങ്ങള്‍ ഹൈദരബാദില്‍ പോയവരൊക്കെ കണ്ടിരിക്കാന്‍ സാധ്യതയുണ്ട്‌. ആന്ധ്രയിലെ തെലുങ്കാന, ഇന്നത്തെ കര്‍ണ്ണാടകത്തിണ്റ്റേയും മഹാരാഷ്ട്രയുടെയും ചില ഭാഗങ്ങള്‍ ഒക്കെ ഉള്‍പ്പെട്ട ഗോല്‍ക്കൊണ്ട രാജ്യത്തിണ്റ്റെ തലസ്ഥാനമായിരുന്നു, ഈ പട്ടണം. 

ഉര്‍ദുവിനൊടുള്ള എതിര്‍പ്പിണ്റ്റെ തിക്ത ഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ചത്‌ ഗസല്‍ ആയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുമ്പുണ്ടായ ഒരനുഭവം പ്രശസ്ത ഗസല്‍ സംഗീതഞ്ജനായ രാജേന്ദ്ര മേത്ത ഓര്‍ക്കുന്നു. കാശ്മീരി പണ്ഡിറ്റുകളുടെ ഒരു സംഘടനയുടെ വാര്‍ഷികാഘോഷത്തിണ്റ്റെ ഭാഗമായി അദ്ദേഹത്തിണ്റ്റെ ഒരു ഗസല്‍ പരിപാടി നടത്താന്‍ ക്ഷണിച്ചിരുന്നു. പക്ഷേ സംഘടനയുടെ അദ്ധ്യക്ഷന്‍ അതിനെ എതിര്‍ക്കുന്നു. ആ മാന്യ ദേഹം ചോദിച്ചത്‌ ഇപ്രകാരമായിരുന്നു, "നമ്മള്‍ എന്തിനാണ്‌ ഒരു ഗസല്‍ പരിപാടി നടത്തുന്നത്‌. ഗസല്‍ ഉര്‍ദുവിണ്റ്റെ ഒരു രൂപമാണ്‌, ഉര്‍ദു ആകട്ടെ മുസല്‍മാണ്റ്റേതും. നമ്മള്‍ക്ക്‌ പകരമായി ഒരു ഭജന്‍ പരിപാടി നടത്താം." തൊണ്ണൂറുകളോടെ ഇന്ത്യന്‍ പൊതുബോധാത്തിലുണ്ടായ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്‌, ഈ സംഭവം. 

ഉര്‍ദു ഒരു ഭാഷ എന്ന നിലയില്‍ അന്യവല്‍ക്കരിക്കപ്പെട്ടതും ഉര്‍ദു ഭാഷ മാതൃഭാഷയായിരുന്ന ഉത്തര്‍പ്രദേശിലും മറ്റും സാധാരണ ജനങ്ങള്‍ ആ ഭാഷ പഠിയ്ക്കാന്‍ താല്‍പര്യം കാണിക്കാതിരിക്കുന്ന ഒരു അവസ്ഥ നിലവില്‍ വന്നു. ഒരു സംസാര ഭാഷ എന്ന നിലയില്‍ നിലനിന്നപ്പോഴും ഭാഷ ആഴത്തില്‍ മനസ്സിലാക്കുന്നവര്‍ കുറഞ്ഞുവരികയായിരുന്നു, ഫലം. ഗസലിന്‌ കേള്‍വിക്കാര്‍ കുറയുന്നതിന്‌ ഇതും ഒരു കാരണമായിരിക്കാം. 

കൂടുതല്‍ സാധാരണക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശത്താലായിരിക്കണം ധാരാളം കവികള്‍ ഹിന്ദിയിലും ഗസലുകള്‍ രചിയ്ക്കാന്‍ തുടങ്ങി. ജഗ്ജിത്‌ സിംഗ്‌, പങ്കജ്‌ ഉധാസ്‌ തുടങ്ങിയവര്‍ അത്തരം ഗസലുകള്‍ ധാരാളം ആലപിയ്ക്കാനും തുടങ്ങി. ഗസലുകളും ഗസലിനോടടുത്ത ഗീതങ്ങളും നല്ല ജനസമ്മതി നേടിയെടുത്തത്‌ ഇങ്ങനെയാണ്‌. നമ്മുടെ മലയാളത്തിലും പ്രശസ്ത കവി സച്ചിദാനന്ദന്‍, പ്രദീപ്‌ അഷ്ടമിച്ചിറ തുടങ്ങിയവര്‍ ഗസലുകള്‍ രചിച്ചു. ഉമ്പായി, ഷഹബാസ്‌ അമന്‍ തുടങ്ങിയ ഗസല്‍ ഗായകരും നമ്മുടേതായിട്ടുണ്ടായി. ഗസല്‍ പാടുന്ന വിഷയത്തിസ്ണ്റ്റെ പ്രത്യേകത പോലെത്തന്നെ ഇവയും അപവാദങ്ങള്‍ മാത്രം. ഉര്‍ദുവിനെക്കൂടാതെ ഗസലിന്‌ നിലനില്‍ക്കാന്‍ സാധിക്കുമോ എന്ന്‌ സംശയിക്കാവുന്ന തരത്തില്‍ പരസ്പരം ബന്ധപ്പെട്ടാണ്‌ രണ്ടിണ്റ്റേയും നിലനില്‍പ്പ്‌. 

മുഗള്‍ സാമ്രാജ്യത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ ഔറംഗസേബിനേയും ബഹാദുര്‍ ഷാ സഫറിനേയും താരതമ്യപ്പെടുത്താറുണ്ട്‌, പലരും. മുഗള്‍ സാമ്രാജ്യത്തില്‍ അവസാന ഭരണാധികാരി ബഹാദുര്‍ ഷാ സഫര്‍ ആയിരുന്നെങ്കിലും ( അദ്ദേഹം സ്വയം ഒരു കവിയും ഗസല്‍കാരനുമായിരുന്നു; മിര്‍സാ ഗാലിബിണ്റ്റെ സമകാലികനും ) അവസാന ചക്രവര്‍ത്തി ആയി ഗണിക്കുന്നത്‌ ഔറംഗസേബിനെ ആണ്‌. അതുപോലെ ഇന്ത്യന്‍ ഗസലിണ്റ്റെ അവസാന ചക്രവര്‍ത്തി എന്ന പട്ടം ആയിരിക്കുമോ കാലം ജഗ്ജിത്‌ സിംഗിന്‌ ചാര്‍ത്തികൊടുക്കാനിരിക്കുന്നത്‌? 

10 comments:

 1. ഗസലുകളെ വളരെ ഇഷ്ട്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ ഗസലുകളെ കുറിച്ച് ആധികാരിക്കമായി വളരെ വിശദമായി പഠന വിധേയമായിരിക്കുന്നു ..
  ഇത് പോലെ ഒരു ലേഘനം എഴുതാന്‍ കാണിച്ച ആ സന്മനസിന് നന്ദി
  ഇന്നി ഇത് പോലെ ഉള്ള നല്ല ലെഘനത്തിലെക്ക് വിരല്‍ ചൂണ്ടുമ്പോള്‍ ഒന്ന് അറിയിക്കാന്‍ മറക്കല്ലേ ...

  ReplyDelete
 2. വളരെ നല്ല ഒരു പോസ്റ്റ്‌.,ഗസലില്‍ നിന്ന് തുടങ്ങി ജഗ്ജീത്‌ സിംഗിലൂടെ, ഗാലിബിലൂടെ ഉര്‍ദുവിന്റെ ഇന്നത്തെ അവസ്ഥയിലേക്ക്‌ സൂചന നല്‍കുന്ന ഈ ലേഖനം ഹൃദ്യമായി.ഉര്‍ദുവും ഗസലും വളരെ കാലങ്ങളായി ശ്രദ്ധിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയട്ടെ. ഏറിയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം തയ്യാറാക്കപ്പെടുന്ന ഇത്തരം ലേഖനങ്ങള്‍ ആളുകള്‍ വായിക്കാതെ പോകുന്നു എന്നത് ഖേദകരമാണ്. എന്നാല്‍ ഭാവിയില്‍ ഗവേഷണം ആവശ്യമായി വരുമ്പോള്‍ നെറ്റില്‍ തിരയുന്നവര്‍ക്കെങ്കിലും ഇത് ഉപകാരപ്പെടും എന്ന് സമാധാനിക്കാം. നാം ഏറ്റവും കൂടുതല്‍ അധ്വാനിക്കുന്ന പോസ്റ്റുകള്‍ക്കാണ് ഏറ്റവും കുറഞ്ഞ വായനക്കാര്‍ ഉണ്ടാവുക എന്നത് എന്റെ അനുഭവമാണ്. എന്ന് കരുതി ഒരു കൊമ്പ്രോമൈസിന് ഇത് വരെ തയ്യാറായിട്ടില്ല. നന്ദി വിനോദ്

  ReplyDelete
 3. ആരിഫ്‌ വളരെ ശരിയാണ്‌. ബ്ളോഗില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്നത്‌ പൊങ്ങിക്കിടക്കുന്ന ചിരിക്കൂട്ടുകള്‍ മാത്രമാണ്‌. ഭാരക്കൂടുതലുള്ളവ എളുപ്പം താഴ്‌ന്നുപോകുന്നു. മുങ്ങിത്തപ്പാന്‍ ആര്‍ക്കും വയ്യ. ബ്ളോഗ്‌ വായനയുടെ നിലവാരം പലപ്പോഴും വളരെ താഴെയാണ്‌. ബ്ളോഗില്‍ എഴുതുകയും വായിക്കുകയും ചെയ്യുന്ന ഒരാളായിട്ടും ഞാന്‍ ഇത്‌ അറിയുന്നുണ്ട്‌. കുറച്ചെങ്കിലും നല്ല വായനക്കാരുള്ളത്‌ കവിതയ്ക്കാണ്‌. നന്ദി, നല്ല വായനയ്ക്കും അഭിപ്രായത്തിനും.

  mydreams നന്ദി. ഞാന്‍ അറിയിക്കാം.

  ReplyDelete
 4. valare nannayi ezhuthiyirikkunnu..

  Ella bhavukakangalum

  ReplyDelete
 5. :)

  നല്ല ലേഖനം, പോരായ്മകളുണ്ടോ എന്ന് ഈ വിഷയത്തില്‍ അധികമൊന്നും അറിയാത്തതിനാല്‍ അഭിപ്രായം നഹി നഹീ!!

  എന്നാലും പാക്കിസ്ഥാന്‍ ഗായകനായ മെഹ്ദി ഹസ്സന്റെ പേര് പറയാതെ ഗസലിന്റെ ചരിത്രത്തിലൂടെയുള്ള യാത്ര അപൂര്‍ണ്ണം തന്നെ..

  (വേര്‍ഡ് വെരിഫൈ മാറ്റിക്കൂടേ?)

  ReplyDelete
 6. വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഉണ്ടോ? ഞാന്‍ അറിയുന്നില്ല. മാറ്റാന്‍ ശ്രമിക്കാം.

  എണ്റ്റെ ലേഖനം ഗസലിലെ ഗായകരെക്കുറിച്ചല്ല തന്നെ. ഇന്ത്യയില്‍ ഗസലിണ്റ്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ഒരു അന്വേഷണം മാത്രമാണ്‌ അത്‌. അതിന്‌ നിമിത്തമായത്‌ ജഗ്ജിത്‌ സിംഗിണ്റ്റെ മരണം ആണെന്ന് മാത്രം. ഞാന്‍ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും ഹരിഹരനും ഒന്നും പരാമര്‍ശ വിധേയരാകാതിരുന്നതിന്‌ കാരണവും മറ്റൊന്നല്ല. പങ്കജ്‌ ഉദാസിനെ പരാമര്‍ശിച്ചത്‌ ഇന്ത്യയില്‍ ഗസല്‍ ജനപ്രിയമാക്കിയതിന്‌ കാരണക്കാരന്‍ എന്ന നിലയ്ക്ക്‌ മാത്രമാണ്‌. അതുപോലെത്തന്നെ ഉമ്പായിയും ഷഹ്ബാസ്‌ അമനും.

  ReplyDelete
 7. വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഉണ്ടോ? ഞാന്‍ അറിയുന്നില്ല. മാറ്റാന്‍ ശ്രമിക്കാം.

  എണ്റ്റെ ലേഖനം ഗസലിലെ ഗായകരെക്കുറിച്ചല്ല തന്നെ. ഇന്ത്യയില്‍ ഗസലിണ്റ്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ഒരു അന്വേഷണം മാത്രമാണ്‌ അത്‌. അതിന്‌ നിമിത്തമായത്‌ ജഗ്ജിത്‌ സിംഗിണ്റ്റെ മരണം ആണെന്ന് മാത്രം. ഞാന്‍ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും ഹരിഹരനും ഒന്നും പരാമര്‍ശ വിധേയരാകാതിരുന്നതിന്‌ കാരണവും മറ്റൊന്നല്ല. പങ്കജ്‌ ഉദാസിനെ പരാമര്‍ശിച്ചത്‌ ഇന്ത്യയില്‍ ഗസല്‍ ജനപ്രിയമാക്കിയതിന്‌ കാരണക്കാരന്‍ എന്ന നിലയ്ക്ക്‌ മാത്രമാണ്‌. അതുപോലെത്തന്നെ ഉമ്പായിയും ഷഹ്ബാസ്‌ അമനും.

  ReplyDelete
  Replies
  1. സമഗ്രമല്ലെങ്കിലും ഗസലിനെപ്പറ്റി പുതുക്കക്കാര്‍ക്ക്‌ ഉപകാരപ്പെടുന്ന ലേഖനം. നന്ദി

   Delete
 8. വളരെ നല്ല ഒരു ലേഖനം. ഒരുപക്ഷെ ഈ ഒരു പോസ്റ്റ്‌ നേരത്തെ വായിക്കാന്‍ സടിചിരുനെങ്കില്‍ എന്റെ പുതിയ പോസ്റ്റ്‌ "ഗസലിന്റെ രാജാവിന്‌ ഒരു പുഷ്പം !!!" കുറച്ചു കൂടി നന്നാക്കാന്‍ കഴിയുമായിരുന്നു :) വൈകിയാണെങ്കിലും എവിടേ എത്താന്‍ സാദിച്ചതില്‍ സന്തോഷിക്കുന്നു. ആശംസകള്‍ !!!!

  ReplyDelete