Monday, March 9, 2015

ഡെല്‍ഹിയില്‍ ഒരു പരപ്പനങ്ങാടിക്കാരന്‍

അവര്‍ അയാളെ കണ്ടത്‌ ന്യൂ ഡെല്‍ഹിയിലെ ജന്തര്‍ മന്തര്‍ റോഡിലായിരുന്നു. മലയാളമനോരമയിലെ ഫിറോസ്‌ അലിയുടെ ഒരു ഫോണ്‍ സന്ദേശം കിട്ടിയിട്ടാണ്‌ അവര്‍ അവിടെ പോയത്‌. എന്നും സമരങ്ങളൂം ധര്‍ണകളും പ്രകടനങ്ങളും നടക്കുന്ന ജന്തര്‍ മന്തര്‍ റോഡില്‍ അന്ന്‌ പതിവിലധികം തിരക്കുണ്ടായിരുന്നു. കാരണം നാലുവര്‍ഷം മുമ്പ്‌ ഇതേ ദിവസമാണ്‌ മുംബൈയില്‍ നൂറുകണക്കിന്‌ സാധാരണമനുഷ്യര്‍ തീവ്രവാദികളുടെ തോക്കിനിരയായത്‌. പ്രകടനക്കാരുടെ തിരക്കുള്ള കാലടികള്‍ കടന്നുപോകുന്ന തെരുവിണ്റ്റെ ഓരത്ത്‌ അയാള്‍ കിടപ്പായിരുന്നു. വലിച്ചുകെട്ടിയ പ്ളാസ്റ്റിക്‌ ഷീറ്റിനുതാഴെ മുഷിഞ്ഞുനാറിയ പുതപ്പിനുള്ളില്‍ വെറും എല്ലും തോലുമായ ഒരു ശരീരം. മുടി നരച്ചിരുന്നതുകൊണ്ട്‌ വൃദ്ധനാണെന്ന്‌ മനസ്സിലായി. രണ്ട്‌ കൈകളിലേയും പുണ്ണുകളില്‍ പുഴുക്കള്‍ പുളഞ്ഞു. പ്രകടനക്കാരെ തടയാനുയര്‍ത്തിയ ബാരിക്കേഡുകളും പോലീസുകാരുടെ കൂട്ടവും ഒന്നും ഠാക്കൂറ്‍ ദാസിനെ അലോസരപ്പെടുത്തിയില്ല. പാര്‍ലിമെണ്റ്റ്‌ ഹൌസില്‍ നിന്നും ഒരു കിലോകീറ്റര്‍ മാത്രം അകലെ അയാള്‍ കിടപ്പുതുടങ്ങിയിട്ട്‌ നാളുകളേറെയായിരുന്നു. കോണാട്ട്‌ പ്ളേസില്‍ നിന്ന്‌ പാര്‍ലിമണ്റ്റ്‌ ഹൌസ്‌ വരെ നീളുന്ന ഈ റോഡാണ്‌ ഡെല്‍ഹിയിലെ എല്ലാ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നത്‌. എന്നത്തേയും പോലെ അന്നും ചുറ്റും നടക്കുന്നതൊന്നും അറിയാതെ പുഴുക്കള്‍ തിന്നുതീര്‍ക്കുന്ന തണ്റ്റെ ശരീരത്തെക്കുറിച്ചുപോലും അറിയാതെ അയാള്‍ കിടന്നു. ആശുപത്രിയിലേക്ക്‌ മാറ്റാന്‍ അവര്‍ തയ്യാറായി വന്നപ്പോള്‍ പോലീസും സഹായത്തിനെത്തി. അവര്‍ അയാളെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക്‌ മാറ്റി. പുഴുക്കളെ കളഞ്ഞ്‌ വ്രണങ്ങള്‍ വൃത്തിയാക്കി മരുന്നു വെച്ച്‌ കെട്ടി. ആശുപത്രിയില്‍ ചേര്‍ത്തതിനുശേഷമാണ്‌ അവരെല്ലാം വീട്ടിലേക്ക്‌ തിരിച്ചുപോയത്‌. പക്ഷേ പിറ്റേദിവസം രാവിലെ പതിനൊന്ന്‌ മണിയോടെ ഠാക്കൂറ്‍ ദാസ്‌ ഈ ലോകം വിട്ടുപോയി. ആരുമറിയാതെ നിരത്തുവക്കില്‍ കിടന്ന്‌ പുഴുവരിച്ച്‌ മരിക്കാന്‍ അനുവദിക്കാതെ അയാള്‍ക്കൊരു നല്ല മരണം കൊടുക്കാന്‍ അവര്‍ക്കായി. ആരെന്നറിയില്ലെങ്കിലും അവരോടുള്ള കൃതജ്ഞത തീര്‍ച്ചയായും മരണവേളയില്‍ അയാളുടെ ഉള്ള്‌ നിറച്ചിരിക്കും, തീര്‍ച്ച. 
***** 
ഇനിയൊരു ദിവസം ഇവരുടെ സേവനരംഗമായ കാന്‍സര്‍ രോഗിക്കളുടെ സാന്ത്വനചികിത്സയുടെ ഭാഗമായി All India Institure of Medical Science-AIIMS-ല്‍ ആയിരുന്നു. കൂട്ടത്തിലാരൊ ആണ്‌ അത്‌ കണ്ടത്‌. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയുടെ മതില്‍ക്കെട്ടിനുള്ളില്‍ പ്രധാന കവാടത്തിനരികില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്‌. ആശുപത്രിയിലുള്ള നിരവധി രോഗികളുടെ കൂടെ വന്നവര്‍, ബന്ധുക്കള്‍ ഒക്കെ ചുറ്റുപാടും നില്‍പുണ്ട്‌. ഗേറ്റിലെ പാറാവുകാരനും കാണാനാവുന്ന വിധത്തിലാണ്‌ ഈ മനുഷ്യണ്റ്റെ ഇരിപ്പ്‌. രണ്ട്‌ കാലിണ്റ്റേയും മടമ്പുകള്‍ പുഴുക്കള്‍ തിന്നു തീര്‍ത്തിരിക്കുന്നു. ശരീരത്തെ ഈച്ചകളില്‍ നിന്ന്‌ രക്ഷിക്കാന്‍ അയാള്‍ പാടുപെടുകയാണ്‌. ഒരാഴ്ചയായി ഇതേ സ്ഥലത്തിരിക്കുന്ന ഇയാളെ പറ്റി എല്ലാവരും സംസാരിച്ചിരുന്നെങ്കിലും ആരും ഒന്നും ചെയ്യാന്‍ തയ്യാറായില്ല. യഥാര്‍ത്ഥ ആതുരസേവനം ഏറ്റെടുത്തിരിക്കുന്ന അവര്‍ ഗ്ളൌസും മാസ്‌കും ധരിച്ച്‌ അയാളെ വൃത്തിയാക്കാന്‍ തുടങ്ങി. മരുന്നുകളും അണുനാശിനികളും ഉപയോഗിച്ച്‌ പുഴുക്കളെ കളഞ്ഞ്‌ അയാളെ തൊടാന്‍ കഴിയുന്ന അവസ്ഥയിലാക്കി. ആശുപത്രിയില്‍ വിവരമറിയിച്ചതനുസരിച്ച്‌ അപ്പോഴേക്കും ജീവനക്കാര്‍ എത്തി അയാളെ അത്യാഹിതവിഭാഗത്തിലാക്കി. 
***** 
AIIMS-ണ്റ്റെ അത്യാഹിത വിഭാഗത്തില്‍ അജ്ഞാതനായി കിടക്കുകയായിരുന്നു, അയാള്‍. മലയാളിയാണെന്നറിഞ്ഞ്‌ അവര്‍ അയാളുമായി ബന്ധപ്പെടുകയായിരുന്നു. അജ്ഞാതനായ രോഗി അങ്ങനെ തൃശ്ശൂരിലുള്ള കുമാരേട്ടനായി മാറി. സ്വന്തം വീടും വീട്ടുകാരുമുണ്ടായി. അയാളില്‍ നിന്ന്‌ കിട്ടിയ വിവരമനുസരിച്ച്‌ കേരളത്തിലുള്ള വീട്ടില്‍ ബന്ധപ്പെടുകയും വീട്ടുകാര്‍ ഡെല്‍ഹിയിലെത്തി കുമാരേട്ടനെ കൂട്ടിക്കൊണ്ട്‌ പോകുകയും ചെയ്തു. യാത്ര പറയുമ്പോള്‍ കുമാരേട്ടന്‍ വികാരാധീനനായി പറഞ്ഞത്‌ അജ്ഞാതനായ തനിക്ക്‌ നാടും വീടും വീട്ടുകാരും തിരിച്ചുകിട്ടാന്‍ സഹായിച്ച അവരെ ഒരിക്കലും മറക്കാനാവില്ലെന്നായിരുന്നു. നിറഞ്ഞ ഓര്‍മ്മകളുമായി നാട്ടിലേക്ക്‌ യാത്ര തിരിച്ച കുമാരേട്ടന്‍ ആ നല്ല ഓര്‍മ്മകളുമായി ആ യാത്ര അവസാനയാത്രയാക്കി. നാട്ടിലെത്തുന്നതിനുമുമ്പ്‌ ഡൊറൊന്തോ എക്സ്പ്രസ്സില്‍ വെച്ച്‌ തന്നെ കുമാരേട്ടന്‍ മരിച്ചു. 
***** 
ഡെല്‍ഹിയിലെ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ്‌ കെയര്‍ യൂനിട്ട്‌ പ്രവര്‍ത്തകരാണ്‌ ഈ മൂന്ന്‌ സംഭവങ്ങളിലും പരാമര്‍ശിക്കപ്പെട്ട അവര്‍. സുരേഷ്‌ തലിയാരില്‍, അനില്‍ മഹേന്ദ്രു, ഹാരിസ്‌ ബീരാന്‍, അജിത്‌ കുമാര്‍ നിയാശ്‌, ഫിറോസ്‌ അലി, ജയന്‍ കെ. ഉണ്ണുണ്ണി ഈ വളണ്ടിയര്‍മാര്‍ക്കൊപ്പം ജനറല്‍ സെക്രട്ടറി കെ. വി. ഹംസ. 2008-ലാണ്‌ Delhiites National Initiative in Palliative Care DNIPCare എന്ന ഈ സംഘടന രൂപീകൃതമാവുന്നത്‌. ഡെല്‍ഹിയില്‍ അതുവരെ നിലനിന്നിരുന്ന കാന്‍സര്‍ പലിയേറ്റീവ്‌ കെയര്‍ സംഘടനകളില്‍ നിന്ന്‌ വ്യത്യസ്ഥമായി എല്ലാതരം മാറാരോഗികള്‍ക്കുമുള്ള സാന്ത്വന പരിചരണം ആണ്‌ സംഘടന ചെയ്യുന്നത്‌. ഡെല്‍ഹി സഫ്ദര്‍ജംഗ്‌ ആശുപത്രിയിലെ പുരുഷ നഴ്സും നാഷണല്‍ ഫ്ളോറന്‍സ്‌ നൈറ്റിംഗേല്‍ പുരസ്കാര ജേതാവുമായ സുരേഷ്‌ തലിയാരില്‍ ആണ്‌ സംഘടനയുടെ സെക്രട്ടറി. ബിസിനസ്സുകാരനായ എ. ടി. സൈനുദ്ദീന്‍ പ്രസിഡണ്റ്റും ഫൈനന്‍സ്‌ മിന്‍സിട്രിയിലെ അഡീഷണല്‍ എക്കണോമിക്‌ അഡ്വൈസറായ ആണ്റ്റണി സിറിയക്‌ ട്രഷറര്‍ ആയും സേവനമനുഷ്ടിക്കുന്നു. ഇപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കായി ഒരു ക്ളിനിക്കും ഇവര്‍ നടത്തുന്നുണ്ട്‌. ഞായറാഴ്ചകളില്‍ ഇവിടെ ഡോക്ക്ടര്‍മാരുടെയും മറ്റും സേവനം ലഭ്യമാക്കുന്നുണ്ട്‌. അത്യാവശ്യം വേണ്ട മരുന്നുകള്‍ സൌജന്യമായി കൊടുക്കാനും ഇവര്‍ തയ്യാറാവുന്നു. 

ഇതിന്‌ സാന്ത്വന ചികിത്സ എന്ന്‌ പറയുന്നത്‌ തെറ്റാണ്‌. ഇവര്‍ ഒരു ചികിത്സയും ചെയ്യുന്നില്ല. മാറാരോഗങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടുന്ന ആളുകള്‍ക്ക്‌ രോഗം കൊണ്ടുള്ള ദുരിതവും വേദനയും കുറക്കാനുള്ള പരിചരണം അതോടൊപ്പം ഈ പരിചരണത്തില്‍ വീട്ടുകാര്‍ക്കുള്ള ഉപദേശനിര്‍ദ്ദേശങ്ങള്‍ കൊടുക്കുക എന്നതാണ്‌ ഇവര്‍ ചെയ്യുന്നത്‌. മുകളില്‍ പറഞ്ഞ സംഭവങ്ങളില്‍ ഇവരുടെ സേവനം സാന്ത്വന പരിചരണമെന്ന നിര്‍വ്വചനത്തില്‍ പെടുന്നതല്ലെങ്കിലും മാനുഷിക പരിഗണന വെച്ച്‌ ഇവര്‍ ഇടപെടുകയായിരുന്നു. അതിരുകള്‍ നിശ്ചയിച്ച്‌ നടത്തുന്ന സേവനമല്ല യഥാര്‍ത്ഥ സേവനം എന്ന കാര്യം ഇവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഈ തിരിച്ചറിവ്‌ അതാണ്‌ ഈ വളണ്ടിയര്‍മാരെ യഥാര്‍ത്ഥസേവകരാക്കുന്നത്‌. 

മാറാരോഗികളെ സന്ദര്‍ശിക്കുന്ന വളണ്ടിയര്‍മാര്‍ക്ക്‌ കൃത്യമായ പരിശീലനം ആവശ്യമാണ്‌. രോഗികള്‍ക്ക്‌ അമിതമായ പ്രതീക്ഷയ്ക്ക്‌ വക കൊടുക്കാതിരിക്കുകയും എന്നാല്‍ തളര്‍ന്നുപോകുന്ന മനസ്സുകള്‍ക്ക്‌ ഊര്‍ജം പകരാനും ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക്‌ കഴിയണം. പ്രവര്‍ത്തകര്‍ ഒരിക്കലും അമിതമായ വൈകാരിക പ്രതികരണത്തിന്‌ മുതിരരുതെന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശമുണ്ട്‌. നടക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാധിക്കാതെ കട്ടിലില്‍ തന്നെ കഴിയുന്ന രോഗിയുടെ കട്ടിലിനുതാഴെ ഒരു ജോഡി ചെരുപ്പ്‌ വെയ്ക്കുമ്പോള്‍ അയാളില്‍ നടക്കാനുള്ള ആഗ്രഹം വളരുമെന്നും അത്‌ തളരുന്ന മനസ്സിനെ കൂടുതല്‍ തളര്‍ച്ചയിലേക്ക്‌ വീഴാതെ താങ്ങിനിര്‍ത്തുമെന്നും ഇവര്‍ മനസ്സിലാക്കുന്നു. ഇതാണ്‌ സാന്ത്വനപരിചരണത്തിണ്റ്റെ മനശ്ശാസ്ത്രസമീപനം. 

ഡെല്‍ഹിയിലെ ഈ സാന്ത്വനപരിചരണ സംഘത്തിണ്റ്റെ സാരഥി പരപ്പനങ്ങാടിക്കാരനായ കെ. വി. ഹംസയാണ്‌. പരപ്പനങ്ങാടി ജയകേരള റോഡിലുള്ള കാപ്പാട്‌ വലിയ പീടികക്കല്‍ ഹംസ. ൧൯൮൩-ല്‍ സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ ജയിച്ച്‌ ഡെല്‍ഹിയിലെത്തി. കൃഷി വകുപ്പില്‍ ക്ളാര്‍ക്കായി ഔദ്യോഗിക ജീവിതം തുടങ്ങി. ഇപ്പോള്‍ ധനകാര്യവകുപ്പില്‍ സീനിയര്‍ അക്കൌന്‍ഡ്സ്‌ ഓഫീസര്‍. പഞ്ചാബില്‍ നിന്നുള്ള റൂബിയെ പ്രണയവിവാഹം ചെയ്തു. ഒരു മകന്‍ ഡാനിഷ്‌ കൊച്ചിന്‍ ലോ അക്കഡമിയില്‍ പഠിക്കുന്നു. ഹംസയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായി ഭാര്യയും മകനുമുണ്ട്‌. സംഘടനയ്ക്കുവേണ്ടി പൊതുജനങ്ങള്‍ക്ക്‌ നേരിട്ട്‌ കാണാനും പരിശോധിക്കാനും കഴിയുന്ന കാഷ്‌ ബുക്‌ ഡിസൈന്‍ ചെയ്തത്‌ മകനാണെന്ന്‌ ഹംസ പറയുന്നു. തങ്ങള്‍ക്കു ലഭിക്കേണ്ട ഹംസയുടെ സമയവും ഊര്‍ജവും പാവപ്പെട്ട രോഗികള്‍ക്കായി പകുത്തുനല്‍കാന്‍ സന്തോഷത്തോടെ തയ്യാറായിക്കൊണ്ട്‌ ഈ കുടുംബം ജീവിക്കുന്നു. 

2008 ഏപ്രില്‍ മാസം 29-അം തിയതി മലയാള മനോരമയില്‍ സാന്ത്വന ചികിത്സയെക്കുറിച്ച്‌ വന്ന ഒരു ഫീച്ചറാണ്‌ ഡെല്‍ഹിയില്‍ ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ നിമിത്തമായതെന്ന്‌ ഹംസ ഓര്‍ക്കുന്നു. 2008  ആഗസ്റ്റ്‌ 15-ന്‌ ഉല്‍ഘാടനം ചെയ്യപ്പെട്ട ഈ സംഘടന 2009-ല്‍ ഒരു സന്നദ്ധസംഘടനായി റജിസ്റ്റര്‍ ചെയ്തു. ആദ്യ ഘട്ട ആലോചനകളില്‍ പങ്കെടുത്തത്‌ 6 പേര്‍. ഇപ്പോള്‍ 200 വളണ്ടിയര്‍മാരും 15-20 മാനേജര്‍മാരും സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പണത്തിണ്റ്റേയും പ്രതാപത്തിണ്റ്റേയും അധികാരത്തിണ്റ്റേയും പ്രദര്‍ശനനഗരിയായ ഡെല്‍ഹിയില്‍ ഇത്തരമൊരു നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്‌ ആളുകളെ കിട്ടാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന്‌ ഹംസ. എന്നാല്‍ ഡെല്‍ഹി എന്ന മനോഹരനഗരത്തിണ്റ്റെ പുറം പകിട്ടില്‍ കാണാതെ പോകുന്ന തീര്‍ത്തും നിരാശ്രയവും നിരാലംബവുമായ ഒരു ലോകമുണ്ടെന്നും അവിടെ ഇത്തരം സേവനം അത്യാവശ്യമുള്ള ദരിദ്രരോഗികളുണ്ടെന്നും അനുഭവത്തില്‍ നിന്ന്‌ ഹംസ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്‌ തന്നെ സാന്ത്വനപരിചരണ പദ്ധതിക്ക്‌ പ്രസക്തി ഏറെയുണ്ടെന്നും. 

പ്രവര്‍ത്തകരെല്ലാം ജോലിക്കാരായതിനാല്‍ ഒഴിവുദിവസങ്ങളില്‍ മാത്രമേ രോഗികളെ സന്ദര്‍ശിക്കാന്‍ കഴിയാറുള്ളൂ എന്ന്‌ ഹംസയുടെ പരിദേവനം. ഡെല്‍ഹി സര്‍വ്വകലാശാല, ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല, ജാമിയ മിലിയ, ഡെല്‍ഹി ഐ. ഐ. ടി എന്നിവിടങ്ങളിലെ എന്‍.എസ്‌.എസ്‌ ശാഖയുമായി ചേര്‍ന്നുകൊണ്ടാണ്‌ പ്രവര്‍ത്തനം. വളരെ പരിമിതമായ സാദ്ധ്യതകള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ മെച്ചപ്പെട്ട പ്രവര്‍ത്തനം സാധിക്കുന്നുണ്ടെന്ന്‌ ഹംസ. 

സ്കൂള്‍ പഠനകാലത്ത്‌ ചെറുകഥകള്‍ എഴുതുമായിരുന്നു, ഹംസ. ഡെല്‍ഹിയിലെത്തി ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോള്‍ ധാരാളം സമയം കിട്ടി തുടങ്ങി. ഡെല്‍ഹി കേരള ക്ളബിലെ സാഹിത്യവേദിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു, ഹംസ അക്കാലത്ത്‌. എന്നാല്‍ മുടങ്ങിപ്പോയ എഴുത്ത്‌ പുനരാരംഭിക്കാന്‍ ഹംസ തയ്യാറായില്ല. ഒറ്റപ്പെടലില്‍ നിന്ന്‌ രക്ഷ തേടാന്‍ കേരള മുസ്ളീം വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചുകൊണ്ടാണ്‌ സാമൂഹ്യസേവനം തുടങ്ങുന്നത്‌. ബി.ഇ.എം ഹൈസ്കൂളില്‍ എന്‍.സി.സി കാഡറ്റ്‌ ആയിരിക്കുമ്പോള്‍ ജോണ്‍ മാഷിണ്റ്റെ നേതൃത്വത്തില്‍ നെടുമ്പറമ്പ്‌ ഇടവഴി റോഡാക്കാന്‍ നടത്തിയ സേവനം മനസ്സിണ്റ്റെ അടിത്തട്ടില്‍ ഇപ്പോഴുമുണ്ട്‌. സാമൂഹ്യസേവനത്തില്‍ ഹംസയുടെ ആദ്യ പാഠം ഇതായിരിക്കുമെന്ന്‌ തോന്നുന്നു. അതുപോലെ ചെറമഗലത്തെ കുഷ്ഠരോഗികളുടെ കോളനിനിവാസികള്‍ക്ക്‌ വസ്ത്രവിതരണം നടത്തിയതും ഹംസ ഓര്‍മ്മിക്കുന്നു. കുഷ്ഠരോഗികളെ അറപ്പോടെ അകറ്റിനിര്‍ത്തിയ കാലമായിരുന്നൂ, അത്‌. അന്ന്‌ വെട്ടിയ റോഡ്‌ ഇന്നും എന്‍. സി. സി. റോഡ്‌ എന്ന പേരില്‍ പരപ്പനങ്ങാടിയില്‍ നിലനിര്‍ത്തിയിരിക്കുന്നു. അന്നത്തെ കുട്ടികള്‍ക്ക്‌ സാമൂഹ്യസേവനത്തിണ്റ്റെ ആദ്യപാഠങ്ങള്‍ക്കൊപ്പം ജോണ്‍ മാഷെന്ന എന്‍. സി. സി. ഓഫീസറേയും ഓര്‍മ്മിക്കാനുള്ള അവസരം നല്‍കിക്കൊണ്ട്‌. 

അക്കാലത്ത്‌ പുരാതന ഡെല്‍ഹിയിലെ മദ്രസ്സകളില്‍ ഖുറാന്‍ ഒഴികെ മറ്റൊന്നും പഠിപ്പിക്കാറുണ്ടായിരുന്നില്ല. കുട്ടികളില്‍ ഭൂരിഭാഗവും വന്നിരുന്നത്‌ കിട്ടുന്ന ഭക്ഷണം ഓര്‍ത്തുമാത്രമായിരുന്നു, താനും. ചേരുന്ന 50 പേരില്‍ 10 പേര്‍ ഏതെങ്കിലും പള്ളികളില്‍ ഇമാം ആയി പോകുന്നു. ബാക്കി നാല്‍പതുപേരും പഠനം കൊണ്ട്‌ ഒരു ഒരുകാര്യമില്ലാതെ ചെറിയ ജോലികള്‍ ചെയ്തു ജീവിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. വെല്‍ഫെയര്‍ അസോസിയേഷണ്റ്റെ ആദ്യ പ്രവര്‍ത്തനം മദ്രസ്സകളിലെ ഈ കുട്ടികള്‍ക്ക്‌ ഇംഗ്ളീഷും കണക്കും പഠിപ്പിക്കുക എന്നതായിരുന്നു. ഞായറാഴ്ചകളില്‍ കോളേജ്‌ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുകൊണ്ടാണ്‌ ഈ ക്ളാസ്സുകള്‍ നടത്തിയത്‌. ഇത്തരം ക്ളാസ്സുകള്‍ക്കൊപ്പം ഡെല്‍ഹിയിലെത്തിപ്പെടുന്ന മലയാളികള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സദാ സന്നദ്ധരായിക്കൊണ്ട്‌ ഈ സംഘടന ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്‌. ഇപ്പോള്‍ ഈ സംഘടനയുടെ ഭാരവാഹിത്വമില്ലെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം ക്ഷണിതാവാണ്‌ ഹംസ. സാന്ത്വനപരിചരണത്തിനായൂള്ള സംഘടന തുടങ്ങിയത്‌ മുസ്ളീം വെല്‍ഫെയര്‍ അസോസിയേഷണ്റ്റെ ഭാഗമായിട്ടായിരുന്നു. പിന്നീട്‌ ജാതിയുടേയും മതത്വത്തിണ്റ്റേയും തണലില്ലാതെ നിലനില്‍ക്കണമെന്നുള്ളതുകൊണ്ട്‌ സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഡെല്‍ഹിയിലായിരുന്നപ്പോള്‍ ചിലപ്പോള്‍ ഡി.നിപ്‌ കെയറിണ്റ്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഞാന്‍ ഐ.എന്‍.എ കോളനിയില്‍ താമസിക്കുമ്പോള്‍ അതിനടുത്തുള്ള കോഠ്ളയില്‍ അജയ്‌ ഭക്ത എന്ന രോഗിയെ കാണാന്‍ പല തവണ പോയിട്ടുണ്ട്‌. വെറും പതിനെട്ടുവയസ്സുണ്ടായിരുന്ന അവന്‍ താമസിയാതെ അനിവാര്യമായ മരണത്തിന്‌ കീഴടങ്ങി. ഹംസയുടേയും കൂട്ടുകാരുടേയും സമര്‍പ്പണം പരിപൂര്‍ണമായിരുന്നെന്ന്‌ നേരില്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്‌. എഴുതുമ്പോള്‍ അത്‌ കൂടുതലാളുകള്‍ക്ക്‌ ഈ വിഷയത്തില്‍ താല്‍പര്യം തോന്നി മുന്നോട്ട്‌ വരാന്‍ പ്രചോദനം തരുന്ന തരത്തിലാവണമെന്നാണ്‌ ഹംസ എന്നോട്‌ ആവശ്യപ്പെട്ടത്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിലെ പിന്നോക്ക ജില്ലയായ മലപ്പുറത്തെ പരപ്പനങ്ങാടിയില്‍ നിന്ന്‌ ഡെല്‍ഹിയിലെത്തി കുടുംബത്തിണ്റ്റെ സുഖവും സൌകര്യങ്ങളും ത്യജിച്ചുകൊണ്ട്‌ നിര്‍ദ്ധന രോഗികള്‍ക്കായി നിസ്വാര്‍ത്ഥസേവനം നടത്തുന്ന ഈ പരപ്പനങ്ങാടിക്കാരന്‍ എനിക്കും അഭിമാനം തരുന്നു. ഞാനും ഹംസയുടെ നാട്ടില്‍ നിന്നാണ്‌ വരുന്നതെന്നുള്ള അഭിമാനം.

5 comments:

  1. പരപ്പനങ്ങാടിക്കാരായ, വ്യത്യസ്ഥരായ, ചില വ്യക്തികളെക്കുറിച്ചുള്ള ആലോചനകളില്‍ വന്ന ഒരാള്‍. ചിലര്‍ എണ്റ്റെ പുസ്തകത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇനിയും ചിലരെ കുറിച്ച്‌ എഴുതാനുണ്ട്‌.

    ReplyDelete
  2. ഹംസാ ഭായിയെ
    നന്നായി തന്നെ പരിചയപ്പെടുത്തി...
    കേരളത്തിലെ പിന്നോക്ക ജില്ലയായ മലപ്പുറത്തെ
    പരപ്പനങ്ങാടിയില്‍ നിന്ന്‌ ഡെല്‍ഹിയിലെത്തി കുടുംബത്തിന്റെ
    സുഖവും സൌകര്യങ്ങളും ത്യജിച്ചുകൊണ്ട്‌ നിര്‍ദ്ധന രോഗികള്‍ക്കായി
    നിസ്വാര്‍ത്ഥസേവനം നടത്തുന്ന ഈ പരപ്പനങ്ങാടിക്കാരന്‍ മലയാളികൾക്കെല്ലം അഭിമാനം പകരുന്നു...!

    ReplyDelete
  3. കാരുണ്യമുള്ള മനുഷ്യര്‍ ഭൂമിയുടെ വെളിച്ചമാകുന്നു.
    പരിചയപ്പെടുത്തിയതിന് നന്ദി

    ReplyDelete