Wednesday, February 18, 2015

ക്യൂ നില്‍ക്കുമ്പോള്‍ അറിയാതെ പോകുന്നത്‌

പല രംഗങ്ങളിലും ഒരുപാട്‌ അഭിവൃദ്ധി കൈവരിച്ചിട്ടുള്ള നമ്മുടെ രാജ്യത്തെ പുറകോട്ട്‌ വലിക്കുന്ന ഏറ്റവും പ്രധാനമായ ഒറ്റ വിഷയം ഏതെന്ന്‌ ചോദിച്ചാല്‍ ഉത്തരം അഴിമതി എന്നായിരിക്കും. അതും ഭരണത്തിലെ ഉന്നതരംഗത്തുള്ള അഴിമതി. നമ്മള്‍ മുന്നോട്ട്‌ പോകുന്നതനുസരിച്ച്‌ അഴിമതിയുടെ തോത്‌ വര്‍ദ്ധിച്ചുവരുന്നതായി നമുക്കറിയാം. എണ്‍പതുകളില്‍ നമ്മുടെ രാഷ്ട്രീയരംഗം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ്‌ ബോഫോര്‍സ്‌ ആയിരുന്നു. അത്‌ ഏതാണ്ട്‌ 64 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിണ്റ്റെ കാലത്തുണ്ടായ അഴിമതികളെല്ലാം ലക്ഷക്കണക്കിന്‌ കോടികളുടേതായിരുന്നു. നാണ്യപ്പെരുപ്പം അഴിമതിയേയും ബാധിക്കാതെ വരില്ലല്ലോ. 

ഇംഗ്ളീഷില്‍ പറയുന്ന 'കറപ്ഷന്‍' എന്ന്‌ വാക്കിണ്റ്റെ മലയാള വാക്കായാണ്‌ അഴിമതി എന്ന്‌ നമ്മള്‍ ഉപയോഗിക്കുന്നത്‌. കറപ്ഷന്‍ എന്ന വാക്കിന്‌ ട്രാന്‍സപാരന്‍സി ഇണ്റ്റര്‍നാഷണല്‍ നല്‍കുന്ന നിര്‍വ്വചനം 'തങ്ങളില്‍ നിയുക്തമായ അധികാരം സ്വകാര്യമായ നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യുക' എന്നതാണ്‌. ഈ നിര്‍വ്വചനം രാഷ്ട്രീയപശ്ചാത്തലത്തില്‍ ശരിയാണ്‌. എന്നാല്‍ ആ വാക്കിനെ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്‌ എന്ന്‌ തോന്നുന്നു. 

'കറപ്ഷന്‍' എന്ന വാക്ക്‌ 'കറപ്റ്റ്‌' എന്ന വാക്കില്‍ നിന്നുരുത്തിരിഞ്ഞതാണ്‌. കറപ്റ്റ്‌ എന്ന വാക്കിന്‌ മാതൃകയില്‍ നിന്നുള്ള വ്യതിയാനം, ആത്മീയമായതില്‍ അല്ലെങ്കില്‍ ആദര്‍ശപരമായതില്‍ വരുന്ന കളങ്കം എന്ന്‌ അര്‍ത്ഥം കാണാന്‍ കഴിയും. എയര്‍പോര്‍ട്ട്‌ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഞാന്‍ നിരന്തരം ഉപയോഗിച്ചിരുന്ന ഒരു വാക്കായിരുന്നു, 'കറപ്റ്റ്‌'. അന്ന്‌ ടെലെപ്രിണ്റ്റര്‍ ആയിരുന്നൂ, എയര്‍പോര്‍ട്ടില്‍ വാര്‍ത്താവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്‌. കമ്യൂണിക്കേഷന്‍ ലൈനില്‍ തകരാറുണ്ടാകുമ്പോഴും, വോള്‍ട്ടേജില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുമ്പോഴും അക്ഷരങ്ങള്‍ തെറ്റായി പതിയുകയോ അക്ഷരങ്ങള്‍ക്കുപകരം മറ്റെന്തെങ്കിലുമൊക്കെ കടലാസില്‍ പതിഞ്ഞ്‌ മെസ്സേജ്‌ വായിക്കാന്‍ കഴിയാതാകുകയോ ചെയ്യുമായിരുന്നു. ഞങ്ങള്‍ അതിന്‌ പറഞ്ഞിരുന്നത്‌ 'മെസ്സേജ്‌ കറപ്റ്റ്‌' എന്നായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഒരു സന്ദേശം മുന്‍സ്റ്റേഷനിലേക്ക്‌ അയക്കും. 'മെസ്സേജ്‌ കറപ്റ്റ്‌. വീണ്ടുമയക്കുക', എന്ന്‌. 

കറപ്ഷന്‍ എന്ന വാക്കിണ്റ്റെ മുന്‍ചൊന്ന നിര്‍വ്വചനത്തില്‍ നിന്ന്‌ പുറത്തുവന്ന്‌ അതിനെ നമ്മുടെ ദൈനംദൈന ജീവിതപരിസരത്തില്‍ നിന്ന്‌ നോക്കുമ്പോള്‍ ആ വാക്കിന്‌ വേറെ നിര്‍വ്വചനങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിയുമെന്ന്‌ തോന്നുന്നു. അങ്ങനെ നോക്കുമ്പോള്‍ നമ്മളൊക്കെ ചെറിയ തോതിലെങ്കിലും ഈ അവസ്ഥയെ സഹായിക്കുന്നുണ്ടെന്ന്‌ മനസ്സിലാകും.

നമ്മള്‍ നിത്യേനയെന്നോണം അനുഭവിക്കേണ്ടിവരുന്ന ഒരു കാര്യമാണ്‌ ക്യൂവില്‍ നില്‍ക്കുക എന്നത്‌. റേഷന്‍ കടയില്‍, വിവിധ ടിക്കറ്റ്‌ കൌണ്ടറില്‍, ഡോക്ടറെ കാണാന്‍ പോകുമ്പോള്‍, ഗ്യാസ്‌ കിട്ടാനായി ഒക്കെ നമ്മള്‍ ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നു. ഇപ്പോഴത്തെ ഇണ്റ്റര്‍നെറ്റ്‌ യുഗത്തില്‍ പലതര സര്‍വീസുകള്‍ക്കായി സമീപിക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്‌ ഏറ്റവും പുതിയ കാര്യം. 

ക്യൂ എന്ന പ്രതിഭാസത്തെ ഒരു സമൂഹം ആരോഗ്യകരമായി നിലനില്‍ക്കാന്‍ അവശ്യം വേണ്ട ഒരു വ്യവസ്ഥയായി കാണാന്‍ ശ്രമിക്കുകയാണ്‌, ഇവിടെ. ജനാധിപത്യവ്യവസ്ഥ നിലവില്‍ വന്നതോടുകൂടിയാണ്‌ ഇങ്ങനെ ഒരു വ്യവസ്ഥയ്ക്ക്‌ അര്‍ത്ഥവും പ്രസക്തിയുമുണ്ടായത്‌. അതിനുമുമ്പ്‌ കൈയൂക്കുള്ളവനായിരുന്നൂ, കാര്യക്കാരന്‍. ക്യൂവില്‍ ഒരാളുടെ സ്ഥാനം ആപേക്ഷികമായതെങ്കിലും സ്ഥിരമാണ്‌. ഈ ആപേക്ഷികസ്ഥിരതയെ ലംഘിക്കുന്നത്‌, അതിന്‌ ശ്രമിക്കുന്നത്‌ കറപ്ഷണ്റ്റെ ഏറ്റവും താഴേത്തട്ടിലുള്ള രൂപമാണ്‌ എണ്റ്റെ നോട്ടത്തില്‍. അവിടെ നമ്മുടേതല്ലാത്ത അല്ലെങ്കില്‍ നമുക്കര്‍ഹതയില്ലാത്ത ഒന്ന്‌ സ്വന്തമാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. 

ക്യൂ നില്‍ക്കാന്‍ മടിയുള്ളവരാണ്‌ നമ്മളില്‍ ഭൂരിഭാഗവും. ക്യൂ എന്ന രൂപകത്തിണ്റ്റെ വ്യാപ്തി വിശാലമാക്കിയാല്‍ കറപ്ഷണ്റ്റെ ഏത്‌ രൂപത്തിനേയും അതിനുള്ളില്‍ കൊണ്ടുവരാന്‍ കഴിയും. നമുക്കര്‍ഹതയില്ലാത്ത കരാര്‍ കിട്ടാന്‍, ഔദ്യോഗികമായ കാര്യക്രമം പാലിക്കാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിച്ചെടുക്കാന്‍ ഒക്കെയുള്ള ശ്രമം കറപ്ഷണ്റ്റെ വ്യാപനത്തിന്‌ വഴിവെക്കുന്നുണ്ട്‌ എന്ന്‌ നമ്മള്‍ക്കറിയാം. ഇതൊക്കെ ഒരര്‍ത്ഥത്തില്‍ ക്യൂ മറികടക്കല്‍ തന്നെയല്ലേ? 

ചെന്നൈയില്‍ താമസിക്കുന്ന ഞാന്‍ വണ്ടിയുമായി സിഗ്നല്‍ കാത്തുനില്‍ക്കുമ്പോള്‍ അനുഭവിക്കുന്ന ഒരു സ്ഥിരം കാഴ്ചയില്‍ ഈ ക്യൂവിനുള്ള വൈമനസ്യം കാണാന്‍ കഴിയും. ഒന്നിനുപിറകെ ഒന്നായി നില്‍ക്കുന്നതിനുപകരം വരുന്ന വാഹനങ്ങളൊക്കെ ഇടതുവശത്തായി വന്നുനില്‍ക്കും. സീരിയല്‍ ക്യൂവിനുപകരം പാരലല്‍ ക്യൂ. ഒടുവില്‍ സിഗ്നല്‍ കിട്ടുമ്പോള്‍ എല്ലാവാഹനങ്ങളും കൂടി ഒരു മരണപ്പാച്ചില്‍. ഈ പാച്ചിലില്‍ പലപ്പോഴും മൊത്തം ട്രാഫിക്‌ ജാം ആവുന്നു. ക്യൂ നില്‍ക്കാനുള്ള മടി തന്നെയാണ്‌ ഈ അവസ്ഥയ്ക്കുകാരണം. 

റൈറ്റ്‌ ഹാണ്റ്റ്‌ ഡ്രൈവ്‌ നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇടതുവശത്തുകൂടിയുള്ള മറികടക്കല്‍ അനുവദിക്കുന്നില്ല. ചെന്നൈയില്‍ ഈ നിയമത്തിന്‌ ഇത്തിരി പോലും ബഹുമാനം കൊടുക്കാതെ രണ്ടുവശത്തുകൂടിയും മറികടക്കല്‍ വ്യാപകം. വാഹനം ഓടിക്കാന്‍ ഈ അവസ്ഥയില്‍ അസാമാന്യ പാടവം വേണം, അപകടം ഒഴിവാക്കാന്‍ നല്ല ഭാഗ്യവും. ക്യൂ നില്‍ക്കാന്‍ ക്ഷമയില്ലായ്മ തന്നെയാണ്‌ ഇതിന്‌ കാരണം. ഓഫീസില്‍ പോകാന്‍ ഞാന്‍ എന്നും പോകുന്ന വഴിയില്‍ ജി.എസ്‌.ടി റോഡില്‍ കയറുന്നിടത്ത്‌ വലതുവശത്തേക്ക്‌ പോകുന്ന വാഹനങ്ങള്‍ റോഡ്‌ മുഴുവന്‍ മുന്‍പ്‌ പറഞ്ഞപോലെ പാരല്‍ ക്യൂവായി നിന്ന്‌ ഇടതുവശത്തേക്ക്‌ പോകുന്നവര്‍ക്ക്‌ തടസ്സം ഉണ്ടാക്കുന്നതും ഇക്കാരണം കൊണ്ട്‌ തന്നെ. 

ഒരു ഓഫീസില്‍ എന്തെങ്കിലും കാര്യത്തിനായി ചെന്നാല്‍ പരിചയം കാരണമോ അല്ലെങ്കില്‍ സ്വാധീനം കാരണമോ പെട്ടെന്ന്‌ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കാത്തവര്‍ ആരുണ്ട്‌. ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ നേരിട്ടുള്ള പരിചയം കാണിച്ച്‌ ഡോക്ടറെ മുഖം കാണിക്കാന്‍ ശ്രമിക്കുന്നവര്‍ ഏറെയാണ്‌. വരി തെറ്റിച്ച്‌ ഡോക്ടര്‍ വിളിച്ചാല്‍ ഒരു വി.ഐ.പി. പരിവേഷത്തോടെ നമ്മള്‍ അകത്തുകയറുന്നു. ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവരെ പുഛത്തോടെ, കുറഞ്ഞപക്ഷം സഹതാപത്തോടെയെങ്കിലും നോക്കിക്കൊണ്ട്‌. 

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ താനൂരിലുള്ള ആനന്ദന്‍ മാഷ്‌ക്കുണ്ടായ ഒരനുഭവം പറയാം. മാഷ്‌ അന്ന്‌ അദ്ധ്യാപകനാണ്‌, ശാസ്ത്രസാഹിത്യപരിഷത്ത്‌ പ്രവര്‍ത്തകനാണ്‌, നാടകസംവിധായകനാണ്‌, നല്ല വയലിനിസ്റ്റും. പിന്നീട്‌ ഇംഗ്ളീഷിനോടുള്ള താല്‍പര്യം മൂത്ത്‌ ജോലിയുപേക്ഷിച്ച്‌ ഹൈദരാബാദിലുള്ള ഇഫ്ളുവില്‍ ചേര്‍ന്നു. മാഷ്‌ ഒരിക്കല്‍ ഡോക്ടറെ കാണാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. മാന്യനായ ഒരാള്‍ ക്യൂ നോക്കാതെ അകത്തുകയറാന്‍ ശ്രമിച്ചപ്പോള്‍ മാഷ്‌ തടഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ പോലീസ്‌ വന്ന്‌ മാഷെ പിടിച്ചുകൊണ്ടുപോയി ശരിക്കും മര്‍ദ്ദിച്ചവശനാക്കി. സ്ഥലത്തെ മജിസ്ട്രേട്ട്‌ ആയിരുന്നു, അകത്തുകയറാന്‍ ശ്രമിച്ചത്‌. ഇത്‌ പറഞ്ഞത്‌ ക്യൂ ലംഘിക്കുന്ന കാര്യത്തില്‍ സാധാരണക്കാരേക്കാള്‍ ഒരു പടി മുന്നിലാണ്‌ ഉയരത്തിലിരിക്കുന്നവര്‍ എന്ന്‌ കാണിക്കാന്‍ മാത്രം. 

മുന്നില്‍ കടക്കാന്‍ താല്‍പര്യമുള്ളവര്‍ കൂടി വരുമ്പോള്‍ അതിന്‌ സഹായം ചെയ്യാന്‍ സാദ്ധ്യതയുള്ള ആളുകള്‍, ശക്തികള്‍ ഒക്കെ തയ്യാറായി വരുന്നു. അത്‌ ഉദ്യോഗസ്ഥരംഗത്തുനിന്നാവാം, രാഷ്ട്രീയരംഗത്തുനിന്നാവാം. അനുഭവിക്കുന്ന വ്യക്തിക്ക്‌ നേട്ടമുണ്ടാവുമ്പോള്‍ അതിന്‌ പാരിതോഷികം നല്‍കാന്‍ അയാള്‍ തയ്യാറാകുന്നു. താഴേക്കിടയില്‍ ചെറിയ തോതില്‍ നിന്നാരംഭിക്കുന്ന ഈ പ്രതിഭാസം ക്രമേണ ഭീമാകാരം പൂണ്ട്‌ നമ്മുടെ രാജ്യത്തിണ്റ്റെ നിലനില്‍പിനെത്തന്നെ അപകടത്തില്‍പെടുത്തുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു, ഇന്ന്‌. 

ഇങ്ങനെ ശരിയല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നേടുന്നതിനെ നമ്മള്‍ സാമര്‍ത്ഥ്യം (സ്മാര്‍ട്നെസ്സ്‌) എന്ന്‌ വിളിക്കുന്ന അവസ്ഥയാണ്‌. നിയമം അനുസരിക്കുന്നവന്‍ വിഡ്ഡിയും അനുസരിക്കാത്തവന്‍ സമര്‍ത്ഥനുമാവുന്ന അവസ്ഥ. അതിന്‌ സഹായകമായ രീതിയില്‍ ബന്ധങ്ങളും സ്വാധീനവും ഇല്ലാത്തതിനെ ഒരു കുറവായി മനസ്സിലാക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. ഉന്നതങ്ങളില്‍ നിന്ന്‌ ഇത്തരം ലംഘനങ്ങള്‍ ഉണ്ടാവുമ്പോള്‍ അത്‌ കണ്ടില്ലെന്ന്‌ നടിക്കാനാണ്‌ നമ്മളെല്ലാം ശ്രമിക്കുന്നത്‌. അല്ലെങ്കില്‍ അത്‌ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഭാഗമായി കാണാന്‍ ശീലിച്ചിരിക്കുന്നു. ഈ സമര്‍ത്ഥന്‍മാരുടെ ഇടയില്‍ ജീവിച്ചുപോകണമെങ്കില്‍ നമ്മളും കുറച്ചെങ്കിലും സ്മാര്‍ട്‌ ആയല്ലേ പറ്റൂ. അങ്ങനെ ക്രമേണ നമ്മളും ഇതിന്‌ ശ്രമിക്കുന്നു. സാധാരണക്കാരില്‍ ഭൂരിഭാഗവും ഇത്‌ മനപ്പൂര്‍വം ചെയ്യുന്നതല്ല. എല്ലാവരും ചെയ്യുന്ന ഒരു കാര്യം എന്ന നിലയില്‍ നമ്മളും ചെയ്യുന്നെന്നേ ഉള്ളൂ. ഔദ്യോഗിക കാര്യക്രമങ്ങളിലെ അനാവശ്യ നൂലാമാലകള്‍ അതിന്‌ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നുണ്ടെന്നത്‌ സത്യമാണ്‌. അതുപോലെ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഭൂരിഭാഗവും അഴിമതി ചെയ്യാന്‍ താല്‍പര്യമുള്ളവരല്ലെന്നുള്ളതും സത്യമാണ്‌. 

നിയമത്തിനെതിരായി നില്‍ക്കാനുള്ള മനോഭാവം നമ്മുടെ ഉള്ളില്‍ രൂഢമൂലമ്മയതുകൊണ്ടാണോ ഇത്തരം പെരുമാറ്റം? നമ്മുടെ രാജ്യം നിലവില്‍ വന്നത്‌ തന്നെ നിയമലംഘനം ഒരു സമരമുറയായി സ്വീകരിച്ച്‌ ബ്രിട്ടീഷുകാരെ എതിരിട്ടതുകൊണ്ടാണെന്ന്‌ നമുക്കറിയാം. നിയമലംഘനത്തില്‍ കലാപത്തിണ്റ്റെ അംശം തീര്‍ച്ചയായും ഉണ്ട്‌. വീട്ടില്‍ പാലിക്കേണ്ടുന്ന ചെറിയ നിയമങ്ങള്‍ ലംഘിക്കാനുള്ള ത്വര കുട്ടികളില്‍, പ്രത്യേകിച്ചും സ്വാതന്ത്യ്രബോധം വളര്‍ന്നുതുടങ്ങുന്ന കൌമാരപ്രായത്തില്‍, സഹജമാണ്‌. പക്ഷേ സമൂഹത്തിണ്റ്റെ നിലനില്‍പ്പിനാവശ്യമായ നിയമങ്ങള്‍ ലംഘിക്കാനുള്ള പ്രവണത കാട്ടുന്ന കലാപകാരി കണ്‍മുന്നില്‍ നടക്കുന്ന അനീതിയെ, അന്യായത്തെ ചെറുക്കാന്‍, അതിനെതിരെ പ്രതികരിക്കാന്‍ പോലും ശ്രമിക്കാറില്ല എന്നത്‌ കലാപത്തെ അര്‍ത്ഥശൂന്യമാക്കുന്നുണ്ടെന്ന്‌ എണ്റ്റെ പക്ഷം. 

ഭാരതത്തില്‍ കറപ്ഷനെതിരായ ഒരു മുന്നേറ്റം ആദ്യമായുണ്ടായത്‌ 1974-ല്‍ ജെ.പി.യുടെ നേതൃത്തിലാണ്‌. അത്‌ പിന്നീട്‌ ഇന്ദിരാഗാന്ധിയ്ക്കെതിരായ സമരമായി മാറി ആദ്യത്തെ കോണ്‍ഗ്രസ്സേതര സര്‍ക്കാരില്‍ എത്തി. പിന്നീട്‌ ബോഫോര്‍സ്‌ കുംഭകോണവിഷയത്തില്‍ വി.പി.സിംഗിണ്റ്റെ നേതൃത്വത്തില്‍ ഒരു നീക്കം ഉണ്ടായി. അതും താല്‍ക്കാലിക വിജയം മാത്രമേ തന്നുള്ളൂ. അതിനുശേഷം കറപ്ഷന്‍ എന്ന വിഷയത്തില്‍ ഒരു മുന്നേറ്റം ഉണ്ടായത്‌ ഇന്ത്യ എഗെന്‍സ്റ്റ്‌ കറപ്ഷന്‍ എന്ന ഗ്രൂപ്‌ വഴി 2011-ലാണ്‌. ഈ മുന്നേറ്റത്തിണ്റ്റെ നേതൃത്വം 2012-ല്‍ അണ്ണാ ഹസാരെയുടെ കൈകളിലെത്തി. അരവിന്ദ്‌ കേജ്രിവാള്‍, ബാബാ രാംദേവ്‌, കിരണ്‍ ബേദി തുടങ്ങിയവരൊക്കെ ഇതിണ്റ്റെ നേതൃത്വത്തിലെത്തി. 

തുടക്കത്തില്‍ നല്ല ബഹുജനപങ്കാളിത്തം, പ്രത്യേകിച്ച്‌ വിദ്യാസമ്പന്നരായ മധ്യവര്‍ഗത്തിണ്റ്റെ നല്ല പിന്തുണ ഈ മുന്നേറ്റത്തിനുണ്ടായിരുന്നു. എന്നാല്‍ ഏതൊരു ബഹുജനമുന്നേറ്റത്തില്‍ ചേരുന്നവരെല്ലാം ഒരേ ലക്ഷ്യമുള്ളവരായിരിക്കണമെന്നില്ലല്ലോ. അത്‌ തന്നെ ഇവിടേയും സംഭവിച്ചു. പലര്‍ക്കും പല താല്‍പര്യങ്ങളാണുണ്ടായിരുന്നത്‌. ഒടുവില്‍ ആ മുന്നേറ്റം അകാലചരമമടഞ്ഞു. വഴിപിരിഞ്ഞ കേജ്രിവാളിന്‌ ദെല്‍ഹി തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികള്‍ക്ക്‌ ഒരു ഉള്‍ക്കിടിലം സമ്മാനിക്കാനായി എന്നത്‌ നേട്ടമായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷത്തോടെ കെജ്രിവാളും കൂട്ടരും അധികാരത്തില്‍ എത്തിയിരിക്കുന്നു. വാഗ്ദാനങ്ങളില്‍ നിന്ന് പിറകോട്ട്‌ പോകില്ലെന്നും അഴിമതിക്കെതിരായി ഫലപ്രദമായി ഇടപെടുമെന്നും ആഗ്രഹിക്കാം.

അഴിമതിക്കെതിരായ ആ സമരത്തിണ്റ്റെ പ്രത്യക്ഷത്തിലുള്ള ആവശ്യം അഴിമതിയെ ഫലപ്രദമായി ചെറുക്കാന്‍ പറ്റിയ ജനലോക്പാല്‍ പാസ്സാക്കി എടുക്കുക എന്നതായിരുന്നു. ഇന്ത്യയിലെമ്പാടുമുള്ള അഴിമതിയില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ പിന്തുണ ജനലോക്പാല്‍ എന്ന അവരുടെ ആവശ്യത്തിനുണ്ടായിരുന്നു. മുന്നണിയില്‍ ദെല്‍ഹിയിലെ വിദ്യാസമ്പന്നരായ മദ്ധ്യവര്‍ഗമായിരുന്നെങ്കിലും അതിണ്റ്റെ വിജയം ആഗ്രഹിക്കാത്തവരായി ആരുമുണ്ടായിരുന്നിരിക്കില്ല. ജനങ്ങളുടെ മൂഡ്‌ മനസ്സിലാക്കിയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാര്‍ക്കും അതിന്‌ ചെവി കൊടുക്കാതിരിക്കാനാവുമായിരുന്നില്ല. 

പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കസര്‍ത്തുകള്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ നല്ല വശമുണ്ട്‌. വനിതാസംവരണബില്ലടക്കമുള്ള പല കാര്യങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്‌. ലോക്പാല്‍ നിയമം കൊണ്ടുവരണം എന്നാല്‍ അതിന്‌ ഫലപ്രദമായി ഒന്നും ചെയ്യാനാവരുത്‌. അങ്ങനെ ഒരു ലോക്പാല്‍ പാസ്സാക്കി അവര്‍ തടിയൂരി. അന്ന്‌ വിമര്‍ശിച്ച പാര്‍ട്ടിയാണ്‌ ഇന്ന്‌ ഭരിക്കുന്നത്‌. അവരില്‍നിന്നും വ്യത്യസ്ഥമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാത്‌ വളരെ കുറഞ്ഞ സമയം കൊണ്ട്‌ തന്നെ നമ്മള്‍ കണ്ടുകഴിഞ്ഞു. 

എണ്റ്റെ വിഷയം അതല്ല. അഴിമതിയില്‍ ഇത്രയും പൊറുതിമുട്ടുന്ന അവസ്ഥയുണ്ടായിട്ടും അതിനെതിരെ
പൊതുവികാരം രൂപപ്പെടാന്‍ ഇന്ത്യയില്‍ സാധ്യമാവുന്നില്ല. അതിനെന്താണ്‌ കാരണം എന്ന ഒരാലോചന നടത്തുമ്പോഴാണ്‌ നേരത്തെ പറഞ്ഞ നമ്മുടെ ചെറിയ ചെറിയ കറപ്ഷന്‍ മനസ്സിലെത്തുന്നത്‌. ഇങ്ങനെ നമ്മളെല്ലാം ഇത്തരം എല്ലാവരും ചെയ്യുന്ന ഇത്തരം കറപ്ഷന്‍ ഉള്ളിലുള്ളപ്പോള്‍, അത്‌ ജീവിതത്തിണ്റ്റെ ഒരു രീതിയായി മനസ്സിലാക്കപ്പെടുമ്പോള്‍ അതിനെതിരായ സ്ഥായിയായ പൊതുവികാരം രൂപപ്പെടാതെ പോകുന്നു. കറപ്ഷണ്റ്റെ നീരാളിക്കൈകള്‍ സമൂഹത്തിലെ ഓരൊരുത്തരേയും വരിഞ്ഞുമുറുക്കുമ്പോഴും അതിനെതിരായ മുന്നേറ്റം നമ്മുടെ രാജ്യത്ത്‌ സാധ്യമല്ലാതെ പോകുന്നതിന്‌ വേറെന്ത്‌ കാരണം? 

എല്ലാവരും ക്യൂ നില്‍ക്കുന്ന ഒരു കാലം, അങ്ങനെ നില്‍ക്കുമ്പോള്‍ ആരും മുന്നില്‍ കടക്കാന്‍ ശ്രമിക്കാതിരിക്കുന്ന ഒരു കാലം വരണം എന്നത്‌ നമ്മുടെ ആഗ്രഹം. അപ്പോള്‍ അഴിമതിയ്ക്കെതിരെ പൊതുബോധം ജനങ്ങളില്‍ രൂപപ്പെടും. നമ്മുടെ സമൂഹം അഴിമതിരഹിതമായി മാറും. വരുമോ അങ്ങനെ ഒരു കാലം?

2 comments:

  1. ശരിയല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നേടുന്നതിനെ നമ്മള്‍ സാമര്‍ത്ഥ്യം (സ്മാര്‍ട്നെസ്സ്‌) എന്ന്‌ വിളിക്കുന്ന അവസ്ഥയാണ്‌. നിയമം അനുസരിക്കുന്നവന്‍ വിഡ്ഡിയും അനുസരിക്കാത്തവന്‍ സമര്‍ത്ഥനുമാവുന്ന അവസ്ഥ. അതിന്‌ സഹായകമായ രീതിയില്‍ ബന്ധങ്ങളും സ്വാധീനവും ഇല്ലാത്തതിനെ ഒരു കുറവായി മനസ്സിലാക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. ഉന്നതങ്ങളില്‍ നിന്ന്‌ ഇത്തരം ലംഘനങ്ങള്‍ ഉണ്ടാവുമ്പോള്‍ അത്‌ കണ്ടില്ലെന്ന്‌ നടിക്കാനാണ്‌ നമ്മളെല്ലാം ശ്രമിക്കുന്നത്‌. അല്ലെങ്കില്‍ അത്‌ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഭാഗമായി കാണാന്‍ ശീലിച്ചിരിക്കുന്നു. ഈ സമര്‍ത്ഥന്‍മാരുടെ ഇടയില്‍ ജീവിച്ചുപോകണമെങ്കില്‍ നമ്മളും കുറച്ചെങ്കിലും സ്മാര്‍ട്‌ ആയല്ലേ പറ്റൂ. അങ്ങനെ ക്രമേണ നമ്മളും ഇതിന്‌ ശ്രമിക്കുന്നു. സാധാരണക്കാരില്‍ ഭൂരിഭാഗവും ഇത്‌ മനപ്പൂര്‍വം ചെയ്യുന്നതല്ല. എല്ലാവരും ചെയ്യുന്ന ഒരു കാര്യം എന്ന നിലയില്‍ നമ്മളും ചെയ്യുന്നെന്നേ ഉള്ളൂ. ഔദ്യോഗിക കാര്യക്രമങ്ങളിലെ അനാവശ്യ നൂലാമാലകള്‍ അതിന്‌ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നുണ്ടെന്നത്‌ സത്യമാണ്‌. അതുപോലെ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഭൂരിഭാഗവും അഴിമതി ചെയ്യാന്‍ താല്‍പര്യമുള്ളവരല്ലെന്നുള്ളതും സത്യമാണ്‌.

    ReplyDelete