ഇംഫാലിലെത്തിയിട്ട് ആകെ രണ്ട് മൂന്ന് ദിവസമേ ആയിരുന്നുള്ളു.
ജോലിയുടെ കാര്യങ്ങൾ മനസ്സിലാക്കിവരുന്നതേ ഉള്ളൂ. ആളുകളെ ഒന്നൊന്നായി പരിചയപ്പെട്ടു വരുന്നു. തല്ക്കാലം വിമാനത്താവളത്തിലെ ഗസ്റ്റ് റൂമിൽ താമസം. ഭക്ഷണം പുറത്തുനിന്ന്.
പുറത്തുള്ള ഒരു ബംഗാളി കടയിൽ അത്യാവശ്യം വായ്ക്ക് രുചിയുള്ള ഭക്ഷണം കിട്ടുന്നതുകാരണം പട്ടിണി കിടക്കാതെ കഴിയുന്നു.
വെള്ളിയാഴ്ച കാലത്ത് ജോൺ സാറിന്റെ ഫോൺ വരുന്നു. ഇംഫാലിൽ മുമ്പ് ജോലിചെയ്തിരുന്ന മാതൃഭൂമിയിലെ ബക്കർ പറഞ്ഞിരുന്നു, ജോൺ സാറിനെ പറ്റി. ഇംഫാലിൽ കഴിഞ്ഞ 25 വർഷമായി ഒരു സ്കൂൾ നടത്തിവരികയാണ് ജോൺ സാർ. സ്കൂളായതുകാരണം ശനിയാഴ്ച വിളിക്കാം എന്ന് കരുതിയിരിക്കുമ്പോൾ സാർ തന്നെ നേരിട്ട് വിളിച്ചു. അപ്പോൾ ലായമായൊന്നും സംസാരിക്കാൻ പറ്റിയില്ല. പിന്നീടാണ് വിശദമായി സംസാരിച്ചത്. വളരെ കുറച്ചു മലയാളികൾ മാത്രമുള്ള ഒരു പ്രദേശമാണ് മണിപ്പൂർ. മലയാളികളായി ഇവിടെയുള്ളവരെയെല്ലാം സാറിനറിയാം. മണിപ്പൂരി ഭാഷ സുന്ദരമായി സംസാരിക്കും.

എയർപോർട്ടിൽ നിന്ന് ഏതാണ്ട് നാല്പ്പത് കിലോമീറ്റർ ദൂരെയാണ് ഈ തടാകം. കിലോമീറ്ററുകൾ നീണ്ടുകിടക്കുന്നു. തടാകത്തിനുള്ളിലായി തന്നെ നിരവധി കുന്നുകൾ. ചില ഗ്രാമങ്ങൾ. അതിന്റെ ഏതാണ്ട് മധ്യപ്രദേശത്തിലായി വലിയൊരു മലയിൽ ഒരു പട്ടാള ക്യാമ്പ്. അതിനോട് ചേർന്നുകിടക്കുന്ന ഒരു വ്യൂ പോയിന്റ്. അവിടെ നിന്നാൽ തടാകത്തിന്റെ ഒരേകദേശ രൂപം കിട്ടും. എങ്കിലും അതിന്റെ അതിരുകളോളം കണ്ണെത്തില്ല. അത്ര വിശാലമാണ് തടാകം.
തടാകത്തിൽ അവിയടവിടെയായി പുല്ല് നിറഞ്ഞുകിടക്കുന്നുണ്ട്. ചെറുതും വലുതുമായി നിറയെ. ചെറിയ പുല്ക്കൂട്ടങ്ങൾ തുടങ്ങി വലിയ പുൽമേടുകൾ വരെ ഉണ്ടെന്ന് പറയുന്നു. ഇവയൊന്നും മണ്ണിലല്ല നില്ക്കുന്നത്, തടാകത്തിന്റെ ഉപരിതലത്തിൽ വെള്ളത്തിൽ ഒഴുകിനടക്കുന്നവയാണ് ഇവ എന്നതാണിതിന്റെ
പ്രത്യേകത.
ഇതിൽ തന്നെയുള്ള ‘കൈബുൾ ലഞ്ചാവോ’ എന്ന വലിയ പുല്മേടുകളിൽ വളരുന്ന ഒരു മാനാണ് ‘സങ്കായ്’. ഈ മാനാണ് മണിപൂരിന്റെ ഔദ്യോഗിക ചിഹ്നം. വംശനാശം നേരിടുന്ന ഈ മാനിനെ സംരക്ഷിക്കാൻ ‘കൈബുൽ ലഞ്ചാവോ’ ഒരു നാഷണൽ പാർക് ആയി നിലനിർത്തിയിരിക്കുന്നു. നവംബർ മാസത്തിൽ മണിപൂരിന്റെ ഏറ്റവും വലിയ ആഘോഷം ലോക്ടാക് തടാകത്തിൽ നടക്കുന്ന സങ്കായ് ഉൽസവമണ്. ധാരാളം ആളുകൾ മണിപൂരിലേക്കെത്തിചേരുന്ന ഒരു ഉൽസവം കൂടിയാണ് ഇത്.
പട്ടാളക്യാമ്പ് നില്ക്കുന്ന കുന്നിന്റെ ചരുവിൽ കൂടി നാലഞ്ച് കിലോമീറ്റർ ദൂരം ഏതൊക്കെയോ ഗ്രാമങ്ങളിൽ കൂടി ജോൺ സാർ എന്നെ കൊണ്ടുപോയി. എന്നിട്ട് ചെറിയ ബോട്ട് ജെട്ടിയുടെ പരിസരത്ത് കാർ നിർത്തി. ഇടയ്ക്കിടയ്ക്ക് വരുന്നത് കാരണം സാറിന് അവിടവും ബോട്ട്കാരെയുമെല്ലാം നല്ല പരിചയം. ഒരു ബോട്ടിൽ ഞങ്ങൾ കുറെ നേരം കറങ്ങി. ഉള്ളിൽ ഒരു ഗ്രാമമുണ്ട്.
അവിടെ പോകാൻ സമയമില്ലാത്തതുകാരണം പിന്നൊരിക്കലാവാം എന്ന് തീരുമാനിച്ച് തിരിച്ചു പോന്നു.
