Thursday, December 15, 2016

വേറിട്ട് നടന്ന കാലടികൾ നിശ്ചലമാകുമ്പോൾ

ബാലമുരളീകൃഷ്ണ ഓർമ്മയായിരിക്കുന്നു. 86 വയസ്സ്‌ ഒരു ചെറിയ കാലയളവാണെന്ന്‌ നമുക്ക്‌ തോന്നുന്നത്‌ ബാലമുരളീകൃഷ്ണയെപ്പോലൊരു പ്രതിഭ വിട്ടുപോകുമ്പോഴാണ്‌. തന്റെ എട്ടാം വയസ്സിൽ സ്വതന്ത്രമായി കർണ്ണാടക സംഗീത കച്ചേരി നടത്തിയ അതുല്യ പ്രതിഭയായിരുന്നു, മുരളീകൃഷ്ണ. പേരെടുത്ത ഹരികഥാ കലാകാരൻ മുസുനുരി സൂര്യനാരായണമൂർത്തി ഭാഗവതരാണ്‌ കുട്ടിയായിരുന്ന മുരളീകൃഷ്ണയുടെ പ്രതിഭ കണ്ട്‌ ബാല എന്ന്‌ ചേർത്ത്‌ വിളിച്ചത്‌. സാക്ഷാൽ മുരളീകൃഷ്ണന്റെ ചെറുപ്പം എന്ന അർത്ഥത്തിൽ. ആ പേര്‌ അവസാനം വരെ അദ്ദേഹം നിലനിർത്തുകയായിരുന്നു.

കർണ്ണാടക സംഗീതത്തിൽ അദ്ദേഹം കീഴടക്കാത്ത ഉയരങ്ങളില്ല. 25,000-ൽ പരം കച്ചേരികൾ നടത്തിയിട്ടുണ്ട്‌ അദ്ദേഹം. സ്വന്തമായി കൃതികൾ രചിക്കുക മാത്രമല്ല രാഗങ്ങൾ വരെ അദ്ദേഹം  ചിട്ടപ്പെടുത്തി. വായ്പാട്ട്‌ കൂടാതെ വയലിൻ, വയോള, മൃദംഗം, ഗഞ്ചിറ തുടങ്ങിയ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതിലും അദ്ദേഹം പ്രവീണനായിരുന്നു. സ്വതന്ത്ര വയോള കച്ചേരി നടത്തിയിട്ടുണ്ട്‌, മറ്റുള്ള ഗായകരുടെ കച്ചേരിക്ക്‌ വയലിനും മൃദംഗവും വായിച്ചിട്ടുണ്ട്‌. സ്വയം നല്ല അറിയപ്പെടുന്ന വാഗ്ഗേയകരനായിരുന്നിട്ടും മറ്റുള്ളവരുടെ കച്ചേരിക്ക്‌ പക്കമേളത്തിൽ അകമ്പടി ചെയ്യുന്നത്‌ കുറച്ചിലായി അദ്ദേഹത്തിന്‌ തോന്നിയില്ല. ബഹുമതികളിൽ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ ബഹുമതിയായ പത്മവിഭൂഷൺ വരെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.

കർണ്ണാടക സംഗീതരംഗത്ത്‌ ഒരു വിപ്ലവകാരിയായിരുന്നു, ബാലമുരളീകൃഷ്ണ. ഭൂരിഭാഗം സംഗീതജ്ഞരും കേട്ടുപഠിച്ച കൃതികളും കീർത്തനങ്ങളും ഒട്ടും മാറ്റാം വരുത്താതെ പാടുകയാണ്‌ പതിവ്‌. ഈ രീതിയെ ചോദ്യം ചെയ്യാനും ഉത്തരം കിട്ടാതിരുന്നപ്പോൾ തന്റേതായ രീതിയിൽ ആലാപനത്തെ മാറ്റാനും അദ്ദേഹം തയ്യാറായി. ഗമക പ്രധാനമായ കർണ്ണാടക സംഗീതത്തിൽ ഗമക പ്രയോഗത്തിൽ തന്റേതായ ശൈലി അദ്ദേഹം പരീക്ഷിച്ച്‌ വിജയിപ്പിച്ചു. ശുദ്ധപാരമ്പര്യവാദികൾ ആദ്യമൊക്കെ അദ്ദേഹത്തെ അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. പക്ഷേ രാഗങ്ങളിലുള്ള അപാരജ്ഞാനവും അതിലുമുപരി അനന്തമായ സംഗീത വിഹായസ്സിൽ പാറിനടക്കാനുള്ള തൃഷ്ണയും കൂടി ചേർന്നപ്പോൾ അദ്ദേഹത്തിന്റെ ആലാപനത്തിന്‌ വ്യത്യസ്തമായൊരു സൗന്ദര്യം വന്നു. വിമർശകർ അടങ്ങി, ആരാധകർ കൂടി. 

വർഷങ്ങൾക്കുമുമ്പ്‌ ഒരിക്കൽ കോട്ടക്കൽ വിശ്വംഭരക്ഷേത്രത്തിൽ കച്ചേരി നടത്താൻ ബാലമുരളീകൃഷ്ണ എത്തി. കേരളത്തിൽ നിന്നാകെ സംഗീതപ്രേമികൾ ഒഴുകിയെത്തിയിരുന്നു, അന്ന്‌ കോട്ടക്കൽ. ‘ധന്യാസി’ രാഗത്തിലുള്ള ‘സംഗീതജ്ഞാനമേ’ എന്ന കൃതി മദ്ധ്യസ്ഥായിയിൽ പഞ്ചമത്തിൽ തുടങ്ങേണ്ടതിനുപകരം അദ്ദേഹം തുടങ്ങിയത്‌ മേൽസ്ഥായിയിൽ ഗാന്ധാരത്തിൽ. പാടിക്കഴിഞ്ഞതിനുശേഷം അദ്ദേഹം പറഞ്ഞത്‌ നിങ്ങൾ പാരമ്പര്യമായി കേട്ടതിൽ നിന്ന്‌ വ്യത്യസ്തമായി ഞാൻ പാടിയപ്പോൾ നിങ്ങളുടെ നെറ്റി ചുളിഞ്ഞത്‌ ഞാൻ കണ്ടു. പക്ഷേ എനിക്കറിയാം ഈ കൃതി ത്യാഗരാജ സ്വാമികൾ സൃഷ്ടിച്ചത്‌ ഇങ്ങനെയാണെന്ന്‌. 
താനടക്കം അതുവരെയുള്ള സംഗീതജ്ഞരെല്ലാം ആ കൃതി പാടിയതിൽ വ്യത്യസ്തമായി പാടി എന്ന്‌ മാത്രമല്ല അതാണ്‌ ശരി എന്ന്‌ ബാലമുരളീകൃഷ്ണയുടെ അവകാശവാദവും കൂടി കേട്ടപ്പോൾ സദസ്സിലുണ്ടായിരുന്ന കർണ്ണാടകസംഗീതകാരനായ കെ.ജി.മാരാർക്ക്‌ സഹിച്ചില്ല. അദ്ദേഹം എഴുന്നേറ്റ്‌ നിന്ന്‌ പരസ്യമായി ബാലമുരളീകൃഷ്ണയെ വെല്ലുവിളിച്ചു, എന്തിന്റെ അടിസ്ഥാനത്തിലാണ്‌ തനിക്ക്‌ മുമ്പെ പാടിയ അസംഖ്യം സംഗീതജ്ഞരെ തള്ളി പറഞ്ഞതെന്ന്‌ ചോദിച്ചുകൊണ്ട്‌. സദസ്സ്‌ സ്തബ്ധരായി നിന്നുപോയി. സംഘാടകർ വന്ന്‌ ശ്രീ.മാരാരെ ശാരീരികമായി ഹാളിന്‌ പുറത്തേക്ക്‌ മാറ്റാൻ ശ്രമം നടത്തി. പക്ഷെ ബാലമുരളീകൃഷ്ണ അതിനനുവദിക്കാതെ ശ്രീ. മാരാരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞു. എന്റെ നിലപാട്‌ ശരിയാണെന്ന്‌ കാണിക്കാൻ തെളിവുകളുണ്ടെന്നാണ്‌ അദ്ദേഹം ഊന്നിപ്പറഞ്ഞത്‌. അദ്ദേഹം തുടർന്നും തന്റേതായ രീതിയിൽ തന്നെയാണ്‌ ആ കൃതി പാടിക്കൊണ്ടിരുന്നത്‌. അന്ന് കെ.ജി.മാരാരുടെ കൂടെയുണ്ടായിരുന്ന ശിഷ്യനും കർണ്ണാടക സംഗീതജ്ഞനുമായ കോട്ടക്കൽ ചന്ദ്രശേഖരൻ പറഞ്ഞ കാര്യമാണ്‌ ഞാൻ ഓർമ്മയിൽ നിന്നെടുത്ത്‌ എഴുതിയത്‌. കർണ്ണാടകസംഗീതത്തിലെ പാരമ്പര്യത്തെ മുറുകെ പിടിക്കുമ്പോഴും അടിസ്ഥാനമില്ലാതെ തുടരുന്ന സാമ്പ്രദായിക രീതികളെ ചോദ്യം ചെയ്യാൻ എന്നും താല്പര്യമെടുത്ത സംഗീതകാരനായിരുന്നു, ബാലമുരളീകൃഷ്ണ എന്ന്‌ കാണിക്കാൻ നമ്മുടെ നാട്ടിൽ നടന്ന ഒരു സംഭവം ഉദ്ധരിക്കുക മാത്രം. 

ശാസ്ത്രീയ  സംഗീതരംഗത്തുള്ളവർക്ക്‌ ലളിതസംഗീതത്തോട്‌ പൊതുവെ പുഛമാണ്‌. അതിനൊരപവാദമായിരുന്നു, ബാലമുരളീകൃഷ്ണ. ധാരാളം സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്‌. 1977-ൽ ഇളയരാജയുടെ സംഗീതത്തിൽ ‘കാവ്യകുയിൽ’ എന്ന തമിഴ്‌ സിനിമയിൽ അദ്ദേഹം പാടിയ ‘ചിന്ന കണ്ണൻ അഴൈകിറാൻ’ എന്ന പാട്ട്‌ വളരെ ജനപ്രിയമായതാണ്‌. ഏറ്റവും നല്ല പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന്‌ ലഭിച്ചത്‌ 1975-ൽ ‘ഹംസഗീതെ’ എന്ന കന്നഡ ചിത്രത്തിലെ പാട്ടിനാണ്‌. ‘മാധവാചാര്യ’ എന്ന കന്നഡ സിനിമയിലൂടെ ഏറ്റവും നല്ല സംഗീതസംവിധാനത്തിനുള്ള ദേശീയ ബഹുമതിയ്ക്കും അദ്ദേഹം അർഹനായി. 1967-ൽ പുറത്തുവന്ന ‘ഭക്തപ്രഹ്ളാദ’ എന്ന തെലുഗു ചിത്രത്തിൽ നാരദനായി അഭിനയിച്ചുകൊണ്ട്‌ സിനിമാനടനായും അദ്ദേഹം അരങ്ങേറി. 

മലയാളത്തിലും കുറെയേറെ പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്‌. പല സിനിമകളിലായി കർണ്ണാടക സംഗീതത്തിലെ പ്രമുഖ വാഗ്ഗേയകാരന്മാരുടെ  കൃതികൾ അദ്ദേഹം പാടി. ‘ഗാനം’ എന്ന ശ്രീകുമാരൻ തമ്പി ചിത്രത്തിൽ ത്യാഗരാജസ്വാമികളുടെ ‘എന്തൊരു മഹാനുഭാവലു’ എന്ന കൃതിയും ‘യാരമിത വനമാലിന’ എന്ന ജയദേവർ കൃതിയും ‘അദ്രിസുതാവര’ എന്ന സ്വാതിതിരുനാൾ കൃതിയും (യേശുദാസിനും പി.സുശീലയ്ക്കുമൊപ്പം), ‘ശ്രീമഹാഗണപതിം’ എന്ന മുത്തുസ്വാമിദീക്ഷിതർ കൃതിയും അദ്ദേഹം ആലപിച്ചിട്ടുണ്ട്‌. ദക്ഷിണാമൂർത്തിയായിരുന്നു, സംഗീതം. സിനിമയിൽ നായകൻ അങ്ങേയറ്റം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന വേളയിലാണ്‌ ‘എന്തൊരു മഹനുഭാവലു’ എന്ന കൃതിയുടെ ആലാപനം. അന്നത്‌ കേട്ട്‌ കണ്ണുകൾ ഈറനണിഞ്ഞത്‌ ഇപ്പോഴും ഓർമ്മയിലുണ്ട്‌. ‘സ്വാതിതിരുനാൾ’ എന്ന ലെനിൻ രാജേന്ദ്രന്റെ സിനിമയിൽ എം.ബി. ശ്രീനിവാസന്റെ സംഗീതത്തിൽ പല സ്വാതിതിരുനാൾ, ത്യാഗരാജകൃതികളും ആലപിച്ചത്‌ ബാലമുരളീകൃഷ്ണയായിരുന്നു. ‘ജമുനാകിനാരെ’ എന്ന ചാരുകേശി രാഗത്തിലുള്ള സ്വാതിതിരുനാൾ കൃതി ബാലമുരളീകൃഷ്ണ പാടിയപ്പോഴുള്ള ഭാവതീവ്രത എടുത്തുപറയേണ്ടതാണ്‌. ശാസ്ത്രീയ സംഗീതം ആലപിക്കുമ്പോഴും ലളിതഗാനങ്ങൾ പാടുമ്പോഴും ഭാവത്തിന്‌ കൊടുക്കുന്ന പ്രാധാന്യം അദ്ദേഹത്തിന്റെ ഒരു സവിശേഷത തന്നെയാണ്‌. 

മലയാളത്തിലെ ആദ്യത്തെ പിന്നണിഗാനങ്ങൾ പിറന്നത്‌ 1948-ൽ ‘നിർമ്മല’ എന്ന ചിത്രത്തിലാണ്‌. ഇതിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പി.എസ്‌.ദിവാകർ സംഗീതം കൊടുത്ത ചിത്രമായിരുന്നു, 1965-ൽ പുറത്തുവന്ന ‘ദേവത’. വരികൾ എഴുതിയത്‌ പി.ഭാസ്കരൻ. ഈ ചിത്രത്തിലെ 14 പാട്ടുകളിൽ 4 എണ്ണത്തിൽ ബാലമുരളീകൃഷ്ണയുടെ ശബ്ദമുണ്ട്‌. എന്നാൽ 1966-ൽ പുറത്തുവന്ന ‘അനാർക്കലി’ എന്ന ചിത്രത്തിൽ ബാബുരാജ്‌ ‘ഹിന്ദോള’രാഗത്തിൽ ചെയ്ത ‘സപ്തസ്വരസുധാസാഗരമേ’ എന്ന പാട്ടാണ്‌ മലയാളികൾ ഓർത്തുവെയ്ക്കുന്ന ബാലമുരളീകൃഷ്ണയുടെ ആദ്യത്തെ പാട്ട്‌.  പി.ബി.ശ്രീനിവാസുമായി ചേർന്ന്‌ പാടിയ പാട്ടിന്റെ രംഗത്ത്‌ അഭിനയിക്കുന്നത്‌ നമ്മുടെ പ്രിയഗായകൻ യേശുദാസും മണ്മറഞ്ഞുപോയ സംഗീതസംവിധായകൻ എൽ.പി.ആർ. വർമ്മയുമാണെന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്‌.
1967-ൽ ‘തളിരുകൾ’ എന്ന ചിത്രത്തിൽ വയലാർ എഴുതി എ.ടി.ഉമ്മർ ഈണമിട്ട ‘പകരൂ ഗാനരസം’ എന്ന പാട്ടാണ്‌ അതിനുശേഷം പുറത്തുവന്ന ബാലമുരളീകൃഷ്ണയുടെ ശ്രദ്ധേയമായ ഒരു പാട്ട്‌. 1971-ൽ ‘യോഗമുള്ളവൾ’ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി വരികളെഴുതി ആർ.കെ. ശേഖർ ചിട്ടപ്പെടുത്തിയ ‘ഓമനതാമര പൂത്തതാണോ’ എന്ന മനോഹരമായ ഗാനം പാടിയതും അദ്ദേഹമായിരുന്നു. 1972-ൽ പുറത്തുവന്ന ‘കളിപ്പാവ’ എന്ന ചിത്രത്തിൽ ചിദംബരനാഥ്‌ ഈണമിട്ട സുന്ദരമായ ഒരു പാട്ടുണ്ട്‌. എസ്‌. ജാനകിയുമായി ചേർന്ന്‌ ആലപിച്ച ‘നീല നീല വാനമതാ വാരിധി പോലെ അനന്തമായി ചേലെഴുന്നൊരു മേഘമതാ’. വരികൾ മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടേതാണെന്നതാണ്‌ ഈ പാട്ടിന്റെ മറ്റൊരു പ്രത്യേകത. 

ഇതിനുശേഷം പിന്നീട്‌ ബാലമുരളീകൃഷ്ണ ശബ്ദം കൊടുക്കുന്നത്‌ 1977-ൽ പുറത്തുവന്ന ‘പൂജയ്ക്കെടുക്കാത്ത പൂക്കൾ’ എന്ന ചിത്രത്തിലാണ്‌. ഒരു കർണ്ണാടക സംഗീതജ്ഞന്റെ കഥ പറഞ്ഞ ഈ സിനിമയിലെ പാട്ടുകൾ എഴുതിയത്‌ ഭാസ്കരൻ മാഷും സംഗീതം കൊടുത്തത്‌ രാഘവൻ മാഷുമാണ്‌. പല തരം നാടൻ പാട്ടുകളും ഗ്രാമീണ നൈർമ്മല്യം തുളുമ്പുന്ന പാട്ടുകളും ചെയ്തിരുന്ന രാഘവൻ മാഷുടെ വ്യത്യസ്തമായ ഈണങ്ങളായിരുന്നു, ശാസ്ത്രീയാടിസ്ഥാനത്തിൽ ചെയ്ത ഈ സിനിമയിലെ പാട്ടുകൾ. ഈ ചിത്രത്തിന്‌ രാഘവൻ മാഷിന്‌ കേരള സംസ്ഥാന അവാർഡ്‌ കിട്ടുകയും ചെയ്തു. ഹമീർ കല്യാണി രാഗത്തിൽ ആരംഭിക്കുന്ന ‘നഭസ്സിൽ മുകിലിന്റെ പൊന്മണി വില്ല്‌‘ എന്ന രാഗമാലികയും ’കല്യാണി‘ രാഗത്തിൽ തീർത്ത ’കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ‘ എന്ന പാട്ടും. പിന്നീടാണ്‌ 1982-ൽ ’ഗാന‘വും 1987-ൽ ’സ്വാതി തിരുനാൾ‘ എന്ന ചിത്രവും. ഇതിനൊപ്പം 1984-ൽ പുറത്തുവന്ന ’സന്ധ്യക്കെന്തിന്‌ സിന്ദൂരം‘ എന്ന ചിത്രത്തിൽ പാടുന്നതിനൊപ്പം അഭിനയിക്കുകയും ചെയ്തു, ബാലമുരളീകൃഷ്ണ. മേല്പ്പറഞ്ഞ പാട്ടുകളൊക്കെ അർദ്ധശാസ്ത്രീയ ഗാനങ്ങളായിരുന്നു. 

എന്നാൽ ഇത്രയൊന്നും ശാസ്ത്രീയ ചുവയില്ലാത്ത പാട്ടുകളും അദ്ദേഹം പാടിയിട്ടുണ്ട്‌. ’പുന്നപ്ര വയലാർ‘ എന്ന ചിത്രത്തിൽ ഭാസ്കരൻ മാഷും രാഘവൻ മാഷും ചേർന്നൊരുക്കിയ ’വയലാറിന്നൊരുകൊച്ചു ഗ്രാമമല്ലാർക്കുമേ വിലകാണാനാവാത്ത കാവ്യമത്രേ‘ എന്ന പാട്ട്‌, സിനിമയുടെ തീം സോങ്ങ്‌, പാടാൻ രാഘവൻ മാഷ്‌ ഏല്പിച്ചത്‌ ബാലമുരളീകൃഷ്ണയെയാണ്‌.  ’കൊടുങ്ങല്ലൂരമ്മ‘ എന്ന ചിത്രത്തിൽ വയലാർ രാഘവൻ മാഷ്‌ ടീമിന്റെ ’കൊടുങ്ങല്ലൂരമ്മേ‘ എന്ന പാട്ട്‌, 1969-ൽ പുറത്തുവന്ന ’ജന്മഭൂമി‘ എന്ന ചിത്രത്തിൽ ഭാസ്കരൻ ചിദംബരനാഥ്‌ ടീം ചെയ്ത ’അരയടിമണ്ണിൽ നിന്ന്‌ തുടക്കം ആറടിമണ്ണിൽ നിന്നുറക്കം‘ എന്ന പാട്ട്‌ ഒക്കെ ലളിതഗാനങ്ങൾ തന്നെയാണ്‌. ഒടുവിൽ പറഞ്ഞ പാട്ടിന്‌ അദ്ദേഹം കൊടുക്കുന്ന ഫീൽ ആലാപനത്തിൽ വരുന്ന ശാസ്ത്രീയഛായയെ മറികടക്കുന്നുണ്ട്‌. 

ശാസ്ത്രീയ സംഗീതഞ്ജർ പൊതുവേ പരീക്ഷണ കുതുകികളല്ലെന്ന്‌ മാത്രമല്ല പരീക്ഷണശ്രമങ്ങൾ ആര്‌ നടത്തിയാലും അതിനെ പ്രതിരോധിക്കാനണ്‌ അവർ ശ്രമിക്കാറ്‌. സംഗീതത്തിൽ പരീക്ഷണം ഒരു നിരോധിത കാര്യമല്ലെന്ന്‌ ബാലമുരളീകൃഷ്ണ സ്വയം ചെയ്തുകാണിച്ചുതന്നു. അദ്ദേഹത്തിന്റെ സിനിമയിലെ സംഭാവനകൾ ഇത്തരം വേറിട്ടനടത്തങ്ങളുടെ ഭാഗം തന്നെയായിരുന്നു. സിനിമാപാട്ടുകളെ നിലവാരം കുറഞ്ഞ കാര്യമായി അദ്ദേഹം കണ്ടില്ലെന്ന്‌ മാത്രമല്ല അവയും വിശാലമായ സംഗീതസാഗരത്തിന്റെ ഭാഗമാണെന്ന്‌ മനസ്സിലാക്കി അർഹിക്കുന്ന പ്രാധാന്യ കൊടുക്കാൻ അദ്ദേഹം തയ്യാറായി. സിനിമാരംഗത്ത്‌ അദ്ദേഹം കൈവരിച്ച വിജയം ഈ നിലപാടിന്റെ വിജയം തന്നെ. 

ബാലമുരളീകൃഷ്ണ വിടവാങ്ങുമ്പോൾ സംഭവിക്കുന്നത്‌ ഇത്തരം ധീരമായ ചുവടുവെപ്പുകളുടെ വിരാമമാണ്‌. ഇതൊരു പൂർണവിരാമമാകില്ലെന്നും അദ്ദേഹം കാണിച്ച വഴിയിലൂടെ സഞ്ചരിക്കാനും പുതുവഴികൾ കണ്ടെത്താനും പ്രാപ്തിയും പ്രാഗല്ഭ്യവുമുള്ളവർ കടന്നുവരുമെന്നും നമുക്ക്‌ പ്രത്യാശിക്കാം. ഹിന്ദു പത്രത്തിലെ ചിത്രാ സ്വാമിനാഥൻ പറഞ്ഞത്‌ ‘അരങ്ങൊഴിഞ്ഞപോലെ തോന്നുന്നു’, എന്നാണ്‌. ഒരാളുടെ വിയോഗം സൃഷ്ടിച്ച ഒഴിവ്‌ മറ്റൊരാൾക്ക്‌ നികത്താനാവില്ല തന്നെ. എന്നാൽ സംഗീതത്തിന്റെ അനുസ്യൂതമായ ഒഴുക്കിൽ അദ്ദേഹം സൃഷ്ടിച്ച തരംഗങ്ങൾ നിലയ്ക്കാതെ നോക്കുക എന്നതാണ്‌ സംഗീതജ്ഞർക്ക് അദ്ദേഹത്തിന്‌ കൊടുക്കാൻ കഴിയുന്ന വലിയ ബഹുമതി.   



2 comments:

  1. ബാലമുരളീകൃഷ്ണ വിടവാങ്ങുമ്പോൾ
    സംഭവിക്കുന്നത്‌ ഇത്തരം ധീരമായ ചുവടു
    വെപ്പുകളുടെ വിരാമമാണ്‌. ഇതൊരു പൂർണ
    വിരാമമാകില്ലെന്നും അദ്ദേഹം കാണിച്ച വഴിയിലൂടെ
    സഞ്ചരിക്കാനും പുതുവഴികൾ കണ്ടെത്താനും പ്രാപ്തിയും
    പ്രാഗല്ഭ്യവുമുള്ളവർ കടന്നുവരുമെന്നും നമുക്ക്‌ പ്രത്യാശിക്കാം...

    ReplyDelete