Tuesday, July 1, 2014

കെജ്രിവാളിണ്റ്റേതല്ലാത്ത ദെല്‍ഹി

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നിട്ട്‌ ഒന്നരമാസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട്‌ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഒട്ടുമിക്ക എക്സിറ്റ്‌ പോള്‍ പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ടായിരുന്നു, അന്തിമ ഫലങ്ങള്‍. രണ്ട്‌ തവണയും യു. പി. എ അധികാരത്തിലെത്തി. ഇത്തവണയും പ്രവചനങ്ങള്‍ തെറ്റിയിട്ടുണ്ട്‌, ബി.ജെ.പിയുടെ വിജയത്തിണ്റ്റെ വലിപ്പം പ്രചിക്കുന്നതിലാണെന്ന്‌ മാത്രം. തൂക്ക്‌ ലോക്സഭയോ എന്‍.ഡി.എ കേവലഭൂരിപക്ഷത്തിനോടടുത്തോ എത്തുമെന്നായിരുന്നല്ലോ പ്രവചനം. ഫലം വന്നപ്പോള്‍ ബി.ജെ.പിയ്ക്ക്‌ ഒറ്റയ്ക്ക്‌ തന്നെ കേവലഭൂരിപക്ഷം. 

 നരേന്ദ്ര മോഡി എന്ന അതികായണ്റ്റെ എതിരാളിയായി മാധ്യമങ്ങളൊന്നും രാജീവ്‌ ഗാന്ധിയെ ഉയര്‍ത്തി കാട്ടിയിരുന്നില്ല. ഗോലിയാത്തിനെതിരെ ഉയര്‍ന്നത്‌ കെജ്രിവാള്‍ എന്ന ദാവീദിണ്റ്റെ പേരാണ്‌. മോഡിയോട്‌ പ്രാസപ്പൊരുത്തത്തോടെ ദീദിയും ലേഡിയും ഡാഡിയും ഒക്കെ പരാമര്‍ശിക്കപ്പെട്ടെങ്കിലും ഉയര്‍ന്നുകേട്ടത്‌ കെജ്രിവാളെന്ന്‌ ദാവീദിണ്റ്റെ പേര്‌ മാത്രം. ഈ ദ്വന്ദ്വത്തിന്‌ വസ്തുതകളേക്കാളേറെ വൈകാരികതയോടായിരുന്നു, അടുപ്പം. ഷീലാ ദീക്ഷിതിനെ മലര്‍ത്തിയടിച്ച കെജ്രിവാള്‍ വീണ്ടും ഒരു ജയണ്റ്റ്‌ കില്ലിംഗ്‌ നടത്തുമോ എന്ന സംശയം അങ്ങനെ ഒരു ആഗ്രഹം. പക്ഷേ ബൈബിള്‍ കഥയല്ല സമകാലിക ഇന്ത്യന്‍ രഷ്ട്രീയം എന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചു. 

തെരഞ്ഞെടുപ്പ്‌ ഫലം കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ ദുര്‍ഭരണത്തിനെതിരായ വിധി തന്നെയാണെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. അതിണ്റ്റെ ഫലം ബി.ജെ.പി. കൊയ്തു എന്ന്‌ മാത്രം. ഇതിണ്റ്റെ സൂചനകള്‍ ധാരാളം നേരത്തെ കണ്ടിരുന്നു. ആ സൂചനകള്‍ മനസ്സിലാക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസിണ്റ്റെ കണ്ണില്‍ തിമിരം ബാധിച്ചിരിക്കുകയായിരുന്നു. ഈ സൂചന പ്രകടമായും പ്രസക്തമായും കണ്ടത്‌ ദില്ല്‌ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. കോണ്‍ഗ്രസ്‌ അല്ലെങ്കില്‍ ബി.ജെ.പി എന്ന ദ്വന്ദ്വങ്ങള്‍ക്കിടയില്‍ എ.എ.പി എന്ന ഒരു പ്രതിഭാസം എവിടെനിന്നറിയാതെ പൊങ്ങിവരികയായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ നിന്നാണ്‌ അന്ന്‌ ബി.ജെ.പിക്ക്‌ വിജയം നഷ്ടമായത്‌. 

അഴിമതിയുടെ നീരാളിക്കൈകളില്‍ കുടുങ്ങിക്കിടന്ന ഭരണകൂടത്തിനെതിരെ അസംഭവ്യമെന്ന്‌ കരുതിയ ഒരു കാര്യമാണ്‌ കെജ്രിവാളും കൂട്ടരും ചെയ്തത്‌. ഇന്നലെ പെയ്ത മഴയില്‍ കുനുത്ത തകര മാത്രമെന്ന്‌ ദേശീയ പാര്‍ട്ടികള്‍ ഒന്നടങ്കം എഴുതി തള്ളിയ എ.എ.പി കാണിച്ചത്‌ എന്നും തകരകള്‍ മാത്രമെന്ന്‌ കരുതി പോന്ന സാധാരണക്കാരണ്റ്റെ വീര്യം തന്നെയാണ്‌. എന്നാല്‍ ഒരു മഴയില്‍ കിളിര്‍ക്കുകയും അടുത്ത വെയിലില്‍ വാടുകയും ചെയ്യുന്ന തരത്തില്‍ ഈ പരീക്ഷണം പാളിയതെങ്ങനെ? അപ്രതീക്ഷിതമായി കൈവന്ന വിജയത്തില്‍ അമ്പരന്നുപോയ കെജ്രിവാളിണ്റ്റേയും കൂട്ടരുടേയും പല പ്രവര്‍ത്തികളും അവര്‍ക്ക്‌ വിനയായി മാറിയത്‌ ഒരു കാരണമാണ്‌. അതോടൊപ്പം തന്നെ ദില്ലി നഗരത്തിണ്റ്റെ രാഷ്ട്രീയസാമൂഹ്യമനസ്സ്‌ കെജ്രിവാളിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ളതാണോ എന്ന്‌ എനിക്ക്‌ സംശയമുണ്ട്‌. 

എണ്റ്റെ സംശയത്തിണ്റ്റെ കാരണം തേടുമ്പോള്‍ നമുക്ക്‌ ദില്ലിയുടെ ചരിത്രത്തിലേക്കും സ്വഭാവത്തിലേക്കും സംസ്കാരത്തിലേക്കും നോക്കേണ്ടിവരും. 'ദില്ലി ദില്‍വാലോം കി' എന്നത്‌ ദില്ലിവാസികള്‍ മേനി പറയുന്ന ഒരു കാര്യമാണ്‌. എന്നാല്‍ ഇത്‌ യാഥാര്‍ത്ഥ്യവുമായി ബന്ധമൊന്നുമില്ലാത്ത ഒരു പ്രസ്താവന മാത്രമാണെന്നതാണ്‌ എണ്റ്റെ തോന്നല്‍. ഏറെ കാലം ബോംബെ വിമാനത്താവളത്തില്‍ ജോലിചെയ്ത, ഇപ്പോള്‍ ദില്ലിയിലിരിക്കുന്ന, ചണ്ഡിഗഡുകാരനായ എണ്റ്റെ സുഹൃത്ത്‌ നരേന്ദര്‍ സിംഗ്‌ എപ്പോഴും പറയുന്ന ഒരു കാര്യം ദില്ലിക്ക്‌ ഹൃദയവും മാനുഷികതയും ഒട്ടുമില്ലെന്നാണ്‌. അതിന്‌ അവന്‍ കാരണവും പറയും, വിശാലമായ കടലിണ്റ്റെ സാമീപ്യമില്ലാത്തതാണെന്ന്‌. 

മഹാഭാരതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥമാണ്‌ ഇന്നത്തെ ദില്ലിയായി മാറിയതെന്ന്‌ വിശ്വാസികള്‍ കരുതുന്നു. നഗരത്തിണ്റ്റെയും കൊട്ടാരത്തിണ്റ്റെയും നിര്‍മാണത്തിനുശേഷം അവിടം സന്ദര്‍ശിച്ച കൌരവര്‍ സ്ഥലജലവിഭ്രാന്തിയില്‍ പെട്ടതും അത്‌ കണ്ട്‌ ദ്രൌപദി ചിരിച്ചതും അതില്‍ അപമാനം കൊണ്ടാണ്‌ ഇന്ദ്രപ്രസ്ഥം പിടിച്ചെടുക്കാന്‍ കൌരവര്‍ മുന്നിട്ടിറങ്ങിയതെന്നും മഹാഭാരതത്തിണ്റ്റെ ആദ്യവായനയായ ചിത്രകഥയില്‍ കണ്ടത്‌ ഓര്‍ത്തെടുക്കാം. പല സാമ്രാജ്യങ്ങളുടേയും തലസ്ഥാനമായി പിന്നീട്‌ മാറിയ ദില്ലിയുടെ ആദ്യത്തെ അധിനിവേശം ഇവിടെ നിന്ന്‌ തുടങ്ങുന്നു. 

ബി.സി.300 മൌര്യ കാലഘട്ടം മുതല്‍ നിലനിന്നിരുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നെങ്കിലും ദില്ലി നഗരത്തിണ്റ്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം തുടങ്ങുന്നത്‌ 12-ആം നൂറ്റാണ്ടില്‍ മാത്രമാണ്‌. ഇതിനിടയിലെ കാലഘട്ടം നഷ്ടപ്പെട്ട ചരിത്രമായി നിലനില്‍ക്കുന്നു. അല്ലെങ്കില്‍ ചരിത്രനഷ്ടത്തില്‍ നിന്നാണ്‌ നമ്മളറിയപ്പെടുന്ന ദില്ലിയുടെ ഉത്ഭവം. അതിനുശേഷം ദില്ലി മാറിമാറിവന്ന ചക്രവര്‍ത്തിമാരുടെ തലസ്ഥാനമായിരുന്നു. ഇക്കാരണം കൊണ്ട്‌ തന്നെ നിരന്തരമായ അധിനിവേശങ്ങളും ആക്രമണങ്ങളും പിടിച്ചടക്കലുകളും ദില്ലി അനുഭവിച്ചു. അവസാനം മുഗള്‍ രാജാവായിരുന്ന ബഹാദുര്‍ ഷാ സഫറിനെ കീഴടക്കി ദില്ലി പിടിച്ചെടുത്ത ബ്രിട്ടീഷുകാരില്‍ ഈ അധിനിവേശം അവസാനിച്ചു, എന്ന്‌ പറയാം. 

സ്വതന്ത്രഭാരതത്തിണ്റ്റെ ഉത്ഭവം ദില്ലിയ്ക്ക്‌ സമ്മാനിച്ചത്‌ വിഭജനത്തിണ്റ്റെ ഉണങ്ങാത്ത മുറിവുകളാണ്‌. ഇരുവശത്തേക്കുമുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക്‌ ദൂരെ നിന്ന്‌ ദില്ലി കണ്ടു, അതിണ്റ്റെ തീവ്രത നേരിട്ട്‌ അനുഭവിച്ചു. പാകിസ്താനില്‍നിന്ന്‌ ഓടിപ്പോന്ന ആയിരക്കണക്കിന്‌ പഞ്ചാബി ഹിന്ദുക്കളേയും സിക്കുകാരേയും അഭയം നല്‍കി സഹായിച്ചത്‌ ഇതേ ദില്ലി തന്നെ. ഈ ഓര്‍മ്മകള്‍ കാരണം തന്നെയായിരിക്കണം രണ്ട്‌ തലമുറകള്‍ക്കുശേഷവും പാക്കിസ്ഥാനോടുള്ള വിരോധവും മുസ്ളീങ്ങളോടുമുള്ള അവിശ്വാസവും ദില്ലി ഇന്നും ഉള്ളില്‍ സൂക്ഷിക്കുന്നു. 

ദില്ലിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 12-ആം നൂറ്റാണ്ടിലെ മാംളുക്‌ രാജവംശത്തില്‍ തുടങ്ങുന്നു. തുടര്‍ന്ന്‌ ഖില്‍ജി, തുഗ്ളക്‌, സയ്യിദ്‌, ലോധി രാജവംശങ്ങള്‍ ദില്ലി ഭരിച്ചു. ഒടുവില്‍ മുഗള്‍ രാജവംശത്തിണ്റ്റെ അവസാനം വരെ ദില്ലി മുസ്ളീം ഭരണത്തിണ്റ്റെ കീഴിലായിരുന്നു. ബഹാദുര്‍ ഷാ സഫറിനെ നാടുകടത്തി ദില്ലിയുടെ ഭരണം എന്നെന്നേക്കുമായി പിടിച്ചടക്കുന്നതുവരെ പല പല മുസ്ളീം രാജവംശങ്ങളാണ്‌ ഭരണം കൈയാളിയത്‌. ഈ മുസ്ളീം ഭരണങ്ങള്‍ അതില്‍ തന്നെ നീണ്ട കാലത്തെ മുഗള്‍ ഭരണം സമ്മൃദ്ധമായൊരു സാംസ്കാരിക പാരമ്പര്യം ദില്ലിയ്ക്ക്‌ നല്‍കിയിട്ടുണ്ട്‌. വാസ്തുകലയുടെ ഗാംഭീര്യം പ്രകടമാക്കി ഇന്ന്‌ തലയുയര്‍ത്തി മിക്ക സൌധങ്ങളും സമ്മാനിച്ചത്‌ മുഗള്‍ ഭരണമായിരുന്നെന്ന്‌ നമുക്കറിയാം. ഇവയില്‍ നല്ലൊരു ഭാഗവും അന്നത്തെ ഭരണസിരാകേന്ദ്രങ്ങളായിരുന്ന പുരാതന ദില്ലിയിലാണുള്ളത്‌. 

ഈ ദില്ലിയെ പുറകോട്ട്‌ തള്ളിക്കൊണ്ടാണ്‌ ബ്രിട്ടീഷ്‌ ആര്‍ക്കിട്ടെക്റ്റ്‌ ആയിരുന്ന എഡ്വിന്‍ ലുത്യന്‍ ന്വൂ ദെല്‍ഹി പണിതുയര്‍ത്തിയത്‌. ദില്ലിയുടെ പാരമ്പര്യമായുള്ള എല്ലാത്തിനേയും ന്യൂ ദെല്‍ഹി പിന്നിലേക്ക്‌ തള്ളി. മുസ്ളീം ഭൂരിഭാഗമായ ദില്ലി വാസികള്‍ക്കൊപ്പം അവരുടെ സമ്പന്നമായ കലയും സംസ്കാരവും ഒക്കെ പുറമ്പോക്കിലേക്ക്‌ തള്ളിമാറ്റപ്പെട്ടു. ന്യൂ ദെല്‍ഹി ദെല്‍ഹിയായും അതുവരെ നിലനിന്നിരുന്ന ദെല്‍ഹി പുരാതന ദെല്‍ഹിയായും മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ഇന്ന്‌ ദെല്‍ഹിയുടെ മുഖത്തെ കളങ്കമാണ്‌ പുരാതന ദില്ലി പ്രദേശങ്ങള്‍. 

യഥാര്‍ത്ഥ ദെല്‍ഹി വാസികള്‍ ഓള്‍ഡ്‌ ദില്ലിവാസികളായ ദരിദ്രരും വൃത്തിഹീനരുമാണ്‌ ഇന്ന്‌.
പുതിയ ദെല്‍ഹിയോടൊപ്പം പുതിയ അവകാശികളും ദെല്‍ഹിക്കുണ്ടായി. വിഭജനത്തിനുശേഷം അഭയാര്‍ത്ഥികളായെത്തി ദില്ലിയില്‍ കുടിയിരുത്തിയ പഞ്ചാബികള്‍ ഇന്ന്‌ ദില്ലിയുടെ പ്രബല വിഭാഗമാണ്‌. ഒരു സമൂഹമെന്ന നിലയ്ക്ക്‌ വ്യാപാരികളാണിവര്‍. ന്യൂ ദെല്‍ഹിയില്‍ കുടിയേറി ജീവിതം കരുപ്പിടിപ്പിച്ചവരില്‍ നല്ലൊരു വിഭാഗം പഞ്ചാബികളാണ്‌. ഇതില്‍ സിക്കുകാരും ഹിന്ദുക്കളുമുണ്ട്‌. ക്രമേണ ഇവരുടെ സംസ്കാരം ദില്ലിയുടെ പൊതു സംസ്കാരമായി മാറി. 

ദില്ലിയോടടുത്തുകിടക്കുന്ന യു.പിയില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തി ദില്ലി സ്വന്തം നാടാക്കിമാറ്റിയ എല്ലാവരും വളരെ പെട്ടെന്ന്‌ തന്നെ പഞ്ചാബി സംസ്കാരത്തിണ്റ്റെ ഭാഗമായി മാറുകയായിരുന്നു. ചില്ലറ തൊഴില്‍ തേടി ബീഹാറില്‍ നിന്നും ഝാര്‍ക്കണ്ഡില്‍ നിന്നുമൊക്കെ ധാരാളം പേര്‍ ദില്ലിയെ അഭയം പ്രാപിച്ചു. കുറഞ്ഞകൂലിയില്‍ അവരുടെ സേവനം അനുഭവിക്കുമ്പോഴും അവരെ ദെല്‍ഹിയുടെ ഭാഗമാകാന്‍ ദെല്‍ഹി അനുവദിച്ചിട്ടില്ല. വീട്ടുജോലിക്കാരായി വരുന്നവരില്‍ ഭൂരിഭാഗവും ഇവരാണ്‌. ചില്ലറ ജോലിചെയ്യുന്നവരിലും കൂടുതല്‍ ഇക്കൂട്ടര്‍ തന്നെ. ലോകത്തിലെ തന്നെ ചെലവേറിയ നഗരങ്ങളില്‍ ഒന്നായിരിക്കുമ്പോഴും ഏറ്റവും കുറഞ്ഞ കൂലിക്ക്‌ ജോലിക്ക്‌ ആളുകളെ കിട്ടുന്ന നഗരവും ദെല്‍ഹി തന്നെ. 

ഭരണ സിരാകേന്ദ്രമായതുമൊണ്ട്‌ ധാരാളം ദക്ഷിണേന്ത്യക്കാരും ദില്ലിയിലെത്തി. പക്ഷേ സാംസ്കാരികമായി അവര്‍ ഒരിക്കലും ദില്ലിയുടെ ഭാഗമായില്ല. അവിടെ ജനിച്ചുവളര്‍ന്ന കുട്ടികള്‍ വീട്ടില്‍ പോലും ഹിന്ദി സംസാരിക്കുന്നതൊഴിച്ചാല്‍ ഒരകലം എന്നും ഈ ദക്ഷിണേന്ത്യക്കാര്‍ ദില്ലിയോട്‌ പുലര്‍ത്തുന്നതായാണ്‌ എണ്റ്റെ അനുഭവം. ഇതിനൊരു കാരണം ഒരു പക്ഷേ പഞ്ചാബികള്‍ക്ക്‌ ദക്ഷിണേന്ത്യക്കാരോടുള്ള മനോഭാവം ആണെന്ന്‌ തോന്നുന്നു. 

ദക്ഷിണേന്ത്യക്കാരുടെ നേരെ ചൊവ്വേ എന്ന ഭാവത്തോട്‌ പഞ്ചാബികള്‍ക്ക്‌ പുഛമാണ്‌. ബൌദ്ധികനിലവാരത്തിലും ജോലിയിലുള്ള ആത്മാര്‍ത്ഥതയിലും ദക്ഷിണേന്ത്യക്കാര്‍ വളരെ മുകളിലാണ്‌. ദില്ലിയിലെ സര്‍ക്കാരാഫീസുകളില്‍ പ്രചരിക്കുന്ന ഒരു സംസാരമുണ്ട്‌. പഞ്ചാബി ബോസും ദക്ഷിണേന്ത്യക്കാരനായ കീഴ്ജീവനക്കാരനുമാണെങ്കില്‍ കാര്യങ്ങള്‍ നന്നായി നടക്കും. മറിച്ചാണെങ്കില്‍ കട്ടപ്പൊക. പഞ്ചാബിയായ കീഴ്ജീവനക്കാരനില്‍ നിന്ന്‌ ജോലി വാങ്ങാന്‍ മേലധികാരിക്കാവില്ല. 

ആദ്യത്തെ യാത്രയില്‍ തന്നെ ദെല്‍ഹിയോട്‌ എനിക്ക്‌ വെറുപ്പ്‌ തോന്നി. നമ്മളേക്കാള്‍ ഉയര്‍ന്നവരാണെന്ന മട്ടിലുള്ള പെരുമാറ്റം അസഹ്യമായിരുന്നു. എനിക്കാണെങ്കില്‍ ഇരുണ്ട നിറവും. റോഡില്‍, ബസ്സില്‍ ഒക്കെ ഞാന്‍ അവഹേളിക്കപ്പെടുന്നതായി തോന്നി. ഒരിക്കലും ദെല്‍ഹി എനിക്ക്‌ ആത്മവിശ്വാസം തന്നില്ല. മദ്രാസി എന്ന സംബോധന ഓരോ തവണയും എണ്റ്റെ ആത്മാഭിമാനത്തില്‍ കുത്തിമുറിവേല്‍പിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ദെല്‍ഹി വിമാനത്താവളത്തില്‍ സ്ഥലം മാറ്റമായി എത്തി അടുത്തിടപഴകിയപ്പോഴാണ്‌ കുറച്ചെങ്കിലും ഈ അവസ്ഥയ്ക്ക്‌ വ്യത്യാസമുണ്ടായത്‌. 

വംശീയമായ ചിന്തകള്‍ ഒരു ശരാശരി ദില്ലിക്കാരണ്റ്റെ മനസ്സില്‍ വളരെ ആഴത്തില്‍ വേരൂന്നിയതാണെന്ന്‌ എനിക്ക്‌ തോന്നുന്നു. ദക്ഷിണേന്ത്യകാരോടുള്ള മനോഭാവത്തില്‍ ഇതിണ്റ്റെ സൂചനകള്‍ ധാരാളം. ഇതിന്‌ കാരണം തൊലിയുടെ നിറമാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. എന്നാല്‍ ഈ അടുത്ത കാലത്ത്‌ വടക്ക്കിഴക്കന്‍ സംസ്ഥാനക്കാരോട്‌ കൂടിവരുന്ന ആക്രമണങ്ങള്‍ തൊലിയുടെ നിറം മാത്രമല്ല വംശീയതയുടെ അടിസ്ഥാനം എന്ന്‌ നമ്മളോട്‌ പറയുന്നുണ്ട്‌. 

ഇന്നത്തെ ഒരു ശരാശരി ദെല്‍ഹി വാസിയുടെ മനോഭാവം ഒരു കച്ചവടക്കാരണ്റ്റേതാണ്‌. കച്ചടത്തെ ഭരിക്കുന്നത്‌ ലാഭം എന്ന ഒരു ചിന്ത മാത്രം. എങ്ങനെയും ലാഭം വര്‍ദ്ധിപ്പിക്കുക എന്നതാണ്‌ അത്‌ മാത്രമാണ്‌ ഇവരുടെ ചിന്ത. അത്‌ സര്‍ക്കാരിനെ വെട്ടിച്ചായാലും, മറ്റുള്ളവരെ പറ്റിച്ചായാലും കൊള്ളാം. ഇവരുടെ വ്യവഹാരങ്ങളെല്ലാം ബാങ്കിനു പുറത്താണ്‌. ബാങ്കിലൂടെയായാല്‍ എപ്പോഴെങ്കിലും കണക്ക്‌ പുറത്താകും എന്ന പേടിയാണ്‌ ബാങ്കിനെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നത്‌. 

ദില്ലിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റ്‌ ഇന്ത്യയിലെ തന്നെ വലിയൊരു മാര്‍ക്കറ്റാണ്‌. അവിടെ വളരെ വലിയ കടകളിലല്ലാതെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ആരും സ്വീകരിക്കുകയില്ല. ഇവിടെ ചെന്നൈയില്‍ പരചരക്കുകടകളില്‍ വരെ ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വീകാര്യമാണ്‌. അത്‌ മാത്രമല്ല ദില്ലിയിലെ മാര്‍ക്കറ്റില്‍ വരുന്നവരും പണം പണമായിട്ടുതന്നെ കൊടുക്കാന്‍ താല്‍പര്യപ്പെടുന്നു. ഇത്രയും വലിയ മാര്‍ക്കറ്റ്‌ ആയ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ രണ്ടോ മൂന്നോ എ.ടി.എം. മെഷീനേ ഉള്ളു. 

ദില്ലിയിലെ ഐ.എന്‍.എ മാര്‍ക്കറ്റ്‌ വളരെ പേരെടുത്തതാണ്‌. ചാണക്യപുരിയ്ക്കടുത്തായതിനാല്‍ മിക്ക രാജ്യങ്ങളുടേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ മീനും ഇറാച്ചിയും പലവ്യഞ്ജനങ്ങളും വാങ്ങാനെത്തുന്നത്‌ ഇവിടെയാണ്‌. ഇന്ത്യയില്‍ ഏറെക്കാലം ജോലി ചെയ്ത ഒരു റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ തിരിച്ചുപോയതിനുശേഷം ഐ.എന്‍.എ. മാര്‍ക്കറ്റിനെ ഓര്‍മ്മിച്ചെഴുതിയത്‌ വായിച്ചതോര്‍മ്മയുണ്ട്‌. ഇത്രയും പുകള്‍പെറ്റ ഈ മാര്‍ക്കറ്റില്‍ ഒരു എ.ടി.എം കൌണ്ടര്‍ കൂടിയില്ല. ഇത്‌ കാണിക്കുന്നത്‌ ഇവിടങ്ങളിലെ കച്ചവടത്തില്‍ 99 ശതമാനവും കറുത്ത പണമാണെന്നാണ്‌. അതായത്‌ ലക്ഷക്കണക്കിന്‌ രൂപയുടെ കച്ചവടം ഒരു ദിവസം നടക്കുന്ന ഇവിടങ്ങളില്‍ ഇന്ന്‌ ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവിലേക്ക്‌ കിട്ടുന്നില്ല എന്ന്‌. ഇത്‌ തന്നെയാണ്‌ ദില്ലിയിലെ ഓരോ മാര്‍ക്കറ്റിണ്റ്റേയും സ്ഥിതി. ദില്ലിയുടെ പൊതുമനസ്സാക്ഷി ഈ കച്ചവടക്കാരുടേതാണ്‌. 

ദില്ലിയിലെത്തിയപ്പോള്‍ എനിക്ക്‌ ആദ്യം വീട്‌ കിട്ടിയത്‌ വസന്ത്കുഞ്ചില്‍ ആയിരുന്നു. മൂന്നുവര്‍ഷത്തേക്കാണ്‌ കമ്പനി ലീസിനെടുത്തത്‌. വീട്ടുടമ പഞ്ചാബിയായ ഒരു ബാങ്ക്‌ ഓഫീസര്‍. തികച്ചും മാന്യമായ പെരുമാറ്റം. ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ എണ്റ്റെ മകണ്റ്റെ പത്താം ക്ളാസ്സിലെ മാര്‍ക്ക്‌ കേട്ട്‌ കാല്‌ തൊട്ട്‌ വന്ദിക്കാന്‍ തോന്നുന്നെന്ന്‌ പറഞ്ഞു ഇദ്ദേഹം. രണ്ട്‌ വര്‍ഷം കഴിഞ്ഞപ്പോള്‍, പുറത്ത്‌ പൊതുമാര്‍ക്കറ്റില്‍ ഇത്തിരി വാടക കൂടിയെന്നറിഞ്ഞപ്പോള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ എന്നോട്‌ വീടൊഴിയാന്‍ പറഞ്ഞു. മുമ്പ്‌ കാല്‌ തൊട്ട്‌ വന്ദിക്കാന്‍ തോന്നുന്നു എന്ന പറഞ്ഞ കുട്ടിയുടെ സ്കൂളിണ്റ്റെ കാര്യം ഒക്കെ പറഞ്ഞുനോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ലീസിണ്റ്റെ കാലാവധി കഴിഞ്ഞിരുന്നില്ലെങ്കിലും ഒഴിയുക അല്ലാതെ നിവര്‍ത്തിയുമില്ലായിരുന്നു. അയാളോട്‌ പിടിച്ചുനില്‍ക്കാന്‍ ആവുമായിരുന്നില്ല. കുറച്ച്‌ കാശ്‌ കൂടുതല്‍ കിട്ടുമെങ്കില്‍ എന്തിനും മടിക്കാത്തവരണ്‌ ഇക്കൂട്ടര്‍. 

ദില്ലി യാത്രകളുടെ തുടക്കത്തില്‍ ഒരിക്കല്‍ ലാജ്പത്നഗറില്‍ താമസിക്കുന്ന സുഹൃത്തിണ്റ്റെ കൂടെ അവണ്റ്റെ വീട്ടിലേക്ക്‌ പോയി. ഐ.എന്‍.എ മാര്‍ക്കറ്റില്‍ നിന്ന്‌ കോട്ള വഴി ഒരെളുപ്പവഴിയുണ്ട്‌. അതുവഴി അവണ്റ്റെ ബൈക്കില്‍ ഇരുന്നാണ്‌ യാത്ര. അവണ്റ്റെ പിന്നിലിരുന്ന്‌ ചുറ്റും നോക്കുമ്പോള്‍ തലയ്ക്ക്‌ മുകളിലുള്ള വൈദ്യുതകമ്പിയില്‍ നിന്ന്‌ കൊളുത്തിട്ട വയറുകള്‍ ഒട്ടുമിക്ക വീടുകളിലേക്കും നീളുന്നത്‌ കണ്ടു. ചോദിച്ചപ്പോള്‍ അവനാണ്‌ പറഞ്ഞത്‌ വീടുകളിലേക്ക്‌ കള്ളത്തരത്തില്‍ കറണ്റ്റ്‌ വലിക്കുകയാണെന്ന്‌. ഇതിന്‌ പാകത്തില്‍ കൊളുത്തുള്ള വയറുകള്‍ മാര്‍ക്കറ്റില്‍ സുലഭമായി വാങ്ങിക്കാന്‍ കിട്ടുമായിരുന്നു. ദില്ലിയിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിച്ചപ്പോഴാണ്‌ ഈ തട്ടിപ്പ്‌ നിന്നത്‌. 

ഒരു ശരാശരി ദെല്‍ഹി നിവാസി ഇങ്ങനെ പലതരം തട്ടിപ്പുകള്‍ നിത്യജീവിതത്തില്‍ ചെയ്യുന്നുണ്ട്‌. അത്‌ തികച്ചും സ്വാഭാവികമായ ഒരു കാര്യമായി അവര്‍ മനസ്സിലാക്കുന്നു. വില്‍പന നികുതി വെട്ടിക്കുന്നതുപോലെ മറ്റൊരു വെട്ടിപ്പ്‌. ദെല്‍ഹിയിലെ മിക്ക സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എന്തെങ്കിലും സൈഡ്‌ ബിസിനസ്സ്‌ ഉണ്ടാവും. ഒന്നുമില്ലെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റിലെങ്കിലും കളിക്കുന്നുണ്ടാവും. ഓഫീസില്‍ വന്നാലും ഇതൊക്കെ കഴിഞ്ഞതിനുശേഷം സമയമുണ്ടെങ്കിലേ ഓഫീസ്‌ കാര്യം ചെയ്യുകയുള്ളൂ. 

ഒരു ശരാശരി ദില്ലിക്കാരന്‍ പെരുമാറ്റത്തില്‍ തീരെ മാന്യത കാണിക്കാത്തവനാണെന്ന്‌ ഒരു പത്രപ്രവര്‍ത്തക എഴുതിയത്‌ ഓര്‍ക്കുന്നു. പണത്തിണ്റ്റെ പ്രദര്‍ശന നഗരിയാണ്‌ ദില്ലി. റോഡില്‍ വലിയ വലിയ കാറുകള്‍ മിക്കതിലും ഒരാള്‍ മാത്രം. എഴുത്തുകാരന്‍ ആനന്ദ്‌ ഒരിക്കല്‍ നിരീക്ഷിച്ചതുപോലെ ഈ ആള്‍ ഇത്രയും വലിയ കാറിനെ വഹിച്ചുകൊണ്ടുപോവുകയാണെന്ന്‌ തോന്നും, മറിച്ചാണ്‌ വേണ്ടതെങ്കിലും. അവന്‍ ധിക്കാരപരമായി നിങ്ങളുടെ വഴിമുടക്കും. ചോദ്യം ചെയ്താല്‍ അമ്മയേയും പെങ്ങളേയും ചേര്‍ത്ത്‌ പച്ച തെറി കേള്‍ക്കാം നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍. അല്ലെങ്കില്‍ ഒരു വെടിയുണ്ടയായിരിക്കും സംസാരിക്കുക. 'റോഡ്‌ റേജ്‌' എന്ന ഒരു പ്രയോഗം തന്നെ ദില്ലി നമുക്ക്‌ സമ്മാനിച്ചു. 

ഇന്നത്തെ ദില്ലി കഴുത്തറപ്പന്‍ കച്ചവടക്കാരുടേതാണ്‌. ബീഹാറികളേയും ബംഗാളികളെയും കുറഞ്ഞ കൂലിക്ക്‌ വീട്ടുജോലിക്ക്‌ വെച്ച്‌ ചൂഷണം ചെയ്യുന്ന മധ്യവര്‍ഗ്ഗക്കാരുടേതാണ്‌. ദക്ഷിണേന്ത്യക്കാരോട്‌ ഉള്ളില്‍ പുഛം സൂക്ഷിക്കുന്ന പഞ്ചാബികളൂടേതാണ്‌. പഴയ പ്രതാപകാലം അയവിറക്കി നെടുവീര്‍പ്പിടുന്ന പുരാതന ദില്ലിയിലെ മുസ്ളീം സമുദായക്കാരുടേതാണ്‌. ഇതില്‍ ഏതാണ്‌ കെജ്രിവാളിണ്റ്റെ ദില്ലി എന്ന്‌ മനസ്സിലാകാതെ ഞാന്‍ മിഴിച്ചു നിന്നു, ദില്ലിയിലെ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം. 

അഴിമതിക്കെതിരായ ഒരു സമരത്തിണ്റ്റെ നേതൃത്വത്തില്‍ നിന്നാണ്‌ കേജ്രിവാള്‍ വന്നത്‌. ദില്ലി എന്ന നഗരത്തിന്‌ അഴിമതിക്കെതിരായ ഒരു മനസ്സുണ്ടോ? എനിക്ക്‌ ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. വീണ്ടും ഒരു തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ബി.ജെ.പി ദില്ലിയിലെ എല്ലാ സീറ്റുകളിലും വിജയിച്ചുനില്‍ക്കുമ്പോള്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടത്‌ ഒരു സ്വപ്നം മാത്രമായിരുന്നുവെന്ന്‌ തിരിച്ചറിയുന്നു. ദില്ലി ഒരിക്കലും കെജ്രിവാളിണ്റ്റേതായിരുന്നില്ല, ആവാന്‍ സാദ്ധ്യതയുമില്ല.

6 comments:

  1. കുറച്ചുനാള്‍ എണ്റ്റെ കുറിപ്പുകള്‍ പുസ്തമാക്കുന്നതിണ്റ്റെ തിരക്കിലായിരുന്നു. ഒന്നും പുതുതായി എഴുതാനോ ബ്ളോഗ്‌ നോക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പുസ്തകം ഇറങ്ങി. നാട്ടിലും ചെന്നൈയിലും പ്രകാശനം കഴിഞ്ഞു. നല്ല പ്രതികരണം കിട്ടിക്കൊണ്ടിരിക്കുന്നു. ഇനി എഴുത്തു തുടരാം എന്ന അവസ്ഥയില്‍.

    ReplyDelete
  2. ദില്ലി രാഷ്ട്രീയം ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ടല്ലോ!

    ReplyDelete
  3. Vinod, you have written the real Delhi, which I have seen during 1998 and still I have experienced the same Delhi. A city with people from all the races but the Punjabi supremacy is everywhere. Since , I was in the Indian defense, with a reputable post, I had the valor to give a real punch to a Sardarji , on the road itself. I can say, South Indians in Delhi are submissive and do not have the guts to fight back, that is why the so called pathetic status is being accepted by the south Indians.

    I would like to educate the South Indians working in abroad and as well as in Other states, please do show your fighting spirit what you people show in Kerala, do not work as slaves like we see in Delhi & Mumbai.

    Once again thanking you a lot for bringing the real picture of Delhi.

    with best regards

    Vinu
    Dubai

    ReplyDelete
  4. Dear friend Vinu,

    Tks for yr good words. I have experienced this state and felt the pain within. I am happy to note that my observation is endorsed by someone with similar experience.

    ReplyDelete
  5. കെ എസ്സ് മൂറ്‌ത്തിDecember 3, 2014 at 8:50 PM

    വിനോദ്,ഢല്ഹിയെ പ്പറ്റിയുള്ള വിവരണം വളരെ നന്നായിരിക്കുന്നു.എല്ലാം വാസ്തവമാണ്

    ReplyDelete