Monday, January 28, 2013

മുരടിച്ച വിരലുകള്‍

അന്ന്‌ നേരം പുലര്‍ന്നത്‌ വീടിണ്റ്റെ തെക്കുഭാഗത്ത്‌ സംസ്ഥാന കൃഷിവകുപ്പിണ്റ്റെ കീഴിലുള്ള തെങ്ങിന്‍തൈ ഉല്‍പാദനകേന്ദ്രത്തിണ്റ്റെ ഭാഗത്തുനിന്ന്‌ കനം കൂടിയ കറുത്തപുക ഉയരുന്നത്‌ കണ്ടുകൊണ്ടാണ്‌. വളരെ ഉയരത്തില്‍ ഉയര്‍ന്ന പുക ഒരു കിലോമീറ്റന്‍ ദൂരെ നിന്ന്‌ കാണാമായിരുന്നു. ഒപ്പം റബര്‍ കരിഞ്ഞ മണവും. നര്‍സറിയ്ക്കും റെയില്‍പാതയ്ക്കും ഇടയില്‍ റെയില്‍വേയുടെ 'ബി' ക്ളാസ്സ്‌ സ്ഥലത്ത്‌ കുഷ്ഠരോഗികള്‍ തിങ്ങിപാര്‍ക്കുന്ന കോളനിയായിരുന്നു. മിക്കതും ഓല മേഞ്ഞ വീടുകള്‍. ഏതൊ വീടിന്‌ തീ പിടിച്ചോ എന്ന തോന്നലാണ്‌ ആദ്യം ഉള്ളില്‍ വന്നത്‌. അക്കാലത്ത്‌ തീയും പുകയും ഉയര്‍ന്നാല്‍ ഭയപ്പാടോടെ എല്ലാവരും പ്രാര്‍ത്ഥിക്കുമായിരുന്നു, ആരുടേയും വീടിന്‌ തീ പിടിച്ചതാവരുതേ എന്ന്‌. 

വീടുകള്‍ക്ക്‌ തീ പിടിക്കുന്നത്‌ പതിവായിരുന്നു. ഓല മേഞ്ഞ വീടുകള്‍. കറണ്റ്റില്ലാത്തതുകാരണം മണ്ണെണ്ണ വിളക്കുകള്‍. വിറകും തെങ്ങോലയും കത്തിക്കുന്ന അടുപ്പുകള്‍. തീ പിടിയ്ക്കാനുള്ള സാദ്ധ്യത വളരെ കൂടുതല്‍. ഒരു നിമിഷത്തിണ്റ്റെ അശ്രദ്ധ മതി, ജീവിതകാലത്തെ അദ്ധ്വാനത്തിണ്റ്റെ ഫലം മുഴുവന്‍ ഒരു പിടി ചാരമാകാന്‍. കുറച്ചുമുമ്പ്‌ ചുടലപ്പറമ്പ്‌ മൈതാനത്തിനടുത്തുള്ള അച്യുത പണിക്കരുടെ വീട്‌ കത്തിനശിച്ചിരുന്നു. കല്ലും മണ്‍കട്ടയും കൊണ്ടുള്ള ചുമരും ഓല മേഞ്ഞ മേല്‍ക്കൂരയുമായിരുന്നൂ, വീടിന്‌. പരിസരവാസികളായ ഞങ്ങളൊക്കെ ഓടിയെത്തി വെള്ളം കോരിയൊഴിച്ചും മണ്ണ്‌ വാരിയെറിഞ്ഞും തീയണച്ചെങ്കിലും അതിനുള്ളില്‍ എല്ലാം കത്തിയെരിഞ്ഞു. തീയ്ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയാത്ത ചുമരുകള്‍ മാത്രം എല്ലിന്‍കൂട്‌ പോലെ ബാക്കിയായി. കുറച്ച്‌ കാലം പണിക്കരുടെ പേരില്‍ ആരോപിക്കപ്പെട്ട ഒരു തമാശ ആളുകളില്‍, ആ സഹതാപത്തിനിടയിലും ചിരി പടര്‍ത്തി. തീയണഞ്ഞതിനുശേഷം പണിക്കര്‍ ഇങ്ങനെ ആത്മഗതം ചെയ്തെന്നായിരുന്നു, ആ തമാശ, "ഭാഗ്യം; ചുമര്‍ കത്തിയില്ല. " 

അന്ന്‌ രാവിലെ തീയും പുകയും ഉയര്‍ന്നപ്പോള്‍ ഇങ്ങനെ ഒരു പേടി തന്നെയാണ്‌ ഉള്ളില്‍ ഉയര്‍ന്നത്‌. ക്രമേണ തീയും പുകയ്ക്കുമൊപ്പം ആ വിവരവും ഞങ്ങളിലെത്തി. കുഷ്ഠരോഗ കോളനിയിലെ കാദര്‍ ടയര്‍ കത്തിക്കുന്നതാണ്‌ അത്‌. കാദറിനെ ഞങ്ങള്‍ പലരും കണ്ടിരുന്നു. കരിഞ്ഞ ടയറിണ്റ്റെ നിറം. നല്ല ബലിഷ്ഠമായ ശരീരം. കറുത്ത തൊലിയില്‍ അവിടവിടെയായി കുഷ്ഠരോഗത്തിണ്റ്റെ ലക്ഷണം വട്ടച്ചൊറി പോലെ. കണ്ണുകള്‍ എപ്പോഴും ചുവന്നിരിക്കും. ശബ്ദം ചിരട്ട ഉരയ്ക്കുന്നതുപോലെ. അന്ന്‌ തീയും പുകയും ഉയര്‍ന്നതിന്‌ ശേഷമാണോ കാദറിനെ കണ്ടത്‌ അതൊ അതല്ല കാദറിനെ കണ്ടുതുടങ്ങിയതിനു ശേഷമാണോ തീയും പുകയും ഉയര്‍ന്നത്‌ എന്ന്‌ ആര്‍ക്കും ശരിയ്ക്ക്‌ ഓര്‍മ്മയില്ല. ഒന്ന്‌ തീര്‍ച്ച ഉയര്‍ന്നുപൊങ്ങുന്ന തീയും പുകയും ടയര്‍ കരിയുന്ന മണവും അവണ്റ്റെ വരവുമായി ബന്ധപ്പെട്ടു കിടന്നു. 

കോളനി അവിടെ ഏറെ നാളായി ഉണ്ട്‌. അറുപതുകളുടെ രണ്ടാം പാതിയിലാണ്‌ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ കോളനിയുടെ ഉത്ഭവം. ഒരു കാലത്ത്‌ മറ്റേതൊരു രോഗത്തേക്കാളും വെറുക്കപ്പെട്ട ഒന്നായിരുന്നു, കുഷ്ഠരോഗം. അറപ്പിണ്റ്റേയും വെറുപ്പിണ്റ്റേയും സാമൂഹ്യബഹിഷ്കരണത്തിണ്റ്റേയും കാര്യത്തില്‍ ഗുഹ്യരോഗങ്ങള്‍ പോലും കുഷ്ഠത്തിണ്റ്റെ പിന്നിലേ വന്നിരുന്നുള്ളൂ. അക്കാലത്ത്‌ കുഷ്ഠരോഗം ആശാസ്യമല്ലാത്ത ജീവിതരീതിയുടെ ഫലമാണെന്ന്‌ പോലും ആളുകള്‍ വിശ്വസിച്ചുപോന്നു. ഒരിക്കല്‍ രോഗം പിടിപെട്ടാല്‍ രോഗിയുടെ രൂപത്തില്‍ വരുന്ന മാറ്റം ഇങ്ങനെ അറപ്പും വെറുപ്പും ഉളവാക്കാന്‍ പ്രധാന കാരണമായിരുന്നു. ചീഞ്ഞളിഞ്ഞ്‌ ദ്രവിച്ചുപോകുന്ന ശരീരഭാഗങ്ങള്‍ അസുഖം ഭേദമായാലും തിരിച്ചുവരില്ലല്ലോ. 'മോഹങ്ങള്‍ മരവിച്ചു, മോതിരക്കൈ മുരടിച്ചു.' എന്ന പ്രയോഗത്തിലൂടെ ഒരിക്കല്‍ രോഗം വന്നാല്‍, അത്‌ ഭേദമായാല്‍ കൂടി, ഒരു കുഷ്ഠരോഗിയുടെ തിരിച്ചുകിട്ടാത്ത ജീവിതത്തെ വയലാര്‍ വരച്ചിട്ടു. കുഷ്ഠരോഗികളോട്‌ ആളുകള്‍ക്കുള്ള സമീപനം 'ദുശ്ശകുനം' എന്ന ഒരൊറ്റ വാക്കിലൂടെ അദ്ദേഹം അനുഭവിപ്പിച്ചു. അവരെ കല്ലെറിഞ്ഞില്ലെങ്കിലും എല്ലാവരും വെറുത്തു. 

കെ. പി. എ. സിയുടെ 'അശ്വമേധം', എന്ന നാടകം കുഷ്ഠരോഗം ആളുകളില്‍ ഉണ്ടാക്കിയ ഭീതി, സാമൂഹ്യ അയിത്തം ഒക്കെ കാണിച്ചു തരുന്നുണ്ട്‌. അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന അനീതികളും അനാചാരങ്ങളും വിഷയമാക്കി നാടങ്ങള്‍ ചെയ്ത്‌ ജനങ്ങളില്‍ എത്തിക്കുക എന്നത്‌ ദൌത്യമായി കണ്ട കെ. പി. എ. സി. ഇങ്ങനെയൊരു വിഷയം എടുത്തത്‌ തന്നെ കാണിക്കുന്നുണ്ട്‌ അതിണ്റ്റെ പ്രസക്തി. രോഗത്തോടും രോഗികളോടുമുള്ള ഈ മനോഭാവം രോഗം പരിപൂര്‍ണ്ണമായി ഭേദമായവരോടും മാറ്റമില്ലാതെ തുടര്‍ന്നു. രോഗിയാര്‌ രോഗം ഭേദമായവര്‍ ആര്‌ എന്ന്‌ മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. കാഴ്ചയില്‍ രോഗിയേക്കാള്‍ ഭീതിജനകമായിരുന്നൂ, രോഗം മാറിയവരുടെ രൂപം. 

പരപ്പനങ്ങാടിയില്‍ അക്കാലത്ത്‌ കുഷ്ഠരോഗം സുഖപ്പെട്ട്‌ വന്നവര്‍ കോടതിയുടെ പരിസരത്തുള്ള ഒരു തെരുവില്‍ പാര്‍ത്തിരുന്നു. ഒരു സ്വകാര്യവ്യക്തിയുടെ കൈവശമുണ്ടായിരുന്ന ആ സ്ഥലത്ത്‌ നിന്ന്‌ അവരെ ഇറക്കിവിടുമെന്ന അവസ്ഥയുണ്ടായപ്പോള്‍ അവരെ പുനരധിവസിപ്പിയ്ക്കാന്‍ ഒരു ശ്രമം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായി. 'പാമ്പുകള്‍ക്ക്‌ മാളവും പറവകള്‍ക്ക്‌ ആകാശവുമുള്ളപ്പോള്‍ തലചായ്ക്കാന്‍ ഇടമില്ലാതിരുന്ന മനുഷ്യപുത്രന്‍മാര്‍ക്ക്‌' ഇടം കൊടുക്കാന്‍ തയ്യാറാവുന്നതിലൂടെ ഒരു ചരിത്രദൌത്യം ആണ്‌ പാര്‍ട്ടി നിറവേറ്റിയത്‌. അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്ന കാലത്ത്‌ ഉണ്ടായ ഈ സംഭവത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ എതിര്‍ഭാഗത്ത്‌ അന്ന്‌ കോണ്‍ഗ്രസ്സിനോടൊപ്പമുണ്ടായിരുന്ന സി. പി. ഐ ആയിരുന്നു. പിളര്‍പ്പിനുശേഷം അധികം വൈകാതെ ഉണ്ടായ ഈ സംഭവത്തില്‍ പ്രാദേശികമായി വേരുറപ്പിക്കാനുള്ള ഒരവസരം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കണ്ടിട്ടുണ്ടാകണം. പ്രാദേശികമായ ഇത്തരം ചെറിയ സംഭവങ്ങളില്‍ സാധാരണക്കാരുടെ ഭാഗത്ത്‌ നിന്ന്‌ ഇടപെട്ടുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നുവന്നത്‌. 

അവര്‍ക്ക്‌ കുടില്‍ കെട്ടി താമസിക്കാനുള്ള ചില പുറമ്പോക്ക്‌ സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ കുടിയിരുത്താനായിരുന്നു, ഉദ്ദേശം. അങ്ങനെ കണ്ടെത്തിയ ഒരു സ്ഥലം ബി. ഇ. എം. ഹൈസ്കൂളിണ്റ്റെ മൈതാനമായിരുന്ന ചുടലപ്പറമ്പ്‌ മൈതാനത്തിണ്റ്റെ പടിഞ്ഞാറ്‌ ഭാഗത്തുള്ള റെയില്‍വേ 'ബി' ക്ളാസ്സ്‌ സ്ഥലമായിരുന്നു. റെയില്‍വേ 'ബി' ക്ളാസ്‌ എന്നാല്‍ എപ്പോഴെങ്കിലും റെയില്‍വേയ്ക്ക്‌ ആവശ്യമായി വന്നാല്‍ വിട്ടുകൊടുക്കണം, അതുവരെ ഉപയോഗിക്കാം എന്നര്‍ത്ഥം. പരിസരവാസികളുടെ എതിര്‍പ്പ്‌ കാരണം ഈ സ്ഥലം ഉപേക്ഷിക്കേണ്ടിവന്നു. വീട്ടില്‍ നിന്ന്‌ നോക്കുമ്പോള്‍ കുഷ്ഠരോഗികളെ കണികാണുന്നത്‌ അവര്‍ ഇഷ്ടപ്പെട്ടില്ല. അവരുടെ എതിര്‍പ്പ്‌ കാരണം അവിടന്ന്‌ പിന്‍മാറി കുറച്ച്‌ തെക്കുഭാഗത്തായി വീടുകള്‍ ഒന്നും പരിസരത്തില്ലാതിരുന്ന റെയില്‍വേ 'ബി' ക്ളാസ്സ്‌ സ്ഥലം പാര്‍ട്ടി വിലകൊടുത്ത്‌ വാങ്ങി അവരെ കുടിയിരുത്തുകയായിരുന്നു. പരപ്പനങ്ങാടിയിലെ ആദ്യകാല കമ്യൂണിസ്റ്റ്കാരനായിരുന്ന സ: കെ. പി. എച്‌. നഹയുടെ പേരിലായിരുന്നു, ആ സ്ഥലം വാങ്ങിയതെന്ന്‌ സ: സി. കേ. ബാലേട്ടന്‍ ഓര്‍മ്മിക്കുന്നു. അതിണ്റ്റെ പിന്നില്‍ വിശാലമായ തെങ്ങിന്‍തൈ ഉല്‍പാദനകേന്ദ്രം, മുന്നില്‍ റെയില്‍ പാളവും. പരാതി പറയാന്‍ ആരുമുണ്ടായിരുന്നില്ല. 

കൈകാല്‍ വിരലുകള്‍ ദ്രവിച്ചുപോയവര്‍, മൂക്ക്‌ മുറിഞ്ഞ്‌ വികൃത രൂപമായവര്‍, മുഖത്തും ദേഹത്തുമുള്ള തൊലി കറുത്ത്‌ കട്ടികൂടി കണ്ടാല്‍ അറപ്പു തോന്നിക്കുന്നവര്‍, അങ്ങനെ ധാരാളം പേര്‍. പക്ഷേ അവര്‍ക്ക്‌ സ്നേഹിക്കാന്‍ അറിയാമായിരുന്നു. ആരും തിരിഞ്ഞു നോക്കാത്ത അവരോട്‌ സ്നേഹവും അനുഭാവവും കാണിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോട്‌ അവര്‍ കൂറ്‌ പുലര്‍ത്തി, പാര്‍ട്ടി പ്രവര്‍ത്തകരെ സ്നേഹിച്ചു. അവരുടെ എല്ലാകാര്യത്തിനും മുന്നില്‍ നിന്നത്‌ പാര്‍ട്ടി പ്രവര്‍ത്ത്കനായ തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാഷ്‌. ക്രമേണ മാഷുടെ കൂടെ ചെറുപ്പക്കാരായ ഞങ്ങളും കൂടി. ആരും കയറാത്ത അവരുടെ ചെറ്റക്കുടിലുകളില്‍ കയറാന്‍, അവിടെ നിന്ന്‌ ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ ധൈര്യം കാട്ടി. 

തുടക്കത്തില്‍ മൂന്ന്‌ നാല്‌ കുടിലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌ രോഗം മാറിയവരും അല്ലാത്തവരുമായി പതിനഞ്ചോളം കുടുംബങ്ങള്‍ കുടിലുകള്‍ കെട്ടി പൊറുതി ആരംഭിച്ചു. ആദ്യം പാര്‍ട്ടി വിലകൊടുത്ത്‌ വാങ്ങിയത്‌ കൂടാതെ പലരും തുഛമായ വിലകൊടുത്ത്‌ ഒന്നും രണ്ടും സെണ്റ്റ്‌ ഭൂമി സ്വന്തമാക്കി. കുഷ്ഠരോഗം ബാധിച്ചാല്‍ അന്ന്‌ കുടുംബങ്ങള്‍ കയ്യൊഴിയുകയാണ്‌ പതിവ്‌. പലരും രോഗവുമായുള്ള അലച്ചിലില്‍ കണ്ടുമുട്ടിയ സഹരോഗികളെ കൂട്ടാളികളായി കണ്ടെത്തും ഒരുമിച്ച്‌ കഴിയും. അന്നവിടെ താമസിച്ച കൂടുതല്‍ പേരും അങ്ങനെയുള്ളവര്‍ ആയിരുന്നു. ചുരുക്കം ചിലര്‍ മാത്രം രോഗം മാറിയതിന്‌ ശേഷം സ്വന്തം കുടുംബം കെട്ടിപ്പടുത്തവരും. 

തങ്ങള്‍ക്ക്‌ പൊറുക്കാനിടം തന്ന പാര്‍ട്ടിയോടുള്ള കൂറ്‌ അവര്‍ കാണിച്ചത്‌ തിരഞ്ഞെടുപ്പുകളില്‍ വോട്ട്‌ ചെയ്തുകൊണ്ടായിരുന്നു. അവിടത്തെ വോട്ടുകള്‍ മൊത്തമായി പാര്‍ട്ടി പറയുന്ന ചിഹ്നത്തില്‍ വീണു. വീടെന്നുപറയാന്‍ ഒന്നുമില്ലാത്ത കുടിലുകള്‍ക്ക്‌ വീട്ട്‌ നമ്പറിട്ട്‌ നിയമാനുസൃതമാക്കാന്‍ പഞ്ചായത്തധികൃതര്‍ ഒരിക്കലും തയ്യാറായില്ല. കാലാകാലമായി മുസ്ളീം ലീഗ്‌ ഭരിക്കുന്ന പഞ്ചായത്ത്‌ മേലാളന്‍മാര്‍ക്ക്‌ തങ്ങള്‍ക്ക്‌ വോട്ട്‌ തരാത്ത കോളനി വാസികളോടുണ്ടായിരുന്ന ദേഷ്യമായിരുന്നൂ, കാരണം. ഒന്നുരണ്ട്‌ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുകളില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അവിടത്തെ വാര്‍ഡില്‍ ജയിച്ചു വന്നതില്‍ കോളനി നിവാസികളുടെ വോട്ടുകള്‍ നിര്‍ണ്ണായകമായിരുന്നു. 

കോളനി നിവാസികള്‍ക്ക്‌ റേഷന്‍ കാര്‍ഡുണ്ടായിരുന്നില്ല. കുറഞ്ഞവിലയ്ക്ക്‌ അരിയും പഞ്ചസാരയും സര്‍വ്വോപരി മണ്ണെണ്ണയും റേഷന്‍ കാര്‍ഡ്‌ വഴി കിട്ടിയിരുന്ന കാലം. സാധാരണക്കരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതും പരിഹരിക്കുന്നതും പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിണ്റ്റെ ഭാഗമായി അക്കാലത്ത്‌ എല്ലാവരും കണ്ടിരുന്നു, പാര്‍ട്ടിപരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍ കൂടി. കോളനി നിവാസികള്‍ക്ക്‌ എങ്ങനെയെങ്കിലും റേഷന്‍ കാര്‍ഡ്‌ തരപ്പെടുത്തി കൊടുക്കണമെന്ന്‌ ഞങ്ങള്‍ തീരുമാനിച്ചു. പക്ഷേ വീട്ട്‌ നമ്പര്‍ ഇല്ലാതെ എങ്ങനെ കര്‍ഡിനുള്ള അപേക്ഷയെങ്കിലും തയ്യാറാക്കും? 

അന്ന്‌ തിരൂറ്‍ താലൂക്ക്‌ സപ്ളൈ ആഫീസര്‍ താനൂറ്‍ ഭാഗത്തുനിന്നുള്ള ബാവസാര്‍ ആയിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കണ്ട്‌ കാര്യം ബോദ്ധ്യപ്പെടുത്തി. ഉള്ളില്‍ നന്‍മ സൂക്ഷിച്ചിരുന്ന അദ്ദേഹം ഞങ്ങളെ സഹായിക്കാമെന്ന്‌ ഏറ്റു. ഒടുവില്‍ അസാദ്ധ്യമാണെന്ന്‌ കരുതിയിരുന്ന കാര്യത്തില്‍ ഞങ്ങള്‍ വിജയം കണ്ടു. റേഷന്‍ കാര്‍ഡ്‌ കിട്ടാന്‍ ഏറ്റവും പ്രാഥമിക ആവശ്യമായിരുന്ന വീട്ട്‌ നമ്പര്‍ ഇല്ല എന്ന കാര്യം കൂടി നോക്കാതെ ആ നല്ലവനായ സപ്ളൈ ആഫീസര്‍ അവര്‍ക്ക്‌ കാര്‍ഡ്‌ അനുവദിച്ചുകൊടുത്തു. ഒരു ചെറിയ ചടങ്ങില്‍ വെച്ച്‌ അദ്ദേഹം തന്നെ അത്‌ വിതരണം ചെയ്തു. അതിന്‌ സഹായിച്ച പാര്‍ട്ടി പ്രവര്‍ത്തകരോട്‌, എന്നോട്‌ പ്രത്യേകിച്ചും കോളനിക്കാര്‍ക്ക്‌ വലിയ സ്നേഹവും ബഹുമാനവുമായി. 

അന്നവിടെ താമസിച്ച മുഴുവന്‍ കുടുംബങ്ങളും ഇസ്ളാം മത വിശ്വാസികളായിരുന്നു. തികഞ്ഞ വിശ്വാസികളായിട്ടും മതസ്ഥാപനങ്ങളില്‍ അവര്‍ക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. അള്ളാഹുവിണ്റ്റെ പ്രതിപുരുഷന്‍മാര്‍ ആരും അവരുടെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തയ്യാറായതുമില്ല. ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രം അവരുടെ കാര്യങ്ങളില്‍ ഇടപെട്ടു. ഒരിക്കല്‍ മരിച്ച ഒരു വിശ്വാസിയുടെ ശവമടക്കം നടത്താന്‍ കൂടി പള്ളി അധികാരികള്‍ സമ്മതിച്ചില്ല. ഒടുവില്‍ അത്‌ കൂടി ഏറ്റെടുത്ത്‌ നടത്തി കൊടുക്കേണ്ടിവന്നു, ഞങ്ങള്‍ക്ക്‌. പള്ളിക്കാട്ടില്‍ ഉറങ്ങാത്തവര്‍ക്ക്‌ സ്വര്‍ഗത്തില്‍ പ്രവേശനമില്ല എന്ന അറിവ്‌ അവര്‍ക്കുണ്ടായിരുന്നെങ്കിലും അവര്‍ സ്വയം തൃപ്തിപ്പെട്ടു. ജീവിതത്തില്‍ നരകം മാത്രം കണ്ടവര്‍ക്ക്‌ പരലോകത്തെ സ്വര്‍ഗം ഒരു പ്രലോഭനം ആയി വന്നിരിക്കാന്‍ സാദ്ധ്യതയില്ല. 

കോളനിവാസികള്‍ ജീവിയ്ക്കാന്‍ പല വേഷങ്ങള്‍ കെട്ടി. ചിലര്‍ തീവണ്ടിയില്‍ നാരങ്ങയും നിലക്കടലയും വിറ്റു. ചിലര്‍ ഭിക്ഷ യാചിച്ചു. ഭിക്ഷയാചിക്കാന്‍ സൌകര്യത്തിനായി ചിലര്‍ സ്വയം വികലാംഗരായി നടിച്ചു. ഒരിക്കല്‍ എണ്റ്റെ കോഴിക്കോട്‌ യാത്രയ്ക്കിടയില്‍ എനിക്ക്‌ നല്ല പരിചയമുള്ള, ആരോഗ്യവാനായ ഒരു കോളനിനിവാസിയുടെ അംഗവൈകല്യം കണ്ട്‌ ഞാന്‍ ഞെട്ടി. അയാള്‍ ചൂളി. 

ഈ കോളനിയില്‍ താമസിക്കാനാണ്‌ ഉമ്മയോടൊപ്പം കാദര്‍ വന്നത്‌, എഴുപതുകളുടെ അവസാനത്തില്‍. കാദറിണ്റ്റെ ദേഹത്ത്‌ കുഷ്ഠരോഗത്തിണ്റ്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. പഴയ ടയറുകള്‍ വാങ്ങി അത്‌ കത്തിച്ച്‌ അതിനുള്ളിലെ ഈയം ഉരുക്കി എടുത്ത്‌ വിറ്റ്‌ അവന്‍ കുടുംബം പോറ്റി. ശരിക്കും ഒരു അസുരവിത്ത്‌ ആയിരുന്നു, അവന്‍. ആരോടും ഒരു കൂട്ടും ഇല്ല. കോളനിയിലെ എല്ലാവരും ബഹുമാനിക്കുന്ന ഞങ്ങളെ അവന്‍ ലവലേശം മാനിച്ചില്ല. കണ്ണില്‍ കണ്ടവരേയും സ്വന്തം ഉമ്മയേയും പച്ച തെറി വിളിക്കും. ദേഹോപദ്രവം ഏല്‍പിക്കും. കുറച്ചുമാസങ്ങള്‍ക്കുശേഷം അവനും ഒരു പെണ്ണ്‌ കെട്ടി. തെറിവിളിക്കാനും ഉപദ്രവിക്കാനും അവന്‌ ഉമ്മ കൂടാതെ ഒരാളെ കൂടി കിട്ടി. ഉയരത്തില്‍ പൊങ്ങുന്ന തീയും പുകയും കരിയുന്ന റബറിണ്റ്റെ മണവും പോലെ മുരടന്‍ ശബ്ദത്തില്‍ ഉയരുന്ന തെറിവിളികളും കാദറിണ്റ്റെ പേരിനോട്‌ ഞങ്ങള്‍ ചേര്‍ത്തുവെച്ചു. 

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം ഉമ്മയോട്‌ എന്തിനോ വഴക്കിട്ട കാദര്‍ റെയില്‍ പാളത്തില്‍ ഓടിക്കയറി മംഗലാപുരം-മദ്രാസ്‌ മെയിലിന്‌ മുമ്പില്‍ ചാടി. അവണ്റ്റെ ശരീരം പല കഷണങ്ങളായി ചിതറി തെറിച്ചു. ഇരുട്ട്‌ വീഴുന്നതിന്‌ മുമ്പ്‌ തങ്ങളുടെ മുന്നില്‍ നടന്ന ഈ സംഭവത്തില്‍ കോളനി മുഴുവന്‍ സ്തബ്ധരായി നോക്കി നിന്നു. അവണ്റ്റെ ഉമ്മ ബോധം കെട്ടു വീണു. 

സ്വാഭാവികമായും വിവരം ഞങ്ങളിലെത്തി. ഓടിച്ചെന്ന ഞങ്ങള്‍ കണ്ടത്‌ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍. പാളത്തിലെങ്ങും തെറിച്ചുവീണ ചോര ഉണങ്ങിയിരുന്നില്ല. ശരീര ഭാഗങ്ങള്‍ രണ്ടുമൂന്ന്‌ ഫര്‍ലോങ്ങ്‌ ദൂരത്തില്‍ തെറിച്ചുവീണിരുന്നു. അറ്റുവീണിരുന്ന ഒരു കൈ കണ്ടെത്തിയത്‌ ഏറെ നേരത്തെ തിരച്ചിലിനുശേഷം. ശരീരത്തിണ്റ്റെ ഓരോ ഭാഗങ്ങള്‍ തിരഞ്ഞ്‌ എടുത്ത്‌ വെച്ചത്‌ ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌. ഉണങ്ങിക്കൊണ്ടിരുന്ന ചോരയുടെ വല്ലാത്ത മണം ഇന്നും മൂക്കിന്‍ തുമ്പിലുണ്ട്‌. കിട്ടിയിടത്തോളം ഭാഗങ്ങള്‍ ചേര്‍ത്ത്‌ പാളത്തില്‍ നിന്നിറക്കി കിടത്തി. ഓല കൊണ്ട്‌ മൂടി. 

അന്ന്‌ റെയില്‍പാളത്തില്‍ ആരെങ്കിലും വീണുമരിച്ചാല്‍ ലോക്കല്‍ പോലീസ്‌ ഇടപെടില്ല. റെയില്‍വേ പോലീസ്‌ എത്തിയതിനുശേഷം മാത്രമേ മൃതശരീരം നീക്കം ചെയ്യുകയുള്ളൂ. ആര്‍. പി. എഫ്‌ ആകട്ടേ കോഴിക്കോട്ട്‌ നിന്ന്‌ വരണം. അതിന്‌ സാദ്ധ്യത പിറ്റേന്ന്‌ നേരം പുലര്‍ന്നതിനുശേഷം മാത്രം. കോക്കനട്ട്‌ നര്‍സറിയുടെ പരിസരം കുറുക്കന്‍മാരുടെ താവളമായിരുന്നു, അക്കാലത്ത്‌. കുറുക്കന്‍മാരുടെ വായില്‍ പെടാതെ ശരീരം സൂക്ഷിക്കണം. അതെങ്ങനെ? കോളനി നിവാസികളോട്‌ ചോദിച്ചു. ആ കുടുംബം അവരുടെ ഇടയില്‍ അത്ര സ്വീകാര്യത നേടിയിരുന്നില്ല. കാദറിണ്റ്റെ മുരടന്‍ സ്വഭാവവും നിരന്തരമുള്ള വഴക്കുകളും ഒക്കെ അവരുടെ വെറുപ്പിന്‌ കാരണമായിരുന്നു. വേറെയും കാരണങ്ങള്‍ ഉണ്ടായിരിക്കാം. 

ആരും ധൈര്യപൂര്‍വം മുന്നോട്ട്‌ വന്നില്ല. ഒടുവില്‍ വേറെ വഴിയില്ലാതെ ഞങ്ങള്‍ നാലഞ്ച്‌ പേര്‍ ശവത്തിന്‌ കാവലിരിക്കാന്‍ തീരുമാനിച്ചു. സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ സുബ്രമണ്യേട്ടന്‍, ഇപ്പോള്‍ പോലീസ്‌ സബ്‌ ഇന്‍സ്പെക്ടറായ (അന്ന്‌ ജോലി ഉണ്ടായിരുന്നില്ല) ശിവശങ്കരന്‍, പഴയകാല പാര്‍ട്ടി പ്രവര്‍ത്തകനായ സി. പി. കുട്ട്യേട്ടണ്റ്റെ മകന്‍ പ്രേമന്‍, പിന്നെ ഞാനും. ഞങ്ങള്‍ തയ്യാറായി മുന്നോട്ട്‌ വന്നപ്പോള്‍ കോളനിയിലെ മൂസക്കയും മറ്റു ചിലരും കൂടി. മരക്കമ്പില്‍ തുണി ചുറ്റി, എണ്ണയില്‍ മുക്കി അത്‌ കത്തിച്ചുവെച്ചു. അതിനടുത്ത്‌ ഇരുന്ന്‌ ചീട്ടുകളിക്കാന്‍ തുടങ്ങി. മദ്യപാനം ശീലമുള്ള ഒന്നു രണ്ട്‌ പേര്‍ നാടന്‍ ചാരായം വരുത്തി കഴിച്ചു. ഒരു രാത്രി മുഴുവന്‍ ശവ ശരീരത്തിന്‌ കാവലിരുന്നു. ഉറങ്ങാതെ ഞങ്ങള്‍ നേരം വെളുപ്പിച്ചു. പുലര്‍ച്ചയ്ക്കുള്ള ലോക്കല്‍ വണ്ടിയില്‍ കോഴിക്കോട്‌ നിന്ന്‌ ആര്‍. പി. എഫ്‌ എത്തി ശരീരം നീക്കം ചെയ്തു. അതിനുശേഷമേ ഞങ്ങള്‍ വീട്ടില്‍ പോയുള്ളൂ. 

ഈ കാലയളവില്‍ തന്നെ അശരണരും സമൂഹത്താല്‍ ബഹിഷ്കൃതരുമായ ഇവര്‍ക്ക്‌ ഭൂമി പതിച്ചുകൊടുക്കാന്‍ നീണ്ട ഒരു സമരം പാര്‍ട്ടി നേതൃത്വത്തില്‍ നടക്കുന്നുണ്ടായിരുന്നു. പാര്‍ട്ടിയുടെ പരിപാടിയായിട്ടല്ലെങ്കിലും അതിണ്റ്റെ നേതൃത്വം തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ തന്നെ ഏറ്റെടുത്തിരുന്നു. എന്നും ഈ രോഗികള്‍ കൂട്ടമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മലപ്പുറം കളക്ടറേറ്റിനുമുമ്പില്‍ കുത്തിയിരിപ്പ്‌ സത്യാഗ്രഹം നടത്തി. ഈ സമരം മാസങ്ങളോളം നീണ്ടു. ഒടുവില്‍ പരപ്പനങ്ങാടി ആവിയില്‍ കടപ്പുറത്തുള്ള മിച്ചഭൂമി ഇവര്‍ക്ക്‌ പതിച്ചുകൊടുക്കാന്‍ കളക്ടര്‍ തീരുമാനിച്ചു. എണ്‍പതുകളില്‍ ഈ പുതിയ കോളനി നിലവില്‍ വന്നു. 

അപ്പോഴേക്കും പഴയ രോഗികള്‍ പലരും മരിച്ച്‌ മണ്ണടിഞ്ഞിരുന്നു. പുതിയ കോളനിയില്‍ താമസിക്കാന്‍ അവസരം കിട്ടിയത്‌ പുതുതായി വന്ന്‌ കുറച്ചുപേര്‍ക്കും പഴയരോഗികളുടെ പുതുതലമുറയ്ക്കും. ആരോരുമില്ലാത്ത തങ്ങളെ ഒരുകാലത്ത്‌ കുടിയിരുത്താന്‍, പിന്നീട്‌ ഭൂമി നേടി കൊടുക്കാന്‍ സമരം ചെയ്ത പാര്‍ട്ടിയെ ഇവര്‍ക്കറിയില്ലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും പുതിയവര്‍. ക്രമേണ പാര്‍ട്ടിയും കോളനിനിവാസികളൂം തമ്മിലുള്ള ബന്ധം നേര്‍ത്ത്‌ വന്നു. ഒരിക്കല്‍ പാര്‍ട്ടിയുടെ ഒരു ലോക്കല്‍ നേതാവ്‌ കോളനിക്കാര്‍ക്ക്‌ നന്ദിയില്ലെന്ന്‌ എന്നോട്‌ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടി പരിപാടിയില്‍ സാധാരണക്കാരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടതിണ്റ്റെ ആവശ്യകത ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്‌. പണ്ട്‌ പരിപാടിയില്‍ ഉണ്ടായിരുന്നില്ല, പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു. ഇന്ന്‌ പരിപാടിയില്‍ ഉണ്ട്‌, എന്നാല്‍ പ്രവര്‍ത്തനത്തില്‍ .... 

മറുവശത്ത്‌ വോട്ടിണ്റ്റെ വില അറിയാന്‍ തയ്യാറായ മുസ്ളീം ലീഗ്‌ പ്രവര്‍ത്തകര്‍ ഇവരുമായ ബന്ധത്തിണ്റ്റെ വില തിരിച്ചറിഞ്ഞു. ഒരു സാധാരണ മനുഷ്യണ്റ്റേയും കുഷ്ഠരോഗിയുടേയും വോട്ടിണ്റ്റെ വില ഒന്നുതന്നെയെന്നുള്ള തിരിച്ചറിവ്‌. ഇന്നിപ്പോള്‍ പുതുതായുണ്ടായ കോളനിയ്ക്ക്‌ ഒരു ലീഗ്‌ നേതാവിണ്റ്റെ പേരാണ്‌. അന്നും പഴയ കോളനിയില്‍ നിന്ന്‌ മാറാതെ കുറച്ചുപേര്‍ താമസം തുടര്‍ന്നിരുന്നു. അവരും റെയില്‍ പാത ഇരട്ടിപ്പിക്കലിണ്റ്റെ ഭാഗമായി കോളനി വിട്ടുപോവാന്‍ നിര്‍ബ്ബന്ധിതരായി. റെയില്‍വേ ബി. ക്ളാസ്സ്‌ സ്ഥലം ഏറ്റെടുക്കും എന്ന ഭയം ഉള്ളതുകൊണ്ട്‌ രോഗം മാറിയ കുറച്ചുപേര്‍ പല സ്ഥലങ്ങളിലായി ചെറിയ തുണ്ട്‌ ഭൂമി വാങ്ങി കുടില്‍ കെട്ടി താമസമാക്കിയിരുന്നു. 

ഇന്നിപ്പോള്‍ പഴയ കോളനി ഇല്ല. റെയില്‍വേ ഏറ്റെടുത്തതിനോട്‌ ചേര്‍ന്നുകിടക്കുന്ന സ്ഥലം ഇപ്പോള്‍ മദ്യപന്‍മാരുടേയും മറ്റു സാമൂഹ്യവിരുദ്ധരുടേയും താവളമാണ്‌. കുഷ്ഠരോഗികളെങ്കിലും നല്ല മനുഷ്യരായിരുന്നു, അവരെന്നും ഇപ്പോള്‍ കുടിയന്‍മാരെ പേടിച്ച്‌ ആര്‍ക്കും അത്‌ വഴി നടക്കാന്‍ വയ്യെന്നും ഒരു വീട്ടമ്മ ഈയടുത്ത ദിവസങ്ങളില്‍ പറഞ്ഞു. ഇപ്പോഴും അത്‌ വഴി പോകുമ്പോള്‍ വികൃതമായ, എന്നാല്‍ തുറന്ന്‌ ചിരിക്കുന്ന, പല മുഖങ്ങള്‍ ഓര്‍മ്മയിലെത്തും. റബര്‍ കരിഞ്ഞ മണത്തോടൊപ്പം ചിരട്ട ഉരയ്ക്കുന്നതുപോലത്തെ ശബ്ദം കാതിലെത്തും. ഉണങ്ങിത്തുടങ്ങുന്ന ചുടുചോരയുടെ മണം മൂക്കിലും.

7 comments:

  1. അങ്ങനെയും ചില ഓര്‍മ്മകള്‍.

    ReplyDelete
  2. മനുഷ്യന് അതിജീവിക്കാന്‍ അത്യാവശ്യമായ ഒരു പ്രസ്ഥാനം വിരലറ്റു പോകുന്നത് കാണുമ്പോള്‍
    ഖേതം തോന്നുന്നു. നമുക്ക് കുഷ്ട്ടം പിടിക്കാതെ ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ നമ്മുടെ ആ ചെറിയ കാലത്തെ കമ്മ്യൂണിസം എങ്ങിനെയാണ് നമുക്ക് തിരിച്ചു പിടിക്കാനാവുക.

    എല്ലാം മാറുകയാണ്. ആദ്യം മഴ പിന്നെ പുഴ പിന്നെ ഇസം പിന്നെ മനുഷ്യന്‍... എന്നിങ്ങനെ... എല്ലാം ഒഴുകിത്തീരുക തന്നെയാണല്ലോ... ഒടുവില്‍ ആ വലിയ ഏകാന്തത ഭൂമി എങ്ങിനെയാവും സഹിക്കുക.
    നന്നായി എഴുത്തിലെ ആ സ്നേഹം ഞാന്‍ അനുഭവിച്ചു.

    ReplyDelete
  3. തിരിച്ചുപോകാതെ ഇനി രക്ഷയില്ല. നല്ല കുറിപ്പിന് ആശംസകള്‍.

    ReplyDelete
  4. ഓര്‍മ്മകള്‍
    ഓര്‍മ്മകള്‍

    ReplyDelete
  5. ഒഴുകുന്ന നദിയിലെ ഒഴുകി നീങ്ങാത്ത പത...

    ReplyDelete
  6. ഈ ചരിത്രങ്ങളും ഓര്‍മ്മകളും പുതിയ തലമുറയ്ക്ക്‌ പ്രചോദനമാകണം.ഒന്നും ചെയ്യാന്‍ തയ്യാറാകാതെ പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുന്നവരുടെ ആത്മാര്‍ത്ഥത വിശ്വസിക്കേണ്ടതില്ല.എല്ലാം അവസാനിച്ചെന്ന് വിശ്വസിക്കുന്നത്‌ കഴിവില്ലയ്മാണ്‌.ഏതായാലും ഈ ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്‌.തലശ്ശേരി ചരിത്രമുറങ്ങുന്ന മണ്ണാണ്‌.തലശ്ശേരിക്കാരന്‍ തന്നെ എല്ലാം എഴുതട്ടെ..ആശംസകള്‍

    ReplyDelete
  7. സാക്ഷ, അഷ്‌റഫ്‌, അജിത്‌, നന്ദി.

    ജിതേന്ദ്ര ഓര്‍മ്മകളുടെ ഉപമ നന്നായി.

    മണിഷാരത്ത്‌. ഒന്ന്‌ ഞാന്‍ തലശ്ശേരിക്കാരനല്ല. തള്ളശ്ശേരി എന്നത്‌ എണ്റ്റെ വീട്ടുപേര്‌. പിന്നെ എല്ലാ മണ്ണും മനസ്സുകളും ചരിത്രമുറങ്ങുന്നവ തന്നെ. എല്ലാം അവസാനിച്ചെന്ന്‌ കരുതുന്നില്ല. എങ്കിലും ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുന്നതുപോലെ തൊന്നുന്നു.

    ReplyDelete