Wednesday, October 6, 2010

കേള്‍വിയുടെ ശ്ളഥസഞ്ചാരങ്ങള്‍"മരിച്ചുകഴിഞ്ഞതിനുശേഷവും
എണ്റ്റെ മിഴികള്‍ തുറന്നുതന്നെയിരുന്നു.
നിനക്കായുള്ള കാത്തിരിപ്പ്‌ശീലമാണല്ലോ. "

ആബിദാ പര്‍വീന്‍ എന്ന പാകിസ്ഥാനി സൂഫി/ഗസല്‍ ഗായികയുടെ ഒരു ഗസല്‍ തുടങ്ങുത്‌ ഇങ്ങനെയാണ്‌. പ്രണയത്തില്‍ കാത്തിരിപ്പ്‌ സ്വയം ഒടുങ്ങുമ്പോഴും ഒടുങ്ങാത്ത ഒന്നാണ്‌. വിരഹത്തിണ്റ്റെ തീയില്‍ സ്വയം എരിഞ്ഞില്ലാതാകുമ്പോഴും അവസാനിക്കാത്ത കാത്തിരിപ്പിണ്റ്റെ തീവ്രത ഇതിലും നന്നായി വരച്ചിടാന്‍ ആര്‍ക്ക്‌ കഴിയും?

സൂഫികള്‍ ഉന്‍മാദികളാണ്‌. ആളിക്കത്തുന്ന പ്രണയത്തീയില്‍ സ്വയം ആഹുതി ചെയ്യുന്നതിലൂടെയാണ്‌ അവര്‍ ആത്മസാക്ഷാത്കാരം തേടുന്നത്‌. ലൈലയോടുള്ള പ്രണയത്തില്‍ സ്വയം മറന്ന്‌ സര്‍വവും ത്യജിച്ച്‌ അനന്തമായി അലഞ്ഞ്‌ മരുഭൂമില്‍ സ്വയം ഇല്ലാതായ മജ്‌നുവിലേക്ക്‌ നീളുന്നു, അവരുടെ വേരുകള്‍. പ്രണയം കാമുകിയോടുള്ളതാകട്ടെ, പരമകാരുണികനായ ദൈവത്തിനോടാവട്ടെ, ഉന്‍മാദമാണ്‌ അതിണ്റ്റെ ഫലം. ഈ ഉന്‍മാദം സൂഫി സംഗീതത്തിണ്റ്റെ ആത്മാവാണ്‌.

എല്ലാം, ഈ ലോകത്തിനെത്തന്നെ, മറന്നുകൊണ്ടുള്ള തുറന്ന ആലാപനമാണ്‌ ആബിദാ പര്‍വീണിണ്റ്റേത്‌. അടക്കിയ ശബ്ദം അവര്‍ക്കില്ല തന്നെ. ശബ്ദത്തിണ്റ്റെ വന്യമായ കയറ്റിറക്കങ്ങള്‍ ആ സംഗീതത്തിണ്റ്റെ ശക്തി.

ഇനി നമ്മുടെ കൊച്ചു കേരളത്തിലേക്ക്‌ വരാം. വീടിണ്റ്റെ അടഞ്ഞ വാതിലിണ്റ്റെ പിറകില്‍ നില്‍പാണ്‌ ഒരു പെണ്‍കൊടി. ഉള്ളില്‍ പ്രണയത്തിണ്റ്റെ മുഴു വസന്തം നിറയുമ്പോഴും ഒരു പുഞ്ചിരിപ്പൂ വിടര്‍ത്താനെ അവള്‍ക്കാകൂ. വേര്‍പാട്‌ ഉള്ള്‌ കരിക്കുമ്പോഴും ഒന്ന്‌ കരയാന്‍ അവള്‍ക്കാവില്ല.

"വാസന്തപഞ്ചമി നാളില്‍
വരുമെന്നൊരു കിനാവ്‌ കണ്ടു
കിളിവാതിലില്‍ മിഴിയും നട്ട്‌
കാത്തിരുന്നു ഞാന്‍"

ഇവിടെ പ്രണയത്തിലെ കാത്തിരിപ്പ്‌ ഉള്ളില്‍ ഉമിത്തീയാണ്‌. ഒന്ന്‌ ആളിക്കത്താന്‍ പോലുമാവാതെ നീറിപ്പിടിക്കുകയേ ഉള്ളു. ചൂട്‌ മുഴുവന്‍ നെടുവീര്‍പ്പുകളായി പുറത്തുവിടാനേ ആവൂ. ഉന്‍മാദ ഭാവം അവള്‍ക്ക്‌ അന്യമാണ്‌. അല്ലെങ്കില്‍ അവള്‍ക്ക്‌ ഉന്‍മാദിയാവാന്‍ ആവില്ല.

"ഓരോരോ കാലടിശബ്ദം
ചാരത്തെ വഴിയില്‍ കേള്‍ക്കെ
ചോരുമെന്‍ കണ്ണീരൊപ്പി
ഓടിച്ചെല്ലും ഞാന്‍. "

കാത്തിരിപ്പിണ്റ്റെ ആള്‍ രൂപമായ ഒരു കഥാപാത്രത്തെ എം.ടി. നമുക്കു തന്നിട്ടുണ്ട്‌. ഓരോ സീസണ്‍ എത്തുമ്പോഴും പുതിയ വസ്ത്രങ്ങളില്‍, പുതുക്കിയ, മിനുക്കിയ നിറങ്ങളില്‍ സഞ്ചാരികളെ കാത്തിരുന്ന നൈനിത്താളിനൊപ്പം ഒരേയൊരു സഞ്ചാരിക്കായ്‌ നിരന്തരമായി കാത്തിരുന്ന വിമലടീച്ചര്‍. സീസണ്‍ കഴിഞ്ഞ്‌ അവസാനത്തെ യാത്രികനും മടങ്ങുമ്പോള്‍ തണുത്തുറഞ്ഞ സ്വന്തം കൂട്ടിലേക്ക്‌ തിരിച്ചെത്തുന്നു. നീണ്ട ശീതകാലനിദ്രയില്‍ വീണ്ടുമൊരു കാത്തിരിപ്പിനായ്‌, "വരും, വരാതിരിക്കില്ല.." എന്ന മരിക്കാത്ത പ്രതീക്ഷയോടെ.

നമുക്ക്‌ പ്രണയഗാനങ്ങളുണ്ട്‌, വിരഹഗാനങ്ങളുണ്ട്‌, വിഷാദഗാനങ്ങളുണ്ട്‌. എന്നാല്‍ പ്രണയവും വിരഹവും വിഷാദവും അതിനെയൊക്കെ അതിജീവിക്കു പ്രതീക്ഷയും ഇത്രയും സമ്മോഹനമായി സമ്മേളിച്ചിട്ടുള്ള പാട്ടുകള്‍ വിരളമാണ്‌. ഭാസ്കരന്‍മാഷുടെ വരികളില്‍ പ്രണയത്തിണ്റ്റെയും പ്രതീക്ഷയുടെയും ഒരു കടല്‍ തന്നെയുണ്ട്‌. കടലിണ്റ്റെ ആഴമറിഞ്ഞുള്ള ഈണവും. നേരത്തെ പറഞ്ഞ ഉന്‍മാദാവസ്ഥയില്‍നിന്ന്‌ വ്യത്യസ്ഥമായി പുറത്തേക്ക്‌ സ്വതന്ത്രമായി ഒഴുകാന്‍ വയ്യാത്ത അടക്കിപ്പിടിച്ച പ്രണയം, അതിണ്റ്റെ സാന്ദ്രത ജാനകിയമ്മയുടെ ആലാപനത്തിലുണ്ട്‌.

ഭാസ്കരന്‍മാഷ്‌-ബാബുക്ക കൂട്ടുകെട്ടിണ്റ്റെ കാലാതീതമായ ഗാനങ്ങള്‍ പാടി അനശ്വരങ്ങളാക്കിയതില്‍ യേശുദാസിനേക്കാള്‍ ഒരുപടി മുകളിലാണ്‌ ജാനകിയമ്മയുടെ സ്ഥാനം, എണ്റ്റെ നോട്ടത്തില്‍. പ്രത്യേകിച്ചും ആലാപനത്തിണ്റ്റെ വൈകാരികാംശത്തില്‍ ജാനകിയമ്മ യേശുദാസിനെ വെല്ലുന്നു. എടുത്തുപറയേണ്ടതില്ലാത്ത നിരവധി ഗാനങ്ങളുടെ ആലാപനത്തില്‍ ഈ ഭാവതീവ്രത അനുഭവിച്ചറിയാന്‍ പറ്റും. ആന്ധ്രയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന്‌, മലയാളം കഷ്ടിച്ച്‌ സംസാരിക്കാന്‍ മാത്രമറിയുന്ന ജാനകിയമ്മ നമ്മള്‍ മലയാളികളേക്കാള്‍ വലിയ മലയാളിയായത്‌ ഇത്തരം ഗാനങ്ങളിലൂടെയാണ്‌.

ഇതിന്‌ നേരെ വിപരീതത്തിലാണ്‌ ഇനിയൊരു ഗാനത്തിണ്റ്റെ നില്‍പ്‌. വീണ്ടും ബാബുക്ക. ഇത്തവണ രചന വയലാറിണ്റ്റേത്‌. ഗായിക സുശീലാമ്മയും. സിനിമ അഗ്നിപുത്രി.

"കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ
മറക്കൂ.. മറക്കൂ. "

നമ്മുടെ വൈകാരിക പ്രപഞ്ചത്തില്‍ എവിടെ അടയാളപ്പെടുത്തും ഈ ഗാനത്തിണ്റ്റെ സ്ഥാനം.

ഇതൊരു പരാതിയല്ല, പരിദേവനവുമല്ല. ഈ വരികളില്‍ ദു:ഖമില്ല, തീവ്ര ദു:ഖത്തിണ്റ്റെയും അപ്പുറത്തുള്ള കടുത്ത മരവിപ്പ്‌ മാത്രം. പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ എന്നും നേരിട്ടിട്ടുള്ള ക്രൂരമായ ഒരു സത്യം സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞപ്പോള്‍ നടത്തുന്ന ഒരു പ്രസ്താവനയാണിത്‌. എന്നാല്‍ വെറുമൊരു പ്രസ്താവനയല്ല താനും. ദൈവത്തിനെ പരസ്യവിചാരണ ചെയ്യുന്ന വേളയില്‍ നടത്തുന്ന, അനുഭവത്തില്‍ നിന്നുരുവം കൊണ്ട ഒരു സത്യപ്രസ്താവന.

ഒരിക്കലും കണ്ണുതുറക്കുകയില്ലെറിയുന്ന ദൈവങ്ങളെയാണ്‌ വിളിക്കുന്നത്‌. പരസ്യമായ ഒരു വേദിയില്‍ വെച്ച്‌, കണ്ണും കാതും തുറന്നിരിക്കുന്ന, കരയാനും ചിരിക്കാനുമറിയുന്ന പച്ച മനുഷ്യരുടെ മുന്നില്‍ വെച്ച്‌. ദൈവം കേള്‍ക്കുകയില്ലെന്ന്‌ ഉറപ്പുള്ള പാട്ടുകാരി, വിളിക്കുന്നത്‌ ദൈവത്തിനെയാണെങ്കിലും, ആ വിളി മുന്നിലിരിക്ക്ന്ന മനുഷ്യരുടെ ഉള്ളിലേക്ക്‌ ആഴ്ന്നിറങ്ങാന്‍ ഉദ്ദേശിച്ചുള്ളതാണ്‌.

ഈ വിളി വരുന്നത്‌ മരവിപ്പ്‌ ബാധിച്ച ഒരു ഹൃദയത്തില്‍നിന്നാണ്‌. വികാരലേശമില്ലാത്ത മനസ്സും തണുത്ത്‌ മരവിച്ചുപോയ ശരീരവും മാനുഷികമായ ചോദനകളോട്‌ പ്രതികരിക്കാനാകാത്ത വിധം വെറുങ്ങലിച്ചു പോയിരിക്കുന്നു. ഇങ്ങനെയുള്ള മനസ്സിന്‌ ദെവത്തോട്‌ ഒന്നും പറയാനില്ല. പറയാനുള്ളത്‌ മനുഷ്യരോട്‌; കരയാനും ചിരിക്കാനുമറിയാത്ത, വെറും കളിമപ്രതിമകള്‍ മാത്രമായ്‌ മാറിയ ദെവങ്ങളെക്കുറിച്ച്‌. മറ്റുള്ളവര്‍ക്ക്‌ സുഗന്ധമേകിക്കൊണ്ട്‌ സ്വയം എരിഞ്ഞു തീര്‍ന്നത്‌ അറിയാതെപോയ ദൈവങ്ങള്‍. കണ്ണീരില്‍ മുങ്ങിയ തുളസിക്കതിരായ്‌ കാല്‍ക്കല്‍ വീണിട്ടും കാണാതെ കടന്നു പോയ ദൈവങ്ങള്‍.

വയലാറിണ്റ്റെ കടുത്ത ഭൌതിക നിലപാടും മനുഷ്യരിലുള്ള അടങ്ങാത്ത വിശ്വാസവുമൊക്കെ അതിണ്റ്റെ ഔന്നത്യത്തില്‍ ഈ വരികളിലുണ്ട്‌. തികഞ്ഞ യുകതിവാദിയായ കവിയുടെ കേവലയുക്തിക്കതീതമായ നിലപാട്‌. കേവലയുക്തിവാദവും ഒരു കവിയുടെ യുക്തിചിന്തയും രണ്ടാവാതെ തരമില്ലല്ലോ!

നമ്മുടെ വൈകാരികാവസ്ഥകളോട്‌ പുറം തിരിഞ്ഞുനില്‍ക്കു ഈ പാട്ടിണ്റ്റെ വരികള്‍ക്ക്‌ സംഗീതം നല്‍കുന്നത്‌ ഒരു തികഞ്ഞ വെല്ലുവിളി തയൊയിരുന്നിരിക്കണം. ആ വെല്ലുവിളി ഏറ്റെടുത്ത്‌ തികഞ്ഞ തന്‍മയത്തോടെ ചെയ്ത്‌ നമുക്ക്‌ എക്കാലത്തേയും മികച്ച, വ്യത്യസ്തമായ ഒരു പാട്ട്‌ തന്നു, ബാബുക്ക.

എടുത്തു പറയേണ്ടു മറ്റൊരു കാര്യം പാട്ടിണ്റ്റെ ആലാപനത്തിലെ വ്യതിരിക്തതയാണ്‌. വരികളിലെ നിര്‍മമതയും ഈണത്തിലെ നിര്‍വികാരതയും കൃത്യമായി, വ്യക്തമായി പ്രതിഫലിക്കുന്നു, സുശീലാമ്മയുടെ ശബ്ദത്തില്‍. തണ്റ്റെ പതിവ്‌ ശൈലിയില്‍ നിന്ന്‌ മാറി ശബ്ദത്തെ കരിങ്കല്ലിണ്റ്റെ പ്രതലത്തിന്‌ സമാനമാക്കിയിരിക്കുന്നു, ഈ പാട്ടില്‍. തികച്ചും റൊമാണ്റ്റിക്‌ ശബ്ദത്തിനുടമയായ സുശീലാമ്മ നടത്തിയ ഈ വേറിട്ട്‌ നടപ്പ്‌ പാട്ടിണ്റ്റെ സ്രഷ്ടാക്കളേയും അതിശയിപ്പിച്ചിരിക്കാനാണ്‌ സാധ്യത. സ്വാഭാവികമായി പ്രകമ്പിതമാണ്‌ സുശീലാമ്മയുടെ ശബ്ദം. അതില്‍ നിന്ന്‌ വ്യത്യസ്തമായി ശബ്ദം തികച്ചും ഫ്ളാറ്റാണ്‌ ഇതില്‍. ശബ്ദത്തിന്‌ നിറമുണ്ടെങ്കില്‍ തീരെ കളര്‍ഫുള്‍ അല്ലാത്തതാണ്‌ ഈ പാട്ടിണ്റ്റെ ആലാപനമെന്ന്‌ എണ്റ്റെ പക്ഷം..

ഈ ഒരു രീതി എങ്ങനെ സാധിച്ചു എന്നറിയാന്‍, സുശീലാമ്മയുമായി സംസാരിക്കണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. സ്വന്തം കരള്‍ പറിച്ചെടുത്ത്‌ അത്‌ പാട്ടുകളുടെ ആലാപനത്തിലൂടെ നമുക്ക്‌ കാണിച്ചു തന്നിട്ടുണ്ട്‌ ബാബുക്ക. ഈ പാട്ട്‌ ചെയ്യുമ്പോഴും അത്‌ കൃത്യമായി പാടി പഠിപ്പിക്കാന്‍ ബാബുക്ക മനസ്സ്‌ വെച്ചിരിക്കുമെന്ന്‌ ഉറപ്പ്‌. താന്‍ എന്ത്‌ ഉദ്ദേശിക്കുന്നു എന്ന്‌ പാടി കേള്‍പ്പിച്ചു തരാന്‍ എന്നും ബാബുക്ക ശ്രദ്ധിച്ചിരുന്നു എന്ന്‌ ജാനകിയമ്മ നേരില്‍ പറഞ്ഞു കേട്ടതുമാണ്‌. സുശീലാമ്മയോട്‌ നേരില്‍ ചോദിച്ചറിയാന്‍ ഇതുവരെയും സാധിച്ചില്ല. ചെന്നയില്‍ നിന്ന്‌ സ്ഥലം മാറിയതും അത്ര എളുപ്പം എത്തിപ്പിടിക്കാന്‍ കഴിയാത്ത അവരുടെ രീതികളും ശ്രമം വിജയിക്കാതിരിക്കാന്‍ കാരണമാണ്‌.

ജാനകിയമ്മയുടെ രീതികള്‍ അങ്ങനെയല്ല. മലയാളഗാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും സ്രഷ്ടാക്കളെക്കുറിച്ചും എത്ര നേരം വേണമെങ്കിലും സംസാരിക്കാന്‍ അവര്‍ തയ്യാറാണ്‌. ആദ്യമായി കാണുകയായിട്ടും മുന്‍പരിചയമില്ലാതിരുന്നിട്ടും എത്ര മണിക്കൂറുകളാണ്‌ ഒരിക്കല്‍ സംസാരിച്ചിരുന്നത്‌. എത്ര പാട്ടുകളാണ്‌ മൂളിത്തന്നത്‌. ഉള്ളില്‍ നിലാവ്‌ പരത്തുന്ന ഓര്‍മകള്‍. ഈ കുറിപ്പിനു വേണ്ടിത്തന്നെ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും മകണ്റ്റെ ഇ-മെയില്‍ വഴി മറുപടി തരാന്‍ അവര്‍ തയ്യാറായി.

ഒരു പാട്ടില്‍ വികാരങ്ങളുടെ ഒരു പ്രപഞ്ചം തന്നെ. ഇനി ഒന്നില്‍ വികാരങ്ങളുടെ മരുപ്പറമ്പ്‌. ഒന്നില്‍ പ്രണയത്തിണ്റ്റെ ശാദ്വല ഭൂമിക. ഇനിയൊന്നില്‍ നട്ടാല്‍ മുളപൊട്ടാത്ത മൊട്ടക്കുന്ന്‌. ഒന്നില്‍ പ്രതീക്ഷയുടെ അനന്തനീലിമ. മറ്റൊന്നില്‍ എല്ലാ പ്രതീക്ഷയും മരിച്ച കണ്ണിലെ വിറങ്ങലിച്ച ശൂന്യത. ഇങ്ങനെ വൈരുദ്ധ്യമാര്‍ന്ന മനുഷ്യമനസ്സിണ്റ്റെ അവസ്ഥകളെ ഇത്ര കൃത്യമായി പകര്‍ന്നുതരാന്‍ കഴിഞ്ഞ ബാബുക്കയുടെ സംഗീതത്തിനു മുമ്പില്‍ ഒരിക്കല്‍ക്കൂടി തലകുനിക്കുന്നു. ഒരു ഒക്ടോബര്‍ ഏഴ്‌ കൂടി. ആ മഹാ സംഗീതകാരണ്റ്റെ ഓര്‍മയ്‌കുമുമ്പില്‍ ചൂടിക്കുന്ന പൂക്കളായി ഈ കുറിപ്പ്‌ സമര്‍പ്പിക്കുന്നു.

വാല്‍ക്കഷ്ണം: ഈയടുത്ത കാലത്തൊരു ഇണ്റ്റര്‍വ്യുവില്‍ ഗായകന്‍ ഹരിഹരനോട്‌ പല ചോദ്യങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ ഒരു പതിവ്‌ ചോദ്യം ഉണ്ടായിരുന്നു. കടന്നുപോയ സംഗീതകാരന്‍മാരില്‍ ആരുടെയെങ്കിലും പാട്ടുകള്‍ പാടാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദമുണ്ടോ എന്ന്‌. ഇന്ത്യയില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന ഗായകരില്‍ പ്രതിഭ കൊണ്ട്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു എന്ന്‌ ഞാന്‍ കരുതുന്ന അദ്ദേഹത്തിണ്റ്റെ മറുപടി ഇങ്ങനെയായിരുന്നു. 'മദന്‍ മോഹന്‍, എസ്‌.ഡി ബര്‍മന്‍, ബാബുരാജ്‌'. നമ്മുടെ സ്വന്തം ബാബുക്കയുടെ പേര്‍ ഹരിഹരന്‍ പറഞ്ഞുകേട്ടപ്പോള്‍ തോന്നിയ അഭിമാനം പറഞ്ഞറിയിക്കുക വയ്യ.

6 comments:

 1. ഒക്ടോബര്‍ ഏഴ്‌. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി എട്ടില്‍ ഇതേ ദിവസം ആ ശബ്ദം നിലച്ചു. സൃഷ്ടിച്ച സംഗീതവും പാടിയ പാട്ടുകളും നമ്മുടെയൊക്കെ മനസ്സില്‍ നിരന്തരമായി അലയടിക്കാന്‍ വിട്ടുകൊണ്ട്‌.

  ReplyDelete
 2. ബാബുരാജ് ഇഷ്ടപ്പെട്ട രണ്ടാമത്തെ ഇഷ്ടസംഗീത സംവിധായകനാണ്
  ;-)

  ReplyDelete
 3. [b]ബാബുരാജ് .......................................അത് ഒരു പ്രതിഭാസം ആണ് ഒരികല്‍ മാത്രം വന്നു പോക്കുന്നത്
  ഒരികല്‍ രാഘവന്‍ മാഷെ ഇന്റര്‍വ്യൂ എടുക്കാന്‍ പോയ അനുഭവം ... ഒരു കൊച്ചു കുട്ടിയെ പോലെ നമ്മുടെ മുന്നില്‍ ഇരുന്നു തരും.വലിയ പ്രതിഭാധരന്മാന്‍ .
  വിനോദ് ..ഉചിതമായി ഈ ലേഘനം ....[/b]

  ReplyDelete
 4. നാം തമ്മില്‍ കാണാന്‍ വൈകിയോ! എന്റെ ഇടവഴികളിലൂടെ തനിയെ എനിക്കിഷ്ടപ്പെട്ട ഒരു
  യാത്ര പോയത് പോലെ മനോഹരം വാക്കുകള്‍ . ഒരു മഴത്തുള്ളി നേരുന്നു നെറുകയില്‍ --
  ധർമ്മരാജ്‌ മടപ്പള്ളി
  http://saakshaa.blogspot.com/

  ReplyDelete
 5. Upasana, My dreams, Sabu and Saksha, thanks.

  ReplyDelete