Sunday, March 14, 2010

പാടിത്തീരാത്ത പല്ലവി


'I am the Hitler of my cinema.'- John Abraham

അന്ന്‌ ദേവരാജന്‍ മാസ്റ്ററുടെ വീട്ടില്‍ നിന്ന്‌ തിരിച്ചുപോരുമ്പോള്‍ ഉള്ളില്‍ മുഴങ്ങിയത്‌ ജോണ്‍ അബ്രഹാമിണ്റ്റെ ഈ വാക്കുകളായിരുന്നു. സ്വന്തം കഴിവിലുള്ള തികഞ്ഞ ആത്മവിശ്വാസം മാത്രമായിരുന്നിരിക്കില്ല ജോണിണ്റ്റെ ഈ വെളിപ്പെടുത്തലിന്‌ പിന്നില്‍. സിനിമയുടെ സ്രഷ്ടാവ്‌ സംവിധായകനാണെന്നുള്ള തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്‌.

അന്ന്‌ ദേവരാജന്‍ മാഷ്‌ പറഞ്ഞത്‌ കൃത്യമായും അത്‌ തന്നെയാണ്‌. "എണ്റ്റെ പാട്ട്‌ എണ്റ്റേതാണ്‌. അത്‌ ഇത്തിരിപോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാന്‍ ഞാന്‍ സമ്മതിക്കില്ല. അത്‌ ശരിയാണെങ്കിലും അതില്‍ തെറ്റുണ്ടെങ്കിലും എണ്റ്റേതാണ്‌. അത്‌ നന്നായാലും മോശമായാലും അതിണ്റ്റെ ഉത്തരവാദിത്തവും എനിക്കാണ്‌." ഗാനങ്ങളുടെ സൃഷ്ടാവ്‌ സംഗീതസംവിധായകന്‍ തന്നെയാണെന്ന്‌ ഊന്നിപ്പറയുകയായിരുന്ന്‌, മാഷ്‌. നമുക്ക്‌ പാട്ടുകള്‍ യേശുദാസിണ്റ്റേതും ജയചന്ദണ്റ്റേയും ജാനകിയുടേതും ഒക്കെ ആയിരുന്നു, അടുത്ത കാലം വരെ. പാട്ടുകള്‍ക്ക്‌ ജന്‍മം നല്‍കിയ തങ്ങളെ ഓര്‍ക്കാന്‍, അംഗീകരിക്കാന്‍ തയ്യാറാകാത്ത കേള്‍വിക്കാര്‍ക്ക്‌ നേരെ ഉന്നം വെച്ച ഒരു ഏറുപടക്കം ആയിരുന്നു, ആ വാക്കുകള്‍ എന്നെനിക്ക്‌ തോന്നി.

പത്മശ്രീ അവാര്‍ഡ്‌ മാഷ്ക്ക്‌ കൊടുക്കാന്‍ ആലോചനയുണ്ടെന്ന്‌ പറഞ്ഞെത്തിയ സര്‍ക്കാര്‍ പ്രതിനിധികളോട്‌ അദ്ദേഹം പറഞ്ഞത്രെ, 'കണ്ട അണ്ടനും അടകോടനും ഗുസ്തിക്കാരനും കൊടുത്ത പത്മശ്രീ എനിക്ക്‌ വേണ്ട' എന്ന്‌. യേശുദാസിനും ചിത്രയ്ക്കുമൊക്കെ നമ്മള്‍ പത്മങ്ങള്‍ കൊടുത്തു. അവരെ അതിനര്‍ഹരാക്കിയ ഗാനങ്ങള്‍ സൃഷ്ടിച്ച ദേവരാജന്‍ മാഷോ ബാബുരാജോ രാഘവന്‍ മാഷോ ഒന്നും അതിനര്‍ഹരാണെന്ന്‌ ഈ അടുത്ത കാലം വരെ ആര്‍ക്കും തോന്നിയിട്ടില്ല. (വളരെ വൈകിയാണെങ്കിലും രാഘവന്‍ മാഷെ തേടി പത്മ അവാര്‍ഡെത്തി എന്നത്‌ സന്തോഷം തരുന്ന കാര്യം തന്നെ.) ഇത്‌ സംബന്ധിച്ച എണ്റ്റെ ചോദ്യം കേട്ട്‌ മാഷ്‌ കോപിക്കാനും ഉള്ളിലുള്ള അമര്‍ഷം കാരണമായിരുന്നിരിക്കണം. സംഗീത സംവിധായകനെന്ന ഗാനങ്ങളുടെ സൃഷ്ടികര്‍ത്താവ്‌ ഗായകണ്റ്റേയോ ഗായികയുടെയോ താഴെ വരുന്ന ഒരു പേര്‌ എന്ന നിലയില്‍ നിന്നും മാറി വൈകിയെങ്കിലും സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കുന്നത്‌ സ്വാഗതാര്‍ഹമായയ മാറ്റം തന്നെ.

എണ്റ്റെ സുഹൃത്തായ ഗായകന്‍ കോട്ടക്കല്‍ ചന്ദ്രശേഖരന്‌ മാഷുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ അവണ്റ്റെ കൂടെയാണ്‌ മാഷെ കാണാന്‍ പോയത്‌. ചാടിക്കയറി ഒന്നും പറയരുതെന്നും ബഹുമാനത്തോടെയും ഭവ്യതയോടെയും പെരുമാറണമെന്നും അവന്‍ പറഞ്ഞുതന്നിരുന്നു. പരുക്കന്‍ പ്രകൃതക്കാരനായ മാഷില്‍ നിന്നും സൌഹൃദവും സമഭാവനയും ഒന്നും പ്രതീക്ഷിക്കരുതെന്നും. എണ്റ്റെ ചില അഭിപ്രായങ്ങളില്‍ ദേഷ്യം വന്ന്‌ ചീത്ത പറഞ്ഞപ്പോഴും ചിരിച്ചുകൊണ്ടിരിക്കാന്‍ കഴിഞ്ഞതും ഈ മുന്‍കൂറ്‍ സൂചനകള്‍ കാരണമായിരുന്നു. മലയാളസിനിമാസംഗീത രംഗത്തെ കാരണവരെ കാണാന്‍ ഒരു സംഗീത പ്രേമിയുടെ ആഗ്രഹം മാത്രമായിരുന്നു, ആ സന്ദര്‍ശനത്തിന്‌ പിന്നില്‍. എന്നാല്‍ മൂന്നു മണിക്കൂറോളം നീണ്ടുപോയ സംസാരം തികച്ചും അവിസ്മരണീയമായ ഒന്നായി മാറി എനിക്ക്‌.

സംസാരത്തിനിടയില്‍ മാഷ്‌ പലതും പറഞ്ഞു. അര്‍ഥമില്ലാത്തതോ വിരുദ്ധാര്‍ഥങ്ങള്‍ ഉള്ളതോ ആയ വരികളെഴുതിയ ഗാനരചയിതാക്കളെക്കുറിച്ച്‌. അറിയാവുന്ന കുറച്ചു രാഗങ്ങള്‍ തിരിച്ചും മറിച്ചും ഉപയോഗിച്ച്‌ ഗാനങ്ങള്‍ തീര്‍ത്ത സംഗീതസംവിധായകരെപ്പറ്റി. സൂക്ഷ്മ സ്വരസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനും പാടി ഫലിപ്പിക്കാനും കഴിയാത്ത ഗായകരെപ്പറ്റി. ആ നിരീക്ഷണങ്ങള്‍ കൃത്യമായിരുന്നു, കാര്യകാരണസഹിതമായിരുന്നു. ഒപ്പം നിശിതവും.

ഈ വ്യക്തത നല്ലതെന്ന്‌ ബോദ്ധ്യമുള്ള കാര്യങ്ങളെക്കുറിച്ചും മാഷ്‌ പുലര്‍ത്തി. സമകാലികനായ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ താളബോധത്തെപ്പറ്റി മാഷ്‌ പറഞ്ഞത്‌ ആണിയടിച്ചതുപോലുള്ള താളമെന്നാണ്‌. ഗായകരില്‍ യേശുദാസിണ്റ്റെ സ്ഥാനം മറ്റുള്ളവരേക്കാള്‍ നാലഞ്ചുപടി ഉയരത്തിലെന്ന്‌ അദ്ദേഹം. അര്‍ഥഭംഗം ഇല്ലാതെ എന്നും ഗാനങ്ങളെഴുതിയ ഒരേയൊരു കവി വയലാര്‍ മാത്രമാണെന്നും. വയലാറിന്‌ ആ മനസ്സില്‍ മറ്റാര്‍ക്കുമില്ലാത്ത സ്ഥാനമുണ്ടായിരുന്നു.

നല്ലതിനെ കൊള്ളാനും നിലവാരമില്ലാത്തതിനെ തള്ളാനുമുള്ള തണ്റ്റേടം സ്വന്തം കാര്യത്തിലും അദ്ദേഹം പുലര്‍ത്തി. സിനിമയില്‍ വരുന്നതിന്‌ മുമ്പ്‌ ധാരാളം സംഗീതക്കച്ചേരികള്‍ നടത്തിയ സംഗീതകാരനായിട്ടും സിനിമയില്‍ വളരെ കുറച്ചുമാത്രം പാടിയതെന്തേ എന്ന എണ്റ്റെ ചോദ്യത്തിന്‌ മഷുടെ മറുപടി അശേഷം ശങ്കയില്ലാത്തതായിരുന്നു. "എന്നേക്കാള്‍ നന്നായി പാടാന്‍ കഴിയുന്നവരുണ്ടായിരുന്നത്‌ കൊണ്ട്‌. "

അദ്ദേഹം മറ്റു കലാകരന്‍മാരില്‍ നിന്ന്‌ വ്യത്യസ്ഥനായിരുന്നു. കണക്കിണ്റ്റെ കണിശത എല്ലാ കാര്യത്തിലും കാണിച്ച സംഗീതകാരന്‍. താന്‍ സൃഷ്ടിച്ച പാട്ടുകളുടെയെല്ലാം രാഗങ്ങളും സ്വരസ്ഥാനങ്ങളും കൃത്യമായി കുറിച്ചുവെക്കാന്‍ ശ്രദ്ധ വെച്ച എത്ര സംഗീതകാരന്‍മാര്‍ നമുക്കുണ്ട്‌? താന്‍ ചിട്ടപെടുത്തിയ ഗാനങ്ങളുടെ വരികള്‍ എഴുതിയ എല്ല ഗാനരചയിതാക്കളുടേയും പേരുകള്‍ അദ്ദേഹം രേഖപ്പെടുത്തിവെച്ചിരിക്കുന്നു. ഇതില്‍ ൧൩൨ ചിത്രങ്ങള്‍ക്കു വേണ്ടി പാട്ടുകളെഴുതിയ വയലാറിനൊടൊപ്പം ഒരൊറ്റ സിനിമയില്‍ മാത്രം പാട്ടെഴുതിയ തകഴി ശങ്കരനാരായണന്‍ വരെയുണ്ട്‌. ഇതുപോലെ താന്‍ ചെയ്ത പാട്ടുകള്‍ക്ക്‌ ശബ്ദം നല്‍കിയ എല്ലാ ഗായകരേയും അദ്ദേഹം വിട്ടുപോവാതെ രേഖപ്പെടുത്തി വെച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ അദ്ദേഹത്തിണ്റ്റെ നൂറുകണക്കിന്‌ ഗാനങ്ങള്‍ക്ക്‌ തണ്റ്റെ സ്നിഗ്ദമധുര ശബ്ദത്തിലൂടെ ജീവന്‍ നല്‍കിയ യേശുദാസിനോടൊപ്പം കോട്ടക്കല്‍ ചന്ദ്രശേഖരനുമുണ്ട്‌. എന്നും അദ്ദേഹത്തിണ്റ്റെ ഇഷ്ടഗായികയായിരുന്ന പി. സുശീലയോടൊപ്പം ചില ചടങ്ങുകളില്‍ അദ്ദേഹത്തിണ്റ്റെ ഗാനങ്ങള്‍ ആലപിച്ച അപര്‍ണ രാജീവിണ്റ്റേയും പേരുണ്ട്‌. അതായിരുന്നു, ദേവരാജന്‍ മാസ്റ്റര്‍.

മുന്നൂറ്റമ്പതിലധികം സിനിമകള്‍ക്ക്‌ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ സിനിമകളില്‍ സംഗീത സംവിധാനം എന്ന പോലെ ഏറ്റവും കൂടുതല്‍ രാഗങ്ങളും അദ്ദേഹം തണ്റ്റെ ഗാനങ്ങള്‍ക്കായി ഉപയോഗിച്ചു. തൊണ്ണൂറില്‍ കൂടുതല്‍ രാഗങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ചെയ്തതായി പെരുമ്പുഴ ഗോപാലകൃഷ്ണന്‍ രചിച്ച ദേവരാജന്‍ മാഷുടെ ജീവിതകഥ 'ജി. ദേവരാജന്‍ സംഗീതത്തിണ്റ്റെ രാജശില്‍പി' എന്ന പുസ്തകത്തില്‍ പറയുന്നു. നൂറ്റമ്പതോളം ഗായകരും അദ്ദേഹത്തിനു വേണ്ടി പാടിയതായി പുസ്തകം പറയുന്നു. എന്നാല്‍ പല്ലവിയും ചരണവും വ്യത്യസ്ഥമായി ചെയ്ത ഗാനങ്ങള്‍ വളരെ കുറച്ചു മാത്രമാണ്‌. മാഷുടെ കണിശമായ കണക്കുകൂട്ടലുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന ഒരു കുസൃതിചോദ്യം ഇതെഴുതുമ്പോള്‍ ഉള്ളിലെത്തുന്നു.

ആ ദിവസം മാഷ്‌ ഏറെ നേരം സംസാരിച്ചത്‌ തണ്റ്റെ മാനസ പദ്ധതിയായ ഷഡ്കാല പല്ലവിയെക്കുറിച്ചായിരുന്നു. കര്‍ന്നാടക സംഗീതത്തിലെ ഈ രീതിയെക്കുറിച്ച്‌ നമ്മള്‍ കേള്‍ക്കുന്നത്‌ ഷഡ്കാല ഗോവിന്ദമാരാരുടെ പേരിനോട്‌ ചേര്‍ത്താണ്‌.

'ചന്ദന ചര്‍ച്ചിത നീലകളേബര
പീത വസന വനമാലീ'

എന്നു തുടങ്ങുന്ന അഷ്ടപതി ഗാനം ഗോവിന്ദ മാരാര്‍ ആറുകാലങ്ങളില്‍ പാടി ത്യാഗരാജ സ്വാമികളെ അതിശയിപ്പിച്ചത്രേ. അങ്ങനെയാണ്‌ ഗോവിന്ദമാരാര്‍ ഷഡ്കാല ഗോവിന്ദമാരാര്‍ ആയതെന്ന്‌ പറയപ്പെടുന്നു.

ആറുകാലങ്ങളില്‍ പാടാന്‍ കണക്കും സംഗീതവും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്ന മസ്തിഷ്കവൌം അത്‌ വ്യക്തതയോടെ പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന കണ്ഠവും വേണം. മാഷ്‌ തണ്റ്റെ ഷഡ്കാല പല്ലവികള്‍ പാടാന്‍ തിരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ച യുവഗായകന്‍ ശ്രീ കൃഷ്ണകുമാര്‍ പറയുന്നു, "ആറ്‌ കാലങ്ങളില്‍ പാടാന്‍ അതിമാനുഷികത മനസ്സിലും മസ്തിഷ്കത്തിലും ഉള്ള ഒരാള്‍ക്കേ സാധിക്കൂ. അത്‌ സാധിക്കാനായാല്‍ അനുഭവിക്കുന്നത്‌ ശാശ്വതമായ നിര്‍വൃതിയാണ്‌. അദ്ദേഹത്തിണ്റ്റെ ചില പല്ലവികള്‍ ആറുകാലങ്ങളില്‍ പാടിയപ്പോള്‍ ആ പരമാനന്ദം ഞാന്‍ അനുഭവിച്ചു. "

പല്ലവി, അനുപല്ലവി, ചരണം ഇവ മൂന്നും അടങ്ങിയതാണ്‌ കര്‍ന്നാടക സംഗീതത്തിലെ ഒരു കൃതി. ഇതിനുപകരം പല്ലവി മാത്രം രാഗവിസ്താരത്തിലും താളരൂപത്തിലും സാഹിത്യത്തിലും പാടുന്ന രീതിയാണ്‌ രാഗം താനം പല്ലവി. ഒരു പല്ലവി അത്‌ വേറെ വാഗേയകാരുടെ സൃഷ്ടിയോ സ്വന്തം സൃഷ്ടിയോ ആവാം. നിശ്ചിത രാഗത്തിണ്റ്റേയും താളത്തിണ്റ്റേയും പരിധിക്കുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട്‌ സ്വന്തം ഇഷ്ടപ്രകാരം പാടുകയാണ്‌ സംഗീതകാരന്‍ ചെയ്യുന്നത്‌. ഇതിന്‌ മറ്റു കൃതികളെപ്പോലെ നിശ്ചിത ചട്ടക്കൂടില്ല, നിയമങ്ങളില്ല. രാഗത്തിലുള്ള തികഞ്ഞ പരിജ്ഞാനം, അസാമാന്യ താളബോധം ഒക്കെ ഉള്ള ഒരു ഗായകനേ ഇത്‌ സാധ്യമാവൂ. സ്വന്തം മനോധര്‍മം അനുസരിച്ച്‌ പാടുമ്പോള്‍ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കാനും വേണ്ടിവരുമ്പോള്‍ അവയെ ഭേദിക്കാനും ആതിരുകളെക്കുറിച്ചുള്ള അറിവ്‌ മാത്രം പോരാ, പാടുമ്പോള്‍ ആ നിരന്തര ബോധവും വേണം.

രാഗം താനം പല്ലവി യുടെ ആസ്വാദനത്തിനും രാഗതാളങ്ങളെക്കുറിച്ചുള്ള സാമാന്യമായ അറിവ്‌ അനിവാര്യമാണ്‌. കര്‍ണ്ണാടക സംഗീതം കൂടുതല്‍ കൂടുതല്‍ ജനകീയമായപ്പോള്‍ രാഗം താനം പല്ലവി പോലുള്ള പാണ്ഡിത്യപ്രകടനം ഒഴിവാക്കി നിശ്ചിത കൃതികളും കീര്‍ത്തനങ്ങളും പാടുന്ന രീതി പ്രചാരത്തിലായി. പണ്ഡിതനായ ഒരു സംഗീതകാരന്‍ പാടുകയും പണ്ഡിതന്‍മാരുടെ ഒരു കൂട്ടം ആസ്വദിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നിന്ന്‌ കച്ചേരികള്‍ മാറിയിരിക്കുന്നു. കേള്‍വിക്കാരെ മുഷിപ്പിക്കാന്‍ സംഗീതകാരനോ ഒരേ പല്ലവിയുടെ നിരന്തരമായ ആലാപനം കേട്ട്‌ മുഷിയാന്‍ കേള്‍വിക്കാരോ ഇന്ന്‌ തയ്യാറല്ല. രാഗം താനം പല്ലവി ഇക്കാലത്ത്‌ കച്ചേരികളില്‍ കേള്‍ക്കാത്തതിണ്റ്റെ കാരണവും മറ്റൊന്നാവാന്‍ വഴിയില്ല. ഒരു പല്ലവി ആറുകാലങ്ങളില്‍ പാടിയാല്‍ ഇന്നത്തെ ഫാസ്റ്റ്ഫോര്‍വേര്‍ഡ്‌ കാലത്ത്‌ കേള്‍വിക്കാരെ കിട്ടാതെ വരികയാവും ഫലം. രാഗം താനം പല്ലവി തന്നെ അന്യം നിന്നുപോയ കാലാത്ത്‌ ഷഡ്കാല പല്ലവി കേള്‍ക്കാന്‍ കഴിയാത്തതില്‍ അത്ഭുതത്തിന്‌ സാദ്ധ്യതയില്ല.

കുറച്ചുകാലമായി സിനിമാസംബന്ധിയായ തിരക്കുകള്‍ ഇല്ലാതിരുന്ന ദേവരാജന്‍ മാഷ്‌ സാംബമൂര്‍ത്തിയുടെ കര്‍ണ്ണാടക സംഗീതസംബന്ധിയായ ഒരു ഗ്രന്ഥത്തില്‍ നിന്ന്‌ കിട്ടിയ സൂചനകളിലൂടെ ഷഡ്കാല പല്ലവിയിലെത്തികയായിരുന്നു. ഗോവിന്ദമാരാര്‍ ആറുകാലങ്ങളില്‍ പാടിയിരുന്നെങ്കില്‍ അത്‌ എങ്ങനെയായിരുന്നിരിക്കണം എന്ന്‌ അദ്ദേഹം ആലോചിച്ചു. ഇന്നതെ കാലത്ത്‌ ഷഡ്കാല പല്ലവി പാടാന്‍ എന്തുമാര്‍ഗം എന്നതിലേക്ക്‌ ആലോചന വളര്‍ന്നതിണ്റ്റെ ഫലമാണ്‌ അദ്ദേഹത്തിണ്റ്റെ ഷഡ്കാല പല്ലവികള്‍. ഇതിനായി ഇരുന്നൂറ്റി അമ്പതോളം പല്ലവികള്‍ വിവിധ രാഗങ്ങളിലും താളങ്ങളിലുമായി അദ്ദേഹം എഴുതി. അവയുടെ സ്വരസംഹിതകളും പാടേണ്ട രീതികളും രേഖപ്പെടുത്തി. ഇവയെല്ലാം കര്‍ണ്ണാടക സംഗീതത്തിലെ അത്യപൂര്‍വ രാഗങ്ങളിലും താളങ്ങളിലും ആണെന്നത്‌ ഈ വിഷയത്തിലെ അദ്ദേഹത്തിണ്റ്റെ അവഗാഹത്തിണ്റ്റെ സാക്ഷ്യമാവുന്നു. ഈ പല്ലവികളും ആവശ്യമായ സൂചകങ്ങളും താന്‍ എഴുതിക്കൊണ്ടിരിക്കുന്ന 'സംഗീത ശാസ്ത്ര നവസുധ' എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്താനായിരുന്ന്‌, അദ്ദേഹത്തിണ്റ്റെ ആഗ്രഹം.

"പ്രപഞ്ചോത്ഭവ കാരണ മയൂഖമേ
പ്രകാശഗംഗാ മഹാ പ്രവാഹമേ
ഇജ്ജീവന്‌ നന്ദി. "

ആറ്‌ കാലങ്ങളില്‍ പാടാനായി അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ ഒരു പല്ലവിയാണിത്‌. 'രാഗവിനോദിനി' എന്ന രാഗത്തില്‍ 'സങ്കീര്‍ണ ജാതി അട താളത്തിലാണ്‌ ഈ പല്ലവി ചെയ്തിരിക്കുന്നത്‌. ശുദ്ധ നാസ്തികനെങ്കിലും പ്രപഞ്ച ശക്തിയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിണ്റ്റെ തത്വശാസ്ത്രത്തിണ്റ്റെ കൂടി പ്രകാശനമാണ്‌ ഈ പല്ലവി. മാഷിണ്റ്റെ നാസ്തികതക്ക്‌ ഒരിക്കലും സൈദ്ധാന്തികമായ ജാഢകളില്ലായിരുന്നു. "ഈശ്വരനെ ഞാന്‍ കണ്ടിട്ടില്ല. കണ്ടവരാരേയും അതും കണ്ടിട്ടില്ല. പിന്നെ ഞാനെന്തിന്‌ വിശ്വസിക്കണം." ഇതായിരുന്നു, അദ്ദേഹത്തിണ്റ്റെ വാദം. അവിശ്വാസിയായ താന്‍ ചെയ്ത 'ഹരിവരാസനം...' എന്ന പാട്ടാണ്‌ ശബരിമലയില്‍ എന്നും മുഴങ്ങുന്നത്‌ എന്ന്‌ ഒട്ടൊരു കളിയാക്കലോടെ മാഷ്‌ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌.

അങ്ങേയറ്റം വിഷമകരമായ ഷഡ്കാല പല്ലവികള്‍ പാടാന്‍ അദ്ദേഹം തിരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ചത്‌ യുവസംഗീതകാരനായ ശ്രീ. കൃഷ്ണകുമാറിനെയാണ്‌. ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷമാണ്‌ കൃഷ്ണകുമാര്‍ സംഗീതം പഠിക്കാന്‍ യൂനിവേഴ്സിറ്റിയിലെത്തുന്നത്‌. കേരള യൂനിവേഴ്സിറ്റിയില്‍ നിന്ന്‌ സംഗീതത്തില്‍ ഒന്നം ക്ളാസും ഒന്നാം റാങ്കും നേടി ബിരുദവും ബിരുദാനന്തരബിരുദവും നേടി. ഇപ്പോല്‍ കൃഷ്ണകുമാര്‍ ഡോ. ബാലമുരളീകൃഷ്ണയുടെ കീഴില്‍ സംഗീതപഠനം തുടരുന്നു. കണക്കും സംഗീതവും പരസ്പരപൂരകങ്ങളായി നില്‍ക്കുന്ന ധിഷണ കൃഷ്ണകുമാറിനെ ഷഡ്കാല പല്ലവി പാടാന്‍ ഏറെ സഹായിക്കുന്നുണ്ടാവണം. ഷഡ്കാല പല്ലവിയെക്കുറിച്ച്‌ കൃഷ്ണകുമാര്‍ പറഞ്ഞത്‌ 'ധീരമായ സംരംഭം' എന്നാണ്‌. കര്‍ണ്ണാടക സംഗീതത്തിലെ ഇന്നതെ അതികായന്‍മാരൊന്നും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത ഒരു കാര്യം ചെയ്യാന്‍ നമ്മുടെ സ്വന്തം ദേവരാജന്‍ മാസ്റ്റര്‍ തയ്യാറായി എന്നത്‌ മലിയാളികള്‍ക്കെല്ലാം അഭിമാനത്തിന്‌ വക നല്‍കുന്നു. ജീവിത കാലം മുഴുവന്‍ സിനിമാ ഗാനങ്ങള്‍ തീര്‍ത്ത ദേവരാജന്‍ മാസ്റ്റര്‍ കര്‍ണ്ണാടക സംഗീതത്തില്‍ നടത്തിയ ഈ പരീക്ഷണം സിനിമാഗാങ്ങളേയും സംഗീതകാരന്‍മാരേയും പുഛത്തോടെ നോക്കുന്ന പണ്ഡിതവര്യന്‍മാര്‍ക്കുള്ള ഒരു മറുപടി കൂടിയാണ്‌.

ഏറെക്കാലമായി ശാരീരികാസ്വസ്ഥ്യങ്ങളാല്‍ ബുദ്ധിമുട്ടിലായിരുന്നു, മാഷ്‌. എണ്റ്റെ കയ്യിലുണ്ടായിരുന്ന അദ്ദേഹത്തിണ്റ്റെ ജീവിതകഥയുടെ കോപ്പിയില്‍ ഒപ്പിടാന്‍ കൂടി വയ്യായിരുന്നു. കൈകള്‍ വരുതിയില്‍ നില്‍ക്കുമ്പോള്‍ ഒപ്പിട്ടുവെച്ചേക്കാം എന്ന്‌ പറഞ്ഞതനുസരിച്ച്‌ പുസ്തകം ഏല്‍പ്പിച്ച്‌ തിരിച്ചുപോരുകയായിരുന്നു ഞങ്ങള്‍. സ്വന്തം നിയന്ത്രണത്തില്‍ വരാത്ത അവയവങ്ങളുമായി കഴിയുമ്പോഴും ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഒരു തപസ്യ പോലെ ഏറ്റെടുക്കാനും അതിനായി സ്വയം സമര്‍പ്പിക്കാനും പ്രതിബദ്ധത മാത്രം പോര, അസാമാന്യമായ മന:സ്ഥൈര്യം കൂടി വേണം. ആ പരുക്കന്‍ മനുഷ്യണ്റ്റെ ഉള്ളിലെ വജ്രതുല്യമായ ആത്മധൈര്യത്തിനുമുമ്പില്‍ ഞങ്ങള്‍ മനസ്സാ നമിച്ചു. ആ സംരംഭം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്‌ കഴിയട്ടേ എന്ന്‌ മനസ്സാ അര്‍ത്ഥിച്ചു.

എന്നാല്‍ അദ്ദെഹം വിശ്വാസം അര്‍പ്പിച്ച പ്രപഞ്ചശക്തി അദ്ദേഹത്തെപ്പോലെത്തന്നെ കണിശക്കാരനായിരുന്നെന്ന്‌ ൨൦൦൬ മാര്‍ച്ച്‌ ൧൪ന്‌ നമ്മള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. തിരഞ്ഞെടുക്കാന്‍ ഒരവസരം കിട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും മാഷ്‌ തണ്റ്റെ ഷഡ്കാല പല്ലവി പൂര്‍ത്തിയാക്കാന്‍ സമയം ചോദിക്കുമായിരുന്നു. ഇനി അദ്ദേഹത്തിണ്റ്റെ മാനസ പദ്ധതിയുടെ ഭാവി എന്താവുമെന്നുള്ള എണ്റ്റെ ചോദ്യത്തിന്‌ കൃഷ്ണകുമാര്‍ "അദ്ദേഹം ഒരു മൂന്നു വര്‍ഷം കൂടി ജീവിച്ചിരുന്നെങ്കില്‍..." എന്ന്‌ അര്‍ദ്ധോക്തിയില്‍ നിര്‍ത്തുകയായിരുന്നു.

അദ്ദേഹത്തിണ്റ്റെ പ്രയത്നം വെറുതെ ആവില്ലെന്നും ഷഡ്കാല പല്ലവി പൂര്‍ത്തിയാക്കാന്‍ സംഗീതപ്രേമികളാരെങ്കിലും മുന്നോട്ട്‌ വരുമെന്നും പ്രത്യാശിക്കാം എന്നും അദ്ദേഹം പറഞ്ഞു. മാഷ്‌ നമ്മെ വിട്ട്‌ പോയി നാല്‌ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ആ പ്രത്യാശ അതുപോലെ തന്നെ നില്‍ക്കുന്നു. ജീവിതം മുറിഞ്ഞുപോയെങ്കിലും ആ പല്ലവികള്‍ പാടിത്തീരുമെന്ന്‌ തന്നെ നമുക്കും ആശിക്കാം.

15 comments:

 1. പ്രിയപ്പെട്ട ദേവരാജന്‍ മാസ്റ്റര്‍ നമ്മെ വിട്ടുപോയത്‌ നാലുവര്‍ഷം മുമ്പ്‌ ഇതേ ദിവസമായിരുന്നു.

  ReplyDelete
 2. ഷഡ്കാല പല്ലവി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു.ഇളയരാജ സിംഫണി ചെയ്തപോലെ വളരെ നല്ല ഒരു അനുഭവമാവുമായിരുന്നു അതും.
  മാഷിന്റെ ഓര്‍മകളിലെക്കും ആ മധുര ഗാനങ്ങളിലെക്കും മനസ്സിനെ കൊണ്ടുചെന്നെത്തിക്കാന്‍ ഈ സ്മരണയ്ക്ക് കഴിഞ്ഞു.
  നല്ല്ല ലേഖനം.അഭിനന്ദനങ്ങള്‍

  ReplyDelete
 3. ഈ അനുഭവം പങ്കുവച്ചതിന് വളരെ നന്ദി.

  ReplyDelete
 4. മാഷുമായുള്ള ഈ അനുഭവം പങ്ക് വെച്ചതിനു നന്ദി.

  ഒരിക്കൽ മാഷിന്റെ കൂടെ ടാക്സിയിൽ യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചവനാണ് ഈയുള്ളവൻ. അന്ന് അദ്ദേഹം ഞങ്ങളുടെ സ്ഥലത്ത് വന്നത് സാമവേദവും സംഗീതവും എന്ന വിഷയം ചർച്ച ചെയ്യാ‍നായിരുന്നു.

  ReplyDelete
 5. ഇവിടെ കണ്ടതിലും,വായിച്ചതിലും,പരിചയപ്പെട്ടതിലും സന്തോഷം

  ReplyDelete
 6. ഏറെ നാളായി ബ്ളോഗില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ കയറിനോക്കിയപ്പോല്‍ പുതിയ കമണ്റ്റുകള്‍ കണ്ടു. നന്ദി, മാത്തൂരാന്‍, സപ്ന.

  ReplyDelete
 7. എത്ര ആധികാരികതയോടെയാണ് സംഗീതത്തേയും പ്രിയ സംഗീതജ്ഞന്‍ ദേവരാജന്‍ മാഷെയും പറ്റി എഴുതിയിരിക്കുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു.

  ഭാവുകങള്‍

  ReplyDelete
 8. ഏറെ നാളുകള്‍ക്കുശേഷമാണ്‌ എണ്റ്റെ ബ്ളോഗില്‍ കയറിനോക്കുന്നത്‌. കമണ്റ്റുകള്‍ ഇട്ട മഴവീടിനും സൈനുദ്ദീന്‍ ഖുറൈഷിക്കും നന്ദി.

  ReplyDelete
 9. ഗാനങ്ങളുടെ നിര്വഹണത്തില് സുപ്രധാനപങ്ക് സംഗീതസമ്വിധാനം തന്നെയാണെന്നാണ് എന്റേയും അഭിപ്രായം
  :-)

  ReplyDelete
 10. തികച്ചും കാലോചിതമായിട്ടാണ് താങ്കള്‍ സംഗീത ലോകത്തെ മഹാപ്രതിഭയായിരുന്ന ദേവരാജന്‍ മാസ്റ്ററെ അനുസ്മരിച്ചത് . അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാടുകള്‍ക്ക് സാക്ഷിയാകുവാന്‍ ഈയുള്ളവനും ഭാഗ്യം ലഭിച്ചിട്ടുണ്ട് . നല്ല ലേഖനം നന്നായി എഴുതി. ഓണാശംസകള്‍

  ReplyDelete
 11. അനുഭവം പങ്കുവച്ചതിന് നന്ദി.

  ReplyDelete