Tuesday, January 5, 2010

പ്രണയം പടിയിറങ്ങിയപ്പോള്‍

സിജി സുരേന്ദ്രന്‍ ഇട്ട ഒരു പോസ്റ്റ്‌ വായിക്കാനിടയായി. 'വീണ്ടുമൊരു കൂടിക്കാഴ്ച'. തന്നെ വിട്ട്‌ മറ്റൊരു കൂട്‌ തേടിപ്പോയ കാമുകന്‍ പുതിയ ഇണയുമായി കാമുകിയെ കാണാന്‍ വരുന്നതും അതു കാമുകിയില്‍ ഉണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങളും ആണ്‌ വിഷയം. അതിണ്റ്റെ ഒരു മറുപുറം ആലോചനയില്‍ വന്നു. എഴുതണമെന്ന്‌ തോന്നി.

കഥ തുടങ്ങുമ്പോള്‍ നായകന്‌ പതിനേഴോ പതിനെട്ടൊ വയസ്സ്‌. നായിക പതിനഞ്ചിലും. നായിക വിരുന്നു വരുന്നത്‌ നായകണ്റ്റെ അയല്‍പക്കത്ത്‌. പയ്യന്‌ നീണ്ട മുടി പോലെത്തന്നെ പാട്ടുകളും ശരീരത്തിണ്റ്റെ ഭാഗം. നന്നായി പാടുമായിരുന്ന പയ്യന്‍ ചെടികളേയും മരങ്ങളേയും തണ്റ്റെ കേള്‍വിക്കാരാക്കി. (റിയാലിറ്റി ഷോകള്‍ ഇല്ലാത്ത കാലമാണല്ലോ. ആനയ്ക്‌ മുമ്പേ ചങ്ങലനാദം എന്ന പോലെ പയ്യണ്റ്റെ യാത്രയ്ക്‌ മുന്നോടിയായി പാട്ടുകള്‍ ഉണ്ടായിരുന്നു. കൌമാരപ്രണയം വിരിയാന്‍ പറ്റിയ പശ്ചാത്തലം. ഇന്നത്തെപ്പോലെ മോട്ടോര്‍ ബൈക്കോ, മൊബൈല്‍ ഫോണോ ആയിരുന്നില്ല പ്രണയം വിരിയാന്‍ മിനിമം ചേരുവ.

പയ്യന്‍ ഹൃദയം തുറന്ന്‌ പാടി. ശ്രുതി തെറ്റിയോ സംഗതികള്‍ പാളിയോ എന്ന്‌ നോക്കാതെ കാമുകി കണ്ണുകള്‍ കൊണ്ട്‌ അഭിനന്ദങ്ങള്‍ വാരി വിതറി. വരികളിലെ പ്രണയം കാമുകിയുടെ കവിളിണയില്‍ ചെമ്പനീര്‍ പൂവായ്‌ വിരിഞ്ഞു. അവള്‍ ഓടിപ്പോകും വസന്തമായി. ശ്രീകുമാരന്‍ തമ്പിയുടെയും അര്‍ജുനന്‍മാഷുടേയും പാട്ടുകള്‍ മഴയായ്‌ പെയ്തിറങ്ങി. മഴയ്‌കുശേഷവും മരങ്ങള്‍ നിര്‍ത്താതെ പെയ്തുകൊണ്ടേയിരുന്നു. വയലാറിണ്റ്റെയും ഭാസ്കരന്‍ മാഷിണ്റ്റെയും വിരഹഗനങ്ങളോ, ബാബുരാജിണ്റ്റെ ഗസലുകളോ ഉള്ളിലെത്താന്‍ തുടങ്ങിയിരുന്നില്ല.

ഗ്രാമത്തിലെ ഒരേയൊരു സിനിമാക്കൊട്ടകയില്‍ കയറാന്‍ ഒരു സൌഭാഗ്യം പോലെ കിട്ടുന്ന അവസരങ്ങള്‍ അവള്‍ അവനെ അറിയിച്ചു. അവന്‍ പുരുഷന്‍മാര്‍ക്കുള്ള നിരയില്‍ ബെഞ്ച്‌ ടിക്കറ്റെടുത്തു കയറി. അവള്‍ അമ്മയൊടും സഹോദരങ്ങളോടുമൊപ്പം സ്ത്രീകളുടെ നിരയിലും. പ്രേംനസീറിണ്റ്റെയും ഷീലയുടേയും പ്രണയത്തില്‍ അവര്‍ അകലത്തിരുന്നും ഒരുമിച്ച്‌ നനഞ്ഞു. അവരുടെ പ്രേമമുദ്രകള്‍ അവര്‍ സ്വന്തം ഉടലില്‍ ഏറ്റുവാങ്ങി. പ്രേംനസീര്‍ ഷീലയുടെ കവിളില്‍ ഉമ്മ വെച്ചപ്പോള്‍ രക്തം ഇരച്ചുകയറിയത്‌ അവളുടെ കവിളില്‍ ആയിരുന്നു. ആ നിര്‍വൃതിയില്‍ നിറഞ്ഞ്‌ അവര്‍ വീടുകളിലേക്ക്‌ തിരിച്ചു പോയി.

രണ്ട്‌ കൌമാരഹൃദയങ്ങളുടെ ഉത്സവമായ പ്രണയം മറ്റുള്ളവര്‍ക്ക്‌ പൊറുക്കാന്‍ കഴിയാത്ത തെറ്റായിരുന്നു. ഒളിഞ്ഞും മറഞ്ഞുമുള്ള കുറ്റപ്പെടുത്തലുകള്‍. പ്രണയിക്കുന്ന തങ്ങളെ നോക്കി പൂക്കള്‍ ചിരിക്കുമ്പോള്‍, മരച്ചില്ലകള്‍ ചാമരം വീശുമ്പോള്‍ ഈ മനുഷ്യര്‍ മാത്രം എന്താണിങ്ങനെ എന്ന്‌ മനസ്സിലാകാതെ അവര്‍ നൊമ്പരപ്പെട്ടു. എങ്കിലും അവര്‍ കാണാതെയും കണ്ടുകൊണ്ടിരുന്നു. കേള്‍ക്കാതെയും പരസ്പരം കേട്ടുകൊണ്ടിരുന്നു. അകലത്തിരുന്നും സാമീപ്യം അനുഭവിച്ചു.

കോളേജിലെ അവണ്റ്റെ ആദ്യ വര്‍ഷങ്ങള്‍ തികച്ചും സാധാരണമായിരുന്നു. പഠിത്തവും അത്യാവശ്യം സമരവും. കോളേജ്‌ കാമ്പസ്സുകള്‍ എസ്‌ എഫ്‌ ഐ വിതച്ച കൊടുങ്കാറ്റില്‍ പ്രകമ്പനം കൊണ്ടിരുന്ന എഴുപതുകള്‍. അതില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ മോശമല്ലാത്ത വായനയും ഉള്ളില്‍ പ്രായത്തിണ്റ്റെ തീയും കൊണ്ടുനടന്നിരുന്ന അവനാവുമായിരുന്നില്ല. അവനറിയാതെ ആ ഒഴുക്കിലേക്ക്‌ എടുത്തെറിയപ്പെട്ടു. പാട്ട്‌ പാടിയിരുന്ന അവന്‍ അത്‌ നിര്‍ത്തി. പകരം മുദ്രാവാക്യം വിളി ശീലിച്ചു. കൈയെഴുത്തുമാസികകളില്‍ കവിതയും കഥയും എഴുതിയിരുന്ന സര്‍ഗശക്തി പരിപൂര്‍ണമായും മുദ്രാവാക്യങ്ങള്‍ എഴുതുന്നതിലും നോട്ടീസ്‌ ഡ്രാഫ്റ്റ്‌ ചെയ്യുന്നതിലേക്കും മാറ്റി പ്രതിഷ്ഠിച്ചു. ആരും പറയാതെതന്നെ പ്രണയം അവണ്റ്റെ മനസ്സില്‍നിന്ന്‌ പടിയിറങ്ങി.

പ്രണയം കൌമാരകാല ദുര്‍ബലഹൃദയങ്ങളുടെ നേരമ്പോക്ക്‌ മാത്രമാണെന്നും വിപ്ളവകാരികള്‍ക്ക്‌ അത്തരം നേരമ്പോക്കുകള്‍ക്ക്‌ സമയമില്ലെന്നും അവന്‍ മനസ്സിലാക്കി. ഉള്ളില്‍ എരിഞ്ഞു നിന്ന വിപ്ളവത്തീയില്‍ കരിയാന്‍ മാത്രമുള്ളതായിരുന്നു പ്രണയത്തിണ്റ്റെ കളകള്‍. കാട്ടാളന്‍ എഴുതിയപ്പോള്‍ തന്നെ കടമ്മനിട്ട ശാന്തയും എഴുതിയെന്നത്‌ വിപ്ളവത്തിണ്റ്റെ തിളപ്പില്‍ അറിയാന്‍ കൂട്ടാക്കാതിരുന്ന കാലം. നെരൂദയുടെ പ്രണയകവിതളോ മാര്‍ക്സ്‌ ജെന്നിക്കെഴുതിയ പ്രണയകവിതകളോ വായിച്ചിരുന്നില്ല. വായിച്ചിരുന്നെങ്കില്‍ക്കൂടി മാര്‍ക്സിനേക്കാള്‍ വലിയ മാര്‍ക്സിസ്റ്റാകുവാനുള്ള ആവേശത്തില്‍ അവ ഉള്ളില്‍ കയറുമായിരുന്നില്ല.

ആരും നിര്‍ബന്ധിക്കാതെ, ആരോടും പറയാതെ അവന്‍ ഒരു തീരുമാനത്തിലെത്തി. ആ തീരുമാനത്തിണ്റ്റെ പതാക അവന്‍ ഉള്ളില്‍ ആഴത്തില്‍ കുത്തിനിര്‍ത്തി. സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്കായി ജീവിതം തന്നെ ത്യജിച്ച അനേകം വിപ്ളവകാരികള്‍ അവണ്റ്റെ ഉള്ളില്‍ നിന്ന്‌ മുഷ്ടി ചുരുട്ടി അഭിവാദനങ്ങള്‍ നേര്‍ന്നു. കാത്തുനിന്ന തണ്റ്റെ കാമുകിയുടെ അടുത്തെത്തിയ അവന്‍ അവളുടെ മുഖത്തുനോക്കിയില്ല. തികച്ചും നാടകീയമായി അവന്‍ തണ്റ്റെ തീരുമാനം അവളോട്‌ പറഞ്ഞു. അവണ്റ്റെ ശബ്ദത്തിലെ നിസംഗത അവള്‍ക്ക്‌ പരിചയമുണ്ടായിരുന്നില്ല. അവള്‍ വിശ്വാസം വരാതെ അവനെ നോക്കി നിന്നു. പിന്നെ പതിഞ്ഞ ശബ്ദത്തില്‍ നിര്‍ത്താതെ കരഞ്ഞു. ആ കരച്ചില്‍ അവണ്റ്റെ കാതില്‍ വീണില്ല. അവന്‍ തിരിഞ്ഞു നടന്നു, തണ്റ്റെ പ്രണയം വിപ്ളവത്തിനായി ത്യജിച്ച വിപ്ളവകാരികളില്‍ ഒരാളായ്‌ നെഞ്ചുയര്‍ത്തിതന്നെ.

അവളുടെ വിവാഹം കഴിഞ്ഞു. ക്ഷണിച്ചിരുന്നെങ്കിലും അവന്‍ പോയില്ല. അവന്‍ വിപ്ളവപ്രവര്‍ത്തനത്തിനിടയിലും പഠിച്ചു. മാര്‍ക്ക്‌ കുറഞ്ഞെങ്കിലും മോശമില്ലാതെ പാസ്സായി. പ്രവര്‍ത്തനം യുവജനരംഗത്തേക്കും, പിന്നീട്‌ പാര്‍ട്ടിയിലേക്കും വളര്‍ന്നു. താമസിയാതെ തന്നെ സ്വപ്നങ്ങളും യാഥാര്‍ത്യവും തമ്മിലുള്ള അന്തരം മനസ്സിലായിത്തുടങ്ങി. വീര്‍പ്പുമുട്ടി തുടങ്ങാന്‍ ഏറെ സമയം വേണ്ടിവന്നില്ല. പാര്‍ട്ടിയില്‍ അന്യനായിത്തുടങ്ങുന്നോ എന്ന്‌ തോന്നിയ കാലത്ത്‌ ഒരു ഭാഗ്യം പൊലെ ജോലി കിട്ടി, അതും അന്യ നാട്ടില്‍.

നാട്ടില്‍ വരുമ്പോളൊക്കെ സുഹൃത്തുക്കള്‍ പറയുമായിരുന്നു, അവളുടെ വിശേഷങ്ങള്‍. അമ്മയായതും എന്നാല്‍ ഇപ്പോഴും തന്നോടുള്ള സ്നേഹം അടുത്ത സുഹൃത്തുക്കളോട്‌ പറഞ്ഞതും. ഉള്ളില്‍ തോന്നിയത്‌ സന്തോഷത്തേക്കാള്‍ കൂടുതല്‍ സ്വല്‍പം അഹങ്കാരമാണ്‌.

ഒരിക്കല്‍ ലീവിന്‌ നാട്ടില്‍ വന്നപ്പോള്‍ അവളുടെ അനിയന്‍ വന്ന്‌ പറഞ്ഞു, 'ചേച്ചി ഒന്ന്‌ കാണണമെന്ന്‌ പറഞ്ഞു. വീട്ടില്‍ വന്നിട്ടുണ്ട്‌.' എന്ന്‌. ഏറെ സംശയിച്ചാണെങ്കിലും ഒടുവില്‍ പോകാന്‍ തീരുമാനിച്ചു. അവളുടെ വീട്ടില്‍ പലതവണ സന്ദര്‍ശിച്ചിട്ടുള്ളതായിരുന്നു. കുറെ നേരം സംസാരിച്ചിരുന്നു. ചായ കുടിച്ച്‌ തിരിച്ചു പോന്നു. പിന്നീട്‌ ഇത്‌ പല തവണ ആവര്‍ത്തിച്ചു. ലീവില്‍ വരുമ്പോഴെല്ലാം ഒരു തവണയെങ്കിലും അവളെ കാണുന്നത്‌ പതിവായി. അതിനിടെ അവണ്റ്റെ വിവാഹം കഴിഞ്ഞു. അവളും ഭര്‍ത്താവും വന്നു, കല്യാണം കൂടി. പിന്നീട്‌ കുറെ നാള്‍ ഒരു വിവരവും ഉണ്ടായില്ല. സ്ഥലം മാറ്റം കാരണം കുറെകൂടി ദൂരെ പോയി. ഒടുവില്‍ നാട്ടില്‍ പോസ്റ്റിംഗ്‌ ആയി തിരിച്ചെത്തി. മകന്‍ പിറന്നു. അവന്‌ ഒരു വയസ്സായി. അപ്പോള്‍ ഒരു ദിവസം അവളുടെ അനിയന്‍ വന്നു പറഞ്ഞു, ചേച്ചി വീട്ടിലുണ്ടെന്ന്‌.

അവന്‌ തോന്നിയത്‌ ഒരു കുസൃതിയാണ്‌. ശ്രീമതിയോട്‌ പറഞ്ഞു, 'ഇന്ന്‌ നമുക്കൊരു സ്ഥലത്ത്‌ പോകണം.' എവിടെയാണെന്ന അവളുടെ ചൊദ്യത്തിന്‌ മറുപടി പറഞ്ഞില്ല. അറിഞ്ഞിരുന്നെങ്കില്‍ അവള്‍ മടിക്കുമോ എന്ന്‌ ഒരു സംശയം. ആദ്യം കയറിചെന്നത്‌ അവനാണ്‌. അവളുടെ കവിളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിരിഞ്ഞ അതേ പനിനീര്‍ പൂ. പുറകില്‍ മകന്‍ പിച്ച വെച്ച്‌ കയറി വന്നു. പിന്നാലെ ശ്രീമതിയും. വിരിഞ്ഞുനിന്ന പനിനീര്‍പ്പൂ വാടിയത്‌ അവന്‍ മാത്രമറിഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ സംസാരിച്ചു, ചായ കുടിച്ചു. തിരിച്ചു പോന്നു. പിന്നീടൊരിക്കലും അവള്‍ കാണണമെന്ന്‌ ആവശ്യപ്പെട്ടില്ല. ഒരു കുസൃതി മാത്രമായി ഞാന്‍ ചെയ്ത കാര്യം അവന്‍ ഉദ്ദേശിക്കാത്ത ഒരു സന്ദേശമാണ്‌ അവള്‍ക്ക്‌ നല്‍കിയതെന്ന്‌ അപ്പോള്‍ മാത്രമാണ്‌ അവന്‌ മനസിലായത്‌. പ്രണയം പടിയിറങ്ങിപ്പോയ അവണ്റ്റെ മനസ്സിന്‌ അറിയാന്‍ കഴിയാത്ത ഒരവസ്ഥയാണത്‌.

ആദ്യം പ്രണയം അവണ്റ്റെ മനസ്സില്‍ നിന്ന്‌ പടിയിറങ്ങി. പിന്നീട്‌ വിപ്ളവത്തില്‍ നിന്ന്‌ അവന്‍ പുറത്തായി. പിന്നീടെപ്പോഴോ അവന്‍ ഇങ്ങനെ കുറിച്ചു,
ചിത്രശലഭത്തിണ്റ്റെ
അറ്റുപോയ ചിറകാണെണ്റ്റെ പ്രണയം
ഒഴുക്കില്‍ നിന്ന്‌ വേര്‍പെട്ട്പോയനീര്‍ച്ചാല്‍.

****

4 comments:

  1. ക്ഷമിക്കണം. ഇതൊരു പഴയ പോസ്റ്റ്‌ ആണ്‌. പഴയ പോസ്റ്റുകള്‍ ഒന്ന് അടുക്കിയ കൂട്ടത്തില്‍ പുതിയ ബ്ളോഗില്‍ വീണ്ടും ചേര്‍ത്തെന്നേയുള്ളു. കണ്ടവറ്‍ ദയവായി കണ്ണുപൊത്തുക.

    ReplyDelete
  2. ചിലര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ അപാര കരുത്തു നല്‍കാറുണ്ട്..
    ഓരോരുത്തരും എങ്ങനെ വിഷമങ്ങളെ നേരിടും എന്നത് അനുസരിച്ച് ഇരിക്കും...

    ReplyDelete
  3. പ്രണയമോ,ബാല്യത്തിലെ ചാപല്യമോ?????

    ReplyDelete
  4. sariyaanu. chaapalyam thanne. pakshe annathinu pranayamennayirunnu, per.

    ReplyDelete