'പരപ്പനങ്ങാടിയുടെ ഉണ്ണിയേട്ടന്‍ പോയി'. നടുവത്ത് ശിവശങ്കരന്‍ നായരെന്ന ഉണ്ണിയേട്ടണ്റ്റെ മരണത്തെ മാതൃഭൂമിയുടെ ലേഖകന്‍ രേഖപ്പെടുത്തിയത് അങ്ങനെയാണ്. പരപ്പനങ്ങാടിയില്‍ ഒരുപാട് ഉണ്ണിയേട്ടന്‍മാരുണ്ടായിരുന്നെങ്കിലും പരപ്പനങ്ങാടിയുടെ ഉണ്ണിയേട്ടന്‍ അദ്ദേഹമായിരുന്നു, എന്ന് ലേഖകന്‍ കൃത്യമായി പറഞ്ഞു.
ഞങ്ങളുടെ തലമുറയുടെ മൊത്തം ഉണ്ണിയേട്ടന്‍.
മനസ്സില്‍ പതിഞ്ഞുകിടക്കുന്ന ഉണ്ണിയേട്ടണ്റ്റെ ആദ്യ രൂപം ചുടലപ്പറമ്പ് മൈതാനിയില്‍ ഫുട്ബോള്‍ കളിക്കുന്നതാണ്. വെറും കാലില്‍ പന്ത് കളിക്കുന്നവരുടെയിടയില്‍ ബൂട്ടിട്ട് കളിച്ചുകൊണ്ട് ഉണ്ണിയേട്ടന്‍ ഉന്നതശീര്‍ഷനായി. പിന്നീട് നവജീവന്‍ വായനശാലയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള നാടകങ്ങളില്‍ പൌരുഷത്തികവുള്ള വേഷങ്ങളില്‍ വന്ന് ഞങ്ങളില്‍ ആരാധന നിറച്ചു. അക്കാലത്ത് നവജീവന്‍ വായനശാലയുടെ വാര്‍ഷികാഘോഷം പരപ്പനങ്ങാടിയുടെ ദേശീയോത്സവമായിരുന്നു. കടവൂറ്‍ ചന്ദ്രന്‍പിള്ളയുടെ 'ദൈവം മരിച്ചു' എന്ന നാടകത്തില്‍ കേഡി കൊച്ചാപ്പുവായി അരങ്ങില്‍ നിറഞ്ഞുനിന്നു.
ഇതിനിടയില്‍ വെറും അഭിനേതാവ് എന്ന നിലയില്‍ നിന്ന് ഉണ്ണിയേട്ടന്‍ ഉയര്‍ന്നു. 1975-ല്‍ കേണല്‍ ഗോദവര്‍മ്മരാജ ട്രോഫിയ്ക്ക് വേണ്ടിയുള്ള അഖില കേരള നാടക മത്സരത്തില്‍ അവതരണത്തിനുള്ള ഒന്നാം സമ്മാനം ഉണ്ണിയേട്ടന്‍ എഴുതി സംവിധാനം ചെയ്ത 'കഴുകന്‍' എന്ന നാടകത്തിനായിരുന്നു. അതില്‍ പ്രധാന വേഷം ചെയ്തതും അദ്ദേഹം തന്നെ. പിന്നീട് 'ശവങ്ങള്‍', 'വളര്‍ത്തുനായ്ക്കള്‍', 'കളിയാട്ടം' തുടങ്ങി നാലു നാടകങ്ങള്‍ ഉണ്ണിയേട്ടന്‍ എഴുതി. 'ശവങ്ങള്‍' ധാരാളം വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിണ്റ്റെ നാടകങ്ങള്‍ നിന്നു പോയി. മദ്യത്തില്‍ മുങ്ങി എഴുതാത്ത ഒരു നാടകം അദ്ദേഹം ആടിത്തുടങ്ങി. ആടാതെ നില്‍ക്കാന്‍ വയ്യാത്ത ഒരവസ്ഥയിലേക്ക് അദ്ദേഹം ഇടറിനീങ്ങി. വൈകി വന്ന വിവാഹവും കുട്ടികളും ഒന്നും ഉണ്ണിയേട്ടനെ രക്ഷിച്ചില്ല. മദ്യപാനം കാരണം നാടകം ഇല്ലാതായതോ, അതല്ല നാടകം ഇല്ലാതായത് കാരണം അദ്ദേഹം മദ്യത്തില്‍ അഭയം തേടിയതോ എന്നറിയില്ല.
അപ്പോഴേയ്ക്കും നവജീവന്‍ വായനശാലയുടെ പ്രതാപകാലം അസ്തമിച്ചെങ്കിലും 'റെഡ് വേയ്‌വ്സ് ചെറമംഗലം' ഒരുക്കിയ വേദികളിലൂടെ ഞങ്ങള്‍ കാണികളുടെ സ്ഥാനത്തുനിന്നുയര്‍ന്ന് അരങ്ങിലെത്തി. അപ്പോള്‍, റിഹേര്‍സല്‍ ക്യാമ്പ് തുടങ്ങി അണിയറയില്‍ മേയ്ക്കപ്പ് ഇടുന്നതിനു വരെ ഞങ്ങള്‍ക്കൊപ്പം ഉണ്ണിയേട്ടനുണ്ടായിരുന്നു, മദ്യം കൂടെയുണ്ടായിരുന്നെങ്കിലും. റിഹേര്‍സല്‍ ക്യാമ്പില്‍ ഞങ്ങളെ ചീത്ത പറഞ്ഞ് തൊലി പൊളിച്ചു. നാടകത്തിലെ ചലനങ്ങള്‍, കൈ കാലുകളുടെ പ്രയോഗം തുടങ്ങി അരങ്ങത്ത് ചെയ്യേണ്ട കാര്യങ്ങളുടേ ലിസ്റ്റ് തായ്യാറാക്കുന്നതില്‍ വരെ അത്യാവശ്യമായ നിഷ്കര്‍ഷ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ഒരു സായാഹ്നത്തിനുവേണ്ടി ഒന്ന് ഒന്ന് ഒന്നര മാസത്തോളം ഞങ്ങള്‍ ഊണും ഉറക്കവും കളഞ്ഞു. ദിവസം മുഴുവന്‍ സാമ്പത്തിക സഹായത്തിനായി പരപ്പനങ്ങാടിയില്‍ വീട് തോറും അലഞ്ഞു. രാത്രി റിഹേര്‍സല്‍ ക്യാമ്പിലെത്തി, നാടകം പഠിച്ചു.
ഈ കൂട്ടായ്മകളിലൂടെ സി. എല്‍. ജോസിണ്റ്റെ 'ജ്വലനം', കാലടി ഗോപിയുടെ 'ഏഴ് രാത്രികള്‍', എം. ടി. യുടെ 'ഗോപുരനടയില്‍' സുരാസുവിണ്റ്റെ 'വിശ്വരൂപം' ഒക്കെ പരപ്പനങ്ങാടിക്കാര്‍ കണ്ടു. ഓരോ നാടകത്തിനു പിന്നിലും ഉണ്ണിയേട്ടണ്റ്റെ സാന്നിദ്ധ്യം അനിവാര്യമായും ഉണ്ടായി. സമാന്തരമായി ഞങ്ങളുടെ നാടകചിന്തകളും വളരുന്നുണ്ടായിരുന്നു. 'തനത്' നാടകവേദിയും, ജി. ശങ്കരപ്പിള്ളയുടെ 'സ്കൂള്‍ ഓഫ് ഡ്രാമ' യും ഞങ്ങളുടെ നാടകഭൂമികയില്‍ ഇടം പിടിക്കുന്ന കാലം. പി. എസ്. എം. ഓ കോളേജിനു വേണ്ടി കോട്ടക്കലില്‍ നിന്നുള്ള ഹംസ ഒറ്റകത്ത് എഴുതിയ 'കിരാതബലി' കോഴിക്കോട് സര്‍വകലാശാലാ കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടി. നാടകത്തില്‍ ഞാനും ഇപ്പോള്‍ കോഴിക്കോട് വിമാനത്തവളത്തില്‍ ജോലി ചെയ്യുന്ന ഹരിദാസും കാലടി സംസ്കൃത കോളേജില്‍ പ്രൊഫസറായ ഒമര്‍ തറമേലും ഒക്കെ അഭിനയിച്ചു.
നാടകം കണ്ട ഉണ്ണിയേട്ടന്‍ പക്ഷേ, അംഗീകരിയ്ക്കാന്‍ തയ്യാറായില്ല. തെയ്യക്കോലങ്ങളും താളത്തിലുള്ള ചലനങ്ങളും ഒക്കെ ആയി, അയഥാര്‍ത്ഥ തലത്തില്‍ നടക്കുന്ന നാടകം ഉണ്ണിയേട്ടണ്റ്റെ നാടക സങ്കല്‍പ്പത്തില്‍ നിന്ന് പുറത്തായിരുന്നു. എന്നും പരീക്ഷണ നാടകങ്ങളോട് ഒരകലം അദ്ദേഹം പാലിച്ചു. ആര്‍ക്കും കണ്ടാസ്വദിക്കാനാവുന്ന യഥാര്‍ത്ഥ തലത്തില്‍ നടക്കുന്ന സാമൂഹ്യ നാടകങ്ങള്‍ ആയിരുന്നു, ഉണ്ണിയേട്ടന് നാടകങ്ങള്‍. പാരമ്പര്യത്തിണ്റ്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിയാന്‍ തയ്യാറാകാത്ത ഒരു കടുംപിടുത്തം കണിശക്കാരണ്റ്റെ ഉള്ളില്‍ മറഞ്ഞിരിക്കുന്നത് എനിക്ക് കാണാനായി. തണ്റ്റെ ശരികളില്‍ അദ്ദേഹം മുറുകെ പിടിച്ചു. ഒന്നില്‍ കൂടുതല്‍ ശരികളുണ്ടാവാനുള്ള സാദ്ധ്യത പോലും അദ്ദേഹം നിരാകരിച്ചു.
നാടകത്തിണ്റ്റെ കാര്യത്തിലും കാല്‍പ്പന്ത് കളിയിലും കാണിച്ച അച്ചടക്കവും നിഷ്ഠയും സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ഉണ്ണിയേട്ടന് പക്ഷേ കഴിയാതെ പോയതെന്തേ? എന്നും ഉള്ളില്‍ ചോദിക്കുകയും ഉണ്ണിയേട്ടനോട് ചോദിക്കാനാവാഞ്ഞതും ആയ ചോദ്യം. ജോലി കിട്ടി ബോംബേയ്ക്ക് പോയ ഞാന്‍ പിന്നീടറിഞ്ഞത് ഒരു നല്ല ദിവസം ഉണ്ണിയേട്ടന്‍ മദ്യപാനം നിര്‍ത്തിയ വിവരമാണ്. നഷ്ടപ്പെട്ടുപോയ നാടകം പക്ഷേ ഒരിക്കലും അദ്ദേഹത്തിന് തിരിച്ചു കിട്ടിയില്ല. നാടകം കിട്ടിയാല്‍ ജീവിതം കൈവിട്ടുപോകുമോ എന്നദ്ദേഹം പേടിച്ചിരുന്നിരിക്കണം.
എന്നാല്‍ നിരന്തര മദ്യപാനവും പുകവലിയും അതിണ്റ്റെ ജോലി ആ ശരീരത്തില്‍ ചെയ്തുകഴിഞ്ഞിരുന്നു. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ചത് തുടക്കത്തില്‍ തന്നെ കണ്ടെത്തിയതിനാല്‍ അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു, ഒരു ശ്വാസകോശം പകരം കൊടുത്തിട്ടാണെങ്കിലും. നിരന്തരമായ വലിവ് കാരണം വീട്ടില്‍ നിന്ന് പുറത്തുപോവാന്‍ പോലുമാവാതെ അദ്ദേഹം വീട്ടില്‍ ഒതുങ്ങിക്കൂടി. നാടകവും വായനശാലാപ്രവര്‍ത്തനവും സജീവ രാഷ്ട്രീയവും (കറ കളഞ്ഞ പാര്‍ട്ടി കൂറ് പുലര്‍ത്തിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്നു, അദ്ദേഹം.) ഒക്കെ ഒഴിവാക്കി.
ഉണ്ണിയേട്ടണ്റ്റെ മരണശേഷം വീട്ടില്‍ പോയപ്പോള്‍ യാദൃശ്ചികമായാണ്, അദ്ദേഹത്തിന് വന്നിരുന്ന നിരവധി ക്ഷണക്കത്തുകളില്‍ ശ്രദ്ധ പതിഞ്ഞത്. ഓരൊ കത്തുകളിലും ചെറുതും വലുതുമായ നിരവധി കുറിപ്പുകള്‍. ക്ഷണിച്ച ആളുമായുള്ള ബന്ധം, ചടങ്ങിന് പങ്കെടുക്കേണ്ടതുണ്ടോ ഇല്ലയൊ. എന്തുകൊണ്ട്, തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ആ കുറിപ്പുകളിലുണ്ടായിരുന്നു. ക്ഷണിക്കാന്‍ വരുന്നവരുടെ സമീപനത്തിലെ ആത്മാര്‍ത്ഥത വരെ കുറിച്ചുവെച്ചിരിക്കുന്നു. ചില കത്തുകളില്‍ ചടങ്ങ് നടന്നതിനുശേഷം പങ്കെടുത്തോ ഇല്ലയോ എന്നും ഇല്ലെങ്കില്‍ എന്തു കൊണ്ടെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ചിലകത്തുകള്‍ സൂക്ഷിച്ചു വെയ്ക്കാന്‍ കാരണം എഴുതിയിരിക്കുന്നു.
ഒരു കുറിപ്പ് ഇങ്ങനെ, "രണ്ടുപേരും ഈ വളപ്പില്‍ എല്ലാവരേയും ക്ഷണിച്ചു. ഇവിടെ കയറാതെ പോയി. പിന്നെ രണ്ട് ദിവസം കഴിഞ്ഞ് ...വും ...യും വന്ന് ക്ഷണിച്ചു. ഈ കത്ത് തന്നു." ഒരു കത്തില്‍ എഴുതിയിരിക്കുന്നു, "ഈ കവര്‍ സൂക്ഷിച്ചുവെയ്ക്കുന്നു, ഇതിണ്റ്റെ മേല്‍വിലാസമെഴുതിയ കൈയക്ഷരത്തിണ്റ്റെ ഭംഗി ഓര്‍ക്കാന്‍." മറ്റൊന്നില്‍ ഇങ്ങനെ, "ഒരു തെറ്റും കാണാത്ത ഇംഗ്ളീഷില്‍ ഉള്ള കത്ത്." ഇനിയൊരു കത്തില്‍ ക്ഷണിയ്ക്കാന്‍ വന്ന വീട്ടമ്മ കാറില്‍ നിന്നിറങ്ങാന്‍ മടിച്ചതും നിര്‍ബ്ബന്ധിച്ചപ്പോള്‍ ഇറങ്ങിവന്നതിനെക്കുറിച്ചും പരാമര്‍ശമുണ്ട്.
ഇനിയൊരു കത്തില്‍ കുറിപ്പ് ഇത്തിരി ദീര്‍ഘമാണ്. " സ: പി. എം. ഗോപാലന്‍ സാറിണ്റ്റെ രണ്ടാമത്തെ മകണ്റ്റെ വിവാഹം. അദ്ദേഹം ഇവിടെ വന്ന് ക്ഷണിച്ചു. (അദ്ദേഹത്തിണ്റ്റെ ഭാര്യമാതാവ് ക്യാന്‍സര്‍ ആയി ചികിത്സയിലാണ്. വിവാഹം നിശ്ചയിച്ച ശേഷമാണ് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ സ്വന്തകാരും അയല്‍ക്കാരും മാത്രമേ സംബന്ധിക്കുകയുള്ളു. അതിനാല്‍ വരരുത് എന്ന് പറഞ്ഞാണ് ക്ഷണിച്ചത്. അങ്ങിനെ ആര്‍ക്കാണ് ക്ഷണിക്കാന്‍ കഴിയുക? ഒരു ഗോപാലന്‍ സാറിനല്ലാതെ? അതാണ് സ്: ഗോപാലന്‍ സാര്‍.) അടിവരയും ബ്രായ്ക്കറ്റും ഒക്കെ കുറിപ്പിലുള്ളതാണ്.
ക്ഷണിച്ച ആളുമായുള്ള സാമ്പത്തിക ഇടപാടുകളും, തിരിച്ചു കൊടുക്കേണ്ട തുകയെക്കുറിച്ചും ഒക്കെ വിശദമായി എഴിയിരിക്കുന്നു. ചില കത്തില്‍ പണം കവറിലിട്ടു കൊടുക്കണമെന്നുകൂടി എഴുതിയിരിക്കുന്നു. ഒരു കത്തില്‍ ചടങ്ങ് നടന്നുകഴിഞ്ഞതിനുശേഷമുള്ള തിയതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു, 'എന്നെ ഒറ്റയ്ക്കാക്കി പോകാനാവാത്തതിനാല്‍ പങ്കജം പോയില്ല' എന്ന്. ഇനിയൊരു കുറിപ്പില്‍ ഒരു ചടങ്ങിനു പോയി വന്നതിനുശേഷം കഠിനമായ ചുമ വന്നതും ഡോക്ടറെ കണ്ടപ്പോള്‍ ചീത്ത പറഞ്ഞതും ഒക്കെ എഴുതിയിരിക്കുന്നു.
കണിശകാരനെങ്കിലും ജീവിതത്തിണ്റ്റെ സിംഹഭാഗം കുത്തഴിഞ്ഞ രീതിയില്‍ കഴിയേണ്ടിവന്ന ഒരു മനുഷ്യണ്റ്റെ പശ്താത്താപം ആയിരിക്കുമോ ഈ കുറിപ്പുകളില്‍ പ്രതിപ്ഫലിക്കുന്നത്? അതോ എന്നും വിശ്വസിച്ചിരുന്നത് പോലെ എന്തും താന്‍ ചെയ്താലേ ശരിയാവൂ എന്ന വാശിയില്‍, എന്നാല്‍ സ്വയം ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലോ? രണ്ടായാലും ജീവിതത്തില്‍ കടുത്ത അച്ചടക്കം പുലര്‍ത്താന്‍ ശ്രമിച്ച ഒരു മനുഷ്യണ്റ്റെ മനസ്സ് ഈ കുറിപ്പുകളില്‍ തെളിയുന്നു.
ഉണ്ണിയേട്ടനെ ഓര്‍ക്കുമ്പോള്‍
ReplyDeleteനമുക്ക് നഷ്ടപ്പെടുന്ന നാട്ടുപച്ചകളില്‍ കച്ചോലവും, പൂവാം കുറുന്തലും, ചിറ്റമൃതും മാത്രമല്ല... ഉണ്ണിഏട്ടന്‍മാരും കൂടിയുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു ഈ കുറിപ്പ്... കുറിപ്പുനന്നായി എന്ന് പറയുമ്പോള്‍ അത് ക്രൂരതയാവും കാരണം അതൊരു ജീവിതം തന്നെയാണല്ലോ! നമ്മുടെ ഉണ്ണിയേട്ടന്റെ.....
ReplyDeleteനന്നായി എഴുതിയിരിക്കുന്നു..
ReplyDeleteമദ്യത്തിന്റെ മറ്റൊരു ഇര .....
ReplyDeleteനല്ലൊരു അനുസ്മരണം. നന്ദി
ReplyDelete