Saturday, July 20, 2013

പരിസരശുചിത്വം: പൊട്ടുന്ന ബലൂണുകള്‍



കുറച്ചു നാള്‍ മുമ്പ്‌ മാധ്യമം പത്രത്തില്‍ കണ്ട കാര്‍ട്ടൂണ്‍ ആണിത്‌. കാര്‍ട്ടൂണില്‍ ഉപയോഗിച്ച പാരഡി കുറിക്കുകൊള്ളുന്നു. അതില്‍ കൂടുതലായി മലയാളിയുടെ ഇന്നത്തെ അവസ്ഥയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. ആരോഗ്യരംഗത്തും ശുചിത്വ രംഗത്തും മലയാളികള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ വേഗത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ പ്രത്യേകിച്ചും. ശുചിത്വം തീര്‍ത്തും 'സ്വ'കാര്യം ആയി വളരെ വേഗത്തില്‍ കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യം വളരെ ശക്തമായി കാര്‍ട്ടൂണില്‍ പറഞ്ഞിരിക്കുന്നു. 

മലയാളി എന്നും വൃത്തിയും വെടുപ്പും ഉള്ളവനായിരുന്നു. പകല്‍ മുഴുവന്‍ എന്ത്‌ ജോലി ചെയ്താലും ജോലി കഴിഞ്ഞ്‌ നല്ല വാസന സോപ്പ്‌ തേച്ച്‌ കുളിച്ച്‌ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌ അവന്‍ പുറത്തിറങ്ങി. അങ്ങാടിയിലെ ഏതെങ്കിലും ചായക്കടയില്‍ പോയി രാഷ്ട്രീയം കൂട്ടി ഒരു ചായ കുടിച്ച്‌ അവന്‍ തിരിച്ച്‌ വീട്ടിലെത്തി. ചിലര്‍ കപ്പയും മീനും കൂട്ടി ഇത്തിരി കള്ള്‌ മോന്തും. കള്ളിണ്റ്റെ മണമുണ്ടായിരുന്നെങ്കിലും വൃത്തിയും വെടുപ്പുമുള്ള ജീവിതം. ഈ വൃത്തിയും വെടുപ്പും അവന്‍ സാമൂഹ്യജീവിതത്തിലും സൂക്ഷിച്ചു. ഇത്‌ കുറച്ചുകാലം മുമ്പ്‌ വരെയുള്ള അവസ്ഥ. 

കേരളത്തിനുപുറത്തെങ്ങും ഈ അവസ്ഥ കാണാനാവില്ല. ജോലി ചെയ്തുവന്നാല്‍ കുളിച്ച്‌ വസ്ത്രം മാറുന്ന പതിവൊന്നും അവിടങ്ങളില്‍ ഇല്ല. സ്വന്തമെന്ന്‌ പറയാന്‍ വീടും ചുറ്റുപാടുകളും ഇവിടങ്ങളില്‍ ഇല്ല എന്നതും ശരി. കിടന്നുറങ്ങുമ്പോള്‍ തലയ്ക്കു മേലൊരു മേലാപ്പ്‌ ഉണ്ടെങ്കില്‍ അത്‌ തന്നെ വലിയ കാര്യം. വൈകുന്നേരം കുളിച്ച്‌ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നത്‌ അവര്‍ക്ക്‌ ആര്‍ഭാടമാണ്‌. ഉത്തരേന്ത്യയില്‍ രാത്രി ഉള്ള ഇത്തിരി സ്ഥലത്ത്‌ ഒരടുപ്പ്‌ കൂട്ടി, അഞ്ചാറ്‌ ഉണക്ക റൊട്ടിയും ഇത്തിരി പരിപ്പും കൂട്ടി വയര്‍ നിറച്ച്‌ ആകാശത്തിണ്റ്റെ വിശാലമായ മേലാപ്പിന്‍ കീഴില്‍ ഉറക്കം. തമിഴ്നാട്ടിലാണെങ്കില്‍ റൊട്ടിക്കും പരിപ്പിനും പകരം ഇത്തിരി ചോറും സാമ്പാറും. 

കാലത്ത്‌ ഉണര്‍ന്നാല്‍ ഒരു ചെറിയ പാട്ടയുമായി പുറത്തിറങ്ങുകയായി. തീവണ്ടി പാത കടന്നുപോകുന്ന പരിസരമാണെങ്കില്‍ കാര്യം എളുപ്പമാണ്‌. ൧൮൫൩-ല്‍ ബ്രിട്ടീഷ്കാര്‍ ഇന്ത്യയിലെ ആദ്യ റെയില്‍ പാത തുടങ്ങുമ്പോള്‍ രാജ്യത്തിലെ ലക്ഷക്കണക്കായ പാവങ്ങള്‍ക്കായുള്ള കക്കൂസുകളാണ്‌ നിര്‍മ്മിക്കുന്നത്‌ എന്ന്‌ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കില്ല. ഇന്ന്‌ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു ലക്ഷത്തില്‍ കൂടുതല്‍ നീളമുള്ള പാതകള്‍ ഇങ്ങനെ മഹത്തായൊരു ധര്‍മം കൂടി നിര്‍വ്വഹിക്കുന്നു. 

നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വിശാലമായ പറമ്പിണ്റ്റെ തെക്കേ അതിര്‌ കാലത്ത്‌ പ്രാഥമികകര്‍മ്മം നിര്‍വ്വഹിക്കാനുള്ള ഇടമായിരുന്നു. പറമ്പിണ്റ്റെ അതിരില്‍ ധാരാളം മരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആവശ്യത്തിനുള്ള മറവ്‌ കിട്ടിയിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ തന്നെ വീട്ടില്‍ കക്കൂസ്‌ ഉണ്ടാക്കി. ആദ്യം കുഴികക്കൂസ്‌. വൈകാതെ തന്നെ ഒറ്റ അറയുള്ള ടാങ്കോട്‌ കൂടിയ ഒന്ന്‌. തുറന്ന സ്ഥലത്തുള്ള മലവിസര്‍ജനം അതില്‍ പിന്നീട്‌ വേണ്ടിവന്നിട്ടില്ല. 

പണ്ട്‌ ബോംബെയിലായിരിക്കുമ്പോള്‍ നിരന്തരം കണ്ടുകൊണ്ടിരുന്ന കാഴ്ച ഓര്‍മ്മയിലുണ്ട്‌. പണ്ടത്തെ സാന്താക്രൂസ്‌ വിമാനത്താവളത്തിലായിരുന്നൂ, ഓഫീസ്‌. താമസിക്കുന്നത്‌ ഏതാണ്ട്‌ ഒന്നര കിലോമീറ്റര്‍ മാറി അന്നത്തെ വെസ്റ്റേണ്‍ എക്സ്പ്രസ്‌ ഹൈവേയുടെ ഒരു വശത്തുള്ള എയര്‍പോര്‍ട്‌ കോളനിയിലും. ഹൈവേയുടെ മറുവശത്ത്‌ ഹനുമാന്‍ റോഡിലുള്ള ബസ്‌ സ്റ്റോപ്പില്‍ നിന്ന്‌ ബസ്സ്‌ പിടിച്ചാല്‍ ഏയര്‍പോര്‍ടിനുമുമ്പില്‍ ഇറങ്ങാം. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞാല്‍ ഞങ്ങള്‍ ഒരുമിച്ച്‌ ഹൈവേയ്ക്ക്‌ ഒരുവശത്തുള്ള സര്‍വീസ്‌ റോഡിലൂടെ നടക്കും. ഹൈവേയുടെ മറുവശത്ത്‌ ചേരികളാണ്‌. റോഡിണ്റ്റെ ഓരത്ത്‌ നിരനിരയായി ഇരിപ്പുണ്ടാവും ആളുകള്‍, കൈയില്‍ ഒരു പാട്ടയും പിടിച്ചുകൊണ്ട്‌. ഞങ്ങള്‍ കടന്നുപോകുമ്പോള്‍ അവര്‍ തലതാഴ്ത്തി പിടിക്കും. മുഖം കണ്ടാലല്ലേ നാണം തോന്നേണ്ട കാര്യമുള്ളൂ. ഞങ്ങള്‍ തമാശയായി പറയുമായിരുന്നു, കടന്നുപോകുന്ന ഞങ്ങള്‍ക്ക്‌ 'ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍' തരുകയാണെന്ന്‌. 

ഈ അവസ്ഥ ഇന്നുണ്ടോ എന്നറിയില്ല. ഇപ്പോള്‍ ബോംബെയില്‍ പോകുമ്പോഴൊന്നും ഇങ്ങനെ നടക്കാന്‍ അവസരമുണ്ടായിട്ടില്ല. പക്ഷേ ഇപ്പോഴും തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ഇത്തരം കാഴ്ചകള്‍ ശ്രദ്ധയില്‍ പെടാറുണ്ട്‌. ഡെല്‍ഹിയെന്നോ ബോംബെയെന്നോ ചെന്നൈയെന്നോ വ്യത്യാസമില്ലാതെ. ഇത്തരം കാഴ്ച അന്നും ഇന്നും കാണാന്‍ സാദ്ധ്യതയില്ലാത്ത ഒരു സ്ഥലം കേരളമാണ്‌. എന്നും ഇക്കാര്യത്തില്‍ അഭിമാനം തോന്നിയിരുന്നു. 

എയര്‍പോര്‍ട്ട്‌ ജോലി കാരണം എല്ലാ സംസ്ഥാനങ്ങളിലുള്ളവരുമായും സൌഹൃദം സ്ഥാപിക്കാനും നിരന്തരം സംസാരിക്കാനും അവസരം കിട്ടാറുണ്ട്‌. രാഷ്ട്രീയവും സാമൂഹ്യവിഷയങ്ങളും ഒക്കെ സംസാരവിഷയമാകും. തുടക്കത്തില്‍ ഇന്ത്യന്‍ നേവിയിലും പിന്നീട്‌ എയര്‍പോര്‍ട്ടിലും ജോലി ചെയ്ത്‌ ഇപ്പോള്‍ വിരമിച്ച്‌ വീട്ടിലിരിക്കുന്ന, യു. പി. യിലെ സുല്‍താന്‍പൂര്‍കാരനായ വര്‍മാജിയും ഞാനും നല്ല സുഹൃത്തുക്കളാണ്‌. ഇംഗ്ളീഷിലും ഹിന്ദിയിലും നല്ല പാണ്ഡിത്യമുള്ള, ഉര്‍ദുവില്‍ സാമാന്യ പരിജ്ഞാനമുള്ളയാളാണ്‌ വര്‍മാജി. നല്ല വായനക്കാരനായ വര്‍മാജിയും ഞാനും വായനാനുഭവങ്ങളും പലപ്പോഴും പുസ്തകങ്ങളും പങ്കുവെയ്ക്കാറുണ്ട്‌. 

വര്‍മാജിയ്ക്ക്‌ മലയാളികളോട്‌ വലിയ ബഹുമാനമാണ്‌. അതിന്‌ കാരണം നേവി ജീവിതകാലത്തുള്ള ഒരനുഭവമാണ്‌. നേവിയില്‍ അവിവാഹിതരായി കഴിയുമ്പോള്‍ കൂടെ ഒരു മലയാളി ഉണ്ടായിരുന്നത്രേ. അയാള്‍ വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമാണുപയോഗിക്കുക. എളുപ്പം മുഷിയുന്ന വെള്ള അടിവസ്ത്രം ഉപയോഗിക്കുന്നത്‌ കണ്ട്‌ കളിയാക്കിയപ്പോള്‍ അയാള്‍ പറഞ്ഞത്രേ, 'അടിവസ്ത്രം മുഷിയുന്നത്‌ നിങ്ങള്‍ക്കും എനിക്കും ഒരുപോലെയാണ്‌. എണ്റ്റേത്‌ മുഷിഞ്ഞാല്‍ പെട്ടെന്ന്‌ അറിയും. നിങ്ങളുടേത്‌ മുഷിഞ്ഞാല്‍ അറിയില്ല. വ്യത്യാസം അത്രയേ ഉള്ളൂ' എന്ന്‌. മലയാളിയുടെ ശുചിത്വബോധം എത്ര ഉയര്‍ന്നതാണെന്ന്‌ അന്ന്‌ മനസ്സിലായതായി വര്‍മ്മാജി എപ്പോഴും പറയും. 

ഞങ്ങളുടെ അസോസിയേഷണ്റ്റെ ജനറല്‍ സെക്രട്ടറിയായിരുന്ന വര്‍മാജി ഒരിക്കല്‍ തിരുവനന്തപുരത്ത്‌ വന്നു. തീവണ്ടി കയറാന്‍ നിന്ന വര്‍മാജിയും കൂടെയുണ്ടായിരുന്ന ബംഗാളിയായ ചാറ്റര്‍ജിയും സംസാരിച്ചത്‌ വൃത്തിയായി കാണപ്പെട്ട റെയില്‍ പാളത്തെ പറ്റിയായിരുന്നു. ആരും മലമൂത്ര വിസര്‍ജനം ചെയ്യാതെ കാണപ്പെട്ട റെയില്‍ പാളം അവര്‍ക്ക്‌ അത്ഭുതമായിരുന്നു. രാജ്യത്തിണ്റ്റെ ഇതരഭാഗങ്ങളില്‍ റെയില്‍ പാളത്തിണ്റ്റെ പ്രാഥമിക ധര്‍മം തീവണ്ടി ഓടുക എന്നതല്ല എന്ന്‌ ഇന്ത്യയില്‍ ഉടനീളം യാത്ര ചെയ്യുന്ന അവര്‍ക്കറിയാം.

കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്തമാവുന്നത്‌ ഉയര്‍ന്ന ജീവിത നിലവാരം കാരണമാണ്‌. സാക്ഷരത, പരിസര ശുചിത്വം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിനുള്ള സ്ഥാനം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവില്ല. അടച്ചുറപ്പുള്ള, ആധുനിക സൌകര്യങ്ങള്‍ ഉള്ള വീടുകള്‍. ചേരികള്‍ ഇല്ലെന്ന്‌ തന്നെ പറയാം. കക്കൂസില്ലാത്ത വീടുകള്‍ ഒരു പക്ഷേ ആദിവാസി ഊരുകളില്‍ മാത്രമായിരിക്കും. എന്നാല്‍ ശുചിത്വം സ്വന്തം കാര്യത്തില്‍ മതി എന്ന നിലയിലേക്ക്‌ മലയാളി എന്നാണ്‌ അധ:പതിച്ചത്‌? 

മാലിന്യം ഇന്ന്‌ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമായിരിക്കുന്നു. വീടുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ടി പൊതു ഇടങ്ങള്‍ മലിനമാക്കാന്‍ നമുക്ക്‌ ഒരു മടിയുമില്ലാത്തായിരിക്കുന്നു. വലിയ, ആധുനികസൌകര്യങ്ങളുള്ള വീട്ടില്‍ താമസം. ബ്രാന്‍ഡഡ്‌ വസ്ത്രങ്ങള്‍ ധരിച്ചേ പുറത്തിറങ്ങൂ, അതും വലിയ കാറില്‍. ഇരുട്ടിക്കഴിഞ്ഞാല്‍ കൈയില്‍ ഒരു പ്ളാസ്റ്റിക്‌ സഞ്ചി, സഞ്ചി എന്ന്‌ പറയാന്‍ പാടില്ല, ബാഗുണ്ടാവും. അതും കഴിയുമെങ്കില്‍ ഏതെങ്കിലും ഇണ്റ്റര്‍നാഷണല്‍ ബ്രാന്‍ഡിണ്റ്റെ പരസ്യമുള്ളത്‌. കാറില്‍ ചുറ്റിക്കറങ്ങി, ആളൊഴിഞ്ഞ നിരത്തിലോ, അഴുക്കുചാലിലോ കൈയിലുള്ള ബാഗ്ഗ്‌ കളഞ്ഞ്‌ ഒന്നുമറിയാത്തതുപോലെ തിരിച്ചുപോകാന്‍ നമ്മള്‍ പഠിച്ചിരിക്കുന്നു. നമ്മുടെ പുകള്‍പെറ്റ വിദ്യാഭ്യാസവും ശുചിത്വ ബോധവും ഒന്നും നമ്മെ തടയുന്നില്ല. ഹോട്ടലുകളും ആശുപത്രികളും മാലിന്യം പുഴകളിലേക്ക്‌ ഒഴുക്കി വിടുന്നു. രാത്രികളില്‍ അറവുശാലകളിലെ മാലിന്യം ലോറിയില്‍ കൊണ്ടുവന്ന്‌ റോഡരുകിലും പുഴയോരത്തും വയലുകളിലും നിക്ഷേപിച്ച്‌ ആളുകള്‍ ഓടി മറയുന്നു. ഈ നിക്ഷേപമല്ലേ ഡെങ്കുവായും ചിക്കന്‍ ഗുനിയയായും നമ്മള്‍ തന്നെ തിരിച്ചു വാങ്ങുന്നത്‌? 

പുറമെ വൃത്തിയില്‍ കാണുന്ന കേരളത്തിണ്റ്റെ പിന്നാമ്പുറം മാലിന്യങ്ങളുടെ കൂമ്പാരമാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ചേരികളില്ലാത്ത, വൃത്തിയുള്ള റോഡുകളുള്ള, ആരും പൊതുസ്ഥലത്ത്‌ മലമൂത്ര വിസര്‍ജനം ചെയ്യാത്ത കേരളം പകര്‍ച്ച പനികളുടെ വിളഭൂമിയാകുന്നു എന്ന സത്യത്തിന്‌ വേറെന്താണ്‌ ന്യായീകരണം? മഴ വീഴുന്നതിനുമുമ്പേ പകര്‍ച്ചപ്പനികള്‍ പെയ്തു തുടങ്ങുകയായി. 

കേരളത്തില്‍ ഇന്ന്‌ ഗ്രാമങ്ങളില്ല. വലിയ നഗരങ്ങള്‍ ഇല്ലാത്ത കേരളം ചെറിയ നഗരങ്ങളുടെ ഒരു ശൃംഘലയായി മാറിയിരിക്കുന്നു. കള്ള്ഷാപ്പ്‌ മാറി ബിവറേജസ്‌ കോര്‍പ്പറേഷന്‍ ആയപ്പോള്‍, കപ്പയും മീനും പൊരിച്ച കോഴിയ്ക്കും ചപ്പാത്തിയ്ക്കും വഴി മാറിയപ്പോള്‍ സംഭവിച്ചത്‌ കേവലം ഭക്ഷണത്തിലുള്ള മാറ്റമല്ല തന്നെ. ഗ്രാമത്തിണ്റ്റെ നന്‍മയും നൈര്‍മ്മല്യവും സാമൂഹ്യജീവിതത്തിലെ നെറിയും ഒക്കെ നമുക്ക്‌ നഷ്ടപ്പെട്ടു. 

രാഷ്ട്രീയത്തില്‍ നാറ്റക്കേസുകള്‍ സമ്മൃദ്ധമായി. സ്വാതന്ത്യ്രസമരത്തിണ്റ്റെ പൈതൃകം പേരുന്ന പത്രങ്ങള്‍ പോലും മഞ്ഞനിറമുള്ള വാര്‍ത്തകള്‍ക്ക്‌ പിന്നാലെ പായുന്നു. വാര്‍ത്താ ചാനലുകള്‍ സമൂഹത്തെ ബാധിക്കുന്ന ഗൌരവമുള്ള കാര്യങ്ങള്‍ വിട്ട്‌, ഈ നാറ്റക്കേസുകള്‍ക്ക്‌ പിറകെ ക്യാമറയും തൂക്കി നടപ്പാണ്‌. സ്വീകരണമുറിയില്‍ കുടുംബസമേതം കാണുന്ന പരമ്പരകളില്‍ വിവാഹേതര ബന്ധങ്ങളുടെ പെരുമഴ പെയ്യുന്നു. അഛനും അമ്മയും ആരെന്നറിയാതെ വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളും അവര്‍ ജീവിതത്തില്‍ നേരിടുന്ന പരീക്ഷണങ്ങളും വാവിട്ട്‌ കരയുന്നു. വിവാഹേതര ബന്ധമില്ലാത്ത, പണ്ടത്തെ ബന്ധത്തില്‍ ഒരു കുഞ്ഞില്ലാത്ത ഞാന്‍ മലയാളി തന്നെയോ എന്ന സംശയിക്കേണ്ടുന്ന അവസ്ഥയിലേക്ക്‌ ടി. വി. സീരിയലുകല്‍ മാറിയിരിക്കുന്നു. 

വീടിണ്റ്റെ പിന്നാമ്പുറത്തുള്ള മാലിന്യങ്ങള്‍ മണ്ണിര കമ്പോസ്റ്റ്‌ ആക്കാം, ബയോ ഗ്യാസ്‌ ഉണ്ടാക്കാം. മനസ്സിണ്റ്റെ പിന്നാമ്പുറത്ത്‌ നിരന്തരം അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നമ്മള്‍ എങ്ങനെ സംസ്കരിക്കും? 

വാല്‍ക്കഷണം: രണ്ടു മൂന്ന്‌ വര്‍ഷം മുമ്പ്‌ ഒരിക്കല്‍ ഒരു ട്രെയിനിംഗ്‌ പരിപാടിയുടെ ഭാഗമായി ജര്‍മ്മനി സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. കാള്‍സ്‌റുയി എന്ന സ്ഥലത്തായിരുന്നൂ, പരിശീലനം. രാവിലെ ഹോട്ടലില്‍ നിന്ന്‌ ട്രാം പിടിച്ച്‌ കമ്പനിയിലെത്തണം. വൈകീട്ട്‌ തിരിച്ചും. പന്ത്രണ്ട്‌ പേരടങ്ങുന്ന ഞങ്ങളുടെ സംഘം ഇന്ത്യന്‍ രീതികള്‍ക്കനുസരിച്ച്‌ നടപ്പാതകളെന്നോ റോഡെന്നോ വ്യത്യാസമില്ലാതെ ട്രാം സ്റ്റേഷനിലേക്കും തിരിച്ചും നടക്കും. 




ഒരിക്കല്‍ ട്രാമിനായി കാത്ത്‌ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ മുന്നിലൂടെ ഒരു സ്ത്രീ സൈക്കിളില്‍ പിന്നില്‍ ഘടിപ്പിച്ച കുട്ടയില്‍ കുഞ്ഞിനെ ഇരുത്തി ഓടിച്ചുപോയി. ട്രാമില്‍ സൈക്കിള്‍ നേരിട്ട്‌ കയറ്റാനുള്ള സൌകര്യമുണ്ട്‌. അതുകാരണം സ്റ്റേഷന്‍ പ്ളാറ്റ്ഫോമില്‍ സൈക്കിള്‍ ഓടിച്ച്‌ കയറാം. മുന്നോട്ട്‌ പോയ അവര്‍ ഉടനെ തിരിച്ചുവന്നു ഞങ്ങളുടെ മുന്നില്‍ സൈക്കിള്‍ നിര്‍ത്തി ഇറങ്ങി. നിലത്തുകിടന്നിരുന്ന ചുരുട്ടിക്കൂട്ടിയ ഒരു കടലാസ്‌ എടുത്ത്‌ മുന്നിലുള്ള ചറ്റുകുട്ടയില്‍ നിക്ഷേപിച്ച്‌ വീണ്ടും സൈക്കിള്‍ ഓടിച്ചുപോയി. ഞങ്ങളിലാരോ ചുരുട്ടി എറിഞ്ഞ കടലാസ്‌ ആയിരുന്നൂ അത്‌.