Tuesday, October 4, 2011
പാട്ടുകള്‍ക്കുമപ്പുറം
മരണം ഒരു വ്യക്തിയുടെ അവസാനമാണ്. എന്നാല്‍ ആ വ്യക്തി പുനര്‍ജനിക്കുന്നുണ്ട്, പലരുടേയും ചിന്തകളില്‍. അതുവരെ കാണാത്ത പല കാര്യങ്ങളും പെട്ടെന്ന് ഓര്‍മ്മയില്‍ കൊണ്ടുവരുന്നു, ചില മരണങ്ങള്‍. അതുല്യ പ്രതിഭാശാലികളുടെ കാര്യത്തില്‍ ഇത് വളരെ പ്രസക്തമാകുന്നു. ജോണ്‍സണ്‍ മാഷുടെ അകാലത്തിലുണ്ടായ അപ്രതീക്ഷ മരണം ഉള്ളിലെത്തിക്കുന്നത് ഇങ്ങനെയുള്ള ആലോചനകളാണ്.
ജോണ്‍സണ്‍ മാഷെ ഒരിക്കല്‍ മാത്രമേ നേരില്‍ കണ്ടിട്ടുള്ളു. ദില്ലിയില്‍ വെച്ച് ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുടെ കൂടെ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. സന്തത സഹചാരിയായ ഗിറ്റാര്‍ കഴുത്തില്‍ തൂക്കി, വഴങ്ങാത്ത, വെള്ളി വീഴുന്ന തൊണ്ടയില്‍ അദ്ദേഹം ചിലപാട്ടുകള്‍ പാടി. വേദി പുതിയ കുട്ടികള്‍ക്ക് വിട്ടുകൊടുത്ത് പിറകില്‍ ഇരുന്നിരുന്ന മാഷുമായി ദീര്‍ഘനേരം സംസാരിച്ചു.
അന്ന് മാഷ് പലതും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞ ഒരു കാര്യം മലയാള സിനിമാസംഗീതരംഗത്ത് എഴുപതുകളോടെ ഉണ്ടായ ഒരപചയത്തെപ്പറ്റിയാണ്. ഏത് പാട്ടും യേശുദാസ് പാടിയാലേ തൃപ്തി വരൂ എന്ന് ഇന്‍ഡസ്ട്രിക്ക് നിര്‍ബ്ബന്ധമായി. യേശുദാസ് എന്ന മഹാ ഗായകനെ സര്‍വ്വാത്മനാ അംഗീകരിക്കുമ്പോഴും സിനിമാരംഗത്തിനുണ്ടായ ഈ ശാഠ്യത്തിനോട് മാഷ്ക്ക് യോജിക്കാനായില്ല. നല്ല പാട്ടുകളെല്ലാം യേശുദാസിന്, അതുകഴിഞ്ഞാല്‍ ജയചന്ദ്രന് അതും കഴിഞ്ഞ് വല്ലതും ബാക്കിയുണ്ടെങ്കില്‍ മാത്രം ബ്രഹ്മാനന്ദനോ മറ്റോ. ഒരു തരം സംവരണം. ഈ സംവരണം കാരണം കോട്ടക്കല്‍ ചന്ദ്രശേഖരന്‍ അടക്കമുള്ള പ്രതിഭാശാലികളായ അനവധി ഗായകര്‍ക്ക് അവസരം കിട്ടാതെ പോയി എന്ന് മാഷ് പരിതപിച്ചു.
എഴുപതുകള്‍ക്ക് മുമ്പ് അതായിരുന്നില്ല സ്ഥിതി. അന്നത്തെ സംഗീതസംവിധായകര്‍ പാട്ടിണ്റ്റെ മൂഡിനനുസരിച്ച്, സന്ദര്‍ഭമനുസരിച്ച് പാട്ടുകാരനെ നിശ്ചയിക്കുകയായിരുന്നു. അതിനുള്ള സ്വാതന്ത്യ്രം അവര്‍ക്കുണ്ടായിരുന്നു. 'വണ്ടീ പുകവണ്ടീ ' പാടാന്‍ സീറൊ ബാബു എത്തിയതും 'നയാ പൈസയില്ല കൈയിലൊരു നയ പൈസയില്ല' പാടാന്‍ മെഹ്ബൂബ് എത്തിയതും അങ്ങനെയാണ്. ചുഴിയില്‍ ബാബുക്ക സ്വയം പാടിയ ഒരു പാട്ടുണ്ട്. 'ഒരു ചില്ലിക്കാശുമെനിക്ക് കിട്ടിയതില്ലല്ലൊ..' യേശുദാസും ജയചന്ദ്രനും ഒക്കെ ഉണ്ടായിട്ടും ആ പാട്ട് ബാബുക്ക സ്വയം പാടാന്‍ തീരുമാനിക്കുകയായിരുന്നു. 'നീലക്കുയിലി'ലും 'നായര് പിടിച്ച പുലിവാലി'ലുമെല്ലാം രാഘവന്‍ മാസ്റ്ററും മെഹ്ബൂബിണ്റ്റെ ശബ്ദം നന്നായി ഉപയോഗിച്ചു. 'കായലരികത്ത് വലയെറിയാന്‍' സ്വയം തീരുമാനിച്ചു.
എന്നാല്‍ പിന്നീട് ഇത് പൂര്‍ണ്ണമായും മാറി. തൊണ്ണൂറുകളില്‍ 'ചെങ്കോല്‍' എന്ന സിനിമയില്‍ ഏതോ തെരുവ് പാട്ടുകരന്‍ പാടുന്ന പാട്ടില്‍ ജോണ്‍സണ്‍ മാഷ്ക്ക് യേശുദാസിനെ ഉപയോഗിക്കേണ്ടി വന്നു. കൈതപ്രത്തിണ്റ്റെ വരികള്‍ക്ക് മാഷ് തീര്‍ത്ത മനോഹരഗാനം യേശുദാസ് അതിമനോഹരമായിത്തന്നെ പാടി. ജോണ്‍സണ്‍ മാഷ് ചെയ്ത നല്ല പത്ത് പാട്ടുകളെടുത്താല്‍ ഒന്ന് ഈ പാട്ടായിരിക്കും. പക്ഷേ അത് യേശുദാസിണ്റ്റെ പാട്ടായി മാത്രം നിന്നു. അതില്‍ തെരുവ് ഗായകന്‍ ഇല്ലാതെ പോയി. 'കറുത്ത പക്ഷികള്‍' എന്ന സിനിമയില്‍ മുരുകന്‍ എന്ന തമിഴന്‍ തൊഴിലാളി ഇല്ലാത്തതുപോലെ. അക്കാലത്ത് കേരളത്തില്‍ വന്ന് ചില്ലറ ജോലികള്‍ ചെയ്തുജീവിച്ചിരുന്ന നിരവധി തമിഴ്നാട്ടുകാരുടെ നിസ്സഹായത, ജീവിതതിലെ അശരണത ഒക്കെ കാട്ടിയ സിനിമയില്‍ പക്ഷെ നമ്മള്‍ ആ തമിഴനെ കണ്ടില്ല. നമ്മള്‍ കണ്ടത് മമ്മൂട്ടിയെ മാത്രം.
ഒരു പക്ഷേ മലയാള സിനിമയില്‍ നിന്ന് വെവിധ്യമുള്ള കഥകളും കഥാപാത്രങ്ങളും അപ്രത്യക്ഷ്മായതിണ്റ്റെ തുടക്കം ഈ കാലയളവിലാണെന്ന് തോന്നുന്നു. ചിലപ്പോഴെങ്കിലും അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വന്നപ്പോഴും പാട്ടുകള്‍ ശുദ്ധമലയാളത്തിലെഴുതി, ശുദ്ധസംഗീതത്തിണ്റ്റെ അകമ്പടിയോടെ യേശുദാസിണ്റ്റേയും ചിത്രയുടേയും ശ്രുതിമധുരമായ ശബ്ദങ്ങളില്‍ 'വേറിട്ടു' നിന്നു. 'അമരം' എന്ന ചിത്രം ഉദാഹരണം. 'ചെമ്മീന്‍'ഉം 'അമര'വും പറഞ്ഞത് ഒരേ കടലിണ്റ്റേയും കടലിണ്റ്റെ മക്കളുടേയും കഥയാണെങ്കിലും പാട്ടിണ്റ്റെ കാര്യത്തിലെങ്കിലും അന്തരം ഏറെ.
എന്നാല്‍ 'ചമയം' എന്ന സിനിമയില്‍ ഇതിനൊരപവാദമായി ഒരു പാട്ട് പിറന്നു. കൈതപ്രം രചിച്ച് ജോണ്‍സണ്‍ മാഷ് സംഗീതം ചെയ്ത 'അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്' എന്ന ഗാനം. ശരിക്കും കടലിണ്റ്റെ മണമുള്ള വരികള്‍ക്ക് തികച്ചും നാടന്‍ ഈണം കൊടുത്ത് മാഷ് മനോഹരമാക്കിയ ഒരു ഗാനം. ഈ പാട്ടില്‍ കടലുണ്ട്, നാടകമുണ്ട്, നാടന്‍ കള്ളുണ്ട്, ഇതിണ്റ്റെയൊക്കെ അപ്പുറം അസംസ്കൃതമായ ഒരു താളമുണ്ട്.
ശബ്ദത്തിണ്റ്റെ കൃത്യമായ ഉപയോഗം കൊണ്ട് ശ്രദ്ധേയമായ ഒരു പാട്ടാണ് 2004 ല്‍ ഇറങ്ങിയ 'കഥാവശേഷന്‍' എന്ന ടി. വി. ചന്ദ്രന്‍ ചിതത്തിലെ 'കണ്ണു നട്ടുകാത്തിരുന്നിട്ടും..' എന്ന തീവ്ര വിഷാദഗാനം. പട്ടിണിയും ദുരിതവും നിറഞ്ഞ ബാല്യത്തിണ്റ്റെ ഓര്‍മ്മകള്‍ വിടാതെ പിടികൂടിയ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിണ്റ്റെ വേദന നിറഞ്ഞ തൊണ്ടയില്‍ വിദ്യാധരന്‍ മാഷിണ്റ്റെ ശബ്ദം എത്ര കൃത്യമായാണ് ചേരുന്നത്.... ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഓരോ വാക്കും കുതിര്‍ന്നിരിക്കുന്നത് തോരാത്ത കണ്ണീരിലാണ്. പാട്ടില്‍ വിദ്യാധരന്‍ മാഷേയും പി. ജയചന്ദ്രനേയും ഉപയോഗിക്കാന്‍ കാണിച്ച ഔചിത്യത്തിന് എം. ജയചന്ദ്രന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
മലയാളസിനിമാരംഗത്ത് നില നിന്ന ഇത്തരം ദുശ്ശാഠ്യങ്ങള്‍ക്കെതിരായി ജോണ്‍സണ്‍ മാഷ് നിരന്തരം കലഹിച്ചു. കലഹിച്ചിട്ട് കാര്യമില്ലെന്നറിഞ്ഞിട്ടും, നഷ്ടം മത്രമേ ഉണ്ടാവുകയുള്ളൂ എന്നറിഞ്ഞിട്ടും അദ്ദേഹം കലഹിച്ചുകൊണ്ടേയിരുന്നു. കലഹിച്ചത് പലപ്പോഴും മലയാള സിനിമയിലെ വിഗ്രഹങ്ങളോടായിരുന്നു, താനും. കലഹത്തെ ഒരു സര്‍ഗ്ഗപ്രവര്‍ത്തനമായി മാഷ് കണ്ടിരുന്നോ എന്നറിയില്ല. പക്ഷെ മാഷുടെ കലഹത്തില്‍ ഒരു സര്‍ഗ്ഗാത്മകത ഉണ്ടായിരുന്നു, എന്നെനിക്ക് തോന്നുന്നു. മാഷുടെ കലഹം ഏറ്റെടുത്ത് വളര്‍ത്തിയെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നത് മലയാള സിനിമാസംഗീതത്തിന് ഒരു നഷ്ടമായി നിലനില്‍ക്കും, തീര്‍ച്ച.
കലഹിക്കുന്നവരെ ധിക്കാരികളും നിഷേധികളുമാക്കുന്ന ആധുനിക മലയാളികള്‍ മാഷേയും മൂലയ്ക്കിരുത്താന്‍ നോക്കി. പക്ഷേ സംഗീതം മാഷ്ക്ക് തൊലിപ്പുറത്തുള്ളതായിരുന്നില്ല. അതുകൊണ്ട് തന്നെ മലയാള സിനിമ മാഷെ തേടിവന്നുകൊണ്ടിരുന്നു. നല്ല ധാരാളം പാട്ടുകള്‍ പിറന്നു.
ജോണ്‍സണ്‍ മാഷുടെ സംഗീതത്തിന് പിന്‍ഗാമികളുണ്ടായേക്കാം. പക്ഷേ കളങ്കമില്ലാത്ത, നിഷേധിയായ (ഉള്‍ക്കരുത്തുള്ള നിഷേധം) മാഷുടെ വിയോഗം തീരാത്ത നഷ്ടമായി ഉള്ളില്‍ നീറിക്കൊണ്ടേയിരിക്കും, അദ്ദേഹം ചെയ്ത മനോഹരങ്ങളായ നിരവധി പാട്ടുകള്‍ക്കൊപ്പം. സിനിമയില്‍ പാട്ടുപാടാന്‍ ഗായകര്‍ കാശുമായി സംഗീത സംവിധായകരെ തേടിനടക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
Subscribe to:
Post Comments (Atom)
നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചതാണ്. ബ്ളോഗിലും പോസ്റ്റാമെന്ന് വിചാരിച്ചു
ReplyDeleteപ്രിയപ്പെട്ട വിനോദ്,
ReplyDeleteഎത്ര മനോഹരമായി,വസ്തു നിഷ്ഠമായി,മഹാനായ ജോണ്സന്‍ മാസ്റ്ററെ താങ്കള്‍ അനുസ്മരിച്ചു!ഒരു പാട് ഇഷ്ടമായി,ഈ പോസ്റ്റ്!മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍!
ഒരു പാട് വായനക്കാര്‍ ഈ ലേഖനം വായിക്കണം.
അഭിനന്ദനങ്ങള്‍,സുഹൃത്തേ!
സസ്നേഹം,
അനു
പ്രിയ അനുപമ, നല്ല വാക്കുകള്‍ക്ക് നന്ദി. താങ്കളുടെ പരിചയത്തിലുള്ള ബ്ളോഗര്‍മാര്‍ക്കു ലിങ്ക് അയച്ചുകൊടുക്കൂ. നമ്മുടെ മനസ്സിലുള്ള കാര്യങ്ങള്‍ അവര്‍ കൂടി അറിയട്ടെ.
ReplyDeleteവളരെ നന്നായി, മാഷേ.
ReplyDeleteനല്ല അനുസ്മരണക്കുറിപ്പ്
ReplyDeleteശ്രീ, അരീക്കോടന്‍ നന്ദി.
ReplyDeleteനിങ്ങളുടെ ശൈലിയ്ക്ക് ഒരു ജേര്‍ണല്‍ ടച് ഉണ്ട്. കോട്ടക്കല്‍ ചന്ദ്ര ശേഖരന്‍ എന്ന ഗായകന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അദ്ദേഹത്തെ മുഖ്യധാരയില്‍ കൊണ്ട് വരിക. നല്ല ശൈലി .കാണാം.
ReplyDeleteസുഹൃത്തേ കോട്ടക്കല്‍ ചന്ദ്രശേഖരന്‍ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിണ്റ്റെ കഴിവിനനുസരിച്ച് അവസരങ്ങള്‍ കിട്ടിയില്ലെങ്കിലും ഇപ്പോഴും രംഗത്തുണ്ട്. പാടിയ പല പാട്ടുകളും സിനിമയില്‍ ഇടം പിടിക്കാതെ പോയി, പഴശ്ശിരാജയിലേതടക്കം.
ReplyDelete