Monday, February 1, 2010

ഓര്‍മ്മപ്പാളങ്ങള്‍


ഓര്‍മകളും റെയില്‍ പാളങ്ങളും. വിദൂരമായ അവ്യക്തതയില്‍ തുടങ്ങി ക്രമേണ തെളിഞ്ഞ്‌ തെളിഞ്ഞ്‌ വീണ്ടും അനന്തതയിലേക്ക്‌ നീളുന്നു. എന്നാല്‍ പാളങ്ങള്‍ ഋജുവായി നീങ്ങുന്നു എന്നൊരു വ്യത്യാസമുണ്ട്‌. ഓര്‍മകളുടെ സഞ്ചാരത്തിന്‌ അങ്ങനെ കൃത്യമായ ഒരു പാത നിശ്ചയിക്കുക അസാദ്ധ്യം.

എവിടെയോ ഒന്നിക്കുന്നെന്ന തോന്നല്‍ ഉളവാക്കുന്ന പാളങ്ങളിലൂടെ നിരന്തരം ഓടുന്ന വണ്ടികള്‍. ഗതാഗതം എത്ര വിപ്ളവകരമായി പരിണമിച്ചാലും യാത്രയുടെ ഏറ്റവും സാമാന്യവും സ്ഥിരപ്രതിഷ്ഠവും ആയ രൂപം തീവണ്ടിയുടേതാണ്‌. യാത്രയാവട്ടേ സ്വപ്നങ്ങളുടേതാണ്‌, പ്രതീക്ഷകളുടേതും. ഒരിക്കലും അവസാനിക്കാത്ത സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പാതയൊരുക്കുന്നു, അനന്തമായി നീളുന്ന പാളങ്ങള്‍.

നഷ്ടസ്വപ്നങ്ങള്‍ക്കും ഭഗ്നപ്രതീക്ഷകള്‍ക്കും അവസാന മെത്ത ഒരുക്കുന്നതും ഇതേ പാളങ്ങള്‍. ജീവിതം ഒരിക്കലും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത സമാന്തരരേഖകളാവുമ്പോള്‍ ഒന്നുമില്ലാത്തവന്‌ ആശ്രയം ഈ പാളങ്ങള്‍. തിരഞ്ഞെടുപ്പിണ്റ്റെ അനിശ്ചിതത്തിനൊടുവില്‍ ഇമകള്‍ ചിമ്മി ഒരവസാന കുതിപ്പ്‌. സ്വപ്നങ്ങളുടെ തീവണ്ടിയേറി ഒരിക്കലും തിരിച്ചു വരേണ്ടതില്ലാത്ത യാത്ര. കാര്യമായ തയ്യാറെടുപ്പുകളൊന്നും ആവശ്യമല്ല തന്നെ. വളരെ ദൂരത്തുനിന്നു പോലും ബസ്സ്‌ കയറി ആളുകള്‍ എത്തിയിരുന്നു, ഈ പാളങ്ങളിലെ അവസാന നിദ്രക്കായി.

പരപ്പനങ്ങാടി റെയില്‍ വേ സ്റ്റേഷന്‍ തുടങ്ങി തെക്കോട്ട്‌ രണ്ടുമൂന്ന്‌ കിലോമീറ്റര്‍ ദൂരം ഇങ്ങനെ അവസാന യാത്രക്കായെത്തുന്നവരുടെ ഇഷ്ടപ്പെട്ട ഇടമായിരുന്നു, ഒരു കാലത്ത്‌. നാട്ടില്‍ത്തന്നെയുള്ളവരും അല്ലാത്തവരുമായി ഏറെ പേര്‍ക്ക്‌ മോചനം കിട്ടാന്‍ ഇത്രയും ദൂരത്തുള്ള പാളങ്ങള്‍ സഹായിച്ചിട്ടുണ്ട്‌. അന്യനാട്ടില്‍നിന്നെത്തുന്നവര്‍ പരപ്പനങ്ങാടിയില്‍ വണ്ടി അല്ലെങ്കില്‍ ബസ്സിറങ്ങി നേരെ തെക്കോട്ട്‌ നടക്കും. തീവണ്ടിയിറങ്ങി നടക്കുന്നവരാണെങ്കില്‍ തങ്ങളെ വഹിച്ചുകൊണ്ടുവന്ന വണ്ടിയെത്തന്നെ തങ്ങളുടെ അവസാന യാത്രക്കും ആശ്രയിക്കുന്നു.

ചെറുപ്പത്തില്‍ എത്രയെത്ര മരണങ്ങളാണ്‌ ഇങ്ങനെ മുന്നില്‍ സംഭവിച്ചിട്ടുള്ളത്‌. ഏറെയും മുഖമില്ലാത്തവയായിരുന്നു. ആദ്യമായി മരണത്തിന്‌ മുഖമുണ്ടായത്‌ പരിസരത്തുതന്നെയുള്ള രാമു വണ്ടിക്ക്‌ 'തലവെച്ച്‌' മരിച്ചപ്പോഴാണ്‌. മാറാത്ത വയറ്റുവേദനയായിരുന്നത്രേ രാജുവിന്‌. ആശുപ്പത്രികള്‍ ഏളുപ്പത്തില്‍ എത്തിപ്പിടിക്കാവുന്നതായിരുന്നില്ല, അക്കാലത്ത്‌ പ്രത്യേകിച്ചും സാധാരണക്കാര്‍ക്ക്‌. നമ്മുടെയൊക്കെ മുറ്റത്തുതന്നെ സാമാന്യം നല്ല ചികിത്സ കിട്ടുന്ന തരത്തിലേക്ക്‌ കേരളത്തിണ്റ്റെ ആരോഗ്യരംഗം ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു. രാജു സഹിക്കവയ്യാത്ത വയറ്റുവേദനക്കൊപ്പം എല്ലാവേദനകള്‍ക്കും അറുതിവരുത്തി. കൃത്യമായി മുറിഞ്ഞ്‌ വേറിട്ട ശിരസ്സ്‌ നീണ്ട മൂടിയില്‍ ചുറ്റിപ്പിടിച്ച്‌ ഏതോ ഒരു പോലീസുകാരന്‍ നടന്നുവരുന്ന ചിത്രം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്‌. ശരീരം കിടന്നിരുന്നത്‌ എണ്റ്റെ വീടിണ്റ്റെ നേരെ മുന്നിലായിരുന്നു, ശിരസ്സ്‌ ഏതാണ്ട്‌ അമ്പത്‌ മീറ്റര്‍ മാറി ചുടലപ്പറമ്പ്‌ മൈതാനത്തിണ്റ്റെ നേരെയും. (ചുടലപ്പറമ്പ്‌ മൈതാനമെന്നത്‌ ഒരുപാട്‌ ഫുട്ബോള്‍ കളിക്കാരെ സൃഷ്ടിച്ച ബി.ഇ.എം. ഹൈസ്കൂളിണ്റ്റെ മൈതാനമാണ്‌. )

ഓര്‍മയിലെ ആദ്യത്തെ തീവണ്ടിമരണം ഒരപകടമായിരുന്നു. പരപ്പനങ്ങാടി റെയില്‍ വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്കടിയിലൂടെ നൂണ്ടുകടക്കുകയായിരുന്ന രണ്ടുസ്ത്രീകള്‍ പെട്ടെന്ന്‌ നീങ്ങിയ വണ്ടിക്കടിയില്‍ പെട്ട്‌ മരിച്ചു. അക്കാലത്ത്‌ രാവിലെ അഞ്ചരയ്ക്ക്‌ കോഴിക്കോട്ട്‌ നിന്നുള്ള ഷൊര്‍ണൂറ്‍ പാസഞ്ചര്‍ വണ്ടിയും മംഗലാപുരം മെയിലും പോയാല്‍ പിന്നെ സന്ധ്യയ്ക്ക്‌ അതേ വണ്ടികള്‍ തിരിച്ചുവരുന്നതു വരെ വേറെ വണ്ടിയൊന്നും ഓടാനില്ല. ഇടയ്ക്ക്‌ തേരട്ടകളെപ്പോലെ ഗുഡ്സ്‌ വണ്ടികള്‍ മാത്രം അരിച്ചരിച്ചെത്തും. ഗുഡ്സ്‌ വണ്ടികളുടെ ബോഗികളുടെ എണ്ണമെടുക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ മത്സരിച്ചു. ഒരുവണ്ടിയില്‍ അമ്പതും അറുപതും ബോഗികളെണ്ണി ഞങ്ങള്‍ ഒന്നാമതെത്തിയിരുന്നു. ഇങ്ങനെ നീണ്ട ഗുഡ്സ്‌ വണ്ടികള്‍ ചിലപ്പോള്‍ സിഗ്നലിനായും മറ്റും റെയില്‍ വേ സ്റ്റേഷനില്‍ കിടക്കും. ഒന്നും രണ്ടും ഫര്‍ലോങ്ങ്‌ നീളത്തില്‍ വണ്ടി കിടക്കുമ്പോള്‍ റെയില്‍ പാളം മുറിച്ചുനീങ്ങേണ്ടവര്‍ക്ക്‌ വേറെ വഴിയുണ്ടായിരുന്നില്ല, തീവണ്ടിക്കടിയിലൂടെ നൂണ്ടുകടക്കുകയല്ലാതെ. രണ്ട്‌ ബോഗികള്‍ക്കിടയിലെ ഗാപ്പില്‍ തൂങ്ങിക്കിടക്കുന്ന കമ്പിയൊന്നും തട്ടി മുറിയാതെ അപ്പുറത്ത്‌ കടക്കുന്നതില്‍ ചെറിയ സാമര്‍ഥ്യം ആവശ്യമുണ്ടായിരുന്നു. കൂടാതെ സിഗ്നല്‍ നോക്കി വണ്ടി നീങ്ങാനായില്ലെന്ന്‌ ഉറപ്പ്‌ വരുത്തുകയും വേണം. ഇക്കാര്യം ശ്രദ്ധിക്കാതെ നൂണ്ടുകടക്കാന്‍ തുനിഞ്ഞതാണ്‌ ആ പാവം സ്ത്രീകള്‍ക്ക്‌ വിനയായത്‌.

ഈ അപകടമരണം അറിയുമ്പോള്‍ ഞാന്‍ വീട്ടിലായിരുന്നു. അപകടത്തിണ്റ്റെ വിവരത്തിനും മുമ്പെത്തിയത്‌ വടക്കേ വീട്ടിലെ കദീജത്താത്തയുടെ 'ചെയ്ത്താന്‍ കൂക്ക'ാണ്‌. എന്ത്‌ അപകടത്തെക്കുറിച്ചറിഞ്ഞാലും ഉടനെ അവര്‍ അപസ്മാരം ബാധിച്ച്‌ കൂക്ക്‌ തുടങ്ങും. ഏറേ നേരം കൂക്കി ഒടുവില്‍ തളര്‍ന്ന്‌ മയങ്ങും. അന്ന്‌ കദീജത്താത്ത കൂക്ക്‌ തുടങ്ങിയപ്പോള്‍ അമ്മ അന്വേഷിച്ചറിഞ്ഞു, അപകടത്തെപ്പറ്റി. കദീജത്താത്തയുടെ കൂക്ക്‌ അപായസൂചന തരുന്ന സൈറണ്‍ പോലെയായിരുന്നു, ഞങ്ങള്‍ പരിസര വാസികള്‍ക്ക്‌.

അതില്‍ പിന്നീട്‌ എത്ര എത്ര മരണങ്ങള്‍. മുഖമില്ലാത്തതും മുഖമുള്ളതുമായി. സ്വയം വരിച്ചതും അറിയാതെ കടന്നുവന്നതും. കിഴക്കുനിന്നെവിടെ നിന്നോ ബസ്‌ കയറി വന്ന്‌ പാളത്തില്‍ കയറി അവസാനയാത്ര പോയ ഒരമ്മ. പുസ്തകത്താളില്‍ ഒളിപ്പിച്ചുവെച്ച സ്വപ്നങ്ങളുമായി ഒരുമിച്ച്‌ വന്ന്‌ ഒരുമിച്ച്‌ യാത്രയായ കൂട്ടുകാരികള്‍. തണ്റ്റെ കുഞ്ഞു കുടയും സ്കൂള്‍ബാഗുമായി മരണത്തിലേക്കെന്നറിയാതെ പിച്ചവെച്ചുപോയ കേള്‍വിക്കുറവുണ്ടായിരുന്ന പെണ്‍ കുട്ടി. കോളേജ്‌ കലോത്സവത്തിണ്റ്റെ ഒരുക്കങ്ങള്‍ക്കായി അതിരാവിലെ ബസ്സ്റ്റാണ്റ്റിലേക്ക്‌ നടന്നുപോകുമ്പോള്‍ ഒരു ഞരക്കമായി കേട്ട അജ്ഞാത മരണം. ഒടുവില്‍ കഷണങ്ങളായി മുറിഞ്ഞുപോയ ശരീരഭാഗങ്ങള്‍ കുറുക്കന്‍മാര്‍ കടിച്ചുകൊണ്ടുപോവാതിരിക്കാന്‍ രാത്രി മുഴുവന്‍ കാവലിരുന്ന കുഷ്ഠരോഗികളുടെ കോളനിയിലെ ഖാദര്‍.

കുറച്ചുകൂടി മുതിര്‍ന്ന്‌ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടക്കുമ്പോള്‍ അസമയത്തുള്ള യാത്രകളില്‍ തീവണ്ടി പാളത്തില്‍ നിന്ന്‌ ശരീരമില്ലാത്ത തല പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. സിനിമ കഴിഞ്ഞ്‌ ഓവുപാലത്തിനരികിലൂടെ നടന്നു വരുമ്പോള്‍ ഓവുപാലത്തിനരികില്‍ പണ്ട്‌ ജീവന്‍ വെടിഞ്ഞ ചാത്തന്‍ പെട്ടെന്ന്‌ മുന്നില്‍ ചാടിവീഴും എന്ന്‌ പേടിച്ചു. ഭൂതവും പ്രേതവും വെറും തോന്നലാണെന്ന്‌ പഠിച്ച ഭൌതിക വാദം പറഞ്ഞുതന്നപ്പോഴും അര്‍ദ്ധരാത്രി ഒറ്റക്ക്‌ നടക്കുമ്പോള്‍ അറിയാതെ തിരിഞ്ഞുനോക്കി പോയി. എ.ടി. കോവൂരിണ്റ്റേയും ഇടമറുകിണ്റ്റെയും പുസ്തകങ്ങള്‍ വായിച്ചുകിട്ടിയ അറിവുകള്‍ ബോധമണ്ഡലത്തില്‍ ഇരുന്ന്‌ ഓര്‍മിപ്പിച്ചപ്പോഴും നടത്തത്തിന്‌ അറിയാതെ വേഗത കൂടി.

തീവണ്ടി റെയിവേസ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ്‌ വീടിനു മുമ്പിലായി നിന്നാല്‍ അപായശങ്ക പതിവായിരുന്നു. ആരാണ്‌, എവിടെനിന്നാണ്‌ ഇങ്ങനെ ചോദ്യങ്ങള്‍ ഉള്ളില്‍ മുഴങ്ങും. തീവണ്ടിയുടെ നിര്‍ത്താത്ത കൂക്കിവിളി മരണത്തിണ്റ്റെ സൈറണായിരുന്നു. അത്‌ ഏതെങ്കിലും മനുഷ്യജീവിയാകാം, നാല്‍ക്കാലികളാവാം. റെയിലിണ്റ്റെ വശങ്ങളില്‍ ധാരാളം പുല്ലു വളര്‍ന്നുനില്‍ക്കുമായിരുന്നതിനാല്‍ പശുക്കളെ മേയാന്‍ നീണ്ട കയറില്‍ കെട്ടിയിടുമായിരുന്നു, അക്കാലത്ത്‌. കയറിന്‌ നീളം കൂടിയോ അബദ്ധത്തില്‍ കയര്‍ പൊട്ടിയോ ഈ പാവം നാല്‍ക്കാലികള്‍ മരണത്തിണ്റ്റെ പാളങ്ങളിലേക്ക്‌ ഓടിക്കയറുമായിരുന്നു. ഞങ്ങളുടെ സ്വന്തം മിനിക്കുട്ടിയും ഇങ്ങനെ മരണം ഏറ്റുവാങ്ങി. ഞങ്ങള്‍ ഒരുപാട്‌ കരഞ്ഞു.

അയല്‍പക്കത്തുള്ള ദേവകിയേടത്തി ഭര്‍ത്താവ്‌ പ്രസാദേട്ടനുമായി വഴക്കിട്ട്‌ നെഞ്ചത്തടിച്ച്‌ നിലവിളിച്ചുകൊണ്ട്‌ പലതവണ ഈ പാളത്തിലേക്ക്‌ ഓടിക്കയറിയിട്ടുണ്ട്‌. ഓരോ തവണയും ആരെങ്കിലും ചെന്ന്‌ പിടിച്ചുമാറ്റി. അവരുടെ ശ്രമം ഒരിക്കലും വിജയം കണ്ടില്ല. ഭര്‍ത്തവുമൊത്തുള്ള ജീവിതത്തിലും അവര്‍ക്ക്‌ വിജയിക്കാനായില്ല. ഒരിക്കലും കൂട്ടിമുട്ടാത്ത പാളങ്ങളെപ്പോലെത്തന്നെ അവര്‍ ജീവിതത്തില്‍ മുന്നോട്ട്‌ പോയി.

ഇപ്പോള്‍ റെയില്‍ പാത ഇരട്ടിപ്പിച്ചിരിക്കുന്നു. വശങ്ങളില്‍ പുല്ലു വളര്‍ന്നു നില്‍ക്കുന്നില്ല. ഊട്ടാന്‍ പശുക്കളുമില്ല. തീവണ്ടികള്‍ രണ്ടുവശത്തേക്കും നിരന്തരമായി ഓടുന്നു. വര്‍ദ്ധിച്ച തീവണ്ടികളെക്കുറിച്ച്‌ കുട്ടികള്‍ക്കും നല്ല തിട്ടമുണ്ട്‌. ആത്മഹത്യകള്‍ കൂടിയിട്ടേ ഉള്ളു. മിക്കവാറും കൂട്ട ആത്മഹത്യകള്‍. അത്തരം ആത്മഹത്യകള്‍ക്ക്‌ റെയില്‍ പാളങ്ങള്‍ അനുയോജ്യമല്ല. അതുകൊണ്ടാവാം തീവണ്ടിക്കു മുമ്പില്‍ ചാടിയുള്ള ആത്മഹത്യകള്‍ വിരളം.

പാളങ്ങളെക്കുറിച്ചുള്ള ഈ കുറിപ്പ്‌ എഴുതിത്തീരുമ്പോള്‍ ഇതേ വിഷയത്തിലുള്ള ഒരു കവിത ഓര്‍മ്മ വരുന്നു. 'എരകപ്പുല്ല്‌' എന്ന പേരില്‍ ബ്ളോഗെഴുതുന്ന ടി.എ. ശശിയുടെ 'പാളക്കണ്ണാടി' എന്ന കവിത ഇങ്ങനെ.

'തീവണ്ടികള്‍
ചവച്ചോടി
ചവച്ചോടി
കിട്ടിയ
പാളത്തിളക്കത്തില്‍
കണ്ണാടിനോക്കാന്‍
കിടന്നതാകുമോ
കണ്‍തുറന്നേ
കിടക്കും
ശിരസ്സുകള്‍.'

14 comments:

  1. വിനോദ് തീവണ്ടിയും മരണങ്ങളും
    ഒരുപാട്പേർക്ക് വിഷയമായിട്ടുണ്ട്,
    ഒരുപാട് കാലം ദിവസത്തിൽ രണ്ടു
    തവണ തീവണ്ടി യാത്ര ചെയ്ത
    ആപഴയ കാലം ഒന്നുകൂടി ഓർക്കാൻ കഴിഞ്ഞു
    ഒറ്റ കുഴപ്പമേയുള്ളൂ മൂട്ട!!
    യാത്ര അല്പം നീണ്ടു പോയി ഈനൊരു പരാതി ഇല്ലാതല്ല

    ReplyDelete
  2. വിനോദ്,
    പൂരപ്പുഴക്കു മുകളിലൊരു പാലമുണ്ട്, ഇത്തിരി ദൂരെ ഒരു വളവും .. പാലത്തിനു മുകളില്‍ നിന്നാല്‍ വണ്ടി വരുന്നത് കാണാനാവില്ല..
    അതോര്‍ ക്കുമ്പോള്‍ പേടിയാവുന്നു....

    ReplyDelete
  3. നന്ദന, ഓര്‍മ്മകള്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്‌, ചിലപ്പോഴെങ്കിലും. അതുകൊണ്ടായിരിക്കാം നീണ്ടുപോയത്‌.

    ബാവ, അക്കാലത്ത്‌ അസമയത്ത്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ഓരോ തവണയും ഒരു ഉല്‍ക്കിടിലം തോന്നാറുണ്ട്‌. ഇന്നാരാണാവൊ?

    നന്ദി, ഈ സന്ദറ്‍ശനത്തിന്‌

    ReplyDelete
  4. മുഖമില്ലാത്ത
    മരണങ്ങള്‍...

    മരണത്തിന്റെ
    തീവണ്ടിയൊച്ചകള്‍....

    കൂ......!
    ടക് ടക് ടക്.....!

    കോഴിക്കോട്
    പഠിക്കുമ്പോള്‍
    ഞാനും
    കണ്ടിട്ടുണ്ടൊരു
    മുഖമില്ലാത്ത
    മരണം!

    ReplyDelete
  5. ജീവിത വേഗതയുടെ മറുവശക്കാഴ്ച്ചകള്‍...

    ഇതില്‍ പറഞ്ഞിരിക്കുന്നവരില്‍ എത്ര പേറ്‍ക്കു തീവണ്ടി ഒരു ആവശ്യമായി തോന്നിയിട്ടുണ്ടാവും? (ഒരു ആള്‍ക്കു വയറു വേദന ശമിപ്പിക്കാനുള്ള ഉപകരണവുമായി എന്നിരിക്കിലും.)

    ReplyDelete
  6. ജീവിതയാത്രയില്‍ ആദ്യമായി കണ്ട മൃദശരീരം തീവണ്ടിക്ക് തലവെച്ചു മരിച്ച എന്‍റെ ബന്ധുവിന്‍റേതായിരുന്നു .ഓര്‍മ്മകളിലൂടെ ... മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇന്നും ...

    ReplyDelete
  7. ദാ ഇപ്പൊ ശശിയേട്ടന്‍ പറഞ്ഞറിഞ്ഞു ഈ പോസ്റ്റ്‌ ബ്ളോഗ്ഗനയില്‍ വന്നകാര്യം... ഗ്രേറ്റ്‌...കലക്കി ആശംസകള്‍... ഈ വിജയം ഇനിയും അവര്‍ത്തിക്കും... എല്ലാ ആശംസകളും നേര്‍ന്നു കൊണ്ട്‌...

    ReplyDelete
  8. ബ്ലോഗനയിൽ വായിച്ചു. ഇവിടെക്കൂടി വന്നിട്ടു പോകാമെന്നു കരുതി. നന്നായിട്ടുണ്ട്. ആശംസകൾ!

    മറ്റൊന്നും തോന്നരുത്; കമന്റെഴുത്തിലെ ഈ വേർഡ് വെരിഫിക്കേഷൻ എന്ന തൊല്ല അങ്ങൊഴിവാക്കി സെറ്റ് ചെയ്തുകൂടേ? താങ്കളുടെ ഇഷ്ടം. പറഞ്ഞെന്നുമാത്രം!

    ReplyDelete
  9. ബ്ലോഗന വഴി അന്വേഷിച്ചു വന്നതാണ്.നന്നായിട്ടൂണ്ട്!

    ReplyDelete
  10. മാതൃഭൂമിയിൽ വായിച്ച് ഇതാരാന്ന് നോക്കണല്ലൊ ന്ന് വിചാരിച്ച് വന്നതാ.. എന്റെ ബ്ലോഗിൽ ഈ ഐഡി കണ്ടപ്പോൾ അത് “കരിയില” യാവും ന്ന് കരുതിയില്ല.. ക്ലിക്കി വന്നപ്പോൾ എത്തിയതിവിടെ...

    ReplyDelete
  11. ബ്ലോഗനയില്‍ കണ്ടു. അഭിനന്ദനങ്ങള്‍.!

    ReplyDelete
  12. blog very good...........read mathrubhumi

    ReplyDelete
  13. മുക്താര്‍, ജിതെന്ദ്ര, ജീവി കരിവെള്ളൂറ്‍, സന്തോഷ്‌, സജീം, സജി, ഇട്ടിമാളു, നന്ദി, ഈ വരവിനും നല്ല വാക്കുകള്‍ക്കും.

    ReplyDelete