Thursday, March 4, 2010

സമാന്തരങ്ങള്‍

അങ്ങനെ ശിവരാമനും സി.പി.എം വിട്ടു. അബ്ദുള്ളക്കുട്ടിയും കെ.എസ്‌.മനോജും അതിനൊക്കെ വളരെ മുമ്പെ ആഞ്ചലോസും തിരഞ്ഞെടുത്ത അതേ വഴി തന്നെ ശിവരാമനും. വ്യത്യാസം ഇത്രമാത്രം. വലിയേട്ടനോട്‌ പിണങ്ങി ആഞ്ചലോസ്‌ എത്തിച്ചേര്‍ന്നത്‌ അനുജണ്റ്റെ വീട്ടിലായിരുന്നു. വലിയ കമ്യൂണിസ്റ്റ്‌ കുടുംബം വിട്ട്‌ അയല്‍ക്കാരണ്റ്റെ വലിയവീട്ടില്‍ കുടിയേറിയില്ല. അത്രയും തിരിച്ചറിവ്‌ അദ്ദേഹം കാണിച്ചു.

ഓര്‍ക്കുന്നില്ലേ സ. ശിവരാമനെ. തണ്റ്റെ ഓലക്കുടിലിനുമുമ്പില്‍ എണ്ണമയമാര്‍ന്ന മുടി പറ്റിച്ചുചീകിവെച്ച്‌ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ആ ചിത്രം എങ്ങനെ മറക്കാന്‍? കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഏറെക്കാലം കൊണ്ടാടി ആ ചിത്രം. ഉറച്ച കമ്യൂണിസ്റ്റ്‌ വിരുദ്ധര്‍പോലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ചു. ചില പത്രങ്ങള്‍ മുഖപ്രസംഗം വരെ എഴുതിയോ എന്ന്‌ സംശയം. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്‌ രോമാഞ്ചമുണ്ടായി. മൊത്തം നാട്ടുകാരിലേക്ക്‌ പകര്‍ന്ന ആ രോമാഞ്ചം വോട്ടുകളായി മാറി. ശിവരാമന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ ധൈര്യം തുടങ്ങിയത്‌ ടി.ജെ. ആഞ്ചലോസിലാണ്‌. വെറുമൊരു മുക്കുവക്കുടിലില്‍ നിന്ന്‌ വന്ന ആഞ്ചലോസിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട്‌ തുടങ്ങിയ പരീക്ഷണം വിജയകരമായി തുടരുകയായിരുന്നു, ഒറ്റപ്പാലത്ത്‌. അതും വമ്പിച്ച വിജയമായി. തുടര്‍ന്ന്‌ കണ്ണൂരില്‍, ഒടുവില്‍ ആലപ്പുഴയില്‍ വീണ്ടും ഡൊ. കെ. എസ്‌. മനോജിലൂടെ. കെ. എസ്‌. മനോജിണ്റ്റെ കാര്യത്തില്‍ ഒരു പ്രധാന വ്യത്യാസമുണ്ടായിരുന്നു. മുന്‍ചൊന്ന മറ്റുള്ളവരെപ്പോലെ സമൂഹത്തിണ്റ്റെ കീഴ്തട്ടില്‍ നിന്ന്‌ വന്നയാളായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിനെ പരീക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറായതിന്‌ പിന്നില്‍ കാരണങ്ങള്‍ വേറെയായിരുന്നു. ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്‌ ഇവരില്‍ ആദ്യത്തെ മൂന്നുപേരുടെ കാര്യം മാത്രമാണ്‌.

എന്തുകൊണ്ടാണ്‌ ആഞ്ചലോസില്‍തുടങ്ങി ശിവരാമനിലൂടെ അബ്ദുള്ളക്കുട്ടിയിലെത്തിയ ഈ പരീക്ഷണം ഇത്ര പ്രസക്തമായത്‌. ഇവരെപ്പോലെയോ ഇവരില്‍ കൂടുതലായോ ലളിതമായ പശ്ചാത്തലത്തില്‍ നിന്ന്‌ വന്ന നേതാക്കന്‍മാര്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലുണ്ടായിരുന്നില്ലേ? ധാരാളം പേര്‍ അങ്ങനെയുണ്ടായിരുന്നു, എന്നല്ല ഏറെപ്പേരും അങ്ങനെയുള്ളവരായിരുന്നു. പിന്നീടാണ്‌ മധ്യവര്‍ഗത്തില്‍ നിന്ന്‌ വന്ന നേതാക്കള്‍ ഭൂരിപക്ഷമായിത്തുടങ്ങിയത്‌. അധ്യാപകരംഗത്തുനിന്ന്‌ വന്നവരും വക്കീലന്‍മാരും എന്‍.ജി.ഓ യൂണിയനില്‍ നിന്ന്‌ വന്നവരും ഒക്കെയാണ്‌ പിന്നീട്‌ എം.എല്‍.എ മാരും എം.പി. മാരും ഒക്കെ ആയിവന്നത്‌. എസ്‌.എഫ്‌.ഐ യില്‍ നിന്നും ഡി.വൈ.എഫ്‌.ഐയില്‍ നിന്ന്‌ നേരിട്ട്‌ പാര്‍ലിമെണ്റ്റിലും നിയമസഭയിലും എത്തിയവരുടെയും സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലം താരതമ്യേന ഉയര്‍ന്നതായിരുന്നു. ഈ അവസ്ഥയിലാണ്‌ മേല്‍പറഞ്ഞ സ്ഥാനാര്‍ത്ഥിത്വം പ്രാധാന്യം അര്‍ഹിക്കുന്നത്‌.

ഈ മൂന്നുപേരും പാര്‍ട്ടിയിലോ പോഷകസംഘടനകളിലോ ഉന്നതസ്ഥാനങ്ങളില്‍ ഏറെക്കാലം ഇരുന്നിട്ടില്ല, സ്ഥാനാര്‍ഥിത്വത്തിന്‌ മുമ്പ്‌. എന്ന്‌ പറഞ്ഞാല്‍ ഇവരെ മൂന്നുപേരേയും പാര്‍ട്ടി ഒരു സുപ്രഭാതത്തില്‍ കണ്ടെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ മാത്രം. അതില്‍ പാര്‍ട്ടി വിജയം കാണുകയും ചെയ്തു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംഘടനാ സ്വഭാവവും അധികാര ശ്രേണിയും അറിയുന്നവര്‍ക്കറിയാം അവിടെ പാര്‍ട്ടി നേതാക്കള്‍ക്കാണ്‌ പരമമായ അധികാരം. എം.പി. സ്ഥാനവും എം.എല്‍.എ സ്ഥാനവും പാര്‍ട്ടി നല്‍കുന്ന ജോലി മാത്രം.ഇന്നലെ എം.പി. ആയിരുന്നിരിക്കാം, പക്ഷെ ഇനി കര്‍ഷകത്തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കണം എന്ന്‌ പാര്‍ട്ടി തീരുമാനിച്ചാല്‍ അതിന്‌ എതിര്‍വായില്ല. പാര്‍ലിമെണ്റ്ററി പ്രവര്‍ത്തനം പാര്‍ട്ടിയുടെ അടവുനയത്തിണ്റ്റെ ഭാഗമാണെന്ന്‌, അത്‌ മാത്രമാണെന്ന്‌ രേഖയിലെങ്കിലും ഇപ്പോഴും പറയുന്ന പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ഇത്‌ ശരിയുമാണ്‌.

ഒരു സുപ്രഭാതത്തില്‍ അധികാരത്തിണ്റ്റെ കൊത്തളങ്ങളില്‍ ചെന്ന്‌ വീണ ഈ പുത്തന്‍കൂറ്റുകാര്‍ അതില്‍ സ്വല്‍പം മതിമറന്നോ? അങ്ങനെ തോന്നാന്‍ കാരണങ്ങള്‍ ധാരാളമുണ്ട്‌. ഇതില്‍ അബ്ദുള്ളക്കുട്ടിയുടേയും ശിവരാമണ്റ്റേയും കാര്യം പ്രത്യേകം കാണുകതന്നെ വേണം. രണ്ടുപേരും 'വര്‍ഗവഞ്ചന' നടത്തി ശത്രുക്കളുമായി കൂട്ടുചേര്‍ന്നിരിക്കുകയാണെന്നുള്ളതുകൊണ്ടുതന്നെ. എം.പി. സ്ഥാനം വഹിക്കുന്ന തങ്ങള്‍ക്ക്‌ വേണ്ടത്ര പരിഗണന പാര്‍ട്ടി തന്നില്ല എന്ന പരാതി ഇരുവര്‍ക്കും ഉണ്ടായിരുന്നു എന്ന്‌ വ്യക്തം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അബ്ദുള്ളക്കുട്ടിയുടെ ദീര്‍ഘമായ അഭിമുഖത്തില്‍ അങ്ങനെ തോന്നിപ്പിക്കാന്‍ ധാരാളം സൂചനകളുണ്ട്‌. ശിവരാമണ്റ്റേതായി വന്ന ചില പ്രസ്താവനകളും അങ്ങനെ സൂചിപ്പിക്കുന്നു.

കണ്ണൂരില്‍ സ്ഥിരമായി ജയിച്ചുവന്നിരുന്ന മുല്ലപ്പള്ളിയെ മലര്‍ത്തിയടിച്ച അബ്ദുള്ളക്കുട്ടിയും കെ. ആര്‍. നാരായണണ്റ്റെ തട്ടകത്തില്‍ ഗംഭീരഭൂരിപക്ഷത്തിന്‌ വിജയിച്ച ശിവരാമനും ഇത്‌ തങ്ങളുടെ വ്യക്തിപരമായ വിജയമായി കണ്ടോ? അങ്ങനെ ഒരഹങ്കാരം ഉള്ളില്‍ മുളച്ചോ? സാധ്യതയുണ്ട്‌. അവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രത്യേകിച്ചും താഴേത്തട്ടിലുള്ള അവരുടെ വേരുകള്‍ കുറേ വൊട്ടുകള്‍ അവരുടെ പെട്ടിയില്‍ വീഴ്ത്തിയിട്ടുണ്ടാവാം. അതുപോലും അവരുടെ വ്യക്തിപരമായ വോട്ടുകളായി എണ്ണാന്‍ പറ്റുന്നതല്ല. അവരെ സ്ഥാനാര്‍ത്ഥിയാക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിനുള്ള വോട്ടുകളാണവ. അങ്ങനെ അല്ലെന്നുള്ള തോന്നല്‍ അവര്‍ക്കുണ്ടായെങ്കില്‍ അത്‌ നിര്‍ഭാഗ്യകരമാണ്‌. അത്‌ കാണിക്കുന്നത്‌ അവരുടെ ഉള്ളിലുള്ള അരാഷ്ട്രീയതയുടെ വേരോട്ടം തന്നെയാണ്‌.

ഇനി പാര്‍ട്ടിയുടെ മേലാളന്‍മാര്‍ക്ക്‌ ഇവര്‍ എന്തു തന്നെയായാലും ആ പഴയ, തങ്ങള്‍ കണ്ടുപിടിച്ച്‌ കൈപിടിച്ചുയര്‍ത്തി ഒരു സ്ഥാനത്തിരുത്തിയ ആ പഴയ ചെക്കന്‍മാര്‍ തന്നെ എന്ന തോന്നലുണ്ടായോ? നിങ്ങള്‍ ഇപ്പോഴെന്തായാലും അതിന്‌ കാരണം ഞങ്ങള്‍ തന്നെ എന്ന ഒരു ഭാവം അവര്‍ക്കുണ്ടായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. പാര്‍ട്ടിക്കൂറും വിനീത വിധേയത്വവും തമ്മില്‍ മാറിപ്പോകുന്നുണ്ടോ? അവിടെ നിന്നും മുന്നോട്ട്‌ (?) പോയി അത്‌ നേതാക്കന്‍മാരോടുള്ള കൂറായി എവിടെയോ പരിണാമപ്പെടുന്നുണ്ടോ? അറിയില്ല. എന്തായാലും പാര്‍ട്ടിയില്‍ ഒരു കാലത്തുണ്ടായിരുന്ന സഹവര്‍ത്തിത്തം നഷ്ടപ്പെട്ടതിനെയാണ്‌ ഇങ്ങനെയുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്‌.

ഇങ്ങനെയുള്ള മറുകണ്ടം ചാടലുകള്‍ ഇതിനു മുമ്പും നടന്നിട്ടുണ്ട്‌. വളര്‍ത്തി, പഠിപ്പിച്ച്‌ വലുതാക്കിയ പാര്‍ട്ടിയെ പുറം കാല്‍ കൊണ്ട്‌ ചവുട്ടി പുറത്തുപോയവരുമുണ്ട്‌. അഡ്വ. കെ. എന്‍. എ ഖാദര്‍ വളര്‍ന്നത്‌ സി.പി.ഐ ആപ്പീസിലായിരുന്നു. കിടക്കാനിടം കൊടുത്തതും പഠിക്കാന്‍ എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്തത്‌ പാര്‍ട്ടി സഖാക്കളായിരുന്നു. അന്നത്തെ സ്വാധീനം ഉപയോഗിച്ച്‌ റഷ്യയില്‍ അയച്ചാണ്‌ പഠിപ്പിച്ചത്‌. വക്കീലായി, സി.പി.ഐ. യുടെ നേതാവുമായി. ഒന്നുരണ്ടുതവണ നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിപ്പിക്കുകയും ചെയ്തു. മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം പറയുമ്പോള്‍ മാത്രം കടന്നുവരാറുള്ള പൊന്നാനി പോലെയുള്ള മണ്ഡലങ്ങളിലേക്കായിരുന്നു, മത്സരം. ഒരിക്കല്‍ പോലും ജയിച്ചില്ല. ഒരു സുപ്രഭാതത്തില്‍ സ. കെ.എന്‍.എ ഖാദര്‍ പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ കാല്‍ക്കല്‍ സമസ്ഥാപരാധവും ഏറ്റുപറഞ്ഞ്‌ നല്ല മുസ്ളീമായി. കേരളത്തില്‍ നല്ല മുസ്ളീമാവാനുള്ള ലളിതമായതും എളുപ്പമുള്ളതുമായ വഴി മുസ്ളീം ലീഗില്‍ ചേരുക എന്നതാണ്‌. സ. കെ എന്‍.ഇ ഖാദര്‍ അങ്ങനെ ജ. കെ.എന്‍.ഇ. ഖാദര്‍ സാഹിബായി. ലീഗിണ്റ്റെ നേതാവും എം.എല്‍.ഇ യുമായി. സി.പി.ഐ യില്‍ ഏറെ നാളിരുന്നും സാധിക്കാത്ത കാര്യം കുറച്ചുനാളത്തെ ലീഗ്‌ വാസം കൊണ്ട്‌ സാധ്യവുമായി.

അധികാരത്തിണ്റ്റെ ഇടനാഴികളില്‍ അലഞ്ഞ്‌ മതിമറന്നു പോയതാണെന്ന്‌ പറയാന്‍ കഴിയില്ല. ഒരു പക്ഷേ ആ ഇടനാഴികളിലെത്തന്‍ തന്നെ താനാക്കിയ സി.പി.ഐ യില്‍ നിന്നാല്‍ കഴിയില്ലെന്നുള്ള തോന്നല്‍ കാരണമായിരിക്കാന്‍ സാധ്യത ഏറെ ഉണ്ട്‌ താനും. പാര്‍ട്ടി തന്നെ ജയിക്കാന്‍ സാധ്യതയുള്ള സീറ്റില്‍ മത്സരിപ്പിക്കാത്തതിണ്റ്റെ കെറുവാണോ ഇങ്ങനെ തന്നെ താനാക്കിയ പാര്‍ട്ടി വിടാന്‍ അദ്ദേഹത്തിനെ പ്രേരിപ്പിച്ചത്‌? അതും ഒരു കാരണം ആയിരിക്കാം.

പരപ്പനങ്ങാടിയില്‍ ഒരു മജീദുണ്ടായിരുന്നു. കേരളത്തിലെ മുസ്ളീംകള്‍ക്ക്‌ വളരെ പ്രാധാനപ്പെട്ട ഒരു പ്രദേശത്തുനിന്ന്‌ വന്ന്‌ ഞങ്ങളുടെ നാട്ടില്‍ താമസമാക്കിയവരായികുന്നു, അവനും ഉമ്മയും. ഞങ്ങളുടെ ഗ്രാമത്തിലെ ചേരിയെന്ന്‌ പറയാന്‍ പറ്റുന്ന ഒരു കോളനിയില്‍ അവര്‍ ഒരു കുടിലില്‍ താമസമാക്കി. ഒരുപാട്‌ മജീദുമാര്‍ ഉള്ള പരപ്പങ്ങാടിയില്‍ അവന്‍ അവണ്റ്റെ ജന്‍മസ്ഥലപ്പേര്‌ വെച്ചാണറിയപ്പെട്ടിരുന്നത്‌. ആ കോളനിയില്‍ അക്കാലത്ത്‌ താമസക്കാരായ സ്ത്രീകളില്‍ പലരും കല്യാണത്തിന്‌ ഒപ്പന പാടാന്‍ പോകുമായിരുന്നു. ചില സ്ത്രീകളെങ്കിലും വഴി തെറ്റി നാട്ടിലെ മുതലാളിമാരുടെ കിടപ്പറയില്‍ എത്തിയിരുന്നു, എന്ന്‌ ജനസംസാരമുണ്ടായിരുന്നു. ഏതായാലും നാട്ടില്‍ ആ കോളനിക്ക്‌ രഹസ്യമായിട്ടെങ്കിലും ....തെരു എന്ന പേരും ഉണ്ടായിരുന്നു. പുരുഷന്‍മാര്‍ തീവണ്ടിയില്‍ നാരങ്ങയും നിലക്കടലയും വിറ്റ്‌ നടന്നു. മജീദും അവരോടൊപ്പം തീവണ്ടിയില്‍ ചില്ലറ സാധങ്ങള്‍ വില്‍പ്പന നടത്തി കഴിഞ്ഞു. പാരമ്പര്യമായിക്കിട്ടിയ ഒപ്പന പാടിക്കിട്ടുന്ന വരുമാനം വെച്ച്‌ ആ ഉമ്മയ്ക്ക്‌ മകനെ പഠിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.

കോളനിയ്ക്ക്‌ അടുത്ത പറമ്പ്‌ മുന്‍സീഫ്‌ കോടതിയാണ്‌. മലയാള നോവല്‍ സാഹിത്യത്തിണ്റ്റെ പിതാവെന്നറിയപ്പെടുന്ന ഓ. ചന്ദുമേനോന്‍ മുന്‍സീഫ്‌ സ്ഥാനം വഹിച്ചിരുന്ന അതേ കോടതി. കോടതിക്ക്‌ മുന്നില്‍ റോഡിണ്റ്റെ മറുവശം വക്കീലന്‍മാരുടെ ആഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പഴയ ഒന്നു രണ്ട്‌ കെട്ടിടങ്ങളുണ്ടായിരുന്നു. ഒന്നിണ്റ്റെ മുകളില്‍ അന്നത്തെ ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ ആഫീസും പ്രവര്‍ത്തിച്ചു. അതിണ്റ്റെ പിന്നില്‍ അക്കാലത്തെ എന്‍.ജി.ഓ യൂണിയണ്റ്റേയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും സജീവ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ലോഡ്ജ്‌. പേര്‌ 'വൈറ്റ്‌ ഹൌസ്‌'. (താമസം അടിയുറച്ച കമ്യൂണിസ്റ്റ്‌ കാരായിരുന്നിട്ടും എങ്ങനെ അമേരിക്കന്‍ പ്രസിഡണ്റ്റിണ്റ്റെ വീടിണ്റ്റെ പേര്‍ കൊടുത്തു എന്നറിയില്ല. വല്ല ക്രെംലിന്‍ കൊട്ടാരമെന്നോ മാര്‍ക്സ്‌ ബംഗ്ളാവെന്നോ ആകേണ്ടിരിരുന്നില്ലേ എന്ന്‌ സംശയം തോന്നിയിരുന്നു, പലപ്പോഴും). ആദ്യകാലത്തെ ഉറച്ച ഇടതുപക്ഷ ബോധത്തിനൂടമകളായിരുന്ന സഖാക്കള്‍ പെണ്ണും പിടക്കോഴിയുമായി ആയി വൈറ്റ്‌ ഹൌസ്‌ വിട്ടു. ചിലര്‍ സ്ഥലം മാറ്റമായി സ്വന്തം നാട്ടിലേക്കുപോയി. പിന്നീടുവന്ന അരാഷ്ട്രീയ വാദികള്‍ അതിന്‌ കഞ്ഞിപ്പുര എന്ന്‌ പേരുമാറ്റം നടത്തിയത്‌ പില്‍കാല ചരിത്രം.

കോളനിയുടെ ഇത്തിരി വടക്കോട്ട്‌ മാറി അഞ്ചാറ്‌ മുറി പീടികയില്‍ ഒന്നില്‍ പരപ്പനങ്ങാടിയിലെ സി.പി.എം ണ്റ്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലേട്ടണ്റ്റെ തയ്യല്‍ കട. വളരെ മെലിഞ്ഞിട്ടായതിനാല്‍ ഇല്ലിക്കോല്‌, ഈനാദി തുടങ്ങിയ വിശേഷണങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ബാലേട്ടന്‌ കൊടുത്തിരുന്നു. സമൂഹത്തിണ്റ്റെ പുറമ്പോക്കില്‍ ജീവിക്കുന്നവര്‍ അന്ന്‌ സ്വാഭാവികമായും സഹായത്തിനായി ഉറ്റുനോക്കിയിരുന്നത്‌ സി.പി.എം നേതാക്കളെയായിരുന്നു. ഈ കോളനിവാസികളും അവരുടെ സാമൂഹ്യ ആവശ്യങ്ങള്‍ക്ക്‌ ആശ്രയിച്ചിരുന്നത്‌ ബാലേട്ടനെയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷ തയ്യാറാക്കല്‍, അതിണ്റ്റെ തുടര്‍ നടപടികള്‍ തുടങ്ങി പെറ്റി കേസ്സുകളില്‍ പോലീസ്‌ പിടിക്കുന്ന കോളനിക്കാരെ ഇറക്കിക്കൊണ്ടുവരുന്നതുപോലുള്ള എല്ലാ കര്യങ്ങള്‍ക്കും ആശ്രയം ബാലേട്ടന്‍ തന്നെയായിരുന്നു. മജീദും ഉമ്മയും സ്വാഭാവികമായും പാര്‍ട്ടി അനുഭാവികളായി.

മജീദ്‌ പത്താംക്ളാസ്സ്‌ പാസ്സായി. വൈറ്റ്‌ ഹൌസില്‍ താമസക്കാരായിരുന്ന സഖാക്കളൂടെ ശ്രദ്ധയില്‍ മജീദ്‌ പെടുന്നു. അവര്‍ അവനെ പഠിക്കാനുള്ള പ്രേരണയും പ്രചോദനവും നല്‍കി. ഇരുന്ന്‌ പഠിക്കാന്‍ വീട്ടില്‍ സൌകര്യമില്ലാതിരുന്നതിനാല്‍ അദ്ധ്യാപക സംഘടനയുടെ ആഫീസ്‌ അനുവദിച്ചു കൊടുത്തു. എം കോം പാസ്സായി ജോലിയില്ലാതെയിരിക്കുന്ന മണിയേട്ടന്‍ ട്യൂഷന്‍ എടുക്കുന്ന കൂട്ടത്തില്‍ മജീദിനേയും ഇരുത്തി, സൌജന്യമായി പഠിപ്പിച്ചു. മജീദ്‌ ബി കോം പാസ്സായി. പാര്‍ട്ടിയുടെ കീഴില്‍ സഹകരണാടിസ്ഥാനത്തില്‍ തുടങ്ങിയ ഓട്ടുകമ്പനിയില്‍ അവന്‍ താല്‍ക്കാലിക സിക്രട്ടറിയായി. അതിനിടക്ക്‌ അവണ്റ്റെ കല്യാണവും കഴിഞ്ഞു.

ആയിടക്കാണ്‌ ജില്ലാ കൌണ്‍സില്‍ തിരഞ്ഞെടുപ്പും സ്ത്രീകള്‍ക്ക്‌ സംവരണവും വരുന്നത്‌. പരപ്പനങ്ങാടി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ മുസ്ളീം ഭൂരിപക്ഷമുള്ള ഒരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിശ്ചയിച്ചത്‌ സാമാന്യം പഠിപ്പും വിവരവുമുള്ള മജീദിണ്റ്റെ ഭാര്യയേയും. മുസ്ളീം വീടുകളില്‍ നിന്ന്‌ സ്ത്രീകള്‍ തിരഞ്ഞെടുപ്പ്‌ രംഗത്തേക്ക്‌ കടന്നു വരാന്‍ തുടങ്ങിയിരുന്നില്ല, അന്ന്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായതിണ്റ്റെ പേരില്‍ ഒരുപാട്‌ പഴി ആ കുടുംബം കേട്ടു. അവന്‍ വളര്‍ന്നു തെരുവിനേയും ആ പാവം സ്ത്രീയെയും ബന്ധപ്പെടുത്തി അനാവശ്യമായ അപവാദ പ്രചരണം വരെ നടന്നു. അവര്‍ തോറ്റെന്നത്‌ വേറെ കാര്യം.

എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അവന്‍ പിന്നീടു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ രാജി വെച്ചു. മാത്രമല്ല മുസ്ളീം ലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തന്നെ എവിടെ നിന്നോ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ എന്തായിരുന്നില്ലയോ അതൊക്കെ ആക്കിയ പാര്‍ട്ടിയേയും അതിണ്റ്റെ പ്രവര്‍ത്തകരേയും അവന്‍ മറന്നു. അതുപോലെ തന്നെപ്പോലെയുള്ളവരെ എന്നും അധികാരത്തിണ്റ്റെ ഇടനാഴികളിലേക്ക്‌ എത്തിനോക്കാന്‍ പോലും അനുവദിക്കാതിരിക്കുന്ന മുസ്ളീം ലീഗിനോട്‌ അവന്‍ പൊറുത്തു. അതിണ്റ്റെ ഭാഗമായി.

മജീദ്‌ എണ്റ്റെ ജൂനിയറായിരുന്ന്‌. കോളേജിലും സംഘടനയിലും. എന്നും ഒരുതരം അരക്ഷിതത്വം അവന്‍ അനുഭവിച്ചിരുന്നതായി തോന്നിയിട്ടുണ്ട്‌. തണ്റ്റെ ഭൂതകാലം ഒരു മാറാപ്പ്‌ പോലെ അവണ്റ്റെ തോളില്‍ തൂങ്ങിക്കിടന്നിരുന്നു. അതിണ്റ്റെ ഭാഗമായി തോന്നുന്ന ഒരുതരം അപകര്‍ഷത അവനെ വിടാതെ പിടികൂടിയിരിക്കുമോ? എന്തിലും ഏതിലും താന്‍ അവഗണിക്കപ്പെടുകയാണോ എന്ന തോന്നല്‍ ഇത്തരം വ്യക്തികളില്‍ ഉണ്ടാകുക സാധാരണമാണ്‌. ആ തോന്നലിണ്റ്റെ പാരമ്യത്തില്‍ ഇന്നലെകള്‍ മറവിയിലാകുകയും ഇന്ന്‌ മാത്രം പ്രസക്തവും ആയി മാറുന്നോ? ഉത്തരവാദിത്വമുള്ള ഒരു കൂട്ടായ്മ എന്ന നിലയില്‍ അവരിലെ അരക്ഷിത ബോധത്തിനറുതി വരുത്തുന്നതില്‍ പാര്‍ട്ടി പരാജയപെട്ടതിണ്റ്റെ കൂടി ഫലമല്ലേ ഈ വിട്ടുപോകലുകള്‍? ഇതിണ്റ്റെ മറുപുറത്ത്‌ ഇങ്ങനെയുള്ളവരില്‍ നിന്ന്‌ നന്ദി മാത്രം പ്രതീക്ഷിച്ച്‌ നില്‍ക്കുന്നതിലേക്ക്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴ്‌ന്നുപോകുന്നോ? ഒന്നു മാത്രം അറിയാം എന്തുകൊണ്ടും കൂടെ നില്‍ക്കേണ്ട ഒരു പാടു പേര്‍ അകന്നുപോകുന്നു. ഇരു കൂട്ടര്‍ക്കും നഷ്ടത്തിണ്റ്റെ കഥകള്‍ മാത്രം ബാക്കി വെച്ചുകൊണ്ട്‌.

ഈ കുറിപ്പിണ്റ്റെ തുടക്കത്തില്‍ പറഞ്ഞ മൂന്നു പേരുടെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വിടല്‍ ഇങ്ങനെ ചില ചിന്തകള്‍ക്ക്‌ കാരണമായി. ലെവലിണ്റ്റെ കാര്യത്തില്‍ ഒരു താരതമ്യം സാധ്യമല്ലെങ്കിലും അതിനും എണ്റ്റെ സുഹൃത്തിണ്റ്റെ വിടപറയലിനും ഒരു പൊതു സ്വഭാവമുണ്ടെന്നത്‌ എണ്റ്റെ തോന്നല്‍. ചരിത്രത്തില്‍ സമാന്തരങ്ങള്‍ സംഭവിക്കുന്നത്‌ ഒരേ നിലയിലും തലത്തിലും അല്ലെന്നുള്ളതാണ്‌ സത്യം.

5 comments:

  1. ഇതില്‍ നിന്നു പാഠം പഠിച്ചിട്ടാകുമോ ഇന്നു വലിയ വീട്ടില്‍ നിന്നു വരുന്നവര്‍ക്കു മാത്രം ഇത്തരം സ്ഥാനങ്ങള്‍ നല്‍കുന്നത്‌? അതോ ഇത്തരം സ്ഥാനങ്ങളില്‍ എത്തുമ്പോള്‍ വീടു വലുതാകുന്നതോ?ഏതായാലും വലിയ വീടുകളാണ്‌ എങ്ങും ആഘോഷിക്കപ്പെടുന്നത്‌.

    (മറ്റു പാര്‍ട്ടികളില്‍ പണ്ടേ അങ്ങിനെയായിരുന്നു. അന്നു കണ്ട ആ `വ്യത്യസ്തത' ഇന്നു അന്യമായി എന്നു മാത്രം. )

    ReplyDelete
  2. എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളതിനെ കുറിച്ചാണു പാര്‍ട്ടി പഠിക്കേണ്ടത്‌.. ഈ ലേഖനം വളരെയേറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്‌..കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ജീവികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്‌.. എന്തുകൊണ്ടിങ്ങനെ? വളരെ ശ്രദ്ധേയം...

    ReplyDelete
  3. ഇങ്ങനെയുള്ളവരില്‍ നിന്ന്‌ നന്ദി മാത്രം പ്രതീക്ഷിച്ച്‌ നില്‍ക്കുന്നതിലേക്ക്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴ്‌ന്നുപോകുന്നോ? ഒന്നു മാത്രം അറിയാം എന്തുകൊണ്ടും കൂടെ നില്‍ക്കേണ്ട ഒരു പാടു പേര്‍ അകന്നുപോകുന്നു.

    ReplyDelete
  4. ജിതേന്ദ്ര, ബാവ, റ്റോംസ്‌, മഴമേഘങ്ങള്‍, നന്ദി.

    ReplyDelete