Sunday, January 17, 2010

കോമാളിരൂപം കെട്ടിയ മഹത്തുക്കളും ഉയരത്തിലിരിക്കുന്ന കോമാളികളും

ഈയടുത്ത കാലത്ത്‌ വായിച്ച അനുഭവക്കുറിപ്പുകളില്‍ ഏറ്റവും കാമ്പുള്ളതും ഹൃദയത്തില്‍ തൊടുന്നതുമായി തോന്നിയത്‌ മാതൃഭൂമിയില്‍ സിനിമാനടന്‍ ഇന്ദ്രന്‍സുമായി പ്രീജിത്ത്‌ രാജ്‌ നടത്തിയ സംഭാഷണമായിരുന്നു. നവംബര്‍ എട്ടാം തീയതി പുറത്തിറങ്ങിയ ലക്കത്തില്‍ വന്ന ഈ സംഭാഷണത്തെക്കുറിച്ച്‌ രണ്ടുമാസത്തിനുശേഷം ഒരു കുറിപ്പെഴുതുന്നതില്‍ പ്രസക്തിക്കുറവുണ്ടെന്നത്‌ നേര്‌. തികച്ചും ആത്മാര്‍ഥമായ, സത്യസന്ധമായ ഇന്ദ്രന്‍സിണ്റ്റെ സംഭാഷണം വായിച്ചപ്പോള്‍ മുതല്‍ അത്‌ വല്ലാതെ മനസ്സിനെ ഉലച്ചിരുന്നു. ഒരര്‍ഥത്തില്‍ ആ സംഭാഷണം എന്നെ ഞെട്ടിച്ചു.

എന്നേക്കാള്‍ നന്നായി എഴുതാന്‍ കഴിയുന്ന ആരെങ്കിലും അതിനെപ്പറ്റി എഴുതുമെന്ന്‌ തോന്നിയിരുന്നു. എന്നെപ്പോലെ ചിന്തിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകാതിരിക്കില്ലല്ലോ ഈ ഭൂമിമലയാളത്തില്‍. എണ്റ്റെ വായനാപരിധിക്കുള്ളില്‍ അങ്ങനെയൊന്ന്‌ ശ്രദ്ധയില്‍ പെട്ടില്ല. മാതൃഭൂമിയില്‍ വായനക്കാരുടെ ധാരാളം കത്തുകള്‍ വന്നിരുന്നു എന്നത്‌ ശരി തന്നെ. എന്തിനും ഏതിനും പ്രതികരണങ്ങള്‍ കാണുന്ന്‌ ബ്ളോഗില്‍ പോലും ഒന്നും കാണാന്‍ കഴിഞ്ഞില്ല.

മനസ്സില്‍ അത്‌ കെടാതെ നിന്നു. അല്ല ജ്വലിച്ചു നിന്നു. അതിനിടയിലെപ്പോഴോ അനിതയുടെ 'അടുക്കള' എന്ന ബ്ളോഗില്‍ വി.എസ്‌ നയ്പാളിണ്റ്റെ സഹധര്‍മ്മിണിയായിരു പാട്രീഷ്യ ഹെയിലിണ്റ്റെ ജീവിതകഥ വായിച്ച അനുഭവത്തിണ്റ്റെ വെളിച്ചത്തില്‍ എഴുതിയ കുറിപ്പ്‌ വായിച്ചു . ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്ക്‌ പിന്നിലെ തമോഗര്‍ത്തങ്ങളെക്കുറിച്ചായിരുന്നു, ആ കുറിപ്പ്‌. നമ്മുടെ മനസ്സില്‍ തല ഉയര്‍ത്തിനില്‍ക്കു വിഗ്രഹങ്ങള്‍ ചിലപ്പോഴെങ്കിലും വെറും 'ടിന്‍ ഗോഡ്സ്‌' ആണെന്ന്‌ ആ കുറിപ്പ്‌ ഓര്‍മപ്പെടുത്തി. ഇന്ദ്രന്‍സിണ്റ്റെ കഥ വായിച്ചപ്പോള്‍ ഉണ്ടായ വിചാരങ്ങള്‍ക്ക്‌ നേരെ വിരുദ്ധ പ്രതീതി.

ഇന്ദ്രന്‍സ്‌ മലയാള സിനിമയിലെ അഭിനയരംഗത്ത്‌ സജീവമായിട്ട്‌ പത്ത്‌ പന്ത്രണ്ട്‌ കൊല്ലമായിട്ടുണ്ടാവും. ഒരര്‍ഥത്തിലും സിനിമാറ്റിക്‌ അല്ലാത്ത തണ്റ്റെ ശരീരവും (കുടക്കമ്പി, നീര്‍ക്കോലി, ഞാഞ്ഞൂള്‍ അങ്ങനെ ധാരാളം വിശേഷണങ്ങള്‍) അതിന്‌ ചേര്‍ന്ന ചില കോമാളിക്കളികളുമായി അദ്ദേഹം സിനിമയില്‍ സജീവമായുണ്ട്‌. ഹാസ്യനടന്‍ എന്ന നിലയില്‍ മലയാളത്തില്‍ ഇന്നുള്ള മറ്റു പലരുടെയും അടുത്തെത്താന്‍ ഇന്ദ്രന്‍സിന്‌ കഴിഞ്ഞിട്ടില്ലെന്നാണ്‌ എണ്റ്റെ തോന്നല്‍. സ്റ്റീരിയോടൈപ്‌ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ പോലും മൌലികമായ കഴിവുകൊണ്ട്‌ കഥപാത്രങ്ങളുടെ പരിമിതികളെ ഭേദിക്കാന്‍ കഴിവുള്ള ജഗതി, ഇന്നസെണ്റ്റ്‌ തുടങ്ങിയവരെപ്പോലെയോ, തനിമയുള്ള തനി നാടന്‍ ഭാവഹാവാദികള്‍ കൊണ്ട്‌ നമ്മളെ നമ്മള്‍ പോലുമറിയാതെ ചിരിപ്പിക്കുന്ന മാമുക്കോയ, കുതിരവട്ടം പപ്പു തുടങ്ങിയവരെപ്പോലെയൊ സ്വാഭാവികമായ ഹാസ്യം ഇന്ദ്രന്‍സില്‍നിന്ന്‌ വന്നതായി തോന്നിയിട്ടില്ല. പരമാവധി തണ്റ്റെ ചെറിയ ശരീരത്തിണ്റ്റെ സാധ്യതകളില്‍ അല്ലെങ്കില്‍ സാധ്യതയില്ലായ്മയില്‍ നിന്ന്‌ ഹാസ്യം ഉല്‍പ്പാദിക്കുകയാണ്‌ അദ്ദേഹം ചെയ്ത്‌ വരുന്നത്‌ എണ്റ്റെ നോട്ടത്തില്‍. ഇതില്‍നിന്ന്‌ വ്യത്യസ്ഥമായി ചുരുക്കം ചില കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടെന്നുള്ള കാര്യം നിഷേധിക്കുന്നില്ല. നല്ല കാമ്പുള്ള കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്‌ ലഭിക്കട്ടെ എന്ന്‌ ആശിക്കുകയും ചെയ്യുന്നു.. എണ്റ്റെ വിഷയം അതല്ല തന്നെ.

സിനിമയില്‍ വെറും കോമാളിയായ ഈ ചെറിയ മനുഷ്യണ്റ്റെ വലിയ ജീവിതം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ജീവിതം ഇന്ദ്രന്‍സിന്‌ നല്‍കിയ യാതനകള്‍ അല്ല അതിനോട്‌ അദ്ദേഹം പുലര്‍ത്തു നിസ്സംഗത, കൈയടക്കം ഇതാണ്‌ ഇങ്ങനെ ഒരു ആലോചനക്ക്‌ കാരണം. തണ്റ്റെ ശാരീരികവും സമൂഹ്യപരവുമായ പരിമിതികളെക്കുറിച്ചുള്ള തിരിച്ചറിവ്‌. ചെറുപ്പത്തിലേ അനുഭവിച്ച കഷ്ടപ്പാടുകള്‍, അവഗണന ഇവ ഉള്ളില്‍ നിറച്ച അപകര്‍ഷതാബോധം ഒക്കെ തുറന്ന്‌ പറയാന്‍ കാണിച്ച തണ്റ്റേടം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഇതൊക്കെ അദ്ദേഹം പറയുന്നത്‌ തണ്റ്റെ രൂപം പോലെ തന്നെ ഗ്ളാമറിണ്റ്റെ അംശം തീരെ ഇല്ലാതെയാണ്‌.

സിനിമയില്‍ ഉയരങ്ങളില്‍ എത്തിയവര്‍ തങ്ങളുടെ ഭൂതകാലത്തിലെ യാതനകള്‍ വിളിച്ചു പറയുന്നത്‌ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്‌. തങ്ങളുടെ കഠിനാധ്വാനത്തിണ്റ്റെയും അര്‍പ്പണബോധത്തിണ്റ്റെയും ഉദാഹരണമായി ഉയര്‍ത്തിക്കാട്ടാന്‍ ഈ യാതനകളെ അവര്‍ ഉപയോഗിക്കാറുണ്ട്‌. കോടമ്പാക്കത്തെ തെരുവുകളും പൈപ്പ്‌ വെള്ളവും മലമ്പനിയും ഒക്കെ ഇങ്ങനെ ബിംബങ്ങളായി നമ്മുടെ ഉള്ളില്‍ സജീവമാണ്‌. ദാരിദ്യ്രത്തിനും കഷ്ടപ്പാടിനും ഒക്കെ വാര്‍ത്താപ്രാധാന്യം ഉണ്ട്‌, താരങ്ങളുടെ കാര്യത്തില്‍. ഇതില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥമാണ്‌ ഇന്ദ്രന്‍സിണ്റ്റെ വാക്കുകള്‍. തന്നേക്കോള്‍ തീക്ഷ്ണമായ അനുഭവങ്ങള്‍ ഉള്ള നിരവധി പേരുടെ കൂടെ കഴിഞ്ഞതുകൊണ്ട്‌ തണ്റ്റെ അനുഭവങ്ങള്‍ക്ക്‌ അത്ര വലിയ പ്രസക്തി ഇല്ലെന്ന്‌ അദ്ദേഹം പറയുമ്പോള്‍ ആ മനസ്സിണ്റ്റെ ലാളിത്യം നമ്മളറിയുന്നു. ഇന്ദ്രന്‍സിണ്റ്റെ ഓര്‍മകളില്‍ കോടമ്പാക്കം ഇല്ല തന്നെ. പക്ഷെ, കുമാരപുരം എന്ന് ചെറിയ ഗ്രാമം നിറഞ്ഞുനില്‍ക്കുന്നു. അവിടത്തെ തയ്യല്‍ക്കടകളും തയ്യല്‍ക്കാരുമുണ്ട്‌. ഒപ്പം ചെറിയ ചെറിയ നാടകക്കൂട്ടായ്മകളും.

ചെറുപ്പത്തില്‍ ബുദ്ധിമുട്ടുകളും ഇല്ലായ്മകളും മാത്രം കണ്ട്‌ വളര്‍ന്ന ഒരാള്‍ക്ക്‌ അവയെ ബുദ്ധിമുട്ടുകളും ഇല്ലായ്മകളും ആയി മനസ്സിലാകായ്ക, ജീവിതം എന്നാല്‍ ഇതൊക്കെത്തന്നെ എന്ന ചിന്ത, ഒക്കെ സ്വാഭാവികം. ഇല്ലായ്മകളുടെ കാഠിന്യം സ്വപ്നങ്ങള്‍ക്കുപോലും പരിധി നിശ്ചയിക്കുന്നുണ്ടെന്നുള്ളതല്ലേ യാഥാര്‍ഥ്യം. അഭിനയം ഒരു മോഹമായി കൊണ്ടുനടക്കുമ്പോഴും സിനിമ അദ്ദേഹത്തിണ്റ്റെ സ്വപ്നങ്ങളില്‍ കടന്നുവരാതിരുന്നതിണ്റ്റെ കാരണവും മറ്റൊന്നാവാന്‍ വഴിയില്ല. സ്വന്തം ശരീരത്തിണ്റ്റെ പരിമിതികള്‍ മനസ്സിലായതുകൊണ്ട്‌ സ്നേഹവും പ്രണയവുമൊന്നും മനസ്സില്‍ കയറിവന്നില്ല എന്ന്‌ അദ്ദേഹം പറയുമ്പൊഴും തണ്റ്റെ ലാളിത്യത്തിനാല്‍ അദ്ദേഹം ഉയര്‍ന്നു നില്‍ക്കുന്നു, ആറടിക്കാരേയും സുന്ദരന്‍മാരായ നായകന്‍മാരേയും കുള്ളന്‍മാരാക്കുന്നു.

നന്നായി പഠിച്ചിട്ടും പൂമ്പാറ്റകളുടെ ഇടയില്‍ ഇരിക്കാതെ, കാണാനൊട്ടും ചേലില്ലാത്ത തണ്റ്റെ സ്ഥാനം പിന്‍ബെഞ്ചിലാണെന്ന്‌ സ്വയം തീരുമാനിച്ചതും, നാലാം ക്ളാസ്സില്‍ വെച്ച്‌ പഠിത്തം നിര്‍ത്താന്‍ നിര്‍ബന്ധിതനായതും ഇത്തിരി പോലും നാട്യമില്ലാതെയാണ്‌ ഇന്ദ്രന്‍സ്‌ വിവരിക്കുന്നത്‌. പണ്ട്‌ പിന്‍ബെഞ്ചിലിരു്‌ പഠിച്ച്‌ ഇടയ്ക്ക്‌ വെച്ച്‌ പഠിത്തം നിര്‍ത്തിപ്പോയ അതേ സ്കൂളില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുന്‍സീറ്റിലില്‍ ഇടം പിടിക്കാതെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന്‌ വേദിയിലിരുന്ന്‌ തിരഞ്ഞത്‌ തികഞ്ഞ ആത്മാര്‍ഥമായിത്തയൊണ്‌ ഇന്ദ്രന്‍സ്‌ പറയുന്നത്‌. തണ്റ്റെ ഇഷ്ടപ്പെട്ട തൊഴില്‍ ഇപ്പോഴും തയ്യലാണെന്ന്‌ പറയാന്‍ ഒട്ടും മടിയില്ല, അദ്ദേഹത്തിന്‌.

സിനിമയില്‍ തിരശ്ശീലയ്ക്ക്‌ പിമ്പിലും മുമ്പിലും പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നടത്തിയ നിരീക്ഷണം 'സിനിമയില്‍ ഫോര്‍വേഡുകള്‍ മാത്രമേയുള്ളു' എത്‌ വളരെ കൃത്യമാണ്‌. മമ്മൂട്ടിയെ ഡബിള്‍ബുള്‍ ഷര്‍ട്ടിണ്റ്റെ കാര്യത്തില്‍ പറ്റിച്ച സംഭവത്തില്‍ തമാശയുണ്ടെങ്കിലും നമ്മുടെ നായകനടന്‍മാരുടെ അനാവശ്യ ജാഢകളിലേയ്ക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌. താരങ്ങളുടെ പെരുമാറ്റത്തിലെ ധിക്കാരം, മറ്റുള്ളവരോടുള്ള പുഛം ഒക്കെ തുറന്നെഴുതുമ്പോള്‍ അതിണ്റ്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ ഒട്ടും ബേജാറാവുന്നില്ല ഇന്ദ്രന്‍സ്‌. രാജാവ്‌ നഗ്നനാണ്‌ എന്ന്‌ വിളിച്ച്‌ പറഞ്ഞ കുട്ടിയെപ്പോലെ ഒരു നിയോഗമെന്ന മട്ടില്‍ തണ്റ്റെ അഭിപ്രായം അദ്ദേഹം തുറന്ന്‌ പറയുന്നു.

സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തുകൊണ്ടിരിക്കെ കൃത്യമായി പ്രതിഫലം കിട്ടാതിരിക്കുമ്പോഴും തമിഴ്നാട്ടിലെ നേതാക്കളുടെ ഗുണ്ടായിസത്തിനിരയാകുമ്പോഴും സഹായിക്കാന്‍ ഒരു സംഘടന ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിച്ചതായി അദ്ദേഹം പറയുന്നു. ഒടുവില്‍ കേരളത്തില്‍ സംഘടന വന്നപ്പോള്‍ പരസ്പരം മത്സരിക്കാനും തെറിവിളിക്കാനും മാത്രമേ സംഘടനയ്ക്ക്‌ സമയമുള്ളൂ എന്ന്‌ ഇന്ദ്രന്‍സ്‌ അമര്‍ഷം കൊള്ളുന്നു. ഇതിനിടയില്‍ സിനിമയേയും, അതിലെ യഥാര്‍ഥ പ്രശ്നങ്ങളെയും സിനിമാപ്രവര്‍ത്തകരുടെ ആവശ്യങ്ങളെയും ഒക്കെ ഓര്‍ക്കാന്‍ സംഘടനകള്‍ക്ക്‌ സമയം കിട്ടുന്നില്ല എന്നും അദ്ദേഹം.

ഇടതുപക്ഷത്തെപ്പറ്റിയുള്ള നിരീക്ഷണത്തിലുമുണ്ട്‌ ഈ ധൈര്യവും സ്ഥൈര്യവും. കൃത്യമായ രാഷ്ട്രീയ നിലപാടുള്ളവര്‍ പോലും രാഷ്ട്രീയ പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടെടുക്കാന്‍ തയ്യാറാവാതെ അഴകൊഴമ്പന്‍ വാക്കുകള്‍ പറഞ്ഞൊഴിയുന്നതാണ്‌ നമ്മള്‍ കണ്ടുവരുന്നത്‌. മറ്റു പല താരങ്ങളെപ്പോലെ തണ്റ്റെ ആരാധകവൃന്ദങ്ങളേയും ഫാന്‍സ്‌ അസോസിയേഷന്‍സിനേയും പേടി ഇല്ലാത്തതുകോണ്ട്‌ ഒട്ടും കൂസാതെ അദ്ദേഹം നിലപാട്‌ പ്രഖ്യാപിക്കുന്നു. ഇടതുപക്ഷത്തിന്‌ എന്ത്‌ പോരായ്മകളുണ്ടെങ്കിലും അവരുടെ അഭാവം കേരള സാമൂഹ്യ രാഷ്ട്രീയ രംഗത്തിന്‌ നഷ്ടമായിരിക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ തരുന്നു.

കാഴ്ചയില്‍ ചെറുതായ ഈ മനുഷ്യന്‍ പറയുന്നതും ചെറിയ ചെറിയ കാര്യങ്ങളാണ്‌. പക്ഷെ ഇവയ്ക്ക്‌ നമ്മുടെയൊക്കെ ജീവിതത്തില്‍ ഒട്ടും ചെറുതല്ലാത്ത സ്ഥാനമാണുള്ളത്‌. വലിയ വായില്‍ വലിയ കാര്യങ്ങള്‍ വിളിച്ചുപറയാതെ ഇന്ദ്രന്‍സ്‌ നമ്മിലൊരാളാവുന്നു. എന്നാല്‍ നമ്മില്‍ നിന്നെല്ലാം ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.

6 comments:

  1. നന്നായിരിക്കുന്നു.
    ശുദ്ധനായൊരു മനുഷ്യനാണ് ഇന്ദ്രന്‍സെന്ന് തോന്നിയിരുന്നു.

    ReplyDelete
  2. തിരുവനന്തപുരത്ത്‌ മ്യൂസിയത്തിന്‌ എതിര്‍വശത്തെ സത്യന്‍ സ്‌മാരക ഹാളില്‍ നിന്ന്‌ പുറത്തിറങ്ങി ഒരുപാടുപേരോട്‌ കുശലം പറഞ്ഞ്‌ കാറില്‍ കയറി യാത്രയാകുന്ന നടന്‍ ശ്രീനിവാസനെ ഒരിക്കല്‍ കണ്ടു.
    അവിടെത്തന്നെ ഒരു കോണില്‍ അധികം തിരക്കു കൂട്ടാതെ രണ്ട്‌ കുട്ടികളോട്‌ സംസാരിച്ചുനില്‍ക്കുന്ന ഇന്ദ്രന്‍സിനേയും.

    പിന്നീടയാള്‍ ഒരു വിലകൂടിയ കാറില്‍ കയറി യാത്രയായി.


    മെഡിക്കല്‍ കോളേജിന്‌ മുന്നില്‍ വട്ടിയിലും മുറത്തിലും നിരത്തിയ പുട്ടുകളും മറ്റ്‌ പലഹാരങ്ങളുമായി വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്ന വയസ്സായ ഒരമ്മയെ ഓര്‍ത്തു.

    അവരുടെ മെലിഞ്ഞു കൊലുന്നനെയുള്ള മകനേയും

    ReplyDelete
  3. പ്രസക്തമായ ലേഖനം വിനോദ്‌. സത്യസന്ധതയായിരുന്നു ആ അഭിമുഖത്തിലെ ഏറ്റവും വലിയആകര്‍ഷണം. നന്ദി

    ReplyDelete
  4. ഈയിടെ ബ്ലോഗിൽ വായിച്ചതിൽ വച്ച നല്ലൊരു ലേഖനം. ഇന്ദ്രൻസ് എന്ന വ്യക്തിയെപ്പറ്റി ഒട്ടേറേക്കാര്യങ്ങൾ മനസ്സിലായി.

    ReplyDelete
  5. മാതൃഭൂമിയിലെ അഭിമുഖം വായിച്ചിരുന്നു. അതിനെ ആസ്പദിച്ച് എഴുതിയ കുറിപ്പുകളില്‍ മികച്ച ഒന്നാണ് ഈ പോസ്റ്റ്.
    Palakkattettan.

    ReplyDelete
  6. അനില്‍, ബിജു, ജിതേന്ദ്ര, അപ്പു, കേരളദാസനുണ്ണി, നന്ദി, ഈ വരവിനും നല്ല വാക്കുകള്‍ക്കും.

    ReplyDelete