Wednesday, January 13, 2010
പിണറായിയുടെ വീട്
ഫാ. മാത്യു കോയിക്കലാണ് 'പിണറായിയുടെ വീടി'ണ്റ്റെ ചിത്രം ഇ-മയിലില്‍ അയച്ചു തന്നത്. ഏറെ നാളുകള്‍ക്കുശെഷമാണ് ഫാ. മാത്യു കോയിക്കലിണ്റ്റെ ഒരു മെയില്‍ കിട്ടുന്നത്. അത് സി.പി.എം സെക്രട്ടറിയും കേരളത്തിലെ മാധ്യമങ്ങളുടെ, അതിലൂടെ നല്ലൊരു ശതമാനം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരല്ലാത്ത സാധാരണജനങ്ങളുടെയും കണ്ണില്‍ വെറുക്കപ്പെട്ടവനുമായ പിണറായി വിജയണ്റ്റെ വീടിണ്റ്റെ ചിത്രമായതും യാദൃശ്ചികമല്ല തന്നെ.
ഫാ. മാത്യു കോയിക്കലിനെ പാരിചയമുണ്ട്. ഏതാണ്ട് രണ്ടു വര്‍ഷം ഞങ്ങള്‍ ദെല്‍ഹി വസന്ത്‌കുഞ്ച് മലയാളി അസ്സോസിയഷനില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം അതിണ്റ്റെ പ്രസിഡണ്റ്റായിരുന്നു, ഞാന്‍ കലാസാംസ്കാരിക പരിപാടികളുടെ സംഘാടകനും. രാഷ്ട്രീയം ഒരിക്കലും ഞങ്ങള്‍ സംസാരിച്ചിരുന്നതായി ഓര്‍മയില്ല. എങ്കിലും എണ്റ്റെ കമ്യൂണിസ്റ്റ് ഭൂതകാലത്തിണ്റ്റെ സൂചനകള്‍ ഫാദറിന് കിട്ടിയിരിക്കണം. അതങ്ങനെയാണ് ഒരിടതുപക്ഷക്കാരന്‍ അവണ്റ്റെ നിറം അവന്‍ പോലുമറിയാതെ പുറത്തുകാണിച്ചു പോകും. അമേരിക്കയോ പാലസ്തീനോ ആണവക്കരാറോ ഗുജറാത്തോ അങ്ങനെ എന്തെങ്കിലും വിഷയം എപ്പോഴും അവനെ അവനായി കാണിക്കാന്‍ തയ്യാറായി ചുറ്റുമുണ്ട്. എം.എന്‍.വിജയന്‍ മാഷ് ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു, "നിങ്ങളുടെ വാക്കുകള്‍ നിങ്ങളെ വിവസ്ത്രനാക്കുന്നു".
ഒരു പഴയ കമ്യൂണിസ്റ്റായ എണ്റ്റെ ഉള്ളില്‍ ചില പുണ്ണുകളുണ്ടവുമെന്നും അതില്‍ ഒന്ന് കുത്തി നോവിക്കുക എന്നും ഉള്ള തികച്ചും സ്വഭാവികമായ ഒരു കുസൃതി മാത്രമേ ഫാദര്‍ ഉദ്ദേശിച്ചിരിക്കുകയുള്ളു. എണ്റ്റെ ഉള്ളില്‍ പുണ്ണുകള്‍ ധാരാളമുണ്ടെന്നത് നേര്. അതില്‍ കുത്താനും നോവിക്കാനും ഇതിലും അടിസ്ഥാനപരമായ ധാരാളം വിഷയങ്ങള്‍ ഉണ്ടെന്നത് വേറെ കാര്യം. അതല്ല ഈ കുറിപ്പിണ്റ്റെ ഉദ്ദേശം.
'പിണറായിയുടെ വീടി'ണ്റ്റെ സത്യം ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അത് ചെയ്തത് ആരാണെന്നതോ അതിണ്റ്റെ ഉദ്ദെശം എന്താണെന്നതൊ ഒക്കെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ പോലീസും അതിണ്റ്റേതായ സംവിധാനവുമുണ്ട്. അവര്‍ അത് ചെയ്യട്ടെ. തികച്ചും ആസൂത്രിതമായി ചിലര്‍ നടത്തിയ ഒരു അസത്യപ്രചരണം എത്ര പെട്ടെന്ന് എത്ര ആയിരം ആളുകളില്‍ എത്തിയിരിക്കണം?
ഇത് തുടങ്ങിവെച്ചവര്‍ക്ക് ചിലപ്പോള്‍ വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നിരിക്കണം. പക്ഷെ ഇതിണ്റ്റെ സത്യമറിയാതെ അത് ഫോര്‍വേര്‍ഡ് ചെയ്തുകൊണ്ടിരുന്ന ഫാദറിനെപ്പോലുള്ള ആളുകള്‍ക്കൊന്നും അങ്ങനെ ദുരുദ്ദേശം ഉണ്ടായിരുന്നിരിക്കില്ല. എന്നിട്ടും അതിണ്റ്റെ പ്രചരണം ജ്യോമെട്രിക് പ്രോഗ്രെഷനില്‍ നടന്നു. ഇണ്റ്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കറിയാം ഒരു ഇ-മെയില്‍ കിട്ടുന്ന ആള്‍ അത് ഫോര്‍വേര്‍ഡ് ചെയ്യുന്നത് തണ്റ്റെ അഡ്രസ്സ് ലിസ്റ്റില്‍ ഉള്ള ആളുകള്‍ക്ക് മൊത്തമായിട്ടാണ്.
എന്തുകൊണ്ടാണ് ഇങ്ങനെയുള്ള ഇ-മെയില്‍ വന്‍പ്രചരണം നേടുന്നത്. പത്രത്തിലോ മറ്റു മീഡിയയിലോ വരുന്ന കാര്യങ്ങള്‍ ഇങ്ങനെ മുന്‍പിന്‍ നോക്കാതെ ആരും ഇക്കാലത്ത് വിഴുങ്ങാറില്ല. വരുന്ന പത്രത്തിനും അല്ലെങ്കില്‍ ചാനലിനും അവരുടേതായ രാഷ്ട്രീയം ഉണ്ടെന്നുള്ള കാര്യം കേരളത്തിലെങ്കിലും എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇണ്റ്റര്‍നെറ്റിണ്റ്റെ കാര്യം അങ്ങനെയല്ല.
കമ്പ്യുട്ടറിന് തെറ്റ് പറ്റില്ല എന്നത് കേവലയുക്തി നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. ഇണ്റ്റര്‍നെറ്റില്‍ വരുന്ന കാര്യം കമ്പ്യുട്ടര്‍ എന്ന സൂപ്പര്‍ ഇണ്റ്റെലിജെണ്റ്റ് ആയ ഉപകരണം ആണ് നമ്മുടെ മുന്നില്‍ എത്തിക്കുന്നത്. ഇണ്റ്റര്‍നെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങളും കമ്പ്യൂട്ടര്‍ എന്ന തെറ്റ് പറ്റാത്ത ഉപകരണവുമായി എങ്ങനെയോ ഒരു താദാത്മ്യം നാമറിയാതെ വന്നുചേരുന്നുണ്ട്. ഇത് കാരണമായിരിക്കുമോ ഇണ്റ്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥയില്‍ ഒരു ചെറിയ സംശയം പോലുമില്ലാതെ ഒരുമാതിരിപ്പെട്ട എല്ലാവരും അവ മറ്റുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തുകൊണ്ടിരിക്കുന്നത്. സത്യം എന്താണെന്നാല്‍ ഇങ്ങനെ ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്ന ഭൂരിഭാഗം മെയിലുകളും തികഞ്ഞ അസംബന്ധമാണ്. ഇതറിയാതെ അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ നമ്മളൂം ഈ അബദ്ധങ്ങളുടെ പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുന്നു.
ഇണ്റ്റര്‍നെറ്റില്‍ ഇങ്ങനെ പ്രചരിക്കുന്ന മെയിലുകളുടെ ചില ഉദാഹരണങ്ങള്‍
ഈ മെയില്‍ നിങ്ങള്‍ അഞ്ചുപേര്‍ക്ക് അയച്ചാല്‍ ഒരു അത്ഭുതം സംഭവിക്കും. പത്തു പേര്‍ക്കയച്ചാല്‍ അത്യത്ഭുതം. പതിനഞ്ചുപേര്‍ക്കയച്ചാലോ മഹാത്ഭുതം. ഇങ്ങനെയുള്ള വെളിപാടുകള്‍. ഇത് വെറും തട്ടിപ്പാണെന്ന് പറയാനുള്ള ആര്‍ജവം എപ്പോഴും സ്വന്തം സുരക്ഷിതത്തെക്കുറിച്ച് പേടിയുള്ള നമ്മള്‍ക്ക് കൈമോശം വന്നിരിക്കുന്നു.
എ.ടി.എം റൂമില്‍ വെച്ച് കള്ളന്‍മാര്‍ നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ കാര്‍ഡ് നമ്പര്‍ വിപരീതക്രമത്തില്‍ ഫീഡ് ചെയ്യുക. എങ്കില്‍ പോലീസിന് സന്ദേശം കിട്ടും, പോലീസെത്തി നിങ്ങളെ രക്ഷിക്കും എന്ന പ്രായോഗികമായ 'അറിവു'കള്‍. (അതെങ്ങനെ സാധിക്കും എന്ന് ഒരു സംശയം പോലും തോന്നാതെ നമ്മള്‍ അത് എല്ലാവര്‍ക്കും അയച്ചു).
പുതുതലമുറയുടെ വിജയപ്രതീകമായ ബില്‍ ഗേറ്റ്സ് തണ്റ്റെ സ്വത്തിണ്റ്റെ നല്ലൊരു ഭാഗം ഈ ലോകത്തിലെ ജനങ്ങള്‍ക്കായി പങ്കുവെക്കുന്നു. ഒരു പങ്ക് കിട്ടാന്‍ ഈ മെയില്‍ പതിനഞ്ച് പേര്‍ക്കയക്കുക. അങ്ങനെ ഭാഗ്യാന്വേഷികളെത്തേടി വേറൊരു മെയില്‍. പോയാല്‍ ഒരു മെയില്‍; കിട്ടിയാലോ.... അതും നമ്മള്‍ ഫോര്‍വേര്‍ഡ് ചെയ്തു.
മനസ്സില്‍ നന്‍മയുടെയും കാരുണ്യത്തിണ്റ്റേയും ഉറവ വറ്റിയിട്ടില്ലാത്തവരെ ഉദ്ദേശിച്ച് വേറൊരു മെയില്‍. അത്യാസന്നനിലയില്‍ കിടക്കുന്ന ഒരു കുഞ്ഞിണ്റ്റെ ഫോട്ടോയും ഒരു സന്ദേശവും. ഈ പിഞ്ചുകുഞ്ഞ് ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഈ മെയില്‍ കഴിയുന്നത്ര പേര്‍ക്ക് അയച്ചുകൊടുക്കുക. ഒരാള്‍ക്ക് അയക്കുമ്പോള്‍ ആ കുടുംബത്തിന് ഒരു ചെറിയ തുക കിട്ടുന്നു. നിങ്ങളില്‍ മനുഷ്യത്വത്തിണ്റ്റെ കണികയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഇത് അയക്കും. ഒരു ചിലവുമില്ലാതെ തണ്റ്റെ മനുഷ്യത്വം കാണിക്കാന്‍ കിട്ടുന്ന ചാന്‍സ് ആരെങ്കിലും വേണ്ടെന്ന് വെക്കുമോ?
കിടക്കുന്ന കട്ടിലിണ്റ്റെ ദിശ നിര്‍ണ്ണയിക്കുന്നത് തുടങ്ങി റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത് വരെ ഇങ്ങനെ നമ്മുടെ മേല്‍ ചൊരിയാനിരിക്കുന്ന ഭൌതികാനുഗ്രഹവര്‍ഷം മുന്നില്‍ കണ്ടാണ്. ഇത്രയും പറഞ്ഞത് ഇണ്റ്റര്‍നെറ്റില്‍ പ്രചരിക്കുന്ന കാര്യങ്ങളോട് അഭ്യസ്തവിദ്യര്‍ പോലും എടുക്കുന്ന സമീപനം എത്ര ലാഘവത്തോടുള്ളതാണ് എന്ന് കാണിക്കാന്‍ മാത്രം.
പത്രത്തിലോ മറ്റു മീഡിയയിലോ ഇങ്ങനെ ഒരു അസത്യം ആര്‍ക്കും പ്രചരിപ്പിക്കാനാവില്ല. ചില മുത്തശ്ശിപ്പത്രങ്ങള്‍ ചില വാര്‍ത്തകളും ചിത്രങ്ങളും ഇങ്ങനെ കൃത്യമായ ഉദ്ദേശത്തോടുകൂടി പലപ്പോഴും പ്രചരിപ്പിച്ചിണ്ടുണ്ടെങ്കിലും അതിനും ചില മറയും മറക്കുടയും ഉണ്ടായിരുന്നു. നാട്ടിലെ നിയമങ്ങളേയും മറ്റും പേടിച്ചുതന്നെയാണ് പച്ചയായ നുണപ്രചരണങ്ങള്‍ക്ക് ചിലരെങ്കിലും മുതിരാത്തത്.
ഇത്തരം നുണപ്രചരണങ്ങള്‍ തടയാന്‍ ബന്ധപ്പെട്ടവര്‍ വേണ്ടത് ചെയ്യട്ടെ. നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലെങ്കില്‍ പുതിയ നിയമനിര്‍മാണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകട്ടെ. പക്ഷെ ഇണ്റ്റര്‍നെറ്റ് ഉപയോഗിക്കുന്ന നമ്മള്‍ കുറച്ചുകൂടി വിവേചനബുദ്ധി കാണിക്കേണ്ടതല്ലേ എന്നതാണ് പ്രസക്തമായ ചോദ്യം. അതില്ലെങ്കില്‍ നിയമങ്ങള്‍ കൊണ്ട് ഒരു കാര്യവുമില്ലാതെ വരും.
Subscribe to:
Post Comments (Atom)
ഒരിക്കല്‍ക്കൂടി പൊറുക്കുക. ഇതും നേരത്തേ പോസ്റ്റ് ചെയ്തതാണ്. പുതിയ ബ്ളോഗിലേക്ക് മറ്റിയെന്ന് മാത്രം. കണ്ടവറ്‍ വീണ്ടും കാണാതിരിക്കുക.
ReplyDeleteഅങ്ങനെ വെളിപെടുന്ന കമ്യുനിസ്ടുകര്‍ ഏറെയുണ്ടോ ?
ReplyDelete