Monday, August 8, 2016

മറക്കാനാകാത്ത അദ്ധ്യാപകൻ

മാവുള്ളതിൽ സുകുമാരൻ എന്നാണ്‌ അദ്ദേഹത്തിന്റെ പേര്‌. മലബാറിലെ കൃസ്തുമത വിശ്വാസികളിൽ പലരും അക്കാലത്ത് ഹിന്ദു പേരുകളിൽ തന്നെ അറിയപ്പെട്ടിരുന്നു. ഭാസ്കരനും കരുണാകരനും ജനാർദനനും ഒക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ പേരുകളിൽ പലതും മഹവിഷ്ണുവിന്റെ പര്യായമാണെന്നത് ആ പേരുകളിൽ അറിയപ്പെടാൻ അവർക്ക് തടസ്സമായിരുന്നില്ല. അക്കൂട്ടത്തിലായിരുന്നു, സുകുമാരൻ മാഷും. 

എന്റെ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസ്സിൽ വരുന്ന പേരും രൂപവുമാണ്‌, മാഷുടെത്. 1969-ലാണ്‌ ഞാൻ ബി. ഇ. എം എൽ. പി. സ്കൂളിൽനിന്ന് ഹൈസ്കൂളിലെത്തുന്നത്.  അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷും കണക്കും മാഷ് പഠിപ്പിച്ചു.എന്നെ കണക്ക് പഠിപ്പിച്ചിരുന്നത് മാഷായിരുന്നു. പഠിപ്പിക്കുന്നത് ഏത് വിഷയമായാലും നന്നായി പഠിക്കണമെന്നത് മറ്റേതൊരു അദ്ധ്യാപകനേയും പോലെ മാഷ്ക്കും നിർബ്ബന്ധമായിരുന്നു. അതിന്‌ വേണ്ടി മാഷ്ക്ക് തന്റേതായൊരു രീതിയുണ്ടായിരുന്നു. മറ്റാർക്കുമില്ലാത്ത രീതി.

ഒരു ദിവസം എടുത്ത പാഠങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ അടുത്ത ക്ലാസ്സിൽ പ്രതീക്ഷിക്കാം. ഉത്തരം പറയാതിരുന്നാൽ കൈയിന്റെ മടക്കിൽ മരസ്കെയിൽ കൊണ്ട് കൊട്ട്, അതാണ്‌ ശിക്ഷ. നന്നായി വേദനിക്കും. പക്ഷേ കുറച്ചുനേരം കഴിഞ്ഞ് വന്ന് അടിച്ച കുട്ടികളെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുമായിരുന്നു. അടിയുടെ വേദന അതോടെ മാറിക്കിട്ടും. തന്റെ വിദ്യാർത്ഥികളോട് മാഷ്ക്കുണ്ടായിരുന്ന കറകളഞ്ഞ സ്നേഹത്തിന്റെ നിദാനമായിരുന്നു, ഈ പ്രവർത്തി. 

മോശമില്ലാതെ പഠിക്കുമായിരുന്ന എന്നോട് മാഷ്ക്ക് പ്രത്യേക വാൽസല്യമുണ്ടായിരുന്നു. അഛൻ മാഷുടെ അടുത്ത സുഹൃത്തായിരുന്നു, എന്നത് കൂടി ഈ വാൽസല്യത്തിന്‌ കാരണമായിരുന്നിരിക്കണം. ക്ലാസ്സിൽ ചോദ്യം ചോദിച്ച് ആരും ഉത്തരം പറയാതെ വരുമ്പോൾ എന്റെ നേരെ തിരിഞ്ഞ് ‘എങ്കിൽ തട്ടാൻ വേലായുധന്റെ മോൻ പറയും’ എന്ന് പറയുമായിരുന്നു. മിക്കാപ്പോഴും ഞാൻ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. ഇത്തരം ഒരു പ്രയോഗം ഇന്നത്തെ സാഹചര്യത്തിൽ നടത്താൻ ഒരു അദ്ധ്യാപകനെന്നല്ല ആർക്കും സാദ്ധ്യമല്ല. എന്നാൽ അന്നതിൽ എനിക്കൊരു കുറവും തോന്നിയിട്ടില്ല. മാഷ് അത് പറഞ്ഞിരുന്നത് തെറ്റായ ഉദ്ദേശത്തോടെയായിരുന്നില്ല. അത് എനിക്കും ബോദ്ധ്യമുണ്ടായിരുന്നു. അല്ലെങ്കിലും ഇന്നത്തെ പോലെ ജാതി ഒരു പ്രശ്നമായിരുന്നില്ല അക്കാലത്ത്. ജാതിക്കെതിരായുള്ള പ്രവർത്തനങ്ങൾ മറ്റൊരു രീതിയിൽ ജാതി ചിന്ത ഊട്ടി​‍ൂറപ്പിക്കാനാണ്‌ സഹായിച്ചത് എന്ന് തോന്നുന്നു.  

കണക്ക് പഠിപ്പിക്കുമ്പോൾ പെരുക്കപ്പട്ടിക മന:പാഠമാക്കുക നിർബ്ബന്ധമായിരുന്നു. കുട്ടികൾ ഏറെ ബുദ്ധിമുട്ടിയിരുന്നതും ഈ കാര്യത്തിൽ തന്നെ. പഠിപ്പിച്ചുകഴിഞ്ഞാൽ എപ്പോൾ ചോദിച്ചാലും പറയാൻ കഴിയുന്ന രീതിയിൽ മന:പാഠമാവണമെന്നതായിരുന്നു, മാഷുടെ ആവശ്യം. എവിടെ വെച്ച് കണ്ടാലും ചോദ്യം വരാം. അത് സ്കൂൾ വരാന്തയിലാവാം, മൈതാനത്താവാം, സ്കൂളിന്‌ പുറത്ത് നിരത്തിലോ അങ്ങാടിയിലോ ഒക്കെ ആവാം. അങ്ങിനെ കണ്ടാൽ ഉടനെ ചോദ്യം വരും, ‘പന്തീരെട്ട് എത്രയാ?’. കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രംഗത്ത് ഇന്ത്യക്കാർ തിളങ്ങിനില്ക്കാൻ ഒരു കാരണം മനക്കണക്കിൽ അവർ പ്രഗല്ഭരാണ്‌ എന്നതാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു.  

ഇതുപോലെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ്ങും അർത്ഥവും മാഷ് എവിടെ വെച്ചും ചോദിക്കുമായിരുന്നു. കുട്ടികൾ മാഷെ ദൂരെ നിന്ന് കണ്ടാൽ തന്നെ മാറിനടക്കും. അന്നത് അലോസരമായി തോന്നിയെങ്കിലും മാഷ് അന്ന് പഠിപ്പിച്ച കാര്യങ്ങൾ ഉള്ളിൽ പതിയാൻ  ഈ നിർബ്ബന്ധബുദ്ധി കാരണമായിട്ടുണ്ടെന്ന് ഇപ്പോൾ അറിയുന്നു.

കുട്ടികളെ ശിക്ഷിക്കുന്നതിൽ ചില തമാശരീതികളും മാഷ്ക്കുണ്ടായിരുന്നു. ചിലപ്പോൾ കൈയിലുള്ള വടി കുട്ടിയുടെ തലയിൽ വെച്ച് തന്റെ മേശയ്ക്കടുത്ത് നിർത്തും. വടി വീണുപോകാതെ അനങ്ങാതെ നില്ക്കണം. ചിലപ്പോൾ ഇങ്ങനെ വടി തലയിൽ വെച്ച് ക്ലാസ്സിൽ നടക്കാൻ പറയും, വടി നിലത്ത് വീണുപോകാതെ. നിലത്ത് വീണാൽ അടി ഉറപ്പ്. കുട്ടികളെ ശിക്ഷിക്കുന്നത് അവരെ നേർവഴി കാണിക്കാനാണെന്ന് മാഷ്ക്ക് അറിയുമായിരുന്നു. രക്ഷിതാക്കൾക്കും ആ  ബോധ്യമുണ്ടായിരുന്നു. ഇന്ന് രണ്ടുകൂട്ടർക്കും ഈ ബോധ്യം കളഞ്ഞുപോയിരിക്കുന്നു, നാട്ടിൻപുറത്തെ മറ്റ് പല നന്മകൾക്കുമൊപ്പം. 

സ്കൂളിനോട് ചേർന്നുള്ള സി.എസ്. ഐ പള്ളിയുടെ വികാരിയുമായിരുന്നു, സുകുമാരൻ മാഷ്. ഫറോക് നല്ലൂർ ഇടവകയുടെ ഉപസഭയായിരുന്നു, പരപ്പനങ്ങാടിയിലേത്. അക്കാലത്ത് സൺഡെ സ്കൂളിൽ എല്ലാ മതത്തിലുള്ള കുട്ടികളും പോവുക പതിവായിരുന്നു. ക്ലാസ്സ് നടത്തിയിരുന്നത് മാഷുടെ നേതൃത്വത്തിലും. 1947-48 കാലഘട്ടത്തിൽ പരപ്പനങ്ങാടിയിലെത്തിയ സുകുമാരൻ മാഷ് ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത് പരപ്പനങ്ങാടിയിൽ. അദ്ദേഹത്തിന്റെ ശ്രീമതി അച്ചാമ്മ ടീച്ചർ ബി.ഇ.എം. എൽ. പി. സ്കൂളിലായിരുന്നു, ജോലി ചെയ്തിരുന്നത്. 

അക്കാലത്ത് ഇന്നത്തെ തിരൂരങ്ങാടി താലൂക്കിലെ തന്നെ ഒരേയൊരു ഹൈസ്കൂളായിരുന്നു, ബി. ഇ. എം. ഹൈസ്കൂൾ. വളരെ ദൂരെ നിന്ന് കുട്ടികൾ കാൽനടയായി വന്ന് പഠിച്ചിരുന്നു. വേങ്ങര ചേറൂർ ഭാഗത്തുനിന്നുള്ള ഒരു ബാലകൃഷ്ണനെ സ്വന്തം വീട്ടിൽ തമസിപ്പിച്ച് പഠിപ്പിച്ചിരുന്നതായി മാഷുടെ മകൻ റെജിനോൾഡ് ഓർമ്മിക്കുന്നു. മനുഷ്യസ്നേഹത്തിന്‌ മതത്തിന്റെ വേലികൾ തടസ്സമാകരുതെന്ന് അദ്ദേഹം വിശ്വസിച്ചിരിക്കണം.

നാല്പ്പതിൽ കൂടുതൽ വർഷങ്ങൾക്കുശേഷവും സ്കൂൾ ജീവിതത്തെക്കുറിച്ചോർക്കുമ്പോഴെല്ലാം മാഷും മനസ്സിൽ കയറി വരുന്നു.

  

Thursday, July 21, 2016

ചക്രങ്ങൾ ഘടിപ്പിച്ച ഞാനെന്ന ഭാവം

നമ്മുടെ നാട്ടിൽ ഏറ്റവും അധികം ആളുകൾക്ക്‌ ജീവൻ നഷ്ടപ്പെടുന്നത്‌ നമ്മുടെ നിരത്തുകളിലാണ്‌. ഇതിൽ തന്നെ ദേശീയ ശരാശരിയിൽ കൂടുതലാണ്‌ കേരളത്തിന്റേത്‌. കേരളത്തിൽ ഏറ്റവും കൂടുതൽ നമ്മുടെ മലപ്പുറം ജില്ലയും. ഈ വിഷയത്തിലെ സ്ഥിതിവിവരക്കണക്കിലേക്ക്‌ ഞാൻ കടക്കുന്നില്ല. ചുറ്റും നോക്കിയാൽ നമ്മുടെ അടുത്ത പരിചയത്തിൽ, അയൽപക്കത്ത്‌, ബന്ധുക്കളിൽ, വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയി  കുറച്ചുപേരെങ്കിലും ഉണ്ടാകും, തീർച്ച. ഇത്‌ ഈ പ്രദേശത്തുള്ള ഓരോ വ്യക്തിയുടെ കാര്യത്തിലും ശരിയാവാനാണ്‌ സാദ്ധ്യത. 

സർക്കാർ തലത്തിൽ, പഞ്ചായത്ത്‌-ജില്ലാ തലത്തിൽ, ഗതാഗത വകുപ്പിന്റേതായി ധാരാളം ശ്രമങ്ങൾ വാഹനാപകടങ്ങൾ കുറയ്ക്കാൻ നടക്കുന്നുണ്ട്‌. എന്നാൽ ഒന്നും ഫലം കാണുന്നില്ല. നേരത്തേ പറഞ്ഞ പോലെ സമൂഹത്തിലെ ഭൂരിഭാഗം പേരും വാഹാനപകടങ്ങളുടെ ഏതെങ്കിലും രീതിയിലുള്ള തിക്തഫലവുമായി ജീവിക്കുന്നവരായിട്ടും എന്തുകൊണ്ടാണ്‌ മേല്പ്പറഞ്ഞ ശ്രമങ്ങൾ ഫലം കാണാതെ പോകുന്നത്‌?

കഴിഞ്ഞദിവസം ഞാൻ കാറോടിച്ച്‌ പോകുമ്പോൾ ഉണ്ടായ ഒരു അനുഭവം പറയാം. അതിരാവിലെ ആയതുകൊണ്ട്‌ റോഡ്‌ ഏറെക്കുറെ വിജനമായിരുന്നു. മുന്നിൽ ഒരു ബൈക്കിൽ ഒരു പുരുഷനും സ്ത്രീയും കുട്ടിയും പോകുന്നുണ്ട്‌. ഇയാൾ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി വണ്ടി ഓടിക്കുകയാണ്‌. എപ്പോഴോ ഇട്ട വലതുവശത്തേക്കുള്ള ഇൻഡികേറ്റർ ഓഫ്‌ ചെയ്യാൻ മറന്നുപോയിരിക്കുന്നു. എനിക്ക്‌ കടന്നുപോകുവാൻ അയാൾ ഇത്തിരി ഇടത്തോട്ട്‌ മാറിയാൽ മതി. ഞാൻ ഹോൺ കൊടുത്തിട്ടും അയാൾ മാറിത്തരുന്നില്ല. ഒടുവിൽ പറ്റിയ ഒരിടത്ത്‌ ഞാൻ അയാളെ കടന്ന്‌ മുന്നോട്ട്‌ പോകാൻ ശ്രമിച്ചു. പെട്ടെന്ന്‌ വേറൊരു ബൈക്ക്‌ എതിർദിയശയിൽ നിന്ന്‌ വന്നതുകാരണം ഞാൻ ശ്രമമുപേക്ഷിച്ചു. പെട്ടെന്ന്‌ ഇയാൾ  എന്റെ മുന്നിൽ കടന്ന്‌ വണ്ടി നിർത്തി എന്നെ തെറി വിളിക്കാൻ തുടങ്ങി. പലതവണ ഞാൻ ‘പൊളിക്കും’, ‘കത്തിക്കും’ എന്നിങ്ങനെ കേട്ടാലറയ്ക്കുന്ന പച്ചത്തെറിയുടെ അകമ്പടിയോടെ അയാൾ ആവർത്തിച്ചു. തനിക്കിഷ്ടമില്ലാത്തത്‌ ചെയ്യുന്നവനെ ഏത്‌ നിമിഷവും കൊല്ലാനും കത്തിക്കാനും തയ്യാറായി നിരവധി പേർ നമ്മുടെ ഇടയിൽ ഉണ്ടെന്ന്‌ എനിക്ക്‌ തോന്നിയത്‌ അപ്പോഴാണ്‌. എന്റെ ഭാഗത്തുനിന്ന്‌ ഒരു തരത്തിലുമുള്ള പ്രകോപനമുണ്ടാകാതിരുന്നതിനാൽ കൂടുതലൊന്നും സംഭവിച്ചില്ല. ഇതിനടുത്ത ദിവസമാണ്‌ ഒരു കൂട്ടമാളുകൾ കോട്ടക്കൽ ഉള്ള മാതൃഭൂമി ഓഫീസ്‌ അടിച്ചു തകർത്തത്‌. 

അയാളെ പ്രകോപിപ്പിച്ചതെന്തായിരിക്കും? എന്റെ വണ്ടി അയാളുടെ വണ്ടിയെ ഒന്ന്‌ സ്പർശിക്കുകപോലുമുണ്ടായിട്ടില്ല. എന്തിന്‌ സാമാന്യം നല്ല അകലം വിട്ടിട്ടു തന്നെയാണ്‌, ഞാൻ അയാളെ കടന്നുപോകാൻ ശ്രമിച്ചത്‌. എന്റെ വണ്ടി പുതിയതായതുകൊണ്ട്‌ അതിന്മേൽ ഒരു ഉരസൽ പോലും ഉണ്ടാകരുതെന്നുള്ള സ്വാർത്ഥതയുമുണ്ട്‌. എനിക്ക്‌ സൈഡ്‌ തരാതെ ഓടിക്കാൻ ശ്രമിച്ച അയാളുടെ ഈഗോ വ്രണപ്പെട്ടു എന്നതു തന്നെയാകണം കാരണം എന്ന്‌ ഞാൻ കരുതുന്നു. 

നിരത്തിൽ, വാഹനമോടിക്കുമ്പോഴും നടക്കുമ്പോൾ പോലും ഒരിക്കലുംകടന്നുവരാൻ പാടില്ലാത്ത ഒന്നണ്‌ ഞാനോ നീയോ എന്ന ഭാവം. എന്നാൽ ചക്രങ്ങൾ ഘടിപ്പിച്ച ഞാനെന്ന ഭാവമാണ്‌ നമ്മുടെ നാട്ടിലെ നിരത്തുകളെ ഭരിക്കുന്നത്‌. നീ അങ്ങനെ വലിയവനാകണ്ട എന്നതാണ്‌ പൊതുഭാവം. നടക്കുന്നവൻ ബൈക്കോടിക്കുന്നവനേയും ബൈക്കോടിക്കുന്നവൻ കാറോടിക്കുന്നവനേയും കാറോടിക്കുന്നവൻ ഹെവി വാഹനങ്ങളോടിക്കുന്നവനേയും നോക്കുന്നത്‌ ഇതേ ഭാവത്തോടെ തന്നെ.

പിന്നിൽ വരുന്ന വാഹത്തിന്‌ ഇടം കൊടുക്കുന്നത്‌ ഒരു പോരായ്മയായി മിക്കപേരും കാണുന്നു. ചെറിയ നിരത്തുകളിൽ നിന്ന്‌ കയറിവരുന്നവർ നിരത്തിലേക്ക്‌ ഒന്ന്‌ കയറ്റിയേ നിർത്തൂ (നീ വേഗത കുറച്ച്‌ എന്നെ ബഹുമാനിച്ച്‌ പോയാൽ മതി എന്നാണതിന്റെ അർത്ഥം). അതിനു ശേഷമാണ്‌ ഇടതും വലതും നോക്കുന്നത്‌. റോഡിൽനിന്ന്‌ പെട്ടെന്ന്‌ വാഹനം തിരിക്കുമ്പോഴും ഇതേ പ്രവണത തന്നെ. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുമാണ്‌ ഇക്കാര്യത്തിൽ മുമ്പിൽ. ഇടതുവശത്തുകൂടി മറികടക്കുന്നത്‌ ഒരു നിയമം തന്നെ ആയിട്ടുണ്ട്‌. വളരെ ഇടമില്ലാത്ത അവസരത്തിലും നമ്മൾ ഇടത്തോട്ട്‌ പോകാൻ ഇൻഡികേറ്ററിട്ട്‌ നില്ക്കുമ്പോഴും പെട്ടെന്ന്‌ ഒരു സൂചനയുമില്ലാതെ ഒരുവൻ ഇടത്തുനിന്ന്‌ കയറിവന്ന് ശരം വിട്ടപോലെ പോകും. ഇൻഡികേറ്റർ ഇട്ട്‌ അണയ്ക്കാൻ മറന്ന്‌ വണ്ടി ഓടിക്കുന്നത്‌ വളരെ സാധാരണം. രാത്രിയായാൽ ഹെഡ്ലൈറ്റ്‌ ഡിം ചെയ്യുക എന്നൊരു രീതി ഇല്ല എന്ന്‌ തന്നെ പറയാം. നമ്മൾ ഡിം ചെയ്ത്‌ കാണിച്ചുകൊടുത്താലും ഒരു കാര്യവുമില്ല. ഇത്തരം പ്രവർത്തികൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ധാരണയില്ലായ്മയല്ല കാരണം. സ്വയം വണ്ടി ഓടിക്കാത്തവരായി നമ്മുടെ നാട്ടിൽ എത്ര ശതമാനം പേരുണ്ട്‌?  

ബസ്സുകൾ നിർത്തുന്നതും മറ്റ്‌ വാഹനങ്ങൾക്ക്‌ കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാൺ. ഒരു ബസ്സ്‌ നിർത്തിയിട്ടിരിക്കുമ്പോൾ എതിർദിശയിൽ നിന്ന്‌ വരുന്ന ബസ്‌ അതിന്റെ നേരെ റോഡ്‌ മുഴുവൻ അടച്ചുകൊണ്ട്‌ നിർത്തുന്നത്‌ പതിവാണ്‌. രണ്ടുവശത്തും വാഹനങ്ങളുടെ നിര തന്നെ രൂപപ്പെടുന്നു. ബസ്സുകളുടെ മൽസര ഓട്ടം കളക്ഷൻ കിട്ടാനല്ല ഒരിക്കലും. ഈ പാച്ചിലിൽ സ്റ്റോപ്പിൽ നില്ക്കുന്ന യാത്രക്കാർ തന്നെയാണ്‌ ഇരകൾ. മുന്നിലുള്ളവനെ മറികടക്കാനുള്ള പാച്ചിലിൽ സ്റ്റോപ്പിലെ യാത്രക്കാരെ അവർ മറന്നേ പോകുന്നു. സ്റ്റോപ്പിൽ നിർത്തിയിരിക്കുന്ന ഒരു ബസ്സിന്റെ പിന്നിൽ മറ്റൊന്ന് വന്നാൽ അതേ സ്റ്റോപ്പിൽ നിർത്താനുള്ളതാണെങ്കിൽ പോലും മുന്നിലുള്ളതിനെ മറികടന്നെ അത് നിർത്തൂ. അങ്ങിനെയും ഒന്നിനെ മറികടന്ന് ജയിച്ചതിന്റെ സുഖം അറിയാൻ മാത്രമല്ലാതെ മറ്റൊരു കാരണം അതിനില്ല. മറ്റുള്ളവർക്ക്‌ തന്നാലാവുന്നവിധം ബുദ്ധിമുട്ടുകളുണ്ടാക്കിക്കൊള്ളാം എന്ന്‌ ശപഥം എടുത്തിട്ടാണ്‌ മിക്ക ഡ്രൈവർമാരും രാവിലെ ഇറങ്ങുന്നത്‌ എന്ന്‌ തോന്നിപ്പോയിട്ടുണ്ട്‌.

റോഡിലെ വളവുകളിൽ ഹോൺ അടിക്കുക എന്നത്‌ സംഭവിക്കുന്നതേ ഇല്ല. നമ്മൾ ഹോൺ കൊടുത്താലും അതിൻ മറുപടിയായി ഹോൺ അടിക്കുന്നതുപോലും അപൂർവം. ട്രാഫിക്‌ സിഗ്നലിൽ മുന്നിൽ നില്ക്കുന്ന വഹനങ്ങളെ ശല്യപ്പെടുത്താൻ മാത്രമാണ്‌ മിക്കവരും ഹോൺ ഉപയോഗിക്കുന്നത്‌. 

റോഡ്‌ നിയമങ്ങൾ പാലിക്കാതെ വണ്ടി ഓടിക്കുന്നതിൽ ഭൂരിഭാഗവും ഇരുചക്ര മുച്ചക്ര വാഹനങ്ങളാണ്‌. എന്നെ ഇടിക്കേണ്ടെങ്കിൽ നിങ്ങൾ ബ്രെയ്ക്‌ ചെയ്തൊ എന്ന മനോഭാവത്തിലാണ്‌ പലരും വണ്ടി ഓടിക്കുന്നത്‌ എന്ന്‌ തോന്നിയിട്ടുണ്ട്‌. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഉൾപ്പെട്ടിട്ടുള്ള അപകടം ഉണ്ടായാൽ നൂറ്‌ ശതമാനം തെറ്റ്‌ അവരുടെ ഭാഗത്തായാലും അടികൊള്ളുന്നത്‌ വലിയ വാഹമോടിക്കുന്നവനായിരിക്കും. അപ്പോൾ സോഷ്യലിസ്റ്റ്‌ ചിന്ത കയറിവരും. ഇരുചക്ര മുച്ചക്ര വാഹനമോടിക്കുന്നവൻ പാവവും വലിയ വണ്ടി ഓടിക്കുന്നവൻ ബൂർഷ്വാ മൂരാച്ചിയുമാവും. 

പൊതുവേ പറയാറുണ്ട്‌ മലയാളികൾ അവൻ കമ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും മുസ്ലീം ലീഗായാലും ബി. ജെ. പി ആയാലും ഉള്ളിൽ ഒരു വിപ്ലവകാരിയുണ്ട്‌ എന്ന്‌. വിപ്ലവകാരിയുടെ പ്രാഥമികമായ ആയുധം നിഷേധമാണ്‌. നിയമങ്ങൾ അനുസരിച്ചാൽ ഉള്ളിലെ വിപ്ലവകാരിയ്ക്ക്‌ കുറച്ചിലല്ലേ...  ഈ നിഷേധത്തിന്‌ അവർ തെരഞ്ഞെടുക്കുന്നത്‌ നമ്മുടെ നിരത്തുകളാകുന്നതാണ്‌ സങ്കടം.

നിരത്തുകളിൽ നിന്ന്‌ ഞാനോ നീയോ എന്ന ഭാവം മാറ്റിനിർത്തുമ്പോഴേ അവ സുരക്ഷിതമാവുകയുള്ളൂ എന്ന്‌ എന്റെ തോന്നൽ. അത്‌ സാധിക്കുമോ? ഇല്ലെങ്കിൽ ഇനിയും നമ്മുടെ നിരത്തുകളിൽ ജീവൻ പൊലിഞ്ഞുകൊണ്ടേയിരിക്കും. വീടുകളുടെ, സമൂഹത്തിന്റെ വാഗ്ദാനവും പ്രതീക്ഷയുമായ ജീവനുകൾ.

പിൻ കുറിപ്പ്: ഈയടുത്ത ഒരു ദിവസം പത്രത്തിൽ വായിച്ച ഒരു വാർത്ത നിലമ്പൂർ കരുളായിയിൽ നിരത്തിലെ തർക്കത്തിൽ ഒരു ചെറുപ്പക്കാരന്‌ ജീവൻ നഷ്ടപ്പെട്ടതിനെക്കുറിച്ചാൺ. നിരത്തിലെ നീയോ ഞാനോ ഭാവത്തിന്റെ ഇരയാണ്‌ ഈ ജീവൻ. 


Sunday, July 3, 2016

രാത്രി അവസാനിച്ചു, പക്ഷേ....

വർഷങ്ങൾക്കുമുമ്പ് എം. കൃഷ്ണൺ നായരുടെ സാഹിത്യവാരഫലത്തിൽ നിങ്ങൾ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നായി അദ്ദേഹം പറഞ്ഞ പുസ്തകമായിരുന്നു, എലീ വീസലിന്റെ ‘നൈറ്റ്’. അന്ന് കുറെ ശ്രമിച്ചെങ്കിലും പുസ്തകം കിട്ടിയില്ല. ചെന്നൈയിലും ഒരിക്കൽ ദില്ലിയിൽ പോയപ്പോൾ അവിടെയും ഈ പുസ്തകം തിരക്കി. അന്ന് സ്റ്റോക്കുണ്ടായിരുന്നില്ല. പിനീട് അത് മറന്നു. പിന്നീടെപ്പോഴൊ പുസ്തകം കൈയിൽ വന്നു. പേജുകളുടെ എണ്ണം കൊണ്ട് ചെറിയ പുസ്തകം. എന്നാൽ ഉള്ളടക്കം കൊണ്ട് ഏറെ വലിയത്. 

പേർ സൂചിക്കുന്നതുപോലെ ഏറെ നീണ്ട, ഒരിക്കലും പുലരുമെന്ന് കരുതാൻ സാദ്ധ്യതയില്ലാത്ത രാത്രിയെ കുറിച്ചാൺ പുസ്തകം. ജർമൻ നാസി കോൻസന്റ്രേഷൻ കാമ്പിൽ കുടുംബത്തോടെ അടയ്ക്കപെട്ട എലീ വീസൽ എന്ന കൗമാരക്കാരനായ കുട്ടി, തന്റെ കുടുംബത്തിന്റെ മുഴുവൻ നാശത്തിനുശേഷം രക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ ഓർമ്മയാൺ ഈ പുസ്തകം. പുസ്തകം ആരംഭിക്കുന്നത് നാസികളാൽ പിടിക്കപ്പെടുന്നതിൻ തൊട്ടുമുമ്പ്. അവസാനിക്കുന്നത് അമേരിക്കൻ പട്ടാളത്താൽ ബുച്ചന്വാൽഡ് മോചിപ്പിക്കപ്പെടുമ്പോൾ. രാത്രിക്കു തൊട്ട് മുമ്പ് തുടങ്ങി രാത്രി അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളിലെ ഓർമ്മകൾ.

ഈ പുസ്തകം എഴുതാൻ വേണ്ടി മാത്രമാൺ താൻ അതിജീവിച്ചതെന്ന് പറയുന്നവരോട് വിയോജിക്കുന്നുണ്ട് എലീ വീസൽ. എങ്ങനെ മരിക്കാതെ രക്ഷപ്പെട്ടതെന്ന് അറിയില്ലെന്ന് പറയുന്ന അദ്ദേഹം ഉറപ്പിച്ചു പറയുന്നത് അത് ദൈവത്തിന്റെ അദ്ഭുതപ്രവർത്തി അല്ലെന്നാൺ. ദൈവം എന്നെ രക്ഷിക്കാൻ അദ്ഭുതങ്ങൾ കാണിക്കുമായിരുന്നെങ്കിൽ എന്നേക്കാൾ അർഹരായവർ അവിടെ വേറെയുണ്ടായിരുന്നു, എന്നാൺ അദ്ദേഹം പറയുന്നത്. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ഇത്രയും വലിയ ക്രൂരതകൾ കണ്ടതിനുശേഷം ആർക്കാൺ ദൈവത്തിന്റെ അദ്ഭുതങ്ങളിൽ വിശ്വസിക്കാൻ കഴിയുക!

1986 ൽ സമാധാനത്തിനുള്ള നോബൽ പ്രൈസ് ക്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു. “മനുഷനോട് മനുഷ്യൻ ഇത്രയും വലിയ ക്രൂരത കാണിക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്തു എന്ന ചോദ്യം എന്റെ നേരെ പുതിയ തലമുറ ഉയർത്തുന്നത് ഞാൻ കേൾക്കുന്നു. ഞാൻ ചെയ്യാനുള്ളത് ചെയ്യാൻ ശ്രമിച്ചു. ഓർമ്മകൾ സജീവമാക്കി നിർത്താൻ, മറക്കുന്നവരോട് പോരാടാൻ ഞാൻ ശ്രമിച്ചു. കാരണം മറക്കുക എന്നാൽ നമ്മളും കുറ്റവാളികളാണെന്നാൺ, കുറ്റത്തിൽ പങ്കാളികളെന്നാണർത്ഥം.” 

ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, “സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല, നിസ്സംഗതയാൺ. വിശ്വാസത്തിന്റെ വിപരീതം നാസ്തികതയല്ല, നിസ്സംഗതയാൺ. ജീവന്റെ വിപരീതം മരണമല്ല, ജീവനും മരണത്തിനുകിടയിലുള്ള നിസ്സംഗതയാൺ”. തന്റെ ഭൂതകാലം വരും തലമുറകളുടെ ഭാവിയായി മാറരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച ആ മനുഷ്യസ്നേഹിയുടെ വിയോഗം ‘രാത്രിയുടെ സാമ്രാജ്യം’ മറവിയിൽ മാഞ്ഞ്പോകരുതെന്ന് തന്നെയാൺ നമ്മോട് പറയുന്നത്. നമ്മുടെ കൂടി ‘ഉത്തരവാദിത്വമായി’ ഇത്തരം വിഷയങ്ങളോടുള്ള ‘പ്രതികരണം’ മനസ്സിലാക്കപ്പേടുമ്പോഴാൺ ഭാവി നമ്മളെ തുറിച്ചുനോക്കുന്ന ‘രാത്രി’ ആയി മാറാതിരിക്കുന്നത്.     

Saturday, June 4, 2016

ലോകമെന്ന ബോക്സിംഗ് റിംഗ്



ബോക്സിംഗ് ഒരു കായികവിനോദമായിട്ട് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എതിരാളിയുടെ മൂക്കും താടിയും ഇടിച്ചുപരത്തി അതിൻ സമ്മാനം നേടുന്നത് എങ്ങനെ ഒരു കളിയാകും. ഏറ്റവും നന്നായി എതിരാളിയെ ഈടിക്കുന്നവൻ വിജയിക്കുന്നു. എങ്കിലും മുഹമ്മദലി എന്നപേരും ജോ ഫ്രേസറുമായി നടന്ന ലോകത്തെ ഇളക്കിമറിച്ച മൽസരവും അന്ന് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. മുഹമ്മദലി എന്ന കാഷ്യസ് ക്ലേയുടെ ജീവിതവും റിംഗിന്റെ അകത്തും പുറത്തും അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങളും മനസ്സിൽ തറഞ്ഞു.  

തൊണ്ണൂറുകളുടെ മദ്ധ്യത്തിലെപ്പോഴൊ മുഹമ്മദലി ഒരിക്കൽ കോഴിക്കോട് സന്ദർശിച്ചിരുന്നു. ഞാനന്ന് കോഴിക്കോട് വിമാനത്താവളത്തിലായിരുന്നു, ജോലി ചെയ്തിരുനന്ത്. ഔദ്യോഗിക പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ വിമാനത്താവളത്തിലെ വി.ഐ.പി മുറിയിൽ കുറെ നേരം കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിലെ ജീവനക്കാർ ഒരു പാട് പേർ അദ്ദേഹത്തെ കാണാൻ എത്തി. അന്നേ അദ്ദേഹം പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്നു. 

കൈകൾ വിറച്ചുകൊണ്ടിരുന്നു. വർഷങ്ങളോളം എതിരാളികളുടെ മൂക്കും താടിയെല്ലുകളും ഇടിച്ചു പരത്തിയിരുന്ന ആ കൈകൾ മൂക്കത്ത് വന്നിരിക്കുന്ന ഈച്ചയെ ഓടിക്കാൻ കൂടി പാടുപെടുന്നുണ്ടായിരുന്നു. ഞങ്ങളോട് ചിരിച്ചുകൊണ്ട് സംസാരിച്ചു. തുറന്ന് ചിരിച്ചപ്പോഴും ഓർമ്മയിൽ വന്നത് ബോക്സിംഗ് മൽസരങ്ങൾക്കുമുമ്പ് അന്ന് നടക്കാറുണ്ടായിരുന്ന പത്രസമ്മേളനങ്ങളിൽ എതിരാളികളുടെ നേർക്ക് കാണിച്ചിരുന്ന ‘ഗ്രിൻ’ ഇളിച്ചുകാട്ടൽ. അന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചപ്പോഴും കാതിൽ വീണത് യഥാർത്ഥമൽസരത്തിനുമുമ്പേ എതിരാളികളുടെ മനോവീര്യം തകർക്കാൻ പോന്ന അട്ടഹാസങ്ങൾ. 

വിറയ്ക്കുന്ന കൈകൾ കൊണ്ട് ശൂന്യതയിൽ നിന്ന് ഒരു തൂവാല എടുത്തുകൊണ്ട് ഞങ്ങളെ അമ്പരപ്പിക്കാൻ ശ്രമിച്ചു. അതിനുശേഷം തൂവാല എവിടെയാണൊളിപ്പിച്ചു വെച്ചിരുന്നത് എന്ന് കാണിച്ചുകൊണ്ട് മാജിക്കിനുപിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി. തന്റെ വരുതിയിൽ നില്ക്കാത്ത കൈകൾ കൊണ്ട് മറ്റെന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുകയായിരുന്നിരിക്കണം, അദ്ദേഹം ഈ മാജിക്  പ്രദർശനത്തിലൂടെ. 

അദ്ദേഹം മരിക്കുമ്പോൾ ബോക്സിംഗ് രംഗത്തെ ഇതിഹാസം തന്നെയാൺ മറഞ്ഞുപോകുന്നത്. ലോകത്തെ തന്നെ ഒരു ബോക്സിംഗ് റിംഗായി കണ്ട് ജീവിതം കൊണ്ട് പോരാടിയ ഒരാൾ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കുമുമ്പിൽ തലകുനിക്കുന്നു. 



Thursday, April 28, 2016

ഇത്‌ കൊമ്പന്മാരുടെ കാലമാണ്‌

Leela

നാടിളക്കി കാടിളക്കി മേഞ്ഞ്‌ നടക്കുന്ന ഒരു കൊമ്പനാണ്‌ കുട്ടിയപ്പൻ. പാരമ്പര്യമായിക്കിട്ടിയ അളവറ്റ സ്വത്ത്‌ ഈ കൊമ്പന്റെ വിനോദങ്ങൾക്ക്‌ വിഭവം നല്കുന്നു. പ്രധാന വിനോദം നാട്ടിലും കാട്ടിലുമുള്ള പിടിയാനകളെ തേടി കണ്ടുപിടിക്കുകയും അവരെ അനുഭവിക്കുകയും ചെയ്യുക. തന്റെ ജീവിതം തന്നെ ഇതിനുവേണ്ടിയുള്ളതാണെന്ന്‌ രീതിയിൽ.

തന്റെ മൃഗയാ വിനോദങ്ങൾക്ക്‌ കൂട്ടിന്‌ പോകാൻ സദാ തയ്യാറായി തറവാട്ടിലെ പണ്ടത്തെ കാര്യസ്ഥൻ ഉണ്ട്‌. ഇയാൾ സ്വയം ഒരു ഭർത്താവും പ്രായപൂർത്തിയായ ഒരു മകളുടെ അഛനുമാണെങ്കിലും കുട്ടിയപ്പൻ വിളിച്ചാൽ എല്ലാം വിട്ട്‌ ഓടിയെത്തും. ജോലിക്കാരിയയ പത്നിയുടെ ശകാരമൊന്നും കുട്ടിയപ്പന്റെ വിളിക്കുമുമ്പിൽ ഒന്നുമല്ല. പിടിയാനകളെ കുട്ടിയപ്പന്റെ വിവിധങ്ങളായ രുചികൾക്കൊത്ത്‌ എത്തിച്ചു കൊടുക്കാൻ സദാ ജാഗരൂകനായി ദാസപ്പാപ്പി എന്ന ദല്ലാൾ. 

ഒരു കാര്യം ഒരേ പോലെ ചെയ്തു മടുക്കാതിരിക്കാൻ കുട്ടിയപ്പൻ ചില സർഗ്ഗാത്മക രീതികളൊക്കെ കണ്ടുപിടിക്കും. വലിയ വീട്ടിലെ തന്റെ കിടപ്പുമുറിയൽ രാവിലത്തെ കട്ടൻ ചായ എത്തിക്കാൻ വീടിനുപുറത്തു ഒരു ഏണി വെച്ച്‌ അതിലൂടെ കയറി എത്തണമെന്ന്‌ പ്രായമായ വേലക്കാരിയോട്‌ നിർബ്ബന്ധിക്കുന്നതിന്റെ പൊരുൾ ഇതാണ്‌. എന്നും കോണി കയറി ചായ തരുന്നതിലെന്താണൊരു ത്രില്ല്‌?

ഇങ്ങനെ കണ്ടുപിടിക്കുന്ന വ്യത്യസ്ഥങ്ങളായ രീതികൾ നടപ്പാക്കാൻ എത്ര പണവും ബുദ്ധിമുട്ടും സഹിക്കാൻ ഇയാൾ തയ്യാറാണ്‌. കൂടെ പോകാൻ കാര്യഥൻ നായരും. പുതുതായി കിട്ടുന്ന പിടിയാനകളെ മെരുക്കാനും അപ്പപ്പോൾ ചില താപ്പാനകളേയും കുട്ടിയപ്പൻ ഉപയോഗിക്കും. 

കുട്ടിപ്പാപ്പി ഒരിക്കൽ ഒരു സ്വപ്നം കാണുന്നു. ഈ സ്വപ്നം ഒരു ലഹരിയായി കുട്ടിയപ്പനെ പിടികൂടുന്നു. അതിനുപറ്റിയ ഒരാനയേ തേടി ഇറങ്ങുകയാണ്‌ കുട്ടിയപ്പനും നായരും. ആനയെ എന്തിനാണെന്ന്‌ അവസാനം വരെ കുട്ടിയപ്പൻ ആരോടും പറയുന്നില്ല. ആനയെ തേടി ഇറങ്ങിയ കുട്ടിയപ്പനെ ധാരാളം ആനയെ സംരക്ഷിക്കുന്ന ഒരു വലിയ വീട്ടിൽ പോകുന്നുണ്ട്‌. കാര്യം പറഞ്ഞപ്പോൾ ആന സംരക്ഷകൻ കുട്ടിയപ്പനെ ആട്ടിയിറക്കുന്നുണ്ട്. 

ഒടുവിൽ പറ്റിയ ഒരാന വയനാട്ടിൽ ഒരാളുടെ കൈവശം ഉണ്ടെന്ന് പഴയൊരു പാപ്പാൻ വഴി അറിയുന്നു. വയനാട്ടിലേക്കുള്ള യാത്രയിൽ ഒരു കൂട്ടായി ഒരു പെൺകുട്ടിയെ തേടിയാണ്‌ അടുത്ത യാത്ര. സ്വന്തം അഛനാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു കുട്ടിയുടെ കഥ കേൾക്കുമ്പോൾ കൊമ്പന്‌ വീണ്ടും ത്രില്ലടിക്കുന്നു. ഇതുവരെ അനുഭവിക്കാത്ത ഒന്നിന്റെ ത്രിൽ. അപമാനം ഭയന്ന് നാടുവിട്ട ആ കുടുംബത്തെ തേടി കുറ്റിപ്പുറത്തെത്തുന്നു, അഛനെ പറഞ്ഞ് സമ്മതിപ്പിച്ച് അവരെ കൂടെ കൂട്ടി വയനാട്ടിലേക്ക്. 

വയ്നാട്ടിലെത്തി ആനക്കാരെനെ കണ്ട് പറഞ്ഞ പണം കൊടുത്ത് ആനയെ കണ്ടുപിടിക്കുന്നു. പെൺകുട്ടിയേയും സന്തത സഹ്ചാരിയേയും കൂട്ടി കൊടും കാട്ടിലെത്തുന്നു. തന്റെ സ്വപ്നം നടപ്പാക്കാനെന്ന മട്ടിൽ പെൺകുട്ടിയെ ആനയുടെ മസ്തകത്തിൽ ചേർത്തുനിർത്തി  നെറുകയിൽ ഉമ്മവെച്ചുകൊണ്ട് കുട്ടിയപ്പൻ പറയുന്നു, ഞാൻ ഇവളെ വിവാഹം ചെയ്തിരിക്കുന്നു, എന്ന്. സന്തോഷം പങ്കുവെയ്ക്കാൻ നായരുടെ അടുത്തേക്ക് കുട്ടിയപ്പൻ നീങ്ങിയപ്പോൾ, പുതിയ ഒരു കൊമ്പൻ അവതരിക്കുകയാണ്‌. നിഷ്ക്കളങ്കതയെ നശിപ്പിക്കാൻ.

ഒരു കൊമ്പൻ മെരുങ്ങുമ്പോൾ പുതിയ കൊമ്പന്മാർ ഉണ്ടാകുന്നു. നിഷ്ക്കളങ്കരായ ലീലകൾക്ക് രക്ഷയില്ല എന്നാണ്‌ സിനിമ പറഞ്ഞുവെയ്ക്കുന്നത്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചപ്പോൾ നല്ല വായന ഉണ്ടായ കഥയാണ്‌ ഉണ്ണി. ആർ. എഴുതിയ ലീല എന്ന ചെറുകഥ. ഉണ്ണി. ആർ. തന്നെയാണ്‌ തിർക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. 

ഈ നല്ല ചിത്രത്തിന്റെ എടുത്തുപരയേണ്ടുന്ന ഒരു കാര്യം നടന്മാരുടെ തെരഞ്ഞെടുപ്പാണ്‌. കുട്ടിയയപ്പനായി ബിജു മേനോൻ തിളങ്ങുന്നുണ്ട്. വിജയരാഘവന്റെ മെയ്ക്കപ്പും ശരീരഭാഷയിൽ പ്രത്യേകിച്ച് നടത്തത്തിൽ വരുത്തിയ മാറ്റവും ഒരു വിനീത വിധേയന്റെ ചിത്രം കൃത്യമായി കാണിക്കുന്നു. മധ്യപനായ സ്വന്തം മകളെ ബലാൽസംഗം ചെയ്യുന്ന അഛനിലേക്കുള്ളത് ജഗദീഷിന്റേത് ഒരു പരിണാമം തന്നെയാണ്‌. കൊമ്പന്മാരുടെ സിനിമയിൽ പിടിയാനകൾക്ക് കാര്യമായ പങ്കൊന്നുമില്ല. കാണെണ്ടുന്ന ഒരു സിനിമയാണ്‌ ലീല.  


Thursday, March 31, 2016

ഒരിക്കലും കേൾക്കാത്ത പാട്ട്

പാട്ട് എന്നും എപ്പോഴും കൂടെയുണ്ടായിരുന്നു. ചേച്ചിയും വലിയേട്ടനും നവജീവൻ വായനശാലയുടെ ഗ്രാമീണ റേഡിയോവും പാട്ടിലേക്ക് വലിച്ചടുപ്പിച്ചു. പുതിയ പാട്ട് കേട്ടാൽ അതെങ്ങനെയെങ്കിലും പഠിച്ചെടുക്കുന്നതുവരെ അതു മാത്രമായിരിക്കും ഊണിലും ഉറക്കത്തിലും നടത്തത്തിലും. പാട്ടുകൾ കേൾക്കാനുള്ള സൗകര്യം ഒട്ടുമില്ലാതിരുന്നതു കാരണം പലപ്പോഴും പാട്ടുപാടുന്ന സുഹൃത്തുക്കളിൽ നിന്നാവും പഠിച്ചെടുക്കുക. 

വീട് റെയിലിന്‌ കിഴക്കുവശത്തായിരുന്നു. റെയിൽ ഒരു മഹാമേരുപോലെ കിടക്കുന്നതുകാരണം ഇവിടത്തെ വീടുകളിൽ കറന്റ് എത്താൻ ഒരു പാട് വൈകി. ഒടുവിൽ വീട്ടിൽ വൈദ്യുത വെളിച്ചം  1989-ലോ 90-ലോ മറ്റോ ആണ്‌. അടുത്ത അങ്ങാടി പുത്തൻ പീടിക. നവജീവൻ വായനശാലയും അവിടെത്തന്നെ. എന്നുമുള്ള ചുടലപ്പറമ്പ് മൈതാനത്തിലെ ഫുട്ബോൾ കളിയും കഴിഞ്ഞ് എന്തെങ്കിലും വാങ്ങിക്കാനോ വായനശാലയിൽ നിന്ന് പുസ്തകമെടുക്കാനോ ഒക്കെ പുത്തൻപീടിക അങ്ങാടിയിൽ കറങ്ങി വീട്ടിലേക്ക് തിരിക്കുമ്പോൾ ഇരുട്ടും, മിക്കപ്പോഴും.

റെയിൽ കടന്നാൽ പിന്നെ കണ്ണിൽ കുത്തുന്ന ഇരുട്ടാണ്‌. റെയിൽ ഇറങ്ങുമ്പോഴേ തുടങ്ങും പാട്ട്. നല്ല ഉച്ചത്തിൽ തന്നെ. പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല പാടുന്നത് എന്നത് സ്വകാര്യം. പാട്ടിന്‌ പേടി മാറ്റാനുള്ള വല്ലാത്തൊരു കഴിവുണ്ടെന്നുള്ളത് അനുഭവിച്ചറിഞ്ഞ കാര്യം. ഗന്ധർവന്മാരും യക്ഷികളും പാട്ട് ഇഷ്ടപ്പെട്ടിരുന്നു എന്നത് തലമുറകളിലൂടെ പകർന്നുകിട്ടിയ അറിവായിരുന്നില്ല ഇങ്ങനെ പാടുവാൻ കാരണം. എന്തായാലും ആന വരുന്നതിനുമുമ്പുള്ള ചങ്ങലക്കിലുക്കം പോലെ എന്റെ വരവിനുമുമ്പേ പാട്ടുണ്ടായിരുന്നു. 

പിന്നീടെപ്പോഴൊ യൂണിവേർസിറ്റി കലോൽസവത്തിന്‌ പോയപ്പോൾ രാത്രിയിലെ സുഹൃദ് കൂട്ടായ്മയിൽ നിലമ്പൂരിൽ നിന്നുള്ള വി. പി. ഷൗക്കത്തലി പാടിയ സ്വന്തം കവിതയിൽ ഇങ്ങനെ കേട്ടു, ‘പാട്ടല്ല നാട്ടിന്റെ ചൂട്ടാണ്‌ കേട്ടോളൂ’ എന്ന്. അതിനും ശേഷം ‘പാട്ടുകൊണ്ടൊരു ചൂട്ടുകെട്ടി മോത്തുകുത്തും ഞാൻ’ എന്ന് വേറൊരു കവി പാടി കേട്ടു. പാട്ടിന്‌  ചൂട്ടിന്റെ ധർമം കൂടിയുണ്ടെന്ന് വളരെ മുമ്പ് മനസ്സിലാക്കിയ ആളാണല്ലോ ഞാൻ. 

ബി ഇ. എം. എൽ. പി സ്കൂളിൽ പടിക്കുമ്പോൾ തന്നെ ഞാൻ ക്ലാസ്സിൽ പാടുമായിരുന്നു. മൂന്നാം ക്ലാസ്സിലെ ടീച്ചറായിരുന്ന നല്ല വെളുത്ത ആലീസ് ടീച്ചർ കറുത്ത എന്നെ കൊണ്ട് ഇടക്കിടെ പാടിക്കുമായിരുന്നു. അന്നൊന്നും എൽ. പി. സ്കൂളിലൊന്നും കലോൽസവങ്ങളോ മറ്റു വേദികളൊ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ബി. എ. എം. എൽ. പി. സ്കൂളിനു മുന്നിലൂടെ വരുമ്പോൾ കണ്ടു സ്റ്റേജിൽ കലാ പരിപാടികൾ നടക്കുന്നു. 

അഞ്ചാം ക്ലാസ്സിലെത്തിയപ്പോൾ കാര്യം മാറി. ബി. എ. എം. ഹൈസ്കൂളിലാണ്‌ അഞ്ചാം ക്ളാസ്സ് മുതൽ. ഓരോ വർഷവും നടക്കുന്ന യുവജനോൽസവം ശരിക്കും ഒരുൽസവമായിരുന്നു.  നല്ല വസ്ത്രങ്ങൾ ഒരാഗ്രഹം മാത്രമായിരുന്ന ആ നാളുകളിൽ ഉള്ളതിൽ മികച്ച വസ്ത്രം ധരിച്ച് വരാൻ ഒരവസരമായിരുന്നു, യുവജനോൽസവങ്ങൾ. അച്ചടക്കത്തിന്റെ ചൂരൽ തുമ്പിനെ, ഗോവിന്ദൻ മാഷിന്റെ പൊക്കിളിനെ ചുറ്റിയുള്ള വിരൽ പ്രയോഗത്തിനെ, പെരുക്കപ്പട്ടികയെ കുറിച്ച് എപ്പോഴും വരാവുന്ന സുകുമാരൻ മാഷിന്റെ ചോദ്യത്തിനെ പേടിക്കാതെ കറങ്ങി നടക്കാം. പെൺകുട്ടികൾ പലപ്പോഴും ആദ്യമായി ദാവണി ചുറ്റി വന്നത് ഈ ദിവസങ്ങളിൽ. വളരെ അപൂർവമായി സ്കൂൾ വാർഷികവും കൊണ്ടാടാറുണ്ടായിരുന്നു. യുവജനോൽസവം പകലായിരുന്നു. ഒരിക്കൽ വാർഷികം രാത്രിയിൽ നടന്നതിന്റെ ഓർമ്മ ചെറുതായുണ്ട്.

എപ്പോഴും പാട്ടുപാടി നടക്കുന്ന എനിക്ക് ആദ്യത്തെ യുവജനോൽസവത്തിൽ പാട്ടിന്‌ പേര്‌ കൊടുക്കുക എന്നത് വളരെ സ്വാഭാവികമായ കാര്യമായിരുന്നു. ഏത് പാട്ട് പാടും എന്നത് ഒരു പ്രശ്നമായിരുന്നു. പാട്ട് കേൾക്കാനുള്ള അവസരത്തിന്റെ പരിമിതി, പാട്ട് സ്വയം തെരഞ്ഞെടുക്കാനുള്ള മടി ഒക്കെ തന്നെ കാരണം. ഒടുവിൽ വലിയേട്ടനെ ശരണം പ്രാപിച്ചു. ഏട്ടൻ അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. 

ഏട്ടൻ എനിക്കൊരു പാട്ട് പറഞ്ഞുതന്നു. ഞാൻ മുമ്പ് കേട്ടിട്ടില്ലാത്ത ഒരു പാട്ട്. തുടക്കം ‘നീയെന്റെ കരളല്ലേ’ എന്നായിരുന്നു. പാട്ടിലെവിടെയൊ ‘കരളിലുറങ്ങുന്ന മധുവല്ലേ’ എന്ന ഒരു വരി കൂടിയുണ്ടായിരുന്നു. അത്രയേ ഓർമ്മയുള്ളൂ. 

ഏതായാലും പാട്ട് കൃത്യമായി പഠിച്ചു. യുവജനോൽസവത്തിന്റെ ദിവസം വന്നെത്തി. ഞാൻ സ്റ്റേജിൽ കയറി പാടാൻ തുടങ്ങി. 

“ നീയെന്റെ കരളല്ലേ ” പിന്നെ കേട്ടത് നല്ല കൂവലായിരുന്നു. പത്തുവയസ്സുകാരന്‌ ജാള്യത തോന്നിയെങ്കിലും പാട്ട് മുഴുവൻ പാടിയേ സ്റ്റേജിൽ നിന്നിറങ്ങിയുള്ളൂ. ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ നോക്കുന്നതും മിണ്ടുന്നതും നാടിന്റെ മുഴുവൻ ശ്രദ്ധ ആകർഷിക്കുമായിരുന്ന അക്കാലത്ത് ഒരു ചെറിയ പയ്യൻ സ്റ്റേജിൽ വന്ന് ‘നീയെന്റെ കരളല്ലേ’ എന്ന് പാടിയത് ഒരു സംഭവമായിരുന്ന്, അന്ന്. ദിവസങ്ങളോളം മറ്റുള്ളവരുടെ കളിയാക്കലിന്റെ ഇരയാവാൻ പാട്ട് കാരണമായി.  

അന്ന് സദസ്സിലുണ്ടായിരുന്നവർ ആദ്യമായും അവസാനമായും ആയിരുന്നു, ആ പാട്ട് കേട്ടത്. ഞാനാകട്ടെ ഒരിക്കൽ പോലും കേട്ടില്ല. എനിക്കിപ്പോഴും അറിയില്ല ഏട്ടൻ എവിടെ നിന്ന് കണ്ടുപിടിച്ചു തന്നു, ആ പാട്ട് എന്നത്.   



Tuesday, December 8, 2015

അശുദ്ധമാകുന്ന ജനനവും മരണവും

ഇന്ന് ഒരു മരണവീട്ടിൽ പോയിരുന്നു. പഴയൊരു സുഹൃത്തും സഖാവും ഒക്കെയായ കുഞ്ഞുമോൻ ആണ്‌ മരിച്ചത്. കുറച്ചുനാളായി അസുഖമായി കിടപ്പായിരുന്നു. നല്ലൊരു സഖാവും മനുഷ്യനുമായിരുന്നു, കുഞ്ഞുമോൻ. ഇന്നലെ രാത്രിയാണ്‌ മരിച്ചത്. രാവിലെ ഓഫീസിൽ പോകുന്നതിനുമുമ്പായി മരണവീട്ടിൽ പോയി. 

അവിടെ നിന്ന് തിരിച്ചിറങ്ങിയപ്പോൾ വേറൊരു സഖാവിനെ കണ്ടു. ഏറെ നാളായി ഞാൻ നാട്ടിലില്ലാത്തതുകാരണം പഴയ പരിചയക്കാരെ കാണുന്നത് സന്തോഷമാണ്‌. അവൻ ശബരിമലയ്ക്ക് പോകാൻ വ്രതത്തിലാണ്‌. കറുപ്പുടുത്തിരിക്കുന്നു. നെറ്റിയിൽ ചന്ദനക്കുറിയും. എന്നെ കണ്ടപ്പോൾ അവൻ പരിചയഭാവത്തോടെ വിവരങ്ങൾ ചോദിച്ചു. ഞാൻ അവന്റെ അടുത്തുചെന്ന് കൈ പിടിക്കാൻ ഒരുങ്ങി. അപ്പോൾ അവൻ പിന്നോട്ട് മാറി. ഒന്ന് പകച്ചെങ്കിലും ഞാൻ വീണ്ടും അവന്റെ കൈ പിടിക്കാൻ ഒരുങ്ങി. അവൻ ഞെട്ടി പുറകോട്ട് മാറി. എന്നിട്ട് പറഞ്ഞു, “ഒരു അമ്പലത്തിന്റെ പണിയിലാണ്‌. അങ്ങോട്ട് പോവുകയാണ്‌” 

അപ്പോഴാണ്‌ ഞാൻ ഓർത്തത് ഞാൻ മരണവീട്ടിൽ നിന്നാണ്‌ വരുന്നത്. അമ്പലത്തിൽ പണിക്ക് പോകുന്ന അവൻ ഞാൻ തൊട്ടാൽ അശുദ്ധനാവും. അവൻ ശ്രദ്ധാലുവായത് കാരണം രക്ഷപ്പെട്ടു. അല്ലെങ്കിൽ ഞാൻ കാരണമായുണ്ടായ അശുദ്ധിമാറാൻ അവന്‌ വീണ്ടും കുളിച്ചുവരേണ്ടിവരുമായിരുന്നു. അവിശ്വാസിയായ എനിക്കെന്ത് ശുദ്ധവും അശുദ്ധവും. 

തിരിച്ചു പോരുമ്പോൾ ഞാൻ ആലോചിച്ചത് ഈ വിഷയമാണ്‌. നമുക്ക് ജനനവും മരണവും ഒക്കെ അശുദ്ധിയുണ്ടാക്കുന്നു. പ്രസവവും സ്ത്രീകളുടെ ആർത്തവവും ഒക്കെ അശുദ്ധമാണ്‌. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മനുഷ്യ ജീവിതത്തിലെ ജൈവപ്രവർത്തനങ്ങളൊക്കെ നമുക്ക് അശുദ്ധിയുണ്ടാക്കുന്നു.

പണ്ട് അടുത്ത വീട്ടിലെ ചേച്ചിമാർ അവരുടെ ആർത്തവകാലത്ത് എന്റെ വീട്ടിലായിരുന്നു, കഴിഞ്ഞിരുന്നത്. അവരുടെ വീടിനോട് ചേർന്ന് കുടുംബത്തിന്റെ കുലദേവതയായ കാളിയുടെ കാവുണ്ടായിരുന്നു. ദേവത ഒരു സ്ത്രീ ആയിട്ടും അവരോട് ഒരു ദയയും കാണിച്ചില്ല.  അതുകൊണ്ടാണ്‌ ഈ ദിവസങ്ങളിൽ അവർക്ക് അവരുടെ വീട്ടിൽ കഴിയാൻ കഴിയാതിരുന്നത്. നന്നെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഇതെന്താണെന്ന് മനസ്സിലായിരുന്നില്ല. അന്നതിന്‌ ‘പുറത്താവുക’, ‘തൊടൻപാടില്ലാതെയാവുക’ എന്നൊക്കെയാണ്‌ പറഞ്ഞിരുന്നത്. കുറച്ചുകൂടി വിവരവും വിദ്യാഭ്യാസവുമുള്ളവർ ‘തീണ്ടാരിയാവുക’ എന്നും. 

‘പുറത്താവുക’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഈ ദിവസങ്ങളിൽ അവർ വീട്ടിൽ നിന്ന് പുറത്തായിരുന്നു. വീട്ടിൽ നിന്ന് പുറത്താവുന്ന അവർ അയല്ക്കാരുടെ നല്ല മനസ്സിൽ അവരുടെയൊക്കെ വീടുകളിൽ കഴിഞ്ഞു. മുതിർന്ന പെൺകുട്ടികൾ അയല്ക്കാരുടെ വീട്ടിൽ അന്തിയുറങ്ങുന്നതിൽ അന്ന് ആർകും മാനക്കേട് തോന്നിയിരുന്നില്ല. ദൈവങ്ങളുടെ അല്ലെങ്കിൽ ദേവികളുടെ മാനം കാക്കാനായിരുന്നല്ലോ അത്.

എന്റെ വീട്ടിൽ അടുക്കളയോട് ചേർന്ന് ഒരു മുറി ഇങ്ങനെ ഉണ്ടായിരുന്നു. അവിടെയാണ്‌ പുറത്താകുന്ന വീട്ടിലെ സ്ത്രീകളും അയൽ വീട്ടിലെ ചേച്ചിമാരും കഴിഞ്ഞിരുന്നത്. എന്റെ അമ്മയും ചേച്ചിമാരും ഇങ്ങനെ വീട്ടിനുള്ളിൽ തന്നെ പുറത്താവുമായിരുന്നു, ഈ ദിവസങ്ങളിൽ. അന്ന് മിക്കവാറും വീടുകളിൽ വീടിനോട് ചേർന്ന ചായ്പോ നെടുമ്പുരയോ ഒക്കെ ഉണ്ടാവും.  വീടിനോട് ചേർന്ന് ചായ്ച്ച് കെട്ടിയതിനാലാവണം അതിന്‌ ചായ്പ് എന്ന് പേര്‌ വന്നത് എന്ന് തോന്നുന്നു. അവർ അടുക്കളയിൽ കയറുകയോ വീട്ടിലെ മറ്റുജോലികൾ ചെയ്യുകയോ ഇല്ല. ഇങ്ങനെ പുറത്തായി കഴിയുന്നവർക്കുള്ള ഭക്ഷണം അവരെ തൊടാതെ എത്തിച്ചുകൊടുക്കും.  അവർ തൊടാൻപാടില്ലാതെ ഇരിപ്പാണല്ലോ.

ഇക്കാര്യത്തിൽ ഇസ്ലാം മതത്തിന്റേയും സമീപനം ഏറെക്കുറെ ഇത് തന്നെ. ആർത്തവദിവസങ്ങളിൽ മുസ്ലീം സ്ത്രീകൾ നിസ്കരിക്കേണ്ടതില്ല. റംസാൻ നോമ്പും ഈ ദിവസങ്ങളിൽ അനുഷ്ഠിക്കേണ്ടതില്ല. ദിവസം അഞ്ചുനേരം നിസ്കരിക്കണമെന്നും റംസാൻ നോമ്പ് കൃത്യമായി പാലിക്കണമെന്നും നിഷ്കർഷിക്കുന്ന ഇസ്ലാം മതം സ്ത്രീകൾക്ക് ഈ ദിവസങ്ങളിൽ ഇളവ് നല്കുന്നു.

പല വിഷയങ്ങളിലും കുറച്ചുകൂടി വിശാലമായ നിലപാടുകളുള്ള ക്രിസ്തീയ സമുദായത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല തന്നെ. പള്ളിയിൽ കാലുകുത്തുന്നതിനു വിലക്കില്ലെങ്കിലും കുർബാന കൊള്ളുന്നതിനും മറ്റും അലിഖിതമായ വിലക്കുണ്ട്. ഇങ്ങനെയുള്ള വിലക്കുകൾ പലപ്പോഴും തലമുറകളിൽനിന്ന് പകർന്നുകിട്ടി ഒരു ആചാരം പോലെ പാലിക്കപ്പെടുന്നതാണ്‌. 

എന്തുകൊണ്ടാണ്‌ ആർത്തവവും പ്രസവവും മരണവുമൊക്കെ അശുദ്ധിയുണ്ടാക്കുന്നത്? ശുദ്ധിയുടെയും അശുദ്ധിയുടെയും നിർവ്വചനങ്ങൾ എന്താവും? മുൻകാലങ്ങളിൽ സ്ത്രീകൾ ഇന്നത്തെ പോലെ സമൂഹത്തിന്റെ പൊതുധാരയിൽ സജീവമായിരുന്നില്ല. അന്ന് മാസത്തിൽ അഞ്ച് ദിവസങ്ങൾ അവർക്ക് വീട്ടിൽ നിന്നും വീട്ടിലെ എല്ലാ വ്യവഹാരങ്ങളിൽ നിന്ന് മാറി നിൽക്കാൻ കഴിയുമായിരുന്നു. 

ഇക്കാലത്ത് അവർക്ക് അങ്ങനെയുള്ള നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല. അവർ അടുക്കളയിൽ കയറുന്നു, വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നു, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നു. ജോലിയുള്ള സ്ത്രീകളാണെങ്കിൽ ജോലിയ്ക്കും പോകുന്നു. ഒട്ടുമിക്ക കാര്യങ്ങളിലും പുരുഷന്മാരെ പ്പൊലെ തന്നെ ഇടപെടുന്ന ഇക്കാലത്തും സ്ത്രീകൾക്ക് ഇത്തരം വിലക്കുകൾ ആവശ്യമുണ്ടോ?

ഇതുപോലെ മരണവും ജനനവും ഒക്കെ ഒരു ആചാരം കണക്കെ അശുദ്ധമായി കാണേണ്ടതുണ്ടോ? അങ്ങനെയുള്ള അലിഖിത വ്യവസ്ഥകൾ നിലനില്ക്കുന്നുണ്ടെങ്കിൽ അവ മാറേണ്ടതില്ലേ? ആര്‌ മാറ്റും. ഇതുപോലെ മരണവും ജനനവും ഒക്കെ ഒരു ആചാരം കണക്കെ അശുദ്ധമായി കാണേണ്ടതുണ്ടോ? അങ്ങനെയുള്ള അലിഖിത വ്യവസ്ഥകൾ നിലനില്ക്കുന്നുണ്ടെങ്കിൽ അവ മാറേണ്ടതില്ലേ? ആര്‌ മാറ്റും. ആചാരങ്ങളെ മതമായും മതത്തെ ദൈവമായും കണക്കാക്കപ്പെടുന്ന ഇക്കാലത്ത് നിയമങ്ങളെ കാലികമായി പൊളിച്ചെഴുതാൻ ആരെങ്കിലും തയ്യാറാവുമെന്ന് വിശ്വസിക്കുന്നത് തികഞ്ഞ മൗഡ്യമാണ്‌.