Thursday, July 21, 2016

ചക്രങ്ങൾ ഘടിപ്പിച്ച ഞാനെന്ന ഭാവം

നമ്മുടെ നാട്ടിൽ ഏറ്റവും അധികം ആളുകൾക്ക്‌ ജീവൻ നഷ്ടപ്പെടുന്നത്‌ നമ്മുടെ നിരത്തുകളിലാണ്‌. ഇതിൽ തന്നെ ദേശീയ ശരാശരിയിൽ കൂടുതലാണ്‌ കേരളത്തിന്റേത്‌. കേരളത്തിൽ ഏറ്റവും കൂടുതൽ നമ്മുടെ മലപ്പുറം ജില്ലയും. ഈ വിഷയത്തിലെ സ്ഥിതിവിവരക്കണക്കിലേക്ക്‌ ഞാൻ കടക്കുന്നില്ല. ചുറ്റും നോക്കിയാൽ നമ്മുടെ അടുത്ത പരിചയത്തിൽ, അയൽപക്കത്ത്‌, ബന്ധുക്കളിൽ, വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയി  കുറച്ചുപേരെങ്കിലും ഉണ്ടാകും, തീർച്ച. ഇത്‌ ഈ പ്രദേശത്തുള്ള ഓരോ വ്യക്തിയുടെ കാര്യത്തിലും ശരിയാവാനാണ്‌ സാദ്ധ്യത. 

സർക്കാർ തലത്തിൽ, പഞ്ചായത്ത്‌-ജില്ലാ തലത്തിൽ, ഗതാഗത വകുപ്പിന്റേതായി ധാരാളം ശ്രമങ്ങൾ വാഹനാപകടങ്ങൾ കുറയ്ക്കാൻ നടക്കുന്നുണ്ട്‌. എന്നാൽ ഒന്നും ഫലം കാണുന്നില്ല. നേരത്തേ പറഞ്ഞ പോലെ സമൂഹത്തിലെ ഭൂരിഭാഗം പേരും വാഹാനപകടങ്ങളുടെ ഏതെങ്കിലും രീതിയിലുള്ള തിക്തഫലവുമായി ജീവിക്കുന്നവരായിട്ടും എന്തുകൊണ്ടാണ്‌ മേല്പ്പറഞ്ഞ ശ്രമങ്ങൾ ഫലം കാണാതെ പോകുന്നത്‌?

കഴിഞ്ഞദിവസം ഞാൻ കാറോടിച്ച്‌ പോകുമ്പോൾ ഉണ്ടായ ഒരു അനുഭവം പറയാം. അതിരാവിലെ ആയതുകൊണ്ട്‌ റോഡ്‌ ഏറെക്കുറെ വിജനമായിരുന്നു. മുന്നിൽ ഒരു ബൈക്കിൽ ഒരു പുരുഷനും സ്ത്രീയും കുട്ടിയും പോകുന്നുണ്ട്‌. ഇയാൾ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി വണ്ടി ഓടിക്കുകയാണ്‌. എപ്പോഴോ ഇട്ട വലതുവശത്തേക്കുള്ള ഇൻഡികേറ്റർ ഓഫ്‌ ചെയ്യാൻ മറന്നുപോയിരിക്കുന്നു. എനിക്ക്‌ കടന്നുപോകുവാൻ അയാൾ ഇത്തിരി ഇടത്തോട്ട്‌ മാറിയാൽ മതി. ഞാൻ ഹോൺ കൊടുത്തിട്ടും അയാൾ മാറിത്തരുന്നില്ല. ഒടുവിൽ പറ്റിയ ഒരിടത്ത്‌ ഞാൻ അയാളെ കടന്ന്‌ മുന്നോട്ട്‌ പോകാൻ ശ്രമിച്ചു. പെട്ടെന്ന്‌ വേറൊരു ബൈക്ക്‌ എതിർദിയശയിൽ നിന്ന്‌ വന്നതുകാരണം ഞാൻ ശ്രമമുപേക്ഷിച്ചു. പെട്ടെന്ന്‌ ഇയാൾ  എന്റെ മുന്നിൽ കടന്ന്‌ വണ്ടി നിർത്തി എന്നെ തെറി വിളിക്കാൻ തുടങ്ങി. പലതവണ ഞാൻ ‘പൊളിക്കും’, ‘കത്തിക്കും’ എന്നിങ്ങനെ കേട്ടാലറയ്ക്കുന്ന പച്ചത്തെറിയുടെ അകമ്പടിയോടെ അയാൾ ആവർത്തിച്ചു. തനിക്കിഷ്ടമില്ലാത്തത്‌ ചെയ്യുന്നവനെ ഏത്‌ നിമിഷവും കൊല്ലാനും കത്തിക്കാനും തയ്യാറായി നിരവധി പേർ നമ്മുടെ ഇടയിൽ ഉണ്ടെന്ന്‌ എനിക്ക്‌ തോന്നിയത്‌ അപ്പോഴാണ്‌. എന്റെ ഭാഗത്തുനിന്ന്‌ ഒരു തരത്തിലുമുള്ള പ്രകോപനമുണ്ടാകാതിരുന്നതിനാൽ കൂടുതലൊന്നും സംഭവിച്ചില്ല. ഇതിനടുത്ത ദിവസമാണ്‌ ഒരു കൂട്ടമാളുകൾ കോട്ടക്കൽ ഉള്ള മാതൃഭൂമി ഓഫീസ്‌ അടിച്ചു തകർത്തത്‌. 

അയാളെ പ്രകോപിപ്പിച്ചതെന്തായിരിക്കും? എന്റെ വണ്ടി അയാളുടെ വണ്ടിയെ ഒന്ന്‌ സ്പർശിക്കുകപോലുമുണ്ടായിട്ടില്ല. എന്തിന്‌ സാമാന്യം നല്ല അകലം വിട്ടിട്ടു തന്നെയാണ്‌, ഞാൻ അയാളെ കടന്നുപോകാൻ ശ്രമിച്ചത്‌. എന്റെ വണ്ടി പുതിയതായതുകൊണ്ട്‌ അതിന്മേൽ ഒരു ഉരസൽ പോലും ഉണ്ടാകരുതെന്നുള്ള സ്വാർത്ഥതയുമുണ്ട്‌. എനിക്ക്‌ സൈഡ്‌ തരാതെ ഓടിക്കാൻ ശ്രമിച്ച അയാളുടെ ഈഗോ വ്രണപ്പെട്ടു എന്നതു തന്നെയാകണം കാരണം എന്ന്‌ ഞാൻ കരുതുന്നു. 

നിരത്തിൽ, വാഹനമോടിക്കുമ്പോഴും നടക്കുമ്പോൾ പോലും ഒരിക്കലുംകടന്നുവരാൻ പാടില്ലാത്ത ഒന്നണ്‌ ഞാനോ നീയോ എന്ന ഭാവം. എന്നാൽ ചക്രങ്ങൾ ഘടിപ്പിച്ച ഞാനെന്ന ഭാവമാണ്‌ നമ്മുടെ നാട്ടിലെ നിരത്തുകളെ ഭരിക്കുന്നത്‌. നീ അങ്ങനെ വലിയവനാകണ്ട എന്നതാണ്‌ പൊതുഭാവം. നടക്കുന്നവൻ ബൈക്കോടിക്കുന്നവനേയും ബൈക്കോടിക്കുന്നവൻ കാറോടിക്കുന്നവനേയും കാറോടിക്കുന്നവൻ ഹെവി വാഹനങ്ങളോടിക്കുന്നവനേയും നോക്കുന്നത്‌ ഇതേ ഭാവത്തോടെ തന്നെ.

പിന്നിൽ വരുന്ന വാഹത്തിന്‌ ഇടം കൊടുക്കുന്നത്‌ ഒരു പോരായ്മയായി മിക്കപേരും കാണുന്നു. ചെറിയ നിരത്തുകളിൽ നിന്ന്‌ കയറിവരുന്നവർ നിരത്തിലേക്ക്‌ ഒന്ന്‌ കയറ്റിയേ നിർത്തൂ (നീ വേഗത കുറച്ച്‌ എന്നെ ബഹുമാനിച്ച്‌ പോയാൽ മതി എന്നാണതിന്റെ അർത്ഥം). അതിനു ശേഷമാണ്‌ ഇടതും വലതും നോക്കുന്നത്‌. റോഡിൽനിന്ന്‌ പെട്ടെന്ന്‌ വാഹനം തിരിക്കുമ്പോഴും ഇതേ പ്രവണത തന്നെ. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുമാണ്‌ ഇക്കാര്യത്തിൽ മുമ്പിൽ. ഇടതുവശത്തുകൂടി മറികടക്കുന്നത്‌ ഒരു നിയമം തന്നെ ആയിട്ടുണ്ട്‌. വളരെ ഇടമില്ലാത്ത അവസരത്തിലും നമ്മൾ ഇടത്തോട്ട്‌ പോകാൻ ഇൻഡികേറ്ററിട്ട്‌ നില്ക്കുമ്പോഴും പെട്ടെന്ന്‌ ഒരു സൂചനയുമില്ലാതെ ഒരുവൻ ഇടത്തുനിന്ന്‌ കയറിവന്ന് ശരം വിട്ടപോലെ പോകും. ഇൻഡികേറ്റർ ഇട്ട്‌ അണയ്ക്കാൻ മറന്ന്‌ വണ്ടി ഓടിക്കുന്നത്‌ വളരെ സാധാരണം. രാത്രിയായാൽ ഹെഡ്ലൈറ്റ്‌ ഡിം ചെയ്യുക എന്നൊരു രീതി ഇല്ല എന്ന്‌ തന്നെ പറയാം. നമ്മൾ ഡിം ചെയ്ത്‌ കാണിച്ചുകൊടുത്താലും ഒരു കാര്യവുമില്ല. ഇത്തരം പ്രവർത്തികൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ധാരണയില്ലായ്മയല്ല കാരണം. സ്വയം വണ്ടി ഓടിക്കാത്തവരായി നമ്മുടെ നാട്ടിൽ എത്ര ശതമാനം പേരുണ്ട്‌?  

ബസ്സുകൾ നിർത്തുന്നതും മറ്റ്‌ വാഹനങ്ങൾക്ക്‌ കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാൺ. ഒരു ബസ്സ്‌ നിർത്തിയിട്ടിരിക്കുമ്പോൾ എതിർദിശയിൽ നിന്ന്‌ വരുന്ന ബസ്‌ അതിന്റെ നേരെ റോഡ്‌ മുഴുവൻ അടച്ചുകൊണ്ട്‌ നിർത്തുന്നത്‌ പതിവാണ്‌. രണ്ടുവശത്തും വാഹനങ്ങളുടെ നിര തന്നെ രൂപപ്പെടുന്നു. ബസ്സുകളുടെ മൽസര ഓട്ടം കളക്ഷൻ കിട്ടാനല്ല ഒരിക്കലും. ഈ പാച്ചിലിൽ സ്റ്റോപ്പിൽ നില്ക്കുന്ന യാത്രക്കാർ തന്നെയാണ്‌ ഇരകൾ. മുന്നിലുള്ളവനെ മറികടക്കാനുള്ള പാച്ചിലിൽ സ്റ്റോപ്പിലെ യാത്രക്കാരെ അവർ മറന്നേ പോകുന്നു. സ്റ്റോപ്പിൽ നിർത്തിയിരിക്കുന്ന ഒരു ബസ്സിന്റെ പിന്നിൽ മറ്റൊന്ന് വന്നാൽ അതേ സ്റ്റോപ്പിൽ നിർത്താനുള്ളതാണെങ്കിൽ പോലും മുന്നിലുള്ളതിനെ മറികടന്നെ അത് നിർത്തൂ. അങ്ങിനെയും ഒന്നിനെ മറികടന്ന് ജയിച്ചതിന്റെ സുഖം അറിയാൻ മാത്രമല്ലാതെ മറ്റൊരു കാരണം അതിനില്ല. മറ്റുള്ളവർക്ക്‌ തന്നാലാവുന്നവിധം ബുദ്ധിമുട്ടുകളുണ്ടാക്കിക്കൊള്ളാം എന്ന്‌ ശപഥം എടുത്തിട്ടാണ്‌ മിക്ക ഡ്രൈവർമാരും രാവിലെ ഇറങ്ങുന്നത്‌ എന്ന്‌ തോന്നിപ്പോയിട്ടുണ്ട്‌.

റോഡിലെ വളവുകളിൽ ഹോൺ അടിക്കുക എന്നത്‌ സംഭവിക്കുന്നതേ ഇല്ല. നമ്മൾ ഹോൺ കൊടുത്താലും അതിൻ മറുപടിയായി ഹോൺ അടിക്കുന്നതുപോലും അപൂർവം. ട്രാഫിക്‌ സിഗ്നലിൽ മുന്നിൽ നില്ക്കുന്ന വഹനങ്ങളെ ശല്യപ്പെടുത്താൻ മാത്രമാണ്‌ മിക്കവരും ഹോൺ ഉപയോഗിക്കുന്നത്‌. 

റോഡ്‌ നിയമങ്ങൾ പാലിക്കാതെ വണ്ടി ഓടിക്കുന്നതിൽ ഭൂരിഭാഗവും ഇരുചക്ര മുച്ചക്ര വാഹനങ്ങളാണ്‌. എന്നെ ഇടിക്കേണ്ടെങ്കിൽ നിങ്ങൾ ബ്രെയ്ക്‌ ചെയ്തൊ എന്ന മനോഭാവത്തിലാണ്‌ പലരും വണ്ടി ഓടിക്കുന്നത്‌ എന്ന്‌ തോന്നിയിട്ടുണ്ട്‌. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഉൾപ്പെട്ടിട്ടുള്ള അപകടം ഉണ്ടായാൽ നൂറ്‌ ശതമാനം തെറ്റ്‌ അവരുടെ ഭാഗത്തായാലും അടികൊള്ളുന്നത്‌ വലിയ വാഹമോടിക്കുന്നവനായിരിക്കും. അപ്പോൾ സോഷ്യലിസ്റ്റ്‌ ചിന്ത കയറിവരും. ഇരുചക്ര മുച്ചക്ര വാഹനമോടിക്കുന്നവൻ പാവവും വലിയ വണ്ടി ഓടിക്കുന്നവൻ ബൂർഷ്വാ മൂരാച്ചിയുമാവും. 

പൊതുവേ പറയാറുണ്ട്‌ മലയാളികൾ അവൻ കമ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും മുസ്ലീം ലീഗായാലും ബി. ജെ. പി ആയാലും ഉള്ളിൽ ഒരു വിപ്ലവകാരിയുണ്ട്‌ എന്ന്‌. വിപ്ലവകാരിയുടെ പ്രാഥമികമായ ആയുധം നിഷേധമാണ്‌. നിയമങ്ങൾ അനുസരിച്ചാൽ ഉള്ളിലെ വിപ്ലവകാരിയ്ക്ക്‌ കുറച്ചിലല്ലേ...  ഈ നിഷേധത്തിന്‌ അവർ തെരഞ്ഞെടുക്കുന്നത്‌ നമ്മുടെ നിരത്തുകളാകുന്നതാണ്‌ സങ്കടം.

നിരത്തുകളിൽ നിന്ന്‌ ഞാനോ നീയോ എന്ന ഭാവം മാറ്റിനിർത്തുമ്പോഴേ അവ സുരക്ഷിതമാവുകയുള്ളൂ എന്ന്‌ എന്റെ തോന്നൽ. അത്‌ സാധിക്കുമോ? ഇല്ലെങ്കിൽ ഇനിയും നമ്മുടെ നിരത്തുകളിൽ ജീവൻ പൊലിഞ്ഞുകൊണ്ടേയിരിക്കും. വീടുകളുടെ, സമൂഹത്തിന്റെ വാഗ്ദാനവും പ്രതീക്ഷയുമായ ജീവനുകൾ.

പിൻ കുറിപ്പ്: ഈയടുത്ത ഒരു ദിവസം പത്രത്തിൽ വായിച്ച ഒരു വാർത്ത നിലമ്പൂർ കരുളായിയിൽ നിരത്തിലെ തർക്കത്തിൽ ഒരു ചെറുപ്പക്കാരന്‌ ജീവൻ നഷ്ടപ്പെട്ടതിനെക്കുറിച്ചാൺ. നിരത്തിലെ നീയോ ഞാനോ ഭാവത്തിന്റെ ഇരയാണ്‌ ഈ ജീവൻ. 


7 comments:

  1. തിരൂരില്‍ നിന്ന് കോട്ടക്കലിലേക്ക് ഞാനും മകനും കൂടി കാറില്‍ സഞ്ചരിക്കുമ്പോഴത്തെ അനുഭവമാണ്. എതിരെ വന്ന മോട്ടോര്‍ സൈക്കില്‍ കാറിന്നുനേരെവരികയാണ്. മകന്‍ പെട്ടെന്ന് ബ്രേക്കിട്ടു എതിരെ വന്ന ബൈക്കിന്‍റെ പിന്‍ചക്രം മാത്രമേ നിരത്തില്‍ സ്പര്‍ശിച്ചിട്ടുള്ളു. മുന്‍ചക്രം നിരത്തില്‍ നിന്നു പൊക്കി വായുവിലാണ്. ബൈക്ക്ഓടിച്ച പയ്യന്‍ അഭ്യാസം കാട്ടുകയാണ്. എന്താ ഇത് എന്ന് എന്ന് കൈകാണിച്ചപ്പോള്‍ പോടാ എന്ന മറുപടി നല്‍കി വണ്ടി നിര്‍ത്താതെ പോയി.

    ReplyDelete
  2. നിരത്തുകളിൽ നിന്ന്‌ ഞാനോ നീയോ
    എന്ന ഭാവം മാറ്റിനിർത്തുമ്പോഴേ അവ സുരക്ഷിതമാവുകയുള്ളൂ

    അല്ലെങ്കിൽ ഇനിയും നമ്മുടെ നിരത്തുകളിൽ
    ജീവൻ പൊലിഞ്ഞുകൊണ്ടേയിരിക്കും.വീടുകളുടെ,
    സമൂഹത്തിന്റെ വാഗ്ദാനവും പ്രതീക്ഷയുമായ ജീവനുകൾ.

    ReplyDelete
  3. എല്ലാ കാര്യങ്ങളോടും യോജിക്കുന്നു.

    ReplyDelete
  4. റോഡിലൂടെ നടക്കാന്‍ പേടിയാണ്.വാഹനത്തില്‍ കയറാനും പേടി.റോഡപകടങ്ങള്‍ തന്നെയാണ് അപകടമരണങ്ങളില്‍ മുന്‍പന്തിയിയില്‍ നില്‍ക്കുന്നതും.തനിക്ക് അപകടം സംഭവിക്കരുതെന്നും താന്‍ മൂലം മറ്റൊരാള്‍ക്ക് അപകടം സംഭവിക്കരുതെന്നും ഡ്രൈവര്‍മാരും യാത്രക്കാരും ഒരുപോലെ മനസ്സിലാക്കുകയും പ്രവര്‍ത്തിക്കുകയും വേണം..

    ReplyDelete