Sunday, July 3, 2016

രാത്രി അവസാനിച്ചു, പക്ഷേ....

വർഷങ്ങൾക്കുമുമ്പ് എം. കൃഷ്ണൺ നായരുടെ സാഹിത്യവാരഫലത്തിൽ നിങ്ങൾ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നായി അദ്ദേഹം പറഞ്ഞ പുസ്തകമായിരുന്നു, എലീ വീസലിന്റെ ‘നൈറ്റ്’. അന്ന് കുറെ ശ്രമിച്ചെങ്കിലും പുസ്തകം കിട്ടിയില്ല. ചെന്നൈയിലും ഒരിക്കൽ ദില്ലിയിൽ പോയപ്പോൾ അവിടെയും ഈ പുസ്തകം തിരക്കി. അന്ന് സ്റ്റോക്കുണ്ടായിരുന്നില്ല. പിനീട് അത് മറന്നു. പിന്നീടെപ്പോഴൊ പുസ്തകം കൈയിൽ വന്നു. പേജുകളുടെ എണ്ണം കൊണ്ട് ചെറിയ പുസ്തകം. എന്നാൽ ഉള്ളടക്കം കൊണ്ട് ഏറെ വലിയത്. 

പേർ സൂചിക്കുന്നതുപോലെ ഏറെ നീണ്ട, ഒരിക്കലും പുലരുമെന്ന് കരുതാൻ സാദ്ധ്യതയില്ലാത്ത രാത്രിയെ കുറിച്ചാൺ പുസ്തകം. ജർമൻ നാസി കോൻസന്റ്രേഷൻ കാമ്പിൽ കുടുംബത്തോടെ അടയ്ക്കപെട്ട എലീ വീസൽ എന്ന കൗമാരക്കാരനായ കുട്ടി, തന്റെ കുടുംബത്തിന്റെ മുഴുവൻ നാശത്തിനുശേഷം രക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ ഓർമ്മയാൺ ഈ പുസ്തകം. പുസ്തകം ആരംഭിക്കുന്നത് നാസികളാൽ പിടിക്കപ്പെടുന്നതിൻ തൊട്ടുമുമ്പ്. അവസാനിക്കുന്നത് അമേരിക്കൻ പട്ടാളത്താൽ ബുച്ചന്വാൽഡ് മോചിപ്പിക്കപ്പെടുമ്പോൾ. രാത്രിക്കു തൊട്ട് മുമ്പ് തുടങ്ങി രാത്രി അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളിലെ ഓർമ്മകൾ.

ഈ പുസ്തകം എഴുതാൻ വേണ്ടി മാത്രമാൺ താൻ അതിജീവിച്ചതെന്ന് പറയുന്നവരോട് വിയോജിക്കുന്നുണ്ട് എലീ വീസൽ. എങ്ങനെ മരിക്കാതെ രക്ഷപ്പെട്ടതെന്ന് അറിയില്ലെന്ന് പറയുന്ന അദ്ദേഹം ഉറപ്പിച്ചു പറയുന്നത് അത് ദൈവത്തിന്റെ അദ്ഭുതപ്രവർത്തി അല്ലെന്നാൺ. ദൈവം എന്നെ രക്ഷിക്കാൻ അദ്ഭുതങ്ങൾ കാണിക്കുമായിരുന്നെങ്കിൽ എന്നേക്കാൾ അർഹരായവർ അവിടെ വേറെയുണ്ടായിരുന്നു, എന്നാൺ അദ്ദേഹം പറയുന്നത്. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ഇത്രയും വലിയ ക്രൂരതകൾ കണ്ടതിനുശേഷം ആർക്കാൺ ദൈവത്തിന്റെ അദ്ഭുതങ്ങളിൽ വിശ്വസിക്കാൻ കഴിയുക!

1986 ൽ സമാധാനത്തിനുള്ള നോബൽ പ്രൈസ് ക്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു. “മനുഷനോട് മനുഷ്യൻ ഇത്രയും വലിയ ക്രൂരത കാണിക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്തു എന്ന ചോദ്യം എന്റെ നേരെ പുതിയ തലമുറ ഉയർത്തുന്നത് ഞാൻ കേൾക്കുന്നു. ഞാൻ ചെയ്യാനുള്ളത് ചെയ്യാൻ ശ്രമിച്ചു. ഓർമ്മകൾ സജീവമാക്കി നിർത്താൻ, മറക്കുന്നവരോട് പോരാടാൻ ഞാൻ ശ്രമിച്ചു. കാരണം മറക്കുക എന്നാൽ നമ്മളും കുറ്റവാളികളാണെന്നാൺ, കുറ്റത്തിൽ പങ്കാളികളെന്നാണർത്ഥം.” 

ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, “സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല, നിസ്സംഗതയാൺ. വിശ്വാസത്തിന്റെ വിപരീതം നാസ്തികതയല്ല, നിസ്സംഗതയാൺ. ജീവന്റെ വിപരീതം മരണമല്ല, ജീവനും മരണത്തിനുകിടയിലുള്ള നിസ്സംഗതയാൺ”. തന്റെ ഭൂതകാലം വരും തലമുറകളുടെ ഭാവിയായി മാറരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച ആ മനുഷ്യസ്നേഹിയുടെ വിയോഗം ‘രാത്രിയുടെ സാമ്രാജ്യം’ മറവിയിൽ മാഞ്ഞ്പോകരുതെന്ന് തന്നെയാൺ നമ്മോട് പറയുന്നത്. നമ്മുടെ കൂടി ‘ഉത്തരവാദിത്വമായി’ ഇത്തരം വിഷയങ്ങളോടുള്ള ‘പ്രതികരണം’ മനസ്സിലാക്കപ്പേടുമ്പോഴാൺ ഭാവി നമ്മളെ തുറിച്ചുനോക്കുന്ന ‘രാത്രി’ ആയി മാറാതിരിക്കുന്നത്.     

6 comments:

  1. ഏതെങ്കിലും മാസിക കൈയിൽ കിട്ടിയാൽ ഒടുവിലത്തെ പേജിൽ നിന്ന് ആരംഭിക്കുന്നതാണ് എന്റെ വായന. അതിനു കാരണം ടോംസിന്റെ ബോബനും മോളിയും കൃഷ്ണൻ നായരുടെ സാഹിത്യവാരഫലവും ആണ്. മറക്കാതിരിക്കാൻ ശ്രമിക്കുക, അതാണ് മനുഷ്യൻ ചെയ്യാനുള്ളത്,,, നന്നായി എഴുതി,,,

    ReplyDelete
  2. എം കൃഷ്ണന്‍ നായരെ ഓര്‍ത്തു..ഒപ്പം പുസ്തകത്തെക്കുറിച്ച് കുറിച്ച് അറിയാന്‍ കഴിഞ്ഞു..

    ReplyDelete
  3. സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല,
    നിസ്സംഗതയാൺ. വിശ്വാസത്തിന്റെ വിപരീതം
    നാസ്തികതയല്ല, നിസ്സംഗതയാൺ. ജീവന്റെ വിപരീതം
    മരണമല്ല, ജീവനും മരണത്തിനുകിടയിലുള്ള നിസ്സംഗതയാൺ”.

    ReplyDelete
  4. സാഹിത്യ വാരഫലത്തിന്റെ ഓർമ്മകൾ എന്തു രസമായിരുന്നു അക്കാലം ... നന്നായിരിക്കുന്നു

    ReplyDelete