Sunday, September 20, 2015

കാഞ്ചനമാലയുടെ പ്രണയകാലങ്ങള്‍

കാഞ്ചനമാലയുടെ കഥ (അത്‌ മൊയ്തീണ്റ്റെ കഥ എന്ന്‌ പറയുന്നതിനേക്കാള്‍ എന്തുകൊണ്ടും യുക്തം കാഞ്ചനമാലയുടെ കഥ എന്ന്‌ പറയുന്നതാവും എന്ന്‌ എനിക്ക്‌ തോന്നുന്നു) ഒരു സിനിമക്ക്‌ ധാരാളം സാധ്യത തരുന്ന ഒന്നാണ്‌. കോഴിക്കോട്‌ ജില്ലയിലെ മുക്കം എന്ന മുസ്ളീം ഭൂരിപക്ഷപ്രദേശത്തുനിന്നുള്ള ഒരു മുസ്ളീം യുവാവ്‌ അവിടെ തന്നെയുള്ള ഒരു നായര്‍ ജന്‍മികുടുംബത്തിലെ സുന്ദരിയായ പെണ്‍കുട്ടിയെ പ്രേമിക്കുന്നു. അതി തീവ്രമായ പ്രണയം. രണ്ട്‌ വീട്ടുകാരുടേയും എതിര്‍പ്പ്‌ രൂക്ഷമാണ്‌. അവര്‍ പല തവണ ഒളിച്ചോടാന്‍ ശ്രമിക്കുന്നു, പക്ഷേ ദയനീയമായി പരാജയപ്പെടുന്നു. ഒടുവില്‍ ഒരവസാനത്തെ ശ്രമമെന്ന നിലക്ക്‌ പാസ്പോര്‍ട്ടേടുത്ത്‌ ഇന്ത്യക്ക്‌ പുറത്തേക്ക്‌ കടക്കാന്‍ അവര്‍ പദ്ധതിയിടുന്നു. വീട്ടുതടങ്കലില്‍ കഴിയുന്ന കാഞ്ചനയെ ഹാജരാക്കാതെ തന്നെ പാസ്പോര്‍ട്ട്‌ ഓഫീസില്‍ ജോലിചെയ്യുന്ന സുഹൃത്തിണ്റ്റെ സഹായത്തോടെ പാസ്പോര്‍ട്ട്‌ വാങ്ങുന്നു. രണ്ടുപേരുടെയും പാസ്പോര്‍ട്ട്‌ വാങ്ങിവരുന്ന വഴിക്ക്‌ ഇലവഞ്ഞിപ്പുഴയില്‍ തോണി മുങ്ങുന്നു. കൂടെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൊയ്തീന്‍ മുങ്ങിമരിക്കുന്നു. മൊയ്തീണ്റ്റെ വിധവയായി വര്‍ഷങ്ങള്‍ക്കുശേഷവും കഞ്ചനമാല ജീവിക്കുന്നു. ജീവിതം കഥയേക്കാള്‍ വിചിത്രം തന്നെ യാണ്‌ കാഞ്ചനമാലയുടേയും മൊയ്തീണ്റ്റേയും കാര്യത്തില്‍. വിധിവിശ്വാസികള്‍ക്ക്‌ അവരുടെ പ്രണയം ഈശ്വരഹിതത്തിനെതിരാണെന്ന്‌ വിധിയെഴുതാവുന്ന തരത്തിലാണ്‌ ഇവരുടെ കഥ. 

മൊയ്തീണ്റ്റെ ബാപ്പ കോണ്‍ഗ്രസ്സ്‌ നേതാവും മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിണ്റ്റെ കൂടെ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തിട്ടുള്ള ആളുമായ മുസ്ളീം പ്രമാണി, ഇദ്ദേഹം ദീര്‍ഘനാളായി മുക്കം പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കൂടിയാണ്‌. ഹിന്ദുക്കളുടെ അമ്പലത്തില്‍ ഉത്സവത്തിന്‌ കൂടാന്‍ മാത്രമല്ല വെളിച്ചപ്പാടിണ്റ്റെ അനുഗ്രഹം വാങ്ങാനും അത്‌ ഐശ്വര്യമാണെന്ന്‌ പറയാനും മടിയില്ലാത്ത ആളാണ്‌. ഇതിണ്റ്റെ പേരില്‍ തണ്റ്റെ സമുദായത്തില്‍ നിന്ന്‌ എതിര്‍പ്പ്‌ നേടാനും അദ്ദേഹം തയ്യാറാണ്‌. വിശ്വാസത്തില്‍ മാത്രമല്ല, വേഷത്തിലും ഭാഷയിലും ഭക്ഷണത്തില്‍ പോലും മതം കടന്നുവരുന്ന ഇന്നത്തെ കാലമായിരുന്നില്ല, അത്‌. ഇത്രയും ഉല്‍പ്പതിഷ്ണുവായ, മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഹാജിയാര്‍ക്ക്‌ മകണ്റ്റെ പ്രണയം അംഗീഗരിക്കാന്‍ കഴിയുന്നില്ല. തണ്റ്റെ മകണ്റ്റെ വിവാഹം രണ്ട്‌ കുടുംബങ്ങള്‍ തമ്മൈലും ഒരു ദേശത്തെ രണ്ട്‌ സമുദായങ്ങള്‍ തമ്മിലുമുള്ള സ്പര്‍ദ്ധയായി വളരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടി സ്വന്തം മകനെ കൊല്ലാനും കൂടി ഹാജിയാര്‍ക്ക്‌ മടിയില്ല. 

മറുവശത്ത്‌ നായര്‍ കുടുംബത്തില്‍ ഇത്‌ ഗുരുതരമായ സംഭവങ്ങള്‍ക്ക്‌ ഇടയാക്കുന്നു. ഡോക്ടര്‍ വിഭാഗത്തിന്‌ പഠിച്ചിരുന്ന മുടുക്കിയായ കാഞ്ചനയുടെ പഠിപ്പ്‌ നിര്‍ത്തുന്നു, അവള്‍ വീട്ടുതടങ്കലിലാകുന്നു. അമ്മാവണ്റ്റേയും ഏട്ടന്‍മാരുടെയും ക്രൂരമായ മര്‍ദ്ദനത്തിന്‌ വിധേയയാകുന്നു. തികഞ്ഞ പുരോഗ്മനവാദിയായ, ഹാജിയാരുടെ ഉറ്റസുഹൃത്തായ കാഞ്ചനയുടെ അഛന്‍ ഈ വിഷയത്തില്‍ രംഗത്തേ വരുന്നില്ല. ഇത്രയും ശക്തമായ മരുമക്കത്തായം മലബാറില്‍ അതും കോഴിക്കോട്‌ ജില്ലയില്‍ എഴുപതുകളില്‍ നിലനിന്നിരുന്നോ? എണ്റ്റെ അനുഭവത്തില്‍ ഇല്ല. 

ഇത്‌ ചരിത്രമാണോ, അതല്ല ചരിത്രസംഭവങ്ങളുടെ സിനിമാഭാഷ്യം ആണോ എന്നറിയില്ല. യഥാര്‍ത്ഥചരിത്രം ആണെങ്കില്‍ ഹാജിയാരുടേയും കാഞ്ചനയുടെ അഛണ്റ്റേയും കഥാപത്രങ്ങളിലെ അസ്വാഭാവികത പരാമര്‍ശിക്കുന്നതില്‍ കാര്യമില്ല. അത്‌ അവരുടെ ജീവിതത്തില്‍ തന്നെയുള്ള അസ്വാഭാവികതയാണ്‌. അതല്ല സിനിമാ ഭാഷ്യം മാത്രമാണെങ്കില്‍ ഈ കഥാപാത്രസൃഷ്ടിയില്‍ പോരായ്മയുണ്ട്‌ എന്ന്‌ പറയേണ്ടിവരുന്നു. മൊയ്തീണ്റ്റെ കഴിവുകളെ കാഞ്ചനയുടെ അഛന്‍ അംഗീകരിച്ചിരുന്നു, എന്ന്‌ സിനിമയില്‍ പറയുന്നുണ്ട്‌. എന്നാല്‍ പ്രണയത്തിണ്റ്റെ പേരില്‍ സ്വന്തം മകള്‍ ഇത്രയും ക്രൂരമായ പീഡനത്തിനിരയായിട്ടും, സ്വജീവിതം ഇരുട്ടറയില്‍ ഹോമിക്കാന്‍ തയ്യാറായിട്ടും, അഛണ്റ്റെ ഭാഗത്തുനിന്ന്‌ ഒരന്വേഷണം പോലും ഉണ്ടായതായി സിനിമ പറയുന്നില്ല. സ്വയം ഒരു പുരോഗമനവാദിയായിട്ടും ഒന്നും മിണ്ടാന്‍ കഴിയാത്ത ഒരു നിര്‍ഗുണനന്‍ ആയിരുന്നോ കാഞ്ചനയുടെ അഛന്‍? 

പരസ്പരമുള്ള സന്ദേശകൈമാറ്റത്തില്‍ ബുദ്ധിമുട്ട്‌ നേരിടുന്ന പ്രണയികള്‍ പല നൂതന മാര്‍ഗങ്ങളും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്‌. എഴുത്തുകള്‍ പിടിക്കപ്പെടുമ്പോള്‍ മറ്റുവഴികള്‍ തേടുന്നു. സ്വയം ഒരു ഭാഷ പോലും കണ്ടെത്തുന്നു. ഇത്‌ അങ്ങേയറ്റം നൂതനവും വിപ്ളവകരവുമായ ഒരു കാര്യമാണ്‌ തീര്‍ച്ചയായും. ഒരുപക്ഷേ കേരളചരിത്രത്തില്‍ തന്നെ ഇത്തരം ഒരു കാര്യം ആദ്യമായും അവസാനമായും ഉണ്ടായത്‌ ഈ പ്രണയകഥയിലായിരിക്കും. ഈ വിഷയം കുറച്ചുകൂടി വിശദമായി സിനിമയില്‍ പ്രതിപാദിക്കാമായിരുന്നു, എന്ന്‌ തോന്നുന്നു. സിനിമയില്‍ ഒരു നാടകം അവതരിപ്പിക്കുന്നുണ്ട്‌. നാടകത്തെ തണ്റ്റെ പ്രണയവിഷയത്തില്‍ സമൂഹത്തോട്‌, വിശിഷ്യാ കാഞ്ചനയുടെ വീട്ടുകാരോട്‌, പറയാനുള്ള കാര്യം പറയാന്‍ ഒരു മാധ്യമമായി മൊയ്തീന്‍ ഉപയോഗിക്കുന്നുണ്ട്‌. പക്ഷെ നാടകത്തെ വെറും കോമാളികളിയായി മാറ്റിയത്‌ ശരിയായില്ല. 

കലാസംവിധായകന്‍ ആ കാലത്തെ തറവാടുകളേയും പരിസരങ്ങളേയും വളരെ നന്നായി പുനസൃഷ്ടിച്ചിട്ടുണ്ട്‌. എന്നാല്‍ വേഷവിതാനങ്ങളും ചമയങ്ങളും ചിലപ്പോഴെങ്കിലും തെറ്റിപ്പോയി. അറുപതുകളില്‍ കേരളത്തില്‍ ആരും ചുരീദാറിട്ട്‌ നടന്നിരുന്നതായി ഓര്‍മ്മയില്ല. സംഭാഷണത്തിലും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ല. മുസ്ളീമിണ്റ്റെ സംസാരരീതി ചിലപ്പോഴെങ്കിലും നായര്‍ സ്ത്രീകളില്‍ നിന്നുണ്ടാവുന്നുണ്ട്‌. ഗോപീസുന്ദറിണ്റ്റെ പശ്ചാത്തലസംഗീതം സംഗീതമായി തന്നെ കേള്‍ക്കുന്നുണ്ട്‌. നല്ല പശ്ചാത്തലസംഗീതം നമ്മള്‍ അറിയുകയേ ഇല്ല, അറിയാന്‍ പാടില്ല. അത്രമേല്‍ സിനിമയില്‍ ഇഴുകിച്ചേരണം. ഇവിടെ അത്‌ വേറിട്ട്‌ നില്‍ക്കുന്നു, ചിലപ്പോഴെങ്കിലും അനാവശ്യമായി ഉച്ചസ്ഥായിയിലെത്തുന്നു. 

ഇതൊക്കെയാണെങ്കിലും അതിതീവ്രമായ, തികച്ചും കാല്‍പ്പനികതലത്തില്‍ മാത്രം നിലനില്‍ക്കാന്‍ സാധ്യതയുള്ള ഒരു യാഥാര്‍ത്ഥസംഭവത്തെ മോശമല്ലാത്ത ഒരു സിനിമയാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനിക്കാന്‍ വകയുണ്ട്‌. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പില്‍ ഏറെക്കുറേ കൃത്യതയുണ്ട്‌. കാഞ്ചനയായി വന്ന പാര്‍വതിയുടെ ഉന്‍മേഷദായകമായ സൌന്ദര്യം കാഞ്ചനയുടെ പ്രണയത്തിണ്റ്റെ ശക്തി മനസ്സിലേക്കെത്തിക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്‌. ഈ സിനിമ തീര്‍ച്ചയായും കാണേണ്ടതാണെന്ന്‌ എണ്റ്റെ തോന്നല്‍.

5 comments:

  1. ഞങ്ങളുടെ ചെറുപ്പകാലത്ത് ധാരാളം
    വായിച്ചറിഞ്ഞ ഒരു തീവ്ര പ്രണയത്തിന്റെ കഥ..
    ‘ഇതൊക്കെയാണെങ്കിലും അതിതീവ്രമായ, തികച്ചും
    കാല്‍പ്പനികതലത്തില്‍ മാത്രം നിലനില്‍ക്കാന്‍ സാധ്യതയുള്ള
    ഒരു യാഥാര്‍ത്ഥ സംഭവത്തെ മോശമല്ലാത്ത ഒരു സിനിമയാക്കി
    മാറ്റാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനിക്കാന്‍ വകയുണ്ട്‌. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പില്‍ ഏറെക്കുറേ കൃത്യതയുണ്ട്‌. കാഞ്ചനയായി വന്ന പാര്‍വതിയുടെ ഉന്‍മേഷദായകമായ സൌന്ദര്യം കാഞ്ചനയുടെ പ്രണയത്തിണ്റ്റെ ശക്തി മനസ്സിലേക്കെത്തിക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്‌....’
    നല്ല കാഴ്ച്ചപ്പാട്.. കേട്ടൊ ഭായ്

    ReplyDelete
  2. സിനിമ കാണാന്‍ പ്ലാനുള്ളതുകൊണ്ട് ഞാന്‍ ഈ കുറിപ്പ് മുഴുവനും വായിച്ചില്ല്ല.

    ReplyDelete
  3. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഏകദേശം എട്ടു വര്‍ഷകാലത്തിനുള്ളില്‍ ഇവരുടെ പ്രണയകഥ മാത്രഭൂമി ആഴ്ചപതിപ്പില്‍ ഫീച്ചറായി വന്നിട്ടുണ്ട്...... അന്നത് നൊമ്പരത്തോടെയാണ് വായിച്ചത്...... അവരെ സഹായിച്ചവരേയും എതിര്‍ത്തവരേയും കുറിച്ചും എഴുതിയിട്ടുണ്ട്......വിരോധാഭാസം എന്നോ കാവ്യനീതിയെന്നോ വിളിക്കാം മൊയ്തിന്‍റെ മാതാവ് ഇവരോടൊപ്പമായിരുന്നു.....
    സിനിമ കണ്ടില്ല.....
    വലിയ എഴുത്ത് ആശംസകൾ.....

    ReplyDelete