Tuesday, May 26, 2015

കുട്ടിമോനേട്ടണ്റ്റെ യാത്രകള്‍

യാത്രകള്‍ എന്നും ലക്ഷ്യത്തിലെത്താനുള്ളതാണ്‌. നമ്മള്‍ കല്യാണം കൂടാന്‍ പോകുന്നു, മരണവീട്ടില്‍ പോകുന്നു, സിനിമ കാണാന്‍ പോകുന്നു അങ്ങനെ അങ്ങനെ പല പല ലക്ഷ്യങ്ങള്‍ എപ്പോഴും യാത്രകള്‍ക്കുണ്ട്‌. ചരിത്രത്തിലെ വലിയ യാത്രകളൊക്കെ ജീവിതം തേടിയുള്ളവയായിരുന്നു. ജീവിതം തേടിയുള്ള യാത്രകളില്‍ മലയാളികള്‍ എന്നും മുന്നിലായിരുന്നു. ആദ്യകാലത്ത്‌ മലേഷ്യയിലും സിങ്കപ്പൂരിലും കൊളംബിലുമൊക്കെ (ശ്രീലങ്ക) അവരെത്തി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊക്കെ പ്രത്യേകിച്ചും മുംബൈയിലും ചെന്നൈയിലും കാര്യമായ വിദ്യാഭ്യാസയോഗ്യതകളൊന്നുമില്ലാതെ ഇവര്‍ ചെന്നെത്തി. കേരളത്തിലെ പല ജില്ലകളില്‍ നിന്നും നഴ്സുമാര്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ യാത്രകള്‍ നടത്തി. ഇന്ത്യയിലെ ഏത്‌ ഗ്രാമപ്രദേശത്തും ആശുപത്രികളില്‍ മലയാളി നഴ്സുമാരെ കാണാം. ഇതൊക്കെ ഒരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള യാത്രകളുടെ ഫലമായിരുന്നു. ഒടുവില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ നീണ്ട യാത്രക്കളിലാണവ ചെന്നെത്തിയത്‌. ഇതാകട്ടെ കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും തുടരുന്നു. 

എന്നാല്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്ഥമായി യാത്ര തന്നെ ലക്ഷ്യമാക്കുന്നവരുമുണ്ട്‌, അവര്‍ ചെറുന്യൂനപക്ഷമാണെങ്കിലും. കോഴിക്കോട്‌ നിന്ന്‌ യാത്ര തുടങ്ങി, ലോകം മുഴുവന്‍ സഞ്ചരിച്ച എസ്‌. കെ. പൊറ്റെക്കാട്‌ തന്നെ ഇക്കാര്യത്തില്‍ മലയാളികളില്‍ മുമ്പന്‍. ഈയടുത്ത കാലത്ത്‌ നിരവധി പേര്‍ ഇങ്ങനെ യാത്ര തന്നെ ലക്ഷ്യമാക്കി നടന്നവരുണ്ട്‌. എന്നാല്‍ ഇവരൊക്കെ എഴുത്തുകാരും ബൌദ്ധികലോകത്തില്‍ വിഹരിച്ചവരുമായിരുന്നു. അവരുടെയൊക്കെ യാത്രകള്‍ നമ്മള്‍ക്ക്‌ വിജ്ഞാനം പകരുന്ന, നമ്മളെ വിസ്മയഭരിതരാക്കുന്ന തരത്തില്‍ അവര്‍ നമുക്കായി എഴുത്തിലൂടെ പകര്‍ന്നുനല്‍കി. 

ഇവരെപ്പോലെയൊന്നുമല്ലാതെ യാത്ര ചെയ്ത, ഇപ്പോഴും യാത്ര ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന ഒരാളെ പറ്റിയാണ്‌ ഈ കുറിപ്പ്‌. പരപ്പനങ്ങാടിയിലെ ഒരു സാധാരണ ആശാരിപ്പണിക്കാരനായ കുട്ടിമോനേട്ടന്‍. ഭാഷ അറിയാത്തത്‌ തണ്റ്റെ യാത്രകള്‍ക്ക്‌ പരിമിതികള്‍ നിശ്ചയിച്ചത്‌ ഒരു വേദനയായി കൊണ്ടുനടക്കുന്ന പഞ്ചാരയില്‍ കുട്ടിമോനേട്ടന്‍. ഇന്ത്യയില്‍ ഒരുപാട്‌ പ്രദേശങ്ങളിലും കുറച്ചു വിദേശരാജ്യങ്ങളിലും യാത്ര പൂര്‍ത്തിയാക്കി, അതിണ്റ്റെ ഓര്‍മ്മകള്‍ അയവിറക്കി കഴിയുന്ന കുട്ടിമോനേട്ടന്‍. ഇപ്പോഴും ശ്രീലങ്കയിലേക്കുള്ള ഒരു യാത്ര സ്വപ്നത്തില്‍ കൊണ്ടുനടക്കുന്ന കുട്ടിമോനേട്ടന്‍. കണ്ട നാടുകള്‍ അവിടത്തെ കൌതുകക്കാഴ്ചകള്‍ നമുക്ക്‌ പകര്‍ന്നുതരാന്‍ പാകത്തില്‍ എഴുതിവെക്കാനുള്ള കഴിവൊന്നുമില്ലെന്ന്‌ കുട്ടിമോനേട്ടന്‍ വിനയപൂര്‍വ്വം തലതാഴ്ത്തുന്നു. എങ്കിലും ഒന്ന്‌ അദ്ദേഹം ഉറപ്പിച്ച്‌ പറയുന്നു, കേരളം സ്വര്‍ഗ്ഗമാണെന്നറിയണമെങ്കില്‍ കേരളത്തിന്‌ പുറത്ത്‌ യാത്രചെയ്യണമെന്ന്‌. 

ഞാന്‍ കോഴിക്കോട്‌ വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന കാലത്താണ്‌ കുട്ടിമോനേട്ടനെ പരിചയപ്പെടുന്നത്‌. ഒരിക്കല്‍ ഓഫീസില്‍ നിന്ന്‌ തിരിച്ചുവരുമ്പോള്‍ എന്നെ കാണാന്‍ ഏട്ടണ്റ്റെ കടയില്‍ കാത്തിരിക്കുകയായിരുന്നു, ഇദ്ദേഹം. ദുബൈ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ കാണാന്‍ പോകണം. അതിന്‌ ആവശ്യമുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയണം. അതിനാണ്‌ എന്നെ കാണണമെന്ന്‌ ആവശ്യപ്പെട്ടത്‌. എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അന്വേഷിച്ചപ്പോള്‍ എല്ലാവര്‍കും പറയാനുള്ളത്‌ ഒരേ കാര്യമായിരുന്നു, നേരിയ വട്ടുണ്ട്‌. യാത്ര ചെയ്യുക എന്നതാണ്‌ സ്ഥിരം പരിപാടി. കൈയിലുള്ള കാശും മുടക്കി വെറുതെ യാത്ര ചെയ്യുക എന്നത്‌ വട്ടല്ലാതെ മറ്റെന്താണ്‌. ലോകത്തിണ്റ്റെ ഏത്‌ കോണിലേക്കും ജീവിതം തേടി യാത്ര ചെയ്യാന്‍ എന്നും തയ്യാറായിരുന്ന മലയാളികള്‍ നാടുകാണാനുള്ള യാത്രകളില്‍ അത്ര തല്‍പരരായിരുന്നില്ല ഒരിക്കലും. 

പക്ഷേ ഈ മനുഷ്യന്‍ എണ്റ്റെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോയതേ ഇല്ല. ചിലപ്പാഴെല്ലാം നാട്ടില്‍ വെച്ച്‌ കാണുമ്പോള്‍ ചെറിയ കൌതുകത്തോടെ നോക്കാറുണ്ടായിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ യാദൃശ്ചികമായി കുട്ടിമോനേട്ടനെ കണ്ടു. വെറുതെ സംസാരിച്ചു. സംസാരിച്ചപ്പോള്‍ കൌതുകം കൂടി. അങ്ങനെയാണ്‌ ഒരു ദിവസം വീട്ടില്‍ പോയി വിശദമായി സംസാരിക്കാന്‍ തോന്നിയത്‌. എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന, ആവശ്യമുണ്ടായാലും ഇല്ലെങ്കിലും ഉപഭോഗവസ്തുക്കള്‍ ധാരാളം വാങ്ങിക്കൂട്ടാന്‍ മടികാണിക്കാത്ത ഇന്നത്തെ മലയാളികള്‍ക്കിടയില്‍ ഒരു സാധാരണ ആശാരിപ്പണിക്കാരന്‍ തണ്റ്റെ കൈയിലുള്ള പണം കൊടുത്ത്‌ നിരന്തരം യാത്ര ചെയ്യാന്‍ തയ്യാറാകുന്നു. ഇക്കാലത്ത്‌ ഇദ്ദേഹത്തെ വട്ടനെന്നല്ലാതെ എന്തുവിളിക്കാന്‍! 

എന്നാല്‍ അതിന്‌ അദ്ദേഹത്തിന്‌ തണ്റ്റേതായ യുക്തിയുണ്ട്‌. ഇന്ന്‌ മലയാളികള്‍ മദ്യപാനത്തിനും മറ്റ്‌ ആര്‍ഭാടത്തിനും ചിലവാക്കുന്ന തുക ചേര്‍ത്തുവെച്ചാല്‍ ഞാന്‍ യാത്രയ്ക്ക്‌ ചിലവാക്കുന്നതിനേക്കാല്‍ വളരെ കൂടുതലാവുമെന്ന്‌ കുട്ടിമോനേട്ടന്‍ പറയുന്നു. യാത്രകളില്‍ വല്ലാതെ ആര്‍ഭാടം കാണിക്കാതെ ചിലവ്‌ കുറച്ചാണ്‌ എന്നും യാത്ര ചെയ്യാറ്‌ എന്നും ഇദ്ദേഹം. 

കുട്ടിമോനേട്ടണ്റ്റെ യാത്രകള്‍ തുടങ്ങുന്നത്‌ അമ്പലങ്ങള്‍ കാണാനായിട്ടാണ്‌. ഇങ്ങനെ തിരുപ്പതി, ശൃംഗേരി, കുടജാദ്രി, മൂകാംബിക, ഗോകര്‍ണ്ണം, ധര്‍മ്മസ്ഥല ഒക്കെ കണ്ടു. പിന്നീടാണ്‌ യാത്രകള്‍ തന്നെയാണ്‌ തണ്റ്റെ ലക്ഷ്യം എന്ന്‌ ഇദ്ദേഹം തിരിച്ചറിഞ്ഞത്‌. അതില്‍ പിന്നെ യാത്രകള്‍ക്ക്‌ ലക്ഷ്യസ്ഥാനമുണ്ടാവുമെങ്കിലും ലക്ഷ്യം ഇല്ലാതായി. അതില്‍ പിന്നീടാണ്‌ യാത്രകള്‍ക്കുവേണ്ടിയുള്ള യാത്രകള്‍ അദ്ദേഹം തുടങ്ങുന്നത്‌. ആദ്യത്തെ നീണ്ട യാത്ര ഇന്ത്യയുടെ കിഴക്കന്‍ തീരത്തുകൂടിയായിരുന്നു. 

ശാരദാശ്രമത്തിലെ അംബികാനന്ദസ്വാമികള്‍ ഭക്തര്‍ക്കുവേണ്ടി കുറഞ്ഞ ചിലവില്‍ നടത്തുന്ന യാത്രാപദ്ധതിയുടെ ഭാഗമായിട്ടായിരുന്നൂ, ആ യാത്ര. ൩൧ ദിവസം നീണ്ടുനിന്ന യാത്ര. പേര്‌ കൊടുത്തതനുസരിച്ച്‌ ടിക്കറ്റ്‌ അവര്‍ ബുക്‌ ചെയ്തിരുന്നു. കുട്ടിമോനേട്ടനും രണ്ട്‌ സുഹൃത്തുക്കളും, തൃവേണി ഹോട്ടല്‍ നടത്തിയിരുന്ന നാരായണേട്ടനും പോക്കാട്‌ കുട്ടിമോന്‍ എന്നയാളും പാലക്കാട്‌ നിന്ന്‌ തീവണ്ടി കയറുന്നു. മറ്റുള്ളവര്‍ തിരുവനന്തപുരത്തുനിന്നും മറ്റുമായി നേരത്തേ കയറിയിരുന്നു. മൊത്തം ൧൧൨ പേര്‍. കൂട്ടത്തില്‍ മൂന്ന്‌ ഭാഷകളറിയാവുന്ന ഒരാളും ഒരു ഡോക്ടറും ഒരു പാചകക്കാരനും ഉണ്ടായിരുന്നു. മൂന്നാം ദിവസം ഭുവനേശ്വറില്‍ വണ്ടിയിറങ്ങി. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം കണ്ടു. തേരില്‍ ഉയര്‍ന്നുവരുന്ന സൂര്യഭഗവാന്‍ ആണ്‌ ഇവിടത്തെ പ്രതിഷ്ഠ എന്ന്‌ കുട്ടിമോനേട്ടന്‍. 

തുടര്‍ന്ന്‌ ദില്ലി, മഥുര, ആഗ്ര, അയോദ്ധ്യ, അലഹാബാദ്‌ വഴി കാശിയിലെത്തി (വാരാണസി). മഥുരയില്‍ ഒരു തുളസീ വനമുണ്ട്‌. അവിടെ ശ്രീകൃഷ്ണനും ഗോപികമാരും രാസലീലകളാടിയിരുന്നെന്ന്‌ വിശ്വാസം. എന്നാല്‍ ഇവിടത്തെ തുളസിക്ക്‌ ശവഗന്ധമാണെന്ന്‌ കുട്ടിമോനേട്ടന്‍. അതുപോലെ കാളിന്ദിയില്‍ കുളിച്ചാല്‍ കുഷ്ഠരോഗം വരുമെന്നും ഒരു വിശ്വാസിയായ കുട്ടിമോനേട്ടന്‍ പറഞ്ഞു. മഹാഭാരതത്തിലെ ആദിപര്‍വത്തില്‍ പറയുന്നത്‌ കാളിന്ദിയില്‍ കുളിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തമാകാമെന്നാണ്‌. ഒരിക്കല്‍ വാരാണസിയില്‍ വെച്ച്‌ ഗംഗയില്‍ മുങ്ങിയതിണ്റ്റെ ഓര്‍മ്മ എനിക്കും ഉണ്ട്‌. അന്ന്‌ നിശ്ചയിച്ചു ഏത്‌ സ്വര്‍ഗം കിട്ടിയാലും ഇനി ഒരിക്കല്‍ അവിടെ മുങ്ങുകയില്ല എന്ന്‌. മഥുര എന്ന ഈ ചെറുപട്ടണം കുരങ്ങന്‍മാരുടെ കൈയിലാണെന്ന്‌ അദ്ദേഹം പറഞ്ഞു. കൈയിലുള്ള സാധനങ്ങള്‍ അവര്‍ തട്ടിപ്പറിച്ചെടുത്തോടും. ഇത്‌ കുരങ്ങന്‍മാരുടെ പൊതുസ്വഭാവമാണെങ്കിലും ഇവിടത്തെ കുരങ്ങന്‍മാര്‍ക്ക്‌ വിചിത്രമായ ഒരു ഇഷ്ടം ഉണ്ട്‌. കണ്ണട വെച്ച്‌ ആര്‌ നടന്നുപോയാലും കണ്ണട അവരുടെ കൈയിലെത്തും. ഇത്‌ ഞാന്‍ നേരിട്ട്‌ അനുഭവിച്ചറിഞ്ഞതാണ്‌. 

ഒരിക്കല്‍ എണ്റ്റെ ഒരു ദില്ലി യാത്രക്കിടെ സഹപ്രവര്‍ത്തകരുമൊത്ത്‌ മഥുരയില്‍ പോയി. ഞങ്ങള്‍ തെരുവിലൂടെ നടക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു, കണ്ണട ഊരിമാറ്റാന്‍. ഞങ്ങളുടെ കൂടെയുള്ള തോമസ്‌ ജോണിന്‌ കണ്ണട കൂടാതെ ഒരടി നടക്കാന്‍ വയ്യ. കൈ മറച്ചുപിടിച്ചും തൂവാല തലയില്‍ കെട്ടിയും ഒക്കെ രക്ഷപ്പെടാമെന്ന്‌ അവന്‍ കണക്കുകൂട്ടി. രണ്ടു വശങ്ങളില്‍ കെട്ടിടങ്ങളുള്ള ഒരു തെരുവിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന്‌ ഒരു വിളക്കുകാലില്‍ തൂങ്ങിപ്പിടിച്ച്‌ ഒരു കുരങ്ങന്‍ തോമസിണ്റ്റെ കണ്ണട കൈക്കലാക്കി. ഞങ്ങള്‍ കുറെ പിറകെ ഓടി നോക്കി. ഒരു കെട്ടിടത്തിണ്റ്റെ മുകളില്‍ നിന്ന്‌ കണ്ണട കിട്ടിയപ്പോഴേക്കും അത്‌ ഒടിച്ചുമടക്കി ഒന്നിനും കൊള്ളാതാക്കിയിരുന്നു. അപ്പോല്‍ പരിസരവാസികള്‍ പറഞ്ഞു, എന്തെങ്കിലും തിന്നാനുള്ളത്‌ എറിഞ്ഞുകൊടുത്തിരുന്നെങ്കില്‍ കണ്ണട അവന്‍ തിരിച്ചെറിയുമായിരുന്നു, എന്ന്‌. ഏതോ ഒരു ഘട്ടത്തില്‍ അവരുടെ പൂര്‍വീകര്‍ കണ്ണട എടുത്തപ്പോള്‍ പകരം ഭക്ഷണം കിട്ടിയിരിക്കും. തലമുറകളിലൂടെ കണ്ണട സമം ഭക്ഷണം എന്ന സമവാക്യം ഇവര്‍ പഠിച്ചിരിക്കുന്നു. അതിജീവനത്തിണ്റ്റെ പുതിയൊരു പാഠം. 

അലഹാബാദില്‍ തൃവേണീ സംഗമവും, ജവഹര്‍ലാല്‍ നെഹ്രുവിണ്റ്റെ ആനന്ദഭവനവും ഒക്കെ കണ്ടു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം കണ്ടതിനുശേഷം കുട്ടിമോനേട്ടനും മൂന്ന്‌ കൂട്ടുകാരും കൂട്ടത്തില്‍ നിന്ന്‌ വേര്‍പിരിഞ്ഞ്‌ നേപ്പാളിലേക്ക്‌ പോയി. വാരാണസിയില്‍ നിന്ന്‌ ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയിലേക്ക്‌ റോഡ്‌ മാര്‍ഗം 400-ല്‍ താഴെ കിലോമീറ്റര്‍ ദൂരമേയുള്ളൂ. നേപ്പാളിലെ പ്രസിദ്ധമായ പശുപതി ക്ഷേത്രം ഒരു സ്റ്റേഡിയം പോലെയാണെന്ന്‌ കുട്ടിമോനേട്ടന്‍ പറയുന്നു. അവിടത്തെ സ്ത്രീകള്‍ വളരെ സുന്ദരികളാണെന്നും അദ്ദേഹം. തിരിച്ച്‌ വാരാണസിയിലെത്തി കൂട്ടത്തില്‍ ചേര്‍ന്ന്‌ യാത്ര തുടര്‍ന്നു. യാത്ര അവസാനിച്ചത്‌ കേദാര്‍നാഥിലെ ശ്രീ ശങ്കരസമാധിയിലായിരുന്നു. 

രണ്ടാമത്തെ ദീര്‍ഘയാത്ര പടിഞ്ഞാറേ തീരത്തുകൂടിയായിരുന്നു. അത്‌ അംബികാനന്ദസ്വാമിയുടെ 35-ആമത്തെ യാത്രയായിരുന്നു. ബോംബെ, ഉജ്ജയിനി, അജ്മീര്‍, ജയ്പൂറ്‍, അജന്താ എല്ലോറാ ഗുഹകള്‍, ദ്വാരക, ഒരിക്കല്‍ കൂടി ദില്ലിയില്‍. ഇത്തവണ ദില്ലിയിലെ പ്രസിദ്ധമായ അക്ഷര്‍ധാം അമ്പലവും കണ്ടു. ബോംബെയില്‍ നിന്ന്‌ ബോട്ട്‌ മാര്‍ഗം യാത്ര ചെയ്ത്‌ എലെഫണ്റ്റാ ഗുഹകള്‍ കണ്ടു. ദ്വാരകയിലെ കൊട്ടാരത്തിന്‌ ഒറ്റ വാതിലാണെന്ന്‌ കുട്ടിമോനേട്ടന്‍. ഇത്‌ വാസ്തുശില്‍പത്തിണ്റ്റെ അപൂര്‍വമാതൃകയാണെന്നും അദ്ദേഹം. തിരിച്ചുവരുമ്പോള്‍ ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന്‌ തീവണ്ടി കയറി കോഴിക്കോട്‌ വന്നിറങ്ങി. 

ആന്തമാന്‍ നികോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപുകള്‍ ഒക്കെ സന്ദര്‍ശിച്ചു. ആന്തമാനിലേക്ക്‌ പോയത്‌ ചെന്നൈയില്‍ നിന്ന്‌ കപ്പല്‍ മാര്‍ഗം. പോര്‍ട്ബ്ളെയര്‍ ദ്വീപിലെ സെല്ലുലാര്‍ ജെയില്‍ ഇപ്പോള്‍ ഒരു മ്യൂസിയമാണ്‌. ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ സ്വാതന്ത്യ്ര സമരസേനാനികളെ മറ്റ്‌ തടവുകാരുടെ കൂടെ ഈ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. പ്രമുഖന്‍ വീര സവര്‍ക്കര്‍ എന്നറിയപ്പെടുന്ന വി. ഡി. സവര്‍ക്കര്‍. ഇദ്ദേഹത്തെ പാര്‍പ്പിച്ചിരുന്ന ജയില്‍ മുറി വേറിട്ട്‌ കാണാം. ആളുകളെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങള്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു. ആളുകളെ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിച്ചിരുന്ന ചക്ക്‌, തൂക്കുമേട ഒക്കെ. തൂക്കിക്കൊന്നതിനുശേഷം ശരീരം നേരിട്ട്‌ കടലില്‍ ഒഴുക്കിക്കളയാവുന്ന തരത്തിലാണ്‌ ഇത്‌ സജ്ജീകരിച്ചിരിക്കുന്നത്‌. ഇവിടെ ഈ സ്വാതന്ത്രസമരസേനാനികളുടെ ജീവിതം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷോ ഉണ്ട്‌. 

ലക്ഷദ്വീപില്‍ കവരത്തി ദ്വീപിനടുത്ത്‌ നങ്കൂരമിട്ട കപ്പലില്‍ നിന്ന്‌ നോക്കിയാല്‍ ദ്വീപിലെ മണ്‍തരികള്‍ സ്വര്‍ണപ്പൊടികള്‍ പോലെ തിളങ്ങുമെന്ന്‌ പറഞ്ഞപ്പോള്‍ കുട്ടിമോനേട്ടണ്റ്റെ കണ്ണുകള്‍ ആ കാഴ്ച ആസ്വദിക്കുന്നതുപോലെ തിളങ്ങി. കടലിലെ ജലം കുറച്ച്‌ ഉയര്‍ന്നാല്‍ ഈ ദ്വീപുകള്‍ ഒക്കെ എന്നെന്നേക്കുമായി കടലില്‍ താഴ്ന്നുപോകുമെന്ന അറിവ്‌ അദ്ദേഹത്തിനുണ്ട്‌. ഇങ്ങനെ സംഭവിക്കുന്നതിനുമുമ്പ്‌ ഈ സ്ഥലങ്ങള്‍ കാണണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു, അത്‌ സാധിച്ചുവെന്ന്‌ അദ്ദേഹം. 2004-ല്‍ ആഞ്ഞടിച്ച സുനാമി തിരമാലകള്‍ ആന്തമാന്‍ നികോബാര്‍ ദ്വീപുകളിലെ ചിലതിനെ കടലില്‍ മുക്കിയത്‌ ചരിത്രം. ഇങ്ങനെ മുങ്ങിയവയില്‍ ആന്തമാനിലെ വിനോദസഞ്ചാര കേന്ദ്രമായിരുന്ന ജോളി ബോയ്‌ ദ്വീപുമുണ്ടായിരുന്നു. ആന്തമാനിലെ പല സ്ഥലങ്ങള്‍ക്കും നമ്മുടെ മലപ്പുറം ജില്ലയിലെ സ്ഥലങ്ങളുടെ പേരാണെന്ന്‌ കുട്ടിമോനേട്ടന്‍. ഇതില്‍ തിരൂരും, മഞ്ചേരിയും കൊടിഞ്ഞിയും ഒക്കെ ഉണ്ട്‌. പണ്ട്‌ നാടുകടത്തപ്പെട്ട്‌ ഇവിടെ എത്തിയവര്‍ അവരുടെ നാടിണ്റ്റെ പേരുകള്‍ ഓര്‍മ്മിക്കാനായി കൊടുത്തതാണെന്ന്‌ ഇദ്ദേഹം. 

ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി യാത്രകള്‍ തുടങ്ങിവെച്ച കുട്ടിമോനേട്ടന്‍ ഏറെ യാത്രകള്‍ക്കുശേഷം ഭക്തിയും ഈശ്വരനെക്കുറിച്ചുള്ള നിലപാടുകളും മാറിയത്‌ അറിയുന്നു. ഇതിന്‌ യാത്രകള്‍ കാരണമായിട്ടുണ്ടോ എന്ന്‌ പറയാന്‍ അദ്ദേഹത്തിനാവുന്നില്ല. നമ്മുടെ പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളായിരുന്നെന്ന്‌ ഇന്നദ്ദേഹം തിരിച്ചറിയുന്നു. ഈ തിരിച്ചറിവ്‌ തണ്റ്റെ കുലത്തൊഴിലായ ആശാരിപ്പണിയില്‍ വാസ്തുശാസ്ത്രം എന്ന പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ തെറ്റാണെന്ന്‌ പറയാനുള്ള ചങ്കൂറ്റം കുട്ടിമോനേട്ടന്‌ നല്‍കുന്നു. വര്‍ഷങ്ങളായി കുട്ടിമോനേട്ടന്‍ ആശാരിപ്പണി ചെയ്യാറില്ല. വീടിന്‌ സ്ഥാനം നോക്കുന്ന ഒരു പാരമ്പര്യ വിദഗ്ദ്ധനാണ്‌ കുട്ടിമോനേട്ടന്‍. 

കന്നിമൂലയില്‍ കക്കൂസ്‌ പാടില്ല എന്ന നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്യുന്നു. വീടിണ്റ്റെ ഉമ്മറവാതില്‍ തെക്കോട്ട്‌ തുറക്കരുതെന്ന്‌ പറയുന്നവരോട്‌ അദ്ദേഹം ചോദിക്കുന്നു, മറ്റുദിശകളിലേക്ക്‌ വാതില്‍ തുറന്നുനടക്കുന്നവര്‍ മരിക്കാറില്ലേ എന്ന്‌. വാസ്തുശാസ്ത്രത്തിണ്റ്റെ പേര്‌ പറഞ്ഞ്‌ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഭൂരിഭാഗം പേര്‍ക്കും ഒരു ടീസ്പൂണ്‍ അറിവ്‌ മാത്രമേയുള്ളൂ എന്ന്‌ കുട്ടിമോനേട്ടന്‍. വാസ്തുശാസ്ത്രം കൃത്യമായി പാലിച്ചുകൊണ്ട്‌ കെട്ടിടം പണിയാന്‍ വളരെ ബുദ്ധിമുട്ടുണ്ട്‌. വീടിനുനടുവില്‍ തൂണ്‌ പാടില്ല എന്നത്‌ വാസ്തുശാസ്ത്രത്തിണ്റ്റെ പ്രാഥമിക നിയമമാണ്‌. അങ്ങിനെ തൂണുണ്ടായാല്‍ പോലും അതിന്‌ പരിഹാരമുണ്ടെന്ന്‌ അദ്ദേഹം. 

"മദ്ധ്യത്തില്‍ തൂണുനാട്ടി 
പുരയുടെ പണിയും തീര്‍ന്നുപോയെന്നിരിക്കിലും 
സ്വര്‍ണം കൊണ്ട്‌ കപാലത്തെ (തലയോട്ടി) 
പണിതീര്‍പ്പിച്ചു ബുദ്ധിമാന്‍ 
താഴത്ത്‌ സ്ഥാപനം ചെയ്ക 
പൂര്‍വദ്വാരേ വലത്തതില്‍" 

ആമ, പന്നി, ഗജം, പോത്ത്‌, കാള ഇങ്ങനെ പഞ്ചശിരസ്സുകള്‍ സ്വര്‍ണം കൊണ്ട്‌ പണിതീര്‍പ്പിച്ച്‌ കിഴക്കോട്ടുള്ള വാതിലിണ്റ്റെ വലത്തുഭാഗത്തായി കുഴിച്ചിട്ടാല്‍ മദ്ധ്യത്തിലെ തൂണിണ്റ്റെ ദോഷം പോലും മാറിക്കിട്ടുമെന്ന്‌ കുട്ടിമോനേട്ടന്‍ പറയുന്നു. ഇതറിയാതെയാണ്‌ വാസ്തുശാസ്ത്രക്കാരെന്ന്‌ പറയുന്നവര്‍ പാവങ്ങളെ ദ്രോഹിക്കുന്നത്‌ എന്ന്‌ അദ്ദേഹം പറയുന്നു. ശില്‍പിബാലപ്രബൊധിനി, മനുഷ്യാലയ മഹാചന്ദ്രിക, മനുഷ്യാലയചന്ദ്രിക, ഗൃഹചിത്രാവലി, ശില്‍പിരത്നം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇക്കാര്യത്തില്‍ തനിക്ക്‌ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ കുട്ടിമോനേട്ടന്‍ പറഞ്ഞു. 

ഇന്ത്യയ്ക്ക്‌ പുറത്ത്‌ ദുബായ്‌, സിംഗപ്പൂറ്‍, മലേഷ്യ, തായ്‌ലണ്റ്റ്‌, ബാംഗോക്ക്‌ എന്നീ രാജ്യങ്ങള്‍ കുട്ടിമോനേട്ടന്‍ സന്ദര്‍ശിച്ചു. ചിലത്‌ 'സഫലമീ യാത്ര' എന്ന പരിപാടിയുടെ ഭാഗമായും, ചിലത്‌ പാക്കേജ്‌ ടൂറിണ്റ്റെ ഭാഗമായും. ഇനി ശ്രീലങ്ക കൂടി കാണണമെന്നുണ്ട്‌, കുട്ടിമോനേട്ടന്‌. മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യവും മങ്ങുന്ന ഓര്‍മ്മയും ഒന്നും ഈ ആഗ്രഹത്തിന്‌ തടസ്സമാവുന്നില്ല. 

ഭക്തിമാര്‍ഗത്തില്‍ തുടങ്ങി, യാത്രകളിലൂടെ ഏറെ ദൂരം താണ്ടി കുട്ടിമോനേട്ടന്‍ എത്തി നില്‍ക്കുന്നത്‌ വടകര സിദ്ധാശ്രമത്തിണ്റ്റെ വാതിലില്‍. വിശ്വാസത്തിണ്റ്റെ പേരില്‍ നടക്കുന്ന ആചാരങ്ങളിലൊന്നും വിശ്വാസമില്ലാതെ സിദ്ധവിദ്യ സ്വീകരിച്ചു. അന്ന്‌ സംസാരം അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, ഇത്രയും ബുദ്ധിമുട്ടി ഒരു പാട്‌ പൈസയും ചെലവാക്കി ഈ പ്രദേശങ്ങളെല്ലാം കണ്ടതുകൊണ്ട്‌ കുട്ടിമോനേട്ടന്‌ എന്ത്‌ കിട്ടി. കാണാന്‍ ഒരു സാദ്ധ്യതയുമില്ലാതിരുന്ന പ്രദേശങ്ങളിലെ മണ്ണില്‍ ചവുട്ടി നിന്നതിണ്റ്റെ സന്തോഷം, നിര്‍വൃതി. അതിന്‌ പകരം വെക്കാന്‍ ഒന്നുമില്ല എന്ന്‌ പറഞ്ഞ്‌ കുട്ടിമോനേട്ടന്‍ അവസാനിപ്പിച്ചു.

6 comments:

  1. ഭക്തിയുടെ നിറവിലും , വാസ്തുവിനെ
    ചോദ്യം ച്യ്തും , അനേകം യാത്രകൾ നടത്തിയും,
    ഒരു സാദ്ധ്യതയുമില്ലാതിരുന്ന പ്രദേശങ്ങളിലെ മണ്ണില്‍
    ചവുട്ടി നിന്നതിണ്റ്റെ സന്തോഷത്തിന്റെ നിര്‍വൃതിയാൽ ഒരു കുട്ടിമേനോൻ ചേട്ടൻ

    ReplyDelete
  2. കൊള്ളാലോ ഈ കുട്ടിമോനേട്ടന്‍. എല്ലാരും സമ്പാദിക്കാന്‍ വേണ്ടി യാത്ര ചെയ്യുമ്പോള്‍ വ്യത്യസ്തനാം ഒരു യാത്രികന്‍!

    ReplyDelete
  3. ലോകം വളരെ ചെറുതാണെന്ന് തോന്നിപ്പിക്കും പോലെ വിശാലമായ യാത്രാനുഭവങ്ങള്‍ ഉള്ള ഒരുപാട് ആളുകളുണ്ട്..അതില്‍ ഒരാള്‍...

    ReplyDelete
  4. കെട്ടിക്കിടന്നാല്‍ കെട്ടുപോകും. യാത്രകള്‍ ഹൃദയങ്ങളെ ശുദ്ധീകരിക്കും. കുട്ടിമേനോന്‍ ചേട്ടന്‍ ഭാഗ്യവാന്‍.

    ReplyDelete