Friday, December 26, 2014

ചരിത്രത്തില്‍ ഇടം നഷ്ടപ്പെട്ടവര്‍

"ഭൂകമ്പം...ഭൂകമ്പം..." ആരാണ്‌ അയക്കുന്നതെന്നോ ആര്‍ക്കാണെന്നോ വ്യക്തമാക്കാത്ത വളരെ നേരിയ ശബ്ദത്തിലുള്ള ഈ സന്ദേശം ചെന്നൈ വിമാനത്താവളത്തിലെ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ കിട്ടുന്നത്‌ 2004 ഡിസംബര്‍ 26-ന്‌ രാവിലെ ഏഴുമണി കഴിഞ്ഞ്‌ മൂന്നുമിനുട്ട്‌ പിന്നിട്ടപ്പോഴാണ്‌. ഈ സന്ദേശം കിട്ടിയ ഉദ്യോഗസ്ഥന്‍ തണ്റ്റെ ഡ്യൂട്ടിയില്‍ അപ്പോള്‍ ചേര്‍ന്നതേ ഉണ്ടായിരുനുള്ളൂ. സന്ദേശത്തിണ്റ്റെ ഉറവിടം അറിയുന്നതിനുവേണ്ടി അദ്ദേഹം ആ ഫ്രീക്വന്‍സിയില്‍ ഉള്ള മറ്റെല്ലാ വിമാനത്താവളങ്ങളിലേക്കും വിളിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഒരു മറുപടി സന്ദേശവും ലഭിക്കുകയുണ്ടായില്ല. കൃത്യം 7-13-ന്‌ അതേ ഫ്രീക്വന്‍സിയില്‍ കമ്യൂണിക്കേഷന്‍ നടാത്തുന്ന കാര്‍ നിക്കോബാര്‍ ദ്വീപിലെ എയര്‍ഫോഴ്സ്‌ വിമാനത്താവളത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായ സന്ദേശം ലഭിച്ചു. അതിങ്ങനെയായിരുന്നു. "കാര്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂകമ്പം. ദ്വീപില്‍ വെള്ളപ്പൊക്കം. ഞങ്ങള്‍ മുങ്ങിത്താഴുകയാണ്‌. അടിയന്തരസഹായം ആവശ്യം. " 



വളരെ അപൂര്‍വമായി സംഭവിക്കുന്നതെങ്കിലും ഇത്തരം ആപല്‍ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളില്‍ പരിശീലനം സിദ്ധിച്ച ആ ഉദ്യോഗസ്ഥന്‍ കമ്പ്യൂട്ടര്‍ ശൃംഘല വഴി ആ സന്ദേശം വിമാനത്താവളത്തിലെ മറ്റുവിഭാങ്ങളിലേക്കും എയര്‍പോര്‍ട്ടിലെ എയര്‍ഫോഴ്സ്‌ യൂനിറ്റിലേക്കും അയച്ചു. അതോടൊപ്പം അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാര്‍ നിക്കോബാര്‍ ദ്വീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹം അപ്പോള്‍ അറിഞ്ഞിരുന്നില്ല ലോകത്തെ നടുക്കിയ വലിയൊരു പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള ആദ്യ വിവരമാണ്‌ താന്‍ അപ്പോള്‍ സ്വീകരിച്ചതെന്ന്‌. 

700 കി. മീ. ചുറ്റളവില്‍ നീണ്ടുപരന്നുകിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ നിക്കോബാര്‍ സ്വീപുകളില്‍ പ്രധാനപ്പെട്ടതാണ്‌ കാര്‍ നിക്കോബാര്‍ ദ്വീപ്‌. പോര്‍ട്ട്‌ ബ്ളെയറില്‍ നിന്ന്‌ 275 കി. മീ. തെക്കുമാറി സ്ഥിതിചെയ്യുന്ന ദ്വീപിലെത്താന്‍ എയര്‍ ഫോഴ്സ്‌ വിമ്മാനത്തില്‍ 45 മിനിറ്റ്‌ പറക്കണം. ദ്വീപിണ്റ്റെ ആകെ വിസ്തീര്‍ണ്ണം 49 ച.കി. മീ. ഉള്ളിലെ നിബിഡവനത്തിലും ചുറ്റിലും മറ്റുമരങ്ങള്‍ക്കൊപ്പം ധാരാളം തെങ്ങുകള്‍. ആന്തമാന്‍ ദ്വീപ്‌ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഇളനീരിണ്റ്റെ വലിപ്പവും ഉള്ളിലെ നീരിണ്റ്റെ അളവും കണ്ട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌. കടല്‍ തീരത്ത്‌ വീട്‌ കെട്ടി താമസിക്കുമ്പോള്‍ മറ്റ്‌ പ്രദേശങ്ങളില്‍ ധനാഡ്യരുടെ മാത്രം സൌഭാഗ്യമായ സുന്ദര സായഹ്നങ്ങളെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ഇവിടത്തുകാര്‍ ആഹ്ളാദിച്ചിരിക്കണം, ആ അഭിശപ്തദിനത്തിനുമുമ്പ്‌. 

ഭൂഗര്‍ഭശാസ്ത്രജ്ഞരുടെ പഠനവിവരമനുസരിച്ച്‌ കാര്‍ നിക്കോബാര്‍ ദ്വീപിണ്റ്റെ കിടപ്പ്‌ തികച്ചും വിചിത്രമാണ്‌. കടലിന്നടിയിലുള്ള ഒരു മലയുടെ മുനമ്പില്‍ ഏറെക്കുറെ ഒരു കൂണ്‍ വിരിഞ്ഞുനില്‍ക്കുന്നതുപോലെയാണത്‌. ദ്വീപിണ്റ്റെ മുകള്‍ ഭാഗം കൂണിണ്റ്റെ ഉപരിതലം പോലെ തന്നെ പരന്നതാണ്‌. ഭൂമികുലുക്കം പോലുള്ള പ്രതിഭാസങ്ങള്‍ സംഭവിക്കുമ്പോള്‍ അപകടസാദ്ധ്യത ഏറെ നിലനില്‍ക്കുന്നതാണ്‌ ദ്വീപിണ്റ്റെ ഈ കിടപ്പ്‌. ദ്വീപാകെത്തന്നെ മലമുകളില്‍ നിന്ന്‌ തെന്നിമാറി കടലില്‍ ആണ്ടുപോകാന്‍ കൂടി സാദ്ധ്യത ഏറെയാണ്‌. 

ഹുല്‍ചൂസ്‌ എന്ന്‌ വിളിക്കുന്ന മംഗോളിയന്‍ വംശജരാണ്‌ ദ്വീപിലെ ആദ്യകാല നിവാസികള്‍. പിന്നീട്‌ കുടിയേറിപാര്‍ത്ത ചെറിയ ശതമാനം തമിഴ്‌ വംശജരുമുണ്ട്‌. നാഗരിക ജീവിതത്തിണ്റ്റേതായി നിലനിന്നിരുന്നത്‌ ദ്വീപ്‌ ഭരണത്തിണ്റ്റേതായ ചില ഓഫീസുകളും എയര്‍ഫോഴ്സ്‌ കേന്ദ്രവും ഒരു കേന്ദ്രീയ വിദ്യാലയവും. എല്ലാം ചേര്‍ന്ന്‌ ദ്വീപിലെ മൊത്തം ജനസംഖ്യ 10000-ല്‍ താഴെ മാത്രം. ഓഫീസ്‌ കെട്ടിടങ്ങളും കേന്ദ്രീയ വിദ്യാലയക്കെട്ടിടവും ക്വാട്ടേസ്ഴ്സുകളും എല്ലാം ഇന്ന്‌ ഓര്‍മ്മ മാത്രം. ഭൂമി കുലുങ്ങുന്നതറിഞ്ഞ്‌ വീടിനു പുറത്തുവന്നു നിന്നവരെയാണ്‌ തിരകള്‍ നക്കിക്കൊണ്ട്‌ പോയത്‌. കൂട്ടം കൂടിനിന്നവരില്‍ ചിലര്‍ കടലിലെ അസാധാരണമായ ചലനം കണ്ട്‌ എയര്‍ഫോഴ്സ്‌ വിമാനങ്ങളുടെ റണ്വേയിലേക്ക്‌ ഓടിക്കയറിയതുകാരണം പകുതി പേരെങ്കിലും രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കില്‍ തിരമാലകളുടെ സംഹാരയാത്രയുടെ നിനവ്‌ പോലുമില്ലാതെ അവരെല്ലാം കടലിണ്റ്റെ ആഴങ്ങളിലേക്ക്‌ വലിച്ചെടുക്കപ്പെടുമായിരുന്നു. 

അസാമാന്യശക്തിയുള്ള ആ വലിച്ചെടുക്കലിനെ പറ്റി രക്ഷപ്പെട്ട ചിലരെങ്കിലും ഓര്‍ക്കുന്നു. സുനാമി തിരമാലകളുടെ വേഗത്‌ മണിക്കൂറില്‍ 900 കി. മീ. എന്ന്‌ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ തിരകള്‍ തിരിച്ചിറങ്ങിയപ്പോഴുണ്ടായ വലിവിണ്റ്റെ ശക്തിതിരകള്‍ പിന്നോട്ട്‌ വലിഞ്ഞപ്പോള്‍ തീരത്ത്‌ അനേകം ചുഴികള്‍ രൂപപ്പെട്ടതിണ്റ്റേയും ചുഴിഞ്ഞിറങ്ങുന്ന ചതുപ്പില്‍ ആളുകള്‍ ക്രമേണ അപ്രത്യക്ഷ്രായതിണ്റ്റേയും ഓര്‍മ്മകള്‍ അവരെ ഇപ്പോഴും നടുക്കുന്നു. 

മരിച്ചുപോയ ബന്ധുവിണ്റ്റേയോ സുഹൃത്തിണ്റ്റേയോ പേര്‌, അവരുടേ ആത്മാവ്‌ പേരിലൂടെ ആകര്‍ഷിക്കപ്പെട്ടേക്കുമോ എന്ന ഭയം കാരണം അടുത്ത തലമുറയില്‍പെട്ട കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാറില്ല ഇവിടെ നിക്കോബാരികളുടെ വിശ്വാസപ്രകാരം. ജനസംഖ്യയില്‍ പകുതിയോളം മരിച്ചുകഴിഞ്ഞ സുനാമി ദുരന്തത്തിനുശേഷം അടുത്ത തലമുറയില്‍പെട്ട കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാന്‍ പുതിയ പേരുകള്‍ കണ്ടുപിടിക്കേണ്ടിവരുമെന്ന്‌ ക്രൂരമായ ഒരു കുസൃതിചിന്തയായി ഉള്ളിലെത്തുന്നു.

പ്രശസ്ത ഇന്ത്യന്‍-ഇംഗ്ളീഷ്‌ നോവലിസ്റ്റ്‌ അമിതാവ്‌ ഘോഷ്‌ ഇങ്ങനെ നിരീക്ഷിക്കുന്നുട്‌. "മദ്ധ്യവര്‍ഗത്തില്‍ ആയിരിക്കുക എന്നാല്‍ കടലാസുകളാല്‍ തീര്‍ത്ത ചങ്ങാടത്തില്‍ നിരന്തര്‍മായി യാത്ര ചെയ്യുക എന്നാണ്‌.തിരിച്ചറിയല്‍ രേക്ഷകള്‍, ലൈസന്‍സുകള്‍, റേഷന്‍ കാര്‍ഡുകള്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍ഷുറന്‍സ്‌ പോളിസികള്‍, സ്ഥിരനിക്ഷേപരേഖകള്‍ അങ്ങനെ... അങ്ങനെ. ആന്തമാന്‍ നിക്കോബാര്‍ ദ്വീപ്‌ നിവാസികളെ ഇവയില്‍ പലതും അവര്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിണ്റ്റെ അടയാളങ്ങള്‍ കൂടിയായിരുന്നു. ദ്വീപിലെ ആദ്യകാല വാസികളെ ജീവിതത്തിണ്റ്റെ പൊിതുധാരയിലെത്തിക്കുന്നതിണ്റ്റെ ഭാഗമായി അവര്‍ക്ക്‌ ഭൂമി പതിച്ചുകൊടുക്കുകയും അതിണ്റ്റെ രേഖകള്‍ തിരിച്ചറിയല്‍ രേഖകള്‍ തുടാങ്ങിയവ നല്‍കുകയും ചെയ്തിരുന്നു. ആഞ്ഞടിച്ച സുനാമിത്തിരമാലകള്‍ നക്കിത്തുടച്ചുമാറ്റിയത്‌ അവരുടേ വീടുകളും ആളുകളേയും മാത്രമല്ല. അവര്‍ക്ക്‌ അവര്‍ ഇവിടെ ജീവിച്ചിരുന്നു എന്ന്‌ കാണിക്കുന്ന അടയാളങ്ങള്‍ കൂടിയാണ്‌. 

സുനാമിത്തിരമാലകള്‍ ഈ ദ്വീപില്‍ നടത്തിയ നശീകരണയജ്ഞത്തിനൊരു പ്രത്യേകതയുണ്ട്‌. മനുഷ്യനിര്‍മ്മിതമായ എല്ലാറ്റിനേയും നിശ്ശേഷം തുടച്ചുമാറ്റിയപ്പോള്‍ പ്രകൃതിദത്തമായവയെ ഏറെക്കുറേ നിലനിര്‍ത്തിയിരിക്കുന്നു. കെട്ടിടങ്ങളെ ഏതോ മൂര്‍ച്ചയുള, ശക്ത്യേറിയ ആയുധം കൊണ്ട്‌ കടയോടെ അറുത്തുമാറ്റിയതുപോലെ. ഇങ്ങനെ തുടച്ചുനീക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കപ്പുറത്ത്‌ കാടിണ്റ്റെ മേലാപ്പ്‌ ഒരു നാശവും ഏല്‍ക്കാതെ. ഇടയില്‍ നിസ്സംഗമായ തലയെടുപ്പോടെ നിലകൊള്ളുന്ന തെങ്ങുകള്‍ നമ്മളോടെന്തോ പറയാന്‍ ശ്രമിക്കുന്നില്ലേ.. ? 

കാര്‍ നിക്കോബാര്‍ ദ്വീപുവാസികള്‍ ഇന്നൊരുകാര്യം മനസ്സിലാക്കിയിരിക്കുന്നു. ദ്വീപിണ്റ്റെ ഭൂമിശാസ്ത്രപരമായ കിടപ്പുപോലെത്തന്നെ ഏതുനിമിഷവും തെന്നി നഷ്ടപ്പെടാവുന്നതാണ്‌ തങ്ങളുടെ നിലനില്‍പ്പുപോലും എന്ന്‌. ഇതുകൊണ്ടുതന്നെയാവണം പേനയും കടലാസുമായെത്തുന്ന ആരുടെ മുന്നിലും അവരാവശ്യപ്പെടുന്നത്‌ തങ്ങളുടെ പേരും വിവരങ്ങളും രേഖപ്പെടുത്താനാണ്‌. ഇങ്ങനെ ആരെങ്കിലും എവിടെയെങ്കിലും രേഖപ്പെടുത്തുന്നതിലൂടെ ചരിത്രത്തില്‍ തങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടുപോയിരിക്കാവുന്ന ഇടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയോടെ...

6 comments:

  1. സുനാമി നടന്ന്‌ കുറച്ചു ണാല്‍ കഴിഞ്ഞ്‌ മാധ്യമം വാരാദ്യത്തില്‍ പ്രസിദ്ധീകരിച്ചത്‌. ഇപ്പോല്‍ പതു വര്‍ഷം കഴിയുമ്പോള്‍ ഒരു നടുക്കുന്ന ഓര്‍മ്മയിലേക്ക്‌ ഒരു തിരിച്ചുനടത്തം

    ReplyDelete
  2. എന്തൊരു നടുക്കുന്ന അനുഭവമായിരുന്നു അത്. മുന്‍പൊരിക്കലും കേട്ടിട്ടില്ലാത്ത വിധം ഒരു പ്രകൃതിതാണ്ഡവം

    ReplyDelete
  3. സുനാമിത്തിരമാലകള്‍ ഈ ദ്വീപില്‍ നടത്തിയ നശീകരണയജ്ഞത്തിനൊരു പ്രത്യേകതയുണ്ട്‌. മനുഷ്യനിര്‍മ്മിതമായ എല്ലാറ്റിനേയും നിശ്ശേഷം തുടച്ചുമാറ്റിയപ്പോള്‍ പ്രകൃതിദത്തമായവയെ ഏറെക്കുറേ നിലനിര്‍ത്തിയിരിക്കുന്നു. കെട്ടിടങ്ങളെ ഏതോ മൂര്‍ച്ചയുള, ശക്ത്യേറിയ ആയുധം കൊണ്ട്‌ കടയോടെ അറുത്തുമാറ്റിയതുപോലെ. ഇങ്ങനെ തുടച്ചുനീക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കപ്പുറത്ത്‌ കാടിണ്റ്റെ മേലാപ്പ്‌ ഒരു നാശവും ഏല്‍ക്കാതെ. ഇടയില്‍ നിസ്സംഗമായ തലയെടുപ്പോടെ നിലകൊള്ളുന്ന തെങ്ങുകള്‍ നമ്മളോടെന്തോ പറയാന്‍ ശ്രമിക്കുന്നില്ലേ.. ? “

    അസ്സലായി പകർത്തിവെച്ചിരിക്കുകയാണല്ലോ അന്നത്തെ ആ ദുരന്തന്ന്തിന്റെ അവശേഷിപ്പുകൾ

    ReplyDelete
  4. ആന്തമാനിലെ ആ ദുരന്തത്തിൽ‌പ്പെട്ട് അവിടെയുണ്ടായിരുന്ന ആദിമവർഗത്തിൽ ചിലത് മുച്ചൂടോടെ നശിച്ചുപോയെന്ന് കേട്ടിട്ടുണ്ട്. ഭാഷയോ,ലിപിയോ ഇല്ലാതിരുന്ന അവരുടെ മൊഴികളും!!

    ReplyDelete
    Replies
    1. പരിഷ്കൃത ജനത നശിച്ചപ്പോള്‍, ആദിവാസികള്‍ രക്ഷപ്പെട്ട കാര്യവുമുണ്ട്‌.

      Delete