ഇന്ത്യയിലെ ഇടതുപക്ഷം അതിണ്റ്റെ
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന്.
ഇത് സി.പി.എം എന്ന പാര്‍ട്ടിയുടെ രൂപീകരണത്തിണ്റ്റെ അമ്പതാം
വാര്‍ഷികാഘോഷവേളയിലാണെന്നത് ചരിത്രത്തിണ്റ്റെ ഒരു കുസൃതിയായി വേണം കാണാന്‍.
അമ്പതാം വര്‍ഷം ആഘോഷിക്കണമെന്ന് പാര്‍ട്ടിയും അതില്‍ ആഘോഷിക്കാനൊന്നുമില്ലെന്ന്
സി.പി.ഐയും തര്‍ക്കത്തിലുമാണ്. തര്‍ക്കിക്കേണ്ട ഒരു വിഷയമാണോ ഇത് എന്ന
കാര്യത്തില്‍ സംശയമുണ്ട്. അല്ലെങ്കിലും എവിടെയുമെത്താത്ത തര്‍ക്കത്തിലായിരുന്നൂ,
രണ്ട് പാര്‍ട്ടികളും എപ്പോഴും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാലിന്നടിയിലെ മണ്ണ് ഏറെ
ഒലിച്ചുപോയെന്ന് തിരിച്ചറിഞ്ഞ രണ്ട് പാര്‍ട്ടികളും
കൂടുതല്‍ സഹകരണത്തിണ്റ്റെ
ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയതായിരുന്നു. സി.പി.ഐ കുറേക്കാലമായി ഇത്
പറയുന്നുണ്ട്. പക്ഷേ സി.പി.ഐ(എം)-ണ്റ്റെ ഭാഗത്തുനിന്ന് ആദ്യമായിട്ടാണ് ചെറിയ
തോതില്‍ ഒരു അനുകൂലപരാമര്‍ശം വന്നത്. ഇന്ത്യയിലേയും കേരളത്തിലേയും, പാര്‍ട്ടി
സംഘടാനാരൂപത്തിന് പുറത്തുള്ള ലക്ഷക്കണക്കിന് അനുയായികള്‍ കുറച്ചെങ്കിലും
സന്തോഷിച്ചിരിക്കും, തീര്‍ച്ച. പക്ഷേ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ആ വിഷയം
നനഞ്ഞ പടക്കം പോലെ തൂറ്റിപ്പോയി. കടുത്ത തോല്‍വി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന്
അപ്പോഴേക്കും രണ്ട് പാര്‍ട്ടികളുടേയും നേതൃത്വം പുറത്തു വന്നുകഴിഞ്ഞിരുന്നു,
എന്ന് വേണം കരുതാന്‍. ആ വിഷയം വീണ്ടും ഉയര്‍ന്ന് വരാതിരിക്കാന്‍ രണ്ട് പാര്‍ട്ടി
നേതാക്കളും ശ്രദ്ധിച്ചു.
അപ്പോഴാണ് അമ്പതാം വാര്‍ഷികം കൊണ്ടാടാന്‍ സി.പി.ഐ(എം)
നേതൃത്വം തീരുമാനിക്കുന്നത്. തര്‍ക്കത്തിന് ഒരു കാരണം കിട്ടാതെ
വിഷമിക്കുകയായിരുന്നൂ, രണ്ട് പാര്‍ട്ടികളും എന്ന രീതിയില്‍ അവര്‍ ഈ വിഷയം
ഏറ്റെടുത്തു. ദൃശ്യ മാധ്യമങ്ങള്‍ക്ക് ചാകര തന്നെ. എന്നും എന്തെങ്കിലുമൊരു
വിഷയത്തിലൊരു തര്‍ക്കം ഇല്ലാതിരുന്നാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഒന്നും
കാണിക്കാനില്ലാതെ അവര്‍ വിഷമിച്ചുപോകുമല്ലോ. കുരുക്ഷേത്രയുദ്ധത്തില്‍ അമ്പുകളെന്ന
പോലെ വാക്ശരങ്ങള്‍ തലങ്ങും വിലങ്ങും പറന്നു. തൊട്ടുകൂട്ടാന്‍ ഒരു
വിവാദമെങ്കിലുമില്ലാതെ ഭക്ഷണമിറങ്ങാന്‍ വയ്യാത്ത മലയാളിക്ക് ഒരാഴ്ചക്ക് കുശാല്‍.
ഇടതുപക്ഷത്തിനും സി.പി.എം-നുമേറ്റ തിരിച്ചടിക്ക് കാരണം കണ്ടുപിടിക്കാന്‍ സി.പി.എം
പോളിറ്റ്ബ്യൂറോവും കേന്ദ്രകമ്മിറ്റിയും പലതവണ യോഗം ചേര്‍ന്നിരിക്കുന്നു. പി.ബിയുടെ
ആദ്യരേഖയ്ക്ക് ബദല്‍ രേഖകള്‍ തയ്യാറായി. ഒടുവില്‍ കൃത്യമായ വിശകലനം നടത്താനും
കാരണം കണ്ടുപിടിക്കാനും കഴിയാതെ വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നു.
ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയുന്നതുപോലെ ഇതൊരു പ്രതിസന്ധിയൊന്നുമല്ല. എന്നാല്‍ അത്ര
എളുപ്പത്തില്‍ വിശകലനം നടത്തി കാരണം കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു കാര്യവുമല്ല.
ആലോചിക്കട്ടെ, വീണ്ടും വീണ്ടും ആലോചിക്കട്ടെ. അങ്ങനെയെങ്കിലും
ഇടതുപക്ഷപാര്‍ട്ടികള്‍ അകപ്പെട്ടിട്ടുള്ള കുഴിയില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക്
കഴിയട്ടേ എന്ന് നമുക്ക് ആഗ്രഹിക്കാം. തുടക്കത്തില്‍ പറഞ്ഞ ലക്ഷക്കണക്കായ
സാധാരണക്കാര്‍ അതാഗ്രഹിക്കുന്നു. പക്ഷേ ഈ ആഗ്രഹത്തിണ്റ്റെ തീവ്രത മനസ്സിലാക്കാന്‍
പാര്‍ട്ടിനേതൃത്വങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്ന് സംശയമുണ്ട്.
പി.ബിയില്‍ വന്ന
രേഖകളില്‍ വ്യത്യസ്ത അഭിപ്രായമുള്ളത് രണ്ട് കാരണങ്ങളിലാണെന്ന് ഇതിനകം നമുക്ക്
മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടവുനയത്തിണ്റ്റെ പേരില്‍ ബൂര്‍ഷ്വാ
ജനാധിപത്യപാര്‍ട്ടികളുമായി കൂട്ടുകൂടാനുള്ള തീരുമാനം ശരിയായിരുന്നോ എന്നുള്ളതാണാ
തര്‍ക്കവിഷയം. അത് തെറ്റാണെന്ന് ഒരഭിപ്രായം. അതല്ല ആ നയമല്ല അത് നടപ്പിലാക്കിയ
രീതിയിലായിരുന്നൂ തെറ്റെന്ന് മറ്റൊരഭിപ്രായം. ഇതിലേതാണ് ശരിയെന്ന് പറയാന്‍ ഞാന്‍
ഒരു പ്രത്യയശാസ്ത്ര വിശാരദനല്ല. എന്നാല്‍ ഒരു സാധാരണ പൌരനെന്ന നിലക്ക്,
ഇടതുപക്ഷത്തിന് ഇന്ത്യന്‍ സമൂഹത്തില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിയണം എന്ന്
ഇനിയും വിശ്വാസമുള്ള ഒരാളെന്ന നിലക്ക് എണ്റ്റെ അഭിപ്രായം പറയണം എന്ന് ഞാന്‍
കരുതുന്നു.
വെറും സാധാരണക്കാരനായ ഒരാള്‍ക്ക് അതും മാര്‍ക്സിയന്‍
രീതികളെക്കുറിച്ച് അജ്ഞനായ ഒരാള്‍ക്ക് ഇത് പറയാന്‍ എന്തര്‍ഹത എന്നൊരു ചോദ്യം
പാര്‍ട്ടി സംഘടനയുടെ വിവിധ തലങ്ങളില്‍ നിന്ന് ഉയരുന്നത് ഞാനറിയുന്നു. ഏറെ കാലമായി
സംഘടനാ ചട്ടക്കൂടിന് പുറത്തുള്ള ഒരാള്‍ക്ക് പാര്‍ട്ടിയുടെ കാര്യങ്ങളില്‍
അഭിപ്രായം പറയാന്‍ അര്‍ഹതയില്ല, പറയാന്‍ പാടില്ല എന്നൊരു അലിഖിതനിയം നിലവിലുള്ളതായി
തോന്നിയിട്ടുണ്ട്. പാര്‍ട്ടിയുടെ നിലപാടുകളില്‍ തെറ്റെന്ന് തോന്നിയിട്ടുള്ള ചില
കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതനായിട്ടുള്ള ചില അവസരങ്ങളില്‍
അങ്ങനെയൊരു വിമര്‍ശനം എനിക്ക് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ഒരു സാധാരണ
മനുഷ്യനെന്ന നിലക്ക്, ഇപ്പോഴും കമ്യൂണിസ്റ്റ് അനുഭാവി എന്ന നിലക്ക് എനിക്ക്
ഇതുപറയാന്‍ അവകാശമുണ്ടെന്നാണ് അതിനുള്ള എണ്റ്റെ ഉത്തരം. ഇങ്ങനെയൊരു വിമര്‍ശനം
എന്നെപ്പോലൊരാള്‍ക്ക് കേള്‍ക്കേണ്ടിവരുന്നതുപോലും പാര്‍ട്ടികള്‍ ഇന്ന്
വന്നുപെട്ടിട്ടുള്ള പ്രതിസന്ധി കാരണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സി.പി.ഐ
(എം)-ല്‍ ഉടലെടുത്തിട്ടുള്ള രണ്ട് അഭിപ്രായങ്ങളില്‍ ഏതെങ്കിലും ഇന്നത്തെ
പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടാകാം. പക്ഷേ അതിനേക്കാള്‍ പ്രധാനമായ കാരണങ്ങള്‍ ഈ
രേഖകള്‍ക്ക് പുറത്താണെന്നാണ് എണ്റ്റെ തോന്നല്‍. ഈ രണ്ട് കാര്യങ്ങളും
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര വേരോട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന
മേഖലകളില്‍ കടന്നുകയറുന്നതില്‍ നിന്ന് വിഘാതമായിട്ടുണ്ടാകാം. എന്നാല്‍
ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് സാമാന്യം ശക്തിയുള്ള, അല്ലെങ്കില്‍ ഉണ്ടായിരുന്ന
പ്രദേശങ്ങളില്‍ പാര്‍ട്ടികള്‍ ദുര്‍ബലമാകാന്‍ ഈ കാരണങ്ങള്‍ നിരത്തിയാല്‍ അത്
എത്രമാത്രം ശരിയാകും?
പശ്ചിമബംഗാളില്‍ ഇടതുപക്ഷം ശോഷിക്കാന്‍ കാരണം മേല്‍പറഞ്ഞ
കാരണങ്ങളാണോ? അതോ നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ മാത്രമാണോ? ഇത്രകാലം ചെയ്തത്
ശരിയായിരുന്നെങ്കില്‍ നന്ദിഗ്രാം എന്ന ഒരു തെറ്റിന് ഇത്രയും വലിയ ശിക്ഷ
അര്‍ഹിക്കുന്നുണ്ടോ? അത്ര അറിവില്ലാത്തവരാണോ അവിടത്തെ ജനങ്ങള്‍? പിന്നെന്താണ്
കാരണം? കാരണം കണ്ടെത്താനാവശ്യമായ ഒരു ആത്മപരിശോധന പാര്‍ട്ടിക്കുള്ളില്‍
നടന്നിട്ടുണ്ടോ അല്ലെങ്കില്‍ നടക്കുന്നുണ്ടോ എന്ന് അറിയില്ല. ഒരു പക്ഷേ പാര്‍ട്ടി
സംഘടനയ്ക്ക് പുറത്തുനില്‍ക്കുന്ന ഒരാള്‍ക്ക് അറിയാന്‍ കഴിയാത്തതായിരിക്കും. പി.ബി
അടക്കമുള്ള ഓരോ കമ്മിറ്റി കൂടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ചര്‍ച്ചകളുടെ
വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ടെങ്കിലും അവയുടെ ആധികാരികത
സംശയാതീതമല്ല.
ഇടതുപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ ശോച്യാവസ്ഥ കേവലം സീറ്റുകളുടെ
എണ്ണത്തില്‍ വന്ന കുറവ് മാത്രമല്ല എന്നാണെണ്റ്റെ അഭിപ്രായം. ആഴത്തിലുള്ള
പ്രതിസന്ധിയുടെ പ്രതിഫലനം മാത്രമാണ് സീറ്റുകളുടെ എണ്ണത്തില്‍ വന്ന കുറവ്. ശക്തി
കുറഞ്ഞ മറ്റ് സംസ്ഥാനങ്ങളില്‍ ഈ കുറവിന് കാരണം കൂട്ടുകെട്ടുകളുടെ ദൌര്‍ബല്യം
തുടങ്ങി മറ്റുപലതുമാണ്. പക്ഷേ ബംഗാളില്‍ അതങ്ങനെയല്ല. ഇടതുപക്ഷത്തിന് വിശിഷ്യാ
സി.പി,എം-ന് സ്വന്തമായി ശക്തിയുള്ള ബംഗാളില്‍ ഇത്തരം എന്ത് കാരണങ്ങല്‍
നിരത്തിയാലും അത് സത്യത്തെ പുറത്തുകാണിക്കുന്നില്ല. തൃണമൂല്‍ ഒരു രാഷ്ട്രീയ
പാര്‍ട്ടി എന്ന നിലയ്ക്ക് ഉറച്ച അസ്തിത്വമില്ലാത്ത ഒരു കൂട്ടം മാത്രമാണ്. അതിന്
ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്താന്‍ ഏറെക്കാലം കഴിയില്ല എന്ന് ഉറപ്പാണ്. അതിണ്റ്റെ
സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. പക്ഷെ അതുപോലും ഇടതുപക്ഷത്തിന് ആശ്വാസത്തിന്
വക നല്‍കുന്നില്ല. കാരണം തൃണമൂല്‍ ക്ഷയിക്കുന്നിടത്ത് ഉയര്‍ന്ന് വരുന്നത്
ബി.ജെ.പി-യാണ്.
ഇത്രകാലമായി ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ഒരിടത്ത്,
പഞ്ചായത്തീരാജും മറ്റും വളരെ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള ഒരു സംസ്ഥാനത്തില്‍,
ഹിന്ദുമുസ്ളീം ലഹളകള്‍ കാരണം മതപരമായ ധ്രുവീകരണം നടന്നിട്ടില്ലാത്ത മതനിരപേക്ഷ
സമൂഹത്തില്‍ ബി.ജെ.പിയ്ക്ക് ഇടതുപക്ഷത്തെ കടന്നുമുന്നേറാന്‍ കഴിയുന്നുണ്ടെങ്കില്‍
കാര്യങ്ങള്‍ പറയുന്നത്ര ലളിതമല്ലെന്ന് നമുക്ക് സംശയിക്കേണ്ടിവരുന്നുണ്ട്. വിഷയം
തൃണമൂലും, നന്ദിഗ്രാമും ഒന്നും അല്ലെന്നും അതിലും പിറകോട്ട് അന്വേഷണം
സഞ്ചരിക്കേണ്ടതുണ്ടെന്നും തോന്നുന്നത് അതുകൊണ്ടാണ്. നീണ്ടകാലത്തെ
ഇടതുപക്ഷഭരണത്തിന് ബദലായിട്ടാണ് തൃണമൂല്‍ ഉയര്‍ന്നുവന്നത്. വളരെ ചെറിയ കാലം
കൊണ്ട് തന്നെ അവിടത്തെ ജനങ്ങള്‍ തൃണമൂലിന് ബദല്‍ തേടാന്‍ തുടങ്ങിയിരിക്കുന്നു.
സ്വാഭാവികമയും ഈ അവസ്ഥ ഇടതുപക്ഷത്തിന് അനുകൂലമായി വരേണ്ടതാണ്. എന്നാല്‍ ഒരു
ബദലായിപ്പോലും ഇടതുപക്ഷത്തെ കാണാന്‍ ബംഗാളിലെ ജനങ്ങള്‍ തയ്യാറാകുന്നില്ല എന്നത്
സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.
ദീര്‍ഘകാലം സി.പി.എം-ണ്റ്റെ മന്ത്രിയായിരുന്ന,
സാമ്പത്തികവിദഗ്ദ്ധന്‍ സ:അശോക് മിത്ര പറഞ്ഞത് പാര്‍ട്ടിക്ക് വിശ്വാസ്യത
നഷ്ടപ്പെട്ടു എന്നാണ്. തൃണമൂല്‍ ജനങ്ങള്‍ക്ക് നല്‍കിയ വ്യാമോഹം വളരെ പെട്ടെന്ന്
തന്നെ നഷ്ടപ്പെട്ടുതുടങ്ങിയിട്ടും പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ബംഗാളിലെ
ജനങ്ങള്‍ തയ്യാറാകുന്നില്ല. ഇത് അടവുനയത്തിണ്റ്റേയോ അത് നടപ്പാക്കുന്നതില്‍ വന്ന
വീഴ്ചയോ ആണോ കാണിക്കുന്നത്? കറകളഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഒരു സ്വതന്ത്ര
ചിന്ത നടത്തിയാല്‍ ഈ വിലയിരുത്തലിലെ വിഡ്ഡിത്തം ബോദ്ധ്യപ്പെടും എന്ന് എനിക്ക്
ഉറപ്പുണ്ട്.
ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനകീയ അടിത്തറ
വിശാലമാക്കിയതില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടേയും ദാസ് കാപ്പിറ്റലിണ്റ്റേയും
പങ്കെന്താണ്? കാലാകാലങ്ങളില്‍ പാര്‍ട്ടി എടുത്തിട്ടുള്ള നയങ്ങളുടേയും അത്
നടപ്പാക്കാന്‍ പ്രയോഗിച്ചിട്ടുള്ള അടവുകളുടേയും പങ്കെന്താണ്? ലെനിണ്റ്റെ
സംഘടനാതത്വങ്ങള്‍ വായിച്ച് മനസ്സിലാക്കി അതനുസരിച്ച് സംഘടനാപ്രവര്‍ത്തനം
നടത്തുന്ന എത്ര സഖാക്കള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളിലുണ്ട്? കമ്യൂണിസ്റ്റ്
പാര്‍ട്ടികളുടെ ശക്തി പ്ര്‍കടമാകുന്നത് എണ്ണത്തില്‍ തുലോം കുറഞ്ഞ അതിണ്റ്റെ
അംഗങ്ങളിലാണോ? നാട്ടിന്‍പുറങ്ങളിലെ ധാരാളം പാര്‍ട്ടി സഖാക്കള്‍ അവരുടെ മക്കള്‍ക്ക്
ലെനിനെന്നും സ്റ്റാലിനെന്നും ഹോചിമിനെന്നും ജ്യോതി ബാസുവെന്നും പേരിട്ട്
വിളിച്ചതുപോലും ഇവരാരാണെന്ന് മനസ്സിലാക്കിയിട്ടല്ല. ഈ പേരുകള്‍ക്ക് പിന്നിലെ വലിയ
സഖാക്കളെ അവര്‍ കണ്ടത് തങ്ങളുടെ മുന്നിലുള്ള, അല്ല കൂടെയുള്ള സഖാക്കളുടെ വലിയ
ആള്‍രൂപങ്ങളായിട്ടാണ്. ഈ സഖാക്കള്‍ ഉള്ളില്‍ ഇത്രമാത്രം നന്‍മയും
സ്നേഹവുമുള്ളവരാണെങ്കില്‍ ഇവരുടെ നേതാക്കളായവര്‍ തീര്‍ച്ചയായും ദൈവത്തിണ്റ്റെ
പ്രതിരൂപങ്ങളായിരിക്കുമെന്നവര്‍ നിനച്ചു. അങ്ങനെ ദൈവത്തിണ്റ്റെ പേരുകളായ രാമന്‍,
കൃഷ്ണന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയവ പോലെ മുദ്രാവാക്യങ്ങളിലൂടെയും സഖാക്കളുടെ
സംസാരത്തിലൂടെയും കേട്ടറിഞ്ഞ ഈ നേതാക്കളുടെ പേരുകളും അവര്‍ മക്കള്‍ക്ക്
സമ്മാനിച്ചു. അങ്ങനെ പാര്‍ട്ടിയോടുള്ള സ്നേഹം അവര്‍ പ്രകടിപ്പിച്ചു.
ഇത്
പറയുന്നത് പ്രത്യയശാസ്ത്രങ്ങളെ തള്ളിപ്പ്രറയാനോ അതിനുള്ള പ്രാധാന്യം കുറച്ചുകാണാനോ
അല്ല. പ്രത്യയശാസ്ത്രം ഒരു മതഗ്രന്ഥം പോലെ കാണേണ്ടതുണ്ടോ എന്ന ഒരു സംശയം
പങ്കുവെക്കാന്‍ വേണ്ടി മാത്രം. സമകാലിക സമൂഹത്തില്‍, ഇനിയും ശൈശവം
താണ്ടിയിട്ടില്ലാത്ത ജനാധിപത്യം പുലരുന്ന ഇന്ത്യന്‍ സമൂഹത്തില്‍
താത്വികാചാര്യന്‍മാര്‍ പറഞ്ഞ അടവുനയങ്ങള്‍ക്കാളേറെ ജനങ്ങള്‍ക്കുപകരിക്കുക
സംശുദ്ധമായ പ്രായോഗികരാഷ്ട്രീയമാണ്. അവര്‍ക്ക് മനസ്സിലാവുന്നത് ജാര്‍ഗണുകളുടെ
അകമ്പടിയില്ലാത്ത ഭാഷയാണ്. ജനകീയ ജനാധിപത്യവിപ്ളവവും അതിലൂടെ സമ്പൂര്‍ണവിപ്ളവവും
സ്വപ്നം കാണുന്ന, അതിണ്റ്റെ അനിവാര്യമായ വരവില്‍ വിശ്വസിക്കുന്ന, എത്ര
പാര്‍ട്ടിപ്രവര്‍ത്തകരുണ്ട് ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍? ഉറച്ച
പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കില്ലാത്ത ഈ വിശ്വാസം പൊതുജനങ്ങള്‍ക്കുണ്ടാവണമെന്ന്
ശഠിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍
പ്രത്യയശാസ്ത്രം ഒരു അമ്മിക്കല്ലുപോലെ കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടുള്ള
പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നതാണ് ഇടതുപക്ഷത്തിണ്റ്റെ പരാജയത്തിണ്റ്റെ
കാരണം. പരാജയം എന്നതുകൊണ്ട് ഈ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം എന്നല്ല
ഞാനുദ്ദേശിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കൂടിയാലും ഈ
പരാജയം നിലനില്‍ക്കുകതന്നെ ചെയ്യും എന്നെണ്റ്റെ വിചാരം.
മറ്റൊരു പ്രധാനകാരണം ഇതിനകം
ഈ പാര്‍ട്ടികള്‍ മനസ്സിലാക്കിയിട്ടുണ്ട്. പാര്‍ട്ടികള്‍ ജനങ്ങളില്‍
നിന്നകന്നുപോകുന്നു എന്ന കാര്യം പാര്‍ട്ടി വേദികളില്‍ നിന്നുയര്‍ന്ന് കേള്‍ക്കാന്‍
തുടങ്ങിയിട്ട് കാലം കുറച്ചായി. സംഘടനാപരമായ ദൌര്‍ബല്യം ചര്‍ച്ച ചെയ്യാനും
പരിഹരിക്കാനും ഉദ്ദേശിച്ചുകൊണ്ട് സി.പി.എം സംസ്ഥാനപ്ളീനം തന്നെ നടത്തുകയുണ്ടായി
എന്നതു കാണിക്കുന്നത് വിഷയം ഗൌരവമായി എടുക്കുന്നു എന്നുള്ളതാണ്. അതിണ്റ്റെ
വിജയപരാജയങ്ങളെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ഒരു ശരാശരി
പാര്‍ട്ടിപ്രവര്‍ത്തകന്‍ ദിവസത്തിണ്റ്റെ ഭൂരിഭാഗം സമയവും ജനങ്ങള്‍ക്കൊപ്പമാണ്
എന്നത്തെയും പോലെ ഇന്നും. ആരാണീ ജനങ്ങള്‍ എന്നതു മാത്രമാണ് സംശയം.
പാര്‍ട്ടിയുടെ
ഏരിയാതലത്തിലുള്ള ഒരു നേതാവിണ്റ്റെ ജീവിതം യോഗങ്ങളും ഒരു യോഗത്തില്‍ നിന്ന്
മറ്റൊന്നിലേക്കുള്ള യാത്രയുമാണ്. കൃത്യമായി ചേരുന്ന അദ്ദേഹത്തിണ്റ്റെ ഏരിയാ
കമ്മിറ്റി, അതുപോലെത്തന്നെ കൃത്യമായി ചേരുന്ന മേല്‍ക്കമ്മിറ്റി, തനിക്ക്
ചാര്‍ജുള്ള ലോക്കല്‍ കമ്മിറ്റികള്‍ ഒക്കെ അദ്ദേഹം കൃത്യമായി പങ്കെടുക്കേണ്ടതാണ്.
ഇതിനുപുറമെ അദ്ദേഹം ഒരേ സമയം പല പോഷക സംഘടനകളുടെ ഭാരവാഹിയായിരിക്കും. ഈ
പോഷകസംഘടനകള്‍ പാര്‍ട്ടി ലൈനില്‍ നിന്ന് വ്യതിചലിക്കാതെ നോക്കേണ്ടത്
ഇദ്ദേഹത്തിണ്റ്റെ ഉത്തരവാദിത്വമാണ്. ഈ സംഘടനകളുടെ ഭാരം വഹിച്ചുകൊണ്ടാണ്
അദ്ദേഹത്തിണ്റ്റെ നടപ്പ് എന്നും എപ്പോഴും.
ഇദ്ദേഹം ഒരു നല്ല സംഘാടകനും നല്ല
വ്യക്തിത്വത്തിനുടമയുമാണെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കലാസമിതികള്‍,
വായനശാലകള്‍ എല്ലാത്തിണ്റ്റെ കമ്മിറ്റിയിലും ഇദ്ദേഹമുണ്ടാകും. അഴിമതിയുടെ
കറപുരളാത്തയാളുമാണെങ്കില്‍ നേരത്തെ പറഞ്ഞവയുടെ പുറമെ പാര്‍ട്ടിയുടെ
നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍, അവ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍,
ആശുപത്രികള്‍ ഇവയുടെയൊക്കെ ഭരണസമിതിയില്‍ ഇദ്ദേഹം ഒഴിച്ചുകൂടാന്‍
വയ്യാത്തയാളായിരിക്കും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ അംഗത്വം, അതിലെ ഭാരവാഹിത്വം
ഇവ തരം പോലെയുണ്ടാകും. ഇത്രയും ജനങ്ങളുടെയിടയില്‍ ഓടിക്കളിക്കുന്ന ഒരാളോട്
നിങ്ങള്‍ ജനങ്ങളില്‍ നിന്നകന്നുപോകുന്നു എന്ന് പറഞ്ഞാല്‍ അതിണ്റ്റെ അര്‍ത്ഥം
എന്താണ്?
ഒരാള്‍ക്ക് താങ്ങാവുത്തിലധികം ഭാരം വഹിക്കാന്‍
നിര്‍ബ്ബന്ധിതനാവുന്ന ഒരാള്‍ ഇവയോട് എങ്ങനെ പൊരുത്തപ്പെട്ടുപോകുന്നതെങ്ങനെ.
വാര്‍ഡ് മെംബറും പഞ്ചായത്ത് പ്രസിഡണ്റ്റും ഒക്കെ ആയ പാര്‍ട്ടി നേതാക്കള്‍
ഭരണതലത്തിലുള്ള ഉത്തരവാദിത്വത്തിനോട് നീതിപുലര്‍ത്താനാവാതെ പില്‍ക്കാല
തെരഞ്ഞെടുപ്പുകളില്‍ തോറ്റുപോയ ധാരാളം അനുഭവങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്.
പാര്‍ട്ടിയാണ് വലുത് എന്നത് ഒരു മന്ത്രം പോലെ കൊണ്ട് നടക്കുന്ന ഒരാള്‍
പാര്‍ട്ടി ഉത്തരവാദിത്വങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും മറ്റ്
ഉത്തരവാദിത്വങ്ങള്‍ പിന്നിലേക്ക് പോകുകയും ചെയ്യുന്നു. വ്യക്തിയേക്കാള്‍ വലുത്
പാര്‍ട്ടിയാനെന്ന് സമ്മതിക്കുമ്പോഴും പാര്‍ട്ടിയ്ക്കും മീതെയാണ് ജനങ്ങള്‍ എന്ന
സത്യം പലപ്പോഴും മറന്നുപോകുന്നു. ഫലത്തില്‍ അദ്ദേഹം ഒരു നല്ല
പാര്‍ട്ടിക്കാരനാവുമ്പോഴും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെന്നനിലക്ക് അവരുടെ
പ്രശ്നങ്ങളില്‍ കൂടെനില്‍ക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. നമ്മുടെ
നാട്ടിന്‍പുറങ്ങളില്‍ ഇങ്ങനെ പരാജയപ്പെട്ടുപോയ ധാരാളം പേരെ കാണാന്‍ കഴിയും.
തൊണ്ണൂറുകളില്‍ മുന്‍കാല നക്സലൈറ്റ് ആയ കെ. വേണു സി.പി.എം-നെക്കുറിച്ച് നടത്തിയ
ഒരു പാരാമര്‍ശം ഓര്‍മ്മ വരുന്നു. 'ജനാധിപത്യം എന്ന ആശയം ഒരു വിശ്വാസപ്രമാണമായി
അംഗീകരിക്കാതിരിക്കുകയും എന്നാല്‍ ജനാധിപത്യത്തില്‍ ആണ്ടിറങ്ങുകയും ചെയ്യുന്ന
വൈരുദ്ധ്യമാണ് പാര്‍ട്ടി അനുഭവിക്കുന്നത് എന്നായിരുന്നു, അത്. ഇതിനാല്‍
ജനാധിപത്യത്തിണ്റ്റെ നല്ല വശങ്ങള്‍ സ്വായത്തമാക്കാതിരിക്കുകയും ചീത്ത കാര്യങ്ങള്‍
പാര്‍ട്ടിയെ ഗ്രസിക്കുകയും ചെയ്യുന്നു, എന്നും അദ്ദേഹം പറഞ്ഞു (ഓര്‍മയില്‍
നിന്നെടുത്ത് എഴുതുന്നത്). ശ്രീ വേണുവിണ്റ്റെ പില്‍ക്കാല രാഷ്ട്രീയത്തോട്
അനുഭാവമില്ലാതിരിക്കുമ്പോഴും ആ പരാമര്‍ശം സത്യമാണെന്ന് എന്നും തോന്നിയിട്ടുണ്ട്.
കൊല്ലത്തില്‍ മുന്നൂറ്ററുപത്തഞ്ച് ദിവസങ്ങളും ഓട്ടത്തിലായ ഒരാള്‍ക്ക്
വിശ്രമിക്കാന്‍ സമയമെവിടെ? വായിക്കാന്‍ സമയമെവിടെ? സ്വസ്ഥമായൊന്ന് ആലോചിക്കാന്‍
സമയമെവിടെ? ഒരു പാട്ട് കേള്‍ക്കാന്‍, ഏതെങ്കിലും രീതിയിലുള്ള കലകള്‍ ആസ്വദിക്കാന്‍
സ്മയമെവിടെ? ഇതൊന്നുമില്ലാതെ ഒരാള്‍ക്ക് പൂര്‍ണനായ ഒരു മനുഷ്യനാവാന്‍ കഴിയുമോ?
മനുഷ്യരൂപമുള്ള യന്ത്രങ്ങളായി മാറുകയാണ് ഇക്കാലത്ത് ഇടതുപക്ഷ പാര്‍ട്ടികളുടെ താഴേ
തട്ടിലുള്ള പ്രവര്‍ത്തകര്‍. മാനവികതയിലൂന്നിയ ഒരു പ്രത്യശാസ്ത്രം
പ്രാവര്‍ത്തികമാക്കാന്‍ ഓടിനടക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് മാനവികതയുടെ
അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നില്ലേ എന്ന സംശയമാണ് എന്നെ കൊണ്ട്
ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
ബംഗാളില്‍ നീണ്ടകാലത്തെ ഭരണകാലത്ത് സര്‍ക്കാരിണ്റ്റെ
പുറത്ത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാര്‍
പ്രവര്‍ത്തിച്ചിരുന്നതായി അവിടെ നിന്നുള്ള സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്.
സര്‍ക്കാരിണ്റ്റെ പരിപാടികള്‍, സഹായങ്ങള്‍ ഒക്കെ ജനങ്ങളിലെത്തിയിരുന്നത്
പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളിലൂടെയായിരുന്നു. നീണ്ടകാലത്തെ ഈ അവസ്ഥ ഒരു തരം
അപ്രമാദിത്വം താഴേക്കിടയിലുള്ള നേതാക്കളിലുണ്ടാക്കിയിരിക്കാം. പഞ്ചായത്തീരാജ് വഴി
വികേന്ദ്രീകരിച്ച അധികാരങ്ങളും ഫണ്ടുകളും വഴി അഴിമതിയുടെ വികേന്ദ്രീകരണവും
നടന്നിട്ടുണ്ട് എന്നും ബംഗാളികള്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ അഴിമതിയുടെ
വൈപുല്യവും വലിപ്പവും വെച്ചുനോക്കിയാല്‍ ഇത് വളരെ ചെറുതാണെന്നത് ശരി. പക്ഷേ ഇത്
നടക്കുന്നത് സാധാരണജനങ്ങളുടെ കണ്‍മുന്നിലാണെന്നത് കൊണ്ട് തന്നെ ഒരു പ്രചാരണവും
ആവശ്യമില്ലാതെ തന്നെ അവര്‍ക്കത് മനസ്സിലാകും. ബംഗാളിലെ ഗ്രാമങ്ങള്‍ എത്ര
ദരിദ്രമാണെന്നും അവിടത്തെ ജനങ്ങള്‍ എത്ര പാവങ്ങളാണെന്നും കേരളത്തില്‍
അങ്ങോളമിങ്ങോളം സാധാരണ തൊഴിലെടുക്കാനെത്തുന്ന ബംഗാളികള്‍
സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കേരളീയ സമൂഹത്തില്‍ നിരന്തരം ഉണ്ടാകുന്ന ചെറിയ ചെറിയ
പ്രശ്നങ്ങളേറ്റെടുത്തുകൊണ്ട് പ്രാദേശിക പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ ഇടതുപക്ഷ
പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ കഴിയാറില്ല. കൊണ്ടാടപ്പെടുന്ന വലിയ വലിയ സമരങ്ങള്‍
മാത്രമാണ് നടക്കുന്നത്. അതുപോലും സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ
തീരുമാനത്തിണ്റ്റെ ഭാഗമായി മാത്രം നടക്കുന്നവ. പരപ്പനങ്ങാടിയില്‍ ഏറെ നാള്‍ നടന്ന
ടോള്‍ വിരുദ്ധസമരത്തിണ്റ്റെ ആദ്യഘട്ടത്തിലൊന്നും പാര്‍ട്ടിയുടെ പിന്തുണ
ഉണ്ടായിരുന്നില്ല എന്ന മനസ്സിലായിട്ടുണ്ട്. പിന്നീട് പ്രാദേശിക പാര്‍ട്ടി
ഘടകത്തിണ്റ്റെ നിര്‍ബ്ബന്ധത്തിന് ജില്ലാ ഘടകം വഴങ്ങുകയായിരുന്നൂ, എന്നാണറിയാന്‍
കഴിഞ്ഞത്. ഇതുപോലത്തെ അനുഭവങ്ങള്‍ കേരളത്തിണ്റ്റെ മറ്റുഭാഗങ്ങളിലും
നുണ്ടായിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആഗോളീകരണം ജീവിതത്തിണ്റ്റെ
സമസ്തമേഖലകളിലും പിടിമുറുക്കുന്ന ഈ കാലഘട്ടത്തില്‍ പ്രാദേശികചെറുത്തുനില്‍പുകളുടെ
പ്രാധാന്യം എന്താണ് പാര്‍ട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്?
പാര്‍ലിമെണ്റ്ററി പ്രവര്‍ത്തനം പാര്‍ട്ടിയുടെ അടവുനയത്തിണ്റ്റെ ഭാഗം മാത്രമാണെന്നും
അനിവാര്യമായ വിപ്ളവത്തിണ്റ്റെ പാതയിലെ വഴിയമ്പലങ്ങള്‍ മാത്രമാണെന്നും
ഇടതുപക്ഷപാര്‍ട്ടികള്‍ ആണയിടുന്നുണ്ട്. പക്ഷേ കേരളത്തിലെയെങ്കിലും രീതികള്‍
പരിശോധിച്ചാല്‍ ഇത് ശരിയല്ലെന്ന് ബോദ്ധ്യപ്പെടും. കാലാകാലങ്ങളായി
ന്യൂനപക്ഷസമുദായങ്ങളോടെടുത്തിട്ടുള്ള നിലപാടുകളില്‍ ഒരു തെരഞ്ഞെടുപ്പിനപ്പുറം
കാണാന്‍ കഴിയാത്ത രീതികള്‍ അവലംബിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. ലീഗിനെ
എതിര്‍ക്കാനെന്ന രീതിയില്‍ മുസ്ളീം സമുദ്ദായത്തിലെ ഏറ്റവും യാഥാസ്ഥിതികരായ
കാന്തപുരം സുന്നിയെ എതിര്‍ക്കാതിരിക്കാന്‍ സി.പി.എം എന്നും ശ്രമിച്ചിട്ടുണ്ട്.
ഹിന്ദുസമുദായങ്ങളിലെ അനീതിക്കെതിരെ പോരാടിക്കൊണ്ടാണ് ആദ്യകാല കമ്യൂണിസ്റ്റ്
നേതക്കളൊക്കെ ഉയര്‍ന്നുവന്നത് എന്ന കാര്യം മുസ്ളീം സമുദായത്തിണ്റ്റെ കാര്യത്തില്‍
പാര്‍ട്ടി മറന്നുപോയി. മുസ്ളീം സമുദായത്തില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ള ചെറിയ
ചെറിയ പര്‍ക്ഷ്കരണ പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായി എതിര്‍ത്തിട്ടില്ലെങ്കിലും
കണ്ടില്ലെന്ന് നടിക്കുകയെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ട്. ഈ നിഷ്ക്രിയതയ്ക്ക്
ഒറ്റ കാരണമേ ഉള്ളൂ, വോട്ട് നഷ്ടപ്പെടുമോ എന്നുള്ള ഭയം. ഉറച്ച കമ്യൂണിസ്റ്റ്
കുടുംബങ്ങളൂടെ ഇടനാഴികളില്‍ പോലും പഴമയുടെ, യാഥസ്ഥിതികത്വത്തിണ്റ്റെ, കനത്ത
ഇരുട്ടാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് മലപ്പുറം ജില്ലക്കാരനായ എനിക്ക് നേരിട്ട്
ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
ഗാഡ്ഗില്‍ റിപ്പൊര്‍ട്ടിനെതിരെ നിലപാടെടുക്കാന്‍
പാര്‍ട്ടിയെ പ്രേരിപ്പിച്ചതും മലയോരമേഖലയിലെ വോട്ടുകളെക്കുറിച്ചുള്ള പേടി
മാത്രമായിരുന്നില്ലേ? ഒരു തെരഞ്ഞെടുപ്പിനപ്പുറത്തേക്ക് നീളുന്ന ആലോചനകളും
നിലപാടുകളും പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയാതിരിക്കുന്നു, എന്നുള്ളതല്ലേ സത്യം?
നാട്ടിലാണെങ്കില്‍ തെരഞ്ഞെടുപ്പൊഴിഞ്ഞുള്ള നേരവുമില്ല. പാര്‍ലമണ്റ്റ്, തുടര്‍ന്ന്
നിയമസഭ, പഞ്ചായത്ത്, ജില്ല ഭരണസമിതികള്‍ അങ്ങനെ അങ്ങനെ എന്നും എപ്പോഴും
തെരഞ്ഞെടുപ്പു തന്നെ. ഇതിനിടയില്‍ പ്രാദേശിക സഹകരണസംഘങ്ങളിലേക്കുള്ളവ വേറേയും.
തെരഞ്ഞെടുപ്പൊഴിഞ്ഞിട്ടു വേണ്ടേ കാതലായ വിഷയങ്ങളില്‍ ശക്തമായ നിലപാടുകളെടുക്കാന്‍!
ഇത്തരം വാക്കുകളിലും പ്രവര്‍ത്തികളിലും വൈരുദ്ധ്യം കാണുന്നവരില്‍ പാര്‍ട്ടി
അനുഭാവികള്‍ക്കൊപ്പം അംഗങ്ങളുമുണ്ട്. ഇത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അവയില്‍
നിന്ന് ഒഴിഞ്ഞുമാറാന്‍ അവര്‍ ശ്രമിക്കുന്നത് ഉറച്ച ബോദ്ധ്യത്തിണ്റ്റെ
കുറവുകൊണ്ട് തന്നെയാണെന്നാണ് എണ്റ്റെ തോന്നല്‍. ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്
പാര്‍ട്ടികളുടെ വിശ്വാസ്യത തകരുന്നത്. അത് കണ്ടുനില്‍ക്കേണ്ട ഗതികേടിലാണ്
നമ്മള്‍ സാധാരണക്കാരായ ഇടതുപക്ഷ അനുഭാവികള്‍. നഷ്ടപ്പെട്ട ഈ വിശ്വാസ്യത
വീണ്ടെടുക്കാന്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളോ സംവാദങ്ങളോ ഒന്നും (അങ്ങനെ
നടക്കുന്നുണ്ടെങ്കില്‍) പര്യാപ്തമല്ലതന്നെ. അതിന് സമഗ്രമായ പൊളിച്ചെഴുത്ത് തന്നെ
വേണ്ടിവരും എന്ന് എണ്റ്റെ ഉറച്ച വിശ്വാസം.
അതിന് അടിസ്ഥാനപരമായി വേണ്ടത്
ജനങ്ങള്‍ ഇടതുപക്ഷത്തില്‍ ഇപ്പോഴും അര്‍പ്പിക്കുന്ന വിശ്വാസത്തെക്കുറിച്ചുള്ള ബോധം
നേതൃത്വത്തിനുണ്ടാവുക എന്നതാണ്. അതുണ്ടായാല്‍ ഇപ്പോഴുണ്ടാകുന്നതുപോലെ അണ്ടിയോ
മാങ്ങയോ മൂത്തത് എന്നരീതിയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇല്ലാതെവരും. കൂടുതല്‍
ആഴത്തിലുള്ള പരസ്പരവിശ്വാസം ഇടതുപക്ഷകക്ഷികള്‍ക്കിടയില്‍ ഉരുത്തിരിയും. കൂടുതല്‍
സ്ത്രീപക്ഷപാതിത്വമുള്ള, പരിസ്ഥിതി പക്ഷപാതിത്വമുള്ള, ദലിത് അനുകൂല നിലപാടുകള്‍
എടുക്കാന്‍ ധൈര്യവും ഇഛാശക്തിയുമുള്ള സംശുദ്ധ പ്രായോഗികരാഷ്ട്രീയം ഇടതുപക്ഷത്തില്‍
നിന്ന് ഉണ്ടായിവരും.
ഇങ്ങനെയൊരു സഹകരണം ഉണ്ടാവാത്തതിണ്റ്റെ പ്രധാനകാരണം
പരസ്പരമുള്ള സംശയമാണ്. ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള
അഭിപ്രായവ്യത്യാസമുണ്ടായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനിന്ന ഒരാളെ,
അല്ലെങ്കില്‍ പുറത്താക്കിയ ഒരാളെ എന്നും വര്‍ഗശത്രു ആയിട്ടാണ് കമ്യൂണിസ്റ്റ്
പാര്‍ട്ടികള്‍ കണ്ടിട്ടുള്ളത്. ഇങ്ങനെ വര്‍ഗശത്രുക്കള്‍ ആയവരില്‍ ഗൌരി അമ്മ,
എം.വി.ആര്‍ തുടങ്ങിയ വലിയ നേതാക്കള്‍ക്കൊപ്പം കേരളത്തിലങ്ങോളമിങ്ങോളം ധാരാളം
സാധാരണപ്രവര്‍ത്തകരുമുണ്ട്. അവരാരും വര്‍ഗവഞ്ചകരായിരുന്നില്ല. വര്‍ഗവും
പാര്‍ട്ടിയും പരസ്പരം മാറിപ്പോകുന്നതിണ്റ്റെ പ്രശ്നം മാത്രമാണിത്. സി.പി.എം-ഉം
സി.പി.ഐ-യും തമ്മിലുള്ള വിശ്വാസമില്ലായ്മയും ഇതിനോട് ചേര്‍ത്ത്
വായിക്കാവുന്നതാണ്. ഈ വിശ്വാസരാഹിത്യം വെടിഞ്ഞ് രണ്ട് പാര്‍ട്ടികളും
ഒന്നിക്കാന്‍ തയ്യാറായാല്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്ന ആയിരക്കണക്കിന്
പ്രവര്‍ത്തകര്‍ പുതിയൊരു ഊര്‍ജത്തോടെ അതിനെ സ്വാഗതം ചെയ്യും തീര്‍ച്ച. ഇന്ത്യയിലെ
ഇടതുപക്ഷത്തിന് പുത്തനുണര്‍വുണ്ടാക്കാന്‍ അതിന് കഴിയും.
ഈ എഴുത്തിണ്റ്റെ പേരില്‍
എന്നെ ചിലപ്പോള്‍ പാര്‍ട്ടി വിരുദ്ധനായി കണ്ടേക്കാം. ഏറെ നാളായി മനസ്സില്‍ നീറി
നില്‍ക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരെങ്കിലും
ഇതൊക്കെ എഴുതും എന്ന് കരുതിയിരുന്നു. പക്ഷെ എഴുതുന്നത് ഒന്നുകില്‍ ഭത്സനങ്ങള്‍
അല്ലെങ്കില്‍ സ്തുതിഗീതങ്ങള്‍. സത്യം ഇതിണ്റ്റെ രണ്ടിണ്റ്റേയും ഇടയിലെവിടെയോ
ആണെന്ന് എണ്റ്റെ വിശ്വാസം. ഒരു സാധാരണക്കാരണ്റ്റെ തോന്നലുകള്‍ മാത്രമാണ് ഇവ.
ഇതില്‍ ശരിയുണ്ടായിരിക്കും, ശരികേടുകളും ഉണ്ടായിരിക്കാം. അത് കാലം തെളിയിക്കട്ടെ.
ഇപ്പോഴും ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന വലിയ വിഭാഗം
ജനങ്ങള്‍ക്കുമുമ്പില്‍ ഇത് ഞാന്‍ സമര്‍പ്പിക്കുന്നു.
പിന്‍കുറിപ്പ്:
ചുംബനസമരത്തോട് കേരളത്തിലെ ഇടാതുപക്ഷ പാര്‍ട്ടികള്‍ എടുത്ത നിലപാട് ഏറെ സന്തോഷം
തരുന്നുണ്ട്. കുറേ കാലമായുള്ള അനുഭവം വെച്ച് നോക്കിയാല്‍ ഇത്തരം നിലപാടിന് ഒരു
സാധ്യതയുമുണ്ടായിരുന്നില്ല. ഇതൊരു മാറ്റത്തിണ്റ്റെ സൂചനയായിരുന്നെങ്കില്‍ എന്ന്
ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്നു.
ഇടതുപക്ഷം ഒഴിയുന്ന ഇടം നിറയ്ക്കുന്നത് ബി.ജെ.പി ആണ്.
ReplyDeleteCorrectly said.
DeleteLeftism is Ok, but marxism and leninism, which are foreign as equal to american and english invasions did not fit for INDIA, that is the reason for its decay over the years. They preach one do other in life, everyone knows it. Indian left was for equitable distribution of wealth, but they amazed wealth in party's name, again through the collection campaigns which had accumulated from poor working and non-working classes wealth, nothing had returned to them, except the pride of having a luxury party office, which is of no use at the end of the day to make one full meal for them. It was simply making the mass fool. Left is wiped out from its places' of origin. Now, these left who had not seen real struggle of life should desolve the party and distribute their wealth (real estates) to the poorest of the poor, all its leaders should go to Himalaya for Sanyas, with their kith and kin, then a new revolution will come. Otherwise soon, these CPM/CPI family will build their own cemetries.
ReplyDeleteWhy I reacted like this? The cadres or the sympathisers I know in both the main stream left parties have no connection between their principles and actions. They are against private schools, but their children study only in such schools. they are against palagarism in research, but their doctorates are bibles of plagarism. they fight for labour rights, but deny the minimum wages to those who work for them, they are for equality in all aspects of life, but they deny space for all others other than them. They talk about dignity of work, but like to earn without working... list is endless.
There is a left in everyone, because there is right in him.
Tijo, while respecting yr feeling on the left, I choose to disagree with you. The Marxism is the only ideology based on true humanism. Looking at all the men alike, something great. But there are obvious contradictions in their action of late. My very purpose of writing this article is the same. I still look forward to the left as I have nowhere else to look at.
ReplyDeleteAll -isms are good when it starts, but once it get organised and start growing, end of it. True humanism is a great phrase need to be understood and debated in new world scenarios.
DeleteAny organisation once established and start functioning becomes a part of the rotten establishment outside. This has happened with the left too. But I think the only alternate to the left is more humanised and less bureaucratic and more creative left.
DeleteThe phrase humanism needs to be better understood and debated upon, I agree.
പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നകന്നുപോകുന്നു
ReplyDeleteഎന്ന കാര്യം പാര്‍ട്ടി വേദികളില്‍ നിന്നുയര്‍ന്ന് കേള്‍ക്കാന്‍
തുടങ്ങിയിട്ട് കാലം കുറച്ചായി.
ഒരു ശരാശരി പാര്‍ട്ടിപ്രവര്‍ത്തകന്‍ ദിവസത്തിന്റെ
ഭൂരിഭാഗം സമയവും ജനങ്ങള്‍ക്കൊപ്പമാണ് എന്നത്തെയും പോലെ
ഇന്നും. ആരാണീ ജനങ്ങള്‍ എന്നതു മാത്രമാണ് സംശയം. !
That is a clear misunderstanding with these leaders.
ReplyDelete