Thursday, March 6, 2014

പിണത്തിന്‌ താരാട്ട്‌ പാടുന്ന ഒരാള്‍

ഒരു മരണവീട്‌. വീട്ടമ്മ മരിച്ചു കിടക്കുന്നു. ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിണ്റ്റെ നേരിയ ഗന്ധത്തിനൊപ്പം ചെറിയ ശബ്ദത്തില്‍ ഉയരുന്ന വീട്ടുകാരുടെ കരച്ചില്‍.അവിടവിടെ കൂടിയിരിക്കുന്ന അടുത്ത ബന്ധുക്കളും നാട്ടുകാരും പരസ്പരം ശബ്ദം പുറത്തുവരാതെ സംസാരിക്കുന്നുണ്ട്‌. പെട്ടെന്ന്‌ തൊണ്ട പൊട്ടുമാറ്‌ ഒരു ശബ്ദം ഉയരുന്നു. 

'ഇണയാണ മുത്തുലച്മി അമ്മാള്‍.... 
എന്‍ അമ്മാവേ...എന്‍ അമ്മാവേ'. 
പതറി പോണവേ കുതറി അഴുതോമേ 
മയക്കം തീരലയേ 
എന്‍ കലക്കം മാറലയേ
*മാണ്ട്‌ താന്‍ പോണിയേ അമ്മാ... ' *മരിച്ച്‌ 

തുടര്‍ന്ന്‌ കേട്ടത്‌ ഒരു പാട്ടാണ്‌. 
"ഇന്തമനിതന്‍ ഉയിരോ 
കണ്‍കളുക്ക്‌ തെരിയാത കാത്ത്‌* *കാറ്റ്‌ 
മണ്ണില്‍ ഇരിക്കും വരെയ്‌ക്ക്‌ 

ഉലകത്തില്‍ എത്തനൈ കൂത്ത്‌ 

കാലത്തേവന്‍ കണക്ക്‌ മുടിന്താല്‍ 
 പോയിടുമേ ചത്ത്‌ 
നീ ചത്ത പിന്നൈ 
ഉനക്ക്‌ ഉതവും പച്ചൈ ഓലൈ കീത്ത്‌ (കീറി) 
മച്ചാന്‍ ഉന്നൈ തൂക്കിക്കിട്ട്‌
നാലുപേര്‍ ആടുവാന്‍ കൂത്ത്‌. " 

തികച്ചും അസംസ്കൃതമായ ശബ്ദത്തില്‍ ഒരാളിരുന്ന്‌ തപ്പട്ട കൊട്ടി പാടുകയാണ്‌. വെയിലില്‍ കരുവാളിച്ചുപോയ ദേഹം. പോളിയോ ബാധിച്ച്‌ തളര്‍ന്നകാലുകള്‍. നിരന്തരമായ പുകയില ഉപയോഗം നിമിത്തം മഞ്ഞച്ച പല്ലുകള്‍. കറുത്ത വസ്ത്രം. കഴുത്തില്‍ തലയോട്ടി ചിഹ്നം ലോക്കറ്റാക്കിയ സ്റ്റീല്‍ മാല. ഇത്‌ മരണഗാന വിജി. ആരെങ്കിലും മരിച്ചാല്‍ അവരുടെ ഉറ്റവര്‍ക്കായി അവരെപ്പറ്റി പാടി ഉപജീവനം കഴിക്കുന്ന വിജി. 

വിജി എന്നത്‌ സ്വന്തം പേരല്ല. സ്വന്തമായി ഒരു പേരില്ലാത്തവനാണ്‌ താനെന്ന്‌ വിജി പറയും. പേര്‌ മാത്രമല്ല, അഛനും അമ്മയും ഒന്നുമില്ലാത്തവന്‍. ഓര്‍മ്മ വെച്ച കാലം മുതല്‍ മറീന കടപ്പുറത്തായിരുന്നു. ഒരു സ്ത്രീ തന്നെ മറീന കടപ്പുറത്തിരുത്തി പോകുന്നതിണ്റ്റെ അവ്യക്തമായ ഓര്‍മ്മയുണ്ട്‌ വിജിയ്ക്ക്‌. പോകാനിടമില്ലാതിരുന്ന ഒരു ഘട്ടത്തില്‍ കൂടെ താമസിപ്പിച്ചത്‌ വിജി എന്ന പേരുള്ള ഒരു വേശ്യയായിരുന്നു. വിജിയുടെ കൂടെ കഴിഞ്ഞവനെ വിജി എന്ന്‌ നാട്ടുകാര്‍ വിളിച്ചു. 

ജീവിതം മറീന കടപ്പുറത്തായിരുന്നെങ്കില്‍ ഉറക്കം അടുത്തുള്ള ചുടുകാട്ടില്‍. ഒരിക്കല്‍ ചുടുകാട്ടില്‍ ഉറങ്ങുമ്പോഴാണ്‌ ശവം എരിക്കുന്നയാള്‍ ശവവുമായി സംസാരിക്കുന്നത്‌ കേള്‍ക്കാനിടയായത്‌. അപ്പോള്‍ അയാള്‍ സംസാരിക്കുന്നത്‌ തികഞ്ഞ തത്വജ്ഞാനം ആയിരിക്കും. അയാള്‍ ഇടയ്ക്കിടയ്ക്ക്‌ പാടുമായിരുന്നു. അതിന്‌ ശ്രുതിയും താളവുമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ എല്ലാം അവസാനിക്കുന്ന ചുടുകാട്ടില്‍ ശവമെരിക്കുന്നവന്‍ അറിഞ്ഞ ആത്യന്തികമായ സത്യം ആ പാട്ടിലുണ്ടായിരുന്നു. ജീവിതത്തിണ്റ്റെ നിസ്സാരതയും മരണമെന്ന മഹാ സത്യവുമുണ്ടായിരുന്നു. 

ഹരിശ്ചന്ദ്ര എന്ന സിനിമയിലെ 'ആത്മവിദ്യാലയമേ' എന്ന പാട്ടിണ്റ്റെ രംഗം ഓര്‍ക്കാം. 

'തിലകം ചാര്‍ത്തി ചീകിയുമഴകായ്‌ 
പലനാള്‍പോറ്റിയ പുണ്യശിരസ്സേ 
ഉലകം വെല്ലാന്‍ ഉഴറിയ നീയോ 
വിലപിടിയാത്തൊരു തലയോടായി' 

മനുഷ്യണ്റ്റെ നിസ്സാരത എന്ന വലിയ സത്യം അതാണ്‌ തിരുനൈനാര്‍ കുറിച്ചി ഈ പാട്ടിലൂടെ വിളിച്ചുപറഞ്ഞത്‌. രാജാവായാലും വെറും സാധാരണക്കാരനായാലും ഒടുവില്‍ ഒരു പിടി ചാരം ആയി മാറുമെന്ന അനിവാര്യമായ, എന്നാല്‍ എന്നും എല്ലാവരും മറക്കുന്ന സത്യം. മരണമെന്ന അനിവാര്യതയെക്കുറിച്ച്‌ പാടിയ പാട്ട്‌ ഇന്നും മരണമില്ലാതെ നില്‍ക്കുന്നു, ഇപ്പോഴും നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്നു. 

ഇതേ സത്യം തന്നെയാണ്‌ തീരെ സംസ്കൃതമല്ലാത്ത തെരുവിണ്റ്റെ ഭാഷയില്‍ അന്ന്‌ ആ പറയനാര്‍ പാടിയത്‌. ആ പാട്ട്‌ കേട്ട്‌ കേട്ട്‌ ക്രമേണ വിജിയും പാടാന്‍ തുടങ്ങി. അന്ന്‌ പറയനാര്‍ പാടി വിജി പഠിച്ച്‌ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്ന ഒരു പാട്ട്‌ ഇതാണ്‌. 

"വാഴ്‌വ്‌ എണ്റ്റ്രാല്‍ മായമാണ വാഴ്‌വ്‌ താനെടാ 
ഉന്‍ ആട്ടമെല്ലാം മുടിന്ത പിന്നെ ഓട്ടം താനെടാ 
മണ്ണൈ വിട്ട്‌ഓട്ടം താനെടാ. 
സാവ്‌ ഇല്ലാ മനിതന്‍ ഉലകില്‍ ആരെടാ 
അവന്‍ ഇങ്കിരുന്താല്‍ എന്നെതിരൈ നില്ലെടാ 

*ഇരൈവന്‍ കെട്ടും ഉയിരൈ ആരും മറുക്കമുടിയുമാ 
അന്ത യമന്‍ പോടും പാശക്കയറൈ അറുക്കമുടിയുമാ" *ദൈവം 

ചെറിയ കുട്ടിയായിരിക്കെ, സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം കുപ്പ പെറുക്കി തുടങ്ങി. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍, കഞ്ചാവ്‌ വില്‍പന. മോഷണം, കൂട്ടിക്കൊടുപ്പ്‌ എല്ലാം ചെയ്തു. കൂട്ടത്തില്‍ മറ്റുള്ളവര്‍ക്ക്‌ വേണ്ടി അവരുടെ കുറ്റം ഏറ്റെടുത്ത്‌ ജയിലില്‍ പോകുന്നത്‌ ഒരു വരുമാന മാര്‍ഗമായിരുന്നു. ഇങ്ങനെ പല തവണ വിജി ജയിലിലും പോയി. പറയനാരില്‍ നിന്ന്‌ കിട്ടിയ പാട്ടുകള്‍ വൈകുന്നേരങ്ങളില്‍ മറ്റുള്ളവരെ രസിപ്പിക്കാന്‍ വിജി പാടുമായിരുന്നു. ജയിലിലായിരിക്കുമ്പോഴും ഈ ശീലം തുടര്‍ന്നു. ജയിലില്‍ തടവുകാര്‍ വിജിയ്ക്ക്‌ സമ്മാനമായി പണം കൊടുക്കാന്‍ തുടങ്ങി. അങ്ങനെയാണ്‌ ഇതൊരു ജീവിതമാര്‍ഗമാക്കാന്‍ വിജി തീരുമാനിക്കുന്നത്‌. ചുടുകാട്ടില്‍ വളര്‍ന്നവന്‍ മരണഗാനം തണ്റ്റെ തൊഴിലായി സ്വീകരിക്കുന്നതില്‍ ഒരു കാവ്യനീതി ഉണ്ടെന്നത്‌ തീര്‍ച്ച. 

രാജസ്ഥാനില്‍ സവര്‍ണജാതിയില്‍ പെട്ട ആളുകള്‍ മരിക്കുമ്പോള്‍ അവര്‍ക്ക്‌ വേണ്ടി പാടാന്‍ അവര്‍ണ സ്ത്രീകള്‍ എത്താറുണ്ട്‌. വലിയ വീട്ടിലെ സ്ത്രീകള്‍ കരയാന്‍ പാടില്ല. ഒരര്‍ത്ഥത്തില്‍ കരച്ചിലിണ്റ്റെ ഔട്‌ സോര്‍സിംഗ്‌. ഇങ്ങനെയുള്ള സ്ത്രീകള്‍ 'കരയുന്ന സ്ത്രീ' അല്ലെങ്കില്‍ 'കരച്ചിലുകാരി' എന്ന അര്‍ത്ഥം വരുന്ന 'രുദാലി' എന്ന പേരില്‍ അറിയപ്പെടുന്നു. കല്‍പനാ ലജ്മി ഈ സ്ത്രീകളുടെ കഥ ഒരു ശക്തമായ സിനിമയിലൂടെ നമുക്ക്‌ പറഞ്ഞുതന്നിട്ടുണ്ട്‌. തമിഴ്‌ നാടിണ്റ്റെ ചില ഭാഗങ്ങളില്‍ ഇത്‌ പോലെ ഒരു പാട്ടുണ്ട്‌. 'ഒപ്പാരി' പാട്ടെന്ന്‌ പറയും. ഉറക്ക്പാട്ട്‌ താരാട്ടെന്നതുപോലെ മരിക്കുമ്പോള്‍ പാടുന്ന പാട്ട്‌ 'ഒപ്പാരി'. അതുപോലെ ചിലയിടങ്ങളില്‍ മരിച്ച്‌ പതിനാറാം നാള്‍ 'കൂത്ത്‌' എന്ന പേരില്‍ ഒരു പാട്ട്‌ ഉണ്ടാവാറുണ്ട്‌. 

കേരളത്തിലെ മുക്കുവ സമുദായത്തില്‍ ചിലയിടങ്ങളില്‍ ഇതുപോലെ ഒരു രീതി ഉണ്ട്‌. ചെറിയ തോതില്‍ സംഗീത ഉപകരണങ്ങള്‍ ഒക്കെ ഉപയോഗിച്ച്‌ പാട്ടുകള്‍ പാടാറുണ്ട്‌. കോയമ്പത്തൂറ്‍ ഭാഗത്ത്‌ മരിച്ച വീട്ടില്‍ ഹിജഡകള്‍ വന്ന്‌ നെഞ്ചത്തടിച്ച്‌ പാടുന്ന ഒരു രീതി ഉണ്ട്‌. അതുപോലെ ദ്രാവിഡ മുറയില്‍ പെട്ട സമുദായങ്ങള്‍ക്കിടയില്‍ 'തേവാരം', 'തിരുവാസഗം' തുടങ്ങിയ കൃതികള്‍ പാടാറുണ്ട്‌. പക്ഷേ ഇവയൊക്കെ ശിവസ്തുതികളോ രാമ ഭക്തിഗാനങ്ങളോ ഒക്കെ ആണ്‌. ഹിന്ദു കുടുംബങ്ങളിലെ രാമായണ പാരായണം പോലെ. 

എന്നാല്‍ വിജി പാടുന്നത്‌ ഒപ്പാരി പാട്ടും കൂത്തും ഒന്നും അല്ല. മറ്റൊരു കൃതിയില്‍ നിന്നുള്ള വരികള്‍ പാടാറില്ലെന്ന്‌ വിജി പറയുന്നു. കറുപ്പ്‌ പറയനാര്‍ പാടിയ പാട്ടുകളും അതോടൊപ്പം സ്വന്തം പാട്ടുകളും മാത്രമേ പാടാറുള്ളൂ എന്നും അദ്ദേഹം. താന്‍ പാടുന്നത്‌ പിണത്തിനുള്ള താരാട്ടാണെന്നും ഇവയില്‍ ഭക്തി തീരെ ഇല്ലെന്നും. ഒരു കോവിലിലും പോവാറില്ലെന്ന്‌ പറയുന്ന വിജി അതിണ്റ്റെ കാരണം ഇങ്ങനെ പറഞ്ഞു. 

'നാന്‍ നമ്പും കടവുള്‍ പേര്‌ ഇയര്‍ക്കൈ 
നീങ്കള്‍ നമ്പും ഇയര്‍ക്കൈ പേര്‌ കടവുള്‍" 

ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിണ്റ്റെ പേരാണ്‌, പ്രകൃതി. 
നിങ്ങള്‍ വിശ്വസിക്കുന്ന പ്രകൃതിയുടെ പേര്‌ ദൈവം 

ഇങ്ങനെ പറയുമ്പോഴും തണ്റ്റെ പാട്ടുകളില്‍ കടവുള്‍ കടന്നുവരുന്നതെന്തേ എന്ന എണ്റ്റെ ചോദ്യത്തിന്‌ എണ്റ്റെ ഗുരുവിണ്റ്റെ പാട്ടുകളില്‍ കാണും പക്ഷേ എണ്റ്റെ സ്വന്തം പാട്ടുകളില്‍ കാണില്ല എന്ന്‌ പറഞ്ഞു. ചിലപ്പോള്‍ പാട്ടിണ്റ്റെ താളവും ലയവും കിട്ടാന്‍ യമന്‍ എന്നൊക്കെ ഉപയോഗിക്കാറുണ്ടെന്നും അതിന്‌ ചില വാക്ക്‌ എന്നതില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ടതില്ലെന്നും വിജി പറഞ്ഞു. താളവും പ്രാസവും ഒപ്പിക്കാന്‍ ഭാഷയെന്തെന്നോ അര്‍ത്ഥമെന്തെന്നോ നോക്കാതെ വാക്കുകള്‍ ഉപയോഗിക്കുന്നരീതി ഗാനാപാട്ടിണ്റ്റെ സ്വഭാവമാണ്‌. 

തണ്റ്റെ ജോലി കൃത്യമായി ചെയൂന്ന യമനെ കണ്ട്‌ കിട്ടിയാല്‍ നെഞ്ചില്‍ ഒരു കോവില്‍ കെട്ടി കുടിയിരുത്തും എന്ന്‌ ഒരു പാട്ടില്‍ പറയുന്നുണ്ട്‌. യമന്‍ തണ്റ്റെ ജോലി കൃത്യമായി ചെയ്യുന്നത്‌ കൊണ്ടാണല്ലോ താന്‍ ഭക്ഷണം കഴിച്ച്‌ ജീവിച്ച്‌ പോരുന്നത്‌ എന്നാണ്‌ താന്‍ പറയാന്‍ ഉദ്ദേശിച്ചത്‌ എന്ന്‌ വിജി. 

യമന്‍ എന്ന ജനങ്ങളുടെ വിശ്വാസത്തെ, ആ ബിംബത്തെ പാട്ടില്‍ ഉപയോഗിച്ചു, എന്ന്‌ മാത്രം. സ്കൂളില്‍ പോകാത്ത, എഴുത്തും വായനയും അറിയാത്ത വിജി എങ്ങനെ ഇത്രയും ഗഹനമായ കാര്യങ്ങള്‍ പറയുന്നു, എന്ന എണ്റ്റെ ചോദ്യത്തിന്‌ വിജി പറഞ്ഞ മറുപടി ഇതായിരുന്നു. 

നിങ്ങള്‍ പുസ്തകം പഠിക്കുന്നു. 
പുസ്തകം പഠിച്ചുവരുന്ന നിങ്ങളെ ഞാന്‍ പഠിക്കുന്നു. 

'നിങ്ങള്‍ എഴുത്ത്‌ പഠിക്കുന്നു, ഞാന്‍ എലുമ്പ്‌ (എല്ല്‌) പഠിക്കുന്നു' എന്നും വിജി. 

മരണത്തില്‍ നിന്ന്‌ എന്ത്‌ പഠിച്ചു എന്ന്‌ ചോദിച്ചാല്‍ വിജി പറയും, 'ഞാന്‍ മരണത്തില്‍ നിന്ന്‌ ജീവിക്കാന്‍ പഠിച്ചു' എന്ന്‌. ക്രച്ചസ്‌ ഇല്ലാതെ നടക്കാന്‍ കഴിയാത്ത വിജിയ്ക്ക്‌ ആദ്യമായി ക്രച്ചസ്‌ കിട്ടിയതിനെ പറ്റി വിജി പറഞ്ഞു. ഒരിക്കല്‍ ഒരു ശവം ചുടുകാട്ടില്‍ കൊണ്ട്‌ വന്നപ്പോള്‍ ആ മാന്യദേഹം ഉപയോഗിച്ച ക്രച്ചസും ഉണ്ടായിരുന്നു. ബന്ധുക്കള്‍ പോയ ഉടനെ കൂട്ടുകാര്‍ ചിതയില്‍ നിന്ന്‌ ക്രച്ചസ്‌ ഊരിയെടുത്ത്‌ വിജിയ്ക്ക്‌ സമ്മാനിച്ചു. മരണത്തില്‍ നിന്ന്‌ ജീവിക്കാന്‍ പഠിച്ചു എന്ന്‌ വിജി പറയുന്നതിന്‌ ഒരു ഉദാഹരണം. 

പതിനാലാം വയസ്സില്‍ നടുക്കുപ്പം ചേരിയില്‍ ഒരു കുട്ടിയുടെ മരണത്തിന്‌ ആദ്യമായി പാടിയ വിജിയ്ക്ക്‌ അന്ന്‌ കൂലിയായ്‌ കിട്ടിയത്‌ ഭക്ഷണം മാത്രം. അന്നത്‌ വലിയൊരു കാര്യമായിരുന്നെന്ന്‌ വിജി ഓര്‍മ്മിക്കുന്നു. അതിന്‌ ശേഷം മൂവായിരത്തോളം പിണങ്ങളെ താരാട്ട്‌ പാടി ഉറക്കിയിട്ടുണ്ട്‌ വിജി. പണക്കാരുടെ വീട്ടില്‍ നിന്ന്‌ പ്രതിഫലം ചോദിച്ച്‌ വാങ്ങുന്ന വിജി പാവപ്പെട്ടവരില്‍ നിന്ന്‌ കണക്ക്‌ പറഞ്ഞ്‌ വാങ്ങാറില്ല എന്ന്‌ പറയുന്നു. 

എല്ലാവരിലും ഭയമോ സങ്കടമോ ഉണ്ടാകുന്നതാണ്‌ മരണം. പക്ഷേ മരണത്തെ വളരെ നിസ്സംഗമായി നോക്കിക്കാണാന്‍ വിജിയ്ക്ക്‌ കഴിയുന്നു. ഒരു വാഴ കുലച്ചുകഴിഞ്ഞാല്‍ നമ്മള്‍ അത്‌ വെട്ടിക്കളയുന്നു. പക്ഷേ അപ്പോഴേക്കും പുതിയ ഒരു കന്ന്‌ മുളച്ചുകഴിഞ്ഞിരിക്കും. ഇത്‌ തന്നെയാണ്‌ മനുഷ്യണ്റ്റേയും കഥ എന്ന്‌ വിജി പറയുന്നു. മനുഷ്യ ജീവന്‌ തള്ളവിരലിണ്റ്റെ നീളമേ ഉള്ളൂ, എന്നും വിജി. കാരണം മൂക്കിണ്റ്റെ നീളം അത്രയാണ്‌. ഇത്‌ പറഞ്ഞ്‌ വിജി ഒരു പാട്ട്‌ പാടി. 

ഒരു തുള്ളി വിന്തോ* മൂലധനം 
പല സൊട്ട്‌ രത്തമോ** ഉയിരാധാരം 
പിറക്കും പോതോ അഴുകിണ്റ്റ്രായ്‌ മനിതാ 
ഇറപ്പൈ*** തെരിന്തോ സിരിക്കിണ്റ്റ്രായ്‌ 

മനിതാ മനിതാ മരണം ഇത്‌ താനാ 
മായൈ വാഴ്കൈ തന്തതോ 
മാറി നിണ്റ്റ്ര മന്നവനെയോ 
മാറിലടിത്ത്‌ അഴുവും മണൈവിയോ**** 
ഉയിരേ പോണത്‌ ഉടലിലേ 
നാളൈ എരിച്ച്‌ കളൈന്താന്‍ കടലിലേ 

* രേതസ്സ്‌     ** രക്തം    *** മരണം   ****സഹധര്‍മ്മിണി 

ഒരുതുള്ളി ശുക്ളത്തില്‍ തുടങ്ങി, മരിച്ച്‌ മണ്ണോട്‌ ചേരുന്നതുവരെയുള്ള ഒരു മനുഷ്യണ്റ്റെ യാത്ര മരണസിദ്ധാന്തം എന്ന പേരില്‍ ഗാനാപാട്ട്‌ രൂപത്തില്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന്‌ വിജി പറയുന്നു. ഇത്‌ പാടി തീര്‍ക്കാന്‍ ഒമ്പത്‌ മണിക്കൂറ്‍ വേണമെന്നും. ഇതില്‍ നിന്നുള്ള പല പാട്ടുകളും മരണ വീടുകളില്‍ പാടാറുണ്ടെന്ന്‌ വിജി പറയുന്നു. 

"പത്തില്‍ 'പ്രായം' 
ഇരുപതില്‍ 'കൌമാരം' 
മുപ്പതില്‍ 'പൂര്‍ണ്ണത' 
നാല്‍പതില്‍ 'നായഗുണം' 
അമ്പതില്‍ 'അനുഭവം' 
അറുപതില്‍ 'മോഹം' 
എഴുപതില്‍ 'പ്രതീക്ഷ' 
എണ്‍പതില്‍ 'നിദ്ര' 
തൊണ്ണൂറില്‍ 'ജാഗ്രത' 
നൂറില്‍ 'മരണം' 

ഇത്‌ അതില്‍ ഒരു പാട്ട്‌ മാത്രം. പാട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌ സ്വന്തം ന്യായവും ന്യായീകരണവും വിജിയ്ക്കുണ്ട്‌. മരണസിദ്ധാന്തത്തെപ്പറ്റി വിജി പറയുന്ന കാര്യങ്ങള്‍ വിചിത്രമാണ്‌. നമ്മുടെ മാത്രമല്ല വിജിയുടെ തന്നെ വിശ്വാസമോ വിശ്വാസരാഹിത്യമോ ആയി ഒത്തുപോകുന്നതല്ല. മരണസിദ്ധാന്തം തണ്റ്റേതല്ലെന്നും താന്‍ ഒരു നിമിത്തം മാത്രമാണെന്നും അദ്ദേഹം. ഈ സിദ്ധാന്തം പ്രചരിപ്പിയ്ക്കാന്‍ താന്‍ എത്തുമെന്ന്‌ മുമ്പ്‌ തന്നെ തീരുമാനിക്കപ്പെട്ടതാണെന്നും വിജി പറയുന്നു. ഒരു അവതാര കഥ പോലെ. വിജയ്‌ ടി. വി. യിലെ മുന്‍ജന്‍മം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ വിജി ഇക്കാര്യം പറയുകയുണ്ടായി. 

വിജിയുടെ ഇനിയൊരു പാട്ട്‌ ഇങ്ങനെയാണ്‌. 

"ഏഴെല്ലും 
മുപ്പത്തിയാറ്‌ മുഴം കുടലും 
കുടലില്‍ മേലെ ഭൌതിക ഉടലും 
ചര്‍മ്മത്താല്‍ പൊതിഞ്ഞ്‌ 
നവദ്വാരങ്ങള്‍ നല്‍കി 
എണ്‍ചാണ്‍ ശരീരം സൃഷ്ടിച്ച പ്രകൃതി 
ഒരു കൈപ്പിടി അളവില്‍ ഹൃദയവും 
അതില്‍ ഒരു കോടി മോഹങ്ങളും 
വിതച്ചത്‌ എന്തിനോ?" 

ചെന്നൈ നഗരത്തിണ്റ്റെ സ്വന്തം മക്കളായ ഞങ്ങള്‍ക്ക്‌ പാര്‍ക്കാന്‍ ഒരു വീടുപോലുമില്ല എന്ന്‌ വിജി പറയുന്നു. ഇങ്ങനെ സ്വന്തം വീടും കുടിയും ഇല്ലാതെ ചേരികളിലും പുറമ്പോക്കിലും ചുടുകാട്ടിലും വളര്‍ന്നുവന്നവര്‍, അവരുടെ സ്വന്തം പാട്ടാണ്‌ ഗാനാപാട്ട്‌. ലോകമെമ്പാടും നഗരങ്ങള്‍ വളര്‍ന്നുവന്നത്‌ തദ്ദേശീയരെ പുറമ്പോക്കിലേക്ക്‌ തള്ളിമാറ്റിക്കൊണ്ടാണെന്നതാണ്‌ സത്യം. എങ്കിലും തണ്റ്റെ മോഹം മരണസിദ്ധാന്തവും മരണഗാനവും ലോകമെമ്പാടും കേള്‍ക്കുന്ന ഒരു കാലമാണെന്ന്‌ വിജി പറയുന്നു. 

തണ്റ്റെ മരണ സിദ്ധാന്തവും ഗാനങ്ങളും സൂക്ഷിച്ചുവെക്കണമെന്ന്‌ വിജിയ്ക്ക്‌ ആഗ്രഹമുണ്ട്‌. പക്ഷേ അതിനുള്ള സഹായം ചെയ്യാന്‍ ആരും മുന്നോട്ട്‌ വരുന്നില്ല എന്ന്‌ വിജി സങ്കടപ്പെടുന്നു. അത്‌ മാത്രമല്ല അങ്ങനെ റെക്കോര്‍ഡ്‌ ചെയ്തു വെച്ചാല്‍ കൂടി ആരും അത്‌ വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ തയ്യറാവുകയില്ലെന്ന്‌ വിജിയ്ക്കറിയാം. അത്‌ വീടിന്‌ അശുഭമാണെന്ന്‌ സാധാരണക്കാര്‍ കരുതുന്നു. ഈ ലേഖനത്തിനുവേണ്ടി വിജിയുമായുള്ള സംഭാഷണവും ഡോക്യുമെണ്റ്ററി സിനിമയും സുഹൃത്ത്‌ സടഗോപനെ ഏല്‍പിച്ചിരുന്നു, ചില തമിഴ്‌ പ്രയോഗങ്ങളും മറ്റും വിശദീകരിച്ച്‌ തരാന്‍ വേണ്ടി. വീട്ടില്‍ വെച്ച്‌ സി. ഡി. കേട്ട അവന്‌ ശകാരം കേള്‍ക്കേണ്ടിവന്നു. മരണഗാനവിജിയെപറ്റി എഴുതാന്‍ പോകുന്നതറിഞ്ഞ്‌ ഓഫീസിലെ ചില സുഹൃത്തുക്കള്‍ നെറ്റിചുളിച്ചതിണ്റ്റേയും കാരണം ഈ മനോഭാവം തന്നെ. 

സ്വന്തം ജീവിതത്തെ വിജി എങ്ങനെ നോക്കിക്കാണുന്നു, എന്ന എണ്റ്റെ ചോദ്യത്തിന്‌ ഉത്തരമായി വിജി ഒരു പാട്ട്‌ പാടി. 

" അമ്മാ അപ്പാ സേരവെച്ചാന്‍ 
അതിലൈ എന്നൈ പിറക്കവെച്ചാന്‍ 
നായാ പേയാ അലയവെച്ചാന്‍ 
നടുറോട്ടിലേ തിന്നവെച്ചാന്‍ 
മൂക്കിലൈ രണ്ട്‌ സന്തൈ* വെയ്ത്ത്‌ 
നാക്കൈയും പടൈത്ത കടവുളേ 
നാന്‍ ഗാനാ പാടി പിഴക്കിറേന്‍ 
മരണങ്കളുക്ക്‌ നടുവിലൈ" 

* ദ്വാരം 

വിജിയുടെ ജീവിതം വൈരുദ്ധ്യങ്ങളുടെ ഒരു കൊളാഷ്‌ ആണെന്ന്‌ പറയാം. പേര്‌ മരണഗാനവിജി. പാടുന്നത്‌ പിണത്തിനുള്ള താരാട്ട്‌. വിസിറ്റിംഗ്‌ കാര്‍ഡില്‍ സില്‍ക്‌ സ്മിത. ആല്‍ബത്തിണ്റ്റെ ചട്ടയില്‍ അപ്സരസ്സുകള്‍. സില്‍ക്‌ സ്മിതയെ മറീന ബീച്ചില്‍ വെച്ച്‌ കാണുമായിരുന്നുവെന്നും തന്നെ ധാരാളം സഹായിച്ചിട്ടുണ്ടെന്നും വിജി പറഞ്ഞു. അവര്‍ മരിച്ചപ്പോള്‍ ശരിക്കും വിഷമം തോന്നി. ആ ഓര്‍മ്മയ്ക്കാണ്‌ വിസിറ്റിംഗ്‌ കാര്‍ഡില്‍ അവരുടെ ചിത്രം ചേര്‍ത്തത്‌. വിജി പറയുന്നത്‌ രതിയും മരണവും തമ്മില്‍ ബന്ധമുണ്ടെന്നാണ്‌. സ്ത്രീപുരുഷ ബന്ധത്തിണ്റ്റെ പാരമ്യത്തില്‍ ൧൫ സെക്കണ്റ്റോളം ഹൃദയസ്പന്ദനം നിലക്കും. ഒരര്‍ത്ഥത്തില്‍ ഒരു ചെറിയ മരണം. 

'കാമത്തിന്‍ മുടിവ്‌ കടവുളിന്‍ തുടക്കം. 
കടവുളിന്‍ മുടിവ്‌ മരണത്തിന്‍ തേടല്‍' 

പെണ്ണും മരണവും തമ്മില്‍ വേറെയും ഉണ്ട്‌ സാമ്യം എന്ന്‌ വിജി. 

'പെണ്ണുക്കുള്‍ പിറക്കവെച്ചാന്‍ 
മണ്ണുക്കുള്‍ മറയ്ക്കവെയ്ച്ചാന്‍'. 

തണ്റ്റെ ജീവിതം ഇതിന്‌ രണ്ടിനും ഇടയിലാണെന്ന്‌ വിജി പറയുന്നു. മരണഗാനം തൊഴിലാണെങ്കിലും മറ്റു വിഷയങ്ങളും തണ്റ്റെ പാട്ടിന്‌ വിജി വിഷയമാക്കിയിട്ടുണ്ട്‌. ഭോപ്പാല്‍ ദുരന്തത്തിണ്റ്റെ ഒരു വാര്‍ഷിക ചടങ്ങില്‍ ഇരകളോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട്‌ വിജി പാടിയിട്ടുണ്ട്‌. പെപ്സി കമ്പനി ഭൂഗര്‍ഭജലം ഊറ്റുന്നതിനെതിരെ നടത്തിയ ഒരു പരിപാടിയില്‍ വിജി പാടിയ പാട്ട്‌ ഇങ്ങനെ. 

"ഊരെങ്കും തേടിയേ തണ്ണിയേ ഇല്ലയേ 
അന്ത തണ്ണിയേ വിക്കും കൂട്ടത്ത്ക്ക്‌ വെക്കമേ ഇല്ലയേ 
താമരഭരണിയാര്‍ കൂടെ സരിയാ ഓട്ത്‌ 
അന്ത തരംകെട്ട മനിതന്‍ സെയ്യലാല്‍ ഊരേ നാര്‍ത്‌ 
സ്വന്തമണ്ണില്‍ പിറന്നവങ്കള്‍ക്ക്‌ തണ്ണി ഇല്ലെടാ 
അന്ത സൊര്‍ണൈ* കെട്ട്‌ പുളയ്ക്കവന്തത്‌ കൊക്കകോളയെടാ" 

*നാണം കെട്ട്‌ 

2007-ല്‍ കാലാവസ്ഥ പ്രതിസന്ധി വിഷയത്തില്‍ 'ലിവ്‌ എര്‍ത്‌' എന്ന ഒരു പരിപാടി ചെന്നൈയില്‍ നടത്തിയിരുന്നു. 'കാമറ്റ്രിക്സ്‌ ഏണ്റ്റ്‌ ആര്‍റ്റ്‌ സീക്‌' എന്ന സംഘടനയാണ്‌ അത്‌ നടത്തിയത്‌. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം സംഗീതജ്ഞര്‍ പങ്കെടുത്ത പരിപാടി പാട്ട്‌ പാടി ഉല്‍ഘാടനം ചെയ്തത്‌ വിജി ആയിരുന്നു. 

ഗാനാപാട്ട്‌ ചെന്നൈയുടെ സ്വന്തം പാട്ടാണ്‌. ചെന്നൈയുടെ സംഗീതഭൂമികയെപ്പറ്റി പറയുമ്പോള്‍ കടന്നുവരാറില്ലെങ്കിലും. കര്‍ണ്ണാടകസംഗീതത്തിന്‌ പേരുണ്ട്‌, പ്രശസ്തിയുണ്ട്‌, പണമുണ്ട്‌. ഗാനാപാട്ടിന്‌ ഇതൊന്നുമില്ല. എന്നിട്ടും ഇത്‌ നിലനില്‍ക്കുന്നു. വിജി മനുഷ്യരോട്‌ പറയുന്നത്‌, കര്‍ണാടക സംഗീതത്തിനും ബാധകമാണ്‌. 

'പണമിരുന്താല്‍ ആണവം* നീ കൊള്ളാതെ
ഉന്നൈ നാല്‌ പേര്‌ മതിക്കണന്നാല്‍ കൊള്ളാതെ 
പോകുമ്പോത്‌ എറച്ചിടുവാന്‍ ചില്ലറതാന്‍ടാ**
നീയും നാനും ചേരുമിടം കല്ലറതാന്‍ടാ 

 *അഹങ്കാരം
**ശവഘോഷയാത്ര പോവുമ്പോള്‍ ചില്ലറ എറിയുന്ന ഒരു രീതി ഇവിടങ്ങളില്‍ ഉണ്ട്‌. 

കണ്ണദാസന്‍ പോലെ നാന്‍ എഴുതലൈ 
 അന്ത ഇളയരാജ പോലെ നാനും പാടലൈ 
ഊര്‌ പൂരാ സാവ്ക്കാക പാടുവേന്‍ടാ 
നാന്‍ മാണ്ട്‌വിട്ടാല്‍* എനക്ക്‌ യാര്‌ പാടുവാങ്ക്ടാ' 

*മരണപ്പെട്ടാല്‍ 

ബ്രാഹ്മണ്യം കൊടികുത്തിവാഴുന്ന ഒരു മേഖലയാണ്‌ കര്‍ണ്ണാടക സംഗീതം. ഒരു പക്ഷേ മറ്റൊരു കലാരൂപത്തിലും ഉള്ളതിനേക്കാള്‍ കൂടുതല്‍. വീണയ്ക്ക്‌ കൊടുക്കുന്ന സ്ഥാനം 'പറ' (പറ ചെണ്ട) യ്ക്ക്‌ കൊടുക്കാത്തതെന്തേ? സരസ്വതിയുടെ മടിയില്‍ വീണയാണുള്ളതെന്ന്‌ പറയുന്നു. 600 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സരസ്വതിയുടെ കൈയില്‍ വീണ ഉണ്ടായിരുന്നില്ലെന്നും അത്‌ പിന്നീട്‌ ആരോ ച്ചുകൊടുക്കുകയായിരുന്നെന്നും ഇവര്‍ക്കറിയില്ലെന്ന്‌ വിജി പറയുന്നു. സംഗീതത്തിലെ ബ്രാഹ്മണ്യത്തിന്‌ ബദലാണ്‌ ദളിതണ്റ്റെ ഗാനാപാട്ട്‌. അവര്‍ പറയും 'ശ്രുതി മാതാ ലയ പിതാ' എന്ന്‌. ഗാനാപാട്ടിന്‌ 'അജല മാതാ കുജല പിതാ' എന്ന്‌ ഞാനും. അജല എന്നാല്‍ ഉലകം എന്നും കുജല ഏന്നാല്‍ മനുഷ്യന്‍ എന്നുമാണ്‌ അര്‍ത്ഥം എന്ന്‌ വിജി. 

ചെന്നൈയില്‍ 'ഇയല്‍ ഇശൈ നാടക മണ്റ്റ്രം' എന്നൊരു സംഘടന ഉണ്ട്‌. വിവിധ കലാ രൂപങ്ങള്‍ പ്രചരിപ്പിക്കുക, കലാകാരന്‍മാര്‍ക്ക്‌ അവസരം കൊടുക്കുക എന്നതാണ്‌ ഉദ്ദേശം. 'കൂത്ത്‌ പട്ടരൈ' എന്ന സംഘടനയുടെ ശുപാര്‍ശയോടെ ഞാന്‍ സംഘടനാ ഭാരവാഹികളെ സമീപിച്ചു. ശ്രീ. കുന്നക്കുടി വൈദ്യനാഥന്‍ ആയിരുന്നു, അന്ന്‌ അതിണ്റ്റെ  തലപ്പത്ത്‌. പുനിതമായ (പരിശുദ്ധമായ) ഈ ഇടത്തിന്‌ ചേര്‍ന്നതല്ല, നിണ്റ്റെ പാട്ട്‌ എന്ന്‌ പറഞ്ഞ്‌ അന്ന്‌ തന്നെ അപമാനിച്ചയച്ചതായി വിജി. എന്നാല്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കീഴിലുള്ള 'തമിഴ്നാട്‌ മുര്‍പ്പോക്ക്‌ എഴുത്താളര്‍ സംഘം' ആണ്‌ ആദ്യമായി ഒരു വേദി ഒരുക്കി തന്നതെന്ന്‌ വിജി ഓര്‍ക്കുന്നു. അതിണ്റ്റെ പ്രവര്‍ത്തകനായ രാമുവാണ്‌ വിജിയെ പറ്റിയുള്ള ഡോക്യുമെണ്റ്ററി സിനിമ ചെയ്തത്‌. 

മരണഗാനം എന്ന ഒന്ന്‌ ഇല്ലെന്ന്‌ പ്രൊ. അരസു പറയുന്നുണ്ട്‌. ഗാനാപാട്ട്‌ എന്ന ഗാനരൂപത്തിണ്റ്റെ ചട്ടക്കൂടില്‍ ജീവിതവും മരണവും എന്ന ദ്വന്ദ്വം വിഷയമാക്കി പാടുകയാണ്‌ വിജി ചെയ്യുന്നത്‌. ഇത്തരത്തില്‍ മരണഗാനം ഉപജീവിനമായി പാടുന്നതായി ഒരു പക്ഷേ വിജി മാത്രം. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ വിജി പാടിക്കൊണ്ടേയിരിക്കുന്നു. മരണഗാനങ്ങള്‍ പാടുമ്പോഴും വിജി യഥാര്‍ത്ഥത്തില്‍ പാടുന്നത്‌ തണ്റ്റേയും തന്നെപ്പോലുള്ളവരുടേയും ജീവിതം തന്നെയാണല്ലോ.

4 comments:

  1. ഫിബ്രവരി 28-ണ്റ്റെ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌. ആദ്യഭാഗം ഫിബ്രവരി 21-ണ്റ്റെ വാരികയില്‍ പ്രസിദ്ധീകരിച്ചു.

    ReplyDelete
  2. വളരെ കൌതുകകരവും വിജ്ഞാനപ്രദവും ആയ വിഷയം.. ആശംസകള്‍

    ReplyDelete
  3. നല്ല ലേഖനം
    വിജിയുടെ പാട്ടുകളെല്ലാം തത്വങ്ങള്‍ തന്നെ

    ReplyDelete