Thursday, February 27, 2014

തെരുവിണ്റ്റെ പാട്ടുകള്‍


ഇംഗ്ളീഷിലെ 'മ്യൂസിക്‌' എന്ന വാക്ക്‌ ഗ്രീക്ക്‌ ഭാഷയിലെ 'മ്യൂസസിണ്റ്റെ കല' എന്നര്‍ത്ഥം വരുന്ന 'മ്യൂസികേ' എന്ന വാക്കില്‍ നിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌. 'മ്യൂസസ്‌' എന്നത്‌ കലയുടേയും സാഹിത്യത്തിണ്റ്റേയും ശാസ്ത്രത്തിണ്റ്റേയും ദേവതകളാണ്‌. ക്ളാസ്സിക്കല്‍ ഭാരതീയ ചിന്ത സംഗീതത്തെ വാദ്യം, ഗാനം, നൃത്തം ഇവയുടെ സമന്വയമായി കാണുന്നു. സാമവേദത്തിണ്റ്റെ ഉപവേദമായും സംഗീതത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. പരമ്പരാഗതമായ ശാസ്ത്രീയ സംഗീതം ദൈവങ്ങളുമായി അല്ലെങ്കില്‍ ഭക്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നതിണ്റ്റെ ഒരു കാരണം ദൈവീകതയുമായുള്ള ഈ ബന്ധത്തില്‍ കാണാം. ഭാരതീയ ശാസ്ത്രീയ സംഗീതത്തിണ്റ്റെ കാര്യത്തില്‍ ഇത്‌ വളരെ കൃത്യമാണ്‌. 

'മ്യൂസ്‌' എന്ന വാക്കിണ്റ്റെ മറ്റൊരര്‍ത്ഥം അഗാധമായ ചിന്ത എന്നാണ്‌. ഇങ്ങനെ തീവ്രമായ ധ്യാനത്തില്‍ നിന്ന്‌ വരുന്ന നിമന്ത്രണങ്ങളാണ്‌ 'മ്യൂസിങ്ങ്സ്‌'. 'മ്യൂസിക്‌' എന്ന വാക്കിനെ 'മ്യൂസിങ്ങ്സ്‌'-മായി ബന്ധപ്പെടുത്തി പറഞ്ഞാലും അത്‌ തെറ്റാകാന്‍ വഴിയില്ല. സംഗീതത്തെ കുറിച്ചുള്ള ഗൌരവമേറിയ ചിന്തകളൊക്കെ തുടങ്ങുന്നതും അവസാനിക്കുന്നതും ശാസ്ത്രീയസംഗീതത്തിണ്റ്റെ വിവിധ ശാഖകളിലാണ്‌. ശാസ്ത്രീയേതര സംഗീതം വിരളമായേ ഈ ചിന്തകളില്‍ കടന്നുവരാറുള്ളൂ. തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ പകര്‍ന്നു പോന്ന, ലിഖിതമായ ചട്ടക്കൂടില്ലാത്ത നാടന്‍ ശീലുകളിലാണ്‌ എല്ലാ ശാസ്ത്രീയ സംഗീതത്തിണ്റ്റേയും വേരുകള്‍ എന്നതാണ്‌ സത്യമെങ്കിലും. അസംസ്കൃതമായ ഒന്നിനെ സംസ്കരിച്ചാണ്‌ ഏത്‌ ശാസ്ത്രീയകലാരൂപവും ഉണ്ടാകുന്നത്‌ എന്ന സത്യം സംഗീതത്തിണ്റ്റെ കാര്യത്തിലും ശരി തന്നെ. 

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്‌ വിരുദ്ധമായ ഒരു സംഗീതരൂപത്തെക്കുറിച്ചാണ്‌ ഇനി പറയുന്നത്‌. ഗാഡമായ ഏകാന്തധ്യാനത്തില്‍ നിന്നല്ല ഈ സംഗീതവും അതിണ്റ്റെ വരികളും വരുന്നത്‌. ഇതില്‍ ഭക്തി തീരെയില്ല, വിഭക്തിയുമില്ല. ചടുലമായ ഈണത്തിലും താളത്തിലുമുള്ള ഈ പാട്ട്‌ ആത്മരതി പോലെ സ്വയം അനുഭവിക്കാനുള്ളതല്ല. സ്വയം പാടി രസിക്കാനുള്ളതല്ല, മറ്റുള്ളവരെ രസിപ്പിക്കാനുള്ളതാണ്‌. ഇതാണ്‌ ചെന്നൈയുടെ സ്വന്തം 'ഗാനാപാട്ട്‌'. പ്രധാനമായും നഗരത്തിണ്റ്റെ വടക്കന്‍ പ്രദേശങ്ങളിലുള്ള ചേരി നിവാസികള്‍ പാടുന്ന 'തെരുവിണ്റ്റെ പാട്ടാണ്‌' ഗാനാപാട്ടെന്ന്‌ മദ്രാസ്‌ സര്‍വ്വകലാശാലയുടെ തമിഴ്‌ വിഭാഗം മേധാവി പ്രൊ. അരസു പറയുന്നു. 

ചെന്നൈ ഇന്ന്‌ കര്‍ണ്ണാടക സംഗീതത്തിണ്റ്റെ ഏറ്റവും വലിയ കേന്ദ്രമാണ്‌. ഡിസംബര്‍-ജനവരി മാസങ്ങളില്‍ ഇവിടെ ചെറുതും വലുതുമായി ആയിരക്കണക്കിന്‌ കച്ചേരികള്‍ അരങ്ങേറുന്നു. ലക്ഷക്കണക്കിന്‌ ആളുകള്‍ സംഗീതപരിപാടികള്‍ കേള്‍ക്കാന്‍ എത്തുന്നു. ഒരു പക്ഷേ ലോകത്തൊരിടത്തും ഇത്രയും വിപുലവും വ്യാപകവുമായ സംഗീത പരിപാടികള്‍ നടക്കുന്നുണ്ടാവില്ല. കര്‍ണ്ണാടക സംഗീതത്തിണ്റ്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ പുരന്ദരദാസന്‍ ആണ്‌. കര്‍ണ്ണാടക സംസ്ഥാനത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം കൃതികള്‍ രചിച്ചത്‌ കന്നട ഭാഷയിലും സംസ്കൃതത്തിലും ആയിരുന്നു. അങ്ങനെ നോക്കിയാല്‍ കര്‍ണ്ണാടക സംഗീതത്തിണ്റ്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമായ ചെന്നൈ ഈ സംഗീതരൂപത്തിണ്റ്റെ പോറ്റമ്മ മാത്രമാണ്‌. എന്നാല്‍ ചെന്നൈ നഗരം പെറ്റമ്മയാകുന്നത്‌ ഗാനാപാട്ടിനാണ്‌. 

ഗാനാപാട്ടിന്‌ വിഷയം അവര്‍ നിത്യേന അനുഭവിക്കുന്ന കാര്യങ്ങള്‍, സന്തോഷങ്ങളും വിഷമങ്ങളും, ഒക്കെ തന്നെ. പാട്ടിണ്റ്റെ രീതികള്‍ തികച്ചും അസംസ്കൃതമാണ്‌. കൃത്യമായ വരികള്‍ ഉണ്ടാകാറില്ല. ഭാഷയുടെ കാര്യത്തിലും നിര്‍ബ്ബന്ധമില്ല. പക്ഷേ ഒന്നുണ്ട്‌. വന്യമായ ഒരു താളം. കേള്‍വി സുഖത്തിനായ്‌ പാട്ടിണ്റ്റെ വരികളിലെ ഒടുവിലത്തെ പ്രാസം. ഇതിനുവേണ്ടി ചിലപ്പോഴെങ്കിലും അര്‍ത്ഥമില്ലാത്ത വാക്കുകളും ഉപയോഗിക്കും. പലപ്പോഴും അപ്പോള്‍ മനസ്സില്‍ തോന്നുന്ന വരികള്‍ പോലും പാട്ടില്‍ ചേര്‍ക്കാറുണ്ട്‌. 

ഇപ്പോള്‍ അറിയപ്പെടുന്ന ഗാനാപാട്ടുകാരനാണ്‌ 'ഗാനാ ബാല'. ഒരിക്കല്‍ ബാലയെ ചെന്നൈ സെണ്റ്റ്രല്‍ ജയിലില്‍ ഒരു പരിപാടിയ്ക്കായി ക്ഷണിച്ചു. തണ്റ്റെ കൂടെ വരാനുള്ള ഒരു സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോള്‍ ജയിലിലെ ഒരു അന്തേവാസി ഗാനാ പാട്ട്‌ പാടി തകര്‍ക്കുകയായിരുന്നു. ജയില്‍ സൂപ്രണ്ട്‌ ബാലയോട്‌ ഒരു പാട്ട്‌ പാടാന്‍ പറയുന്നു. പരിപാടി നടക്കുന്ന സ്റ്റേജിനു താഴെ ഇരുന്നു കൊണ്ട്‌ ബാല ഒരു പാട്ട്‌ എഴുതിയുണ്ടാക്കി പാടി. പാട്ട്‌ ഇങ്ങനെയാണ്‌. 

'എത്തനൈയോ സിരയെ* കണ്ടേന്‍ കണ്ണമ്മാ 
അന്ത സെണ്റ്റ്രല്‍ ജയില്‍ പക്കം പോണതില്ലമ്മാ 
എടുത്ത്‌ സൊല്ലമ്മാ 
അമ്പാണ മണൈവി മക്കളെ പാക്കമുടിയലൈ 
നാന്‍ വ്യാഴക്കെഴമൈ** പേസ വരുവാ മിസാ മണവിലൈ*** 

തമിഴകത്ത്‌ മക്കളുക്ക്‌ 
വാഴ പല വഴിയിരുക്ക്‌ 
കുറ്റങ്ങളും കുറയവില്ലൈ ഇന്നും 
തിരുന്തി വാഴ്‌വത്‌ താന്‍ എന്നുടെയ എണ്ണം (നിശ്ചയം) 

നേര്‍മ്മയാണൈ വാഴ്‌വത്ക്ക്‌ ആസങ്ക
കൂലി വേലൈ ചെയ്ത്‌ സമ്പാതിച്ചേന്‍ കാസ്ങ്ക
തവറാണ*** വഴിയില്‍ സെണ്റ്റ്രാല്‍ മോസങ്ക 
ഇന്ത ഊര്‌ ഉലകും ഇരു വാക്ക്‌ പേസ്ങ്ക 

*ജെയില്‍ ** വ്യാഴാഴ്ച *** അടിയന്തരാവസ്ഥയിലെ 'മിസാ' നിയമം ആയിരിക്കാം ഉദ്ദേശിച്ചത്‌. ****തെറ്റായ 

തടവറയില്‍ കഴിയേണ്ടിവരുന്ന സാധാരണക്കാരായിരുന്നൂ, പാട്ടെഴുതുമ്പോള്‍ ബാലയുടെ മനസ്സിലെന്ന്‌ നിസ്സംശയം പറയാം. നേര്‍വഴിയില്‍ ജീവിക്കാന്‍ ആഗ്രഹമുള്ളതായും തെറ്റ്‌ തിരുത്തി തിരിച്ചുവരുവാനുള്ള ആഗ്രഹവും പാട്ടില്‍ പറയുന്നു. ജെയില്‍ കൊണ്ട്‌ കുറ്റങ്ങള്‍ ഒട്ടും കുറഞ്ഞിട്ടില്ലെന്നുള്ള സത്യവും ബാല ഈ പാട്ടില്‍ കൊണ്ടുവരുന്നു. 

ചെന്നൈ നഗരത്തിണ്റ്റെ ആദ്യകാലത്ത്‌ മറ്റു പല ഭാഗത്തുനിന്നും ധാരാളം പേര്‍ തൊഴില്‍ നേടി വന്നുകൊണ്ടിരുന്നു. ഇത്‌ ഏറ്റവും കൂടുതല്‍ നടന്നത്‌ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ പത്തൊമ്പതാം നൂറ്റാണ്ടിണ്റ്റെ അവസാന കാലത്ത്‌ ചെന്നൈയിലെ സെണ്റ്റ്‌. ജോര്‍ജ്‌ കോട്ടയുടെ നിര്‍മ്മാണ കാലത്താണ്‌. ആന്ധ്ര സംസ്ഥാനത്തിണ്റ്റെ അതിര്‍ത്തി ചെന്നൈയില്‍ നിന്ന്‌ വെറും 40 കിലൊമീറ്ററായത്‌ കാരണം ഇങ്ങനെ എത്തിയവര്‍ കൂടുതലും തെലുഗു സംസാരിക്കുന്നവര്‍ ആയിരുന്നു. ആര്‍ക്കോട്ട്‌ നവാബിണ്റ്റെ ഒക്കെ സ്വാധീനം കാരണം കുറെ മുസ്ളീം മതക്കാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. താമസിയ്ക്കാന്‍ ഇടമില്ലാതിരുന്ന ഇവര്‍ സര്‍ക്കാരിണ്റ്റെ പുറമ്പോക്ക്‌ ഭൂമികളിലും ചുടുകാട്ടിലുമൊക്കെ താമസമാക്കി. 

 തീര്‍ത്തും ദരിദ്രരായ ഇവര്‍ അവരുടെ സങ്കടങ്ങളും മറന്നത്‌ വൈകുന്നേരങ്ങളില്‍ തീ കൂട്ടി അതിനു ചുറ്റുമിരുന്ന്‌ വീട്ടുസാധനങ്ങള്‍ സംഗീതോപകരണങ്ങള്‍ ആക്കി പാട്ട്‌ പാടിക്കൊണ്ടായിരുന്നു. സ്വാഭാവികമായും അവരുടെ സംഗീതങ്ങളില്‍ അവരുടെ ദാരിദ്യ്രവും കഷ്ടപ്പാടുകളും ഒക്കെ തന്നെയാണ്‌ വിഷയമായത്‌. വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന ഇവര്‍ അവര്‍ സംസാരിച്ചിരുന്ന, തെലുഗു, തമിഴ്‌, ഹിന്ദി ഇവ മൂന്നും ചേര്‍ന്ന സങ്കര ഭാഷയില്‍ ആണ്‌ ഈ പാട്ടുകളും ഉണ്ടാക്കി പാടിയത്‌. 

പശുവിണ്റ്റെ വിശുദ്ധിയേക്കാള്‍ പശുമാംസത്തിണ്റ്റെ രുചിയെപ്പറ്റി അവര്‍ പാടി. സ്വര്‍ഗത്തിലെ സുഖസൌകര്യങ്ങളെക്കാള്‍ നിത്യജീവിതത്തിലെ ദുരിതങ്ങള്‍ അവര്‍ക്ക്‌ വിഷയമായി. മദ്യത്തിണ്റ്റെ ലഹരിയെക്കുറിച്ചും സ്ത്രീശരീരത്തെക്കുറിച്ചും ഒട്ടും മറയില്ലാതെ അവര്‍ പാടി. അപരണ്റ്റെ ഭാര്യയെക്കുറിച്ച്‌ പാടുന്നതില്‍ ഒരപാകതയും അവര്‍ കണ്ടില്ല. ചേരിയില്‍ വസിക്കുന്നവര്‍ക്ക്‌ മദ്ധ്യവര്‍ഗ്ഗത്തിണ്റ്റെ കപടസദാചാരത്തിണ്റ്റെ മാറാപ്പ്‌ ചുമക്കേണ്ടതില്ലല്ലോ. 

ഈ പറഞ്ഞതിണ്റ്റെ ഒരു ഉദാഹരണമാണ്‌ ഉലകനാഥന്‍ എന്ന ഗാനാപാട്ടുകാരണ്റ്റെ ഈ പാട്ട്‌. 

ഒന്നാ കുടിയ്ക്ക കറ്റ്ര്‍ക്കണം* 
ഇന്ത ഊര്‌ വമ്പ്‌ വാങ്കിക്കണം 
പോലീസ്‌ സ്റ്റേഷനെ പാര്‍ങ്കെ 
അത്ക്ക്‌ കേസ്‌ കൊടുക്കത്‌ നാംങ്കെ 

പൊഴുത്‌** പോറ നന്‍പരെല്ലാം ഗഞ്ചാ വാങ്കലാം 
 ഒരു കുന്ത്ക്ക്ന്ന്‌ വലിച്ച പിന്നൈ കവലൈ മറക്കലാം 
ശിവന്‍ കുടിത്ത വസ്ത്‌ എണ്റ്റ്ര്‌ തത്വം പേസലാം
അന്ത യമന്‍ക്കുമേ ടി. ബി. വന്ത്‌ കുഴിയില്‍ പുതയ്ക്കലാം 

കൊഞ്ചനേരം ജോളിയ്ക്കാക കാതല്‍ സെയ്യലാം 
അന്ത പെണ്ണ്‍ക്കാക പണത്തെയെല്ലാം അള്ളി വീസലാം 
പാതിയിലേ അന്‍പ്‌ കാതല്‍ പിരിയ നേരലാം 
അന്ത പൈത്തിയത്തില്‍****ദിശൈ മാറിയ പറവൈ ആകലാം 

*പഠിക്കണം  **കഴിഞ്ഞുകൂടുന്ന  ***ഭ്രാന്ത്‌ 

പാട്ടിണ്റ്റെ വിഷയം മദ്യവും മയക്കുമരുന്നുമാണ്‌. എങ്കിലും അവയെ പാട്ടില്‍ മഹത്വവല്‍ക്കരിക്കുന്നില്ല. മദ്യപണ്റ്റെ ന്യായീകരണത്തെ കളിയാക്കുന്ന പാട്ടുകാരന്‍ മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച്‌ ബോധവാനുമാണ്‌. പാട്ട്‌ അവസാനിക്കുന്നത്‌ ഒരുമിച്ച്‌ കുടിക്കാന്‍ പഠിക്കണം എന്നാല്‍ സത്യം പറഞ്ഞാല്‍ അംഗീകരിക്കണം എന്ന്‌ പറഞ്ഞുകൊണ്ടാണ്‌. 

തമിഴില്‍ ഗാന എന്നൊരു വാക്കില്ല. ഈ സംഗീതരൂപത്തിണ്റ്റെ ആദ്യകാലത്ത്‌ ബോംബെയില്‍ നിന്ന്‌ സോന്‍പാപ്ടി എന്ന മിഠായി വില്‍ക്കാന്‍ ധാരാളം പേര്‍ തമിഴ്‌ നാടിണ്റ്റെ ഈ ഭാഗത്ത്‌ എത്താറുണ്ടായിരുന്നു. ഇവര്‍ പാടിനടന്നിരുന്ന പാട്ടിന്‌ സ്വാഭാവികമായും അവരുടെ ഭാഷയില്‍ ഗാനാ എന്ന്‌ പറഞ്ഞുവന്നു. ഈ 'ഗാനാ' യും തമിഴിലെ 'പാട്ടും' ചേര്‍ന്നാണ്‌ ഗാനാ പാട്ട്‌ ഉണ്ടായത്‌. 

തങ്ങളുടെ സങ്കടവും കഷ്ടപ്പാടുകളും മറക്കാനാണ്‌ ഇവര്‍ പാട്ടിനെ ഉപയോഗിച്ചിരുന്നത്‌ എന്ന്‌ പറഞ്ഞു. സ്വാഭാവികമായും സ്വന്തത്തില്‍ ആരെങ്കിലും മരണപ്പെട്ടാലും അവര്‍ പാടി. ചുടുകാട്ടിലും പരിസരത്തും അന്തിയുറങ്ങിയിരുന്ന അവര്‍ അതെ ഇടത്തെ തന്നെ തങ്ങളുടെ പാട്ടിനും വേദിയാക്കി. മുസ്ളീം സമുദായക്കാരുടെ ഇടയിലും മരിച്ചവരുടെ ഖബറിടത്തില്‍ കൂടിയിരുന്ന്‌ പാടുന്ന രീതി നിലനിന്നിരുന്നു. അതുപോലെ പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്ന രാവുകളില്‍ ഇവര്‍ കൂട്ടം കൂടി പാട്ടുകള്‍ പാടി. 

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുന്നത്ത്‌ മസ്താന്‍ സാഹിബ്‌ എന്ന മുസ്ളീം കവി ഗാനാപാട്ടിണ്റ്റെ ആദ്യകാല പ്രചാരകരില്‍ ഒരാളായിരുന്നു. അതുപോലെ മായൂരം മുന്‍സിഫ്‌ വേദനായകം പിള്ളൈ.1826-ല്‍ ജനിച്ച്‌ 1899-ല്‍ മരണമടഞ്ഞ ഇദ്ദേഹം ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ മുന്‍സിഫ്‌ ആയി ജോലി ചെയ്തു. ഇന്നു കാണുന്ന രീതിയില്‍ ഗാനാപാട്ട്‌ എന്ന്‌ പറയാന്‍ കഴിയില്ലെങ്കിലും അതിണ്റ്റെ വേരുകള്‍ തേടി ചെന്നാല്‍ നമ്മള്‍ അദ്ദേഹത്തിലെത്തും. സമരസ സങ്കീര്‍ത്തനങ്ങള്‍ ആണ്‌ അദ്ദേഹം രചിച്ചത്‌ എന്ന്‌ ഗാനാപാട്ടില്‍ ഗവേഷണം നടത്തിയ പ്രൊ. രാമകൃഷ്ണന്‍ പറയുന്നു. തികഞ്ഞ സ്വദേശാഭിമാനം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിണ്റ്റെ ഗാനങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ധാരാളമുണ്ട്‌. 

'ഇന്ത ഉദ്യോഗം എന്ന പെരിതാ നെഞ്ചൈ 
ഇത്‌ പോണാല്‍ നാന്‍ പിഴൈപ്പത്‌ അരിതാ 

എന്തയിടം പോണാലും കന്ത പൊടി വാസിയ്ക്കും 
അന്തവിധമായ്‌ നമ്മൈ അഖിലമെല്ലാം പൂസിയ്ക്കും 

നല്ല പ്രഭുക്കളെല്ലാം നാട്ടൈ വിട്ട്‌ അകണ്റ്റ്രാര്‍ 
ജ്ഞാനശൂന്യരെല്ലാം നമുക്ക്‌ അധിപതി എണ്റ്റ്രാല്‍ 

ആകാത കാലം ഇതില്‍ അസടര്‍* തലൈ എടുത്താര്‍ 
അറും ഗുണശീലര്‍കള്‍ അധികാരം കൈവിടുത്താര്‍ 

പോകാമര്‍ കൊള്ളും പൊയ്യറും വന്തടുത്താര്‍ 
പൂ വിറ്റ്ര കടയിലൈ പുല്‍ വില്‍ക്ക തൊടുത്തുവിട്ടാര്‍ 

ഇന്ത ഉലക്ക്കെല്ലാം ഇവരേ അധിപതിയാ 
ഇവര്‍ക്ക്‌ ഉഴക്കൈ നമുക്ക്‌ തലൈവിധിയാ 

ഊരില്‍ ഉദ്യോഗം പോണാല്‍ ഒഴിയും പിടിത്ത പീടൈ 
ഉയര്‍ വേദനായകന്‍ ഉതവുവാന്‍ അന്നം ആടൈ' 

*വിഡ്ഡികള്‍ 

നാട്ടിലെ നല്ല പ്രഭുക്കളെല്ലാം പോയി വെളുത്ത പ്രഭുക്കള്‍ വന്നതില്‍ പിന്നെ അനുഭവിച്ച വിഷമങ്ങളാണ്‌ പാട്ടില്‍. ഈ ലോകത്തിന്‌ അധിപതിയായിരിക്കുന്ന ഇവര്‍ക്ക്‌ കീഴില്‍ ജോലി ചെയ്യുന്നത്‌ സ്വന്തം തലവിധിയെന്ന്‌ പാട്ട്‌ പറയുന്നു. ഈ ഉദ്യോഗം പോയാലും വേദനായകന്‍ ജീവിച്ചുപോകും എന്ന്‌ സ്വയം ആത്മവിശ്വാസം കൊള്ളുന്നു. 

പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന തമിഴ്‌ പ്രയോഗങ്ങളാണ്‌ ഈ പാട്ടില്‍. ചില വാക്കുകളുടെയൊക്കെ അര്‍ത്ഥം മനസ്സിലാക്കാന്‍ ആവുന്നില്ല. കര്‍ണ്ണാടക സംഗീതത്തിലെ കൃതികളുടെ ചുവട്‌ പിടിച്ച്‌ എഴുത്തുകാരണ്റ്റെ പേര്‌ അവസാനത്തെ വരിയില്‍ ചേര്‍ത്തിരിക്കുന്നു. ഈ രീതി ഗസലിണ്റ്റെ മക്തയിലും (അവസാനത്തെ ശ്ളോകം) കാണാറുണ്ട്‌. 

ആദ്യ കാല സൂഫിസത്തിണ്റ്റെ സ്വാധീനം കാരണം ജീവിതത്തേയും മരണത്തേയും പറ്റിയുള്ള തത്വചിന്തകളും ഗാനാപാട്ടില്‍ പിന്നീട്‌ കണ്ടുവന്നു. കുന്നക്കുടി മസ്താന്‍ സാഹിബ്‌ സ്വയം ഒരു സൂഫി സിദ്ധനായിരുന്നു എന്ന്‌ പറയപ്പെടുന്നു. വേദനായകം പിള്ളൈയുടെ ഇനിയൊരു പാട്ട്‌ സ്വന്തം പുരുഷനെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ഉപദേശമാണ്‌. 

 മാതൈ എന്‍ വാര്‍ത്തൈ തള്ളാതെ 
അന്ത മാപ്പിളൈ ധനൈ കൊള്ളാതെ 
ആദരവാക അറവൈയെ* തൊടലാമോ 
ആഴം അറിയാമല്‍ കാലൈ ഇടലാമോ 
* പാമ്പ്‌ 

ഇങ്ങനെ പോകുന്ന പാട്ട്‌ തണ്റ്റെ കാന്തി കെടും മുമ്പ്‌ നല്ല തീരുമാനം എടുക്കാന്‍ സ്ത്രീകളെ ഉപദേശിക്കുന്നു. 

ഗാനാപാട്ടിനെ നമ്മുടെ നാടന്‍പാട്ടുകളോട്‌ താരതമ്യം ചെയ്യാനാവില്ല. നമ്മുടെ നാട്ടിലെ നാടന്‍ പാട്ടുകള്‍ കാര്‍ഷികവൃത്തിയുമായി അല്ലെങ്കില്‍ വടക്കന്‍പാട്ടുകളെപ്പോലെ പ്രാദേശിക ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടതാണ്‌. മാപ്പിളപ്പാട്ടിണ്റ്റെ പശ്ചാത്തലവും വ്യത്യസ്ഥമാണ്‌. ഈ രീതിയിലുള്ള നാടന്‍പാട്ടുകള്‍ മറ്റെല്ലാ നാടുകളിലുമെന്ന പോലെ തമിഴ്നാടിണ്റ്റെ ഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്‌. ചെന്നൈ നഗരത്തിണ്റ്റെ ചിലഭാഗങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഗാനാപാട്ടിന്‌ സമാനമായ ഒരു രീതി ഇന്ത്യയില്‍ മറ്റെവിടെയുമില്ല. ചില ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന 'റാപ്‌' സംഗീതവുമായി ഒരു വിദൂരബന്ധം ഈ ഗാനശാഖക്കുണ്ടെന്ന്‌ തോന്നുന്നു. അതുപോലെ അമേരിക്കന്‍ നീഗ്രോസിണ്റ്റെ ഇടയില്‍ നിലവിലുള്ള ഹിപ്‌-ഹോപ്‌ സംഗീതം. ഇവിടത്തെ തെരുവ്‌ ജീവിതത്തിനോട്‌ സമാനമായ ഭൌതിക അവസ്ഥയില്‍ തന്നെയാണ്‌ ഒരര്‍ത്ഥത്തില്‍ അവരുടെ ജീവിതവും. 

ശ്രീലങ്കന്‍ തമിഴരുടെ ഇടയില്‍ 'പപ്‌ ഇസൈ' എന്നൊരു പാട്ടുണ്ട്‌. ഇംഗ്ളീഷിലെ പോപ്‌-ഉം തമിഴിലെ ഇസൈ-യും (സംഗീതം) ചേര്‍ന്നുണ്ടായതാണ്‌ പപ്‌ ഇസൈ. തമിഴിലെ ഗാനാപാട്ടില്‍ നിന്നാകണം ശ്രീലങ്കന്‍ തമിഴരുടെ ഇടയില്‍ ഈ രീതി ഉണ്ടായതെന്ന്‌ വിചാരിക്കുന്നതില്‍ തെറ്റില്ലെന്ന്‌ തോന്നുന്നു. ഇതിനെക്കുറിച്ചറിയാതെ നമ്മളിലൊരുപാടുപേര്‍ ഇത്തരം പാട്ടുകള്‍ പാടിയിട്ടുണ്ട്‌. വര്‍ഷങ്ങളായി കോളേജ്‌ വിദ്യാര്‍ത്ഥികള്‍ കൂടിപാടുന്നിടത്തെല്ലാം കേട്ടിട്ടുള്ള പാട്ടാണ്‌ 'സുറാംഗനി'. പാടിനടക്കുമ്പോഴും ഇതേത്‌ ഭാഷ എന്ന്‌ ഉള്ളില്‍ കൌതുകം തോന്നിയിട്ടുണ്ട്‌. ഓരോതവണ കേള്‍ക്കുമ്പോഴും അതില്‍ പുതിയ വരികള്‍ ചേര്‍ന്നിട്ടുണ്ടായിരുന്നു. അത്‌ ശ്രീലങ്കന്‍ പപ്‌ ഇസൈയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന്‌ പിന്നീട്‌ അറിഞ്ഞു. 

കര്‍ണ്ണാടകസംഗീതത്തിണ്റ്റെ അല്ലെങ്കില്‍ ബ്രാഹ്മണീയമായ എല്ലാത്തിണ്റ്റേയും ബദല്‍ ആണ്‌ ഗാനാപാട്ട്‌. ഭാഷയും പാട്ടിണ്റ്റെ വരികളും പാരമ്പര്യ കാവ്യരീതിയെ പുഛിക്കുന്നുണ്ട്‌. ഒരിക്കല്‍ 'മരണഗാന വിജി' യുമായി സംസാരിക്കുമ്പോള്‍ ഗാനാപാട്ടിനെ പരാമര്‍ശിക്കവേ സംഗീതം എന്ന്‌ പറഞ്ഞുപോയി. ഉടനെ വിജി എന്നെ തിരുത്തിക്കൊണ്ട്‌ പറഞ്ഞു, "ദയവു ചെയ്ത്‌ ഇതിനെ സംഗീതം എന്ന്‌ വിളിച്ച്‌ കളിയാക്കരുതേ. ഇത്‌ പാട്ടാണ്‌, ഗാനാപാട്ട്‌". 

അടുത്ത കാലത്ത്‌ ഗാനാ പാട്ടുകള്‍ ധാരാളം മുഖ്യധാരയിലും സിനിമയിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌. ഏറ്റവും ഒടുവില്‍ 'കൊലവെറി' വരെ ഗാനാപാട്ടിണ്റ്റെ രൂപം പേറുന്നവയാണ്‌. സിനിമയില്‍ 'ഗാനാപാട്ടിണ്റ്റെ പിതാവ്‌' എന്നറിയപ്പെടുന്നത്‌ സംഗീതസംവിധായകന്‍ ദേവാ ആണ്‌. തൊണ്ണൂറുകളില്‍ 'രസികന്‍' എന്ന തമിഴ്‌ സിനിമയില്‍ ഗാനാപാട്ടിണ്റ്റെ ചുവടുപിടിച്ചുള്ള പാട്ടുകള്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ അദ്ദേഹം സ്വന്തം വേരുകളിലേക്ക്‌ തിരിച്ചുപോവുകയായിരുന്നു. മൈലാപ്പൂരിനടുത്തുള്ള വിശാലാക്ഷിത്തോട്ടം എന്ന ചേരിയില്‍ ജനിച്ച്‌, ഗാനാപാട്ടില്‍ വളര്‍ന്നാണ്‌ ദേവ സിനിമാസംഗീത സംവിധായകനായ ദേവ ആയത്‌. രസികന്‍ സിനിമയിലെ 'ബോംബെയ്‌ സിറ്റി സൂക്കാ റൊട്ടി വിട്ടാ പാറ്‌ സെവന്ത കുട്ടി' എന്നപാട്ടും ദേവ തന്നെ പാടിയ 'തമ്പി കൊഞ്ചം നില്ലപ്പാ തപ്പിരുന്താ സൊല്ലപ്പ' ഒക്കെ ഗാനാപാട്ടില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ ചെയതവയാണ്‌. 

ഇപ്പോള്‍ ഏറ്റവും അറിയപ്പെടുന്ന ഗാനാപാട്ടുകാര്‍ ബാലയും ഉലകനാഥനും ആണ്‌. ഉലകനാഥന്‍ 'ചിത്തിരം പേസുതെടി' എന്ന സിനിമയില്‍ പാടിയ 'വാള മീനുക്കും വെളങ്ക്‌ മീനുക്കും കല്യാണം' എന്ന്‌ പാട്ട്‌ വളരെ ജനപ്രിയമായിരുന്നു. ഈ പാട്ടിണ്റ്റെ രംഗത്ത്‌ അഭിനയിച്ചതും ഉലകനാഥന്‍ തന്നെ. വിവിധതരം മീനുകളെക്കുറിച്ചാണ്‌ ഈ പാട്ട്‌. ഈ ഒരൊറ്റ പാട്ട്‌ കൊണ്ട്‌ ആരുമറിയാതിരുന്ന, ഒമ്പതാം ക്ളാസ്സില്‍ പഠനം നിര്‍ത്തിയ ഉലകനാഥന്‍ തമിഴ്നാട്ടില്‍ ഒരു സെലിബ്രിറ്റി ആയി മാറി. മറ്റ്‌ പാട്ടുകള്‍ പാടാറുണ്ടെങ്കിലും ഏറ്റവും സംതൃപ്തി തരുന്നത്‌ ഗാനാപാട്ടാണെന്ന്‌ ഒരിക്കല്‍ ഉലകനാഥന്‍ പറഞ്ഞു. കാരണം തങ്ങളുടെ സന്തോഷവും വേദനയും വിഷമങ്ങളും എളുപ്പത്തില്‍ പാട്ടില്‍ കൊണ്ടുവരാനും ജനങ്ങളിലേക്കെത്തിക്കാനും കഴിയുന്നു. ഇപ്പറഞ്ഞതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ തീവണ്ടിയാത്ര വിഷയമാക്കിയുള്ള ഉലകനാഥണ്റ്റെ ഈ പാട്ട്‌. 

'വെള്ളാക്കാരന്‍ കണ്ട്പിടിച്ച്‌ വന്തതൊരു റെയില്‌ 
നമ്മ നാട്ടുകാരന്‍ ടിക്കറ്റടിച്ച്‌ വിട്ടാന്‍ പാറ്‌ മെയില്‌ 

കണ്ണിലാത കുരുടന്‍ പാട്ട്‌ കേക്കയിലേ ഇടിയ്ക്ക്ത്‌ 
കരുവാട്ട്‌* കൂടയാലൈ റെയില്‍ പെട്ടി മണക്ക്ത്‌ 
കൊയ്യാപ്പഴം കൂടക്കാരി കൊഴല്‍ക്കാകെ കിഴിയ്ക്ക്ത്‌ 
വിത്‌ ഔട്ട്‌ കേസ്‌ എല്ലാം ചെക്കിംഗ്‌ പാത്ത്‌ മുഴിയ്ക്ക്ത്‌ 

വേലയ്ക്കാകെ പോകും പെണ്ണ്‌ കൂട്ടത്തിലേ തവിയ്ക്ക്ത്‌ 
അവള്‍ കെട്ടി വന്ത സേലൈ കളകളത്താല്‍ നസ്ങ്ക്ത്‌ 
വാലിബര്‍ കൂട്ടമെല്ലാം വഴിയിലേ താന്‍ നിക്ക്ത്‌ 
ഏറി ഇറങ്കി പോകുമ്പോത്‌ മുന്നൈ പിന്നൈ ഇടിയ്ക്ക്ത്‌ 

വീട്ടില്‌ പോട്ട മേക്കപ്‌ വേര്‍വെയിലേ കലഞ്ചിടും 
പാക്കറ്റില്‌ ഇരിക്കും പണം അന്തരമാ മറഞ്ചിടും 
റെയില്‍ വളഞ്ച്‌ ആട്മ്പോത്‌ ഒടമ്പ്‌ എല്ലാം നെളിഞ്ചിടും 
അസന്ത്‌ കൊഞ്ചം തൂങ്കിവിട്ടാല്‍ അടുത്ത സ്റ്റേഷന്‍ പറന്തിടും 

* ഉണക്കമീന്‍ 

ഗാനാപാട്ടിന്‌ ഇന്ന്‌ കിട്ടുന്ന ജനപ്രിയത കൂടുതല്‍ ഈ സംഗീതരൂപം മുഖ്യധാരയിലേക്ക്‌ വരാന്‍ സഹായിക്കും തീര്‍ച്ച. ശരീരം മാത്രമുള്ള ഗാനാപാട്ടുകള്‍ നമ്മള്‍ കൂടുതല്‍ കേട്ടുതുടങ്ങും, 'കൊലവെറി' പോലെ പാടിനടക്കുകയും ചെയ്യും. സിനിമയില്‍ ഗാനാപാട്ടുകള്‍ കൂടുതല്‍ കൂടുതല്‍ വരാന്‍ ഒരും കാരണം അതിനെ ദൃശ്യവല്‍ക്കരിക്കാനുള്ള സാദ്ധ്യതയാണ്‌. ഇക്കാലത്ത്‌ സിനിമാപാട്ടുകള്‍ കൂടുതലും കാണാനുള്ളതാണല്ലൊ. ചടുലമായ താളത്തിലുള്ള ഇത്തരം പാട്ടുകള്‍ക്ക്‌ നൃത്തരൂപം ചമയ്ക്കാന്‍ വളരെ എളുപ്പമാണ്‌. എന്തിനേയും വളരെ ലൈറ്റ്‌ ആയി കാണാനാഗ്രഹിക്കുന്ന പുതിയ തലമുറ അത്തരം കേള്‍വിക്ക്‌ സഹായിക്കുന്നതിനാലാണ്‌ ഇത്തരം പാട്ടുകളില്‍ ആകൃഷ്ടരാകുന്നത്‌. കൂടിയിരുന്ന്‌ പാടാനുള്ള ഒരു സാദ്ധ്യതയാണ്‌ ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്‌ വളരെ പോപുലര്‍ ആകാന്‍ കാരണം. ഇതേ സമീപനം കാരണം ഗാനാപാട്ടിണ്റ്റെ ഉത്ഭവം, അതിണ്റ്റെ സാമൂഹ്യ ഭൂമിക ഇതിലൊന്നും അവര്‍ക്ക്‌ താല്‍പര്യം ഉണ്ടാകാനിടയില്ല. 

എന്നാല്‍ ഇക്കാലത്തെ ഗാനാപാട്ടുകാര്‍ സമൂഹത്തിനെ മൊത്തം ബാധിക്കുന്ന വിഷയങ്ങളിലേക്ക്‌ കൂടി ശ്രദ്ധ തിരിക്കുന്നുണ്ട്‌. മരണഗാന വിജി കൊക്കക്കോള കമ്പനിയുടെ ജലചൂഷണവിഷയത്തില്‍ പാട്ടുണ്ടാക്കി പാടിയിട്ടുണ്ട്‌. ബാലയുടെ ഒരു പാട്ട്‌ വയലെല്ലാം നികത്തി കെട്ടിടം പണിയുന്ന സമീപകാല യാഥാര്‍ത്ഥ്യത്തില്‍ ഊന്നുന്നു. 

'നഞ്ചൈ പുഞ്ചൈ നിലങ്ങളിപ്പോള്‍ നാട്ടിലില്ലെടാ 
നന്‍പാ തെരിയുമാ 
നടുറോട്ടില്‍ കൂടെ അട്ക്ക്‌ മാടി കെട്ട്‌റാങ്കെ സൊന്നാ പുരിയുമാ 

ഉഴുത നിലത്തൈ ഫ്ളാറ്റ്‌ പോട്ട്‌ വിക്ക്‌റാങ്ക പാറ്‌ 
ഇന്ത നിലമൈ കൊഞ്ചം മാറിപോണാല്‍ കിടയ്ക്കാതെടാ സോറ്‌ 
കടനൈ വാങ്കി നിലത്തൈ ഉഴുത്‌ പയറ്‌ പോട്ടാ 
വ്യവസായത്തില്‍* ഗൌനം വെച്ചാല്‍ മുന്നേറും പാറ്‌ 
ഇന്ത്യാ മുന്നേറും പാറ്‌ 

* കൃഷി 

ഗാനാപാട്ടിണ്റ്റെ ആത്മാവ്‌ തെരുവിലാണ്‌, ദളിത്‌ ജീവിതത്തിലാണ്‌. അവിടെനിന്ന്‌ അടര്‍ത്തിമാറ്റുന്ന മരണഗാനം അമ്മയില്‍ നിന്ന്‌ അടര്‍ത്തിമാറ്റുന്ന കുട്ടിയെപ്പോലെയാണെന്ന്‌ മരണഗാന വിജി ഒരിക്കല്‍ പറഞ്ഞു. പക്ഷേ തെരുവിന്‌ പുറത്ത്‌ മൊത്തം മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളില്‍ ഗാനാപാട്ടുണ്ടാകുന്നത്‌ ആ വിഷയങ്ങളില്‍ സാധാരണ മനുഷ്യരുടെ ശ്രദ്ധ പതിയാന്‍ കാരണമാകും എന്നതൊരു ശുഭസൂചകമായി തോന്നുന്നു. ഭക്തിയും ദൈവീകതയുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്ന വരേണ്യ സംഗീത ഭൂമികയില്‍ കീഴാളണ്റ്റേതായ ഒരു ബദലായി നിലനില്‍ക്കാന്‍ കഴിയുന്നു എന്നുള്ളതാണ്‌ ഗാനാപാട്ടിണ്റ്റെ സമകാലിക പ്രസക്തി. അത്‌ തന്നെയാണ്‌ അത്‌ നിലനില്‍ക്കേണ്ടതിണ്റ്റെ ആവശ്യകതയും.

4 comments:

  1. ഫിബ്രവരി 21-ണ്റ്റെ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്‌.

    ReplyDelete
  2. വളരെ വിത്യസ്തമായ ഒരു വിഷയം..വളരെ ആഴത്തിലുള്ള പഠനം..
    ആശംസകള്‍

    ReplyDelete
  3. രണ്ട്‌ ലേഖനങ്ങളടങ്ങിയ ഒരു സീരീസ്‌ ആണ്‌ ഇത്‌. അതില്‍ ആദ്യത്തെ ലേഖനം. അടുത്തത്‌ ഈ ആഴ്ചത്തെ വാരികയില്‍ വന്നു.

    ReplyDelete