കൂട്ടില്‍ കയറാതെയും കൂട്ടം തെറ്റി നടന്നും ഒരാള്‍
നമ്മെ കടന്നുപോയി. പക്ഷേ ഈ തെറ്റിനടത്തങ്ങളിലൂടെ അയാള്‍ നമ്മോട് പറഞ്ഞത്
ശരികളാണ്, നമ്മള്‍ മലയാളികള്‍ മറന്നുപോകുന്ന ശരികള്‍. രാജാവ് നഗ്നനാണെന്ന്
വിളിച്ചുപറഞ്ഞ കുട്ടിയുടെ നിഷ്കളങ്കതയോടെ, നേരോടെ അയാള്‍ ആ ശരികള്‍ വിളിച്ചുപറഞ്ഞു.
ലോകം മുഴുവന്‍ തള്ളിപ്പറഞ്ഞിട്ടും ആ ശരികളില്‍ ജീവിച്ചു. 'വീട് വേണ്ടാത്ത കുട്ടി'
ആയിരുന്നല്ലോ എന്നും അയ്യപ്പന്‍.
അയ്യപ്പന് ധാരാളം വിശേഷണങ്ങള്‍ നാം
കൊടുത്തിട്ടുണ്ട്, 'നിഷേധി' 'അരാജകവാദി' അങ്ങനെ നിരവധി. അയ്യപ്പന്‍ ഇതൊക്കെ
ആയിരുന്നു. എന്നാല്‍ ഈ വിശേഷണങ്ങളില്‍ നിന്നെല്ലാം അയ്യപ്പന്‍ കുതറി നടന്നു.
അയ്യപ്പനെ വിശേഷിപ്പിക്കാന്‍ പറ്റിയ ഒരു നാമം കണ്ടെത്തുക അസാധ്യം. നമുക്ക്
നാമവിശേഷണങ്ങളെ കൂട്ടുപിടിയ്ക്കേണ്ടി വരുന്നു. ഇപ്പറഞ്ഞത് അയ്യപ്പണ്റ്റെ
കവിതകള്‍ക്കും ബാധകമാണ്.
അയ്യപ്പണ്റ്റെ കവിത ചിലപ്പോള്‍ കാട്ടാറിണ്റ്റെ സംഗീതം
കേള്‍പ്പിക്കുന്നു. ചിലപ്പോള്‍ തിരയൊടുങ്ങാത്ത കടലിരമ്പം. ചിലപ്പോള്‍ തേങ്ങലുകളുടെ
താരാട്ട് പോലെ സൌമ്യം, ദീപ്തം. ചിലപ്പോള്‍ മേഘഗര്‍ജനം, പേമാരി. ആ
കവിതകളെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ അശക്തനാണ്, എണ്റ്റെ ഭാഷ അശക്തമാണ്.
അലക്കിവെളുപ്പിച്ച് ഇസ്തിരിയിട്ട ഭാഷയില്‍ അയ്യപ്പണ്റ്റെ കവിതകളെക്കുറിച്ച്
സംസാരിക്കുക എന്ന അനൌചിത്യത്തിന് നിങ്ങള്‍ എന്നോട് പൊറുക്കുക.
ഒരു പരാതി
കേട്ടിട്ടുണ്ട്. അയ്യപ്പണ്റ്റെ കവിതകളേക്കാള്‍ കേരളത്തില്‍ ചര്‍ച്ച
ചെയ്യപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിണ്റ്റെ ജീവിതമാണ്, എന്ന്. ഇതില്‍ ശരിയുണ്ട്.
അതിനുള്ള ഒരു കാരണം അയ്യപ്പന് കവിതവും ജീവിതവും രണ്ടായിരുന്നില്ല എന്നത്
തന്നെയാണ്.
"ശരീരം നിറയെ മണ്ണും
മണ്ണ് നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത
നിറയെ കാല്‍പാടുകളുള്ളവന്‍" ആയിരുന്നൂ, അയ്യപ്പന്‍. സ്വന്തം കാല്‍പാടുകളുടെ
മണ്ണാണ് കവിയുടെ ഹവിസ്സ് എന്ന് വിശ്വസിച്ച അയ്യപ്പന്‍.
ജീവിക്കാന്‍ വേണ്ടിയാണ്
അയ്യപ്പന്‍ കവിത എഴുതിയത്. ജീവിയ്ക്കാന്‍ വേണ്ടി കവിതയെഴുതുകയും കവിതയെഴുതാന്‍
മാത്രമായി ജീവിക്കുകയും ചെയ്ത മലയാളത്തിലെ ഒരേയൊരു കവി. ഒടുവില്‍ കവിത
എഴുതിക്കൊണ്ട് തന്നെ മരിച്ചുവീഴുകയും ചെയ്തു. ജീവപര്യന്തം കവിതയുടേ തടവില്‍
കഴിയാന്‍ വിധിക്കപ്പെട്ടവനായിരുന്നൂ, അദ്ദേഹം. ആ വിധി സ്വയം
കല്‍പിച്ചതായിരുന്നെങ്കിലും അല്ലെങ്കിലും അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റുവാങ്ങി.
അതോട് അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തി, വിടുതല്‍ കിട്ടുന്നതുവരെ.
എണ്റ്റെ
നാട്ടില്‍ ഒരു 'ഗുഹന്‍' ഉണ്ടായിരുന്നു. ഒരു പാട് കാര്യങ്ങളില്‍ അയ്യപ്പനെ
പോലെയായിരുന്നു, ഗുഹന്‍. കല്‍പറ്റ നാരായണന്‍ സാര്‍, ഗുഹനെ പറ്റി ഒരിക്കല്‍
നിരീക്ഷിച്ചു, 'ജീവിക്കാന്‍ കണക്കെഴുത്തും അതിജീവിക്കാന്‍ കവിതയെഴുത്തും' എന്ന്.
ജീവിതമോ അതിജീവനമോ ഏതാണ് അസാദ്ധ്യമായതെന്നറിയില്ല, ഒരു തീവണ്ടിക്കുമുമ്പില്‍
ഗുഹന്‍ എല്ലാം അവസാനിപ്പിച്ചു. എന്നാല്‍ അയ്യപ്പന് ജീവിതവും അതിജീവിതവും എല്ലാം
കവിതതന്നെയായിരുന്നു, അത് മാത്രമായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച്
പറയാറുണ്ട്, അദ്ദേഹത്തിണ്റ്റെ കൃതികളില്‍ കൂടി നടന്നാല്‍ നിങ്ങളെത്തുന്നത്
ബഷീറില്‍ തന്നെയായിരിക്കും, എന്ന്. അയ്യപ്പണ്റ്റെ കവിതകളില്‍ അദ്ദേഹം
നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ ഇത്തിരി പോലും തുളുമ്പുന്നില്ല. തന്നെ തന്നെ
മുറിച്ച് കഷണങ്ങളാക്കി അവ ചേര്‍ത്ത് വെച്ച് തീര്‍ത്ത ഒരു കൊളാഷ് ആണ്
അയ്യപ്പണ്റ്റെ കവിത. ശിഥിലബിംബങ്ങളായി അയ്യപ്പന്‍ തണ്റ്റെ കവിതകളില്‍
ചിതറിക്കിടക്കുന്നു.
'ജീവിതം പൊടിപ്പും തൊങ്ങലും വെക്കുമ്പോഴാണ് ജീവിതമാകുന്നത്,
അല്ലെങ്കില്‍ അത് കവിതയാണ്' എണ്റ്റെ ബ്ളോഗ് സുഹൃത്ത് ധര്‍മരാജ് മടപ്പള്ളി
എഴുതി. പൊടിപ്പും തൊങ്ങലുമില്ലാത്ത നഗ്നജീവിതമാണ് അയ്യപ്പണ്റ്റെ കവിതകള്‍.
ആലങ്കാരികതകളുടെ നിംനോക്തികള്‍ കാമ്പില്‍ നിന്നുള്ള വിടുതലാണെന്ന്
തിരിച്ചറിഞ്ഞിട്ടുണ്ടാകും, അയ്യപ്പന്‍.
"എണ്റ്റെ കവിത എന്നോട് ചോദിച്ചു
എന്തിനാണ്
നിണ്റ്റെ കവിതയില്‍
കാഞ്ഞിരം വളര്‍ത്തുന്നത്
ചൂരലടയാളം തുടിപ്പിക്കുന്നത്
നിണ്റ്റെ വരികള്‍ക്കിടയിലെ
മയില്‍പീലികള്‍ പെറാത്തതെന്ത്?"
കവിതയില്‍ കൊന്നയും
തുമ്പയും മുക്കുറ്റിയും വളര്‍ത്തുന്നവരുടെയിടയില്‍ തണ്റ്റെ കവിതയില്‍ കാഞ്ഞിരം
വളര്‍ത്തുന്നെന്ന് ഉറക്കെ പറഞ്ഞു, ഒരേയൊരു അയ്യപ്പന്‍. 'നരകത്തില്‍
നട്ടുവളര്‍ത്താന്‍ നാരകച്ചെടികള്‍ക്ക് വെള്ളം തേവിയ' ഒരാളുടെ കവിതയില്‍ കാഞ്ഞിരം
മാത്രമേ വളരുകയുള്ളൂ.
"കരുണയോടെ മുഖത്ത് തുപ്പുകയും
കഴുത്ത് ഞെരിക്കുകയും
ചെയ്തവന് പൂക്കള്‍
പാപിയുടെ ചൂണ്ടുവിരലിന് കറുകമോതിരം
കൈവെള്ളയ്ക്ക് തീര്‍ത്ഥം. "
ജീവിതത്തില്‍ കയ്പ് മാത്രം കുടിച്ച് വളര്‍ന്നതിനാലാകണം തണ്റ്റെ കവിതയില്‍
കാഞ്ഞിരം മതിയെന്ന ശാഠ്യത്തിന് കാരണം. അത് കുറുമ്പിത്തിരി കൂടുതലുള്ള കുട്ടിയുടെ
നേരുള്ള ശാഠ്യമായിരുന്നു. വാക്കും അര്‍ത്ഥവും കഴിഞ്ഞുള്ള കവിയുടെ വിരലടയാളമാണ്
കവിതയെന്ന് അദ്ദേഹം പറയുന്നുമുണ്ട്.
'സൂര്യനെപ്പോല്‍ ജ്വലിച്ചുനില്‍ക്കുമീ വേദന'
അനുഭവിച്ചുകൊണ്ടാണ് 'നോവുകളെല്ലാം പൂവുകളെന്ന്' അയ്യപ്പന്‍ പാടിയത്.
'മുറിവുകളുടെ വസന്തമാണ് ജീവിതം' എന്ന് പറഞ്ഞത്.
'ഞാന്‍ ബലിയാടായി തുടരുക തന്നെ
ചെയ്യും, ആരെങ്കിലും അതാവേണ്ടിയിരിക്കെ' അയ്യപ്പന്‍ എന്ന വ്യക്തിയുടേയും
അദ്ദേഹത്തിണ്റ്റെ കവിതകളുടേയും ഒരു മുഖക്കുറിപ്പാണ് 'പ്രവാസിയുടേ ഗീതം' എന്ന
സമാഹാരത്തില്‍ ചേര്‍ത്ത എഡ്വേര്‍ഡ് ആല്‍ബിയുടെ ഈ പ്രസ്താവന. ശരിയാണ് കവിതയുടെ
ബലിക്കല്ലില്‍ സ്വയം അര്‍പ്പിച്ച ജീവിതമായിരുന്നു, അയ്യപ്പണ്റ്റേത്.
"കുത്തുവാക്കിണ്റ്റെ നാരായം കൊണ്ടെന്നെ
വെട്ടിത്തിരുത്തി പഠിപ്പിച്ച പാഠങ്ങള്‍"
"എഴുത്താണി കൊണ്ട് മുറിഞ്ഞ വിരല് കൊണ്ട് തന്നെ ഞാന്‍ എഴുത്ത് പഠിച്ചു.' എന്നും
അദ്ദേഹം എഴുതുന്നുണ്ട്. ഇങ്ങനെ എഴുത്ത് പഠിച്ചാണ് കവിയായതെങ്കിലും ...
'മദമിളകിയ
ആനയെഅമ്പത്തൊന്നക്ഷരങ്ങളിലായ് തളച്ചൂ,' അയ്യപ്പന്‍.
നീയും ഞാനും അയ്യപ്പണ്റ്റെ
കവിതകളില്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. വാക്കുകളില്‍ ഇല്ലെങ്കില്‍ പോലും
അദൃശ്യനായി ഞാനുണ്ട്. ഞാനുണ്ടെന്നാല്‍ നീയുമുണ്ടെന്നാണര്‍ത്ഥം. എന്നാല്‍ ഞാന്‍
നീയായും നീ ഞാനായും കൂട് മാറുന്നുണ്ട് താനും. പീഡിപ്പിക്കുന്നതിലും
പീഡനമേല്‍ക്കുന്നതിലും നീയും ഞാനും രണ്ടല്ല, ഒന്നാണ്.
"നിണ്റ്റെ കണ്ണിലെ
പ്രകാശത്തില്‍ നിന്ന് വന്ന മാന്‍പേടയെ
ഇരുട്ടില്‍ എന്നില്‍ നിന്ന് പുറത്തുചാടിയ
ചെന്നായ
കടിച്ചുകീറുന്നത് ആഹ്ളാദത്തോടെ നോക്കിനിന്നത്
നീയും ഞാനുമല്ലാതെ
മറ്റാരാണ്?"
ഇവിടെ ഈ കാഴ്ച കണ്ട് രസിക്കുന്നത് നീയും ഞാനും ചേര്‍ന്നാണ്. ഇരയും
വേട്ടക്കാരനും ഒന്നാകുന്നതുപോലെ, രക്ഷകനും പീഡകനും ഒന്നാകുന്നത് പോലെ. അഭയസ്ഥാനം
പോലും നല്‍കുന്നത് പീഡനം മാത്രം. ഇങ്ങനെ സ്വയം പീഡകനും പീഡിതനുമായി മാറി മാറി
വരുന്നതിലൂടെ സ്വയം ചോദ്യത്തിണ്റ്റെ കുന്തമുനയില്‍ നിര്‍ത്തുന്നുണ്ട് അദ്ദേഹം.
പലപ്പോഴും കടുത്ത ആത്മനിന്ദയിലൂടെ.
"കണ്ണടച്ചു ഞാ നിരുട്ടാക്കിയിട്ടും
കാക്ക
കരഞ്ഞുവെളുപ്പിച്ചു മണ്ണിനെ."
'എണ്ണാനാവാത്ത തുന്നലുകളോടെയേ' നന്ദി പോലും
പറയാനാവുന്നുള്ളൂ, അദ്ദേഹത്തിന്. ഒടുവില്‍ കടുത്ത നിസ്സഹായതയില്‍ വീഴുകയും
ചെയ്യുന്നു.
"മഴവില്ലു വീണ തടാകത്തില്‍
മരിച്ചുപൊങ്ങുന്നനുദിനം"
മരിച്ചുപൊങ്ങുമ്പോള്‍ പോലും അത് മഴവില്ലു വീണ തടാകത്തിലാവണമെന്ന്
നിര്‍ബ്ബന്ധമുണ്ട് അയ്യപ്പന്. പ്രണയത്തിലും നീയും ഞാനും പീഡനപര്‍വ്വത്തില്‍
ഒന്നിക്കുന്നവരാണ്. കുടുംബം എന്ന വ്യവസ്ഥയോട് ചേര്‍ന്നല്ലാതെ പ്രണയത്തെ കാണാന്‍
നമുക്ക് കഴിയാറില്ല. ഈ വ്യവസ്ഥയോട് കലഹിച്ച അയ്യപ്പന് പ്രണയം 'പുഴയില്‍
ഒഴുക്കാത്ത കല്ലായത്' സ്വാഭാവികം.
മറ്റൊരിടത്ത് ഇങ്ങനെ എഴുതുന്നു,
"പെണ്ണൊരുത്തിക്ക് മിന്ന് കൊടുക്കാത്ത
കണ്ണുപൊട്ടിയ കാമമാണിന്നും ഞാന്‍"
പ്രണയവും
പീഡനത്തിണ്റ്റെ മറ്റൊരു രൂപം മാത്രം. എന്നാല്‍ പീഡനത്തിലും പ്രണയത്തിലെ
പാരസ്പര്യത്തെ വളരെ സുന്ദരമായി അയ്യപ്പന്‍ കുറിച്ചിട്ടുണ്ട് താനും.
"വിഛേദിക്കപ്പെട്ട വിരലാണവള്‍
നഷ്ടപ്പെട്ടത് എണ്റ്റെ മോതിരക്കൈ"
"ഇന്ന്
നിന്നിലൂടെ
സമുദ്രത്തെ സ്വപ്നം കാണുകയാണ് ഞാന്‍. "
പ്രണയത്തെക്കുറിച്ചെഴുതുമ്പോഴും
തണ്റ്റെ കവിതകളുടെ കാതലായ വൈരുദ്ധ്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അദ്ദേഹം
ശ്രമിക്കുന്നില്ല.
"പറയൊന്നുണ്ടെന്നുള്ളില്‍
പ്രേമധാമത്തിണ്റ്റെ പേരില്‍
ഓര്‍മ്മയ്ക്കായ് പൊട്ടിച്ചൊരു
തേനരുവിയെത്തരാം. "
പ്രേമധാമത്തിണ്റ്റെ പേരില്‍ പോലും
ഉള്ളില്‍ ഒരു പാറ നിലനിര്‍ത്തുന്നവനാണ്, അയ്യപ്പന്‍. ആ പാറ പൊട്ടിച്ച്
അതിനുള്ളില്‍ നിന്ന് ഒരു തേനരുവി ഒഴുക്കാന്‍ കെല്‍പുള്ളതാണ് അദ്ദേഹത്തിണ്റ്റെ
പ്രേമം. ഈ ആര്‍ദ്രത പോലും അസംസ്കൃതമാണ്. തീരെ സംസ്കരിക്കപ്പെടാന്‍ തയ്യാറല്ല,
അദ്ദേഹം. ജീവിതത്തിലും കവിതയിലും.
പരസ്പര ബന്ധമില്ലാത്ത, പരസ്പരവിരുദ്ധം പോലുമായ
ബിംബങ്ങളിലൂടെയാണ് മലയാളത്തില്‍ സ്വന്തമായൊരു ഭാവുകത്വപരിസരം അയ്യപ്പന്‍
സൃഷ്ടിച്ചെടുത്തത്. കവിതയിലും ജീവിതത്തിലും ഒന്നും അദ്ദേഹം കെട്ടിപ്പൊക്കിയില്ല,
പക്ഷേ പലതും എറിഞ്ഞുടച്ചു. എറിഞ്ഞുടയ്ക്കുന്നതിലും സൌന്ദര്യമുണ്ടെന്ന് അയ്യപ്പന്‍
സ്വന്തം ജീവിതത്തിലൂടെ, കവിതയിലൂടെ തെളിയിച്ചു.
"മൌനബുദ്ധണ്റ്റെ മനസ്സില്‍
കലാപവും
കണ്ണില്‍ നിറയുന്ന മൂകവിലാപവും. "
അയ്യപ്പണ്റ്റെ ബുദ്ധന്‍ മനസ്സില്‍
കലാപമുള്ളവനാണ്, കണ്ണില്‍ മൂകവിലാപമുള്ളവനാണ്, രക്ഷകനാവുമ്പോള്‍ തന്നെ
കുഞ്ഞാടിണ്റ്റെ കണ്ണുകള്‍ എറിഞ്ഞ് പൊട്ടിക്കുന്നവനാണ്. ഈ ബുദ്ധന്‍ അയ്യപ്പന്‍
തന്നെയാണ്. ഉള്ളില്‍ കലാപമുള്ളപ്പോഴും കണ്ണില്‍ മൂകവിലാപവുമായി നടന്നു. ആ
മൂകവിലാപങ്ങള്‍ തന്നെയാണ് കവിതകളായി പുറത്തുവന്നത്.
ആവര്‍ത്തിച്ച്
പ്രത്യക്ഷപ്പെടുന്ന വിരുദ്ധങ്ങളായ ബിംബങ്ങളുടെ, ഭ്രാന്തന്‍ കാഴ്ചകളുടെ
ഘോഷയാത്രയാണ് അയ്യപ്പണ്റ്റെ കവിതകള്‍. പീഡനമെന്ന പൊതു ബോധമാണ് അതിലെ നീരൊഴുക്ക്.
ഇക്കാരണം കൊണ്ട് തന്നെയാവണം 'ഒരു തോട്ടത്തില്‍ വിരിയുന്ന ചെടികളുടെ
വൈവിധ്യത്തേക്കാള്‍ ഒരു ചെടിയില്‍ വിരിയുന്ന ഇലകളുടെ ഏകരൂപമായ ബഹുലതകളാണ് ഈ
രചനകള്‍ക്ക്' എന്ന് കവി സച്ചിദാനന്ദന്‍ നിരീക്ഷിച്ചത്.
ബോധത്തിണ്റ്റെ
പൂമുഖപ്പടിയില്‍ അയ്യപ്പനെ കയറ്റി ഇരുത്താന്‍ ഞാനടക്കമുള്ള മലയാളികള്‍
തയ്യാറായിട്ടില്ല. എന്നാല്‍ ഇഛയുടെ ആരാച്ചാരായ ദുസ്വപ്നം ബോധത്തില്‍ ചവുട്ടി
കടന്നുവരിക' തന്നെ ചെയ്യും, ആ കവിതകളുടെ രൂപത്തില്‍.
അയ്യപ്പന്‍ മരിച്ച സമയത്ത് മദിരാശി സര്‍വ്വകലാശാല മലയാളം വിഭാഗം സംഘടിപ്പിച്ച അയ്യപ്പന്‍ അനുസ്മരണത്തില്‍ അയ്യപ്പണ്റ്റെ കവിതകളെക്കുറിച്ച് നടത്തിയ പ്രഭാഷണം.
ReplyDeleteഅയ്യപ്പണ്റ്റെ ചരമദിനത്തില്‍ പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചു. പക്ഷേ രണ്ട് മൂന്ന് ദിവസം വൈകി. എണ്റ്റെ സിസ്റ്റം അയ്യപ്പനെപ്പോലെ ഇത്തിരി കുറുമ്പ് കാണിച്ചു. അത് കാരണം അന്ന് പോസ്റ്റ് ചെയ്യാനായില്ല. ഇന്നാണ് സാധിച്ചത്.
ഇതില്‍ നടത്തിയ ചില പരാമര്‍ശങ്ങളും പ്രയോഗങ്ങളും എണ്റ്റെ ബ്ളോഗ് സുഹൃത്ത് ധര്‍മരാജ് മടപ്പള്ളിയില്‍ നിന്ന് കടം കൊണ്ടതാണ്.
വളരെ നന്നായിട്ടുണ്ട്.
ReplyDeleteഅവസരോചിതമായി.നല്ല നിരീക്ഷണങ്ങള്‍ .
ReplyDeleteഉചിത ശ്രാദ്ധം
ReplyDeletegood attempt....study of ayyappas......thanks
ReplyDeleteനന്നായി. ബ്ലോഗിന്‍റെ ഫോര്‍മാറ്റില്‍ എന്തോ ഒരു പ്രശ്നം, വാക്കുകള്‍ക്കിടയില്‍ ഒരു പാട് ചതുരങ്ങള്‍ ! (ബ്രൌസര്‍ : Chrome )
ReplyDeleteഒരു കവിയുടെ പൂര്‍ണ്ണമായ ജീവിതം ജീവിച്ചവന്‍ അയ്യപ്പന്‍.
ReplyDeleteശ്രീകാന്ത് ചിലപ്പോള്‍ എണ്റ്റെ ബ്രൌസറിലും അങ്ങനെ കാണാറുണ്ട്. പക്ഷേ ഇപ്പോള്‍ എല്ലാം ശരിയായി കാണുന്നു.
ReplyDeleteബോധം അയ്യപ്പന്‍ ഇഷ്ടപ്പെട്ടതല്ല. ബോധമില്ലാതെ മാത്രമേ ഇക്കാലത്ത് വസ്തുതകള്‍ പറയാന്‍ പറ്റൂ. അല്ലെങ്കില്‍ മാവോവാദിയാക്കി തല്ലിക്കൊല്ലും.
ReplyDeleteനന്നായിട്ടുണ്ട്,,,
ReplyDeletenannayittundu.........................
ReplyDelete