പാടുക എന്ന ക്രിയയില്‍ കേള്‍ക്കുക എന്ന
പാസ്സീവ് ആയ മറ്റൊരു ക്രിയ അടങ്ങിയിരിക്കുന്നു. കേള്‍വി ഇല്ലെങ്കില്‍ പാട്ട് ഇല്ല
തന്നെ. കുളിമുറിപ്പാട്ടുകാരന്‍ പോലും പാടുമ്പോള്‍ അതിന് സമാന്തരമായി
കേള്‍ക്കുന്നുമുണ്ട്. ഓരോ പാട്ടും യഥാര്‍ത്ഥമോ സാങ്കല്‍പ്പികമോ ആയ ഒരു
കേള്‍വിക്കാരനോ അല്ലെങ്കില്‍ കേള്‍വിക്കാര്‍ക്കോ വേണ്ടിയാണ് പാടപ്പെടുന്നത്. ഒരു
ഗായകന്‍ അല്ലെങ്കില്‍ ഗായിക ആര്‍ക്കുവേണ്ടി പാടുന്നു എന്നുള്ളതാണ്
ശ്രുതി-ലയ-ഭാവങ്ങള്‍ അടങ്ങിയ പാട്ടിണ്റ്റെ രീതിയെ നിശ്ചയിക്കുന്നത്.
റെക്കോര്‍ഡിംഗ് സ്റ്റുഡിയോവിലെ ശീതീകരിച്ച അന്തരീക്ഷത്തില്‍ ശബ്ദത്തിണ്റ്റെ
സൂക്ഷ്മ ലയ വിന്യാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആലാപനം നടത്തുന്നയാള്‍
പാടുന്നത് സ്വീകരണമുറിയിലെ സ്വകാര്യ ശ്രവണേന്ദ്രിയങ്ങള്‍ക്ക് വേണ്ടിയാണ്.
സാങ്കല്‍പ്പികമായ, അമൂര്‍ത്തമായ കേള്‍വിക്കാര്‍ക്കുവേണ്ടി. അവനെ രസിപ്പിച്ച്
മയക്കുക എന്നതാണ് പാട്ടിണ്റ്റെ ദൌത്യം. ഇതിണ്റ്റെ മറുവശത്ത് തെരുവില്‍,
ആള്‍ക്കൂട്ടത്തിണ്റ്റെ നടുവിലിരുന്ന് വിയര്‍ത്ത്, തളര്‍ന്ന്, തൊണ്ടകീറി പാടുന്ന
തെരുവുഗായകണ്റ്റെ ലക്ഷ്യം തണ്റ്റെ മുന്നിലുള്ള പച്ചമനുഷ്യരാണ്. കേള്‍വിക്കാരണ്റ്റെ
കാതിനിമ്പം കൂട്ടുക എന്നതല്ല, മറിച്ച് അവരെ പാടിയുണര്‍ത്തി തണ്റ്റെ വയറിണ്റ്റെ
വിളിയെ അവരെ അറിയിക്കുക എന്നതാണ് അവണ്റ്റെ ദൌത്യം. അവന്‍ പാടുന്നത് തണ്റ്റെ
ദൈന്യതയെ കേള്‍വിക്കാരണ്റ്റേതുമായി താദാത്മ്യപ്പെടുത്തുവാനാണ്. അവന്‍ രണ്ട്
കാര്യത്തില്‍ ബദ്ധശ്രദ്ധനാണ്. ഒന്ന് ഉച്ചസ്ഥായിയില്‍ ഉറക്കെ പാടുക. മറ്റൊന്ന്
തണ്റ്റെ പാട്ടിനെ ഒരു നിലവിളിയായി പരിണമിപ്പിക്കുക, അല്ലെങ്കില്‍ തണ്റ്റെ ഉള്ളിലെ
നിലവിളിയെ പാട്ടാക്കി മാറ്റി പുറത്തുവിടുക.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇടയ്ക്കിടെ
മുംബൈയിലേക്കുള്ള തീവണ്ടിയാത്രകളില്‍ കഴുത്തില്‍ തൂക്കിയിട്ട ഹാര്‍മോണിയവും
ഡോലക്കുമായി വരുന്ന പാട്ടുകാര്‍ പതിവ് കാഴ്ചയായിരുന്നു. പോളിയോ ബാധിച്ച കൈകളും
വെയിലേറ്റ് ചെമ്പിച്ച തൊലിയുമായുള്ള ഒരാളായിരുന്നു, പ്രധാനി. പ്രശസ്തങ്ങളായ പല
ഹിന്ദി പാട്ടുകളും ഉച്ചസ്ഥായിയില്‍ അവര്‍ പാടിയിരുന്നു. ഒരിക്കല്‍ താജ്മഹല്‍ എന്ന
സിനിമയിലെ 'ജൊ വാദാ കിയാ വൊഹ് നിഭാനാ പഡേഗാ' എന്ന ഗാനം അവര്‍ പാടി കേട്ടത്
ഓര്‍മ്മയില്‍ ഇപ്പോഴും തെളിഞ്ഞുനില്‍ക്കുന്നു.
നമ്മുടെ നാട്ടിലും ഇങ്ങനെ തെരുവില്‍
പാടിനടന്നിരുന്ന പല പാട്ടുകാരും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ആധുനിക
ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ പ്രശസ്തമായ പാട്ടുകള്‍ ഇത്തിരി പോലും കലര്‍പ്പില്ലാതെ
കേള്‍ക്കാന്‍ സൌകര്യങ്ങള്‍ വളരെ സാധാരണമായതോടെ തെരുവിലെ പാട്ടുകേള്‍ക്കാന്‍
താല്‍പര്യമുള്ളവര്‍ കുറഞ്ഞുവന്നു. സ്വാഭാവികമായും തെരുവിലെ പാട്ടുകാരും
അപ്രത്യക്ഷരായി. സ്വീകരണമുറിയിലെ സ്വകാര്യതയിലിരുന്ന്, വീട് തരുന്ന സുരക്ഷിതത്വം
അനുഭവിച്ചുകൊണ്ട്, സൌകര്യപൂര്‍വം പാട്ട് കേള്‍ക്കാനാണ് നമുക്കിഷ്ടം. അതിന്
ചേര്‍ന്ന മൃദുവായ, മിനുസമുള്ള, സുഗമമായി ഒഴുകിയിറങ്ങുന്ന ശബ്ദമാണ് നമുക്ക് പഥ്യം.
സംഗീതത്തെ ഗൌരവമായി സമീപിക്കുന്നവരില്‍ പലരും മെഹ്ദി ഹസ്സനും, ഗുലാം അലിയും,
ജഗ്ജിത് സിംഗും, ഹരിഹരനുമൊക്കെ വ്യാപകമായി കേള്‍ക്കപ്പെടുമ്പോഴും നുസ്രത് ഫത്തേ
അലി ഖാന്‍ അത്ര തന്നെ സ്വീകരിക്കപ്പെടാത്തതും ഇതിനോട് ചേര്‍ത്ത്
വായിക്കാവുന്നതാണെന്ന് തോന്നുന്നു.
മലയാളിയുടെ പ്രിയപ്പെട്ട ബാബുരാജിനെക്കുറിച്ച്
ഓര്‍ത്തപ്പോള്‍ ( ബാബുരാജ് എന്ന സംഗീത സംവിധായകനെയല്ല, അദ്ദേഹത്തിലെ തികച്ചും
വ്യത്യസ്തനായ ഗായകനെ.) മനസ്സിലെത്തിയ കാര്യങ്ങളാണ് മുകളില്‍ കുറിച്ചത്.
പച്ചമുളയുടെ മാറ് നെടുകെ പിളരുമ്പോള്‍ ഉയരുന്ന നിലവിളിയാണ് ബാബുരാജിണ്റ്റെ ഉച്ച
സ്ഥായിയിലുള്ള ശബ്ദം. പാടുമ്പോഴുള്ള ഭാവമാകട്ടെ, അരക്ഷിതത്തിണ്റ്റേതായ
നിസ്സഹായതയും. ശബ്ദത്തിലെ ഈ നിസ്സഹായത ഗായകന്‍ മുകേഷിണ്റ്റെ ശബ്ദത്തില്‍ നമ്മള്‍
അറിഞ്ഞിട്ടുണ്ട്. മുകേഷിണ്റ്റെ ശബ്ദം ദത്തെടുക്കാന്‍ രാജ്കപൂറിനെ പ്രേരിപ്പിച്ചതും
ആ ശബ്ദത്തിണ്റ്റെ മാത്രം സ്വന്തമായ നിസ്സഹായതയുടെ ഭാവമല്ലേ...? അരക്ഷിത ബോധവും
നിഷ്കളങ്കമായ നിസ്സഹായതയും ഉള്ളില്‍ പേറി അലയുന്ന കഥാപാത്രങ്ങള്‍ രാജ്കപൂറിണ്റ്റെ
ആത്മകഥാപാത്രങ്ങളായിരുന്നല്ലോ.
'കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാന്‍ വന്നവന്‍
ഞാന്‍' എന്ന് ബാബുരാജ് പാടുമ്പോള്‍ വില്‍ക്കുവാന്‍ മറ്റൊന്നുമില്ലെങ്കിലും
വില്‍പ്പന നിയോഗമായിരിക്കുന്നവണ്റ്റെ ദൈന്യത തന്നെയാണ് ഉള്ളില്‍ നിറയുന്നത്.
അവണ്റ്റെ വിലാപമാണ് കാതില്‍ പതിയുന്നത്. കണ്ണീരും സ്വപ്നങ്ങളും മാത്രം
വില്‍ക്കാനായുള്ളവണ്റ്റെ മുന്നില്‍ കണ്‍മഷിയും കുങ്കുമവും കരിവളയും വാങ്ങാന്‍
പ്രണയിനി വന്നാലത്തെ സ്ഥിതിയോ...? ആ വിഷാദം അത്രയും ബാബുരാജിണ്റ്റെ സ്വരത്തില്‍
നമുക്കനുഭവിയ്ക്കാം. ഈ പാട്ടിണ്റ്റെ തനത് ഭാവമായ നിലവിളി യേശുദാസിണ്റ്റെ
സ്നിഗ്ദമധുരമായ ശബ്ദത്തില്‍ ഒരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. സുബൈദ എന്ന
ചിത്രത്തിലെ 'പൊട്ടിത്തകര്‍ന്ന കിനാവിണ്റ്റെ മയ്യത്ത്' എന്ന ഗാനം മറ്റൊരു
ഉദാഹരണമാണ്. ലളിതഗാനാലാപനത്തിലെ ഭാവസന്നിവേശത്തിണ്റ്റെ നേരടയാളമാണ്
ബാബുരാജിണ്റ്റെ ആലാപനം.
ബാബുരാജിലെ സംഗീതത്തിണ്റ്റെ ഉറവകള്‍ തേടിച്ചെല്ലുമ്പോള്‍
നാമെത്തുന്നത് തെരുവുഗായകനില്‍ തന്നെയാണ്. തെരുവില്‍ പാട്ടുപാടി നടന്നിരുന്ന
സബീര്‍ ബാബു എന്ന ബാലനെ മനുഷ്യസ്നേഹിയായ, സംഗീത പ്രേമിയായ. കുഞ്ഞുമുഹമ്മദ് എന്ന
പോലീസുകാരന്‍ കണ്ടെടുക്കുന്നിടത്താണ് നാമറിയുന്ന എം. എസ്. ബാബുരാജിണ്റ്റെ ചരിത്രം
തുടങ്ങുന്നത്. തെരുവില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരാളെ, അയാള്‍ എത്ര
ഔന്നത്യത്തിലെത്തിയാലും, ബാല്യത്തിലെ അശരണത്വം സൃഷ്ടിച്ച നിസ്സഹായത
ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കൊപ്പം വിടാതെ പിടികൂടുന്നത് തികച്ചും
സ്വാഭാവികം. സൂപ്പര്‍ ട്രാമ്പ് ആയചാര്‍ളി ചാപ്ളിണ്റ്റെ കഥാപാത്രങ്ങളിലുടനീളം ഈ
നിസ്സഹായത നമ്മള്‍ കണ്ടിട്ടുണ്ട്.
'പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
' എന്ന് ബാബുരാജ് പാടുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത് ഈ ഭാവമാണ്. സ്വയം
പാമരനെന്ന് അറിയുന്ന, പ്രണയിനിക്ക് പാര്‍ക്കാന്‍ താജ്മഹല്‍ തങ്കക്കിനാക്കള്‍
കൊണ്ട് മാത്രം കെട്ടാന്‍ കഴിയുന്ന വിഡ്ഡിയായ പ്രണയാതുരന്‍. ഈ നിസ്സഹായതയുടെ ഭാവം
യേശുദാസിണ്റ്റെ ശബ്ദത്തിലില്ലാതെ പോയത് അനുഭവതലത്തിലെ അന്തരം തന്നെയാണ്.
ബാബുരാജിണ്റ്റെ ശബ്ദത്തിലെ ഈ പ്രത്യേകതകളെക്കുറിച്ചുള്ള ഈ അറിവായിരിക്കുമോ ഈ
പാട്ടാണ് ബാബുരാജിണ്റ്റെ ആത്മഗീത് എന്ന് ഓ. എന്‍. വി സാറിനെക്കൊണ്ട്
പറയിച്ചത്.
തെരുവില്‍ പിറന്ന് മെഹ്ഫിലുകളിലൂടെ വളര്‍ന്നാണ് ബാബുരാജിണ്റ്റെ
സംഗീതം സിനിമയിലെത്തുന്നത്. സിനിമയില്‍ കേട്ടതല്ല, സ്വയം പാടിക്കേള്‍പ്പിച്ചതാണ്
യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിണ്റ്റെ പാട്ടുകള്‍. 'വേദനയുടെ ഉത്സവം' എന്ന്
വിളിക്കാവുന്ന പാട്ടുകള്‍. അവ സൃഷ്ടിച്ചത് സാങ്കല്‍പ്പികമായ ഒരു ആള്‍ക്കൂട്ടത്തെ
മുന്നില്‍ നിര്‍ത്തിയായിരിക്കണം. കേള്‍വിക്കാരണ്റ്റെ ഉള്ളിലെ മുറിവുകളില്‍
തൊടുമ്പോഴുള്ള നീറ്റലിണ്റ്റെ സുഖമാണ് ആ പാട്ടുകള്‍ തരുന്നത്. ഉള്ളിണ്റ്റെ
ഉള്ളില്‍ അനാഥത്വത്തിണ്റ്റെ വിഷാദം പേറുന്നവരുടെ പാട്ടാണ് അദ്ദേഹം പാടിയത്. അവയെ
സിനിമയെന്ന മായാലോകത്തിണ്റ്റെ പൊതുചാനലിലേക്ക് മയപ്പെടുത്തി എടുത്തു എന്നുമാത്രം.
'താമസമെന്തേ വരുവാന്‍ ' തുടങ്ങിയ അദ്ദേഹത്തിണ്റ്റെ മികച്ച സൃഷ്ടികള്‍ അദ്ദേഹം
പാടുമ്പോള്‍ എങ്ങനെയിരിക്കും എന്ന് അത്ഭുതപ്പെടാനേ നമുക്കാവൂ. അവ കേള്‍ക്കാന്‍
കഴിയാത്ത നമ്മള്‍ എത്ര നിര്‍ഭാഗ്യവാന്‍മാര്‍.
എം. എസ്. ബാബുരാജ് എന്ന നമ്മുടെ ബാബുക്ക വിട്ടുപോയിട്ട് 34 വര്‍ഷങ്ങളാവുന്നു. ഒരു ഒക്ടോ 7 ന് ചെന്നൈയിലെ ഒരാശുപത്രിയില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്നു. നിസ്വനായി നമ്മുടെ ഇടയിലേക്ക് കടന്നുവന്ന അദ്ദേഹം നിസ്വനായി തന്നെ നമ്മെ വിട്ടുപോവുകയും ചെയ്തു.
ReplyDeleteഅദ്ദേഹം സമ്പന്നനായിരുന്നു. സംഗീതം എന്ന സമ്പത്ത് കൊണ്ട്. പക്ഷേ ആ സമ്പത്ത് അദ്ദേഹം നമുക്ക് നല്‍കി, മുഴുവനായും. സംഗീതം നേടിത്തന്ന സമ്പത്താകട്ടെ അദ്ദേഹം പങ്കിട്ടു. പങ്കിടലിണ്റ്റെ സുഖം ആവോളം ആസ്വദിച്ചുകൊണ്ട് ഒന്നുമില്ലാതെ മരിച്ചു.
ആ മനുഷ്യണ്റ്റെ മഹാനായ സംഗീതകാരണ്റ്റെ ഓര്‍മ്മയില്‍ ഇത് ഞാന്‍ നിങ്ങളുമായി പങ്കിടുന്നു, ഇന്നും പ്രസക്തമായതിനാല്‍. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ദേശാഭിമാനി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.
പ്രിയ വിനോദ്,
ReplyDelete'ജൊ വാദാ കിയാ വൊഹ് നിഭാനാ പഡേഗാ' മരുഭൂമിയുടെ
അശാന്ത ഗര്‍ഭങ്ങളിലേക്ക് ഇരുള്‍ വന്നിറങ്ങി ഞാന്‍ എന്നെ, ചിരസ്മ്രുതികളില്‍ നിന്നും
വേര്പെടുവിക്കാന്‍ പാടു പെടുമ്പോള്‍ എന്റെ മൊബൈലില്‍ നിന്നും നിരന്തരം കൂടു തുറന്നു വിടുന്ന ഒരു പാട്ടാണിത്.
എനിക്ക് അത് ഒരു വിടുതലിന്റെ താക്കോലാണ്. നിന്റെ കുറിപ്പ് വായിക്കും വരെ. ഇനി എന്റെ ഉള്തടങ്ങളില്‍ നിന്നും
അത് ഏറ്റുപാടുക നിന്റെ തീവണ്ടികളിലെ ആ പാട്ട്കാരായിരിക്കും. ബാബുക്കയുടെ കുടുംബത്തെ സംരക്ഷിക്കാന്‍
അമ്മയോ, അമ്മായിയോ അങ്ങനെ ഏതോ ഒരു ....... സംഘടന ( ഡാഷ് ഇട്ടിടത്തു ഉചിതമായ തെറി ചേര്‍ത്തു വായിക്കാം) കോഴിക്കോട് വച്ച് ഒരു പാട്ട് രാത്രി നടത്തിയിരുന്നു. എന്നിട്ട് ബിച്ചയെ ( ബാബുക്കായുടെ ഭാര്യ) പിച്ചയാക്കി കടന്നു കളയുകയാണ് ചെയ്തത് എന്നൊരു പത്രവാര്‍ത്ത ബാബുരാജ് പാടിയ ഏതു പാട്ടിനെക്കാളും വേദനാജനകമാണ്.
ഭാര്‍ഗവീ നിലയത്തിലെ " ഏകാന്തതയുടെ അപാരതീരം " എന്ന പാട്ട് അദ്ദേഹത്തിന്റെ നോവലിലെ വരികള്‍ക്ക് ബാബുരാജ് ഈണം നല്‍കിയതാണെന്നു കൂടി അറിയുക. ഇന്നത്തെ ഈണം ഇട്ട് പാട്ടെഴുതിക്കുന്നവര്‍ ഇത് കൂടി അറിയേണ്ടതാണ്. ഒരു ലിറിക് കിട്ടിയാല്‍ അദ്ദേഹം മൂന്നു നാല് ഈണങ്ങള്‍ ഉണ്ടാക്കി വെക്കും എന്നീട്ടു മിക്കവാറും സംവിധായകന്‍ ഇഷ്ട്ടപ്പെടുന്നത് കൊടുക്കാറില്ല. സംവിധായകനോട് പിറ്റേന്ന് വരാന്‍ പറയും എന്നിട്ട് മറ്റൊരു ട്യൂണ്‍ ഇട്ടുകൊടുക്കും. എന്നിട്ട് പറയും ഞാന്‍ കമ്പോസ് ചെയ്യുന്നത് നിങ്ങളെ തൃപ്തിപ്പെടുത്താനല്ല എന്നെ തൃപ്ത്തിപ്പെടുത്താനാണ്.
ഷെഹബാസ് ആണ് ഇപ്പോള്‍ ഞാന്‍ ആ നിലക്ക് പ്രതീക്ഷിക്കുന്ന ഒരു കലാകാരന്‍.
നന്ദി സുഹൃത്തെ, ഈ കുറുപ്പിന്. വളരെ ഉചിതമായി. മുന്നത്തെ പോസ്റ്റെലെ അപാകതകള്‍ ഈ കുറിപ്പിലെ കൈയടക്കം കൊണ്ട് നികത്തി .
'ഏകാന്തതയുടെ അപാരതീരം' ആരുടെ നോവലിലെ വരികളാണെന്നാണ് പറഞ്ഞത്? ആ വിവരം എനിക്കറിയില്ലായിരുന്നു. ബാബുക്കയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിന്തകള്‍ ഘനീഭവിക്കും. അങ്ങനെ എഴുത്തിണ്റ്റെ സാന്ദ്രത വര്‍ദ്ധിക്കും. എഴുത്ത് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
ReplyDeleteവി ര്‍ സുധീഷിന്റെ ബാബുക്കയെ കുറിച്ച് ഒരു കഥ ....ആ കഥയാണ് ഇത് വായിക്കുമ്പോള്‍ മനസിലുടെ കടന്നു പോയത് ...
ReplyDeleteആ കഥ വായിച്ചിട്ടാണ് സുധീഷ് എന്റെ പ്രിയപ്പെട്ട കഥക്കാരനയത് എങ്കില്‍ ബാബുക്ക എന്റെ മനസിലെ ഒരു വിഗ്രഹമാണ് ..
ഒരിക്കലും ഉടയാത്ത പാമരനായ ഭാവ ഗായന്കന്റെ വിഗ്രഹം ...വിനോദ് വലിയ നമസ്ക്കാരം
ബാബുക്കയെ കുറിച്ച് എഴുതിയത് വളരെ ഹൃദ്യമായി.
ReplyDeleteനല്ല ലേഖനം..
ReplyDeleteവി. ആര്‍. സുധീഷിണ്റ്റെ കഥ മുമ്പ് വായിച്ചിട്ടുണ്ട്. ബാബുക്ക വെറുമൊരു സംഗീതകാരനായിരുന്നില്ല. സുധീഷിനെക്കൊണ്ട് അങ്ങനെ ഒരു കഥ എഴുതിച്ചതും പി. ഭാസ്കരനെക്കൊണ്ട് ഒരു കവിത എഴുതിച്ചതും ഒക്കെ അതുകൊണ്ടാണ്. മൈ ഡ്രീംസ്, നന്ദി.
ReplyDeleteവി. പി. അഹമ്മദ്, സ്മിത, നന്ദി, ഈ വരവിന്.
വളരെ വിത്യസ്തമായൊരു വായനാസുഖം കിട്ടി.അഭിനന്ദനങ്ങള്‍
ReplyDeleteനന്നായി എഴുതി.
ReplyDeleteആറങ്ങോട്ടുകര മുഹമ്മദ്, കുമാരന്‍, നന്ദി.
ReplyDeleteബഷീറിന്റെ ഭാര്‍ഗവീനിലയം എന്ന നോവലിലെ വരികളാണ് ഏകാന്തതയുടെ അപാരതീരം എന്നാ പാട്ടായി മാറിയത്.
ReplyDeleteതാങ്കളുടെ മുന്‍പത്തെ ചോദ്യം ഇന്നാണ് കണ്ണില്‍ പെട്ടത്.