ഇന്നലെ രാത്രി വളരെ വൈകിയാണ്, ബെന്യാമിണ്റ്റെ
പുതിയ പുസ്തകം പുസ്തകം വായിച്ചുതീര്‍ന്നത്. തീര്‍ന്നപ്പോള്‍ വല്ലാതൊരു ശൂന്യത
അനുഭവപ്പെട്ടു. വായന തുടങ്ങിയപ്പോള്‍ മുതല്‍ ഉദ്വേഗം നിറഞ്ഞ ആ അന്വേഷണത്തിണ്റ്റെ
ഭാഗമായിരുന്നല്ലോ ഞാനും. അവസാന വ്യാഴച്ചന്തയില്‍ വെച്ച് നോവലിണ്റ്റെ
പ്രകാശനത്തിനുശേഷവും ബെന്യാമിന് അന്വേഷണം അവസാനിപ്പിച്ച രീതിയില്‍ തൃപ്തി വരാതെ
നിബു സ്വയം നോവലിണ്റ്റെ അവസാനം വരെയും ഉത്തരം കിട്ടാത്ത ചോദ്യത്തിനു പിന്നാലെ
പോകാന്‍ തയ്യാറാകുന്നുണ്ട്. അതുപോലെയല്ലെങ്കിലും നോവലിനെ മനസ്സില്‍ നിന്ന്
പറിച്ചെറിയാന്‍ കഴിയാത്തതുപോലെ. രാത്രി ഏറെ നേരം ഉറക്കം വരാതെ കിടന്നു.
ചെറുപ്പത്തില്‍ വായനാശീലത്തിണ്റ്റെ തുടക്കത്തില്‍ പുസ്തകം കയ്യിലെടുത്താല്‍
തീര്‍ക്കുന്നതുവരെ ഒരു ലഹരി പോലെ അത് കൂടെയുണ്ടാവുമായിരുന്നു. അതൊക്കെ മിക്കവാറും
ദുര്‍ഗ്ഗപ്രസാദ് ഖത്രിയുടേയും മറ്റും ഡിറ്റക്റ്റീവ് നോവലുകളായിരുന്നു. വായന ശീലം
മാറുന്നതിനനുസരിച്ച് പുസ്തകം സമയമെടുത്ത് വായിക്കാന്‍ തുടങ്ങി. വായന ഒരു ലഹരി
അല്ലാതായി മാറിയപ്പോള്‍ ഒരു പുസ്തകം വായിക്കാന്‍ ദിവസങ്ങളെടുത്തു. വായന എവിടെ
നിര്‍ത്തിയാലും പിന്നീട് എന്ത് സംഭവിക്കും എന്നൊരു ആകാംക്ഷ ഇല്ലാതായി. പക്ഷേ
'മഞ്ഞവെയില്‍ മരണങ്ങള്' വായനയുടെ ആ ലഹരി ആണ് തിരിച്ചു കൊണ്ടുവന്നത്. ഗൌരവമായി
വായിക്കേണ്ടുന്ന ഒരു പുസ്തകം, എന്നാല്‍ വായനയുടെ 'ത്രില്‍' അവസാനം വരെ
നിലനിര്‍ത്തുന്ന പുസ്തകം.
ബെന്യാമിണ്റ്റെ പുതിയ പുസ്തകത്തെക്കുറിച്ച് ബ്ളോഗില്‍
വായിച്ചപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിരുന്നു, ആ പുസ്തകം വായിക്കണമെന്ന്. ഇത്തവണ
നാട്ടില്‍ പോയപ്പോള്‍ അന്വേഷിക്കാന്‍ തുടങ്ങി. കോഴിക്കോട്ടെ ഡി.സി. ബുക്സിലും
ഒലീവിലും ഒക്കെ അന്വേഷിച്ചിട്ടും കിട്ടിയില്ല. സ്റ്റോക്ക് തീര്‍ന്നിരുന്നു.
ഒടുവില്‍ ഏതൊ ഒരു ചെറിയ കടയില്‍ നിന്ന് കിട്ടി. എന്നെപ്പോലെ ധാരാളം പേരുടെ
വായനാശീലം മാറ്റിയ എഴുത്തുകാരനായിരിക്കുന്നു, ബെന്യാമിന് എന്ന് മനസ്സിലാകാന്‍ ഈ
അനുഭവം തന്നെ ധാരാളം ആയിരുന്നു.
ഏറെ കാലത്തിനുശേഷം ഒരു നോവല്‍ വായിച്ചത്
അദ്ദേഹത്തിണ്റ്റെ തന്നെ 'ആടുജീവിതം' ആയിരുന്നു. എവിടെയോ വായിച്ചതോര്‍ക്കുന്നു,
മലയാളിയെ വായനയിലേക്ക് തിരിച്ചുകൊണ്ടുവന്ന നോവല്‍ ആയിരുന്നു, അതെന്ന്. അങ്ങനെ
കേട്ടറിഞ്ഞാണ്, അത് തേടിപ്പിടിച്ച് വായിച്ചത്. മലയാളിയുടെ മൊത്തം കുത്തക
ഏറ്റെടുക്കാന്‍ ആവില്ലയെങ്കിലും എണ്റ്റെ വായനയുടെ കാര്യത്തില്‍ അത് തീര്‍ത്തും
ശരിയായിരുന്നു. ഞാന്‍ മാത്രമല്ല ഏത് പുസ്തകം കണ്ടാലും ഉറക്കം വരുന്ന എണ്റ്റെ
ശ്രീമതിയും ആ നോവല്‍ വായിച്ചുതീര്‍ത്തു.
'ആടുജീവിതം' ശ്രദ്ധേയമായത് അതിലെ
അനുഭവത്തിണ്റ്റെ തീക്ഷ്ണത കൊണ്ടായിരുന്നു. ഗള്‍ഫ് ജീവിതത്തിണ്റ്റെ നാം കാണാത്ത,
നന്മുടെ ഭാവനയില്‍ പോലും കടന്നുവരാന്‍ ഒരു സാദ്ധ്യതയില്ലാതിരുന്ന വരണ്ട
ജീവിതത്തിണ്റ്റെ നേര്‍ക്കാഴ്ചയായിരുന്നല്ലോ, ആ നോവല്‍. നജീബും അവണ്റ്റെ മരുഭൂമി
വാസത്തിനിടയില്‍ കണ്ടുമുട്ടിയ ചില മനുഷ്യജന്മങ്ങളും അതില്‍ കൂടുതലായി കുറേ
ആടുകളും. ഏറ്റവും വിപരീതമായ അവസ്ഥയില്‍ നിന്നുള്ള നജീബിണ്റ്റെ അതിജീവനത്തിണ്റ്റെ
കഥ, അതായിരുന്നു, ആ നോവല്‍. ആ അനുഭവം പകര്‍ത്താന്‍ ഭാവനയുടെ സഹായം അല്പം പോലും
ആവശ്യമില്ലായിരുന്നു. സാമാന്യം ഭാഷാ കൈവശമുള്ള ആരുടെ കൈയില്‍ കിട്ടിയാലും ആ നോവല്‍
പിറവി എടുക്കുമായിരുന്നു, എന്നാണ് നോവല്‍ വായിച്ചപ്പോള്‍ തോന്നിയത്.
അങ്ങനെ ഒരു
നോവലെഴുതാന്‍ ആര്‍ക്കും സാധിക്കും എന്ന ഒരു കെറുവ് തോന്നിയില്ലേ എന്നും സംശയം.
മലയാളികള്‍ അത്ര പെട്ടെന്ന് ആരേയും അംഗീകരിയ്ക്കില്ലല്ലോ. (അംഗീകാരം
നേടിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യം ചെയ്യപ്പെടാന്‍ ഒരിക്കലും അനുവദിക്കാത്ത വിധം
തോളിലേറ്റി നടക്കുകയും ചെയ്യൂം എന്നത് വേറെ കാര്യം ) പെട്ടെന്ന് ഉയര്‍ന്നുവരുന്ന
ഒരാളെ വിലയിരുത്താന്‍ ഒരു രണ്ടാം ശ്രമം വരെ കാത്തിരിക്കുക എന്ന് എണ്റ്റെ
തീവ്രവിശകലന ചാതുര്യം അന്ന് എന്നോട് പറഞ്ഞു.
പക്ഷേ ബെന്യാമിന് എണ്റ്റെ
കണക്കുകൂട്ടലുകളെയൊക്കെ തെറ്റിച്ചുകളഞ്ഞു. നോവല്‍ രചനയുടെ ക്രാഫ്റ്റിണ്റ്റെ
കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നോട്ട് പോയിരിക്കുന്നു, എന്ന് കാണിക്കുന്നതാണ്
പുതിയ നോവല്‍. രണ്ട് തലത്തില്‍ വായിക്കേണ്ടുന്ന ഒരു നോവല്‍. ഒന്ന് ബെന്യാമിണ്റ്റെ
നോവല്‍, മറ്റൊന്ന് നോവലിലെ കഥാപാത്രമായ ക്രിസ്റ്റി അന്ത്രപ്പേറിണ്റ്റെ നോവല്‍.
ഉള്‍നോവലും പുറം നോവലും രണ്ടും അന്വേഷണങ്ങളാണ്.
ഒരു നോവലിസ്റ്റ് ആകാന്‍ ജീവിതം
ഉഴിഞ്ഞ് വെച്ച ക്രിസ്റ്റി തണ്റ്റെ ആദ്യ നോവലിണ്റ്റെ രചനയിലാണ്. അതിനിടയില്‍
തണ്റ്റെ മുന്നില്‍ വെച്ച് നടക്കുന്ന ഒരു കൊലപാതകത്തിണ്റ്റെ വേരുകള്‍ തേടി പോവാന്‍
നിര്‍ബ്ബന്ധിതനാവുകയാണ്. സമാന്തരമായി ബെന്യാമിന് തണ്റ്റെ 'നെടുമ്പാശ്ശേരി' എന്ന
നോവലിണ്റ്റെ പണിപ്പുരയിലുമാണ്. നോവല്‍ പകുതിയില്‍ നിന്നുപോയപ്പോള്‍
തുടര്‍ന്നുപോകാന്‍ വല്ല തുമ്പും കിട്ടുമോ എന്ന ആലോചനയിലാണ്. അപ്പോഴാണ് കുറെ
മുമ്പ് തനിക്ക് ആരോ അയച്ചു തന്ന ഒരു കഥയുടെ ആദ്യഭാഗം വായിച്ചുതുടങ്ങുന്നതും
ക്രിസ്റ്റിയുടെ കഥയില്‍ എത്തിച്ചേരുന്നതും.
ക്രിസ്റ്റി അന്ത്രപ്പേര്‍ സ്വന്തം
നോവല്‍ മറന്ന് മരണത്തിണ്റ്റെ പുറകെ പോവുകയാണ്. അന്വേഷണം മുന്നോട്ട്
പോകുന്നതിനനുസരിച്ച് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു. ക്രിസ്റ്റിയുടെ
അന്വേഷണം അവനെ ഒരു തിരിച്ചറിവില്‍ എത്തിക്കുന്നുണ്ട്, താന്‍ ജനിച്ച് വളര്‍ന്ന,
ചെറിയ ദ്വീപായ ദീഗൊഗാര്ഷ്യ കറുത്ത വന്‍കരയേക്കാള്‍ നിഗൂഡതകള്‍ നിറഞ്ഞതാണെന്ന്.
തണ്റ്റെ നാടിനെക്കുറിച്ച് മാത്രമല്ല, വീടിനെക്കുറിച്ചുപോലും അറിഞ്ഞതില്‍ കൂടുതല്‍
തനിക്കറിയാത്തതാണെന്ന്.
ബെന്യാമിന് തണ്റ്റെ പാതിയാക്കിയ നോവല്‍ മറന്ന്
അയച്ചുകിട്ടിയ കഥയുടെ ബാക്കിഭാഗങ്ങള്‍ അന്വേഷിച്ചുപോകുന്നു. ക്രിസ്റ്റിയുടെ
നോവലിണ്റ്റെ ബാക്കി ഭാഗം അന്വേഷിച്ചുള്ള ബെന്യാമിണ്റ്റെ യാത്രയാകട്ടെ ദ്വീപിലും
വന്‍കരയിലുമായി പല തടസ്സങ്ങളും നേരിട്ട് മുന്നോട്ട് പോകുന്നു. അന്വേഷണം പല
നിഗൂഡതകളിലെക്കും വെളിച്ചം വീശുന്നുണ്ട്. നമ്മുടെ നാടിണ്റ്റെ നമ്മളറിയാത്ത പല
രഹസ്യങ്ങളും ചുരുളഴിയുന്നുമുണ്ട്.
ഈ അന്വേഷണം ഒരു കൂട്ടായ്മയുടെ കൂടി ഫലമാണ്.
എല്ലാ വ്യാഴാഴ്ചയും നടക്കുന്ന 'ആഴ്ചച്ചന്ത' യില്‍ ആണ് പദ്ധതികള്‍ രൂപം
കൊള്ളുന്നത്. കൂട്ടത്തിലെ എല്ലാവരും ജീവിച്ചിരിക്കുന്ന മനുഷ്യരാണ്. അവരൊക്കെ
അന്വേഷണത്തില്‍ പല രീതിയില്‍ സഹകരിക്കുന്നുണ്ട്. ആഴ്ചച്ചന്തയില്‍ പതിവുകാരായ
അവരൊക്കെ നോവലിലെ കഥാപാത്രങ്ങളായി മാറുന്നു. അതുപോലെ ഇണ്റ്റര്‍നെറ്റും ഫേസ്ബുക്കും,
ഓര്‍ക്കുട്ടും ഒക്കെ ഇതിലെ കഥാപാത്രങ്ങളാണ്.
രണ്ട് അന്വേഷണങ്ങളില്‍ ഏതാണ്
കൂടുതല്‍ ഉദ്വേഗജനകമെന്നത് പറയാനാവില്ല. രണ്ടും കൂടി ഉദ്വേഗത്തിണ്റ്റെ
വാള്മുനയിലൂടെ നടത്തിക്കുന്നു, വായനക്കാരനെ. ഈ ഉദ്വേഗം അവസാനം വരെ
നിലനില്ക്കുന്നു, എന്നുള്ളതാണ് നോവലിണ്റ്റെ വിജയവും.. അത്യന്തം സങ്കീര്‍ണമായ
സമസ്യയുടെ പൊരുള്‍ തേടി നടത്തുന്ന ഇവരുടെ കൂട്ടായുള്ള അന്വേഷണവും ചര്‍ച്ചകളും
തികച്ചും സ്വാഭാവികമാണ്. വായനക്കാരന് സ്വയം അറിയാതെ ഈ അന്വേഷണത്തിണ്റ്റെ
ഭാഗമായിത്തീരുന്നു. ഈ പുതിയ രീതി മലയാളത്തില്‍ ആരും പരീക്ഷിക്കാത്തതാണെന്ന്
തോന്നുന്നു.
കേരളത്തില്‍ പോര്‍ച്ചുഗീസുകാരുടെ വരവ്, കല്‍ദായ സഭയുടെ ചരിത്രം,
ഉദയംപേരൂറ്‍ എന്ന സ്ഥലത്തിണ്റ്റെ ചരിത്രം ഒക്കെ നോവലില്‍ കടന്നുവരുന്നുണ്ട്.
അതൊക്കെ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിണ്റ്റെ ഭാഗമായും ക്രിസ്റ്റിയുടെ കഥയുടെ
നേര് തേടി ബെന്യാമിന് നടത്തുന്ന അന്വേഷണത്തിണ്റ്റെ ഭാഗമായും നോവലില്‍
ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ്. അന്യംനിന്നുപോയ ഒരു നാട്ടുരാജാവിണ്റ്റേയും ആ
രാജ്യത്തിണ്റ്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന അനന്തരാവകാശികളുടെ മങ്ങാത്ത
പ്രതീക്ഷയുടെ കൂടിയും കഥയുണ്ട് നോവലില്‍.
രാത്രി ഏറെ വൈകി ഉറങ്ങിയ ശേഷം
ബെന്യാമിനോടൊപ്പം ആഴ്ചച്ചന്തയില്‍ ആയിരുന്നു, ഞാനും. ക്രിസ്റ്റിയുടെ
അന്വേഷണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്ന നാല്ക്കവലയില് ഏത്
പാത തിരഞ്ഞെടുക്കണമെന്ന ആലോചനയില്‍. മുന്നോട്ടുള്ള യാത്രയില്‍ ഏത് ഗ്രൂപ്,
ഓര്‍ക്കുട്ടോ, ഫേസ്ബുക്കോ, അതല്ല ക്രിസ്റ്റിയുടെ ജീവിയത്തിലെ നിരവധി ബന്ധങ്ങളില്‍
ഏതെങ്കിലുമോ, ആര് ഒരു സഹായമായെത്തും എന്നറിയാതെ. ഇപ്പോള്‍ അത് എണ്റ്റേയും കൂടെ
ഒരാവശ്യമാണല്ലോ. കാലത്ത് ഉണര്‍ന്നപ്പോഴാണ് ഓര്‍ത്തത് ക്രിസ്റ്റിയുടെ അന്വേഷണവും
ബെന്യാമിണ്റ്റെ അന്വേഷണവും അവസാനിച്ചു കഴിഞ്ഞ വിവരം. സത്യം കണ്ടെത്തിയതിണ്റ്റെ
ആശ്വാസം ഇല്ല എന്നാല്‍ അന്വേഷണത്തിണ്റ്റെ 'ത്രില്‍' നഷ്ടപ്പെട്ടതിണ്റ്റെ സങ്കടം
ഉള്ളില്‍ നിറയുന്നുണ്ട് താനും.
പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്, അത് മാത്രം.
ReplyDeleteഈ രണ്ടു നോവലും വായിക്കുവാന്‍ കഴിഞ്ഞില്ല . (പ്രവാസത്തിന്റെ തന്നെ പ്രശ്നം ) എങ്കിലും താങ്കളുടെ കുറിപ്പുകള്‍ എന്നിലെ ആവേശത്തെ വര്‍ദ്ധിപ്പിക്കുന്നു. . നന്ദി സുഹൃത്തേ.
ReplyDeleteഎണ്റ്റെ കുറിപ്പ് കണ്ട് ഒരാളെങ്കിലും പുസ്തകം വായിച്ചാല്‍ സന്തോഷം.
ReplyDeleteനല്ല കുറിപ്പ്. ഇനി പുസ്തകം കൂടി വായിക്കട്ടെ. അഭിനന്ദനങ്ങള്‍.
ReplyDeleteബെന്യാമിന്റെ പുസ്തകങ്ങള്‍ ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല...
ReplyDeleteഅദ്ദേഹത്തിന്റെ ബ്ലോഗിലെ ചില പുസ്തകാസ്വദനം വായിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ശൈലിയെ കുറിച്ച് ഏകദേശം ധാരണ കിട്ടിയതാണ്...
ഒരു പുസ്തകം എങ്ങനെയാണ് വായിക്കേണ്ടത് എന്നുള്ള മാതൃക കൂടിയായിയിരുന്നു ബെന്യാമിന് തന്റെ ബ്ലോഗില്‍ ജീന്‍ ക്രിസ്റ്റോഫ് എന്ന ഇംഗ്ലീഷ് നോവലിന്റെ ആസ്വദനത്തിലൂടെ കാണിച്ചു തന്നത്...
മഞ്ഞവെയില്‍ മരണങ്ങള് വായിച്ചില്ല...
വായിക്കാനുള്ള ലിസ്റ്റില്‍ ആദ്യസ്ഥാനങ്ങളില്‍ ഉള്ളതാണ്
ആടുജീവിതവും മഞ്ഞവെയില്‍ മരണങ്ങളും, ഫ്രാന്‍സിസ് ഇട്ടിക്കോരയും...
വായിക്കണം...
ഈ കുറിപ്പ് തീര്‍ച്ചയായും ആ ചിന്തയെ ഇരട്ടിപ്പിച്ചു...
മനോഹരമായി തന്നെ വിനോദ് പുസ്തകത്തിന്റെ ഉള്ളറകളെ കുറിച്ച് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു... അതിനു പ്രത്യേകം നന്ദി പറയുന്നു...
സ്നേഹപൂര്‍വ്വം
സന്ദീപ്
മഞ്ഞവെയില്‍ മരണങ്ങള്, എന്നാ നോവലിനെ കുറിച്ച് എവിടെയോ വായിച്ചിരുന്നു എന്നാല്‍ ഇത്ര വിശദമായി കണ്ടില്ല ...താങ്കളെ പോലെ തന്നെ എന്തും കിട്ടിയാല്‍ വായിക്കുന്ന ശീലം ഉള്ളത് കൊണ്ട് ഇതും വായിക്കും എന്നതില്‍ തര്‍ക്കമില്ല എന്നാല്‍ എത്രയും വേഗം വായിക്കണം എന്നാ ഒരു തോന്നല്‍ ഇതിലുടെ ഉണ്ടാവുന്നുട്
ReplyDeleteതാങ്കളുടെ നീരിക്ഷണം നന്നായിരിക്കുന്നു ,,എന്നാല്‍ ഒരാളെ തോളിലെറ്റിയാലും അയാള്‍ വല്ല തെറ്റും ചെയ്താല്‍ അയാളെ പരിഹസിച്ചു കൊല്ലാനും മലയാളികള്‍ മടിക്കാറില്ല ..
still word verificaiton ....???
സന്ദീപ്, സ്വപ്നങ്ങള്‍. അത്രയേ എഴുത്ത് കൊണ്ട് ഉദ്ദേശിച്ചുള്ളു. നന്ദി വായനയ്ക്കും നല്ല വാക്കുകള്‍ക്കും.
ReplyDeleteമഞ്ഞവെയില്‍ മരണങ്ങള് എന്ന ഈ പുസ്തകം എന്താണ്? ഇത് ചരിത്രമാണോ? നോവലിസ്റ്റിന്റെ മനോഹരമായ ഭാവനയാണോ? അതോ യാതൊരു നാട്യങ്ങളുമില്ലാതെ പറഞ്ഞു തീര്‍ത്ത ഒരു സസ്പെന്‍സ് ത്രില്ലറാണോ? എന്നോട് ചോദിച്ചാല്‍ ചരിത്രത്തില്‍ ഭാവന ചേര്‍ത്തെഴുതിയ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് ഞാന്‍ പറയും. നോവലിന് പോരായ്മകള്‍ ഇല്ല എന്നോ പരിപൂര്‍ണ്ണമായി നോവല്‍ ഗംഭീരമെന്നോ അല്ല ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. മറിച്ച് വായനക്കാരനെ നോവലിന്റെ ആഴങ്ങളിലേക്ക് നയിക്കുവാന്‍ , അതിന്റെ ഗഹനതയിലേക്ക് ഇഴുകിചേര്‍ക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട് എന്നാണ്. ഓരോ പേജും കടന്നുപോകുന്നത് നിറയെ വിസ്മയം സൃഷ്ടിച്ചുകൊണ്ടാണ്. ഇത്രമേല്‍ ലയിച്ചിരുന്ന് ഇതിന് മുന്‍പ് ഒരു പുസ്തകം വായിച്ചു തീര്‍ത്തത് സങ്കീര്‍ത്തനം പോലെയായിരുന്നു.
Deleteഈ പുസ്തകത്തിന്റെ വായനക്ക് ശേഷം ഒരു ചെറുകുറിപ്പും തുടര്‍ന്ന് എഴുത്തുകാരനുമായി ഒരു അഭിമുഖവും ചെയ്തിരുന്നു.. അത്രമേല്‍ മനസ്സില്‍ പിടിച്ച ഒരു പുസ്തകമായിരുന്നു മഞ്ഞവെയില്‍ മരണങ്ങള്.manorajkr.blogspot.in
നല്ല റിവ്യൂ.. വിരോധമില്ലെങ്കില്‍ ഇത് പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിലേക്ക് താങ്കളുടെ ക്രെഡിറ്റില്‍ ഉള്‍പ്പെടുത്തിക്കോട്ടെ.. ഒരു മെയിലിലൂടെ അറിയിക്കുമല്ലോ.. http://malayalambookreview.blogspot.in/
എണ്റ്റേത് ഒരു റിവ്യൂ എന്ന് അവകാശപ്പെടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പുസ്തകത്തിണ്റ്റെ വായനാനുഭവം മാത്രം. അത്രയേ ഉദ്ദേശിച്ചുള്ളൂ. ഇഷ്ടപെട്ടെന്നറിഞ്ഞതില്‍ സന്തോഷം. മെയില്‍ അയക്കുന്നു.
DeleteThis comment has been removed by the author.
ReplyDeleteനല്ല വായന. എങ്ങിനെയാണ് നോവൽ അവസാനിപ്പിക്കേണ്ടതെന്നറിഹെ പ്രയാസപ്പെടുന്ന നോവലിസ്റ്റിന്റെ അവസാനത്തിൽ നമുക്ക് കണ്ടെത്താൻ കഴിയുന്നില്ലേ? ആദ്യഭാഗം മുതൽ ഓരോ വരിയിലും കാത്തുസൂക്ഷിച്ച സൂക്ഷ്മതയും കൗതുകവും കഥാന്ത്യത്തിൽ വെയിലേറ്റ് വാടിയ, കൗതുകം ചോർന്ന ഒരു തന്തുവായി ചുരുങ്ങിപ്പോയിരിക്കുന്നു.
ReplyDeleteഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഫ്രാൻസിസ് ഇറ്റിക്കോരയുമായുള്ള അത്ഭുതമുളവാക്കുന്ന സാമ്യമാണ്. തുണിയുരിഞ്ഞ അഭിസാരികകളെ ഉപയോഗിച്ചാണ് ഇട്ടിക്കോരയിൽ ചരിത്രത്തെ വ്യഭിചരിച്ചതെങ്കിൽ മാന്യരായ ആണുങ്ങളെക്കൊണ്ടാണ് ബെന്യാമിൻ ചരിത്രത്തെ വളച്ചോടിക്കുന്നത് ന്ന വ്യത്യാസം മാത്രം. കഥയുടെ പ്ലോട്ടും ശൈലിയും കഥാപാത്രങ്ങളുടെ സ്വഭാവഗതികൾ വരേ സമാനതയിലെത്തുന്ന നിരവധി സന്ദർഭങ്ങൾ....