Saturday, October 15, 2011

പരപ്പനങ്ങാടിയുടെ ഉണ്ണിയേട്ടന്‍

'പരപ്പനങ്ങാടിയുടെ ഉണ്ണിയേട്ടന്‍ പോയി'. നടുവത്ത്‌ ശിവശങ്കരന്‍ നായരെന്ന ഉണ്ണിയേട്ടണ്റ്റെ മരണത്തെ മാതൃഭൂമിയുടെ ലേഖകന്‍ രേഖപ്പെടുത്തിയത്‌ അങ്ങനെയാണ്‌. പരപ്പനങ്ങാടിയില്‍ ഒരുപാട്‌ ഉണ്ണിയേട്ടന്‍മാരുണ്ടായിരുന്നെങ്കിലും പരപ്പനങ്ങാടിയുടെ ഉണ്ണിയേട്ടന്‍ അദ്ദേഹമായിരുന്നു, എന്ന്‌ ലേഖകന്‍ കൃത്യമായി പറഞ്ഞു. 

ഞങ്ങളുടെ തലമുറയുടെ മൊത്തം ഉണ്ണിയേട്ടന്‍. മനസ്സില്‍ പതിഞ്ഞുകിടക്കുന്ന ഉണ്ണിയേട്ടണ്റ്റെ ആദ്യ രൂപം ചുടലപ്പറമ്പ്‌ മൈതാനിയില്‍ ഫുട്ബോള്‍ കളിക്കുന്നതാണ്‌. വെറും കാലില്‍ പന്ത്‌ കളിക്കുന്നവരുടെയിടയില്‍ ബൂട്ടിട്ട്‌ കളിച്ചുകൊണ്ട്‌ ഉണ്ണിയേട്ടന്‍ ഉന്നതശീര്‍ഷനായി. പിന്നീട്‌ നവജീവന്‍ വായനശാലയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള നാടകങ്ങളില്‍ പൌരുഷത്തികവുള്ള വേഷങ്ങളില്‍ വന്ന്‌ ഞങ്ങളില്‍ ആരാധന നിറച്ചു. അക്കാലത്ത്‌ നവജീവന്‍ വായനശാലയുടെ വാര്‍ഷികാഘോഷം പരപ്പനങ്ങാടിയുടെ ദേശീയോത്സവമായിരുന്നു. കടവൂറ്‍ ചന്ദ്രന്‍പിള്ളയുടെ 'ദൈവം മരിച്ചു' എന്ന നാടകത്തില്‍ കേഡി കൊച്ചാപ്പുവായി അരങ്ങില്‍ നിറഞ്ഞുനിന്നു. 

 ഇതിനിടയില്‍ വെറും അഭിനേതാവ്‌ എന്ന നിലയില്‍ നിന്ന്‌ ഉണ്ണിയേട്ടന്‍ ഉയര്‍ന്നു. 1975-ല്‍ കേണല്‍ ഗോദവര്‍മ്മരാജ ട്രോഫിയ്ക്ക്‌ വേണ്ടിയുള്ള അഖില കേരള നാടക മത്സരത്തില്‍ അവതരണത്തിനുള്ള ഒന്നാം സമ്മാനം ഉണ്ണിയേട്ടന്‍ എഴുതി സംവിധാനം ചെയ്ത 'കഴുകന്‍' എന്ന നാടകത്തിനായിരുന്നു. അതില്‍ പ്രധാന വേഷം ചെയ്തതും അദ്ദേഹം തന്നെ. പിന്നീട്‌ 'ശവങ്ങള്‍', 'വളര്‍ത്തുനായ്ക്കള്‍', 'കളിയാട്ടം' തുടങ്ങി നാലു നാടകങ്ങള്‍ ഉണ്ണിയേട്ടന്‍ എഴുതി. 'ശവങ്ങള്‍' ധാരാളം വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിണ്റ്റെ നാടകങ്ങള്‍ നിന്നു പോയി. മദ്യത്തില്‍ മുങ്ങി എഴുതാത്ത ഒരു നാടകം അദ്ദേഹം ആടിത്തുടങ്ങി. ആടാതെ നില്‍ക്കാന്‍ വയ്യാത്ത ഒരവസ്ഥയിലേക്ക്‌ അദ്ദേഹം ഇടറിനീങ്ങി. വൈകി വന്ന വിവാഹവും കുട്ടികളും ഒന്നും ഉണ്ണിയേട്ടനെ രക്ഷിച്ചില്ല. മദ്യപാനം കാരണം നാടകം ഇല്ലാതായതോ, അതല്ല നാടകം ഇല്ലാതായത്‌ കാരണം അദ്ദേഹം മദ്യത്തില്‍ അഭയം തേടിയതോ എന്നറിയില്ല. 

 അപ്പോഴേയ്ക്കും നവജീവന്‍ വായനശാലയുടെ പ്രതാപകാലം അസ്തമിച്ചെങ്കിലും 'റെഡ്‌ വേയ്‌വ്സ്‌ ചെറമംഗലം' ഒരുക്കിയ വേദികളിലൂടെ ഞങ്ങള്‍ കാണികളുടെ സ്ഥാനത്തുനിന്നുയര്‍ന്ന്‌ അരങ്ങിലെത്തി. അപ്പോള്‍, റിഹേര്‍സല്‍ ക്യാമ്പ്‌ തുടങ്ങി അണിയറയില്‍ മേയ്ക്കപ്പ്‌ ഇടുന്നതിനു വരെ ഞങ്ങള്‍ക്കൊപ്പം ഉണ്ണിയേട്ടനുണ്ടായിരുന്നു, മദ്യം കൂടെയുണ്ടായിരുന്നെങ്കിലും. റിഹേര്‍സല്‍ ക്യാമ്പില്‍ ഞങ്ങളെ ചീത്ത പറഞ്ഞ്‌ തൊലി പൊളിച്ചു. നാടകത്തിലെ ചലനങ്ങള്‍, കൈ കാലുകളുടെ പ്രയോഗം തുടങ്ങി അരങ്ങത്ത്‌ ചെയ്യേണ്ട കാര്യങ്ങളുടേ ലിസ്റ്റ്‌ തായ്യാറാക്കുന്നതില്‍ വരെ അത്യാവശ്യമായ നിഷ്കര്‍ഷ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ഒരു സായാഹ്നത്തിനുവേണ്ടി ഒന്ന്‌ ഒന്ന്‌ ഒന്നര മാസത്തോളം ഞങ്ങള്‍ ഊണും ഉറക്കവും കളഞ്ഞു. ദിവസം മുഴുവന്‍ സാമ്പത്തിക സഹായത്തിനായി പരപ്പനങ്ങാടിയില്‍ വീട്‌ തോറും അലഞ്ഞു. രാത്രി റിഹേര്‍സല്‍ ക്യാമ്പിലെത്തി, നാടകം പഠിച്ചു. 

 ഈ കൂട്ടായ്മകളിലൂടെ സി. എല്‍. ജോസിണ്റ്റെ 'ജ്വലനം', കാലടി ഗോപിയുടെ 'ഏഴ്‌ രാത്രികള്‍', എം. ടി. യുടെ 'ഗോപുരനടയില്‍' സുരാസുവിണ്റ്റെ 'വിശ്വരൂപം' ഒക്കെ പരപ്പനങ്ങാടിക്കാര്‍ കണ്ടു. ഓരോ നാടകത്തിനു പിന്നിലും ഉണ്ണിയേട്ടണ്റ്റെ സാന്നിദ്ധ്യം അനിവാര്യമായും ഉണ്ടായി. സമാന്തരമായി ഞങ്ങളുടെ നാടകചിന്തകളും വളരുന്നുണ്ടായിരുന്നു. 'തനത്‌' നാടകവേദിയും, ജി. ശങ്കരപ്പിള്ളയുടെ 'സ്കൂള്‍ ഓഫ്‌ ഡ്രാമ' യും ഞങ്ങളുടെ നാടകഭൂമികയില്‍ ഇടം പിടിക്കുന്ന കാലം. പി. എസ്‌. എം. ഓ കോളേജിനു വേണ്ടി കോട്ടക്കലില്‍ നിന്നുള്ള ഹംസ ഒറ്റകത്ത്‌ എഴുതിയ 'കിരാതബലി' കോഴിക്കോട്‌ സര്‍വകലാശാലാ കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടി. നാടകത്തില്‍ ഞാനും ഇപ്പോള്‍ കോഴിക്കോട്‌ വിമാനത്തവളത്തില്‍ ജോലി ചെയ്യുന്ന ഹരിദാസും കാലടി സംസ്കൃത കോളേജില്‍ പ്രൊഫസറായ ഒമര്‍ തറമേലും ഒക്കെ അഭിനയിച്ചു. 

 നാടകം കണ്ട ഉണ്ണിയേട്ടന്‍ പക്ഷേ, അംഗീകരിയ്ക്കാന്‍ തയ്യാറായില്ല. തെയ്യക്കോലങ്ങളും താളത്തിലുള്ള ചലനങ്ങളും ഒക്കെ ആയി, അയഥാര്‍ത്ഥ തലത്തില്‍ നടക്കുന്ന നാടകം ഉണ്ണിയേട്ടണ്റ്റെ നാടക സങ്കല്‍പ്പത്തില്‍ നിന്ന്‌ പുറത്തായിരുന്നു. എന്നും പരീക്ഷണ നാടകങ്ങളോട്‌ ഒരകലം അദ്ദേഹം പാലിച്ചു. ആര്‍ക്കും കണ്ടാസ്വദിക്കാനാവുന്ന യഥാര്‍ത്ഥ തലത്തില്‍ നടക്കുന്ന സാമൂഹ്യ നാടകങ്ങള്‍ ആയിരുന്നു, ഉണ്ണിയേട്ടന്‌ നാടകങ്ങള്‍. പാരമ്പര്യത്തിണ്റ്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിയാന്‍ തയ്യാറാകാത്ത ഒരു കടുംപിടുത്തം കണിശക്കാരണ്റ്റെ ഉള്ളില്‍ മറഞ്ഞിരിക്കുന്നത്‌ എനിക്ക്‌ കാണാനായി. തണ്റ്റെ ശരികളില്‍ അദ്ദേഹം മുറുകെ പിടിച്ചു. ഒന്നില്‍ കൂടുതല്‍ ശരികളുണ്ടാവാനുള്ള സാദ്ധ്യത പോലും അദ്ദേഹം നിരാകരിച്ചു. 

 നാടകത്തിണ്റ്റെ കാര്യത്തിലും കാല്‍പ്പന്ത്‌ കളിയിലും കാണിച്ച അച്ചടക്കവും നിഷ്ഠയും സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ഉണ്ണിയേട്ടന്‌ പക്ഷേ കഴിയാതെ പോയതെന്തേ? എന്നും ഉള്ളില്‍ ചോദിക്കുകയും ഉണ്ണിയേട്ടനോട്‌ ചോദിക്കാനാവാഞ്ഞതും ആയ ചോദ്യം. ജോലി കിട്ടി ബോംബേയ്ക്ക്‌ പോയ ഞാന്‍ പിന്നീടറിഞ്ഞത്‌ ഒരു നല്ല ദിവസം ഉണ്ണിയേട്ടന്‍ മദ്യപാനം നിര്‍ത്തിയ വിവരമാണ്‌. നഷ്ടപ്പെട്ടുപോയ നാടകം പക്ഷേ ഒരിക്കലും അദ്ദേഹത്തിന്‌ തിരിച്ചു കിട്ടിയില്ല. നാടകം കിട്ടിയാല്‍ ജീവിതം കൈവിട്ടുപോകുമോ എന്നദ്ദേഹം പേടിച്ചിരുന്നിരിക്കണം. 

 എന്നാല്‍ നിരന്തര മദ്യപാനവും പുകവലിയും അതിണ്റ്റെ ജോലി ആ ശരീരത്തില്‍ ചെയ്തുകഴിഞ്ഞിരുന്നു. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ചത്‌ തുടക്കത്തില്‍ തന്നെ കണ്ടെത്തിയതിനാല്‍ അദ്ദേഹം ജീവിതത്തിലേയ്ക്ക്‌ തിരിച്ചുവന്നു, ഒരു ശ്വാസകോശം പകരം കൊടുത്തിട്ടാണെങ്കിലും. നിരന്തരമായ വലിവ്‌ കാരണം വീട്ടില്‍ നിന്ന്‌ പുറത്തുപോവാന്‍ പോലുമാവാതെ അദ്ദേഹം വീട്ടില്‍ ഒതുങ്ങിക്കൂടി. നാടകവും വായനശാലാപ്രവര്‍ത്തനവും സജീവ രാഷ്ട്രീയവും (കറ കളഞ്ഞ പാര്‍ട്ടി കൂറ്‌ പുലര്‍ത്തിയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാരനായിരുന്നു, അദ്ദേഹം.) ഒക്കെ ഒഴിവാക്കി. 

 ഉണ്ണിയേട്ടണ്റ്റെ മരണശേഷം വീട്ടില്‍ പോയപ്പോള്‍ യാദൃശ്ചികമായാണ്‌, അദ്ദേഹത്തിന്‌ വന്നിരുന്ന നിരവധി ക്ഷണക്കത്തുകളില്‍ ശ്രദ്ധ പതിഞ്ഞത്‌. ഓരൊ കത്തുകളിലും ചെറുതും വലുതുമായ നിരവധി കുറിപ്പുകള്‍. ക്ഷണിച്ച ആളുമായുള്ള ബന്ധം, ചടങ്ങിന്‌ പങ്കെടുക്കേണ്ടതുണ്ടോ ഇല്ലയൊ. എന്തുകൊണ്ട്‌, തുടങ്ങി ഒരുപാട്‌ കാര്യങ്ങള്‍ ആ കുറിപ്പുകളിലുണ്ടായിരുന്നു. ക്ഷണിക്കാന്‍ വരുന്നവരുടെ സമീപനത്തിലെ ആത്മാര്‍ത്ഥത വരെ കുറിച്ചുവെച്ചിരിക്കുന്നു. ചില കത്തുകളില്‍ ചടങ്ങ്‌ നടന്നതിനുശേഷം പങ്കെടുത്തോ ഇല്ലയോ എന്നും ഇല്ലെങ്കില്‍ എന്തു കൊണ്ടെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ചിലകത്തുകള്‍ സൂക്ഷിച്ചു വെയ്ക്കാന്‍ കാരണം എഴുതിയിരിക്കുന്നു. 

 ഒരു കുറിപ്പ്‌ ഇങ്ങനെ, "രണ്ടുപേരും ഈ വളപ്പില്‍ എല്ലാവരേയും ക്ഷണിച്ചു. ഇവിടെ കയറാതെ പോയി. പിന്നെ രണ്ട്‌ ദിവസം കഴിഞ്ഞ്‌ ...വും ...യും വന്ന്‌ ക്ഷണിച്ചു. ഈ കത്ത്‌ തന്നു." ഒരു കത്തില്‍ എഴുതിയിരിക്കുന്നു, "ഈ കവര്‍ സൂക്ഷിച്ചുവെയ്ക്കുന്നു, ഇതിണ്റ്റെ മേല്‍വിലാസമെഴുതിയ കൈയക്ഷരത്തിണ്റ്റെ ഭംഗി ഓര്‍ക്കാന്‍." മറ്റൊന്നില്‍ ഇങ്ങനെ, "ഒരു തെറ്റും കാണാത്ത ഇംഗ്ളീഷില്‍ ഉള്ള കത്ത്‌." ഇനിയൊരു കത്തില്‍ ക്ഷണിയ്ക്കാന്‍ വന്ന വീട്ടമ്മ കാറില്‍ നിന്നിറങ്ങാന്‍ മടിച്ചതും നിര്‍ബ്ബന്ധിച്ചപ്പോള്‍ ഇറങ്ങിവന്നതിനെക്കുറിച്ചും പരാമര്‍ശമുണ്ട്‌.


ഇനിയൊരു കത്തില്‍ കുറിപ്പ്‌ ഇത്തിരി ദീര്‍ഘമാണ്‌. " സ: പി. എം. ഗോപാലന്‍ സാറിണ്റ്റെ രണ്ടാമത്തെ മകണ്റ്റെ വിവാഹം. അദ്ദേഹം ഇവിടെ വന്ന്‌ ക്ഷണിച്ചു. (അദ്ദേഹത്തിണ്റ്റെ ഭാര്യമാതാവ്‌ ക്യാന്‍സര്‍ ആയി ചികിത്സയിലാണ്‌. വിവാഹം നിശ്ചയിച്ച ശേഷമാണ്‌ ക്യാന്‍സര്‍ ആണെന്ന്‌ കണ്ടെത്തിയത്‌. അതുകൊണ്ട്‌ തന്നെ സ്വന്തകാരും അയല്‍ക്കാരും മാത്രമേ സംബന്ധിക്കുകയുള്ളു. അതിനാല്‍ വരരുത്‌ എന്ന്‌ പറഞ്ഞാണ്‌ ക്ഷണിച്ചത്‌. അങ്ങിനെ ആര്‍ക്കാണ്‌ ക്ഷണിക്കാന്‍ കഴിയുക? ഒരു ഗോപാലന്‍ സാറിനല്ലാതെ? അതാണ്‌ സ്‌: ഗോപാലന്‍ സാര്‍.) അടിവരയും ബ്രായ്ക്കറ്റും ഒക്കെ കുറിപ്പിലുള്ളതാണ്‌. 

 ക്ഷണിച്ച ആളുമായുള്ള സാമ്പത്തിക ഇടപാടുകളും, തിരിച്ചു കൊടുക്കേണ്ട തുകയെക്കുറിച്ചും ഒക്കെ വിശദമായി എഴിയിരിക്കുന്നു. ചില കത്തില്‍ പണം കവറിലിട്ടു കൊടുക്കണമെന്നുകൂടി എഴുതിയിരിക്കുന്നു. ഒരു കത്തില്‍ ചടങ്ങ്‌ നടന്നുകഴിഞ്ഞതിനുശേഷമുള്ള തിയതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു, 'എന്നെ ഒറ്റയ്ക്കാക്കി പോകാനാവാത്തതിനാല്‍ പങ്കജം പോയില്ല' എന്ന്‌. ഇനിയൊരു കുറിപ്പില്‍ ഒരു ചടങ്ങിനു പോയി വന്നതിനുശേഷം കഠിനമായ ചുമ വന്നതും ഡോക്ടറെ കണ്ടപ്പോള്‍ ചീത്ത പറഞ്ഞതും ഒക്കെ എഴുതിയിരിക്കുന്നു. 

 കണിശകാരനെങ്കിലും ജീവിതത്തിണ്റ്റെ സിംഹഭാഗം കുത്തഴിഞ്ഞ രീതിയില്‍ കഴിയേണ്ടിവന്ന ഒരു മനുഷ്യണ്റ്റെ പശ്താത്താപം ആയിരിക്കുമോ ഈ കുറിപ്പുകളില്‍ പ്രതിപ്ഫലിക്കുന്നത്‌? അതോ എന്നും വിശ്വസിച്ചിരുന്നത്‌ പോലെ എന്തും താന്‍ ചെയ്താലേ ശരിയാവൂ എന്ന വാശിയില്‍, എന്നാല്‍ സ്വയം ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ മറ്റുള്ളവര്‍ക്ക്‌ വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലോ? രണ്ടായാലും ജീവിതത്തില്‍ കടുത്ത അച്ചടക്കം പുലര്‍ത്താന്‍ ശ്രമിച്ച ഒരു മനുഷ്യണ്റ്റെ മനസ്സ്‌ ഈ കുറിപ്പുകളില്‍ തെളിയുന്നു.

Thursday, October 13, 2011

മഴയുടെ ക്രൂരത.

അന്ന്‌ പതിവുപോലെത്തന്നെ രാവിലെ എണീറ്റു. കാലത്തെ കൊടുക്കല്‍വാങ്ങലുകള്‍ കഴിഞ്ഞ്‌ പതിവ്‌ ഷട്ടില്‍ കളിയ്ക്കാന്‍ പോയി. പോകുമ്പോള്‍ സെപ്റ്റംബര്‍ മാസം എത്തിയിട്ടും നന്നായി വിയര്‍ത്തു. നേരിയ മഴക്കാര്‍ വിയര്‍പ്പ്‌ കൂട്ടാന്‍ മാത്രമേ ഉതകിയുള്ളൂ.

കഴിഞ്ഞ ഒരാഴ്ചയായി ഇതു തന്നെയാണ്‌ അവസ്ഥ. കേരളത്തിലെ പതിവിലും നീണ്ട മഴക്കാലം ഫോണിലൂടെ നിരന്തരം പെയ്യുന്നുണ്ടായിരുന്നു. കേട്ടപ്പോള്‍ ഇത്തിരി പോലും കുളിരുന്നുണ്ടായിരുന്നില്ല. പകരം വിയര്‍പ്പിണ്റ്റെ പശിമ ഇത്തിരി കൂടി അലോസരപ്പെടുത്തി. പെയ്യാത്ത മഴയില്‍ വിയര്‍ത്ത്‌ കുളിച്ചുകൊണ്ടേയിരുന്നു.

പുറത്തെ ഈര്‍പ്പവും ഷട്ടില്‍ കോര്‍ട്ടിലെ ചൂടും ഒക്കെ കൂടി അരക്കാലുറയും ബനിയനും അലക്കി ഒലുമ്പിയെടുത്തതുപോലായി. പെട്ടെന്നാണ്‌ ആകാശം ഇരുണ്ടത്‌. കോര്‍ട്ടിണ്റ്റെ ആസ്ബസ്റ്റോസ്‌ ഷീറ്റില്‍ നിരന്തരമായ കല്ലേറ്‌ കൊണ്ട പോലെ ശബ്ദം കേട്ടുതുടങ്ങി. ഈ വര്‍ഷം ചെന്നൈയില്‍ കിട്ടിയ ഏറ്റവും നല്ല മഴ. ഒന്ന്‌ ഒന്നര മണിക്കൂറ്‍ മഴ നിന്നുപെയ്തു.

ഒരു മണിക്കൂറോളം കാത്ത്നിന്നെങ്കിലും മഴ തോര്‍ന്നില്ല. പിന്നെ ധൈര്യപൂര്‍വം മഴയില്‍ തന്നെ ബൈക്കോടിച്ച്‌ തിരിച്ചു പോന്നു (എണ്റ്റെ ഒരു ധൈര്യമേ..). മീനമ്പാക്കം സബ്‌വേയില്‍ വെള്ളം നിറഞ്ഞിരുന്നു. ഒരുവിധത്തില്‍ ബൈക്ക്‌ നിന്നുപോകാതെ വീടെത്തി. നല്ല മഴയില്‍ വന്നതുകൊണ്ട്‌ കുളി എളുപ്പമായി. നാലുദിവസം മുമ്പ്‌ പിടിച്ചുവെച്ച വെള്ളം കൂടുതല്‍ ഉപയോഗിക്കാതെ കഴിഞ്ഞു.

ഏറെ ദിവസങ്ങള്‍ക്കുശേഷം നടത്തിയ ഒരു സമ്പൂര്‍ണ കുളിയുടെ ആലസ്യത്തില്‍ ഒരു ചുടുചായയും മൊത്തിക്കൊണ്ട്‌ 'ഹിന്ദു' പത്രം തുറന്നു. രണ്ടാമത്തെ പേജില്‍ വലിയ അക്ഷരത്തില്‍ കാലാവസ്ഥാവകുപ്പിണ്റ്റെ പ്രസ്താവന ഉണ്ടായിരുന്നു. 'കൊടും ചൂട്‌ നാലഞ്ച്‌ ദിവസങ്ങള്‍ കൂടി നീളും.' നനഞ്ഞ്‌കുളിര്‍ത്ത എണ്റ്റെ ദേഹം വീണ്ടും വിയര്‍ക്കാന്‍ തുടങ്ങി. കാലാവസ്ഥാ വകുപ്പിണ്റ്റെ മുന്നറിയിപ്പിന്‌ തെല്ലും വിലകല്‍പ്പിയ്ക്കാത്ത മഴയുടെ നേരെ എണ്റ്റെ രോഷം തിളച്ചതിണ്റ്റെ ഫലമായിരുന്നു, ഇപ്പോഴത്തെ വിയര്‍പ്പ്‌.

Tuesday, October 4, 2011

പാട്ടുകള്‍ക്കുമപ്പുറം


മരണം ഒരു വ്യക്തിയുടെ അവസാനമാണ്‌. എന്നാല്‍ ആ വ്യക്തി പുനര്‍ജനിക്കുന്നുണ്ട്‌, പലരുടേയും ചിന്തകളില്‍. അതുവരെ കാണാത്ത പല കാര്യങ്ങളും പെട്ടെന്ന്‌ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു, ചില മരണങ്ങള്‍. അതുല്യ പ്രതിഭാശാലികളുടെ കാര്യത്തില്‍ ഇത്‌ വളരെ പ്രസക്തമാകുന്നു. ജോണ്‍സണ്‍ മാഷുടെ അകാലത്തിലുണ്ടായ അപ്രതീക്ഷ മരണം ഉള്ളിലെത്തിക്കുന്നത്‌ ഇങ്ങനെയുള്ള ആലോചനകളാണ്‌.

ജോണ്‍സണ്‍ മാഷെ ഒരിക്കല്‍ മാത്രമേ നേരില്‍ കണ്ടിട്ടുള്ളു. ദില്ലിയില്‍ വെച്ച്‌ ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുടെ കൂടെ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. സന്തത സഹചാരിയായ ഗിറ്റാര്‍ കഴുത്തില്‍ തൂക്കി, വഴങ്ങാത്ത, വെള്ളി വീഴുന്ന തൊണ്ടയില്‍ അദ്ദേഹം ചിലപാട്ടുകള്‍ പാടി. വേദി പുതിയ കുട്ടികള്‍ക്ക്‌ വിട്ടുകൊടുത്ത്‌ പിറകില്‍ ഇരുന്നിരുന്ന മാഷുമായി ദീര്‍ഘനേരം സംസാരിച്ചു.

അന്ന്‌ മാഷ്‌ പലതും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞ ഒരു കാര്യം മലയാള സിനിമാസംഗീതരംഗത്ത്‌ എഴുപതുകളോടെ ഉണ്ടായ ഒരപചയത്തെപ്പറ്റിയാണ്‌. ഏത്‌ പാട്ടും യേശുദാസ്‌ പാടിയാലേ തൃപ്തി വരൂ എന്ന്‌ ഇന്‍ഡസ്ട്രിക്ക്‌ നിര്‍ബ്ബന്ധമായി. യേശുദാസ്‌ എന്ന മഹാ ഗായകനെ സര്‍വ്വാത്മനാ അംഗീകരിക്കുമ്പോഴും സിനിമാരംഗത്തിനുണ്ടായ ഈ ശാഠ്യത്തിനോട്‌ മാഷ്ക്ക്‌ യോജിക്കാനായില്ല. നല്ല പാട്ടുകളെല്ലാം യേശുദാസിന്‌, അതുകഴിഞ്ഞാല്‍ ജയചന്ദ്രന്‌ അതും കഴിഞ്ഞ്‌ വല്ലതും ബാക്കിയുണ്ടെങ്കില്‍ മാത്രം ബ്രഹ്മാനന്ദനോ മറ്റോ. ഒരു തരം സംവരണം. ഈ സംവരണം കാരണം കോട്ടക്കല്‍ ചന്ദ്രശേഖരന്‍ അടക്കമുള്ള പ്രതിഭാശാലികളായ അനവധി ഗായകര്‍ക്ക്‌ അവസരം കിട്ടാതെ പോയി എന്ന്‌ മാഷ്‌ പരിതപിച്ചു.

എഴുപതുകള്‍ക്ക്‌ മുമ്പ്‌ അതായിരുന്നില്ല സ്ഥിതി. അന്നത്തെ സംഗീതസംവിധായകര്‍ പാട്ടിണ്റ്റെ മൂഡിനനുസരിച്ച്‌, സന്ദര്‍ഭമനുസരിച്ച്‌ പാട്ടുകാരനെ നിശ്ചയിക്കുകയായിരുന്നു. അതിനുള്ള സ്വാതന്ത്യ്രം അവര്‍ക്കുണ്ടായിരുന്നു. 'വണ്ടീ പുകവണ്ടീ ' പാടാന്‍ സീറൊ ബാബു എത്തിയതും 'നയാ പൈസയില്ല കൈയിലൊരു നയ പൈസയില്ല' പാടാന്‍ മെഹ്ബൂബ്‌ എത്തിയതും അങ്ങനെയാണ്‌. ചുഴിയില്‍ ബാബുക്ക സ്വയം പാടിയ ഒരു പാട്ടുണ്ട്‌. 'ഒരു ചില്ലിക്കാശുമെനിക്ക്‌ കിട്ടിയതില്ലല്ലൊ..' യേശുദാസും ജയചന്ദ്രനും ഒക്കെ ഉണ്ടായിട്ടും ആ പാട്ട്‌ ബാബുക്ക സ്വയം പാടാന്‍ തീരുമാനിക്കുകയായിരുന്നു. 'നീലക്കുയിലി'ലും 'നായര്‌ പിടിച്ച പുലിവാലി'ലുമെല്ലാം രാഘവന്‍ മാസ്റ്ററും മെഹ്ബൂബിണ്റ്റെ ശബ്ദം നന്നായി ഉപയോഗിച്ചു. 'കായലരികത്ത്‌ വലയെറിയാന്‍' സ്വയം തീരുമാനിച്ചു.

എന്നാല്‍ പിന്നീട്‌ ഇത്‌ പൂര്‍ണ്ണമായും മാറി. തൊണ്ണൂറുകളില്‍ 'ചെങ്കോല്‍' എന്ന സിനിമയില്‍ ഏതോ തെരുവ്‌ പാട്ടുകരന്‍ പാടുന്ന പാട്ടില്‍ ജോണ്‍സണ്‍ മാഷ്ക്ക്‌ യേശുദാസിനെ ഉപയോഗിക്കേണ്ടി വന്നു. കൈതപ്രത്തിണ്റ്റെ വരികള്‍ക്ക്‌ മാഷ്‌ തീര്‍ത്ത മനോഹരഗാനം യേശുദാസ്‌ അതിമനോഹരമായിത്തന്നെ പാടി. ജോണ്‍സണ്‍ മാഷ്‌ ചെയ്ത നല്ല പത്ത്‌ പാട്ടുകളെടുത്താല്‍ ഒന്ന്‌ ഈ പാട്ടായിരിക്കും. പക്ഷേ അത്‌ യേശുദാസിണ്റ്റെ പാട്ടായി മാത്രം നിന്നു. അതില്‍ തെരുവ്‌ ഗായകന്‍ ഇല്ലാതെ പോയി. 'കറുത്ത പക്ഷികള്‍' എന്ന സിനിമയില്‍ മുരുകന്‍ എന്ന തമിഴന്‍ തൊഴിലാളി ഇല്ലാത്തതുപോലെ. അക്കാലത്ത്‌ കേരളത്തില്‍ വന്ന്‌ ചില്ലറ ജോലികള്‍ ചെയ്തുജീവിച്ചിരുന്ന നിരവധി തമിഴ്നാട്ടുകാരുടെ നിസ്സഹായത, ജീവിതതിലെ അശരണത ഒക്കെ കാട്ടിയ സിനിമയില്‍ പക്ഷെ നമ്മള്‍ ആ തമിഴനെ കണ്ടില്ല. നമ്മള്‍ കണ്ടത്‌ മമ്മൂട്ടിയെ മാത്രം.

ഒരു പക്ഷേ മലയാള സിനിമയില്‍ നിന്ന്‌ വെവിധ്യമുള്ള കഥകളും കഥാപാത്രങ്ങളും അപ്രത്യക്ഷ്മായതിണ്റ്റെ തുടക്കം ഈ കാലയളവിലാണെന്ന്‌ തോന്നുന്നു. ചിലപ്പോഴെങ്കിലും അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വന്നപ്പോഴും പാട്ടുകള്‍ ശുദ്ധമലയാളത്തിലെഴുതി, ശുദ്ധസംഗീതത്തിണ്റ്റെ അകമ്പടിയോടെ യേശുദാസിണ്റ്റേയും ചിത്രയുടേയും ശ്രുതിമധുരമായ ശബ്ദങ്ങളില്‍ 'വേറിട്ടു' നിന്നു. 'അമരം' എന്ന ചിത്രം ഉദാഹരണം. 'ചെമ്മീന്‍'ഉം 'അമര'വും പറഞ്ഞത്‌ ഒരേ കടലിണ്റ്റേയും കടലിണ്റ്റെ മക്കളുടേയും കഥയാണെങ്കിലും പാട്ടിണ്റ്റെ കാര്യത്തിലെങ്കിലും അന്തരം ഏറെ.

എന്നാല്‍ 'ചമയം' എന്ന സിനിമയില്‍ ഇതിനൊരപവാദമായി ഒരു പാട്ട്‌ പിറന്നു. കൈതപ്രം രചിച്ച്‌ ജോണ്‍സണ്‍ മാഷ്‌ സംഗീതം ചെയ്ത 'അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്‌' എന്ന ഗാനം. ശരിക്കും കടലിണ്റ്റെ മണമുള്ള വരികള്‍ക്ക്‌ തികച്ചും നാടന്‍ ഈണം കൊടുത്ത്‌ മാഷ്‌ മനോഹരമാക്കിയ ഒരു ഗാനം. ഈ പാട്ടില്‍ കടലുണ്ട്‌, നാടകമുണ്ട്‌, നാടന്‍ കള്ളുണ്ട്‌, ഇതിണ്റ്റെയൊക്കെ അപ്പുറം അസംസ്കൃതമായ ഒരു താളമുണ്ട്‌.

ശബ്ദത്തിണ്റ്റെ കൃത്യമായ ഉപയോഗം കൊണ്ട്‌ ശ്രദ്ധേയമായ ഒരു പാട്ടാണ്‌ 2004 ല്‍ ഇറങ്ങിയ 'കഥാവശേഷന്‍' എന്ന ടി. വി. ചന്ദ്രന്‍ ചിതത്തിലെ 'കണ്ണു നട്ടുകാത്തിരുന്നിട്ടും..' എന്ന തീവ്ര വിഷാദഗാനം. പട്ടിണിയും ദുരിതവും നിറഞ്ഞ ബാല്യത്തിണ്റ്റെ ഓര്‍മ്മകള്‍ വിടാതെ പിടികൂടിയ ഇന്ദ്രന്‍സ്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിണ്റ്റെ വേദന നിറഞ്ഞ തൊണ്ടയില്‍ വിദ്യാധരന്‍ മാഷിണ്റ്റെ ശബ്ദം എത്ര കൃത്യമായാണ്‌ ചേരുന്നത്‌.... ഗിരീഷ്‌ പുത്തഞ്ചേരി എഴുതിയ ഓരോ വാക്കും കുതിര്‍ന്നിരിക്കുന്നത്‌ തോരാത്ത കണ്ണീരിലാണ്‌. പാട്ടില്‍ വിദ്യാധരന്‍ മാഷേയും പി. ജയചന്ദ്രനേയും ഉപയോഗിക്കാന്‍ കാണിച്ച ഔചിത്യത്തിന്‌ എം. ജയചന്ദ്രന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

മലയാളസിനിമാരംഗത്ത്‌ നില നിന്ന ഇത്തരം ദുശ്ശാഠ്യങ്ങള്‍ക്കെതിരായി ജോണ്‍സണ്‍ മാഷ്‌ നിരന്തരം കലഹിച്ചു. കലഹിച്ചിട്ട്‌ കാര്യമില്ലെന്നറിഞ്ഞിട്ടും, നഷ്ടം മത്രമേ ഉണ്ടാവുകയുള്ളൂ എന്നറിഞ്ഞിട്ടും അദ്ദേഹം കലഹിച്ചുകൊണ്ടേയിരുന്നു. കലഹിച്ചത്‌ പലപ്പോഴും മലയാള സിനിമയിലെ വിഗ്രഹങ്ങളോടായിരുന്നു, താനും. കലഹത്തെ ഒരു സര്‍ഗ്ഗപ്രവര്‍ത്തനമായി മാഷ്‌ കണ്ടിരുന്നോ എന്നറിയില്ല. പക്ഷെ മാഷുടെ കലഹത്തില്‍ ഒരു സര്‍ഗ്ഗാത്മകത ഉണ്ടായിരുന്നു, എന്നെനിക്ക്‌ തോന്നുന്നു. മാഷുടെ കലഹം ഏറ്റെടുത്ത്‌ വളര്‍ത്തിയെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നത്‌ മലയാള സിനിമാസംഗീതത്തിന്‌ ഒരു നഷ്ടമായി നിലനില്‍ക്കും, തീര്‍ച്ച.


കലഹിക്കുന്നവരെ ധിക്കാരികളും നിഷേധികളുമാക്കുന്ന ആധുനിക മലയാളികള്‍ മാഷേയും മൂലയ്ക്കിരുത്താന്‍ നോക്കി. പക്ഷേ സംഗീതം മാഷ്ക്ക്‌ തൊലിപ്പുറത്തുള്ളതായിരുന്നില്ല. അതുകൊണ്ട്‌ തന്നെ മലയാള സിനിമ മാഷെ തേടിവന്നുകൊണ്ടിരുന്നു. നല്ല ധാരാളം പാട്ടുകള്‍ പിറന്നു.

ജോണ്‍സണ്‍ മാഷുടെ സംഗീതത്തിന്‌ പിന്‍ഗാമികളുണ്ടായേക്കാം. പക്ഷേ കളങ്കമില്ലാത്ത, നിഷേധിയായ (ഉള്‍ക്കരുത്തുള്ള നിഷേധം) മാഷുടെ വിയോഗം തീരാത്ത നഷ്ടമായി ഉള്ളില്‍ നീറിക്കൊണ്ടേയിരിക്കും, അദ്ദേഹം ചെയ്ത മനോഹരങ്ങളായ നിരവധി പാട്ടുകള്‍ക്കൊപ്പം. സിനിമയില്‍ പാട്ടുപാടാന്‍ ഗായകര്‍ കാശുമായി സംഗീത സംവിധായകരെ തേടിനടക്കുന്ന ഇക്കാലത്ത്‌ പ്രത്യേകിച്ചും.