പ്രണയം കഥകളുടെ ഒരു അക്ഷയ ഖനിയാണ്. സാഹിത്യവും ഇതര കലാരൂപങ്ങളും ഉണ്ടായ കാലം തുടങ്ങി പ്രണയം ആണ് ഏറ്റവും കൂടുതൽ പകർത്തപ്പെട്ടിട്ടുള്ളത്. ലോകത്തിലെ അസംഖ്യം ഭാഷകളിലും രാജ്യങ്ങളിലും പ്രണയം സാഹിത്യത്തിലും, സിനിമയിലും പൂത്തുലഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ഇപ്പോഴും പ്രതിഭാശാലികശ്ൾക്ക് കണ്ടെടുക്കാൻ ഈ ഖനിയിൽ മുത്തുകളും രത്നങ്ങളും ബാക്കിയുണ്ട്. അവ എടുത്ത് മിനുക്കി നമുക്ക് മുന്നിലെത്തിച്ചാൽ ഇനിയും നമുക്ക് ആസ്വദിക്കാം.
വളരെ യാദൃശ്ചികമായി ഇന്ന് രാവിലെ യൂട്യൂബിൽ കണ്ട ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ചെറിയ ചിത്രം കണ്ടപ്പോൾ മനസ്സിലൂടെ മിന്നി മറഞ്ഞ കാര്യങ്ങളാണ് മുകളിൽ കുറിച്ചത്. ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്ത് ഇപ്പോൾ താമസിക്കുന്ന ഞാൻ ഈ മൂലയുടെ പ്രത്യേകതകൾ അറിയാൻ ശ്രമിക്കുകയാണല്ലോ...
പ്രിയയുടെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ഒരിടമുണ്ട്. എത്തിപ്പെടാൻ എളുപ്പമല്ലാത്തതാണ് ഈ മൂല. വഴിയിൽ കാടുകളും മലകളും പാറക്കെട്ടുകളും ഒക്കെയായി. അവിടെയും പ്രണയത്തിന്റെ ശക്തിയിൽ ഒരാൾ എത്തിപ്പെടുന്നു, അവൾ പോലുമറിയാതെ. അതൊരു അച്ചനായിരുന്നു. അവനെ സ്വന്തമാക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും അവൾ അവനെ അവിടെ കുടിയിരുത്തുകയാണ്. ‘മരിക്കുന്നതുവരെ എന്ന് അവൾ‘.
പ്രണയം കൈകാര്യം ചെയ്യുമ്പോൾ തികഞ്ഞ കൈയടക്കം വേണം. ഇല്ലെങ്കിൽ വഴുതി പ്പോകും. ഒടുവിൽ അത് അളിഞ്ഞ, വളിച്ച എന്തോ ഒന്നായി മാറും. ഇങ്ങനെ വഴുതിപ്പോകാതെ പ്രണയത്തിന്റെ അതിന്റെ എല്ലാ സൗന്ദര്യത്തോടും സൗരഭ്യത്തോടും അവതരിപ്പിക്കുന്നു, എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
പ്രണയം മനോഹരമായ, സുഗന്ധിയായ ഒരു പൂവാണ്. അതിനെ ഞെട്ടറുത്ത് തലയിൽ ചൂടാൻ ശ്രമിക്കുന്നതാണ് യഥാർത്ഥ പ്രണയനഷ്ടം എന്നതാണ് ഈ ചിത്രം പറയുന്നത്. ഒരിക്കൽ അച്ചൻ പറയുന്നു, “എന്നെ പോലെ പ്രണയിച്ചവർ ആരുമുണ്ടാവില്ല” എന്ന്. മറ്റൊരിക്കൽ ചോദ്കിക്കുന്നു, “മനസ്സിൽ പ്രണയമില്ലാത്തവനെങ്ങനെയാണ് ദൈവത്തിനടുത്തെത്താൻ പറ്റുക?” എന്ന്.
പ്രണയത്തിൽ നിന്ന് ഒളിച്ചോടുകയല്ല ദൈവത്തിലേക്കുള്ള വഴിയെന്ന് അച്ചൻ കാണിച്ചു തരുകയാണ്. താൻ കണ്ട ഏറ്റവും നല്ല പെൺകുട്ടിയാണ് പ്രിയയെന്ന് അച്ചൻ ആത്മഗതം ചെയ്യുന്നുണ്ട്. ’ഭംഗിയുള്ളതെന്തും അതേ പോലെ നില്ക്കട്ടെ‘ എന്നതാണ് അച്ചൻ പറയുന്നത്.
അച്ചനുമായി പിരിയുമ്പോൾ പ്രിയ വിളിച്ചു പറയുന്നുണ്ട്, പ്രതികാരമായി താൻ പ്രസവിക്കുന്ന ഓരോ കുഞ്ഞുങ്ങളേയും അച്ചനെക്കൊണ്ട് മാമോദീസ മുക്കിക്കുമെന്ന്. അവളോട് ’നിർബ്ബന്ധങ്ങളില്ലാത്ത പ്രണയം‘ ഉള്ളിൽ സൂക്ഷിക്കുന്ന അച്ചൻ അത് സന്തോഷപൂർവം സ്വീകരിക്കുന്നു. അവളുടെ കുഞ്ഞുങ്ങളെ മാമോദീസ മുക്കാൻ തയ്യാറാകുന്നു.
നിബന്ധനകളില്ലാത്ത, നിർബ്ബന്ധങ്ങളില്ലാത്ത പ്രണയത്തിന്റെ കഥയാണ് ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ഈ ഹ്രസ്വചിത്രം. അനൂപ് നാരായണനും കൂട്ടുകാർക്കും അഭിമാനിക്കാം ഇതരം ഒരു ചിത്രം തയ്യാറാക്കാൻ കഴിഞ്ഞതിൽ. ചിലയിടങ്ങളിൽ ചെറിയ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും തീരെ ചടുലമല്ലാത്ത രീതി ചിത്രത്തിന്റെ മൊത്തം ഫീലിന് യോജിക്കുന്നു. പ്രിയയെ അവതരിപ്പിച്ച അനീഷ ഉമ്മർ നന്നായി ചെയ്തിരിക്കുന്നു. മൊത്തം നടീനടന്മാരുടെ പ്രകടനം നന്നായിരിക്കുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റം ഇനിയും വിശുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത, സുന്ദരമായ പ്രകൃതിയാൽ സമൃദ്ധമാണ്. മനുഷ്യന്റെ ആർത്തി കോൺക്രീറ്റ് കാലുകൾ ഇറക്കി കീറിപ്പോളിച്ചിട്ടില്ലാത്ത ഇടം. മണിപ്പൂരും മേഘാലയയും മിസോറാമും നാഗാലന്റും ഒക്കെ ഈ ഇപ്പോഴും വന്യമായ, അകൃത്രിമമായ, സൗന്ദര്യത്തിന്റെ അടയാളങ്ങളങ്ങൾ തന്നെ. സ്വന്തമാക്കി നശിപ്പിക്കാൻ താല്പര്യമില്ലാത്ത പ്രണയത്തിനെ കുടിയിരുത്താൻ പറ്റിയ ഇടം വേറെ എവിടേ കിട്ടാൻ...!
http;//m.manoramaonline.com/movies/movie-news/2017/11/11/chat-with-aneesha-ummer.html
ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റം ഇനിയും വിശുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത, സുന്ദരമായ പ്രകൃതിയാൽ സമൃദ്ധമാണ്. മനുഷ്യന്റെ ആർത്തി കോൺക്രീറ്റ് കാലുകൾ ഇറക്കി കീറിപ്പോളിച്ചിട്ടില്ലാത്ത ഇടം. മണിപ്പൂരും മേഘാലയയും മിസോറാമും നാഗാലന്റും ഒക്കെ ഈ ഇപ്പോഴും വന്യമായ, അകൃത്രിമമായ, സൗന്ദര്യത്തിന്റെ അടയാളങ്ങളങ്ങൾ തന്നെ. സ്വന്തമാക്കി നശിപ്പിക്കാൻ താല്പര്യമില്ലാത്ത പ്രണയത്തിനെ കുടിയിരുത്താൻ പറ്റിയ ഇടം വേറെ എവിടേ കിട്ടാൻ...!
ReplyDeleteTks
Delete