Thursday, December 29, 2016

നമ്മൾ ജാനകിയമ്മയെ കേട്ടുകൊണ്ടേയിരിക്കും....

ആരാധകരൊക്കെ ജാനകിയമ്മ എന്ന് വിളിക്കുന്ന എസ്. ജാനകി പാട്ട് നിർത്തുന്നു, എന്ന് പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. മലയാളിയല്ലാഞ്ഞിട്ടും ഭാസ്കരൻ-രാഘവൻ ടീമിന്റെ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ കേരളഗ്രാമീണ വിശുദ്ധിയുടെ ശബ്ദമായിരുന്നു, എസ്. ജാനകി.  ഭാസ്കരൻ-ബാബുരാജ് ടീമിന്റെ പാട്ടുകളിലൂടെ മൂകപ്രണയത്തിന്റെ, പ്രണയ നഷ്ടത്തിന്റെ, അത് സൃഷ്ടിച്ച നൊമ്പരത്തിന്റെ ശബ്ദവുമായിരുന്നു. അവർ ഇനി പാടില്ല എന്ന് തീരുമാനിച്ചാലും അവരുടെ ശബ്ദത്തിലുള്ള മനോഹരഗാനങ്ങളും അവ മലയാളികളുടെ ഉള്ളിൽ സൃഷ്ടിച്ചിട്ടുള്ള പാടുകളും ഒരിക്കലും മായാതെ നില്ക്കും.
ഈയടുത്ത ദിവസം അന്തരിച്ച കർണ്ണാടക സംഗീതഞ്ജൻ  ബാലമുരളീകൃഷ്ണ വർഷങ്ങൾക്കുമുമ്പേ ഇനി മേലിൽ പൊതുപരിപാടികളിൽ സംഗീതക്കച്ചേരി അവതരിപ്പിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. താരതമ്യേന യുവനിരയിലുള്ള സംഗീതഞ്ജൻ ടി.എം.കൃഷ്ണ ചെന്നൈയിലെ മാർഗഴി സംഗീതമഹോൽസവത്തിൽ പാടില്ല എന്ന് പറഞ്ഞുകൊണ്ട് ചെന്നൈയിലെ പാവപ്പെട്ട സാധാരണക്കാരുടെ കുട്ടികളെ പഠിപ്പിക്കാൻ തെരുവിലേക്കിറങ്ങിയിട്ടുണ്ട്. ഇത് രണ്ടും അവരുടെ ഒരു തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കർണ്ണാടകസംഗീതത്തിന്റെ അന്തസ്സ് നഷ്ടപ്പെട്ട് അത് കച്ചവടവും വർഗ്ഗീയവുമായി എന്നാണ്‌ ബാലമുരളീകൃഷ്ണ പറഞ്ഞത്. ചെന്നൈയിൽ കർണ്ണാടസംഗീതരംഗത്ത് നിലനില്ക്കുന്ന ബ്രാഹ്മണമേധാവിത്തത്തിനെതിരായ പ്രതിഷേധമായിട്ടാണ്‌ ടി.എം.കൃഷ്ണയുടെ പ്രഖ്യാപനം. 

എന്നാൽ സിനിമാരംഗത്തുള്ള ഗായകരൊന്നും ഇതുവരെ ഇങ്ങനെയൊരു തീരുമാനമെടുത്തതായി  അറിയില്ല. ഗായകർ മാത്രമല്ല സിനിമാരംഗത്തുള്ളവരാരും തന്നെ വിരമിച്ചതായി അറിയില്ല. അവർ സ്വാഭാവികമായി മറഞ്ഞുപോകാനാണിഷ്ടപ്പെടുന്നത് എന്ന് തോന്നുന്നു. കണ്ണഞ്ചിക്കുന്ന പ്രഭാവലയത്തിനകത്ത് നിന്നുകൊണ്ടുതന്നെ  ഈ ലോകം വിടുക. എന്നാലിതാ താൻ വ്യത്യസ്തയാണെന്ന് ഒരിക്കൽ കൂടി ജാനകിയമ്മ പ്രഖ്യാപിച്ചിരിക്കുന്നു. മുമ്പ് 2013-ൽ പത്മഭൂഷൺ അവാർഡ് നിരസിച്ചുകൊണ്ട് നമ്മളെയെല്ലാം ഞെട്ടിച്ച പോലെ.

നാടകത്തെ ജീവനായി കാണുന്ന ഒരു നടൻ അഭിലഷിക്കുന്നത് അഭിനയിച്ചുകൊണ്ടിരിക്കെ തന്നെ സ്റ്റേജിൽ മരിച്ചുവീഴുക എന്നതാണ്‌. ഭരതന്റെ ‘ചമയം’ എന്ന സിനിമയിൽ അത്തരമൊരു കഥാപാത്രത്തെ നമ്മൾ കണ്ടിട്ടുണ്ട്. സംഗീതം തന്നെ ജീവിതമാക്കിയ ഒരു ഗായകനും ആഗ്രഹിക്കുന്നത് പാടിക്കൊണ്ടിരിക്കെ തന്നെ മറഞ്ഞുപോകുക എന്നതായിരിക്കും. സംഗീതം ശ്വസിച്ച്, സംഗീതം ഭക്ഷിച്ച്, ഓരോ അണുവിലും സംഗീതം മാത്രം നിറഞ്ഞു നിന്ന് ജീവിച്ച്, പാടിക്കൊണ്ടിരിക്കെ മരിച്ചുവീഴുന്ന ശങ്കരാഭരണം ശങ്കരശാസ്ത്രികളെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. സിനിമയിൽ അത്തരം കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സിനിമാരംഗത്തുള്ളവർ രംഗം വിട്ടുപോകാതിരിക്കുനതിനുപിന്നിൽ മറ്റു കാരണങ്ങൾ കൂടിയുണ്ട് എന്ന് തോന്നുന്നു. എന്നാൽ ജാനകിയമ്മ എന്നും പൊതുവഴിയിൽ നിന്ന് മാറിനടന്നു, അവരുടെ നിലപാടുകളുടെ കാര്യത്തിൽ.   



സിനിമാ പാട്ടുകളിൽ ജാനകിയമ്മ പല കുസൃതികളും ചെയ്തിട്ടുണ്ട്. നന്നേ ചെറിയ കുട്ടികളുടെ ശബ്ദത്തിൽ പാടിയിട്ടുണ്ട്. ഉദാഹരണം ‘ചിരിയോ ചിരി’ എന്ന ചിത്രത്തിൽ രവീന്ദ്രൻ മാഷുടെ സംഗീതത്തിൽ യേശുദാസുമൊത്ത് പാടിയ ‘കൊക്കാമന്ദി കോനാനിറച്ചി’ എന്ന പാട്ട്. പ്രായമേറെയുള്ള ഒരു മുത്തശ്ശി പാടുന്ന ശബ്ദത്തിൽ ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിൽ വിദ്യാസാഗറിന്റെ ശബ്ദത്തിൽ ‘ആഴക്കടലിന്റെ അങ്ങേക്കരയിലെ’ എന്നു തുടങ്ങുന്ന പാട്ട് പാടിയിട്ടുണ്ട്. ഒരു സിനിമയിലും പല വേദികളിലും പുരുഷന്റെ ശബ്ദത്തിൽ പാടി അവർ നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്. 

നമ്മുടെ പുരുഷകേന്ദ്രീകൃത ലോകത്തിൽ സ്ത്രീയുടെ ലോകത്തേക്ക് കടന്നുകയറാൻ അവന്‌ സാദ്ധ്യതയും സമ്മതിയുമുണ്ടെങ്കിലും തിരിച്ച് സമൂഹം അനുവദിക്കാറില്ല. സമൂഹം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും സ്ത്രീകൾ അതിന്‌ ഒരുമ്പെട്ടിറങ്ങാറുമില്ല. അതുകൊണ്ട് തന്നെ പുരുഷന്മാർ പലരും സ്ത്രീ ശബ്ദത്തിൽ പാടാറുണ്ടെങ്കിലും ഒരു സ്ത്രീ പുരുഷന്റെ ശബ്ദത്തിൽ പാടിയ അനുഭവം മുമ്പില്ല. അതിന്‌ തയ്യാറായത് ജാനകിയമ്മ മാത്രമായിരിക്കും. ഈ അസാധാരണ പ്രവർത്തി മനപ്പൂർവമോ അല്ലാതെയോ അവരുടെ അസാധാരണ വ്യക്തിത്വത്തിനെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് എന്റെ തോന്നൽ. 

പത്മഭൂഷൺ നിരസിച്ചുകൊണ്ട് അവർ പറഞ്ഞ കാര്യം വളരെ ശക്തമായിരുന്നു, വ്യക്തമായിരുന്നു. 55 കൊല്ലമായി പാടിക്കൊണ്ടിരിക്കുന്ന എനിക്ക് ഇതുവരെ തരാതിരുന്ന ബഹുമതി ഇപ്പോൾ തരുന്നതിൽ അർത്ഥമില്ല എന്ന് വെട്ടിത്തുറന്നു തന്നെയാണ്‌ അവർ പറഞ്ഞത്. അപ്പോഴും അതിൽ സങ്കടമോ നിരാശയോ ദേഷ്യമോ ഒന്നുമുണ്ടായിരുന്നില്ല. പറഞ്ഞത് ചിരിച്ചുകൊണ്ടായിരുന്നു, താനും. എന്നാൽ വാക്കുകൾ ഉറച്ചതായിരുന്നു. ഒരു പക്ഷേ ഒരു കലാകാരിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി, ജനങ്ങളുടെ ഇഷ്ടം, ആരാധന തനിക്ക് ആവോളമുണ്ടെന്ന തിരിച്ചറിവ് കൂടി ഈ നിരാസത്തിന്‌ കാരണമായിരിക്കും.    

2009-ൽ ഇന്ത്യയിലെ തന്നെ ആദ്യകാല ഗായികയായിരുന്ന ഷംഷാദ് ബേഗത്തിന്‌ പത്മഭൂഷൺ ബഹുമതി കൊടുത്തു. അത് സ്വീകരിക്കാൻ അവർക്ക് സ്റ്റേജിൽ എത്താൻ പോലും വയ്യായിരുന്നു. അവരെ വീൽ ചെയറിൽ കൊണ്ടുവന്ന് സ്റ്റേജിലെത്തിക്കുകയായിരുന്നു. തനിക്ക് രാജ്യത്തെ ഉന്നത ബഹുമതി സമ്മാനിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന് പോലുമറിയാതെ അവരുടെ കണ്ണുകൾ ശൂന്യതയിൽ തറഞ്ഞിരിക്കുകയായിരുന്നു. ആ മഹാഗായികയുടെ അവസ്ഥ കണ്ട് അന്ന് ജാനകിയമ്മ ധാർമികരോഷം കൊണ്ടതോർക്കുന്നു. ഇങ്ങനെയൊരവസ്ഥയിൽ അവർക്ക് ആ ബഹുമതി സമ്മാനിക്കുന്നത് അവരെ അവഹേളിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ അവർ പറഞ്ഞത്. മലയാളത്തിന്റെ സ്വന്തമായ ആദ്യകാല ഗായിക, തെന്നിന്ത്യയിൽ നിറഞ്ഞുനിന്നിരുന്ന പി. ലീലയ്ക്ക് പത്മഭൂഷൺ സമ്മാനിച്ചത് 2006-ൽ മരണാനതര ബഹുമതിയായിട്ടാണ്‌. അതിന്‌ ശുപാർശ ചെയ്തതാകട്ടെ, തമിഴ്നാട് സർക്കാരും.   
*
2013-ൽ എസ്. ജാനകിയ്ക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അത് നിരസിക്കുന്നതിനുമുമ്പ് അവർ തീർച്ചയായും ഷംഷാദ് ബേഗത്തെ, പി. ലീലയെ അതുപോലെ അവസരം നിഷേധിക്കപ്പെട്ട മറ്റു പലരേയും ഓർത്തിരിക്കും തീർച്ച. അവരുടെ വാക്കുകൾക്ക്, നിലപാടുകൾക്ക് ഇത്ര ശക്തി കൈവന്നത് അതുകൊണ്ട് തന്നെയായിരിക്കും. തന്നേക്കാൾ വളരെ ജൂനിയറായ ചിത്രയ്ക്കുപോലും 2005-ൽ പത്മശ്രീ കിട്ടിയെന്ന് നമുക്കറിയാം. സമകാലികനായ യേശുദാസിന്‌ 1975-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും കിട്ടിയെന്നതും ഓർക്കുക. ജാനകിയമ്മയുടെ സമകാലികയായ പി. സുശീലയ്ക്ക് 2008-ൽ തന്നെ പത്മഭൂഷൺ ബഹുമതി സമ്മാനിച്ചിരുന്നു. 

വിക്കിപീഡിയ പറയുന്നത് സുശീലാമ്മയേക്കാൾ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് ജാനകിയമ്മയാണെന്നാണ്‌. പാടിയ ഭാഷകളുടെ എണ്ണത്തിലും അവർ തന്നെ മുന്നിൽ. മലയാളത്തിലും സുശീലാമ്മയേക്കാൽ കൂടുതൽ പാട്ടുകൾ പാടിയത് ജാനകിയമ്മയാണ്‌. സുശീലാമ്മ പാടിയത് 1050 പാട്ടുകളാണെങ്കിൽ ജാനകിയമ്മ ഏറ്റവും ഒടുവിൽ പാടിയതടക്കം 1286 പാട്ടുകൾ പാടിയിരിക്കുന്നു. പാട്ടുകളുടെ എണ്ണം ഒരു അളവുകോൽ ആണെന്നല്ല ഞാൻ പറയുന്നത്. ഏറെക്കുറെ ഒരേ സമയത്ത് സിനിമയിലെത്തുകയും ഒരേ കാലയളവിൽ രംഗത്ത് തിളങ്ങിനില്ക്കുകയും ചെയ്ത രണ്ട് ഗായികമാരെ പരിഗണിക്കുന്നതിൽ നമുക്ക് വീഴ്ച പറ്റിയില്ലേ എന്ന് ആലോചിക്കുക മാത്രം.
                                                                          *
മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾക്ക് ഈണമിട്ട, ഏറ്റവും വൈവിധ്യങ്ങളായ രാഗങ്ങൾ ഉപയോഗിച്ച് വിജയിപ്പിച്ച ദേവരാജൻ മാഷുടെ ഇഷ്ടഗായിക എന്നും പി. സുശീലയായിരുന്നു. അത് കഴിഞ്ഞാൽ മാധുരിയും. എന്നാൽ ദേവരാജൻ മാഷ് കഴിഞ്ഞാൽ മറ്റ് ഒട്ടുമിക്ക സംഗീതസംവിഹായകരുടെയും മനോഹരങ്ങളായ സൃഷ്ടികൾ നമ്മൾ കേട്ടത് ജാനകിയമ്മയുടെ ശബ്ദത്തിലായിരുന്നു. ബാബുരാജ് (നിരവധി ഗാനങ്ങൾ), രാഘവൻ മാഷ്(മഞ്ഞണിപ്പൂനിലാവ്, ഉണരുണരൂ, കൊന്നപ്പൂവേ), ചിദംബരനാഥ് (പകൽക്കിനാവ്, മുറപ്പെണ്ണ്‌, കായംകുളം കൊച്ചുണ്ണി എന്നീ സിനിമയിലെ പാട്ടുകൾ), പുകഴേന്തി (വിത്തുകൾ, ഭാഗ്യമുദ്ര, സ്നേഹദീപമേ മിഴിതുറക്കൂ എന്നീ ചിത്രങ്ങളിലെ പാട്ടുകൾ), എം.എസ്.വിശ്വനാഥൻ ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ-ചന്ദ്രകാന്തം), എ.ടി.ഉമ്മർ (ആൽമരം, ആഭിജാത്യം എന്നീ ചിത്രങ്ങളിലെ പാട്ടുകൾ, ആലിംഗനത്തിലെ തുഷാര ബിന്ദുക്കളേ, അംഗീകാരത്തിലെ നീലജലാശയത്തിൽ എന്നീ പാട്ടുകൾ) ജോൺസൺ മാഷുടെ നിരവധി പാട്ടുകൾ ഒക്കെ ഉദാഹരിക്കാം. 

1957-ൽ ’വിധിയിൽ വിളയാട്ട്‘ എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ട് സിനിമാരംഗത്തുവന്ന എസ്. ജാനകി അതേവർഷം തന്നെ മലയാളത്തിൽ ’മിന്നുന്നതെല്ലാം പൊന്നല്ല‘ എന്ന സിനിമയിൽ പാടിയതായി ചില രേഖകളിൽ കാണുന്നു. എന്നാൽ മറ്റു ചില രേഖകളിൽ കാണുന്നത് ’മിന്നൽ പടയാളി‘ എന്ന ചിത്രത്തിൽ 1959-ൽ പാടിയതായിട്ടാണ്‌. രണ്ട് സിനിമകളുടെയും സംഗീതം നിർവ്വഹിച്ചിട്ടുള്ളത് എസ്. എൻ. രംഗനാഥൻ ആണ്‌. 1960-ൽ പി.സുശീല ആദ്യമായി പാടിയ ’സീത‘ എന്ന ചിത്രത്തിൽ വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ഒരു പാട്ട് അവർ പാടിയിട്ടുണ്ട്. ശേഷം രാഘവൻ മാഷുടെ സംഗീതത്തിൽ ഉണ്ണിയാർച്ച എന്ന ചിത്രത്തിലും പാടിയെങ്കിലും ബാബുരാജ് അവരെ കണ്ടുമുട്ടുന്നതാണ്‌ അവർക്കും മലയാളത്തിനും വഴിത്തിരിവാകുന്നത്. 

1962-ൽ പുറത്തുവന്ന ’നിണമണിഞ്ഞ കാൽപാടുകൾ എന്ന സിനിമയിൽ ‘മേ തോ ഗുംഘ്‌രു ബന്ധൂരേ’ എന്ന മീരാ ഭജൻ അതിമനോഹരമായി പാടിക്കൊണ്ടായിരുന്നു, ബാബുരാജുമൊത്തുള്ള അവരുടെ അരങ്ങേറ്റം. അത് അവരുടെയും അതിലുപരി മലയാളത്തിന്റേയും സൗഭാഗ്യമായി മാറുകയായിരുന്നു. എടുത്തുപറയേണ്ടതില്ലാത്ത നിരവധി പാട്ടുകൾ ഭാസ്കരൻ-ബാബുരാജ്-എസ്.ജാനകി കൂട്ടുകെട്ടിൽ നിന്നുണ്ടായി. ഒരിക്കൽ ചെന്നൈയിൽ വെച്ച് നേരിട്ട് കണ്ടപ്പോൾ ബാബുരാജുമായി ചേർന്നുള്ള പാട്ടുകളെക്കുറിച്ച് അവർ പേർത്തും പേർത്തും പറഞ്ഞതോർക്കുന്നു. 

മലയാളത്തോട് അവർക്ക് വല്ലാത്തൊരു സ്നേഹമായിരുന്നു. ഒരിക്കൽ പരപ്പനങ്ങാടിയിലെ അറീനയ്ക്കുവേണ്ടി അവരെ ചെന്നു കണ്ടിരുന്നു. കോഴിക്കോട്ടെ ബാബുരാജ് അക്കാഡമിയുടെ ഒരു പരിപാടിയിൽ അവർ പങ്കെടുക്കുമെന്ന് അറിഞ്ഞപ്പോൾ അതിന്റെ കൂടെ അറീനയുടെ ഒരു ചടങ്ങിൽ കൂടി പങ്കെടുക്കാൻ പറ്റുമോ എന്നറിയാനാണ്‌ അവരുടെ അടുത്ത് പോയത്. ടെലഫോണിൽ സമയം വാങ്ങുമ്പോൾ തന്നെ ശ്രദ്ധിച്ചു, എന്റെ തമിഴിലുള്ള സംസാരത്തിന്‌ അവർ മറുപടി പറയുന്നത് മലയാളത്തിൽ. മലയാളത്തിന്റെ ഉച്ചാരണം ശരിയല്ലെങ്കിലും മലയാളത്തിൽ തന്നെ സംസാരിക്കാൻ അവർ താല്പര്യം കാണിച്ചു. 
* അര മണിക്കൂർ അനുവദിച്ചു തന്ന സമയം നീണ്ട് നീണ്ട് മൂന്നു മണിക്കൂറായി. സംസാരവും പാട്ടുകളും നിർത്താൻ അവർ ഒരുക്കമല്ലായിരുന്നു. അന്ന് ഓർമ്മയിൽ നിന്ന് എടുത്തു പറഞ്ഞ ഒരു പാട്ട് ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന സിനിമയിലെ ‘കവിളത്തെ കണ്ണീർ കണ്ട് മണിമുത്താണെന്ന് കരുതി വിലപേശാനോടിയെത്തിയ വഴിയാത്രക്കാരാ‘ എന്ന പാട്ടാണ്‌. പാട്ടിന്റെ വരികൾ ഓർത്തെടുത്ത് മൂളി ’എന്ത് നല്ല ഭാവന‘ എന്നവർ ആശ്ചര്യം കൊണ്ടു.

കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്നും അതിനാൽ അറീനയുടെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നും അവർ പറഞ്ഞു. എങ്കിൽ പരിപാടിയിൽ വായിക്കാൻ ഒരു സന്ദേശം തരണം എന്ന് പറഞ്ഞപ്പോൾ സ്വയം ഒരു കാസറ്റ് എടുത്ത് അതിൽ അറീനയുടെ പരിപാടിയിൽ വായിക്കാൻ ഒരു സന്ദേശവും അതിനൊപ്പം കുറെ പാട്ടുകളുടെ പല്ലവിയും സ്വയം റെക്കോഡ് ചെയ്ത് തരാൻ അവർ തയ്യാറായി. പാട്ടുകളോട്, മലയാളികളോടുള്ള അകമഴിഞ്ഞ സ്നേഹമാണ്‌ അന്നവർ പ്രകടിപ്പിച്ചത്. 

ഇപ്പോൾ പിന്നണിഗാന രംഗത്തുനിന്ന് വിരമിയ്ക്കാൻ തീരുമാനിച്ചപ്പോഴും അവർ ഓർത്തത് മലയാളത്തെ. ബാലമുരളീകൃഷ്ണയും ഇനി പൊതുവേദിയിൽ പാടുകയില്ല എന്ന പ്രഖ്യാപനം നടത്തിയത് തിരുവനന്തപുരത്ത് ഒരു കച്ചേരി നടത്താൻ എത്തിയപ്പോഴായിരുന്നു. ജാനകിയമ്മയുടെ അവസാന പിന്നണിഗാനത്തിന്റെ സൃഷ്ടിയിലൂടെ ’പത്തുകല്പനകൾ‘ എന്ന സിനിമയും പാട്ടെഴുതിയ റോയ് പുറമടം, ഈണമിട്ട മിഥുൻ ഈശ്വർ തുടങ്ങിയവരും അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്‌. പ്രായം അനിവാര്യമായി ആ ശബ്ദത്തിന്റെ ഒഴുക്കിലും തടസ്സങ്ങളുണ്ടാക്കും.  ആ മധുര ശബ്ദത്തിലും പോറൽ വീഴ്ത്തും.  മറ്റു പല ഗായകരും ചെയ്യുന്നതുപോലെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്റെ ശബ്ദത്തിന്‌ കൃത്രിമശ്വാസോഛാസം നല്കി മുന്നോട്ട് പോകാൻ താല്പര്യം കാണിക്കാതിരുന്നതിന്‌ അവരെ അഭിനന്ദിക്കുക. അവർ ഇനി പാടിയാലും ഇല്ലെങ്കിലും കേരളത്തിലെ രണ്ട് തലമുറകളെങ്കിലും അവരുടെ പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കും.

അവസാനത്തെ പാട്ട് മലയാളത്തിൽ പാടി തന്റെ പിന്നണിഗാനജീവിതത്തോട് വിടപറയാൻ തീരുമാനിക്കുമ്പോൾ അവർ നമ്മൾക്ക് തരുന്നത് വലിയൊരു ബഹുമതി തന്നെ. ഒരു പക്ഷേ മലയാളിയല്ലാത്തതിന്റെ പേരിൽ അവരെ ഒരു പത്മാ അവാർഡിന്‌ ശുപാർശ ചെയ്യാൻ നമ്മൾ കാണിച്ച മടിയ്ക്കുള്ള മധുരമായ പ്രതികാരം. അപ്പോഴും ചിരിച്ചുകൊണ്ട് തന്നെ. 

    

*ചിത്രങ്ങൾ ജാനകിയമ്മയുടെ ചെന്നൈ നീലാങ്കരയിലുള്ള വീട്ടിൽ വെച്ച് അവരെ കണ്ട് സംസാരിച്ചപ്പോൾ എടുത്തത്

2 comments:

  1. നമ്മുടെ പുരുഷകേന്ദ്രീകൃത
    ലോകത്തിൽ സ്ത്രീയുടെ ലോകത്തേക്ക്
    കടന്നുകയറാൻ അവന്‌ സാദ്ധ്യതയും സമ്മതി
    യുമുണ്ടെങ്കിലും തിരിച്ച് സമൂഹം അനുവദിക്കാറില്ല.
    സമൂഹം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും സ്ത്രീകൾ
    അതിന്‌ ഒരുമ്പെട്ടിറങ്ങാറുമില്ല. അതുകൊണ്ട് തന്നെ പുരുഷന്മാർ പലരും സ്ത്രീ ശബ്ദത്തിൽ പാടാറുണ്ടെങ്കിലും
    ഒരു സ്ത്രീ പുരുഷന്റെ ശബ്ദത്തിൽ പാടിയ അനുഭവം മുമ്പില്ല. അതിന്‌ തയ്യാറായത് ജാനകിയമ്മ മാത്രമായിരിക്കും. ഈ അസാധാരണ പ്രവർത്തി മനപ്പൂർവമോ അല്ലാതെയോ അവരുടെ അസാധാരണ വ്യക്തിത്വത്തിനെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് എന്റെ തോന്നൽ.

    ReplyDelete