Thursday, August 15, 2013

മുത്തന്‍ റൈറ്റര്‍ കൃഷ്ണന്‍നായര്‍

ചിലരങ്ങനെയാണ്‌. നാടോടുമ്പോള്‍ കൂടെ ഓടാന്‍ ശ്രമിക്കാതെ, അത്‌ ശ്രദ്ധിക്കുക പോലും ചെയ്യാതെ ഒരരിക്‌ പറ്റി നടന്നുപോകും. തന്നെ കളിയാക്കുന്നവരെ തെല്ലും ഗൌനിക്കാതെ, ചുളിയുന്ന നെറ്റികള്‍ കാണാതെ തങ്ങളുടെ നടത്തം തുടരും. മറ്റുള്ളവരില്‍ നിന്ന്‌ മാറി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ കാരണം ബോധപൂര്‍വമല്ല ഈ വേറിട്ടുനടത്തം. തങ്ങള്‍ വേറിട്ടാണ്‌ നടക്കുന്നത്‌ എന്ന തോന്നല്‍ പോലും ഇവരില്‍ ഉണ്ടാകില്ല. ഇത്തരത്തിലൊരാളായിരുന്നു, ചെറമംഗലത്തെ മുത്തന്‍ റൈറ്റര്‍ കൃഷ്ണന്‍ നായര്‍. 

ഓര്‍മ്മ വെയ്ക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ ഒരു പെട്ടിക്കടയുമായി ഉണ്ട്‌. പരപ്പനങ്ങാടി താനൂറ്‍ റോഡില്‍ ചെറമംഗലം മനയിലേക്ക്‌ കയറാനുള്ള വഴിയ്ക്ക്‌ അരികില്‍ മനയ്ക്കല്‍ കുടുംബം സൌജന്യമായി അനുവദിച്ചുകൊടുത്ത ഇത്തിരി സ്ഥലത്ത്‌ ഒരു ചെറിയ പെട്ടിക്കട. കടയോട്‌ ചേര്‍ന്ന്‌ വലിയ നാട്ടുമാവ്‌. തൊട്ടരികില്‍ ആള്‍മറയില്ലാത്ത കിണര്‍. വഴിയാത്രക്കാര്‍ക്ക്‌ ദാഹം വന്നാല്‍ വെള്ളം കോരികുടിക്കാന്‍ വേണ്ടിയാണ്‌ കിണര്‍. എപ്പോഴും ഒരു തൊട്ടിയും കയറും സമീപത്തുണ്ടാവുമായിരുന്നു. എതിര്‍ വശത്ത്‌ ഒരു അത്താണി. ചുമടുമായി പോകുന്നവര്‍ ചുമടിറക്കി, ദാഹം തീര്‍ത്ത്‌ ഇത്തിരി വിശ്രമിച്ച്‌ വീണ്ടും നടത്തം തുടരും. ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഒരുപാട്‌ അരുതായ്മകള്‍ക്കിടായിലും ഇങ്ങനെ ചില നല്ല വശങ്ങള്‍ നിലനിന്നിരുന്നു. ഇന്ന്‌ സമ്പൂര്‍ണ കമ്പോളവല്‍ക്കരണത്തിണ്റ്റെ കാലത്ത്‌ ഇങ്ങനെയുള്ള അവസ്ഥയെ ഒരു ബിസിനസ്സ്‌ തുടങ്ങാനുള്ള സാഹചര്യമായി നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നു. അടുത്ത വീട്ടുകാരണ്റ്റെ ദാരിദ്യ്രം ഒരു കൈ സഹായം ചെയ്യാനുള്ളതല്ലെന്നും പറ്റുമെങ്കില്‍ കുറച്ച്‌ കാശ്‌ കടം കൊടുത്ത്‌ പലിശ വാങ്ങാനുള്ള അവസരമായി കാണണമെന്നുള്ളതാണ്‌ ബിസിനസ്സ്‌ പഠനത്തിണ്റ്റെ കാതല്‍. 

ഒരു മരപ്പെട്ടിയുമായി സാമ്യമുള്ളതായിരുന്നു, പെട്ടിക്കടയുടെ രൂപം. നാല്‌ മരക്കാലില്‍ ഉയര്‍ന്നുനില്‍ക്കുന്ന മരപ്പെട്ടി. മൂന്നു വശങ്ങളിലുമുള്ള മരപലകകള്‍ ആണി അടിച്ച്‌ ഉറപ്പിച്ചിരിക്കുന്നു. മുന്‍വശത്ത്‌ തുറക്കാന്‍ പാകത്തില്‍ മാത്രം മരം കൊണ്ടുള്ള നിരപ്പലക. പെട്ടിക്കട എന്ന പേര്‌ വന്നതുതന്നെ അക്കാലത്ത്‌ ധാരാളമായുണ്ടായിരുന്ന ഇത്തരം കടകളില്‍ നിന്ന്‌. കടയുടെ മുന്നില്‍ ഒരു ചെറിയ പലക നാല്‌ കാലില്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. അതില്‍ വെറ്റില, അടയ്ക്ക, ചെറുബീഡി, തീപ്പെട്ടി, വിലകുറഞ്ഞ മുട്ടായികള്‍ നിറച്ച ചെറിയ വായ്‌ വട്ടമുള്ള കുപ്പികള്‍. നിരപ്പലക തുറന്ന്‌ പെട്ടിക്കുള്ളില്‍ കാല്‌ പുറത്തേയ്ക്ക്‌ തൂക്കി ഇട്ടിരുന്നുകൊണ്ട്‌ കൃഷ്ണന്‍ നായര്‍ കച്ചവടം ചെയ്യും. പലകയുടേ മുകള്‍വശം മുറുക്കാന്‍ വെട്ടി വെട്ടി തേഞ്ഞ്‌ പോയിരിക്കുന്നു. കച്ചവടത്തില്‍ ഏറെയും കടമായിരുന്നു. കിട്ടാക്കടങ്ങള്‍ ഒരു ചെറിയ നോട്ടുപുസ്തകത്തില്‍ പെന്‍സില്‍ കൊണ്ടും അല്ലാത്ത ചെറിയ പറ്റ്‌ നിരപ്പലകയില്‍ ചോക്ക്‌ കൊണ്ടും എഴുതിവെയ്ക്കും. 

സ്ഥിരമായ പൊടിവലി കാരണം മീശയില്‍ എപ്പോഴും പൊടി പറ്റിയിരിക്കും. സ്വയം പൊടി വലിക്കുമ്പോള്‍ തന്നെ കടയില്‍ വരുന്നവര്‍ക്കൊക്കെ സമ്മാനിക്കുകയും ചെയ്യും. ഞാനും ചിലപ്പോള്‍ പൊടി വലിച്ചിട്ടുണ്ട്‌, കൃഷ്ണന്‍ നായരുടെ കൂടെ. എട്ടുമണിയോട്‌ കൂടി കടപൂട്ടി റാന്തല്‍ വിളക്കും തൂക്കി കൃഷ്ണന്‍ നായര്‍ വീട്ടില്‍ പോകും. വളരെ പതുക്കെ നടന്നുകൊണ്ട്‌. അന്നൊക്കെ എല്ലാവരും മെല്ലെയേ നടന്നിരുന്നുല്ലൂ. ഇന്നത്തെ പോലെ ധൃതി ആര്‍ക്കുമുണ്ടായിരുന്നില്ല.തീരെ ധൃതിയില്ലാതെ സഞ്ചരിച്ചിരുന്നിരുന്ന ആളുകളുടെ ഇടയില്‍ അവരേക്കാള്‍ മെല്ലെ നടന്നൂ കൃഷ്ണന്‍ നായര്‍. 

പക്ഷേ ഈ പെട്ടിക്കട കൃഷ്ണന്‍ നായര്‍ക്ക്‌ ഇരിക്കാനുള്ള ഒരിടം മാത്രമായിരുന്നു. അത്യാവശ്യം കൈനോട്ടം, മുഖലക്ഷണം പറയല്‍ ഒക്കെ ഉണ്ടായിരുന്നു. കൈനോട്ടത്തിലും മുഖലക്ഷണം പറച്ചിലിലും കൃഷ്ണന്‍ നായരുടെ പ്രാഗത്ഭ്യം നാട്ടില്‍ സംസാരവിഷയമായിരുന്നു. പങ്ങത്തൂറ്‍ തറവാട്ടിലെ ഒരാളുടെ കൈ നോക്കി ഭാര്യയുമായി പിരിയും എന്ന്‌ പറഞ്ഞതായും താമസിയാതെ അത്‌ നടന്നതായും ആളുകള്‍ പറഞ്ഞു. അതുപോലെ വെള്ളയില്‍ അപ്പുട്ടി എന്നയാളുടെ കൈനോക്കി ഒരാഴ്ച ശ്രദ്ധിക്കണം എന്ന്‌ പറഞ്ഞിരുന്നത്രേ. കൃഷ്ണന്‍ നായര്‍ പറഞ്ഞു എന്ന്‌ വിശ്വസിക്കപ്പെടുന്ന കാലാവധിക്കുള്ളില്‍ ഒരു കിണറ്‌ കുഴിച്ചുകൊണ്ടിരിക്കേ മണ്ണിടിഞ്ഞുവീണ്‌ അയാള്‍ മരിച്ചുവെന്നുള്ളത്‌ ശരി. 

അക്കാലത്ത്‌ വലിയ വിസ്താരത്തില്‍ മീറ്ററുകള്‍ അകലെ നിന്ന്‌ കുഴിച്ച്‌ ചെന്ന്‌ വെള്ളം കണ്ടതിനുശേഷം ചെങ്കല്ല്‌ കൊണ്ട്‌ കെട്ടിപ്പൊക്കിയായിരുന്നൂ, കിണറ്‌ നിര്‍മ്മാണം. ഏറ്റവും അടിയില്‍ നെല്ലി മരം കൊണ്ട്‌ വട്ടത്തിലുള്ള ആദ്യപടി വെക്കും. അതിനുമുകളിലായിരുന്നൂ, കല്ല്‌ കെട്ടി പൊക്കുക. ഒരു കിണര്‍ നിര്‍മ്മാണത്തിന്‌ മാസങ്ങള്‍ എടുക്കുമായിരുന്നു. എണ്റ്റെ കുട്ടിക്കാലത്ത്‌ വീട്ടില്‍ നടന്ന കിണര്‍ നിര്‍മ്മാണം ഓര്‍മ്മയില്‍ നേരിയ തോതില്‍ തങ്ങി നില്‍പുണ്ട്‌. പറമ്പില്‍ കുന്നുപോലെ കുഴിച്ചെടുത്ത മണ്ണ്‌. കുഴിച്ചെടുക്കുന്ന മണ്ണ്‌ മുകളിലെത്തിയ്ക്കാന്‍ താഴെ നിന്ന്‌ നീണ്ട വഴി, ചാല്‌ പോലെ. തീരെ ഉറപ്പില്ലാത്ത മണല്‍ പ്രദേശത്ത്‌ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ ധാരാളം അപകടങ്ങള്‍ പതിവായിരുന്നു. അന്ന്‌ നെല്ലിപ്പടി ഉറപ്പിച്ച്‌ പണിക്കാരെല്ലാം കയറിയതിനുശേഷം അപ്പുട്ടി വീണ്ടും ഇറങ്ങിയത്രേ, നെല്ലിപ്പടിയുടെ നിരപ്പില്‍ സംശയം തോന്നി അത്‌ ശരിയാക്കാന്‍. മറ്റുള്ളവരുടെ വിലക്ക്‌ വകവെയ്ക്കാതെ വീണ്ടും ഇറങ്ങിയ അയാള്‍ മണ്ണിടിഞ്ഞുവീണ്‌ മരിക്കുകയായിരുന്നു. 

പ്രവചനപ്രകാരം നടന്ന ഒന്നോ രണ്ടോ കാര്യങ്ങള്‍ കേട്ട്‌ ആളുകള്‍ മൂക്കത്ത്‌ വിരല്‍ വെയ്ക്കും. നടക്കാതെ പോയ നൂറ്‌ കാര്യങ്ങള്‍ ആരും പറയാറും ഇല്ല. ഇതു തന്നെ ആയിരിക്കില്ലേ കൃഷ്ണന്‍ നായരുടെ കാര്യത്തിലും സംഭവിച്ചിരിക്കുക? എന്തായാലും കൃഷ്ണന്‍ നായരുടെ കഴിവില്‍ ആളുകള്‍ വിശ്വസിച്ചു. 

കൃഷ്ണന്‍ നായര്‍ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി ആയിരുന്നത്രേ. കണക്കില്‍ ബഹു മിടുക്കന്‍. ഒമ്പതാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ചെറിയ തോതില്‍ ബുദ്ധിഭ്രമം വന്നു. ഏറെ നാള്‍ ചികിത്സ നടത്തി. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കുശേഷം ഒരു കാസിംകോയ തങ്ങള്‍ ആണത്രേ അസുഖം ഭേദമാക്കിയത്‌. അസുഖം ഭേദമായെങ്കിലും കൃഷ്ണന്‍ നായര്‍ പരിപൂര്‍ണമായും ഒരു സാധാരണ മനുഷ്യന്‍ ആയില്ല. അങ്ങിനെയിരിക്കെ കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ വീട്‌ വിട്ട്‌ പോകുന്നു. പിന്നീട്‌ തിരിച്ചുവരുന്നത്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞാണ്‌. തിരിച്ചുവന്ന അദ്ദേഹം ഇംഗ്ളീഷ്‌, ഹിന്ദി തുടങ്ങിയ ഭാഷകള്‍ മോശമില്ലാതെ കൈകാര്യം ചെയ്തിരുന്നു. കുടുംബ കാരണവരായ അമ്മാവണ്റ്റെ പീഡനം അസഹ്യമായിരുന്നതായി കൃഷ്ണന്‍ നായര്‍ പീടികയിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന റഹീമിനോട്‌ പറഞ്ഞിട്ടുണ്ട്‌. അന്ന്‌ നാടുവിടാന്‍ ഒരു പക്ഷേ ഇതും കാരണമായിരുന്നിരിക്കാം. 

ബ്രാഹ്മണ്യം കൊടികുത്തി വാണിരുന്ന അക്കാലത്ത്‌ അബ്രാഹ്മണര്‍ ആരായാലും അശ്രീകരം ആയി കണ്ടിരുന്നല്ലോ. ഒരിക്കല്‍ മനയ്ക്കലെ ഒരു വീട്ടില്‍ ഒരിക്കല്‍ ഉപനയന കര്‍മം നടക്കുമ്പോള്‍ അബദ്ധവശാല്‍ അതുവഴി കുട്ടിയായ കൃഷ്ണന്‍ നായര്‍ കടന്നുപോയി. അത്‌ കണ്ട്‌ അശുദ്ധം ആയി എന്ന്‌ പറഞ്ഞ്‌ ചടങ്ങുകള്‍ വീണ്ടും ചെയ്തതായി കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടുണ്ട്‌. ഇത്‌ കുട്ടിയായ തണ്റ്റെ ഉള്ളില്‍ ഉണ്ടാക്കിയ മുറിവിനെപ്പറ്റിയും അദ്ദേഹം റഹീമിനോട്‌ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുണ്ടെന്ന്‌ റഹീം പറയുന്നു. 

കൃഷ്ണന്‍ നായരുടെ മറ്റൊരു ഹോബി കവിത എഴുത്തായിരുന്നു. 'കിരാത സൂക്തം' എന്നൊരു കവിത അദ്ദേഹം എഴുതിയിരുന്നു. പക്ഷേ അതിണ്റ്റെ കോപ്പി കിട്ടാനുള്ള എണ്റ്റെ ശ്രമം വിജയിച്ചില്ല. പക്ഷേ 1984-ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകം അദ്ദേഹത്തെ കൊണ്ട്‌ വീണ്ടും ഒരു കവിത എഴുതിച്ചു. 'ആ അത്യാഹിതം' അല്ലെങ്കില്‍ 'ഇന്ദിരാഗാന്ധിയുടെ ദുരന്തമരണം - ഒരു അനുസ്മരണം' എന്നായിരുന്നു, കവിതയുടെ പേര്‌. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ചില പ്രാദേശിക പ്രശ്നത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ കൃഷ്ണന്‍ നായര്‍ അവര്‍ക്ക്‌ കത്തെഴുതിയതായി പറഞ്ഞുകേട്ടിരുന്നു. കവിതയുടെ രചയിതാവിണ്റ്റെ പേരായി കൊടുത്തിട്ടുള്ളത്‌ 'ഹൈപ്രകാശ്‌ ബാബു' എന്നാണ്‌. പുസ്തകത്തിണ്റ്റെ പകര്‍പ്പവകാശം പ്രസിദ്ധീകര്‍ത്താവായ കെ. നായരില്‍ നിക്ഷിപ്തമാണ്‌. കമ്മീഷന്‍ വ്യവസ്ഥയില്‍ പുസ്തകം ചിലവാക്കാന്‍ ഏജണ്റ്റുമാരെ ആവശ്യമുണ്ടെന്നും പുസ്തകത്തില്‍ പരസ്യമുണ്ട്‌. കവിതയുടെ നിലവാരത്തില്‍ കൂടുതലായി കൃഷ്ണന്‍ നായരുടെ വേറിട്ട രീതികളുടെ ഒരു നിദര്‍ശനമായി ഞാന്‍ ഈ പ്രവര്‍ത്തിയെ കാണുന്നു. 

കൃഷ്ണന്‍ നായര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്‌ 'മുത്തന്‍ റൈറ്റര്‍ കൃഷ്ണന്‍ നായര്‍' എന്നായിരുന്നു. കടയ്ക്ക്‌ മേല്‍ എഴുതിയും വെച്ചിരുന്നു, അങ്ങനെ. അത്‌ സ്വയം ചെയ്തതാണോ അതല്ല ആരോ കുസൃതികള്‍ ഒപ്പിച്ച പണിയാണോ എന്നറിയില്ല, ക്രമേണ ആ പേര്‌ സ്ഥിരമായി. അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നതില്‍ അദ്ദേഹത്തിന്‌ ഒരു പ്രയാസവും തോന്നിയിരുന്നില്ല. ഈ വിഷയം ചെറമംഗലത്തെ പ്രാദേശിക ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ്‌. 

ഒരിക്കല്‍ മനയ്ക്കലെ കാരണവര്‍ സന്ധ്യാവന്ദനം നടത്തുന്നതിനുമുമ്പായി കുളത്തിലിറങ്ങി കുളിച്ചുവരുമ്പോള്‍ ശൂദ്രണ്റ്റെ സാന്നിദ്ധ്യമറിയിച്ചുകൊണ്ടുള്ള 'ഹോയ്‌ ഹോയ്‌' വിളികേട്ടു. അശുദ്ധമായ കാരണവര്‍ വീണ്ടും ശുദ്ധമാകാന്‍ കുളത്തിലിറങ്ങി കയറി. വീണ്ടും അതെ 'ഹോയ്‌ ഹോയ്‌'. ഇത്‌ പലതവണ ആവര്‍ത്തിച്ചപ്പോള്‍ ഏതോ അദൃശ്യശക്തികളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം 'എനിക്ക്‌ സന്ധ്യാവന്ദനം ചെയ്യാന്‍ അനുവാദം തരണം: എന്താ വേണ്ടതെന്ന്‌ വെച്ചാല്‍ ചെയ്യാം' എന്ന്‌ ഉറക്കെ പറഞ്ഞപ്പോള്‍ തടസ്സം മാറിക്കിട്ടി എന്ന്‌ പഴമക്കാര്‍ വിശ്വസിച്ചു. 

പിന്നീട്‌ പ്രശ്നം വെച്ചപ്പോള്‍ 'കള്ളോടി മുത്തന്‍' എന്ന ശക്തിയുടെ പ്രവര്‍ത്തനമാണെന്ന്‌ മനസ്സിലാക്കിയെന്നും മുത്തനെ മനയുടെ കൈവശമുള്ള ഇത്തിരി സ്ഥലത്ത്‌ കുടിയിരുത്തി എന്നും ഐതിഹ്യം. പ്രദേശത്തെ ഹരിജനങ്ങള്‍ പറയുന്ന കഥ കുറച്ചുകൂടി പഴയകാലത്തേക്ക്‌ നീളുന്നു. കളര്‍കോട്‌ മുത്തന്‍ മനയ്ക്കലെ പണിക്കാരനായിരുന്നത്രേ. മനയ്ക്കലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായ മുത്തനെ അന്നത്തെ തമ്പുരാക്കന്‍മാര്‍ കൊലപ്പെടുത്തി കുഴിച്ചുമൂടി. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തു എന്ന്‌ വിശ്വാസം. അകാലമരണമടഞ്ഞ മുത്തണ്റ്റെ ആത്മാവ്‌ ഗതികിട്ടാതെ അലഞ്ഞു നടന്നു. അന്ന്‌ കാരണവരെ സന്ധ്യാവന്ദനത്തില്‍ തടസ്സപ്പെടുത്തിയത്‌ മുത്തണ്റ്റെ ആത്മാവ്‌ ആയിരുന്നുവെന്നും പ്രായശ്ചിത്തമായാണ്‌ മുത്തനെ കുടിയിരുത്തിയതെന്നും അവര്‍ വിശ്വസിക്കുന്നു. 

ഈ സ്ഥലം ഇപ്പോള്‍ കൃഷി വകുപ്പിണ്റ്റെ കീഴിലുള്ള തെങ്ങിന്‍ തൈ ഉല്‍പാദനകേന്ദ്രത്തിണ്റ്റെ വടക്കു കിഴക്കേ അതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്ന മുത്തന്‍ കാവായ്‌ മാറി. കുറച്ചുകാലം മുമ്പ്‌ വരെ ഹരിജനങ്ങളുടെ ചില പൂജയെല്ലാം അവിടെ നടക്കാറുണ്ടായിരുന്നു. ഇടക്കാലത്ത്‌ ഇത്‌ നിന്നുപോയി. മൂന്നിയൂരെ പെരുങ്കളിയാട്ടത്തിന്‌ എഴുന്നള്ളിച്ച്‌ കൊണ്ട്പോകുന്ന പൊയ്‌കുതിരകള്‍ മുത്തന്‍ കാവ്‌ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. കര്‍ക്കിടകസംക്രാന്തി ദിവസം ഇവിടെ ചെറുമക്കളുടെ പൂജ നടക്കാറുണ്ട്‌. അര്‍ച്ചനയായി കോഴി വെട്ടും. 

മുത്തണ്റ്റെ ഉപദ്രവം ഉണ്ടാവുന്ന ആളുകളുടെ കാല്‍വിരലും കൈവിരലും പഴുത്ത്‌ ചലം നിറയും, ഒരു കാരണവുമില്ലാതെ. കഠിനമായ വേദനയും. ഇത്‌ മരുന്നു കൊണ്ട്‌ മാറില്ല. മരുന്നുകൊണ്ട്‌ മാറാതെ വരുമ്പോള്‍ മുത്തണ്റ്റെ ഉപദ്രവം ആളുകള്‍ മനസ്സിലാക്കും. അവര്‍ ചെറമഗലം മനയില്‍ എത്തുന്നു. മനയിലേക്ക്‌ പോകുന്ന രോഗി കൃഷ്ണന്‍ നായരെ കണ്ട്‌ ഓല എഴുതിക്കും. രോഗിയുടെ പേര്‌, അംശം, ദേശം ഒക്കെ അടങ്ങിയ ഓലയില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ടായിരിക്കും, "ഇവിടെ വന്ന്‌ സങ്കടം പറഞ്ഞിരിക്കുന്നു. ഇനി താന്‍ അയാളെ ഉപദ്രവിക്കരുത്‌." പനയോലയില്‍ എഴുത്താണി കൊണ്ട്‌ എഴുതുന്ന കുറിപ്പ്‌ മനയ്ക്കലെ തറവാട്ട്‌ വീട്ടില്‍ കൊടുക്കണം, ഒരു രൂപ ഇരുപത്തഞ്ച്‌ പൈസ ദക്ഷിണയും. മനക്കല്‍ നിന്ന്‌ കുറച്ച്‌ ഭസ്മം ജപിച്ചുകൊടുക്കും, സേവിയ്ക്കാന്‍. 

അതോടെ രോഗം മാറി ആള്‍ സുഖം പ്രാപിക്കുമെന്നുമായിരുന്നു, വിശ്വാസം. അക്കാലത്ത്‌ വളരെ ദൂരത്തുനിന്നുവരെ ആളുകള്‍ എത്താറുണ്ടായിരുന്നു. ഓലയെഴുതാനുള്ള അവകാശം മനയ്ക്കലെ കാരണവര്‍ കല്‍പിച്ചുകൊടുക്കുന്നതാണ്‌. കൃഷ്ണന്‍ നായര്‍ക്കുമുമ്പ്‌ കുറ്റിയില്‍ കണ്ടന്‍കുട്ടി നായര്‍, കുമാരന്‍ നായര്‍, നമ്പീശണ്റ്റെ കുടുംബം ഒക്കെ ഈ അവകാശം ഉള്ളവരായിരുന്നു, എന്ന്‌ പഴമക്കാര്‍ പറയുന്നു. 

ഇത്തരം അദൃശ്യശക്തികളുടെ ഉപദ്രവത്തിനെ ചെറുക്കാന്‍ അക്കാലത്തെ മരുന്നുകള്‍ക്കാവുമായിരുന്നില്ല. ആഗോളീകരണത്തിണ്റ്റെ ഇക്കാലത്ത്‌ ദൃശ്യവും അദൃശ്യവും ആയ എല്ലാ ശക്തികള്‍ക്കും സര്‍വ്വനാശം വരുത്താന്‍ കഴിവുള്ള മരുന്നുകള്‍ കമ്പനികള്‍ ഇറക്കുന്നു. മുത്തനെ മാത്രമല്ല, മുതുമുത്തനെ വരെ ഇല്ലാതാക്കാന്‍ മരുന്നുകള്‍ ലഭ്യമാണ്‌ ഇപ്പോള്‍. അതുകൊണ്ട്‌ തന്നെയാവണം മുത്തന്‍ രോഗത്തിന്‌ അറുതി വന്നു. കൃഷ്ണന്‍ നായര്‍ക്കുശേഷം മറ്റൊരു മുത്തര്‍ റൈറ്റര്‍ ഉണ്ടായതുമില്ല. 

നെയ്യാറ്റിന്‍കര നിന്ന്‌ കാസറഗോഡ്‌ വരെ നീണ്ടുകിടക്കുന്ന നഗരപ്രാന്തമാണ്‌ കേരളം ഇന്ന്‌. നഗരവല്‍ക്കരണം തുടച്ചുനീക്കുന്നത്‌ ഗ്രാമത്തിണ്റ്റെ വൃത്തിയും വെടുപ്പും വിശുദ്ധിക്കുമൊപ്പം നമ്മുടെ ഓര്‍മ്മകളേയുമാണ്‌. ഇന്നില്‍ ജീവിക്കുന്ന നഗരങ്ങള്‍ക്ക്‌ ഇന്നലെകളില്ല, ഓര്‍മ്മകളും. എണ്റ്റെ ഗ്രാമത്തിണ്റ്റെ ഇന്നലെകള്‍ക്കൊപ്പം മറഞ്ഞുപോയ ചില വ്യകതികളെ ഓര്‍ക്കുക വഴി ഒരു കാലഘട്ടത്തെ തന്നെ ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിണ്റ്റെ ഭാഗമാണ്‌ ഈ കുറിപ്പ്‌. 

8 comments:

  1. മനസ്സ് പഴമയുടെ നിഷ്കളങ്കതയിലേക്കൊരുപാടൊടീ
    തീണ്ടലും , അടിമത്വവുമൊക്കെ നില നിന്നിരുന്നുവെങ്കിലും
    ഇന്നില്ലാത്ത എന്തൊക്കെയോ അന്ന് ഉണ്ടായിരുന്നു ..
    മാറിയ മുഖത്തേ ഒരിക്കലും സ്വീകരിക്കുവാന്‍
    പഴയ മനസ്സിനാകുന്നുമില്ല , അത്താണികളും
    കിണരുകളും ഇന്ന് കാണാനാകുമോ ..
    പാര്‍ക്ക് ചെയ്യുന്ന വണ്ടിക്ക് വരെ പിരിവീടാക്കുന്ന -
    നമ്മുടെ നാട്ടില്‍ . കുറേ നന്മകള്‍ ചോര്‍ന്ന് പൊയിട്ടുണ്ട് ....
    ഒരു ഏക്കര്‍ സ്ഥലമുണ്ടായിരുന്നു തറവാടിനടുത്ത് , ആരുടെ പേരിലുമായി
    തീറെഴുതി കൊടുക്കാതെ വല്യമ്മാവന്‍ വ്യക്ത്മായി എഴുതി വച്ചിരുന്ന ആധാരം.
    തറവാട്ടിലേ മൂത്തവര്‍ , അതിന്റെ അധായം അതാത് കാലത്തെടുത്ത് അങ്ങാടിയില്‍
    വരുന്നവര്‍ക്കും പൊകുന്നവര്‍ക്കും , " മോരു " കൊടുക്കനായിട്ട് എഴുതിയത് .
    ഇന്ന് ആരു കാണുന്നു കേള്‍ക്കുന്നു അത് , അധായം നന്നായി എടുക്കുന്നു
    പക്ഷേ എന്റെ അറിവുള്ള പ്രായത്തില്‍ ഇങ്ങനെയൊരു വെള്ളം കൊടുപ്പ്
    ഞാന്‍ കണ്ടിട്ടില്ല , ആരൊട് പറയാന്‍ , വില്‍ക്കാന്‍ കഴിയാത്തൊരു കുരുക്ക്
    അതില്‍ വച്ചിരിക്കുന്നത് കൊണ്ട് കൈമാറി പോയില്ലാന്ന് മാത്രം .
    കൃഷ്ണന്‍ നായരേ പൊലെയുള്ളവരെ മനസ്സില്‍ വയ്ക്കുന്നത് പൊലും
    പുണ്യം തന്നെ , ഓര്‍മകള്‍ക്ക് മരണമില്ലല്ലൊ ആ മനസ്സുകള്‍ക്കും
    നല്ല ഒരു വിവരണം , മനം കുളിര്‍ത്ത് വായിച്ചു , ചില തീന്റലുകള്‍
    മുഴച്ച് നില്‍ക്കുന്നുവെങ്കിലും , മനസ്സ് പഴമയിലേക്ക് പൊകുവാന്‍ കൊതിക്കുന്നു
    നന്ദി മാഷേ ..!

    ReplyDelete
  2. ഓരോ മനുഷ്യരും ഒരു ചരിത്രമാണ്.

    നല്ല ഓര്‍മ്മക്കുറിപ്പുകള്‍, എഴുതാനുപയോഗിച്ച ഭാഷയും നന്ന്

    ReplyDelete
  3. ഓർമ്മകൾ എഴുതുന്നതും എഴുതിയത് വായിക്കുന്നതും വളരെ നല്ല കാര്യമാണ്. കരിയിൽ മൊത്തമായി വായിച്ചു പഠിക്കാൻ സെയ്‌വ് ചെയ്തിട്ടുണ്ട്.

    ReplyDelete
  4. നിര്‍ത്താതെ വായിച്ചുപോയി. ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി മനോഹരമാക്കി.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  5. റിനി ശബരി. നന്ദി നല്ല വാക്കുകള്‍ക്ക്‌. പഴയതെല്ലാം നല്ലതെന്നോ പുതിയതെല്ലാം കെട്ടതെന്നോ പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കിലും ചില ഓര്‍മ്മപ്പെടുത്തലുകള്‍ അത്യാവശ്യമാണ്‌. സ്വയം വിലയിരുത്തലിനും അത്‌ വഴി ഒരു പുനരാലോചനയ്ക്കും അത്‌ വഴി വെയ്ക്കും.

    അജിത്‌, ടീച്ചര്‍, അഷ്‌റഫ്‌ നന്ദി ഈ വരവിന്‌.

    ReplyDelete
  6. Radhakrishnan TirurAugust 29, 2013 at 5:04 AM

    തീരെ ധൃതിയില്ലാതെ സഞ്ചരിച്ചിരുന്നിരുന്ന ആളുകളുടെ ഇടയില്‍ അവരേക്കാള്‍ മെല്ല െനടന്നൂ കൃഷ്ണന്‍ നായര്‍. .... ഈ വരികള്‍ വായിച്ചിട്ട് ഇത്തിരി മെല്ളെ നടക്കാന്‍ കൊതി തോന്നുന്നു.... കിതച്ചോടുന്ന, നിരന്തരം ബഹളമുണ്ടാക്കുന്ന നമ്മുടെയെല്ലാം ജീവിതത്തിന് നഷ്ടമാവുന്നതെന്തെല്ലാമെന്ന് കരിയിലയിലെ ഈ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.. നന്ദി.. വിനോദ്.
    രാധാകൃഷ്ണന്‍. തിരൂര്‍

    ReplyDelete
  7. വളരെ നല്ല ഒരു ഓര്‍മ്മക്കുറിപ്പ്‌ വളരെ നന്നായി എഴുതി...ചിത്രങ്ങളും നന്നായിട്ടുണ്ട്...ആശംസകള്‍ :)

    ReplyDelete