സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വളരെ
ഏറെ വാര്‍ത്താ പ്രാധാന്യം നേടുന്ന ഒരു കാലമാണ് ഇത്. ഈ വിഷയത്തില്‍ ഒരു ബില്ല്
നമ്മുടെ പാര്‍ലമണ്റ്റ് പാസ്സാക്കി കഴിഞ്ഞു. ജ്യോതി സിംഗ് എന്ന ആ പെണ്‍കുട്ടിയുടെ
മരണം രക്തസാക്ഷിത്വം എന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ആ സഹോദരിയുടെ ദരുണമായ
മരണവും അതിനോട് ദില്ലി സമൂഹം പ്രതികരിച്ച രീതിയും ആണ് നമ്മുടെ ജനാധിപത്യ
ചരിത്രത്തിലെ തന്നെ വളരെ പ്രാധാന്യമേറിയ ഒരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാരിനെ
പ്രേരിപ്പിച്ചത്. കേരളത്തിണ്റ്റെ സവിശേഷമായ സാമൂഹ്യ അവസ്ഥയില്‍ ഊന്നികൊണ്ട് ഈ
വിഷയത്തില്‍ ഒരാലോചന നടത്തുകയാണ് ഈ കുറിപ്പില്‍.
ബലാത്സംഗം ലൈംഗികതയുമായി
ബന്ധപ്പെട്ടതല്ലെന്നുള്ളത് പുതിയ അറിവല്ല. ജനാധിപത്യയുഗത്തിനു മുമ്പ് ഒരു രാജ്യം
മറ്റൊന്നിനുമേല്‍ നടത്തിയ അധിനിവേശം പൂര്‍ണ്ണമായിരുന്നത് അവിടത്തെ സ്ത്രീകളെ
ലൈംഗികമായി കീഴ്പ്പെടുത്തുമ്പോഴായിരുന്നു. ഇത് ആധുനിക കാലത്തും കാര്യമായ
വ്യത്യാസമൊന്നുമില്ലാതെ തുടരുന്നു. ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാനസേന നടത്തിയത്
സമാധാനപ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ലെന്ന് നമ്മള്‍ പിന്നീട് അറിഞ്ഞു.
അവര്‍ നടത്തിയ അതിക്രമങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടത്തിയവ ഏറെയായിരുന്നു.
ഗുജറാത്ത് കലാപത്തില്‍ സ്ത്രീകളെ വ്യാപകമായി ലൈംഗികാതിക്രമങ്ങള്‍ക്ക്
വിധേയരാക്കിയത് ഇതിന് സമാനമായിരുന്നു. ഇന്നും ദലിതര്‍ക്ക് നേരെ വ്യാപകമായി
നടക്കുന്ന അതിക്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ലൈംഗികാതിക്രമം തന്നെ.
മഹാഭാരതത്തില്‍ പോലും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ ദുര്യോധനനെ
പ്രേരിപ്പിച്ചതും ഇതേ കാരണം തന്നെ. ദില്ലി സംഭവത്തില്‍ ആ പെണ്‍കുട്ടിയുടേ നേരെ
ഉണ്ടായ പൈശാചികത രതിയുമായി ബന്ധമുള്ളതായിരുന്നില്ലെന്ന് നമ്മള്‍ മനസ്സിലാക്കുന്നു.
എന്നാല്‍ മലയാളിയുടെ ലൈംഗികത കുറച്ചുകൂടി സങ്കീര്‍ണമാണെന്ന് തോന്നുന്നു. അത്
ബലാല്‍ക്കാരമായുള്ള ലൈംഗികബന്ധം പുലര്‍ത്താനുള്ള ശ്രമത്തില്‍ കൂടുതലായി
മറ്റെന്തൊക്കെയോ ഉള്ളതാണ്. നന്നെ ചെറിയ കുട്ടികള്‍, മാനസികവളര്‍ച്ചയെത്താത്ത
സ്ത്രീകള്‍, ഓത്തുപള്ളിയിലും ചെറിയ ക്ളാസ്സിലുമുള്ള കുട്ടികള്‍ ഒക്കെ
അതിക്രമത്തിനിരയാകുമ്പോള്‍ അത് വെറും ലൈംഗിക തൃഷ്ണയായി മനസ്സിലാക്കാന്‍
വിഷമമുണ്ട്. അതിണ്റ്റെ കാരണം തേടേണ്ടത് ലൈംഗികതയുടെ നാലതിരുകള്‍ക്കുള്ളില്‍ അല്ല
തന്നെ. അങ്ങനെ ഒരന്വേഷണം നടത്തിയാല്‍ കേരളത്തില്‍ ഗോവിന്ദചാമിമാരും ജാസിംമാരും
എണ്ണത്തില്‍ വളരെ കൂടുതലാണെന്ന ഭീകരമായ സത്യം നമ്മള്‍ അറിയേണ്ടിവരും.
ഭാവനയില്‍
വളരെ മുന്നില്‍ നില്‍ക്കുന്ന മലയാളിക്ക് അനുഭവങ്ങള്‍ വളരെ കുറവാണ്. അനുഭവങ്ങള്‍
വളരെ കുറവായിട്ടും നല്ല സാഹിത്യകൃതികള്‍ മലയാളത്തിലുണ്ടായത് അവണ്റ്റെ ഭാവനയുടെ
വികാസം കാരണമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തില്‍ ദുരന്തങ്ങള്‍ പോലും വളരെ
കുറവ്. ഒട്ടും തീവ്രമല്ലാത്ത കാലാവസ്ഥ. ഭൂമിശാസ്ത്രപരമായ കാരണങ്ങളും അനുഭവങ്ങളും
തന്നെയാണ് ഒരു സമൂഹത്തിണ്റ്റെ നിലനില്‍പിണ്റ്റെ ശക്തി ദൌര്‍ബല്യങ്ങളെ
നിശ്ചയിക്കുന്നത്. അനുഭവത്തിലെ കുറവിനെ മലയാളി മറികടന്നത് ഭാവനയുടെ
സമ്മൃദ്ധികൊണ്ട്. ഇത് സാഹിത്യത്തിലെന്നപോലെ അവണ്റ്റെ നിത്യജീവിതത്തിലും
നിലനില്‍ക്കുന്ന സത്യമാണ്. എന്ത് സംഭവം കേള്‍ക്കുമ്പോഴും അതില്‍ ഇത്തിരി ഭാവന
കലര്‍ത്താനുള്ള വിരുത് മലയാളിക്ക് സ്വതസ്സിദ്ധമാണ്. അതുകൊണ്ടാണ് സൂര്യനെല്ലി
പെണ്‍കുട്ടിയോട് സഹതാപം തോന്നുമ്പോഴും അവളെ അവിശ്വസിക്കേണ്ടിവരുന്നത്.
മലയാളി
ചിന്തയില്‍ പോലും സെന്‍സര്‍ഷിപ് പുലര്‍ത്തുന്നവനാണെന്ന് പറഞ്ഞത് ഓ. വി. വിജയന്‍
ആണ്. സെന്‍സര്‍ഷിപ്പിണ്റ്റെ ഒരു ദൂഷ്യം അത് എന്തിനേയും സെന്‍സര്‍ ചെയ്യാതെ
കാണുവാനുള്ള ത്വര വളര്‍ത്തുന്നു, എന്നതാണ്. പുറമെ പലതരം മുഖംമൂടികള്‍ അണിയുമ്പോഴും
ഉള്ളില്‍ മറ്റൊരാളെ പുലര്‍ത്തുന്നതില്‍ മലയാളിക്കുള്ള കഴിവ് ചുരുക്കം ചിലരിലേ
കണ്ടിട്ടുള്ളൂ. ലൈംഗികത ഒരു രോഗമായി കേരളത്തെ ആകെ ഗ്രസിക്കുമ്പോഴാണ് ഒരു
സ്ത്രീയുടെ കൂടെ കാറില്‍ യാത്ര ചെയ്തെന്ന പേരില്‍ ഒരു വ്യക്തിക്ക് പഴി
കേള്‍ക്കേണ്ടിവരുന്നത്. സ്വന്തം പെങ്ങളാണ് കൂടെയുള്ളത് എന്നതിന് തെളിവ്
ഹാജരാക്കാന്‍ നിയമപാലകര്‍ ആവശ്യപ്പെടുന്നത്. ഈ തെളിവുകള്‍ ഹാജരാക്കന്‍ എടുക്കുന്ന
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും അശ്ളീലമായ നോട്ടവും വാക്കുകളും കൊണ്ട് അവര്‍
വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നത്. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നുന്ന ഈ
സംഭവങ്ങളില്‍ തെളിഞ്ഞുകാണുന്നത് മലയാളി പൊതുസമൂഹത്തിണ്റ്റെ മാനസിക വൈരുദ്ധ്യങ്ങള്‍
തന്നെ.
ദില്ലി സംഭവത്തിനുശേഷം അവിടെ സ്പൊണ്ടേനിയസ് ആയി ഉണ്ടായ പ്രതികരണം
അത്ഭുതപ്പെടുത്തുന്നതായിരുന്നു. ദില്ലി സംസ്കാരമായി പൊതുവില്‍ അറിയപ്പെടുന്നത്
പഞ്ചാബി സംസ്കാരമാണ്. ദില്ലിയില്‍ ജീവിക്കുന്ന യു. പി ക്കാരനും ബീഹാറിയും വളരെ
പെട്ടെന്ന് തന്നെ ഈ സംസ്കാരം സ്വായത്തമാക്കുന്നു. വീട്ടില്‍ പോലും അവന്‍ വഴക്ക്
പറയുമ്പോള്‍ അകമ്പടിയായി അമ്മയേയും പെങ്ങളേയും ചേര്‍ത്ത് തെറിയുണ്ടാവും.
നിരന്തരമായ ഉപയോഗം കാരണം അതവന്‍ തെറിയായി മനസ്സിലാക്കുന്നു പോലുമില്ല. അവണ്റ്റെ
തമാശകളില്‍ ഭൂരിഭാഗവും സ്ത്രീകളുമായി ബന്ധപ്പെട്ടതാണ്. ലൈംഗികതയുടെ
അതിപ്രസരമുള്ളതാണ്. അങ്ങിനെയുള്ള ദില്ലി ആ സംഭവത്തിനുശേഷം ഇളകിമറിഞ്ഞു,
മുമ്പൊരിക്കലും ഉണ്ടാകാത്തതുപോലെ. ആ സംഭവത്തിലെ പൈശാചികതയ്ക്കൊപ്പം ഒരര്‍ത്ഥത്തില്‍
ഒരു ശരാശരി ദില്ലിക്കാരണ്റ്റെ കുറ്റബോധവും അഭൂതപൂര്‍വമായ പ്രതികരണത്തില്‍
പ്രതിഫലിക്കുന്നതായി എനിക്ക് തോന്നുന്നു.
ഇങ്ങനെ ഒരു പ്രതികരണം കേരളത്തില്‍
ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ? ഇല്ലെന്നാണ് എണ്റ്റെ തോന്നല്‍. ഒരു ദില്ലി നിവാസിയുടെ
മേല്‍പറഞ്ഞ സ്വഭാവം വളരെ തുറന്നതാണ്. തെറ്റാണെങ്കിലും അവന്‍ അത്
ഒളിച്ചുവെക്കുന്നില്ല. എന്നാല്‍ മലയാളിയുടെ കാര്യം വ്യത്യസ്തമാണ്. അവന്‍ ഉള്ളിലെ
കാര്യങ്ങള്‍ സമര്‍ത്ഥമായി മറച്ചുവെയ്ക്കുന്നു. അതിനാല്‍ അവന് കുറ്റബോധം ഉണ്ടാകേണ്ട
കാര്യമില്ല. നിരത്തില്‍ നടക്കുന്ന, കൂടെ ജോലി ചെയ്യുന്ന, അയല്‍വാസിയായ ഒരു
പുരുഷണ്റ്റെ മനോഗതം വായിക്കാനുള്ള ഉപകരണം ഇല്ലാത്ത കാലത്തോളം മലയാളി രക്ഷപ്പെടും.
'ഓര്‍ഡിനറി' എന്ന സിനിമയില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന ചിത്രം എടുത്തതിണ്റ്റെ
പേരില്‍ ഒരു ചെറുപ്പക്കാരന്‍ തല്ലു കൊള്ളുന്നുണ്ട്. അവനെ തല്ലി സ്ത്രീയുടെ 'മാനം
കാക്കാന്‍' തയ്യാറായ മഹാന്‍ സ്വകാര്യമായി താല്‍പര്യപ്പെടുന്നത് ചിത്രം കാണാനാണ്.
ഇതാണ് മലയാളിയുടെ സദാചാര ബോധം. ഒരു തമാശയായി അവതിരിപ്പിക്കുന്ന ഈ കാഴ്ചയില്‍
ശരാശരി മലയാളിയുടെ പൊതുസ്വഭാവം അറിയാതെ വെളിപ്പെട്ടുപോകുന്നു. മദ്യപാന സദസ്സുകളിലെ
സുഹൃത്ത് വലയത്തിണ്റ്റെ പോള്ളത്തരം കാണിക്കാന്‍ 'ഷട്ടര്‍' എന്ന സിനിമയില്‍ കാണിച്ച
ഒരു സീനില്‍ മലയാളിയിലെ ഒളിഞ്ഞുനോട്ടക്കാരനെ ജോയ് മാത്യു ബോധപൂര്‍വം
അടയാളപ്പെടുത്തുന്നുണ്ട്.
സ്ത്രീ എന്നത് ഇപ്പോഴും മലയാളിയ്ക്ക് ഒരു അത്ഭുത വസ്തു
ആണ്. അതില്‍ തന്നെ അത്യത്ഭുതം ഒന്നോ രണ്ടോ അവയവങ്ങള്‍ മാത്രവും. ആണ്‍കുട്ടികളെയും
പെണ്‍കുട്ടികളേയും വെവ്വേറെ ഇരിപ്പിടത്തില്‍ ഒതുക്കുന്ന ചെറിയ ക്ളാസ്സ് തൊട്ട്
സ്ത്രീയ്ക്കും പുരുഷനും വെവ്വേറെ സീറ്റ് അടയാളപ്പെടുത്തുന്ന ബസ്സ് യാത്ര വരെ
സ്ത്രീ എന്ന സംഭവത്തെ കൂടുതല്‍ ഗോപ്യമായി തോന്നിക്കാന്‍ സഹായിക്കുകയാണ്
ചെയ്യുന്നത്. ഒരു പെണ്‍കുട്ടിയുമായി സ്വാഭാവികമായി ഇടപെടുന്നതില്‍ നിന്ന് അവനെ
വിലക്കുകയാണ് ചെയ്യുന്നത്. വളരെ അടുത്ത് ഇടപെടുന്ന അടുത്ത വീട്ടിലെ
കൂട്ടുകാരിയുടെ നഗ്നത കാണാന്‍ കുളിമുറിയില്‍ ക്യാമറ സ്ഥാപിക്കുന്ന പുരുഷന്‍
ഇപ്പറഞ്ഞ വിലക്കിണ്റ്റെ തടവിലാണ്. അവനെ കല്ലെറിയുമ്പോഴും അവന്‍ എടുത്ത ക്ളിപ്
തേടിനടക്കുന്ന ചെറുതല്ലാത്ത സമൂഹത്തെ നമുക്ക് കാണാന്‍ കഴിയുന്നു. അവന്‍ നമ്മുടെ
കൂടെ ജോലിചെയ്യുന്നുണ്ടാകാം, കൂടെ പഠിക്കുന്നുണ്ടാവാം, മദ്യപിക്കുന്നുണ്ടാവാം.
അവന്‍ എവിടേയും ഉണ്ടാവാം.
ഇത്തരം സ്വഭാവങ്ങളില്‍ വൈകൃതം കാണാന്‍ കഴിയുമെങ്കിലും
അതിനെ ലളിതമായി തള്ളിക്കളയാന്‍ സാധ്യമല്ല തന്നെ. ഈ വൈകൃത്തിണ്റ്റെ വളര്‍ന്ന
രൂപത്തില്‍ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയും ഒരു ജനനേന്ദ്രിയം മാത്രമാകുന്നു. സ്ത്രീ
ഒന്നോ രണ്ടോ അവയവങ്ങള്‍ മാത്രമാണെന്ന ധാരണ തിരുത്തേണ്ടതുണ്ട്. അതില്‍ കൂടുതലായി
താന്‍ വെറും ലിംഗം മാത്രമല്ലെന്ന ആത്മാഭിമാനമുള്ള തിരിച്ചറിവിലേക്ക് പുരുഷന്‍
ഉണരണം. അത് പുരുഷണ്റ്റെ മോചനമാവും. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളുടെ
അവസാനവും.
ചെന്നൈയില്‍ നിന്ന് അശോക് ലെയ്ലാണ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന 'ശംഖനാദം' ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ചത്.
ReplyDeleteപ്രസക്തമായ ലേഖനം
ReplyDeleteചര്ച്ച ചെയ്യപ്പെടേണ്ട നല്ല ലേഖനം.. ഭാവുകങ്ങൾ..
ReplyDeleteഅങ്ങിനെ ഒരു ഉപകരണം കണ്ടു പിടിക്കുന്ന നേരം കൊണ്ടു ഒരു കണ്ണട കണ്ടുപിടിച്ചുകൂടേ, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്‌എന്ന സിനിമയിലെ കണ്ണട പോലൊന്ന്...
ReplyDeleteAjith, Firoz, tks.
ReplyDeleteJithendra, hence all of us will have to look at our own vulgar face.
കാലികപ്രസ്‌കതമായ കുറിപ്പ്. അഭിനന്ദനങ്ങള്‍
ReplyDelete