നാടിളക്കി കാടിളക്കി മേഞ്ഞ് നടക്കുന്ന ഒരു കൊമ്പനാണ് കുട്ടിയപ്പൻ. പാരമ്പര്യമായിക്കിട്ടിയ അളവറ്റ സ്വത്ത് ഈ കൊമ്പന്റെ വിനോദങ്ങൾക്ക് വിഭവം നല്കുന്നു. പ്രധാന വിനോദം നാട്ടിലും കാട്ടിലുമുള്ള പിടിയാനകളെ തേടി കണ്ടുപിടിക്കുകയും അവരെ അനുഭവിക്കുകയും ചെയ്യുക. തന്റെ ജീവിതം തന്നെ ഇതിനുവേണ്ടിയുള്ളതാണെന്ന് രീതിയിൽ.
തന്റെ മൃഗയാ വിനോദങ്ങൾക്ക് കൂട്ടിന് പോകാൻ സദാ തയ്യാറായി തറവാട്ടിലെ പണ്ടത്തെ കാര്യസ്ഥൻ ഉണ്ട്. ഇയാൾ സ്വയം ഒരു ഭർത്താവും പ്രായപൂർത്തിയായ ഒരു മകളുടെ അഛനുമാണെങ്കിലും കുട്ടിയപ്പൻ വിളിച്ചാൽ എല്ലാം വിട്ട് ഓടിയെത്തും. ജോലിക്കാരിയയ പത്നിയുടെ ശകാരമൊന്നും കുട്ടിയപ്പന്റെ വിളിക്കുമുമ്പിൽ ഒന്നുമല്ല. പിടിയാനകളെ കുട്ടിയപ്പന്റെ വിവിധങ്ങളായ രുചികൾക്കൊത്ത് എത്തിച്ചു കൊടുക്കാൻ സദാ ജാഗരൂകനായി ദാസപ്പാപ്പി എന്ന ദല്ലാൾ.
ഒരു കാര്യം ഒരേ പോലെ ചെയ്തു മടുക്കാതിരിക്കാൻ കുട്ടിയപ്പൻ ചില സർഗ്ഗാത്മക രീതികളൊക്കെ കണ്ടുപിടിക്കും. വലിയ വീട്ടിലെ തന്റെ കിടപ്പുമുറിയൽ രാവിലത്തെ കട്ടൻ ചായ എത്തിക്കാൻ വീടിനുപുറത്തു ഒരു ഏണി വെച്ച് അതിലൂടെ കയറി എത്തണമെന്ന് പ്രായമായ വേലക്കാരിയോട് നിർബ്ബന്ധിക്കുന്നതിന്റെ പൊരുൾ ഇതാണ്. എന്നും കോണി കയറി ചായ തരുന്നതിലെന്താണൊരു ത്രില്ല്?
ഇങ്ങനെ കണ്ടുപിടിക്കുന്ന വ്യത്യസ്ഥങ്ങളായ രീതികൾ നടപ്പാക്കാൻ എത്ര പണവും ബുദ്ധിമുട്ടും സഹിക്കാൻ ഇയാൾ തയ്യാറാണ്. കൂടെ പോകാൻ കാര്യഥൻ നായരും. പുതുതായി കിട്ടുന്ന പിടിയാനകളെ മെരുക്കാനും അപ്പപ്പോൾ ചില താപ്പാനകളേയും കുട്ടിയപ്പൻ ഉപയോഗിക്കും.
കുട്ടിപ്പാപ്പി ഒരിക്കൽ ഒരു സ്വപ്നം കാണുന്നു. ഈ സ്വപ്നം ഒരു ലഹരിയായി കുട്ടിയപ്പനെ പിടികൂടുന്നു. അതിനുപറ്റിയ ഒരാനയേ തേടി ഇറങ്ങുകയാണ് കുട്ടിയപ്പനും നായരും. ആനയെ എന്തിനാണെന്ന് അവസാനം വരെ കുട്ടിയപ്പൻ ആരോടും പറയുന്നില്ല. ആനയെ തേടി ഇറങ്ങിയ കുട്ടിയപ്പനെ ധാരാളം ആനയെ സംരക്ഷിക്കുന്ന ഒരു വലിയ വീട്ടിൽ പോകുന്നുണ്ട്. കാര്യം പറഞ്ഞപ്പോൾ ആന സംരക്ഷകൻ കുട്ടിയപ്പനെ ആട്ടിയിറക്കുന്നുണ്ട്.
ഒടുവിൽ പറ്റിയ ഒരാന വയനാട്ടിൽ ഒരാളുടെ കൈവശം ഉണ്ടെന്ന് പഴയൊരു പാപ്പാൻ വഴി അറിയുന്നു. വയനാട്ടിലേക്കുള്ള യാത്രയിൽ ഒരു കൂട്ടായി ഒരു പെൺകുട്ടിയെ തേടിയാണ് അടുത്ത യാത്ര. സ്വന്തം അഛനാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു കുട്ടിയുടെ കഥ കേൾക്കുമ്പോൾ കൊമ്പന് വീണ്ടും ത്രില്ലടിക്കുന്നു. ഇതുവരെ അനുഭവിക്കാത്ത ഒന്നിന്റെ ത്രിൽ. അപമാനം ഭയന്ന് നാടുവിട്ട ആ കുടുംബത്തെ തേടി കുറ്റിപ്പുറത്തെത്തുന്നു, അഛനെ പറഞ്ഞ് സമ്മതിപ്പിച്ച് അവരെ കൂടെ കൂട്ടി വയനാട്ടിലേക്ക്.
വയ്നാട്ടിലെത്തി ആനക്കാരെനെ കണ്ട് പറഞ്ഞ പണം കൊടുത്ത് ആനയെ കണ്ടുപിടിക്കുന്നു. പെൺകുട്ടിയേയും സന്തത സഹ്ചാരിയേയും കൂട്ടി കൊടും കാട്ടിലെത്തുന്നു. തന്റെ സ്വപ്നം നടപ്പാക്കാനെന്ന മട്ടിൽ പെൺകുട്ടിയെ ആനയുടെ മസ്തകത്തിൽ ചേർത്തുനിർത്തി നെറുകയിൽ ഉമ്മവെച്ചുകൊണ്ട് കുട്ടിയപ്പൻ പറയുന്നു, ഞാൻ ഇവളെ വിവാഹം ചെയ്തിരിക്കുന്നു, എന്ന്. സന്തോഷം പങ്കുവെയ്ക്കാൻ നായരുടെ അടുത്തേക്ക് കുട്ടിയപ്പൻ നീങ്ങിയപ്പോൾ, പുതിയ ഒരു കൊമ്പൻ അവതരിക്കുകയാണ്. നിഷ്ക്കളങ്കതയെ നശിപ്പിക്കാൻ.
ഒരു കൊമ്പൻ മെരുങ്ങുമ്പോൾ പുതിയ കൊമ്പന്മാർ ഉണ്ടാകുന്നു. നിഷ്ക്കളങ്കരായ ലീലകൾക്ക് രക്ഷയില്ല എന്നാണ് സിനിമ പറഞ്ഞുവെയ്ക്കുന്നത്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചപ്പോൾ നല്ല വായന ഉണ്ടായ കഥയാണ് ഉണ്ണി. ആർ. എഴുതിയ ലീല എന്ന ചെറുകഥ. ഉണ്ണി. ആർ. തന്നെയാണ് തിർക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
ഈ നല്ല ചിത്രത്തിന്റെ എടുത്തുപരയേണ്ടുന്ന ഒരു കാര്യം നടന്മാരുടെ തെരഞ്ഞെടുപ്പാണ്. കുട്ടിയയപ്പനായി ബിജു മേനോൻ തിളങ്ങുന്നുണ്ട്. വിജയരാഘവന്റെ മെയ്ക്കപ്പും ശരീരഭാഷയിൽ പ്രത്യേകിച്ച് നടത്തത്തിൽ വരുത്തിയ മാറ്റവും ഒരു വിനീത വിധേയന്റെ ചിത്രം കൃത്യമായി കാണിക്കുന്നു. മധ്യപനായ സ്വന്തം മകളെ ബലാൽസംഗം ചെയ്യുന്ന അഛനിലേക്കുള്ളത് ജഗദീഷിന്റേത് ഒരു പരിണാമം തന്നെയാണ്. കൊമ്പന്മാരുടെ സിനിമയിൽ പിടിയാനകൾക്ക് കാര്യമായ പങ്കൊന്നുമില്ല. കാണെണ്ടുന്ന ഒരു സിനിമയാണ് ലീല.