Wednesday, September 17, 2014

കെ.എസ്‌.ജോര്‍ജിനേയും കെ.പി.എ.സി. സുലോചനയേയും എന്തിനാണ്‌ സിനിമ തള്ളിക്കളഞ്ഞത്‌?


സിനിമാഗാനങ്ങള്‍ക്ക്‌ ഇന്ത്യയിലാകെയും കേരളത്തില്‍ വിശേഷിച്ചും മറ്റൊരു കലാരൂപത്തിനുമില്ലാത്ത ജനപ്രീതി ഉണ്ട്‌. പണ്ഡിതപാമരഭേദമില്ലാതെ, പ്രായവ്യത്യാസമില്ലാതെ, സ്ത്രീപുരുഷഭേദമില്ലാതെ, സമൂഹത്തിണ്റ്റെ മുഖ്യധാരയിലെന്നോ പാര്‍ശ്വങ്ങളിലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സിനിമാഗാനങ്ങള്‍ ഒരുപോലെ ആസ്വദിക്കുന്നു. സിനിമ കാണാത്തവരും അതിലെ ഗാനങ്ങള്‍ ഇഷ്ടപ്പെടുവരാണ്‌. ഇത്രയില്ലെങ്കിലും പഴയ നാടകഗാനങ്ങള്‍ക്കും മോശമല്ലാത്ത ജനപ്രീതി ഉണ്ട്‌. പുതിയകാലത്തെ മാറിയ നാടകം ഗാനങ്ങള്‍ക്ക്‌ പ്രാധാന്യം ഇല്ലാത്തതായതുകൊണ്ട്‌ നാടകഗാനങ്ങള്‍ മാറിയ കാലത്ത്‌ ഒരു വിലയിരുത്തലിന്‌ അവസരം തരുന്നില്ല. 

പാട്ടുകളുടെ സാങ്കേതികമികവിണ്റ്റെ കാര്യത്തില്‍ സിനിമാഗാനങ്ങളും നാടകഗാനങ്ങളും തമ്മിലൊരു താരതമ്യം സാധ്യമല്ല. ഇങ്ങനെയൊരു താരതമ്യം അസാദ്ധ്യമാക്കുന്നത്‌ ഒരര്‍ത്ഥത്തില്‍ സിനിമയും നാടകവും തമ്മിലുള്ള അന്തരം തന്നെയണ്‌. സാങ്കേതികത്വത്തിണ്റ്റെ കലയാണ്‌ സിനിമ. നാടകം ഒട്ടും കലര്‍പ്പില്ലാത്ത, സാങ്കേതികതയുടെ സഹായമില്ലാതെ തന്നെ നിലനില്‍ക്കാന്‍ കഴിയുന്ന കലയാണ്‌. സിനിമ കളവാണ്‌, നാടകം സത്യവും. സിനിമ ഇല്ലാത്തതൊന്നിനെ ഉണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. നാടകം യഥാര്‍ത്ഥത്തില്‍ നമ്മുടെ കണ്‍മുന്നില്‍ സംഭവിക്കുന്നു. 

സിനിമയില്‍ കാണി ഒരു സാക്ഷി മാത്രമാണ്‌. ക്യാമറ എന്ന മൂന്നാം കണ്ണിലൂടെയാണ്‌ സിനിമ നമ്മുടെ കണ്ണിലെത്തുത്‌. നാടകത്തില്‍ അയാള്‍ കാണുകയല്ല, അനുഭവിക്കുകയാണ്‌. ഉയര്‍ന്നുനില്‍ക്കുന്ന സ്റ്റേജില്‍ ആണ്‌ നടക്കുന്നതെങ്കിലും കാണികളെ നാടകത്തിണ്റ്റെ ഭാഗമാക്കാന്‍ പോന്ന ശക്തി നാടകത്തിനുണ്ട്‌. പിന്നീട്‌ വന്ന നാടകങ്ങള്‍ സ്റ്റേജ്‌ തന്നെ വേണ്ട എന്ന രീതിയില്‍, കാണികളും നാടകവും വേറെയല്ല എന്ന രീതിയിലേക്ക്‌, വളരുന്നുമുണ്ട്‌. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തിണ്റ്റെ അവസാന രംഗത്ത്‌ പരമുപിള്ള ചെങ്കൊടി പിടിച്ചുവാങ്ങിയപ്പോള്‍ അതോടൊപ്പം കേരളത്തിലെ വലിയൊരു ജനവിഭാഗം ഉള്ളില്‍ ആ ചെങ്കൊടി ഏറ്റുവാങ്ങുകയായിരുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളേയും ഒപ്പം നിര്‍ത്താന്‍ ആ നാടകത്തിലൂടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിഞ്ഞു. നാടകത്തിലെ കഥാപാത്രവും കാണിയും തമ്മിലുള്ള ഈ താദാത്മ്യം ഒരു സിനിമയില്‍ സാധ്യമല്ല തന്നെ. 

നാടകത്തിലെ ഗാനങ്ങളും സിനിമാ ഗാനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സിലെത്തിയ കാര്യങ്ങളാണ്‌ മുകളില്‍ പറഞ്ഞത്‌. മുന്നില്‍ നിരന്നിരിക്കുന്ന വലിയൊരു സമൂഹത്തിനെ ചലനം കൊണ്ടും ശബ്ദം കൊണ്ടും ഉണര്‍ത്തി തങ്ങള്‍ പറയുന്നതിലേക്ക്‌, ചെയ്യുതിലേക്ക്‌, ആകര്‍ഷിച്ച്‌ അവരെ അനുഭവിപ്പിക്കുകയാണ്‌ നാടകത്തില്‍. ഗാനങ്ങള്‍ അതിന്‌ യോജിച്ച രീതിയില്‍ വൈകാരികാംശം നിറഞ്ഞതായിരിക്കണം. പാട്ടിണ്റ്റെ വരികളിലെ ആശയം പെട്ടെന്ന്‌ പകരുന്ന രീതിയില്‍ ലളിതമായിരിക്കണം. രണ്ടാമതൊരു കേള്‍വിക്ക്‌ സാദ്ധ്യത ഇല്ല തന്നെ. പാട്ടിണ്റ്റെ ഈണവും ആലാപനവും കാര്യങ്ങള്‍ പെട്ടെന്ന്‌ ആളുകളുടെ ഉള്ളിലേക്ക്‌ കയറിച്ചെല്ലുന്ന തരത്തിലായിരിക്കണം. 

ഇതില്‍ നിന്ന്‌ വിരുദ്ധമായി സിനിമയില്‍ നടീനടന്‍മാര്‍ സ്വാഭാവികമായി പെരുമാറുകയാണ്‌ ചെയ്യുത്‌. എത്ര മോശമായി പെരുമാറിയാലും ക്യാമറയ്ക്ക്‌ അതിനെ മാറ്റിയെടുക്കാന്‍ കഴിയും. ഗാനങ്ങള്‍ റിക്കാര്‍ഡിംഗും റീറിക്കാഡിംഗും കഴിഞ്ഞാണ്‌ സിനിമ കാണുവണ്റ്റെ കാതിലെത്തുത്‌. അതില്‍ വൈകാരികാംശം നാടകത്തെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ കുറച്ചുമതി. വരികള്‍ തീരെ ലളിതമാവണമെന്ന്‌ നിര്‍ബ്ബന്ധമില്ല, ഈണവും ആലാപനവും കുറച്ചുകൂടി റിഫൈന്‍ഡ്‌ ആകാം. നാടകം ഒരാള്‍ക്കൂട്ടം ഒരുമിച്ച്‌ കാണുമ്പോള്‍ സിനിമ കാണുന്ന കാണി ഒറ്റയ്ക്കാണ്‌. കൂടെയിരിക്കുന്ന ഭാര്യയും മക്കളുമൊന്നും കൊട്ടകയിലെ വിളക്കണഞ്ഞാല്‍ അയാള്‍ക്കൊപ്പമില്ല. അയാളുടെ സ്വകാര്യ ശ്രവണേന്ദ്രിയങ്ങളിലെത്തുന്ന പാട്ടിണ്റ്റെ കേള്‍വിസുഖമാണ്‌ അയാളെ ആകര്‍ഷിക്കുന്നത്‌. 

'ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ..' എന്ന്‌ അശ്വമേധത്തിലെ കുഷ്ഠരോഗി പാടുമ്പോള്‍ അത്‌ വളരെ പെട്ടെന്ന്‌ തന്നെ കാണികളുടെ മനസ്സിലേക്ക്‌ കയറിച്ചെന്നു. വയലാറിണ്റ്റെ വരികളിലെ തീവ്രദുഖം ഇത്തിരി പോലും ചോര്‍ന്നുപോകാതെയാണ്‌ രാഘവന്‍ മാസ്റ്റര്‍ ഈണം തീര്‍ത്തത്‌. പക്ഷേ കെ.എസ്‌. ജോര്‍ജിണ്റ്റെ ശബ്ദത്തിലെ വിലാപം ഇല്ലായിരുന്നെങ്കില്‍ ആ പാട്ട്‌ ഇത്ര നമ്മുടെ ഉള്ളിലെത്തുമായിരുന്നോ? ഇല്ല എന്ന്‌ തന്നെയാണ്‌ എണ്റ്റെ പക്ഷം. മറ്റൊരു ഗായകന്‍ തണ്റ്റെ മധുരമനോജ്ഞ ശബ്ദത്തില്‍ ആ പാട്ട്‌ പാടിയിരുന്നെങ്കില്‍... അങ്ങനെ ഒരു ചിന്ത പോലും അപ്രസക്തമാക്കും വിധം കെ.എസ്‌. ജോര്‍ജിണ്റ്റെ ഒട്ടും മധുരമല്ലാത്ത ശബ്ദം നമ്മുടെ ഉള്ളില്‍ മായാത്ത മുറിവുണ്ടാക്കിയിരിക്കുന്നു. ഇതുപോലെത്തയൊണ്‌ 'തലയ്ക്കുമീതെ ശൂന്യാകാശം' എന്ന്‌ സുലോചന പാടുമ്പോഴുമുള്ള അനുഭവം. 

എന്നാല്‍ ഈ നാടകം സിനിമ ആക്കിയപ്പോള്‍ പാട്ടുകളിലുണ്ടായ മാറ്റം ശ്രദ്ധിക്കുക. 'ഒരിടത്തു ജനനം ഒരിടത്തു മരണം' എ പാട്ട്‌ മുകളില്‍ പറഞ്ഞ ആദ്യത്തെ പാട്ടിനുപകരം സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളതാണ്‌. വയലാറിണ്റ്റെ വരികള്‍ ഡയറക്റ്റ്‌ അല്ല, ധ്വന്യാത്മകമാണ്‌. ഇത്തിരി തത്വചിന്താപരവും. ഈണം തീവ്രമല്ല, മൈല്‍ഡ്‌ ആണ്‌. ശബ്ദത്തിലെ വിലാപം തീരെയില്ല, ശ്രുതിമധുരമാണ്‌. മുകളില്‍ പറഞ്ഞ രണ്ടാമത്തെ പാട്ടിനുപകരം സിനിമയില്‍ വരു പാട്ടാണ്‌ സുശീലാമ്മ പാടിയ 'കറുത്ത ചക്രവാളമതിലുകള്‍ ചൂഴും' എന്ന ഗാനം. ഈ പാട്ടും ആദ്യത്തേതില്‍ നിന്ന്‌ ഭിന്നമായി തത്വചിന്താപരമായ വരികളിലാണ്‌ എഴുതിയിരിക്കുന്നത്‌. ആലാപനം കുറച്ചു കൂടി ഉള്ളില്‍തട്ടുന്നതരത്തിലാക്കാന്‍ സുശീലാമ്മയ്ക്ക്‌ കഴിഞ്ഞിരിക്കുന്നു. എങ്കിലും നമ്മുടെ ഉള്ളിലേക്ക്‌ തുളച്ചുകയറുന്നില്ല, തന്നെ. 'നിങ്ങളെെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ പാട്ടുകളും ആ നാടകം സിനിമയാക്കിയപ്പോള്‍ ഉപയോഗിച്ച പാട്ടുകളും ഇതേ രീതിയില്‍ വിശകലനം ചെയ്യാവുതാണ്‌. ഫലം ഒട്ടും വ്യത്യസ്ഥമാകില്ല എന്ന്‌ എണ്റ്റെ ശക്തമായ അഭിപ്രായം. 

'കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു കള്ളനാണയം ഇട്ടതാര്‌' എന്ന്‌ സിനിമയിലെ കുഷ്ഠരോഗി ചോദിക്കുന്നു. 'മോഹങ്ങള്‍ മരവിച്ചു, മോതിരക്കൈ മുരടിച്ചു' എന്ന്‌ നാടകത്തില്‍ വിലപിക്കുന്നു. 'തലയ്ക്കുമീതെ ശൂന്യാകാശം താഴേ മരുഭൂമി' എന്ന്‌ നാടകത്തില്‍ സുലോചന കേഴുമ്പോള്‍ സുശീലാമ്മ 'തലയ്ക്കുമീതെ ശൂന്യാകാശം താഴേ നിഴലുകളിഴയും നരകം' എന്ന്‌ പാടുകയാണ്‌ ചെയ്യുത്‌. വരികളുടെ ട്രീറ്റ്മെണ്റ്റിലും ആലാപനത്തിലും ഉള്ള അന്തരം നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസമാണ്‌. 

നാടക ഗാനങ്ങളിലൂടെ കേരളം മുഴുവന്‍ ഒഴുകിനടപ്പോഴും കെ.എസ്‌.ജോര്‍ജിണ്റ്റേയും സുലോചനയുടേയും ശബ്ദങ്ങള്‍ സിനിമയ്ക്ക്‌ വേണ്ടാതായതും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാം. 'എങ്ങിനെ നീ മറക്കും' എന്ന ഗാനം പാടി അനശ്വരമാക്കിയ കോഴിക്കോട്‌ അബ്ദുല്‍ഖാദറിണ്റ്റെ ശബ്ദത്തിലെ ഭാവതീവ്രത തയൊണ്‌ സിനിമയ്ക്ക്‌ അദ്ദേഹത്തിനെ വേണ്ടാതാക്കിയത്‌ എന്ന്‌ പറയാം. ചിന്തേരിട്ട്‌ മിനുക്കിയ ശബ്ദമാണ്‌ സിനിമയ്ക്ക്‌ വേണ്ടത്‌. അസംസ്കൃതമായ ശബ്ദം സിനിമയ്ക്ക്‌ ആവശ്യമില്ല. മെഹ്ബൂബും ഉദയഭാനുവും കമുകറയും തുടങ്ങി ബ്രഹ്മാനന്ദന്‍ വരെ സിനിമയില്‍ എത്തിയിട്ടും തോറ്റുപോയതും ഇക്കാരണം കൊണ്ട്‌ തന്നെ. 

നാടകത്തിന്‌ ഒരു സമരകലയാകാന്‍ കഴിയുന്നത്‌ അതൊരു ഉണര്‍ത്തുപാട്ടിണ്റ്റെ ധര്‍മം നിര്‍വഹിക്കുന്നതുകൊണ്ടാണ്‌. ലോകത്തെങ്ങും വ്യവസ്ഥിതിയ്ക്കെതിരായ പോരാട്ടങ്ങളില്‍ നാടകം അതിണ്റ്റേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇതിനുവിരുദ്ധമായി സിനിമ ഒരുതരം മയക്കത്തിലേക്ക്‌ കാണിയെ തള്ളിവിടുന്നു. അത്‌ കൊണ്ടാണ്‌ ഗോദാര്‍ദ്‌ സിനിമയ്ക്കിടയില്‍ ചെറിയ ബ്രെയ്ക്‌ കൊടുത്തിട്ട്‌ 'ഇത്‌ സിനിമയാണ്‌' എന്ന്‌ പറയാന്‍ നിര്‍ബന്ധിതനാകുന്നത്‌. 

ബാബുരാജ്‌ തണ്റ്റെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചപ്പോഴും സ്വയം പാടിയപ്പോഴും ഉള്ള അന്തരം ഉണ്ടായത്‌ സിനിമയുടെ രൂപം അതാവശ്യപ്പെടുതുകൊണ്ടാണ്‌. യേശുദാസിണ്റ്റെ ശബ്ദത്തിലെ മാധുര്യവും മായികതയും സിനിമയുടെ ഈ ചട്ടക്കൂടിനകത്ത്‌ കൃത്യമായി ചേരുന്നതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ മറ്റൊരു ഗായകനോ ഗായികയ്ക്കോ ഇല്ലാത്ത പ്രാധാന്യം കൈവന്നത്‌. തണ്റ്റെ ശബ്ദത്തിണ്റ്റെ ശ്രവണസുഖം ഒട്ടും ചോര്‍ന്നുപോകാതെ ആലാപനം നടത്താന്‍ ഒരു ഗായകന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിനായി. ഇതുകൊണ്ടാണ്‌ മലയാളത്തിലെ എക്കാലത്തേയും മികച്ച പാട്ടുകള്‍ നമുക്ക്‌ കിട്ടിയത്‌. 

പക്ഷേ പില്‍ക്കാലത്ത്‌ സന്ദര്‍ഭം എന്തായാലും പാടുന്ന കഥാപാത്രം ആരായാലും പാട്ടുകള്‍ ഗായകണ്റ്റേതോ ഗായികയുടേതോ മാത്രമായി നിന്നു എത്‌ സിനിമയിലെ ഗാനങ്ങളെക്കുറിച്ചുള്ള ഗൌരവതരമായ ആലോചനയില്‍ വെളിപ്പെടുന്നുണ്ട്‌. പാട്ടിണ്റ്റെ ശ്രവണസുഖം മാത്രം നോക്കി പാട്ടുകള്‍ തീര്‍ക്കുന്ന രീതിയിലേക്ക്‌ സംഗീതസംവിധായകരും എത്തിച്ചേര്‍ന്നു. ഈ കാലഘട്ടത്തിലിറങ്ങിയ, വ്യത്യസ്ത ആലാപനരീതി ആവശ്യപ്പെടുന്ന, ചില പാട്ടുകളെങ്കിലും മറ്റൊരു ശബ്ദത്തില്‍ കേട്ടിരുന്നെങ്കില്‍ എന്ന ഒരു ചിന്ത തീര്‍ച്ചയായും ഉള്ളിലുയരുന്നുണ്ട്‌.