Friday, June 28, 2013

നാട്ടിന്‍പുറത്തെ അംബാനിമാര്‍

അംബാനി എന്നത്‌ ഗുജറാത്തില്‍ നിന്നുള്ള ഒരു കുടുംബ പേരല്ല, ഇന്ന്‌. അതൊരു പ്രസ്ഥാനമാണ്‌. രാഷ്ട്രീയപാര്‍ട്ടികള്‍ മാറി മാറി വരുമ്പോഴും വകുപ്പുകളും ഓരോന്നിനുമുള്ള മന്ത്രിമാരേയും നിശ്ചയിക്കാന്‍ കരുത്തുള്ള, അഹിതമാവുമ്പോള്‍ വലിച്ച്‌ ദൂരെ എറിയാനും കഴിവുള്ള ഒരു പ്രസ്ഥാനം. റ്റാറ്റയേയും ബിര്‍ളയേയും പോലെ ഇന്ത്യന്‍ ബിസിനസ്സ്‌ രംഗത്ത്‌ പരിചയവും പാരമ്പര്യവുമുള്ള കുടുംബങ്ങളെ പിന്തള്ളി വെറും നാല്‌ പതിറ്റാണ്ടുകൊണ്ട്‌ ഇന്ത്യയെ കാല്‍ക്കീഴിലാക്കിയ പ്രസ്ഥാനം. ധീരുഭായ്‌ അംബാനി റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ആരംഭിക്കുന്നത്‌ 1966-ല്‍ ആണ്‌. റ്റാറ്റ ഇന്‍ഡസ്ട്രീസ്‌ ആദ്യത്തെ സംരംഭം തുടങ്ങുന്നത്‌ നൂറ്‌ കൊല്ലം മുമ്പ്‌  1868-ലും. 

നമ്മുടെ നാട്ടിലുമുണ്ട്‌ അംബാനിമാര്‍. അത്‌ ചിലപ്പോള്‍ ഒരു അഹമ്മദാജിയാവാം. മറ്റ്‌ ചില നാട്ടില്‍ ഒരു നാരായണന്‍ നായരാവാം. ചിലപ്പോള്‍ വെറും നാരായണനും. കോട്ടയത്തും ഇടുക്കിയിലും ഒരു തോമസ്‌. വളരെ പെട്ടെന്ന്‌ സമ്പത്തും അതിനൊപ്പം കിട്ടുന്ന പൊതുസമൂഹത്തിലെ മാന്യതയും നേടിയെടുക്കുന്നവര്‍. കേരളത്തിലെ സാധാരണ ജനങ്ങളില്‍ ഭൂരിഭാഗവും ഒരു അംബാനിത്തം സ്വപ്നം കാണുന്നവരാണ്‌. വഴികള്‍ പലതാണെന്ന്‌ മാത്രം. ചിലര്‍ ലോട്ടറി എടുത്ത്‌ മനപ്പായസം ഉണ്ണുന്നു. മറ്റ്‌ ചിലര്‍ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍മാര്‍ ആകുന്നു. ഇനി ചിലര്‍ ആറ്‌ മാസം കൂലി പണി എടുത്തതിനുശേഷം കുറച്ച്‌ ബംഗാളികളെയോ, ബീഹാരികളേയോ, ഝാര്‍ക്കണ്ഡ്‌ തൊഴിലാളികളേയോ വെച്ച്‌ പണിയെടുപ്പിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ആകുന്നു. 

പണ്ട്‌ പാര്‍ട്ടി പ്രവര്‍ത്തനവുമായി നടന്ന കാലത്ത്‌ നാട്ടില്‍ റ്റാറ്റമാരും ബിര്‍ളമാരും ഗോയങ്കമാരും ആണുണ്ടായിരുന്നത്‌. അവര്‍ വെറുക്കപ്പെട്ടവര്‍ ആയിരുന്നു. തൊഴിലാളികളുടെ ചോര കുടിച്ച്‌ ചീര്‍ക്കുന്ന ബൂര്‍ഷ്വാസികള്‍. അന്ന്‌ അംബാനി സുഗന്ധവ്യജ്ഞനങ്ങള്‍ വിറ്റു നടക്കുകയായിരുന്ന ഒരു ചെറുകിടക്കാരനായിരുന്നു. ബോംബെയിലെ ഭോലേശ്വറില്‍ രണ്ട്‌ മുറി ഫ്ളാറ്റില്‍ താമസം. റ്റാറ്റയും ബിര്‍ളയുമാവട്ടെ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ആള്‍രൂപങ്ങള്‍. 

എണ്റ്റെ നാട്ടില്‍ ഒരു മരമില്ല്‌ ഉണ്ടായിരുന്നു. മരം കൊണ്ടുപൊയാല്‍ നമ്മള്‍ക്കാവശ്യമുള്ള വലിപ്പത്തില്‍ ഈര്‍ന്ന്‌ കൊണ്ടുപോരാം. ആ മില്ല്‌ വരുന്നതിന്‌ മുമ്പ്‌ മരം ആളുകള്‍ ഈര്‍ച്ചവാള്‍ ഉപയോഗിച്ച്‌ ഈര്‍ന്നെടുക്കുകയായിരുന്നു. ഇതിന്‌ ഒരു സമയം രണ്ട്‌ പേര്‍ വേണം. രണ്ട്‌ കാല്‍ നാട്ടി അതിന്‍മേല്‍ ഈരാനുള്ള മരം നീളത്തില്‍ വെയ്ക്കും. ഒരാള്‍ മരത്തിന്‌ മുകളില്‍ കയറി നിന്ന്‌ ഈര്‍ച്ചവാളിണ്റ്റെ ഒരു പിടി പിടിയ്ക്കും മറ്റേയാള്‍ നില്‍ക്കുന്നയാളിന്‌ അഭിമുഖമായി മരത്തിനടിയില്‍ മുട്ടുകുത്തിയിരുന്ന്‌ വാളിണ്റ്റെ മറ്റെ പിടി പിടിയ്ക്കും. എന്നിട്ട്‌ ഒരേ താളത്തില്‍ ഈര്‍ച്ചവാള്‍ മുകളിലോട്ടും താഴോട്ടും വലിയ്ക്കും. നല്ല ശാരീരികക്ഷമതയും മെയ്‌വഴക്കവും ആവശ്യമുള്ള ഈ ജോലികണ്ട്‌ നില്‍ക്കാന്‍ നല്ല രസമായിരുന്നു. ഒരേസമയം കരുത്തും താളബോധവും ആവശ്യമുള്ള ജോലി. 

ഇങ്ങനെയുള്ള സ്ഥിതിയിലാണ്‌ നാട്ടില്‍ ഈര്‍ച്ചമില്ല്‌ വന്നത്‌. നാട്ടിലെ സാധാരണക്കാരായ ഈര്‍ച്ചപണിക്കാരുടെ വയറ്റത്തടിക്കാന്‍ മില്ല്‌ കൊണ്ട്‌ വന്നവനെ ഞങ്ങള്‍ റ്റാറ്റയായി തന്നെ കണ്ടു. ഏത്‌ വിഷയം എടുത്താലും അത്‌ തൊഴിലാളികളുടെ ജീവിതോപാധിയുമായി തട്ടിച്ചുനോക്കി പക്ഷം പിടിക്കുന്ന നയം എന്നും ഇടതുപക്ഷം എടുത്തിരുന്നു. ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം അത്‌ ശരിയുമായിരുന്നു. പക്ഷേ ബീഡി വലിയുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ച്‌ പറയുമ്പോള്‍ ബീഡി തൊഴിലാളികളുടെ തൊഴിലുമായി ബന്ധപ്പെടുത്തിയാലുണ്ടാകുന്ന ഭവിഷ്യത്ത്‌ മനസ്സിലാക്കാന്‍ തൊഴിലാളി സംഘടനകള്‍ക്ക്‌ കഴിഞ്ഞോ എന്ന്‌ സംശയമുണ്ട്‌. 

തൊണ്ണൂറുകളില്‍ ഭാരത പുഴയിലെ മണല്‍വാരല്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതിപ്രേമികള്‍ നീണ്ട ഒരു സമരം നടത്തിയിരുന്നു. പുഴ ഇന്നത്തെ പോലെ വെറും എല്ലിന്‍കൂട്‌ ആക്കുന്നതിനുമുമ്പ്‌ ഈ അവസ്ഥ മുന്‍കൂട്ടി കണ്ട്‌ നടത്തിയതായിരുന്നൂ, ആ സമരം. അന്ന്‌ ഇടതുപക്ഷം ആ സമരത്തിനെ പരാജയപ്പെടുത്താന്‍ മണല്‍ തൊഴിലാളികളെ ആണുപയോഗിച്ചത്‌. മണല്‍വാരലിനെ ഒരു തൊഴില്‍പ്രശ്നമാക്കി ചുരുക്കി. ഇന്നിപ്പോള്‍ പുഴയുടെ മരണത്തിനുശേഷം വിലപിക്കാന്‍ അവരുമുണ്ട്‌. "ദീപങ്ങളൊക്കെ കെടുത്തി നമ്മള്‍ പ്രാര്‍ത്ഥിക്കുകയാണ്‌, ദീപമേ നീ നയിച്ചാലും." എന്ന്‌. 

നാട്ടിലെ ഈര്‍ച്ചമില്ലില്‍ ഏഴോ എട്ടോ തൊഴിലാളികള്‍ ഉണ്ടായിരുന്നു. സ്വാഭാവികമായും അവര്‍ക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കീഴില്‍ ഒരു യൂണിയനും. ഒരിക്കല്‍ കൂലി കൂടുതലിനായി തൊഴിലാളികള്‍ ഒരു സമരം നടത്തി. മുതലാളി മില്ല്‌ പൂട്ടിയിട്ടു. ദിവസങ്ങളോളം സമരം നീണ്ടുപോയി. തൊഴിലാളികള്‍ മില്ലിനുമുമ്പില്‍ കുത്തിയിരുപ്പ്‌ സത്യാഗ്രഹം നടത്തി. കുടുംബം പട്ടിണിയിലായി. അവര്‍ പട്ടിണി കിടക്കാതിരിക്കാന്‍ സമരസഹായനിധി പിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി. പാട്ടയുമായി നിരത്തിലൂടെ പോകുന്ന ആളുകളെ ഓരോരുത്തരേയും കണ്ട്‌ സംഭാവന പിരിച്ചു, കുടുംബങ്ങളെ പോറ്റി. അത്തരത്തിലുള്ള സാഹോദര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ അന്നുണ്ടായിരുന്നു. സമരം ചെയ്യുന്ന തൊഴിലാളികളോട്‌ സാധാരണ ജനങ്ങള്‍ക്കുമുണ്ടായിരുന്നു, അനുഭാവം. പക്ഷേ എത്ര നാള്‍..? മാസങ്ങള്‍ നീണ്ട ആ സമരം ഒടുവില്‍ വിജയം കാണാതെ അവസാനിച്ചു. ഉടമ വര്‍ഷങ്ങളോളം മില്ല്‌ തുറന്നതേയില്ല. 

ഇത്തരം പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുത്ത്‌ സാധാരണക്കാരുടെ പക്ഷത്തുനിന്നുകൊണ്ടാണ്‌ എന്നും ഇടതുപക്ഷം വളര്‍ന്നത്‌. പക്ഷേ ബൂര്‍ഷ്വാസിയുടെ നിര്‍വചനം പലപ്പോഴും തെറ്റി പോയില്ലേ എന്ന്‌ സംശയം തോന്നുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട്‌ പോയി. ഒരു ചെറുകിട സംരംഭം തുടങ്ങുന്നവന്‍ ബൂര്‍ഷ്വാസിയായി എണ്ണപ്പെട്ടു. തൊഴിലാളികള്‍ ഉണ്ടെന്നാല്‍ മറുവശത്ത്‌ മുതലാളി ഉണ്ടാവണമെന്നുള്ളത്‌ ഒരു സ്വാഭാവികത മാത്രമാണ്‌. ശരിയായ അര്‍ത്ഥത്തില്‍ ബൂര്‍ഷ്വാസി ഇല്ലാത്ത കേരളത്തില്‍ തൊഴിലാളിയുടെ മറുവശത്തുള്ളവന്‍ മുതലാളിയായി. 

സ്വന്തം വീട്ടിലേക്ക്‌ സാധനങ്ങള്‍ കൊണ്ടുവരുന്ന ഒരു സാധാരണക്കാരന്‍ മുതലാളി ആയത്‌ അങ്ങനെയാണ്‌. അവന്‍ തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം ഹനിക്കുന്നവന്‍, വര്‍ഗശത്രു ആയി മാറി. ക്രമേണ സ്വന്തം ആവശ്യത്തിനുള്ള സാധനങ്ങള്‍ നിങ്ങള്‍ തന്നെ ഇറക്കാനുള്ള അവകാശം ഞങ്ങള്‍ നിഷേധിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ക്കുള്ള കൂലി തന്നാല്‍ മതി എന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ വഷളായി. വെറുതെ നോക്കി നില്‍ക്കുന്നതിനും കൂലി എന്ന്‌ പറയുമ്പോള്‍ കൂലിയെക്കുറിച്ചുള്ള മാര്‍ക്സിണ്റ്റെ നിര്‍വ്വചനം പോലും തൊഴിലാളി സംഘടനകള്‍ മറന്നു. 

കുറച്ചുകാലം മുമ്പ്‌ ഒരു ടി. വി. ചാനലില്‍ നടന്ന ഒരു ചര്‍ച്ച ഓര്‍മ വരുന്നു. പ്രവാസി മലയാളികള്‍ അവരുടെ സമ്പത്ത്‌ കേരളത്തിണ്റ്റെ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ ഉപയോഗിക്കാത്തത്‌ എന്ത്‌ എന്നതായിരുന്നു, വിഷയം. അന്ന്‌ കേരളത്തിനുപുറത്തുള്ള വ്യവസായികള്‍ ഭൂരിഭാഗം പേരും പറഞ്ഞത്‌ കേരളത്തിണ്റ്റെ പൊതു സമൂഹം അവരെ പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നു, എന്നാണ്‌. തൊഴിലാളിസമരങ്ങള്‍ക്കൊപ്പം ഞാനും നിങ്ങളുമടങ്ങുന്നവരുടെ നിഷേധാത്മക നിലപാട്‌. അതില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുണ്ട്‌, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുണ്ട്‌, ഒരു ചെറിയ ശബ്ദം, മണം ഒന്നും സഹിക്കാന്‍ തയ്യാറല്ലാത്ത അയല്‍ക്കാരുമുണ്ട്‌. വരവേല്‍പ്‌ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം അനുഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കാം. 

വര്‍ഷങ്ങളായി കേരളത്തിനു പുറത്ത്‌ താമസിക്കുന്ന ഞാന്‍ നാട്ടില്‍ ചെന്ന്‌ ആളുകളോട്‌ ഇടപെടുമ്പോഴാണ്‌ മനസ്സിലാകുന്നത്‌ ഞാനും ഒരു കൊച്ചു അംബാനിയാണ്‌ എന്ന വിവരം. അതില്‍ കുറച്ചൊക്കെ അഭിമാനവും ഉണ്ടെന്ന്‌ കൂട്ടിക്കോളൂ. അല്ലെങ്കില്‍ ഇങ്ങനെയുള്ള കാര്യത്തില്‍ ഇത്തിരി ഗമയില്ലാത്തവരായി ആരുണ്ട്‌ ഈ ഭൂമി മലയാളത്തില്‍, പുറത്ത്‌ പറയാന്‍ മടിയാണെങ്കില്‍ കൂടി. ഏതെങ്കിലും തരത്തിലുള്ള ചെറിയ ജോലിക്കായി ആരെയെങ്കിലും ബന്ധപെട്ടു നോക്കൂ അപ്പോള്‍ മനസ്സിലാകും മുകളില്‍ പറഞ്ഞതിണ്റ്റെ അര്‍ത്ഥം. 

കേരളത്തിലെ പൊതുജനങ്ങളില്‍ ഭൂരിഭാഗത്തേയും അംബാനിയുമായി ബന്ധപ്പെടുത്താം. കുറേ പേര്‍ എന്നെപ്പോലുള്ള അംബാനിമാര്‍. അതിലേറെ പേര്‍ അംബാനിയെ സ്വപ്നത്തില്‍ സൂക്ഷിക്കുന്നവര്‍. നിരത്തില്‍ കാണുന്ന പത്തുപേരിലൊരാള്‍ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍ ആകുന്നത്‌ അങ്ങിനെയാണ്‌. അംബാനിത്തത്തിലേക്കുള്ള ടിക്കറ്റ്‌ വാങ്ങി ഒരു വര്‍ഷത്തില്‍ 2788.8 കോടി രൂപയുടെ വരുമാനം കേരള സര്‍ക്കാരിലേക്ക്‌ മുതല്‍ കൂട്ടുന്നതും ഇക്കാരണം കൊണ്ട്‌ തന്നെ. ഇത്‌ ഇന്ത്യയില്‍ ഒന്നോ രണ്ടോ സംസ്ഥാനത്തില്‍ മാത്രം നിലനില്‍ക്കുന്ന കാര്യമാണെന്ന്‌ കൂടി അറിയുമ്പോള്‍ മാത്രമേ മലയാളിയുടെ ഉള്ളിലെ സ്വപ്നസഞ്ചാരിയെ ശരിക്കും മനസ്സിലാക്കാന്‍ കഴിയൂ. ആര്‌ പറഞ്ഞു, നമ്മള്‍ സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട സമൂഹമാണെന്ന്‌? 

Monday, June 10, 2013

പുരുഷണ്റ്റെ മോചനം, സ്ത്രീയുടേയും.

സ്ത്രീകള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ വളരെ ഏറെ വാര്‍ത്താ പ്രാധാന്യം നേടുന്ന ഒരു കാലമാണ്‌ ഇത്‌. ഈ വിഷയത്തില്‍ ഒരു ബില്ല്‌ നമ്മുടെ പാര്‍ലമണ്റ്റ്‌ പാസ്സാക്കി കഴിഞ്ഞു. ജ്യോതി സിംഗ്‌ എന്ന ആ പെണ്‍കുട്ടിയുടെ മരണം രക്തസാക്ഷിത്വം എന്ന തലത്തിലേക്ക്‌ വളര്‍ന്നിരിക്കുന്നു. ആ സഹോദരിയുടെ ദരുണമായ മരണവും അതിനോട്‌ ദില്ലി സമൂഹം പ്രതികരിച്ച രീതിയും ആണ്‌ നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ തന്നെ വളരെ പ്രാധാന്യമേറിയ ഒരു നിയമനിര്‍മ്മാണത്തിന്‌ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. കേരളത്തിണ്റ്റെ സവിശേഷമായ സാമൂഹ്യ അവസ്ഥയില്‍ ഊന്നികൊണ്ട്‌ ഈ വിഷയത്തില്‍ ഒരാലോചന നടത്തുകയാണ്‌ ഈ കുറിപ്പില്‍. 

ബലാത്സംഗം ലൈംഗികതയുമായി ബന്ധപ്പെട്ടതല്ലെന്നുള്ളത്‌ പുതിയ അറിവല്ല. ജനാധിപത്യയുഗത്തിനു മുമ്പ്‌ ഒരു രാജ്യം മറ്റൊന്നിനുമേല്‍ നടത്തിയ അധിനിവേശം പൂര്‍ണ്ണമായിരുന്നത്‌ അവിടത്തെ സ്ത്രീകളെ ലൈംഗികമായി കീഴ്പ്പെടുത്തുമ്പോഴായിരുന്നു. ഇത്‌ ആധുനിക കാലത്തും കാര്യമായ വ്യത്യാസമൊന്നുമില്ലാതെ തുടരുന്നു. ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാനസേന നടത്തിയത്‌ സമാധാനപ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ലെന്ന്‌ നമ്മള്‍ പിന്നീട്‌ അറിഞ്ഞു. അവര്‍ നടത്തിയ അതിക്രമങ്ങളില്‍ സ്ത്രീകള്‍ക്ക്‌ നേരെ നടത്തിയവ ഏറെയായിരുന്നു. ഗുജറാത്ത്‌ കലാപത്തില്‍ സ്ത്രീകളെ വ്യാപകമായി ലൈംഗികാതിക്രമങ്ങള്‍ക്ക്‌ വിധേയരാക്കിയത്‌ ഇതിന്‌ സമാനമായിരുന്നു. ഇന്നും ദലിതര്‍ക്ക്‌ നേരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ലൈംഗികാതിക്രമം തന്നെ. മഹാഭാരതത്തില്‍ പോലും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ ദുര്യോധനനെ പ്രേരിപ്പിച്ചതും ഇതേ കാരണം തന്നെ. ദില്ലി സംഭവത്തില്‍ ആ പെണ്‍കുട്ടിയുടേ നേരെ ഉണ്ടായ പൈശാചികത രതിയുമായി ബന്ധമുള്ളതായിരുന്നില്ലെന്ന്‌ നമ്മള്‍ മനസ്സിലാക്കുന്നു. 

എന്നാല്‍ മലയാളിയുടെ ലൈംഗികത കുറച്ചുകൂടി സങ്കീര്‍ണമാണെന്ന്‌ തോന്നുന്നു. അത്‌ ബലാല്‍ക്കാരമായുള്ള ലൈംഗികബന്ധം പുലര്‍ത്താനുള്ള ശ്രമത്തില്‍ കൂടുതലായി മറ്റെന്തൊക്കെയോ ഉള്ളതാണ്‌. നന്നെ ചെറിയ കുട്ടികള്‍, മാനസികവളര്‍ച്ചയെത്താത്ത സ്ത്രീകള്‍, ഓത്തുപള്ളിയിലും ചെറിയ ക്ളാസ്സിലുമുള്ള കുട്ടികള്‍ ഒക്കെ അതിക്രമത്തിനിരയാകുമ്പോള്‍ അത്‌ വെറും ലൈംഗിക തൃഷ്ണയായി മനസ്സിലാക്കാന്‍ വിഷമമുണ്ട്‌. അതിണ്റ്റെ കാരണം തേടേണ്ടത്‌ ലൈംഗികതയുടെ നാലതിരുകള്‍ക്കുള്ളില്‍ അല്ല തന്നെ. അങ്ങനെ ഒരന്വേഷണം നടത്തിയാല്‍ കേരളത്തില്‍ ഗോവിന്ദചാമിമാരും ജാസിംമാരും എണ്ണത്തില്‍ വളരെ കൂടുതലാണെന്ന ഭീകരമായ സത്യം നമ്മള്‍ അറിയേണ്ടിവരും. 

ഭാവനയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന മലയാളിക്ക്‌ അനുഭവങ്ങള്‍ വളരെ കുറവാണ്‌. അനുഭവങ്ങള്‍ വളരെ കുറവായിട്ടും നല്ല സാഹിത്യകൃതികള്‍ മലയാളത്തിലുണ്ടായത്‌ അവണ്റ്റെ ഭാവനയുടെ വികാസം കാരണമാണ്‌. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തില്‍ ദുരന്തങ്ങള്‍ പോലും വളരെ കുറവ്‌. ഒട്ടും തീവ്രമല്ലാത്ത കാലാവസ്ഥ. ഭൂമിശാസ്ത്രപരമായ കാരണങ്ങളും അനുഭവങ്ങളും തന്നെയാണ്‌ ഒരു സമൂഹത്തിണ്റ്റെ നിലനില്‍പിണ്റ്റെ ശക്തി ദൌര്‍ബല്യങ്ങളെ നിശ്ചയിക്കുന്നത്‌. അനുഭവത്തിലെ കുറവിനെ മലയാളി മറികടന്നത്‌ ഭാവനയുടെ സമ്മൃദ്ധികൊണ്ട്‌. ഇത്‌ സാഹിത്യത്തിലെന്നപോലെ അവണ്റ്റെ നിത്യജീവിതത്തിലും നിലനില്‍ക്കുന്ന സത്യമാണ്‌. എന്ത്‌ സംഭവം കേള്‍ക്കുമ്പോഴും അതില്‍ ഇത്തിരി ഭാവന കലര്‍ത്താനുള്ള വിരുത്‌ മലയാളിക്ക്‌ സ്വതസ്സിദ്ധമാണ്‌. അതുകൊണ്ടാണ്‌ സൂര്യനെല്ലി പെണ്‍കുട്ടിയോട്‌ സഹതാപം തോന്നുമ്പോഴും അവളെ അവിശ്വസിക്കേണ്ടിവരുന്നത്‌. 

മലയാളി ചിന്തയില്‍ പോലും സെന്‍സര്‍ഷിപ്‌ പുലര്‍ത്തുന്നവനാണെന്ന്‌ പറഞ്ഞത്‌ ഓ. വി. വിജയന്‍ ആണ്‌. സെന്‍സര്‍ഷിപ്പിണ്റ്റെ ഒരു ദൂഷ്യം അത്‌ എന്തിനേയും സെന്‍സര്‍ ചെയ്യാതെ കാണുവാനുള്ള ത്വര വളര്‍ത്തുന്നു, എന്നതാണ്‌. പുറമെ പലതരം മുഖംമൂടികള്‍ അണിയുമ്പോഴും ഉള്ളില്‍ മറ്റൊരാളെ പുലര്‍ത്തുന്നതില്‍ മലയാളിക്കുള്ള കഴിവ്‌ ചുരുക്കം ചിലരിലേ കണ്ടിട്ടുള്ളൂ. ലൈംഗികത ഒരു രോഗമായി കേരളത്തെ ആകെ ഗ്രസിക്കുമ്പോഴാണ്‌ ഒരു സ്ത്രീയുടെ കൂടെ കാറില്‍ യാത്ര ചെയ്തെന്ന പേരില്‍ ഒരു വ്യക്തിക്ക്‌ പഴി കേള്‍ക്കേണ്ടിവരുന്നത്‌. സ്വന്തം പെങ്ങളാണ്‌ കൂടെയുള്ളത്‌ എന്നതിന്‌ തെളിവ്‌ ഹാജരാക്കാന്‍ നിയമപാലകര്‍ ആവശ്യപ്പെടുന്നത്‌. ഈ തെളിവുകള്‍ ഹാജരാക്കന്‍ എടുക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും അശ്ളീലമായ നോട്ടവും വാക്കുകളും കൊണ്ട്‌ അവര്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നത്‌. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന്‌ തോന്നുന്ന ഈ സംഭവങ്ങളില്‍ തെളിഞ്ഞുകാണുന്നത്‌ മലയാളി പൊതുസമൂഹത്തിണ്റ്റെ മാനസിക വൈരുദ്ധ്യങ്ങള്‍ തന്നെ. 

ദില്ലി സംഭവത്തിനുശേഷം അവിടെ സ്പൊണ്ടേനിയസ്‌ ആയി ഉണ്ടായ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ദില്ലി സംസ്കാരമായി പൊതുവില്‍ അറിയപ്പെടുന്നത്‌ പഞ്ചാബി സംസ്കാരമാണ്‌. ദില്ലിയില്‍ ജീവിക്കുന്ന യു. പി ക്കാരനും ബീഹാറിയും വളരെ പെട്ടെന്ന്‌ തന്നെ ഈ സംസ്കാരം സ്വായത്തമാക്കുന്നു. വീട്ടില്‍ പോലും അവന്‍ വഴക്ക്‌ പറയുമ്പോള്‍ അകമ്പടിയായി അമ്മയേയും പെങ്ങളേയും ചേര്‍ത്ത്‌ തെറിയുണ്ടാവും. നിരന്തരമായ ഉപയോഗം കാരണം അതവന്‍ തെറിയായി മനസ്സിലാക്കുന്നു പോലുമില്ല. അവണ്റ്റെ തമാശകളില്‍ ഭൂരിഭാഗവും സ്ത്രീകളുമായി ബന്ധപ്പെട്ടതാണ്‌. ലൈംഗികതയുടെ അതിപ്രസരമുള്ളതാണ്‌. അങ്ങിനെയുള്ള ദില്ലി ആ സംഭവത്തിനുശേഷം ഇളകിമറിഞ്ഞു, മുമ്പൊരിക്കലും ഉണ്ടാകാത്തതുപോലെ. ആ സംഭവത്തിലെ പൈശാചികതയ്ക്കൊപ്പം ഒരര്‍ത്ഥത്തില്‍ ഒരു ശരാശരി ദില്ലിക്കാരണ്റ്റെ കുറ്റബോധവും അഭൂതപൂര്‍വമായ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നതായി എനിക്ക്‌ തോന്നുന്നു. 

ഇങ്ങനെ ഒരു പ്രതികരണം കേരളത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടോ? ഇല്ലെന്നാണ്‌ എണ്റ്റെ തോന്നല്‍. ഒരു ദില്ലി നിവാസിയുടെ മേല്‍പറഞ്ഞ സ്വഭാവം വളരെ തുറന്നതാണ്‌. തെറ്റാണെങ്കിലും അവന്‍ അത്‌ ഒളിച്ചുവെക്കുന്നില്ല. എന്നാല്‍ മലയാളിയുടെ കാര്യം വ്യത്യസ്തമാണ്‌. അവന്‍ ഉള്ളിലെ കാര്യങ്ങള്‍ സമര്‍ത്ഥമായി മറച്ചുവെയ്ക്കുന്നു. അതിനാല്‍ അവന്‌ കുറ്റബോധം ഉണ്ടാകേണ്ട കാര്യമില്ല. നിരത്തില്‍ നടക്കുന്ന, കൂടെ ജോലി ചെയ്യുന്ന, അയല്‍വാസിയായ ഒരു പുരുഷണ്റ്റെ മനോഗതം വായിക്കാനുള്ള ഉപകരണം ഇല്ലാത്ത കാലത്തോളം മലയാളി രക്ഷപ്പെടും. 

'ഓര്‍ഡിനറി' എന്ന സിനിമയില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന ചിത്രം എടുത്തതിണ്റ്റെ പേരില്‍ ഒരു ചെറുപ്പക്കാരന്‍ തല്ലു കൊള്ളുന്നുണ്ട്‌. അവനെ തല്ലി സ്ത്രീയുടെ 'മാനം കാക്കാന്‍' തയ്യാറായ മഹാന്‍ സ്വകാര്യമായി താല്‍പര്യപ്പെടുന്നത്‌ ചിത്രം കാണാനാണ്‌. ഇതാണ്‌ മലയാളിയുടെ സദാചാര ബോധം. ഒരു തമാശയായി അവതിരിപ്പിക്കുന്ന ഈ കാഴ്ചയില്‍ ശരാശരി മലയാളിയുടെ പൊതുസ്വഭാവം അറിയാതെ വെളിപ്പെട്ടുപോകുന്നു. മദ്യപാന സദസ്സുകളിലെ സുഹൃത്ത്‌ വലയത്തിണ്റ്റെ പോള്ളത്തരം കാണിക്കാന്‍ 'ഷട്ടര്‍' എന്ന സിനിമയില്‍ കാണിച്ച ഒരു സീനില്‍ മലയാളിയിലെ ഒളിഞ്ഞുനോട്ടക്കാരനെ ജോയ്‌ മാത്യു ബോധപൂര്‍വം അടയാളപ്പെടുത്തുന്നുണ്ട്‌. 

സ്ത്രീ എന്നത്‌ ഇപ്പോഴും മലയാളിയ്ക്ക്‌ ഒരു അത്ഭുത വസ്തു ആണ്‌. അതില്‍ തന്നെ അത്യത്ഭുതം ഒന്നോ രണ്ടോ അവയവങ്ങള്‍ മാത്രവും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും വെവ്വേറെ ഇരിപ്പിടത്തില്‍ ഒതുക്കുന്ന ചെറിയ ക്ളാസ്സ്‌ തൊട്ട്‌ സ്ത്രീയ്ക്കും പുരുഷനും വെവ്വേറെ സീറ്റ്‌ അടയാളപ്പെടുത്തുന്ന ബസ്സ്‌ യാത്ര വരെ സ്ത്രീ എന്ന സംഭവത്തെ കൂടുതല്‍ ഗോപ്യമായി തോന്നിക്കാന്‍ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു പെണ്‍കുട്ടിയുമായി സ്വാഭാവികമായി ഇടപെടുന്നതില്‍ നിന്ന്‌ അവനെ വിലക്കുകയാണ്‌ ചെയ്യുന്നത്‌. വളരെ അടുത്ത്‌ ഇടപെടുന്ന അടുത്ത വീട്ടിലെ കൂട്ടുകാരിയുടെ നഗ്നത കാണാന്‍ കുളിമുറിയില്‍ ക്യാമറ സ്ഥാപിക്കുന്ന പുരുഷന്‍ ഇപ്പറഞ്ഞ വിലക്കിണ്റ്റെ തടവിലാണ്‌. അവനെ കല്ലെറിയുമ്പോഴും അവന്‍ എടുത്ത ക്ളിപ്‌ തേടിനടക്കുന്ന ചെറുതല്ലാത്ത സമൂഹത്തെ നമുക്ക്‌ കാണാന്‍ കഴിയുന്നു. അവന്‍ നമ്മുടെ കൂടെ ജോലിചെയ്യുന്നുണ്ടാകാം, കൂടെ പഠിക്കുന്നുണ്ടാവാം, മദ്യപിക്കുന്നുണ്ടാവാം. അവന്‍ എവിടേയും ഉണ്ടാവാം. 

ഇത്തരം സ്വഭാവങ്ങളില്‍ വൈകൃതം കാണാന്‍ കഴിയുമെങ്കിലും അതിനെ ലളിതമായി തള്ളിക്കളയാന്‍ സാധ്യമല്ല തന്നെ. ഈ വൈകൃത്തിണ്റ്റെ വളര്‍ന്ന രൂപത്തില്‍ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയും ഒരു ജനനേന്ദ്രിയം മാത്രമാകുന്നു. സ്ത്രീ ഒന്നോ രണ്ടോ അവയവങ്ങള്‍ മാത്രമാണെന്ന ധാരണ തിരുത്തേണ്ടതുണ്ട്‌. അതില്‍ കൂടുതലായി താന്‍ വെറും ലിംഗം മാത്രമല്ലെന്ന ആത്മാഭിമാനമുള്ള തിരിച്ചറിവിലേക്ക്‌ പുരുഷന്‍ ഉണരണം. അത്‌ പുരുഷണ്റ്റെ മോചനമാവും. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളുടെ അവസാനവും.